ഉപദേശിക്കുന്നതിനു മുമ്പ് പ്രവൃത്തി വരണം – WFTW 8 ഡിസംബർ 2024

സാക് പുന്നൻ

അപ്പൊ.പ്ര. 1:1 പ്രധാനപ്പെട്ട ചില കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു. പ്രവൃത്തികളുടെ പുസ്തകം എഴുതപ്പെട്ടത്, പൗലൊസിൻ്റെ സഹപ്രവർത്തകനായ ലൂക്കൊസിനാലാണ്, തന്നെയുമല്ല അപ്പൊസ്തല പ്രവർത്തികൾ എഴുതുന്നതിനുമുമ്പ്, അദ്ദേഹം ലൂക്കൊസിൻ്റെ സുവിശേഷം എഴുതി. തെയോഫിലൊസ് എന്ന ഒരു വ്യക്തിക്കാണ് അദ്ദേഹം ഈ രണ്ടു പുസ്തകങ്ങളും എഴുതിയത്. അപ്പൊസ്തല പ്രവൃത്തികളുടെ ആരംഭത്തിൽ, താൻ മുമ്പ് എഴുതിയിട്ടുള്ള സുവിശേഷത്തെ കുറിച്ച് ഇപ്രകാരം പറയുന്നു, “തെയോഫിലൊസെ, ഞാൻ എഴുതിയ ഒന്നാമത്തെ ചരിത്രം, യേശു ചെയ്തും ഉപദേശിച്ചും തുടങ്ങിയ സകലത്തെയും കുറിച്ചായിരുന്നു…” നിങ്ങൾ ലൂക്കൊസിനോട് തൻ്റെ സുവിശേഷത്തിന് ഒരു തലകെട്ട് കൊടുക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിൽ, അദ്ദേഹം ഇങ്ങനെ പറയുമായിരുന്നു, “യേശു ചെയ്തും പഠിപ്പിച്ചും തുടങ്ങിയത് എല്ലാം”. അവിടുന്ന് ചെയ്യാത്തത് ഒന്നും താൻ പഠിപ്പിക്കുകയില്ല എന്നത് യേശുവിൻ്റെ ജീവിതത്തിലെ ഒരു പ്രമാണമായിരുന്നു. ആ പ്രമാണം ഇതായിരുന്നു : ചെയ്യുക അതിനു ശേഷം പഠിപ്പിക്കുക. പഠിപ്പിച്ചിട്ട് ചെയ്യുക എന്നല്ല, എന്നാൽ ചെയ്തിട്ട് പഠിപ്പിക്കുക എന്നാണ്. യേശു പ്രസംഗിച്ചത് ചെയ്യുക ആയിരുന്നില്ല; അവിടുന്ന് നേരത്തെ തന്നെ പ്രവർത്തിച്ചതും തുടർന്നു പ്രവർത്തിക്കുന്നതുമായ കാര്യങ്ങളാണ് താൻ പ്രസംഗിച്ചത്. അതാണ് പ്രമാണം.

അതിൻ്റെ അടിസ്ഥാനത്തിൽ, അപ്പൊസ്തല പ്രവർത്തികൾക്ക് ഒരു തലക്കെട്ടു കൊടുക്കാൻ നിങ്ങൾ ലൂക്കൊസിനോട് ആവശ്യപ്പെട്ടാൽ, അദ്ദേഹം എന്ത് തലക്കെട്ടായിരിക്കും നൽകുന്നതെന്നാണ് നിങ്ങൾ കരുതുന്നത്? ലൂക്കൊസിൻ്റെ സുവിശേഷം “ഈ ഭൂമിയിൽ യേശു തൻ്റെ ഭൗതിക ശരീരത്തിൽ ചെയ്തും പഠിപ്പിച്ചും തുടങ്ങിയതെല്ലാം” എന്നാണെങ്കിൽ, അപ്പൊസ്തല പ്രവർത്തികൾ “സഭയാകുന്ന തൻ്റെ ആത്മീയ ശരീരത്തിലൂടെ യേശു ചെയ്തും പഠിപ്പിച്ചും കൊണ്ട് തുടർന്ന സകലവും” എന്നായിരിക്കും. അതാണ് നമ്മുടെ ശുശ്രൂഷ, 331/2 വർഷം അവിടുന്ന് ഈ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ചെയ്തും പഠിപ്പിച്ചും തുടങ്ങിയ സകലവും, ചെയ്യുകയും പഠിപ്പിക്കുകയും ചെയ്യുന്നതു തുടരുന്നതിന്. അതുകൊണ്ടാണ് സഭ ക്രിസ്തുവിൻ്റെ ശരീരം എന്നു വിളിക്കപ്പെടുന്നത്. അതുകൊണ്ടാണ് യേശു പഠിപ്പിച്ചതെല്ലാം മനസ്സിലാക്കേണ്ടത് പ്രാധാന്യമുള്ളതാകുന്നത്, കാരണം നാം അതു ചെയ്യേണ്ടതുണ്ട് അതിനു ശേഷം നാം അതു പഠിപ്പിക്കേണ്ടതുണ്ട്.

പ്രവൃത്തികളുടെ പുസ്തകത്തിൽ പിന്നീട് ഇതിനൊരു വലിയ വിശദീകരണം ഉണ്ട്. പ്രവൃ. 10:4ൽ, റോമൻ ശതാധിപനായ കൊർന്നേല്യൊസിനോട് “നിൻ്റെ പ്രാർത്ഥനയും ധർമ്മവും ദൈവത്തിൻ്റെ മുമ്പിൽ എത്തിയിരിക്കുന്നു” എന്നു പറയുവാൻ ദൈവം ഒരു ദൈവദൂതനെ അയയ്ക്കുന്നു. എന്നാൽ എന്തുകൊണ്ടാണ് ആ ദൂതൻ അയാൾക്ക് സുവിശേഷം നൽകാതിരുന്നത്? “നീ ഒരു പാപിയാണെന്നും നിൻ്റെ പാപങ്ങൾക്കു വേണ്ടി ക്രിസ്തു മരിച്ചിട്ട് ഉയർത്തെഴുന്നേറ്റു എന്നും, അതുകൊണ്ട് നീ അവിടുത്തെ കർത്താവായി സ്വീകരിക്കുകയും, മാനസാന്തരപ്പെട്ട് വിശ്വസിക്കുകയും ചെയ്യേണ്ട ആവശ്യമുണ്ട് എന്നും നിനക്കറിയാമോ?” എന്ന് ആ ദൂതൻ കൊർന്നേല്യൊസിനോടു ചോദിക്കാതിരുന്നത് എന്തുകൊണ്ട്? അവന് അതു പറയാൻ കഴിഞ്ഞില്ല. ദൂതന് ആകെ പറയാൻ കഴിഞ്ഞത്, “നിൻ്റെ പ്രാർഥനയും ദാനധർമ്മങ്ങളും എല്ലാം ദൈവത്തിൻ്റെ മുമ്പിൽ എത്തിയിരിക്കുന്നു, അതുകൊണ്ട് ഇപ്പോൾ ആരെയെങ്കിലും അയച്ച് പത്രൊസിനെ വരുത്തുക; അവൻ ഇപ്പോൾ ദൂരെയുള്ള യോപ്പാ എന്ന മറ്റൊരു സ്ഥലത്താണ് പാർക്കുന്നത്. പത്രൊസ് വരാൻ ഏതാനും ദിവസങ്ങൾ എടുത്തേക്കാം, എന്നാൽ നീ കാത്തിരിക്കേണ്ടതുണ്ട്.” അതിനു ശേഷം ദൂതൻ പിരിഞ്ഞു പോയി. പത്രൊസ് കൊർന്നേല്യയൊസിനോടു പറയുമായിരുന്ന കാര്യങ്ങൾ കൃത്യമായി ദൂതനു പറയാൻ കഴിയുമായിരുന്നു എന്നു നിങ്ങൾ ചിന്തിക്കുന്നില്ലേ? ദൂതന് വളരെ വ്യക്തമായി സുവിശേഷം അറിയാമായിരുന്നു. സർവ്വശക്തനായ ദൈവം, കൊർന്നേല്യയൊസിനോടു സുവിശേഷം പ്രസംഗിക്കുവാൻ ദൂതനെ അനുവദിക്കാതിരുന്നതിന് ഒരു വളരെ പ്രധാനപ്പെട്ട കാരണം ഉണ്ടായിരുന്നു. പത്രൊസ് വരുന്നതുവരെ, അത്രയും ദിവസങ്ങൾ കൊർന്നേല്യയൊസിന് സുവിശേഷം കേൾക്കാൻ കാത്തിരിക്കേണ്ടി വന്നത്, ആ ദൂതൻ ആ സുവിശേഷം അനുഭവിച്ചിട്ടില്ലാതിരുന്നതുകൊണ്ടാണ്. പത്രൊസിനെ പോലെ ദൂതന് ഇങ്ങനെ പറയുവാൻ കഴിയുമായിരുന്നില്ല, “ഞാൻ ഒരു പാപിയായിരുന്നു, യേശു എനിക്കു വേണ്ടി മരിക്കുകയും അവിടുത്തെ രക്തം എൻ്റെ പാപം കഴുകുകയും ചെയ്തു, ഞാൻ ക്ഷമിക്കപ്പെടുകയും ചെയ്തു.”

ആ ദൂതന് അതു പറയാൻ കഴിയാഞ്ഞതുകൊണ്ട് അവന് അതു പ്രസംഗിക്കാൻ കഴിഞ്ഞില്ല. മനസിൽ മാത്രം അറിഞ്ഞിരുന്ന ഒരു സത്യം ആ ദൂതനു പ്രസംഗിക്കാൻ കഴിഞ്ഞില്ല. അവന് പത്രൊസിനെക്കാൾ നന്നായി പ്രസംഗിക്കാൻ കഴിയുമായിരുന്നിരിക്കാം; എന്നാൽ അതു കാര്യമല്ല. ആ ദൂതൻ അനുഭവിച്ചിട്ടില്ലാത്തതുകൊണ്ട് അതു പ്രസംഗിക്കുവാൻ അനുവദിക്കപ്പെട്ടിരുന്നില്ല, അതു നമ്മെ പഠിപ്പിക്കുന്ന ഒരു അടിസ്ഥാന തത്വം ഇതാണ്: നാം അനുഭവിച്ചിട്ടില്ലാത്തതു പ്രസംഗിക്കാൻ ദൈവം നമ്മെ അനുവദിച്ചിട്ടില്ല. പ്രവർത്തിക്കുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ലാത്ത കാര്യങ്ങൾ പ്രസംഗിക്കുന്നവർക്കു വേണ്ടി ഒരു പദമുണ്ട്, പുതിയ നിയമത്തിൽ ഉള്ള ആ വാക്ക് “കപട നാട്യക്കാരൻ” എന്നാണ്. ആത്മ വഞ്ചകരായ അനേകം പ്രാസംഗികരുണ്ട്.

നാം ആദ്യം ചെയ്യുകയും പിന്നീട് അതു പഠിപ്പിക്കുകയും വേണം എന്നാണ് നമ്മെ കുറിച്ച് യേശു ആഗ്രഹിക്കുന്നത്, നാം ചെയ്തിട്ടില്ലാത്തത് പഠിപ്പിക്കാനല്ല. നാം പഠിപ്പിച്ചു കൊണ്ടല്ല തുടങ്ങുന്നത്; നാം പ്രവർത്തിച്ചു കൊണ്ടു തുടങ്ങുന്നു. ഒരു ബൈബിൾ സ്കൂളിൽ പോയി, അവിടെ 3 വർഷങ്ങൾ ചെലവഴിച്ച്, ഒരു ബിരുദം നേടിയിട്ട് ഇനി ആളുകളെ പഠിപ്പിക്കാമെന്നു കരുതാൻ നിങ്ങൾക്കു കഴിയുകയില്ല, യേശു കല്പിച്ചത് നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ചെയ്തില്ലെങ്കിൽ. ഒരു പ്രത്യേക ബൈബിൾ കോളേജിൽ 4 വർഷത്തെ കോഴ്സിനു ശേഷം ബിരുദം നേടിയ ഒരു വ്യക്തിയോട് സംസാരിച്ചത് ഞാൻ ഓർക്കുന്നു. അയാൾ തൻ്റെ ക്ലാസ്സിൽ ഏറ്റവും ഉന്നത ശ്രേണിയിലായിരുന്നു. അവിടെ ബിരുദദാന ചടങ്ങിൽ ഞാൻ സംസാരിക്കുകയായിരുന്നു, അയാൾ എന്നെ കാണുവാൻ വന്നപ്പോൾ ഞാൻ അവനോടു ചോദിച്ചു, “ഈ നാലുവർഷത്തെ പഠനത്തിൻ്റെ അവസാനം നിൻ്റെ ആന്തരിക ജീവിതത്തിൽ നിൻ്റെ ആത്മീയ അവസ്ഥ എന്താണ്?” അവൻ പറഞ്ഞു, “അതു ഞാൻ ആദ്യം വന്നപ്പോഴുണ്ടായിരുന്നതിനെക്കാൾ മോശമാണ്. പാപത്താൽ ഞാൻ കൂടുതൽ പരാജിതനാണ്.” അവൻ സത്യസന്ധനായിരുന്നു. ഞാൻ ഇപ്രകാരം പറഞ്ഞു, “ഇനി നീ നിൻ്റെ ബിരുദവുമായി പുറത്തുപോയി എവിടെയെങ്കിലും ഒരു പാസ്റ്ററായി തീരും നീ എന്താണ് ആളുകളെ പഠിപ്പിക്കാൻ പോകുന്നത്? വിവിധ വാക്യങ്ങളുടെ എബ്രായ ഭാഷയിലും ഗ്രീക്ക് ഭാഷയിലുമുള്ള വ്യാഖ്യാനങ്ങളാണോ നീ പഠിപ്പിക്കുന്നത് അല്ലെങ്കിൽ കൺമോഹത്തെ ജയിക്കുന്നതെങ്ങനെയാണെന്നും കോപത്തെ ജയിക്കുന്നതെങ്ങനെയാണ് എന്നും നിങ്ങൾക്ക് അവരെ പഠിപ്പിക്കാൻ കഴിയുമോ? അതാണ് അവർ കേൾക്കേണ്ടത്, കാരണം അതാണ് യേശു പഠിപ്പിച്ചത്. നിങ്ങളുടെ സ്വന്തം ജീവിതത്തിൽ ആ ജയം നിങ്ങൾ അനുഭവിച്ചിട്ടില്ലെങ്കിൽ, നിങ്ങൾ അവരെ സിദ്ധാന്തം (തിയറി) മാത്രം പഠിപ്പിക്കും.”

വളരെയധികം പ്രാസംഗികരുടെയും പാസ്റ്റർമാരുടെയും ദുഃഖകരമായ അവസ്ഥ ഇതാണ്, അതുകൊണ്ടാണ് അനേക വർഷങ്ങളായി പ്രസംഗിച്ചു കൊണ്ടിരുന്ന പ്രസിദ്ധരായ ചില പ്രാസംഗികർ അല്ലെങ്കിൽ പാസ്റ്റർമാർ, പെട്ടെന്ന് അനേക വർഷങ്ങളായി തങ്ങൾ വ്യഭിചാരത്തിൽ ജീവിക്കുകയായിരുന്നു എന്നു സമ്മതിക്കുന്നതായി ഇടയ്ക്കിടയ്ക്ക് നിങ്ങൾ കേൾക്കുന്നത്. ഈ മനുഷ്യൻ്റെ ആത്മാവിലുള്ള അശുദ്ധി വിവേചിക്കാൻ ആ കൂട്ടായ്മയിലുള്ളവർക്കു കഴിയാതെ പോയതെങ്ങനെയാണ്? കാരണം അവർ അയാളുടെ പ്രസംഗ പാടവത്താലും അറിവിനാലും പിടിക്കപ്പെട്ടിരുന്നു. യേശു പറഞ്ഞു, “ഞാൻ കല്പിച്ചതെല്ലാം ചെയ്യുവാൻ അവരെ പഠിപ്പിക്കുക.”

യേശു അവിടുത്തെ മഹാനിയോഗത്തിൽ, “ഞാൻ നിങ്ങളോടു കല്പിച്ചതെല്ലാം ചെയ്യുവാൻ അവരെ പഠിപ്പിക്കുക” എന്നു പറഞ്ഞപ്പോൾ, നാം കാപട്യത്തിൽ നിന്നു സ്വതന്ത്രരായിരിക്കണമെന്ന് അവിടുന്നു നമ്മോടു പറയുകയായിരുന്നു. നാം ചെയ്തിട്ടില്ലാത്തതിനെ കുറിച്ച് ഒരിക്കലും പറയരുതെന്നാണ് അവിടുന്നു നമ്മോടു പറഞ്ഞത്. നാം തന്നെ ആദ്യം ചെയ്തിരിക്കുന്നതു മാത്രം ചെയ്യുവാൻ മറ്റുള്ളവരെ പഠിപ്പിക്കുക.

What’s New?