കൂടിവരവ്, ക്ലബ്ബ്, സഭ

സന്തോഷ് പുന്നൻ

അധ്യായം ഒന്ന് : പുതുവീഞ്ഞിന് പുതിയ തുരുത്തി വേണം

‘പുതുവീഞ്ഞ് പുതിയ തുരുത്തിയില്‍ അത്രേ പകര്‍ന്നു വയ്‌ക്കേണ്ടത്” (ലൂക്കോസ് 5:38)

കഴിഞ്ഞ പലവര്‍ഷങ്ങളായി കര്‍ത്താവ് എന്റെ ജീവിതത്തില്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഈ ചെറിയ പുസ്തകത്തില്‍ നിങ്ങളുമായി പങ്കുവയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിത്യമായ മുല്യമുള്ളതിലെല്ലാം ത്യാഗം ഉള്‍പ്പെട്ടിരിക്കുന്നുവെന്ന് അനുഭവത്തില്‍ അറിയുന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വിലപ്പെട്ട ഒരു ജീവിത വഴിയായി മാറിയിരിക്കുന്നു.

ക്രിസ്തുവിന്റെ ജീവിതവും ഉപദേശവും മനസ്സിലാക്കാനുള്ള യഥാര്‍ഥ അന്വേഷണം നമ്മെ കുരിശിലേക്കു നയിക്കും- പല മേഖലകളിലും ത്യാഗം വേണ്ടി വരുന്നതും നാം വിലമതിക്കുന്ന ചില പ്രിയപ്പെട്ട കാര്യങ്ങള്‍ വേണ്ടെന്നു വയ്‌ക്കേണ്ടി വരുന്നതുമായ കുരിശിലേക്ക്. അപ്പോള്‍ കര്‍ത്താവു നമ്മെ പഠിപ്പിക്കാന്‍ ആഗ്രഹിക്കുന്നതു നമ്മുടെ ജീവിതത്തില്‍ ഒരു യാഥാര്‍ത്ഥ്യമായി മാറും. നമ്മുടെ ജീവിതം സംബന്ധിച്ച ദൈവത്തിന്റെ മുഴുവന്‍ പദ്ധതിയും നാം നടപ്പാക്കുകയും ചെയ്യും.

പുതിയ ഉടമ്പടി സഭയുടെ പണി- ഇതാണു ദൈവം എനിക്കു വളരെ വിലപ്പെട്ടതായി തന്നിട്ടുള്ള മേഖല. എന്നാല്‍ ഇതിലേക്കുള്ള പാത വളരെ വളരെ ഇടുങ്ങിയതാണ്.

പ്രസക്തമായ ഒരേയൊരു കാര്യം
പുതുവീഞ്ഞ് പുതിയ തുരുത്തിയിലാണു പകര്‍ന്നു വയ്‌ക്കേണ്ടതെന്ന് യേശുപറഞ്ഞു. പുതുവീഞ്ഞെന്നു പറയുന്നതു യേശുവിന്റെ ജീവനാണ്.അതു പരിശുദ്ധാത്മാവിലൂടെ നമുക്കു പകര്‍ന്നു നല്‍കാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. പുതിയ തുരുത്തി എന്നതു നമ്മിലൂടെ അവിടുന്നു പണിയാനാഗ്രഹിക്കുന്ന പുതിയ ഉടമ്പടി സഭയാണ്. ഈ പുതിയ തുരുത്തിയിലാണ് അവിടുത്തെ ജീവന്‍ പ്രദര്‍ശിപ്പിക്കപ്പെടേണ്ടത്.

ഈ പുതിയ ഉടമ്പടി സഭയില്‍ ജീവിക്കാന്‍ നാം ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ നമുക്ക് സ്വാര്‍ത്ഥതയുടെ പല അടരുകള്‍ (ഉള്ളിയുടെ തൊലികള്‍ പൊളിക്കുന്നതുപോലെ) ഒന്നിനു പിറകെ ഒന്നായി ഉരിഞ്ഞു മാറ്റേണ്ടിവരും – ദൈവം അതു കുറേശ്ശെയായി കാണിച്ചു തരുന്നതിന്റെ അടിസ്ഥാനത്തില്‍. പുതിയ ഉടമ്പടി സഭ പണിയാന്‍ നാം ശ്രമിച്ചാലും ഇങ്ങനെ ചെയ്യേണ്ടി വരുമെന്നതു ശരിയാണ്.

ദൈവവചനത്തിനു പകരം മാനുഷിക പാരമ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ കെട്ടിപ്പടുക്കുന്ന സഭയാണ് പഴയ തുരുത്തി. ഇതിനും പല അടരുകളുണ്ട്. ദൈവം കാണിച്ചുതരുന്നതിന് അനുസരിച്ച് ഇവ നാം പൊളിച്ചു കളയണം. എന്നാല്‍ പുതിയ ഉടമ്പടി സഭ പണിയാന്‍ തുനിയുന്ന പല ക്രിസ്ത്യാനികളും നിര്‍ഭാഗ്യവശാല്‍ പഴയ തുരുത്തിയുടെ പല അടരുകള്‍ ഇനിയും ഉരിഞ്ഞുകളയാന്‍ അവശേഷിക്കുമ്പോള്‍ തന്നെ ഇതിനു താഴെ എവിടെയെങ്കിലും വച്ച് തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. അവര്‍ വളരെ പ്രകടമായ, മാനുഷികമായ,സംഘടനാപരമായ പാരമ്പര്യങ്ങള്‍ മാത്രമേ ഒഴിവാക്കിയിട്ടുള്ളു. എന്നാല്‍ പഴയ തുരുത്തി മുഴുവനായി തന്നെ നാം ഒഴിവാക്കണമെന്നു കര്‍ത്താവ് ആഗ്രഹിക്കുന്നു. തന്റെ പുതുവീഞ്ഞ് തീര്‍ത്തും പുതിയ തുരുത്തിയില്‍ പകരണമെന്നാണ് അവിടുത്തെ ആഗ്രഹം.

പുതുവീഞ്ഞ്, പുതിയ തുരുത്തി, സഭയെ ക്രിസ്തുവിന്റെ ശരീരമായി പണിയുക എന്നാലെന്താണ് എന്നിവയെക്കുറിച്ചെല്ലാം എനിക്കു വളരെ വര്‍ഷങ്ങളായി അറിയാമായിരുന്നു-തത്ത്വമെന്ന നിലയില്‍. മറ്റാരെക്കാളുമേറെ, ഈ വിഷയങ്ങളെക്കുറിച്ചുള്ള ഒട്ടേറെ പ്രസംഗങ്ങള്‍ കേട്ടിട്ടുള്ള ഒരാളെന്ന നിലയില്‍ ഇതെല്ലാം വാസ്തവത്തില്‍ എന്റെ തലച്ചോറിലെ അറിവു മാത്രമായിരുന്നു. എല്ലാ ഞായറാഴ്ചയും പുതിയ ഉടമ്പടിയെക്കുറിച്ച് എന്റെ പിതാവു നടത്തുന്ന പ്രസംഗങ്ങള്‍ കേട്ടാണു ഞാന്‍ വളര്‍ന്നത്. തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ വീട്ടിലും ഞാന്‍ അദ്ദേഹത്തെ കേട്ടു. പക്ഷേ എല്ലാം എന്റെ തലയില്‍ മാത്രമാണിരുന്നത്. ഈ സത്യങ്ങള്‍ തലയില്‍ നിന്ന് ഹൃദയത്തിലേക്ക് ഇറങ്ങിവരാന്‍ പിന്നേയും വര്‍ഷങ്ങള്‍ വേണ്ടിവന്നു. അവസാനം അങ്ങനെ ഇറങ്ങിവന്നപ്പോള്‍ കര്‍ത്താവിനെ സേവിക്കാനുള്ള ഒരേയൊരു മാര്‍ഗ്ഗം ഇതാണെന്ന് എനിക്ക് മനസ്സിലായി.

ഇപ്പോള്‍ എന്റെ ജീവിതത്തിലെ ഒരേയൊരുവ്യക്തി യേശുവാണ്. തന്നോടുള്ള ബന്ധത്തില്‍ നിന്നാണ് എന്റെ മറ്റെല്ലാ ബന്ധങ്ങളും വന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ സഭയെ കര്‍ത്താവിന്റെ ശരീരമെന്ന നിലയില്‍ പണിയുകയാണ് ഇന്ന് കര്‍ത്താവിന്റെ ശുശ്രൂഷയില്‍ എന്റെ ഒരേയൊരു ലക്ഷ്യം.

തന്റെ ഭൂമിയിലെ ജീവിതത്തിലെ ഓരോ ദിവസവും കുരിശിന്റെ വഴിമാത്രം യേശുകര്‍ത്താവു തിരഞ്ഞെടുത്തതെന്തുകൊണ്ടാണ്? ‘തന്റെ മുന്‍പില്‍ വച്ചിരുന്ന സന്തോഷം ഓര്‍ത്താണ്’ അവിടുന്ന് അങ്ങനെ ചെയ്തതെന്നു ബൈബിള്‍ പറയുന്നു. (ഏബ്രായര്‍ 12:2)

അവിടുത്തെ മുന്‍പില്‍ വച്ചിരുന്ന ഈ സന്തോഷം എന്തായിരുന്നു?
കുരിശിലേക്കു പോകുന്നതിനു മുന്‍പു ശിഷ്യന്മാരോടുള്ള യേശുവിന്റെ വിടവാങ്ങല്‍ വാക്കുകള്‍ യോഹന്നാന്‍ 14 ല്‍ നമുക്കു വായിക്കാം. അന്ത്യ അത്താഴത്തിന്റെ സമയത്ത് യേശു പറഞ്ഞ അവസാന വാക്കുകള്‍ വിശദമായി രേഖപ്പെടുത്താന്‍ അഞ്ച് അദ്ധ്യായങ്ങള്‍ തന്റെ സുവിശേഷത്തില്‍ മാറ്റിവച്ച യോഹന്നാന്‍ അപ്പോസ്തലനോട് വാസ്തവത്തില്‍ എനിക്കു നന്ദിയുണ്ട്. അവിടെ ഒരിടത്ത് യേശു പറയുന്നു: ‘എഴുന്നേല്പിന്‍, നാം പോക’ (യോഹന്നാന്‍ 14:31). അവിടുന്നു ക്രൂശിക്കപ്പെടാനായി പോകുകയായിരുന്നു. പക്ഷേ ഇങ്ങനെ പറയുന്നതിനു മുമ്പ് യേശു പറഞ്ഞതു ശ്രദ്ധിക്കുക: ”ഞാന്‍ പിതാവിനെ സ്‌നേഹിക്കുന്നു എന്നും പിതാവ് എന്നോടു കല്പിച്ചതുപോലെ ഞാന്‍ ചെയ്യുന്നു എന്നും ലോകം അറിയട്ടെ” (യോഹ.14:30). അതായിരുന്നു അവിടുത്തെ സന്തോഷം – പിതാവിന് എപ്പോഴും കീഴടങ്ങിയിരിക്കുന്നതിന്റെ സന്തോഷം. അതുമൂലം ലഭ്യമാകുന്ന പിതാവിനോടുള്ള കൂട്ടായ്മ. നിത്യതയിലും അവിടുത്തേക്ക് അത് അങ്ങനെയായിരുന്നല്ലോ. ചുരുക്കത്തില്‍ യേശു കുരിശിലേക്ക് പോയത് ഒന്നാമതു തനിക്കു പിതാവിനോടുള്ള സ്‌നേഹം, അവിടുത്തെ കല്പനയോടുള്ള അനുസരണം എന്നിവയുടെ അടിസ്ഥാനത്തിലാണ് – പിന്നീട് നമ്മോടുള്ള സ്‌നേഹവും.

ഞാന്‍ ഈ കാര്യം ഊന്നിപ്പറയാനുള്ള കാരണം നമുക്കും അവിടുത്തെ സഭ പണിയാനുള്ള ഏക മാര്‍ഗ്ഗം ഇതാണെന്നതുകൊണ്ടാണ്. പാപത്തെ ജയിക്കുക, കര്‍ത്താവിന്റെ വേല ചെയ്യുക തുടങ്ങിയവയ്ക്കുള്ള നമ്മുടെ എല്ലാ ആഗ്രഹവും ഉടലെടുക്കേണ്ടത് ഒന്നാമത് പിതാവിനോടുള്ള സ്‌നേഹം, അതു നല്‍കുന്ന കല്പനകളോടുള്ള അനുസരണം എന്നിവയില്‍ നിന്നാണ്. രണ്ടാമത് ആളുകളോടുള്ള സ്‌നേഹത്തില്‍ നിന്നും.

സഭ പണിയണമെങ്കില്‍ നമുക്ക് ആളുകളോടു കരുണയുണ്ടാകണം. പക്ഷേ ആ കരുണയ്ക്കും മുന്‍പേ മറ്റൊരു കാര്യം വേണം-സ്വര്‍ഗസ്ഥ പിതാവിനോടുള്ള സ്‌നേഹം. അവിടുത്തെ കല്പന അനുസരിക്കാന്‍ നമുക്ക് ആഗ്രഹം നല്‍കുന്ന പിതാവിനോടുള്ള ഉല്‍ക്കടമായ സ്‌നേഹം.

പുതിയ ഉടമ്പടി സഭ പണിയാന്‍ അവശ്യം വേണ്ട രണ്ടു കാര്യങ്ങള്‍ ഇവയാണ്: പിതാവിനോടുള്ള സ്‌നേഹവും മറ്റുള്ളവരോടുള്ള സ്‌നേഹവും. ഇവയെ കുരിശിലെ രണ്ടു തടികളോട് ഉപമിക്കാം- ലംബമായ തടിയും തിരശ്ചീനമായ തടിയും. ഇതില്‍ ഏതെങ്കിലും ഒരു തടികൊണ്ടു മാത്രം നിങ്ങള്‍ക്ക് ഒരു കുരിശ് നിര്‍മ്മിക്കാനാവില്ല.

രണ്ടു ദിശകളിലേക്കുള്ള നമ്മുടെ ബന്ധത്തിന്റെ മനോഹരമായ ഒരു ചിത്രമാണു കുരിശ്. ഓരോ ദിവസവും നാം ജീവിതത്തില്‍ എങ്ങനെയാണു കുരിശ് എടുക്കേണ്ടതെന്നും ഇതു വ്യക്തമാക്കുന്നുണ്ട്.

അടുത്ത അദ്ധ്യായങ്ങളില്‍ കുരിശിന്റെ രണ്ടു തടികളും നമ്മുടെ ജീവിതത്തോട് എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നതെന്നു പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു; അതുപോലെ പുതിയ ഉടമ്പടി സഭ പണിയാന്‍ ഇവ രണ്ടും നമ്മെ എങ്ങനെ സഹായിക്കുന്നുവെന്നു വിശദീകരിക്കാനും.

അധ്യായം രണ്ട് : കുരിശിന്റെ ലംബമാനമായ തടി

കുരിശിന്റെ ലംബമായ തടി ദൈവമായ പിതാവിനോടുള്ള നമ്മുടെ സ്‌നേഹത്തെയാണു പ്രതിനിധാനം ചെയ്യുന്നത് – അതാണ് ആദ്യം വരേണ്ടത്. യേശു മരിച്ച കുരിശ് പണിഞ്ഞപ്പോള്‍ അവര്‍ ആദ്യം വച്ചത് താഴെ നിന്നു മുകളിലേക്കുള്ള ലംബമായ ഈ തടിയായിരിക്കണം. മാത്രമല്ല ഈ തടിക്ക് കുരിശിന്റെ തിരശ്ചീനമായ തടിയുടെ ഇരട്ടിനീളമെങ്കിലും ഉണ്ടായിരുന്നിരിക്കണം.
ഇതിന്റെ പ്രതീകാത്മകമായ അര്‍ത്ഥം ഇതാണ് – സ്വര്‍ഗത്തിലെ പിതാവിനോടുള്ള താഴെ നിന്നു മുകളിലേക്കുള്ള നമ്മുടെ ബന്ധമാണു പരമപ്രധാനം. അതാണ് ആദ്യം വരേണ്ടത്. അതിനുശേഷമാണ് മറ്റുള്ളവരോടുള്ള നമ്മുടെ തിരശ്ചീനമായ ബന്ധം വരേണ്ടത്.

യേശുവിന്റെ മാതൃക പിന്‍തുടരുക

കാല്‍വരി മലയിലേക്കു തന്റെ കുരിശു ചുമക്കുന്നതിനു മുന്‍പ് തന്റെ ഈ ഭൂമിയിലെ ജീവിതത്തിലുടനീളം യേശു ആന്തരികമായ ഒരു കുരിശു വഹിച്ചിരുന്നു, ഭൂമിയിലെ തന്റെ ജീവിതത്തിലെ 12,000 ല്‍ പരം ദിവസങ്ങളില്‍ ഓരോന്നിലും അവിടുന്ന് ആന്തരികമായ ആ കുരിശു ചുമന്നു. മാത്രമല്ല അവിടുന്നു നമ്മോടും പറയുന്നു: ‘നിങ്ങള്‍ എന്റെ ശിഷ്യനാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതുപോലെ ദിവസം തോറും നിങ്ങള്‍ നിങ്ങളുടെ ക്രൂശ് വഹിക്കണം ” (ലൂക്കോസ് 9:23 പരാവര്‍ത്തനം). ഭൂമിയില്‍ താന്‍ ചെലവിട്ട 12,000 ല്‍ പരം ദിവസങ്ങളില്‍ ഓരോന്നിലും യേശു ഈ പ്രമാണത്തിന്റെ അടിസ്ഥാനത്തിലാണു ജീവിച്ചത്: ‘ഒന്നാമത് എന്റെ പിതാവിനോടുള്ള സ്‌നേഹവും അവിടുത്തെ കല്പനകളോടുള്ള അനുസരണവും; തുടര്‍ന്നു മറ്റുള്ളവരോടുള്ള എന്റെ സ്‌നേഹം- ഇതാണ് എന്റെ ജീവിതത്തെ തീരുമാനിക്കുന്നത്.”


ഇതുകൊണ്ടാണ് 30 വര്‍ഷം വീട്ടില്‍ യേശുവിനു മാതാപിതാക്കന്മാര്‍ക്കു കീഴടങ്ങി ജീവിക്കാന്‍ കഴിഞ്ഞത്. അപൂര്‍ണരായ യോസഫിനും മറിയയ്ക്കും 30 വര്‍ഷം ഒരോ ദിവസവും കീഴടങ്ങി ജീവിച്ചപ്പോള്‍ അനുസരിക്കാതിരിക്കാനും ഇടറിപ്പോകാനുമുള്ള എത്രയെത്ര പരീക്ഷകളെ അവിടുന്ന് അതിജീവിച്ചിരിക്കണം! പക്ഷേ തന്റെ മുന്‍പില്‍ വച്ചിരുന്ന സന്തോഷം ഓര്‍ത്ത് യേശു അതെല്ലാം അതിജീവിച്ചു. ഭൂമിയിലെ അപ്പനേയും അമ്മയേയും ബഹുമാനിക്ക എന്ന സ്വര്‍ഗസ്ഥ പിതാവിന്റെ കല്പന അനുസരിക്കുമ്പോള്‍ കൈവരുന്ന പിതാവിനോടുള്ള കൂട്ടായ്മയുടെ സന്തോഷം ഓര്‍ത്താണ് അവിടുന്ന് ആ പരീക്ഷകളെ അതിജീവിച്ചത്.

എല്ലാ മേഖലകളിലും ക്രൂശെടുത്തു പിതാവിനെ അനുഗമിക്കുന്ന മനോഭാവം ഭൂമിയിലെ ജീവിതത്തിന്റെ അവസാനം വരെ അവിടുന്നു പുലര്‍ത്തി. യേശുതന്നെയായിരുന്നു ക്രിസ്തുവിന്റെ ഒന്നാമത്തെ ശരീരം. 331/2 വര്‍ഷവും ഓരോ ദിവസവും അവിടുന്നു ക്രൂശു ചുമന്നു. ഇന്ന്, അവിടുത്തെ ആത്മീയ ശരീരത്തിലെ അവയവങ്ങളായ നാമും അതു തന്നെ ചെയ്യണം.

യേശുക്രിസ്തുവിന്റെ സഭ ശിഷ്യന്മാരുടെ സഭയായിരിക്കണം, കേവലം മനംതിരിഞ്ഞവരുടേതു മാത്രമാകരുത്. തന്റെ സ്വയജീവനെ നിഷേധിക്കുകയും ദിനന്തോറും തന്റെ ക്രൂശെടുക്കുകയും ചെയ്യുന്നവനാണ് ഒരു ശിഷ്യന്‍ (ലൂക്കോസ് 9:23). അതുകൊണ്ട് പുതുവീഞ്ഞ് (യേശുവിന്റെ ജീവിതം) ഒരു പുതിയ തുരുത്തിയില്‍ (പുതിയനിയമസഭ) വേണമെങ്കില്‍ നാം നമ്മെത്തന്നെ നിഷേധിച്ച് ദിനന്തോറും നമ്മുടെ ക്രൂശെടുത്ത് യേശുവിനെ അനുഗമിക്കണം. അപ്പോള്‍ മാത്രമേ നമുക്കു സഭയെ ക്രിസ്തുവിന്റെ ശരീരമായി പണിയാന്‍ കഴിയൂ.

വിശ്വാസിയുടെ മറഞ്ഞിരിക്കുന്ന ജീവിതം
സഭ പണിയുന്നതില്‍ കര്‍ത്താവുമായുള്ള നമ്മുടെ ലംബമാനമായ ബന്ധമാണ് ഏറ്റവും പ്രധാനം. ഈ ബന്ധമാകട്ടെ, നമ്മുടെ സ്വകാര്യ ജീവിതത്തിലെ ഒരു രഹസ്യമാണ്. ഇന്നു പുറമേ കാണുന്നതാണ് കര്‍ത്താവിനോടുള്ള തങ്ങളുടെ ഭക്തിയെന്നു മിക്ക വിശ്വാസികളെയും വിശ്വസിപ്പിക്കുന്നതില്‍ പിശാചു ജയിച്ചിരിക്കുന്നു. എന്നാല്‍ ദൈവത്തോടുള്ള യഥാര്‍ത്ഥ ഭക്തി 100% ആന്തരികമാണ് – രഹസ്യ മേഖലയില്‍, നമ്മുടെ മറഞ്ഞിരിക്കുന്ന ജീവിതത്തിലാണിത്.

പുതിയ ഉടമ്പടി പ്രാഥമികമായും ആന്തരിക മനോഭാവങ്ങള്‍, ചിന്തകള്‍, ലക്ഷ്യങ്ങള്‍ എന്നിവയെ സംബന്ധിച്ചാണ്.

പര്‍വ്വത പ്രസംഗത്തില്‍ യേശുപറഞ്ഞതും മറഞ്ഞിരിക്കുന്ന ജീവിതത്തെക്കുറിച്ചാണ്. പുതിയ ഉടമ്പടിയില്‍ പുറമേയുള്ള വ്യഭിചാരം എങ്ങനെ ഒഴിവാക്കാം എന്നല്ല ചോദ്യം (പഴയ ഉടമ്പടിയിലെ പോലെ). ഇപ്പോള്‍ നമ്മള്‍ ലൈംഗിക പാപങ്ങളുടെ ചിന്തകളെയും അതേപോലെ വെറുക്കേണ്ടതുണ്ട്. പഴയ ഉടമ്പടിയില്‍ നിങ്ങള്‍ എത്രത്തോളം കൊടുത്തു, എത്രത്തോളം പ്രാര്‍ത്ഥിച്ചു, എത്രത്തോളം ഉപവസിച്ചു എന്നതായിരുന്നു പ്രസക്തമായിരുന്നത്. പക്ഷേ യേശു വന്നപ്പോള്‍ അവിടുന്നു പറഞ്ഞതു നാം കൊടുക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും ഉപവസിക്കുന്നതും രഹസ്യത്തിലായിരിക്കണം. നാം എന്താണു ചെയ്യുന്നതെന്നു മറ്റാരും അറിയരുത്. ഇതാണ് പുതിയ ഉടമ്പടിയുടെ പുതുവീഞ്ഞ്. ക്രിസ്തുവിനോടുള്ള നമ്മുടെ ആന്തരിക ഭക്തി രഹസ്യമാക്കിവയ്‌ക്കേണ്ടതിന്റെ പ്രാധാന്യം നാം മനസ്സിലാക്കിയിട്ടില്ലെങ്കില്‍, പുതിയ ഉടമ്പടിയുടെ അടിസ്ഥാന പ്രമാണം നാം മനസ്സിലാക്കിയിട്ടില്ലെന്നുസാരം. തന്നോടുള്ള നമ്മുടെ ഭക്തി എപ്പോഴും രഹസ്യമായിരിക്കണം.

നമ്മുടെ ജീവിതം ‘ക്രിസ്തുവില്‍ ദൈവത്തില്‍ മറഞ്ഞിരിക്കണം‘ (കൊലോസ്യര്‍ 3:3). ഇത് അത്ഭുതകരമായ ഒരു ജീവിത വഴിയാണ്. ക്രിസ്തുവിനോടുള്ള നമ്മുടെ ഭക്തി മറ്റുള്ളവരില്‍ നിന്ന് എത്രയേറെ രഹസ്യമാക്കി വയ്ക്കുമോ അത്രയേറെ നാം കര്‍ത്താവിന്റെ രഹസ്യങ്ങള്‍ പഠിക്കും. മറ്റുള്ളവരറിയാത്ത രഹസ്യമായ അടുപ്പം നമുക്ക് നമ്മുടെ ആത്മമണവാളനോട് ഉണ്ടായിരിക്കണം. മറ്റാരും തങ്ങളോടൊപ്പമില്ലാതെ അന്യോന്യമുള്ള കൂട്ടായ്മയുടെ സന്തോഷം പങ്കിടാന്‍ കഴിയുന്ന ഭാര്യാ ഭര്‍ത്താക്കന്മാരുടെ ജീവിതമാണ് ഏറ്റവും നല്ല വിവാഹ ജീവിതം. അവര്‍ അന്യോന്യം സമയം പങ്കിടുന്നതായി മറ്റുള്ളവര്‍ പലപ്പോഴും അറിയുകപോലുമില്ല. ഈ നിലയില്‍ സമര്‍പ്പിതയായ ഒരു കാന്തയുടെ ആത്മാവുള്ളവരെ ചേര്‍ത്താണ് ഇന്നു യേശു തന്റെ സഭയെ പണിയുന്നത്.

ഒരിക്കല്‍ ലംബമാനമായ തടി (പിതാവിനോടുള്ള നമ്മുടെ സ്‌നേഹവും ക്രിസ്തുവിനോടുള്ള ഭക്തിയും) ഉയര്‍ത്തിക്കഴിഞ്ഞാല്‍ അതിന്റെ മേല്‍ കുറുകെ തിരശ്ചീനമായ തടി (നമ്മുടെ അന്യോന്യമുളള സ്‌നേഹം) നമുക്ക് ഉറപ്പിക്കാന്‍ കഴിയും. അപ്പോള്‍ ക്രൂശ് പൂര്‍ണ്ണമായി-ഇതിന്റെ മേല്‍ നമുക്ക് സന്തോഷത്തോടെ കിടക്കാനും ക്രൂശിക്കപ്പെടാനും കഴിയും.!!

അധ്യായം മൂന്ന് : ക്രൂശിന്റെ തിരശ്ചീനമായ തടി

തിരശ്ചീനമായ ഒരു തടി അന്തരീക്ഷത്തില്‍ തനിയെ നിര്‍ത്താന്‍ നിങ്ങള്‍ ശ്രമിച്ചാല്‍ വിജയിക്കയില്ല, അതു വീണുപോകും. എന്നാല്‍ കുത്തനെയുള്ള ഒരു തടിയില്‍ ഈ തിരശ്ചീനമായ തടി ആണിയടിച്ച് ഉറപ്പിച്ചാല്‍ അത് ഉറപ്പോടെ നില്‍ക്കും- അതു ക്രൂശായി മാറുകയും ചെയ്യും. എന്തായാലും ലംബമായ തടിയാണ് ആദ്യം വരേണ്ടത്.

നാം പണിയുന്ന സഭകള്‍ പുതിയ ഉടമ്പടി സഭകളായിരിക്കണം. അത്തരം സഭകള്‍ പണിയാന്‍ ഈ തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവര്‍ക്കേ കഴിയൂ: “എനിക്കു ചെയ്യാന്‍ തോന്നുന്നതു ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ സ്വര്‍ഗീയ പിതാവു ഞാന്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നതു മാത്രമേ ഞാന്‍ ചെയ്യാനാഗ്രഹിക്കുന്നുള്ളു”

ദു:ഖകരമെന്നു പറയട്ടെ, ഭൂരിപക്ഷം ക്രിസ്ത്യാനികള്‍ക്കും ഈ മനോഭാവമല്ല ഉള്ളത്. എന്റെ ജീവിതവും ഒരിക്കല്‍ ഇങ്ങനെയായിരുന്നു. സ്വയം വിശ്വാസി എന്നു വിളിച്ചിരുന്നെങ്കിലും ഞാന്‍ എന്റേത് അന്വേഷിക്കുകയും എനിക്ക് ഇഷ്ടമുള്ളതു പ്രവര്‍ത്തിക്കുകയുമാണു ചെയ്തിരുന്നത്. ‘സഭ’ യെക്കുറിച്ചുള്ള എന്റെ തന്നെ ആശയങ്ങള്‍ക്ക് അനുസൃതമായ ഒരു സഭയുടെ ഭാഗമായിരിക്കാനാണു ഞാന്‍ ആഗ്രഹിച്ചത്. എല്ലാ അര്‍ത്ഥത്തിലും എന്നെപ്പോലെ തന്നെയുള്ള ആളുകളുടെ കൂട്ടായ്മയായ ഒരു സഭ പണിയാനും ഞാന്‍ ആഗ്രഹിച്ചു. എനിക്ക് ഇഷ്ടമുള്ളവരോടൊത്തുമാത്രം ഞാന്‍ സമയം ചെലവഴിച്ചു. എന്നെ ഏതെങ്കിലും ഒരു സഹോദരന്‍ അലോസരപ്പെടുത്തിയെങ്കില്‍ അദ്ദേഹവുമായുള്ള കൂട്ടായ്മ ഞാന്‍ ഒഴിവാക്കി. എന്നാല്‍ അതു ക്രൂശിന്റെ വഴിയിലൂടെയുള്ള നടപ്പായിരുന്നില്ല. ആ മനോഭാവത്തെ നാം മുറുകെപ്പിടിച്ചാല്‍ നമുക്കൊരിക്കലും ക്രിസ്തുവിന്റെ ശരീരം പണിയുവാനും കഴിയുകയില്ല. ഏറ്റവും നല്ല ഉപദേശം സ്വീകരിച്ചാലും നമുക്കു ക്രൂശിന്റെ വഴിയില്‍ നടക്കാതിരിക്കാന്‍ കഴിയും.

ആരാണ് യേശുവിന്റെ യഥാര്‍ത്ഥ ശിഷ്യന്‍?

നമ്മള്‍ യേശുവിന്റെ ശിഷ്യന്മാരാണെന്നതിന്റെ തെളിവ് നാം അന്യോന്യം സ്‌നേഹിക്കുന്നതു മാത്രമാണെന്നു ഞാന്‍ പല വര്‍ഷങ്ങള്‍ ചിന്തിച്ചിരുന്നു. കാരണം യേശു പറഞ്ഞല്ലോ: ‘നിങ്ങള്‍ക്കു തമ്മില്‍ തമ്മില്‍ സ്‌നേഹം ഉണ്ടെങ്കില്‍ നിങ്ങള്‍ എന്റെ ശിഷ്യന്മാര്‍ എന്ന് എല്ലാവരും അറിയും.’ (യോഹ: 13:35). ഞാന്‍ പോകുന്ന സഭയിലെ സഹോദരീസഹോദരന്മാരെ സ്‌നേഹിച്ചുകൊണ്ടാണു ഞാന്‍ ശിഷ്യനെന്നു സ്വയം തെളിയിക്കേണ്ടത് എന്നാണ് ഈ വാക്യത്തിന്റെ അര്‍ത്ഥമെന്നു ഞാന്‍ ചിന്തിച്ചിരുന്നു. എന്നാല്‍ ഈ വാക്യം ശ്രദ്ധാപൂര്‍വ്വം വായിച്ചാല്‍ നാം മറ്റൊരു കാര്യം കണ്ടെത്തും. നാം യേശുവിന്റെ ശിഷ്യന്മാരാണെന്നു മറ്റുള്ളവര്‍ (ക്രിസ്ത്യാനികളല്ലാത്തവര്‍) തിരിച്ചറിയാനുള്ള തെളിവു മാത്രമാണിതെന്നാണ് ആ വാക്യം പറയുന്നത്. ഇത് ക്രൂശിന്റെ തിരശ്ചീനമായ തടിയാണ്.

സ്വയത്തെ നിഷേധിക്കുന്നതും സ്വന്തഇച്ഛയെ ക്രൂശിക്കുന്നതുമാണ് ഒരു ശിഷ്യനാകുന്നതിന്റെ വ്യവസ്ഥയെന്ന് യേശു നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ (ലൂക്കോ. 9:23). മറ്റാരും കാണാത്ത നിങ്ങളുടെ ജീവിതത്തിന്റെ മേഖലകളില്‍ (ഹൃദയം, ആന്തരിക ജീവിതം) നിങ്ങള്‍ ഒരു ശിഷ്യനാണെന്നു ദൈവം ആദ്യം തന്നെ കാണട്ടെ. നിങ്ങള്‍ നിങ്ങളെത്തന്നെ ദിനംതോറും നിഷേധിക്കുന്നതു ദൈവം കാണുമ്പോള്‍ ദൈവം നിന്നെ ലൂക്കോസ് 9:23 അനുസരിച്ചുള്ള ക്രിസ്ത്യാനി എന്നു സാക്ഷ്യപ്പെടുത്തും. സത്യത്തില്‍ ഇവരാണു യഥാര്‍ത്ഥത്തിലുള്ള ക്രിസ്ത്യാനികള്‍. ‘ശിഷ്യന്മാര്‍ക്കു ക്രിസ്ത്യാനികള്‍ എന്നു പേര്‍ ഉണ്ടായി’ (പ്രവൃ: 11:26).

അതിനുശേഷം യേശുവിന്റെ മറ്റു ശിഷ്യന്മാരെ സ്‌നേഹിക്കുന്നതിനാല്‍ നിങ്ങള്‍ യേശുവിന്റെ ശിഷ്യനാണെന്നു ലോകത്തിനു മുമ്പാകെ നിങ്ങള്‍ക്കു തെളിയിക്കാന്‍ കഴിയും.

പക്ഷേ, വീണ്ടും ശ്രദ്ധിക്കുക. ലംബമാനമായ തടിയാണ് ആദ്യംവരേണ്ടത്- അവിടുത്തോടുള്ള നിങ്ങളുടെ സ്‌നേഹം സാക്ഷ്യപ്പെടുത്താന്‍ ദൈവത്തിനു കഴിയണം. ചുരുക്കത്തില്‍ നിങ്ങളുടെ പ്രാദേശിക സഭയിലെ സഹോദരങ്ങളെ സ്‌നേഹിക്കുന്നതുകൊണ്ട് ശിഷ്യനാണെന്നു സ്വയം ചിന്തിച്ചു ചതിക്കപ്പെടാന്‍ ഇടയാകരുത്. മറ്റുള്ളവരോടുള്ള മാനുഷിക സ്‌നേഹം നിങ്ങള്‍ ശിഷ്യനാണെന്നതിന്റെ തെളിവായി എടുത്തു വഞ്ചിക്കപ്പെടാന്‍ കഴിയും. ഞായറാഴ്ച നിങ്ങള്‍ മറ്റു വിശ്വാസികളോടൊപ്പം ആയിരിക്കാന്‍ ഇഷ്ടപ്പെടുന്നു എന്നതു നേര്. പക്ഷേ അതു നിങ്ങള്‍ ശിഷ്യനാണെന്നതിന്റെ തെളിവല്ല. തിങ്കള്‍ മുതല്‍ ശനി വരെയും, ആ ദിവസങ്ങളില്‍ മറ്റു വിശ്വാസികളെ കണ്ടില്ലെങ്കിലും, നിങ്ങള്‍ ഒരു ശിഷ്യനാണെന്നു തെളിയിക്കേണ്ടതുണ്ട്- സ്വയം നിഷേധിച്ചും, യേശുവിനെ തീക്ഷ്ണമായി സ്‌നേഹിച്ചും. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ ദിനന്തോറും അവിടുത്തെ മുഖത്തിനു മുമ്പാകെ ജീവിക്കണം.

യഥാര്‍ത്ഥ ശിഷ്യനെ സംബന്ധിച്ചിടത്തോളം ആഴ്ചയുടെ എല്ലാ ദിവസവും ഒരേ പോലെയാണ്. കാരണം അവന്‍ തന്റെ ആത്മമണവാളനുമായുള്ള ബന്ധമാണു പ്രാഥമികമായും അന്വേഷിക്കുന്നത്. കര്‍ത്താവുമായുള്ള അവന്റെ കൂട്ടായ്മയില്‍ നിന്ന് ഉത്ഭവിക്കുന്നതാണ് അവനെ സംബന്ധിച്ചിടത്തോളം മറ്റു ശിഷ്യന്മാരുമായുള്ള ബന്ധം. അത്തരമൊരു ശിഷ്യനെ സംബന്ധിച്ചിടത്തോളം സഭയില്‍ ആരാണു ചേരുന്നതെന്നോ വിട്ടുപോകുന്നതെന്നതോ വിഷയമല്ല. യഥാര്‍ത്ഥ സഭ, വാസ്തവത്തില്‍ യേശു മാത്രം തങ്ങളുടെ ജീവിതത്തില്‍ പ്രധാനമെന്നു കരുതുന്ന ശിഷ്യന്മാരെക്കൊണ്ടു പണിയപ്പെടുന്നതായിരിക്കും.

നേരത്തേ പറഞ്ഞതുപോലെ ഒരേയൊരു തടി, അതു ലംബമാനമായതായാലും തിരശ്ചീനമായതായാലും, ക്രുശല്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ മിക്ക വിശ്വാസികളും സഭകളും ഈ രണ്ടു വിഭാഗത്തില്‍ ഏതിലെങ്കിലും ഒന്നില്‍ ഉള്‍പ്പെടുന്നു- കുത്തനെയുള്ള തടിയോ കുറുകെയുള്ള തടിയോ; ഏതെങ്കിലും ഒന്നിനു മാത്രം ഊന്നല്‍ കൊടുക്കുന്ന വിഭാഗത്തില്‍.

ക്രിസ്ത്യാനികളുടെ കൂട്ടങ്ങളെ മൂന്നുതരമായി ഞാന്‍ കണ്ടിട്ടുണ്ട്. അവ:
1. കൂടിവരവുകള്‍
2. ക്ലബ്ബുകള്‍
3. യഥാര്‍ത്ഥ സഭയുടെ പ്രാദേശിക പ്രത്യക്ഷതകള്‍
ഇതില്‍ ഏറ്റവും ഒടുവില്‍ പറഞ്ഞതാണ് പുതുവീഞ്ഞു പുതിയ തുരുത്തിയില്‍ പകര്‍ന്നിരിക്കുന്ന യഥാര്‍ത്ഥ സഭ.

അധ്യായം നാല് : കൂടിവരവ്

കൂടിവരവ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ലംബമാനമായ തടികളുടെ ഒരു ഒത്തുചേരലാണ്. ഞാന്‍ ആയിരുന്ന പല സഭകളും ഇങ്ങനെയായിരുന്നു. നല്ല ഒരു കൂടിവരവില്‍ ആളുകള്‍ ദൈവത്തോടുള്ള അവരുടെ വ്യക്തിപരമായ നടപ്പ്, ബൈബിള്‍ പഠനങ്ങള്‍, ഉപദേശപരമായ നിര്‍മലത എന്നിവയില്‍ മാത്രമാണു തല്പരരായിരിക്കുന്നത്. എന്നാല്‍ അവരെല്ലാം ഒറ്റയൊറ്റ തടികളാണ്-പല വലുപ്പമാണുള്ളത് എന്നു മാത്രം (കര്‍ത്താവിനോടുള്ള ഭക്തിയില്‍ വിവിധ നിലവാരത്തിലായിരിക്കുന്നു). അവര്‍ അന്യോന്യം കൂട്ടായ്മ കെട്ടിപ്പടുക്കുന്നില്ല, തങ്ങള്‍ക്ക് ഇടര്‍ച്ചയാകുന്ന ആളുകളെ അവര്‍ ഒഴിവാക്കുന്നു. ഞാന്‍ പല വര്‍ഷങ്ങള്‍ ഇത്തരം കൂടിവരവിലെ ഒരംഗമായിരുന്നു. പല വര്‍ഷങ്ങള്‍ പല അത്ഭുത സത്യങ്ങള്‍ കേട്ടിട്ടുള്ള ഞാന്‍ ദൈവത്തോടൊപ്പമുള്ള എന്റെ വ്യക്തിപരമായ നടത്തം ശരിയായിരിക്കുന്നതില്‍ സംത്യപ്തനായിരുന്നു. എന്നാല്‍ യോഹന്നാന്‍ ചോദിക്കുന്നത് ഇങ്ങനെയാണ്: കണ്ടിട്ടുള്ള സഹോദരനെ സ്‌നേഹിക്കാത്ത നിനക്ക് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് എങ്ങനെ അവകാശപ്പെടാന്‍ കഴിയും? (1 യോഹ: 4:20). ‘കൂടിവരവുകളി’ല്‍ ഉള്ള ആളുകള്‍ ഏറെ ശ്രദ്ധിക്കാത്ത ഒരു വാക്യമാണിത്.

ഇവിടെ യോഹന്നാന്‍ പറയുന്നതിന്റെ സാരം ഇതാണ്: നിനക്ക് ലംബമാനമായ ഒരു തടി ഉള്ളതുകൊണ്ട് നീ കരുതുന്നത് നിനക്ക് ക്രൂശ് ഉണ്ടെന്നാണ്. നിനക്ക് ബാഹ്യമായ ഒരു തരം വിശുദ്ധിയുണ്ട്. പക്ഷേ നിനക്ക് നിന്റെ കൂടിവരവിലുള്ള മറ്റുള്ളവരോട് ഒരു കൂട്ടായ്മയും ഇല്ല.



‘കൂടിവരവ്’:പഴയ ഉടമ്പടിയുടെ രീതി
‘കൂടിവരവി’ലെ ആളുകള്‍ ഒറ്റപ്പെട്ട സഹോദരീസഹോദരന്മാരാണ്. അവര്‍ തമ്മില്‍ സൗഹൃദം ഉണ്ടെങ്കിലും അന്യോന്യം കൂട്ടായ്മ കെട്ടിപ്പടുക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല – ഇതാണ് ‘കൂടിവരവി’ലെ രീതി. സ്‌നേഹത്തില്‍ അന്യോന്യം പണിയപ്പെടാന്‍ അവര്‍ സമയം ചെലവിടുന്നില്ല. പഴയ നിയമത്തില്‍ യിസ്രായേലിനെ സംബന്ധിച്ചും ഇങ്ങനെയായിരുന്നു.

ഇത്തരം സംവിധാനത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍പോലും അന്യോന്യം ഏറെ കൂട്ടായ്മ ഉണ്ടായിരിക്കുകയില്ല. കാരണം അവരില്‍ ഒരാള്‍ വലിയ ‘ആത്മിക നാട്യം’ ഉള്ള ആളായിരിക്കും. ഉദാഹരണത്തിന് കുട്ടികളെ നോക്കുന്നതും മറ്റുമായി ഭാര്യ ഏറെ ക്ലേശിക്കുന്നു. എന്നാല്‍ ഭര്‍ത്താവ് ദൈവവചനം വായിക്കുന്നതും മറ്റുമായി തന്റെ ‘ധ്യാനസമയത്തില്‍’ തിരക്കിലാണ്. ഭാര്യയെ സഹായിക്കാന്‍ അദ്ദേഹം തയ്യാറാകുന്നില്ല! ഇത്തരം ആളിനുള്ളത് ‘കൂടിവരവ്’ മനോഭാവമാണ്.

എന്നാല്‍ സത്യത്തില്‍ ഇത്തരം ഒരാളെ ക്രിസ്ത്യാനി എന്നു വിളിക്കാമോ എന്നു പോലും ഞാന്‍ സംശയിക്കുന്നു. ബൈബിള്‍ വായിക്കുകയും പ്രാര്‍ത്ഥിക്കുകയും സഭയ്ക്ക് പണം നല്‍കുകയും ചെയ്യുന്നതുകൊണ്ട് താന്‍ ആത്മികനും ക്രിസ്തു ശിഷ്യനുമാണെന്ന് അയാള്‍ സങ്കല്‍പ്പിച്ചേക്കാം. എന്നാല്‍ ഇതെല്ലാം സ്വയവഞ്ചനയാണ്. ഇങ്ങനെ ഒട്ടേറെ ക്രിസ്ത്യാനികളേയും പിശാച് വിഡ്ഢികളാക്കിയിരിക്കുകയാണ്- എന്റെ ബാഹ്യമായ ‘ക്രിസ്തീയ’ പ്രവര്‍ത്തനങ്ങള്‍ എന്നെ ക്രിസ്തു ശിഷ്യനാക്കി എന്ന് അനേകവര്‍ഷങ്ങള്‍ ചിന്തിച്ച എന്നെ അവന്‍ വിഡ്ഢിയാക്കിയതുപോലെ.

ഇതു പഴയ ഉടമ്പടി മതമാണ്. കൂടിവരവ് എന്ന വാക്കു തന്നെ പഴയ ഉടമ്പടിയിലെ വാക്കാണ്.

മോശെ യിസ്രയേല്‍ മക്കള്‍ക്കു കല്പനകള്‍ നല്‍കിയ കാലത്ത് അവര്‍ ഒരു കൂട്ടം മാത്രമായിരുന്നു. ഒന്നിച്ചു കൂടുമ്പോള്‍ എങ്ങനെയാണ് അവര്‍ ആരാധിക്കേണ്ടത് എന്നതു സംബന്ധിച്ച് ദൈവം അവര്‍ക്കു വിശദമായ കല്പനകള്‍ നല്‍കുമ്പോഴും അവര്‍ ഒറ്റയൊറ്റ വ്യക്തികളുടെ ഒരു കൂട്ടമായിരുന്നു. ഒരു വിശുദ്ധ ജീവിതം നയിക്കാന്‍ ദൈവത്താല്‍ ക്ഷണിക്കപ്പെട്ട വ്യക്തികളായിരുന്നു അവര്‍.

യിസ്രായേലിന്റെ ചരിത്രം നോക്കിയാല്‍ അവര്‍ക്കു മോശെയെപ്പോലെ ഒറ്റപ്പെട്ട നേതാക്കളും ഏലിയാവിനെപ്പോലെ ഒറ്റപ്പെട്ട പ്രവാചകന്മാരുമാണുണ്ടായിരുന്നത്. എന്നാല്‍ അവിടെ രണ്ടു നേതാക്കളോ രണ്ടു പ്രവാചകന്മാരോ ഐക്യതയില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതായി കാണുന്നില്ല. അല്ലെങ്കില്‍ അവര്‍ തമ്മില്‍ കൂട്ടായ്മയുള്ളതായോ,യിസ്രായേലില്‍ ദൈവത്തിന്റെ പ്രവൃത്തി ഒന്നിച്ചു ചെയ്യുന്നതായോ നാം കാണുന്നില്ല. പുതിയ ഉടമ്പടിയിലേ അത്തരം കൂട്ടായ്മകളൊക്കെ സാധ്യമാകു. കാരണം ‘പുതുവീഞ്ഞു പുതിയതുരുത്തിയില്‍’ എന്ന തത്ത്വമാണല്ലോ ഇവിടെയുള്ളത്.

പഴയ ഉടമ്പടിയില്‍ യിസ്രായേല്യര്‍ അവരുടെ ജീവിതവും അവരുടെ കുടുംബാംഗങ്ങളുടെ ജീവിതവും മാത്രമാണു സംരക്ഷിച്ചിരുന്നത്. അവരില്‍ ചിലര്‍ വിശുദ്ധരായിരുന്നെങ്കിലും അവര്‍ അന്യോന്യം കൂട്ടായ്മ പുലര്‍ത്തിയിരുന്നില്ല.’കൂട്ടായ്മ’ എന്ന വാക്കു പഴയ നിയമത്തില്‍ ഉണ്ടായിരുന്നില്ല. അവര്‍ ‘ഒറ്റയൊറ്റ പോരാളികളാ’യിരുന്നു.- ചിലര്‍ ദൈവത്തിനായി വേല ചെയ്യുന്നത് ഇഷ്ടപ്പെട്ടു, എന്നാല്‍ അവര്‍ ഒരു ശരീരമായി ഒന്നിച്ചു പണിയപ്പെടാന്‍ ആഗ്രഹിക്കുകയോ, ഒരേ ശരീരത്തിന്റെ അവയവങ്ങളായി ചേര്‍ന്നു പണിയപ്പെടുകയോ ചെയ്തില്ല.-കാരണം പഴയ ഉടമ്പടിയില്‍ അവര്‍ക്ക് ഒരു ശരീരമാകാന്‍ കഴിയുമായിരുന്നില്ല. അവര്‍ ഒരു ‘കൂടിവരവ്’ മാത്രമായിരുന്നു.

പുതുവീഞ്ഞും പുതിയ തുരുത്തിയും
പക്ഷേ ഇപ്പോള്‍ പുതിയ ഉടമ്പടി നമ്മുടെ കര്‍ത്താവ് സ്ഥാപിച്ചിരിക്കുന്നു. നാം വീണ്ടും ജനിച്ചപ്പോള്‍ നമുക്കു ക്രിസ്തുവിന്റെ ജീവന്‍ (പുതുവീഞ്ഞ്) ലഭിച്ചു. ഈ ജീവിതം ജീവിക്കേണ്ടതു വ്യക്തിപരമായല്ല (പഴയ തുരുത്തിയിലല്ല). ക്രിസ്തുവിന്റെ ജീവന്‍ ഒരു സ്വാര്‍ത്ഥജീവിത രീതിയോട് ചേര്‍ത്തു വച്ചാല്‍ (നാം നമ്മെയും നമ്മുടെ കുടുംബത്തേയും കുറിച്ചു മാത്രം ചിന്തിക്കുകയും നമ്മുടെ സഭയിലെ വീണ്ടുംജനിച്ച മറ്റു വിശ്വാസികളോടു കൂട്ടായ്മ പണിയാതിരിക്കുകയും ചെയ്താല്‍) യേശു നമുക്കു മുന്നറിയിപ്പു നല്‍കിയിട്ടുള്ളതുപോലെ നമ്മുടെ ജീവിതം (പഴയതുരുത്തി) പൊളിഞ്ഞുപോകും. പരിശുദ്ധാത്മാവിനാല്‍ (പുതുവീഞ്ഞ്) ദൈവം നമ്മെ നിറച്ചിരിക്കുന്നു. ഇതു പുതിയ തുരുത്തിയിലേക്ക് (ക്രിസ്തുവിന്റെ ശരീരം) പകരണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.

ഇതിലേക്ക് പ്രവേശിക്കാമെന്ന പ്രതീക്ഷ നമുക്കെല്ലാവര്‍ക്കും സാധ്യമാണെന്നു ഞാന്‍ കരുതുന്നു. കാരണം ദൈവം എനിക്കുവേണ്ടി ചെയ്തതു ഞാന്‍ കണ്ടിട്ടുണ്ട്. ഞാന്‍ വെറുമൊരു ‘കൂടിവരവു ക്രിസ്ത്യാനി’ യായിരുന്നപ്പോള്‍ ദൈവം എന്നോടു കരുണ കാണിച്ചു, എന്റെ ജീവിതത്തിലെല്ലാം പൊട്ടിത്തകര്‍ന്നു. അപ്പോള്‍ ദൈവം എന്നോടുചോദിച്ചു- ‘ഇനിയെങ്കിലും ഈ പുതുവീഞ്ഞ് പുതിയ തുരുത്തിയില്‍ വയ്ക്കാന്‍ നീ എന്നെ അനുവദിക്കുമോ?” ‘പൊളിഞ്ഞുപോകുന്നതി”ലെ നല്ല കാര്യം എന്തെന്നു ചോദിച്ചാല്‍ അതു പഴയതുരുത്തിയെ ഇല്ലാതാക്കും! എന്റെ പഴയ തുരുത്തി തകരാന്‍ ദൈവം അനുവദിച്ചതു നന്നായി. കാരണം അപ്പോഴാണു ഞാന്‍ എന്റെ വിശ്വാസം ഭൗതികമായ കാര്യങ്ങളിലാണ്, സ്വര്‍ഗ്ഗീയമായ കാര്യങ്ങളിലല്ല, വച്ചിരുന്നതെന്നു മനസ്സിലായത്. മനുഷ്യന്റെ പാരമ്പര്യങ്ങളിലും സഭയുടെ പണി സംബന്ധമായ എന്റെ തന്നെ ആശയങ്ങളിലുമായിരുന്നു ഞാന്‍ എന്റെ വിശ്വാസം വച്ചിരുന്നത്.

ദൈവഭക്തി എന്നു പറയുന്നതു പല ക്രിസ്ത്യാനികളെ സംബന്ധിച്ചും വെറും ബാഹ്യമായ കാര്യമാണ്. അവര്‍ സഭയുടെ എല്ലാ യോഗങ്ങളിലും പങ്കെടുക്കുന്നു, പ്രാര്‍ത്ഥിക്കുന്നു, ഭയഭക്തിപൂര്‍വ്വം ഇരിക്കുന്നു. മതപരമായ ഭാഷകള്‍ സംസാരിക്കുന്നു. അത്തരം ബാഹ്യമായ കാര്യങ്ങള്‍ തങ്ങള്‍ ആത്മീയരാണെന്നു വിശ്വസിക്കാന്‍ അവരെ പ്രേരിപ്പിച്ചേക്കാം. പക്ഷേ നിത്യജീവിതത്തിലെ പ്രായോഗിക കാര്യങ്ങള്‍ നിങ്ങള്‍ക്ക് അവരുമായി സംസാരിക്കുവാന്‍ കഴിയുകയില്ല. കാരണം അത്തരം സംഭാഷണങ്ങള്‍ അനാത്മികവും ലോകമയത്വമുള്ളതുമാണെന്ന് അവര്‍ കരുതുന്നു! അവരോട് ‘മതപരമായ’ കാര്യങ്ങള്‍ മാത്രമേ സംസാരിക്കാന്‍ കഴിയൂ. സാധാരണ, ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ അന്യോന്യം സംസാരിക്കാന്‍ നമ്മെ അനുവദിക്കാത്തതു സത്യത്തില്‍ വ്യാജ ക്രിസ്തീയതയാണ്.

യേശു ശിഷ്യന്മാരോടും ചുറ്റുമുള്ള ആളുകളോടും സംസാരിച്ചിരുന്നപ്പോള്‍ അവിടുന്ന് എപ്പോഴും പഴയനിയമത്തിലെ വാക്യങ്ങള്‍ എടുത്ത് ഉദ്ധരിക്കുകയായിരുന്നില്ല ചെയ്തത്. ആവശ്യമുള്ളപ്പോള്‍ അവിടുന്ന് അങ്ങനെ ചെയ്തു- ഉദാഹരണത്തിന് അവിടുന്ന് സാത്താനോട് സംസാരിച്ചപ്പോള്‍, പരീശന്മാരുടെ ചോദ്യത്തിനു മറുപടി പറഞ്ഞപ്പോള്‍ ഒക്കെ. പക്ഷേ മിക്കസമയവും അവിടുന്ന് ശിഷ്യന്മാരോടു സംസാരിച്ചതു സാധാരണ, ദൈനംദിന കാര്യങ്ങളായിരുന്നു. അവിടുന്ന് ഒരിക്കലും അഭിനയിക്കുകയോ വ്യാജ ആത്മീയതയോടെ സംസാരിക്കുകയോ ചെയ്തില്ല. അങ്ങനെ വാസ്തവത്തില്‍ പുതുവീഞ്ഞെന്തെന്ന് അവിടുന്നു നമുക്ക് കാട്ടിത്തന്നിരിക്കുന്നു.

മതപരമായ ഭാഷ ഉപയോഗിക്കുന്നത്, നാം നമ്മെപ്പോലെ തന്നെ മതപരമായ ഭാഷ ഉപയോഗിക്കുന്നവരുമായി ചേര്‍ന്ന് ഒരു സഭ കെട്ടിപ്പണിയുകയാണെന്ന വ്യാജമായ ധാരണ നമുക്ക് നല്‍കിയേക്കാം. നമുക്ക് അന്യോന്യം വാക്യങ്ങള്‍ ഉദ്ധരിക്കാനും ഈ വാക്യങ്ങളില്‍ നിന്നും നമുക്കെന്തു ലഭിച്ചുവെന്നു യോഗങ്ങളില്‍ പറയുവാനും കഴിഞ്ഞേക്കാം – അങ്ങനെ നാം ആത്മികരാണെന്നു സങ്കല്‍പ്പിക്കുകയും ചെയ്‌തേക്കാം. പക്ഷേ അതെല്ലാം ദേഹീപരമായ ഒരു ജീവിതം മാത്രമായിരിക്കാം നല്‍കുന്നത്.

കോതമ്പുമണി നിലത്തു വീണു ചാകണം
ആയിരണക്കണക്കിന് ആളുകള്‍ സമ്മേളിക്കുന്ന കൂടിവരവുകളുള്ള ഇന്നത്തെ മെഗാസഭകളെക്കുറിച്ചു ചിന്തിക്കുക. അന്യോന്യം യഥാര്‍ത്ഥ ദൈവിക കൂട്ടായ്മ പുലര്‍ത്തുന്ന രണ്ടുപേര്‍ പോലും ഈ കൂടിവരവുകളില്‍ ഉണ്ടായിരിക്കുകയില്ല. ദേഹിയെ ഇക്കിളിപ്പെടുത്തുന്ന ശക്തമായ സംഗീതം, ദേഹീപരമായ വാചാലമായ പ്രസംഗം എന്നിവകൊണ്ട് ആകര്‍ഷിക്കപ്പെട്ടവരുടെ കൂട്ടമാണത്. അതു ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രത്യക്ഷതയല്ല. വ്യക്തിപരമായി ദൈവവുമായുളള അവരുടെ ബന്ധത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന ലംബമാനമായ തടികളുടെ കൂട്ടങ്ങളാണിവ. എന്നാല്‍ തിരശ്ചീനമായ തടി ഇല്ലാത്തതുകൊണ്ട് ഇതൊരു വഞ്ചനയാണ്. ക്രൂശ് രൂപപ്പെടുന്നതുമില്ല.

‘കോതമ്പു മണി നിലത്തുവീണു ചാകുന്നില്ലെങ്കില്‍ തനിയേ ഇരിക്കുന്നു’ യേശു പറഞ്ഞു (യോഹ:12:14). നിലത്തുവീണു ചാകുന്ന കോതമ്പുമണിയില്‍ നിന്നാണ് നിത്യതയില്‍ നിലനില്‍ക്കുന്ന യഥാര്‍ത്ഥ ഫലങ്ങള്‍ പുറപ്പെടുന്നത് .പതിനായിരം ഒറ്റയൊറ്റ കോതമ്പുമണികളെ ഒരു സ്വര്‍ണചഷകത്തില്‍ വച്ചു പ്രദര്‍ശിപ്പിച്ചാല്‍ അതു ലോകത്തിന്റെ മതിപ്പു നേടും. മെഗാ സഭകളുടെ ഇരിപ്പിടങ്ങളില്‍ ഇത്തരം ആയിരക്കണക്കിനു കോതമ്പുമണികള്‍ തനിയെ ഇരിക്കുന്നതു നിങ്ങള്‍ക്കു കാണാന്‍ കഴിയും. ഇതു കാണുമ്പോള്‍ ഞാനിങ്ങനെ ചിന്തിക്കാറുണ്ട്. ‘ ഈ മണികളില്‍ രണ്ടെണ്ണമെങ്കിലും തങ്ങളില്‍ത്തന്നെ മരിക്കാനും അന്യോന്യം കൂട്ടായ്മ കെട്ടിപ്പടുക്കാനും തയ്യാറായിരുന്നെങ്കില്‍ ദൈവത്തിന് ഇവിടെ ഒരു പ്രവൃത്തി ചെയ്യാമായിരുന്നു. ചുറ്റുപാടുമുള്ള ലോകത്തിനു മുന്‍പില്‍ അങ്ങനെ ഒരു യഥാര്‍ത്ഥ ക്രിസ്തു ശരീരം പ്രദര്‍ശിപ്പിക്കാമായിരുന്നു. ”

നിലത്തുവീണു ചാകുവാന്‍ തയ്യാറല്ലാത്ത കോതമ്പുമണികളായ ധാരാളം പേരെ സഭയില്‍ ചേര്‍ത്തു കൂട്ടിക്കൊണ്ടു പോകുന്നതില്‍ നിന്നു ദൈവം നമ്മെ രക്ഷിക്കട്ടെ. നിലത്തുവീണു ചാകുവാന്‍ തയ്യാറുളള ഒരു കോതമ്പു മണിയോടുള്ള ബന്ധത്തിലാണു ദൈവം തന്റെ പ്രവൃത്തി ആരംഭിക്കുന്നത്. തുടര്‍ന്ന് അവിടുന്ന് മറ്റൊരു കോതമ്പുമണിയെ അതിനോടു കൂട്ടിച്ചേര്‍ക്കും. പിന്നെ മറ്റൊന്നിനെ. വീണ്ടും ഒന്നിനെ, അങ്ങനെയങ്ങനെ. ഇങ്ങനെയാണ് സഭ ക്രിസ്തുവിന്റെ ശരീരമായി പണിയപ്പെടുന്നത്. അതിനുമാത്രമേ വിശക്കുന്ന ഒരു ലോകത്തെ തൃപ്തിപ്പെടുത്താന്‍ കഴിയൂ. പകരം ചത്തിട്ടില്ലാത്ത കോതമ്പുമണികള്‍ ലോകത്തെ ആവശ്യക്കാരായ, വിശക്കുന്ന, ജനങ്ങളെ കബളിപ്പിക്കുകയാണ്. തങ്ങള്‍ ആയിത്തീരേണ്ടതിന്റെ വേഷം കെട്ടി (യഥാര്‍ത്ഥ അപ്പത്തിനു പകരം അപ്പത്തിന്റെ ചിത്രങ്ങള്‍ കാട്ടി) അവര്‍ വിശക്കുന്നവരെ വ്യാമോഹിപ്പിക്കുന്നു.. യേശു പറഞ്ഞത് കോതമ്പുമണിനിലത്തു വീണു ചത്താല്‍ അത് (നിശ്ചയമായും) വളരെ ഫലം കായിക്കുമെന്നാണ്.

കോതമ്പുമണി വളരെ ചെറുതാണ്. രണ്ടു വിരലുകള്‍ക്കിടയില്‍പിടിച്ചാല്‍ നിങ്ങള്‍ക്കതു കാണാന്‍ കഴിഞ്ഞെന്നു പോലും വരികയില്ല. ഇപ്രകാരം നിങ്ങള്‍ എവിടെയെങ്കിലും കുറച്ചുവിശ്വാസികള്‍ മാത്രമുള്ള അറിയപ്പെടാത്ത ഒരു ഗ്രൂപ്പായിരിക്കാം. മറ്റു ക്രിസ്തീയ സഭകളാലും സംഘടനകളാലും നിന്ദിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്ന ഒരു സഭ. എന്നാല്‍ നിരാശപ്പെടരുത്. നിങ്ങള്‍ക്കുചുറ്റുമുള്ള മെഗാസഭകള്‍ക്ക് അറിയപ്പെടുന്ന പാസ്റ്റര്‍മാരുണ്ടാകാം. അവര്‍ തങ്ങളുടെ വേലയെക്കുറിച്ചു മതിപ്പുളവാക്കുന്ന റിപ്പോര്‍ട്ടുകള്‍ അയയ്ക്കുകയും കനത്ത ശമ്പളം വാങ്ങി മനോഹരമായ കാറുകള്‍ ഓടിച്ചു ജീവിക്കുകയും ചെയ്യുന്നുണ്ടാകാം. അവരതൊക്കെ ചെയ്‌തോട്ടെ. അവരോട് അസൂയപ്പെടേണ്ട.നമ്മുടെ വിളി നിലത്തുവീണു ചാകുവാനാണ്. നമ്മില്‍ നിന്നു നിത്യതയില്‍ നിലനില്‍ക്കുന്ന ഫലങ്ങള്‍ കര്‍ത്താവു പുറപ്പെടുവിക്കും. അതാണ് അവിടുത്തെ വാഗ്ദാനം. യഥാര്‍ത്ഥ സഭയുടെ പണിയുടെ രഹസ്യം ഇതാണ്.

അധ്യായം അഞ്ച് :ക്ലബ്ബ്

നേരത്തേ പറഞ്ഞ കൂടിവരവിന്റെ നേരെ എതിരാണ് ‘ക്ലബ്ബ്

പലവലുപ്പത്തിലുള്ള ലംബമാനമായ തടികള്‍ അടുത്തടുത്തായി വച്ചിരിക്കുന്നതാണു കൂടിവരവെന്നു നാം കണ്ടു. അവരില്‍ ചിലര്‍ക്കു കര്‍ത്താവിനോടു കൂടുതലും മറ്റു ചിലര്‍ക്കു കുറവും ബന്ധമുളളതിനാലാണു കുത്തനെയുള്ള ഈ തടികള്‍ക്കു പല വലുപ്പമായിരിക്കുന്നത്. പക്ഷേ അവയ്ക്കു തമ്മില്‍ അന്യോന്യം കൂട്ടായ്മയില്ല.

എന്നാല്‍ അന്യോന്യം കരുതുന്ന ആളുകളെക്കൊണ്ടാണു ക്ലബ്ബ് പണിയപ്പെടുന്നത്. ഇത് ഒരു പക്ഷേ ചിലരെ സംബന്ധിച്ചിടത്തോളം കൂടുതല്‍ അപകടകരമാകാം. കാരണം നമ്മുടെ ചുറ്റുമുള്ള ‘കൂടിവരവു’ കളോട് നമ്മെത്തന്നെ താരതമ്യം ചെയ്തശേഷം ‘ശരി, ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ അന്യോന്യം കരുതാന്‍ പോകുകയാണ്’ എന്നു പറയുന്നു. അങ്ങനെ നല്ല രീതിയില്‍ അന്യോന്യം സംസാരിക്കുന്നു, ഞങ്ങള്‍ക്കു തമ്മില്‍ നല്ല കൂട്ടായ്മയുണ്ടെന്നു സങ്കല്പ്പിക്കുന്നു. എന്നിട്ട് ഞങ്ങള്‍ ഉപദേശങ്ങളെക്കുറിച്ച് ഒരേ വിധത്തില്‍ ചിന്തിക്കുന്നു, ഒരുപോലെ വേഷം ധരിക്കുന്നു. അതുകൊണ്ട് ഞങ്ങളെല്ലാം ആത്മീയരാണ് എന്നു സങ്കല്പിക്കുക എളുപ്പമാണ്. എന്നാല്‍ അപ്പോഴും നാം എല്ലാം തടിക്കഷണങ്ങള്‍ മാത്രമാണ്. എല്ലാറ്റിനേയും ഒരേ നീളത്തില്‍ ഒരേ വലുപ്പത്തില്‍ ഒരേപോലെ മുറിച്ചിരിക്കുന്നു എന്നുമാത്രം!

‘ഉടമ്പടിയില്ലാത്ത’ മതമാണ് ക്ലബ്ബ്

അന്യോന്യമുള്ള തിരശ്ചീനമായ ബന്ധത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും മനസ്സിലാക്കിക്കഴിയുമ്പോള്‍ നമുക്കുണ്ടാകാവുന്ന ഏററവും വലിയ അപകടം നാം ഒരു ക്ലബ്ബിനു രൂപം കൊടുക്കും എന്നതാണ്. മറ്റുള്ളവരെ അതില്‍ അംഗമാകാന്‍ നാം വിളിക്കും. എന്നാല്‍ അവരെല്ലാവരും നമ്മെപ്പോലെയാകണമെന്ന് നാം ആഗ്രഹിക്കുന്നു- നാം സംസാരിക്കുന്നതുപോലെ സംസാരിക്കുക, നാം പെരുമാറുന്നതുപോലെ പെരുമാറുക എന്നിങ്ങനെ. അങ്ങനെ നാം ഒരു ക്ലബ് പോലെയാകും – എല്ലാവരും ഒരുപോലെ. എല്ലാവരെയും ഒരേ വലുപ്പത്തിലും രൂപത്തിലും മുറിച്ചിരിക്കുന്നു (ഒരു കൂട്ടില്‍ അടയ്ക്കാവുന്ന, ഒരേപോലെയുള്ള ക്രിസ്ത്യാനികള്‍)! നാം എല്ലാവരും ഒരേ മതപരമായ ഭാഷ ഉപയോഗിക്കുന്നു എന്നതില്‍ അടിസ്ഥാനപ്പെട്ടിരിക്കുന്നു നമുക്ക് അന്യോന്യമുള്ള ബന്ധം.

അവര്‍ ബൗദ്ധികതലത്തില്‍ നമ്മെപ്പോലെയാണെങ്കില്‍ നമുക്ക് വ്യത്യസ്ത സമൂഹത്തിലും ഭാഷയിലും ഉള്ളവരോട് ഒന്നിച്ചുപോകാന്‍ കഴിയും. എന്നാല്‍ വലിയ വിദ്യാഭ്യാസമില്ലാത്ത, നമ്മുടെ ഉപദേശങ്ങളില്‍ വലിയ ഗ്രാഹ്യമില്ലാത്ത മറ്റൊരു സഹോദരന്‍ നമ്മുടെ സഭയില്‍ വന്നാല്‍ അദ്ദേഹവുമായി ഒത്തുപോകുവാന്‍ നമുക്കു പ്രയാസമാണ്. അതുകൊണ്ട് അദ്ദേഹത്തെ നാം അകലെ നിര്‍ത്തുന്നു. ക്രമേണ അദ്ദേഹം വീണു പോകുന്നു, നമ്മുടെ ക്ലബ്ബ് വിട്ടുപോകുന്നു!. നമ്മുടെ മൂശയില്‍ അദ്ദേഹം ഒതുങ്ങുന്നില്ല. ഇത്തരം ഒരു ക്ലബ്ബിന്റെ തുരുത്തി വാസ്തവത്തില്‍ പഴയ ഉടമ്പടിയോ പുതിയ ഉടമ്പടിയോ അല്ല. അവിടെ ഒരു ഉടമ്പടിയും ഇല്ലെന്നതാണു സത്യം.

‘കൂടിവരവ്’ പഴയ ഉടമ്പടിയില്‍ അടിസ്ഥാനപ്പെട്ടതായിരുന്നു- ദൈവത്തോട് അല്പം ഭക്തി, എന്നാല്‍ സഹോദരങ്ങള്‍ തമ്മില്‍ കൂട്ടായ്മയില്ല. എന്നാല്‍ ഇതിനോടു പ്രതികരിച്ച് നിങ്ങള്‍ക്ക് ഒടുവില്‍ ഒരു ഉടമ്പടിയുമില്ലാത്ത ജീവിതത്തില്‍ അവസാനിക്കാന്‍ കഴിയും. പല ക്രിസ്ത്യാനികളും ഇങ്ങനെയാണ്. ദൈവം തങ്ങളെ പഴയ ഉടമ്പടിയില്‍ നിന്നും നിയമത്തില്‍ നിന്നും സ്വതന്ത്രരാക്കിയെന്ന് അവര്‍ക്കു തോന്നുന്നു, ഫലത്തില്‍ ഒരു നിയമവും ഇല്ലാത്തവരായി അവസാനിക്കുകയും ചെയ്യുന്നു. ഇത്തരം ആളുകള്‍ പൗലൊസിന്റെ ഗലാത്യലേഖനം ‘നിയമത്തില്‍ നിന്നുളള സ്വാതന്ത്ര്യ’മാണ് പഠിപ്പിക്കുന്നതെന്നു തെറ്റിദ്ധരിച്ച് അത് ഇഷ്ടപ്പെടുന്നവരാണ്. വാസ്തവത്തില്‍ അവര്‍ക്ക് ഒരു ഉടമ്പടിയും വേണ്ട.

എന്നാല്‍ ഒരു ഉടമ്പടിയുമില്ലാതെ ക്രിസ്തുവുമായി ഒരു വിവാഹമില്ല.

ഞാനും ഭാര്യയും വിവാഹിതരായപ്പോള്‍ ഞങ്ങള്‍ ഒരു ഉടമ്പടിയില്‍ പ്രവേശിച്ചു. വിവാഹത്തില്‍ ഒരു നിയമാവലി പുസ്തകമൊന്നും ഇല്ലെങ്കിലും ചില നിയമങ്ങളുണ്ട്- സ്‌നേഹത്തില്‍ അധിഷ്ഠിതമായ നിയമങ്ങള്‍. ഉദാഹരണത്തിന് : ദൈവകൃപയാല്‍ ഞാന്‍ ഒരിക്കലും ഭാര്യയെ വഞ്ചിക്കുന്നില്ല. ‘വിവാഹം ചെയ്താല്‍ നീ അതു ചെയ്യരുത്, ഇതു ചെയ്യരുത്’ എന്ന് അനുശാസിക്കുന്ന ഏതെങ്കിലും നിയമാവലി പുസ്തകത്തില്‍ കണ്ട ചട്ടത്തിന്റെ ഒരു അടിസ്ഥാനത്തിലല്ല ഞാന്‍ അങ്ങനെ ചെയ്യാതിരിക്കുന്നത്. ഞാന്‍ അവളെ സ്‌നേഹിക്കുന്നതുകൊണ്ടാണ് ഞാന്‍ ഭാര്യയോട് വിശ്വസ്തനായിരിക്കുന്നത്. ഞാന്‍ അവളെ സ്‌നേഹിക്കുന്നതുകൊണ്ട് അവള്‍ക്കു ദോഷമുണ്ടാകുന്നതൊന്നും ചെയ്യാന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ക്രിസ്തുവിനോടുള്ള നമ്മുടെ വിവാഹത്തിലും ചില നിയമങ്ങളുണ്ട്. അവിടുന്ന് ഒന്നാമതെന്നെ സ്‌നേഹിച്ചു ; ഞാനും പൂര്‍ണ ഹൃദയത്തോടെ തന്നെ സ്‌നേഹിക്കും എന്ന അടിസ്ഥാനത്തില്‍. തന്നോടുള്ള എന്റെ ബന്ധം അടിസ്ഥാനപ്പെട്ടിരിക്കുന്നതു നിയമാവലി പുസ്തകത്തിലല്ല, സ്‌നേഹത്തിന്റെ നിയമങ്ങളിലാണ്.

എന്നാല്‍ ക്ലബ്ബില്‍ പല നിയമങ്ങളുമുണ്ട്. നിങ്ങള്‍ ക്ലബ്ബിന്റെ ഭാഗമായിരിക്കണമെങ്കില്‍ നിങ്ങള്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്- ദൈവത്തിന്റെ നിയമങ്ങള്‍ക്ക് അപ്പുറത്തേക്കു പോകുന്ന ചട്ടങ്ങള്‍; മനുഷ്യരുടെ വെറും പാരമ്പര്യങ്ങള്‍.

നിങ്ങള്‍ ദൈവവുമായി ഒരു ഉടമ്പടിയില്‍ അല്ലാതിരിക്കുമ്പോള്‍ മറ്റുള്ളവരോടുള്ള ബന്ധത്തില്‍ നിങ്ങള്‍ നിങ്ങളുടേതായ ഉടമ്പടികള്‍ ഉണ്ടാക്കും- ‘നീ എന്റെ പുറം ചൊറിഞ്ഞാല്‍ ഞാന്‍ നിന്റെ പുറം ചൊറിയാം. നീ എന്നോടു നന്നായി പെരുമാറിയാല്‍ ഞാനും അങ്ങനെ ചെയ്യാം. എന്നാല്‍ എന്നോടു നന്നായി പെരുമാറുന്നത് നീ എപ്പോള്‍ അവസാനിപ്പിക്കുമോ ആ നിമിഷം ഞാന്‍ നിന്നെ തീര്‍ത്തുകളയും‘. പല വിശ്വാസികള്‍ക്കും മറ്റുള്ളവരോടുള്ളത് ഈ മട്ടിലുളള ബന്ധമാണ്.

എന്നാല്‍ ക്ലബ് നിങ്ങള്‍ക്കു ചില ഭൗതികമായ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. നിങ്ങള്‍ക്കു ‘സഭാസമ്മേളനങ്ങളില്‍’ സംബന്ധിക്കാം. നിങ്ങളുടെ കുട്ടികള്‍ക്ക് അവിടെ മറ്റു നല്ല കുട്ടികളെ പരിചയപ്പെടാം. നിങ്ങള്‍ക്ക് അവിടെ നിന്നു വിവാഹം ലഭിക്കും. എന്തിന് അതിനുസമയം വരുമ്പോള്‍ നിങ്ങള്‍ക്ക് അവിടെ നിന്നു മാന്യമായ ശവസംസ്‌കാരം പോലും ലഭിക്കും.!

ക്ലബ്ബ് ജീവിതം നയിക്കുന്നത് ദുരന്തത്തിലേക്ക്

ഇതുപോലെ വിശ്വാസികള്‍ അന്യോന്യം സൗഹൃദം മാത്രം കെട്ടിപ്പടുക്കുമ്പോള്‍ അവര്‍ ഒരുപിടി തിരശ്ചീനമായ തടികള്‍ മാത്രമാണ്. ഇവരില്‍ ചിലര്‍ക്ക് ക്രിസ്തുവിനോട് അല്പം ഭക്തിയുണ്ടാകാം. പക്ഷേ ആ കുത്തനെയുള്ള തടി വളരെ നീളം കുറഞ്ഞതാണ്. മിക്ക ആളുകളിലും ആ തടി കാണാനേയില്ല.

നിങ്ങള്‍ ഭൂമിയില്‍ ഒരു നല്ല ക്രിസ്തീയ ക്ലബ്ബിന്റെ ഭാഗം മാത്രമായിരുന്നു എന്ന് ക്രിസ്തുവിന്റെ ന്യായാസനത്തിനു മുന്‍പില്‍ വച്ചു മാത്രം കണ്ടെത്തുവാന്‍ ഇടയാകാതിരിക്കട്ടെ.

നിങ്ങള്‍ നിങ്ങളുടെ ‘സഭയില്‍’ ചേര്‍ന്നതു നിങ്ങളുടെ ഭര്‍ത്താവോ, ഭാര്യയോ അല്ലെങ്കില്‍ മറ്റുവല്ലവരുമോ അവിടേക്കു വലിച്ചിഴച്ചതുകൊണ്ടാണോ? നിങ്ങള്‍ അവിടെ ചേര്‍ന്നത് നിങ്ങള്‍ക്ക് അവിടത്തെ ‘ക്ലബ് അന്തരീക്ഷം’ ഇഷ്ടമായതുകൊണ്ടാണോ? അവിടെ നിങ്ങള്‍ക്കു നല്ല പ്രസംഗങ്ങള്‍ കേള്‍ക്കാം, അവിടെയുള്ളവര്‍ ഒരാവശ്യം വന്നാല്‍ സഹായിക്കും എന്നീ കാരണങ്ങളാലാണോ?

നല്ല പ്രസംഗം കേള്‍ക്കുമ്പോള്‍ അതു നിങ്ങള്‍ക്കു മനസ്സിലായി എന്നതുകൊണ്ട് നിങ്ങളും അതിനൊപ്പമായി, ആത്മീയനായി, എന്നു ചിന്തിച്ച് എളുപ്പത്തില്‍ ചതിക്കപ്പെട്ടുപോകാം. ‘മറ്റു സഭകളെ’ അപേക്ഷിച്ച് നിങ്ങളുടെ ‘സഭ’ യിലെ പഠിപ്പിക്കല്‍ ഉന്നതമാണ് എന്നതുകൊണ്ടും നിങ്ങള്‍ക്കു നിങ്ങളെത്തന്നെ അഭിനന്ദിക്കാന്‍ കഴിയും. എന്നിട്ടും ക്രിസ്തുവിനോടുള്ള ഭക്തി എന്ന ലംബമാനമായ തടി നിങ്ങളുടെ ജീവിതത്തില്‍ തീര്‍ത്തും നഷ്ടമായേക്കാം. എങ്കില്‍ ക്രിസ്തുവിന്റെ ന്യായാസനത്തിന് മുമ്പില്‍ ദുരന്തപൂര്‍ണ്ണമായ ഒരത്ഭുതം നിങ്ങള്‍ക്കുണ്ടാകും- നിങ്ങള്‍ തീര്‍ത്തും ദൈവരാജ്യത്തിനു പുറത്താണ് എന്നു നിങ്ങള്‍ നിങ്ങളെത്തന്നെ കണ്ടെത്തുമ്പോള്‍!

വിമാനത്താവളങ്ങളിലെ സുരക്ഷാപരിശോധനാസ്ഥലത്തു യാത്രക്കാര്‍ അവരുടെ ബാഗുകള്‍ വയ്‌ക്കേണ്ട ഒരു കണ്‍വയര്‍ ബെല്‍റ്റുണ്ട്. ആ ബാഗുകള്‍ ഒരു സുരക്ഷാ സ്‌കാനറിലൂടെ കടന്നുപോയി ഒടുവില്‍ അപ്പുറത്തെത്തും. ക്രിസ്തുവിന്റെ ന്യായാസനത്തെ ഞാന്‍ ഏകദേശം ആ നിലയില്‍ സങ്കല്‍പ്പിക്കാറുണ്ട്. എന്നാല്‍ സ്‌കാനിങ് യന്ത്രത്തിനു പകരം ഒരു വലിയ തീച്ചൂളയാണുള്ളത്! ദൈവം നമ്മുടെ മുഴുവന്‍ ജീവിതത്തിലേയും പ്രവൃത്തികളെ ഒന്നൊന്നായി ഈ തീച്ചൂളയിലൂടെ കടത്തിവിടും. ഈ ഭൂമിയില്‍ നാം നമ്മുടെ ജീവിതം എങ്ങനെ ജീവിച്ചു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റേ അറ്റത്ത് തീച്ചൂളയിലൂടെ കടന്ന് ഇവ എത്തുക. 1കൊരിന്ത്യര്‍ 3:13 -15 പറയുന്നതുപോലെ പല വിശ്വാസികളേയും സംബന്ധിച്ചിടത്തോളം അവര്‍ ചെയ്ത പ്രവൃത്തി വെന്തുപോകും- കാരണം അവയെല്ലാം മരം, പുല്ല്, വൈക്കോലുപോലെയായിരുന്നു. നല്ല ‘സഭകളില്‍’ വര്‍ഷങ്ങള്‍ ഇരുന്ന പലരും ആ ദിവസം തങ്ങള്‍ തങ്ങളുടെ ഭൂമിയിലെ ജീവിതം പാഴാക്കിയതായി അമ്പരപ്പോടെ കണ്ടെത്തും.

പല വര്‍ഷങ്ങള്‍ നല്ല ‘സഭകളില്‍’ ഇരുന്നവരും അത്ഭുതകരമായ പ്രസംഗങ്ങള്‍ (സഭകളില്‍ നിന്നും ഓണ്‍ലൈനിലൂടെയും) കേട്ടവരുമായ പലരോടും അന്നു കര്‍ത്താവ് ഇങ്ങനെപറയും; ‘ നിങ്ങളുടെ ഭൂമിയിലെ ജീവിതം പാഴായി. കാരണം നിങ്ങള്‍ക്ക് എന്നോടു വ്യക്തിപരമായ ഭക്തി ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ അറിയുന്നില്ല, നിങ്ങള്‍ എന്നേയും അറിഞ്ഞിട്ടില്ല. നിങ്ങള്‍ ഒരിക്കലും എന്നോടൊപ്പം നടന്നിട്ടില്ല. നിങ്ങള്‍ ഒരിക്കലും ക്രൂശുവഹിച്ചിട്ടില്ല” (മത്തായി 7:22-23). ഇതു തീര്‍ച്ചയായും സങ്കടകരമാണ്.

സുരക്ഷിതത്വം കര്‍ത്താവിലോ സഭയിലോ?

ഭൂമിയില്‍ ഏറ്റവും ആസ്വാദ്യകരമായ ഇടം എന്നെ സംബന്ധിച്ചിടത്തോളം യേശുക്രിസ്തുവിന്റെ സഭയാണ്. ഞാന്‍ എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നു തന്നെയാണതു പറയുന്നത്. വിശുദ്ധന്മാരുടെ കൂട്ടായ്മ ഏറെ മധുരതരമാണ്. എന്നാല്‍ എനിക്കെന്റെ സ്വര്‍ഗീയപിതാവും യേശുകര്‍ത്താവുമായുള്ള കൂട്ടായ്മയേക്കാള്‍ അതൊരിക്കലും വലുതല്ല. യേശുവുമായും പിതാവുമായുള്ള കൂട്ടായ്മ ഈ ലോകജീവിതത്തിലും നിത്യതയിലും ഇടമുറിയാതെ തുടരുന്നതാണല്ലോ .ആ കൂട്ടായ്മയിലാണ് ദൈവജനവുമായുളള ഇന്നത്തെ കൂട്ടായ്മ അടിസ്ഥാനപ്പെട്ടിരിക്കുന്നതും.

എന്നാല്‍ ക്ലബ്ബിലുള്ളവര്‍ അവരുടെ സുരക്ഷിതത്വം ക്ലബ്ബിലാണ്, കര്‍ത്താവിലല്ല, കണ്ടെത്തിയിരിക്കുന്നത്. ദൈവമനുഷ്യരെ കേള്‍ക്കുന്നതില്‍ അവര്‍ സുരക്ഷിതത്വം കണ്ടെത്തിയിരിക്കുന്നു. ഈ വര്‍ഷം നിങ്ങള്‍ നൂറുകണക്കിനു പ്രസംഗങ്ങള്‍ കേട്ടിട്ടുണ്ടാകാം. എന്നാല്‍ അതു നിങ്ങളെ യേശുവിന്റെ ഒരു യഥാര്‍ത്ഥ ശിഷ്യനാക്കുകയില്ല.

അതുപോലെ ക്ലബ്ബിലുള്ളവര്‍ പ്രതീക്ഷിക്കുന്നതു തങ്ങളെ എപ്പോഴും, താലോലിക്കുകയും ഓമനിക്കുകയും വേണമെന്നാണ്. അവരെ എന്തോ ‘പ്രത്യേകത’ യുള്ളവരായി കരുതി പെരുമാറിയില്ലെങ്കില്‍ അവര്‍ ഇടറിപ്പോകും. അവര്‍ മനുഷ്യരില്‍ നിന്നുള്ള മാനവും അഗീകാരവും തേടുന്നു. അവര്‍ പൊതുരംഗത്തു കാണപ്പെടുവാന്‍ ആഗ്രഹിക്കുന്നു. മറ്റുള്ളവര്‍ തങ്ങളോടു നല്ല നിലയില്‍ മാത്രം പെരുമാറുന്നതാണ് അവര്‍ക്കിഷ്ടം. ഏതെങ്കിലും ഘട്ടത്തില്‍ ഒരു മൂപ്പന്‍ അവര്‍ക്കൊരു തിരുത്തല്‍ കൊടുത്താല്‍ അവര്‍ ഇടറിപ്പോകും, പിന്നെ ക്ലബ്ബ് വിട്ടുപോകും!

ദൈവഭക്തനായ മുതിര്‍ന്ന ഒരു സഹോദരന്‍ എന്നെ തിരുത്തുമ്പോള്‍ ഞാന്‍ ഇടറിപ്പോയാല്‍ അതു കാണിക്കുന്നതു ഞാന്‍ വെറുമൊരു ‘ക്ലബ്ബ് ക്രിസ്ത്യാനി’ മാത്രമാണ് എന്നുള്ള ബോദ്ധ്യം കര്‍ത്താവ് എനിക്കു തന്നിട്ടുണ്ട്. എന്റെ ചുറ്റുമുളളവര്‍ക്ക് ക്രിസ്തുവിന്റെ യഥാര്‍ത്ഥ ജീവന്‍ അനുഭവിക്കാന്‍ കഴിഞ്ഞെന്നിരിക്കും. എന്നാല്‍ വളരെ വര്‍ഷങ്ങള്‍ അവരുടെ മദ്ധ്യത്തില്‍ ഇരുന്നശേഷം ഞാനൊരു ക്ലബ്ബ് അംഗം മാത്രമായിരുന്നുവെന്നു ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പാകെ കണ്ടെത്തുന്നത് ‘എന്തൊരു ദുരന്തമാണ്’! തിരുത്തല്‍, ശാസന എന്നിവയുടെ മുന്‍പില്‍ ഇടറിപ്പോകുന്നതില്‍ നിന്നു ദൈവം നമ്മെ രക്ഷിക്കട്ടെ.

ദൈവം നമുക്കു മൂപ്പന്മാരെയും നമ്മെ സ്‌നേഹിക്കുന്ന ദൈവഭക്തരായ മുതിര്‍ന്ന സഹോദരന്മാരെയും നല്‍കിയിരിക്കുന്നു. അവര്‍ സ്‌നേഹത്തില്‍ നമ്മോടു ദൈവവചനം അറിയിക്കുന്നു. എന്നാല്‍ അവര്‍ വടി ഒഴിവാക്കുന്നില്ല. തങ്ങളുടെ കുട്ടികളെ സ്‌നേഹിക്കുന്ന പിതാക്കന്മാര്‍ വടി ഒഴിവാക്കുകയില്ലല്ലോ. സ്വര്‍ഗസ്ഥനായ പിതാവു നമ്മെ സ്‌നേഹിക്കുന്നതുപോലെ ഇത്തരം മൂപ്പന്മാര്‍ നമ്മെ സ്‌നേഹിക്കുന്നവരാണ്. അങ്ങനെയുള്ളപ്പോള്‍ ഈ ദൈവഭക്തരായ മുതിര്‍ന്ന സഹോദരന്മാര്‍ നിങ്ങളോടു പറയുന്നതിനെതിരെ മത്സരിക്കുകയും ഇടറിപ്പോകുകയും ചെയ്താല്‍ അതു തെളിയിക്കുന്നതു നിങ്ങള്‍ക്കുള്ളതു ക്ലബ്ബ് മനോഭാവമാണ് എന്നതാണ്.

ഇതിന്റെ ഫലമായി ആത്മീയ വളര്‍ച്ച ഉണ്ടാകാതെ പോകും. ജീവിതത്തില്‍ ആത്മീയവളര്‍ച്ച ഉണ്ടാകുന്നില്ലെങ്കില്‍ അര്‍ത്ഥം നിങ്ങള്‍ പിന്മാറിപ്പോകുന്നു എന്നാണ്. കാരണം ക്രിസ്തീയ ജീവിതത്തില്‍ നിശ്ചലമായി നില്‍ക്കുക എന്നൊന്നില്ല. ദൈവഭക്തനായ മുതിര്‍ന്ന ഒരു സഹോദരന്‍ നമ്മോട് ശാസനയുടെ ഒരു വാക്കുപറയുമ്പോള്‍ നാം ഇടറിയാല്‍ അതു കാണിക്കുന്നതു തീര്‍ച്ചയായും നാം പിന്മാറ്റത്തിലാണ് എന്നതാണ്- ഒരു പക്ഷേ നരകത്തിലേക്കുള്ള പാതയില്‍.

നമ്മുടെ സ്വര്‍ഗീയ പിതാവിന്റെ ബാലശിക്ഷയെ നാം ഇഷ്ടപ്പെടണമെന്ന് ഏബ്രായര്‍ 12:5-8 വാക്യങ്ങള്‍ നമ്മെ ഉത്സാഹിപ്പിക്കുന്നു. കാരണം നമ്മോടുള്ള സ്‌നേഹത്തിലാണ് അവിടുന്ന് അതു ചെയ്യുന്നത്. അതുപോലെ സഭയിലെ മുപ്പന്മാര്‍ പിതാവിന്റെ ഹൃദയത്തോടെ (1 കൊരിന്ത്യര്‍ 4:15 ലെ പൗലൊസിനെപ്പോലെ) സ്‌നേഹത്തില്‍ നമ്മെ തിരുത്തും. അതു നാം പിന്മാറി നഷ്ടപ്പെട്ടു പോകാതിരിക്കാനാണ്. നമ്മള്‍ തിരുത്തലിനു മുന്‍പില്‍ ഇടറിപ്പോയാല്‍ നാം തെളിയിക്കുന്നതു നമുക്കുളളതു ക്ലബ്ബ് മനോഭാവമാണ് എന്നതാണ്. ഫലത്തില്‍ നഷ്ടം സംഭവിക്കുന്നതു നമുക്കു തന്നെയാണ്.

അദ്ധ്യായം ആറ് :യഥാര്‍ത്ഥ സഭ

പഴയ നിയമത്തില്‍ നാം ഒരിക്കലും കണ്ടിട്ടില്ലാത്ത പല വാക്കുകള്‍ പുതിയ നിയമത്തിലുണ്ട്. അത്തരം ഒരു വാക്കാണ് ‘കൂട്ടായ്മ’

പെന്തക്കോസ്ത് നാളില്‍ ശക്തമായ ഉണര്‍വില്‍ 3000 പേര്‍ വീണ്ടും ജനിച്ചപ്പോള്‍ അവര്‍ അടുത്ത 10 ദിവസത്തേക്ക് കൂടാരങ്ങളില്‍ ഉണര്‍വു യോഗങ്ങള്‍ നടത്താം എന്നല്ല തീരുമാനിച്ചത്. ഇന്ന് ആളുകള്‍ അങ്ങനെയാണു ചെയ്യുന്നത്. എന്നാല്‍ ഇതിനു പകരം അന്നു ദൈവം ശിഷ്യന്മാരോടു പറഞ്ഞത് ഉണര്‍വ്വ് യോഗങ്ങള്‍ അവസാനിപ്പിച്ച് സഭ പണിയാന്‍ പോകാനാണ്.


പ്രവൃത്തി 2:42 ല്‍ നാം വായിക്കുന്നത് അവര്‍ കൂട്ടായ്മയ്ക്കായി തങ്ങളെത്തന്നെ ഏല്‍പ്പിച്ചുകൊടുത്തു എന്നാണ്. കൂട്ടായ്മ? എന്ന വാക്ക് ബൈബിളില്‍ നാം ആദ്യം കാണുന്ന ഭാഗം ഇതാണ്. ‘കൊയ്‌നോണിയ’ എന്ന ഗ്രീക്കുവാക്കിന്റെ തര്‍ജ്ജമയാണത്. അര്‍ത്ഥം ‘അന്യോന്യം പങ്കിടുക’ എന്നാണ്.

ക്രൂശില്‍ നിന്ന് ഒഴുകുന്ന സ്‌നേഹം

ശിഷ്യന്മാര്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞു കഴിഞ്ഞപ്പോള്‍ അതിന് ഉടനുണ്ടായ ഫലമാണ് കൂട്ടായ്മ. ഇന്നു പരിശുദ്ധാത്മാവില്‍ നിറഞ്ഞതായി അവകാശപ്പെടുന്ന ക്രിസ്ത്യാനികള്‍ അതിനുതെളിവായിപറയുന്നത് ‘ഞാന്‍ അന്യഭാഷയില്‍ സംസാരിക്കുന്നു’ എന്നോ, ‘രോഗിയായ ഒരാള്‍ക്കു ഞാന്‍ പ്രാര്‍ത്ഥിച്ചു സൗഖ്യം ലഭിച്ചു’ (ഏറ്റവും കുറഞ്ഞത് അദ്ദേഹത്തിനു സൗഖ്യം ലഭിച്ചതായി ഞാന്‍ ചിന്തിക്കുന്നു) എന്നോ അല്ലെങ്കില്‍ ‘ഇപ്പോള്‍ ഞാന്‍ നന്നായി പ്രസംഗിക്കും’ എന്നോ ഒക്കെയാണ്. എന്നാല്‍ പെന്തക്കോസ്തു നാളില്‍ അവര്‍ പരിശുദ്ധാത്മാവില്‍ നിറഞ്ഞു കഴിഞ്ഞപ്പോള്‍ നാം വായിക്കുന്നത് അവര്‍ ഉണര്‍വ്വു യോഗത്തില്‍ നിന്നിറങ്ങി അന്യോന്യം കൂട്ടായ്മ കെട്ടിപ്പടുത്തു (പ്രവൃ;2:42) എന്നാണ്. പരിശുദ്ധാത്മനിറവിന്റെ പ്രാഥമിക ഫലം അതായിരിക്കണം.

‘നാം എല്ലാവരും ഏക ശരീരമാകുമാറ് ഒരേ ആത്മാവില്‍ സ്‌നാനം ഏറ്റതായി’ 1 കൊരിന്ത്യര്‍ 12:13 ല്‍ നാം വായിക്കുന്നു. സഭയെ അവിടെ കൂടിവരവെന്നോ ക്ലബ്ബെന്നോ അല്ല ശരീരം എന്നാണ് വിവരിച്ചിരിക്കുന്നത്. ‘നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തന്‍ വെവ്വേറെയായി അവയവങ്ങളും ആകുന്നു’ (1 കൊരി.12:27).

ഈ ശരീരം പണിയപ്പെട്ടിരിക്കുന്നതു ക്രൂശിന്റെ അടിസ്ഥാനത്തിലാണ്. ഈ തുരുത്തി പുതിയ ഉടമ്പടി സഭയുമാണ്.
കൂടിവരവ് ഒരു പഴയ ഉടമ്പടി ആശയമാണ്.
ക്ലബ്ബിന് ഒരു ഉടമ്പടിയുമില്ല.
പക്ഷേ യഥാര്‍ത്ഥസഭ പണിയപ്പെട്ടിരിക്കുന്നതു
പുതിയ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ്.
ഇന്നു നമ്മള്‍ ഉടമ്പടി എന്ന വാക്ക് ഏറെ ഉപയോഗിക്കാറില്ല. യേശുക്രിസ്തുവിന്റെ സഭ പണിയുന്നവരിലുളള തീരുമാനം, പ്രതിബദ്ധത-അതാണ് ഈ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒന്നാമത് അവര്‍ തങ്ങളുടെ ആത്മമണവാളനായ കര്‍ത്താവിനോട് പ്രതിബദ്ധത പുലര്‍ത്തുന്നു. തുടര്‍ന്ന് അന്യോന്യമുള്ള പ്രതിബദ്ധത. ഇവിടെ ക്രൂശിന്റെ രണ്ടു തടികളുമുണ്ട്- ലംബമായതും തിരശ്ചീനമായതും. ഒന്നാമത് അവര്‍ കര്‍ത്താവിനെ തീക്ഷ്ണമായി സ്‌നേഹിക്കുന്നു. തുടര്‍ന്ന് അന്യോന്യം സ്‌നേഹിക്കുന്നു.

പ്രാദേശിക സഭകളില്‍ അപ്പം നുറുക്കുമ്പോള്‍ ഇതാണു പ്രതീകാത്മകമായി വ്യക്തമാക്കുന്നത്. അവിടെ നാം പറയുന്നത് നാം കര്‍ത്താവിനോടുള്ള കൂട്ടായ്മയിലാണെന്നും അവിടുന്ന് ചെയ്തതുപോലെ സ്വയത്തിനു മരിക്കാന്‍ തയ്യാറാണെന്നുമാണ് (1 കൊരി:11:26 -28). അതുകൊണ്ട് അവിടുത്തെ ശരീരത്തിന്റെ അവയവങ്ങളെന്ന നിലയില്‍ നാം അന്യോന്യം കൂട്ടായ്മയിലാണെന്നും നാം തുടര്‍ന്നു പ്രസ്താവിക്കുന്നു (1 കൊരി: 10 :16,17). അതുകൊണ്ടാണ് അപ്പം ഒന്നും, പലരായ നാം ഒന്നിച്ച് അതില്‍ പങ്കാളികളാകുന്നതും.

അന്യോന്യം ഉള്ള നമ്മുടെ സ്‌നേഹം മാനുഷിക സ്‌നേഹമല്ല- ‘ഞാന്‍ നിന്നെ ഇഷ്ടപ്പെടുന്നു, നീ എന്നെ ഇഷ്ടപ്പെടുന്നു, നമ്മള്‍ ഒരു സന്തുഷ്ട കുടുംബം’ എന്ന മട്ടില്‍ അല്ല, കര്‍ത്താവിനോടുള്ള സ്‌നേഹത്തില്‍ നിന്നാണ് ഈ സ്‌നേഹം രൂപപ്പെടുന്നത്.

ഇതുപോലെ, പ്രാഥമികമായി നഷ്ടപ്പെട്ട മാനവരാശിയോടുള്ള നമ്മുടെ സ്‌നേഹമായിരിക്കരുത് അവരെ സുവിശേഷീകരിക്കാന്‍ മിഷനറിയായി പോകാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. കര്‍ത്താവിനോടുള്ള നമ്മുടെ സ്‌നേഹത്തിന്റെ കവിഞ്ഞൊഴുക്കായിരിക്കണം സുവിശേഷീകരണത്തിനുള്ള നമ്മുടെ സ്‌നേഹപ്രേരണ.

കര്‍ത്താവിനോടുള്ള സ്‌നേഹവും അതില്‍നിന്ന് ഉരുത്തിരിയുന്ന മറ്റുള്ളവരോടുള്ള സ്‌നേഹവും. ഇതു നമ്മുടെ ഹൃദയത്തില്‍ പകരുന്നതാകട്ടെ പരിശുദ്ധാത്മാവും (റോമര്‍ 5:5).

യഥാര്‍ത്ഥസഭയുടെ പണി

പഴയ നിയമ ശുശ്രൂഷയിലും പുതിയ നിയമ ശുശ്രൂഷയിലും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിലെ വ്യത്യാസം വ്യക്തമാക്കാന്‍ എന്റെ പിതാവ് (സാക് പുന്നന്‍) ഇങ്ങനെയൊരു ഉദാഹരണം പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. പഴയ ഉടമ്പടിയില്‍ മനുഷ്യന്റെ ഹൃദയം മുകളില്‍ ഒരു മൂടിയുള്ള കപ്പു പോലെയാണ്(യെഹൂദന്മാരുടെ ദേവാലയത്തില്‍ അതിപരിശുദ്ധ സ്ഥലത്തെ മറച്ചിരുന്ന തിരശ്ശീലപോലെയാണ് ഈ മൂടി). പരിശുദ്ധാത്മാവ് അടയ്ക്കപ്പെട്ട ഈ കപ്പിനു മുകളില്‍ പകരപ്പെട്ടപ്പോള്‍ അതിനു മുകളിലൂടെ അത് ഒഴുകിപ്പരന്ന് അനേകര്‍ക്ക് അത് അനുഗ്രഹത്തിന്റെ നദിയായി- മോശെ, സ്‌നാപകയോഹന്നാന്‍ തുടങ്ങിയവര്‍ ഉദാഹരണം.

എന്നാല്‍ പുതിയ ഉടമ്പടി വന്നപ്പോള്‍ മൂടി മാറ്റപ്പെട്ടു. (2 കൊരി: 3 :12-18). യേശുവിന്റെ മരണത്തില്‍ ദേവാലയത്തിലെ തിരശ്ശീല ചീന്തിപ്പോയതും അതി പരിശുദ്ധ സ്ഥലത്തേക്കുള്ള വഴി തുറന്നു കിട്ടിയതും ഇതിന്റെ പ്രതീകം. പക്ഷേ ഇപ്പോള്‍ പരിശുദ്ധാത്മാവ് പകരപ്പെടുമ്പോള്‍ ഒന്നാമത് കപ്പു നിറയും- വിശ്വാസിയുടെ ഹൃദയം ഒന്നാമത് ശുദ്ധീകരിക്കപ്പെടും. എന്നിട്ട് അവന്റെ ഉള്ളില്‍ നിന്നു തന്നെ അനുഗ്രഹത്തിന്റെ നദി പുറപ്പെടും. അത് അനേകര്‍ക്ക് അനുഗ്രഹമാകും. യോഹന്നാന്‍ 7:37-39 ല്‍ യേശു ഇതേക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ഇങ്ങനെയാണ് പുതിയ നിയമ സഭ പണിയപ്പെടുന്നത്.

നാം ഇപ്പോഴും പരിശുദ്ധാത്മാവിനെ മറ്റുളളവരോട് പ്രസംഗിക്കാന്‍ മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ നാം കൂടിവരവോ ക്ലബ്ബോ മാത്രമേ പണിയുകയുള്ളു. എന്നാല്‍ നാം ഒന്നാമത് ദൈവത്തെ നമ്മെ നിറയ്ക്കാനും തന്റെ സ്‌നേഹം നമ്മുടെ ഹൃദയത്തില്‍ പകരാനും അനുവദിച്ചാല്‍ തുടര്‍ന്ന് പരിശുദ്ധാത്മാവിന് നമ്മുടെ ഉള്ളില്‍ നിന്നും മറ്റുളളവരിലേക്ക് ഒഴുകാന്‍ കഴിയും. അപ്പോള്‍ നമ്മെപോലെ കൂട്ടായ്മയുടെ അതേ ആത്മാവുള്ള ആളുകളുമായി ചേര്‍ന്ന് നാം സഭ പണിയും. ദൈവത്തോടും മറ്റുള്ളവരോടുമുള്ള സ്‌നേഹം നമ്മുടെ ഹൃദയത്തില്‍ നിന്ന് നിറഞ്ഞ് കവിയും. അങ്ങനെ യഥാര്‍ത്ഥ ആത്മാവിന്റെ ഐക്യത ക്രൂശെടുക്കുന്നതിലൂടെ നാം തമ്മില്‍ രൂപപ്പെടും.

പ്രായോഗിക തലത്തില്‍, നാം അന്യോന്യം ദൂരത്തിരിക്കുമ്പോഴാണ് യഥാര്‍ത്ഥ സഭ പ്രാഥമികമായും പണിയപ്പെടുന്നത്. നാം ഞായറാഴ്ച സഭായോഗങ്ങള്‍ക്ക് ഒന്നിച്ചു കൂടുമ്പോള്‍ മാത്രമല്ല അത് പണിയുന്നത്. ഉവ്വ്, അവിടെ അത് പരിശുദ്ധാത്മാവിന്റെ വരങ്ങളാല്‍ പണിയപ്പെടുന്നു. എന്നാല്‍ നാം അന്യോന്യം അകന്നിരിക്കുന്ന മറ്റു ദിവസങ്ങളിലാണ് അത് കൂടുതല്‍ പണിയപ്പെടുന്നത്. ഏതെങ്കിലും വിധത്തില്‍ പ്രലോഭനത്തിന് വിധേയനാകുമ്പോഴാണ് -സത്യസന്ധതയില്ലായ്മ കാട്ടുക, ദേഷ്യപ്പെടുക, കണ്ണുകൊണ്ടു മോഹിക്കുക എന്നിങ്ങനെയുള്ള പരീക്ഷകള്‍ – യേശുവിന്റെ സഭയുടെ ഭാഗമാണോ എന്ന് നിങ്ങള്‍ തെളിയിക്കുന്നത്. ഈ പ്രലോഭനങ്ങളുടെ സമയത്ത് നാം ക്രൂശെടുക്കുമെങ്കില്‍, നമുക്കു തന്നെ മരിക്കുമെങ്കില്‍, കര്‍ത്താവിനോടുള്ള ഭക്തി സൂക്ഷിക്കുമെങ്കില്‍, പാപത്തെ ചെറുക്കുമെങ്കില്‍, അപ്പോള്‍ നാം വെളിച്ചത്തില്‍ നടക്കുകയും കര്‍ത്താവിനോടുള്ള കൂട്ടായ്മയില്‍ ആയിരിക്കുകയും ചെയ്യും. പിന്നീട് നാം അന്യോന്യം ഒത്തുചേരുമ്പോള്‍ നമുക്കു തമ്മില്‍ യഥാര്‍ത്ഥ കൂട്ടായ്മ ഉണ്ടായിരിക്കും(1 യോഹ.1 :7).

കൊലോസ്യര്‍ 2 :2 പറയുന്നത് നമ്മുടെ ഹൃദയങ്ങള്‍ തമ്മില്‍ ‘സ്‌നേഹത്തില്‍ അന്യോന്യം ഏകീഭവിക്കു’ ന്നതിനെക്കുറിച്ചാണ് . എനിക്ക് എന്നെത്തന്നെ സ്‌നേഹത്തില്‍ മറ്റുളളവരോട് ഏകീഭവിപ്പിക്കാന്‍ കഴിയുകയില്ല. പരിശുദ്ധാത്മാവിനു മാത്രമേ നമ്മുടെ ഹൃദയങ്ങളെ ഒന്നിപ്പിക്കുവാന്‍ സാധിക്കുകയുള്ളു. അതിനുപകരം നിങ്ങള്‍ക്കു സമ്മാനം നല്‍കുക, ഒന്നിച്ചു സമയം ചെലവഴിക്കുക തുടങ്ങിയ മാനുഷിക രീതിയിലൂടെ എന്റെ ഹൃദയത്തെ നിങ്ങളുടേതുമായി ഏകീഭവിപ്പിക്കാന്‍ എത്രയെല്ലാം ശ്രമിച്ചാലും ഞാന്‍ ഒടുവില്‍ സഭയല്ല ക്ലബ്ബായിരിക്കും പണിയുന്നത്. പകരം ദൈവം പറയുന്നു: ‘നീ നിനക്കുതന്നെ മരിക്കുക’. ഞാന്‍ അതു ചെയ്യുമ്പോള്‍ പരിശുദ്ധാത്മാവ് അദൃശ്യമായി പ്രകൃത്യാതീതമായ രീതിയില്‍ എന്റെ ഹൃദയത്തെ, പ്രാദേശിക സഭയില്‍ എന്നോടൊപ്പം ദൈവം ആക്കിവച്ചിരിക്കുന്ന, തങ്ങളെത്തന്നെ മരണത്തിന് എല്‍പ്പിച്ചുകൊടുത്തിരിക്കുന്ന, മറ്റു സഹോദരന്മാരുടെ ഹൃദയങ്ങളോടു ചേര്‍ത്തു തുന്നിച്ചേര്‍ക്കും!.

ഞങ്ങളുടെ കൂട്ടായ്മ അപ്പോള്‍ മധുരതരമാകും. അതു ഞങ്ങള്‍ ഒരേ ഉപദേശം സ്വീകരിച്ചിരിക്കുന്നു, ഒരേ പാട്ടുകള്‍ പാടുന്നു എന്നിവയുടെ അടിസ്ഥാനത്തിലല്ല. മറിച്ച് ഞങ്ങള്‍ നിലത്തുവീണു സ്വയജീവനു മരിച്ചിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍. അങ്ങനെ പരിശുദ്ധാത്മാവിലൂടെയാണു ഞങ്ങള്‍ അന്യോന്യം കൂട്ടായ്മയിലെത്തുന്നത്.

സ്വയത്തിനു മരിക്കാതെ, നാം സ്ഥാപിക്കുന്ന ഏത് ഐക്യതയും ഫലത്തില്‍ സൗഹൃദം മാത്രമായിരിക്കും. യഥാര്‍ത്ഥ ക്രിസ്തീയകൂട്ടായ്മ ആകുകയില്ല. കൂട്ടായ്മ ഒരു ആത്മീയ കാര്യമാണ്, സൗഹൃദമാകട്ടെ ഭൗമികവും.

ലോകത്തിലുള്ള ആളുകള്‍ തമ്മിലുള്ളതു സൗഹൃദമാണ്. ലോകത്തിലെ പല ക്ലബ്ബുകളിലും അന്യോന്യം വളരെ അടുത്ത സൗഹൃദവും കരുതലും കാണാം. പക്ഷേ അവര്‍ക്കൊരിക്കലും യഥാര്‍ത്ഥകൂട്ടായ്മ സാധ്യമല്ല. കാരണം ഇതു പരിശുദ്ധാത്മാവിനുമാത്രം ജീവിതങ്ങളില്‍ ചെയ്യാന്‍ കഴിയുന്ന ഒരു ആത്മികപ്രവര്‍ത്തനമാണ്. തന്റെ മക്കളില്‍ ആരെങ്കിലും ‘യേശുവിന്റെ മരണം സ്വന്ത ശരീരത്തില്‍ വഹിക്കാന്‍’ തയ്യാറാകുന്നതു ദൈവം കണ്ടാല്‍ പ്രതിഫലമായി അവിടുന്നു കൂടുതലായി ‘യേശുവിന്റെ ജീവനും’ (2 കൊരി.4:10,11) അവര്‍ക്കു നല്‍കും. രണ്ടു വിശ്വാസികള്‍ക്ക് ഉള്ളിലുള്ള യേശുവിന്റെ ഈ ജീവനാണ് അവര്‍ക്കിടയില്‍ യഥാര്‍ത്ഥ കൂട്ടായ്മ കൊണ്ടുവരുന്നത്. അത്തരം ആളുകളെ ചേര്‍ത്ത് ദൈവം തന്റെ പുതിയ ഉടമ്പടിയുടെ സഭ പണിയും.

ഈ സത്യങ്ങള്‍ കണ്ടു കഴിഞ്ഞപ്പോള്‍ ഞാന്‍ ‘കര്‍ത്താവേ അവിടുത്തെ യഥാര്‍ത്ഥ സഭ പണിയാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ എവിടെ’ എന്നു ദൈവത്തോടു ചോദിക്കുന്നതു നിര്‍ത്തി. ഒന്നാമതു ഞാന്‍ നിലത്തുവീണു ചാകുവാന്‍ തയ്യാറായാല്‍ ദൈവം തന്നെ ഇങ്ങനെയുള്ളവരെ കണ്ടെത്തി ഞങ്ങളെ കൂട്ടിയോജിപ്പിക്കുമെന്ന് എനിക്കു മനസ്സിലായി. ഞാന്‍ ഇത്തരം ഒരു മരണത്തെ നിഷേധിച്ചാല്‍ ദൈവം അവരെ എന്റെ അടുക്കല്‍ കൊണ്ടുവരികയില്ല.

നമ്മുടെ ചുറ്റും ഉളളവരുടെ ഇടയില്‍ പൂര്‍ണ മനസ്‌കരമായ വിശ്വാസികളെ കണ്ടെത്താന്‍ ശ്രമിക്കുന്നത് ‘വൈക്കോലിനിടയില്‍ നിന്നു സൂചികള്‍’തപ്പിയെടുക്കാന്‍ ശ്രമിക്കുന്നതുപോലെ ദുഷ്‌കരമാണ്. വൈക്കോല്‍ കൂനകള്‍ക്കിടയിലുള്ള ചെറിയ സൂചികള്‍ കണ്ടെത്താന്‍ വര്‍ഷങ്ങളെടുത്തേക്കും. പല നാളത്തെ ശ്രമത്തിനുശേഷം ഒരു സൂചിയെങ്കിലും കിട്ടിയാലായി. എന്നാല്‍ കര്‍ത്താവുപറയുന്നതിങ്ങനെയാണ്: ‘ആ സൂചികള്‍ തപ്പി നീ സമയം പാഴാക്കേണ്ട. അവ എവിടെയെല്ലാമാണു കിടക്കുന്നതെന്ന് എനിക്കറിയാം. നീ നിലത്തു വീണു സ്വയത്തിനു മരിച്ചാല്‍ മാത്രം മതി. ” അങ്ങനെ ചെയ്യുമ്പോള്‍ നിന്നിലുള്ള യേശുവിന്റെ ജീവന്‍ ശക്തമായ ഒരു കാന്തം പോലെ പ്രവര്‍ത്തിക്കും. അത് ആ സൂചികളെ (പൂര്‍ണ മനസ്‌കരായ ശിഷ്യന്മാരെ) ആകര്‍ഷിച്ചു പുറത്തുകൊണ്ടുവരും (യോഹന്നാന്‍ 1:4; 12:32).

ദൈവഭക്തിയുള്ള ജീവിതത്തിനായും പുതിയ ഉടമ്പടി സഭയ്ക്കായും അന്വേഷിക്കുന്ന മറ്റു വിശ്വാസികള്‍ നിന്നിലേക്കും നീ പ്രഘോഷിക്കുന്ന ക്രൂശിന്റെ വചനത്തിലേക്കും ആകര്‍ഷിക്കപ്പെടും, അതാണ് ദൈവത്തിന്റെ പ്രവര്‍ത്തനവിധം. അവിടുന്നു തന്നെ പൂര്‍ണ മനസ്‌കരായ ആളുകളെ നമ്മുടെ അടുത്തേക്കു നടത്തും. ‘പിതാവ് എനിക്കു തന്നിട്ടുള്ളവരെല്ലാം എന്റെ അടുക്കല്‍ വരു’മെന്ന് യോഹന്നാന്‍ 6:37 ല്‍ യേശു പറഞ്ഞു. പിതാവ് നമുക്കുവേണ്ടിയും ഇതു ചെയ്യും. ഇങ്ങനെയാണ് നമ്മള്‍ പുതിയ ഉടമ്പടി സഭ പണിയുന്നത്.

വ്യക്തിപരമായ ത്യാഗം എന്ന അടിസ്ഥാനത്തിന്മേല്‍

യിരെമ്യാവ് 3:14 ല്‍ ദൈവം പറയുന്നു. ‘ഞാന്‍ നിങ്ങളെ പട്ടണത്തില്‍ ഒരുത്തനേയും വംശത്തില്‍ രണ്ടുപേരെയും വീതം എടുത്തു സീയോനിലേക്കു കൊണ്ടുവരും. ഞാന്‍ നിങ്ങള്‍ക്ക് എന്റെ മനസ്സിനൊത്ത ഇടയന്മാരെ നല്‍കും’. എത്ര മനോഹരമായ വാഗ്ദാനം! ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഇടയന്മാരെ കണ്ടെത്തിയപ്പോഴാണു നിങ്ങള്‍ യഥാര്‍ത്ഥ സഭയില്‍ വന്നതെന്നു നിങ്ങള്‍ക്കറിയാം. അതുകൊണ്ട് അവരെ ബഹുമാനിക്കാന്‍ പഠിക്കുക. അവര്‍ നിങ്ങളെ തിരുത്തുമ്പോള്‍ ഇടറിപ്പോകാതിരിക്കുക. കാരണം അവര്‍ നിങ്ങളെ ദൈവഭക്തിയിലേക്കു നയിക്കുവാനാണു ശ്രമിക്കുന്നത്.

‘ക്രിസ്തു സഭയെ സ്‌നേഹിച്ച് തന്നെത്താന്‍ അവള്‍ക്കുവേണ്ടി എല്‍പ്പിച്ചുകൊടുത്തു’വെന്ന് എഫേസ്യര്‍ 5:25-27 ല്‍ കാണുന്നു. വ്യക്തിപരമായ ത്യാഗമില്ലാതെ സഭ പണിയുവാന്‍ സാധ്യമല്ല. യേശു സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയില്‍ വന്നതുതന്നെ വലിയ ത്യാഗമാണ്. അവിടുന്നു സൗകര്യങ്ങളും സുഖങ്ങളും ത്യജിച്ചു ദാരിദ്ര്യത്തില്‍ ജീവിച്ചു. പക്ഷേ എല്ലാറ്റിനേക്കാളും ഉപരിയായി അവിടുന്നു തന്നെത്താന്‍ നല്‍കി.

വില നല്‍കാതെ പുതിയ ഉടമ്പടി സഭ പണിയാമെന്നു സങ്കല്‍പ്പിക്കേണ്ട. സഭ പണിയാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ പണവും വ്യക്തിപരമായ സൗകര്യങ്ങളും ത്യജിപ്പാന്‍ മനസ്സില്ല – എങ്കില്‍ നിങ്ങള്‍ ഒരു കൂടിവരവോ ക്ലബ്ബോ മാത്രമേ പണിയുകയുളളൂ. യാഗമില്ലാതെ യഥാര്‍ത്ഥ സഭ പണിയാന്‍ സാധ്യമല്ല. അതു പണിയാന്‍ ക്രിസ്തു തന്നെത്താന്‍ ഏല്‍പ്പിച്ചുകൊടുത്തു. നമുക്കും ഈ പണിക്കായി നമ്മുടെ സ്വയത്തെ തന്നെത്താന്‍ ഏല്‍പ്പിച്ചുകൊടുത്തുകൊണ്ടു തന്നോടു ചേര്‍ന്നുനില്‍ക്കാം.

ദൈവത്തിനു ഏറ്റവും ചെറിയ, നിസ്സാരനായ ആളിനെപ്പോലും തന്റെ സഭയുടെ പണിക്കായി ഉപയോഗിക്കാന്‍ കഴിയും – എന്നാല്‍ ആ വ്യക്തി ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടാനും ക്രൂശിന്റെ വഴിയില്‍ നടക്കാനും തന്നെത്താന്‍ എല്‍പ്പിച്ചുകൊടുക്കണം.

നിങ്ങളുടെ കണ്ണില്‍ തന്നെ നിങ്ങള്‍ ചെറുതാണെങ്കില്‍ ഇന്നു ദൈവം നിങ്ങളോടു പറയുന്നത് ഇങ്ങനെ: ‘നീ ഒരു ചെറിയ, അപ്രധാനമായ കോതമ്പുമണിയാണ്. പോകുക, നിലത്തുവീണു ചാകുക.’ അപ്പോള്‍ ദൈവം നിങ്ങളിലൂടെ ചെയ്യുന്ന അത്ഭുതം നിങ്ങള്‍ കാണും. വരും ദിവസങ്ങളില്‍ നിങ്ങളിലൂടെയും നിങ്ങള്‍ക്കുവേണ്ടിയും ദൈവം എന്താണു ചെയ്യാന്‍ തയ്യാറാകുന്നതെന്ന് ഇന്നു നിങ്ങളുടെ കണ്ണുകള്‍ക്കു കാണുവാനോ മനസ്സിനു സങ്കല്‍പ്പിക്കുവാനോ കഴിയുകയില്ല (1 കൊരി.2:9). എന്നാല്‍ ഈ പുസ്തകത്തിലൂടെ അവിടുന്നു നിങ്ങള്‍ക്കു നല്‍കുന്ന വിളി കേള്‍ക്കാന്‍ കഴിയത്തക്കവണ്ണം തന്നെ സ്‌നേഹിക്കാന്‍ തയ്യാറാവുക.

അധ്യായം ഏഴ് : സഭയെ പണിയുന്നു-ഒരു ദാതാവെന്ന നിലയില്‍

‘മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്‍ക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും ….”
(മത്തായി 20:28)

യേശു ഭൂമിയിലായിരുന്നപ്പോള്‍ അവിടുത്തെ ‘സഭ’ വളരെ ചെറുതായിരുന്നു. അതിലുണ്ടായിരുന്നതു 12 പുരുഷന്മാര്‍. അതില്‍ തന്നെ ഒരുവന്‍ ഒറ്റുകാരനായി. പക്ഷേ ബാക്കിയുളള 11 പേരും യഥാര്‍ത്ഥ ശിഷ്യന്മാരായിരുന്നു. യേശുവിനെ അനുഗമിക്കാനായി സകലവും ത്യജിച്ചവര്‍. അതിന്റെ ഫലമായി പരിശുദ്ധാത്മാവില്‍ നിറഞ്ഞ് അവര്‍ ലോകത്തെ കീഴ്‌മേല്‍ മറിച്ചു.

അതിനും മുമ്പ് അവര്‍ അന്യോന്യം വാദിക്കുന്നവരും തര്‍ക്കിക്കുന്നവരും ആയിരുന്നു. ഒരു സമയത്ത് , താന്‍ ക്രൂശിക്കപ്പെടാന്‍ പോകുന്നുവെന്ന് യേശു പറഞ്ഞപ്പോള്‍ ലൗകിക മനസ്സുള്ള ആളുകള്‍ പെരുമാറുന്നതുപോലെയാണ് അവര്‍ പെരുമാറിയത്. ഒരു നേതാവ് സ്ഥാനത്തു നിന്നുമാറുന്നു എന്നു കേള്‍ക്കുമ്പോള്‍ ഇനി ആരാണു നേതൃത്വം ഏറ്റെടുക്കുന്നത് എന്നതിനെച്ചൊല്ലി ലൗകികരെപ്പോലെയാണ് അവര്‍ തര്‍ക്കിച്ചത് (മര്‍ക്കോ. 9:31-34). അല്‍പ സമയത്തിനുശേഷം,താന്‍ ക്രൂശിക്കപ്പെടാനും മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കപ്പെടാനും പോകുകയാണെന്നും അവിടുന്നു പറഞ്ഞു (മത്തായി 20:18-21). അപ്പോഴും യാക്കോബും യോഹന്നാനും തുടങ്ങിയുള്ള ശിഷ്യന്മാര്‍, വലിയ സ്ഥാനം ലഭിക്കാനുള്ള അവരുടെ ആഗ്രഹം വ്യക്തമാക്കി. യേശു മഹത്വപ്പെടുന്നതു തങ്ങള്‍ക്കും എല്ലാവരുടേയും മുന്‍പില്‍ ഉയര്‍ത്തപ്പെടാനുള്ള ഒരവസരമായാണ് അവര്‍ കണ്ടത്. യേശു അതിനുള്ള മറുപടിയായി അവരോടു പറഞ്ഞു: താന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്‍ക്കുവേണ്ടി ജീവനെ മറുവിലയായി കൊടുപ്പാനുമാണു വന്നത് ‘(28-ാം വാക്യം).

ലോകത്തു രണ്ടു തരം ആളുകളുണ്ടെന്ന് യേശു നമ്മെ കാണിക്കുകയായിരുന്നു. സ്വയം ‘ക്രിസ്ത്യാനികളെ’ന്ന് വിളിക്കുന്നവര്‍ക്കിടയിലും ഈ രണ്ടു വിഭാഗങ്ങളുണ്ട്- ‘നല്‍കുന്നവരും’ ‘എടുക്കുന്നവരും’. ഈ ലോകത്തിന്റെ ആത്മാവുളള ക്രിസ്ത്യാനികള്‍ (കൂടിവരവ് ക്രിസ്ത്യാനികളും ക്ലബ്ബ് ക്രിസ്ത്യാനികളും) എടുക്കുന്നവരാണ്. ക്രിസ്തീയതയില്‍ നിന്നു തങ്ങള്‍ക്ക് എന്തു കിട്ടുമെന്നാണ് എപ്പോഴും അവരുടെ നോട്ടം. എന്നാല്‍ മറുവശത്തു യഥാര്‍ത്ഥ ക്രിസ്ത്യാനികള്‍ നല്‍കുന്നവരാണ്. അവര്‍ എപ്പോഴും നോക്കുന്നതു തങ്ങള്‍ക്ക് എന്തു നല്‍കാന്‍ കഴിയുമെന്നാണ്- ഒന്നാമതു ദൈവത്തിന്, തുടര്‍ന്നു മറ്റുള്ളവര്‍ക്ക്. ദാതാക്കള്‍ക്കാണ് ഏറ്റവും കൂടുതല്‍ അനുഗ്രഹം കിട്ടുന്നതെന്ന് യേശു പറഞ്ഞു (പ്രവൃ.20:35).

ഈ ലോകത്ത് നിങ്ങള്‍ എത്ര ഉയരുന്നുവോ, അത്രത്തോളം മറ്റുള്ളവരാല്‍ ശുശ്രൂഷിക്കപ്പെടുമെന്നു നിങ്ങള്‍ക്കു പ്രതീക്ഷിക്കാം. ഈ ലോക ഗവണ്‍മെന്റിന്റെ ഭരണാധികാരികള്‍ക്ക് എപ്പോഴും തങ്ങളെ സേവിക്കാന്‍ ആളുകളുണ്ട്. അതേ സമയം ദൈവരാജ്യത്തില്‍ പുരോഗമിക്കുന്തോറും നിങ്ങള്‍ മറ്റുള്ളവരെ അധികമധികം സേവിക്കും. യേശു ഇതു പഠിപ്പിക്കുക മാത്രമല്ല തന്റെ ജീവിതത്തില്‍ ഉടനീളം ഇങ്ങനെ ജീവിക്കുകയും ചെയ്തു.

സഭയില്‍ മറ്റുള്ളവര്‍ തങ്ങളുടെ ആവശ്യം സാധിച്ചു തരുമെന്ന് ‘എടുക്കുന്നവര്‍’ എപ്പോഴും പ്രതീക്ഷിക്കുന്നു. അവരുടെ പ്രതീക്ഷ ഫലിച്ചില്ലെങ്കില്‍ ക്രമേണ ഒന്നല്ലെങ്കില്‍ മറ്റൊന്നു പറഞ്ഞ് ഇടറുകയും സഭ വിട്ടുപോകുകയും ചെയ്യും. മറുവശത്ത് ‘നല്‍കുന്നവര്‍’ ഒരു കുറവോ, ആവശ്യമോ കാണുമ്പോള്‍ സഭയാം കുടുംബത്തിലെ അംഗങ്ങളെന്നെ നിലയില്‍ ഉത്തരവാദിത്തം എടുക്കുകയും ഈ ആവശ്യം പരിഹരിക്കാനായി ദൈവകൃപയാല്‍ സഹിഷ്ണുതയോടെ വിശ്വസ്തമായി പ്രവര്‍ത്തിക്കുകയും ചെയ്യും.

ഉദാഹരണത്തിന് നിങ്ങളുടെ പ്രാദേശിക സഭയില്‍ നിങ്ങള്‍ക്കും മറ്റൊരാള്‍ക്കും ഇടയില്‍ സ്‌നേഹത്തിനു കുറവു വരികയും നിങ്ങള്‍ക്കു സ്‌നേഹത്തിന്റെ കപ്പ് ഒഴിഞ്ഞതായി തോന്നുകയും ചെയ്യുന്നുവെന്നിരിക്കട്ടെ. നിങ്ങള്‍ക്ക് ഈ പ്രശ്‌നത്തെ മറ്റേ ആളിന്റെ കുറ്റമായി കാണാം. നിങ്ങളുടെ കപ്പ് നിറയത്തക്കവണ്ണം നിങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ അദ്ദേഹം വേണ്ടത്ര സ്‌നേഹം പകരുന്നില്ല എന്നു കരുതാം. എന്നാല്‍ ഇത് ‘കൊടുക്കുന്നവരുടെയല്ല’ മറിച്ച് ‘എടുക്കുന്നവരുടെ’ മനോഭാവമാണ്. ഇതിനുപകരം നിങ്ങള്‍ക്ക് ‘കൊടുക്കുന്നവരുടെ മനോഭാവ’മാണുള്ളതെങ്കില്‍ നിങ്ങള്‍ ഈ കുറവു ദൈവമുമ്പാകെ കൊണ്ടുവരികയും നിങ്ങളുടെ സ്‌നേഹത്തിന്റെ കപ്പ് നിറയ്ക്കണേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യും. പ്രാര്‍ത്ഥന കേട്ടു ദൈവം കവിഞ്ഞൊഴുകുമാറ് കപ്പു നിറയ്ക്കും. നിങ്ങളുടെ ജീവിതത്തില്‍ നിന്നു കവിഞ്ഞൊഴുകുന്ന സ്‌നേഹം ചുറ്റുപാടും വ്യാപിക്കും.

ദൈവം തന്റെ കൃപ ധാരാളമായി നമ്മുടെ മേല്‍ പകരാന്‍ ആഗ്രഹിക്കുന്നതായി 2 കൊരിന്ത്യര്‍ 9:6-8 ല്‍ നാം വായിക്കുന്നു. ഈ വാക്യം വായിക്കുമ്പോള്‍ നമുക്കായി തന്നെ ഈ കൃപ കൂടുതല്‍ കൂടുതല്‍ സംഭരിക്കാമെന്ന് സ്വാര്‍ത്ഥതയോടെ ചിന്തിച്ചുപോകാന്‍ എളുപ്പമാണ്. എന്നാല്‍ ഈ ഭാഗം ശ്രദ്ധയോടെ വായിച്ചാല്‍ നിങ്ങള്‍ ഒരു കാര്യം കണ്ടെത്തും: ദൈവം നമുക്കു കവിഞ്ഞൊഴുകുന്ന കൃപ നല്‍കുന്നതു നാം ദാതാക്കളായി മറ്റുളളവര്‍ക്കു നന്മ ചെയ്യാനാണ് (എട്ടാം വാക്യത്തിന്റെ അവസാനഭാഗം കാണുക).

ഇതെഴുതിയ പൗലൊസ് എഫേസോസിലെ സഭയില്‍ മൂന്നു വര്‍ഷം അധ്വാനിച്ചു. ഒടുവില്‍ അവിടെ നിന്നു വിടപറയുമ്പോള്‍ (പ്രവൃത്തി20:25-35) അദ്ദേഹം മൂപ്പന്മാരെ ഓര്‍പ്പിക്കുന്നത് താന്‍ ആ മൂന്നു വര്‍ഷവും രാവും പകലും ഒരു ദാതാവായിരുന്നു എന്ന കാര്യമാണ്. അതുകൊണ്ടാണ് സഭ തന്നെ സാമ്പത്തികമായി സഹായിക്കാന്‍ തയ്യാറായിരുന്നിട്ടും അദ്ദേഹം അതു നിഷേധിച്ചത്. അദ്ദേഹം അധ്വാനിച്ചു തന്റെ ആവശ്യങ്ങള്‍ നിറവേറ്റിയെന്നുമാത്രമല്ല മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കും ഔദാര്യമായി നല്‍കി. ഒരു ദാതാവായിരിക്കാനുള്ള പരമാവധി മനസ്സൊരുക്കം പൗലൊസിനുണ്ടായിരുന്നു! അതുകൊണ്ടാണു സഭയുടെ പണിയില്‍ ദൈവത്തിന് അദ്ദേഹത്തേയും പരമാവധി ഉപയോഗിക്കാന്‍ കഴിഞ്ഞത്.

നല്‍കുന്നവരായി മാറാന്‍ പലര്‍ക്കും കഴിയാത്തതിന്റെ കാരണം അതില്‍ ത്യാഗം അടങ്ങിയിരിക്കുന്നു എന്നതാണ്. മത്തായി 20:22-23 ല്‍ യേശു വിവരിക്കുന്നതുപോലെ അതു ‘കഷ്ടതയുടെ പാനപാത്ര’മാണ്. പക്ഷേ ത്യാഗത്തിലൂടെ മാത്രമേ സഭ പണിയാന്‍ കഴിയുകയുള്ളു. അതുകൊണ്ട് സഭയുടെ ആവശ്യങ്ങള്‍ കാണുമ്പോള്‍ നമുക്കു വലിയ ദാഹത്തോടെ ദൈവത്തിന്റെ അടുത്തേക്കു ചെല്ലാം. നമ്മുടെ ഉള്ളില്‍ ആഴത്തില്‍ അവിടുത്തെ ശക്തി പകരണമേയെന്നു പ്രാര്‍ത്ഥിക്കാം. അപ്പോള്‍ ഉള്ളില്‍ നിന്നു തന്നെ ജീവജലത്തിന്റെ നദികള്‍ ഒഴുകും (യോഹന്നാന്‍ 7:37,38). അതു നമ്മുടെ ചുറ്റുപാടുമുള്ളവരുടെ വരണ്ട നിലങ്ങളെ നനയ്ക്കും, സഭയെ പണിയും.

അധ്യായം എട്ട് : സഭയെ പൊളിച്ചു കളയുന്നു- കുറ്റപ്പെടുത്തുന്നവന്‍ എന്ന നിലയില്‍

ഭോഷത്വമുള്ള (സ്ത്രീ) അത് (അവളുടെ വീട്) സ്വന്തകൈകളാല്‍ പൊളിച്ചു കളയുന്നു (സദൃശവാക്യം 14:1).

ഒരു വീടു തകര്‍ക്കുന്നതു രണ്ടു വിധത്തിലാകാമെന്നു ബൈബിള്‍ പറയുന്നു. അടിസ്ഥാനം ഉറപ്പുള്ളതല്ലാതിരുന്നതിനാല്‍ കൊടുങ്കാറ്റടിച്ചപ്പോള്‍ തകര്‍ന്നുവീണ ബുദ്ധിയില്ലാത്ത മനുഷ്യന്റെ വീടാണ് ഒന്ന് (മത്തായി 7:26,27). മറ്റേത് വീടിനുള്ളില്‍ താമസിക്കുന്ന ബുദ്ധിയില്ലാത്ത വ്യക്തി സ്വന്തം കൈകൊണ്ട് ഇഷ്ടിക ഒന്നൊന്നായി പൊളിച്ചതിനാല്‍ ഒടുവില്‍ തകര്‍ന്നു വീണ വീടും (സദൃശവാക്യം 14:1 മെസേജ് ബൈബിള്‍).

ചരിത്രത്തിലും ഇന്നു ലോകത്തിലുമുള്ള സഭകളെ നിരീക്ഷിച്ചപ്പോള്‍ എനിക്ക് ഒരു കാര്യം വ്യക്തമായി-പുറത്തുനിന്നുള്ള ആക്രമണത്തെക്കാള്‍ സഭാജനങ്ങള്‍ ഉള്ളില്‍ നിന്നുപൊളിച്ചു കളഞ്ഞതാണു പലസഭകളുടെയും തകര്‍ച്ചയ്ക്കു കാരണം. വാസ്തവത്തില്‍ സാത്താന്‍ പുറത്തുനിന്നുള്ള ശക്തികളിലൂടെ സഭയെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അതു ഫലത്തില്‍ സഭയെ നിര്‍മലതയില്‍ സൂക്ഷിക്കാനാണു സഹായകമായത്. അതുകൊണ്ടു ക്രിസ്ത്യാനികള്‍ സഭയ്ക്കുള്ളില്‍ നിന്ന് അതിനെ പൊളിക്കാന്‍ പ്രോത്സാഹിപ്പിച്ച് സാത്താന്‍ തൃപ്തനായി. കൂടിവരവുകളില്‍ നിന്നും ക്ലബ്ബുകളില്‍ നിന്നും ദൈവം ആളുകളെ വിളിച്ച് വിശ്വാസികളുടെ പ്രാദേശിക സഭയ്ക്കു രൂപം നല്‍കിയ ഇടത്തുപോലും സാത്താന് അകത്തുനിന്ന് അതിനെ നശിപ്പിക്കാന്‍ കഴിഞ്ഞു. സഭാജനങ്ങള്‍ അവനുവേണ്ടി ആ പ്രവൃത്തി ചെയ്യാന്‍ തയ്യാറായിടത്താണ് സാത്താന് ഉള്ളില്‍ നിന്ന് ആ നശീകരണ പ്രവൃത്തി നടപ്പാക്കാന്‍ കഴിഞ്ഞത്.

ആത്മീയ സഭകളില്‍പ്പോലും ഇതു ചെയ്യുന്നതില്‍ വിജയിക്കാന്‍ സാത്താനു കഴിയുമോ? തീര്‍ച്ചയായും. സ്വര്‍ഗ്ഗത്തിനുള്ളില്‍പോലും, എന്തിന് ദൈവത്തിന്റെ സാന്നിദ്ധ്യത്തില്‍പോലും ഇത് അവന്‍ ചെയ്തതാണ്. ദൂതന്മാരില്‍ മൂന്നിലൊന്നിനെ മത്സരത്തില്‍ തന്നോടൊപ്പം നില്‍ക്കാനായി വശീകരിക്കുവാന്‍ അവനു സാധിച്ചു (വെളിപ്പാട് 12:14). അവരെ ദുഷ്ടാത്മാക്കളായി മാറ്റുവാനും അവനു കഴിഞ്ഞു. ഒന്നാം നൂറ്റാണ്ടിലെ സഭയിലും കൊടിയ ചെന്നായ്ക്കളുടെ രൂപത്തില്‍ ഉള്ളില്‍ കടന്നു ശിഷ്യന്മാരെ തന്റെ പിന്നാലെ വലിച്ചു കളയുവാന്‍ പലപ്രാവശ്യം അവനു കഴിഞ്ഞു (പ്രവൃ.20:30). ചെമ്പു പണിക്കാരനായ അലെക്‌സന്തര്‍ (2 തിമൊ 4:14,15), ദിയോത്രെഫേസ് (3 യോഹ 9-10) തുടങ്ങിയവരെ അവന്‍ ഉപയോഗിച്ചു.

ഇത് ഒഴിവാക്കാന്‍ സഭകളെ പൊളിച്ചുകളയുന്ന സംഘര്‍ഷങ്ങളുടെ ഉത്ഭവം എവിടെ നിന്നാണെന്നു നാം തിരിച്ചറിയണം. യാക്കോബ് 3:13-4:1 ല്‍ ഇതു വ്യക്തമായി വിശദീകരിക്കുന്നു. സ്വയം പ്രീണിപ്പിക്കുന്ന മനോഭാവമാണ് ഇവയുടെ ഉറവിടം (4:1 ഇംഗ്ലീഷ്). ഇത് കയ്പ്പുളള അസൂയയും സ്വാര്‍ത്ഥ ആഗ്രഹങ്ങളുമായി പിന്നീട് വെളിപ്പെടും (3:14 ഇംഗ്ലീഷ്). തുടര്‍ന്ന് അതു സഭയില്‍ മുഴുവന്‍ വ്യാപിച്ച് കലക്കവും സകല ദുഷ്പ്രവൃത്തിയുമാകും (3:16). അതുകൊണ്ടാണ് വല്ല കയ്പ്പുള്ള വേരും (ഹൃദയത്തിലും ചിന്തയിലും) മുളച്ചുവരുമ്പോള്‍ തന്നെ അതിനെ കൈകാര്യം ചെയ്യണമെന്ന് എബ്രായര്‍ 12:15 ല്‍ നമുക്കു മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. കാരണം അതു മുളച്ചുപൊന്തിയാല്‍ അനേകര്‍ അതിനാല്‍ മലിനപ്പെടും.

നമുക്കു രണ്ടു സാധ്യതകളേയുള്ളുവെന്ന് (സദൃശ്യവാക്യം 14:1 അനുസരിച്ച്) മനസ്സിലാക്കിയിരിക്കേണ്ടതു പ്രധാനപ്പെട്ട കാര്യമാണ്- ഒന്നുകില്‍ നാം സജീവമായി സഭ പണിയാന്‍ തുടങ്ങും; അല്ലെങ്കില്‍ നാം അതിനെ പൊളിച്ചുകളയും. സജിവമായി സഭ പണിയാന്‍ കഴിയുന്നതു സ്‌നേഹത്തിലൂടെയാണ് (1കൊരി.8:1). ഇതിന്റെ അര്‍ത്ഥം സഭയില്‍ നാം അന്യോന്യം സ്‌നേഹിക്കുന്നുവെന്നു വെറുതെ പറയുക എന്നതല്ല വാസ്തവത്തില്‍ അങ്ങനെ ജീവിക്കുന്നതാണ് (1 യോഹ 3:18). നിര്‍വ്യാജമായി സ്‌നേഹിക്കുന്നതാണത് (റോമര്‍ 12:9). നമ്മുടെ സ്‌നേഹത്തിന്റെ ഗുണമേന്മ പരിശോധിക്കപ്പെടുന്നത് അഭിപ്രായ വ്യത്യാസങ്ങളോ അസ്വാരസ്യങ്ങളോ ഉണ്ടാകുമ്പോഴാണ്. അവിടെ നമ്മള്‍ യേശുവിനെപ്പോലെ സ്വജീവനെ നല്‍കിയാല്‍ നാം തെളിയിക്കുന്നതു നമുക്കു യഥാര്‍ത്ഥ സ്‌നേഹം ഉണ്ടെന്നാണ് (എഫേസ്യ5:25). യേശു നമുക്കുവേണ്ടി ചെയ്തതുപോലെ സഭയില്‍ മറ്റുള്ളവര്‍ക്കുവേണ്ടി പക്ഷവാദം ചെയ്യുന്നതും ഇതില്‍പെടുന്നു (എബ്രായര്‍ 7:25).

വെളിപ്പാട് 12:10 ല്‍ സാത്താനെ, ‘സഹോദരന്മാരെ കുറ്റം ചുമത്തുന്ന അപവാദി’ എന്നു വിളിച്ചിരിക്കുന്നു. അവനുമായി ചേര്‍ന്നു സഭാംഗങ്ങള്‍ മറ്റുവിശ്വാസികളെ കുറ്റപ്പെടുത്തുമ്പോഴാണു സഭയെ പൊളിച്ചുകളയുന്നത് ആരംഭിക്കുന്നത്. ഇതിന്റെ ഒരുചിത്രം നാം സെഖര്യാവിന്റെ ജീവിതത്തില്‍ കാണുന്നു. ബാബിലോണില്‍ നിന്നും മടങ്ങിവന്ന ദൈവജനത്തെ യെരുശലേമിലെ ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണത്തിനു പ്രേരിപ്പിക്കുവാന്‍ വിളിയുള്ള ചെറുപ്പക്കാരനായ ഒരു പ്രവാചകനായിരുന്നു സെഖര്യാവ്. സെഖര്യാവ് 3:1-5 ല്‍ നാം കാണുന്നത് മഹാപുരോഹിതനായ യോശുവ മുഷിഞ്ഞ വസ്ത്രം ധരിച്ചു നില്‍ക്കുന്നതും സാത്താന്‍ സമീപത്തുനിന്ന് അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതുമാണ്. എന്നാല്‍ യോശുവായുടെ മുഷിഞ്ഞ വസ്ത്രങ്ങള്‍ മാറ്റുന്നതിന് മുമ്പു തന്നെ കര്‍ത്താവ് ഒന്നാമതു ചെയ്യുന്നതു സാത്താനെ ഭര്‍ത്സിക്കുന്നതാണ്. തുടര്‍ന്നാണു കര്‍ത്താവ് യോശുവായുടെ മുഷിഞ്ഞ വസ്ത്രം മാറ്റി അവനെ മനോഹരമായ പുതിയ അങ്കി ധരിപ്പിക്കുന്നത്. പക്ഷേ ഈ രംഗത്തു സെഖര്യാവിനെ കൊണ്ടുവന്നതെന്തിനാണ്? അത് ഒരു പരിശോധനയായിരുന്നു. അവന്‍ ഏതു ഭാഗത്തു നില്‍ക്കും? കുറ്റം ചുമത്തുന്ന അപവാദിയുടെയോ, പക്ഷവാദം ചെയ്യുന്ന കര്‍ത്താവിന്റെയോ? ദൈവഭവനം പണിയുന്ന ഒരാള്‍ എങ്ങനെയായിരിക്കണമെന്നു സെഖര്യാവ് ഇവിടെ നമുക്കു കാണിച്ചു തരുന്നു. യോശുവ മനോഹരമായ പുതിയ ഉത്സവ വസ്ത്രം ധരിച്ച് തേജസ്സോടെ നില്‍ക്കുമ്പോള്‍ ‘അവന്റെ തലയില്‍ വെടിപ്പുള്ളോരു മുടി കൂടി വച്ച് അവനെ കൂടുതല്‍ തേജസ്സുള്ളവനാക്കിയാലും’ എന്നാണു സെഖര്യാവിന്റെ അഭ്യര്‍ത്ഥന.

ദൈവത്തിന്റെ വാസസ്ഥലമായി സഭയെ പണിയാന്‍ നാം ആഗ്രഹിക്കുമ്പോള്‍ ഇന്ന് ഇതേ പരീക്ഷ തന്നെ നമ്മുടെ നേരെയും വരും. ഒരു വശത്തു സാത്താന്‍ നമ്മെ തന്റെ ‘പൊളിച്ചടുക്കല്‍ ശുശ്രൂഷ’യില്‍ പങ്കുചേരുവാന്‍ ക്ഷണിക്കും. മറ്റുള്ളവരെക്കുറിച്ച് കുറ്റപ്പെടുത്തലിന്റെ ചിന്തകള്‍ താലോലിച്ച് അവിടെ കയ്പ്പുള്ള വേരുമുളപ്പിച്ച് തുടര്‍ന്നു പരദൂഷണത്തിലൂടെ അതു സഭയിലെ മറ്റുള്ളവരുടെ ഇടയില്‍ പരത്തി ആത്യന്തികമായി സഭയെ പിളര്‍ത്തുന്നതാണ് അവന്റെ പരിപാടി. എന്നാല്‍ മറുവശത്തു യേശു തന്റെ ‘പണിതുയര്‍ത്തുന്ന ശുശ്രൂഷ‘ യില്‍ ഭാഗഭാക്കാകാന്‍ നമ്മെ ക്ഷണിക്കുന്നു-അവിടുന്നു നിരന്തരം ചെയ്യുന്നതുപോലെ (എബ്രായ: 7:25) മറ്റുള്ളവര്‍ക്കുവേണ്ടി പക്ഷവാദം ചെയ്യുക, അവരെ കൂടുതല്‍ തേജസ്സുള്ളവരാക്കുക. പാപം ഉള്ളിടത്തുപോലും ‘നമ്മുടെ സഹോദരനെ നേടുക’എന്നതായിരിക്കണം എപ്പോഴും നമ്മുടെ ലക്ഷ്യം (മത്തായി 18:15).

ഇത് യഥാര്‍ത്ഥത്തില്‍ ജീവിച്ചു കാട്ടുന്ന സഭയില്‍ യേശു അതിന്റെ മധ്യത്തിലുണ്ടായിരിക്കും. ഇത്തരം ഒരു സഭയ്ക്ക് അന്ധകാരത്തിന്റെ ശക്തികളുടെമേല്‍ പൂര്‍ണ അധികാരവും ഉണ്ടായിരിക്കും (മത്താ.18:18 -20).

അധ്യായം ഒന്‍പത് : സഭയോടുള്ള കരുതല്‍ – ഇടയനെന്ന നിലയില്‍

അവന്‍ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ട് അവരെക്കുറിച്ച് മനസ്സലിഞ്ഞു (മത്തായി 9:36)

ലോകത്തു കൊയ്ത്തു ധാരാളമെങ്കിലും വേലക്കാര്‍ ചുരുക്കമാണെന്നു യേശു പറഞ്ഞു (മത്തായി 9:37,38). കൊയ്ത്തിനു വേലക്കാരെ അയയ്‌ക്കേണ്ടതിനു പ്രാര്‍ത്ഥിക്കണമെന്നും അവിടുന്നു തുടര്‍ന്നു പറഞ്ഞു. ആളുകളെ വൈകാരികമായി ഇളക്കി അവരെ സുവിശേഷവയലുകളില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിടാന്‍ പലരും ഈ വാക്യം എടുത്ത് ഉപയോഗിക്കാറുണ്ട്. എന്നാല്‍ നാം 9:36 മുതല്‍ 38 വരെയുള്ള വാക്യങ്ങള്‍ ചേര്‍ത്തു വായിച്ചാല്‍ യേശു ‘വേലക്കാര്‍’ എന്ന വാക്കുകൊണ്ട് യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചതെന്താണെന്നു വ്യക്തമാകും.

യേശു അന്നത്തെ പുരുഷാരത്തെ വീക്ഷിച്ചപ്പോള്‍ അവിടെ ഉപദേഷ്ടാക്കള്‍ക്കും പ്രസംഗകര്‍ക്കും ഒരു പഞ്ഞവുമില്ലെന്നു കണ്ടു. (പരീശന്മാരും ശാസ്ത്രിമാരും ധാരാളം ഉണ്ടായിരുന്നല്ലോ) ; യോഗങ്ങള്‍ക്കും കുറവുണ്ടായിരുന്നില്ല (ശബ്ബത്തിലും മറ്റു ദിവസങ്ങളിലും ആളുകള്‍ സിന്നഗോഗുകളില്‍ ഒത്തുകൂടിയിരുന്നു). അത്ഭുതങ്ങള്‍ക്കും പഞ്ഞമുണ്ടായിരുന്നില്ല (അവരുടെ മദ്ധ്യത്തില്‍ അവിടുന്ന് ഒട്ടേറെ അത്ഭുതങ്ങള്‍ ചെയ്തിരുന്നല്ലോ). എന്നാല്‍ അവര്‍ക്ക് അന്നു കുറവുണ്ടായിരുന്നത് ഇടയന്മാര്‍ക്കായിരുന്നു.

ഇന്നും അതങ്ങനെ തന്നെയാണ്. അച്ചടിമാധ്യമം,ഓണ്‍ലൈന്‍, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയിലൂടെയെല്ലാം ബൈബിളുകളും ഉപദേശങ്ങളുടെ വ്യാഖ്യാനങ്ങളും പഠിപ്പിക്കലുകളുമെല്ലാം ധാരാളമായികിട്ടുന്ന ഒരു കാലത്തിലാണു നാം ജീവിക്കുന്നത്. മിക്കവാറും എല്ലാ സഭകളും ആഴ്ചയില്‍ പല ദിവസം മീറ്റിംഗുകള്‍ നടത്തുന്നു. എന്നാല്‍ ദൈവം ഇന്നും നോക്കിക്കൊണ്ടിരിക്കുന്നതു തങ്ങളുടെ സ്വയകേന്ദ്രീകൃതമായ കഠിനഹൃദയത്തെ തകര്‍ത്ത് ആ സ്ഥാനത്ത് ഇടയന്റെ മൃദുലമായ ഹൃദയം പകരം വയ്ക്കാന്‍ ദൈവത്തിന് ഏല്പ്പിച്ചുകൊടുക്കാന്‍ തയ്യാറുള്ള നേതാക്കളെയാണ്.

യിരെമ്യാവ് 3:14,15 ല്‍ തന്റെ സഭയുടെ (സീയോന്റെ) രണ്ടു പ്രധാന സ്വഭാവങ്ങള്‍ ദൈവം വെളിപ്പെടുത്തുന്നു.

  1. പല നഗരങ്ങളിലും കുടുംബങ്ങളിലും നിന്നുള്ള വ്യത്യസ്തരായ ആളുകളായിരിക്കും അവര്‍.
  2. ദൈവം അവര്‍ക്കു തന്റെ ഹൃദയ പ്രകാരമുള്ള ഇടയന്മാരെ നല്‍കും.

    ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഇടയന്‍ എന്നു പറഞ്ഞാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?

ആ ഇടയന് ക്രിസ്തുവിന്റെ കരുണ ഉണ്ടായിരിക്കും. ഇതു കേവലമായ മാനുഷിക സഹതാപത്തിനും അപ്പുറമാണ്. പിശാച് ആളുകളെ ‘ഉപദ്രവിക്കുകയും നിലംപരിചാക്കു’കയും (മത്തായി 9:36 മാര്‍ജിന്‍) ചെയ്യുന്നതു കാണുമ്പോള്‍ ഉടലെടുക്കുന്ന ഒരു ആത്മീയ വികാരമാണ് ഈ കരുണ. അവരുടെ ശാരീരിക, വികാരപരമായ ക്ഷേമത്തിനും അപ്പുറം അവരുടെ ആത്മീയ ക്ഷേമത്തെക്കുറിച്ചുള്ള കരുതല്‍, സ്‌നേഹത്തില്‍ സത്യം സംസാരിക്കുക എന്നിവയെല്ലാം ഈ കരുണയില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.

അത്തരം ഇടയന്‍ അസൗകര്യങ്ങള്‍ സഹിക്കുവാന്‍ തയ്യാറായിരിക്കും. യേശുവിന്റെ ജീവിതം നോക്കുക. പിതാവ് നിര്‍ദ്ദേശിച്ചപ്പോഴൊക്കെയും അവിടുന്നുപുറപ്പെട്ടുപോയി-അതിനു നൂറുകണക്കിനു മൈലുകള്‍ നടക്കേണ്ടിവന്നാലും, വെളിമ്പ്രദേശത്ത് ഉറങ്ങേണ്ടിവന്നാലും, ഒരു നേരം ഭക്ഷണം വെടിയേണ്ടിവന്നാലും അവിടുന്നതു സന്തോഷത്തോടെ ചെയ്തു. അവിടുന്നു മുഖപക്ഷമില്ലാതെ, പ്രശസ്തമായ പള്ളിയിലെ പ്രമാണിയോടും (മത്തായി 9;18,19) രക്തസ്രവക്കാരിയായ സ്ത്രീയോടും (മത്തായി 9:20-22) ഇടപെട്ടു. യേശു ഈ ഭൂമിയില്‍ ജീവിച്ചു മരിച്ചതു ‘സ്വന്തം ക്ഷേമത്തെക്കുറിച്ച് തരിമ്പും ചിന്തയില്ലാതെ’യാണ് (യെശ. 53:8 മെസേജ്). യഥാര്‍ത്ഥ ഇടയന്മാര്‍ അവിടുത്തെ മാതൃക പിന്‍പറ്റി ഈ നിലയില്‍ ജീവിക്കുന്നവരായിരിക്കും.

അത്തരം ഇടയന്‍ സത്യത്തിനുവേണ്ടി ഒത്തുതീര്‍പ്പില്ലാതെ നില്‍ക്കുന്നവനായിരിക്കും. യെഹൂദന്മാരെ ബാബിലോണിലേക്ക് അടിമകളായി പിടിച്ചുകൊണ്ടു പോയ കാലത്ത് ഒരു യുവാവ്, ദാനിയേല്‍,താന്‍ ദൈവത്തിന്റെ നിലവാരം ഒത്തുതീര്‍പ്പില്ലാതെ മുറുകെപ്പിടിക്കുമെന്നു ഹൃദയത്തില്‍ നിശ്ചയിച്ചു (ദാനിയേല്‍: 1:8). ദാനിയേലിന്റെ ആ ധൈര്യം അവന്റെ മൂന്നു കൂട്ടൂകാര്‍ക്കും ദൈവത്തിനുവേണ്ടി ഒത്തുതീര്‍പ്പില്ലാതെ നിലപാടെടുക്കാന്‍ ധൈര്യം നല്‍കി (ദാനിയേല്‍ 1:11). ഇക്കാര്യത്തില്‍ ദാനിയേല്‍ അവര്‍ക്ക് വഴി കാട്ടുന്ന ഇടയനായി എന്നുപറയാം.

അത്തരം ഇടയന്‍ മറ്റുള്ളവരെ സന്തോഷത്തിലേക്കും വിശ്വാസത്തിലേക്കും നയിക്കാന്‍ സഹായിക്കുന്ന പരിശുദ്ധാത്മാവിന്റെ പങ്കാളിയായി പ്രവര്‍ത്തിക്കും. പൗലൊസ് ഇങ്ങനെയാണതു വിശദീകരിക്കുന്നത്: ‘നിങ്ങള്‍ എങ്ങനെയാണു വിശ്വാസം നടപ്പിലാക്കുന്നതെന്നു പരിശോധിക്കുന്നതിന്റെ ചുമതലയല്ല ഞങ്ങള്‍ക്കുളളത്. നിങ്ങളെ സംശയത്തോടും വിമര്‍ശനത്തോടും വിലയിരുത്തി നിങ്ങളുടെ മേല്‍ ഞങ്ങള്‍ കര്‍ത്ത്യത്വം നടത്തുന്നവരുമല്ല. ഞങ്ങള്‍ നിങ്ങളുടെ പങ്കാളികളാണ്. നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നവര്‍, സന്തോഷത്തോടെ പ്രതീക്ഷിക്കുന്നവര്‍. നിങ്ങള്‍ ഞങ്ങളുടെയല്ല, നിങ്ങളുടെ തന്നെ വിശ്വാസത്തിന്മേലാണു നില്‍ക്കുന്നതെന്ന് എനിക്കറിയാം’ (2 കൊരി 1:24 മെസേജ്).

അത്തരം ഇടയന് ആത്മീയ അധികാരം ഉണ്ടായിരിക്കും. ഇതു ദൈവത്തിനു മാത്രമാണു സാക്ഷ്യപ്പെടുത്താന്‍ കഴിയുന്നത്. ഈ ലോകത്തിന്റെ അധികാരി (സാത്താന്‍) വരുമ്പോള്‍ അവനു നമ്മുടെ ജീവിതത്തില്‍ ഒരു കാല്‍ ചവിട്ടാന്‍ പോലും ഇടമില്ലാതിരിക്കുന്നതില്‍ നിന്നാണ് ഈ ആത്മീയ അധികാരം ലഭ്യമാകുന്നത് (യോഹ 14:30).

അത്തരം ഇടയന് ദൈവരാജ്യം സംബന്ധിച്ച സമ്പൂര്‍ണ സുവിശേഷവും പ്രസംഗിക്കണമെന്ന് നിര്‍ബന്ധം ഉണ്ടായിരിക്കും. പല പ്രസംഗകര്‍ക്കും ആളുകള്‍ക്കു കര്‍ണരസമായി, ജനപ്രീതിയുള്ള വിഷയങ്ങള്‍ മാത്രം പ്രസംഗിക്കുവാനാണു താല്‍പ്പര്യം (2 തിമൊ.4:3,4). അത്തരം ആളുകള്‍ ഇടയന്മാരല്ല. മറിച്ച് പൗലൊസാകട്ടെ, ഇക്കാര്യം ഗൗരവമായി എടുക്കുന്നവനായിരുന്നു. ‘ദൈവത്തിന്റെ മുഴുവന്‍ ആലോചനയും’ താന്‍ പ്രസ്താവിക്കുന്നില്ലെങ്കില്‍ കേള്‍വിക്കാരുടെ രക്തം തന്റെ കൈകളില്‍ പുരളുമെന്നായിരുന്നല്ലോ പൗലൊസിന്റെ നിലപാട് (പ്രവൃ 20:26,27).

അത്തരം ഇടയന്‍ ആടുകള്‍ക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നു. തന്റെ മുന്‍ഗണനകള്‍, ആവശ്യങ്ങള്‍, സൗകര്യങ്ങള്‍, പരിപാടികള്‍ എന്നിവ ബലി കഴിക്കേണ്ടി വന്നാലും അവസാനം വരെ അവന്‍ തന്റെ ആളുകളോടൊപ്പം ഭയരഹിതനായി നിലയുറപ്പിക്കും എന്നാണ് ഇതിന്റെ അര്‍ത്ഥം. ഈ ഇടയന്റെ ഹൃദയവും കൂലിക്കാരന്റെ ഹൃദയവുമായുള്ള വ്യത്യാസം യേശു പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക (യോഹ 10:11-13). കൂലിക്കാരന്‍ ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനാകയാല്‍ അസൗകര്യങ്ങളും പ്രശ്‌നങ്ങളും വരുമ്പോള്‍ അവന്‍ ആടുകളെ വിട്ടിട്ട് പൊയ്ക്കളയും. പൗലൊസ് തന്റെ സഹപ്രവര്‍ത്തകരുടെ ജീവിതം പരിശോധിച്ചപ്പോള്‍ അവരെല്ലാം സ്വന്തം താല്പര്യങ്ങളാണ് അന്വേഷിച്ചിരുന്നതെന്നു കണ്ടെത്തി. തിമൊഥെയോസ് മാത്രമായിരുന്നു ഒരു അപവാദം. അവന്‍ ആട്ടിന്‍ കൂട്ടത്തിന്റെ ക്ഷേമത്തില്‍ യഥാര്‍ത്ഥ താത്പര്യമുള്ളവനായിരുന്നതിനാല്‍ ഒരു ഇടയന്റെ ഹൃദയവും ആത്മാവും ഉള്ളവനായിരുന്നു (ഫിലി2:19-21).

നമുക്കുവേണ്ടി ആര്‍ പോകും?

പല വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരിക്കല്‍ കര്‍ത്താവ് എന്നോട് ഞാന്‍ കീഴടങ്ങിയിട്ടുള്ള ഇടയന്മാര്‍ ആരെല്ലാമാണെന്നു ചോദിച്ചതു ഞാന്‍ ഓര്‍ക്കുന്നു-എന്റെ ആത്മാവിനു വേണ്ടി സന്തോഷത്തോടെ ജാഗരിക്കുകയും കണക്കു കൊടുക്കുകയും ചെയ്യുന്ന ഇടയന്മാര്‍ (എബ്രാ. 13:17). യേശുവിന്റെ ജിവിത മാതൃക ഞാന്‍ കണ്ടു. പിതാവു തന്നോട് ആവശ്യപ്പെട്ട എല്ലാ അധികാരത്തിന്റെ മുന്‍പിലും വിശ്വസ്തതയോടെ കീഴടങ്ങിയതുകൊണ്ട് – പ്രത്യേകിച്ച് ആദ്യത്തെ 30 വര്‍ഷം-യേശുവിന് യഥാര്‍ത്ഥ ആത്മീയ അധികാരം ലഭ്യമായി (മത്തായി 8:8,9). ഈ അധികാരം ഉള്ളതുകൊണ്ട് അടിയേറ്റും രക്തം വാര്‍ന്നുമാണു നിന്നതെങ്കിലും പീലാത്തോസിന്റെ മുമ്പില്‍ അവിടുന്നു നിര്‍ഭയനായിരുന്നു. തനിക്ക് എത്രമാത്രം അധികാരമുണ്ടെന്ന് പറഞ്ഞ് യേശുവിനെ ഭയപ്പെടുത്താന്‍ പീലാത്തോസ് ശ്രമിച്ചപ്പോഴും അവിടുന്നു ശാന്തമായി പറഞ്ഞു. ‘ഉയരത്തില്‍ നിന്നു ലഭിച്ചിട്ടല്ലാതെ എന്റെ മേല്‍ നിനക്ക് ഒരധികാരവും ഇല്ല’ (യോഹ. 19:10).

ഈ തിരുവെഴുത്തിലെ സത്യങ്ങള്‍ കാണ്മാന്‍ എന്റെ ഹൃദയത്തിന്റെ കണ്ണുകള്‍ തുറന്നപ്പോള്‍ സീയോന്‍ സഭയെ കണ്ടെത്താനായി ഒരു അഗ്നി എന്നില്‍ ജ്വലിച്ചു. അവിടെ ദൈവം എനിക്ക് അത്തരം ഇടയന്മാരെ തരും. തുടര്‍ന്ന് ഈ ഭൂമിയില്‍ കൊടുക്കേണ്ടി വരുന്ന വിലയെന്തായാലും – ബന്ധുക്കള്‍, ജോലി എന്നിങ്ങനെ – ക്രിസ്തുവിന്റെ ശരീരം പണിയുന്നതിന് എന്നെത്തന്നെ പൂര്‍ണ മനസ്സോടെ നല്‍കാന്‍ ഞാന്‍ തീരുമാനിച്ചു.

യെശയ്യാവിന്റെ കാര്യത്തിലെന്നപോലെ ദൈവം എന്റെ എല്ലാ പാപങ്ങളേയും കഴുകി എന്നെ നുറുക്കിയശേഷം എന്നോടു ചോദിച്ചു: ”ഞാന്‍ ആരെ അയയ്‌ക്കേണ്ടു? ആര്‍ നമുക്കുവേണ്ടി പോകും?” (യെശയ്യാ 6:8).

2007ല്‍ എടുത്ത ആ തീരുമാനത്തെച്ചൊല്ലി എനിക്കു ഖേദിക്കാന്‍ ഇടവന്നിട്ടില്ല-എന്റെ മുന്‍പിലുളള പ്രവര്‍ത്തനങ്ങളുടെ സാഹചര്യങ്ങള്‍ എന്തെല്ലാമായിട്ടും.

കൂടിവരവുകള്‍, ബാബിലോണിലെ ക്ലബ്ബുകള്‍ എന്നിവ വിട്ട് ആത്മീയ സീയോനില്‍ അവിടുത്തെ സഭ പണിയാനുള്ള ദൈവത്തിന്റെ വിളി ഇന്നു നിങ്ങളുടെ നേരെ മുഴങ്ങുമ്പോള്‍ നിങ്ങളുടെ മറുപടിയും ഇതു തന്നെ ആയിരിക്കുമെന്നു ഞാന്‍ കരുതുന്നു: അടിയനിതാ അടിയനെ അയയ്‌ക്കേണമേ !
ആമേന്‍.

Top Posts