പുഞ്ചിരിക്കാന്‍ മറക്കരുത്

ആ കൊച്ചു പെണ്‍കുട്ടി എന്നും സ്‌കൂളിലേക്കും തിരികെ വീട്ടിലേക്കും നടന്നാണു പോയിരുന്നത്. ഒരു ദിവസം ഉച്ച കഴിഞ്ഞപ്പോള്‍ ശക്തിയായ കാറ്റ്, മഴയില്ലെങ്കിലും ഇടയ്ക്കിടെ മിന്നലും ഇടിയും. മകള്‍ തന്നെ നടന്നു വരുമ്പോള്‍ ഇടിമിന്നല്‍ മൂലം പേടിച്ചു പോയേക്കുമെന്നു കരുതി അമ്മ അവളെ അന്വേഷിച്ച് ഇറങ്ങി.

അമ്മ സ്‌കൂളിലേക്കു വേഗത്തില്‍ നടന്നു ചെല്ലുമ്പോള്‍ മകളിതാ മെല്ലെ വരുന്നു. പെട്ടെന്നു തിളങ്ങുന്ന വാള്‍ പോലെ മിന്നല്‍പ്പിണര്‍ ആകാശത്തെ കീറിമുറിച്ചു. ഭയാനകമാം വിധം ഇടി മുഴങ്ങി, എന്നാല്‍ അമ്മ നോക്കിയപ്പോള്‍ മകള്‍ പെട്ടെന്നു നിന്ന് മിന്നലിനെ നോക്കി പുഞ്ചിരിക്കുന്നു. അതിനു ശേഷം പിന്നെയും നടക്കുന്നു. ഓരോ തവണ മിന്നല്‍ ഉണ്ടാകുമ്പോഴും കുഞ്ഞ് നടത്തം നിര്‍ത്തി മുഖം ആകാശത്തേക്ക് ഉയര്‍ത്തി പുഞ്ചിരിക്കു കയാണ്.

പെട്ടെന്ന് മകള്‍ അമ്മയെ കണ്ടു. അവള്‍ അമ്മയുടെ അടുത്തേക്ക് ഓടിയെത്തി. ”മോളേ, നീയെന്താ ചെയ്യുന്നത്? എന്താ നീ മിന്നലുണ്ടാകുമ്പോള്‍ നടത്തം നിര്‍ത്തി ആകാശത്തേക്കു നോക്കി നില്‍ക്കുന്നത്?” – അമ്മ ചോദിച്ചു.

സഹജമായ നിഷ്‌കളങ്കതയോടെ കുഞ്ഞ് ഇങ്ങനെ പറഞ്ഞു: ‘ഞാന്‍ സുന്ദരിക്കുട്ടിയായി നില്‍ക്കാന്‍ ശ്രമിക്കുകയാ. നോക്കു മമ്മി, ദൈവം വീണ്ടും വീണ്ടും എന്റെ ഫോട്ടോ എടുത്തുകൊണ്ടിരിക്കുകയല്ലേ?’

ഇന്നു നിങ്ങളുടെ ജീവിതത്തില്‍ ഓര്‍ക്കാപ്പുറത്ത് ഇടിമിന്നലുകളെ അഭിമുഖീകരിക്കുമ്പോള്‍ മെല്ലെ തലയുയര്‍ത്തി ഇടിമിന്നലിനു പിന്നിലുള്ള കര്‍ത്താവിനെ കാണുവാന്‍ ദൈവം നിങ്ങള്‍ക്കു കൃപ തരട്ടെ. എന്നാല്‍ ഒരു കാര്യം പുഞ്ചിരിതൂകാന്‍ മറന്നുപോകരുത്.