അത്ഭുതകരമായ എന്തെങ്കിലും കാര്യങ്ങൾ അവിടുന്ന് ചെയ്യണമെന്ന് നിർബന്ധിച്ചു കൊണ്ട് ദൈവത്തെ പരീക്ഷിക്കരുത് – WFTW 16 ഫെബ്രുവരി 2025

സാക് പുന്നൻ

മരുഭൂമിയിൽ വച്ചുണ്ടായ രണ്ടാമത്തെ പ്രലോഭനത്തിൽ, സാത്താൻ യേശുവിനോട് ഇപ്രകാരം പറഞ്ഞു, “നീ ദൈവത്തിൻ്റെ പുത്രനെങ്കിൽ എന്തുകൊണ്ടാണ് നീ ദൈവാലയത്തിൻ്റെ മുകളിൽ നിന്നു താഴോട്ട് ചാടിയിട്ട് ദൈവത്തിൻ്റെ വാഗ്ദത്തം അവകാശപ്പെടാത്തത്?” (മത്താ. 4:6). അവൻ 91-ാം സങ്കീർത്തനം പോലും ഉദ്ധരിച്ചു, “അവിടുന്ന് നിന്നെക്കുറിച്ച് തൻ്റെ ദൂതരോട് കല്പിക്കും; അവൻ നിൻ്റെ കാൽ കല്ലിൽ തട്ടി പോകാതവണ്ണം, അവർ നിന്നെ അവരുടെ കൈളിൽ വഹിച്ചുകൊള്ളും.”

മത്താ. 4:7ൽ, യേശു ഇങ്ങനെ മറുപടി പറഞ്ഞു, “നീ നിൻ്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്.” ഇതൊരു പ്രധാനപ്പെട്ട പ്രമാണമാണ്. പ്രായോഗിക കാര്യങ്ങളിൽ ഇത് എങ്ങനെ പ്രയോഗിക്കും? ഇവിടെ യേശുവിനുണ്ടായ പ്രലോഭനം 91-ാം സങ്കീർത്തനത്തിലെ വാഗ്ദത്തം അവകാശപ്പെട്ടു കൊണ്ട് ദൈവാലയത്തിൻ്റെ മുകളിൽ നിന്ന് താഴോട്ട് ചാടിയിട്ട് പരിക്കുകളൊന്നുമില്ലാതെ ദൈവാലയ മുറ്റത്ത് താണിറങ്ങി നിൽക്കുന്നവനെ കണ്ട് ആളുകൾ അത്ഭുതപ്പെട്ട് ഇങ്ങനെ പറയാൻ ഇടയാകേണ്ടതിനായിരുന്നു, “ഓ എത്ര വലിയ ദൈവ മനുഷ്യൻ! അവൻ്റെ വിശ്വാസം നോക്കിക്കെ, അവൻ ആ വാഗ്ദത്തം അവകാശപ്പെട്ട് മുറിവേൽക്കാതെയിരിക്കുന്നതെങ്ങനെയെന്ന് കാണുക.” അപ്പോൾ യേശു പറഞ്ഞു, “ഞാൻ അതുപോലെ ദൈവത്തെ പരിക്ഷിക്കുകയില്ല.” താഴേക്കു പോകുവാൻ ദൈവാലയത്തിൻ്റെ മേൽക്കൂരയിൽ നിന്ന് കോവണിപ്പടികൾ ഉള്ളപ്പോൾ, താഴോട്ടു ചാടേണ്ട ഒരാവശ്യവുമില്ല. യേശു അത് നിരസിച്ചതിൻ്റെ അർത്ഥം ദൈവം നമുക്കു നൽകിയിരിക്കുന്ന മാർഗ്ഗങ്ങൾ നമുക്ക് ഉപയോഗിക്കാം അല്ലാതെ കാഴ്ച പ്രാധാന്യമുള്ള വിധത്തിൽ എന്തെങ്കിലും ചെയ്യുന്നതിന് ദൈവത്തോട് ആവശ്യപ്പെട്ടുകൊണ്ട് ദൈവത്തെ പരീക്ഷിക്കരുത് എന്നാണ്.

ഉദാഹരണത്തിന്, അപ്പൊ.പ്ര. 8:39ൽ, ഫിലിപ്പോസ് ഷണ്ഡനോട് പ്രസംഗിച്ച ശേഷം, പരിശുദ്ധാത്മാവ് അദ്ദേഹത്തെ എടുത്ത് അസ്തൊദ് എന്ന മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോയ ഒരു സംഭവം നാം വായിക്കുന്നു. ഇന്ന് ഒരു ഹെലികോപ്റ്റർ ചെയ്യുന്നതുപോലെ പരിശുദ്ധാത്മാവ് അദ്ദേഹത്തിന് വായു മാർഗ്ഗം ഒരു യാത്ര നൽകി. ഇന്ന്, നിങ്ങൾക്ക് ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേയ്ക്കു പോകേണ്ട ആവശ്യമുള്ളപ്പോൾ, നിങ്ങൾ ദൈവത്തെ നിർബന്ധിച്ചു ചെയ്യിക്കാൻ ശ്രമിച്ചുകൊണ്ട് “കർത്താവെ, എനിക്ക് അത് ചെയ്തു തരണമേ” എന്നു പറഞ്ഞാൽ അത് ദൈവത്തെ പരീക്ഷിക്കുകയാണ്. ദൈവം നമുക്ക് ബസ്, ട്രെയിൻ, സ്കൂട്ടർ, വിമാനങ്ങൾ ഇവ തന്നിട്ടുണ്ടെങ്കിൽ, പരിശുദ്ധാത്മാവ് ഇതുപോലെ നമ്മെ എടുത്തു കൊണ്ടു പോകണം എന്ന് നാം ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണ്?

ദൈവം എനിക്കു ചെയ്ത അത്ഭുതകരമായ ഒരു കാര്യത്തെക്കുറിച്ച് മറ്റുള്ളവരോട് പിന്നീട് സാക്ഷ്യം പറയാൻ വേണ്ടി ഒരു വാഗ്ദത്തം അവകാശപ്പെടുന്നതാണ്, ദൈവത്തെ പരീക്ഷിക്കുന്ന മറ്റൊരു രീതി. ഉദാഹരണത്തിന്, രോഗികളാകുമ്പോൾ ഇങ്ങനെ പറയുന്നവരുണ്ട്. “അടുത്ത തെരുവിൽ തന്നെ മരുന്നുകൾ ലഭ്യമാണെങ്കിലും ഉപദേശം തേടാൻ ഡോക്ടർമാരുണ്ടെങ്കിലും എന്നെ സൗഖ്യമാക്കേണ്ടതിനു ഞാൻ ദൈവത്തിൽ ആശ്രയിക്കാൻ പോവുകയാണ്. ഞങ്ങൾ ആ ഡോക്ടർമാരെയും ആ മരുന്നുകളെയും ഒന്നും ഉപയോഗിക്കുകയില്ല.” അങ്ങനെ മരിച്ചിട്ടുള്ളവരും അല്ലെങ്കിൽ തങ്ങളുടെ മക്കളെയോ ഭാര്യമാരെയോ മരിക്കാൻ അനുവദിച്ചിട്ടുള്ളതുമായ മൂഢന്മാരായ ക്രിസ്ത്യാനികൾ ഉണ്ട്, കാരണം “കർത്താവ് എൻ്റെ സൗഖ്യദായകനാണ്,” എന്ന വാഗ്ദത്തം അവകാശമാക്കുവാൻ അവർ ശ്രമിക്കുന്നു “അതുകൊണ്ട് എനിക്കു മരുന്നു വേണ്ട.” ദേവാലയത്തിൽ ദൈവം കോവണിപ്പടികൾ നൽകിയിട്ടുള്ളപ്പോൾ, 91-ാം സങ്കീർത്തനം അവകാശപ്പെട്ടുകൊണ്ട് അതിൻ്റെ മേൽക്കൂരയിൽ നിന്നു ചാടുന്നതിനു പകരം, കോവണി ഉപയോഗിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതുപോലെ, ദൈവം നമുക്കു മരുന്നുകൾ നൽകിയിരിക്കുമ്പോൾ, നിങ്ങൾ ഭോഷത്വമായി ചില വാഗ്ദത്തങ്ങൾ അവകാശപ്പെടാതെ അവിടുന്നു നൽകിയിരിക്കുന്നവ ഉപയോഗിക്കണമെന്ന് ദൈവം പ്രതീക്ഷിക്കുന്നു. അന്ന് ഫിലിപ്പോസിനോടു ചെയ്തതുപോലെ ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേക്കു നിങ്ങളെ കൊണ്ടുപോകാൻ ദൈവത്തോട് ആവശ്യപ്പെടുന്നതുപോലെ ഭോഷത്തമായ ഒരു കാര്യമാണത്.

ദൈവം ചില പ്രത്യേക ആളുകൾക്കുവേണ്ടി ചില പ്രത്യേക കാര്യങ്ങൾ ചെയ്യുന്നു എന്നു കൂടി നാം ഓർക്കണം. അവിടുന്ന് ഓരോ വിശ്വാസിക്കും എല്ലാ അത്ഭുതങ്ങളും ചെയ്യുന്നില്ല. ദൈവവചനം പഠിക്കുമ്പോൾ നാം ശ്രദ്ധാലുക്കളാകേണ്ട ഒരു കാര്യം നമുക്ക് മാനം ലഭിക്കുവാൻ വേണ്ടി അത്ഭുതകരമായ ചില കാര്യങ്ങൾ ചെയ്യുവാൻ നാം ശ്രമിക്കുന്നില്ല എന്നതാണ്. മനുഷ്യ മാനത്തിനുവേണ്ടിയുള്ള ആഗ്രഹം നമ്മുടെ ജഡത്തിൽ വളരെ ആഴത്തിൽ വേരുറപ്പിച്ചിരിക്കുന്നു. എന്നാൽ ചില സമയങ്ങളിൽ നാം അതിനെ കുറിച്ച് അറിയുക പോലുമില്ല. യേശു തൻ്റെ ശിഷ്യന്മാരെ ചില വലിയ കാര്യങ്ങൾക്കെതിരെ പോരാടുവാൻ പഠിപ്പിച്ചതിൽ ഒന്ന് ഇതാണ്. ഇവിടെ അടിസ്ഥാന പ്രലോഭനം മാത്രം തേടാനാണ്, ദൈവത്തിൻ്റെ വാഗ്ദത്തം അവകാശം പറഞ്ഞ് പരിക്കേൽക്കാതെ ദേവാലയത്തിൻ്റെ മുറ്റത്തേക്കിറങ്ങിയിട്ട് ആളുകൾ നിങ്ങൾ അംഗീകരിക്കുന്നതിലുള്ള മാനം.

എന്നാൽ കുറഞ്ഞ വിധത്തിൽ ശ്രദ്ധേയമായ കാര്യങ്ങളിലൂടെയും പ്രലോഭനം വരാം. മത്തായി 6ൽ യേശു പറഞ്ഞു, “നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ, നിങ്ങളുടെ പ്രാർത്ഥന കേൾക്കുന്നവരിൽ നിന്നു മാനം ലഭിക്കേണ്ടതിനു പ്രാർത്ഥിക്കരുത്, അതുപോലെ ഉപവസിക്കുമ്പോൾ നിങ്ങൾ എത്ര ദിവസം ഉപവസിക്കുന്നു എന്ന് എല്ലാവരെയും അറിയിക്കരുത്.” നിങ്ങൾ അതു ചെയ്താൽ, അത് മാനം നേടേണ്ടതിനാണ്. അവിടുന്ന് ഇതു കൂടെ പറഞ്ഞു, “നിങ്ങൾ ദാനം ചെയ്യുമ്പോൾ, നിങ്ങൾ കൊടുത്തതെന്താണെന്ന് ആരും അറിയാൻ അനുവദിക്കരുത്.” എന്നുവരികിലും അനേകം ക്രിസ്ത്യാനികൾ മനുഷ്യമാനം അന്വേഷിച്ചു കൊണ്ടും ദൈവത്തെ പരീക്ഷിച്ചു കൊണ്ടും, ഈ കല്പനകളോട് അനുസരണക്കേട് കാണിച്ചിരിക്കുന്നു.