മറ്റെല്ലാറ്റിനെക്കാള്‍ ഉന്നതമായി ദൈവത്തിന്‍റെ അഭിഷേകത്തെ വിലമതിക്കുക – WFTW 11 ഫെബ്രുവരി 2018

സാക് പുന്നന്‍

ഏലിയാവിന്‍റ മേലുണ്ടായിരുന്ന അഭിഷേകത്തെ, ഈ ലോകത്തിലുളള മറ്റെന്തിനെക്കാള്‍ അധികം എലീശാ ആഗ്രഹിച്ചു.2 രാജാക്കന്മാര്‍ 2:1 -10ല്‍ ഏലിയാവ് ഈ കാര്യത്തില്‍ എലീശായെ എങ്ങനെ പരിശോധന ചെയ്തു എന്നു നാം വായിക്കുന്നു. താന്‍ മുന്നോട്ടു പോകുമ്പോള്‍ ആദ്യം അദ്ദേഹം എലീശായോട് ഗില്‍ഗാലില്‍ തന്നെ താമസിക്കുവാന്‍ പറഞ്ഞു. എന്നാല്‍ എലീശാ ഏലിയാവിനെ വിട്ടുപിരിയുവാന്‍ വിസമ്മതിച്ചു. അപ്പോള്‍ ഏലിയാവ് അവന്‍റെ ഓരോ ഘട്ടത്തിലുളള സ്ഥിരതയും ആത്മാര്‍ത്ഥതയും പരിശോധിക്കേണ്ടതിന് അവനെ 15 മൈല്‍ പടിഞ്ഞാറുളള ബെഥേലിലേക്കും പിന്നീട് 12 മൈല്‍ പുറകോട്ട് യെരീഹോവിലേക്കും അതിനുശേഷം വീണ്ടും 5 മൈല്‍ കിഴക്കുളള ജോര്‍ദ്ദാനിലേക്കും നയിച്ചു. ഒടുവില്‍ വിട്ടുപിരിയുന്നതിനുമുന്‍പ് താന്‍ നിവര്‍ത്തിച്ചുതരേണ്ടതിന് എന്തെങ്കിലും അപേക്ഷ അവനുണ്ടോ? എന്ന് ഏലിയാവ് ചോദിച്ചു. അപ്പോള്‍ എലീശാപറഞ്ഞു, “എനിക്ക് ഒരൊറ്റ കാര്യം മാത്രമെ വേണ്ടൂ. അതിനു വേണ്ടിയാണ് ഞാന്‍ ഈ സമയമെല്ലാം അങ്ങയെ അനുഗമിച്ചു കൊണ്ടിരുന്നത്. അതു കൊണ്ടാണ് അങ്ങെന്നെ കുടഞ്ഞു കളയേണ്ടതിന് ശ്രമിച്ചപ്പോഴെല്ലാം ഞാന്‍ അങ്ങയെ വിട്ടുമാറാതിരുന്നത് . അങ്ങയിലുളള അഭിഷേകത്തിന്‍റെ ഇരട്ടിപങ്ക് എനിക്ക് വേണം.” തന്‍റെ മുഴുവന്‍ ഹൃദയവും കൊണ്ട് എലീശാ ഈ അഭിഷേകത്തിനുവേണ്ടി ആഗ്രഹിച്ചു. അവന്‍ മറ്റൊന്നുകൊണ്ടും തൃപ്തനാകുവാന്‍ പോകുന്നില്ലായിരുന്നു. അതുകൊണ്ട് അവന്‍ ചോദിച്ചത് അവനുകിട്ടി.

ഞാന്‍ വിശ്വസിക്കുന്നത് ഏലിയാവ് എലീശായെ നയിച്ചതുപോലെ, നാം അവിടുത്തെ പരിശുദ്ധാത്മാവിനെക്കാള്‍ മറ്റെന്തിനാലെങ്കിലും തൃപ്തരാകുമോ എന്നു പരിശോധിക്കേണ്ടതിന് ദൈവം നമ്മെ കൂടെകൂടെ നയിക്കാറുണ്ട് എന്നാണ്.കുറഞ്ഞ എന്തെങ്കിലും കൊണ്ട് നാം സംതൃപ്തരാകുമെങ്കില്‍, നമുക്ക് അത്രമാത്രമെ ലഭിക്കുകയുളളൂ. അതു കൂടാതെ തന്നെ നമുക്ക് നന്നായിപോകാന്‍ കഴിയും എന്നു ചിന്തിക്കുന്ന, ഉല്‍ക്കര്‍ക്ഷേഛയില്ലാത്ത സ്വയംതൃപ്തരായ വിശ്വാസികള്‍ക്ക് ദൈവം ഇതു നല്‍കുകയില്ല.

എന്നാല്‍ ഇത് എല്ലാറ്റിലുമുപരിയായി നമുക്കാവശ്യമുളള ഒരേഒരു കാര്യം ആണെന്ന് നാം മനസ്സിലാക്കിയാല്‍ എലീശായെപോലെ അതു ലഭിക്കുന്നതുവരെ പിന്‍തുടരുവാന്‍ നമുക്ക് മനസ്സുണ്ടെങ്കില്‍, യാക്കോബ് പെനിയേലില്‍ വെച്ച് പറഞ്ഞതു പോലെ പരമാര്‍ത്ഥതയോടെ “കര്‍ത്താവെ അവിടുന്ന് ഈ അനുഗ്രഹത്താല്‍ എന്നെ അനുഗ്രഹിക്കുന്നതുവരെ ഞാന്‍ അങ്ങയെ വിടുകയില്ല” എന്നു പറയുമെങ്കില്‍, ഈ പരിശുദ്ധാത്മാവിന്‍റെ ശക്തിക്കായി ഈ പുനരുദ്ധാനശക്തിക്കായി നാം കേണപേക്ഷിക്കുകയും അതിനായി ആഗ്രഹിക്കുകയും ചെയ്യുമെങ്കില്‍ അപ്പോള്‍ നാം അത് വാസ്തവമായും പ്രാപിക്കും. അപ്പോള്‍ നാം ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ച ശക്തിയുളള സാക്ഷാല്‍ യിസ്രായേലുമാരായിരിക്കും.

നമുക്ക് ഈ അഭിഷേകം ഏത്രമാത്രം ആവശ്യമാണ് എന്ന് നമ്മെ കാണിക്കുവാന്‍ വേണ്ടി മാത്രമാണ് പലപ്പോഴും ദൈവം നമ്മുടെ ജീവിതത്തില്‍ പരാജയങ്ങളും മോഹഭംഗങ്ങളും ഒക്കെ അനുവദിക്കുന്നത്.

പരിശുദ്ധാത്മാവിന്‍റെ ആവാസം എപ്പോഴും ഉണ്ടാകുന്നതിനെക്കുറിച്ചും സുവിശേഷാനുസാരമായിരിക്കുന്നതിനെക്കുറിച്ചും ഉപദേശ ത്തില്‍ അറിയുന്നതിനു പകരം ശക്തിയോടെ നമ്മില്‍ ആവസിക്കുന്ന ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനെ നാം അറിയേണ്ട ആവശ്യമുണ്ട് എന്ന് നമ്മെ ഗ്രഹിപ്പിക്കുവാന്‍ ദൈവം ശ്രമിക്കുന്നു.

അഭിഷേം പ്രാപിക്കുക എന്നത് അത്ര എളുപ്പമുളള ഒരു കാര്യമല്ല. ഏലിയാവ് എലീശയുടെ അപേക്ഷ കേട്ടപ്പോള്‍ , ” ഓ, നീ ചോദിച്ചത് വളരെ എളുപ്പമുളള ഒരു കാര്യമാണ്. നീ ഇവിടെ ഒന്നു മുട്ടുകുത്തിയാല്‍ മാത്രം മതി അപ്പോള്‍ ഞാന്‍ എന്‍റെ കൈകള്‍ നിന്‍റെ തലമേല്‍ വയ്ക്കുകയും നിനക്കതു ലഭിക്കുകയും ചെയ്യും”എന്ന് ഏലിയാവ് അവനോടു പറഞ്ഞില്ല. ഇല്ല. ഏലിയാവ് എലീശയോടു പറഞ്ഞു, “നീ പ്രയാസമേറിയ ഒരു കാര്യമാണ് ചോദിച്ചിരിക്കുന്നത്”, അതെ, അതു പ്രയാസമേറിയ ഒരു കാര്യമാണ്. നാം അതിനുവേണ്ടി ഒരു വില കൊടുക്കേണ്ടതുണ്ട്. ഈ ലോകത്തിലുളളതെല്ലാം അതിനുവേണ്ടി ഉപേക്ഷിക്കേണ്ടതുണ്ട്.

ഈ ഭൂമിയിലുളള മറ്റെല്ലാറ്റിനെയുംകാള്‍ അധികം നാം ഈ അഭിഷേകത്തിനായി വാഞ്ചിക്കണം – പണം, സുഖസൗകര്യങ്ങള്‍, ആനന്ദം, പേരും പ്രശസ്തിയും തുടങ്ങിയവയെക്കാള്‍ അധികം, ക്രിസ്തീയവേലയിലെ നേട്ടങ്ങളെക്കാള്‍ പോലും അധികം. അതെ വാസ്തവത്തില്‍ അതു വളരെ പ്രയാസമേറിയ ഒരു കാര്യമാണ്. എന്നാല്‍ ഇതാണ് ദാഹിക്കുക എന്നതിന്‍റെ അര്‍ത്ഥം. നാം ആ ഘട്ടത്തിലെത്തുമ്പോള്‍, നമുക്ക് യേശുവിന്‍റെ അടുത്തേക്ക് ചെന്ന് കുടിക്കുവാന്‍ കഴിയും, തിരുവെഴുത്തു പറഞ്ഞിട്ടുളളതു പോലെ, അപ്പോള്‍ അത് ഒഴുകുന്ന ഇടങ്ങളിലെല്ലാം മരണത്തില്‍ നിന്ന് ജീവന്‍ ഉളവാക്കി കൊണ്ട് ജീവജലത്തിന്‍റെ നദികള്‍ നമ്മിലൂടെ അനേകം ദിശകളിലേക്ക് ഒഴുകും ( യോഹന്നാന്‍ 7:37 -39; യെഹെസ്കേല്‍ 47:8,9).

നാം അഭിഷേകം പ്രാപിച്ചിട്ടുണ്ടെങ്കില്‍ അതു നഷ്ടപ്പെടാതിരിക്കുന്ന കാര്യത്തില്‍ നാം ശ്രദ്ധാലുക്കളായിരിക്കണം. നാം ശ്രദ്ധാലുക്കളല്ലെങ്കില്‍, നമുക്ക് അതു ലഭിക്കുവാനും പിന്നീട് നഷ്ടപ്പെടുവാനും കഴിയും. നാം കരുണയില്ലാത്ത വിമര്‍ശനങ്ങളിലോ അയഞ്ഞ സംഭാഷണങ്ങളിലോ അശുദ്ധമായ വിചാരങ്ങളിലോ, ആസക്തരാകുകയോ, നിഗളമോ പകയോ നമ്മുടെ ഹൃദയങ്ങളില്‍ കുടിപാര്‍ക്കുവാന്‍ നാം അനുവദിക്കുകയോ ചെയ്താല്‍ നമ്മുടെ അഭിഷേകം നഷ്ടപ്പെടുന്നു.

1 കൊരിന്ത്യര്‍ 9:27 ല്‍ അപ്പൊസ്തലനായ പൗലൊസ് പറഞ്ഞത്, മറ്റുളള വരെ ഉപദേശിച്ചതിനുശേഷം താന്‍ തന്നെ കൊളളരുതാത്തവനായി തീരാതിരിക്കുവാന്‍ അദ്ദേഹം തന്‍റെ ശരീരത്തിലെ അവയവങ്ങളെ കര്‍ശനമായി ശിക്ഷണം ചെയ്യുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്, ഇവിടെ അദ്ദേഹം സൂചിപ്പിച്ചിരിക്കുന്നത് തന്‍റെ രക്ഷ നഷ്ടപ്പെടുന്നതിനുളള സാധ്യതയെ അല്ല എന്നാല്‍ തന്‍റെ അഭിഷേകം നഷ്ടപ്പെടുത്തുന്നതിനുളള സാധ്യതയെക്കുറിച്ചാണ്. ശക്തനായ അപ്പോസ്തലനായ പൗലൊസ് ഇത്രയധികം സഭകള്‍ സ്ഥാപിച്ചതിനും, ഇത്രയധികം അതിശയങ്ങള്‍ ചെയ്തതിനുശേഷവും, ദൈവത്താല്‍ ഇത്രശക്തമായി ഉപയോഗിക്കപ്പെട്ടതിനു ശേഷവും, ഇപ്പോഴും താന്‍ അശ്രദ്ധനാണെങ്കില്‍ അഭിഷേകം നഷ്ടപ്പെടുവാനുളള അപകടത്തിലാണ് എന്നത് എന്നെ വിസ്മയിപ്പിക്കുന്നത് ഒരിക്കലും അവസാനിക്കുന്നില്ല. അങ്ങനെയെങ്കില്‍ നാം എവിടെയാണ് നില്‍ക്കുന്നത്? നാം നിരന്തരമായി ഇപ്രകാരം പ്രാര്‍ത്ഥിക്കേണ്ട ആവശ്യമുണ്ട്, ” കര്‍ത്താവെ, എന്‍റെ ജീവിതത്തില്‍ മറ്റെന്തു നഷ്ടപ്പെട്ടാലും, എനിക്ക് അവിടുത്തെ അഭിഷേകം നഷ്ടപ്പെടരുതെ”