സാക് പുന്നന്‍
ലേഖനങ്ങളിൽ ഉള്ള അവസാന വാഗ്ദത്തങ്ങളിൽ ഒന്ന് കർത്താവു “നമ്മെ വീഴാതെ സൂക്ഷിക്കുവാൻ കഴിവുള്ളവനാണ്” എന്നതാണ് (യൂദാ. 24). ഇതു സത്യമാണ് – കർത്താവ് നമ്മെ വീഴാതെ വണ്ണം സൂക്ഷിക്കുവാൻ കഴിവുള്ളവനാണ്. എന്നാൽ നാം നമ്മെ തന്നെ പൂർണ്ണമായി അവിടുത്തേക്ക് കീഴടക്കി കൊടുക്കുന്നില്ലെങ്കിൽ, അവിടുത്തേക്കു നമ്മെ വീഴാതെ സൂക്ഷിക്കുവാൻ കഴിയുകയില്ല- കാരണം അവിടുന്ന് തൻ്റെ ഹിതം ആരിലും അടിച്ചേൽപ്പിക്കുന്നില്ല.
വിശ്വാസികൾ എന്ന നിലയിൽ, ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധത്തെ വിവാഹ നിശ്ചയം കഴിഞ്ഞ് വിവാഹത്തിനു കാത്തിരിക്കുന്ന ഒരു കന്യകയുടേതിനോടാണ് തുലനം ചെയ്തിരിക്കുന്നത് (2കൊരി.11:2,വെളി.19:7). അടുത്ത വാക്യത്തിൽ (2.കൊരി. 11:3) പൗലൊസ് പറയുന്നത് സാത്താൻ ഹവ്വയെ ചതിച്ചതുപോലെ, ക്രിസ്തുവിനോടുള്ള നിർമ്മലമായ ഭക്തിയിൽ നിന്നു നമ്മെ അകറ്റി കൊണ്ടു പോകുമോ എന്നു താൻ ഭയപ്പെടുന്നു എന്നാണ്. പറുദീസയിലായിരുന്ന ഹവ്വ സാത്താനാൽ വഞ്ചിക്കപ്പെടുകയും ദൈവത്താൽ പറുദീസയിൽ നിന്നു പുറത്താക്കപ്പെടുകയും ചെയ്തു. ഇന്ന്, ക്രിസ്തുവിനോടു വിവാഹം ‘നിശ്ചയിക്കപ്പെട്ട’ നാം പറുദീസയിലേക്കു പോകുന്നവരാണ്. എന്നാൽ നമ്മെ വഞ്ചിക്കാൻ സാത്താനെ നാം അനുവദിക്കുകയാണെങ്കിൽ, നാം ഒരിക്കലും പറുദീസയിൽ പ്രവേശിക്കുകയില്ല.
മണവാട്ടി ലോകത്തോടും പാപത്തോടും വേശ്യാവൃത്തി ചെയ്താൽ, അവളുടെ മണവാളൻ അവളെ വിവാഹം കഴിക്കാൻ വിസമ്മതിക്കും. ഇതാണ് ബാബിലോണായി പരാമർശിച്ചിരിക്കുന്ന വേശ്യാ സഭ (വെളി.17), അത് ഒടുവിൽ കർത്താവിനാൽ പരിത്യജിക്കപ്പെടുന്നു.
നിങ്ങൾ കർത്താവിനെ സ്നേഹിക്കുന്നെങ്കിൽ, നിങ്ങൾ നിങ്ങളെ തന്നെ അവിടുത്തേക്കു വേണ്ടി നിർമ്മലമായി സൂക്ഷിക്കും, നിങ്ങൾക്കു ചുറ്റുമുള്ള മറ്റു വിശ്വാസികൾ ലോകത്തോടും പാപത്തോടും വ്യഭിചാരം ചെയ്താലും. അന്ത്യനാളുകളിൽ “അനേകരുടെ സ്നേഹം തണുത്തു പോകും (ഈ വാക്യം വിശ്വാസികളെയാണു സൂചിപ്പിക്കുന്നത് കാരണം കർത്താവിനെ സ്നേഹിക്കുന്നത് അവർ മാത്രമാണ്) എന്നാൽ അവസാനത്തോളം സഹിച്ചു നിൽക്കുന്നവൻ രക്ഷിക്കപ്പെടും” (മത്താ. 24:11-13) എന്ന് യേശു മുന്നറിയിപ്പു നൽകി.
സാത്താൻ നമ്മെ എല്ലാം വഞ്ചിക്കുവാൻ അന്വേഷിക്കുന്നു. എന്നാൽ നാം വഞ്ചിക്കപ്പെടുവാൻ ദൈവവും അനുവദിക്കും എന്ന് വേദപുസ്തകം മുന്നറിയിപ്പു നൽകുന്നു, “നാം വ്യാജം വിശ്വസിക്കേണ്ടതിന്” – “നാം രക്ഷിക്കപ്പെടുവാൻ തക്കവണ്ണം സത്യത്തെ സ്നേഹിക്കുന്നില്ലെങ്കിൽ” (2 തെസ്സ.2:10,11).
ദൈവ വചനത്തിൽ എഴുതപ്പെട്ടിരിക്കുന്ന സത്യം നാം സ്വീകരിച്ച്, പരിശുദ്ധാത്മാവ് നമ്മെ കാണിക്കുന്ന നമ്മുടെ സ്വന്തം ജീവിതത്തിലുള്ള പാപങ്ങളെ നാം നേരിടുകയും, ആ എല്ലാ പാപങ്ങളിൽ നിന്നും രക്ഷിക്കപ്പെടുവാൻ നാം വ്യഗ്രതയുള്ളവരാകുകയും ചെയ്താൽ, പിന്നെ നാം ഒരിക്കലും വഞ്ചിക്കപ്പെടുകയില്ല.
എന്നാൽ ദൈവ വചനത്തിൽ സ്പഷ്ടമായി എഴുതപ്പെട്ടിട്ടുള്ളവ നാം സ്വീകരിക്കാതിരിക്കുകയോ അല്ലെങ്കിൽ പാപത്തിൽ നിന്നു രക്ഷിക്കപ്പെടാൻ നാം ആഗ്രഹിക്കാതിരിക്കുകയോ ചെയ്താൽ, അപ്പോൾ നാം വഞ്ചിക്കപ്പെടുവാനും തെറ്റായ കാര്യങ്ങൾ (വ്യാജം) വിശ്വസിക്കാനും ദൈവം നമ്മെ അനുവദിക്കും- “നിത്യ സുരക്ഷിതത്വത്തിൻ്റെ” കാര്യത്തിൽ മാത്രമല്ല മറ്റു മേഖലകളിലും ഒരുപോലെ .
ഈ മുഴുവൻ കാര്യങ്ങളുടെയും ഉപസംഹാരം ഇവിടെ കൊടുക്കുന്നു :
നാം കർത്താവിനെ സ്നേഹിക്കുന്നത്, അവിടുന്ന് ആദ്യം നമ്മെ സ്നേഹിക്കുകയും അവിടുന്നു നമ്മുടെ പാപമെല്ലാം ക്ഷമിക്കുകയും ചെയ്തതു കൊണ്ടാണ്. അതു കൊണ്ട്, അവിടുത്തെ കൃപയാൽ, നാം നമ്മുടെ മനസാക്ഷി എല്ലായ്പോഴും തെളിഞ്ഞതായി സൂക്ഷിക്കുകയും നാം അവിടുത്തെ സ്നേഹിച്ച് അവസാനം വരെ അവിടുത്തെ അനുഗമിക്കുകയും ചെയ്യും- അതു കൊണ്ട് നാം നിത്യമായി സുരക്ഷിതരാണ്.
യേശുവിനെ അനുഗമിക്കുന്ന അവിടുത്തെ ഓരോ ശിഷ്യനും നിത്യമായി സുരക്ഷിതനാണ്.
എന്നാൽ നിൽക്കുന്നു എന്നു തോന്നുന്നവൻ, വീഴാതിരിക്കാൻ സൂക്ഷിച്ചു കൊള്ളട്ടെ (1കൊരി. 10:12).
കേൾപ്പാൻ ചെവിയുള്ളവൻ, കേൾക്കട്ടെ.