അപ്പൊസ്തലനായ പൗലൊസിന്‍റെ ശ്രേഷ്ഠകരമായ മനോഭാവം – WFTW 26 ജനുവരി 2020

സാക് പുന്നന്‍

പൗലൊസ് ഫിലിപ്യര്‍ക്കു സന്തോഷത്തെക്കുറിച്ച് ഇത്രയധികം എഴുതിയത് അദ്ദേഹം തടവില്‍ ആയിരുന്നപ്പോഴായിരുന്നു എന്നത് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കാര്യമാണ്. നമ്മുടെ സാഹചര്യങ്ങളെല്ലാം സുഖകരമായിരിക്കുമ്പോള്‍ സന്തോഷത്തെക്കുറിച്ചു പ്രസംഗിക്കുന്നത് ഒരു കാര്യം. സാഹചര്യങ്ങളെല്ലാം പ്രയാസമുളളതായിരിക്കുമ്പോള്‍ അതിനെക്കുറിച്ചെഴുതുന്നത് തികച്ചും മറ്റൊന്നാണ്. ഫിലിപ്യര്‍ 1:4; 4:4 എന്നീ വാക്യങ്ങളിലുളള പൗലൊസിന്‍റെ വാക്കുകള്‍ നമ്മെ പഠിപ്പിക്കുന്നത് ഒരു ക്രിസ്ത്യാനിക്ക് എല്ലാ സാഹചര്യങ്ങളിലും സന്തോഷമുണ്ടായിരുക്കുവാന്‍ കഴിയും എന്നാണ്. ഇതാണ് ക്രിസ്തുവിന്‍റെ മനസ്സും ഭാവവും.

ഫിലിപ്യര്‍ 1:4,7 വാക്യങ്ങളില്‍ (മലയാളം പരിഭാഷയില്‍) അപ്പൊസ്തലനായ പൗലൊസ് പറയുന്നത്, “നിങ്ങളില്‍ നല്ല പ്രവൃത്തിയെ ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്‍റെ നാളോളം അതിനെ തികയ്ക്കും എന്ന് ഉറപ്പായി വിശ്വസിച്ചിരിക്കുന്നു. നിങ്ങളെ എന്‍റെ ഹൃദയത്തില്‍ വഹിച്ചിരിക്ക കൊണ്ട് അങ്ങനെ നിങ്ങളെ എല്ലാവരെയും കുറിച്ചു വിചാരിക്കുന്നത് എനിക്കു ന്യായമല്ലോ” എന്നാണ്. നിങ്ങള്‍ ഒരു പ്രസംഗകനായിരിക്കുകയും ദൈവജനത്തിനു വേണ്ടി ഒരു പ്രവചനവാക്യം നിങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍, അപ്പോള്‍ നിങ്ങളുടെ ഹൃദയത്തില്‍ 2 കാര്യങ്ങള്‍ എപ്പോഴും നിങ്ങള്‍ക്കുണ്ടായിരിക്കണം. നിങ്ങളുടെ ഹൃദയത്തില്‍ ദൈവ വചനവും ദൈവ ജനവും ഉണ്ടായിരിക്കണം. നിങ്ങള്‍ക്ക് ദൈവജനത്തോടു സ്നേഹമില്ലാതെ നിങ്ങളുടെ ഹൃദയത്തില്‍ ദൈവവചനം മാത്രമെ ഉളളൂ എങ്കില്‍, അവര്‍ക്കു കൊടുക്കാനായി ഒരു വചനം ദൈവം നിങ്ങള്‍ക്കു തരികയില്ല. അതുപോലെ തന്നെ നിങ്ങള്‍ ദൈവജനത്തെ സ്നേഹിക്കുന്നുണ്ട് എന്നാല്‍ നിങ്ങളുടെ ഹൃദയം ദൈവ വചനത്താല്‍ നിറയപ്പെട്ടിട്ടില്ലെങ്കില്‍, അപ്പോഴും, അവിടുന്ന് അവര്‍ക്കു വേണ്ടി ഒരു വചനം നിങ്ങള്‍ക്കു തരികയില്ല. ഇസ്രായേലിന്‍റെ 12 ഗോത്രങ്ങളുടെയും പേരുകള്‍ അഹരോന്‍റെ ഹൃദയത്തിനു മീതെ ഉണ്ടായിരുന്ന മാര്‍ പതക്കത്തില്‍ ഉണ്ടായിരുന്നതു പോലെ, പൗലൊസ് വിശ്വാസികളെ തന്‍റെ ഹൃദയത്തില്‍ വഹിച്ചു. ഒരു മനുഷ്യന്‍ എന്ന നിലയില്‍ ലോകത്തിലുളള ഓരോ വിശ്വാസിയെയും തന്‍റെ ഹൃദയത്തില്‍ വഹിക്കുവാന്‍ സാധിക്കുമായിരുന്നില്ല. ദൈവം അദ്ദേഹത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നല്‍കിയിട്ടുളളവരെ മാത്രമെ അദ്ദേഹം വഹിച്ചുളളു. നമുക്ക് ദൈവവചനവും നമ്മുടെ ഉത്തരവാദിത്തത്തില്‍ സംരക്ഷിക്കുവാന്‍ നല്‍കപ്പെട്ടിരിക്കുന്ന ജനവും, നമ്മുടെ ഹൃദയങ്ങളില്‍ നമുക്കുണ്ടെങ്കില്‍ അപ്പോള്‍ നാം സംസാരിക്കുന്ന ഒരു വചനം പോലും അവരെ അനുഗ്രഹിക്കും.

ഫിലിപ്യര്‍ 2:3 ല്‍ പൗലൊസ് അവരെ ഇപ്രകാരം പ്രബോധിപ്പിക്കുന്നു. സ്വാര്‍ത്ഥതയാലും ദുരഭിമാനത്താലും ഒന്നും ഒരിക്കലും ചെയ്യരുത്. ഫിലിപ്യര്‍ 2:5 ല്‍ പൗലൊസ് ഇപ്രകാരം തുടര്‍ന്നു പറയന്നു, ” ക്രിസ്തു യേശുവിലുളള ഇതേ മനസ് (ഭാവം) തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ”. നിങ്ങളുടെ ജീവിത കാലം മുഴുവന്‍ ഈ ഒരു വാക്യം കൊണ്ടു ജീവിക്കാം. രൂപാന്തരത്തിനായി ബൈബിളിലുളള മറ്റൊരു വാക്യവും നിങ്ങള്‍ക്കാവശ്യമില്ല. ഓരോ സാഹചര്യത്തിലും നിങ്ങള്‍ നിങ്ങളോടു തന്നെ ഇപ്രകാരം ചോദിക്കുക. ” ഇവിടെ എനിക്ക് ക്രിസ്തുവിന്‍റെ മനോഭാവം ഉണ്ടോ? നിങ്ങളുടെ കഴിഞ്ഞകാല പ്രവൃത്തികളെ ഈ ചോദ്യത്താല്‍ വിധിക്കുക, “അവിടെ എനിക്ക് ക്രിസ്തുവിന്‍റെ മനോഭാവം ഉണ്ടായിരുന്നോ?”

ഫിലിപ്യര്‍ 3:8 ല്‍ പൗലൊസ് പറയുന്നത്, ക്രിസ്തുവിനോടു താരതമ്യം ചെയ്യുമ്പോള്‍ ഭൂമിയിലുളളതെല്ലാം, മാനുഷ നീതി ഉള്‍പ്പെടെ, ചവറാണെന്നാണ്. നിങ്ങളെ തന്നെ അങ്ങനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ക്രിസ്തുവിനോടു താരതമ്യം ചെയ്യുമ്പോള്‍ ലോകത്തിലുളള എല്ലാ പണവും ചവറാണെന്നു നിങ്ങള്‍ കണ്ടിരിക്കുന്നുവോ? ക്രിസ്തുവിനോടു താരതമ്യം ചെയ്യുമ്പോള്‍ എല്ലാ മാനുഷ മാനവും ചവറാണെന്നു കണ്ടിരിക്കുന്നുവോ? ക്രിസ്തുവിനോടു താരതമ്യം ചെയ്യുമ്പോള്‍ എല്ലാ ഭൗമികസുഖങ്ങളും ചവറെന്നു നിങ്ങള്‍ കണ്ടിട്ടുണ്ടോ? ദൈവ ഇഷ്ടം ചെയ്യുന്നത്, നിങ്ങള്‍ എവിടെ ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നിടത്ത് നിങ്ങള്‍ ആയിരിക്കുന്നത്, ക്രിസ്തുവിനോട് അനുരൂപരായി വളരുന്നത്, നിങ്ങള്‍ക്കു വേണ്ടി ദൈവം വച്ചിരിക്കുന്ന ശുശ്രഷ നിറവേറ്റുന്നത ്- ഈ കാര്യങ്ങള്‍ മാത്രമാണ് നിത്യതയുടെ കാഴ്ചപ്പാടില്‍ നോക്കുമ്പോള്‍ കാര്യമായിട്ടുളളത്. തന്‍റെ ജീവിതത്തിന്‍റെ ഏറ്റവും വലിയവാഞ്ച എന്താണെന്നതിനെക്കുറിച്ച് തുടര്‍ന്നു പറയുന്നു. അത് പ്രശസ്തനായ ഒരു പ്രസംഗകന്‍ ആകുന്നതോ, നല്ലവണ്ണം അറിയപ്പെടുന്നതോ അല്ല. അതെല്ലാം അദ്ദേഹത്തെ സംബന്ധിച്ച് ചവറായിരുന്നു. അദ്ദേഹത്തിന്‍റെ അചഞ്ചലമായ ആഗ്രഹം ക്രിസ്തുവിനെ കൂടുതല്‍ അറിയണമെന്നുളളതായിരുന്നു, അവിടുത്തെ പുനരുത്ഥാനത്തിന്‍റെ ശക്തിയെക്കുറിച്ചും അവിടുത്തെ കഷ്ടതയുടെ കൂട്ടായ്മയെക്കുറിച്ചും കൂടുതല്‍ അറിയണമെന്നതായിരുന്നു (ഫിലിപ്യര്‍ 3:10).

പിന്നീട് പൗലൊസ് വെല്ലുവിളിക്കുന്ന ഒരു കാര്യം കൂടെ പറയുന്നു: ” ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്” (ഫിലിപ്യര്‍ 4:6) കയറുവാനുളള മറ്റൊരു കൊടുമുടിയാണിത്. നമുക്കെല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ ആകുലത ഉണ്ടാകാറുണ്ട്. മാസാവസാനം വരെ നിങ്ങളുടെ ആവശ്യങ്ങള്‍ നടത്താനുളള പണം തികയാതെ വരുമ്പോള്‍ അതുണ്ടാകുന്നു. നിങ്ങളുടെ മക്കള്‍ സ്കൂളില്‍ നിന്നു മടങ്ങിവരാന്‍ താമസിച്ചാല്‍, നിങ്ങള്‍ വിചാരപ്പെടാന്‍ തുടങ്ങുന്നു. നിങ്ങള്‍ പ്രായമായിക്കൊണ്ടിരിക്കുന്ന ഒരു യുവാവാണെങ്കില്‍, നിങ്ങളുടെ വിവാഹത്തിനുളള പ്രതീക്ഷയൊന്നും കാണുന്നില്ലെങ്കില്‍ നിങ്ങള്‍ വിചാരപ്പെടാന്‍ തുടങ്ങുന്നു. അനേകം കാര്യങ്ങള്‍ നമ്മുടെ ചിന്താകുലത്തിനു കാരണമായിതീരാന്‍ കഴിയും. നാം ഒരിക്കലും ഈ ഭൂമിയില്‍ വച്ച് ഈ പര്‍വ്വതത്തിന്‍റെ കൊടുമുടിയില്‍ എത്തുകയില്ല. എന്നാല്‍ നമ്മുടെ വിശ്വാസവും ദൈവത്തിലുളള ഉറപ്പും വളരേണ്ടതിന്, നാം എന്തിനെക്കുറിച്ചെങ്കിലും വാചാരപ്പെടുമ്പോഴെല്ലാം, നാം അത് സ്തോത്രത്തോടെ കര്‍ത്താവിന്‍റെ അടുത്തേക്ക് കൊണ്ടു ചെല്ലേണ്ടതിന് നാം മുന്നോട്ടായണം.

എപ്പോഴും നിങ്ങളുടെ മനസ്സ് ശ്രേഷ്ഠമായ കാര്യങ്ങളില്‍ ഉറപ്പിക്കുവാന്‍ പൗലൊസ് ഫിലിപ്യരെ പ്രബോധിപ്പിക്കുന്നു. (ഫിലിപ്യര്‍ 4:8). പിന്നീട് പൗലൊസ് പറയുന്നത്, തന്‍റെതന്നെ ജീവിതത്തില്‍ താഴ്ചയിലായാലും, സമൃദ്ധിയിലായാലും, ദൈവം തന്‍റെ പരിജ്ഞാനത്തില്‍ അദ്ദേഹത്തിനു നല്‍കാന്‍ തിരഞ്ഞെടുക്കുന്ന എല്ലാ സാഹചര്യങ്ങളിലും തൃപ്തിയോടിരിക്കുന്നതിന്‍റെ രഹസ്യം താന്‍ പഠിച്ചിരിക്കുന്നു എന്നാണ് (ഫിലിപ്യര്‍ 4:11,12). ഇത് വാസ്തവത്തില്‍ ഒരു രഹസ്യം തന്നെയാണ് – കാരണം മിക്ക ക്രിസ്ത്യാനികളും ഇതു പഠിച്ചിട്ടില്ല. അനന്തരം പൗലൊസ് വിജയകരമായ ഈ പ്രഖ്യാപനം നടത്തുന്നു ” എന്നെ ശക്തനാക്കുന്ന ക്രിസ്തുവിലൂടെ എനിക്കെല്ലാം ചെയ്യാന്‍ കഴിയും”. (ഫിലിപ്യര്‍ 4:13). ക്രിസ്തു നമ്മെ ശക്തീകരിക്കുമ്പോള്‍, നമുക്ക് എപ്പോഴും സന്തോഷിക്കുവാനും ഒന്നിനെക്കുറിച്ചും വിചാരപ്പെടാതിരിക്കാനും കഴിയും.