ദൈവഭക്തരുടെ 50 അടയാളങ്ങൾ

  1. ദൈവഭക്തരായ മനുഷ്യർ ദൈവസന്നിധിയിൽ നിന്നുകൊണ്ട് ദിവസവും അവിടുത്തെ ശബ്ദം കേൾക്കുന്നു.
  2. ദൈവഭക്തരായ മനുഷ്യരുടെ ഹൃദയത്തിൽ ദൈവത്തോടല്ലാതെ മറ്റാരോടും യാതൊന്നിനോടും ആഗ്രഹമില്ല.
  3. ദൈവഭക്തരായ മനുഷ്യർ ദൈവത്തെ അത്യധികം ഭയപ്പെടുന്നു, അവർ എല്ലാ രൂപത്തിലുമുള്ള പാപത്തെ വെറുക്കുകയും തങ്ങളുടെ എല്ലാ വഴികളിലും നീതിയെയും സത്യത്തെയും സ്നേഹിക്കുകയും ചെയ്യുന്നു.
  4. ദൈവഭക്തരായ മനുഷ്യർ കോപത്തെയും ലൈംഗിക പാപ ചിന്തകളെയും ജയിച്ചിരിക്കുന്നു. ചിന്തയിലോ മനോഭാവത്തിലോ പോലും പാപം ചെയ്യുന്നതിനെക്കാൾ മരിക്കുന്നതാണ് നല്ലതെന്ന് അവർ കരുതുന്നു.
  5. ദൈവഭക്തരായ മനുഷ്യർക്ക് അനുദിനം കുരിശ് എടുത്തു പൂർണതയിലേക്ക് ആയുന്ന ഒരു ജീവിതശൈലിയുണ്ട്, കൂടാതെ ഭയത്തോടും വിറയലോടുംകൂടെ തങ്ങളുടെ സ്വന്തരക്ഷയ്ക്കായി നിരന്തരം പ്രവർത്തിക്കുന്നു.
  6. ദൈവഭക്തരായ മനുഷ്യർ പരിശുദ്ധാത്മാവിനാൽ നിറഞ്ഞവരാണ്. അങ്ങനെ അവർ സ്നേഹത്തിൽ വേരൂന്നിയവരും സ്നേഹത്തിൽ അധിഷ്ഠിതരുമാണ്. മറ്റൊരു വ്യക്തിയോടുള്ള സ്‌നേഹരഹിതമായ മനോഭാവത്തിലേക്ക് അവരെ നയിക്കാൻ യാതൊന്നിനും കഴിയില്ല, എത്ര വലിയ പ്രകോപനത്തിനുപോലും.
  7. ദൈവഭക്തരായ മനുഷ്യർ താഴ്മയിൽ അടിയുറച്ചിരിക്കുന്നു. മനുഷ്യസ്തുതിയോ ആത്മീയ വളർച്ചയോ ദൈവിക അംഗീകാരമുള്ള ശുശ്രൂഷയോ മറ്റെന്തെങ്കിലുമോ, തങ്ങൾ എല്ലാ വിശ്വാസികളിലും ഏറ്റവും ചെറിയവരാണെന്ന ബോധ്യത്തിൽ നിന്ന് അവരെ പിന്മാറ്റുകയില്ല.
  8. ദൈവഭക്തരായ ആളുകൾക്ക് ദൈവ സ്വഭാവത്തെയും ഉദ്ദേശ്യത്തെയും കുറിച്ച് ദൈവവചനത്തിൻ്റെ അടിസ്ഥാനത്തിൽ വ്യക്തമായ ധാരണയുണ്ട്. ആ വചനത്തിൽ അവർ വിറയ്ക്കുന്നു. അതിനാൽ അവർ ചെറിയ കൽപ്പന പോലും ലംഘിക്കുകയോ മറ്റുള്ളവരെ പഠിപ്പിക്കുന്നതിനെ അവഗണിക്കുകയോ ചെയ്യുന്നില്ല.
  9. ദൈവഭക്തരായ മനുഷ്യർ ദൈവത്തിന്റെ മുഴുവൻ ആലോചനകളും വ്യക്തമാക്കുകയും മതപരമായ വേശ്യാവൃത്തിയും തിരുവെഴുത്തിനുവിരുദ്ധമായ മാനുഷിക പാരമ്പര്യങ്ങളും തുറന്നുകാട്ടുകയും ചെയ്യുന്നു.
  10. ദൈവഭക്തരായ മനുഷ്യർക്ക് പരിശുദ്ധാത്മാവിൽ നിന്ന് ദൈവഭക്തിയുടെ രഹസ്യത്തെക്കുറിച്ച് വെളിപ്പാടുണ്ട്. ക്രിസ്തു ജഡത്തിൽ വന്ന് ജഡത്തിലൂടെ പുതിയതും ജീവനുള്ളതുമായ ഒരു വഴി തുറന്നു.
  11. ദൈവഭക്തരായ മനുഷ്യർ ഉത്സാഹമുള്ളവരും കഠിനാധ്വാനികളുമാണ്. മാത്രമല്ല അവർ നർമ്മബോധമുള്ളവരും, വിശ്രമിക്കാനും കുട്ടികളുമായി കളിക്കാനും പ്രകൃതിയിലെ ദൈവത്തിന്റെ നല്ല ദാനങ്ങൾ ആസ്വദിക്കാൻ അറിയാവുന്നവരുമാണ്.
  12. ദൈവഭക്തരായ മനുഷ്യർ സന്ന്യാസികളല്ല. എന്നാൽ അതേ സമയം അച്ചടക്കത്തോടെയുള്ള ജീവിതം നയിക്കുന്നു, ക്ലേശങ്ങളെ ഭയപ്പെടുന്നില്ല.
  13. ദൈവഭക്തരായ ആളുകൾക്ക് വിലകൂടിയ വസ്ത്രങ്ങളിലോ പുറംകാഴ്ചയിലോ താൽപ്പര്യമില്ല. ലാഭകരമല്ലാത്ത പ്രവർത്തനങ്ങളിലോ അനാവശ്യമായി സാധനങ്ങൾ വാങ്ങുന്നതിലോ അവർ പണം പാഴാക്കുകയില്ല.
  14. ദൈവഭക്തരായ മനുഷ്യർ വിലകൂടിയ ഭക്ഷണങ്ങൾക്കായുള്ള അവരുടെ ആഗ്രഹത്തിന്മേൽ നിയന്ത്രണം നേടിയിട്ടുണ്ട്. അവർ സംഗീതത്തിനോ കായിക വിനോദത്തിനോ മറ്റേതെങ്കിലും നിയമാനുസൃതമായ പ്രവർത്തനത്തിനോ പോലും അടിമപ്പെടുന്നില്ല.
  15. ദൈവഭക്തരായ മനുഷ്യർ കഷ്ടത, ക്ലേശങ്ങൾ, തെറ്റായ ആരോപണങ്ങൾ, ശാരീരിക രോഗങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ബന്ധുക്കളുടെയും മതനേതാക്കളുടെയും എതിർപ്പ് എന്നിങ്ങനെയുള്ള അഗ്നിയിലൂടെ കടന്നുപോയി ദൈവത്താൽ വിജയകരമായി ശിക്ഷണം നേടിയിരിക്കുന്നു.
  16. ദൈവഭക്തരായ മനുഷ്യർ കരുണയുള്ളവരാണ്. ഏറ്റവും ദോഷികളായ പാപികളോടും ഏറ്റവും മോശപ്പെട്ട വിശ്വാസികളോടും സഹതപിക്കാനും അവരിൽ പ്രത്യാശ പുലർത്താനും അവർക്കു കഴിയും. കാരണം അവർ തങ്ങളെ പാപികളിൽ പ്രധാനിയായി കണക്കാക്കുന്നു.
  17. ദൈവഭക്തരായ മനുഷ്യർ തങ്ങളുടെ സ്വർഗീയ പിതാവിന്റെ സ്‌നേഹത്തിന്റെ സുരക്ഷിതത്വത്തിൽ ആഴത്തിൽ വേരൂന്നിയിരിക്കുന്നതിനാൽ അവർ ഒരിക്കലും ഒന്നിനെക്കുറിച്ചും ഉത്കണ്ഠപ്പെടുകയോ സാത്താനെയോ ദുഷ്ടന്മാരെയോ ദുഷ്‌കരമായ സാഹചര്യങ്ങളെയോ എന്തിനെയെങ്കിലുമോ ഭയപ്പെടുകയോ ചെയ്യുന്നില്ല.
  18. ദൈവഭക്തരായ മനുഷ്യർ ദൈവത്തിന്റെ വിശ്രമത്തിലേക്ക് പ്രവേശിച്ച്‌, എല്ലാ കാര്യങ്ങളിലുമുള്ള ദൈവത്തിന്റെ പരമാധികാരത്തിൽ വിശ്വസിക്കുന്നു. അതിനാൽ എല്ലാ മനുഷ്യർക്കും വേണ്ടിയും എല്ലാറ്റിനും വേണ്ടിയും എല്ലാ സാഹചര്യങ്ങളിലും എപ്പോഴും അവർ നന്ദി പറയുന്നു.
  19. ദൈവഭക്തരായ ആളുകൾ തങ്ങളുടെ സന്തോഷം ദൈവത്തിൽ മാത്രം കണ്ടെത്തുന്നു. അതിനാൽ എല്ലാ മോശപ്പെട്ട മാനസികാവസ്ഥകളെയും തരണം ചെയ്തുകൊണ്ട് അവർ കർത്താവിന്റെ സന്തോഷത്താൽ നിറഞ്ഞിരിക്കുന്നു.
  20. ദൈവഭക്തരായ മനുഷ്യർക്ക് ജീവനുള്ള ദൈവത്തിൽ വിശ്വാസമുണ്ട്. തങ്ങളിലോ തങ്ങളുടെ സ്വാഭാവിക കഴിവുകളിലോ അവർക്കു യാതൊരു വിശ്വാസവുമില്ല. എന്നാൽ എല്ലാ സാഹചര്യങ്ങളിലും അചഞ്ചല സഹായിയായിരിക്കുന്ന ദൈവത്തിൽ അവർക്കു പൂർണ്ണ വിശ്വാസമുണ്ട്.
  21. ദൈവഭക്തരായ മനുഷ്യർ ജീവിക്കുന്നത് അവരുടെ യുക്തി അനുസരിച്ചല്ല, പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദേശത്താലാണ്.
  22. ദൈവഭക്തരായ മനുഷ്യർ യഥാർത്ഥമായി ക്രിസ്തുവിനാൽ തന്നെ പരിശുദ്ധാത്മാവിലും അഗ്നിയിലും സ്നാനം ഏറ്റവരായിരിക്കും. (അവർ വ്യാജ വൈകാരികതയാലോ ദൈവശാസ്ത്രപരമായ വാദങ്ങളാലോ വഞ്ചിക്കപ്പെട്ടിട്ടില്ല).
  23. ദൈവഭക്തരായ മനുഷ്യർ ആത്മാവിന്റെ അഭിഷേകത്തിൻ കീഴിൽ നിരന്തരം ജീവിക്കുന്നു. അവിടുന്ന് അവർക്ക് നൽകിയ അമാനുഷിക ദാനങ്ങളാൽ അവർ സമ്പന്നരാണ്.
  24. ദൈവഭക്തരായ ആളുകൾക്ക് സഭയെ ക്രിസ്തുവിന്റെ ശരീരമായി (അല്ലാതെ ഒരു വെറും കൂട്ടമോ സംഘടനയോ ആയി അല്ല) പണിയാനുള്ള വെളിപ്പാടുണ്ട്. അവർ ആ സഭയെ പണിയാൻ അവരുടെ എല്ലാ ശക്തികളും ഭൗതിക സമ്പത്തും ആത്മീയ വരങ്ങളും നൽകുന്നു.
  25. ദൈവഭക്തരായ മനുഷ്യർ പരിശുദ്ധാത്മാവിന്റെ സഹായത്താൽ തങ്ങളുടെ നാവുകളെ കടിഞ്ഞാണിടാൻ പഠിച്ചു. അവരുടെ നാവുകൾ ഇപ്പോൾ ദിവ്യവചനത്താൽ ജ്വലിക്കുന്നു.
  26. ദൈവഭക്തരായ മനുഷ്യർ എല്ലാം ഉപേക്ഷിച്ചു – പണത്തിലേക്കോ ഭൗതിക വസ്‌തുക്കളിലേക്കോ കൂടുതൽ ആകർഷിക്കപ്പെടുന്നില്ല. മറ്റുള്ളവരിൽ നിന്നുള്ള സമ്മാനങ്ങൾ അവർ ആഗ്രഹിക്കുന്നില്ല.
  27. ദൈവഭക്തരായ ആളുകൾക്ക് അവരുടെ എല്ലാ ഭൗമിക ആവശ്യങ്ങൾക്കും ദൈവത്തിൽ ആശ്രയിക്കാൻ കഴിയും. അവരുടെ സംഭാഷണത്തിലൂടെയോ കത്തുകളിലൂടെയോ റിപ്പോർട്ടുകളിലൂടെയോ അവരുടെ ഭൗതിക ആവശ്യങ്ങളെക്കുറിച്ച്‌ അറിയിക്കുന്നതിനോ അദ്ധ്വാനത്തെക്കുറിച്ച് അഭിമാനിക്കുന്നതിനോ വേണ്ട സൂചന ഒരിക്കലും നൽകുന്നില്ല.
  28. ദൈവഭക്തരായ മനുഷ്യർ ധാർഷ്ട്യമുള്ളവരല്ല, മറിച്ച് സൗമ്യരും വിമർശിക്കപ്പെടാൻ സന്നദ്ധരുമാണ്. അവർ മുതിർന്നവരും ജ്ഞാനികളുമായ സഹോദരന്മാരാൽ തിരുത്തപ്പെടാൻ ആഗ്രഹിക്കുന്നു.
  29. ദൈവഭക്തരായ മനുഷ്യർക്ക് മറ്റുള്ളവരുടെമേൽ ആധിപത്യം സ്ഥാപിക്കാനോ അവരെ ഉപദേശിക്കാനോ ആഗ്രഹമില്ല (ഉപദേശം നൽകാൻ തയ്യാറാണെങ്കിലും, ആവശ്യപ്പെടുമ്പോൾ മാത്രം അതു നൽകുന്നു). കൂടാതെ ‘മുതിർന്ന’ സഹോദരന്മാരോ നേതാക്കളോ ആയി പരിഗണിക്കപ്പെടാൻ ആഗ്രഹമില്ല. മറിച്ച് എല്ലാവരുടെയും സാധാരണ സഹോദരന്മാരും സേവകരുമായിരിക്കാൻ അവർ ആഗ്രഹിക്കുന്നു.
  30. ദൈവഭക്തരായ ആളുകൾക്ക് മറ്റുള്ളവരോട് ഇണങ്ങിച്ചേരാൻ എളുപ്പമാണ്. അസൗകര്യങ്ങൾ നേരിടാനും അവ പ്രയോജനപ്പെടുത്താനും അവർ തയ്യാറാണ്.
  31. ദൈവഭക്തരായ മനുഷ്യർ കോടീശ്വരൻ, യാചകൻ, വെളുത്ത തൊലിയുള്ളവൻ, കറുത്ത തൊലിയുള്ളവൻ, ബുദ്ധിജീവി, സാധാരണക്കാരൻ, സംസ്കാരമുള്ളവൻ, അപരിഷ്കൃതൻ എന്നിങ്ങനെ ഒരു തരം തിരിവും കാണിക്കില്ല. എല്ലാവരോടും ഒരുപോലെ പെരുമാറും.
  32. ദൈവഭക്തരായ മനുഷ്യരെ ഒരിക്കലും ക്രിസ്തുവിനോടുള്ള അവരുടെ ഭക്തിയിലോ ദൈവകല്പനകളോടുള്ള അനുസരണത്തിലോ ആരും (അവരുടെ ഭാര്യയോ മക്കളോ ബന്ധുക്കളോ സുഹൃത്തുക്കളോ മറ്റാരെങ്കിലുമോ) അൽപ്പം പോലും തണുപ്പിക്കുകയില്ല.
  33. ദൈവഭക്തരായ മനുഷ്യരെ സാത്താൻ വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും പ്രതിഫലം (ബഹുമാനമോ പണമോ മറ്റെന്തെങ്കിലുമോ) വാങ്ങത്തക്കവണ്ണം വിട്ടുവീഴ്ച ചെയ്യാൻ ഒരിക്കലും പ്രേരിപ്പിക്കാനാവില്ല.
  34. ദൈവഭക്തരായ മനുഷ്യർ ക്രിസ്തുവിന്റെ നിർഭയ സാക്ഷികളാണ്, മതത്തലവന്മാരെയോ മതേതര തലവന്മാരെയോ അവർ ഭയപ്പെടുന്നില്ല.
  35. ദൈവഭക്തരായ മനുഷ്യർക്ക് ഭൂമുഖത്തുള്ള ഒരു മനുഷ്യനെയും പ്രസാദിപ്പിക്കാൻ ആഗ്രഹമില്ല, മാത്രമല്ല ദൈവത്തെ മാത്രം പ്രസാദിപ്പിക്കുന്നതിനായി ആവശ്യമെങ്കിൽ എല്ലാ മനുഷ്യരെയും മുറിപ്പെടുത്താൻ അവർ തയ്യാറാണ്.
  36. ദൈവഭക്തരായ മനുഷ്യർ എപ്പോഴും ദൈവത്തിന്റെ മഹത്വവും ദൈവഹിതവും ദൈവരാജ്യവും അന്വേഷിക്കുന്നു. കേവലം മാനുഷിക ആവശ്യത്തിനും സ്വന്തം സുഖത്തിനും വേണ്ടിയുള്ള അന്വേഷണങ്ങളില്ല.
  37. ദൈവത്തിനുവേണ്ടി ‘ചത്ത പ്രവൃത്തികൾ’ ചെയ്യാൻ ദൈവഭക്തരായ മനുഷ്യരുടെമേൽ സമ്മർദ്ദം ചെലുത്താൻ മറ്റുള്ളവർക്കോ അവരുടെ സ്വന്തം കാരണങ്ങൾക്കോ കഴിയുകയില്ല, എന്നാൽ അവരുടെ ജീവിതത്തിൽ വെളിപ്പെടുത്തപ്പെട്ട ദൈവഹിതം മാത്രം ചെയ്യാൻ അവർ ഉത്സുകരും അതിൽ സംതൃപ്തരുമാണ്.
  38. ദൈവഭക്തരായ മനുഷ്യർക്ക് ക്രൈസ്തവ വേലയിൽ ദേഹിപരമായതും ആത്മീയമായതും തമ്മിൽ വേർതിരിച്ചറിയാൻ ആത്മാവിന്റെ വിവേചനം ഉണ്ട്.
  39. ദൈവഭക്തരായ മനുഷ്യർ കാര്യങ്ങളെ കാണുന്നത് സ്വർഗീയ വീക്ഷണകോണിൽ നിന്നാണ്, അല്ലാതെ ഭൗമിക കാഴ്ചപ്പാടിലല്ല.
  40. ദൈവഭക്തരായ മനുഷ്യർ ദൈവത്തിനുവേണ്ടിയുള്ള തങ്ങളുടെ അധ്വാനത്തിന് ലഭിക്കുന്ന എല്ലാ ഭൗമിക ബഹുമതികളും സ്ഥാനപ്പേരുകളും നിരസിക്കും.
  41. ദൈവഭക്തരായ മനുഷ്യർക്ക് ഇടവിടാതെ പ്രാർത്ഥിക്കാനും ഉപവസിക്കാനും ആവശ്യമുള്ളപ്പോൾ ആ കാര്യത്തിനായി പ്രത്യേകം പ്രാർത്ഥിക്കാനും അറിയാം.
  42. ദൈവഭക്തരായ ആളുകൾ ഉദാരമായും സന്തോഷത്തോടെയും രഹസ്യമായും ജ്ഞാനത്തോടെയും നൽകാൻ പഠിച്ചവരാണ്.
  43. ദൈവഭക്തരായ മനുഷ്യർ എല്ലാ മനുഷ്യർക്കും വേണ്ടി ‘എല്ലാം ആകാൻ’ തയ്യാറാണ്. അങ്ങനെ അവർ എല്ലാവിധത്തിലും ചിലരെ രക്ഷിക്കും.
  44. ദൈവഭക്തരായ ആളുകൾക്ക് മറ്റുള്ളവരെ രക്ഷയിലേക്കുകൊണ്ടുവരാൻ മാത്രമല്ല, ക്രിസ്തുവിന്റെ ശിഷ്യന്മാരാക്കാനും ആഗ്രഹമുണ്ട്.
  45. എല്ലായിടത്തും ദൈവത്തിനായി ഒരു ശുദ്ധസാക്ഷ്യം ഉണ്ടാകുന്നത് കാണാൻ ദൈവഭക്തരായ മനുഷ്യർക്ക് ആഗ്രഹമുണ്ട്.
  46. ദൈവഭക്തരായ മനുഷ്യർക്ക് സഭയിൽ ക്രിസ്തുവിനെ മഹത്വപ്പെടുത്തുന്നത് കാണാൻ ജ്വലിക്കുന്ന അഭിനിവേശമുണ്ട്.
  47. ദൈവഭക്തരായ മനുഷ്യർ ഒരു കാര്യത്തിലും സ്വന്തം കാര്യം അന്വേഷിക്കുന്നില്ല.
  48. ദൈവഭക്തരായ ആളുകൾക്ക് ആത്മീയ അധികാരവും ആത്മീയ മാന്യതയും ഉണ്ട്.
  49. ദൈവഭക്തരായ മനുഷ്യർ ആവശ്യമെങ്കിൽ ഈ ലോകത്തിൽ ദൈവത്തിനു വേണ്ടി മാത്രം നിൽക്കും.
  50. ദൈവഭക്തരായ മനുഷ്യർ പഴയകാലത്തെ അപ്പോസ്തലന്മാരെയും പ്രവാചകന്മാരെയും പോലെ തികച്ചും വിട്ടുവീഴ്ചയില്ലാത്തവരായിരിക്കും.

ലോകത്തിൽ ദൈവത്തിന്റെ പ്രവൃത്തി ഇന്ന് കുറവാണ്, കാരണം മുകളിൽ പറഞ്ഞതു പോലെ മൗലികമായ നിലപാടുള്ള മനുഷ്യർ ഇന്ന് എണ്ണത്തിൽ കുറവാണ്. പാപവും വ്യഭിചാരവും നിറഞ്ഞ തലമുറയ്‌ക്കും വിട്ടുവീഴ്‌ച ചെയ്യുന്ന ക്രൈസ്തവലോകത്തിനുമിടയിൽ നിങ്ങൾ ദൈവത്തിനുവേണ്ടി അത്തരമൊരു മനുഷ്യനാകുമെന്ന് പൂർണ്ണഹൃദയത്തോടെ ദൃഢനിശ്ചയം ചെയ്യുക.

ദൈവത്തിന് പക്ഷപാതമില്ലാത്തതിനാൽ, നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ, അത്തരമൊരു മനുഷ്യനാകാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ജീവിതത്തിന്റെ ബോധമണ്ഡലത്തിൽ മാത്രമേ ദൈവം പ്രതിബദ്ധതയും അനുസരണവും ആവശ്യപ്പെടുന്നുള്ളൂ എന്നതിനാൽ, നിങ്ങളുടെ ജീവിതത്തിന്റെ ബോധമണ്ഡലം പരിമിതമാണെങ്കിലും നിങ്ങൾക്ക് അത്തരമൊരു മനുഷ്യനാകാൻ കഴിയും. (നിങ്ങൾ വെളിച്ചത്തിൽ നടക്കുകയും പൂർണതയിലേക്ക് ആയുകയും ചെയ്യുമ്പോൾ ആ മണ്ഡലം വികസിച്ചുകൊണ്ടിരിക്കും). നിങ്ങൾക്ക് അത്തരമൊരു മനുഷ്യനാകാൻ കഴിയാത്തതിന് ഒരു ന്യായീകരണവുമില്ല.

നിങ്ങളുടെ ജഡത്തിൽ നല്ലതൊന്നും വസിക്കാത്തതിനാൽ, മുകളിൽ പറഞ്ഞിരിക്കുന്ന സദ്ഗുണങ്ങൾ ലഭിക്കുന്നതിന് ദൈവത്തിൽ നിന്നുള്ള കൃപ തേടുക. ഈ യുഗത്തിന്റെ അവസാന നാളുകളിൽ അവൻ നിങ്ങളെ തന്റെ പരിശുദ്ധാത്മാവിനാൽ നിറയ്‌ക്കണമെന്നും അത്തരമൊരു മനുഷ്യനാകാൻ കൃപ നൽകണമെന്നും ദിവസവും ദൈവത്തോട് നിലവിളിക്കുക.