അപ്പൊസ്തലനായ യോഹന്നാൻ്റെ അത്ഭുതകരമായ അഞ്ചു സവിശേഷ ഗുണങ്ങൾ – WFTW 10 ഏപ്രിൽ 2022

സാക് പുന്നന്‍

1.അദ്ദേഹം യേശുവിൻ്റെ ഒരു കെട്ടപ്പെട്ട അടിമ ആയിരുന്നു:

വെളിപ്പാട് 1:1ൽ നാം ഇങ്ങനെ വായിക്കുന്നു- യേശുക്രിസ്തുവിൻ്റെ വെളിപ്പാട്: വേഗത്തിൽ സംഭവിപ്പാനുള്ളത് തൻ്റെ ദാസന്മാരെ (കെട്ടപ്പെട്ട അടിമകളെ) കാണിക്കേണ്ടതിന് ദൈവം അത് അവിടുത്തേക്കു കൊടുത്തു. അവിടുന്ന് അത് തൻ്റെ ദൂതൻ മുഖാന്തരം അയച്ച് തൻ്റെ ദാസനായ (കെട്ടപ്പെട്ട അടിമയായ) യോഹന്നാനു പ്രദർശിപ്പിച്ചു. ഈ വെളിപ്പാട് ക്രിസ്തുവിൻ്റെ കെട്ടപ്പെട്ട അടിമകൾക്കു നൽകപ്പെട്ടതാണ്. എല്ലാവർക്കും വേണ്ടിയുള്ളതല്ല. അത് മനസ്സോടെ ക്രിസ്തുവിൻ്റെ കെട്ടപ്പെട്ട അടിമകളായിട്ടുള്ളവർക്കു വേണ്ടി മാത്രമുള്ളതാണ്. കൂലി നൽകപ്പെടുന്ന ഒരു വേലക്കാരനും ഒരു അടിമയും തമ്മിൽ ഒരു വ്യത്യാസമുണ്ട്. ഒരു വേലക്കാരൻ കൂലിക്കു വേണ്ടി ജോലി ചെയ്യുന്നു. എന്നാൽ ഒരു അടിമ അവൻ്റെ യജമാനൻ്റെ വകയാണ്, എന്തു തന്നെ ആയാലും അവനു തൻ്റേതായ ഒരവകാശവും ഇല്ല. അപ്പോൾ ആരാണ് കർത്താവിൻ്റെ കെട്ടപ്പെട്ട അടിമകൾ? തങ്ങളുടെ എല്ലാ സ്വന്ത പദ്ധതികളും, അഭിലാഷങ്ങളും, അവകാശങ്ങളും സന്തോഷത്തോടെ ഉപേക്ഷിച്ചു കളഞ്ഞിട്ട്, ഇപ്പോൾ തങ്ങളുടെ ജീവിതത്തിൻ്റെ ഓരോ മേഖലയിലും ദൈവത്തിൻ്റെ ഇഷ്ടം മാത്രം ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. അത്തരം വിശ്വാസികൾ മാത്രമാണ് യഥാർത്ഥ കെട്ടപ്പെട്ട അടിമകൾ. കർത്താവിന് അനേകം വേലക്കാരുണ്ട്, എന്നാൽ മനസ്സുവച്ചിട്ടുള്ള കെട്ടപ്പെട്ട അടിമകൾ വളരെ കുറച്ചു മാത്രമാണ്. ദൈവത്തിൻ്റെ വചനം കൃത്യമായി മനസ്സിലാക്കാൻ കഴിയുന്നത് അവിടുത്തെ കെട്ടപ്പെട്ട അടിമകൾക്കു മാത്രമാണ്. മറ്റുള്ളവർക്ക് അത് ബുദ്ധിപരമായി പഠിക്കുവാൻ കഴിഞ്ഞേക്കാം, ഒരാൾ ഒരു പാഠപുസ്തകം പഠിക്കുന്നതു പോലെ. എന്നാൽ അതിൽ മറച്ചു വച്ചിരിക്കുന്ന ആത്മീയ യാഥാർത്ഥ്യങ്ങൾ ഗ്രഹിക്കുവാൻ അവർക്ക് ഒരിക്കലും കഴിയില്ല. യോഹന്നാൻ 7:17 ൽ യേശു അതു വ്യക്തമാക്കിയിരിക്കുന്നത്, ദൈവ ഹിതം അനുസരിക്കുന്നതിലൂടെ മാത്രമേ ഒരുവനു സത്യം അറിയാൻ കഴിയൂ എന്നാണ്.

2.അവസാനം വരെ അദ്ദേഹം ഒരു സഹോദരനായി നില നിന്നു :

വെളിപ്പാട് 1:9ൽ നാം വായിക്കുന്നത്: നിങ്ങളുടെ സഹോദരനും യേശുവിൻ്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാൻ എന്ന ഞാൻ ദൈവവചനവും യേശുവിൻ്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപിൽ ആയിരുന്നു എന്നാണ്. ഇവിടെ യോഹന്നാൻ തന്നെ തന്നെ “നിങ്ങളുടെ സഹോദരൻ” എന്നു വിളിക്കുന്നതായാണ് നാം വായിക്കുന്നത്. യേശു തെരഞ്ഞെടുത്ത പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ആ സമയത്തു ജീവിച്ചിരുന്ന ഒരേ ഒരാൾ യോഹന്നാൻ മാത്രമായിരുന്നു. പത്മൊസ് ദ്വീപിൽ വച്ച് കർത്താവ് അദ്ദേഹത്തിനു വെളിപ്പാട് നൽകിയപ്പോൾ അദ്ദേഹത്തിന് ഏതാണ്ട് 95 വയസു പ്രായമുണ്ടായിരുന്നു. അപ്പോൾ അദ്ദേഹം 65 വർഷങ്ങളിലേറെ ദൈവത്തോടു കൂടെ നടന്നിട്ടുണ്ട്. എങ്കിലും അദ്ദേഹം അപ്പോഴും ഒരു സഹോദരൻ തന്നെ ആയിരുന്നു. അദ്ദേഹം ഒരു യോഹന്നാൻ മാർപാപ്പയോ, അല്ലെങ്കിൽ റവറൻ്റ് യോഹന്നാനോ ഒന്നും ആയിരുന്നില്ല. അദ്ദേഹം പാസ്റ്റർ യോഹന്നാൻ പോലും ആയിരുന്നില്ല! അദ്ദേഹം കേവലം ഒരു സാധാരണ സഹോദരൻ ആയിരുന്നു. എല്ലാ സ്ഥാനപ്പേരും ഒഴിവാക്കി തങ്ങളെ തന്നെ എല്ലായ്പ്പോഴും സഹോദരന്മാർ എന്നു മാത്രമേ സൂചിപ്പിക്കാവു എന്ന് യേശു തൻ്റെ ശിഷ്യന്മാരെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു (മത്താ. 23:8-11). ഇന്നുള്ള മറ്റനേകം പേരെ പോലെയല്ല, അപ്പൊസ്തലന്മാർ അത് അക്ഷരാർത്ഥത്തിൽ തന്നെ അനുസരിച്ചു. നമുക്കു തലയും നേതാവും ഒരു വനേയുള്ളു- അതു ക്രിസ്തു മാത്രം. നമ്മിൽ ശേഷം എല്ലാവരും സഹോദരന്മാരാണ്, സഭയിൽ നമ്മുടെ ശുശ്രൂഷയോ, അനുഭവ പരിചയമോ എന്തു തന്നെ ആയാലും

3.അദ്ദേഹം ആത്മാവിൽ ആയിരുന്നു :

വെളിപ്പാട് 1:9,10 ൽ നാം കാണുന്നത് യോഹന്നാൻ “ആത്മാവിൽ ആയിരുന്നു” എന്നാണ്. അതുകൊണ്ടാണ് അദ്ദേഹം കർത്താവിൻ്റെ ശബ്ദം കേട്ടത്. നാം ആത്മാവിൽ ആണെങ്കിൽ- നമുക്കും ആ ശബ്ദം കേൾക്കാൻ കഴിയും. നമ്മുടെ മനസ്സ് എവിടെ ഉറപ്പിച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് എല്ലാ കാര്യങ്ങളും ആയിരിക്കുന്നത്. നമ്മുടെ മനസ്സ് ഭൂമിയിലെ കാര്യങ്ങളിലാണ് ഉറപ്പിച്ചിരിക്കുന്നതെങ്കിൽ, അപ്പോൾ നാം കേൾക്കുന്ന ശബ്ദങ്ങൾ ഭൗമിക കാര്യങ്ങൾ സംബന്ധിച്ചുള്ളതായിരിക്കും.

4.അദ്ദേഹം വിനീതനായ ഒരു സഹോദരനായിരുന്നു :

വെളിപ്പാട് 1:7ൽ നാം കാണുന്നത്, അന്ത്യ അത്താഴത്തിൻ്റെ സമയത്ത് യേശുവിൻ്റെ മാർവ്വിൽ ചാരിയിരുന്ന യോഹന്നാൻ ഇപ്പോൾ അവിടുത്തെ പാദങ്ങളിൽ മരിച്ച ഒരുവനെ പോലെ വീഴുന്നതാണ്. യോഹന്നാൻ 65 വർഷം ദൈവത്തോടു കൂടെ നടന്നു. ആ സമയത്തുണ്ടായിരുന്നവരിൽ ഏറ്റവും വിശുദ്ധനായിരുന്നു അദ്ദേഹം എന്ന കാര്യത്തിൽ സംശയമില്ലായിരുന്നു. എന്നിട്ടും അദ്ദേഹത്തിന് കർത്താവിൻ്റെ സന്നിധിയിൽ നിവർന്നു നിൽക്കാൻ കഴിഞ്ഞില്ല. കർത്താവിനെ ഏറ്റവുമധികം അറിയുന്നവർ, അവിടുത്തെ ഏറ്റവുമധികം ഭയപ്പെട്ട് ബഹുമാനിക്കും. അവിടുത്തെ ഏറ്റവും കുറച്ച് അറിയുന്നവർ, അവിടുത്തോട് വില കുറഞ്ഞ ഒരു പരിചയം ഉണ്ടെന്നു ഭാവിക്കും. സ്വർഗ്ഗത്തിലെ സെറാഫുകൾ യഹോവയുടെ മുമ്പിൽ തങ്ങളുടെ മുഖം മൂടുന്നു (യെശ.6:2,3). ഇയ്യോബും യെശയ്യാവും ദൈവത്തിൻ്റെ മഹത്വം കണ്ടപ്പോൾ, അവർ തങ്ങളുടെ പാപകരമായ അവസ്ഥ കണ്ട് നിലവിളിച്ചു (ഇയ്യോബ് 42:5,6, യെശയ്യാവ് 6:5). എന്നാൽ “ദൂതന്മാർ കയറി ചെല്ലാൻ ഭയപ്പെടുന്ന ഇടത്തേക്ക് മൂഢന്മാർ തള്ളിക്കയറുന്നു”!! ജഡികനായ വിശ്വാസിയുടെ വിഡ്ഢിത്തം അങ്ങനെയാണ്. നാം കർത്താവിനെ കൂടുതൽ അറിയുന്തോറും, കൂടുതൽ അത്ഭുതത്തോടെ ആരാധിച്ചു കൊണ്ട്, നമ്മുടെ മുഖത്തെ പൊടിയിൽ താഴ്ത്തി അവിടുത്തെ പാദത്തിങ്കൽ നാം വീഴും. നാം കർത്താവിൻ്റെ തേജസ്സ് സ്ഥിരമായി കാണുന്നെങ്കിൽ മാത്രമെ, നാം നമ്മുടെ തന്നെ ക്രിസ്തു തുല്യമല്ലാത്ത കാര്യങ്ങൾ കാണുകയുള്ളു. അപ്പോൾ മാത്രമെ നാം മറ്റുള്ളവരെ വിധിക്കുന്നതു നിർത്തിയിട്ട് നമ്മെ തന്നെ വിധിക്കാൻ തുടങ്ങുകയുള്ളു. അപ്പോൾ മാത്രമെ പത്മൊസിൽ വച്ച് യോഹന്നാൻ അനുഭവിച്ച, അവിടുത്തെ സ്പർശന ശക്തി നമുക്കും അനുഭവിക്കാൻ കഴിയുകയുള്ളു.

5.അദ്ദേഹം കഷ്ടതകളിലൂടെ കടന്നു പോയി :

വെളിപ്പാട് 1:9ൽ യോഹന്നാൻ തന്നെത്തന്നെ “യേശുവിൻ്റെ കഷ്ടതയിലെ ഒരു കൂട്ടാളിയായി” പരാമർശിച്ചിരിക്കുന്നു. യേശുവിൻ്റെ ഓരോ പൂർണ്ണഹൃദയ വിശ്വാസിയും താൻ ലോകത്തിലായിരിക്കുന്ന കാലത്തോളം “യേശുവിൻ്റെ കഷ്ടതയിൽ” പങ്കാളികളാകാൻ ഒരുക്കമുള്ളവരായിരിക്കണം. യോഹന്നാന് ഈ വെളിപ്പാട് ലഭിച്ചത് സുഖത്തോടെ ജീവിച്ചപ്പോഴല്ല. “ദൈവവചനത്തോടും യേശുവിൻ്റെ സാക്ഷ്യത്തോടും” (വെളി. 1:9) വിശ്വസ്തനായിരുന്നതു നിമിത്തം താൻ പത്മൊസിൽ കഷ്ടത അനുഭവിച്ചപ്പോഴാണ് അദ്ദേഹം അതു പ്രാപിച്ചത്. അന്ത്യനാളുകളിൽ വിശുദ്ധന്മാർ എതിർ ക്രിസ്തുവിൽ നിന്നു കഷ്ടത അനുഭവിക്കുന്നതിനെ കുറിച്ച് എഴുതേണ്ടതിന്, അദ്ദേഹത്തിനു തന്നെ കഷ്ടത അനുഭവിക്കേണ്ടിയിരുന്നു. കഷ്ടതകൾ അനുസരിക്കുന്നവർക്ക് വേണ്ടി നമുക്കൊരു ശുശ്രൂഷ നൽകുന്നതിനു മുമ്പ് ദൈവം നമ്മെ ആദ്യം ശോധനകളിലൂടെയും കഷ്ടതകളിലൂടെയും കടത്തികൊണ്ടു പോകുന്നു.

What’s New?