നമ്മുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറുന്നത് – WFTW 11 ജനുവരി 2015

സാക് പുന്നന്‍

   

`എങ്കിലും എനിക്കു ലാഭമായിരുന്നതൊക്കെയും ഞാന്‍ ക്രിസ്തു നിമിത്തം ചേതം എന്നെണ്ണിയിരിക്കുന്നു. അത്രയുമല്ല എന്റെ കര്‍ത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠത നിമിത്തം ഞാന്‍ ഇപ്പോഴും എല്ലാം ചേതം എന്ന് എണ്ണുന്നു. ഞാന്‍ ക്രിസ്തുവിനെ നേടേണ്ടതിനും ന്യായപ്രമാണത്തില്‍ നിന്നുള്ള എന്റെ സ്വന്ത നീതിയല്ല ക്രിസ്തുവിങ്കലുള്ള വിശ്വാസം മൂലം ദൈവം വിശ്വസിക്കുന്നവര്‍ക്കു നല്‍കുന്ന നീതി തന്നെ ലഭിച്ച് അവനില്‍ ഇരിക്കേണ്ടതിനും അവന്റെ മരണത്തോട് അനുരൂപപ്പെട്ടിട്ട് അവനെയും അവന്റെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അവന്റെ കഷ്ടാനുഭവങ്ങളുടെ കൂട്ടായ്മയെയും അനുഭവിച്ചറിയേണ്ടതിനും ഇങ്ങനെ വല്ല വിധേനയും മരിച്ചവരുടെ ഇടയില്‍ നിന്നുള്ള പുനരുത്ഥാനം പ്രാപിക്കേണം എന്നു വച്ചും ഞാന്‍ അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറ് എന്ന് എണ്ണുന്നു. ലഭിച്ചു കഴിഞ്ഞു എന്നോ, തികഞ്ഞവനായി എന്നോ അല്ല. ഞാന്‍ ക്രിസ്തുയേശുവിനാല്‍ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്കും പിടിക്കാമോ എന്നു വച്ചു പിന്തുടരുന്നതേയുള്ളു. സഹോദരന്മാരേ, ഞാന്‍ പിടിച്ചിരിക്കുന്നു എന്നു നിരൂപിക്കുന്നില്ല. ഒന്നു ഞാന്‍ ചെയ്യുന്നു പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ട് ക്രിസ്തുയേശുവില്‍ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്കു ഓടുന്നു” (ഫിലി. 3:7–14).

ഈ വാക്കുകള്‍, ക്രിസ്തീയ പാതയില്‍ ഓട്ടം ആരംഭിച്ച ഉത്സാഹഭരിതനായ ഒരു യുവാവിനാല്‍ എഴുതപ്പെട്ടവയല്ല. തന്റെ സമ്പന്നവും, നിറവുള്ളതുമായ ഒരു ജീവിതത്തിന്റെ അവസനത്തിലേക്കു നീങ്ങുന്ന പക്വതയുള്ള ഒരു ക്രിസ്ത്യാനിയുടെ സാക്ഷ്യമാണ് ഇത്. പൌലൊസിന്റെ മാനസാന്തരം നടന്നിട്ട് 30 വര്‍ഷം കഴിഞ്ഞു. ആ വര്‍ഷങ്ങളില്‍, അത്ഭുതങ്ങളാലും അടയാളങ്ങളാലും അദ്ദേഹത്തിന്റെ ശുശ്രൂഷയ്ക്കു ശക്തമായി സാക്ഷ്യം നിന്നുകൊണ്ട് ദൈവം അദ്ദേഹത്തെ അനേകം സഭകള്‍ സ്ഥാപിക്കുന്നതിന് ഉപയോഗിച്ചു. തുടക്കം മുതല്‍ പരിമിതിയില്ലാതെ സുവിശേഷത്തിന്റെ വേല ചെയ്യുന്നതില്‍ പൌലൊസ് തന്നെത്തന്നെ ചെലവഴിച്ചു. അതിനുവേണ്ടി നിരന്തരമായി യാത്ര ചെയ്യുകയും വലിയ കഷ്ടപ്പാടുകള്‍ സഹിക്കുകയും ചെയ്തു. തന്റെ കര്‍ത്താവിന്റെ സാദൃശ്യത്തില്‍ വളരുംതോറും അദ്ദേഹം, പാപത്തിന്മേലുള്ള വിജയത്തിന്റെ യാഥാര്‍ത്ഥ്യം അറിയാനിടയായിട്ടുണ്ട്. കൂടാതെ തന്റെ അനേക സന്തോഷങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് താന്‍ എഴുതിയിട്ടുള്ളതുപോലെ, ആത്മീയ സത്യത്തിന്റെ അസാമാന്യമായ വെളിപ്പാടുകള്‍ പ്രാപിക്കുവാന്‍, മൂന്നാം സ്വര്‍ഗ്ഗത്തോളം എടുക്കപ്പെട്ട ഒരനുഭവവും ഉണ്ടായിട്ടുണ്ട്.

എന്നിട്ടും ഇതിന്റെ എല്ലാം അവസാനം, അദ്ദേഹം പറയുന്നത്, തന്റെ ജീവിതത്തിനുവേണ്ടി ദൈവം ഉദ്ദേശിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും ഇതുവരെ താന്‍ പ്രാപിച്ചിട്ടില്ല എന്നാണ്. ഇവിടെ എല്ലാ കാലത്തുമുള്ള മഹാന്മാരായ ക്രിസ്ത്യാനികളില്‍ ഒരാളായവന്‍ തന്റ ജീവിതത്തിന്റെ അവസാനത്തോടടുത്ത സമയത്തു പറയുകയാണ് തനിക്ക് ഇപ്പോഴും ആ ലക്ഷ്യത്തിലേക്ക് ആയേണ്ട ആവശ്യമുണ്ട് എന്ന്. അത്ഭുതമെന്നു പറയട്ടെ, അധികം വിശ്വാസികള്‍ക്കും വീണ്ടും ജനനത്തോടെ രക്ഷ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. തന്നെയുമല്ല അത് ദൈവീക ന്യായവിധിയില്‍ നിന്നുള്ള രക്ഷപെടല്‍ ഉറപ്പാക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ അപ്പൊസ്തലന് അങ്ങനെ അല്ലായിരുന്നു, അദ്ദേഹത്തെപ്പോലെ ഒരു യഥാര്‍ത്ഥ ശിഷ്യനായിരിക്കാന്‍ പരിശ്രമിക്കുന്ന ആര്‍ക്കും തന്നെ അത് അങ്ങനെ അല്ലായിരുന്നു. ഇവിടെ ഈ വേദഭാഗത്ത്, കര്‍ത്താവ് തന്നെ പിടിച്ചിരിക്കുന്നത് ഒരു ഉദ്ദേശ്യത്തോടു കൂടിയാണ് എന്ന് അദ്ദേഹത്തിന്റെ ഉറച്ച വിശ്വാസം താന്‍ പ്രഖ്യാപിക്കുന്നു. അതിനു പകരമായി അദ്ദേഹം, ആ ഉദ്ദേശ്യത്തെ, എന്തു വില കൊടുത്തും, മുറുകെ പിടിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു. രക്ഷിക്കപ്പെടുന്ന സമയത്ത് കര്‍ത്താവ് നമ്മെ മുറുകെ പിടിക്കുമ്പോള്‍, അതു നമ്മുടെ ആത്മാക്കളെ നരകാഗ്‌നിയില്‍ നിന്നു രക്ഷിച്ചു സ്വര്‍ഗ്ഗത്തിലാക്കാന്‍ വേണ്ടി മാത്രമുള്ള ഒരു കാര്യത്തിനേക്കാള്‍ വളരെ വളരെ അപ്പുറത്തേക്കു നീങ്ങിയിരിക്കുന്ന ഒരു ഉദ്ദേശത്തോടു കൂടെയാണ്. അപ്പൊസ്തലനായ പൌലൊസിനെപ്പോലെ ഇത്ര പക്വമതിയായ ഒരു മനുഷ്യന്‍ തന്റെ 30 വര്‍ഷത്തെ അക്ഷീണ ക്രിസ്തീയ സേവനത്തിനു ശേഷം, ഇപ്പോഴും താന്‍ ദൈവത്തിനു തന്റെ ജീവിതത്തിനുവേണ്ടിയുള്ള ഉദ്ദേശ്യം എല്ലാം നേടിയിട്ടില്ല എന്നാല്‍ ഇപ്പോഴും അതു നിറവേറ്റേണ്ടതിനായി താന്‍ പ്രയത്‌നിക്കേണ്ടിയിരിക്കുന്നു എന്നു പറയേണ്ടി വന്നെങ്കില്‍, ആ ഉദ്ദേശ്യം എത്ര ബൃഹത്തായ ഒരു കാര്യമായിരിക്കണം.

ഈ വേദഭാഗത്തില്‍ പൌലൊസ് കൂറെക്കൂടി മുന്നോട്ടു പോകുന്നു. ദൈവത്തിന്റെ ഉദ്ദേശ്യത്തെ മനസ്സിലാക്കുന്നതും അതിനെ നിറവേറ്റുന്നതുമായ പരമമായ ലക്ഷ്യത്തോട് താരതമ്യം ചെയ്യുമ്പോള്‍ ലോകം വിലയുള്ളതെന്നു കരുതുന്നതെല്ലാം അദ്ദേഹത്തിനു ചപ്പും ചവറുമാണ്. ലോകത്തിലുള്ളതെല്ലാം ഇതിനുവേണ്ടി ഉപേക്ഷിക്കുവാന്‍ തക്കവണ്ണം വിലയുള്ളതാണ് അതെന്ന് അദ്ദേഹം കരുതുന്നു (ഫിലി. 3:14). നാം ചുറ്റും നോക്കുമ്പോള്‍ വിശ്വാസികള്‍ ലൌകീക സമ്പത്തിനായി ആഗ്രഹിക്കുകയും, ഭൌതീക വസ്തുക്കളോട് പറ്റിച്ചേര്‍ന്നിരിക്കുകയും, ദൈവീക കാര്യങ്ങളെക്കാള്‍ അവരുടെ ജീവിതങ്ങളില്‍ ഇവയ്ക്കു ഒരു വലിയ സ്ഥാനം നല്‍കുകയും ചെയ്യുന്നതു കാണുമ്പോള്‍ അവരുടെ ക്രിസ്തീയത പൌലൊസിന്റേതില്‍ നിന്ന് വളരെ മാറിയിരിക്കുന്നു എന്ന നിഗമനത്തിലെത്തിച്ചേരാന്‍ നാം നിര്‍ബന്ധിതരാകുന്നു.

രക്ഷയെക്കുറിച്ച്, നരകാഗ്‌നിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരു ഇന്‍ഷ്വറന്‍സ് പോളിസിയായി മാത്രം ചിന്തിക്കുന്നത് ആത്മീയ ശൈശവത്തിന്റെ ഒരടയാളമാണ്. നാം ആത്മീയമായി പക്വതയുള്ളവരാകുമ്പോള്‍, ദൈവം നമ്മെ രക്ഷിച്ചിരിക്കുന്നത് ഓരോ ദിവസവും അവിടുന്ന് നമുക്കുവേണ്ടി മുന്നമെ രൂപകല്പന ചെയ്തിട്ടുള്ള പാതയിലൂടെ നടക്കേണ്ടതിനാണെന്ന് നാം മനസ്സിലാക്കും (എഫെ. 2:10). ആ പാതയെയാണ് പൌലൊസ് തന്റെ ജീവിതത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്നു വിളിക്കുന്നത്. നാം അവിടുത്തെ കൃപ പ്രാപിക്കുന്നതുകൊണ്ട് തൃപ്തിപ്പെടുകയും, എന്നാല്‍ അവിടുത്തെ ഹിതം നമ്മുടെ ജീവിതങ്ങളില്‍ നിറവേറ്റപ്പെടുന്നതിനായി ഏല്പിച്ചു കൊടുക്കുകയും ചെയ്തിട്ടില്ലെന്നു വരും. അപ്പോള്‍ നാം എത്ര തികഞ്ഞ സുവിശേഷ താല്പര്യമുള്ളവരായാലും അതു കാര്യമല്ല, നാം ദൈവത്തിന് നിലനില്‍ക്കുന്ന മൂല്യമുള്ള ഒരു കാര്യവും പൂര്‍ത്തീകരിക്കാത്തവരായി നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകും. തീര്‍ച്ചയായും പിശാചിന്റെ ഒന്നാമത്തെ ലക്ഷ്യവും, ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍, ക്രിസ്തുയേശുവിലുള്ള ദൈവകൃപയ്ക്ക് അവരെ അന്ധരാക്കിതീര്‍ക്കുകയും, അങ്ങനെ രക്ഷിക്കപ്പെടുന്നതില്‍ നിന്ന് അവരെ തടയുകയും ചെയ്യുക എന്നതാണ് (2 കൊരി. 4:4). അവന്‍ അവിടെ വിജയിച്ചില്ലെങ്കില്‍, അപ്പോള്‍ അവന്റെ അടുത്ത ലക്ഷ്യം, ഒരു പുതിയ വിശ്വാസിയെ, അവനുവേണ്ടി ദൈവത്തിന് ഒരു നിശ്ചിത പദ്ധതി ഉണ്ടെന്ന കാര്യത്തിന് കുരുടനാക്കി തീര്‍ക്കുക എന്നതാണ്. ഈ കാര്യത്തില്‍ അവന്‍ വലിയ ഒരളവില്‍ വിജയിച്ചിട്ടുണ്ട്. തങ്ങളുടെ ജീവിതങ്ങളില്‍ അവരെടുക്കുന്ന വലിയ തീരുമാനങ്ങളില്‍ പോലും അല്പമെങ്കിലും പരമാര്‍ത്ഥതയോടെ ഒരിക്കലും ദൈവത്തെ അന്വേഷിക്കാത്ത ആയിരക്കണത്തിന് സത്യവിശ്വാസികളുണ്ട്.

ഫിലിപ്യര്‍ക്ക് എഴുതിയ ലേഖനത്തിലെ ഈ വേദഭാഗത്തു ക്രിസ്തീയ ജീവിതം ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് തുടര്‍മാനം മുന്നോട്ട് ആയേണ്ട ഒന്നായിട്ടാണ്. ഭൂമിയില്‍ നേടാവുന്ന ഏതളവിലുള്ള ആത്മീയ പക്വതയും നിരന്തരമായ ഈ തിടുക്കത്തിന്റെ ആവശ്യത്തില്‍ നിന്ന് ഒരിക്കലും നമ്മെ ഒഴിവുള്ളവരാക്കുന്നില്ല. അനേകം വിശ്വാസികളും ഈ പാഠം അവഗണിച്ചിരിക്കുന്നതിനാലാണ് അവര്‍ക്കു ജീവനുള്ള സാക്ഷ്യം ഇല്ലാത്തത്. അവരുടെ ഏക സാക്ഷ്യം ബന്ധപ്പെട്ടിരിക്കുന്നത്. വിദൂര ഭൂതകാലത്തിലെ ഒരനുഗ്രഹീത ദിനത്തില്‍ ഏതോ ഒരു സുവിശേഷ യോഗത്തില്‍ ഒരുപക്ഷേ അവര്‍ അവരുടെ കരങ്ങള്‍ ഉയര്‍ത്തിയതോ ഒരു തീരുമാന കാര്‍ഡ് പൂരിപ്പിച്ചതോ ആയ അനുഭവമായിട്ടായിരിക്കാം. അത് അത്ഭുതകരമായിരുന്നു. എന്നാല്‍ അതിനുശേഷം ഒന്നും സംഭവിച്ചിട്ടില്ല! സദൃശ. 24:30–34ല്‍ പാഴ്‌നിലമായിപോയ ഒരു തോട്ടത്തിന്റെ ചിത്രത്തില്‍, താന്‍ രക്ഷിക്കപ്പെട്ടതിനു ശേഷം ഉദാസനീനനായി തീര്‍ന്ന ഒരു മനുഷ്യന്റെ അവസ്ഥയെ വിശദീകരിക്കുന്നു. ഒരു തോട്ടത്തിന് നിരന്തരമായ കള പറിക്കലും പരിചരണവും ആവശ്യമുണ്ട്. അത് കളകളില്‍ നിന്നും കീടങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടേണ്ടതാണെങ്കില്‍ – മനുഷ്യാത്മാവിന്റെ കാര്യത്തിലും അതുപോലെ തന്നെ ചെയ്യണം.

ദൈവത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കുന്നതും അത് നേടേണ്ടതിനായി മുന്നോട്ട് ആയുക എന്നതും ആത്മീയ ശ്രേഷ്ഠന്മാര്‍ക്ക് മാത്രമായി അവര്‍ക്കിഷ്ടമുണ്ടെങ്കില്‍ ചെയ്യേണ്ടിയ ഒരു പ്രത്യേക കാര്യമല്ല. ഇത് ഓരോ ദൈവപൈതലിന്റെയും ജീവിതത്തിന്റെ പ്രത്യേകതയായിരിക്കണം.