വരങ്ങള്‍ ക്രിസ്തുവിന്റെ ശരീരം പണിയുവാന്‍ വേണ്ടിയുളളത് – WFTW 3 സെപ്റ്റംബർ 2017

സാക് പുന്നന്‍

 

കൊരിന്ത്യര്‍ 12ല്‍ ആത്മീയ വരങ്ങളെക്കുറിച്ചു നാം വായിക്കുന്നു. ഇവിടെ പ്രാദേശിക സഭയുടെ പ്രാദേശികമായ ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളോടുളള ബന്ധത്തിലാണ് വരങ്ങള്‍ കാണപ്പെടുന്നത്. ആത്മാവിന്റെ വരങ്ങള്‍, ഓരോ സ്ഥലത്തും ക്രിസ്തുവിന്റെ ശരീരത്തിന്റെ ഒരു പ്രാദേശിക പ്രദര്‍ശനം പണിയുവാന്‍ വേണ്ടി ഉപയോഗിക്കുവാനുളളതാണെന്ന കാര്യം തിരിച്ചറിയാതെയാണ്, അനേകം ക്രിസ്ത്യാനികള്‍ അവയെക്കുറിച്ചു ചിന്തിക്കുന്നത്. അതു കൊണ്ട് അവര്‍ വഴി തെറ്റി പോകുന്നു. നാം ആത്മീയ വരങ്ങള്‍ക്കായി അന്വേഷിക്കേണ്ടത് മറ്റുളളവരെ കുറെ കൂടി മെച്ചപ്പെട്ട രീതിയില്‍ ശുശ്രൂഷിക്കേണ്ടതിനാണ് ( ലൂക്കോസ് 11:513). അനേകരും ഊന്നല്‍ കൊടുക്കുന്നത് 12ാം അദ്ധ്യായത്തിന്റെ ആദ്യത്തെ പകുതിക്കാണ് ( വരങ്ങളെക്കുറിച്ച്). രണ്ടാം പകുതിക്കല്ല (ക്രിസ്തുവിന്റെ ശരീരത്തെക്കുറിച്ച്) മറ്റുളളവര്‍ ഒന്നാം പകുതി അവഗണിച്ചിട്ട് രണ്ടാം പകുതിക്ക് ഊന്നല്‍ കൊടുക്കുന്നു. അവര്‍ 11ാം അദ്ധ്യായത്തിന്റെ രണ്ടാം പകുതിക്ക് ഊന്നല്‍ കൊടുക്കുകയും ഒന്നാം പകുതി അനുസരിക്കാതിരിക്കുകയും ചെയ്യുന്നവരെ പോലെയാണ് (അത് ഇന്ന് നമുക്ക് പ്രായോഗികമല്ല എന്ന് അവര്‍ പറയുന്നു).

നിങ്ങള്‍ക്ക് ആത്മാവിന്റെ ഏതെങ്കിലും വരങ്ങളുടെ പ്രയോഗം ശരിയായ വിധം മനസ്സിലാകണമെങ്കില്‍, നിങ്ങള്‍ അവയെ മറ്റുളളവരെ സേവിക്കുന്നതിന്റെയും ഒരു പ്രാദേശിക സഭയില്‍ ക്രിസ്തുവിന്റെ ശരീരത്തിന്റെ പ്രാദേശിക പ്രകാശനം പണിയുന്നതിന്റെയും പശ്ചാത്തലത്തില്‍ അതിനെ കാണണം. 12:13 ല്‍ സാര്‍വത്രികമായ ക്രിസ്തുവിന്റെ ശരീരത്തെക്കുറിച്ചാണ് പൗലൊസ് സംസാരിക്കുന്നത്, ലോക വ്യാപകമായ സഭ ( അദ്ദേഹം ‘നാം’ എന്ന പദം ഉപയോഗിക്കുന്നതു കൊണ്ട്). എന്നാല്‍ 12:27 ല്‍ അദ്ദേഹം സംസാരിക്കുന്നത് കൊരിന്തിലുളള ആ ശരീരത്തിന്റെ പ്രാദേശിക ഭാവാവിഷ്‌കാരത്തെക്കുറിച്ചാണ് (‘നിങ്ങള്‍ ക്രിസ്തുവിന്റെശരീരം ആകുന്നു’ എന്ന് അദ്ദേഹം പറയുന്നതു കൊണ്ട്).

ക്രിസ്തുവിന്റെ ശരീരത്തില്‍ ആത്മാവിന്റെ വരങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കൃത്യമായി നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതു പോലെ തന്നെയാണ്. ക്രിസ്തുവിന്റെ ശരീരത്തില്‍ ആരും തന്നെ പ്രമുഖരായിരിക്കാന്‍ ആഗ്രഹിക്കരുത്, ചെവിയെ പോലെയോ, കണ്ണിനെപ്പോലെയോ. ‘ ശരീരം മുഴുവന്‍ കണ്ണായാല്‍ ശ്രവണം എവിടെ? മുഴുവന്‍ ശ്രവണം ആയാല്‍ ഘ്രാണം എവിടെ (12:17). അവിടെ ഒരു മൂക്കു കൂടി ഉണ്ടായിരിക്കണം. അതുകൊണ്ട് നാം മറ്റാര്‍ക്കുമുളള വരങ്ങള്‍ ആഗ്രഹിക്കരുത്. ഒരാളെ ക്രിസ്തുവിന്റെ ശരീരത്തില്‍ ഒരു കണ്ണോ നാവോ ആക്കുന്നത് ദൈവമാണ്. അവിടുന്നു നിങ്ങളെ നാവിനെപ്പോലെ ദൃശ്യമായ ഒരു അവയവം ആക്കാന്‍ ആഗ്രഹിക്കുന്നില്ലായിരിക്കാം, എന്നാല്‍ ഒരു ഹൃദയത്തെപ്പോലെയോ, ഒരു കരള്‍ അല്ലെങ്കില്‍ ഒരു വൃക്കയെപോലെയോ അദൃശ്യമായ ഒരു അവയവമാക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകാം. എന്നാല്‍ അദൃശ്യമായ ഈ അവയവങ്ങളെല്ലാം വളരെ പ്രധാനപ്പെട്ട ഓരോ ധര്‍മ്മം നിര്‍വ്വഹിക്കുന്നവയാണ്. നമ്മുടെ മനുഷ്യശരീരത്തിലെ ചില ഭാഗങ്ങള്‍ നമ്മുടെ പാദത്തിന്റെ ഉപ്പൂറ്റി പോലെയാണ് അത് കട്ടിയു ളളതും എത്രയധികം പരുക്കന്‍ പെരുമാറ്റങ്ങളും താങ്ങാന്‍ കഴിവുളളതുമാണ്. എന്നാല്‍ മറ്റു ഭാഗങ്ങള്‍ കൂടുതല്‍ ബലഹീനമാണ്, നമ്മുടെ കണ്ണുകള്‍ പോലെ വളരെ സ്പര്‍ശ്യതയുളളതും വേഗത്തില്‍ മുറിപ്പെടുന്നതുമാണ്. പൊടിയുടെ ഒരു ചെറിയതരി കണ്ണില്‍ വീണാല്‍ അതു നമ്മെ നിരന്തരം അസ്വസ്ഥതപ്പെടുത്തുന്നു. എന്നാല്‍ നമ്മുടെ പാദങ്ങള്‍ പൊടികൊണ്ട് മൂടിയിരുന്നാലും, അതു നമുക്ക് ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ല. അതുപോലെ ശരീരത്തിന്റെ ചില അവയവങ്ങള്‍ വളരെ ആകര്‍ഷകങ്ങളാണ്, അതേ സമയം മറ്റു ചില അവയവങ്ങള്‍ ആകര്‍ഷകങ്ങളല്ല അതുകൊണ്ട് നാം അവയെ മറച്ചു വെയ്ക്കുന്നു.

കൂടെകൂടെ പ്രസംഗ പീഠത്തില്‍ നില്‍ക്കുന്ന ഒരു പ്രാസംഗികനെപ്പോലെ, വളരെ ദൃശ്യമായ ചിലയാളുകള്‍ സഭയിലും ഉണ്ട്. അയാള്‍ നാവുപോലെയാണെന്നു നമുക്കു പറയാം. എന്നാല്‍ ക്രിസ്തുവിന്റെ ശരീരത്തിലുളള ബാക്കിയാളുകളില്‍ മിക്കവരും ഒരിക്കലും പ്രസംഗ പീഠത്തില്‍ നില്‍ക്കാറില്ല. അവര്‍ ‘ പ്രാര്‍ത്ഥിക്കുന്നവര്‍’ ആയിരിക്കാം രഹസ്യജീവിതത്തില്‍ പ്രാസംഗികനു വേണ്ടി വളരെയധികം പ്രാര്‍ത്ഥിക്കുന്നവര്‍. വായ്ക്ക് സംസാരിക്കാന്‍ കഴിയത്തക്കവിധം രക്തം പമ്പു ചെയ്തു കൊടുക്കുന്ന , ഹൃദയത്തെ പോലെയാണവര്‍. ഈ രണ്ടവയവങ്ങളും ഒരു പോലെ പ്രാധാ ന്യമുളളവയാണ്. ഹൃദയം വായ്ക്ക് രക്തം പമ്പുചെയ്തു കൊടുക്കാതെ അതിനു സംസാരിക്കാന്‍ കഴിയുകയില്ല. എന്നാല്‍ വായ് തുറന്ന ഭക്ഷണം കഴിച്ചില്ലെങ്കില്‍ ഹൃദയം മരിച്ചുപോകും. ഹൃദയം വായെ ആശ്രയിക്കുന്നു വായ് ഹൃദയത്തെ ആശ്രയിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ക്ക് എന്തെല്ലാം ആത്മവരങ്ങളുണ്ടെങ്കിലും, നിങ്ങള്‍ക്ക് നിങ്ങളുടെ സഹോദരനെ ആവശ്യമുണ്ട്. ആ സഹോദരന്‍ മറ്റാരും കാണുകയോ, അഭിനന്ദിക്കുകയോ ചെയ്യാത്ത, ഹൃദയം പോലെ അദൃശ്യനായ ഒരു അവയവമായിരിക്കാം എന്നാല്‍ നിങ്ങള്‍ കണ്ണുകളോ കൈകളോ പോലെ ദൃശ്യനായ ഒരു സഹോദരന്‍ ആയിരിക്കാം.

ആത്മാവിന്റെ വരങ്ങള്‍ അനവധിയാണ്, എന്നാല്‍ അവ തമ്മില്‍ ഒരു മത്സരവുമില്ല, സഹകരണം മാത്രമെ ഉളളൂ. ഒരാള്‍ ഒരു അപ്പൊസ്തലനായിരിക്കാം, വേറൊരാള്‍ ഒരു പ്രവാചകനായിരിക്കാം ( 12:28), ഒരാള്‍ അന്യ ഭാഷയില്‍ സംസാരിക്കുന്നുണ്ടാകാം, മറ്റൊരാള്‍ക്ക് രോഗശാന്തിവരം ഉണ്ടായിരിക്കാം. എല്ലാവരും ഒരു പോലെ ആവശ ്യമുളളവരാണ്. ആര്‍ക്കും മറ്റൊരാളിന്റെ വരം ആവശ്യമില്ല. ആര്‍ക്കും മറ്റൊരാളിനോട് ‘എനിക്ക് നിന്നെ ആവശ്യമില്ല. എനിക്ക് എല്ലാം എന്റെ സ്വന്തമായി ചെയ്യാന്‍ കഴിയും’ (12:21) എന്നു പറയാന്‍ കഴിയില്ല.

നിങ്ങളുടെ ഇടതുകരം എപ്പോഴെങ്കിലും വലതുകരത്തോട് അസൂയപ്പെടാറുണ്ടോ? പ്രധാനപ്പെട്ട എല്ലാ എഴുത്തുകള്‍ എഴുതുന്നതും എല്ലാ ചെക്കുകള്‍ ഒപ്പിടുന്നതും വലതുകരമാണ്. എന്നാല്‍ ഈ ഇടതു കരം എപ്പോഴെങ്കിലും അതില്‍ അസൂയപ്പെട്ട് ഇങ്ങനെ ചിന്തിക്കുമോ, ‘ ഓ, ഈ വലതു കൈയാണ് എപ്പോഴും പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ചെയ്യുന്നത്.എനിക്ക് ഒരിക്കലും പ്രാധാന്യമുളള ഒരു ജോലി പോലും ചെയ്യാന്‍ കിട്ടുന്നില്ല’. അതിനുശേഷം ഒരു ദിവസം നിങ്ങളുടെ വലതു കരത്തിന് മുറിവുണ്ടായിട്ട് അത് പ്ലാസ്റ്ററിട്ട് ചുറ്റിക്കെട്ടിയിരിക്കുന്നതായി നിങ്ങള്‍ സങ്കല്‍പ്പിക്കുക. അപ്പോള്‍ ‘ഹാ , ഇപ്പോള്‍ ആ കൃത്യങ്ങളൊക്കെ ചെയ്യാനുളള എന്റെ അവസരമാണിത്’ എന്ന് ഇടതു കൈ പറയുമോ? നിങ്ങളുടെ ഇടതു കൈ ഇപ്പോള്‍ ഒരു ചെക്ക് ഒപ്പിട്ടാല്‍ അതു നിങ്ങളുടെ ഒപ്പുപോലെ ആയിരിക്കുകയില്ല അതു കൊണ്ട് ബാങ്ക് അത് സ്വീകരിക്കുകയും ഇല്ല. എന്നാല്‍ വാസ്തവത്തില്‍ ഇടതു കൈ എന്താണു ചെയ്യുന്നത്? വലതു കൈയ്യുടെ ആരോഗ്യം എത്രയും പെട്ടെന്ന് വീണ്ടെടുത്ത് അതിന് ചെക്ക് ഒപ്പിടാന്‍ കഴിവുളളതാക്കുന്നതിന് തന്നാല്‍ കഴിയുന്നതെല്ലാം ഇടതു കൈ ചെയ്യും. അപ്രകാരമാണ് ക്രിസ്തുവിന്റെ ശരീരവും പ്രവര്‍ത്തിക്കേണ്ടത്. നിങ്ങളെക്കാള്‍ അധികം വരപ്രാപ്തനായ മറ്റൊരു സഹോദരനെ നിങ്ങള്‍ കാണുമ്പോള്‍, ഓര്‍ക്കുക, നിങ്ങള്‍ കഠിനാദ്ധ്വാനം ചെയ്താലും നിങ്ങള്‍ക്ക് അയാളുടെ ശുശ്രൂഷയെ അനുകരിക്കാന്‍ കഴിയില്ല കാരണം അയാള്‍ക്ക് ആ വരം നല്‍കിയത് ദൈവമാണ്. എല്ലാ ചെക്കും ഒപ്പിടാന്‍ ഒരു ശരീരത്തില്‍ ഒരു അവയവം മാത്രം മതി ( വലതുകൈ), ക്രിസ്തുവിന്റെ ശരീരത്തില്‍ എവിടെയെങ്കിലും അസൂയയും മത്സരവും ഉണ്ടാകുന്നെങ്കില്‍ അതിനുകാരണം വിശ്വാസികള്‍ ക്രിസ്തുവിന്റെ ശരീരം കണ്ടിട്ടില്ല എന്നതാണ്.

ആളുകള്‍ ചിലപ്പോള്‍ എന്നോട് ഈ ചോദ്യം ചോദിക്കാറുണ്ട്, ‘ സഹോദരന്‍ സാക്ക് അങ്ങ് എന്തുകൊണ്ടാണ് എപ്പോഴും ക്രിസ്തുവിന്റെ ശരീരത്തില്‍ വിശുദ്ധിയ്ക്കും സംതുലിതാവസ്ഥയ്ക്കും തുടര്‍മാനം ഊന്നല്‍ കൊടുക്കുന്നത്’? മറുപടിയായി ഞാന്‍ ഈ ചോദ്യം ചോദിക്കാറുണ്ട്, ‘ ഒരു വൃക്ക എന്തുകൊണ്ടാണ് എപ്പോഴും രക്തപ്രവാഹത്തെ ശുദ്ധീകരിക്കുകയും അതിലുളള രാസവസ്തുക്കളെ സംതുലിതമാക്കുയും ചെയ്യുന്ന കാര്യം മാത്രം തുടര്‍ന്നു കൊണ്ടിരിക്കുന്നത് വേറൊരു കാര്യവും ചെയ്യാതെ? കാരണം അത് ദൈവത്താല്‍ അതിനു നല്‍കപ്പെട്ട ഒരു ധര്‍മ്മമാണ്. അതല്ല ശരീരത്തിലുളള എല്ലാ പ്രവര്‍ത്തനങ്ങളും എന്നാല്‍ അത് പ്രധാനപ്പെട്ട ഒന്നാണ്. ഒരിക്കല്‍ നിങ്ങളുടെ വൃക്കകള്‍ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ നിങ്ങള്‍ മരിക്കും. എന്നാല്‍ വൃക്കയ്ക്ക് കൈയോ, വായോ കൂടാതെ പ്രവര്‍ത്തിക്കുവാന്‍ കഴിയുകയില്ല. നമുക്ക് അന്യോന്യം ആവശ്യമുണ്ട്. സുവിശേഷീകരണം എന്നത് ഒരു കൈ ഒരു ഉരുളക്കിഴങ്ങെടുത്ത് വായിലിടുന്നതു പോലെയാണ് ഒരു അവിശ്വാസിയെ ക്രിസ്തുവിലേക്കു കൊണ്ടുവരുന്നത്. എന്നാല്‍ അതുകൊണ്ട് മതിയാകുമോ? ഇല്ല. ഒരു അവിശ്വാസി ക്രിസ്തുവിലേക്കുവന്നതിനുശേഷം, മറ്റൊരാള്‍ അത് ഏറ്റെടുക്കേണ്ടതാണ്. ആ ഉരുളക്കിഴങ്ങ് പല്ലുകൊണ്ട് ചവയ്ക്കുകയും. അതിനുശേഷം അത് വയറ്റിലേക്ക് പോകുകയും വേണം, അവിടെ വെച്ച് അത് പൊടിയേണ്ടതിന് അതിന്മേല്‍ ആസിഡ് ഒഴിക്കപ്പെടുന്നു. ഒടുവില്‍ വളരെയധികം പ്രക്രിയകള്‍ക്കു ശേഷം, അതു മനുഷ്യ ശരീരത്തിന്റെ ഒരു ഭാഗമായി തീരുന്നു. അതു പോലെ തന്നെ, ഒരു പുതിയ വിശ്വാസി തകര്‍ക്കപ്പെടേണ്ടതുണ്ട്. ക്രിസ്തുവിന്റെ ശരീരത്തില്‍ തന്റെ ദൗത്യം നിറവേറ്റുന്നതിന് യോഗ്യനായി തീരേണ്ടതിന് അവന്‍ ചെറുതാക്കപ്പെടുകയും വിനയമുളളവനാക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെയാണ് അവന്‍ ക്രിസ്തുവിന്റെ ശരീരത്തിലെ പ്രയോജനകരമായ ഒരു അവയവമായിതീരുന്നത്.

എന്നാല്‍ ഈ ഉരുളക്കിഴങ്ങ് വായില്‍ തന്നെ കിടക്കുകയോ അല്ലെങ്കില്‍ വയറില്‍ അതു ദഹിക്കാതെ അവശേഷിക്കുകയോ ചെയ്യുന്നു എന്നു കരുതുക. അങ്ങനെയാണെങ്കില്‍ അല്‍പ്പ സമയം കഴിഞ്ഞ് നിങ്ങള്‍ അതു ഛര്‍ദ്ദിച്ചുകളയും. അതുകൊണ്ട് ഒരു സുവിശേഷകന്‍ രക്ഷിക്കപ്പെട്ടയാളിനെ ഒരു ഉപദേഷ്ടാവിനെയോ ഒരു ഇടയനെയോ ഏല്‍പ്പിക്കേണ്ടതാണ് (എഫെ 4:11). ഇതില്‍ ഏത് ശുശ്രൂഷയാണ് ഏറ്റവും ആവശ്യമായത് ? ഒന്നാമത് അപ്പൊസ്തലന്‍ രണ്ടാമത് പ്രവാചകന്‍ മൂന്നാമത് ഉപദേഷ്ടാവ് (1 കൊരിന്ത്യ 12:28) എന്നിങ്ങനെ വരങ്ങളില്‍ സ്ഥാനികളുടെ അധികാര ശ്രേണി ഉണ്ടെങ്കില്‍ പോലും, എല്ലാവരങ്ങളും തുല്യമായി ആവശ്യമുളളതാണ്. അതുകൊണ്ട് നാം ഒരിക്കലും മറ്റൊരാള്‍ക്കുളള ശുശ്രൂഷചെയ്യാന്‍ ശ്രമിക്കരുത്. അതിനു പകരംഅവരുമായി സഹകരിക്കുക. നിങ്ങള്‍ ഈ വലിയ സത്യം കണ്ടു കഴിഞ്ഞാല്‍, അത് നിങ്ങളെ എല്ലാ അസൂയയില്‍ നിന്നും, മത്സരത്തില്‍ നിന്നും, അസ്വസ്ഥതയില്‍ നിന്നും വിടുവിക്കും.

What’s New?