സാക് പുന്നന്‍
ഉൽപ്പത്തി 37ൽ, യോസേഫ് ദൈവഭയമുള്ള ഒരു ബാലൻ ആയിരുന്നു എന്നു നാം വായിക്കുന്നു. അതു കൊണ്ടു തന്നെ അവൻ സാത്താനാൽ വെറുക്കപ്പെട്ടു. അതുകൊണ്ട് സാത്താൻ അവൻ്റെ മൂത്ത സഹോദരന്മാരെ, അവനെ ഉപേക്ഷിച്ചു കളയേണ്ടതിനു പ്രേരിപ്പിച്ചു. എന്നാൽ അവർ യോസേഫിൻ്റെ ജീവൻ എടുത്തു കളയാത്ത വിധം ദൈവം കാര്യങ്ങൾ സുരക്ഷിതമാക്കി. അവർ ഏതു വിധേനയും, അവനെ യിശ്മായേല്യരായ കച്ചവടക്കാർക്കു വിറ്റു കളയേണ്ടതിന് കാര്യങ്ങളെ നീക്കി. എന്നാൽ ആ യിശ്മായേല്യ കച്ചവടക്കാർ യോസേഫിനെ എവിടേക്കു കൊണ്ടു പോയി എന്നാണ് നിങ്ങൾ ചിന്തിക്കുന്നത്? തീർച്ചയായും ഈജിപ്തിലേക്ക്, അത് ദൈവത്തിൻ്റെ പദ്ധതിയിലെ ഒന്നാമത്തെ പടിയുടെ പൂർത്തീകരണം ആയിരുന്നു! ഈജിപ്തിൽ പോത്തിഫർ അവനെ വിലയ്ക്കു വാങ്ങി. ഇതും ദൈവത്താൽ ക്രമീകരിക്കപ്പെട്ടതായിരുന്നു. പോത്തീഫറിൻ്റെ ഭാര്യ ഒരു ദുഷ്ട സ്ത്രീ ആയിരുന്നു. യോസേഫിനോട് ഒരു വ്യാമോഹം ഉണ്ടായിട്ട്, അവൾ അവനെ വീണ്ടും വീണ്ടും വശീകരിക്കുവാൻ ശ്രമിച്ചു. ഒടുവിൽ, അവൾക്ക് ആ കാര്യത്തിൽ വിജയിക്കാൻ കഴിഞ്ഞില്ല എന്നു കണ്ടപ്പോൾ, അവൾ യോസേഫിൻ്റെ മേൽ വ്യാജമായി കുറ്റം ആരോപിച്ച്, അവനെ കാരാഗൃഹത്തിൽ ആക്കി. എന്നാൽ ജയിലിൽ വച്ച് ആരെയാണ് യോസേഫ് കണ്ടുമുട്ടിയത് എന്നാണ് നിങ്ങൾ ചിന്തിക്കുന്നത്? ഫറവോൻ്റെ പാനപാത്ര വാഹകനെ! യോസേഫ് അയാളെ കണ്ടുമുട്ടത്തക്കവിധം ഫറവോൻ്റെ പാനപാത്ര വാഹകനേയും അതേ സമയത്തു തന്നെ ജയിലിൽ അടയ്ക്കുവാൻ ദൈവം കാര്യങ്ങൾ ക്രമീകരിച്ചു. ദൈവത്തിൻ്റെ ആലോചനയിലെ രണ്ടാമത്തെ പടി അതായിരുന്നു. ഫറവോൻ്റെ പാനപാത്ര വാഹകൻ രണ്ടു വർഷത്തേക്കു യോസേഫിനെ കുറിച്ചു മറന്നു കളയുവാൻ അനുവദിച്ചു എന്നതായിരുന്നു ദൈവത്തിൻ്റെ മൂന്നാമത്തെ പടി. എങ്കിലും പാനപാത്ര വാഹകരുടെ പ്രമാണി യോസേഫിനെ ഓർത്തില്ല, എന്നാൽ അവനെ മറന്നു രണ്ടു വർഷങ്ങൾ കഴിഞ്ഞപ്പോൾ ഫറവോൻ ഒരു സ്വപ്നം കണ്ടു. അപ്പോൾ പാനപാത്ര വാഹകരുടെ പ്രമാണി ഫറവോനോട് സംസാരിച്ചു. (ഉൽപ്പത്തി 40:23, 41:1,9). ദൈവത്തിൻ്റെ സമയ വിവര പട്ടിക അനുസരിച്ച് യോസേഫ് കാരാഗൃഹത്തിൽ നിന്ന് സ്വതന്ത്രനാക്കപ്പെടുവാനുള്ള സമയം അതായിരുന്നു. സങ്കീ. 105:19,20 പറയുന്നു , “യഹോവയുടെ വചനം നിവൃത്തിയാകയും അവൻ്റെ അരുളപ്പാടിനാൽ അവൻ ശോധന ചെയ്യപ്പെടുകയും ചെയ്യുവോളം. അനന്തരം രാജാവ് ആളയച്ച് അവനെ വിടുവിച്ചു ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി” ആ സമയത്ത് യോസേഫിനു 30 വയസു പ്രായമുണ്ടായിരുന്നു. ദൈവത്തിൻ്റെ സമയം വന്നു. അതു കൊണ്ട് ദൈവം ഫറവോന് ഒരു സ്വപ്നം കൊടുത്തു. കൂടാതെ യോസേഫിനെ തൻ്റെ സ്വപ്നം വ്യാഖ്യാനിച്ചവനായി ദൈവം പാന പാത്ര വാഹകനെയും ഓർമ്മിപ്പിച്ചു. അങ്ങനെ യോസേഫ് ഫറവോൻ്റെ മുമ്പാകെ വരികയും ഈജിപ്തിൻ്റെ രണ്ടാം ഭരണാധികാരി ആകുകയും ചെയ്തു. യോസേഫിൻ്റെ ജീവിതത്തിലെ സംഭവങ്ങളിൽ ദൈവത്തിൻ്റെ സമയ ക്രമം ഇതിൽ കൂടുതൽ പൂർണ്ണതയുള്ളതാകാൻ കഴിയുമായിരുന്നില്ല! ദൈവം ചെയ്യുന്നതുപോലെ കാര്യങ്ങൾ ക്രമീകരിക്കുന്നതിനെ കുറിച്ച് നാം ഒരിക്കലും ചിന്തിച്ചിട്ടു പോലും ഉണ്ടാകില്ല. യോസേഫിൻ്റെ ജീവിതത്തെ കുറിച്ച് പദ്ധതി ഉണ്ടാക്കാൻ നമുക്കു ശക്തി ഉണ്ടായിരുന്നെങ്കിൽ, നാം അവന് ഒരു ഉപദ്രവവും ഉണ്ടാക്കാതെ ആളുകളെ തടയുമായിരുന്നു. എന്നാൽ ദൈവം അതു ചെയ്തത് കുറച്ചു കൂടി മെച്ചമായ രീതിയിലാണ്. ആളുകൾ നമുക്കു ചെയ്യുന്ന തിന്മകൾ നമുക്കു വേണ്ടിയുള്ള ദൈവത്തിൻ്റെ പദ്ധതികൾ പൂർത്തീകരിക്കപ്പെടുവാനായി തിരിക്കപ്പെടുമ്പോൾ അതൊരു വലിയ അതിശയ പ്രവൃത്തിയാണ്! അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരുടെ നന്മയ്ക്കായി സകലവും കൂടി വ്യാപരിപ്പിക്കേണ്ടതിന് സാത്താനെതിരായി കാര്യങ്ങൾ തിരിക്കുന്നതിൽ ദൈവം ഇഷ്ടപ്പെടുന്നു.
പുറപ്പാട് ഒന്നാം അധ്യായത്തിൽ, ഫറവോൻ ഇസ്രായേല്യരാൽ, അസ്വസ്ഥനാക്കപ്പെട്ടു എന്നാണ് നാം വായിക്കുന്നത്, അവർ അടിമകളായിരുന്നെങ്കിലും. അവർ എണ്ണത്തിൽ പെരുകിക്കൊണ്ടിരുന്നതിനാൽ അവർ ഒടുവിൽ തന്നോടു മത്സരിച്ച് അവനു വേണ്ടി വേല ചെയ്യുന്നതു നിർത്തിക്കളയുമോ എന്ന് അവൻ ഭയപ്പെട്ടു. അതുകൊണ്ട് അയാൾ യിസ്രായേല്യർക്കു ജനിക്കുന്ന എല്ലാ ആൺ കുഞ്ഞുങ്ങളേയും ഉടനെ തന്നെ കൊന്നു കളയണം എന്നൊരു ഉത്തരവു പുറപ്പെടുവിച്ചു. ആ ആലോചന പിശാചിൽ നിന്നാണ് ഉത്ഭവിച്ചത്. സാത്താൻ യഹൂദന്മാരെ കൊല്ലുവാൻ എപ്പോഴും അവരുടെ പിന്നാലെ ഉണ്ടായിരുന്നു- മനുഷ്യ ചരിത്രത്തിൽ അനേകം തവണ. ഇത് അത്തരം സന്ദർഭങ്ങളിൽ ആദ്യത്തേതായിരുന്നു. എല്ലാ ആൺ കുഞ്ഞുങ്ങളേയും കൊന്നു കളയുവാൻ ഫറവോൻ ഉത്തരവിട്ടതുകൊണ്ട്, മോശെയുടെ മാതാവ് മോശെയെ ഒരു ചെറിയ പെട്ടിയിലാക്കി ദൈവത്തോടു പ്രാർത്ഥിച്ചു കൊണ്ട് അത് നദിയിലൂടെ ഒഴുക്കി എന്നാണ് നാം കാണുന്നത്. അത്രയും ദോഷകരമായ ഒരു രാജശാസനം ഉണ്ടായിരുന്നില്ലെങ്കിൽ, അവൾ ഒരിക്കലും അത്തരം ഒരു കാര്യം ചെയ്യുമായിരുന്നില്ല. അവൾ അങ്ങനെ ചെയ്തതു കൊണ്ട്, മോശെ ഫറവോൻ്റെ പുത്രിയാൽ എടുക്കപ്പെടുകയും, അവൻ ഫറവോൻ്റെ കൊട്ടാരത്തിൽ വളരുകയും ചെയ്തു- അവൻ്റെ ആദ്യത്തെ 40 വർഷങ്ങൾ അവൻ പരിശീലിപ്പിക്കപ്പെടുവാൻ ദൈവം ആഗ്രഹിച്ച സ്ഥലം. ഫറവോൻ ആ ദുഷ്ട നിയമം പുറപ്പെടുവിച്ചില്ലായിരുന്നെങ്കിൽ അതൊരിക്കലും സംഭവിക്കുകയില്ലായിരുന്നു, അങ്ങനെയെങ്കിൽ മോശെ കേവലം മറ്റൊരു അടിമയായി വളർന്നു വരുമായിരുന്നു. സാത്താൻ ചെയ്യുന്ന കാര്യങ്ങളിലൂടെ ദൈവത്തിൻ്റെ ഉദ്ദേശ്യങ്ങൾ നിറവേറപ്പെടുന്നതെങ്ങനെയെന്നു നിങ്ങൾ കണ്ടോ?
എസ്ഥേറിൻ്റെ പുസ്തകത്തിൽ, യഹൂദാ ജാതി മുഴുവനായി കൊല്ലപ്പെടുന്നതിൽ നിന്ന് ദൈവം യഹൂദരെ രക്ഷിച്ചതെങ്ങനെയെന്നു നാം വായിക്കുന്നു. ദൈവം അതെങ്ങനെയാണ് ചെയ്തത് എന്നു കാണുന്നത് വളരെ ആശ്ചര്യകരമാണ്- ഒരു രാത്രിയിൽ രാജാവിന് ഉറങ്ങാൻ കഴിയാതിരുന്ന ഒരു ചെറിയ സംഭവത്തിലൂടെ. ഹാമാനും അയാളുടെ ഭാര്യയും ഒരു രാത്രി മുഴുവൻ മൊർദ്ദെഖായിയെ അടുത്ത പ്രഭാതത്തിൽ തൂക്കിക്കളയുവാൻ വേണ്ടി രാജാവിൻ്റെ അനുവാദം ലഭിക്കുന്ന കാര്യം ആലോചിക്കുകയായിരുന്നു, എല്ലാ യഹൂദന്മാരെയും നശിപ്പിക്കുന്നതിൻ്റെ ആരംഭമായിട്ട്. ഹാമാനും അയാളുടെ ഭാര്യയും തങ്ങളുടെ ഗൂഢാലോചന നടത്തിക്കൊണ്ടിരുന്നപ്പോൾ, മൊർദ്ദെഖായിക്കു വേണ്ടി ദൈവവും പ്രവർത്തിക്കുകയായിരുന്നു. “യിസ്രായേലിൻ്റെ പരിപാലകൻ ഒരിക്കലും മയങ്ങുന്നില്ല ഉറങ്ങുന്നുമില്ല” (സങ്കീ.121:4). ആ രാത്രി ഉറങ്ങുന്നതിൽ നിന്ന് ദൈവം രാജാവിനെ തടഞ്ഞു, “ആ രാത്രിയിൽ രാജാവിനുറങ്ങാൻ കഴിഞ്ഞില്ല. അതുകൊണ്ട് ദിനവൃത്താന്തങ്ങൾ കുറിച്ചു വെച്ചിരിക്കുന്ന പുസ്തകം കൊണ്ടു വരുവാൻ കല്പിച്ചു. അതു രാജാവിനെ വായിച്ചു കേൾപ്പിച്ചു” (എസ്ഥേർ 6:1). രാജാവ് അന്നു നേരം വെളുക്കുന്നതു വരെ അനേകം മണിക്കൂറുകൾ രാഷ്ട്രത്തിൻ്റെ ചരിത്രം ശ്രദ്ധിച്ചു കേട്ടു. മൊർദ്ദെഖായി ഒരിക്കൽ രാജാവിനെ വധിക്കപ്പെടുന്നതിൽ നിന്നു രക്ഷിച്ച സംഭവം രേഖപ്പെടുത്തിയിരുന്നയിടത്ത് എത്തി. ഇതിന് മൊർദ്ദെഖായിക്ക് എന്തു ബഹുമാനവും പദവിയും കൊടുത്തു എന്ന് രാജാവ് തൻ്റെ സേവകരോടു ചോദിച്ചു, ഒന്നും കൊടുത്തില്ല എന്ന് അവർ മറുപടി പറഞ്ഞു. സംഭവങ്ങൾക്ക് ദൈവം നിശ്ചയിച്ച സമയം വീണ്ടും തികവുള്ളതായിരിക്കുന്നു. ആ സമയത്തു തന്നെ ഹാമാൻ, മൊർദ്ദെഖായിയെ തൂക്കിക്കളയേണ്ടതിന് രാജാവിനോട് അനുവാദം ചോദിക്കുവാൻ അകത്തു വന്നു. ഹാമാന് തൻ്റെ വായ് തുറക്കാൻ കഴിയുന്നതിനു മുമ്പു തന്നെ, രാജാവ് ഹാമാനോട്, രാജാവ് ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന് എന്തെല്ലാമാണ് ചെയ്തു കൊടുക്കേണ്ടത് എന്ന് ചോദിച്ചു. മിഥ്യാ ഗർവിയായ ഹാമാൻ ചിന്തിച്ചത്, രാജാവ് അവനെയാണ് ഉദ്ദേശിച്ചതെന്നാണ്, അതു കൊണ്ട് അങ്ങനെയുള്ള ഒരുവന് ബഹുമതികളോടെ ഒരു ഘോഷയാത്ര ഒരുക്കുവാൻ അയാൾ നിർദ്ദേശിച്ചു. “നീ വേഗം ചെന്ന് മൊർദ്ദെഖായിക്കു വേണ്ടി അങ്ങനെ ചെയ്യുക” എന്ന് അപ്പോൾ രാജാവ് പറഞ്ഞു. നമ്മുടെ ദൈവത്തിന് എത്ര അതിശയകരമായി സാത്താനെതിരായി കാര്യങ്ങൾ തിരിക്കുവാൻ കഴിയുന്നു. ഒടുവിൽ മൊർദ്ദെഖായിക്കു വേണ്ടി നിർമ്മിക്കപ്പെട്ട കഴുമരത്തിൽ ഹാമാൻ തൂക്കപ്പെട്ടു. വേദപുസ്തകം പറയുന്നതുപോലെ “കുഴി കുഴിക്കുന്നവൻ (മറ്റുള്ളവർക്കു വേണ്ടി) അതിൽ വീഴും (അവൻ തന്നെ), കല്ലുരുട്ടുന്നവൻ്റെ മേൽ (മറ്റുള്ളവരുടെ നേരേ) അതു തിരിഞ്ഞുരുളും” (സദൃശ വാക്യങ്ങൾ 26:27). ഈ കഥയിലെ ഹാമാൻ, എപ്പോഴും നമുക്കു വിരോധമായി ചില ദോഷം ആലോചിച്ചു കൊണ്ടിരിക്കുന്ന സാത്താൻ്റെ ഒരു പ്രതീകമാണ്. ദൈവം അവനെ തടയുകയില്ല, കാരണം ദൈവത്തിനു അതിനേക്കാൾ വളരെ മെച്ചമായ ഒരു പദ്ധതിയുണ്ട്. അവിടുന്ന് സാത്താനെതിരായി കാര്യങ്ങൾ നീക്കുവാൻ ആഗ്രഹിക്കുന്നു. പിശാച് നമുക്കു വേണ്ടി കുഴിക്കുന്ന കുഴിയിൽ ഒടുവിൽ അവൻ തന്നെ വീഴും. സെഫന്യാവ് 3:17 പറയുന്നത് (ഒരു പരിഭാഷയിൽ) ദൈവം എല്ലാ സമയവും സ്നേഹത്തിൽ മിണ്ടാതിരുന്ന് നമുക്കു വേണ്ടി ആലോചന ചെയ്യുന്നു. തനിക്കു വിരോധമായി ഹാമാനും അവൻ്റെ ഭാര്യയും തയ്യാറാക്കുന്ന ദുഷ്ട ആലോചനകളെ കുറിച്ച് ഒന്നും അറിവില്ലാത്തവനായി, മൊർദ്ദെഖായി ആ രാത്രിയിൽ സമാധാനത്തോടെ ഉറങ്ങിയപ്പോൾ, അവനെ സംരക്ഷിക്കുവാൻ ദൈവവും ആലോചിക്കുകയായിരുന്നു. അതുകൊണ്ട് ഹാമാൻ്റെ ദുഷ്ട പദ്ധതികളെ കുറിച്ച് അറിഞ്ഞിട്ടുണ്ടായിരുന്നെങ്കിൽപ്പോലും, മൊർദ്ദെഖായിക്ക് സമാധാനത്തോടെ ഉറങ്ങാൻ കഴിയുമായിരുന്നു. എന്തുകൊണ്ട് കഴിയില്ല? ദൈവം അവൻ്റെ പക്ഷത്താണെങ്കിൽ, അവന് എതിരാകുവാൻ ആർക്കു കഴിയും?
ഇതിൻ്റെ ഏറ്റവും വലിയ ഉദാഹരണം കൽവറി ക്രൂശിലാണ്- സാത്താന് യേശുവിനെ ക്രൂശിക്കുവാൻ അവിടുത്തെ ശത്രുക്കളെ ലഭിച്ച സ്ഥലം. എന്നാൽ അതേ ക്രൂശ് സാത്താൻ തന്നെ പരാജിതനാക്കപ്പെട്ട ഇടമായി തീർന്നു!! സാത്താൻ്റെ പദ്ധതി അവൻ്റെ മേൽത്തന്നെ തിരിച്ചടിച്ചു- എല്ലായ്പ്പോഴും ആയിരുന്നതു പോലെ. ദൈവം യേശുവിനു വേണ്ടി സാത്താനെതിരായി കാര്യങ്ങൾ തിരിച്ചു. നാം ദൈവത്തിൻ്റെ മുമ്പാകെ താഴ്മയിൽ നിർമ്മല മനസാക്ഷിയോടെ ജീവിച്ചാൽ അവിടുന്ന് നമുക്കു വേണ്ടിയും അതു തന്നെ ചെയ്യും. പിശാചും അവൻ്റെ ഇടപാടുകാരും നമ്മെ ഉപദ്രവിക്കാൻ ചെയ്യുന്നതെല്ലാം അവരുടെ മേൽ തിരിഞ്ഞു പ്രവർത്തിക്കുകയും നമ്മുടെ ജീവിതങ്ങൾക്കു വേണ്ടിയുള്ള ദൈവത്തിൻ്റെ ഉദ്ദേശ്യങ്ങൾ നിറവേറപ്പെടുകയും ചെയ്യും.