ഈ വര്‍ഷത്തിൻ്റെ ഓരോ ദിവസവും യേശുവിൻ്റെ കൂടെ നടക്കുക – WFTW 3 ജനുവരി 2021

സാക് പുന്നന്‍

എക്കാലവും ഈ ലോകം കണ്ടിരിക്കുന്നതില്‍ വച്ച് ഏറ്റവും സൗന്ദര്യമുള്ളതും, ഏറ്റവും ക്രമമുള്ളതും, ഏറ്റവും സന്തോഷമുള്ളതുമായ ജീവിതം യേശുവിൻ്റെ ജീവിതമായിരുന്നു. ദൈവ വചനത്തോടുള്ള അവിടുത്തെ പൂര്‍ണ്ണ അനുസരണം ആയിരുന്നു ഇതിനു കാരണം. എവിടെയെല്ലാം ദൈവത്തോടു തികഞ്ഞ അനുസരണം ഉണ്ടോ, അവിടെയെല്ലാം പൂര്‍ണ്ണതയും സൗന്ദര്യവും ഉണ്ട്- ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും നാം കാണുന്നതുപോലെ.

‘യഹോവ ഭയം ജീവൻ്റെ ഉറവാകുന്നു’ (സദൃശ.14:27). – ‘നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക’ (സദൃശ.23:17) എന്ന കല്പന യേശു അനുസരിച്ചു. യേശു ഭൂമിയില്‍ ജീവിച്ചപ്പോള്‍, ജനങ്ങള്‍ അദ്ദേഹത്തില്‍ സ്വര്‍ഗ്ഗത്തിൻ്റെ ജീവന്‍ കണ്ടു, അവിടുത്തെ മനസ്സലിവ്, മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള അവിടുത്തെ കരുതല്‍, അവിടുത്തെ നിര്‍മ്മലത, അവിടുത്തെ നിസ്വാര്‍ത്ഥ സ്‌നേഹം, അവിടുത്തെ താഴ്മ ഇവയെല്ലാം ദൈവത്തിൻ്റെ തന്നെ ജീവൻ്റെ പ്രകടനങ്ങളായിരുന്നു. ഈ ദൈവിക ജീവനും സ്വര്‍ഗ്ഗീയ അന്തരീക്ഷവും നമ്മുടെ ഹൃദയങ്ങളിലേക്കു കൊണ്ടുവരേണ്ടതിനാണ് ഇപ്പോള്‍ പരിശുദ്ധാത്മാവു വന്നിരിക്കുന്നത്. നാം ദൈവത്താല്‍ ഈ ഭൂമിയില്‍ ആക്കപ്പെട്ടിരിക്കുന്നത് ലോകത്തിന് ഈ സ്വര്‍ഗീയ ജീവന്‍ വെളിപ്പെടുത്തേണ്ടതിനാണ്. സ്വര്‍ഗ്ഗത്തിൻ്റെ ഈ സന്തോഷം, സമാധാനം, സ്‌നേഹം, നിര്‍മ്മലത, നന്മ ഇവയുടെ ഒരു മുന്‍ രുചി നിങ്ങളുടെ ഭവനത്തിലും സഭയിലും ഈ വരുന്ന വര്‍ഷത്തില്‍ നിങ്ങള്‍ക്കുണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. യേശു ഈ ഭൂമിയില്‍ ഒരു സ്വര്‍ഗീയ ജീവിതം ജീവിച്ചു. നിങ്ങള്‍ നിങ്ങളുടെ നോട്ടം യേശുവില്‍ ഉറപ്പിച്ച് അവിടുത്തെ അനുഗമിക്കുമെങ്കില്‍, അപ്പോള്‍ ഈ വര്‍ഷത്തിൻ്റെ ഓരോ ദിവസവും നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു സ്വര്‍ഗീയ ദിനം പോലെ ആയിരിക്കും.

പിതാവുമായുള്ള കൂട്ടായ്മ ആയിരുന്നു യേശുവിൻ്റെ ഏറ്റവും വിലയുള്ള സ്വത്ത്. ഇതിനോടു താരതമ്യം ചെയ്യുമ്പോള്‍ ഈ പ്രപഞ്ചത്തിലെ മറ്റൊന്നിനെയും അവിടുന്ന് വില മതിച്ചില്ല. ഈ കൂട്ടായ്മയാണ് കാല്‍വറിയില്‍ വിച്ഛേദിക്കപ്പെടുമെന്ന് യേശു അറിഞ്ഞിരുന്നത്, നഷ്ടപ്പെട്ട മനുഷ്യരാശിക്കു വേണ്ടി 3 മണിക്കൂര്‍ നേരത്തേക്ക് നിത്യ നരകയാതന അനുഭവിക്കേണ്ടി വരുമ്പോള്‍ (മത്തായി.27.45). ആ സമയം പിതാവിന് യേശുവിനെ ഉപേക്ഷിക്കേണ്ടി വരുമായിരുന്നു. കൂടാതെ നിത്യത മുതല്‍ അവിടുന്ന് ആസ്വദിച്ച തൻ്റെ പിതാവുമായുള്ള കൂട്ടായ്മയും 3 മണിക്കൂര്‍ നേരത്തേക്ക് വിച്ഛേദിക്കപ്പെടുമായിരുന്നു. ആ കൂട്ടായ്മ മുറിയുന്നതിനെ അവിടുന്ന് അത്രമാത്രം ഭയപ്പെട്ടതുകൊണ്ടാണ് ഗതസമനയില്‍ അവിടുത്തെ വിയര്‍പ്പ് വലിയ രക്ത തുള്ളികളായി നിലത്തു വീണത്. നീക്കിത്തരണമെന്ന് അവിടുന്നു പ്രാര്‍ത്ഥിച്ച പാനപാത്രം ഇതായിരുന്നു: തൻ്റെ പിതാവുമായുള്ള കൂട്ടായ്മയിലുണ്ടാകുന്ന വിച്ഛേദനം. യേശുവിനെ അനുഗമിക്കുക എന്നാല്‍ അവിടുന്നു വില മതിച്ചതു പോലെ ‘പിതാവുമായുള്ള കൂട്ടായ്മയെ’ വിലമതിക്കുക എന്നാണ്. അപ്പോള്‍ പാപം നമുക്ക് അത്യന്തം പാപകരമായി തീരും, കാരണം അത് പിതാവുമായുള്ള നമ്മുടെ കൂട്ടായ്മയെ തകര്‍ത്തു കളയുന്നു. മറ്റു മനുഷ്യരോടുള്ള സ്‌നേഹമില്ലാത്ത മനോഭാവം പോലും സഹിക്കാന്‍ പറ്റാത്തതാകും, കാരണം അതു പിതാവിനോടുള്ള നമ്മുടെ കൂട്ടായ്മയെ ഭഞ്ജിക്കുന്നു.

വേദപുസ്തകം മനസ്സിലാക്കുന്നതിനുള്ള രഹസ്യം ഒന്നാമതായി കര്‍ത്താവുമായി ഏറ്റവും അടുത്ത ഒരു ബന്ധമുണ്ടായിരിക്കുക എന്നതാണ്. ദൈവ വചനത്തില്‍ പരിശുദ്ധാത്മാവ് പ്രചോദിപ്പിച്ചിരിക്കുന്നവയുടെ അര്‍ത്ഥം വിവരിച്ചു തരുവാന്‍ അവിടുത്തേക്കു കഴിയും. അതു കൊണ്ട് യേശുവിനോടു കൂടെ നടന്ന്, ആദിമ ശിഷ്യന്മാര്‍ ചെയ്തതു പോലെ, അവിടുന്ന് നിങ്ങളോടു സംസാരിക്കുന്നതു കേള്‍ക്കുവാന്‍ വാഞ്ഛിക്കുക. അപ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ അവരുടേതുപോലെ തുറക്കപ്പെടുകയും അവരുടേതു പോലെ നിങ്ങളുടെ ഹൃദയം കത്തിക്കൊണ്ടിരിക്കുകയും ചെയ്യും. കര്‍ത്താവിനോടു കൂടെ നടന്ന കഴിഞ്ഞ 61 വര്‍ഷങ്ങളില്‍ ഞാന്‍ കണ്ടെത്തിയത് ഇതാണ്.

നാം ജനിക്കുന്നതിനു മുമ്പുതന്നെ ദൈവം നമ്മുടെ ജീവിതങ്ങളെ ആസൂത്രണം ചെയ്തു. ദാവീദ് പറയുന്നു, ‘ഞാന്‍ ജനിക്കുന്നതിന് മുമ്പുതന്നെ അവിടുന്ന് എന്നെ കണ്ടു, ഞാന്‍ ശ്വാസോച്ഛ്വാസം ചെയ്യാന്‍ തുടങ്ങുന്നതിനു മുമ്പുതന്നെ എൻ്റെ ജീവിതത്തിൻ്റെ ഓരോ ദിവസവും അവിടുന്ന് സംവിധാനം ചെയ്തു. ഓരോ ദിവസവും അവിടുത്തെ പുസ്തകത്തില്‍ രേഖപ്പെടുത്തപ്പെട്ടിരുന്നു. കര്‍ത്താവെ, അവിടുന്ന് എന്നെ കുറിച്ച് നിരന്തരം ചിന്തിച്ചു കൊണ്ടിരുന്നു എന്നു മനസ്സിലാക്കുന്നത് എത്ര വിലയേറിയ കാര്യമാണ്. ഒരു ദിവസം എത്ര തവണ അവിടുത്തെ വിചാരങ്ങള്‍ എൻ്റെ നേര്‍ക്കു തിരിയുന്നു എന്ന് എനിക്ക് എണ്ണാന്‍ പോലും കഴിയുന്നില്ല. മാത്രമല്ല രാവിലെ ഞാന്‍ ഉണരുമ്പോള്‍, അപ്പോഴും അവിടുന്ന് എന്നെ കുറിച്ചു വിചാരിച്ചു കൊണ്ടിരിക്കുന്നു ‘ (സങ്കീ.139.16-18 ലിവിംഗ്).

അതു നമ്മെ പഠിപ്പിക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസത്തേക്കും വേണ്ടി വിശദമായൊരു പദ്ധതി അവിടുത്തെ മനസ്സിലുണ്ട് എന്നാണ്. നിങ്ങള്‍ ജനിക്കുന്നതിനു ലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പേ, നിങ്ങളുടെ മാതാപിതാക്കള്‍ ആരായിരിക്കണമെന്നും, നിങ്ങള്‍ ഏതു രാജ്യത്തു പിറക്കണമെന്നും, നിങ്ങളെ ക്രിസ്തുവിലേക്കു കൊണ്ടുവരുവാന്‍ ക്രമീകരിക്കേണ്ട സാഹചര്യങ്ങള്‍ എന്തെല്ലാമാണെന്നും എല്ലാം, അവിടുന്നു മുന്നമേ എഴുതിയിട്ടുണ്ട്. നിങ്ങള്‍ക്ക് ഒരു ആത്മീയ അഭ്യസനം നല്‍കുവാന്‍ എന്തെല്ലാം ശോധനകളിലൂടെ നിങ്ങളെ അവിടുന്ന് കൊണ്ടു പോകണമെന്നും, എങ്ങനെ നിങ്ങളുടെ മടയത്തരങ്ങളെയും തെറ്റുകളെയും അവിടുത്തെ മഹത്വത്തിനായി ആക്കി തീര്‍ക്കാമെന്നുള്ള കാര്യങ്ങളും എഴുതപ്പെട്ടിരിക്കുന്നു.

ഒരു സഭയിലേക്ക് സ്വര്‍ഗ്ഗത്തിൻ്റെ അന്തരീക്ഷം കൊണ്ടുവന്ന് അവിടെ കൂട്ടായ്മ പണിയുവാന്‍ കഴിയുന്നവരാണ് ആ സഭയിലെ ഏറ്റവും വിലയുള്ള സഹോദരനും സഹോദരിയും. അങ്ങനെയുള്ള ഒരു വ്യക്തി മൂപ്പന്മാരില്‍ ഒരാളായിരിക്കണമെന്നില്ല. നമുക്ക് എല്ലാവര്‍ക്കും അത്തരം വിലയുള്ള സഹോദരന്മാരും സഹോദരിമാരും ആയി തീരാനുള്ള അവസരമുണ്ട്. ഒരു യോഗത്തിലേക്കോ അല്ലെങ്കില്‍ ഒരു ഭവനത്തിലേക്കോ കടന്നു വരുമ്പോഴെല്ലാം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു മന്ദമാരുതന്‍ ആ മുറിയിലൂടെ വീശുന്നതായ തോന്നലുണ്ടാക്കുന്ന ഒരു സഹോദരന്‍ / സഹോദരിയെ കുറിച്ച് ചിന്തിക്കുക. അതുപോലെയുള്ള ഒരു വ്യക്തി എത്ര വിലയേറിയ ഒരു സഹോദരന്‍ / സഹോദരി ആണ്! അവന്‍ / അവള്‍ യാത്രയ്ക്കിടയില്‍ വെറും 10 മിനിട്ട് നേരത്തേക്കു മാത്രമാണ് നിങ്ങളെ സന്ദര്‍ശിച്ചതെങ്കിലും നിങ്ങള്‍ പുതുക്കം പ്രാപിച്ചതായി തോന്നും. അഞ്ചു മിനിറ്റ് നേരത്തേക്ക് നിങ്ങളുടെ ഭവനത്തിലേക്ക് സ്വര്‍ഗ്ഗം ഇറങ്ങി വന്നതായി നിങ്ങള്‍ക്കു തോന്നും!

ദൈവം അബ്രാഹാമിനോടു പറഞ്ഞു ‘…..ഞാന്‍ നിന്നെ അനുഗ്രഹിക്കും… ഭൂമിയിലെ സകല കുടുംബങ്ങള്‍ക്കും നീ ഒരു അനുഗ്രഹമായിരിക്കും’ (ഉല്‍. 12:2,3). ആ അനുഗ്രഹം നമ്മുടെയും അവകാശമാണ്, പരിശുദ്ധാത്മാവിലൂടെ (ഗലാ. 3:14 പ്രകാരം). നിങ്ങളുടെ പാനപാത്രം നിറഞ്ഞു കവിഞ്ഞ് മറ്റുള്ളവരെ അനുഗ്രഹിക്കത്തക്ക വിധത്തില്‍ ഈ വര്‍ഷം നിങ്ങളെ അനുഗ്രഹിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. ഈ വര്‍ഷം നിൻ്റെ വഴിയില്‍ നീ കണ്ടു മുട്ടുന്ന ഓരോ വ്യക്തിയേയും അനുഗ്രഹിക്കാന്‍ വേണ്ടതിലും അധികം ശക്തിയും അനുഗ്രഹവും ദൈവത്തിൻ്റെ അഭിഷേകത്തില്‍ ഉണ്ട്. അതു കൊണ്ട് നിങ്ങള്‍ പ്രാപിക്കുന്ന അനുഗ്രഹങ്ങള്‍ മറ്റുള്ളവരുടെ ജീവിതങ്ങളിലേക്കു പകര്‍ന്നു കൊണ്ടിരിക്കുക. ഏതു വിധത്തിലെങ്കിലും, നിങ്ങള്‍ ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ സ്വാര്‍ത്ഥതയോടു കൂടി നിങ്ങള്‍ക്കു വേണ്ടി മാത്രം സൂക്ഷിച്ചാല്‍, അത് പിറ്റെ ദിവസത്തേക്കു സൂക്ഷിച്ചു വെച്ച മന്ന പോലെ കൃമിക്കാന്‍ തുടങ്ങും. മറ്റുള്ളവരെ നനയ്ക്കുന്നവന്‍, ഏതു വിധത്തിലായാലും, ദൈവത്താല്‍ നനയ്ക്കപ്പെടും (സദൃശ.11: 25). നിങ്ങളുടെ ജീവിതത്തില്‍ അത് അങ്ങനെ ആയിരിക്കട്ടെ.

ഈ വര്‍ഷം, നിങ്ങള്‍ക്ക് വളരെ അനുഗ്രഹിക്കപ്പെട്ട ഒരു വര്‍ഷമായിരിക്കട്ടെ