നമ്മെ ശുദ്ധീകരിക്കേണ്ടതിന് ദൈവം അനേകം ശോധനകൾ ഉപയോഗിക്കുന്നു- WFTW 31 ഒക്ടോബർ 2021

സാക് പുന്നന്‍

ലൂക്കോസ് 22 : 31ൽ പത്രൊസിനു വരാനിരിക്കുന്ന ഒരു അപകടത്തെക്കുറിച്ച് യേശു അവന് ഒരു മുന്നറിയിപ്പ് നൽകുന്നതായി നാം വായിക്കുന്നു. “ശിമോനേ, ശീമോനെ, സാത്താൻ നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന് കൽപ്പന ചോദിച്ചു. ഞാനോ നിൻ്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിൻ്റെ സഹോദരന്മാരെ ഉറപ്പിച്ചു കൊൾക”.

പത്രൊസ് പരാജയപ്പെടാൻ ദൈവം അനുവദിച്ചത് ഒരു ഉദ്ദേശ്യത്തോടു കൂടെ ആയിരുന്നു. പത്രൊസിനെ പാറ്റുക എന്നതായിരുന്നു ആ ഉദ്ദേശ്യം. പത്രൊസിനെ തീർത്തും നശിപ്പിക്കാനായിരുന്നു പിശാച് യഥാർത്ഥത്തിൽ ആഗ്രഹിച്ചത്, എന്നാൽ അതു ചെയ്യുവാൻ ദൈവം അവനെ അനുവദിച്ചില്ല. നമ്മുടെ പ്രാപ്തിക്കു മീതെ നാം പരീക്ഷിക്കപ്പെടുവാൻ ദൈവം അനുവദിക്കുകയില്ല. അതുകൊണ്ട് പത്രൊസിനെ പാറ്റുവാൻ സാത്താന് അനുവാദം ലഭിച്ചു. അവൻ്റെ പരാജയത്തിൻ്റെ ഫലമായി, തൻ്റെ ജീവിതത്തിലുണ്ടായിരുന്ന നല്ല പങ്ക് പതിരിൽ നിന്നു പത്രൊസ് വെടിപ്പാക്കപ്പെട്ടു. ഈ യഥാർത്ഥ ഉദ്ദേശ്യത്തോടുകൂടെയാണ് ദൈവം നമ്മെയും പരാജയപ്പെടാൻ അനുവദിക്കുന്നത്. നമ്മുടെ ജീവിതങ്ങളിൽ നിന്നു പതിർ നീക്കപ്പെടുന്നത് ഒരു നല്ല കാര്യമല്ലേ? തീർച്ചയായും. ഒരു കർഷകൻ തൻ്റെ ഗോതമ്പു വിളവെടുക്കുമ്പോൾ, അയാൾക്ക് അത് ഉപയോഗിക്കാൻ കഴിയുന്നതിനുമുമ്പ് അതു പാറ്റേണ്ടതുണ്ട്. അപ്പോൾ മാത്രമേ അതിൽ നിന്നു പതിർ നീക്കപ്പെടുകയുള്ളൂ.

നമ്മുടെ ജീവിതത്തിൽ നിന്നു പതിർ നീക്കാൻ കർത്താവു സാത്താനെ ഉപയോഗിക്കുന്നു. ദൈവം ഈ ഉദ്ദേശ്യം പൂർത്തീകരിക്കുന്നത്, നാം ആവർത്തിച്ച് പരാജയപ്പെടാൻ അനുവദിക്കുന്നതിലൂടെയാണ് എന്നതാണ് അതിശയകരമായ കാര്യം!! പത്രൊസിൽ ആ ഉദ്ദേശ്യം നിറവേറ്റാൻ ദൈവം സാത്താനെ ഉപയോഗിച്ചു, എന്നു മാത്രമല്ല നമ്മുടെ ജീവിതങ്ങളിലും ആ ഉദ്ദേശ്യം നിറവേറ്റാൻ അവിടുന്ന് സാത്താനെ തന്നെ ഉപയോഗിക്കും. നമ്മിൽ എല്ലാവരിലും ധാരാളം പതിർ ഉണ്ട് – നിഗളത്തിൻ്റെ, ആത്മവിശ്വാസത്തിൻ്റെ, കൂടാതെ സ്വയനീതിയുടെ ഒക്കെ പതിർ. ആ പതിർ പൂർണ്ണമായി നമ്മിൽ നിന്നു നീക്കാൻ വേണ്ടി നമ്മെ ആവർത്തിച്ചു പരാജയപ്പെടുത്തുവാൻ ദൈവം സാത്താനെ ഉപയോഗിക്കുന്നു.

നിങ്ങളുടെ ജീവിതത്തിൽ ഈ ഉദ്ദേശ്യം നിവർത്തിക്കുന്നതിൽ കർത്താവു വിജയിക്കുന്നുണ്ടോ ഇല്ലയോ , നിങ്ങൾ മാത്രം അറിയുന്നു . എന്നാൽ പതിർ നീക്കപ്പെടുന്നുണ്ടെങ്കിൽ, നിങ്ങൾ കൂടുതൽ വിനയമുള്ളവനും കുറഞ്ഞ സ്വയനീതിയുള്ളവനും ആകും. പരാജയപ്പെടുന്നവരെ പുച്ഛിച്ചു നോക്കുകയില്ല. നിങ്ങളെ തന്നെ മറ്റാരെയും കാൾ നല്ലതായി കണക്കാക്കുകയുമില്ല.

നമ്മിൽ നിന്നു പതിർ നീക്കുവാൻ ദൈവം സാത്താനെ അനുവദിക്കുന്നത്, അവൻ നമ്മെ ആവർത്തിച്ചു പരാജയപ്പെടാൻ ഇടയാക്കുന്നതിലൂടെയാണ്. അതുകൊണ്ട് നിങ്ങൾ പരാജയപ്പെടുന്നെങ്കിൽ നിരുത്സാഹിതരാകരുത്. അപ്പോഴും നിങ്ങൾ ദൈവകരങ്ങളിലാണ്. നിങ്ങളുടെ ആവർത്തിച്ചുള്ള പരാജയങ്ങളിലൂടെ നിവർത്തി ക്കപ്പെടുന്ന മഹത്വകരമായ ഒരു ഉദ്ദേശ്യമുണ്ട്. എന്നാൽ ആ സമയങ്ങളിൽ ദൈവത്തിനു നിങ്ങളോടുള്ള സ്നേഹത്തിലുള്ള നിങ്ങളുടെ വിശ്വാസം പരാജയപ്പെടരുത്. അതാണ് യേശു പത്രൊസിനു വേണ്ടി പ്രാർത്ഥിച്ചത്. അവിടുന്നു നമുക്ക് വേണ്ടി പ്രാർഥിക്കുന്നതും അതുതന്നെയാണ്. നാം ഒരിക്കലും പരാജയപ്പെടരുതെന്നല്ല അവിടുന്നു പ്രാർത്ഥിക്കുന്നത്, എന്നാൽ നാം അടിത്തട്ടിൽ എത്തുമ്പോഴും ദൈവസ്നേഹത്തിലുള്ള നമ്മുടെ ഉറപ്പ് അചഞ്ചലമായിരിക്കണമെന്നാണ് പ്രാർത്ഥിക്കുന്നത്.

പരാജയത്തിൻ്റെ അനേകം അനുഭവങ്ങളിലൂടെ മാത്രമേ നാം യഥാർത്ഥമായി നുറുക്കപ്പെടുന്ന “പൂജ്യത്തിൻ്റെ സ്ഥാനത്ത്” എത്തുകയുള്ളു. പത്രൊസ് ആ സ്ഥാനത്ത് എത്തിയപ്പോഴാണ്, അവന് രണ്ടാമതൊരു “മാനസാന്തരം” ഉണ്ടായത് (ലൂക്കോ. 22: 32 കെജെവി). അവൻ തിരിഞ്ഞു വന്നു. യേശുവിൻ്റെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചു എന്നതിൻ്റെ തെളിവ്, പത്രൊസ് അടിത്തട്ടിലെത്തിയപ്പോൾ തിരിഞ്ഞു വന്നു എന്നതാണ്. അവൻ നിരുത്സാഹിതനായി അവിടെ കിടന്നു പോയില്ല. അവൻ്റെ വിശ്വാസം നഷ്ടപ്പെട്ടില്ല. അവൻ എഴുന്നേറ്റു. നീളമുള്ള ഒരു തോൽവാറിലൂടെ താഴോട്ട് പോവാൻ ദൈവം അവനെ അനുവദിച്ചു. എന്നാൽ പത്രൊസ് ആ വടത്തിൻ്റെ അവസാനത്തെ അറ്റത്തെത്തിയപ്പോൾ, ദൈവം അവനെ പുറകോട്ടു വലിച്ചു.

ഒരു ദൈവ പൈതലായിരിക്കുക എന്നത് വളരെ അത്ഭുതകരമായ ഒരു കാര്യമാണ്. ദൈവം നമ്മെ മുറുകെ പിടിക്കുമ്പോൾ നമ്മെ സംരക്ഷിക്കുവാൻ നമുക്കു ചുറ്റും ഒരു കയർ ഇടുന്നു. ആ കയർ വളരെ അയഞ്ഞു കിടക്കുന്നതാണ്, അതുകൊണ്ടുതന്നെ നിങ്ങൾക്ക് ആയിരത്തിലധികം തവണ അതിലൂടെ തെന്നി പോയിട്ട് കർത്താവിൽ നിന്ന് അകന്നു മാറുക പോലും ചെയ്യാം. എന്നാൽ ഒരു ദിവസം നിങ്ങൾ ആ കയറിൻ്റെ അവസാന അറ്റത്ത് എത്തും. അപ്പോൾ ദൈവം നിങ്ങളെ നേരെ അവിടുത്തെ അടുത്തേക്കു തന്നെ പുറകോട്ടു വലിക്കും. തീർച്ചയായും ആ സ്ഥാനത്തെത്തുമ്പോൾ, ആ കയർ അറുത്തിട്ട് ഓടി പോകണോ എന്നു നിങ്ങൾക്കു തീരുമാനിക്കാം. അല്ലെങ്കിൽ ദൈവത്തിൻ്റെ ദയയാൽ നുറുക്കപ്പെട്ട് അനുതപിച്ച് അവിടുത്തെ അടുത്തേക്കു തിരിച്ചുവരാം. അതാണ് പത്രൊസ് ചെയ്തത്. അവൻ വിലപിച്ചു കൊണ്ട് കർത്താവിങ്കലേക്കു തിരിഞ്ഞു. എന്നാൽ ഇസ്കര്യോത്താ യൂദാ അതു ചെയ്തില്ല. അവൻ ആ കയർ അറുത്തു കളഞ്ഞിട്ട്- അവൻ്റെ ജീവിതത്തിന്മേലുള്ള ദൈവത്തിൻ്റെ അധികാരത്തോടുള്ള മത്സരത്തിൽ- അവൻ നിത്യമായി നഷ്ടപ്പെട്ടു. എന്നാൽ പത്രൊസ് ചെയ്തത് നിങ്ങളും ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു.

യേശു അപ്പോൾ പത്രൊസിനോട് പറഞ്ഞു, “നീ തിരിഞ്ഞു വന്ന് വീണ്ടും ശക്തിപ്പെടുമ്പോൾ, നിൻ്റെ സഹോദരന്മാരെ ഉറപ്പിക്ക”. നാം നുറുക്കപ്പെട്ടവരാകുമ്പോൾ മാത്രമേ മറ്റുള്ളവരെ ഉറപ്പിക്കുവാൻ തക്കവണ്ണം നാം ശക്തരാകുകയുള്ളു. പത്രൊസ് ബലഹീനനും നുറുക്കപ്പെട്ടവനും ആയപ്പോൾ മാത്രമാണ്, അവൻ യഥാർത്ഥത്തിൽ ശക്തനായത്- അവൻ്റെ സഹോദരീ സഹോദരന്മാരെ ഉറപ്പിക്കാൻ കഴിയുന്നത്ര ശക്തൻ. അവൻ്റെ പരാജയത്തിൻ്റെ അനുഭവത്തിലൂടെയാണ് ആത്മ നിറവുള്ള ശുശ്രൂഷയ്ക്കു വേണ്ടിയുള്ള പത്രൊസിൻ്റെ തയ്യാറെടുപ്പുകൾ നടന്നത് എന്നു നമുക്ക് പറയാൻ കഴിയും. പരാജയത്തിൻ്റെ ഈ അനുഭവം കൂടാതെ അവൻ പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടിരുന്നെങ്കിൽ, പെന്തക്കോസ്തു നാളിൽ അവൻ നിഗളിയായ ഒരുവനായി എഴുന്നേറ്റു നിൽക്കുമായിരുന്നു, ഒരിക്കലും തോൽവി സംഭവിക്കാത്ത ഒരു മനുഷ്യനെ പോലെ, അവൻ്റെ മുമ്പിൽ നിൽക്കുന്ന സാധുക്കളായ നഷ്ടപ്പെട്ട പാപികളെ പുച്ഛത്തോടെ നോക്കുമായിരുന്നു. അങ്ങനെയെങ്കിൽ ദൈവം അവൻ്റെ ശത്രു ആകുമായിരുന്നു, കാരണം ദൈവം നിഗളികളോട് എതിർത്തു നിൽക്കുന്നു!!

ദൈവം അവനെക്കുറിച്ച് ആഗ്രഹിച്ചതുപോലെ ആകുന്നതിനുമുമ്പ് പത്രൊസിന് അങ്ങനെയൊരു പൂജ്യത്തിൻ്റെ സ്ഥാനത്തേക്കു വരണമായിരുന്നു. നാം തന്നെ ഒരു പ്രാവശ്യം ആ അടിത്തട്ടിൽ ആയിരുന്നിട്ടുണ്ടെങ്കിൽ, ഇപ്പോഴും അവിടെ തന്നെ ആയിരിക്കുന്നവരെ നിന്ദിക്കുവാൻ നമുക്ക് കഴിയുകയില്ല. അതിനു ശേഷം ഒരിക്കലും നമുക്ക് പാപികളെയോ, പിന്മാറിപോയ വിശ്വാസികളെയോ, അല്ലെങ്കിൽ വീഴ്ച സംഭവിച്ച ക്രിസ്തീയ നേതാക്കളെ പോലുമോ നിന്ദയോടെ നോക്കാൻ കഴിയില്ല. പാപത്തിന്മേൽ നമുക്കുള്ള വിജയത്തെക്കുറിച്ച് ഒരിക്കലും അഹങ്കരിക്കാൻ നമുക്ക് കഴിയില്ല, കാരണം ഒരു സമയത്ത് നാം തന്നെ എന്തൊരു പരാജയമായിരുന്നു എന്നു നമുക്കറിയാം. അതുകൊണ്ടാണ് പത്രൊസ് മറ്റു ക്രിസ്ത്യാനികൾക്ക് ഇപ്രകാരം പറഞ്ഞു കൊണ്ട് മുന്നറിയിപ്പു നൽകുന്നത്, “ഒരിക്കൽ നിങ്ങളുടെ പാപങ്ങളിൽ നിന്ന് നിങ്ങൾ ശുദ്ധീകരണം പ്രാപിച്ചതെങ്ങനെയെന്ന് നിങ്ങൾ ഒരിക്കലും മറന്നു പോകരുത്” (2പത്രൊ.1:9). അതു മറന്നു പോയാൽ അവർ കുരുടരും ഹ്രസ്വദൃഷ്ടിയുള്ളവരും ആയിത്തീരും എന്നു കൂടെ അവിടെ അദ്ദേഹം അവർക്കു മുന്നറിയിപ്പു നൽകുന്നു. എനിക്കൊരിക്കലും കുരുടനോ ഹ്രസ്വദൃഷ്ടിയുള്ളവനോ ആകാൻ ആഗ്രഹമില്ല. സ്വർഗ്ഗീയ മൂല്യങ്ങളെയും നിത്യതയുടെ മൂല്യങ്ങളെയും കുറിച്ച് ഒരു നീണ്ട ശ്രേണിയിലുള്ള കാഴ്ചപ്പാട് എല്ലാ സമയങ്ങളിലും ഉണ്ടാകണമെന്നു ഞാൻ ആഗ്രഹിക്കുന്നു.

What’s New?