പുതിയ ക്യാപ്റ്റന്റെ പുത്തൻ തന്ത്രം

കാലം 1752 ജൂലൈ. ജോൺ ന്യൂട്ടൻ എന്ന മുൻ നാവികന് ഒരു ക്ഷണം ലഭിച്ചു – ആഫ്രിക്കയ്ക്കു പോകുന്ന ഒരു കപ്പലിന്റെ ക്യാപ്റ്റനാകാൻ.

നേരത്തെയായിരുന്നെങ്കിൽ ജോൺ ന്യൂട്ടൻ സസന്തോഷം ആ ക്ഷണം സ്വീകരിക്കുമായിരുന്നു. കാരണം ഇംഗ്ലണ്ടിൽ നിന്ന് ആഫ്രിക്കയ്ക്കു പോകുന്ന കപ്പലിന്റെ ക്യാപ്റ്റനായാൽ ജീവിതം പരമാനന്ദം. ഭക്ഷണം. മദ്യം. ആഫ്രിക്കയിൽ നിന്നു കറുത്തവർഗ്ഗക്കാരെ അടിമകളായി പിടിച്ചുകൊണ്ടു വന്നാൽ ഇഷ്ടം പോലെ പണവും സമ്പാദിക്കാം. ജഡികഉല്ലാസങ്ങൾക്കും കപ്പലിൽ ധാരാളം അവസരം. ഒരു കാലത്തു ജോൺ ന്യൂട്ടൻ ഇതിലെല്ലാം ആവേശത്തോടെ മുഴുകി നടന്നവനാണ്. എന്നാൽ ഇപ്പോൾ ജോൺ ന്യൂട്ടന് ഇതിലൊന്നും കമ്പമില്ല. അവന്റെ ജീവിതത്തിന്റെ ദിശ പാടേ മാറിപ്പോയി. യേശു കർത്താവിനെ ജീവിതത്തിൽ നാഥനായി സ്വീകരിച്ചതോടെ അവൻ “പുതിയൊരു മനുഷ്യനായി”.

എന്നാൽ ജീവിക്കാൻ ഒരു ജോലി വേണ്ടേ? അറിയാവുന്ന തൊഴിൽ നാവികന്റെ ജോലിയാണ്. വളരെ നേരത്തെ ആലോചനയ്ക്കും പ്രാർത്ഥനയ്ക്കും ശേഷം ജോൺ ന്യൂട്ടൻ ഒടുവിൽ ആ ക്ഷണം സ്വീകരിച്ചു.

പക്ഷേ പുതിയ ക്യാപ്റ്റനെ പല കപ്പൽ ജീവനക്കാർക്കും ഇഷ്ടമായില്ല. കാരണം സാധാരണ മനുഷ്യരുടെ താൽപര്യങ്ങളൊന്നുമല്ല ജോൺ ന്യൂട്ടനെന്ന പുതിയ ക്യാപ്റ്റന്. അയാൾ എപ്പോഴും പ്രാർത്ഥനയും ബൈബിൾ വായനയും തന്നെ.

തനിക്കെതിരെ കീഴ് ജീവനക്കാരുടെ ഇടയിലുള്ള കുശുകുശുപ്പ് ജോൺ ന്യൂട്ടൻ മനസ്സിലാക്കിയിരുന്നു. പക്ഷേ ഒരു ദിവസം നടുക്കടലിലൂടെ യാത്ര തുടരുമ്പോൾ രണ്ടു കപ്പൽ ജീവനക്കാരുടെ രഹസ്യസംഭാഷണം കേൾക്കാനിടയായ ജോൺ ഞെട്ടിപ്പോയി. ക്യാപ്റ്റനായ തന്നെ തടവിലാക്കി കപ്പൽ റാഞ്ചിയെടുക്കാനാണ് അവർ പദ്ധതിയിടുന്നതെന്നു ജോൺ ന്യൂട്ടനു മനസ്സിലായി. പക്ഷേ എന്തു ചെയ്യും? അവരോടു പ്രതികാരം ചെയ്യാൻ പഴയതു പോലെ തനിക്കാവില്ല. എങ്ങനെ രക്ഷപ്പെടും? എങ്ങനെ അവർക്കൊരു മനം മാറ്റം ഉണ്ടാക്കും?

ഒടുവിൽ വിഷയം ദൈവസന്നിധിയിൽ വയ്ക്കാൻ ജോൺ ന്യൂട്ടൻ തീരുമാനിച്ചു. അദ്ദേഹം പ്രാർത്ഥിക്കാൻ തുടങ്ങി. ചില ദിവസങ്ങൾ കഴിഞ്ഞപ്പോൾ കപ്പൽ റാഞ്ചാൻ പദ്ധതിയിട്ടവരിൽ ഒരാൾ പെട്ടെന്നു രോഗം ബാധിച്ചു മരിച്ചു. അപരൻ അതു ദൈവകോപമാണെന്നു ധരിച്ചു ക്യാപ്റ്റനോടു തെറ്റ് പറഞ്ഞു ക്ഷമായാചനം നടത്തി. എല്ലാം കുഴപ്പം കൂടാതെ പര്യവസാനിച്ചതിൽ ജോൺ ന്യൂട്ടൻ ദൈവത്തെ സ്തുതിച്ചു. നാളുകൾക്കുശേഷം ജോൺ ന്യൂട്ടൻ രചിച്ച “അമേസിങ് ഗ്രേയ്സ്’ എന്ന വിശ്രുതഗാനത്തിൽ ഈ അനുഭവത്തിന്റെ അലയൊലികൾ കേൾക്കാം. പിന്നിട്ട് നാളുകളെ നോക്കി അദ്ദേഹം പാടി:
“അധ്വാനമാപത്തറെ ഞാൻ കടന്നു വന്നിതാ
ഇത്രനാൾ താങ്ങിയ കൃപ എത്തിക്കും എൻ വീട്ടിൽ”