സാക് പുന്നന്‍
“കര്‍ത്താവേ, എനിക്ക് ഏകാന്തത അനുഭവപ്പെടുന്നു. ദയവുണ്ടായി എനിക്ക് ഒരു ഭാര്യയെ തരാന്‍ അവിടുത്തേക്കു കഴിയുമോ?” എന്ന് ആദാം അല്ല ദൈവത്തിന്റെ അടുത്തു ചെന്നു പറഞ്ഞത് (ഉല്‍പ്പ. 2). ദൈവം മനുഷ്യനെ നോക്കിയപ്പോള്‍, “മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; ഞാന്‍ അവനു തക്കതായ ഒരു തുണ ഉണ്ടാക്കിക്കൊടുക്കും” എന്നു പറഞ്ഞതു ദൈവം തന്നെയാണ് എന്നത് താല്‍പര്യമുണര്‍ത്തുന്ന കാര്യമല്ലോ? (ഉല്‍പ. 2:8).
എങ്കില്‍ ദൈവം എന്തുകൊണ്ട് ആദാമിനെയും ഹവ്വയെയും ഒരേ സമയത്തു സൃഷ്ടിച്ചില്ല? അവിടുത്തേക്ക് അതു വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുമായിരുന്നല്ലോ. അവിടെ പറയുന്നത് “അവിടുന്നു നിലത്തെ പൊടി എടുത്ത് ആദാമിനെ ഉണ്ടാക്കി” എന്നാണ്. ഇതേ സമയത്തു തന്നെ ദൈവത്തിന് ഹവ്വയെയും ഉണ്ടാക്കുകയും ഇരുവരിലേക്കും ജീവശ്വാസം ഊതുകയും ചെയ്യാമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ അവരുടെ കണ്ണുകള്‍ തുറന്ന ഉടനെ അവര്‍ക്കു പരസ്പരം കാണാമായിരുന്നു! എന്തുകൊണ്ടാണ് അവിടുന്ന് ആദാമിനെ തനിച്ച് ആദ്യം ഉണ്ടാക്കുകയും കുറച്ചു സമയത്തിനുശേഷം അവനെ ഒരു ഗാഢനിദ്രയിലാക്കി അവന്റെ വാരിയെല്ല് വലിച്ചെടുത്ത് ഒരു സ്ത്രീയെ ഉണ്ടാക്കുകയും ചെയ്തത്? അതിനൊരു കാരണമുണ്ട്, അവിടെ ദൈവം ആദാമിനോടും ഹവ്വയോടും ആത്മീയമായ ചില കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുകയായിരുന്നു. രണ്ടുപേര്‍ക്ക് ഒന്നാകാന്‍ കഴിയുന്നതിന്റെ ഒരു രഹസ്യം. അതെന്തായിരുന്നു? ദൈവം ആദാമിനെ ഉണ്ടാക്കിയപ്പോള്‍ അവന് പെട്ടെന്ന് ജീവന്‍ ലഭിച്ചു. അവന്റെ കണ്ണുകള്‍ തുറന്നു. അപ്പോള്‍ അവന്‍ ആദ്യം കണ്ട വ്യക്തി ആരായിരുന്നു? ഉത്തരം നിങ്ങള്‍ക്കറിയാം- ദൈവത്തെ.
അവന്‍ ദൈവത്തെ കണ്ടുമുട്ടി. അവന്‍ ദൈവത്തോടു സംസാരിച്ചു. അവനു ഭാര്യ ഇല്ലായിരുന്നു. ദൈവവും അവനും മാത്രമായിരുന്നു. വളരെ കഴിഞ്ഞ് അവന് ഒരു ഭാര്യയെ ലഭിച്ചു. ആകയാല്‍ ദൈവം എന്താണ് അതിലൂടെ ആദാമിനെ പഠിപ്പിക്കാന്‍ ശ്രമിച്ചത്? ദൈവം ആദാമിനെ ലളിതമായ ഒരു പാഠം പഠിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. “നിന്റെ ജീവിതത്തിന്റെ എല്ലാ സമയത്തും ഞാനായിരിക്കണം ഒന്നാമത്. നീ നിന്റെ ഭാര്യയെ കാണുന്നതിനു മുമ്പ് നീ എന്നെ കാണണം. നീ നിന്റെ ഭാര്യയെ വിലമതിക്കുന്നതിനെക്കാള്‍ അധികം നീ എന്നെ വിലമതിക്കണം.” അതുകൊണ്ടാണ് ദൈവം ആദാമിനെ തനിച്ച് ആദ്യം ഉണ്ടാക്കിയിട്ട്, ഒരു ഭാര്യ ജനിക്കുന്നതിനുപോലും മുമ്പെ അവനുമായി കൂട്ടായ്മ നടത്തിയത്.
ഇതില്‍നിന്ന് നാം എന്താണു പഠിക്കേണ്ടത്? നിങ്ങള്‍ വിവാഹിതരായിട്ട് 50 വര്‍ഷമോ 95 വര്‍ഷമോ ആയാലും നിങ്ങളുടെ ജീവിതകാലം മുഴുവനും എല്ലാദിവസവും ദൈവമായിരിക്കണം എല്ലായ്‌പ്പോഴും ഒന്നാമത്. പരസ്പരം പ്രണയത്തിലായാല്‍ അധികം പേരും തുടങ്ങുന്നത് അവരുടെ ഭാര്യമാരെ ഒന്നാം സ്ഥാനനത്തു വച്ചുകൊണ്ടാണ്. ചിലരുടെ കാര്യത്തില്‍ മാതാപിതാക്കളാണ് ഒന്നാമത്.
നമുക്കു ഹവ്വയുടെ സൃഷ്ടിപ്പിനെപ്പറ്റി ചിന്തിക്കാം. അവിടെ പറയുന്നത് ദൈവം ആദാമിനെ നിദ്രയിലാക്കി എന്നാണ്. അവന് ഉണരാന്‍ കഴിയാത്തത്ര ഒരു ഗാഢനിദ്ര! എന്നിട്ട് ദൈവം അവന്റെ വാരിയെല്ലില്‍ നിന്ന് ഒന്ന് എടുത്തു (ഉല്‍പ. 2:21) അതിനു പകരം മാംസം പിടിപ്പിക്കുകയും ആ വാരിയെല്ലില്‍നിന്ന് ഒരു സ്ത്രീയെ ഉണ്ടാക്കിയ ഉടനെ, ദൈവം അവളുടെ മൂക്കില്‍ ഊതിയപ്പോള്‍, അവള്‍ക്കു ജീവന്‍ ലഭിക്കുകയും അവളുടെ കണ്ണുകള്‍ തുറക്കപ്പെടുകയും ചെയ്തു. അവള്‍ ആരെയാണ് ആദ്യം കണ്ടത്? ആദാമിനെ അല്ല. ആദാമിന്റെ അസ്ഥിത്തെക്കുറിച്ച് അവള്‍ക്ക് അറിയുകപോലുമില്ലായിരുന്നു. സൃഷ്ടിക്കപ്പെട്ട ഏക മനുഷ്യജീവി അവള്‍ മാത്രമാണെന്ന് അവള്‍ ചിന്തിച്ചു. ആദത്തെക്കുറിച്ച് അവള്‍ ഒന്നും അറിഞ്ഞില്ല. അവളുടെ കണ്ണുകള്‍ തുറക്കപ്പെടുകയും അവള്‍ എങ്ങനെ ആയിരുന്നോ, കൃത്യമായി അങ്ങനെ തന്നെ. ആദാം ആ തോട്ടത്തിന്റെ മറ്റേതോ ഭാഗത്തു നല്ല ഉറക്കത്തിലായിരുന്നു. അവന്‍ അവളുടെ അസ്ഥിത്വത്തെക്കുറിച്ചറിഞ്ഞില്ല. അതുപോലെ അവള്‍ അവന്റെ അസ്തിത്വത്തെക്കുറിച്ചും അറിഞ്ഞില്ല. അവള്‍ ദൈവത്തെ കണ്ടുമുട്ടി. അവളോടു സംസാരിച്ച ആദ്യ വ്യക്തി ദൈവമായിരുന്നു. കൂടാതെ വളരെ കഴിഞ്ഞാണ് ദൈവം അവളെ ആദാമിന്റെ അടുത്തുകൊണ്ടുവന്നത്. അതുകൊണ്ട് ദൈവം എന്താണു ഹവ്വയെ പഠിപ്പിക്കാന്‍ ശ്രമിച്ചത്? ആദാമിനെ പഠിപ്പിക്കാന്‍ അവിടുന്നു ശ്രമിച്ച അതേ പാഠം തന്നെ – “ഞാനായിരിക്കണം നിന്റെ ജീവിതത്തില്‍ ഒന്നാമത്. നിന്റെ ഭര്‍ത്താവുമായി കൂട്ടായ്മ ഉണ്ടാകുന്നതിനുമുമ്പ് നിനക്ക് എന്റെ കൂടെ കൂട്ടായ്മ ഉണ്ടാകണം.”
ഉല്‍കൃഷ്ടമായ വിവാഹത്തിനുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണെന്ന് ഇപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലായോ? ഹവ്വയുമായി കൂട്ടായ്മ നടത്തുന്നതിന് മുമ്പ് ആദം ദൈവവുമായി കൂട്ടായ്മ നടത്തേണ്ടി വന്നു. ഹവ്വയ്ക്ക് ആദവുമായുള്ള കൂട്ടായ്മയ്ക്കു മുമ്പ് ദൈവവുമായി കൂട്ടായ്മ ചെയ്യേണ്ടിവന്നു. ഇതെല്ലാം അവിടെ എഴുതപ്പെട്ടിരിക്കുന്നു. ആരംഭം മുതല്‍ ഇങ്ങനെയാണു ദൈവം ഉദ്ദേശിച്ചത്.
വിവാഹപങ്കാളികളായ ഓരോ വ്യക്തിയും അവരുടെ വ്യക്തിജീവിത്തില്‍ കര്‍ത്താവിനെ ഒന്നാമതായി വയ്ക്കാന്‍ ആഗ്രഹിക്കുന്നിടത്ത്, ദൈവം തന്നെ ഭര്‍ത്താവിനും ഭാര്യയ്ക്കും ഇടയിലായിരിക്കുമ്പോള്‍ എന്തു സംഭവിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? അവര്‍ ഒരുമിച്ച് ഒട്ടിച്ചു ചേര്‍ത്തു പിടിച്ചാല്‍ ആര്‍ക്കും അവരെ വേര്‍പിരിക്കാന്‍ സാധ്യമല്ല. പിശാചിനോ, ഭൂതങ്ങള്‍ക്കോ, ലോകത്തിനു മുഴുവനുമോ, ചുറ്റുപാടുകള്‍ക്കോ, ദാരിദ്ര്യത്തിനോ, മരണത്തിനുപോലുമോ അതിനു കഴിയുകയില്ല. ആളുകളെ ഒന്നിച്ചു പിടിച്ചു നിര്‍ത്താന്‍ ദൈവമില്ലെങ്കില്‍, മറ്റേതെങ്കിലും ബലത്താലായിരിക്കും അവര്‍ ഒരുമിച്ചു നിര്‍ത്തപ്പെടുന്നത്. മറ്റു ബലങ്ങളൊന്നും ഇത്രമാത്രം ശക്തമല്ല. ഫെവിക്കോള്‍ എന്ന പശയുടെ പരസ്യം നിങ്ങള്‍ കണ്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. ഞാന്‍ കണ്ടിട്ടുള്ള പരസ്യങ്ങളില്‍ ഒന്ന്, അവര്‍ വില്ക്കുന്ന ഫെവിക്കോളിന്റെ കുപ്പികളില്‍ ഇങ്ങനെ വരച്ചിരിക്കുന്നു. ഒന്നിച്ചു ഒട്ടിച്ചു ചേര്‍ത്തിരിക്കുന്ന രണ്ടു സാധനങ്ങളുടെ ഇരുവശത്തുനിന്നും ആനകള്‍ അതിനെ വലിച്ചു വേര്‍തിരിക്കാനായി ശ്രമിക്കുന്നു. എന്നാല്‍ അതിനെ വേര്‍പിരിക്കാന്‍ അവയ്ക്കു കഴിയുന്നില്ല. ഒരു ഭാര്‍ത്താവും ഭാര്യയും ദൈവത്താല്‍ ഒരുമിച്ചു കൂട്ടിചേര്‍ക്കപ്പെടുമ്പോള്‍, അത് മുമ്പേ പറഞ്ഞതിനേക്കാള്‍ ദൃഢമാണ്. ഒരാനയ്ക്കും അവരെ വേര്‍പിരിക്കാന്‍ കഴിയില്ല, ഒരു ഭൂതത്തിനും, ഒരു മനുഷ്യനും അവരെ വേര്‍പിരിക്കാന്‍ കഴിയില്ല. എന്നാല്‍ ദൈവം അവരുടെ മദ്ധ്യത്തില്‍ ഉണ്ടായിരിക്കണം. ഫെവിക്കോളിനെക്കാളും അരാള്‍ഡേറ്റിനേക്കാളും അല്ലെങ്കില്‍ മറ്റെന്തിനെക്കാളും, സൂപ്പര്‍ഗ്ലൂവിനെക്കാളും വലിയ ഒട്ടിചേര്‍പ്പുകാരനാണ് ദൈവം. ഒരു ഭര്‍ത്താവിനും ഒരു ഭാര്യയ്ക്കും ഇടയിലുള്ള ദൈവം, ഒരു കാര്യത്തിനും വേര്‍പിരിക്കാന്‍ കഴിയാത്ത വിധത്തില്‍, അവരെ ഒന്നിച്ചു ചേര്‍ക്കും. അതുകൊണ്ട്, ഭാര്‍ത്താവും ഭാര്യയും എന്ന നിലയില്‍ അവരുടെ ഇടയില്‍ ദൈവമല്ലാതെ മറ്റൊന്നും കടന്നുവരാതിരിക്കാന്‍ അവര്‍ വളരെ ശ്രദ്ധയുള്ളവരായിരിക്കണം.
മിക്ക വിവാഹങ്ങളിലും യുവാക്കളെ ഒന്നിച്ചു ചേര്‍ക്കുന്ന ശക്തി എന്താണ്? മിക്കപ്പോഴും അതു സൌന്ദര്യമാണ്. ഒരു ആണ്‍കുട്ടി ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെടുന്നത് അവള്‍ക്കു സൌന്ദര്യമുള്ളതുകൊണ്ടാണ്. ഒരു വിവാഹത്തെ 50 വര്‍ഷത്തേക്ക് നിലനിര്‍ത്താന്‍ സൌന്ദര്യം മതിയായതല്ല. സൌന്ദര്യത്തിന്റെ പേരില്‍ ചിലരെ വിവാഹം ചെയ്തവരുടെ വിവാഹജീവിതത്തെ നോക്കിയാല്‍, മൂന്നുമാസത്തിനുശേഷം അവര്‍ തമ്മില്‍ പോരാടിക്കൊണ്ടിരിക്കുന്നതു കാണാം. അത് നിലനില്‍ക്കുനില്ല . നാം ഇപ്പോള്‍ സൌന്ദര്യത്തിനെതിരല്ല. എല്ലാവിധത്തിലും കാണാന്‍ ഭംഗിയുള്ള ഒരു പെണ്‍കുട്ടിയെ കല്യാണം കഴിക്കുക. എന്നാല്‍ അതല്ല പ്രധാനഘടകം. അത് ഒരിക്കലും ഒരു വിവാഹ ബന്ധത്തെ ഒരുമിച്ചു ചേര്‍ത്തു നിര്‍ത്തുകയില്ല.
അധികം പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയെ തിരഞ്ഞെടുക്കുന്നത് എന്തിന്റെ പേരിലാണ്? നല്ല ജോലി, നല്ല കുടുംബം, ധാരാളം പണം, ഇതെല്ലാമാണ് ഒരു വിവാഹബന്ധത്തെ പിടിച്ചു നിര്‍ത്താന്‍ പോകുന്നത് എന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്? ഒരിക്കലുമല്ല! ചില ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത് അവര്‍ക്ക് ഒരു വലിയ സ്ത്രീധനം കിട്ടുമെന്നുതുകൊണ്ടാണ്. അത് ഒരിക്കലും ഒരു വിവാഹത്തെ ഒരുമിച്ചു ചേര്‍ത്തു നിര്‍ത്തുകയില്ല. അത് അസാധ്യമാണ്. ഒരു വിവാഹബന്ധത്തെ ഒന്നിച്ചു ചേര്‍ത്തു പിടിച്ചുനിര്‍ത്തുന്ന മാര്‍ഗ്ഗം, ദൈവം ആരംഭം മുതല്‍ ചെയ്ത അതേ മാര്‍ഗ്ഗമാണ്, അതില്‍ ഓരോ വ്യക്തിക്കും പരസ്പരമുള്ള ബന്ധത്തെക്കാള്‍ വലുതായ ഒരു ബന്ധമാണ് ദൈവത്തോടുള്ളത്. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, നിങ്ങള്‍ ഒരു ഭര്‍ത്താവാണെങ്കില്‍ നിങ്ങളുടെ ഭാര്യയുടെ സ്‌നേഹത്തില്‍ നിങ്ങള്‍ ഒന്നാമതായിരിക്കണമെന്ന് ആഗ്രഹിക്കരുത്. അവളുടെ സ്‌നേഹത്തില്‍ കര്‍ത്താവായിരിക്കണം ഒന്നാമത്. അതുപോലെ നിങ്ങള്‍ ഒരു ഭാര്യയാണെങ്കില്‍ നിങ്ങളുടെ ഭര്‍ത്താവിന്റെ സ്‌നേഹത്തില്‍ ഒന്നാമതായി കര്‍ത്താവായിരിക്കണം, നിങ്ങള്‍ രണ്ടാമതായിരിക്കണം. കര്‍ത്താവിനെ ഒന്നാമതായി വയ്ക്കുകയും വെളിച്ചത്തില്‍ നടക്കുകയും ചെയ്യുന്നവര്‍, വേദപുസ്തകം 1 യോഹ 1:7ല്‍ പറയുന്നു “ദൈവം വെളിച്ചത്തില്‍ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തില്‍ നടക്കുന്നു എങ്കില്‍, നമുക്കു തമ്മില്‍ കൂട്ടായ്മ ഉണ്ട്…” ആ രണ്ടുപേരും ഒന്നിച്ചു ചേര്‍ന്നു നില്‍ക്കും.
ഇപ്പോള്‍ ഒരു ഭര്‍ത്താവിനും ഭാര്യക്കും ഇടയില്‍ വരുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്? അത് മാതാപിതാക്കളാകാം. ഉല്‍പത്തി 2:24ല്‍ ഇങ്ങനെ പറയുന്നു. “ഒരു പുരുഷന്‍ തന്റെ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും. അവര്‍ ഇരുവരും ഏകദേഹമായിത്തീരും.” ആ വാക്യത്തില്‍ എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് ശ്രദ്ധിക്കുക, ഒന്നിനോട് പറ്റിച്ചേരാന്‍ കഴിയേണ്ടിതന് നിങ്ങള്‍ ചില കാര്യങ്ങള്‍ വിട്ടുപിരിയേണ്ടതുണ്ട്. വിട്ടുപിരിയാതെ പറ്റിച്ചേരാന്‍ നിങ്ങള്‍ ശ്രമിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും ഒന്നാകാന്‍ കഴിയുകയില്ല. അത് ആശ്ചര്യകരമല്ലെ? പാപം ലോകത്തിലേക്കു കടക്കുന്നതിനു മുമ്പു തിരുവചനത്തില്‍ നമുക്കുവേണ്ടി നല്‍കപ്പെട്ടിരിക്കുന്ന ഒരേ ഒരു കല്പനയാണത് – അപ്പനെയും അമ്മയെയും വിട്ടുപിരിയുക. വിവാഹിതരായ നിങ്ങളോടു ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നത്, നിങ്ങള്‍ നിങ്ങളുടെ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞിട്ടുണ്ടോ? ഞാന്‍ അര്‍ത്ഥമാക്കുന്നത് ഭൗതികമായല്ല, എല്ലാവിധത്തിലും അവരെ സംരക്ഷിക്കുകയും അവരുടെ മരണദിനംവരെ പരിപാലിക്കുകയും ചെയ്യുക. അത് നാം ചെയ്യണം. നാം നമ്മുടെ മാതാപിതാക്കളെ മാനിക്കണം. പക്ഷേ നിങ്ങള്‍ക്കും നിങ്ങളുടെ ജീവിതപങ്കാളിക്കും ഇടയില്‍ വരുവാന്‍ അവരെ അനുവദിക്കരുത്. വൈകാരികമായി നിങ്ങള്‍ അവരെ വിട്ടുപിരിയണം. അവര്‍ നിങ്ങളെ ഇത്രയും വര്‍ഷങ്ങളായി വളര്‍ത്തികൊണ്ടുവന്നു, അത് നല്ലത്. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ വിവാഹിതരാണ്. നീ അവരെ വിട്ടുപിരിയേണ്ടിയിരിക്കുന്നു. അനേകം ഭര്‍ത്താക്കത്താര്‍ക്കും തങ്ങളുടെ മാതാപിതാക്കളോടുള്ള വൈകാരിക അടുപ്പം വിട്ടുകളയുവാന്‍ പറ്റാത്തതുകൊണ്ടാണ് അവരുടെ വിവാഹജീവിതത്തില്‍ കുഴച്ചിലുകളുള്ളത്. അനേകം ഭാര്യമാര്‍ തങ്ങളുടെ മാതാപിതാക്കളോടുള്ള വൈകാരികബന്ധങ്ങള്‍ വിട്ടുകളഞ്ഞിട്ടില്ല; അവര്‍ തങ്ങളുടെ ഭര്‍ത്താക്കത്താരോട് ഒന്നിച്ചു ചേര്‍ക്കപ്പെട്ടിട്ടില്ല. ഇതാണ് ദുഃഖകരമായ കാര്യം. കര്‍ത്താവ് ഒന്നാമതല്ല; അവരുടെ ജീവിതത്തില്‍ ഇടപെട്ടുകൊണ്ട് അവരുടെ മാതാപിതാക്കള്‍ അവര്‍ക്കിടയിലുണ്ട്. മറ്റു ചിലപ്പോള്‍ ഒരു ജോലി. നിങ്ങളുടെ ജോലിയാകാം നിങ്ങള്‍ക്കു വളരെ പ്രധാനപ്പെട്ടത്. എന്നാല്‍ ദൈവമല്ലാതെ മറ്റൊന്നു-അത് പണമാകാം, മറ്റനേകം കാര്യങ്ങളില്‍ നിങ്ങള്‍ വ്യാപൃതനായിരിക്കുന്നതായിരിക്കാം. ഒരുപക്ഷേ നിങ്ങളുടെ കുഞ്ഞുങ്ങളാകാം. ഭര്‍ത്താവും ഭാര്യയും എന്ന നിലയില്‍ നിങ്ങളുടെ ഇടയില്‍ വരരുത്.
ഒരു സന്തുഷ്ടമായ വിവാഹജീവിതത്തിന്റെ രഹസ്യമെന്താണ്? എല്ലാ സാഹചര്യങ്ങളിലും കര്‍ത്താവിനെ ഒന്നാമതു വയ്ക്കുക, വെളിച്ചത്തില്‍ നടക്കുക, നിങ്ങളെ തന്നെ വിധിക്കുക. എന്നാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ വിവാഹപങ്കാളിക്കും ഇടയില്‍ ഒരു ശക്തിക്കും നശിപ്പിക്കാന്‍ കഴിയാത്ത ഒരു ബന്ധം നിങ്ങള്‍ കണ്ടെത്തും.