യുവാക്കള്‍ക്ക് ഒരു സുവാര്‍ത്ത- WFTW 5 മേയ് 2019

സാക് പുന്നന്‍

ആളുകളുടെ ജീവിതങ്ങളില്‍ മുപ്പതാമത്തെ വയസ് വളരെ പ്രാധാന്യമുളള ഒരു സമയമായി കാണപ്പെടുന്നു- പഴയ നിയമത്തിലും പുതിയ നിയമത്തിലും.

യോസേഫ് ഈജിപ്തിലെ ഭരണകര്‍ത്താവ് ആയിതീര്‍ന്നപ്പോള്‍ അവനു 30 വയസ്സായിരുന്നു. യോസേഫിനു 17 വയസ്സായപ്പോള്‍, അവന്‍റെ ജീവിതത്തെക്കുറിച്ചു തനിക്കൊരു ഉദ്ദേശ്യമുണ്ടെന്നു ദൈവം നേരത്തെ തന്നെ അവനു വെളിപ്പെടുത്തികൊടുത്തിട്ടുണ്ടായിരുന്നു. മിക്ക കൗമാര പ്രായക്കാര്‍ക്കും വൃത്തികെട്ട സ്വപ്നങ്ങള്‍ ഉണ്ടാകുന്ന ആ പ്രായത്തില്‍, അവനു ദൈവത്തില്‍ നിന്നുളള സ്വപ്നങ്ങള്‍ ഉണ്ടാകത്തവിധം ഒരു യുവാവ് ദൈവത്തോടു വളരെ സ്പര്‍ശ്യത ഉളളവനായിരുന്നു എന്നത് വളരെ അത്ഭുതാവഹമാണ്. യോസേഫ് സഹിച്ച കാര്യങ്ങള്‍ എന്തെല്ലാമായിരുന്നു എന്നു നോക്കുക – അവന്‍റെ സഹോദരന്മാരില്‍ നിന്നുളള അസൂയ, ഒരു ദുഷ്ടസ്ത്രീയില്‍ നിന്നുണ്ടായ കുറ്റാരോപണം, ജയില്‍ തുടങ്ങിയവ. ആ കാലത്തെ ജയിലുകള്‍, എലികള്‍, പുഴുക്കള്‍, പാറ്റകള്‍ എന്നിവ എല്ലായിടത്തും ഇഴഞ്ഞു നടക്കുന്ന ഭയഭീതിയുണര്‍ത്തുന്ന തുറുങ്കുകള്‍ ആയിരുന്നു. എന്നാല്‍ ഉല്‍പത്തി 39:21 ല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു ” യഹോവ യോസേഫിനോടു കൂടെ ഉണ്ടായിരുന്നു”.

ദാവീദ് രാജാവായപ്പോള്‍ അവനു 30 വയസ്സ് ആയിരുന്നു. 1 ശമുവേല്‍, 16 ല്‍, ശമുവേല്‍ പ്രവാചകന്‍ യിശ്ശായിയോടു അദ്ദേഹത്തിന്‍റെ എല്ലാ പുത്രന്മാരെയും ഒരു യാഗത്തിനായി വിളിച്ചു വരുത്തുവാന്‍ പറഞ്ഞപ്പോള്‍, യിശ്ശായി ആദ്യത്തെ ഏഴുപേരെ മാത്രമെ വിളിച്ചുളളു. അദ്ദേഹം ഏറ്റവും ഇളയവനായ ദാവീദിനെ വിളിക്കാന്‍ പോലും ബുദ്ധിമുട്ടിയില്ല – അതിന്‍റെ സ്പഷ്ടമായ കാരണം ദാവീദിനെക്കുറിച്ച് ആരും അത്രയ്ക്കുണ്ടെന്നു ചിന്തിച്ചില്ല എന്നതാണ്. അവന്‍ കുടുംബത്തിലെ ശിശു ആയിരുന്നു – ഒരു പക്ഷേ 15 വയസ്സ്. കൊച്ചുദാവീദ് വിളിക്കപ്പെട്ടപ്പോള്‍ എന്താണു സംഭവിക്കുന്നതെന്ന് അവന്‍ അറിഞ്ഞിട്ടുപോലുമില്ല. എന്നാല്‍ ദൈവം അവനെ സാവധാനം നിരീക്ഷിക്കുകയും യഹോവയോടുളള അവന്‍റെ ഭക്തിയും സ്നേഹവും അവിടുന്നു കാണുകയും ചെയ്തിട്ടുണ്ട്. അവന്‍ വന്നയുടന്‍, യഹോവ ശമുവേലിനോട് ഇപ്രകാരം പറഞ്ഞു, “ഇവന്‍ തന്നെ ആകുന്നു”. അപ്പോള്‍ ശമുവേല്‍ അവനെ അഭിഷേകം ചെയ്യുകയും യഹോവയുടെ ആത്മാവ് ശക്തിയോടെ ഇളം പ്രായമുളള ആ കൗമാരക്കാരന്‍റെ മേല്‍ വരികയും ചെയ്തു.

പ്രവചിക്കുവാന്‍ വേണ്ടി ദൈവം യിരെമ്യാവിനെ വിളിച്ചപ്പോള്‍ അദ്ദേഹം ഒരു യുവാവായിരുന്നു. ദൈവം യിരെമ്യാവിനോട് ഇങ്ങനെ പറഞ്ഞു, “നിന്നെ ഉദരത്തില്‍ ഉരുവാക്കിയതിനു മുമ്പേ ഞാന്‍ നിന്നെ അറിഞ്ഞു; നീ ഗര്‍ഭ പാത്രത്തില്‍ നിന്നു പുറത്തുവന്നതിനു മുമ്പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ച് ജാതികള്‍ക്കു പ്രവാചകനായി നിയമിച്ചിരിക്കുന്നു”.(യിരെ 1:5). നാം സൂക്ഷ്മദര്‍ശിനിയിലൂടെ മാത്രം കാണാന്‍ കഴിയുന്നത്ര ചെറിയ കണമായി അമ്മയുടെ ഗര്‍ഭത്തില്‍ ഉരുവായ ആ സമയത്തു പോലും ദൈവം അവിടുത്തെ ദൃഷ്ടി നമ്മുടെ മേല്‍ വച്ചിരുന്നു. യിരെമ്യാവിനുവേണ്ടി ദൈവത്തിനു ഒരു പദ്ധതി ഉണ്ടായിരുന്നതു പോലെ നമ്മുടെ ജീവിതങ്ങള്‍ക്കു വേണ്ടിയും ദൈവത്തിനൊരു പദ്ധതി ഉണ്ട്. യഹോവ യിരെമ്യാവിനോടു പറഞ്ഞു ” ഞാന്‍ ബാലന്‍ എന്നു നീ പറയരുത്, കാരണം ഞാന്‍ നിന്നെ അയയ്ക്കുന്ന ഏവരുടെയും അടുക്കല്‍ നീ പോകയും ഞാന്‍ നിന്നോടു കല്‍പ്പിക്കുന്നതൊക്കെയും സംസാരിക്കുകയും വേണം ( യിരെ 1:7), അതിനു ശേഷം യഹോവ കൂടെകൂടെ അവിടുത്തെ പ്രവാചകന്മാരോടു പറയാറുളള ഒരു വചനം അദ്ദേഹത്തോടും പറഞ്ഞു, ” നീ അവരെ ഭയപ്പെടരുത്, കാരണം നിന്നെ വിടുവിക്കേണ്ടതിനു ഞാന്‍ നിന്നോടു കൂടെ ഉണ്ട്” (യിരെ 1;8).

യെഹെസ്കേല്‍ തന്‍റെ ശുശ്രൂഷ ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിനു 30 വയസ്സായിരുന്നു. യെഹെസ്കേല്‍ ഒരു പുരോഹിതന്‍റെ മകനും ഒരു പുരോഹിതനാകുവാന്‍ പരിശീലിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നവനും ആയിരുന്നു(യെഹെസ്കേല്‍1:3). എന്നാല്‍ അദ്ദേഹത്തിനു 30 വയസ്സായപ്പോള്‍, പൊടുന്നനവെ ദൈവം അദ്ദേഹത്തെ ഒരു പ്രവാചകനാകുവാന്‍ വേണ്ടി വിളിച്ചു (യെഹെസ്കേല്‍ 1:1). തന്‍റെ ചെറുപ്പകാലത്ത് യെഹെസ്കേല്‍ തന്നെ യിരെമ്യാവിനു വിധേയപ്പെടുത്തിയിട്ടുണ്ടാകാം. ഒരു യുവാവെന്ന നിലയില്‍ അദ്ദേഹം യിരെമ്യാവിന്‍റെ പ്രവചനങ്ങള്‍ കേള്‍ക്കുകയും അതു പഠിക്കുകയും ചെയ്തിട്ടുണ്ടാകാം. ഈ ചെറുപ്പക്കാരന്‍റെ വിശ്വസ്തത കണ്ട ദൈവം യെഹെസ്കേല്‍ ഒരു പുരോഹിതനായിരിക്കേണ്ടവനല്ല അവന്‍ ഒരു പ്രവാചകനായിരിക്കണം എന്നു തീരുമാനിച്ചു. ഒരു ദിവസം ദൈവം യെഹെസ്കേലിനു മീതെ സ്വര്‍ഗ്ഗം തുറന്ന് അവിടുത്തെക്കുറിച്ചു തന്നെയുളള ദര്‍ശനങ്ങളും അവിടുത്തെ ജനത്തിനുവേണ്ടിയുളള സന്ദേശങ്ങളും നല്‍കി.

വിട്ടു വീഴ്ചയില്ലാത്ത, വിശ്വസ്തനായ ഒരു ചെറുപ്പക്കാരന്‍ എന്ന നിലയില്‍ തന്‍റെ ജീവിതം ആരംഭിച്ചപ്പോള്‍ ദാനിയേല്‍ ഒരിക്കലും അറിഞ്ഞില്ല, തനിക്കുണ്ടാകുവാന്‍ പോകുന്നത് എത്ര വലിയ ഒരു ശുശ്രൂഷയാണെന്ന്. വലിയതും ചെറിയതുമായ കാര്യങ്ങളില്‍ വിശ്വസ്തനായി നിലനില്‍ക്കുക മാത്രമാണ് അവന്‍ ചെയ്തത്, അപ്പോള്‍ ദൈവം അവനിലൂടെ മഹത്തായ ഒരു ശുശ്രൂഷ നിര്‍വ്വഹിച്ചു. ദാനിയേലിന്‍റെ പുസ്തകം ആരംഭിക്കുമ്പോള്‍ അവന് ഏകദേശം 17 വയസ്സും ആ പുസ്തകം അവസാനിക്കുന്ന സമയം അവന് ഏകദേശം 90 വയസ്സും ഉണ്ടായിരുന്നിരിക്കണം. 70 വര്‍ഷങ്ങള്‍ മുഴുവന്‍ അവന്‍ അടിമത്വത്തില്‍ ജീവിച്ചു. എന്നാല്‍ എല്ല വഴികളിലും അവന്‍ വിശ്വസ്തനായിരുന്നു. അതു കൊണ്ടാണ് ബാബിലോണില്‍ നിന്നു യെരുശലേമിലേക്കുളള പ്രയാണം ആരംഭിക്കുവാന്‍ ദൈവത്തിനു അവനെ ഉപയോഗിക്കുവാന്‍ കഴിഞ്ഞത്. ഇന്നും, ദൈവത്തിനു, 17 വയസ്സുളള ഒരു യുവാവിനെ തിരഞ്ഞെടുത്ത് അവനെ ഒരു പ്രവാചകനാക്കുവാനും അവിടുത്തേക്കുവേണ്ടി ഒരു നിലപാടെടുക്കുവാന്‍ തക്കവണ്ണം അവനെ അധികാരപ്പെടുത്തുവാനും കഴിയും.

ഹഗ്ഗായി പ്രവാചകനോടൊപ്പം പ്രവചിച്ച യുവാവായ ഒരു പ്രവാചകനായിരുന്നു സെഖര്യാവ്. സെഖര്യാവ് ഹഗ്ഗായിയെക്കാള്‍ ചെറുപ്പമായിരുന്നെങ്കിലും, ദൈവം അവന് പ്രവചിക്കുന്നതിന് വളരെയധികം കൊടുത്തു. ദൈവം പ്രായത്തോട് ആദരവുകാട്ടുന്നവനല്ല. സെഖര്യാവ് വളരെ ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ അവിടുന്ന് അവനു ദര്‍ശനങ്ങളും പ്രവചന സന്ദേശങ്ങളും കൊടുത്തു (സെഖ. 2:4).നീ ഒരു യുവാവായിരിക്കുമ്പോള്‍ തന്നെ ദൈവത്തിനു നിന്നെ എടുത്ത് അവിടുത്തെ പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്ത്, ഹഗ്ഗായിയെപ്പോലെ പ്രായമുളള ദൈവഭക്തനായ ഒരു സഹോദരനോട് കൂട്ടി ചേര്‍ക്കുവാനും ഒടുവില്‍ നിനക്ക് അദ്ദേഹത്തെക്കാള്‍ വിശാലമായ ഒരു ശുശ്രൂഷപോലും നല്‍കുവാനും കഴിയും. നിരുത്സാഹിതരായവരെ പ്രോത്സാഹിപ്പിക്കുന്ന ഒരു അനുഗ്രഹീത ശുശ്രൂഷ സെഖര്യാവിനുണ്ടായിരുന്നു.

യേശു തന്‍റെ ഭൂമിയിലെ ശുശ്രൂഷ ആരംഭിച്ചത് അവിടുത്തെക്ക് 30 വയസ്സുളളപ്പോഴായിരുന്നു. യേശുവിനുപോലും തന്‍റെ ശുശ്രൂഷയിലേക്കു കടക്കുന്നതിനു മുമ്പ് 30 വര്‍ഷത്തോളം ജോസഫിനും മറിയയ്ക്കും കീഴ്പെട്ടിരിക്കുന്നതിനുളള പരിശീലനം ആവശ്യമായിരുന്നു. നമുക്കെത്രയധികം ആവശ്യമുണ്ട്?.

അപ്പൊസ്തലന്മാരില്‍ മിക്കപേരും തങ്ങളുടെ ശുശ്രൂഷ ആരംഭിച്ചത് അവര്‍ക്കു ഏകദേശം മുപ്പതു വയസ്സുളളപ്പോഴായിരുന്നു. ഈ നാളുകളില്‍ പോലും ആ പ്രായത്തോടടുത്താണ് ദൈവം അവിടുത്തെ മക്കള്‍ക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്ന പ്രത്യേക ശുശ്രൂഷയിലേക്കു അവരെ നയിക്കുവാന്‍ തുടങ്ങുന്നത്. എന്നാല്‍ ആ തീയതിക്കു മുമ്പ്, നമ്മെ ആ പ്രത്യേക ശുശ്രൂഷയ്ക്കായി ഒരുക്കേണ്ടതിലേക്ക് ദൈവത്തിനു അനേകവര്‍ഷങ്ങള്‍ ചെലവഴിക്കേണ്ടതുണ്ട്. നിങ്ങളുടെ കൗമാരത്തിലും ഇരുപതുകളിലും നിങ്ങളെ ഒരുക്കേണ്ടതിനായി ദൈവത്തിനു പൂര്‍ണ്ണമായി കീഴ്പ്പെടുകയും അതിനായി അവിടുത്തെ അനുവദിക്കുകയും ചെയ്യുമെങ്കില്‍, നിങ്ങള്‍ 30 (അല്ലെങ്കില്‍ 35) വയസ്സാകുമ്പോഴേക്ക്, ദൈവം നിങ്ങള്‍ക്കുവേണ്ടി കരുതി വച്ചിരിക്കുന്ന ആ പ്രത്യേക ശുശ്രൂഷയ്ക്കായി നിങ്ങള്‍ക്കു തയ്യാറാകുവാന്‍ കഴിയും.