യേശു എല്ലാ കാര്യങ്ങളും നന്നായി ചെയ്തിരിക്കുന്നു- WFTW 19 ഡിസംബർ 2021

സാക് പുന്നന്‍

വെളിപ്പാട് 15:3,4 വാക്യങ്ങളിൽ നാം വായിക്കുന്നത്: അവർ ദൈവത്തിൻ്റെ ദാസനായ മോശെയുടെ പാട്ടും കുഞ്ഞാടിൻ്റെ പാട്ടും പാടി ചൊല്ലിയത്: ‘സർവ്വ ശക്തിയുള്ള ദൈവമായ കർത്താവേ, അവിടുത്തെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ, സർവ്വ ജാതികളുടെയും രാജാവേ, നിൻ്റെ വഴികൾ നീതിയും സത്യവും ഉള്ളവ. കർത്താവേ, ആർ അവിടുത്തെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ എക പരിശുദ്ധൻ, നിൻ്റെ ന്യായവിധികൾ വിളങ്ങി വന്നതിനാൽ സകലജാതികളും വന്ന് തിരുസന്നിധിയിൽ നമസ്കരിക്കും’.

പഴയ നിയമത്തിൽ മോശെയുടെ രണ്ടു പാട്ടുകൾ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു – ഒന്ന്, പുറപ്പാട് 15:1-18 വരെയുള്ള വാക്യങ്ങളിൽ ഇസ്രായേല്യർ ചെങ്കടൽ കടക്കുകയും ഫറവോനും അവൻ്റെ സൈന്യവും അതിൽ മുങ്ങിപ്പോവുകയും ചെയ്തപ്പോൾ. മോശെ അപ്പോൾ പാടി ചൊല്ലിയത്, “ഞാൻ യഹോവയ്ക്കു പാട്ടു പാടും, കാരണം അവിടുന്നു മഹോന്നതൻ, കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവിടുന്നു കടലിൽ തള്ളിയിട്ടിരിക്കുന്നു”. എതിർ ക്രിസ്തുവിനെയും ഒരു വെള്ള കുതിരപ്പുറത്തിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നതെങ്ങനെയെന്ന് വെളി.6ൽ നാം കാണുന്നു. ഇവിടെ കുതിരയെയും അതിൻ്റെ പുറത്തിരിക്കുന്നവനെയും തള്ളിയിട്ടതിന് ജയാളികൾ ദൈവത്തെ സ്തുതിക്കുന്നതായി നാം കാണുന്നു. അന്ത്യ യുദ്ധമായ ഹർമ്മ ഗെദ്ദോൻ യുദ്ധത്തിൽ, എതിർ ക്രിസ്തുവും അവൻ്റെ സൈന്യവും ഇസ്രയേൽ ദേശത്തെ ആക്രമിക്കാനായി അതിലേക്കു വരും. ആ സമയത്ത് കർത്താവു തൻ്റെ വിശുദ്ധന്മാരുമായി ഇറങ്ങി വരും. അവിടുത്തെ പാദങ്ങൾ ഒലിവു മലയിൽ ചവിട്ടുകയും എതിർ ക്രിസ്തുവിൻ്റെ സൈന്യത്തെ അവിടുന്ന് നശിപ്പിക്കുകയും ചെയ്യും. യുദ്ധം ചെയ്യാതെ തന്നെ ദൈവജനം അതു കണ്ട് ആ വിജയത്തിൽ പങ്കാളികളാകും. ഇന്നും ഓരോ വിജയവും നാം നേടേണ്ടത് അങ്ങനെ തന്നെയാണ്. മാനുഷികമായ ആയുധങ്ങൾ കൊണ്ടല്ല നാം യുദ്ധം ജയിക്കുന്നത്. നാം ഉറച്ചു നിന്ന് കർത്താവിൽ ആശ്രയിക്കുകയും കർത്താവു നമ്മുടെ ശത്രുക്കളെ നശിപ്പിക്കുകയും ചെയ്യുന്നു. അതു കൊണ്ട്, അതിൽ വിശ്വാസമുള്ളവർക്ക് ഇന്നും മോശെയുടെ പാട്ടു പാടാൻ കഴിയും. നമുക്ക് “ഉറച്ചുനിന്ന്” കർത്താവ് നമ്മുടെ ശത്രുക്കളോട് എന്താണ് ചെയ്യുന്നതെന്നു കാണാൻ കഴിയും.

മോശെയുടെ രണ്ടാമത്തെ പാട്ട്, ആവർത്തനം 31:30 മുതൽ 32:43 വരെയുള്ള വാക്യങ്ങളിലാണ്. അവിടെയും മോശെ ഇപ്രകാരം പാടുന്നു, “ജാതികളേ, അവിടുത്തെ ജനത്തോടു കൂടെ ഉല്ലസിപ്പിൻ; അവിടുന്ന് (യഹോവ) സ്വദാസന്മാരുടെ രക്തത്തിനു പ്രതികാരം ചെയ്യുകയും തൻ്റെ ശത്രുക്കളോട് അവിടുന്ന് പകരം വീട്ടുകയും തൻ്റെ ദേശത്തിനും ജനത്തിനും പാപപരിഹാരം വരുത്തുകയും ചെയ്യും” . ഈ രണ്ടു പാട്ടുകളിലും, നാം ഒരു സത്യം കാണുന്നു: ദൈവ ജനം തങ്ങളുടെ ശത്രുക്കളുടെ മേൽ പ്രതികാരം നടത്തുന്നില്ല. അവർ പുറകിൽ നിൽക്കുകയും ദൈവം അവർക്കുവേണ്ടി യുദ്ധം ചെയ്ത് ശത്രുക്കളോടു പ്രതികാരം നടത്തുകയും ചെയ്യുന്നു.

ഒരു നാൾ തേജസിൽ, ദൈവത്തിൻ്റെ വീണകളോടു കൂടി ഇതു പാടാൻ കഴിയേണ്ടതിന് ഇന്നു നാം പഠിക്കേണ്ട പാട്ട് ഇതാണ്. നമ്മുടെ ദൈനം ദിന ജീവിതത്തിലെ സാഹചര്യങ്ങൾ, ഈ പാട്ടു പഠിക്കാനുള്ള ഗായകസംഘ പരിശീലനം പോലെയാണ്. ദൈവത്തിൻ്റെ വഴികളെല്ലാം തികവുള്ളതാണെന്നാണ് ജയാളികൾ പാടുന്നത്. സ്വർഗ്ഗത്തിൽ നാം പാടുന്നത് “യേശു എല്ലാ കാര്യങ്ങളും നന്നായി ചെയ്യുന്നു” എന്നാണ്. ആ നാളിൽ, ഭൂമിയിൽ ദൈവം നമ്മെ നടത്തിയ വഴികളിലേക്ക് നാം തിരിഞ്ഞു നോക്കുമ്പോൾ, ഓരോ കാര്യവും- അതെ, ഓരോ കാര്യവും- നമ്മുടെ ഏറ്റവും നല്ലതിനായി ദൈവത്താൽ നിയോഗിക്കപ്പെട്ടതാണെന്നു നാം കണ്ടെത്തും. ഇന്ന് അനേകം കാര്യങ്ങളും എന്തുകൊണ്ടാണ് സംഭവിക്കുന്നതെന്ന് നമുക്ക് മനസ്സിലാകുകയില്ല. എന്നാൽ ആ നാളിൽ, നമുക്കു പൂർണ്ണമായി മനസ്സിലാകും. എന്നാൽ വിശ്വാസിയായ ഒരുവന് ആ ദിവസം വരെ കാത്തിരിക്കേണ്ട ആവശ്യമില്ല. അവൻ ഇന്നേ അത് വിശ്വസിക്കുകയും അറിയുകയും ചെയ്യുന്നു. ഭൂമിയിൽ വച്ച് അവനു സംഭവിച്ച ഓരോ കാര്യത്തിൻ്റെയും കാരണം ദൈവം അവനു വിവരിച്ചു കൊടുക്കുന്നതു വരെ കാത്തിരിക്കേണ്ട ആവശ്യമില്ല. ഇപ്പോൾ തന്നെ അവൻ ഇപ്രകാരം പാടുന്നു , “കർത്താവേ! അവിടുത്തെ വഴികൾ തികവുള്ളതാണ്”!