യേശു അനുസരണം പഠിച്ചു- WFTW 4 ആഗസ്റ്റ് 2019

സാക് പുന്നന്‍

എബ്രായര്‍ 5:8ല്‍ നാം വായിക്കുന്നത് “പുത്രനെങ്കിലും താന്‍ അനുഭവിച്ച കഷ്ടങ്ങളാല്‍ അനുസരണം പഠിച്ചു തികഞ്ഞവനായി” എന്നാണ്. യേശുവിന് അനുസരണം പഠിക്കണമായിരുന്നു. “പഠിക്കുക” എന്നത് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു വാക്കാണ്. യേശു തന്‍റെ ജഡത്തിലായിരുന്നപ്പോള്‍ അവിടുത്തേക്ക് അനുസരണത്തില്‍ ഒരു വിദ്യാഭ്യാസം ലഭിക്കണമായിരുന്നു. സ്വര്‍ഗ്ഗത്തില്‍ ദൈവമായിരിക്കെ, അവിടുന്ന് ഒരിക്കലും ആരേയും അനുസരിച്ചിട്ടില്ല. നിങ്ങളുടെ ജീവിതത്തില്‍ ഇതുവരെ ഒരിക്കലും ചെയ്തിട്ടില്ലാത്ത ഒരു കാര്യം, ആദ്യമായി പിന്നീടു ചെയ്യുമ്പോള്‍ നിങ്ങള്‍ ആകാര്യം പഠിക്കുന്നു. യേശു മനുഷ്യനായി ഭൂമിയില്‍ വന്നപ്പോള്‍ അവിടുന്ന് അനുസരിക്കാന്‍ പഠിച്ചു. അപ്പോള്‍ പിതാവിനെ മാത്രമായിരുന്നില്ല അവിടുത്തേക്ക് അനുസരിക്കേണ്ടിയിരുന്നത്, ജോസഫിനെയും മറിയയെയും കൂടി അവിടുത്തേക്ക് അനുസരിക്കേണ്ടി വന്നു. ജോസഫും മറിയയും പാപമുളള, അപൂര്‍ണ്ണരായ ആളുകളായിരുന്നു. മറ്റെല്ലാ മാതാപിതാക്കളും ചെയ്യുന്നതുപോലെ അവരും അബദ്ധങ്ങള്‍ ചെയ്തിട്ടുണ്ടാകും. എന്നിട്ടും യേശു അവരെ അനുസരിച്ചു. അത് പ്രയാസമുളളതായിരുന്നിരിക്കണം. അവിടുന്ന് അനുസരിക്കുകയും തന്‍റെ അനുസരണത്തില്‍ കഷ്ടം അനുഭവിക്കുകയും ചെയ്തു. അതിന്‍റെ അര്‍ത്ഥം, തന്‍റെ സ്വന്തഹിതം ത്യജിച്ച് പിതാവിനെ അനുസരിക്കുന്നതിന്‍റെ വേദന തന്‍റെ ജീവിതകാലം മുഴുവന്‍ അവിടുന്ന് അനുഭവിച്ചു. അങ്ങനെയാണ് അവിടുന്ന് കഷ്ടത അനുഭവിച്ച് അനുസരണം പഠിച്ചത്.

അനുസരണത്തിന്‍റെ ചില മേഖലകള്‍ ആസ്വാദ്യകരമാണ്. നിങ്ങള്‍ നിങ്ങളുടെ കുഞ്ഞിനോട് ഐസ്-ക്രീം കഴിക്കാന്‍ പറഞ്ഞാല്‍, അവന്‍ നിങ്ങളെ അനുസരിക്കുന്നതില്‍ സന്തോഷിക്കും. അവിടെ അവന് കഷ്ടത ഒന്നുമില്ല. എന്നാല്‍ അവന്‍ തന്‍റെ സുഹൃത്തുക്കളോടൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോള്‍, നിങ്ങള്‍ അവനോട് കളി നിര്‍ത്തിയിട്ട് അകത്തു വന്ന് അവന്‍റെ ഗൃഹപാഠം ചെയ്യാന്‍ പറഞ്ഞാല്‍, അപ്പോള്‍ അനുസരണം വേദനയുളളതായി തീരുന്നു. അതുപോലെ തന്നെ, നമ്മുടെ ജീവിതത്തിലും, അനുസരണം എളുപ്പമുളളതും ആസ്വാദ്യകരവുമായ ചില മേഖലകള്‍ ഉണ്ട്. അതു നമുക്ക് നല്ലതാണെന്നറിഞ്ഞ് നാം അത് അനുസരിക്കുന്നു. എന്നാല്‍ നമ്മുടെ അനുസരണത്തിന്‍റെ യഥാര്‍ത്ഥ പരിശോധന ഉണ്ടാകുന്നത്, നാം ചെയ്യാന്‍ ഇഷ്ടപ്പെടാത്ത, നമ്മുടെ ഇഷ്ടത്തെ നിഷേധിക്കുന്നകാര്യം ഉള്‍പ്പെടുന്ന, നമുക്ക് വേദന ഉണ്ടാക്കുന്ന ചില കാര്യങ്ങള്‍ ചെയ്യേണ്ടതായി വരുമ്പോള്‍ ആണ്. അവിടെയാണ് നമ്മുടെ അനുസരണം പരിശോധിക്കപ്പെടുന്നത്.

യേശു തന്നെത്തന്നെ നിഷേധിക്കുന്നതിലൂടെ അനുസരണം പഠിച്ചു. തന്‍റെ പിതാവ് “ഇല്ല” എന്നു പറഞ്ഞ ഏതു കാര്യത്തോടും അവിടുന്നും “ഇല്ല” എന്നു പറഞ്ഞു. താന്‍ കഷ്ടമനുഭവിച്ച കാര്യങ്ങളിലൂടെ അവിടുന്ന് അനുസരണം പഠിച്ചു, ഈ വിദ്യാഭ്യാസത്തിന്‍റെ അവസാനം “അവിടുന്ന് തികഞ്ഞവനായി തീര്‍ന്നു” (എബ്രാ 5:9). ഇവിടെ തികഞ്ഞത് എന്നതിന്‍റെ അര്‍ത്ഥം”പൂര്‍ണ്ണമായത്” എന്നാണ്. യേശു പഠിച്ച് തന്‍റെ ബിരുദം നേടി. ഇതേ ബിരുദം തന്നെയാണ് നാമും നേടേണ്ടത്. അവിടുന്നു ചെയ്തതുപോലെ നമുക്കും അസംഖ്യം പ്രലോഭനങ്ങളെ ജയിക്കേണ്ടതുണ്ട്. നാം ഒരു പരീക്ഷയില്‍ തോറ്റാല്‍ എന്തു സംഭവിക്കുന്നു? അപ്പോള്‍ ആ പരീക്ഷ നാം വീണ്ടും ചെയ്യേണ്ടിവരുന്നു. ഒടുവില്‍ നാം നമ്മുടെ എല്ല പരീക്ഷകളും ജയിക്കുമ്പോള്‍, നമുക്ക് നമ്മുടെ ബിരുദം ലഭിക്കുന്നു. അപ്പോള്‍ നാം ജയാളികളാണ്! നമ്മുടെ ജീവിതത്തില്‍ എക്കാലവും നമുക്ക് ലഭിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ബിരുദം അതാണ്. അതിനോട് താരതമ്യം ചെയ്തു പറഞ്ഞാല്‍ മറ്റെല്ലാ ബിരുദങ്ങളും ചവറാണ്. യേശു നമ്മോട് ” എന്നെ അനുഗമിക്കുക,” എന്നു പറയുമ്പോള്‍ അവിടുന്ന് നമ്മോടാവശ്യപ്പെടുന്നത്, രക്ഷാനായകന്‍ എന്ന നിലയില്‍ അവിടുന്നു ചെയ്തത് നാമും ചെയ്യുവാനാണ്. അവിടുന്നുതന്നെ ഒരിക്കലും നേരിട്ടിട്ടില്ലാത്ത ഒരു പ്രലോഭനം നേരിടുവാന്‍ അവിടുന്ന് ഒരിക്കലും നമ്മോടാവശ്യപ്പെടുകയില്ല. നമുക്ക് ധൈര്യത്തോടെ കൃപാസനത്തിലേക്ക് ചെന്ന്, നമ്മുടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുവാന്‍ നമ്മെ സഹായിക്കുന്ന കൃപ പ്രാപിക്കാം. നാം കഷ്ടം സഹിക്കണമെങ്കില്‍, നാം കഷ്ടം സഹിക്കും. എന്നാല്‍ അനുസരണം പഠിക്കുവാനും നമ്മുടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുവാനും നാം തീരുമാനിച്ചിരിക്കുന്നവരാണ്.

എബ്രാ. 5:9ല്‍ നാം ഇപ്രകാരം വായിക്കുന്നു, “അനുസരണം പഠിച്ചു തികഞ്ഞവനായി, തന്നെ അനുസരിക്കുന്ന എല്ലാവര്‍ക്കും അവിടുന്നു നിത്യരക്ഷയ്ക്കു കാരണ ഭൂതനായിത്തീര്‍ന്നു” യേശു ഈ അനുസരണത്തിന്‍റെ കലാശാലയില്‍ ഇപ്പോള്‍ പ്രഫസര്‍ ആയി തീര്‍ന്നിരിക്കുന്നു. അവിടുന്ന് ഏറ്റവും താഴ്ന്ന തലം മുതല്‍ ഏറ്റവും ഉന്നതമായ തലം വരെ ഇതേ കലാശാലയിലൂടെ, എല്ലാ കാര്യങ്ങളിലും അനുസരിച്ചു, കടന്നുപോയി. ഇപ്പോള്‍ നാം ദൈവദാസന്മാരെന്ന നിലയില്‍ അനുസരണത്തിന്‍റെ ഇതേ കലാശാലയില്‍ ജൂനിയര്‍ അദ്ധ്യാപകരായിരിക്കാനായി വിളിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ എത്രകണ്ട് കഷ്ടങ്ങളിലൂടെ അനുസരണം പഠിച്ചിരിക്കുന്നോ, അത്രകണ്ട് നിങ്ങള്‍ക്ക് മറ്റുളളവരെയും അനുസരണത്തിലേക്കു നയിക്കുന്ന, ഒരു യഥാര്‍ത്ഥ ദൈവദാസനായിരിക്കുവാന്‍ കഴിയും. അതു മാത്രമാണ് യഥാര്‍ത്ഥ ക്രിസ്തീയ ശുശ്രൂഷ.

What’s New?