ക്രിസ്തുവില്‍ അത്ഭുതകരമായ ഒരു വര്‍ഷത്തിനായി താല്‍പര്യത്തോടെ പ്രതീക്ഷിക്കുക(2015) – WFTW 04 ജനുവരി 2015

fireworks-new-year-new-2015.jpg

സാക് പുന്നന്‍

   

1. ഇന്ന് ഒരു പുതിയ ആരംഭമിടുക: മുടിയന്‍ പുത്രന്റെ കഥയില്‍, ആ അപ്പന്‍ തന്നെ വളരെ മോശമായ രീതിയില്‍ തോല്‍പിച്ച ഒരു മകനുവേണ്ടി ഏറ്റവും നല്ല വസ്ത്രം കൊണ്ടുവന്നു കൊടുക്കുന്നതായി നാം വായിക്കുന്നു. ഇതാണ് സുവിശേഷത്തിന്റെ സന്ദേശം: ദൈവം പരാജിതര്‍ക്കുപോലും തന്റെ ഏറ്റവും നല്ലതു നല്‍കുന്നു. അവര്‍ക്കും ഒരു പുതിയ തുടക്കം ഉണ്ടാകാന്‍ കഴിയും, കാരണം ദൈവം ആരെയും ഒരിക്കലും ഉപേക്ഷിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം പരാജയപ്പെട്ടവര്‍ക്ക് ഇത് ഒരു വലിയ പ്രോത്സാഹനമാണ്. എന്തെല്ലാം അബദ്ധങ്ങള്‍, അല്ലെങ്കില്‍ പരാജയങ്ങള്‍ നിങ്ങള്‍ക്കുണ്ടായിട്ടുണ്ടെങ്കിലും, നിങ്ങള്‍ക്ക് അപ്പോള്‍ ദൈവത്തോടുകൂടെ ഒരു പുതിയ തുടക്കം കുറിക്കാന്‍ കഴിയും. നിങ്ങള്‍ കഴിഞ്ഞ നാളുകളില്‍ ഒരായിരം തുടക്കങ്ങള്‍ കുറിക്കുകയും ആ ഓരോ പ്രാവശ്യവും നിങ്ങള്‍ പരാജയപ്പെടുകയും ചെയ്‌തെങ്കിലും ആയിരത്തി ഒന്നാമത്തെ പുതിയ തുടക്കം കുറിക്കാന്‍ ഇന്നു നിങ്ങള്‍ക്കും സാധിക്കും. ഇപ്പോഴും നിങ്ങളടെ ജീവിതത്തില്‍ നിന്ന് മഹത്വകരമായ ചില കാര്യങ്ങള്‍ ചെയ്‌തെടുക്കാന്‍ ദൈവത്തിനു കഴിയും. അതുകൊണ്ടു വിശ്വാസത്തില്‍ ശക്തിപ്പെടുകയും നിങ്ങള്‍ക്കുവേണ്ടി ചെയ്യുവാന്‍ ദൈവത്തില്‍ ആശ്രയിക്കുകയും ചെയ്യുക (റോമ. 4:20).

2. ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ അവകാശമാക്കുക: ഓരോ ദിവസവും ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ നിങ്ങള്‍ അവകാശമാക്കുമെങ്കില്‍, ഈ പുതിയ വര്‍ഷം കഴിഞ്ഞുപോയ എല്ലാ വര്‍ഷങ്ങളെക്കാളും നല്ലതായിത്തീരും. എല്ലാ യിസ്രയേല്‍ മക്കളെയും കനാന്‍ ദേശത്ത് എത്തിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്തു (പുറ. 3;17). എന്നിട്ടും യോശുവയും കാലേബും മാത്രമാണ് അതില്‍ പ്രവേശിച്ചത്, കാരണം വിശ്വസിച്ചത് അവര്‍ മാത്രമാണ്. നിങ്ങള്‍ ഹൃദയത്തില്‍ എന്തു വിശ്വസിക്കുന്നുവോ അത് നിങ്ങളുടെ വായ്‌കൊണ്ട് ഏറ്റു പറയണം (റോമ. 10:8,9).

ഈ വര്‍ഷം നിങ്ങള്‍ക്ക് ഏറ്റു പറഞ്ഞ് അവകാശമാക്കാന്‍ കഴിയുന്ന എട്ടു വാഗ്ദാനങ്ങള്‍ ഇതാ ഇവിടെ ഉണ്ട്:

2.1. പിതാവാം ദൈവം യേശുവിനെ സ്‌നേഹിച്ചതുപോലെ തന്നെ എന്നെയും സ്‌നേഹിക്കുന്നു. അതുകൊണ്ട് ഞാന്‍ എല്ലായ്‌പ്പോഴും സന്തോഷിക്കും (യോഹ. 17:23).

2.2. ദൈവം എന്റെ എല്ലാ പാപങ്ങളും ക്ഷമിച്ചിരിക്കുന്നു. അതുകൊണ്ട് കുറ്റബോധവുമായി ഞാന്‍ ഒരിക്കലും ജീവിക്കുകയില്ല (1 യോഹ. 1:9; എബ്രാ. 8:12).

2.3. ദൈവം എന്നെ അവിടുത്തെ പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കും. അതുകൊണ്ട് എല്ലാ കാര്യത്തിനും മതിയായ വിധത്തില്‍ ഞാന്‍ ശക്തനായിരിക്കും (ലൂക്കൊ. 11:13).

2.4. ദൈവം എന്റെ എല്ലാ അതിരുകളും നിശ്ചയിച്ചിരിക്കുന്നു. അതുകൊണ്ടു ഞാന്‍ എല്ലായ്‌പോഴും തൃപ്തിയുള്ളവനായിരിക്കും (അപ്പൊ.പ്ര. 17:26; എബ്ര. 13:5).

2.5. ദൈവത്തിന്റെ എല്ലാ കല്പനകളും എന്റെ നന്മയ്ക്കായിട്ടാണ. അതുകൊണ്ട് ഞാന്‍ ദൈവത്തിന്റെ കല്പനകള്‍ എല്ലാം അനുസരിക്കുവാന്‍ ആഗ്രഹിക്കുന്നു (1 യോഹ. 5:3; ആവ. 10:13).

2.6. എന്നെ ബാധിക്കുന്ന എല്ലാ അളുകളെയും സംഭവങ്ങളെയും ദൈവമാണ് നിയന്ത്രിക്കുന്നത. അതുകൊണ്ട് ഞാന്‍ എപ്പോഴും എല്ലാത്തിനും വേണ്ടി നന്ദി പറയും (റോമ. 8:28; എഫെ. 5:20).

2.7. യേശു സാത്താനെ തോല്പിക്കുകയും അവന്റെ അധികാരത്തില്‍ നിന്ന് എന്നെ സ്വതന്ത്രനാക്കുകയും ചെയ്തു. അതുകൊണ്ട് ഞാന്‍ ഒരിക്കലും ഭയപ്പെടുകയില്ല (എബ്ര. 2:14,15;എബ്രാ. 13;6).

2.8. ദൈവം എന്നെ ഒരനുഗ്രഹമാക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഞാന്‍ മറ്റുള്ളവര്‍ക്ക് ഒരനുഗ്രഹമായിരിക്കും (ഉല്‍പത്തി 12:2; ഗലാ. 3:14).

ദൈവത്തിന്റെ വാഗ്ദാനവും നമ്മുടെ വിശ്വാസവും രണ്ടു വൈദ്യുത കമ്പികള്‍ പോലെയാണ്. ഇവ രണ്ടും പരസ്പരം സ്പര്‍ശിക്കുമ്പോള്‍ മാത്രമേ (ഒരു വൈദ്യുത സ്വിച്ചുപോലെ) വൈദ്യുതി, ആ കമ്പികളില്‍ കൂടെ ഒഴുകാന്‍ തുടങ്ങുകയുള്ളു. അതുകൊണ്ട് ഈ വര്‍ഷം നിങ്ങളുടെ ജീവിതത്തില്‍ ഈ വാഗ്ദാനങ്ങള്‍ എല്ലാം നിറവേറപ്പെടുമെന്ന് നിങ്ങള്‍ വിശ്വസിക്കുക.

3. മറ്റുള്ളവരോട് കരുണയുള്ളവരായിരിക്കുക: ദൈവം നിങ്ങളോട് എത്ര കരുണയുള്ളവനായിരുന്നു എന്ന് ഈ വര്‍ഷത്തിലുടനീളം ഒരിക്കലും മറക്കരുത്. അനന്തരം അതേ രീതിയില്‍ തന്നെ മറ്റുള്ളവരോടു കരുണയുള്ളവരായിരിക്കുക. നിങ്ങള്‍ കര്‍ത്താവില്‍ നിന്ന് സൌജന്യമായി വളരെയധികം പ്രാപിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കും അതുപോലെ സൌജന്യമായി കൊടുക്കുക (മത്താ. 10;8). നിങ്ങള്‍ക്ക് എന്തെങ്കിലും കടംപെട്ടിട്ടുള്ളവരും അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ നിങ്ങളെ വേദനിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തിട്ടുള്ളവരുമായ എല്ലാവരെയും മോചിതരാക്കുക. കഴിഞ്ഞകാല വിദ്വേഷങ്ങളെയെല്ലാം എന്നേക്കുമായി കുഴിച്ചു മൂടുകയും എല്ലാവരോടും കരുണയുള്ളവരായിരിക്കുകയും ചെയ്യുക. അങ്ങനെ കര്‍ത്താവിനോടു ചെര്‍ന്ന് ഇന്ന് ഒരുപുതിയ ആരംഭമിടാം.

4. എല്ലാ ദിവസവും ആത്മാവില്‍ ജീവിക്കുക: യോഹന്നാന്‍ അപ്പൊസ്തലന്‍ “ആത്മാവില്‍ ആയിരുന്നപ്പോള്‍,” അദ്ദേഹം കര്‍ത്താവിന്റെ ശബ്ദം ഒരു കാഹളനാദം പോലെ ഉച്ചത്തില്‍ കേട്ടു (വെളി. 1;10). ഈ വരുന്ന വര്‍ഷം എല്ലാ ദിവസവും നിങ്ങള്‍ ആത്മാവില്‍ ജീവിച്ചാല്‍, നിങ്ങളെ വഴി കാട്ടുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായി കര്‍ത്താവിന്റെ ശബ്ദം എല്ലാ ദിവസവും, ഒരു കാഹളത്തിന്റെ ശബ്ദം പോലെ ഉച്ചത്തില്‍ നിങ്ങളും കേള്‍ക്കും. എല്ലാ ദിവസവും നിങ്ങളെ തന്നെ ആത്മാവില്‍ സൂക്ഷിക്കുക അങ്ങനെ പാപത്തോടു സ്പര്‍ശ്യത ഉള്ളവരും ദൈവമുമ്പാകെ താഴ്മയോടെ നടക്കുന്നവരുമായിരിക്കുക.

5. ദൈവത്തിന്റെ ഒരു ആരാധകനായിരിക്കുക: ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത് മുമ്പെ നിങ്ങള്‍ അവിടുത്തെ ഒരു ആരാധകനായിരിക്കാനാണ. അത് അര്‍ത്ഥമാക്കുന്നത്, അവിടുത്തെ മാത്രം വാഞ്ഛിക്കുവാനാണ്. അപ്പോള്‍ നിങ്ങള്‍ യെശയ്യാവു കണ്ടതുപോലെ ദൈവത്തിന്റെ മഹത്വം കാണും. ഉടന്‍ തന്നെ യെശയ്യാവ് തന്റെ പാപത്തെയും കൂടെ കണ്ടു. നിങ്ങളും അങ്ങനെ തന്നെ കാണും (യെശ. 6:15). നിന്റെ ജീവിതത്തില്‍ നീ ഒരു ആരാധകനായിരിക്കുകുയും അപ്പോള്‍ ദൈവം നിനക്കു വെളിപ്പെടുത്തി തരുന്ന ക്രിസ്തുതുല്യമല്ലാത്ത എല്ലാ മേഖലകളെയും വെടിപ്പാക്കുകയും ചെയ്യുക. അപ്പോള്‍ ദൈവം നിങ്ങളെ ഈ വര്‍ഷത്തിന്റെ ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ തന്റെ സ്വാഭാവത്തിന് പങ്കാളിയാക്കി തീര്‍ക്കും.

6. ഈ വര്‍ഷം നിങ്ങള്‍ക്കു സ്വര്‍ഗ്ഗത്തിന്റെ ഒരു മുന്‍രുചി അനുഭവിക്കാന്‍ കഴിയും: പഴയ ഉടമ്പടിയുടെ കീഴില്‍, മോശെ യിസ്രയേല്‍ ജനത്തോടു പറഞ്ഞത് ദൈവം അവരുടെയും അവരുടെ മക്കളുടെയും നാളുകള്‍, ഈ ഭൂമിയിലെ സ്വര്‍ഗ്ഗീയ ദിനങ്ങളെപ്പോലെ ആകണം എന്നാഗ്രഹിക്കുന്നു എന്നാണ്. പുതിയനിയമത്തില്‍ നിങ്ങള്‍ക്കുവേണ്ടിയുള്ള ദൈവത്തിന്റെ ഹിതവും ഇതു തന്നെയാണ്. ഈ വരുന്ന വര്‍ഷം നിങ്ങളുടെ ഭവനത്തിലും സഭയിലും സ്വര്‍ഗ്ഗത്തിന്റെ സന്തോഷം, സമാധാനം, സ്‌നേഹം, നിര്‍മ്മലത, നന്മ ഇവയുടെ ഒരു മുന്‍രുചി നിങ്ങള്‍ക്കുണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. യേശു ഈ ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗീയ ജീവിതമാണ് ജീവിച്ചത്. നിങ്ങളുടെ കണ്ണുകള്‍ യേശുവില്‍ ഉറപ്പിച്ച് അവിടുത്തെ അനുഗമിക്കുമെങ്കില്‍ ഈ വര്‍ഷം ഓരോ ദിവസവും ഈ ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗീയദിനംപോലെ ആയിരിക്കും.

7. ഈ വര്‍ഷം നിങ്ങളെ മറ്റുള്ളവര്‍ക്ക് ഒരനുഗ്രഹമാക്കി തീര്‍ക്കുവാന്‍ ദൈവത്തില്‍ ആശ്രയിക്കുക: ദൈവം അബ്രഹാമിനോടു പറഞ്ഞു: “ഞാന്‍ നിന്നെ അനുഗ്രഹിക്കും… നീ ഭൂമിയിലെ എല്ലാ കുടുംബങ്ങള്‍ക്കും ഒരനുഗ്രഹമായിരിക്കും” (ഉല്‍പ. 12:2,3). ആ അനുഗ്രഹം പരിശുദ്ധാത്മാവിലൂടെ നിങ്ങളുടെയും അവകാശമാണ് (ഗലാ. 3:14). മറ്റുള്ള അനേകരെ അനുഗ്രഹിക്കുന്നതിനായി നിങ്ങളുടെ പാനപാത്രം നിറഞ്ഞു കവിയാന്‍ തുടങ്ങത്തക്കവിധം നിങ്ങളുടെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുന്നു. ഏലീശായുടെ സമയത്ത്, ദൈവം ഒരു പാവപ്പെട്ട വിധവയുടെ പാത്രം എണ്ണയാല്‍ നിറച്ചപ്പോള്‍, അവള്‍ അത് അവളുടെ എല്ലാ അയല്‍ക്കാരുടെയും പാത്രങ്ങളിലേക്കു പകര്‍ന്നു (2 രാജാ. 4:17). ഈ വര്‍ഷം നിങ്ങള്‍ കണ്ടുമുട്ടുന്ന ഓരോ വ്യക്തിയെയും അനുഗ്രഹിക്കുവാന്‍ തക്കവണ്ണവും അതിലധികവുമായ ശക്തിയും അനുഗ്രഹവും ദൈവത്തിന്റെ അഭിഷേകത്തില്‍ ഉണ്ട്. ആ വിധവ ചെയ്തതുപോലെ ഈ വര്‍ഷം നിങ്ങളുടെ അയല്‍ക്കാരെ അനുഗ്രഹിക്കാന്‍ കഴിയും. അതുകൊണ്ടു മറ്റുള്ളവരുടെ ജീവിതങ്ങളിലേക്ക് പകരുന്നത് തുടരുക. ഏതു വിധത്തിലെങ്കിലും ദൈവത്തിന്റെ അനുഗ്രഹം സ്വാര്‍ത്ഥതയോടെ നിങ്ങള്‍ക്കു മാത്രമായി സൂക്ഷിച്ചാല്‍, പിറ്റെന്നാളേക്ക് സൂക്ഷിച്ചു വച്ച മന്നപോലെ അതു കൃമിച്ചുപോകും. നനയ്ക്കുന്നവന്‍ ഏതു വിധത്തിലായാലും ദൈവത്താല്‍ നനയ്ക്കപ്പെടും (സദൃ. 11:25).നിങ്ങളുടെ ജീവിതത്തില്‍ അതങ്ങനെയാകട്ടെ.

അനുഗ്രഹിക്കപ്പെട്ടതും ക്രിസ്തു കേന്ദ്രീകൃതമായതുമായ ഒരു പുതിയ വര്‍ഷം നിങ്ങള്‍ക്കുണ്ടാകട്ടെ!