ഏതു മനുഷ്യന്‍റെയും ആത്മീയതയുടെ ഉരകല്ല് ക്രിസ്തുവിനോടുളള സ്നേഹമാണ് – WFTW 04 മാർച്ച് 2018

സാക് പുന്നന്‍

ക്രൂശീകരണത്തിനു മുന്‍പ് പത്രൊസ് 3 തവണ കര്‍ത്താവിനെ തളളിപ്പറഞ്ഞു. ഇതായിരുന്നു കര്‍ത്താവിനോടുകൂടെ ആയിരുന്ന 3 മ്മ വര്‍ഷത്തെ പത്രൊസിന്‍റെ നിരാശാജനകമായ ജീവിതത്തിന്‍റെ പരമകാഷ്ഠ. ഈ കാലയളവില്‍ പത്രൊസ് തന്നെതന്നെ നിഗളിയും, തന്നെക്കുറിച്ച് ഉറപ്പുളളവനും, പ്രാര്‍ത്ഥനയില്ലാത്തവനുമാണെന്നു തെളിയിച്ചു എന്നിട്ടും തന്‍റെ ആടുകളെ മേയിക്കുന്നജോലി പത്രൊസിനെ ഏല്‍പ്പിക്കുമ്പോള്‍ കര്‍ത്താവ് ഈ ബലഹീനതകളെക്കുറിച്ചൊന്നും പരാമര്‍ശിച്ചില്ല. ഭാവിയില്‍ താഴ്മയുളളവനായി പ്രാര്‍ത്ഥനയില്‍ ഉറ്റിരിക്കണമെന്നോ, ധൈര്യത്തോടെ സാക്ഷ്യം പറയണമെന്നോ, വേണ്ടി വന്നാല്‍ കര്‍ത്താവിനുവേണ്ടി ഉപദ്രവം സഹിക്കണം എന്നോ ഒന്നുംഅവിടുന്ന് പത്രൊസിനെ ആഹ്വാനം ചെയ്തില്ല. ഇല്ല, അവിടുന്ന് അത്തരത്തിലുളള ഒരു ചോദ്യങ്ങളും ചോദിച്ചില്ല. ഇതെല്ലാം ഒരാത്മീയനില്‍ വാസ്തവമായി നാം അന്വേഷിക്കേണ്ട യോഗ്യതകളാണെങ്കില്‍ പോലും, പ്രത്യേകിച്ച് ദൈവജനത്തിന്‍റെ ഇടയില്‍ ഒരു നേതാവാകാനുളള ഒരാളില്‍.

ലളിതമായ ഒരൊറ്റ ചോദ്യം മതി എന്ന് കര്‍ത്താവായ യേശുവിനറിയാമായിരുന്നു. ആ ചോദ്യത്തിന് യഥാര്‍ത്ഥമായ ഒരു പ്രതികരണം കാണുന്നെങ്കില്‍, ബാക്കിയെല്ലാം സ്വയമേവ അതിനെ അനുഗമിക്കും.”മറ്റെല്ലാറ്റിലും അധികമായി, മറ്റെല്ലാവരെക്കാള്‍ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ?” (യോഹന്നാന്‍ 21:15-17). ക്രിസ്തുവിനോടുളള സ്നേഹമാണ് ഏതൊരു മനുഷ്യന്‍റെയും ആത്മീയതയുടെ ഉരകല്ല്. ഒരു മനുഷ്യന്‍ സഭയില്‍ ഒരു ഉയര്‍ന്ന പദവിയില്‍ എത്തിയിട്ടുണ്ടെങ്കില്‍, ചിലപ്പോള്‍ അതൊരു ബിഷപ്പിനെക്കുറിച്ചായിരിക്കാം, നാം സ്വാഭാവികമായി കരുതുന്നത്, അയാള്‍ ഒരു ആത്മീയനാണെന്നാണ്. എന്നാല്‍ അതങ്ങനെയാകണമെന്നില്ല. ഒരു വീണ്ടും ജനനവും അതിന്‍റെ അനന്തര ഫലമായുണ്ടാകുന്ന ക്രിസ്തുവിനോടുളള സ്നേഹവുമാണ് ഒരുവനെ ആത്മീയനാക്കുന്നത്. ഇന്നത്തെ ഒരു സഭയിലെ ബിഷപ്പ് വീണ്ടും ജനിച്ചിട്ടുപോലും ഇല്ലാതിരിക്കുവാനുളള സാധ്യതയുണ്ട്. വേദശാസ്ത്രത്തിലെ ഒരു ബിരുദമോ- അല്ലെങ്കില്‍ അനേകം ബിരുദങ്ങളോ – ഒന്നും ഈ കാര്യത്തിന്‍റെ ഒരു ഉറപ്പല്ല. അല്ല,സുവിശേഷാനുസാരമായഒരു സെമിനാരിയില്‍ കൂടി കടന്നുപോയി എന്ന കാര്യം പോലും ഒരുവനെ ആത്മീയനാക്കുന്നില്ല. നിങ്ങള്‍ പൂര്‍ണ്ണസമയ പ്രവര്‍ത്തകനായിരിക്കാം അല്ലെങ്കില്‍ ഒരു കൂട്ടത്തിന്‍റെ പാസ്റ്റര്‍ ആയിരിക്കാം, എന്നാല്‍ അതു നിങ്ങളെ ഒരു ദൈവമനുഷ്യനാക്കുന്നില്ല. ക്രമമായി മീറ്റിംഗില്‍ ഹാജരാകുന്നത്, അല്ലെങ്കില്‍ അഗാധമായ വേദപുസ്തക പരിജ്ഞാനം അല്ലെങ്കില്‍ സുവിശേഷത്തിനുവേണ്ടി കുറഞ്ഞു പോകാത്ത എരിവ് ഇവയെല്ലാം ആത്മീയതയുടെ അടയാളമായി ഞാനും നിങ്ങളും വളരെ പെട്ടെന്ന് തെറ്റിദ്ധരിച്ചുപോകാം.

പ്രത്യേകതരം വേഷത്തിനും, കാഴ്ചയില്‍ ഭക്തിയുളളവനെന്ന തോന്നലിനും നമ്മെ വഞ്ചിക്കുവാന്‍ കഴിയും. എന്നാല്‍ ഇവയൊന്നും ഒരു വിലയും ഇല്ലാത്തവയാണ്. ദൈവത്തിന്‍റെ കാഴ്ചയില്‍ യഥാര്‍ത്ഥ ആത്മീയതയുടെ ഉരകല്ല് ഒരേ ഒരു കാര്യം മാത്രമാണ്: അവിടുത്തോടുളള നിങ്ങളുടെ സ്നേഹത്തിന്‍റെ വലിപ്പം. ആത്യന്തികമായി അത് നിങ്ങള്‍ക്കും നിങ്ങളുടെ കര്‍ത്താവിനും മാത്രം ഇടയിലുളള ചില കാര്യങ്ങളാണ്. അവിടുന്ന് ഈ ചോദ്യം നമ്മോടു ചോദിക്കുന്നു.”നീ എന്നെ സ്നേഹിക്കുന്നുവോ?” അതിന്‍റെ ഉത്തരം കണ്ടുപിടിക്കുക എന്നത് നിങ്ങള്‍ക്കുളളതാണ്.

യിസ്ഹാക്ക് റിബേക്കയെ സ്നേഹിച്ചപ്പോള്‍ അവന്‍ അതിനുപകരം തിരിച്ചു പ്രതീക്ഷിച്ചത് അവളുടെ ശുശ്രൂഷ അല്ലായിരുന്നു. എന്നാല്‍ അവളുടെ സ്നേഹമായിരുന്നു. യഥാര്‍ത്ഥമായ സ്നേഹമുളളിടത്ത് ശുശ്രൂഷ സ്വാഭാവികമായി ഒഴുകും അബ്രാഹാമിന്‍റെ ദാസന്‍റെ കൂടെ, റിബേക്ക മെസോപൊത്തേമ്യയില്‍ നിന്ന് കനാനിലേക്ക് ഒരു 600 മൈല്‍ യാത്രനടത്തി. ആയാത്രയ്ക്കിടയില്‍ അവരുടെ ഒരുമിച്ചുളള സംസാരം എന്തിനെക്കുറിച്ചായിരുന്നിരിക്കാം എന്നാണ് നിങ്ങള്‍ കരുതുന്നത്? അവള്‍ യിസ്ഹാക്കിനെ വാസ്തവമായി സ്നേഹിച്ചെങ്കില്‍ , തീര്‍ച്ചയായും റിബേക്ക ആ യാത്രയിലുടനീളം അവനെക്കുറിച്ച് അന്വേഷിക്കുകയായിരുന്നിരിക്കണം. യിസ്ഹാക്കിനെ സംബന്ധിക്കുന്ന അവസാനമില്ലാത്ത ചോദ്യങ്ങള്‍ അവള്‍ തന്‍റെ സുഹൃത്തും വഴികാട്ടിയുമായി കൂടെയുളള ആളിനോട് ചോദിച്ചിട്ടുണ്ടാകാം. കര്‍ത്താവിനെ സ്നേഹിക്കുന്ന, അതുപോലെ വിശപ്പുളള ഒരു വിശ്വാസി വേദപുസ്തകം വായിക്കും. തന്‍റെ കര്‍ത്താവിന്‍റെ സൗന്ദര്യത്തെ അധികമധികം വെളിപ്പെടുത്തി കിട്ടുവാനായി അവന്‍ നാള്‍തോറും പരിശുദ്ധാത്മാവിനെ ക്ഷണിക്കും.

നമ്മുടെ ആത്മീയതയുടെ യഥാര്‍ത്ഥ അളവ് നമുക്ക് അവിടുത്തോടുളള സ്നേഹത്തിന്‍റെ അളവാണെന്ന് കര്‍ത്താവ് പുതുമയോടെ നമ്മെ കാണിക്കട്ടെ. നാം നമ്മെ തന്നെ വഞ്ചിക്കാതിരിക്കുവാന്‍, അവിടുന്നു തന്നെ നമുക്കു നല്‍കിയിട്ടുളള അളവുകോല്‍ നമുക്ക് ഓര്‍ക്കാം. നമ്മുടെ സ്നേഹത്തിന്‍റെ തെളിവ് നമ്മുടെ അനുസരണം മാത്രമാണ് (യോഹ 14:15,21,23,24).

ദവേദ പുസ്തകത്തിന്‍റെ അവസാന പുസ്തകത്തില്‍ ഈ ഗൗരവമേറിയ സത്യം സ്ഥിരീകരിച്ചിരിക്കുന്നു. അവിടെ കര്‍ത്താവ് എഫെസൊസിലെ സഭയെ അതിന്‍റെ ആദ്യസ്നേഹം വിട്ടുകളഞ്ഞതിന്‍റെ പേരില്‍ ശാസിക്കുന്നു. (വെളി 2:1 -5). ബാക്കി കാര്യങ്ങളില്‍ അത് സ്തുത്യര്‍ഹമായ ഒരു സഭയായിരുന്നു. അവിടെയുളള ക്രിസ്ത്യാനികള്‍ സഹിഷ്ണുതയോടെ അദ്ധ്വാനിച്ചു. അവള്‍ തിന്മയെ വെറുത്തു, വ്യാജ അപ്പൊസ്തലന്മാരെ തുറന്നുകാട്ടി, അവിടുത്തെ നാമത്തിനുവേണ്ടി സ്ഥിരോത്സാഹത്തോടുകൂടി കഷ്ടം സഹിച്ചു. പൂര്‍ണ്ണമായും അവര്‍ കര്‍ത്താവിന്‍റെ വേലയിലായിരുന്നു. അതിനെ വിട്ടുകളയുവാന്‍ തക്കവണ്ണം അവരുടെ മനസ്സുവപ്പിക്കുവാന്‍ ഒരു കാര്യത്തിനും കഴിഞ്ഞില്ല. അപ്പോഴും, ഇതെല്ലാം ഉണ്ടായിരുന്നിട്ടും, കര്‍ത്താവിന് അവര്‍ക്ക് എതിരായി ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു. അവിടുത്തേക്ക് ഒരു സാക്ഷ്യമായി ഉളള അവരുടെ നിലനില്‍പ്പിനു തന്നെ ഒരു ഭീഷണിയാകത്തക്കവിധം ഗൗരവതരമായ ഒരു കുറവായി അതു തീര്‍ന്നു. അവര്‍ വീണുപോയിരിക്കുന്നു എന്നും, അവര്‍ മാനസാന്തരപ്പെട്ടില്ലെങ്കില്‍ അവരുടെ സാക്ഷ്യത്തിനുളള അവിടുത്തെ അംഗീകാരത്തിന്‍റെ അടയാളമായ അഭിഷേകം അവരില്‍ നിന്നെടുത്തുകളയും എന്നും അവിടുന്ന് അവരോടു പറഞ്ഞു. ഈ ഗൗരവതരമായ കുറവ് എന്തായിരുന്നു? അത് ഇതു മാത്രമായിരുന്നു, ഇവര്‍ക്ക് അവരുടെ കര്‍ത്താവിനോടുളള സ്നേഹം തണുത്തുപോയി എന്നത്. അവര്‍ക്ക് അവിടുത്തോടുളള ആദ്യസ്നേഹം നഷ്ടപ്പെട്ടുപോയിരുന്നില്ല, എന്നാല്‍ അവര്‍ അതു വിട്ടിട്ട് മറ്റെങ്ങോട്ടോ മാറിപ്പോയി. അവര്‍ തങ്ങളുടെ കൂടിവരവുകളും, ധ്യാനങ്ങളും, കണ്‍വെന്‍ഷനുകളും (നാം അങ്ങനെ പറയുന്നെങ്കില്‍) മറ്റു പലതരത്തിലുളള ക്രിസ്തീയ പ്രവര്‍ത്തനങ്ങളിലും തിരക്കുപിടിച്ചിട്ട്, ഈ കാര്യങ്ങളെല്ലാം നിലനില്‍ക്കുന്നത് ആര്‍ക്കുവേണ്ടിയാണോ ആ ഒരാളിന്‍റെ ദര്‍ശനം അവര്‍ക്കു നഷ്ടമായി. ഇതു വ്യക്തമായി കാണിക്കുന്ന ഒരു കാര്യം, കര്‍ത്താവു പ്രവര്‍ത്തനങ്ങളെക്കാള്‍ ശ്രദ്ധിക്കുന്നത് നമ്മുടെ ഹൃദയത്തില്‍ അവിടുത്തോടുളള ഭക്തിയും സമര്‍പ്പണവുമാണ്. പിശാച് ഇതറിയുന്നതു കൊണ്ട്, ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ക്രിസ്തീയപ്രവര്‍ത്തനങ്ങളില്‍ നാം വ്യാപൃതരായി തീരേണ്ടതിന്, അവന്‍റെ കഴിവിന്‍റെ പരമാവധി അവന്‍ കാര്യങ്ങള്‍ ചെയ്യും. അങ്ങനെ നമ്മുടെ വാഴ്ത്തപ്പെട്ട കര്‍ത്താവുമായി ചെലവഴിക്കുവാന്‍ അല്‍പ്പം പോലും സമയം ലഭിക്കാതാക്കുകയും അവിടുത്തോടുളള വ്യക്തിപരമായ സമര്‍പ്പണം വഴുതിപോകുവാന്‍ ഇടയാകുകയും ചെയ്യും.

അന്ത്യകാലത്ത് അനേകരുടെ സ്നേഹം തണുത്തു പോകത്തക്കവിധം ലോകത്തില്‍ പാപം പെരുകും എന്ന് യേശു നമുക്ക് മുന്നറിയിപ്പു നല്‍കി (മത്തായി 24:12). നാം ഇന്നു ആ നാളുകളിലാണ് ജീവിക്കുന്നത്. കര്‍ത്താവിന്‍റെ അനുഗാമികള്‍ എന്ന് അംഗീകരിച്ച ബഹുഭൂരിപക്ഷം പേരുടെയും ആത്മീയ ഉഷ്മാവ് ഖരണാങ്കത്തിലും താഴെയാണ്. നാം നിരന്തരമായി സൂക്ഷ്മതയുളളവര്‍ അല്ലെങ്കില്‍, ആ മരവിച്ച അന്തരീക്ഷം നമ്മിലേക്കും തുളച്ചിറങ്ങുന്നതായി നാം കണ്ടെത്തും. ക്രിസ്തുവിലുളള എന്‍റെ സഹോദരീ സഹോദരന്മാരെ, നിങ്ങള്‍ക്കു മറ്റെന്തു നഷ്ടപ്പെട്ടാലും, ഈ ഒരു കാര്യം – നിങ്ങളുടെ കര്‍ത്താവിനോട് നിങ്ങള്‍ക്കുളള സ്നേഹം നഷ്ടപ്പെടുവാന്‍ നിങ്ങള്‍ അനുവദിക്കരുത്. നിങ്ങള്‍ പൂര്‍ണ്ണ ഹൃദയത്തോടുകൂടി ആഗ്രഹിക്കുന്നതും നിങ്ങളുടെ ജീവിതത്തിന്‍റെ ഓരോ ദിവസവും അന്വേഷിക്കുന്നതുമായ ഒരു കാര്യമായി നിങ്ങള്‍ അതിനെ സംരക്ഷിക്കുക.

ഞാന്‍ നിന്നെ ഉപദേശിച്ച് നിന്‍റെ ജീവിതത്തിനു വേണ്ടി ഏറ്റവും നല്ല വഴിയിലൂടെ നിന്നെ നടത്തും ( എന്ന് യഹോവ അരുളി ചെയ്യുന്നു); ഞാന്‍ നിന്നെ ഉപദേശിച്ച് നിന്‍റെ പുരോഗതി ഞാന്‍ ശ്രദ്ധിക്കും, (എന്നാല്‍) നീ ബുദ്ധിയില്ലാത്ത കുതിരയെയും കോവര്‍ കഴുതയെയും പോലെ ആകരുത് ( സങ്കീര്‍ത്തനം 32:8,9 റ്റി.എല്‍.ബി) അക്ഷമനായി എപ്പോഴും മുന്നോട്ടു കുതിക്കുക എന്നത് കുതിരയുടെ ഒരു പ്രത്യേകതയാണ്. അതേ സമയം മത്സരം മൂലം പലപ്പോഴും മുന്നോട്ടു നീങ്ങുവാന്‍ കൂട്ടാക്കാതെ ഇരിക്കുന്നതാണ് കോവര്‍ കഴുതയുടെ പ്രത്യേകത. ഈ രണ്ടുമനോഭാവങ്ങളും നാം ഒഴിവാക്കേണ്ടതാണ്.

“ഇവയില്‍ ഏറ്റവും വലിയത് — സ്നേഹം തന്നെ. സ്നേഹത്തെ പിന്‍തുടരുക” (1 കൊരി 13:13, 14:1)

What’s New?