സാക് പുന്നന്‍
നിങ്ങൾക്ക് മറ്റെന്തെല്ലാം തന്നെ ഉണ്ടായാലും വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്, (എബ്രാ. 11:6). ഏദൻ തോട്ടത്തിലെ ഹവ്വയുടെ പരാജയം വിശ്വാസത്തിന്റെ പരാജയമായിരുന്നു. ആ വൃക്ഷത്തിന്റെ ആകർഷണീയതയാൽ പ്രലോഭിപ്പിക്കപ്പെട്ടപ്പോൾ, സ്നേഹവാനായ ദൈവം അത് ഭക്ഷിക്കുന്നതിൽ നിന്ന് വിലക്കിയത് എന്തുകൊണ്ടാണെന്ന് അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും, അവൾ ദൈവത്തിന്റെ തികഞ്ഞ സ്നേഹത്തിലും ജ്ഞാനത്തിലും മാത്രം വിശ്വസിച്ചിരുന്നെങ്കിൽ, അവൾ പാപം ചെയ്യുമായിരുന്നില്ല. എന്നാൽ ഒരിക്കൽ സാത്താൻ അവളെ ദൈവസ്നേഹത്തിൽ സംശയം ജനിപ്പിച്ചു, അവൾ വളരെ വേഗം വീണു.
ദൈവം നമുക്കും നിഷിദ്ധമാക്കിയിട്ടുള്ള പല കാര്യങ്ങളുണ്ട്, അനുവദിക്കുന്നത് യോഗ്യമല്ലെന്ന് അവിടുന്ന് കാണുന്ന നമ്മുടെ പല പ്രാർത്ഥനകളും ഉണ്ട്. അത്തരം സമയങ്ങളിൽ നാം അവിടുത്തെ സമ്പൂർണ്ണ സ്നേഹത്തിലും ജ്ഞാനത്തിലും ആശ്രയിക്കണം. യേശു കുരിശിൽ പരിത്യജിക്കപ്പെട്ട സമയത്തും പിതാവിനെ വിശ്വസിച്ചു. “ഓ.. ദൈവമേ, നീ എന്നെ കൈവിട്ടതെന്ത്?” എന്ന് അവിടുന്ന് പറഞ്ഞില്ല. അവിടുന്ന് പറഞ്ഞു, “എന്റെ ദൈവമേ…..”, അതായത്, “എന്തുകൊണ്ടാണ് നീ എന്നെ ഉപേക്ഷിച്ചതെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിലും, നീ ഇപ്പോഴും എന്റെ ദൈവമാണ്”. യേശുവിന്റെ ചോദ്യത്തിന് സ്വർഗത്തിൽ നിന്ന് ഒരു മറുപടിയും ഉണ്ടായില്ല. എന്നാൽ അവിടുന്ന് വിശ്വാസത്തോടെ മരിച്ചു. അവിടുന്ന് പറഞ്ഞു, “പിതാവേ ഞാൻ എന്റെ ആത്മാവിനെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു”. അവസാനം വരെ വിശ്വാസത്തിൽ സഹിക്കുക എന്നതിന്റെ അർത്ഥം അതാണ്.
പത്രോസിനെ കോതമ്പു പോലെ പാറ്റേണ്ടതിന്നു സാത്താൻ അനുവാദം ചോദിച്ചതായി യേശു അവനോട് പറഞ്ഞു. ഇയ്യോബിനെ (പഴയ നിയമത്തിൽ) പരീക്ഷിക്കുവാൻ സാത്താൻ ദൈവത്തോട് അനുവാദം ചോദിച്ചതിന് സമാനമായിരുന്നു ഇത്. ദൈവത്തിന്റെ അനുവാദമില്ലാതെ സാത്താന് നമ്മോട് ഒന്നും ചെയ്യാൻ കഴിയില്ല (നമ്മെ പരീക്ഷിക്കാൻ പോലും). എന്നാൽ പത്രോസിനെ പരീക്ഷിക്കാൻ പോകുമ്പോൾ, അവന്റെ വിശ്വാസം പരാജയപ്പെടാതിരിക്കാൻ അവനുവേണ്ടി പ്രാർത്ഥിക്കുമെന്ന് യേശു ഉറപ്പുനൽകി (ലൂക്കാ.22:31,32). അതാണ് ഏറ്റവും പ്രാധാന്യമുള്ളത്. നാം പ്രലോഭിപ്പിക്കപ്പെടരുതെന്നോ നമ്മുടെ ആരോഗ്യമോ സമ്പത്തോ ജോലിയോ പരാജയപ്പെടരുതെന്നോ അല്ല, മറിച്ച് നമ്മുടെ വിശ്വാസം പരാജയപ്പെടരുത് എന്നാണ് യേശു പ്രാർത്ഥിക്കുന്നത്.
അതുകൊണ്ട് യേശുവിന്റെ ദൃഷ്ടിയിൽ നമ്മുടെ വിശ്വാസം ഒരു നിധിപോലെ ഏറ്റവും പ്രധാനപ്പെട്ടതാണ്. നമുക്ക് വിശ്വാസമുണ്ടെങ്കിൽ, പത്രോസിനെപ്പോലെ ദയനീയമായി പരാജയപ്പെട്ടാലും നാം ഒരിക്കലും നിരുത്സാഹപ്പെടുകയില്ല. നമ്മുടെ പാപത്തിൽ നിന്ന് തിരിഞ്ഞ് ദൈവത്തോട് ഏറ്റുപറയുമ്പോൾ നമ്മെ നന്നായി ശുദ്ധീകരിക്കുന്ന കുഞ്ഞാടിന്റെ രക്തത്തെക്കുറിച്ചുള്ള നമ്മുടെ സാക്ഷ്യത്തിന്റെ വചനത്താൽ നാം ചാടിയെഴുന്നേൽക്കും (വെറുതെ എഴുന്നേൽക്കുമെന്നല്ല ചാടി എഴുന്നേൽക്കും!) സാത്താനെ ജയിക്കും (വെളി.12:11). യേശുവിന്റെ രക്തത്താൽ നാം ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നുവെന്നും നമ്മുടെ മുൻകാല പാപങ്ങളൊന്നും ഇനി ദൈവം ഓർക്കുന്നില്ലെന്നും നാം സാത്താനോട് പറയണം (എബ്രാ. 8:12). സാത്താനോട് നമ്മുടെ ചിന്തകൾ കേൾക്കാൻ കഴിയാത്തതിനാൽ, അത് നമ്മുടെ വായ്‌കൊണ്ട് അവനോട് പറയണം. അങ്ങനെ നാം അവനെ ജയിക്കുന്നു, അവൻ നമ്മെ വിട്ടു ഓടിപ്പോകും
എന്റെ ശത്രുവേ, എന്നെച്ചൊല്ലി സന്തോഷിക്കരുതു; വീണു എങ്കിലും ഞാൻ വീണ്ടും എഴുന്നേല്ക്കും; ഞാൻ ഇരുട്ടത്തു ഇരുന്നാലും യഹോവ എനിക്കു വെളിച്ചമായിരിക്കുന്നു. യഹോവ എന്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ഞാൻ അവന്റെ ക്രോധം വഹിക്കും; ഞാൻ അവനോടു പാപം ചെയ്തുവല്ലോ; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവന്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും. എന്റെ ശത്രു അതു കാണും; നിന്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; എന്റെ കണ്ണു അവളെ കണ്ടു രസിക്കും; അന്നു അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും.
(മീഖാ 7:8-10).
“കർത്താവ് എന്റെ സഹായിയാണ്. ഞാൻ ഒരിക്കലും ഭയപ്പെടുകയില്ല (ഏതെങ്കിലും മനുഷ്യനെയോ പിശാചിനെയോ സാഹചര്യത്തെയോ യാതൊന്നിനെയോ ഞാൻ ഭയപ്പെടുകയില്ല). ഇത് എല്ലായ്‌പ്പോഴും ധൈര്യത്തോടെ നാം പറയണം. (എബ്രായ.13:6,5). അതാണ് നമ്മുടെ വിശ്വാസത്തിന്റെ ധീരമായ ഏറ്റുപറച്ചിൽ.