നിങ്ങൾ തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് ദൈവത്തെ കേൾക്കുക – WFTW 24 ഏപ്രിൽ 2022

സാക് പുന്നന്‍

പ്രാർത്ഥന എന്നാൽ ദൈവത്തോടു സംസാരിക്കുന്നതു മാത്രമല്ല, ദൈവം പറയുന്നത് ശ്രദ്ധിച്ചു കേൾക്കുന്നതു കൂടിയാണ്. അവിടുത്തോടു സംസാരിക്കുന്നതിനേക്കാൾ ശ്രദ്ധിച്ചു കേൾക്കുന്നതാണ് പ്രധാനം. നിങ്ങളെക്കാൾ പ്രായം കൂടിയ, കൂടുതൽ ദൈവഭക്തനായ ഒരു വ്യക്തിയുമായി നിങ്ങൾ സംസാരിക്കുകയാണെന്നു കരുതുക, അപ്പോൾ നിങ്ങൾ സംസാരിക്കുന്നതിനേക്കാൾ വളരെയധികം ശ്രദ്ധിച്ചു കേൾക്കും യഥാർത്ഥ പ്രാർത്ഥനയിലും അത് അങ്ങനെ തന്നെ ആയിരിക്കണം. നിങ്ങൾ ദൈവത്തോടു സംസാരിക്കുന്നതിനേക്കാൾ വളരെയധികം നിങ്ങൾ ദൈവത്തെ ശ്രദ്ധിച്ചു കേൾക്കണം.

ഏതെങ്കിലും കാര്യം ചെയ്യുന്നതിൽ നിങ്ങൾ വളരെ ഉത്സുകനാണെങ്കിൽ, ആ കാര്യം ദൈവഹിതമാണെന്നു പറഞ്ഞ് നിങ്ങൾക്കു നിങ്ങളെ തന്നെ വഞ്ചിക്കാൻ കഴിയും, നിങ്ങളുടെ മനസ്സാക്ഷിയെ ആശ്വസിപ്പിക്കാൻ വേണ്ടി മാത്രം അതെക്കുറിച്ച് ചുരുക്കമായി പ്രാർത്ഥിച്ചിട്ട്, ഇതു ചെയ്യുന്നതിൽ “നിങ്ങളുടെ ഹൃദയത്തിൽ സമാധാനം” തോന്നുന്നു എന്നു പറഞ്ഞ് – മുന്നോട്ടു പോയി അതു ചെയ്യും! അതുവഴി നിങ്ങൾക്ക് ദൈവഹിതം പൂർണ്ണമായി നഷ്ടമാകാൻ കഴിയും. ഓർക്കുക: എത്രകണ്ട് പ്രാധാന്യമുള്ള തീരുമാനമാണോ നിങ്ങൾക്ക് എടുക്കേണ്ടത്, നിങ്ങൾ അതു ചെയ്യുന്നതിനു മുമ്പ്, അത്രകണ്ട് ദൈവത്തെ കാത്തിരിക്കണം.

ജഡം അടിസ്ഥാനപരമായി മടിയുള്ളതും ആനന്ദത്തെ സ്നേഹിക്കുന്നതും സുഖത്തെ സ്നേഹിക്കുന്നതുമാണ്. അതിനാൽ വഞ്ചിക്കപ്പെടരുത്. നിങ്ങൾ ദൈവഹിതം കണ്ടെത്താൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ ഇന്ദ്രിയങ്ങളിലൂടെ ഉണ്ടാകുന്ന മതിപ്പുകളെ നിങ്ങൾ തള്ളിക്കളയണം. നിങ്ങളുടെ ചിന്താഗതിയും ദൈവത്തിൻ്റെ ചിന്തകളും തമ്മിൽ, ഭൂമിയും സ്വർഗ്ഗവും തമ്മിലുള്ള വ്യത്യാസം പോലെയാണ് (യെശ.55:8.9). കാര്യങ്ങൾ നിവർത്തിക്കുന്നതിലുള്ള ദൈവത്തിൻ്റെ വഴി നിങ്ങളുടെ വഴിയിൽ നിന്ന് വളരെ ഉന്നതമായതാണ്. അതുകൊണ്ടാണ് നിങ്ങൾക്ക് അവിടുത്തെ ഏറ്റവും നന്മയായതു ലഭിക്കേണ്ടതിന് അവിടുത്തേക്ക് കീഴടങ്ങിയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നത്.

നിങ്ങൾക്ക് പ്രാർത്ഥനയിൽ ചെലവഴിക്കാൻ അധികം സമയം ഉണ്ടായെന്നു വരില്ല. എന്നാൽ നിങ്ങളുടെ തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് കർത്താവിനായി കാത്തിരിക്കുന്ന ഒരു മനോഭാവം ഉണ്ടായിരിക്കണം.അതുകൊണ്ട് ഓരോ ദിവസവും ദൈവത്തോടു കൂടെ ഏതാനും നിമിഷങ്ങൾ ചെലവഴിക്കുവാൻ നിങ്ങളെ തന്നെ ശിക്ഷണം ചെയ്യുക (പരിശീലിപ്പിക്കുക) – പ്രഭാതത്തിൽ ചെയ്യുന്ന ഒന്നാമത്തെ കാര്യം അതാകുന്നത് നല്ലത്. പ്രഭാതത്തിൽ അതിനു കഴിയുന്നില്ലെങ്കിൽ, പകൽ ഏതെങ്കിലും സമയത്ത്. അല്ലാത്ത പക്ഷം, നിങ്ങൾക്കുണ്ടാകാവുന്ന മതിപ്പുകൾക്ക് നിങ്ങളുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവഹിതത്തിൽ നിന്നു നിങ്ങളെ വഴിതെറ്റിക്കുവാൻ കഴിയും.

ഓരോ ദിവസവും നിങ്ങളുമായി സംഭാഷണം നടത്തുവാൻ ദൈവം ആഗ്രഹിക്കുന്നു. ഈ സന്ദേശമാണ് വേദപുസ്തകത്തിലെ ഒന്നാമത്തെ പേജിൽ ഇങ്ങനെ പറയുന്നിടത്തു നിന്നു ലഭിക്കുന്നത്: “ഒന്നാം ദിവസം, ദൈവം സംസാരിച്ചു… രണ്ടാം ദിവസം, ദൈവം സംസാരിച്ചു…, മൂന്നാം ദിവസം… നാലാം ദിവസം… അഞ്ചും ആറും ദിവസങ്ങളിലും ദൈവം സംസാരിച്ചു”. ഓരോ ദിവസവും ദൈവം സംസാരിച്ചപ്പോൾ ചില കാര്യങ്ങൾ സംഭവിക്കുകയും അതിൻ്റെ ഫലമായി “വളരെ നല്ലത്” ഉണ്ടാകുകയും ചെയ്തു. നിങ്ങൾ എല്ലാ ദിവസവും ദൈവത്തെ ശ്രദ്ധിക്കുമെങ്കിൽ നിങ്ങളുടെ ജീവിതത്തിലും അതങ്ങനെ ആയിരിക്കാൻ കഴിയും. യേശു പറഞ്ഞു, “ദൈവത്തിൻ്റെ വായിൽ നിന്നു വരുന്ന സകല വചനങ്ങൾ കൊണ്ടും മനുഷ്യൻ ജീവിക്കും” (മത്താ. 4:3). നിങ്ങളുടെ ജീവിതത്തിൽ ഓരോ ദിവസവും ദൈവത്തെ ഒന്നാമതു വയ്ക്കുന്നില്ലെങ്കിൽ, പിന്മാറി പോകുവാൻ വളരെ എളുപ്പമാണ്.

“ദൈവത്തെ കേൾക്കുക” എന്നതുകൊണ്ട് വേദപുസ്തകം വായിക്കുന്ന കാര്യമല്ല ഞാൻ ഉദ്ദേശിക്കുന്നത്, എന്നാൽ അതിലുപരി ദിവസത്തിലുടനീളം നിങ്ങളുടെ മനസ്സാക്ഷിയിൽ ഉള്ള പരിശുദ്ധാത്മാവിൻ്റെ ശബ്ദത്തിനു ചെവി കൊടുക്കുന്ന കാര്യമാണ്, അതുവഴി അവിടുത്തെ പ്രസാദിപ്പിക്കുന്ന കാര്യം നിങ്ങൾ ചെയ്യുകയും അവിടുത്തേക്ക് അനിഷ്ടമായ ഏതു കാര്യവും നിങ്ങൾ ഒഴിവാക്കുകയും ചെയ്യും.

നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരം തരാൻ ദൈവം എപ്പോഴും ആഗ്രഹിക്കുന്നു. എന്നാൽ ഒരു ഉത്തരത്തിനായി ആത്മാർത്ഥതയോടെ നാം കാത്തിരിക്കേണ്ടതുണ്ട്. ചിലപ്പോൾ അവിടുത്തെ ഉത്തരം “ഇല്ല” എന്നായിരിക്കാം, മറ്റു ചിലപ്പോൾ അത് “കാത്തിരിക്കുക” എന്നായിരിക്കാം. ചുവപ്പ്, മഞ്ഞ, പച്ച എന്നീ നിറങ്ങളിലുള്ള ട്രാഫിക് ലൈറ്റ് പോലെ, ദൈവത്തിൻ്റെ മറുപടി “ഇല്ല”, “കാത്തിരിക്കുക” അല്ലെങ്കിൽ “അതെ ” എന്നായിരിക്കാം.

What’s New?


Top Posts