യജമാനൻ്റെ തൃപ്തി

ഗ്രാമീണനായ വൃദ്ധന്‍. തൊട്ടടുത്ത നദിയില്‍ നിന്നു വെള്ളം കോരി വീട്ടിലെത്തിക്കുകയാണ് അയാളുടെ പണി. തോളില്‍ ഒരു നീണ്ട വടി അയാള്‍ വയ്ക്കും. വടിയുടെ രണ്ട് അഗ്രങ്ങളിലും ഓരോ കലങ്ങള്‍ കെട്ടിത്തൂക്കിയിരുന്നു. ഈ കലങ്ങളില്‍ നിറയെ വെള്ളം പുഴയില്‍ നിന്നു കോരി നിറച്ച് അയാള്‍ വീട്ടിലേക്കു നടക്കും. ഇതായിരുന്നു പതിവ്. ഈ രീതി മൂലം ഒരൊറ്റ നടപ്പില്‍ തന്നെ രണ്ടു കലങ്ങളിലെ വെള്ളം വീട്ടിലെത്തിക്കാമല്ലോ എന്നു വൃദ്ധന്‍ കരുതി.

എന്നാല്‍ ഒരു കലത്തിന്റെ ചുവട്ടില്‍ ഒരു ചെറിയ ദ്വാരം വീണു. അതുകൊണ്ടു വെള്ളം നിറച്ചു നടന്നു വരുമ്പോള്‍ തുള്ളി തുള്ളിയായി ഓട്ടക്കലത്തില്‍ നിന്നു ജലം ചോര്‍ന്നു പോകും. ഫലം രണ്ടു കലം നിറയെ വെള്ളം നദിയില്‍ നിന്നു കോരിയാലും വീട്ടിലെത്തുമ്പോള്‍ ഒന്നരക്കലം വെള്ളമേ ഒടുവില്‍ കാണൂ.

ഇതു ദിവസവും കണ്ടു കണ്ട് നല്ല കലത്തിനു ചിരിപൊട്ടി. ”ഓട്ടക്കലം! യജമാനന് അവനെക്കൊണ്ട് എന്താ പ്രയോജനം? എന്നാല്‍ എന്നെ നോക്ക്! ഞാന്‍ കൃത്യമായി എല്ലാം ചെയ്യുന്നു!

ഈ പരിഹാസ വാക്കുകള്‍ നിരന്തരം കേട്ട് ഓട്ടക്കലത്തിനു വിഷാദമായി. അത് ഒരു ദിവസം യജമാനനോട് ദുഃഖത്തോടെ ഇങ്ങനെ പറഞ്ഞു: “യജമാനനേ, എനിക്ക് എന്നേപ്പറ്റി ത്തന്നെ ലജ്ജ തോന്നുന്നു. ഓട്ട വീണതു മൂലം എനിക്കു പകുതി വെള്ളം മാത്രമേ വീട്ടിലെത്തിക്കാന്‍ കഴിയുന്നുള്ളു. അങ്ങു കഷ്ടപ്പെടുന്നുവെങ്കിലും എനിക്കു ശരിയായ ഫലം നല്‍കാന്‍ കഴിയുന്നില്ല. അതുകൊണ്ട് അങ്ങന്നെ എറിഞ്ഞു കളഞ്ഞേക്കുക. പകരം നല്ല ഒരു കലം അവിടുന്നു വാങ്ങിയാലും!”

വൃദ്ധന്‍ സ്‌നേഹപൂര്‍വ്വം പുഞ്ചിരിച്ചു. എന്നിട്ട് ഓട്ടക്കാലത്തെ ഇങ്ങനെ ആശ്വസിപ്പിച്ചു. “നീ ചെയ്യുന്ന സേവനം നീ അറിയുന്നില്ല. നമ്മുടെ വീട്ടിലേക്കുള്ള വഴിയുടെ ഒരു വശത്തു മാത്രമുള്ള പൂച്ചെടികളെ നീ കാണാത്തതെന്ത് ? ആ വശത്തു മാത്രമാണു ഞാന്‍ പൂച്ചെടികളുടെ വിത്തു പാകിയത്. കാരണം നീ ആ വശത്തായതിനാല്‍ നിനക്കു മാത്രമാണ് എന്നും അവയ്ക്കു തുള്ളി തുള്ളിയായി വെള്ളം നല്‍കി അവയെ നനയ്ക്കുവാന്‍ കഴിയുന്നത്.. നമ്മുടെ വഴിയുടെ ഒരു വശം പൂച്ചെടികളാല്‍ അലംകൃതമാക്കാന്‍ കഴിഞ്ഞതു നീ മൂലമാണ്. എനിക്കു നിന്നെ തൃപ്തിയാണ്. നിന്നെ ഉപേക്ഷിച്ചു കളയാതിരിക്കാനുള്ള രണ്ടാമത്തെ കാരണം നിന്റെ പരിമിതി മൂലം നിനക്കു പൂര്‍ണമായി നിന്റെ കര്‍ത്തവ്യം നിറവേറ്റാന്‍ കഴിയുന്നില്ലെങ്കിലും നിനക്ക് അതിനുള്ള മനസ്സുണ്ടല്ലോ! അതു ധാരാളം മതി.

ദൈവപൈതലേ നിന്റെ പരിമിതി അറിഞ്ഞു നിന്നെ സ്‌നേഹിക്കുന്ന, നിന്നെ ഉപേക്ഷിച്ചു കളയാത്ത, ഒരു യജമാനനാണു നിനക്കുള്ളത്. ധൈര്യപ്പെടുക.

”ഒരുത്തനു മനസ്സൊരുക്കം ഉണ്ടെങ്കില്‍… പ്രാപ്തിയുള്ളതുപോലെ കൊടുത്താല്‍ അവനു ദൈവപ്രസാദം ലഭിക്കും” (2 കൊരി. 8:12)