ബാബിലോണില്‍ നിന്ന് യെരുശലേമിലേക്കുളള നീക്കം – WFTW 13 ഒക്ടോബർ 2019

സാക് പുന്നന്‍

ദാനിയേലിന്‍റെ പുസ്തകത്തില്‍ ബാബിലോണില്‍ നിന്നു യെരുശലേമിലേക്കുളള നീക്കത്തിന്‍റെ തുടക്കം നാം കാണുന്നു. ഇത് “എന്‍റെ ജനമേ ബാബിലോണില്‍ നിന്നു വിട്ടുപോരുവിന്‍” (വെളി. 18:4)എന്നുളള ദൈവത്തിന്‍റെ വിളിയോടുളള പ്രതികരണമായി, ദൈവ ഭയമുളള ആളുകള്‍ ഒത്തുതീര്‍പ്പുമനോഭാവമുളള ക്രിസ്തീയ ഗോളത്തില്‍ നിന്ന് ദൈവത്തിന്‍റെ പുതിയ നിയമസഭയിലേക്കു നീങ്ങുന്നതായി ഇന്നു നാം കാണുന്നതിന്‍റെ ഒരു സാദൃശ്യം ആണ്.

പുരാതന ബാബിലോണില്‍ ഉണ്ടായ ആ നീക്കം തുടങ്ങിയത് ഒത്തുതീര്‍പ്പു മനോഭാവമില്ലാത്ത ഒരു പുരുഷനില്‍ നിന്നാണ് – ദാനിയേല്‍. അദ്ദേഹം ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങളെക്കുറിച്ചു ഭാരമുളളവനായിരുന്നു. അവയുടെ പുര്‍ത്തീകരണത്തിനായി ഉപവസിക്കുയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഏതു സ്ഥലത്തും ദൈവത്തിനുവേണ്ടി ഒരു നിര്‍മ്മലമായ സഭയുടെ പണി സാധാരണയായി ആരംഭിക്കുന്നത് പ്രാര്‍ത്ഥനയ്ക്കു ഭാരമുളള ഒരുവനോട് ചേര്‍ന്നാണ്. അവന്‍റെ ദൈവത്തോടുളള പ്രാര്‍ത്ഥന ഇപ്രകാരമാണ്, “കര്‍ത്താവെ, ഈ സ്ഥലത്ത് അവിടുത്തേക്കു വേണ്ടി ഒരു സഭ എനിക്കാവശ്യമുണ്ട്, അതിനു വേണ്ടി എന്തു വിലകൊക്കുവാനും എനിക്കു മനസ്സാണ് “. ഇതിന്‍റെ പൂര്‍ത്തീകരണം കാണുന്നതിനു മുമ്പ് വളരെക്കാലം നിങ്ങള്‍ ആ ഭാരം വഹിക്കേണ്ടി വന്നേക്കാം. ഒരമ്മ ഒരു ശിശുവിനെ തന്‍റെ ഗര്‍ഭപാത്രത്തില്‍ വഹിക്കുന്നതു പോലെ തന്നെ, നാമും ഈ ഭാരം നമ്മുടെ ഹൃദയങ്ങളില്‍ വഹിക്കേണ്ടതുണ്ട്. അപ്രകാരമാണ് ദാനിയേല്‍ ഈ ഭാരം വഹിച്ചിരുന്നത്.

ദാനിയേലിന്‍റെ ജീവിതത്തില്‍ ശ്രദ്ധേയമായ ഒരു സവിശേഷത ഇതായിരുന്നു: ” തന്നെത്താന്‍ അശുദ്ധനാക്കുകയില്ല എന്ന് അവന്‍ നിശ്ചയിച്ചു”( ദാനി 1:8). ദൈവ വചനത്തിലുളള ഏറ്റവും ചെറിയ കല്പനകള്‍ അനുസരിക്കേണ്ടി വന്നപ്പോഴും അവന്‍ തീര്‍ത്തും വിട്ടുവീഴ്ചയില്ലാത്ത ഒരുവനായിരുന്നു. യേശു പറഞ്ഞു, ” ഈ ഏറ്റവും ചെറിയ കല്പനകളില്‍ ഒന്ന് അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും ചെറിയവന്‍ എന്നു വിളിക്കപ്പെടും. എന്നാല്‍ ഈ ഏറ്റവും ചെറിയ കല്പന ആചരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവന്‍, സ്വര്‍ഗ്ഗ രാജ്യത്തില്‍ വലിയവന്‍ എന്നു വിളിക്കപ്പെടും”(മത്താ. 5:19) കോപവും ലൈംഗിക അശുദ്ധിയും വിട്ടുകളയുന്നതു പോലെയുളള (മത്താ.5:22,28) കര്‍ത്താവിന്‍റെ വലിയ കല്പനകളോടും, അതുപോലെ തന്നെ സഭയില്‍ പ്രാര്‍ത്ഥിക്കുമ്പോഴും പ്രവചിക്കുമ്പോഴും തലയില്‍ മൂടുപടം ഇടണം എന്നതു പോലെയുളള ( 1 കൊരി.11:1-16) കര്‍ത്താവിന്‍റെ ചെറിയ കല്പനകളോടും ഉളള അനുസരണം പഠിപ്പിക്കുന്ന പുരുഷന്മാരെയാണ് പുതിയ ഉടമ്പടി സഭ പണിയുവാന്‍ ദൈവം ഉപയോഗിക്കുന്നത്.

ആരംഭത്തില്‍ മറ്റെല്ലാ യഹൂദരും ഒത്തുതീര്‍പ്പിനു വഴങ്ങിയപ്പോള്‍ ദാനിയേലിന് തനിയെ നില്‍ക്കേണ്ടി വന്നു. എന്നാല്‍ ദാനിയേല്‍ ദൈവത്തിനു വേണ്ടി ഒരു നിലപാടെടുക്കുന്നതു കണ്ടപ്പോള്‍ ഹനന്യാവ്, മിശായേല്‍, അസര്യാവ് (ശദ്രക്, മേശക്, അബേദ്- നെഗോ എന്നിങ്ങനെയുളള അവരുടെ ബാബിലോണിയന്‍ പേരുകളാല്‍ അറിയപ്പെടുന്നതാണ് നല്ലത്) എന്നിവര്‍ ധൈര്യം പൂണ്ട് അവനോടു ചേര്‍ന്നു ( ദാനി 1:11).

ഹനന്യാവ്, മിശായേല്‍, അസര്യാവ് എന്നിവരെ പോലെ, തങ്ങളുടെ പ്രദേശത്ത് കര്‍ത്താവിനുവേണ്ടി ഒരു നിര്‍മ്മല സാക്ഷ്യം പണിയുവാന്‍ ആഗ്രഹമുളള അനേകര്‍ വിവിധ സ്ഥലങ്ങളില്‍ ഉണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ അവര്‍ക്കു സ്വന്തമായ ഒരു നിലപാടെടുക്കുവാന്‍ ധൈര്യമില്ല. അവര്‍ക്കു തങ്ങളെ നയിക്കുവാന്‍ ഒരു ദാനിയേലിനെ ആവശ്യമുണ്ട്. അവരുടെ ഗ്രാമത്തിലോ, പട്ടണത്തിലോ ഒരു ദാനിയേല്‍ എഴുന്നേല്‍ക്കുമ്പോള്‍ അവര്‍ പുറത്തുവരികയും അവനോടു ചേരുകയും ചെയ്യും.

ബാബിലോണിലുണ്ടായിരുന്ന പൂര്‍ണ്ണ മനസ്കരായ നാലു യുവാക്കള്‍, അവിടെ ഉണ്ടായിരുന്ന, രാജാവിനെ പ്രസാദിപ്പിക്കുന്ന കാര്യം അന്വേഷിച്ച ഒത്തു തീര്‍പ്പുകാരായ ആയിരക്കണക്കിനു യഹൂദന്മാരെക്കാള്‍ അധികം ദൈവത്തിനുവേണ്ടി ശക്തരായ സാക്ഷികള്‍ ആയിരുന്നു. ദൈവത്തിനുവേണ്ടി നിന്ന ദാനിയേലിനും അവന്‍റെ മൂന്നു സ്നേഹിന്മാര്‍ക്കും തങ്ങളുടെ കാലത്തുണ്ടായിരുന്ന ഏറ്റവും ശക്തമായ രാജ്യത്തിനു മേലും (ബാബിലോണ്‍) അതിന്‍റെ ഭരണാധികാരികളുടെ മേലും ഒരു സ്വാധീനം ഉണ്ടായിരുന്നു.

അര്‍ദ്ധമനസ്കരായ ക്രിസ്ത്യാനികള്‍ക്ക് -അവര്‍ ആയിരം പേരുണ്ടായിരുന്നാലും – ഏതെങ്കിലും ഒരു പട്ടണത്തിലോ, ഒരു രാജ്യത്തിലോ കര്‍ത്താവിനു വേണ്ടി ഒരു പ്രകാശമായിരിക്കുവാന്‍ കഴിയുകയില്ല. ദൈവത്തിനു പൂര്‍ണ്ണ മനസ്കരായ വിശ്വാസികളെ ആവശ്യമുണ്ട് – കാരണം മാനുഷ ശക്തിയാലോ എണ്ണത്താലോ അല്ല ദൈവം അവിടുത്തെ പ്രവൃത്തി ചെയ്യുന്നത്, എന്നാല്‍ അവിടുത്തെ ആത്മാവിനാലാണ്”(സെഖ. 4:6കാണുക).

തങ്ങളുടെ പ്രദേശത്ത് ഒരു പുതിയ ഉടമ്പടി സഭ പണിയുന്നതിനുളള ഭാരമുളളവരും -എന്തു വില കൊടുക്കേണ്ടി വന്നാലും ഒരിക്കലും ഒത്തു തീര്‍പ്പിനു വഴങ്ങാത്തവരുമായ പുരുഷന്മാര്‍ക്കു വേണ്ടി ദൈവം അന്വേഷിച്ചു കൊണ്ടിരിക്കുന്നു.

What’s New?


Top Posts