ഒരു ഉപദേശവും കര്‍ത്താവിനോടുളള തീക്ഷ്ണമായ ഭക്തിയോളം പ്രാധാന്യമുളളതല്ല – WFTW 8 ജൂലൈ 2018

സാക് പുന്നന്‍

അപ്പൊസ്തലനായ പൗലൊസ് രാവും പകലും പ്രസംഗിച്ചു കൊണ്ട് 3 വര്‍ഷം എഫസൊസില്‍ താമസിച്ചു.(അപ്പ്രൊ :പ്ര 20:31 അതിന്‍റെ അര്‍ത്ഥം എഫെസ്യ ക്രിസ് ത്യാനികള്‍ നൂറുകണക്കിന് പ്രസംഗങ്ങള്‍ പൗലൊസിന്‍റെ അധരങ്ങളില്‍ നിന്നു കേട്ടു എന്നാണ്. അവരുടെ നടുവില്‍ അനന്യ സാധാരണമായ വീര്യ പ്രവൃത്തികള്‍ കര്‍ത്താവിനാല്‍ ചെയ്യപ്പെട്ടത് അവര്‍ കണ്ടിട്ടുണ്ട് (അപ്പൊ:പ്ര 19:11). രണ്ടുവര്‍ഷത്തെ ചുരുങ്ങിയ കാലയളവില്‍ അവരുടെ നടുവില്‍ നിന്ന്, ദൈവത്തിന്‍റെ വചനം ഏഷ്യാ മൈനറിന്‍റെ ചുറ്റുമുളള എല്ലായിടങ്ങളിലേക്കും പരന്നു. അവര്‍ ഒരു ഉണര്‍വ്വ് അനുഭവിച്ചറിയുവാന്‍ ഇടയായിട്ടുണ്ട്.(അപ്പൊപ്ര: 19:10,19). അപ്പൊസ്തലന്മാരുടെ സമയത്ത് ഉണ്ടായിരുന്ന എല്ലാ സഭകളിലും വച്ച് ഏറ്റവും കൂടുതല്‍ വിശേഷഭാഗ്യം അനുഭവിച്ചവര്‍ അവരായിരുന്നു. സംശയലേശമെന്യെ ഏഷ്യാമൈനറിലുളള ഏറ്റവും ആത്മീയമായ സഭയും അവരായിരുന്നു. (പൗലൊസ് എഫെസ്യര്‍ക്കെഴുതിയ ലേഖനത്തില്‍ നിന്ന് നമുക്കതു മനസ്സിലാക്കാവുന്നതാണ്. അദ്ദേഹം മറ്റു സഭകള്‍ക്കെഴുതിയ ലേഖനങ്ങളില്‍ അദ്ദേഹത്തിനു ചെയ്യേണ്ടിവന്നതില്‍ നിന്നു വ്യത്യസ്തമായി, അതില്‍ അദ്ദേഹത്തിനു തിരുത്തുവാനായി അവരുടെ ഇടയില്‍ ഒരു തെറ്റും ഉണ്ടായിരുന്നില്ല). എന്നാല്‍ പൗലൊസ് എഫസൊസ് വിട്ടുപോകുമ്പോള്‍ സഭയുടെ പുതിയ നേതൃത്വത്തിന്‍റെ കീഴില്‍ അടുത്ത തലമുറയില്‍ കാര്യങ്ങള്‍ വഷളായി തീരും എന്ന് അവിടുത്തെ മുപ്പന്മാര്‍ക്ക് മുന്നറിയിപ്പു നല്‍കി കൊടിയ ചെന്നായ്ക്കള്‍ അവരുടെ ഇടയില്‍ കടക്കും എന്നും ശിഷ്യന്മാരെ കര്‍ത്താവിലേക്കു നയിക്കുന്നതിനു പകരം തങ്ങളുടെ പിന്നാലെ വലിച്ചു കളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാര്‍ അവരുടെ ഇടയില്‍ എഴുന്നേല്‍ക്കും എന്നും അദ്ദേഹം അവരോടു പറഞ്ഞു (അപ്പൊ:പ്ര 20:29,30).

പൗലൊസ് അവിടെ ഉണ്ടായിരുന്നത്രയും നാള്‍ ഒരു ചെന്നായ്ക്കളും എഫസൊസിലുളള ആട്ടിന്‍ കൂട്ടത്തിലേക്കു കടക്കുവാന്‍ ധൈര്യപ്പെട്ടില്ല. കര്‍ത്താവില്‍ നിന്ന് ആത്മീയ അധികാരം ലഭിച്ച പൗലൊസ് വിശ്വസ്തനായ ഒരു വാതില്‍ കാവല്‍ക്കാരനായിരുന്നു (മര്‍ക്കോസ് 13:34 കാണുക),എന്തുകൊണ്ടെന്നാല്‍ അദ്ദേഹം ദൈവത്തെ ഭയപ്പെടുകയും തന്‍റെ സ്വന്ത താല്പര്യം അന്വേഷിക്കാതെ കര്‍ത്താവിന്‍റെ താല്പര്യം അന്വേഷിക്കുകയും ചെയ്തു. എന്നാല്‍ എഫസൊസിലെ മൂപ്പന്മാരുടെ ആത്മീയ സ്ഥിതി മോശമാണ് എന്ന് അറിയുവാനുളള ആത്മീയ വിവേചനവും അദ്ദേഹത്തിനുണ്ടായിരുന്നു – അതുകൊണ്ട്, ഒരിക്കല്‍ അവര്‍ സഭയുടെ നേതൃത്വം ഏറ്റെടുത്തു കഴിഞ്ഞാല്‍ കാര്യങ്ങള്‍ വഷളാകും എന്ന് അദ്ദേഹം അറിഞ്ഞു. എഫസൊസിന് തീര്‍ച്ചയായി സംഭവിക്കാവുന്ന ഒരു കാര്യത്തെക്കുറിച്ച് മൂപ്പന്മാര്‍ക്ക് പൗലൊസ് ഒരു പ്രവചനം നല്‍കുകയായിരുന്നില്ല. ഇല്ല. അതൊരു മുന്നറിയിപ്പുമാത്രമായിരുന്നു. അദ്ദേഹം മുന്‍കൂട്ടി പ്രസ്താവിച്ചതുപോലെ സംഭവിക്കേണ്ടി വരില്ലായിരുന്നു – മുപ്പന്മാര്‍ തങ്ങളെതന്നെ വിധിച്ച് മാനസാന്തരപ്പെട്ടിരുന്നെങ്കില്‍.

യോനാ ഒരിക്കല്‍ നിനെവെയുടെ നാശത്തെക്കുറിച്ചു പ്രവചിച്ചു. എന്നാല്‍ അദ്ദേഹം മുന്നറിയിച്ചതു പോലെ സംഭവിച്ചില്ല, കാരണം നിനെവെയിലെ ജനങ്ങള്‍ അനുതപിച്ചു, മാനസാന്തരപ്പെട്ടു. എഫെസൊസിലെ സഭയ്ക്കും പൗലൊസ് മുന്‍കൂട്ടി പറഞ്ഞ ആ വിനാശത്തില്‍ നിന്ന് രക്ഷപ്പെടാമായിരുന്നു. എന്നാല്‍ കഷ്ടമെന്നു പറയട്ടെ, എഫസൊസിലെ പുതിയ തലമുറയിലെ നേതാക്കള്‍ പൗലൊസിന്‍റെ മുന്നറിയിപ്പ് ഒരിക്കലും ഗൗരവപൂര്‍വ്വം ഏറ്റെടുക്കാതെ കര്‍ത്താവില്‍ നിന്നകന്നുപോയി. ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനം മൂന്നാം തലമുറ അധികാരത്തില്‍ വന്നു. അപ്പോള്‍ കാര്യങ്ങള്‍ വാസ്തവത്തില്‍ വഷളായി. അവരുടെ ഉപദേശങ്ങള്‍ അപ്പോഴും ശരിയായിരുന്നു. കൂടാതെ ക്രിസ്തീയ പ്രവര്‍ത്തനങ്ങളില്‍ അവര്‍ വളരെ എരിവുളളവരും ആയിരുന്നു. അപ്പോഴും അവര്‍ക്ക് തങ്ങളുടെ മുഴുരാത്രി പ്രാര്‍ത്ഥനാ യോഗങ്ങളും മറ്റു പ്രത്യേക കൂടിവരവുകളും ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ ഒരു സഭയെന്ന നിലയില്‍ അവര്‍ക്കുണ്ടായിരുന്ന കര്‍ത്താവിന്‍റെ അംഗീകാരം കര്‍ത്താവ് നീക്കിക്കളയത്തക്കവിധം മോശമായിരുന്നു അവരുടെ ആത്മീയ നില. അവരുടെ കുറ്റം എന്തായിരുന്നു? അവര്‍ക്ക് കര്‍ത്താവിനോടുണ്ടായിരുന്ന അവരുടെ ഭക്തി നഷ്ടപ്പെട്ടു (വെളിപ്പാട് 2:4,5).

എഫസൊസിലെ സഭയുടെ ചരിത്രം എന്താണ് നമ്മെ പഠിപ്പിക്കുന്നത്? ഇത്രമാത്രം – ഒരു ഉപദേശവും കര്‍ത്താവിനോടു തന്നെയുളള തീക്ഷ്ണമായ ഭക്തിയെപ്പോലെ പ്രാധാന്യമുളളതല്ല. യഥാര്‍ത്ഥ ആത്മീയതയുടെ ഒരടയാളം – ഒരേ ഒരടയാളം – യേശുവിന്‍റെ ജീവന്‍ നമ്മുടെ പെരുമാറ്റത്തില്‍ വര്‍ദ്ധമാനമായി വെളിപ്പെട്ടു വരുന്നു എന്നതാണ്, അത് കര്‍ത്താവിനോടു തന്നെയുളള നമ്മുടെ വ്യക്തിപരമായ ഭക്തി വര്‍ദ്ധിച്ചുവരുന്നതിന്‍റെ ഫലമായി മാത്രം നമ്മില്‍ ഉണ്ടാകുന്നതാണ്.

തന്‍റെ ജീവിതാവസാനം വരെ കര്‍ത്താവായ യേശുവിന് സമര്‍പ്പിക്കപ്പെട്ട തീക്ഷ്ണതയുളള വിശ്വസ്തനായ ഒരു അപ്പൊസ്തലനായിരുന്നു പൗലൊസ് . എല്ലായിടങ്ങളിലുമുളള വിശ്വാസികളോട് അവര്‍ക്ക് “കര്‍ത്താവിനോടുളള നിര്‍മ്മലതയും ഏകാഗ്രതയും” എടുത്തുകളയുവാന്‍ സാത്താന്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളും പ്രയോഗിക്കും എന്ന് പൗലൊസ് മുന്നറിയിപ്പു നല്‍കി (2 കൊരിന്ത്യര്‍ 11:3). “ജലസ്നാനം” ” പരിശുദ്ധാത്മസ്നാനം” തുടങ്ങിയവ പോലുളള ഉപദേശപരമായ കാര്യങ്ങളിലുളള തെറ്റുകള്‍, ഒരുവന് കര്‍ത്താവിനോടുളള വ്യക്തിപരമായ ഭക്തി നഷ്ടപ്പെടുന്നത്രയും അപകടകരമേയല്ല. എന്നിട്ടും അനേകം വിശ്വാസികളും ഇതു മനസ്സിലാക്കുന്നതായി കാണുന്നില്ല. പൗലൊസിനു പോലും ദൈവത്തിന്‍റെ ഉദ്ദേശ്യം തന്‍റെ സ്വന്തം തലമുറയില്‍ മാത്രമെ നിവര്‍ത്തിക്കുവാന്‍ കഴിഞ്ഞുളളു. തിമൊഥെയൊസിനെപോലെ തന്‍റെ കൂടെ ജീവിച്ചവര്‍ അദ്ദേഹത്തിന്‍റെ ആത്മാവിനെ ഉള്‍ക്കൊണ്ട് കര്‍ത്താവിനോട് നിസ്വാത്ഥമായ ഭക്തിയോടെ ജീവിച്ചു (ഫിലിപ്യര്‍ 2:19-21). അല്ലാത്തപക്ഷം പൗലൊസിന് താന്‍ സ്ഥാപിച്ച സഭകളിലുളള വിശ്വാസികളുടെ രണ്ടാം തലമുറയിലേക്കു പോലും തന്‍റെ ആത്മീയത പ്രേഷണം ചെയ്തു കൊടുക്കുവാന്‍ കഴിയുമായിരുന്നില്ല.