നമ്മുടെ തിരഞ്ഞെടുപ്പുകളാണ് നമ്മുടെ ഭാവി നിശ്ചയിക്കുന്നത് – WFTW 11 മെയ് 2014

black and yellow chess pieces

സാക് പുന്നന്‍

 ദൈവം ആദാമിനെയും ഹവ്വയെയും ഏദന്‍ തോട്ടത്തിലേക്ക് അയച്ചപ്പോള്‍ അവന്‍ അവര്‍ക്ക് വളരെ സ്വാതന്ത്ര്യം നല്‍കിയെങ്കിലും, അവന്‍ ഒരു നിബന്ധന വച്ചിരുന്നു. ഒരു വൃക്ഷത്തില്‍നിന്ന് ഭക്ഷിക്കുന്നതില്‍ നിന്ന് അവന്‍ അവരെ വിലക്കിയിരുന്നു. തിരഞ്ഞെടുപ്പു കൂടാതെ ആര്‍ക്കും ഒരു ദൈവപുത്രനായിരിക്കാന്‍ കഴിയുകയില്ല. വ്യക്തിപരമായ തിരഞ്ഞെടുപ്പു കൂടാതെ ആര്‍ക്കും വിശുദ്ധനായിരിക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് ദൈവം ആദാമിനെ ആ തോട്ടത്തിലേക്കയച്ചപ്പോള്‍, അവന് തിരഞ്ഞെടുക്കാനുള്ള അവസരം കൊടുത്തില്ലായിരുന്നെങ്കില്‍, ആദം ആയിത്തീരണമെന്ന് ദൈവം ആഗ്രഹിച്ചപ്രകാരം ഒരിക്കലും അവന്‍ ആയിത്തീരുമായിരുന്നില്ല. നാം നടത്തുന്ന തിരഞ്ഞെടുപ്പുകള്‍ നമ്മുടെ ഭൌമീക ജീവിതത്തിനും അതിലധികമായി നിത്യതയിലേക്കും എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നു എന്ന് നാം മനസ്സിലാക്കുന്നില്ല. ദൈവം നമുക്ക് തന്നിട്ടുള്ള വലിയ വരങ്ങളില്‍ ഒന്ന് തിരഞ്ഞെടുപ്പിനുള്ള അധികാരമാണ്. അവന്‍ ഒരിക്കലും ആ അധികാരം ആരില്‍നിന്നും എടുത്തു മാറ്റുകയില്ല. നിങ്ങള്‍ക്ക് ഒരു ദൈവമകനായിരിക്കുന്നതിന് തിരഞ്ഞെടുക്കാം അല്ലെങ്കില്‍ നിങ്ങള്‍ക്കുവേണ്ടി തന്നെ ജീവിക്കുന്നതിനും തിരഞ്ഞെടുക്കാം. എന്നാല്‍ നിങ്ങള്‍ എന്തെല്ലാം തിരഞ്ഞെടുത്താലും നിങ്ങളുടെ ജീവിതാന്ത്യത്തില്‍ നിങ്ങളുടെ തിരഞ്ഞെടുപ്പുകളുടെ അനന്തര ഫലം നിങ്ങള്‍ കൊയ്യും.

വേദപുസ്തകം പറയുന്നു ‘ഒരുവന്‍ വിതയ്ക്കുന്നതു തന്നെ കൊയ്യും.” വേദപുസ്തകം ഇങ്ങനെയും പറയുന്നു. ‘ഒരിക്കല്‍ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യന് നിയമിച്ചിരിക്കുന്നു.” ദൈവം മനുഷ്യനെ അവസാന നാളില്‍ ന്യായം വിധിക്കുന്നത് തനിക്ക് ബോധിച്ചതുപോലെയല്ല. അവന്റെ ന്യായവിധി മനുഷ്യന്‍ നടത്തിയ ഓരോ തിരഞ്ഞെടുപ്പിനെയും അടിസ്ഥാനമാക്കിയായിരിക്കും.

വിവാഹത്തിന്റെ കാര്യത്തിലും ഈ പ്രമാണം തന്നെയാണു പ്രയോഗിച്ചിരിക്കുന്നത്. ഒരു സന്തോഷകരമായ വിവാഹജീവിതം വേണമോ അതോ ദുരിതപൂര്‍ണ്ണമായ ഒന്നു വേണോ എന്ന് നിങ്ങള്‍ക്കു തിരഞ്ഞെടുക്കാന്‍ കഴിയും. അതു നിങ്ങളുടെ തിരഞ്ഞെടുപ്പാണ് ദൈവത്തിന്റേതല്ല. ആദാമിനു തന്റെ ജീവിതം പിശാചിനു വിധേയപ്പെടുത്തണമോ അതോ ദൈവത്തിനോ എന്നു തിരഞ്ഞെടുക്കുവാന്‍ കഴിയുമായിരുന്നു. ഏദന്‍ തോട്ടത്തില്‍ രണ്ടു വൃക്ഷങ്ങള്‍ ഉണ്ടായിരുന്നു – അതു രണ്ടു ജീവിത രീതികളെയാണ് പ്രതിനിധീകരിച്ചത്. ജീവന്റെ വൃക്ഷം ദൈവത്തില്‍ കേന്ദ്രീകരിച്ച ജീവിതത്തിന്റെ പ്രതീകമായിരിക്കുന്നു – അവിടെ മനുഷ്യന്‍ എടുക്കുന്ന ഏതൊരു തീരുമാനത്തിന്റെയും കേന്ദ്രം ദൈവമായിരിക്കും. നന്മതിന്മകളുടെ അറിവിന്റെ വൃക്ഷം, മറുവശത്ത്, സ്വയംകേന്ദ്രമായിരിക്കുന്ന ഓരു ജീവിതത്തിന്റെ പ്രതീകമായിരിക്കുന്നു. അവിടെ മനുഷ്യന്‍ ദൈവത്തോട് ആലോചിക്കാതെ ജീവിക്കുകയും അവന്‍ തന്നെ എന്താണു നല്ലത് എന്താണു തീയത് എന്നു തീരുമാനിക്കുകയും ചെയ്യും. ദൈവം ആദാമിനെയും ഹവ്വയെയും തോട്ടത്തിലേക്കയച്ചിട്ട്, അങ്ങനെ ആയിരിക്കെ അവരോടു പറഞ്ഞു. ‘ഈ രണ്ടു മാര്‍ഗ്ഗങ്ങളില്‍ ഏതിലാണു നിങ്ങള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് ഇപ്പോള്‍ നിങ്ങള്‍ക്കു തിരഞ്ഞെടുക്കാം.” ആദാം എന്താണു തിരഞ്ഞെടുത്തത് എന്നു നമ്മുക്കെല്ലാവര്‍ക്കും അറിയാം. അവനില്‍തന്നെ കേന്ദ്രീകൃതമായ ഒരു ജീവിതം ജീവിക്കുവാന്‍ അവന്‍ തിരഞ്ഞെടുത്തു. എല്ലാ ദുരിതങ്ങള്‍ക്കും, ദുഃഖങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നമുക്കു ചുറ്റുമുള്ള ലോകത്തില്‍ നാം കാണുന്ന മറ്റെല്ലാ മ്ലേഛതയ്ക്കും കാരണം മനുഷ്യന്‍ അവനു വേണ്ടി അവന്‍ തന്നെ, നന്മയെന്താണ് എന്ന് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചിതാണ്. ദൈവം അവനോട് പറയേണ്ട ആവശ്യം അവനില്ലായിരുന്നു. ഇതുതന്നെയാണ് അസന്തുഷ്ടമായ ഏതൊരു വിവാഹജീവിതത്തിന്റെയും കാരണം- ക്രിസ്ത്യാനികളുടെ ഇടയില്‍പോലും അനേകം ക്രിസ്ത്യാനികള്‍ സ്വയത്തെ അവരുടെ ജീവിത്തിന്റെ കേന്ദ്രമാക്കി ജീവിക്കുന്നു – അതിനാല്‍ വിതയ്ക്കുന്നത് അവര്‍ കൊയ്യുന്നു.

ദൈവം ആദാമിനെ സൃഷ്ടിച്ചപ്പോള്‍, അവിടുന്ന് അവനെക്കുറിച്ചാഗ്രഹിച്ചത്, അവന്‍ ഭൂമിയുടെ മേല്‍ വാഴണമെന്നായിരുന്നു. ആദാം ഒരു രാജാവായിരിക്കാനാണു സൃഷ്ടിക്കപ്പട്ടത്, ഒരു അടിമയായിരിക്കാനല്ല. ഹവ്വ ആദമിന്, സമീപം ഒരു രാജ്ഞിയായിരിക്കാനും ദൈവം ആഗ്രഹിച്ചു. എന്നാല്‍ ഇന്നു നാം എന്താണു കാണുന്നത്? പുരഷനും സ്ത്രീകളും എല്ലായിടത്തും അടിമകളാണ്- അവരുടെ തന്നെ വികാരങ്ങള്‍ക്കും ഭൂമിയിലെ അഴിഞ്ഞു പോകുന്ന വസ്തുക്കള്‍ക്കും അടിമകള്‍.

ദൈവം ഈ ഭൂമിയെ സൃഷ്ടിച്ചപ്പോള്‍, അവിടുന്ന് എല്ലാം മനോഹരമായി ഉണ്ടാക്കി. വിലക്കെപ്പെട്ട മരവുംകൂടെ മനോഹരമായിരുന്നു. ആദാമും ഹവ്വയും ആ മരത്തിന്റെ മുമ്പില്‍ നിന്നപ്പോള്‍ അവര്‍ ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നു. അവര്‍ ദൈവം സൃഷ്ടിച്ച മനോഹര വസ്തുക്കളെ തിരഞ്ഞെടുക്കുമോ അതോ അവര്‍ ദൈവത്തെ തിരഞ്ഞെടുക്കുമോ?

ഓരോ ദിവസവും നാമെല്ലാവരും നടത്തേണ്ട തിരഞ്ഞെടുപ്പ് അതാണ്. നമ്മുടെ ജിവിതം നമ്മില്‍ തന്നെ കേന്ദ്രീകൃതമാണെങ്കില്‍, നാം ദൈവത്തിന്റെ പിന്നാലെ അല്ല നാം ദൈവത്തിന്റെ ദാനങ്ങളുടെ (അവിടുന്നു സൃഷ്ടിച്ചിട്ടുള്ള കാര്യങ്ങള്‍) പിന്നാലെ പോകും. ഭവനങ്ങളില്‍ നടക്കുന്ന അധികം കലഹങ്ങളും ഭൌമീകകാര്യങ്ങളെ ചൊല്ലിയാണ്. അങ്ങനെയുള്ള കലഹങ്ങള്‍ ഉയരുന്നതിനുള്ള കാരണം ഭര്‍ത്താവും ഭാര്യയും ദൈവത്തെ തിരഞ്ഞെടുക്കുന്നതിനു പകരം ദൈവം സൃഷ്ടിച്ച കാര്യങ്ങളെയാണു തിരഞ്ഞെടുക്കുന്നത്- അവരുടെ തിരഞ്ഞെടുപ്പിന്റെ അനന്തരഫലം അവര്‍ അനുഭവിക്കുന്നു. അവര്‍ ജഡത്തില്‍ വിതച്ചു അതുകൊണ്ട് അവര്‍ അനീതി കൊയ്യുന്നു. മനുഷ്യന്‍ അവന്റെ സൃഷ്ടാവിനു മീതെ സൃഷ്ടിക്കപ്പെട്ട കാര്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അവന്‍ ഒരടിമയായിത്തീരുന്നു.

യേശു വന്നത് ഈ അടിമത്വത്തില്‍നിന്ന് നമ്മെ വിടുവിക്കാനാണ്. മനുഷ്യന്‍ ഇന്ന് പണത്തിന്റെ ശക്തിക്ക്, നിയമപരമല്ലാത്ത ലൈംഗിക സന്തോഷത്തിന്, മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക്, കൂടാതെ മറ്റു പല കാര്യങ്ങള്‍ക്ക് അടിമയാണ്. അവന്‍ സ്വതന്ത്രനല്ല. ദൈവം അവനെ സൃഷ്ടിച്ചത് ഉന്നതമായ ആകാശത്തു പറക്കുന്ന കഴുകനെപ്പോലെ ആയിരിക്കാനാണ്. എന്നാല്‍ എല്ലായിടത്തും നാം മനുഷ്യനെ കാണുന്നത്, കോപത്തെ കീഴടക്കാന്‍ കഴിയാതെ, നാവിനെ നിയന്ത്രിക്കാന്‍ കഴിയാതെ, മോഹമുള്ള അവന്റെ കണ്ണുകളെ നിയന്ത്രിക്കാന്‍ കഴിയാതെ, ചങ്ങലകളിലാണ്. യേശു വന്നത് നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുവാന്‍ മാത്രമല്ല, നമ്മെ അടിമത്വത്തില്‍ നിന്നും വിടുവിക്കുവാന്‍ കൂടിയാണ്.

വേദപുസ്തകം പറയുന്നു, ദൈവം വെളിച്ചമാണ്, ദൈവം സ്‌നേഹവുമാണ്. ദൈവത്തിന്റെ സ്‌നേഹമാണ് അവന്റെ വെളിച്ചം. ഇരുട്ടുമുറിയില്‍ പ്രകാശത്തിന്റെ ശക്തി ഇരുട്ടിനെ അകറ്റിക്കളയുന്നു. ദൈവത്തിന്റെ ശക്തി അതുപോലാണ്. ദൈവത്തിന്റെ ശക്തി ഇല്ലാത്ത, അവന്റെ സ്‌നേഹമില്ലാത്ത ജീവിതം ഇരുട്ടു മാത്രമായിരിക്കും.

നമ്മുടെ ഭൌമീക ജീവിതം മുഴുവനും പരിശോധനയുടെയും പരിശീലനത്തിന്റെയും ഒരു കാലയളവാണ്, ഇത് നമ്മെ എല്ലാ കാര്യങ്ങളും സ്‌നേഹത്തിന്റെ നിയമത്താല്‍ ഭരിക്കപ്പെടുവാനുള്ള നിത്യരാജ്യത്തിനുവേണ്ടി തയ്യാറാക്കുന്നതിനാണ്. അതുകൊണ്ട് ദൈവം ഇപ്പോള്‍ നമ്മെ കടത്തിക്കൊണ്ടു പോകുന്ന എല്ലാ സഹചര്യങ്ങളും ചുറ്റുപാടുകളും ഒരു മേഖലയില്‍ നമ്മെ പരിശോധിക്കുന്നതിനുവേണ്ടി ദൈവത്താല്‍ തന്നെ രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളതാണ്- നാം സ്‌നേഹത്തിന്റെ നിയമത്താല്‍ ജീവിക്കുമോ എന്നു കാണാന്‍. അതുകൊണ്ടാണ് ദൈവം നമ്മുടെ ജിവിതത്തില്‍ ധാരാളം ശോധനകളും ബുദ്ധിമുട്ടുകളും അനുവദിക്കുന്നത്. ദൈവം സര്‍വ്വശക്തനാണ്, അവന് ഭൂമിയിലെ ജീവിതം ഒരിക്കലും ഒരു ശോധനപോലും ഇല്ലാത്തതായി തീര്‍ക്കാമയിരുന്നു. എന്നാല്‍ ദൈവം തന്റെ മഹാജഞാനത്തില്‍ നാം സ്‌നേഹിക്കാന്‍ പഠിക്കേണ്ടതിനുള്ള ഒരു മാര്‍ഗ്ഗമായി ശോധനകളെ നിയമിച്ചാക്കിയിരിക്കുന്നു. നാം നമ്മുടെ സ്വാര്‍ത്ഥതയെ ജയിക്കുകയും സ്‌നേഹം മാത്രം നമ്മുടെ ജീവിതത്തെ നയിക്കും എന്ന് തീരുമാനിക്കുകയും ചെയ്താല്‍ ദൈവത്തിന് നമ്മെ വരുവാനുള്ള അവന്റെ രാജ്യത്തില്‍ ഭരണാധികാരികളാക്കാന്‍ വേണ്ടി തയ്യാറാക്കാന്‍ കഴിയും. നാം അതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ദൈവം നമുക്കു ഭൂമിയില്‍ തന്ന അവസരങ്ങള്‍ നാം നഷ്ടപ്പെടുത്തിയതായി നിത്യതയില്‍ നാം കണ്ടെത്തും – നാം പഠിക്കേണ്ടിയിരുന്നതൊന്നും ഒരിക്കലും പഠിച്ചിട്ടില്ല എന്നും നാം കണ്ടെത്തും.

  

What’s New?