സാക് പുന്നൻ
2 കൊരിന്ത്യർ 11:23 – 33 വരെയുള്ള വാക്യങ്ങളിൽ, കർത്താവിനു വേണ്ടിയുള്ള തൻ്റെ ശുശ്രൂഷയിൽ താൻ അനുഭവിച്ചിട്ടുള്ള വിവിധ ശോധനകളെക്കുറിച്ച് പൗലോസ് സംസാരിക്കുന്നു – തൻ്റെ തടവു ശിക്ഷകൾ, ചാട്ടകൾ കൊണ്ടും കോലുകൾ കൊണ്ടും താൻ ഏറ്റിട്ടുള്ള അടികൾ, ഉറക്കമില്ലാത്ത രാത്രികൾ, വിശപ്പ്, ദാഹം, അതിശൈത്യം, കള്ളന്മാരാലുള്ള ആപത്ത് തുടങ്ങിയവ. പുതയ്ക്കാനാവശ്യമായ കമ്പിളി വസ്ത്രങ്ങളോ, ഭക്ഷിക്കാൻ വേണ്ടത്ര ഭക്ഷണമോ ഇല്ലാതിരുന്ന സമയങ്ങൾ അദ്ദേഹത്തിനുണ്ടായിട്ടുണ്ട്, ആ സമയത്ത് കമ്പിളി വസ്ത്രങ്ങളോ ഭക്ഷണമോ വാങ്ങാനുള്ള പണവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. കഷ്ടത അനുഭവിക്കുന്ന മറ്റു ക്രിസ്ത്യാനികൾക്ക് പൗലൊസിനെ ഒരു മുന്നോടിയാക്കാൻ വേണ്ടി ഈ കഷ്ടതകളിലൂടെയെല്ലാം ദൈവം അദ്ദേഹത്തെ കടത്തിക്കൊണ്ടുപോയി. ആ ശോധനകളിൽ ഓരോന്നിലും പൗലൊസ് തന്നെത്താൻ താഴ്ത്തി.
അദ്ദേഹം ഇപ്രകാരം പറയുന്നു, “ദമസ്ക്കൊസിൽ വച്ച് ഞാൻ പിടിക്കപ്പെടാൻ പോയപ്പോൾ വിശ്വാസികൾ എന്നെ ഒരു കുട്ടയിലാക്കി മതിലിലുള്ള കിളിവാതിൽ വഴിയായി ഇറക്കിവിട്ട് പിടിക്കപ്പെടാതെ രക്ഷപ്പെടുത്തി” (2 കൊരി. 11:32,33). നിങ്ങൾ ഒരു അപ്പൊസ്തലനായിരുന്നിട്ട്, അതുപോലെ അപമാനകരമായ ചില കാര്യങ്ങൾ നിങ്ങൾക്കുണ്ടായിട്ടുണ്ടെങ്കിൽ, മറ്റാരും അതേക്കുറിച്ചു കേൾക്കുവാൻ നിങ്ങൾ ആഗ്രഹിക്കുകയില്ലായിരിക്കാം. എന്നാൽ, ദൈവം തന്റെ ദൂതന്മാരെ അയച്ച് രക്ഷിക്കുവാൻ തക്കവണ്ണം അദ്ദേഹം ഒരു വലിയ മനുഷ്യനാണെന്നു കൊരിന്ത്യ ക്രിസ്ത്യാനികൾ ചിന്തിക്കണമെന്ന് പൗലൊസ് ആഗ്രഹിച്ചില്ല. അദ്ദേഹം ഒരു സാധാരണ മനുഷ്യനായിരുന്നു. അങ്ങനെ തന്നെ മറ്റുള്ളവർ തന്നെ അറിയണമെന്നും അദ്ദേഹം ആഗ്രഹിച്ചു. പൗലൊസ് ഇപ്രകാരം പറയുന്നു, “എന്നെക്കുറിച്ച് അറിയേണ്ടതിനു മീതെ ആരും എന്നെക്കുറിച്ച് നിരൂപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” (2 കൊരി. 12:6 – ലിവിംഗ്). തങ്ങൾ വാസ്തവത്തിൽ ആയിരിക്കുന്നതിനേക്കാൾ ഉന്നതമായ ഒരു മതിപ്പ് മറ്റുള്ളവർക്കു നൽകാൻ ശ്രമിക്കുന്ന ഇന്നത്തെ കർത്താവിൻ്റെ ഭൃത്യന്മാരിൽ നിന്ന് എത്ര വ്യത്യസ്തനായിരുന്നു പൗലൊസ്.
2 കൊരി. 12:1ൽ ഞാൻ മൂന്നാം സ്വർഗ്ഗത്തോളം കർത്താവിനാൽ എടുക്കപ്പെട്ട ഒരു സമയത്തെക്കുറിച്ചു പൗലൊസ് പറയുന്നു. 14 വർഷങ്ങളോളം അദ്ദേഹം ഒരിക്കലും ആരോടും അത് സൂചിപ്പിച്ചിട്ടില്ല. അദ്ദേഹം എന്തൊരു മനുഷ്യനായിരുന്നു! ഈ അനുഭവത്തെപ്പറ്റി 14 വർഷങ്ങളോളം മിണ്ടാതിരുന്നു – തന്നെയുമല്ല അദ്ദേഹം അതേക്കുറിച്ച് സംസാരിച്ചപ്പോൾ, എന്തെങ്കിലും വിശദീകരണങ്ങൾ നൽകിയുമില്ല. മിക്ക വിശ്വാസികളും, അത്തരമൊരു ദർശനം ഉണ്ടായാൽ അതിനെക്കുറിച്ച് അടുത്ത സഭായോഗത്തിൽ തന്നെ സംസാരിക്കുമായിരുന്നു – അതേക്കുറിച്ചുള്ള ഓരോ വിശദാംശങ്ങളും നൽകിയേനെ! അതുകൊണ്ടാണ് പൗലൊസിന്റെ അനുഭവം യഥാർത്ഥമായതായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നത്. ഈ നാളുകളിൽ ചില വിശ്വാസികൾ, സ്വർഗ്ഗത്തെക്കുറിച്ചു തങ്ങൾക്കുണ്ടായ ദർശനത്തെ പറ്റി പറയുന്ന പ്രശംസ തങ്ങളുടെ ആശയ സമൃദ്ധിയുള്ള സങ്കല്പങ്ങളുടെ ഭാഗമാണ് – മറ്റുള്ളവരിൽ നിന്ന് ബഹുമതി നേടാൻ വേണ്ടി പറയുന്നത്! എന്തുകൊണ്ടാണ് ഞാൻ അതു പറയുന്നത്? കാരണം യഥാർത്ഥ ദർശനങ്ങൾ ഉണ്ടായവർ ആ ദർശനങ്ങൾ (പൗലൊസ് പറഞ്ഞതുപോലെ) “മനുഷ്യനു ഉച്ചരിപ്പാൻ പാടില്ലാത്തതും പറഞ്ഞുകൂടാത്തതുമായ വാക്കുകൾ” ആണെന്നു കണ്ടെത്തും (2 കൊരി. 12:4).
അതിനുശേഷം പൗലൊസ്, നിരന്തരമായ പ്രാർത്ഥനയ്ക്കു ശേഷവും ദൈവം നീക്കി കളയാത്ത കഠിനമായ ഒരു ശോധനയെക്കുറിച്ചു പറയുന്നു. പൗലൊസ് അതിനെ വിളിച്ചത് “ജഡത്തിലെ ഒരു ശൂലം (മുള്ള്)” എന്നും “സാത്താന്റെ ഒരു ദൂതൻ” എന്നുമാണ് – എങ്കിലും അത് “ദൈവത്താൽ നൽകപ്പെട്ടതാണ്” (2 കൊരി. 12:7). ദൈവം പൗലൊസിനു നൽകിയ ദാനം ഒരു മുള്ളായിരുന്നു!! ദൈവം പൗലൊസിന് അത് നൽകിയതിനു കാരണം പൗലൊസ് നിഗളിയാകാനുള്ള അപകടത്തിലാണ് എന്നു അവിടുന്നു കണ്ടു. എല്ലാ നിഗളികളോടും ദൈവം എതിർത്തു നിൽക്കുന്നു, എന്നാൽ പൗലൊസിനോട് എതിർക്കുവാൻ ദൈവം ആഗ്രഹിച്ചില്ല. അദ്ദേഹത്തിനു കൃപ നൽകാനാണ് ദൈവം ആഗ്രഹിച്ചത്. എന്നാൽ പൗലൊസ് താഴ്മയുള്ളവനായി നിലനിന്നാൽ മാത്രമേ അദ്ദേഹത്തിനു കൃപ നൽകാൻ അവിടുത്തേക്കു കഴിയുമായിരുന്നുള്ളൂ (1 പത്രൊ. 5:5). അതുകൊണ്ട് പൗലൊസിനെ ക്ലേശിപ്പിക്കുവാൻ ദൈവം സാത്താന്റെ ദൂതനെ അനുവദിക്കുകയും അങ്ങനെ അദ്ദേഹം സ്ഥിരമായി ദൈവത്തിൽ ആശ്രയിക്കുന്നവനും താഴ്മയുള്ളവനുമായി നിലനിർത്തപ്പെടുകയും ചെയ്തു. അതുകൊണ്ട് നാം കാണുന്നത്, ചില സമയങ്ങളിൽ, നമ്മെ ക്ലേശിപ്പിക്കുന്നത് തുടർന്നുകൊണ്ടിരിക്കുവാൻ ദൈവം സാത്താൻ്റെ ദൂതനെ അനുവദിക്കുന്നതാണ്, നല്ല ലക്ഷ്യം കണ്ടുകൊണ്ട്. ഉദാഹരണത്തിന് രോഗം സാത്താന്റെ ഒരു ദൂതനാണ്. എന്തുകൊണ്ടാണ് നാം അത് പറയുന്നത് ? കാരണം യേശു പറഞ്ഞു, “ദോഷികളായ നിങ്ങൾ, നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുക്കാൻ അറിയുന്നു എങ്കിൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോട് യാചിക്കുന്നവർക്ക് നന്മ (മാത്രം) എത്രയധികം കൊടുക്കും” (മത്താ. 7:11). പരിപൂർണ്ണമായും നല്ലവനായ ദൈവത്തോട് താരതമ്യം ചെയ്യുമ്പോൾ നാം എല്ലാവരും ദോഷികളായ പിതാക്കന്മാരാണ് എന്നാലും നമ്മിൽ ആരും നമ്മുടെ മക്കൾക്ക് ഒരിക്കലും രോഗം നൽകാറില്ല – അപ്പോൾ എങ്ങനെയാണ് ഒരു സ്നേഹവാനായ സ്വർഗീയ പിതാവിന് അവിടുത്തെ ഏതെങ്കിലും മക്കൾക്ക് രോഗം നൽകാൻ കഴിയുന്നത് ? ലോകത്തിൽ മിക്ക രോഗങ്ങളും ഉണ്ടാകുന്നതിനു കാരണം ഭൂമി ഒരു ശാപത്തിൻ കീഴായതുകൊണ്ടാണ് (ഉൽ. 3:17). മറ്റു ചില രോഗങ്ങൾ സാത്താൻ മൂലം ഉണ്ടാകുന്നതാണ് (ഇയ്യോ. 2:7).
നാം ആരോഗ്യവാന്മാരായി ഇരിക്കണമെന്നതാണ് ദൈവത്തിൻ്റെ പൂർണ ഹിതം എന്നിരുന്നാലും, അപ്പോഴും അവിടുന്ന് ഇടയ്ക്കിടയ്ക്ക് നാം രോഗികളാകാൻ അനുവദിക്കുന്നു, ഒരു ഉദ്ദേശ്യത്തോടുകൂടി. മുള്ളിൽ നിന്നുള്ള വിടുതലിനായി പൗലൊസ് പ്രാർത്ഥിച്ചപ്പോൾ ദൈവം അദ്ദേഹത്തെ വിടുവിച്ചില്ല, എന്നാൽ അതിനു പകരം അവന് കൃപ നൽകി, മുള്ള് (ശൂലം) ഉള്ളപ്പോൾ തന്നെ ഒരു ജയാളി ആകാൻ വേണ്ടി. നമുക്കും അതേ കൃപകൊണ്ട് ജയാളികൾ ആകാൻ കഴിയും. 2 കൊരി. 13:4,5 വാക്യങ്ങളിൽ നാം വായിക്കുന്നത്, ബലഹീനതയാൽ അവൻ ക്രൂശിക്കപ്പെട്ടിട്ടും ദൈവശക്തിയാൽ ജീവിക്കുന്നു; ഞങ്ങളും അവനിൽ ബലഹീനർ എങ്കിലും അവനോടുകൂടെ ദൈവശക്തിയാൽ ജീവിക്കുന്നു.
ഒരു യഥാർത്ഥ ശിഷ്യൻ തന്നിൽതന്നെ ബലഹീനനും ദൈവ ശക്തിയിൽ ജീവിക്കുന്നവനുമാണ്. അങ്ങനെയാണ് പൗലൊസ് ലേഖനം അവസാനിപ്പിക്കുന്നത്.