ഇന്ത്യയിൽ കടലോരഗ്രാമത്തിൽ സുവിശേഷപ്രവർത്തനം നടത്തിയിരുന്ന മിഷനറി, ഗ്രാമത്തിലെ മൂപ്പന് ഏറെ ബഹുമാനവും സ്നേഹവുമായിരുന്നു. എന്നാൽ തന്റെ പാപത്തിനു വേണ്ടി ദൈവപുത്രൻ മരിച്ചതു വിശ്വാസത്താൽ സ്വീകരിച്ചു രക്ഷ സൗജന്യമായി കൈക്കൊള്ളാൻ മിഷനറി പലവട്ടം ആവശ്യപ്പെട്ടെങ്കിലും മൂപ്പന് അതു സ്വീകാര്യമായിരുന്നില്ല. വിലതീരാത്ത രക്ഷ സൗജന്യമായി കൈക്കൊള്ളുകയോ? മൂപ്പന് അത് അംഗീകരിക്കാൻ കഴിഞ്ഞില്ല.
അങ്ങനെയിരിക്കെ മിഷനറി തന്റെ പ്രവർത്തനം അവസാനിപ്പിച്ച് സ്വദേശത്തേക്കു മടങ്ങുന്ന ദിവസം വന്നു. മൂപ്പനോട് അദ്ദേഹം യാത്ര പറയാൻ വന്നപ്പോൾ മൂപ്പൻ അദ്ദേഹത്തിന് ഒരു മുത്തു സമ്മാനമായി നൽകി (കടലിൽ മുങ്ങി മുത്തു വാരുന്നതായിരുന്നു ആ ഗ്രാമവാസികളുടെ തൊഴിൽ).
മിഷനറി ആ മുത്തിന്റെ വില എത്രയാണെന്ന് അന്വേഷിച്ചു. ആ ചോദ്യത്തിന് മൂപ്പൻ ഒരു സങ്കടകഥയുടെ കെട്ടഴിച്ചു.
മൂപ്പന് ഒരേയൊരു മകനാണുണ്ടായിരുന്നത്. അവൻ മുത്തിനായി ഒരിക്കൽ കടലിൽ മുങ്ങി. പക്ഷേ ഏറെ സമയം കഴിഞ്ഞിട്ടും അവൻ പൊങ്ങി വന്നില്ല. അവനെ അന്വേഷിച്ച് കടലിൽ തിരച്ചിൽ നടത്തിയവർ ആ സത്യം കണ്ടെത്തി. അവന്റെ തല കടലിന് അടിത്തട്ടിലെ ഒരു പാറയിടുക്കിൽ കുടുങ്ങിയതിനാലാണ് അവനു പൊന്തിവരാൻ കഴിയാതിരുന്നത്. അവർ അവന്റെ ജഡം കരയിൽ കൊണ്ടുവന്നു. ആ മൃതദേഹത്തിന്റെ ചുരുട്ടിപ്പിടിച്ച കയ്യിൽ ഒരു മുത്തുണ്ടായിരുന്നു.
“ആ മുത്താണിത്” മൂപ്പൻ പറഞ്ഞു: “എന്റെ മകന്റെ ജീവന്റെ വിലയാണിത്. അതുകൊണ്ടുതന്നെ ഈ മുത്ത് ലോകത്തിലേറ്റവും വിലയുള്ളതാണ്. ഈ വലിയ വില താങ്കൾക്കു തരാൻ കഴിയുകയില്ല. അതുകൊണ്ട് ഞാനിതു താങ്കൾക്കു സൗജന്യമായി തരികയാണ്.
പെട്ടെന്നു മിഷനറി പറഞ്ഞു: “ഇതു തന്നെയാണു ദൈവവും ചെയ്തത്. തന്റെ പുത്രന്റെ ജീവന്റെ വിലയാണു രക്ഷ. അതേറ്റവും വിലയുള്ളതായതിനാൽ മനുഷ്യന് അതിന്റെ വില കൊടുത്തുതീർക്കാനാവില്ല. അതു കൊണ്ട് ദൈവം അതു സൗജന്യമായി നൽകി.
രക്ഷ സൗജന്യം. അതിനു കാരണം, അതു വില തീരാത്തത്.
മൂപ്പനു കാര്യം മനസ്സിലായി, അദ്ദേഹം ദൈവത്തിന്റെ സൗജന്യരക്ഷ സന്തോഷത്തോടെ സ്വീകരിച്ചു.
“സൗജന്യമാണ് സൗഭാഗ്യമാകയാൽ
സൗകര്യമാണിപ്പോൾ മനം തിരിവിൻ”
രക്ഷയുടെ വില
