ആഫ്രിക്കയിലെ ആദിവാസികളുടെ ഇടയിൽ കുട്ടികളുടെ പേടി മാറ്റാനും അവരെ വനത്തിന്റെ പ്രത്യേകതകൾ മനസ്സിലാക്കി കൊടുക്കാനും ഒരു സമ്പ്രദായം നിലവിലുണ്ട്.
കുട്ടിക്കു എട്ടുപത്തു വയസ്സാകുമ്പോൾ ഒരു അമാവാസി ദിവസം അവനോടൊപ്പം പിതാവ് അമ്പും വില്ലും എടുത്തുകൊണ്ട് ഒരു സന്ധ്യക്കു വനത്തിലേക്കു പോകും പിതാവു കൂടെയുള്ളതുകൊണ്ടു കുട്ടിക്കു പേടിയില്ല. അവൻ ഉത്സാഹത്തോടെ പിതാവിനോടൊപ്പം പോകും.
അവർ നടന്നു കൊടുംകാട്ടിലെത്തും. അപ്പോഴേക്കും നേരം നല്ല രാത്രിയായി. അമാവാസിയായതിനാൽ ചന്ദ്രികയുമില്ല. ഇടതൂർന്നു നിൽക്കുന്ന മരങ്ങളുടെ ഇടയിൽ കുട്ടിയെ തനിയെ നിർത്തിയിട്ട് പെട്ടെന്ന് പിതാവ് ഇരുട്ടിലേക്ക് ഓടി മറയും.
കുട്ടി അമ്പരന്നു പോകും. പിതാവിനെ ഉറക്കെ വിളിക്കും. മറുപടിയില്ല. കണ്ണിൽ കുത്തിയാൽ കാണാത്ത ഇരുട്ട്. എങ്ങോട്ടു പോകും വഴി അറിയില്ല. കാട്ടുമൃഗങ്ങളുടെ മുരൾച്ച അകലെ കേൾക്കും. അവയുടെ കാലടി ശബ്ദം അടുത്തു വരുന്നതുപോലെ പേടിച്ചു വിറച്ച് കുട്ടി ജീവൻ രക്ഷിക്കാൻ അടുത്തു കാണുന്ന മരത്തിൽ വലിഞ്ഞു കയറും. അവിടെ തണുത്തും ഭയന്നും വിറച്ച് മരക്കൊമ്പിൽ ഇരിക്കും. ഉറങ്ങിപ്പോയാൽ പിടി വീട്ടു താഴെപ്പോകും. പിതാവ് ഇത്ര ക്രൂരനായിപ്പോയല്ലോ?
പതുക്കെ രാത്രി ഇരുണ്ടു വെളുക്കും. നേരം വെളുത്ത് ആളറിഞ്ഞു തുടങ്ങുമ്പോൾ കുട്ടി താഴേക്ക് നോക്കുമ്പോഴാണു കാര്യം മനസ്സിലാകുക. തന്നെ വിട്ട് ഓടിപ്പോയെന്നു കരുതിയ പിതാവ് എങ്ങു പോയിട്ടില്ല. അടുത്ത മരത്തിനു മറഞ്ഞ് അമ്പും വില്ലും എടുത്ത് മകനെ ഹിൽസമൃഗങ്ങളൊന്നും ആക്രമിക്കാതിരിക്കാൻ ആ രാത്രി മുഴുവൻ ജാഗ്രതയോടെ കാവൽ നിൽക്കുകയായിരുന്നു.
നമ്മുടെ സ്വർഗ്ഗീയ പിതാവും ചിലപ്പോൾ ഇങ്ങനെ പെരുമാറും. വിളിച്ചാൽ വിളികേൾക്കില്ല. നമ്മെ ഉപേക്ഷിച്ചു പോയെന്നു നാം കരുതും. വാസ്തവം എന്താണ്. അവിടുന്നു നിശ്ശബ്ദനായി ജാഗ്രതയോടെ നമ്മെ കാത്തുകൊണ്ടു നിൽക്കുകയാണ്. എന്തിനാണ് ഈ പരീക്ഷണം? നമ്മെ വിശ്വാസത്തിൽ ശക്തരാക്കാൻ, പക്വതയിലേക്കു നയിക്കാൻ.
“താൻ അവനെ മരുഭൂമിയിലും ഓളി കേൾക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടു. അവനെ ചുറ്റി പരിപാലിച്ചു. കൺമണിപോലെ അവനെ സൂക്ഷിച്ചു. കഴുകൻ തന്റെ കൂട് അനക്കി കുഞ്ഞുങ്ങൾക്കു മീതെ പറക്കുന്നതുപോലെ താൻ ചിറകുവിരിച്ച് അവനെ എടുത്തു തന്റെ ചിറകിന്മേൽ അവനെ വഹിച്ചു” (ആവർത്തനം 32:10,11)
കൊടുംകാട്ടിൽ, തനിയെ
