പരമാധികാരിയായ ദൈവത്തിന്റെ സംരക്ഷണം – WFTW 31 മാര്‍ച്ച്‌ 2013

സാക് പുന്നന്‍

 

യിരെമ്യാവ് 26:20  24 വരെ വാക്യങ്ങളില്‍ ദൈവത്തിന്റെ പരമാധികാരം സംബന്ധിച്ച് ചിലത് കാണുന്നു. ആ കാലഘട്ടത്തില്‍ തന്നെ അത്ര പേരൊന്നുമില്ലാത്ത ഊരിയാവ് എന്നൊരു പ്രവാചകനുമുണ്ടായിരുന്നു. ഇതറിഞ്ഞ് രാജാവ് അവനെ കൊല്ലാന്‍ ശ്രമിച്ചു (വാക്യം 21). ഇത് മനസ്സിലാക്കിയ ഊരിയാവ് ഈജിപ്തിലേയ്ക്ക് ഓടിപ്പോയി. എന്നാല്‍ യെഹോയാക്കീം രാജാവ് അവന്റെ പിന്നാലെ ആളുകളെ ഈജിപ്തിലേയ്ക്ക് അയച്ചു. അവര്‍ അവനെ പിടികൂടി രാജാവിന്റെ മുന്നില്‍  ഹാജരാക്കുകയും രാജാവ് അവനെ കൊല്ലുകയും ചെയ്തു. എന്നാല്‍ ദൈവത്തിന്റെ പരമാധികാരം യിരെമ്യാവിനെ സംരക്ഷിച്ചു. ‘എന്നാല്‍ യിരെമ്യാവിനെ ജനത്തിന്റെ കൈയ്യില്‍ ഏല്‍പ്പിച്ച് കൊല്ലാതിരിക്കേണ്ടതിനു ശാഫാന്റെ മകനായ അഹീക്കാം അദ്ദേഹത്തിനു തുണയായിരുന്നു (യിരെ. 26:24). ഈ രണ്ടു പ്രവാചകന്മാരും ഒരേ സന്ദേശമാണ് വിശ്വസ്തതയോടെ പ്രസംഗിച്ചുകൊണ്ടിരുന്നത്. ഒരാള്‍ കൊല്ലപ്പെട്ടു, മറ്റെയാള്‍ രക്ഷപ്പെട്ടു. യാക്കോബിന്റെയും പത്രോസിന്റെയും കാര്യത്തില്‍ സംഭവിച്ചതും ഏതാണ്ട് ഇതുപോലെയാണ്. യാക്കോബ് കൊല്ലപ്പെട്ടു, പത്രോസ് വിട്ടയയ്ക്കപ്പെട്ടു (അപ്പൊ. പ്രവൃത്തികള്‍ അദ്ധ്യായം 12). ചില സമയത്ത് ദൈവം തന്റെ വിശ്വസ്തനായ ഒരു ദാസനെ കൊല്ലപ്പെടാന്‍ അനുവദിക്കുകയും മറ്റൊരാളെ രക്ഷപ്പെടാന്‍ അനുവദിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് നാം ആശ്ചര്യപ്പെടാറുണ്ട്. ദൈവത്തിന് ഓരോരുത്തരെ കുറിച്ചും പ്രത്യേക പദ്ധതികളുണ്ട് എന്നതാണ് ഇതിനു കാരണം. ഊരിയാവിന്റെ ശുശ്രൂഷയുടെ കാര്യത്തിലുള്ള ദൈവ പദ്ധതി പൂര്‍ത്തിയായിരുന്നു. എന്നാല്‍ യിരെമ്യാവിന്റെ ശുശ്രൂഷ സംബന്ധിച്ച ദൈവപദ്ധതി അപ്പോഴും പൂര്‍ത്തിയായിരുന്നില്ല. നിങ്ങള്‍ ദൈവത്തിന്റെ വിശ്വസ്ത ദാസനാണെങ്കില്‍ മനുഷ്യന്‍ നിങ്ങളെ കൊല്ലാന്‍ ശ്രമിച്ചാലും ഭാരപ്പെടെണ്ടതില്ല എന്ന പാഠമാണ് നാം ഇവിടെ നിന്ന് പഠിക്കുന്നത്. നിങ്ങളെ സംബന്ധിച്ച ദൈവത്തിന്റെ സമയം ആയിട്ടില്ലെങ്കില്‍ അവിടുന്ന് ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ നിങ്ങളെ സംരക്ഷിച്ചുകൊള്ളും. ദൈവത്തിന്റെ സമയത്തിനു മുമ്പേ നിങ്ങള്‍ കൊല്ലപ്പെടുകയില്ല. രാജാവിന്റെ സേവകന്മാരില്‍ ഒരുവനിലൂടെ ദൈവം യിരെമ്യാവിന്റെ ജീവന്‍ രക്ഷിച്ചു. യിരെമ്യാവിന്റെ ദൈവം നമ്മുടേയും ദൈവമാണ്, അവിടുന്ന് നമുക്കുവേണ്ടിയും അതുപോലെ പ്രവര്‍ത്തിക്കും, ഹല്ലെലുയ്യാ !!.

യിരെമ്യാവ് അദ്ധ്യായം 38 ല്‍ യിരെമ്യാവിനെ ചെളിനിറഞ്ഞ ഒരു പൊട്ടക്കിണറ്റില്‍ എറിഞ്ഞതായി വായിക്കുന്നു. കാരണം യെഹൂദയെ ബാബേല്‍ അടിമത്വത്തിലേയ്ക്ക് കൊണ്ടുപോകുമെന്ന് അദ്ദേഹം പ്രസംഗിച്ചത് രാജാവിനും ഭൃത്യന്മാര്‍ക്കും ഇഷ്ടപ്പെട്ടില്ല. യിരെമ്യാവ് അവിടെ ചെളിയില്‍ താണ് മരിക്കേണ്ടതായിരുന്നു. എന്നാല്‍ വീണ്ടും ദൈവത്തിന്റെ പരമാധികാരം തന്റെ ദാസന്റെ ജീവനെ സംരക്ഷിക്കുന്നത് നാം കാണുന്നു. എത്യോപ്യക്കാരനായ എബെദ്‌മേലെക്ക് എന്ന മനുഷ്യന്‍ രാജാവിന്റെ അടുക്കല്‍ചെന്നു യിരെമ്യാവിനെ കിണറ്റില്‍നിന്ന് രക്ഷിക്കുന്നതിനു അനുവാദം ചോദിക്കുകയും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുകയും ചെയ്തു (യിരെ. 38:613). തന്റെ വിശ്വസ്ത ദാസന്മാരെ സേവിക്കുന്നതിനു പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍പോലും ദൈവം തന്റെ ആളുകളെ വച്ചിരിക്കുന്നു. എബെദ്‌മേലെക്ക് യിരമ്യാവിനെ സഹായിച്ചതിനാല്‍ മറ്റുള്ളവര്‍ അടിമത്വത്തിലേയ്ക്ക് പിടിക്കപ്പെട്ടപ്പോള്‍ അവന്‍ രക്ഷപ്പെടും എന്ന് ദൈവം വാഗ്ദാനം ചെയ്തു (യിരെ. 39:16  18).
തന്റെ ദാസന്മാര്‍ക്ക് ഒരുപാത്രം വെള്ളം കൊടുക്കുന്നതുപോലും ദൈവം മറക്കുകയില്ല.

What’s New?