ദൈവത്തെ സ്തുതിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്ന സങ്കീർത്തനങ്ങൾ – WFTW 7 ഫെബ്രുവരി 2021

സാക് പുന്നന്‍

സങ്കീർത്തനം 50 – തങ്ങളുടെ നാവിനെ ഏഷണി പറയാൻ ഉപയോഗിക്കുന്നതിന് പകരം അതിനെ കർത്താവിനെ സ്തുതിക്കുവാൻ ഉപയോഗിക്കുന്നവർക്ക്, സങ്കീർത്തനം 50:23ൽ അതിശയകരമായ ഒരു വാഗ്ദത്തം കാണുന്നു: “സ്തോത്രം അർപ്പിക്കുന്ന ഏവനും എന്നെ മഹത്വപ്പെടുത്തുന്നു, അതിലൂടെ അവന് എൻ്റെ വിടുതലിനെ (രക്ഷയെ) കാണിച്ചു കൊടുക്കുവാൻ എനിക്ക് ഒരു വഴി ഒരുക്കുന്നു” (അക്ഷരാർത്ഥത്തിൽ). നാം ദൈവത്തെ സ്തുതിക്കുമ്പോൾ, അതിലൂടെ നാം പരമാധികാരിയായ ദൈവമെന്ന നിലയിൽ നമുക്ക് തന്നിലുള്ള വിശ്വാസം നാം പ്രകടിപ്പിക്കുകയാണ്. അങ്ങനെ ഈ വിശ്വാസത്തിൻ്റെ പ്രകടനം ദൈവത്തിൻ്റെ വിടുതൽ നമ്മെ കാണിക്കുവാൻ അവിടുത്തെ പ്രാപ്തനാക്കുന്നു.

സങ്കീർത്തനം 65:1 (കെ.ജെ.വി) പറയുന്നു, “ദൈവമേ, സീയോനിൽ (സഭയിൽ) സ്തുതി അവിടുത്തേക്കായി കാത്തിരിക്കുന്നു”. ദൈവത്തിനു വേണ്ടി എപ്പോഴും സ്തുതി കാത്തിരിക്കുന്ന ഒരിടമായിരിക്കണം നമ്മുടെ സഭകൾ. ദൈവം നമ്മുടെ മദ്ധ്യേ വരുമ്പോൾ, സ്തുതി അവിടുത്തെ കാത്തിരിക്കുന്നതായി അവിടുന്ന് കണ്ടെത്തണം. അങ്ങനെയുള്ളവരെ ദൈവം തന്നോട് അടുപ്പിക്കുന്നു. സങ്കീ.65:4 പറയുന്നു, “അവിടുന്ന് തിരഞ്ഞെടുത്ത് തന്നോട് അടുപ്പിക്കുന്ന മനുഷ്യൻ എത്ര ഭാഗ്യവാനാണ്”. ഭൂമിയോടുള്ള ദൈവത്തിൻ്റെ നന്മയെ കുറിച്ച് ആ സങ്കീർത്തനം തുടർന്നു പറയുന്നു.

സങ്കീർത്തനം 100, യഹോവയെ സ്തുതിക്കുന്നതിനും അവിടുത്തെ സേവിക്കുന്നതിനുമായുള്ള ഒരു ക്ഷണമാണ്. നാം “സന്തോഷത്തോടെ ദൈവത്തെ സേവിക്കേണ്ടവരാണ്” (സങ്കീ.100: 2). ഞങ്ങൾ കർത്താവിനെ സേവിക്കുന്നു എന്നു പറയുന്നവരെ ഞാൻ കണ്ടിരിക്കുന്നു, എന്നാൽ അധിക സമയവും അവർ ഒരു കാര്യം അല്ലെങ്കിൽ മറ്റൊരു കാര്യത്തെ കുറിച്ച് പരാതി പറഞ്ഞുകൊണ്ടിരിക്കുകയാണ്. സന്തോഷത്തോടെ അവിടുത്തെ സേവിക്കാത്ത ആരും തന്നെ സേവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല.

സങ്കീർത്തനം 106 യിസ്രായേലിനോടുള്ള ദൈവത്തിൻ്റെ നന്മയെ കുറിച്ചുള്ള ചരിത്രവുമായി തുടരുന്നു. സങ്കീ. 106:11,12ൽ നാം വായിക്കുന്നു, “വെള്ളം അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞപ്പോൾ അവർ അവിടുത്തെ വചനങ്ങളെ വിശ്വസിക്കുകയും അവിടുത്തേക്കു സ്തുതി പാടുകയും ചെയ്തു”. രണ്ടു കാര്യങ്ങളാണ് ഇവിടെ നാം കാണുന്നത്. ഒന്നാമത്, സ്തുതി വിശ്വാസത്തിൻ്റെ തെളിവാണ്. ഹൃദയം നിറഞ്ഞുകവിയുന്നത് വായ് സംസാരിക്കുന്നു. ഹൃദയത്തിൻ്റെ കവിഞ്ഞൊഴുക്ക് വാൽവാണ് വായ്. തങ്ങളുടെ ഹൃദയങ്ങളിൽ വിശ്വാസമുണ്ടെങ്കിൽ, അതു സ്തുതിയാൽ നിറഞ്ഞു കവിയുന്നു. അപ്പൊസ്തലന്മാർ പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടപ്പോൾ, അവർ ദൈവത്തെ സ്തുതിക്കാൻ തുടങ്ങി (പ്രവൃത്തി.2). നാം ദൈവത്തെ സ്തുതിക്കുന്നില്ലെങ്കിൽ അതു തെളിയിക്കുന്നത് നമുക്കു വിശ്വാസം ഇല്ലെന്നാണ്. രണ്ടാമത്, പഴയ ഉടമ്പടിയുടെ കീഴിൽ, അവർ കാഴ്ചയാലാണ് ജീവിച്ചത്, വിശ്വാസത്താൽ അല്ല. അവരുടെ ശത്രുക്കൾ മുങ്ങുന്നതു കണ്ടതിനു ശേഷം മാത്രമെ അവർക്കു ദൈവത്തെ സ്തുതിക്കാൻ കഴിഞ്ഞുള്ളൂ. ഇന്ന്, നമ്മുടെ ശത്രുക്കൾ പരാജയപ്പെടുന്നതിനു മുമ്പുതന്നെ നമുക്കു ദൈവത്തെ സ്തുതിക്കാൻ കഴിയും. അതാണ് കാഴ്ചയാലല്ല വിശ്വാസത്താൽ നടക്കുക എന്നാൽ.

സങ്കീർത്തനം 149 ദൈവത്തെ എല്ലാ കാലത്തും സ്തുതിക്കുവാൻ നമ്മെ ക്ഷണിക്കുന്നു. “താഴ്മയുള്ളവരെ അവിടുന്ന് രക്ഷകൊണ്ട് അലങ്കരിക്കും” (സങ്കീ.149:4). കർത്താവ് രക്ഷ കൊണ്ട് നിങ്ങളെ അലങ്കരിക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾ താഴ്മയുള്ളവരായിരിക്കണം. നമ്മുടെ കിടക്കകളിൽ പോലും സന്തോഷത്തോടെ പാടുവാനും, നമ്മുടെ വായിൽ എപ്പോഴും ദൈവത്തിൻ്റെ പുകഴ്ചകൾ ഉണ്ടായിരിക്കുവാനും, സാത്താൻ്റെയും അവൻ്റെ ഭൂതങ്ങളുടെയും ശക്തിയും പ്രവർത്തനങ്ങളും ബന്ധിക്കേണ്ടതിന് നമ്മുടെ കയ്യിൽ ദൈവവചനം ഉണ്ടായിരിക്കേണ്ടതിനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് (സങ്കീ.149:5-8). ദൈവത്തെ സ്തുതിക്കുന്നതും സാത്താൻ്റെ ശക്തി ബന്ധിക്കുന്നതും എപ്പോഴും ഒരുമിച്ചു ചേർന്നു പോകുന്നു.

സങ്കീർത്തനം 150: ഈ സങ്കീർത്തനത്തിൽ “സ്തുതിക്കുക” എന്ന വാക്ക് പതിമൂന്നു പ്രാവശ്യം നാം വായിക്കുന്നു. “ശ്വാസമുള്ളതൊക്കെയും ( ജീവനുള്ള തൊക്കെയും ) യഹോവയെ സ്തുതിക്കട്ടെ” (സങ്കീ.150:6). ദൈവത്തെ സ്തുതിക്കേണ്ടാത്തവർ ഒരു തരത്തിലുള്ളവർ മാത്രമാണ്- ശ്വസിക്കാൻ കഴിയാത്തവർ, മരിച്ചവർ. ബാക്കിയുള്ളവരെല്ലാം എല്ലായ്പോഴും ദൈവത്തെ സ്തുതിച്ചു കൊണ്ടിരിക്കണം. നമ്മുടെ ജീവിതങ്ങളിൽ അത് അങ്ങനെ ആയിരിക്കട്ടെ . ആമേൻ.