പാപത്തിന്മേലുളള വിജയരഹസ്യം- WFTW 26 മേയ് 2019

സാക് പുന്നന്‍

ആവര്‍ത്തനപുസ്തകം 6:4-5 വാക്യങ്ങളില്‍ “യഹോവ നമ്മുടെ ദൈവമാകുന്നു, യഹോവ ഏകന്‍ തന്നെ” എന്നു നാം വായിക്കുന്നു. എന്നു മാത്രമല്ല നിന്‍റെ ദൈവമായ യഹോവയെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും, പൂര്‍ണ്ണ ശക്തിയോടും കൂടെ സ്നേഹിക്കേണം എന്നും പറഞ്ഞിരിക്കുന്നു.

നാം മൂന്നു ദൈവങ്ങളെ അല്ല ആരാധിക്കുന്നത്. ദൈവം മൂന്നു ആളത്വങ്ങളിലുളള ഏകനാണ്. അനന്തരം ആവര്‍ത്തന പുസ്തകം 6:5ല്‍, ഈ ഒന്നാമത്തെ കല്‍പ്പന മറ്റൊരു വിധത്തില്‍ വിവരിച്ചിരിക്കുന്നു. ഇതാണ് മത്തായി 22:37ല്‍ യേശു ഉദ്ധരിച്ചിരിക്കുന്നത്. ” നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്നേഹിക്കണം”. ഇതാണ് ഒന്നാമത്തെ കല്‍പ്പന.

അതിന്‍റെ അര്‍ത്ഥം നമ്മുടെ ഹൃദയത്തില്‍ കുടുംബത്തിനോ, സ്വത്തിനോ, ജോലിക്കോ, പണത്തിനോ ഒന്നും അല്‍പ്പം പോലും ഇടമില്ല എന്നാണ്- കാരണം നമ്മുടെ ഹൃദയം മുഴുവന്‍ ദൈവത്തിനു നല്‍കപ്പെട്ടിരിക്കുകയാണ്. അതാണ് “നിര്‍മ്മാതാവിന്‍റെ നിര്‍ദ്ദേശങ്ങള്‍”അടങ്ങിയ ലഘു ഗ്രന്ഥത്തില്‍ ഉളള ഒന്നാമത്തെ നിര്‍ദ്ദേശം. നിങ്ങള്‍ ഈ കല്‍പ്പന അനുസരിക്കുന്നതിനു മുമ്പ് മനുഷ യന്ത്രം പ്രവര്‍ത്തിപ്പിക്കരുത്.

നിങ്ങളുടെ മുഴു ഹൃദയവും കൊണ്ട് ദൈവമായ കര്‍ത്താവിനെ സ്നേഹിക്കുമ്പോള്‍ എന്തു സംഭവിക്കും?
-നിങ്ങളുടെ ഭാര്യയെ കുറച്ചുകൂടി നന്നായി സ്നേഹിക്കും.
-നിങ്ങളുടെ അയല്‍ക്കാരനെ കുറച്ചുകൂടി നന്നായി സ്നേഹിക്കും.
-നിങ്ങളുടെ ശത്രുക്കളെ പോലും നിങ്ങള്‍ സ്നേഹിക്കും, കാരണം നിങ്ങളുടെ ഹൃദയത്തില്‍ ഒരു വെറുപ്പും ഇനിമേല്‍ ഉണ്ടായിരിക്കുകയില്ല.

അസൂയ, വെറുപ്പ്, കൈപ്പ്, കൂടാതെ മറ്റുളളവര്‍ക്കെതിരായുളള മറ്റെല്ലാ പാപങ്ങളും ഉണ്ടാകുന്നത് നിങ്ങള്‍ ദൈവത്തെ നിങ്ങളുടെ പൂര്‍ണ്ണ ഹൃദയത്തോടുകൂടി സ്നേഹിക്കാത്തതു കൊണ്ടാണ്. നിങ്ങളുടെ ഹൃദയത്തില്‍ ദൈവത്തെ സ്നേഹിക്കേണ്ട ഭാഗം അസൂയയാല്‍ നിറയപ്പെട്ടിരിക്കുകയാണ്. നമ്മള്‍ പാപത്തെ ജയിക്കുന്നത് പ്രാഥമികമായി, പാപത്തോടു പോരാടുന്നതിനാലല്ല, എന്നാല്‍ നിങ്ങളുടെ മുഴുഹൃദയവും കൊണ്ട് ദൈവത്തെ സ്നേഹിക്കുന്നതിനാലാണ്. നാം നമ്മുടെ മുഴുഹൃദയവും കൊണ്ട് ദൈവത്തെ സ്നേഹിക്കുമ്പോള്‍, പണസ്നേഹം, സ്വത്തിനോടുളള സ്നേഹം, ദുര്‍മോഹങ്ങള്‍ ഇവയെല്ലാം മാറിപ്പോകും.

അത്ര നല്ലവനല്ലാത്ത മിസ്റ്റര്‍ എ എന്ന വ്യക്തിയുമായി പ്രണയത്തിലായിരിക്കുന്ന ഒരു പെണ്‍കുട്ടിയുടെ കാര്യം എടുക്കാം. അയാളെ പ്രേമിക്കുന്നതില്‍ നിന്നു അവളെ പിന്‍തിരിപ്പിക്കുവാന്‍ അവളുടെ മാതാപിതാക്കള്‍ അവരുടെ കഴിവിന്‍റെ പരമാവധി ശ്രമിച്ചു എന്നിട്ടും അവര്‍ വിജയിച്ചില്ല. പിന്നീട് ഒരു ദിവസം കുറെകൂടി കോമളനും ധനികനും വളരെ സന്തുഷ്ടനുമായ മിസ്റ്റര്‍ ബി എന്ന വ്യക്തിയെ അവള്‍ കണ്ടുമുട്ടുന്നു. പെട്ടന്നുതന്നെ മിസ്റ്റര്‍ എ യോടുണ്ടായിരുന്ന അവളുടെ സ്നേഹം മുഴുവന്‍ മാഞ്ഞുപോയി. ഇതെങ്ങനെ സംഭവിച്ചു? അതിനെ ” ഒരു പുതിയ സ്നേഹബന്ധത്തിന്‍റെ നിഷ്കാസന ശക്തി” (ബഹിഷ്കരണശക്തി) എന്നു വിളിക്കാം. ഒരു പുതിയസ്നേഹം ആദ്യത്തെ സ്നേഹത്തെ പുറത്താക്കി.

ഇത് ക്രിസ്തീയ ജീവിതത്തില്‍ പ്രയോഗിക്കുക. ഇവിടെ ദൈവം വിലക്കിയിട്ടുളള അനേകം ദോഷകരമായ കാര്യങ്ങളുടെ പിന്നാലെ നിങ്ങള്‍ മോഹിച്ചുകൊണ്ട് നടക്കുകയാണ്. ഈ ചീത്തശീലങ്ങള്‍ ഉപേക്ഷിക്കുവാന്‍ നിങ്ങള്‍ വീണ്ടും വീണ്ടും പരിശ്രമിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്കതിനു കഴിയുന്നില്ല. കാരണം ആ ദുര്‍മോഹങ്ങളെ നിങ്ങള്‍ സ്നേഹിക്കുന്നു. പിന്നീട് ഒരു ദിവസം, നിങ്ങള്‍ യേശുവിന്‍റെ തേജസ് കാണുകയും അവിടുത്തെ പൂര്‍ണ്ണഹൃദയം കൊണ്ടു സ്നേഹിക്കുവാന്‍ തുടങ്ങുകയും ചെയ്യുന്നു. എന്തു സംഭവിക്കുന്നു? ഈ പുതിയ സ്നേഹം പഴയ സ്നേഹബന്ധങ്ങളെയെല്ലാം പുറത്താക്കികളയുന്നു. അപ്പോള്‍ നമുക്ക് ഈ ലോകത്തിന്‍റെ കാര്യങ്ങളില്‍ ഒരു താല്‍പര്യവും ഉണ്ടായിരിക്കുകയില്ല. ഇതാണ് ” പുതിയ സ്നേഹബന്ധത്തിന്‍റെ നിഷ്കാസന ശക്തി”. ഇതാണ് പാപത്തിന്മേലുളള വിജയരഹസ്യം. ദൈവത്തെ നിങ്ങളുടെ പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്നേഹിക്കുക – അത് അര്‍ത്ഥമാക്കുന്നത് നിങ്ങളുടെ എല്ലാ ബുദ്ധിശക്തിയോടും കൂടെ തന്നെ.