സാക് പുന്നന്‍
2 രാജാക്കന്മാര്‍ 2ാം അദ്ധ്യായത്തില്‍ ഏലിയാവ്, എലീശയെ ശോധന ചെയ്തപ്പോള്‍ എലീശയുടെ നിശ്ചയധാര്‍ഢ്യം നമ്മള്‍ കാണുന്നു. ഏലിയാവ് സ്വര്‍ഗ്ഗത്തിലേക്ക് ഏതാണ്ട് എടുക്കപ്പെടാറായപ്പോള്‍, ഏലീശ അദ്ദേഹത്തോടൊപ്പം ഗില്‍ഗാലിലേക്കു പോയി. ഏലിയാവ് ബെഥേലിലേക്കു പോകുമ്പോള്‍ എലീശയോട് ഗില്‍ഗാലില്‍ താമസിക്കുവാന്‍ പറഞ്ഞു. എലീശ പറഞ്ഞു “ഇല്ല ഞാന്‍ അങ്ങയുടെ കൂടെ വരുന്നു.” ഏലിയാവ് യെരിഹോവിലേക്ക് പോകുകയായിരുന്നതിനാല്‍ ഏലിയാവ് വീണ്ടും എലീശയോട് ബെഥേലില്‍ താമസിക്കുവാന്‍ പറഞ്ഞു. അപ്പോള്‍ എലീശ വീണ്ടും മറുപടി പറഞ്ഞു “ഇല്ല, ഞാനും അങ്ങയുടെ കൂടെ പോരുകയാണ്.” യെരീഹോവില്‍ അതേ രംഗം തന്നെ ആവര്‍ത്തിക്കപ്പെട്ടു. അതിനുശേഷം ഏലിയാവ് യോര്‍ദ്ദാനിലേക്കു പോയി. അവര്‍ യോര്‍ദ്ദാന്‍ നദിക്കരികെ വന്നപ്പോള്‍, ഏലിയാവ് തന്റെ മേലങ്കിയെടുത്ത് നദിയിലെ വെള്ളത്തിന്മേല്‍, അടിച്ചു. വെള്ളം ഇരുവശത്തേക്കും മാറി, അവരിരുവരും നടന്ന് മറുകര കടന്നു. അപ്പോള്‍ ഏലിയാവ് എലീശയോട് ചോദിച്ചു “നീ എന്തിനാണ് എന്നെ പിന്‍തുടരുന്നത്? നിനക്ക് എന്താണ് വേണ്ടത്?
നിങ്ങളെ സംബന്ധിച്ച് എങ്ങനെയാണ്? നിങ്ങള്‍ക്കെന്താണ് വേണ്ടത്? ഒരു മെച്ചപ്പെട്ട വരുമാനമാണോ, അതോ ഒരു കാറാണോ, അതോ ഒരു പുതിയ വീടാണോ നിങ്ങള്‍ അന്വേഷിക്കുന്നത്? എന്നാല്‍ എന്തു തന്നെയായാലും എലീശ പറഞ്ഞതിങ്ങനെ: “അങ്ങയുടെ ആത്മാവിന്റെ ഇരട്ടി പങ്ക് എന്റെ മേല്‍ വരണം.” അദ്ദേഹം ഈ ലോകത്തിലെ മറ്റൊരു കാര്യവും ആവശ്യപ്പെട്ടില്ല. അദ്ദേഹത്തിന് ഏലിയാവിന്റെമേല്‍ ഉണ്ടായിരുന്ന ആത്മാവിന്റെ അതേ അഭിഷേകമാണ് വേണ്ടിയിരുന്നത്. അതുകൊണ്ടാണ് അദ്ദേഹം ഏലിയാവിനെ പിന്‍തുടര്‍ന്നത്.
ഒരു ശുശ്രൂഷ നമ്മെ ഭരമേല്‍പിക്കുന്നതിനു മുമ്പ് ദൈവം നമ്മെയും ശോധന ചെയ്യും. ചില അനുഭവങ്ങള്‍ അവിടുന്നു നമുക്കു തരും ഗില്‍ഗാലിലേക്ക് നമ്മെ കൊണ്ടുവരും എന്നിട്ട് നാം അതുകൊണ്ട് തൃപ്തരാണോ എന്നു നോക്കും. ചില ക്രിസ്ത്യാനികള്‍ അവിടംകൊണ്ട് തൃപ്തരാകുന്നു. എന്നാല്‍ മറ്റുള്ളവര്‍ പറയും “ഇല്ല കര്‍ത്താവേ, അങ്ങയെ എനിക്ക് അധികമായി വേണം.” ചിലപ്പോള്‍ നിങ്ങളിലൂടെ അവിടുന്ന് ഒരു അതിശയം ചെയ്‌തേക്കാം. ഈ സമയത്ത് ചിലര്‍ തൃപ്തരാകും. മറ്റുള്ളവര്‍ പറയും “കര്‍ത്താവേ അങ്ങയില്‍ ആവസിച്ചിരുന്ന ആത്മാവ് എന്നിലും ആവസിച്ച് എന്നെ അങ്ങയുടെ സ്വരൂപത്തോട് അനുരൂപമായി രൂപാന്തരപ്പെടുത്തണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.” നിങ്ങള്‍ക്ക് അങ്ങനെയൊരാഗ്രഹമുണ്ടോ? അങ്ങനെയാണെങ്കില്‍ ദൈവം നിങ്ങളെ നിരാശപ്പെടുത്തുകയില്ല എന്നു ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരട്ടെ. ദൈവത്തിന്റെ ഏറ്റവും നല്ലതിനെക്കാള്‍ വളരെ കുറഞ്ഞ 25%, 50% അല്ലെങ്കില്‍ 75% ചില കാര്യങ്ങള്‍ക്കുവേണ്ടി നിലകൊണ്ട അനേകം ക്രിസ്ത്യാനികളെ ഞാന്‍ കണ്ടിട്ടുണ്ട്. തന്റെ തലമുറയില്‍ ദൈവത്തിന്റെ ഏറ്റവും നല്ലതിനായി മുന്നോട്ടാഞ്ഞ എലീശയെപ്പോലെ ആകുക. അദ്ദേഹത്തിന് അഭിഷേകത്തിന്റെ ഇരട്ടി പങ്ക് ലഭിച്ചത് അദ്ദേഹം ദൃഢനിശ്ചയത്തോടെ അന്വേഷിച്ചതുകൊണ്ടാണ്. അതുകൊണ്ട് ഏലിയാവ് ചെയ്തതിന്റെ ഇരട്ടി അത്ഭുതപ്രവര്‍ത്തികള്‍ അദ്ദേഹം ചെയ്തു.
ഇന്നുള്ള അനേകം പ്രസംഗകരുടെ അടുത്തു ചെന്ന് “എനിക്ക് പരിശുദ്ധാത്മാഭിഷേകം വേണം” എന്ന് നിങ്ങള്‍ പറഞ്ഞാല്‍, അവര്‍ പറയും “ഓ, അതു വളരെ എളുപ്പമാണ്. ഞാന്‍ നിങ്ങളുടെ തലയില്‍ ഒന്നു കൈ വയ്ക്കട്ടെ.” അയാള്‍ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും നിങ്ങളോട് ചില കാര്യങ്ങള്‍ അവ്യക്തമായി പറയുവാന്‍ ആവശ്യപ്പെടുകയും ചെയ്യും. എന്നിട്ട് അയാള്‍ നിങ്ങളോടു പറയും. “നിങ്ങള്‍ക്കത് കിട്ടിപ്പോയി.” എന്നാല്‍ ഏലിയാവ് എന്താണ് പറഞ്ഞത്? അദ്ദേഹം ഏലീശയോട് പറഞ്ഞു “നിനക്ക് പരിശുദ്ധാത്മാവിന്റെ ഇരട്ടി പങ്കു വേണോ? അത് എളുപ്പമുള്ള ഒരു കാര്യമേ അല്ല. നീ വളരെ പ്രയാസമുള്ള ഒരു കാര്യമാണ് ചോദിച്ചിരിക്കുന്നത്. എന്നാല്‍ ഞാന്‍ സ്വര്‍ഗ്ഗത്തേക്ക് പോകുന്നതു കാണാന്‍ ദൈവം നിന്നെ അനുവദിക്കുമെങ്കില്‍, അപ്പോള്‍ നിനക്കതു ലഭിക്കും.” ഏലിയാവ് ആ കാര്യം ദൈവ കരങ്ങളില്‍ വിട്ടു കൊടുത്തു. ഏലിയാവ് ക്രിസ്തുവിന്റെ ഒരു പ്രതിരൂപം ആണ്. ഇതാണ് കര്‍ത്താവ് നമ്മോട് പറയുന്നത്. “ഞാന്‍ നിനക്കു വേണ്ടി വലത്തു ഭാഗത്ത് ഇരുക്കുന്നതു നീ കാണുകയും, നീ എന്നില്‍ വിശ്വസിക്കുകയും ചെയ്താല്‍ നിനക്ക് അഭിഷേകം പ്രാപിക്കാന്‍ കഴിയും.”
ഇരട്ടി പങ്ക് അഭിഷേകം എന്നത് പ്രാപിക്കാന്‍ വളരെ പ്രായസമുള്ള ഒരു കാര്യമാണ്. എന്നാല്‍ നിങ്ങള്‍ മനുഷ്യരെ നോക്കാതെ കര്‍ത്താവിനെ മാത്രം നോക്കുമെങ്കില്‍ നിങ്ങള്‍ക്കതു പ്രാപിക്കാന്‍ കഴിയും. അതാണ് നിങ്ങളോടുള്ള കര്‍ത്താവിന്റെ വചനം. ഇന്നും യേശുവാണ് പരിശുദ്ധാത്മ സ്‌നാപകന്‍ ഒരു മനുഷ്യനുമല്ല. സ്‌നാപകയോഹന്നാന്‍ പോലും പറഞ്ഞു “എനിക്കു നിങ്ങളെ വെള്ളത്തില്‍ മാത്രമെ സ്‌നാനം കഴിപ്പിക്കാന്‍ കഴിയൂ. എന്നാല്‍ അവിടുന്ന് നിങ്ങളെ പരിശുദ്ധാത്മാവിലും അഗ്‌നിയിലും സ്‌നാനം കഴിപ്പിക്കും.” ഒരു മനുഷ്യനും നിങ്ങളെ പരിശുദ്ധാത്മാവില്‍ സ്‌നാനം കഴിപ്പിക്കാന്‍ കഴിയില്ല. യേശുക്രിസ്തു മാത്രമാണ് ആ സ്‌നാപകന്‍. അതുകൊണ്ട് നേരെ അവിടുത്തെ അടുക്കലേക്കു ചെല്ലുക.
ഏലിയാവും എലീശയും സംസാരിച്ചുകൊണ്ട് നടന്നു പോകുമ്പോള്‍ പെട്ടെന്ന്, ഒരു അഗ്‌നിരഥം വരികയും ഏലിയാവ് എടുക്കപ്പെടുകയും ചെയ്തു. എലീശ അതു കണ്ടു. ഏലിയാവില്‍ നിന്നു വീണ മേലങ്കി എടുക്കുകയും അഭിഷേകത്തിന്റെ ഇരട്ടി പങ്ക് പ്രാപിക്കുകയും ചെയ്തു. പെട്ടെന്നു തന്നെ അതിന്റെ ഒരു തെളിവുണ്ടായി. അദ്ദേഹം യോര്‍ദ്ദാന്‍ നദിക്കരയില്‍ വന്നപ്പോള്‍ അദ്ദേഹം വെള്ളത്തെ അടിക്കുകയും മറുകര കടക്കുകയും ചെയ്തു. അഭിഷേകം നമ്മുടെ ജീവിതത്തില്‍ വെളിപ്പെട്ടു വരും. നാം ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കുകയോ, ആക്രോശിക്കുകയോ അല്ലെങ്കില്‍ ആരോടെങ്കിലും നമ്മുടെ അനുഭവം പറയുകയോ പോലും ചെയ്യേണ്ടതില്ല. നമ്മുടെ ജീവിതവും നമ്മുടെ ശുശ്രൂഷയും അവയ്ക്കു വേണ്ടി തന്നെ സംസാരിക്കും നമ്മെ വിമര്‍ശിക്കുന്നവരോടുപോലും.