സ്നേഹത്തിന്‍റെ പിന്‍വിളി

ജോജി ടി. സാമുവല്‍

സ്‌നേഹത്തിന്റെ പിന്‍വിളി


അവനെവിട്ട് ഒരൊളിച്ചോട്ടം
ഇരവിലൂടെ, പകലറുതികളിലൂടെ
വര്‍ഷങ്ങളുടെ കമാനങ്ങള്‍ക്കടിയിലൂടെ
മനസ്സിന്റെ ഇടവഴിയിലൂടെ
കണ്ണുനീരിന്റെ മൂടല്‍മഞ്ഞിലൂടെ
അവനെ വിട്ടിന്നീ ഒളിച്ചോട്ടം

ദൈവത്തെ വിട്ടുള്ള തന്റെ (മനുഷ്യരാശിയുടേയും) പലായനം ഫ്രാന്‍സിസ് തോംപ്‌സണ്‍ എന്ന അനുഗൃഹീത കവി വര്‍ണ്ണിക്കുന്നതിങ്ങനെയാണ്. എന്നാല്‍ തന്നെവിട്ട് ഒളിച്ചോടുന്ന മനുഷ്യനെ ദൈവം അങ്ങനെ വിടുന്നില്ല. നിത്യമായ സ്‌നേഹത്തോടെ അവന്റെ പിന്നാലെ അവിടുന്നു തെരഞ്ഞുചെല്ലുന്നു – സ്‌നേഹത്തിന്റെ ഭാഷയില്‍ അവനുമായി സംവദിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ ആ സ്‌നേഹത്തിന്റെ വിളിയൊച്ചയെ അവഗണിച്ച് ധാര്‍ഷ്ട്യത്തോടെ അവന്‍ മുന്നോട്ടു പോകുകയാണ്. എന്നാല്‍ അവിടുന്നു പിന്‍തിരിയുന്നില്ല. മടുപ്പില്ലാതെ, പിന്നാലെ, ഒരു വേട്ടനായെപ്പോലെ… ഒടുവില്‍ അതു സംഭവിക്കുന്നു. ദൈവം അവനെ പിടികൂടുന്നു. സ്‌നേഹത്തിന്റെ ഒരു വേട്ടയാടല്‍ ആയിരുന്നു അത്.

1893ല്‍ രചിച്ച ‘സ്വര്‍ഗ്ഗത്തിന്റെ വേട്ടനായ്’ എന്ന കവിതയില്‍ യേശുവിനെ, ‘ഓരോ മനുഷ്യനേയും സ്‌നേഹാര്‍ദ്രമായ ഹൃദയത്തോടെ നിരന്തരം പിന്‍തുടരുന്ന ഒരു അസാധാരണ സ്‌നേഹമൂര്‍ത്തി’യായി ചിത്രീകരിക്കുന്നു. ‘ഇടറാത്ത കാല്‍വയ്പുകള്‍, വ്യക്തമായ വേഗം, പ്രൗഢമായ തിടുക്കം.’ യേശു പിന്നാലെ വരികയാണ് – സ്‌നേഹത്തിന്റെ പിന്‍വിളിയുമായി.

ദൈവത്തെ വിട്ട് സ്വന്ത ഇഷ്ടങ്ങളുടെ ഇടനാഴികളിലൂടെ ചുറ്റിത്തിരിയുന്ന മനുഷ്യന്‍ മറ്റെന്തിനേക്കാളുമേറെ സഹതാപം അര്‍ഹിക്കുന്നു. നെഞ്ചുവിരിച്ച്, തല ഉയര്‍ത്തിപ്പിടിച്ച്, തന്‍പോരിമയോടെയാണ് അവന്റെ നടപ്പ്. ‘എനിക്കു വേണ്ടതെന്തെന്ന് എനിക്കറിയാം’ എന്നാണ് അവന്റെ പ്രഖ്യാപനം. ഈ ലോകത്ത് സ്വന്തമായ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കാനുള്ള വിയര്‍പ്പൊഴുക്കലാണ് അവന് ജീവിതം. ഈ തിരക്കിനിടയില്‍ അവന്‍ സ്വയം നഷ്ടപ്പെടുന്നു. മറ്റൊന്നിനും അവന് സമയമില്ല. വെട്ടിപ്പിടിക്കാനും നേടിയെടുക്കാനുമുള്ള ഈ ഓട്ടത്തില്‍ താന്‍ തൃപ്തനും സന്തുഷ്ടനുമാണെന്ന് അവന്‍ ഭാവിക്കുന്നു. സ്വയം അങ്ങനെ വിശ്വസിപ്പിക്കുന്നു. എന്നാല്‍ വാസ്തവം എന്താണ്? കാഴ്ചയ്ക്ക് പുറമേ മനോഹരമെങ്കിലും ഉള്ളില്‍ പുഴുക്കുത്തുവീണ ഒരു പുഷ്പംപോലെയാണ് അവന്റെ ജീവിതം. ആന്തരികമായ ഒട്ടേറെ അസ്വസ്ഥതകള്‍ അവനെ വീര്‍പ്പുമുട്ടിക്കുന്നു. ദൈവത്തിന്റെ രൂപത്തില്‍ അവന്റെ ഹൃദയത്തിലുള്ള ശൂന്യതയെ മറ്റു പലതുകൊണ്ടും അടയ്ക്കുവാന്‍ എത്ര ശ്രമിച്ചിട്ടും വിജയിക്കാത്തതിലുള്ള നിസ്സഹായതയുടെ തിക്കുമുട്ടലാണ് അത്. സ്രഷ്ടാവിലേക്കു ചെല്ലുവാനുള്ള സൃഷ്ടിയുടെ ഹൃദയത്തിലെ യഥാര്‍ത്ഥ ദാഹത്തെ, ഈ ലോകത്തിലെ നിരര്‍ത്ഥകസുഖങ്ങള്‍, തൃഷ്ണകളെ ശമിപ്പിക്കുമ്പോഴുള്ള വ്യര്‍ത്ഥസന്തോഷം, ബൗദ്ധികമായ അന്വേഷണങ്ങള്‍ക്ക് ഉത്തരം കിട്ടുമ്പോഴുള്ള താത്ക്കാലിക ശാന്തി, ആഗ്രഹസാഫല്യം മൂലം ലഭ്യമാകുന്ന നൈമിഷികസാന്ത്വനം എന്നിവകൊണ്ടു തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചതാണ് അവന്റെ പരാജയം. ‘ഈ വെള്ളം കുടിക്കുന്നവനൊക്കെയും പിന്നെയും ദാഹിക്കും’ എന്ന ക്രിസ്തുവചനം അവനില്‍ നിവൃത്തിയാകുകയാണ് (യോഹ. 4:13).

പക്ഷേ അവനെ അവന്റെ അസ്വാസ്ഥ്യങ്ങളുമായി വെറുതെ വിടാന്‍ സ്‌നേഹവാനായ ദൈവം ഒരുക്കമല്ല. അവിടുന്ന് അവന്റെ അലച്ചിലുകളെ അറിയുന്നു (സങ്കീ. 56:8). അവന്റെ ഹൃദയത്തിലെ ശൂന്യതയെ നികത്തുവാനും അവന്റെ അന്തര്‍ദ്ദാഹങ്ങളെ ശമിപ്പിക്കുവാനും അവനെ സ്വസ്ഥനാക്കുവാനും തന്റെ തന്നെ നിറവുകൊണ്ട് അവനെ ധന്യനാക്കുവാനും അവിടുന്ന് ആഗ്രഹിക്കുന്നു. അതുകൊണ്ട് ദൈവത്തോടു മത്സരിച്ച് അകന്നുപോയ മനുഷ്യകുലത്തെ ഒന്നാകെയെന്നപോലെ വ്യക്തികളെയും അവിടുന്ന് തേടിച്ചെല്ലുന്നു. ഓരോരുത്തരേയും അവരവരുടെ വ്യക്തിപരമായ തലങ്ങളില്‍ സന്ധിക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. എഴുതപ്പെട്ട ദൈവവചനത്തിന് പുറത്തും ആളുകളുടെ ജീവിതസാഹചര്യങ്ങളിലൂടെ അവരെ അഭിമുഖീകരിക്കുവാനും അവരോടു സംസാരിക്കുവാനുമാണ് ദൈവം ശ്രമിക്കുന്നത്. ഇതിനുവേണ്ടി വ്യക്തികളുടെ ജീവിതത്തിനു പരിധികളും പരിമിതികളും സൃഷ്ടിക്കുകയും അവരുടെ സാഹചര്യങ്ങളേയും അനുഭവങ്ങളേയും അവിടുന്ന് ആ വിധത്തില്‍ ക്രമീകരിക്കുകയും ചെയ്തിരിക്കുന്നു. ”അവിടുന്ന് ഒരുവനില്‍ നിന്ന് എല്ലാ ജനപദങ്ങളേയും സൃഷ്ടിച്ചു; അവര്‍ക്കു വിഭിന്നകാലങ്ങളും വാസഭൂമികളും നിശ്ചയിച്ചുകൊടുത്തു. ഇത് അവര്‍ ദൈവത്തെ അന്വേഷിക്കുന്നതിനും അനുഭവത്തിലൂടെ അവിടുത്തെ കണ്ടെത്തുന്നതിനും വേണ്ടിയാണ്’ എന്ന ദൈവവചനം ശ്രദ്ധിക്കുക (പ്രവൃ. 17:26,27). അങ്ങനെയാണെങ്കില്‍, സുഹൃത്തേ, താങ്കള്‍ കണ്ടുമുട്ടാനിടയായ ഒരാള്‍, കേള്‍ക്കാന്‍ കഴിഞ്ഞ ഒരു പ്രസംഗശകലം, വായിക്കാനിടയായ ഒരു പുസ്തകം, പൊടുന്നനെ ലഭിച്ച ഒരു ഉള്‍വെളിച്ചം, കടന്നുപോയ ഒരു പ്രത്യേക സാഹചര്യം ഇവയൊന്നും യാദൃച്ഛികമായിരുന്നില്ല. ദൈവസാന്നിധ്യബോധത്തിലേക്കു നിങ്ങളെ നയിച്ച ആ അനുഭവങ്ങളോരോന്നും നിങ്ങളെ അനുസ്യൂതം പിന്‍തുടരുകയായിരുന്ന സ്‌നേഹമൂര്‍ത്തിയുടെ കാലൊച്ചകളായിരുന്നു! ജീവിതത്തില്‍ സംഭവിച്ചതൊന്നും വെറുതെയായിരുന്നില്ലെന്നും ആ സംഭവങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും ദൈവം നിങ്ങളോടു സംസാരിക്കുകയായിരുന്നുവെന്നും അറിയുക. ഇപ്പോള്‍ ഈ വരികളിലൂടെ നിങ്ങളുടെ കണ്ണുകള്‍ കടന്നുപോകാനിടയാകുന്നതും ഒരു യാദൃച്ഛികതയായി കാണരുതേ. നിങ്ങളോടു സംവദിക്കുവാന്‍ ആഗ്രഹിക്കുന്ന സ്വര്‍ഗത്തിന്റെ സ്‌നേഹത്തെ നിങ്ങള്‍ ഇവിടെ നേര്‍ക്കുനേര്‍ കണ്ടുമുട്ടുകയാണ്. സ്രഷ്ടാവിനുവേണ്ടിയുള്ള നിങ്ങളുടെ ഹൃദയത്തിന്റെ ദാഹത്തെ തൃപ്തിപ്പെടുത്തുവാനായി ‘ദാഹിക്കുന്നവനെല്ലാം എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ.’ എന്ന് ആഹ്വാനം ചെയ്ത ഒരുവനെ നിങ്ങള്‍ ഒരിക്കല്‍കൂടി അഭിമുഖീകരിക്കുകയാണ്. അവനെ വിട്ട് ദിനരാത്രങ്ങളിലൂടെ, വര്‍ഷങ്ങളിലൂടെ നിങ്ങള്‍ നടത്തുന്ന പലായനം ഇനി എത്ര നാള്‍? സ്വയസഹതാപത്തിന്റെ കണ്ണീര്‍ മറയ്ക്കു പിന്നിലൂടെ, വൃഥാസങ്കല്പങ്ങളുടെ കെട്ടുപിണഞ്ഞ ഇടവഴികളിലൂടെ ഉള്ള ഈ ഒളിച്ചോട്ടം അവസാനിപ്പിച്ച് യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുക.

”അങ്ങയില്‍ നിന്ന് ഞാന്‍ എവിടെപ്പോകും? അങ്ങയുടെ സന്നിധിവിട്ട് ഞാന്‍ എവിടെ ഓടിയൊളിക്കും? ആകാശത്തില്‍ കയറിയാല്‍ അങ്ങ് അവിടെയുണ്ട്; ഞാന്‍ പാതാളത്തില്‍ കിടക്കവിരിച്ചാല്‍ അങ്ങ് അവിടെയുണ്ട്. ഞാന്‍ പ്രഭാതത്തിന്റെ ചിറകുധരിച്ച് സമുദ്രത്തിന്റെ അതിര്‍ത്തിയില്‍ ചെന്നു വസിച്ചാല്‍ അവിടെയും അങ്ങയുടെ കരം എന്നെ നയിക്കും. അങ്ങയുടെ വലതു കൈ എന്നെപ്പിടിക്കും.” (സങ്കീ. 139:6-9) എന്ന ഏറ്റുപറച്ചിലോടെ, ജീവിതത്തിലുടനീളം നിങ്ങളെ പിന്‍തുടര്‍ന്ന ആ സ്‌നേഹത്തിനു മുന്‍പില്‍ ഇപ്പോള്‍ കീഴടങ്ങുക.

വിജയമന്ത്രവും രക്ഷാദൂതും


ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ വ്യക്തി ആരായിരുന്നു?

മഹാത്മാഗാന്ധി മുതല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ വരെ ഒട്ടേറെ ആളുകളുടെ പേരുകളാണു പലരും നിര്‍ദ്ദേശിക്കുന്നത്.

എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിനെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്ന വ്യക്തിയോ?
പലര്‍ക്കും അക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല. അവര്‍ ഏകസ്വരത്തില്‍ പറയുന്നു: ബില്‍ ഗേറ്റ്‌സ്. കംപ്യൂട്ടര്‍ മാന്ത്രികന്‍, സോഫ്റ്റ്‌വെയറുകളുടെ സുല്‍ത്താന്‍, ലോകത്തിലെ ഇന്നത്തെ ഏറ്റവും വലിയ ധനികന്‍-ബില്‍ഗേറ്റ്‌സിന് ഇപ്പോള്‍ തന്നെ വിശേഷണങ്ങള്‍ ഒട്ടേറെയാണ്. വരും വര്‍ഷങ്ങളില്‍ ലോകത്തിന്റെ ഭാവി നിയന്ത്രിക്കാന്‍ പോകുന്നത് ബില്‍ ഗേറ്റ്‌സാണെന്നു കരുതുന്നവര്‍ ധാരാളം.

അടുത്തകാലത്തു പുറത്തിറങ്ങിയ ബില്‍ഗേറ്റ്‌സിന്റെ ആത്മകഥാസ്പര്‍ശിയായ ഗ്രന്ഥമായ ‘മുമ്പിലുള്ള വഴി’ (ഞീമറ മവലമറ) നമ്മുടെ മുമ്പില്‍ വരച്ചുകാട്ടുന്നതും ലോകത്തെ മുഴുവന്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന, ഒരു മനുഷ്യനെയാണ്.

സത്യത്തില്‍ ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് കുതിക്കാന്‍ വെമ്പുകയും ഇന്നത്തെ മൂഷികമത്സരത്തില്‍ (ഞമ േൃമരല) എങ്ങനേയും ഒന്നാമതെത്താന്‍ ഉഴറിപ്പാഞ്ഞു നടക്കുകയും ചെയ്യുന്ന ആധുനികമനുഷ്യന് എല്ലാംകൊണ്ടും ചേര്‍ന്ന വീരനായകന്‍ തന്നെയല്ലേ ബില്‍ ഗേറ്റ്‌സ്?
ആധുനികകാലത്തു മാത്രമല്ല, എന്നും ഒന്നാമതെത്താനുള്ള ത്വര മനുഷ്യനെ സ്വാധീനിച്ചിരുന്നു. മനുഷ്യന്റെ വീഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ടതാണ്. ഏദന്‍ തോട്ടത്തില്‍ ദൈവം ആക്കിയിരുന്ന അവസ്ഥയില്‍ തൃപ്തിയില്ലാതെ ദൈവത്തെപ്പോലെ ആകുവാന്‍ നടത്തിയ ശ്രമമാണല്ലോ മനുഷ്യന്റെ പതനത്തിനുവഴിയൊരുക്കിയത്. മനുഷ്യന്റെ സൃഷ്ടിക്കും മുന്‍പേ ഉളവായ ആദിമപാപവും നിഗളം തന്നെ.

”ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കു മീതെ വയ്ക്കും; ഉത്തരദിക്കിന്റെ അതിര്‍ത്തിയില്‍ സമാഗമപര്‍വ്വതത്തിന്മേല്‍ ഞാന്‍ ഇരുന്നരുളും; ഞാന്‍ മേഘോന്നതങ്ങള്‍ക്ക് മീതെ കയറും; ഞാന്‍ അത്യുന്നതനോടു സമനാകും” എന്നിങ്ങനെ ലൂസിഫര്‍ എന്ന മാലാഖ നിഗളിച്ചപ്പോള്‍ അവന്‍ പിശാചായി അധഃപതിച്ചു. തുടര്‍ന്ന് മനുഷ്യനേയും അതേ പാപത്തിലേക്കു വീഴ്ത്തിയ സാത്താന്‍, മനുഷ്യോത്പത്തിയുടെ തുടക്കം മുതല്‍ മനുഷ്യരാശിയെ ഒന്നാമതെത്താനുള്ള മത്സര ഓട്ടത്തില്‍ പങ്കാളികളാക്കി മാറ്റുകയായിരുന്നു.

‘ഏറ്റവും മികച്ചതിനു മാത്രമേ അതിജീവിക്കാനാകൂ’ എന്നതത്ത്വം മനുഷ്യനു പറഞ്ഞുകൊടുത്ത് സാത്താന്‍ അവന്റെ സ്വാര്‍ത്ഥതയെ ഊതിപ്പെരുപ്പിച്ചു. മത്സരം കൂടാതെ നിലനില്‍ക്കാനാവില്ല എന്ന മട്ടില്‍ ലോകവ്യവസ്ഥിതിയെയും സമ്പ്രദായങ്ങളെയും (ട്യേെലാ)െ സംവിധാനം ചെയ്ത് മനുഷ്യനെ ദൈവത്തില്‍ നിന്ന് അങ്ങനെ എന്നെന്നേക്കുമായി അകറ്റി നിര്‍ത്താം എന്നു സാത്താന്‍ കണക്കു കൂട്ടി.

എന്നാല്‍ സാത്താന്‍ ഉണ്ടാക്കിവച്ച ഈ സമ്പ്രദായത്തിന് നേരെ എതിരായ ഒരു രക്ഷാപദ്ധതിയുമായി ഈ ലോകത്തിലേക്ക് കടന്നുവന്ന ഒരുവനുണ്ടായിരുന്നു – കര്‍ത്താവായ യേശുക്രിസ്തു.

‘ഉന്നതങ്ങളിലേക്ക് ഉന്നതിയിലേക്ക്’ എന്നതായിരുന്നു സാത്താന്റെ വിജയമന്ത്രം എങ്കില്‍ അതിനുനേരേ എതിര്‍ദിശയിലേക്ക് എന്നതായിരുന്നു യേശുവിന്റെ രക്ഷാദൂത്.

‘അവിടുന്ന് ദൈവരൂപത്തില്‍ ഇരിക്കെ െൈദവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താന്‍ താഴ്ത്തി മരണത്തോളം, ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളനായിത്തീര്‍ന്നു’ (ഫിലി. 2:6-8).

താഴ്മയുടെ ഏഴുപടികള്‍ ഇറങ്ങി ഭൂമിയില്‍ വന്ന യേശു മുപ്പത്തി മൂന്നര വര്‍ഷത്തെ ജീവിതത്തിലും ഇവിടെ നിലവിലിരുന്ന നിലനില്പിനായുള്ള മത്സരത്തില്‍ പങ്കാളിയാകാതെ മാറിനിന്നു. ഈ മത്സരത്തിലേക്കു തന്നേയും വലിച്ചിഴയ്ക്കാന്‍ സാത്താന്‍ ഒളിഞ്ഞും തെളിഞ്ഞും പല ശ്രമങ്ങള്‍ നടത്തിയിട്ടും സാധിച്ചില്ല. (ലൂക്കോ. 4: 1-13). ഒടുവില്‍ താഴ്മയുടെ ഏറ്റവും ഒടുവിലത്തെ പടിയായ മരണത്തില്‍ യേശു തന്റെ രക്ഷാകരദൗത്യം പൂര്‍ത്തീകരിച്ചു.

താഴ്മയുടെ ഈ വഴിയില്‍ മാത്രമേ മനുഷ്യനു ദൈവത്തെ അഭിമുഖീകരിക്കാന്‍ കഴിയുകയുള്ളു. ഇക്കാര്യം ഇത്രയേറെ പ്രധാനമായതുകൊണ്ടാണ് പുതിയനിയമത്തില്‍ രണ്ടു ലേഖനങ്ങളില്‍ ഒരുവാക്യം ഒരു പോലെ ഉദ്ധരിച്ചിരിക്കുന്നത്- ദൈവം നിഗളികളോട് എതിര്‍ത്തു നില്‍ക്കുന്നു; താഴ്മയുള്ളവര്‍ക്കോ കൃപ നല്‍കുന്നു (യാക്കോ. 4:6, 1 പത്രൊ. 5:5).

രണ്ടു വാക്യങ്ങളുടെ പിന്‍ബലം പോലും ഇല്ലാത്ത പലതിനും ഉപദേശപ്പട്ടികയില്‍ സ്ഥാനം നല്‍കുകയും താഴ്മയെ ഒരു സദ്ഗുണം മാത്രമായി ക്രിസ്തീയഗോളം ഇന്നു കാണുകയും ചെയ്യുന്നത് എത്രയോ ദുഃഖകരം!

നിലനില്‍പ്പിനായുള്ള മത്സരവും കയ്യടക്കുവാനും വെട്ടിപ്പിടിക്കുവാനുമുള്ള ശ്രമങ്ങളും ഇന്നു ക്രിസ്തീയ മണ്ഡലങ്ങളിലും കാണുമ്പോള്‍ യേശു ഒരുക്കിയ രക്ഷാപദ്ധതി മനുഷ്യരുടെ ദൃഷ്ടിയില്‍ നിന്നും മറയ്ക്കുന്നതില്‍ സാത്താന്‍ എത്രമാത്രം വിജയിച്ചിരിക്കുന്നുവെന്നു ഖേദത്തോടെ ഓര്‍ത്തുപോകുന്നു…..

യേശു പറഞ്ഞു: ”ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവനാകയാല്‍…എന്നോടു പഠിപ്പിന്‍” (മത്താ. 11:29)
നമുക്ക് അവിടുത്തെ പാദപീഠത്തിലിരുന്ന് ഈ പാഠം പുതുതായി പഠിക്കാം.

ഉപരിതലത്തിലെ ക്രിസ്തീയത


ഹിമാലയ സാനുക്കളിലെ വനാന്തരങ്ങളിലൊന്നിലൂടെ നടന്നുപോകവേ, തളര്‍ന്നുപോയ സാധുസുന്ദരസിംഗ് ഒരു കാട്ടരുവിയുടെ ഓരത്ത് വിശ്രമത്തിനായി ഇരുന്നു. അടിത്തട്ടുപോലും കാണത്തക്കവിധം പരന്നൊഴുകുന്ന കണ്ണീരുപോലെ ശുദ്ധമായ ജലം. ആ കാട്ടുചോലയില്‍നിന്ന് ദാഹം തീര്‍ത്ത് കയറിയ അദ്ദേഹം ഒരു കൗതുകത്തിന് അരുവിയുടെ അടിത്തട്ടില്‍നിന്ന് ഒന്നുരണ്ട് ഉരുളന്‍ കല്ലുകള്‍ കയ്യിലെടുത്തു. മിനുസമുള്ള ആ കല്ലുകള്‍ കൈയിലെടുത്ത് ഓമനിക്കുമ്പോള്‍ അദ്ദേഹം ശ്രദ്ധിച്ചു – ഉവ്വ്, ഈ കല്ലുകളുടെ ഉപരിതലത്തില്‍ ഒരു നനവുണ്ട്. എന്നാല്‍ ഈ കല്ലുപൊട്ടിച്ച് അതിന്റെ ഉള്ളിലേക്ക് കടന്നു നോക്കിയാലോ? ഇല്ല അതിന്റെ ഉള്ളില്‍ ഉപരിതലത്തിലുള്ള നനവിന്റെ, ആര്‍ദ്രതയുടെ, ഒരു കണികപോലും കാണുകയില്ല. വെള്ളത്തിലാണ് ഉരുളന്‍പാറക്കല്ലിന്റെ കിടപ്പ്. അതിനു മുകളിലും താഴെയും വശങ്ങളിലും കൂടെ തൊട്ടുരുമ്മി എത്രയോ വര്‍ഷങ്ങളായി ജലം ഒഴുകിപ്പോകുന്നു. പക്ഷേ അതില്‍ ഒരു തുള്ളിപോലും, നനവിന്റെ ഒരു കണികപോലും, ഉള്ളിലേക്ക് കടന്നിട്ടില്ല.

ഈ സംഭവം വിവരിച്ചുകൊണ്ട് പിന്നീടൊരിക്കല്‍ സാധുസുന്ദരസിംഗ് എഴുതി: ഉപരിതല സ്പര്‍ശിയായ ഇത്തരം ഒരു ക്രിസ്തീയതയുണ്ട്. ക്രിസ്തുവിന്റെ ചൈതന്യം ഹൃദയത്തിലേക്ക്, ആത്മാവിലേക്ക് കടക്കാത്ത, ആഴം കുറഞ്ഞ, ഉപരിപ്ലവമായ ഒരു ക്രിസ്തീയത.

മാരാമണ്‍ കണ്‍വന്‍ഷനില്‍ പ്രസംഗിക്കുവാന്‍ ഒരിക്കല്‍ കേരളത്തിലെത്തിയപ്പോഴും സാധു സുന്ദരസിംഗ് ഈ ഉദാഹരണം പറഞ്ഞതായി കേട്ടിട്ടുണ്ട് – ക്രിസ്തീയപ്രവര്‍ത്തനങ്ങളാലും പ്രസംഗങ്ങളാലും സുവിശേഷപ്രഘോഷണങ്ങളാലും പൂരിതമായ (ടമൗേൃമലേറ) കേരളത്തില്‍ തലമുറകള്‍ ജീവിച്ചിട്ടും ഉപരിതലസ്പര്‍ശിയായ ഒരു ക്രിസ്തീയതയെ ഇന്നും താലോലിക്കുന്ന മലങ്കരയിലെ നസ്രാണികളോട് ഒരു താക്കീത് എന്നവണ്ണം!

‘എന്റെ പിന്നാലെ വരിക’ എന്നുപറഞ്ഞ് നടന്നുപോയ നസറായ ഗുരുവിനെ അനുഗമിക്കുന്നതാണ് ക്രിസ്തീയ ജീവിതം. അങ്ങനെയെങ്കില്‍ ഉപരിതലസ്പര്‍ശിയായ ഒരു ക്രിസ്തീയതയേയും ആഴമുള്ള ഒരു ക്രിസ്തീയ ജീവിതത്തെയും നമുക്ക് എങ്ങനെയാണ് തിരിച്ചറിയാന്‍ കഴിയുന്നത്? യഥാര്‍ത്ഥമുത്തിനേയും അനുകരണത്തേയും എങ്ങനെ വേര്‍തിരിച്ചു മനസ്സിലാക്കാം? ക്രിസ്തീയതയുടെ ചൈതന്യം ഹൃദയത്തില്‍ സ്വാംശീകരിച്ചിട്ടുണ്ടോ എന്ന് എപ്പോഴാണ് വെളിവാകുന്നത്? പ്രായോഗികജീവിതത്തില്‍ അടിസ്ഥാന പ്രശ്‌നങ്ങളോട് (ആമശെര കൗൈല)െ ഉള്ള ഒരുവന്റെ പ്രതികരണം അതിലേക്ക് വെളിച്ചം വീശും. പണം, പ്രതാപം, ബഹുമാനം, സാമൂഹിക അംഗീകാരം, സമ്പത്ത് എന്നിവയോടുള്ള അവന്റെ മനോഭാവം അതു വ്യക്തമാക്കും. അത്ഭുതമെന്നു പറയട്ടെ, ഇവയോട് അടുത്തുവരുമ്പോള്‍ വ്യത്യസ്ത ഉപദേശങ്ങളും വിഭിന്നമായ നടപടിക്രമങ്ങളും ഉള്ള വിവിധ വിഭാഗങ്ങളില്‍ പെടുന്ന ക്രിസ്ത്യാനികളും ഒരേ മട്ടില്‍ പെരുമാറുന്നത് കാണാം. ഫ്രഞ്ചു നാസ്തികന്‍ വോള്‍ട്ടയര്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ‘ക്രിസ്ത്യാനികള്‍ക്കിടയില്‍ വ്യത്യസ്ത വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരും വിവിധ വിഭാഗങ്ങളില്‍പ്പെടുന്നവരുമുണ്ട്. എന്നാല്‍ പണത്തിന്റെ കാര്യം വരുമ്പോള്‍ അവരെല്ലാം ഒരേ വിഭാഗത്തില്‍പ്പെടുന്നു; ഒരേ വിശ്വാസം പുലര്‍ത്തുന്നു.’ ഈ വിമര്‍ശനം ഒരു സത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത് – അടിസ്ഥാന പ്രശ്‌നങ്ങളോടുള്ള നമ്മുടെ മനോഭാവത്തിലും പ്രതികരണത്തിലും ഒരു സ്വയനിഷേധത്തിന്റെ മുദ്ര പതിഞ്ഞിട്ടില്ലെങ്കില്‍ നമ്മുടെ ക്രിസ്തീയത ഉപരിതലസ്പര്‍ശിയാണ്. സംശയമില്ല.

തന്നെ അനുഗമിക്കുന്നവരുടെ ബന്ധങ്ങളുടേയും അവരുടെ കൈവശം ഉള്ളതിന്റെയും എന്തിന്, സ്വന്ത ജീവന്റെ തന്നേയും മേല്‍ ഇത്തരം നിഷേധത്തിന്റെ ഒരു ‘കുരിശടയാളം’ ഉണ്ടായിരിക്കണമെന്ന് യേശു ആവശ്യപ്പെട്ടു (ലൂക്കോ. 14:25-35). സ്വന്തജീവിതത്തില്‍ ഉടനീളം ഈ ക്രൂശ് വഹിച്ചശേഷമാണ് തന്നെ അനുഗമിപ്പാന്‍ ആഗ്രഹിച്ചവരുടെ മുമ്പില്‍ യേശു ഈ നിബന്ധന വച്ചത്. ‘ഗുരുവിനെപ്പോലെയാകുന്നത് ശിഷ്യനുമതി’ (മത്താ. 10:25). ഈ കുരിശ് വഹിക്കാത്ത ശിഷ്യത്വത്തില്‍ കുറഞ്ഞുള്ളതെല്ലാം ഉപരിതലസ്പര്‍ശിയായ ക്രിസ്തീയതയാണ്.

ജീവിതവും ശുശ്രൂഷയും

1929 ചൈനയിലെ തെരുവുകളിലൊന്നിലൂടെ ക്രിസ്തുശിഷ്യനായ വാച്ച്മാന്‍ നീ നടന്നു പോകുകയായിരുന്നു. ലോകപ്രകാരമുള്ള ഒരു തൊഴില്‍ ഇല്ല. അറിയപ്പെടുന്ന വലിയൊരു ക്രിസ്തീയശുശ്രൂഷയുമില്ല. ആരോഗ്യവും തകര്‍ന്നു. ചെറുപ്പക്കാരനാണെങ്കിലും ബലഹീനനായതിനാല്‍ ഒരു വടിയും പിടിച്ച് പ്രാകൃതനെപ്പോലെ മെല്ലെ നടന്നു പോകുമ്പോള്‍, പെട്ടെന്ന് ഒരാള്‍ വന്ന് കൈയില്‍ പിടിച്ചു. നോക്കുമ്പോള്‍ കോളജില്‍ തന്നെ പഠിപ്പിച്ചിരുന്ന പ്രൊഫസര്‍. അദ്ദേഹം വാച്ച്മാന്‍ നീയെ വഴിയരികിലുള്ള ഒരു ചായക്കടയിലേക്കു നയിച്ചു. ഇരുവരും ഇരുന്നു. അവിശ്വസനീയമായ എന്തോ കണ്ടതുപോലെ പ്രൊഫസര്‍ ഒരക്ഷരം മിണ്ടാതെ വാച്ച്മാന്‍ നീയെ അടിമുടി നോക്കുകയാണ്. ഒടുവില്‍ അദ്ദേഹം ശബ്ദം താഴ്ത്തി ചോദിച്ചു. ”കോളജില്‍ പഠിക്കുമ്പോള്‍ എത്ര സമര്‍ത്ഥനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു നീ! ഒരു വലിയ ആളാകുമെന്നും നീ ഉന്നതനിലയില്‍ എത്തുമെന്നും ഞങ്ങള്‍ കരുതിയിരുന്നു. പക്ഷേ… നീ ഒടുവില്‍ ഇങ്ങനെയായിത്തീര്‍ന്നുവെന്നാണോ പറയാന്‍ പോകുന്നത്?”

”സത്യത്തില്‍ അതു കേട്ടപ്പോള്‍ ആദ്യം എനിക്കു പാഴായിപ്പോയ ജീവിതത്തെ ഓര്‍ത്ത് കരയാനാണ് തോന്നിയത്” വാച്ച്മാന്‍ നീ എഴുതി. ”പക്ഷേ പെട്ടെന്ന്, ഒരുപക്ഷേ ജീവിതത്തില്‍ ആദ്യമായി, ഞാന്‍ എന്നെത്തന്നെ ശൂന്യനാക്കിയ സ്ഥാനത്തു നിറയുന്ന മഹത്വത്തിന്റെ ആത്മാവിനെ ഞാന്‍ കണ്ടു. എന്റെ ജീവിതം കര്‍ത്താവിനുവേണ്ടി ചെലവാക്കികളയുവാന്‍ കഴിഞ്ഞല്ലോ, എന്ന ചിന്ത എന്റെ ആത്മാവിനെ തേജസ്സുകൊണ്ടു നിറച്ചു.”

ഒന്നും പാഴായിപ്പോകുന്നതു സഹിക്കാന്‍ കഴിവില്ലാത്തവരാണു മനുഷ്യര്‍. ഈ ലോകത്ത് എല്ലാം പരമാവധി ഉപയോഗിക്കപ്പെടണം. പണം, കഴിവുകള്‍, സ്വാധീനങ്ങള്‍ ഇവയൊന്നും പാഴാക്കരുത്. സൗഹൃദങ്ങള്‍, പരിചയം, അടുപ്പം, ബന്ധങ്ങള്‍ തുടങ്ങിയവയും പരമാവധി മുതലാക്കണം. ഇവയെല്ലാം സമര്‍ത്ഥമായി വിനിയോഗിച്ച് ബുദ്ധിപൂര്‍വ്വം കരുക്കള്‍ നീക്കി പുരോഗതിയും, നേട്ടവും, വിജയവും, ഭദ്രതയും കയ്യടക്കണം – ഈ ലോകത്തിന്റെ ഗതി ഇങ്ങനെയാണ്.

ക്രിസ്തീയ ശുശ്രൂഷയുടെ രംഗത്തും, നിര്‍ഭാഗ്യവശാല്‍, ഇന്ന് ഇതേ ഫോര്‍മുലയാണ് പരീക്ഷിക്കപ്പെടുന്നത്. പ്രവര്‍ത്തനങ്ങള്‍ ചെറിയൊരു തലത്തില്‍ നിന്ന് വലിയതലത്തിലേക്ക്, ശുശ്രൂഷ അഭിവൃദ്ധിയില്‍ നിന്ന് അഭിവൃദ്ധിയിലേക്ക്… ഇല്ലാ, ഒന്നും പാഴാക്കിക്കൂടാ. എല്ലാം പരമാവധി ഉപയോഗിക്കപ്പെടണം. നേട്ടം, വിജയം, വിപുലീകരണം- ഇതിലാണ് കണ്ണ്. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിച്ചുകൊള്ളും! ഈ പ്രവര്‍ത്തനകോലാഹലങ്ങള്‍ക്കിടയില്‍ ആരെങ്കിലും സ്വയജീവന്റെ വെണ്‍കല്‍ഭരണി തകര്‍ത്ത് സ്‌നേഹതൈലംകൊണ്ട് നിശ്ശബ്ദം നാഥനെ ശുശ്രൂഷിച്ചാല്‍ യൂദാ ഇസ്‌കര്യോത്താവിനെപ്പോലെ അവര്‍ ചീറും ”ഈ വെറും ചെലവ്, ഈ പാഴാക്കല്‍, എന്തിന്?”

യേശുവിന്റെ പാദത്തില്‍ മറിയ ഒഴുക്കികളഞ്ഞ തൈലത്തിന് മുന്നൂറു വെള്ളിക്കാശു വിലയുണ്ടായിരുന്നെന്നും അത് പല നല്ലകാര്യങ്ങള്‍ക്കും ഉപയോഗിക്കാമായിരുന്നെന്നും ശിഷ്യന്മാര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ‘പ്രയോജനപ്രദമായ ഒരു വേലയെ’ക്കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളോട് അവിടുന്നു യോജിച്ചില്ല. മറിച്ച് അവളെ അഭിനന്ദിക്കുകയും ആളുകളുടെ ശ്രദ്ധയെ ആ ‘പ്രവൃത്തി’യില്‍ നിന്ന് ‘അവളി’ലേക്ക് തിരിച്ചുവിടുകയുമാണ് അവിടുന്നു ചെയ്തത്.

ഉവ്വ്, യേശു എപ്പോഴും അങ്ങനെയാണ്. ശുശ്രൂഷയുടെ വലിപ്പത്തെക്കാള്‍ ശുശ്രൂഷിക്കുന്ന ആളിനെയാണ് അവിടുന്നു നോക്കുന്നത്. പ്രവര്‍ത്തനത്തെക്കാള്‍, അതിനു പിന്നിലുള്ള മനോഭാവമാണ് അവിടുത്തേക്ക് പ്രധാനം. ജീവിതത്തില്‍ നിന്നുവേറിട്ട ഒരു ശുശ്രൂഷ അവിടുന്ന് ആഗ്രഹിക്കുന്നില്ല. അഥവാ ജീവിതവും ശുശ്രൂഷയും രണ്ടല്ല, ഒന്നാണ്.

‘ലോകത്തില്‍ സുവിശേഷം പ്രസംഗിക്കുന്നിടത്തെല്ലാം ഇവള്‍ ചെയ്തതും പ്രസ്താവിക്കപ്പെടും’ എന്ന് യേശു അവിടെ തുടര്‍ന്നു പറയുന്നു. എന്താണതിന്റെ അര്‍ത്ഥം? ലോകമെങ്ങും യഥാര്‍ത്ഥ സുവിശേഷത്തോടൊപ്പം ഇത്തരം സ്വയം നഷ്ടപ്പെടുത്തലിന്റെ, പാഴാക്കലിന്റെ, സന്ദേശം പ്രസ്താവിക്കപ്പെടേണ്ടതുണ്ട് എന്നാണതിന്റെ സൂചന എന്നു വാച്ച്മാന്‍ നീ പറഞ്ഞിട്ടുള്ളത് ഓര്‍ക്കുന്നു. നിങ്ങളുടെ ‘ശുശ്രൂഷ’യെ സംബന്ധിച്ചിടത്തോളം ഈ സന്ദേശം എത്രത്തോളം പ്രസക്തമാണ്? കഴിവുകളും ജീവിതവും അവിടുത്തെ പാദത്തില്‍ ഒഴുക്കിക്കളയത്തക്കവണ്ണം ശുശ്രൂഷയ്ക്കു യോഗ്യനായ പുരുഷനായി യേശുവിനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

എന്റെ സ്വന്തം യേശു


യേശുക്രിസ്തുവിന്റെ മാനുഷികതയ്ക്ക് ഏറെ ഊന്നല്‍ നല്‍കിക്കൊണ്ട് ആംപ്ടന്‍ സിംക്ലയര്‍ രചിച്ചിട്ടുള്ള ഒരു പുസ്തകമുണ്ട്. അതിലെ ആശയങ്ങളോടു യോജിച്ചില്ലെങ്കിലും പുസ്തകത്തിന്റെ തലക്കെട്ട് ആരെയും പിടിച്ചു നിര്‍ത്തും – My personal Jesus (എന്റെ സ്വന്തം യേശു).

ചരിത്രത്തില്‍ ഒരു യേശുവുണ്ട്. രണ്ടായിരം വര്‍ഷം മുമ്പ് പാലസ്തീനില്‍ പിറന്ന്, കാലത്തെ ഏ.ഡി യെന്നും ബി.സി യെന്നും രണ്ടായി പകുത്ത്, ജീവിച്ചു കടന്നുപോയ യേശു. ഈ യേശുവിന്റെ ജീവിതത്തെയും ഉപദേശങ്ങളെയും അഭിനന്ദനപൂര്‍വ്വം നോക്കിക്കാണുന്നവര്‍ ഒട്ടേറെയാണ് -യേശുവിന്റെ വാക്കുകള്‍ ഉദ്ധരിക്കുന്നവര്‍, തന്റെ ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നവര്‍ എന്നിങ്ങനെ. യേശു അവരെ സംബന്ധിച്ചിടത്തോളം ഒരാദര്‍ശപുരുഷനാണ്. യേശുവുമായുള്ള അവരുടെ ബന്ധം ആശയതലത്തില്‍ ഒതുങ്ങി നില്‍ക്കുന്നുവെന്നു പറയാം.

ഇതിനും ഒരുപടി അപ്പുറത്ത് യേശുവിനെ രക്ഷകനായി അംഗീകരിച്ചുവെന്ന് അവകാശപ്പെടുന്നവരുടെ എണ്ണവും കുറവല്ല. ‘ചരിത്രത്തിലെ യേശു’ തങ്ങളെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ ഒരു യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നുവെന്ന് കരുതുന്നവര്‍. ഇതെങ്ങനെ കഴിഞ്ഞുവെന്നു ചോദിച്ചാല്‍ ‘വിശ്വാസത്താല്‍’ എന്നാവും അവരുടെ മറുപടി.

ഉവ്വ്, വിശ്വാസം വളരെ വ്യക്തിപരമായ ഒരു കാര്യമാണ്. എന്നാല്‍ ഒരാളുടെ വിശ്വാസത്തിന് അയാളുടെ ജീവിതത്തില്‍ ഒരു സാംഗത്യം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ആ ‘വിശ്വാസം’ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. നമ്മുടെ വിശ്വാസം ജീവിതം കൊണ്ടുസാധൂകരിക്കപ്പെടുന്നില്ലെങ്കില്‍ ആ വിശ്വാസം വിശ്വാസമല്ലെന്നു പറയേണ്ടിവരും. മറിച്ച് ആ വിശ്വാസത്തിന് നമ്മുടെ ജീവിതത്തിന്മേല്‍ തൊട്ടറിയത്തക്കവണ്ണം നേരിട്ടൊരു ബന്ധമുണ്ടെങ്കില്‍ അതാണു സജീവമായ വിശ്വാസം. ഒരുദാഹരണം പറയട്ടെ: ഭൂമി പരന്നതാണെന്നാണ് ഒരുകാലത്ത് പരക്കെ വിശ്വസിച്ചുപോന്നിരുന്നത്. എന്നാല്‍ ഗലീലിയോ ആ വിശ്വാസം തെറ്റാണെന്നു തെളിയിച്ചു. തുടര്‍ന്ന് എല്ലാവരും ഭൂമി ഉരുണ്ടതാണെന്നു ‘വിശ്വസിച്ചു’ തുടങ്ങി. എന്നാല്‍ സത്യം പറഞ്ഞാല്‍ ഭൂമി പരന്നതാണെങ്കിലും ഉരുണ്ടതാണെങ്കിലും സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തില്‍ അതു മാറ്റമൊന്നും വരുത്തിയില്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള അവന്റെ പരക്കംപാച്ചിലിനിടയില്‍ ഭൂമി ഉരുണ്ടതാവട്ടെ, പരന്നതാവട്ടെ, അതവനെ സംബന്ധിച്ചിടത്തോളം പ്രസക്തമായിരുന്നില്ല. എന്നിട്ടും ഭൂമി ഉരുണ്ടതാണെന്നാണു താന്‍ ‘വിശ്വസിക്കു’ന്നതെന്ന് അവന്‍ കരുതിപ്പോന്നു. അങ്ങനെയിരിക്കെ ഒരു യുവനാവികന് – കൊളംബസിന് – കിഴക്കേ ദിക്കിലേക്കു പോകേണ്ടിയിരുന്നു. പക്ഷേ അയാള്‍ കപ്പലിറക്കിയതു പടിഞ്ഞാറേ ദിശയിലേക്കാണ്! ഭൂമി ഉരുണ്ടതാണെന്ന് യഥാര്‍ത്ഥമായും വിശ്വസിച്ച ആ നാവികന് താന്‍ പടിഞ്ഞാറോട്ടു സഞ്ചരിച്ചാല്‍ ഒടുവില്‍ കിഴക്ക് എത്തിച്ചേരുവാന്‍ കഴിയുമെന്ന പൂര്‍ണവിശ്വാസം ഉണ്ടായിരുന്നു! ഭൂമി ഉരുണ്ടതാണെന്ന പൊതുവിലുള്ള വിശ്വാസത്തിനു വ്യക്തിപരമായി തന്റെ ജീവിതത്തില്‍ ഒരു പ്രസക്തി കണ്ടെത്തിയവനായിരുന്നു അയാള്‍. വസ്തുനിഷ്ഠമായ ഒരു വിശ്വാസത്തെ അയാള്‍ വ്യക്തിനിഷ്ഠമാക്കി മാറ്റി.

അനുഭവങ്ങള്‍ക്കും യുക്തിക്കുമെതിരെ കപ്പലിറക്കുന്ന ഈ വിശ്വാസമാണു ചലനാത്മകമായ, സജീവമായ വിശ്വാസം. ഒരുവന്റെ തീരുമാനങ്ങളുടെയും നിലപാടുകളുടെയും ജീവിതത്തിന്റേയും മേല്‍ ഇതിനു നേരിട്ടൊരു ബന്ധം ഉണ്ടായിരിക്കും.

ചരിത്രത്തിലെ യേശുവിനെ വ്യക്തിപരമായ ഒരു യാഥാര്‍ത്ഥ്യമാക്കി മാറ്റിയിരിക്കുന്നു എന്നു നിങ്ങള്‍ അവകാശപ്പെടുമ്പോള്‍ അതിനുപിന്നില്‍ ഇപ്രകാരം സജീവമായ, ചലനാത്മകമായ ഒരു വിശ്വാസമുണ്ടോ? ഈ വിശ്വാസത്തിനു നിങ്ങളുടെ ജീവിതത്തിന്മേല്‍ തൊട്ടറിയാന്‍ പാകത്തില്‍ ഒരു സ്വാധീനവും നേരിട്ടൊരു ബന്ധവും ഉണ്ടോ? യേശു രക്ഷകന്‍ എന്ന പൊതുവിലുള്ള വസ്തുനിഷ്ഠമായ വിശ്വാസത്തെ വേറിട്ട് വ്യക്തിനിഷ്ഠമായ ഒരു തലത്തില്‍ നിങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ കൂടെ കൊണ്ടു നടക്കുന്നതു ‘സ്വന്തം യേശു’വിനെയല്ല ‘ചരിത്രത്തിലെ യേശു’വിനെയാണ്.

‘സത്യകൃപ’യെ സ്വീകരിക്കുക


ഒരിക്കലും കൂട്ടിമുട്ടാത്ത റെയില്‍പ്പാളംപോലെ ജീവിതത്തില്‍ പ്രസംഗവും പ്രവൃത്തിയും സമാന്തരമായിക്കൊണ്ടുപോയിക്കൊണ്ടിരുന്ന ഒരു സുവിശേഷ പ്രസംഗകനെക്കുറിച്ച് ഒരു കഥ കേട്ടിട്ടുണ്ട്. ഒരു പരസ്യ സ്ഥലത്തുവച്ചു നടന്ന പ്രസംഗത്തിന്റെ തുടക്കത്തില്‍ അദ്ദേഹം പ്രസ്താവിച്ചു: ”ഞാന്‍ നിങ്ങളുടെ മദ്ധ്യത്തില്‍ ഇപ്പോള്‍ നില്ക്കുന്നത് ദൈവകൃപയിലാണ്.” ഉടനെ സദസ്സില്‍ നിന്നു സ്ഥലവാസിയായ ഒരു ചെരിപ്പുകടക്കാരന്‍ എഴുന്നേറ്റു പരസ്യമായി പറഞ്ഞത്രേ: ”താങ്കള്‍ ദൈവകൃപയിലല്ല, എന്റെ കടയില്‍ നിന്നു മൂന്നു മാസം മുമ്പു വാങ്ങിയ ഒരു ജോഡി ഷൂസിലാണു നില്ക്കുന്നത്. അതിന്റെ വില ഇതുവരെ തന്നിട്ടുമില്ല.”

ഇത് ഒരു കഥയായിരിക്കാം. എന്നാല്‍ ഇതു ഖേദപൂര്‍വം വിരല്‍ ചൂണ്ടുന്നത് ചില സത്യങ്ങളിലേക്കാണ് – ഒന്ന്: സ്വന്ത ഇഷ്ടത്തിനൊത്തു ജീവിക്കാനുള്ള അനുവാദമായി ദൈവകൃപയെ കാണുന്നവരുടെ എണ്ണം പെരുകിവരുന്നു! രണ്ട്: അവര്‍ മൂലം ദൈവനാമം ജാതികളുടെ ഇടയില്‍ ദുഷിക്കപ്പെടുന്നു!

കൃപ എന്നവാക്ക് നാം പ്രത്യേകമായ അര്‍ത്ഥത്തില്‍ കാണുന്നതു തിരുവചനത്തിലാണ്. ദൈവം മനുഷ്യനില്‍ നിന്ന് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ സാധിപ്പാന്‍ ദൈവം തന്നെ മനുഷ്യനു ദാനമായി നല്‍കുന്ന അത്ഭുതശക്തിയെ ഒരു വാക്കില്‍ സംക്ഷേപിക്കേണ്ടിവന്നപ്പോള്‍ തിരുവചന രചയിതാക്കള്‍ കണ്ടെത്തിയ പദമാണു കൃപ.

പക്ഷേ പുതിയനിയമത്തിന്റെ അവസാനതാളുകളിലെത്തുമ്പോള്‍ നാം മറ്റൊരു പ്രയോഗം കാണുന്നു- ‘സത്യകൃപ’ (1 പത്രൊ 5:12). എന്തുകൊണ്ടാണ് അപ്പോസ്തലനായ പത്രൊസിനു കൃപയില്‍ നിന്നു വേറിട്ട് സത്യകൃപ എന്ന മറ്റൊരു പദം കണ്ടെത്തേണ്ടിവന്നത്? അതിന്റെ ഉത്തരം യൂദായുടെ ലേഖനത്തിലാണു നാം കാണുന്നത്. ദൈവത്തിന്റെ കൃപയെ സ്വന്ത ഇഷ്ടത്തിനൊത്തു ജീവിക്കാനുള്ള ലൈസന്‍സായി കണക്കാക്കുന്ന ചിലര്‍ അതിനകം സഭകളില്‍ നുഴഞ്ഞു കടന്നിരുന്നു (യൂദാ 4)! ഈ ‘വ്യാജകൃപ’യില്‍ നിന്ന് യഥാര്‍ത്ഥകൃപയെ വേറിട്ടു കാണിക്കാന്‍ പത്രൊസിനു പുതിയൊരു പദപ്രയോഗം വേണ്ടിവന്നു – സത്യകൃപ.

ഒന്നാം നൂറ്റാണ്ടില്‍ തന്നെ വ്യാജകൃപയുടെ വക്താക്കള്‍ സഭയില്‍ നുഴഞ്ഞുകയറിയിരുന്നെങ്കില്‍ ഇന്നതിന്റെ സ്വാധീനം എത്ര വ്യാപകമായിരിക്കും! വ്യാജകൃപയെയും സത്യകൃപയെയും തമ്മില്‍ ഇന്ന് എങ്ങനെയാണു തിരിച്ചറിയാന്‍ കഴിയുന്നത്? നിങ്ങള്‍ കൃപയ്ക്കു കീഴിലാണെങ്കില്‍ പാപം നിങ്ങളുടെമേല്‍ ഭരണം നടത്തുകയില്ലെന്ന് അപ്പോസ്തലനായ പൗലോസ് പറയുന്നത് ശ്രദ്ധിക്കുക (റോമ. 6:14). ഈ അളവുകോല്‍ ഉപയോഗിച്ച് യഥാര്‍ത്ഥ കൃപയെ തിരിച്ചറിയരുതോ? പാപത്തേയും വിശുദ്ധിയെയും ലഘുവായി എടുക്കുന്നവര്‍ യേശു തന്നെ ഈ ഭൂമിയിലേക്കു കൊണ്ടുവന്ന കൃപയെ (യോഹ. 1:17) തുച്ഛീകരിക്കുന്നവരല്ലേ?

ഇത്തരക്കാരുടെ വന്ധ്യവും ഊഷരവുമായ ജീവിതത്തെ വര്‍ണിക്കുവാന്‍ യൂദ ഒട്ടേറെ വാങ്മയ ചിത്രങ്ങള്‍ ഉപയോഗിക്കുന്നു. സ്‌നേഹസദ്യകളില്‍ മറഞ്ഞു കിടക്കുന്ന പാറകള്‍… കാറ്റുകൊണ്ട് ഓടുന്ന വെള്ളമില്ലാത്ത മേഘങ്ങള്‍… ഇലകൊഴിഞ്ഞും ഫലമില്ലാതെയും വേരറ്റും പോയ വൃക്ഷങ്ങള്‍… അന്ധകാര ഗര്‍ത്തങ്ങളിലേക്കു വഴിതെറ്റി പ്രയാണം ചെയ്യുന്ന നക്ഷത്രങ്ങള്‍…എന്നിങ്ങനെ. നിഷ്ഫലതയും അനിവാര്യമായ നാശവുമാണ് ഇവയുടെ എല്ലാം മുഖമുദ്ര.

ദൈവവചനമാകുന്ന കണ്ണാടിയില്‍ ഇപ്പോള്‍ മുഖം നോക്കുമ്പോള്‍ നിങ്ങളുടെ പ്രതിബിംബത്തിന്റെ സ്ഥാനത്ത് എന്താണു നിഴലിക്കുന്നത്? കാറ്റിനാല്‍ തുരത്തപ്പെടുന്ന ജലശൂന്യമായ ഒരു മേഘമാണോ? അതോ ഉണങ്ങി കടപുഴകിയ ഒരു ശരത്കാലവൃക്ഷമാണോ? ലജ്ജയുടെ നുര ഉയര്‍ത്തുന്ന ഒരു ഉന്മത്തതരംഗം? വക്രഗതിയുള്ള ഒരു നക്ഷത്രം?… ഭയപ്പെടേണ്ട. ഇപ്പോഴും വൈകിപ്പോയിട്ടില്ല. പക്ഷേ ഇനി താമസിക്കരുത്. സ്വന്ത ഇഷ്ടപ്രകാരമുള്ള ജീവിതത്തിനു മറയായി ദൈവകൃപയെ ഉപയോഗിക്കാതിരിക്കുക. അങ്ങനെചെയ്യുമ്പോള്‍ ദൈവപുത്രനെ ചവിട്ടിക്കളയുകയും നമ്മെ ശുദ്ധീകരിച്ച പുതിയ ഉടമ്പടിയുടെ രക്തത്തെ മലിനമെന്നെണ്ണുകയും കൃപയുടെ ആത്മാവിനെ നിന്ദിക്കുകയുമാണു ചെയ്യുന്നതെന്ന് തിരിച്ചറിയുക. വ്യാജകൃപയോട് വിടപറയുക. സത്യകൃപയെ ഹൃദയംഗമമായി സ്വീകരിക്കുക.

ഇന്നു നമുക്കു വേണ്ടത്…….


”ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥന്‍” (സങ്കീ. 34:18) ഒരു ചെറിയ വാക്യം. പക്ഷേ എത്ര വലിയ സത്യം!

ഈ സത്യം പക്ഷേ പ്രായോഗികജീവിതത്തില്‍ പലര്‍ക്കും ഒരു യാഥാര്‍ത്ഥ്യമായി അനുഭവപ്പെടാറില്ല. അവര്‍ ചോദിക്കും ”ജീവിതത്തില്‍ എത്രയോവട്ടം എന്റെ ഹൃദയം നുറുങ്ങിയിട്ടുണ്ട്! എന്നിട്ടും കര്‍ത്താവ് എന്നോട് അടുത്തിരിക്കുന്നതായി എനിക്ക് അനുഭവിക്കുവാന്‍ കഴിയുന്നില്ലല്ലോ. ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവു സമീപസ്ഥനാണെങ്കില്‍ എന്തുകൊണ്ടാണ് അവിടുന്ന് എന്നെ വിട്ട് അകന്നിരിക്കുന്നത്?”

നുറുക്കം-ഇന്ന് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന ഒരു വാക്കാണത്. ഇലക്‌ട്രോണിക് ഓര്‍ഗന്റെ പശ്ചാത്തലത്തില്‍ ഹൃദയദ്രവീകരണക്ഷമമായ രാഗത്തില്‍ ഒരു ക്രിസ്തീയ ഗാനം ആലപിക്കപ്പെട്ടപ്പോള്‍ ഓര്‍ക്കാപ്പുറത്തു കണ്ണു നനഞ്ഞുപോയതിനെയാണോ നിങ്ങള്‍ ‘നുറുക്കം’ എന്നു വിളിക്കുന്നത്? യേശുവിന്റെ ക്രൂശുമരണത്തെ വാക്ചാതുരിയോടെ ഒരു പ്രസംഗകന്‍ വരച്ചുകാട്ടിയപ്പോള്‍ ഹൃദയത്തിലുണ്ടായ ഒരു വിങ്ങല്‍? പ്രിയപ്പെട്ടവരുടെ രോഗത്തിന്റെയോ, വേര്‍പാടിന്റെയോ, ജീവിതത്തിലുണ്ടായ ഒരു പ്രതിസന്ധിയുടേയോ മുന്‍പില്‍ നിങ്ങള്‍ ”എന്റെ ദൈവമേ” എന്നു വിലപിച്ച ഒരു നിമിഷം? ഇതൊക്കെ ഓരോ തരത്തിലുള്ള ഹൃദയത്തകര്‍ച്ചയാകാം. എന്നാല്‍ ‘കോതമ്പുമണി നിലത്തു വീണു ചാകുക’ എന്നു കര്‍ത്താവു പറഞ്ഞപ്പോള്‍ അവിടുന്ന് അര്‍ത്ഥമാക്കിയ തരത്തിലുള്ള സമ്പൂര്‍ണ്ണവും മൗലികവുമായ ഒരു നുറുക്കം ആകുന്നില്ല അതൊന്നും.

ഉദാഹരണത്തിന് നിങ്ങളുടെ കൈയില്‍ നിന്ന് ഒരു ലോഹപാത്രം നിലത്തുവീണെന്നിരിക്കട്ടെ. ആ വീഴ്ചയില്‍ അതിന്നു ചില പോറലും കേടുപാടും ഉണ്ടായെന്നു വരാം. എന്നാല്‍ ആ പാത്രം, പാടേ തകര്‍ന്നുപോയിട്ടില്ല. അതേ സമയം നിങ്ങളുടെ കൈവിട്ടു നിലംപതിച്ചത് ഒരു കളിമണ്‍ പാത്രമോ സ്ഫടികഭരണിയോ ആണെങ്കിലോ? ഒരൊറ്റ നിമിഷം. അത് ആയിരം ചീളുകളായി തകര്‍ന്നുപോയി. നുറുങ്ങിപ്പോയ ആ കഷണങ്ങള്‍ പെറുക്കിയെടുത്ത് ചേര്‍ത്തുവെച്ചാലും അത് ഒരിക്കലും ഇനി പഴയപാത്രം ആകുകയില്ല. രൂപവും ഭാവവും വ്യക്തിത്വവും സ്വത്വവും നഷ്ടപ്പെട്ട് അതു സമ്പൂര്‍ണ്ണമായി നുറുങ്ങിപ്പോയി. ഈ മട്ടിലുള്ള സമ്പൂര്‍ണ്ണവും മൗലികവുമായ ഒരു നുറുക്കം ജീവിതത്തില്‍ നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ? ഇല്ലെങ്കില്‍ കര്‍ത്താവു നിങ്ങള്‍ക്കു സമീപസ്ഥനല്ലെങ്കില്‍ എന്താണത്ഭുതം?

ദൈവത്തിന്റെ കരങ്ങളില്‍ നുറുങ്ങിയ ആളുകള്‍ അനുഗൃഹീതരാണ്.പക്ഷേ ഇന്നു ക്രിസ്തീയലോകത്ത് അവരുടെ എണ്ണം എത്രയോ പരിമിതം! പ്രശസ്തരായ ക്രിസ്തീയ പ്രസംഗകര്‍, സംഘാടകര്‍, എഴുത്തുകാര്‍ എന്നിവരില്‍ പലരോടും അടുത്തിടപെടുമ്പോഴാണ് പുറംലോകത്തെ പ്രസംഗകരുടെയും എഴുത്തുകാരുടെയും പ്രശസ്തരുടെയും അതേ ‘ഈഗോ’യും, സ്വയജീവനും, നുറുങ്ങപ്പെടാത്ത ജഡവുമാണ് ഇവര്‍ക്കും ഉള്ളതെന്ന് നാം ഞെട്ടലോടെ മനസ്സിലാക്കുക. യാഗപീഠത്തില്‍ പകുതിമാത്രം വെന്ത ഇവരുടെ ജഡത്തില്‍നിന്നുയരുന്ന രൂക്ഷമായ ഗന്ധം സത്യത്തില്‍ നമ്മെ മടുപ്പിച്ചുകളയും. ‘വീടിനെ മുഴുവന്‍ സുഗന്ധപൂരിതമാക്കേണ്ട പരിമള’ത്തിന്റെ (യോഹ. 12:3) സ്ഥാനത്താണ് ആളുകളെ ആയിരം കാതം അകലെ നിര്‍ത്തുന്ന ഈ പാതിവെന്ത മാംസത്തിന്റെ ഗന്ധം! എത്ര നിര്‍ഭാഗ്യകരം!

യേശുവിനെക്കുറിച്ചു തിരുവെഴുത്തു പറയുന്നു: അവനെ തകര്‍ത്തുകളയുവാന്‍ യഹോവയ്ക്ക് ഇഷ്ടം തോന്നി (യെശ. 53:10). യേശു തന്നെക്കുറിച്ചു പറഞ്ഞു: ഇതു നിങ്ങള്‍ക്കുവേണ്ടി നുറുക്കപ്പെടുന്ന എന്റെ ശരീരം (1 കൊരി. 11:24). യേശുവിനെ പിന്‍പറ്റുന്നുവെന്ന് അവകാശപ്പെടുകയും അതേസമയം ഈ വാക്യങ്ങള്‍ക്കു സ്വന്തജീവിതത്തില്‍ ഒരു പ്രസക്തികണ്ടെത്താതെ ഇവയെ ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളുടെ ഓര്‍മയ്ക്കായുള്ള ഒരനുഷ്ഠാനത്തിന്റെ ഭാഗമായി മാത്രം കാണുകയും ചെയ്യുന്നവരില്‍ നിന്ന് ഇതില്‍ കൂടുതല്‍ ‘വല്ലനന്മയും’ പ്രതീക്ഷിക്കുന്നതെങ്ങനെ?

യഥാര്‍ത്ഥമൂല്യങ്ങളിലേക്കുള്ള മടങ്ങിപ്പോക്കില്‍ ഇന്നു ക്രിസ്തീയ ലോകത്തിന് ഒന്നാമതായി വേണ്ടതെന്താണ്? നുറുക്കം.

രണ്ടാമതു വേണ്ടത്?: നുറുക്കം

മൂന്നാമതായി വേണ്ടതോ?: നുറുക്കം.

അതേ, ‘തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, കര്‍ത്താവു നിരസിക്കുകയില്ല’ (സങ്കീ. 51:17).

 

വിജയത്തിലേക്കു കീഴടങ്ങുക


വെള്ളമില്ലാതെ ഉണങ്ങി വരണ്ട ഒരു കിണറ്റിലേക്ക് ഒരാള്‍ മെല്ലെ ഇറങ്ങുകയായിരുന്നു കിണറിന്റെ തൂണില്‍ കെട്ടിയിരുന്ന ബലമുള്ള ഒരു കയറില്‍ രണ്ടു കൈകൊണ്ടും പിടിച്ചുതൂങ്ങിയാണ് അയാള്‍ ആ ഇരുണ്ട കിണറ്റിലേക്ക് ഊര്‍ന്നിറങ്ങിക്കൊണ്ടിരുന്നത്. അങ്ങനെ കിണറിന്റെ അടിത്തട്ടിലേക്ക് അയാള്‍ താണുതാണു പോകുമ്പോള്‍ പെട്ടെന്ന് കയറിന്റെ നീളം തീര്‍ന്നു. എന്തുചെയ്യണമെന്നറിയാതെ അയാള്‍ കുഴങ്ങി. രണ്ടു കൈകൊണ്ടും കയറിന്റെ അറ്റത്തുപിടിച്ച് തൂങ്ങിക്കിടന്ന് അയാള്‍ കാലുകള്‍ പരമാവധി താഴേക്കു നീട്ടിനോക്കി. കിണറിന്റെ അടിത്തട്ടിലെങ്ങാനും സ്പര്‍ശിക്കുന്നുണ്ടോ? ഇല്ല. കിണറ്റില്‍ ഇരുട്ടായതിനാല്‍ അടിത്തട്ട് എത്ര താഴെയാണെന്ന് ഊഹിക്കാനും കഴിയുന്നില്ല. ഇനി എന്തുചെയ്യും? കൈവിട്ടാലോ? അയ്യോ, അത്യഗാധമായ ഈ കിണറിന്റെ അനേകം അടി താഴെയുള്ള അടിത്തട്ടിലേക്കു വീണാല്‍ പിന്നെ നോക്കേണ്ട. ഒടുവില്‍ കയറില്‍ പിടിച്ച് മുകളിലേക്ക് തിരിച്ചു കയറുവാന്‍ തന്നെ അയാള്‍ തീരുമാനിച്ചു. പക്ഷേ അതും എളുപ്പമായിരുന്നില്ല. ക്ഷീണം മൂലം അയാള്‍ക്ക് ഒരടിപോലും മുകളിലേക്കു കയറുവാന്‍ ശക്തിയുണ്ടായിരുന്നില്ല. കയറില്‍ തൂങ്ങി അല്പം മുകളിലേക്ക് കയറിക്കാണും ബലം ക്ഷയിച്ച് ഊര്‍ന്ന് പിന്നെയും താഴേക്കു പോന്നു. ഒടുവില്‍ കയറിന്റെ അറ്റത്ത് വീണ്ടും നിസ്സഹായനായി പഴയപടി കിടക്കുകയാണ്. ആ കിടപ്പില്‍ കിടന്ന് ‘സഹായിക്കണേ’ എന്ന് അയാള്‍ നിലവിളിക്കാന്‍ തുടങ്ങി. പക്ഷേ കിണറ്റിനുള്ളില്‍ നിന്നായതിനാല്‍ ശബ്ദം ഏറെയൊന്നും പുറത്തേക്കുവന്നില്ല. മാത്രമല്ല, വിജനമായ സ്ഥലവും. ആ നിലവിളി ഒരാളുടെ പോലും ചെവിയില്‍ പതിച്ചില്ല. സമയം കടന്നുപോകയാണ്. അയാളുടെ ശബ്ദം ക്രമേണ താഴ്ന്നു താഴ്ന്നു വന്നു. തൊണ്ട വരണ്ടു. ശരീരം വിയര്‍പ്പില്‍ കുതിര്‍ന്നു. ഭാരം മൂലം കൈകള്‍ കയറില്‍ നിന്നു പറിഞ്ഞുപോകുന്നതുപോലെ. അവസാന ശക്തിയും സംഭരിച്ച് അയാള്‍ ഒരു വട്ടം കൂടി ഉച്ചത്തില്‍ നിലവിളിച്ചു. അതും വനരോദനമായി മാറി. ഇനി വയ്യ. ഒരു നിമിഷം പോലും ഈ കിടപ്പ് സഹിക്കാനാവില്ല. ‘ദൈവമേ, എന്റെ ആത്മാവിനെ തൃക്കൈയില്‍ ഏല്പിക്കുന്നു’ എന്ന് അന്തിമമായി പ്രാര്‍ത്ഥിച്ച് അയാള്‍ കയറില്‍ നിന്നു കൈവിട്ടു. ‘ആ ആ ആ…’ എന്ന നിലവിളിയോടെ അനേകം അടി താഴ്ചയിലേക്കു താന്‍ തലകുത്തി വീഴുന്നു എന്നാണയാള്‍ കരുതിയത്. പക്ഷേ എന്തത്ഭുതം! കഷ്ടിച്ച് അരയടി താഴേക്കു പതിച്ചില്ല, അതിനു മുന്‍പ് അയാളുടെ കാലുകള്‍ ഉറപ്പുള്ള മണ്ണില്‍ ചവിട്ടി. കിണറിന്റെ അടിത്തട്ടില്‍ നിന്ന് അരയടി മാത്രം മുകളില്‍ തൂങ്ങിക്കിടന്നാണ് അയാള്‍ ‘സ്വന്തജീവന്‍’ രക്ഷിക്കാന്‍ ഈ മരണപരാക്രമം എല്ലാം നടത്തിയത്!

വിജയകരമായ ഒരു ക്രിസ്തീയ ജീവിതത്തിലേക്കു നമ്മെ നയിക്കുന്ന സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെ (Absolute Surrender) വിവിധ തലങ്ങളിലേക്കു വെളിച്ചം വീശുന്ന ഈ കൊച്ചുകഥ The Christian’s Secret of a Happy Life എന്ന ഗ്രന്ഥത്തില്‍ നിന്നാണ്.

യഥാര്‍ത്ഥആത്മീയതയെ അടുത്തറിയുന്തോറും നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു സംഗതി ഈ ലോകത്തെ ഭരിക്കുന്ന പ്രമാണങ്ങളില്‍ നിന്ന് യഥാര്‍ത്ഥ ക്രിസ്തീയതയുടെ ആത്മാവ് എത്ര വ്യത്യസ്തമാണ് എന്നതാണ്! ‘കീഴടങ്ങരുത്, കീഴടങ്ങുന്നതു പരാജയമാണ്’ എന്നത് ഈ ലോകത്തിലെ ഒരു പ്രമാണമാണ്. അതുപോലെ ‘തന്നെത്താന്‍ സഹായിക്കുന്നവരെയാണ് ദൈവവും സഹായിക്കുന്നത്’ (God helps those who help themselves) എന്നതും ഈ ലോകത്തിലെ ധാരാളം പേരുടെ ജീവിതപ്രമാണങ്ങളെ സ്വാധീനിച്ചിരിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥആത്മികകാര്യങ്ങളെ സമീപിക്കുമ്പോള്‍ മുകളില്‍പ്പറഞ്ഞ രണ്ടു പ്രമാണങ്ങള്‍ക്കും നേരെ എതിരാണ് ദൈവികപ്രമാണങ്ങള്‍ എന്ന സത്യം നാം കണ്ടെത്തും.

സമ്പൂര്‍ണ്ണമായ കീഴടങ്ങല്‍, സമര്‍പ്പണം അതാണ് വിജയത്തിലേക്കുള്ള ദൈവത്തിന്റെ വഴി. ജീവിതത്തിന്റെ ഭൂതവര്‍ത്തമാന ഭാവികളെ ദൈവകരങ്ങളില്‍ പൂര്‍ണമായി സമര്‍പ്പിക്കുമ്പോള്‍ അതു വിജയവും സ്വാതന്ത്ര്യവും കൈവരുത്തുന്നു. അതുപോലെ സ്വയം സഹായിക്കാനുള്ള ശ്രമങ്ങളെ, സ്വന്തപരിശ്രമങ്ങളെ – അത് വിജയകരമായ ഒരു ക്രിസ്തീയ ജീവിതത്തിനുവേണ്ടിയുള്ളതായാലും – കൈവിട്ട് ദൈവത്തിങ്കലേക്ക് മാത്രം തിരയുന്നവരെയാണ് ദൈവം സഹായിക്കുന്നത്!

സ്വന്തശ്രമങ്ങളെ വിട്ടുകളഞ്ഞ് ദൈവത്തിനു മുഴുവനായി കീഴടങ്ങിയാല്‍ ഭാവി ആകെ തകര്‍ന്നുപോകും എന്ന അദൃശ്യമായ ഒരു ഭയമാണോ നിങ്ങളെ സമ്പൂര്‍ണ്ണസമര്‍പ്പണത്തില്‍ നിന്നു പിന്തിരിപ്പിക്കുന്നത്? ഭയപ്പെടേണ്ട. നിങ്ങള്‍ കൈവിട്ടാല്‍ യുഗങ്ങളുടെ പാറയായ ക്രിസ്തു എന്ന ഉറപ്പുള്ള സ്ഥലത്തായിരിക്കും നിങ്ങളുടെ കാലുകള്‍ പതിക്കുന്നത്. കീഴെയുള്ള അവിടുത്തെ ശാശ്വതഭുജങ്ങള്‍ നിങ്ങളെ താങ്ങിക്കൊള്ളും.

അതുകൊണ്ട്, കൈവിടുക, കീഴടങ്ങുക, വിജയം അരികത്താണ്.

പാപരോഗത്തെ തിരിച്ചറിയുക പരമവൈദ്യനെ സമീപിക്കുക


‘പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ല’ എന്നാണു തിരുവചന വാഗ്ദാനം. എന്നാല്‍ ഇടയ്ക്കിടെ പാപങ്ങളില്‍ വീഴുകയോ വിടാതെ പിന്‍പറ്റുന്ന ഏതെങ്കിലും പാപത്തില്‍ തുടരുകയോ ചെയ്യുന്നതാണ് പല ക്രിസ്ത്യാനികളുടെയും അനുഭവം. ഇക്കൂട്ടത്തില്‍ രണ്ടുതരത്തിലുള്ളവരുണ്ട്. പരാജയങ്ങളെ ഗൗരവമായിട്ടെടുക്കാതിരിക്കുന്നവരാണ് ആദ്യത്തെ കൂട്ടര്‍. ‘ഓ എല്ലാവരും ഇങ്ങനെയൊക്കെയല്ലേ?’ എന്ന മുടന്തന്‍ന്യായത്തില്‍ മുഖം പൂഴ്ത്തുന്നവരാണവര്‍. തങ്ങളെ സംബന്ധിച്ച സത്യത്തെ സ്‌നേഹിക്കാത്തതുമൂലം സ്വയം വഞ്ചിതരായിത്തീരുവാന്‍ വിധിക്കപ്പെട്ട ഇവരെ അവരുടെ അനിവാര്യമായ ദുരന്തത്തിനു വിട്ടുകൊടുത്തിട്ടു മറ്റേ കൂട്ടരെ നമുക്കു ശ്രദ്ധിക്കാം. തങ്ങളുടെ വീഴ്ചയെയും പരാജയങ്ങളെയും ചൊല്ലി നിരന്തരം ദുഃഖിക്കുന്നവരാണിവര്‍. പാപം ഒഴിവാക്കി ജീവിക്കാനാണിവര്‍ക്കു താത്പര്യം. വിജയകരമായ ഒരു ക്രിസ്തീയ ജീവിതമാണ് എന്നും ഇവരുടെ സ്വപ്നം. നിങ്ങള്‍ ഇങ്ങനെയൊരുവനാണോ? എങ്കില്‍ നിങ്ങളുടെ പ്രശ്‌നമെന്താണെന്ന് ദൈവവചന വെളിച്ചത്തില്‍ പ്രായോഗികതലത്തില്‍ കണ്ടെത്തുവാന്‍ നമുക്കു ശ്രമിക്കാം.

‘മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നതിന്റെ നാലിരട്ടി സംസാരിക്കുന്നു. സംസാരിക്കുന്നതിന്റെ നാലിരട്ടി ചിന്തിക്കുന്നു’ എന്നു പറയാറുണ്ട്. അപ്പോള്‍ ചിന്താമണ്ഡലമാണ് ഒരുവന്റെ ജീവിതത്തിന്റെ സുപ്രധാനതലം. അവന്‍ ‘ജീവിക്കുന്നത്’ വലിയൊരളവില്‍ അവന്റെ ചിന്തകളിലാണ്. ഈ വസ്തുത അറിയാവുന്നതുകൊണ്ട് അവന്റെ ആത്മാവിന്റെ എതിരാളിയായ സാത്താന്‍ ചിന്തകളിലാണ് അവനെതിരെയുള്ള പരീക്ഷകള്‍ ഏറെയും കൊണ്ടുവരുന്നത്.

സാത്താന്റെ പരീക്ഷകള്‍, ലോകം, ജഡം, പിശാച് എന്നു ത്രിവിധമാണ് കണ്മോഹം, ജഡമോഹം, ജീവിതത്തിന്റെ പ്രതാപം എന്നിങ്ങനെ മൂന്നായി തിരിച്ച് യോഹന്നാന്‍ അപ്പോസ്തലന്‍ പറഞ്ഞിരിക്കുന്നതും ഇതുതന്നെ.

നിങ്ങളെ പാപത്തില്‍ വീഴിക്കുവാന്‍ ഇവയില്‍ നിന്നു വ്യത്യസ്തമായ ഒരു തന്ത്രവും കൊണ്ടുവരുവാന്‍ സാത്താനു കഴിയുകയില്ല. അതുകൊണ്ടുതന്നെ ‘സാത്താന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ല.’

ഇതില്‍ ‘ലോകം’ എന്നു വിവക്ഷിക്കുന്നത് ഈ ലോകം വച്ചുനീട്ടുന്ന പ്രലോഭനങ്ങളാണ് – ധനം, ബഹുമാനം, അംഗീകാരം, നേട്ടം എന്നിങ്ങനെ. യേശുവിനെതിരെ പോലും ഈ തന്ത്രം പയറ്റിയവനാണു സാത്താന്‍. ഇന്നും അനേകം വിശ്വാസികളെ ലോകം എന്ന മായച്ചന്തയില്‍ നിരത്തി വച്ചിരിക്കുന്ന ഒട്ടേറെ പ്രലോഭനങ്ങള്‍ കൊണ്ടു വീഴ്ത്താന്‍ ‘ലോകത്തിന്റെ പ്രഭു’ ശ്രമിക്കുന്നു. നിങ്ങളുടെ ചിന്തകളില്‍ പലപ്പോഴും ക്ഷണിക്കപ്പെടാത്ത ഒരതിഥിയെപ്പോലെ കടന്നുവരുന്നത് ഈ ലോകത്തിന്റെ ചിന്തകളാണോ? എങ്കില്‍ അപ്പോഴെല്ലാം ലോകത്തിന്റെ എല്ലാം മഹത്വങ്ങളും ഉപേക്ഷിച്ചു നടന്നുപോയ നാഥന്റെ മുഖത്തേക്കു നോക്കൂ. ക്രൂശിന്റെ വഴിയെ ധ്യാനിക്കൂ. അപ്പോള്‍ ഈ ലോകവും അതിന്റെ മോഹവും നിങ്ങളുടെ കണ്‍മുന്‍പില്‍ ത്തന്നെ ഒഴിഞ്ഞുപോകും. ലോകത്തിന്റെ പ്രലോഭനങ്ങളെ നിങ്ങള്‍ക്ക് അതിജീവിക്കാനും കഴിയും.

സാത്താന്റെ രണ്ടാമത്തെ തന്ത്രമാണ് ‘ജഡം’. ജഡത്തിന്റെ സുഖാന്വേഷണങ്ങളെയും തൃഷ്ണകളെയുമാണ് ഈ പദം പ്രതിനിധാനം ചെയ്യുന്നത്. മനുഷ്യരില്‍ വലിയൊരു പങ്കിനെ സാത്താന്‍ വീഴ്ത്തുന്നത് ഈ തന്ത്രത്തിലാണ്. കല, സാഹിത്യം, വിനോദോപാധികള്‍ എന്നിവയെ ദുരുപയോഗം ചെയ്ത് അനേകരെ അവന്‍ ഈ പാപത്തിലേക്ക് ആകര്‍ഷിക്കുന്നു. ജഡത്തിന്റെ ചിന്തകള്‍ നിങ്ങളെ സംബന്ധിച്ചിടത്തോളം ശക്തമാണോ? എങ്കില്‍ യുദ്ധരംഗത്തു സാധാരണ കേള്‍ക്കാറുള്ള ‘വിജയകരമായ പിന്മാറ്റ’മാണ് ഇവിടെ കരണീയം. ജഡത്തിന്റെ ചിന്തകളെ ഊതിക്കത്തിക്കുന്ന എല്ലാ സാഹചര്യങ്ങളില്‍ നിന്നും പൊത്തിഫേറിന്റെ ഭവനത്തിലെ യോസഫിനെപ്പോലെ ഓടിമാറുക. ‘യൗവനമോഹങ്ങളെ വിട്ടോടുവാന്‍’ പൗലോസ് തിമൊഥെയോസിനെ ഉപദേശിച്ചപ്പോള്‍ അപ്പോസ്തലന്‍ അര്‍ത്ഥമാക്കിയത് ഈ വിജയകരമായ പിന്മാറ്റം തന്നെ.

‘ദൈവം വാസ്തവമായി അങ്ങനെ കല്പിച്ചിട്ടുണ്ടോ’ എന്ന ചോദ്യവുമായി വന്ന് ദൈവകല്പനകളിലും വചനത്തിലും സംശയം ജനിപ്പിക്കുന്ന സാത്താന്റെ മുന്നാമത്തെ തന്ത്രത്തെയാണ് ‘പിശാച്’ എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ ലോകജ്ഞാനത്തിന്റെയും യുക്തിയുടെയും ഭാഷ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ ചിന്താമണ്ഡലത്തില്‍ ദൈവത്തെയും ദൈവകല്പനയെയുംകുറിച്ച് സംശയത്തിന്റെ വിത്തു വിതയ്ക്കാന്‍ പിശാച് ശ്രമിക്കുമ്പോള്‍ എന്താണു ചെയ്യേണ്ടത്? നേരത്തെ പിന്മാറ്റമായിരുന്നു വേണ്ടതെങ്കില്‍ ഇവിടെ ആക്രമണമാണ് ആവശ്യം. വിശ്വാസമെന്ന പരിചയും ദൈവവചനമാകുന്ന വാളുമേന്തി ‘പിശാചിനോട് എതിര്‍ത്തു നില്‍ക്കുക. അപ്പോള്‍ അവന്‍ നിങ്ങളെ വിട്ട് ഓടിപ്പോകും.’

നിങ്ങളെ പാപരോഗത്തില്‍ വീഴ്ത്തുവാന്‍ സാത്താന്‍ ഉപയോഗിക്കുന്ന തന്ത്രങ്ങളെയും പരിഹാരമാര്‍ഗ്ഗങ്ങളെയും കുറിച്ചാണ് ദൈവവചനവെളിച്ചത്തില്‍ ഇവിടെ ഇഴ വിടര്‍ത്തി ചിന്തിച്ചത്. രോഗം, പ്രതിവിധി എന്നിവയെക്കുറിച്ചുള്ള കേവലമായ അറിവ് നിങ്ങളെ സൗഖ്യത്തിലേക്കു നയിക്കുകയില്ല. മറിച്ച് നിങ്ങളുടെ ചിന്തകളെ പരിശോധിച്ച് നിനവുകളെ അറിയിക്കണമേയെന്നു പരിശുദ്ധാത്മാവിനോട് അപേക്ഷിക്കുക. അപ്പോള്‍ ഏതു മേഖലയിലാണ് നിങ്ങള്‍ കൂടെക്കൂടെ വീണുപോകുന്നതെന്നു കണ്ടെത്തുവാന്‍ കഴിയും. ആ ദിശയിലുള്ള ചിന്തകള്‍ മേലില്‍ വരുമ്പോള്‍ അവയെ തിരിച്ചറിയുവാനും ജാഗ്രത പാലിക്കുവാനും സാധിക്കും. ചിന്തകളെ സ്‌കാന്‍ ചെയ്ത് പരിശുദ്ധാത്മാവു നടത്തുന്ന രോഗനിര്‍ണയവുമായി സാക്ഷാല്‍ പരമ വൈദ്യനായ യേശുവിനെ സമീപിക്കുക. ‘നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ സൗഖ്യമാക്കാന്‍ കഴിയും’ എന്നു പറയുക. ‘എനിക്കു മനസ്സുണ്ട്’ എന്ന് അവിടുന്ന് അരുളിച്ചെയ്യും. കൈനീട്ടി നിന്നെ തൊടും.

ഓര്‍ക്കുക: രോഗമില്ലാത്ത, പാപത്തില്‍ വീണുപോകാത്ത, വിജയകരമായ ഒരു ക്രിസ്തീയജീവിതം നിങ്ങളുടെ ജന്മാവകാശമാണ്.

വികാരമോ ഇച്ഛയോ?


‘ലോകത്തെ സ്‌നേഹിക്കരുത്’- നിഷേധാത്മകമായ (ചലഴമശേ്‌ല) ഒരു പ്രസ്താവനയാണിത്. ഇതിനെ അര്‍ത്ഥവിലോപം വരാതെ ക്രിയാത്മകമായ (ജീശെശേ്‌ല) ഒരു പ്രസ്താവനയാക്കി മാറ്റിയാലോ? ‘യേശുക്രിസ്തുവിനെ സ്‌നേഹിക്കണം’ എന്നായിരിക്കും അത്. എതിര്‍ധ്രുവങ്ങളില്‍ നില്ക്കുന്ന രണ്ടു കാര്യങ്ങളില്‍ ഒന്നിനെ സ്‌നേഹിക്കാതിരിക്കണമെങ്കില്‍, സംശയമില്ല, മറ്റേതിനേ സ്‌നേഹിച്ചേ മതിയാകൂ. ലോകത്തെ സ്‌നേഹിക്കരുത് എന്നാണോ നിങ്ങളുടെ ആഗ്രഹം? എങ്കില്‍ യേശുവിനെ അകമഴിഞ്ഞ് സ്‌നേഹിക്കൂ. അല്ലാതെ ലോകത്തെ പകെയ്ക്കുവാന്‍ കഴിയുകയില്ല.

ലളിത സുന്ദരമായ ഒരു കഥയിലൂടെ യേശു തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതിങ്ങനെ പരാവര്‍ത്തനം ചെയ്യാം: ഭൂതബാധയുള്ള ഒരു വീട്. വീട്ടുടയവന്‍ ഒരുനാളില്‍ ഭൂതത്തെ പുറത്താക്കി, ആവശ്യമില്ലാത്തതെല്ലാം വെളിയില്‍ കളഞ്ഞ് വീടെല്ലാം അടിച്ചുവാരി ശുചിയാക്കി. പക്ഷേ ഇപ്രകാരം ഒഴിഞ്ഞവീട് പ്രയോജനമുള്ള എന്തെങ്കിലുംകൊണ്ട് നിറയ്ക്കുവാന്‍ വീട്ടുടയവന്‍ ശ്രദ്ധിച്ചില്ല. ഫലം? ചില നാളുകള്‍കൊണ്ട് വീടിന്റെ സ്ഥിതി പഴയതിനെക്കാള്‍ വഷളായി. വീട്ടിലെ ഭൂതോപദ്രവം എഴു മടങ്ങു വര്‍ധിച്ചു! (മത്താ. 12:43-45).

നിഷേധാത്മകമായ ഒരു നിലപാടിനെ ക്രിയാത്മകമായ ഒരു പ്രവൃത്തി പിന്തുടരാത്ത പക്ഷം ഏറെ നാള്‍ പിടിച്ചു നില്‍ക്കാനാവില്ല എന്ന സത്യത്തിലേക്കാണ് ഈ ഉപമ വിരല്‍ ചൂണ്ടുന്നത്.

ലോകസ്‌നേഹത്തെ നിങ്ങള്‍ ഹൃദയത്തില്‍ നിന്നു പുറത്താക്കുവാന്‍ തീരുമാനിക്കുന്നുവോ? നല്ലത്. പക്ഷേ ആ ഒഴിഞ്ഞ സ്ഥലം ലോകത്തിന്റെ പ്രഭുവിന് എതിരാളിയായ യേശുവിനോടുള്ള സ്‌നേഹംകൊണ്ടു നിറയ്ക്കുവാന്‍ മറക്കരുതേ. അല്ലെങ്കില്‍ നിഷേധാത്മകമായ ഒരു നിലപാടുകൊണ്ടുമാത്രം നിലനില്‍ക്കാന്‍ കഴിയാതെപോകും.

സ്‌നേഹിക്കുന്നതിനെയും സ്‌നേഹിക്കാതിരിക്കുന്നതിനെയും കുറിച്ചു പറയുമ്പോള്‍ പലര്‍ക്കും ഒരു ചിന്താക്കുഴപ്പമുണ്ട്. അവര്‍ ചോദിക്കും ”ബോധപൂര്‍വ്വം നാം ശ്രമിച്ചാല്‍ സ്‌നേഹിക്കുവാന്‍ കഴിയുമോ? സ്‌നേഹിക്കുവാന്‍ തോന്നുന്നില്ലെങ്കില്‍ എന്തുചെയ്യും? ഒരു സ്ഥലത്തുപോകണം അല്ലെങ്കില്‍ ഒരു പ്രവൃത്തി ചെയ്യണം എന്നെല്ലാം പറഞ്ഞാല്‍ അങ്ങനെ ചെയ്യാന്‍ നാം സ്വയം തീരുമാനിച്ചാല്‍ മതി നമുക്കതു കഴിയും. എന്നാല്‍ സ്‌നേഹത്തിന്റെ കാര്യം അങ്ങനെ തീരുമാനിച്ചുറപ്പിച്ചു ചെയ്യാന്‍ കഴിയുന്ന ഒന്നാണോ?”

‘എത്രയോ ശരി’ എന്നു നമുക്ക് ആദ്യ കേഴ്‌വിക്കു തോന്നും. എന്നാല്‍ ഈ വാദഗതിയെ അടുത്തുനിന്നു ശ്രദ്ധിച്ചാലോ? ഇവര്‍ പറയുന്നതിനെ നമുക്കിങ്ങനെ സംക്ഷേപിക്കാം- ”പ്രതികരിക്കുമ്പോള്‍ മനുഷ്യനെ നിയന്ത്രിക്കുന്ന രണ്ട് വ്യത്യസ്ത ഘടകങ്ങളുണ്ട്. ഒന്ന്: ഈ ഒരു പ്രവൃത്തി ചെയ്യുവാനോ ചെയ്യുവാതിരിക്കുവാനോ തീരുമാനിക്കുന്ന അവന്റെ നിശ്ചയദാര്‍ഡ്യം അഥവാ അവന്റെ ഇച്ഛാശക്തി (will). രണ്ട്: അവന്റെ വികാരപരമായ സമീപനം (Emotion). സ്‌നേഹം ഇച്ഛാശക്തിയുമായല്ല മറിച്ച് രണ്ടാമതു പറഞ്ഞ, വൈകാരികമായ തലം, തോന്നല്‍, ഹൃദയം എന്നിവയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഇച്ഛകൊണ്ട് നമുക്ക് സ്‌നേഹിക്കാനാവില്ല.”

‘ഹൃദയത്തിന്റെ ഭാഷയാണു സ്‌നേഹം’ എന്നെല്ലാം കേട്ടിട്ടുള്ളതുകൊണ്ട് പലപ്പോഴും സ്‌നേഹത്തെ നമുക്ക് വൈകാരിക തലവുമായി ബന്ധപ്പെടുത്തി മാത്രമേ ചിന്തിക്കാന്‍ കഴിയുന്നുള്ളു എന്നതു വാസ്തവമാണ്. എന്നാല്‍ സത്യം അതാണോ? സ്‌നേഹം ഇച്ഛയില്‍ നിന്ന് ആരംഭിക്കുവാന്‍ കഴിയുകയില്ലേ? എന്നല്ല നിലനില്‍ക്കുന്ന സ്‌നേഹം ആരംഭിക്കുന്നത് വികാരത്തിനപ്പുറത്ത് ഇച്ഛയില്‍നിന്നല്ലേ? നമ്മുടെ നിത്യജീവിതത്തില്‍നിന്ന് ഒരുദാഹരണം ശ്രദ്ധിക്കുക, വീട്ടുകാര്‍ തനിക്കുവേണ്ടി തീരുമാനിച്ച ഒരു വിവാഹത്തിനു സമ്മതിച്ച് അതുവരെ തനിക്ക് അപരിചിതനായിരുന്ന ഒരു പുരുഷനെ ഭര്‍ത്താവായി സ്വീകരിക്കുന്ന ഒരു പെണ്‍കുട്ടി. വിവാഹദിനം മുതല്‍ അവള്‍ തന്റെ വീട്ടുകാരെയും പരിചിതമായ ചുറ്റുപാടുകളെയും വിട്ട് ഭര്‍ത്താവിനോടൊപ്പം ജീവിക്കാന്‍ തുടങ്ങുകയാണ്. എന്താണ് ഇതിനവളെ പ്രേരിപ്പിക്കുന്നത്? വിവാഹം കഴിഞ്ഞതോടെ താന്‍ ഈ പുരുഷന്റെ ഭാര്യയാണ്; ഇദ്ദേഹത്തെ സ്‌നേഹിച്ചും പരിചരിച്ചും ജീവിക്കുകയാണ് തന്റെ കടമ എന്ന വസ്തുതകള്‍ (facts) അംഗീകരിച്ച് അവനെ സ്‌നേഹിക്കാന്‍ തീരുമാനിച്ച് അവള്‍ തന്റെ ഇച്ഛയെ (will) കീഴ്‌പ്പെടുത്തി അവനായി സ്വയം സമര്‍പ്പിക്കുന്നിടത്താണ് ആ സ്‌നേഹബന്ധം തുടങ്ങുന്നത്. സ്‌നേഹത്തിന്റെ വൈകാരികതലം പിന്നീട് ഈ ഇച്ഛയെ പിന്‍തുടരുകയല്ലേ ചെയ്യുന്നത്?

ക്രിസ്തീയ ജീവിതത്തെ സംബന്ധിച്ചും ഇത് ഇങ്ങനെയാണ്. അല്ലെങ്കില്‍ ഇങ്ങനെയായിരിക്കണം. ”ദൈവത്തെ സ്‌നേഹിക്കാന്‍ ഇച്ഛിക്കുന്നതിലാണ് മുഴുവന്‍ ക്രിസ്തീയതയും അധിഷ്ഠിതമായിരിക്കുന്നത്” എന്ന് നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ പ്രശസ്ത ക്രിസ്തുശിഷ്യന്‍ ഫെനലന്‍ പറഞ്ഞത് എത്ര ശരിയാണ്! ‘ഞാന്‍ വാതില്‍ക്കല്‍ നിന്നു മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതില്‍ തുറന്നാല്‍ ഞാന്‍ അവന്റെ അടുക്കല്‍ ചെന്ന് അവനോടും അവന്‍ എന്നോടും കൂടെ അത്താഴം കഴിക്കും’ എന്ന് യേശു പറയുമ്പോള്‍ അവിടുന്നു മുട്ടുന്നത് കേവലം വികാരങ്ങളുടെ വാതിലിലല്ല മറിച്ച് നിങ്ങളെ നിങ്ങളാക്കുന്ന ഇച്ഛയുടെ വാതിലിലാണ്. (”ബൈബിളില്‍ ‘ഹൃദയം’ എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് വികാരങ്ങളുടെ ഇരിപ്പിടത്തെയല്ല, വ്യക്തിത്വത്തിന്റെ ആകെതുകയായ ഇച്ഛാശക്തിയെയാണ്” എന്ന ഹന്ന വിറ്റാള്‍ സ്മിത്തിന്റെ അഭിപ്രായം ശ്രദ്ധിക്കുക) കേവലം വികാരത്തിന്റെയും തോന്നലിന്റെയും വാതില്‍ തുറന്നല്ല നാം ദൈവത്തെ ജീവിതത്തില്‍ സ്വീകരിക്കേണ്ടത്.

ക്രിസ്തീയ ജീവിതത്തിന്റെ പുരോഗതിയും ഇച്ഛയെ, തീരുമാന ശക്തിയെ, നാം എത്രത്തോളം ഉപയോഗപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഇച്ഛയുടെ ദൃഢമായ കാല്‍വയ്പുകളോടെയാണ് ക്രിസ്തീയ ജീവിതം മുന്നോട്ടുനയിക്കേണ്ടതെന്നു സാരം. അതിനുപകരം ഒരു തോന്നലോ, അനുഭവമോ, വികാരത്തിന്റെ ഒരു വേലിയേറ്റമോ ഉണ്ടായശേഷം ദൈവത്തെ സ്‌നേഹിക്കാമെന്നും ആ തോന്നലിനെ ആശ്രയിച്ചു ക്രിസ്തീയജീവിതം ആരംഭിക്കാമെന്നുമാണോ നിങ്ങള്‍ കരുതുന്നത്? എങ്കില്‍ പലപ്പോഴും ജീവിതം മുഴുവന്‍ ഒന്നും സംഭവിക്കാതെ കാത്തിരിക്കേണ്ടിവരും. അതല്ല വൈകാരികമായി ഉണര്‍ത്തപ്പെട്ട ഒരു നിമിഷത്തില്‍ ദൈവത്തോടു സ്‌നേഹമുണ്ടെന്നുതോന്നി നിങ്ങള്‍ ക്രിസ്തീയ ജീവിതം ആരംഭിച്ചെന്നിരിക്കട്ടെ. എങ്കില്‍ ആ വൈകാരികാനുഭൂതിയുടെ മലവെള്ളപ്പാച്ചില്‍ അവസാനിപ്പിക്കുമ്പോള്‍ സ്‌നേഹമെന്ന തോന്നലും വറ്റിപ്പോകുകയില്ലേ? സുഹൃത്തേ, വഞ്ചിക്കപ്പെടരുത്. ഇച്ഛയുടെ ബോധപൂര്‍വ്വമായ തീരുമാനത്തില്‍ അധിഷ്ഠിതമാണു ക്രിസ്തീയജീവിതം. തോന്നലുകളെ ആശ്രയിച്ചുള്ള ജീവിതത്തിനു കൊടുങ്കാറ്റുകളെ അതിജീവിക്കുവാന്‍ കഴിയുകയില്ല. അതിനാല്‍ ലോകത്തെ സ്‌നേഹിക്കാതിരിക്കാനും യേശുവിനെ സ്‌നേഹിക്കാനും നിങ്ങളുടെ ഇച്ഛയെ വയ്ക്കുക. സ്‌നേഹിക്കാന്‍ തീരുമാനിക്കുക.

സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും…


”നിന്റെ ഇഷ്ടം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു പ്രാര്‍ത്ഥിപ്പാന്‍ യേശുക്രിസ്തു നമ്മെ പഠിപ്പിച്ചു. നമ്മുടെ പ്രാര്‍ത്ഥന കേട്ട് സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്റെ ഹിതം സ്വര്‍ഗ്ഗത്തിലെപ്പോലെ നമ്മുടെ ജീവിതത്തിലും നടപ്പാക്കാന്‍ തുനിയുന്നുവെന്നിരിക്കട്ടെ. എങ്കില്‍ നമ്മില്‍ എത്രപേര്‍ ‘പിതാവേ, എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം തന്നെയാകട്ടെ’ എന്ന് ഹൃദയപൂര്‍വ്വം സമ്മതിച്ച് അതു സ്വീകരിക്കും? ക്രിസ്തുവിനെ അനുഗമിക്കുന്നുവെന്ന് അഭിമാനിക്കുന്ന പലര്‍ക്കും ജീവിതത്തെക്കുറിച്ച് വ്യക്തമായ പദ്ധതികളും സ്വന്ത ഇഷ്ടങ്ങളും ഉണ്ടെന്നതാണു വാസ്തവം. തൊഴില്‍, താമസം, വിവാഹം, കുട്ടികളുടെ ഭാവികാര്യങ്ങള്‍ എന്നിവയിലെല്ലാം അവര്‍ക്കു തങ്ങളുടേതായ ഹിതങ്ങളും കണക്കുകൂട്ടലുകളുമുണ്ട്. ഭാവിയെക്കുറിച്ചുള്ള ഈ ദീര്‍ഘകാലപദ്ധതികളില്‍ മാത്രമല്ല ഭക്ഷണം, വസ്ത്രധാരണം, ഉറക്കം, വായന, സംഭാഷണം എന്നിങ്ങനെയുള്ള ദൈനംദിന ജീവിതത്തിലെ നുള്ളുനുറുങ്ങുകാര്യങ്ങളില്‍പ്പോലും അവര്‍ അണുവിട വിട്ടുകൊടുക്കാതെ സ്വന്ത ഇഷ്ടങ്ങളെ മുറുകെപ്പിടിക്കുന്നു. ഇവയില്‍ ഒരു നേരിയ താളപ്പിഴ സംഭവിച്ചാല്‍പോലും അവര്‍ സഹിക്കുകയില്ല. എല്ലാം ‘പകിട പന്ത്രണ്ടേ’ എന്നു നടന്നില്ലെങ്കില്‍ അവര്‍ ഈര്‍ഷ്യപ്പെടും. ചീറും. പക്ഷേ പ്രാര്‍ത്ഥിക്കുമ്പോള്‍ പിന്നെയും ‘നിന്റെ ഇഷ്ടം സ്വര്‍ഗത്തിലെപോലെ ഭൂമിയിലും…’ എന്നു പറയാന്‍ മടിയില്ല. എന്തൊരു കാപട്യം! ഈ പ്രാര്‍ത്ഥന അങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം ഒരു അര്‍ത്ഥബോധവും ഉണര്‍ത്താത്ത ഒരു ‘തത്തമ്മച്ചൊല്ലാ’ണ്.

ക്രിസ്ത്യാനികളുടെ ചില വിവാഹക്ഷണപത്രികകള്‍ കണ്ടിട്ടില്ലേ? അവ തുടങ്ങുന്നത് ”ദൈവേഷ്ടമായാല്‍, എന്റെ മകന്‍…” എന്നിങ്ങനെയാണ്. അതിലെ ‘ദൈവേഷ്ടമായാല്‍’ എന്ന വാക്ക് കേവലം ഒരു ആലങ്കാരികമായ പ്രയോഗം മാത്രമാണ്. ആ വിവാഹം ആലോചിച്ച് ഉറപ്പിച്ചപ്പോള്‍, കൊടുക്കല്‍ വാങ്ങലുകളെക്കുറിച്ചുള്ള വിലപേശല്‍ നടന്നപ്പോള്‍, വിവാഹനടത്തിപ്പിന്റെ വിശദാംശങ്ങള്‍ തീരുമാനിക്കപ്പെട്ടപ്പോളൊക്കെ ദൈവത്തിന് അവിടെ ഒരു കാര്യവുമുണ്ടായിരുന്നില്ല! ഇപ്പോള്‍ വിവാഹത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കുന്നു. ഇനി ‘ദൈവം തമ്പുരാന്‍ വന്നു പറഞ്ഞാല്‍ പോലും’ അവരതില്‍ നേരിയ മാറ്റമെങ്കിലും വരുത്താന്‍ തയ്യാറുമല്ല. എങ്കിലും വിവാഹക്ഷണപത്രികയില്‍ ‘ദൈവേഷ്ടമായാല്‍’ എന്നു ചേര്‍ക്കുവാന്‍ അവര്‍ക്കു മടിയില്ല. കാരണം, അത് അവരുടെ മതപരിവേഷത്തിന്റെ (Form of religion) ഭാഗമാണ്!

ഉവ്വ്, ദൈവേഷ്ടം എന്ന വാക്കിനുപോലും അര്‍ത്ഥച്യുതി സംഭവിച്ചിരിക്കുകയും ദൈവഹിതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കാലഹരണപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്ന ഒരു ദശാസന്ധിയില്‍ നിന്നുകൊണ്ടാണ് നാം ഇപ്പോള്‍ സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലെ നമ്മുടെ ജീവിതത്തിലും ദൈവഹിതത്തിനുള്ള പ്രസക്തിയെപ്പറ്റി സംസാരിക്കുന്നത്!

കര്‍ത്താവിന്റെ പ്രാര്‍ത്ഥനയുടെ ഈ വരിയില്‍ സ്വര്‍ഗ്ഗത്തെയും ഭൂമിയെയും തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്നു. സ്വര്‍ഗം ‘നിത്യത’യെ പ്രതിനിധാനം ചെയ്യുമ്പോള്‍ ഭൂമി നമ്മുടെ ജീവിതത്തിന്റെ ‘വര്‍ത്തമാനകാലത്തെ’ കുറിക്കുന്നു. നിത്യത, നിത്യജീവന്‍ എന്നു പറയുന്നത് അവസാനമില്ലാത്ത കാലം, അന്തമില്ലാത്ത ജീവിതം എന്ന കേവലമായ അര്‍ത്ഥത്തിലല്ല. മറിച്ച് അതു ദൈവജീവനാണ്; ദിവ്യസ്വഭാവമാണ് (Divine Nature). ഈ ദിവ്യസ്വഭാവത്തില്‍ നമുക്കു ധാരാളമായ പങ്കാളിത്തമുണ്ടാകണമെന്നതാണ് നമ്മെക്കുറിച്ചുള്ള എക്കാലത്തെയും ദൈവഹിതം. സ്വര്‍ഗ്ഗത്തില്‍ നമ്മെക്കുറിച്ചുള്ള ഈ ദൈവഹിതം നിറവേറും. സ്വര്‍ഗത്തിലെപ്പോലെ ഇപ്പോള്‍ ഭൂമിയിലും ഈ ദൈവഹിതം നമ്മുടെ ജീവിതത്തില്‍ നിറവേറണമെന്നു പ്രാര്‍ത്ഥിക്കുവാനാണു യേശു പഠിപ്പിച്ചത്.

ദിവ്യസ്വഭാവത്തിനു പങ്കുകാരാകുക എന്നതാണു നമ്മെക്കുറിച്ചുള്ള പരമമായ ദൈവഹിതമെന്നു നാം കണ്ടു. ദിവ്യസ്വഭാവത്തോട് അനുരൂപപ്പെടുവാന്‍ ധാരാളം സാഹചര്യങ്ങള്‍ ഈ ലോകജീവിതത്തില്‍ നമുക്ക് ഒരുക്കിവച്ചിരിക്കുന്നു. ദിവസവും ചെറുതും വലുതുമായ പല കാര്യങ്ങളില്‍ നമുക്കു തീരുമാനം എടുക്കേണ്ടിവരുന്നു. ഓരോ തീരുമാനവും ഒന്നുകില്‍ നമ്മെ ദിവ്യസ്വഭാവത്തോട് കൂടുതല്‍ അടുപ്പിക്കും (ദൈവഹിതം നമ്മില്‍ നിറവേറും). അല്ലെങ്കില്‍ ദിവ്യസ്വഭാവത്തില്‍ നിന്നു നമ്മെ അകറ്റും (ദൈവഹിതം നമ്മില്‍ നിറവേറാതെപോകും.) ഈ സത്യങ്ങള്‍ ഒരു വസ്തുത വെളിവാക്കുന്നു – നാം അഭിമുഖീകരിക്കുന്ന സാഹചര്യങ്ങള്‍, ആളുകള്‍, വസ്തുക്കള്‍ എന്നിങ്ങനെ നമുക്കു പുറത്തുള്ള കാര്യങ്ങളിലൂടെ ദൈവം തന്റെ ഹിതം നമ്മില്‍ പ്രവര്‍ത്തിച്ചെടുക്കുകയാണ്. എല്ലാ സാഹചര്യങ്ങളിലും ‘നമ്മുടെ ശുദ്ധീകരണമാണു പരമമായ ദൈവേഷ്ടം.’ ഈ അടിസ്ഥാനപരമായ വസ്തുത വിസ്മരിച്ച് നമുക്ക് വെളിയിലുള്ള കാര്യങ്ങളില്‍ ദൈവഹിതം തെരയുന്നത് എത്ര ഭോഷത്തമാണ്!

അതുപോലെ മനുഷ്യജീവിതത്തിലെ മൂന്നുകാലങ്ങളില്‍ വര്‍ത്തമാനകാലമാണു നിത്യതയുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നത്. ഭൂതകാലം കഴിഞ്ഞുപോയി. ഇന്ന് ഇപ്പോള്‍ നാം ദൈവസംസര്‍ഗ്ഗം അനുഭവിക്കുന്നു. മനസ്സാക്ഷിയുടെ ശബ്ദത്തിന് ഇപ്പോള്‍ ചെവിയോര്‍ക്കുന്നു. ഇപ്പോള്‍ നാം ഒരു ക്രൂശു വഹിക്കുകയാണ്. ദൈവകൃപ ഇപ്പോള്‍ ഏറ്റുവാങ്ങുന്നു… അങ്ങനെയങ്ങനെ. വര്‍ത്തമാനകാലമാണ് ഇപ്പോള്‍ സജീവം. നിത്യതയിലേക്കു നിക്ഷേപിക്കാന്‍ കഴിയുന്നത് ഈ വര്‍ത്തമാനകാലത്തിലാണ്. വര്‍ത്തമാനകാലത്തില്‍നിന്നു ശ്രദ്ധ അകറ്റി ഭാവിയെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളിലും സ്വപ്നങ്ങളിലും നമ്മെ തളച്ചിടാനാണ് സാത്താനും കിങ്കരന്മാരും എപ്പോഴും ശ്രമിക്കുന്നതെന്ന് ക്രിസ്തീയ ചിന്തകന്‍ സി.എസ്. ലൂയിസ് പറഞ്ഞിരിക്കുന്നത് എത്രയോ ശരിയാണ്! അതുകൊണ്ട് ഭാവിയെക്കുറിച്ചുള്ള ഭയങ്ങളില്‍നിന്നും ആഗ്രഹചിന്തകളില്‍ നിന്നും കുതറിമാറി നമുക്കു വര്‍ത്തമാനകാലത്തില്‍ ജീവിക്കാം. ഇപ്പോള്‍ ഇവിടെ നിന്നുകൊണ്ട് നിത്യതയെ സ്പര്‍ശിക്കാം. സ്വര്‍ഗത്തെയും ഭൂമിയിലെ നമ്മുടെ വര്‍ത്തമാനകാല ജീവിതത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോവണിയിലൂടെ ദിവ്യസ്വഭാവമെന്ന ദൈവഹിതത്തിന്റെ മാലാഖമാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നത് ആഹ്ലാദത്തോടെ നമുക്കു കണ്ടു നില്ക്കാം.

മതഭക്തിക്കപ്പുറം……


മലയാള ബൈബിളിലെ സുവിശേഷങ്ങളുടെ സ്വച്ഛമായ മേച്ചില്പ്പുറങ്ങളിലൂടെ മെല്ലെ കടന്നുപോകുമ്പോള്‍ ഒരു ഹീബ്രൂ വാക്ക് നമുക്ക് കല്ലുകടിയാകാം- ‘കൊര്‍ബ്ബാന്‍’ (മര്‍ക്കോ. 7:11).

എന്താണീ കൊര്‍ബ്ബാന്‍? വ്യാഖ്യാന ഗ്രന്ഥങ്ങളുടെ സഹായത്തോടെ ‘കൊര്‍ബ്ബാന്റെ’ പൊരുള്‍ തിരിച്ചെടുത്താലോ? സത്യത്തില്‍ ആദ്യം ആരും ഒന്നു ചിരിച്ചു പോകും-യഹൂദന്റെ ഇരട്ട മുഖം ഓര്‍ത്ത്, മറ്റുള്ളവരേയും അവനവനെത്തന്നെയും കബളിപ്പിക്കാനുള്ള അവന്റെ സാമര്‍ത്ഥ്യം ഓര്‍ത്ത്. പിന്നെ ‘കൊര്‍ബ്ബാന്റെ’ സമകാലികപ്രസക്തിയിലേക്കു ചിന്ത പടര്‍ന്നുകയറുമ്പോള്‍ നമ്മുടെ ചിരി ചുണ്ടില്‍തന്നെ വറ്റിപ്പോയെന്നും വരാം.

യഹൂദന്റെ പ്രമാണഗ്രന്ഥമായ ന്യായപ്രമാണം അനുസരിച്ച് പ്രായമായ മാതാപിതാക്കളുടെ കാര്യങ്ങള്‍ അന്വേഷിക്കേണ്ട ചുമതല മകനുള്ളതാണ്. ‘അപ്പനേയും അമ്മയേയും ബഹുമാനിക്കുക’ എന്ന വാഗ്ദാനത്തോടുകൂടിയ ആദ്യകല്പനയില്‍ അവരുടെ ക്ഷേമൈശ്വര്യങ്ങള്‍ അന്വേഷിക്കുന്നതും ഉള്‍പ്പെട്ടിരിക്കുന്നുവല്ലോ. യഹോവ സ്വന്തം വിരല്‍കൊണ്ട് എഴുതിക്കൊടുത്ത ഈ കല്പന ലംഘിക്കാന്‍ ഏതു യഹൂദനും ഒന്നു മടിക്കും. പക്ഷേ പ്രായോഗികതലത്തില്‍ വരുമ്പോള്‍ ഈ കല്പന അക്ഷരാര്‍ത്ഥത്തില്‍ അനുസരിക്കുവാനും അവനു ബുദ്ധിമുട്ടുണ്ട്. എന്തു ചെയ്യും?

ഈ വിഷമസന്ധിയിലാണ് അവന്റെ അതിസാമര്‍ത്ഥ്യം കണ്ടെത്തിയ എളുപ്പവഴി യഹൂദനു തുണയാകുന്നത്. അവന്‍ ഈ കല്പനയുടെ അനുസരണത്തിന്റെ സ്ഥാനത്ത് തങ്ങളുടെ ഒരു ‘സമ്പ്രദായം’ പകരം വയ്ക്കുന്നു. ആ സമ്പ്രദായം ഇതാണ്: ”മാതാപിതാക്കള്‍ക്ക് കൊടുക്കേണ്ടത് ദേവാലയത്തിലേക്കു കൊര്‍ബ്ബാന്‍” എന്നു പറഞ്ഞാല്‍ അവന്‍ പിന്നീട് ആ തുക അവര്‍ക്കു നല്‍കേണ്ടതില്ല. ‘കൊര്‍ബ്ബാന്‍’ എന്ന ഹീബ്രു പദത്തിന് ‘ദൈത്തിനുള്ള വഴിപാട്’ എന്നാണര്‍ത്ഥം. ‘കൊര്‍ബ്ബാന്‍’ എന്നു പറഞ്ഞാല്‍ (പറഞ്ഞാല്‍ മതി, പിന്നീട് അതു മതപരമായ ആവശ്യത്തിനു ഉപയോഗിക്കണമെന്നു പോലും ഇല്ലത്രേ) അത് അവര്‍ക്കു നല്‍കുന്നതില്‍ നിന്ന് അവന്‍ ഒഴിവുള്ളവനായിരിക്കും. എത്ര സൗകര്യം!

യഹൂദന്റെ പെരുമാറ്റത്തിലെ ഈ കപടമുഖം തുറന്നു കാട്ടിയത് യേശുക്രിസ്തു തന്നെയാണ്. യേശുവിന്റെ ശിഷ്യന്മാര്‍ തങ്ങളുടെ ചില സമ്പ്രദായങ്ങള്‍ (ആചാരപരമായ കൈകഴുകല്‍ തുടങ്ങിയവ) പാലിക്കുന്നില്ലെന്ന യഹൂദന്മാരുടെ കുറ്റപ്പെടുത്തലിനു മറുപടി പറയവേയാണ് യേശു ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. ദൈവിക കല്പനയ്ക്കു പകരമായി തങ്ങളുടേതായ സമ്പ്രദായങ്ങള്‍ യഹൂദന്മാര്‍ ആദ്യം ഉണ്ടാക്കുന്നു. പിന്നീട് ആ സമ്പ്രദായം കടുകിടെ തെറ്റാതെ എല്ലാവരും പാലിക്കുന്നുണ്ടോ എന്നതില്‍ മാത്രം ശ്രദ്ധിക്കുന്നു. ഈ തിരക്കിനെല്ലാമിടയില്‍ ദൈവം നല്‍കിയ കല്പന മാത്രം ആരും ശ്രദ്ധിക്കുന്നില്ല. ഫലം: സമ്പ്രദായങ്ങളുടെ അനുസരണത്തില്‍ മാത്രം ശ്രദ്ധയൂന്നുന്ന യഹൂദന്‍ മറ്റുള്ളവരെ വഞ്ചിക്കുന്നു; ആത്യന്തികമായി സ്വയം വഞ്ചിതനായും തീരുന്നു.

ദൈവത്തെ കബൡപ്പിക്കാനായി സ്വയം സൃഷ്ടിച്ച വഞ്ചനയുടെ വിഷമവൃത്തത്തില്‍ ഒടുവില്‍ സ്വയം ബന്ധിതനായിപ്പോയ യഹൂദന്റെ ചിത്രമാണ് ഇപ്പോള്‍ ‘കൊര്‍ബ്ബാന്‍’ എന്ന പദം മനസ്സിലുണര്‍ത്തുന്നത്.

ഇന്നത്തെ ക്രിസ്തീയലോകത്തും (‘ക്രിസ്തീയലോകം -എന്തൊരു പ്രയോഗം!) ഇത്തരം ധാരാളം ‘കൊര്‍ബ്ബാന്‍’ ഇല്ലേ? മാതാപിതാക്കളെ സംരക്ഷിച്ചില്ലെങ്കിലും സാരമില്ല ദശാംശം കൃത്യമായി കൊടുത്താല്‍ മതി. ജീവിതവിശുദ്ധി പാലിച്ചില്ലെങ്കിലും പ്രശ്‌നമില്ല എല്ലാ ആഴ്ചയും മുടങ്ങാതെ ആരാധനയ്ക്ക് ഹാജരായാല്‍ മതി. ബിസിനസില്‍ സര്‍ക്കാരിനെ കബളിപ്പിച്ചാലും കുഴപ്പമില്ല കണ്‍വന്‍ഷന്റെ നടത്തിപ്പിന് വന്‍തുക സംഭാവന നല്‍കിയാല്‍ മതി…..

ഇതാണു നമ്മുടെ മനോഭാവമെങ്കില്‍ യേശുവിന് ഇന്നു നമ്മോടു പറയുവാനുള്ളത് ഇതാണ്: ‘നിങ്ങളുടെ സമ്പ്രദായത്താല്‍ നിങ്ങള്‍ ദൈവവചനത്തെ ദുര്‍ബലമാക്കിയിരിക്കുന്നു. ഈ ജനം അധരംകൊണ്ട് എന്നെ ബഹുമാനിക്കുന്നു. എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ട് അകന്നിരിക്കുന്നു. അവര്‍ മാനുഷിക നിയമങ്ങള്‍ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യര്‍ത്ഥമായി എന്നെ ആരാധിക്കുന്നു’ (മത്താ. 15:6-9).

യഥാര്‍ത്ഥ ആത്മീയതയെയും കേവല മതത്തെയും തിരിച്ചറിയുവാനുള്ള വഴിയും യേശുവിന്റെ ഈ വാക്കുകളിലുണ്ട്. സമ്പ്രദായം, ദൈവവചനം, അധരം, ഹൃദയം എന്നീ സൂചനകള്‍ ശ്രദ്ധിക്കുക. ദൈവവചനത്തിന്റെ അനുസരണത്തെക്കാള്‍ മനുഷ്യന്റെ സമ്പ്രദായങ്ങള്‍ വരവണ്ണം പാലിക്കാനാണു നിങ്ങള്‍ക്കു വ്യഗ്രതയെങ്കില്‍ നിങ്ങള്‍ ആത്മീയനല്ല, മതഭക്തനാണ്. ഹൃദയംകൊണ്ട് ദൈവത്തോട് അടുത്തിരിക്കുന്നതിനെക്കാള്‍ അധരംകൊണ്ട് ദൈവത്തെ സ്തുതിക്കാനാണു നിങ്ങള്‍ക്കു താത്പര്യമെങ്കില്‍ നിങ്ങള്‍ മതഭക്തനാണ്, ആത്മികനല്ല.കബൡ?
ഉവ്വ്, ദൈവത്തെ കബളിപ്പിക്കുവാന്‍ നമുക്കാര്‍ക്കും കഴിയുകയില്ല.

അല്പത്തില്‍ വിശ്വസ്തത


‘വന്‍’ സംരംഭങ്ങളുടെയും ‘മെഗാ’ പ്രോഗ്രാമുകളുടെയും കാലഘട്ടമാണിത്. ‘വമ്പിച്ച പരിപാടികളും ‘മഹാ’യോഗങ്ങളും വലിയ പബ്ലിസിറ്റിയുടെ അകമ്പടിയോടെ നടത്തിയാല്‍ മാത്രമേ ശ്രദ്ധയും അംഗീകാരവും ലഭിക്കുകയുള്ളു. ഇന്നത്തെ തിരക്കിനും ബഹളത്തിനും ഇടയില്‍ എളിയ തുടക്കങ്ങള്‍ ആരുടേയും കണ്ണില്‍പ്പെട്ടില്ലെന്നും വരാം. എന്നാല്‍ കര്‍ത്താവ് തികച്ചും വ്യത്യസ്തനാണ്. ചന്തയിലെ തിക്കിനും തിരക്കിനും ഒച്ചപ്പാടിനും ഇടയില്‍ നിലത്തു വീണുപോകുന്ന ചെറിയ പക്ഷിക്കുഞ്ഞുപോലും അവിടുത്തെ കണ്ണില്‍പ്പെടാതെ പോകുന്നില്ല. അതും രണ്ടു കാശിനു വാങ്ങുമ്പോള്‍ ‘ഫ്രീ’യായി കൊടുക്കുന്ന ആ അഞ്ചാമത്തെ കുരികിലിന്റെ കാര്യത്തില്‍പോലും അവിടുന്നു ശ്രദ്ധാലുവാണ്. (മത്താ. 10:29, ലൂക്കോ. 12:6) തലയിലെ മുടികളും എണ്ണപ്പെട്ടിരിക്കുന്നു! അല്പ കാര്യങ്ങളുടെ ദിവസത്തെ അവിടുന്നു തുച്ഛീകരിക്കുന്നതുമില്ല (സെഖ. 4:10). ദൈവം എത്ര വിശ്വസ്തന്‍!

വിശ്വസ്തനായ ദൈവം മനുഷ്യരില്‍ തെരയുന്നതും വിശ്വസ്തതയാണ്. തന്നില്‍ ഏകാഗ്രചിത്തന്മാരായിരിക്കുന്നവര്‍ക്കുവേണ്ടി തന്നെത്താന്‍ ശക്തനാണെന്നു കാണിപ്പാന്‍വേണ്ടി അവിടുത്തെ കണ്ണ് ഭൂമിയിലെല്ലാടവും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു (2 ദിന. 16:9). തന്റെ ദാസന്മാരില്‍നിന്നും കാര്യസ്ഥന്മാരില്‍നിന്നും അവിടുന്ന് ആവശ്യപ്പെടുന്നതും വിശ്വസ്തത തന്നെ. (ഗൃഹവിചാരകന്മാരില്‍ അന്വേഷിക്കുന്നതോ അവര്‍ വിശ്വസ്തരായിരിക്കണം എന്നത്രേ 1 കൊരി. 4:2). ഇവിടെ ശ്രദ്ധേയമായ ഒരു കാര്യമുണ്ട്. ഈ ലോകത്തിന്റെ രീതിയില്‍ നിന്നു വ്യത്യസ്തമായി ദൈവം തന്റെ പ്രവൃത്തി ഏല്പിക്കുന്നതു കഴിവുള്ള ആളുകളെയല്ല. മറിച്ച് വിശ്വസ്തന്മാരെയാണ്! ഇത് നമുക്ക് എത്ര വലിയ ധൈര്യമാണ് നല്‍കുന്നത്! പ്രത്യേക കഴിവോ പ്രാപ്തിയോ ഇല്ലെന്നാണോ നിങ്ങളുടെ ഖേദം? സുഹൃത്തേ, ദുഃഖിക്കരുത്. ദൈവം കഴിവിനപ്പുറത്ത് വിശ്വസ്തതയെയാണു കണക്കിലെടുക്കുന്നത്.

ദൈവിക കാര്യങ്ങളോട് നമുക്ക് എങ്ങനെയാണു വിശ്വസ്തരായിരിപ്പാന്‍ കഴിയുന്നത്? ദൈവിക കാര്യമെന്നല്ല, ഏതു കാര്യത്തോടും നമുക്കുള്ള വിശ്വസ്തത അതിനോടുള്ള നമ്മുടെ പ്രതിബദ്ധതയ്ക്ക് (Commitment) ആനുപാതികമായിരിക്കും. അഥവാ ഒരു കാര്യത്തോട് നമുക്കുള്ള പ്രതിബദ്ധതയില്‍ കവിഞ്ഞ വിശ്വസ്തത നമുക്കതിനോട് പുലര്‍ത്താന്‍ കഴിയുകയില്ല. കുറച്ചു പ്രതിബദ്ധത, കൂടുതല്‍ വിശ്വസ്തത.. അങ്ങനെയൊരു അവസ്ഥ സാദ്ധ്യമല്ല. അതുകൊണ്ട് തന്നെയാണ് ദൈവികകാര്യങ്ങളോട് പൂര്‍ണ പ്രതിബദ്ധത (Total Commitment) തന്റെ ദാസന്മാരില്‍ നിന്നു ദൈവം ആവശ്യപ്പെടുന്നത്.

ഈ ലോകജീവിതത്തില്‍ ദൈവത്തിന്റെ ഒരു വിശ്വസ്തദാസനായിരിക്കുന്നതില്‍ കവിഞ്ഞ് എന്തു ഭാഗ്യമാണുള്ളത്? എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വിശ്വസ്തന്മാര്‍ മനുഷ്യപുത്രന്മാരില്‍ കുറഞ്ഞിരിക്കുന്ന ഒരു കാലഘട്ടമാണിത്. ‘വിശ്വസ്തദാസന്‍’ എന്ന പ്രയോഗം തന്നെ പൊതുവേദികളില്‍ ഇന്നു കേള്‍ക്കാനില്ല. പകരം ‘വിലയേറിയ ദാസന്‍’, ‘ശ്രേഷ്ഠദാസന്‍’ ‘അതിശ്രേഷ്ഠദാസന്‍’ എന്നെല്ലാമാണ് പരസ്യമായി പരിചയപ്പെടുത്തുന്നത്! എത്ര പരിതാപകരം! കര്‍ത്താവിന്റെ ഒരു യഥാര്‍ത്ഥദാസനെ സംബന്ധിച്ചിടത്തോളം ‘വിശ്വസ്തന്‍’ എന്ന വിശേഷണംപോലെ കര്‍ണാനന്ദകരമായിരിക്കുമോ മറ്റേതൊരു ‘വിലയേറിയ’ സംബോധനയും?

ഒരു വിശ്വസ്തദാസന്‍ തന്റെ വിശ്വസ്തത തെളിയിക്കുന്നതു കൊച്ചുകാര്യങ്ങളിലാണ്. മറ്റുള്ളവര്‍ ഗൗരവമായി എടുക്കാത്ത കാര്യങ്ങള്‍, ഇടപാടുകള്‍, സംസാരങ്ങള്‍, മനോഭാവങ്ങള്‍, തീരുമാനങ്ങള്‍ എന്നിവയിലെല്ലാം അവന്‍ ദൈവമുന്‍പാകെ വിശ്വസ്തനായി നില്‍ക്കാന്‍ ആഗ്രഹിക്കുന്നു. ഈ ലോകത്തില്‍ തനിക്ക് ഒരേയൊരു ജീവിതം മാത്രമേ നല്‍കപ്പെട്ടിട്ടുള്ളു എന്നവനു ബോധ്യമുണ്ട്. ഇവിടെ എടുക്കുന്ന തീരുമാനങ്ങളും പുലര്‍ത്തുന്ന മനോഭാവങ്ങളുമാണ് തന്റെ നിത്യതയെ നിര്‍ണയിക്കുന്നതെന്നും അവനറിയാം. ഈ തിരിച്ചറിവ് കൊച്ചുകാര്യങ്ങളില്‍ അവനെ ശ്രദ്ധാലുവാക്കുന്നു. വ്യര്‍ത്ഥമായ സംഭാഷണം, അനാവശ്യമായ ചെലവുകള്‍, സൂക്ഷ്മതയില്ലാത്ത പെരുമാറ്റങ്ങള്‍ എന്നിവയെല്ലാം അവന്‍ ഒഴിവാക്കുന്നു. താന്‍ മറ്റൊരാളുടെ ‘ദാസനാ’ണെന്നും സ്വന്ത ഇഷ്ടം പോലെ ജീവിക്കാന്‍ സ്വാതന്ത്ര്യമില്ലാത്തവനാണെന്നും അവന്‍ ഇടയ്ക്കിടെ സ്വയം മുന്നറിയിപ്പു നല്‍കിക്കൊണ്ടിരിക്കും.

”ഈ ജീവിതത്തില്‍ വലിയ വെളിപ്പാടുകളൊന്നും എനിക്കില്ല. പക്ഷേ കൊച്ചുകാര്യങ്ങളില്‍ ദൈനംദിന ജീവിതത്തില്‍ കര്‍ത്താവിനെ വിശ്വസ്തമായി പിന്‍പറ്റാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്.” വാച്ച്മാന്‍ നീയുടേതാണ് ഈ വാക്കുകള്‍. ഏതു തലമുറയിലേയും ക്രിസ്ത്യാനികള്‍ അത്ഭുതാദരങ്ങളോടെ കാണുന്ന ‘സ്പിരിച്വല്‍ മാന്‍’ എന്ന തന്റെ ബൃഹത്തായ ഗ്രന്ഥത്തിന്റെ ആമുഖക്കുറിപ്പിലാണ് ‘നീ’ ഇങ്ങനെ എഴുതിയത്. കര്‍ത്താവിന്റെ ആ വിശ്വസ്തദാസന്റെ ജീവിതരഹസ്യമല്ലേ ഈ വാക്കുകള്‍ വെളിവാക്കുന്നത്?

ഇതുപോലെ കര്‍ത്താവിന്റെ വിശ്വസ്തദാസനായിരിപ്പാന്‍ നിങ്ങളും ആഗ്രഹിക്കുന്നുവോ? പൂര്‍ണ പ്രതിബദ്ധത, കൊച്ചുകൊച്ചു കാര്യങ്ങളിലുള്ള സൂക്ഷ്മത – ഇവയാണു വിശ്വസ്തതയിലേക്കുള്ള പടവുകള്‍. അന്ന് ‘നല്ലവനും വിശ്വസ്തനുമായ ദാസനേ’ എന്ന യജമാനന്റെ സംബോധന കേള്‍പ്പാന്‍ നിങ്ങള്‍ വാഞ്ഛിക്കുന്നുവോ? എങ്കില്‍, ഇപ്പോള്‍, അല്പത്തില്‍ വിശ്വസ്തനായിരിക്കുക (മത്തായി 2:14-30).


ആവശ്യമുണ്ട്; ജീവിക്കുന്ന രക്തസാക്ഷികളെ


ജീവിക്കുന്ന രക്തസാക്ഷി- റിച്ചാര്‍ഡ് വുംബ്രാന്‍ഡ് അറിയപ്പെട്ടിരുന്നത് ഇങ്ങനെയാണ്. റുമേനിയായില്‍ അനുഭവിക്കേണ്ടിവന്ന അതിഭീകരമായ പീഡനവും ദീര്‍ഘനാളത്തെ ജയില്‍വാസവുമാകാം വുംബ്രാന്‍ഡിന് ഇങ്ങനെയൊരു അപരനാമം നേടിക്കൊടുത്തത്. എന്നാല്‍ സത്യത്തില്‍ ഏതൊരു യഥാര്‍ത്ഥ ക്രിസ്തുവിശ്വാസിയും ജീവിച്ചിരിക്കുന്ന രക്തസാക്ഷിയല്ലേ? അല്ലെങ്കില്‍ അങ്ങനെ ആയിരിക്കേണ്ടതല്ലേ?

ഒരു രക്തസാക്ഷിയും ഒരു ദിവസംകൊണ്ടല്ല ഉണ്ടാകുന്നത്. ഓരോ രക്തസാക്ഷിയുടേയും പിന്നില്‍ ഒരു മനോഭാവമുണ്ട്. ആ മനോഭാവത്തിലൂന്നിയ ഒരു ജീവിതപശ്ചാത്തലമുണ്ട്. Foxe’s Book of Christian Martyrs of the world എന്ന ഗ്രന്ഥം ഈ സത്യത്തിനു സജീവസാക്ഷ്യം വഹിക്കുന്ന ഒന്നാണ്. അതിലെ ഓരോ വിശ്വാസവീരന്റെയും ചരിത്രം പരിശോധിക്കൂ. അവരുടെ ആരുടേയും രക്തസാക്ഷിത്വം ഒരു യാദൃച്ഛികതയായിരുന്നില്ലെന്ന് അപ്പോള്‍ ബോധ്യമാകും.

സാധാരണക്കാരില്‍നിന്ന് ഒരു രക്തസാക്ഷിയെ വ്യത്യസ്തനാക്കുന്ന ഘടകം എന്താണ്? ക്രിസ്തീയ രക്തസാക്ഷിയുടെ അടിസ്ഥാന മനോഭാവത്തിന് ഊടുംപാവും പാകുന്ന സത്യം എന്തായിരിക്കും? രക്തസാക്ഷിമരണങ്ങളുടെ ചരിത്രം വിവരിച്ചുപോകുമ്പോള്‍ അപ്പോസ്തലനായ പൗലോസ് കൂട്ടിച്ചേര്‍ക്കുന്ന ഒരു ചെറിയ വാചകം രക്തസാക്ഷിയെ വേറിട്ടു നിര്‍ത്തുന്ന മനോഭാവത്തിലേക്കുള്ള ചൂണ്ടുപലകയാണ്. ”അവര്‍ മരണം വരെ പീഡിപ്പിക്കപ്പെട്ടു. മറ്റുള്ളവരാല്‍ പരിഹാസവും ചമ്മട്ടിയടിയും ബന്ധനവും തടവുശിക്ഷയും അനുഭവിച്ചു. അവര്‍ കല്ലെറിയപ്പെട്ടു, അറുത്തു മുറിക്കപ്പെട്ടു, വാളിന്നിരയാക്കപ്പെട്ടു; ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോല്‍ ധരിച്ച് അനാഥരും പീഡിതരും ക്ലേശിതരുമായി അവര്‍ മരുഭൂമിയിലും മലകളിലും നിലത്തെ ഗുഹകളിലും ഉഴറിനടന്നു. ലോകം അവര്‍ക്ക് യോഗ്യമായിരുന്നില്ല.” എബ്രാ. 11:35-38. അതേ, അതാണു പ്രത്യേകത – ലോകം അവര്‍ക്കു യോഗ്യമായിരുന്നില്ല. അവരെ സ്വന്തമാക്കാനുള്ള യോഗ്യത ലോകത്തിനും ഉണ്ടായിരുന്നില്ല. ഈ ലോകത്ത് അവര്‍ അന്യരും പരദേശികളുമായിരുന്നു. തങ്ങളുടെ മനോഭാവവും പ്രവൃത്തികളുംകൊണ്ട് അവര്‍ ലോകത്തെ നിരാകരിച്ചു. ലോകത്ത് അവര്‍ ജീവിച്ചു എന്നതു നേര്; പക്ഷേ അവര്‍ ഈ ലോകക്കാരായിരുന്നില്ല. അതുകൊണ്ടുതന്നെ ലോകം അവരെ ഒറ്റപ്പെടുത്തുകയും തള്ളിക്കളയുകയും പീഡിപ്പിക്കുകയും ചെയ്തപ്പോള്‍ അവര്‍ക്ക് പരാതികളില്ലായിരുന്നു. ഒടുവില്‍ ഒരു രക്തസാക്ഷി മരണത്തിലൂടെ ലോകം വിടുവാന്‍ അവസരം വന്നപ്പോള്‍ അവര്‍ അത് സസന്തോഷം സ്വീകരിച്ചു. ജീവിച്ചിരുന്നപ്പോള്‍ അവര്‍ ലോകത്തോടു പുലര്‍ത്തിയിരുന്ന മനോഭാവത്തിന്റെ പൂര്‍ത്തീകരണം മാത്രമായിരുന്നു അവരുടെ രക്തസാക്ഷി മരണം.

വിവിധനൂറ്റാണ്ടുകളില്‍ രക്തസാക്ഷികളായ വിശ്വാസവീരന്മാരുടെ ചരിത്രം വായിക്കുമ്പോള്‍ വികാരഭരിതരായിപ്പോവുകയും അവരുടെ വിശ്വാസവും ധൈര്യവും അനുകരിക്കാന്‍ കൊതിച്ചുപോവുകയും ചെയ്യുന്നവരാണു നാം. എന്നാല്‍ ഒരു രാത്രി പെട്ടെന്ന് ഉറങ്ങി എണീക്കുമ്പോള്‍ ഒരത്ഭുതംപോലെ നമുക്കും ആ ധൈര്യവും വിശ്വാസവും ലഭിക്കുമെന്ന് പ്രതീക്ഷിക്കരുത്. അവരുടെ ധീരമായ നിലപാടിന് പിന്നിലുള്ള മനോഭാവം ലോകത്തോട് ഇപ്പോള്‍ പുലര്‍ത്താത്തപക്ഷം ‘ദുര്‍ദ്ദിവസത്തില്‍ അവരെപ്പോലെ ഉറച്ചു നില്പ്പാന്‍’ നമുക്കു കഴിയാതെ പോകും. ഇന്ന് ലോകത്തോടുള്ള നമ്മുടെ മനോഭാവം ഈവിധം നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ടോ? ഈ ലോകം ഇന്ന് നമുക്ക് വളരെ അനുയോജ്യമായിരിക്കുന്നു എന്നതല്ലേ നേര്? ലോകത്തിലെ ‘നല്ല കാര്യങ്ങളൊന്നും’ വിട്ടുകളയുവാന്‍ നമുക്കു മനസ്സില്ല. അത് പരമാവധി ആസ്വദിക്കുവാനും അതേസമയം ഈ ലോകം വിട്ടുകഴിയുമ്പോള്‍ വരും ലോകത്തെ സൗഭാഗ്യങ്ങള്‍ കൈയാളുവാനും നാം തയ്യാറായിരിക്കുന്നു. ഇവിടെയും അവിടെയും ഒന്നും നഷ്ടപ്പെടരുതെന്നാണ് നമ്മുടെ കച്ചവടലാക്ക്. അതിന് അനുയോജ്യമായ വിശ്വാസങ്ങളും ഉപദേശങ്ങളും നാം രൂപപ്പെടുത്തിക്കഴിഞ്ഞു. ഈ ലോകത്ത് നമുക്ക് സമൃദ്ധിവേണം, വരും ലോകത്ത് സ്വര്‍ഗ്ഗവും. സ്‌നേഹിതാ, ഈ നിലപാടില്‍ എവിടെയാണ് നാം നേരത്തെ പറഞ്ഞ രക്തസാക്ഷിയുടെ മനോഭാവം? ഇതുവെറും ഒത്തുതീര്‍പ്പും ലോകത്തോടുള്ള അനുരഞ്ജനവുമാണെന്നു നീ തിരിച്ചറിയുമോ?

ക്രിസ്തുവിശ്വാസം നിഷ്പക്ഷമായ (neutral) ഒന്നല്ല. അതിന് കര്‍ശനമായ നിലപാടുകളും പക്ഷപാതങ്ങളും ഉണ്ട്. ബൈബിള്‍ ഇക്കാര്യത്തില്‍ എത്രയും വ്യക്തമാണ്. അല്ലെങ്കില്‍ നോക്കൂ. ”വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു” (യാക്കോബ് 4:4) ”ലോകത്തെയും ലോകത്തിലുള്ളതിനെയും സ്‌നേഹിക്കരുത്. ഒരുവന്‍ ലോകത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ അവനില്‍ പിതാവിന്റെ സ്‌നേഹം ഇല്ല” (1 യോഹ. 2:15). ”ഇപ്പോള്‍ ഞാന്‍ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നത്? അല്ല ഞാന്‍ മനുഷ്യരെ പ്രസാദിപ്പിപ്പാന്‍ നോക്കുന്നുവോ? ഇന്നും ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കില്‍ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല.” (ഗലാ. 1:10). ‘ഈ ലോകത്തായിരിക്കുമ്പോള്‍ ചില കാര്യങ്ങളിലെങ്കിലും ലോകത്തോടു ചങ്ങാത്തം പുലര്‍ത്താതിരിക്കുവാന്‍ കഴിയുമോ?’ എന്നാണ് നമ്മുടെ ചോദ്യം. എന്നാല്‍ ‘ലോകത്തിന്റെ സ്‌നേഹിതനാകുവാന്‍ ആഗ്രഹിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവാണെ’ന്നാണ് യാക്കോബിന്റെ മറുപടി. ‘ലോകത്ത് ജീവിക്കുമ്പോള്‍ ഇവിടെയുള്ള വസ്തുക്കളെ സ്‌നേഹിക്കാതിരിക്കാന്‍ സാധിക്കുമോ?’ എന്നാണു നാം ചോദിക്കുന്നത്. പക്ഷേ ‘ആരെങ്കിലും ലോകത്തേയും ലോകത്തിലുള്ളതിനെയും സ്‌നേഹിച്ചാല്‍ അവനു ദൈവത്തോടു സ്‌നേഹമില്ല’ എന്നാണു യോഹന്നാന്‍ പറയുന്നത്. ‘മനുഷ്യരെക്കൂടെ നാം പ്രസാദിപ്പിക്കേണ്ടേ?’ എന്നാണ് നമ്മുടെ സംശയം. ‘മനുഷ്യരെ പ്രസാദിപ്പിക്കുന്നവന്‍ ക്രിസ്തുവിന്റെ ദാസനല്ല’ എന്നാണ് പൗലോസിന്റെ നിലപാട്.

ലോകത്തോടുള്ള സ്‌നേഹമെന്നും മനുഷ്യരെ പ്രസാദിപ്പിക്കുകയെന്നും മറ്റും കേള്‍ക്കുമ്പോള്‍ ഇതെല്ലാം ക്രിസ്തീയ ഗോളത്തിനു വെളിയിലുള്ള കാര്യങ്ങളാണെന്നു നാം ചിന്തിച്ചുപോയേക്കാം എന്നാല്‍ ക്രിസ്തീയമെന്ന് ഇന്നറിയപ്പെടുന്ന പലതിലും ഈ ലോകവും അതിന്റെ മൂല്യങ്ങളും മനുഷ്യരെ പ്രസാദിപ്പിക്കുന്ന മനോഭാവങ്ങളുമാണുള്ളതെന്നാണു സത്യം. ക്രിസ്തീയഗോളത്തിനു പുറത്തും ഉള്ളിലുമുള്ള ഈ ലോകത്തോടും അതിന്റെ മൂല്യങ്ങളോടും കര്‍ശനമായ ഒരു നിലപാട് എടുത്തുനോക്കൂ. ലോകത്തെ നിങ്ങളുടെ പ്രവൃത്തിയിലൂടെ നിഷേധിച്ചു നോക്കൂ. അപ്പോള്‍ കാണാം ഈ ലോകം പകയോടെ നിങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുന്നത്. ‘ലോകം നിങ്ങളെ പകയ്ക്കും’ എന്ന കര്‍ത്താവിന്റെ വാക്കുകള്‍ നിങ്ങളുടെ ജീവിതത്തില്‍ നിറവേറുന്നത് അനുഭവിച്ചറിയുവാന്‍ കഴിയും. ലോകത്തോട് രക്തസാക്ഷിയുടെ മനോഭാവം പുലര്‍ത്തിയാല്‍ രക്തസാക്ഷികള്‍ക്ക് അനുഭവിക്കേണ്ടിവന്ന പീഡനം ഒരളവില്‍ ലോകത്തില്‍നിന്ന് നിങ്ങള്‍ക്കും ഉണ്ടാകും. ‘ജീവിച്ചിരിക്കുന്ന രക്തസാക്ഷി’ എന്ന പേരു നിങ്ങളെ സംബന്ധിച്ചും അന്വര്‍ത്ഥമാകും.

ഇന്ന് എവിടെയും വേരുറപ്പിച്ചിരിക്കുന്ന ലോകത്തിന്റെ ആത്മാവിനെതിരെ നില്‍ക്കുവാന്‍, രക്തസാക്ഷിയുടെ മനോഭാവം ഉള്ള, രക്തസാക്ഷിയുടെ പീഡനങ്ങള്‍ ഒരളവില്‍ അറിയുന്ന, ‘ജീവിച്ചിരിക്കുന്ന രക്തസാക്ഷി’കളെ ആവശ്യമുണ്ട്. നിങ്ങള്‍ അങ്ങനെയൊരാള്‍ ആയിരിക്കുമോ?

സഭകള്‍ നേരിടുന്ന ഭീഷണി


”നിങ്ങള്‍ക്കുള്ള അടയാളമോ ശീലകള്‍ ചുറ്റി പശുത്തൊട്ടിയില്‍ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍കാണും എന്നു പറഞ്ഞു” (ലൂക്കോസ് 2 :12).

യേശുവിന്റെ ജനനത്തെക്കുറിച്ച് വളരെ വിശദമായി രേഖപ്പെടുത്തിയിരിക്കുന്ന സുവിശേഷം ലൂക്കോസിന്റേതാണ്. എണ്‍പതും, അമ്പത്തി രണ്ടും വാക്യങ്ങളുള്ള രണ്ടു സുദീര്‍ഘാധ്യായങ്ങളാണ് ലൂക്കോസ് യേശുവിന്റെ ജനനത്തെക്കുറിച്ച് വിവരിക്കാന്‍ മാറ്റിവച്ചത്.

ലൂക്കോസ് തൊഴില്‍പരമായി ഒരു വൈദ്യനായിരുന്നു. യേശുവിന്റെ കന്യാജനനമാകട്ടെ, വൈദ്യശാസ്ത്രത്തിന് ഒരു അത്ഭുതവും. അതുകൊണ്ട് ‘ആദി മുതല്‍ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ട്’ യേശുവിനെക്കുറിച്ച് ‘ഒരു ചരിത്രം ചമയ്പ്പാന്‍’ ലൂക്കോസ് തുനിഞ്ഞപ്പോള്‍ യേശുവിന്റെ ജനനത്തെക്കുറിച്ചുള്ള വിവരങ്ങളില്‍ ലൂക്കോസിന്റെ സവിശേഷശ്രദ്ധ പതിഞ്ഞതില്‍ എന്താണത്ഭുതം?

അതെന്തായാലും, ലൂക്കോസ് യേശുവിന്റെ ജനനത്തെയും അനന്തരസംഭവങ്ങളെയുംകുറിച്ച് സൂക്ഷ്മമായി പഠിക്കുകയും രേഖപ്പെടുത്തിവയ്ക്കുകയും ചെയ്തതുകൊണ്ട് മറ്റു നിലയില്‍ ചരിത്രത്തിന്റെ പുറമ്പോക്കില്‍പോലും സ്ഥാനം ലഭിക്കാന്‍ ഇടയില്ലാത്ത പലരും ചരിത്രത്തിന്റെ ഭാഗമായി. ബേത്‌ലെഹേമില്‍ ആട്ടിന്‍കൂട്ടത്തെ കാവല്‍കാത്തു വെളിയില്‍ പാര്‍ത്തിരുന്ന ഇടയന്മാര്‍ അത്തരം ഒരു കൂട്ടരാണ്. കര്‍ത്താവിന്റെ ദൂതന്‍ പ്രത്യക്ഷനായി ‘സര്‍വ്വജനത്തിനും ഉണ്ടാകുവാനുള്ള ഒരു മഹാസന്തോഷം’ ഇടയന്മാരോടു സുവിശേഷിച്ചു-‘കര്‍ത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ജനിച്ചിരിക്കുന്നു.’ഈ നവജാതശിശുവിനെ തിരിച്ചറിയാന്‍ രണ്ട് അടയാളങ്ങളാണ് ദൂതന്മാര്‍ പറഞ്ഞുകൊടുക്കുന്നത്. ഒന്ന്: ശീലകള്‍ ചുറ്റിയിരിക്കും. രണ്ട്: പശുത്തൊട്ടിയില്‍ കിടക്കും.

യേശുവിനെ തിരിച്ചറിയാന്‍ ദൂതന്‍ ആട്ടിടയര്‍ക്കു നല്‍കിയ അടയാളങ്ങള്‍ അവയുടെ ലാളിത്യം കൊണ്ടാണ് ശ്രദ്ധേയമായിരുന്നത്. പശുത്തൊട്ടിയില്‍ കിടന്നിരുന്ന ആ നവജാതശിശുവിന്റെ ശരീരം ഒരു ദരിദ്രകുടുംബത്തിന് സാധ്യമായ വിധത്തിലുള്ള ശീലകളാല്‍ ചുറ്റപ്പെട്ടിരുന്നു. ‘പട്ടിനുള്ള മൂലവസ്തു സൃഷ്ടിചെയ്ത ദൈവമാണ് ഈ കീറ്റു ശീലയില്‍ കിടക്കുന്ന’തെന്ന് മഹാകവി കെ.വി.സൈമണ്‍ പാടിയത് ഓര്‍ക്കുക. പുല്‍ക്കൂടു മുതല്‍ കാല്‍വറിവരെയുള്ള യേശുവിന്റെ ജീവിതത്തെ എടുത്താല്‍ ലാളിത്യത്തിന്റെയും താഴ്മയുടേയും അടയാളങ്ങളാലാണ് അവിടുത്തെ ദൃശ്യശരീരം അലങ്കരിക്കപ്പെട്ടിരുന്നതെന്നു കാണാം.

ഇന്ന് യേശു ഈ ഭൂമിയിലില്ല. എന്നാല്‍ അവിടുത്തെ ശരീരം ഇന്നു ഭൂമിയിലുണ്ടെന്നു ബൈബിള്‍ വ്യക്തമാക്കുന്നു. അതു മറ്റൊന്നല്ല, സഭയാണ്. ക്രിസ്തു തലയായിരിക്കുന്ന ശരീരമായ സഭ.

എന്നാല്‍ ഇന്ന് ഭൂമിയിലുള്ള യേശുവിന്റെ അദൃശ്യശരീരത്തെ (സഭയെ) തിരിച്ചറിയാനുള്ള അടയാളങ്ങള്‍ എന്തെല്ലാമാണ്? സഭയാകുന്ന ശരീരം ഇന്ന് അലങ്കരിക്കപ്പെട്ടിരിക്കുന്നത് താഴ്മയുടേയും ലാളിത്യത്തിന്റേയും ചിഹ്നങ്ങള്‍ കൊണ്ടാണോ?

യേശുവിനെ നാഥനും കര്‍ത്താവുമായി സ്വീകരിച്ചിട്ടുള്ള എല്ലാവരും, ദേശത്തിന്റേയും ഭാഷയുടേയും കാലത്തിന്റെയും അതിര്‍വരമ്പുകള്‍ ഭേദിച്ച്, അവിടുത്തെ ശരീരമായ സഭയിലെ അംഗങ്ങളാണല്ലോ. ഈ സാര്‍വ്വദേശീയസഭ (universal Church) അദൃശ്യമാണ്. ഈ സഭയുടെ ജീവന്‍ യേശുവിന്റെ ദിവ്യജീവന്‍ തന്നെയാണ്. തലയായ ക്രിസ്തുവില്‍ നിന്നുള്ള ചൈതന്യമാണ് ഈ ശരീരത്തേയും ജീവിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ യേശുവിന്റെ സ്വഭാവത്തില്‍ നിന്ന് അന്യമായ ഒന്നും ഈ സഭയായ ശരീരത്തിലും ഉണ്ടാവുകയില്ല.

എന്നാല്‍ ഇന്നു ലോകത്തിന് ഈ സാര്‍വ്വദേശീയമായ അദൃശ്യമായ സഭയെ കാണുവാന്‍ കഴിയുകയില്ലല്ലോ. അവരെ സംബന്ധിച്ചിടത്തോളം സഭ എന്നു പറയുന്നത് അവരവരുടെ പ്രദേശത്തു കാണുന്ന ദൃശ്യമായ പ്രാദേശിക കൂടിവരവുകളാണ്. അതുകൊണ്ടുതന്നെ ഈ പ്രാദേശികസഭകള്‍ യേശുവിന്റെ ജീവനാല്‍ നടത്തപ്പെടുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ഈ സഭയാകുന്ന ക്രിസ്തുവിന്റെ ശരീരത്തെ ലോകത്തിന് താഴ്മയുടേയും ലാളിത്യത്തിന്റെയും അടയാളങ്ങളാല്‍ ഇന്നു തിരിച്ചറിയുവാന്‍ കഴിയുന്നുണ്ടോ?

വളരെ വര്‍ഷങ്ങള്‍ ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റാന്‍ലി ജോണ്‍സ് എന്ന ക്രിസ്തീയ മിഷനറി തന്റെ അനുഭവം രേഖപ്പെടുത്തിയിട്ടുള്ളത് ഇങ്ങനെയാണ്: അദ്ദേഹം വിദ്യാസമ്പന്നരും സമൂഹത്തില്‍ ഉന്നതനിലയിലുള്ളവരുമായ ഒരു പറ്റം ആളുകളോട് സുവിശേഷം പ്രസംഗിക്കുകയായിരുന്നു. ആ യോഗത്തിന്റെ ഒടുവില്‍ അദ്ദേഹം പറഞ്ഞു”പ്രിയ സഹോദരന്മാരേ, ഞാന്‍ നിങ്ങളോട് ക്രിസ്തുവിനെക്കുറിച്ചു സംസാരിക്കുകയായിരുന്നല്ലോ. എന്നാല്‍ നിങ്ങളിലാരും ക്രിസ്തുവിനെ എന്തുകൊണ്ടാണു പരസ്യമായി സ്വീകരിക്കാതിരിക്കുന്നതെന്ന് ദയവായി എന്നോടു തുറന്നു പറയുക. എന്നെയും ഒഴിവാക്കേണ്ട. ഞാനെന്ന വ്യക്തിയല്ല ഇവിടത്തെ പ്രശ്‌നം. തുറന്നു പറയാന്‍ മടിക്കരുത്”.

സദസ്സില്‍ നിന്ന് ഒരാള്‍ എഴുന്നേറ്റു.” നിങ്ങള്‍ ഞങ്ങളോട് ക്രിസ്ത്യാനികളാകാന്‍ പറഞ്ഞു. പക്ഷേ, നിങ്ങളുടെ തന്നെ സംസ്‌കാരം എത്രത്തോളം ക്രിസ്തീയമാണ്? നിങ്ങളുടെ വാഷിങ്ടണിലെ ഭരണകൂടം അഴിമതിയില്‍ മുങ്ങിക്കുളിച്ചതല്ലേ?”

മറ്റൊരാള്‍:” നിങ്ങള്‍ അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരോട് വിവേചനത്തോടെയല്ലേ പെരുമാറുന്നത്?”

മൂന്നാമതൊരാള്‍:” നൂറ്റാണ്ടുകളായി പടിഞ്ഞാറന്‍ നാടുകളില്‍ ക്രിസ്തീയത ഉണ്ടല്ലോ. യേശു സമാധാനത്തിന്റെ പ്രഭുവായിട്ടും ഇന്നും യുദ്ധങ്ങളില്‍ നിന്ന് ഒരു വിടുതല്‍ നിങ്ങള്‍ക്കു നേടാനായില്ലല്ലോ..”

ക്രിസ്തീയമെന്ന് അവകാശപ്പെടുകയും അതേസമയം അഴിമതി, വര്‍ണവിവേചനം, യുദ്ധക്കൊതി എന്നിവയില്‍ നിന്നു മോചനം നേടാതിരിക്കയും ചെയ്യുന്ന പാശ്ചാത്യസംസ്‌കാരത്തോടുള്ള ഭാരതീയപ്രതികരണമാണിത്.

യേശുവിന്റെ ലാളിത്യത്തിന്റെയും, താഴ്മയുടേയും അടയാളങ്ങളൊന്നും ഇല്ലാതിരിക്കെ യേശുവിന്റെ ശരീരമെന്ന് അവകാശപ്പെടുന്ന സഭയോടും ഇന്നു ഭാരതത്തിന്റെ പ്രതികരണം വ്യത്യസ്തമായിരിക്കുകയില്ല. ഭാരതീയര്‍ക്ക് യേശു സ്വീകാര്യനായിരിക്കും. പക്ഷേ ഭാരതീയസഭകളോ?

സുവിശേഷവിഹിതസഭകള്‍ പോലും യേശുവിന്റെ ജീവനില്‍ ഊന്നുന്നതിനു പകരം സഭയുടെ രൂപത്തിനും ഘടനയ്ക്കും പ്രാധാന്യം നല്‍കുന്ന കാലഘട്ടമാണിത്. ഫലം സഭയുടെ ജീവന്‍ നഷ്ടപ്പെടുന്നു. അതു പൊള്ളയായ ഒരു ചട്ടക്കൂടു മാത്രമായി അധഃപതിക്കുന്നു! ഇതല്ലേ സഭകള്‍ നേരിടുന്ന യഥാര്‍ത്ഥപ്രതിസന്ധി?

ഇനി പറയൂ: സഭകള്‍ ഇന്നു നേരിടുന്ന യഥാര്‍ത്ഥഭീഷണി പുറമേ നിന്നുള്ളതോ അതോ അകമേ നിന്നുള്ളതോ?

തോറ്റവര്‍ക്ക് ഒരു സുവിശേഷം


‘യേശുവിനെ കാണിച്ചുകൊടുത്ത ദിവസം രാത്രി.’ ആ രാത്രി യേശുവിനു മാത്രമല്ല കുറഞ്ഞപക്ഷം അവിടുത്തെ രണ്ടു ശിഷ്യന്മാര്‍ക്കെങ്കിലും നിര്‍ണായകമായിരുന്നു – യൂദാസിനും പത്രോസിനും. അന്ന്, തങ്ങളുടെ ഗുരുവും ഏകനാഥനും കര്‍ത്താവുമായവനെ അവരില്‍ ഒരുവന്‍ ഒറ്റിക്കൊടുത്തു. അപരന്‍ തള്ളിപ്പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചനയുടെയും കൂറുമാറ്റത്തിന്റെയും കറുത്ത അദ്ധ്യായം തങ്ങളുടെ ചെയ്തികളിലൂടെ അവര്‍ എഴുതിച്ചേര്‍ത്ത രാത്രി. ആരും മാപ്പുനല്‍കാത്ത ഏറ്റവും ഹീനമായ പ്രവൃത്തിക്ക് ഉദാഹരണമായി ഇന്ന് നൂറ്റാണ്ടുകള്‍ക്കു ശേഷവും ചൂണ്ടിക്കാണിക്കപ്പെടുന്ന സംഭവം. യൂദാസ് മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്തു ചതിയുടെ പര്യായമായിമാറിയെങ്കില്‍ ഗുരുവിനെ മൂന്നുവട്ടം തള്ളിപ്പറയുകയും ശപിക്കുകയും ചെയ്ത് പത്രോസ് നന്ദികേടിന്റെയും ഭീരുത്വത്തിന്റെയും പ്രതിരൂപമായി. തികച്ചും ജുഗുപ്‌സാവഹമായ പെരുമാറ്റത്തില്‍ ഇരുവരും പരസ്പരം മത്സരിച്ചതുപോലെ.

എന്നാല്‍… ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോള്‍ അക്കല്ദാമയില്‍ ചോരപ്പൂക്കള്‍ വിരിയിച്ചുകൊണ്ട് യൂദാസ് നിത്യനരകത്തിലേക്ക് യാത്രയായി. എത്ര നിര്‍ഭാഗ്യകരമായ അന്ത്യം! അതേസമയം പുനരുത്ഥാനത്തിന്റെയും സ്വര്‍ഗ്ഗാരോഹണത്തിന്റെയും ദിനങ്ങള്‍ പിന്നിട്ട് പെന്തക്കോസ്തുനാള്‍ വന്നപ്പോള്‍ സഭായുഗത്തിന്റെ വാതില്‍ തുറന്ന് ദൈവരാജ്യത്തിലേക്ക് ആയിരങ്ങളെ പ്രവേശിപ്പിക്കുന്ന നിര്‍ണായകമുഹൂര്‍ത്തത്തില്‍ സ്വര്‍ഗ്ഗത്തിന്റെ താക്കോല്‍ കൈയിലുള്ളവനായി നില്‍ക്കുകയാണ് പത്രോസ്. എത്ര ശ്രേഷ്ഠമായ പദവി!

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജനത്തെ അഭിസംബോധന ചെയ്യുമ്പോള്‍ പത്രോസിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ”അവനെ നിങ്ങള്‍ ഏല്‍പ്പിച്ചുകൊടുക്കുകയും….. പീലോത്തോസിന്റെ മുമ്പില്‍ വച്ച് തള്ളിപ്പറകയും ചെയ്തു. പരിശുദ്ധനും നീതിമാനുമായവനെ നിങ്ങള്‍ തള്ളിപ്പറഞ്ഞു” (പ്രവൃ. 3:13,14). യേശുവിനെ നിങ്ങള്‍ തള്ളിപ്പറഞ്ഞുവെന്നു ജനത്തിനു നേരേ വിരല്‍ ചൂണ്ടുമ്പോള്‍, മൂന്നരവര്‍ഷം ഒപ്പം നടന്ന് എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ചശേഷം പരിശുദ്ധനും നീതിമാനുമായവനെ തള്ളിപ്പറഞ്ഞവനാണു താന്‍ എന്ന കുറ്റബോധത്തിന്റെ നേരിയ ലാഞ്ഛനപോലും പത്രോസിന്റെ വാക്കുകളിലില്ല.

പത്രോസിന് എന്താണ് സംഭവിച്ചത്? കുറ്റബോധത്തിന്റെ നേരിയ കല്മഷം പോലും കഴുകിത്തുടച്ചെടുത്ത ഈ മനസ്സാക്ഷി പത്രോസിന് എവിടെ നിന്നു ലഭിച്ചു? ഗുരുവിനെ തള്ളിപ്പറഞ്ഞ അഭിശപ്തമായ ആ രാത്രിക്കു ശേഷം ഇപ്പോള്‍ ദൈവപ്രവൃത്തിയുടെ അമരക്കാരനായി നില്‍ക്കുവാനുള്ള പ്രാഗല്ഭ്യം പത്രോസിന് എവിടെനിന്നാണ് കിട്ടിയത്? കുറ്റബോധത്തിന്റെ വീര്‍പ്പുമുട്ടലില്‍നിന്ന് രക്ഷനേടാനാവാതെ ഒരുമുഴം കയറില്‍തൂങ്ങി നിത്യനാശത്തിലേക്ക് കൂപ്പുകുത്തിയ യൂദാസിന്റെ അനുഭവത്തില്‍ നിന്നു കുതറിമാറുവാന്‍ പത്രോസിന് എങ്ങനെ കഴിഞ്ഞു?

ഈ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി ഒന്നേയുള്ളൂ. ജീവിതത്തിലെ ഏറ്റവും കയ്‌പേറിയ പരാജയത്തിനുശേഷവും ആ വീഴ്ചയില്‍നിന്നു എഴുന്നേല്‍ക്കുവാനും തന്റെ കര്‍ത്താവിനെ വീണ്ടും കണ്ണുനീരോടെ ആശ്രയിച്ച് വിശ്വാസത്തില്‍ യഥാസ്ഥാനപ്പെടുവാനും താഴ്മയും ഒരുക്കവുമുള്ളവനായിരുന്നു പത്രോസ്.

യേശുവിന്റെ ശിഷ്യന്മാരില്‍ എടുത്തുചാട്ടവും വീഴ്ചയുംകൊണ്ട് എന്നും ശ്രദ്ധേയനായിരുന്നു പത്രോസ്. മൂന്നരവര്‍ഷത്തെ ജീവിതത്തില്‍ അങ്ങനെ എത്രയെത്ര സംഭവങ്ങള്‍ നമ്മള്‍ കാണുന്നുണ്ട്! പക്ഷേ ഓരോ വീഴ്ചയെത്തുടര്‍ന്നും എഴുന്നേല്‍ക്കുവാനും മടങ്ങിവരുവാനും തിടുക്കമുള്ളവനായിരുന്നു അവന്‍. ഗലീലക്കടലിന്മീതെ കര്‍ത്താവു നടന്നുവരുന്നതു കണ്ട് പത്രോസും കടല്‍ത്തിരകള്‍ക്കുമീതെ നടക്കുവാന്‍ ചാടിപ്പുറപ്പെട്ട സംഭവം ഓര്‍ക്കുന്നില്ലേ? ഒടുവില്‍ മുങ്ങുവാന്‍ തുടങ്ങിയപ്പോള്‍ ‘കര്‍ത്താവേ എന്നെ രക്ഷിക്കണമേ’ എന്നവന്‍ നിര്‍ലജ്ജം നിലവിളിച്ചു. യേശു ഉടനെ കൈനീട്ടി അവനെ പിടിച്ചു. ആ കൈകളില്‍ പിടിച്ച് അവന്‍ എഴുന്നേറ്റു. പത്രോസിന്റെ ജീവിതത്തിലെ വീഴ്ചകളിലേക്കും യഥാസ്ഥാനപ്പെടുന്ന അനുഭവങ്ങളിലേക്കും വിരല്‍ ചൂണ്ടുന്ന പ്രതീകാത്മകമായ ഒരു സംഭവമായി നമുക്കിതിനെ കാണാം.

ജീവിതത്തില്‍ ഉടനീളം ഹൃദയത്തില്‍ ഒരു നിലവിളി സൂക്ഷിച്ചവനാണ് പത്രോസ്. ഓരോ വീഴ്ചയ്ക്കുശേഷവും അവന്‍ തിടുക്കത്തില്‍ നിലവിളിക്കും ‘കര്‍ത്താവേ, എന്നെ രക്ഷിക്കണമേ’ എന്ന്. ഓരോ പതനവും അവനെ കൂടുതല്‍ നുറുക്കത്തിലേക്കും താഴ്മയിലേക്കും നയിച്ചു. ആ താഴ്മയില്‍ അവനു ദൈവകൃപ ലഭിക്കും. അവന്‍ കര്‍ത്താവിന്റെ കൈകളില്‍ പിടിച്ച് എഴുന്നേല്‍ക്കും. യഥാസ്ഥാനപ്പെടും. വീഴ്ചയുടെ അനിവാര്യഫലമായ കുറ്റബോധത്തിന്റെ കളങ്കങ്ങളെ മനസ്സാക്ഷിയില്‍ നിന്നും ആത്മാവില്‍നിന്നും പാടേ കഴുകിക്കളഞ്ഞ് തികഞ്ഞ പുതുക്കത്തോടെ അവിടുന്ന് ശിഷ്യത്വത്തിന്റെ പാതയില്‍ അവനെ വീണ്ടും ഉറപ്പിക്കും. പത്രോസിന്റെ ജീവിതത്തില്‍ മറ്റൊരു പുതിയ അദ്ധ്യായം ആരംഭിക്കുകയായി.

ദൈവസന്നിധിയിലേക്കുള്ള മടങ്ങിവരവ് എളുപ്പമാക്കുന്ന പത്രോസിന്റെ മറ്റൊരു മനോഭാവം അവന്റെ നിസ്സഹായതയാണ്. ദൈവത്തെ വിട്ടുപോകാന്‍ കഴിയാത്ത ഒരുതരം ‘ദൗര്‍ബല്യം’. ‘നീ എന്നെ കൊന്നാലും ഞാന്‍ നിന്നെ കാത്തിരിക്കും’ എന്ന ഇയ്യോബിന്റെ വാക്കുകളെ അനുസ്മരിപ്പിക്കുന്ന സമ്പൂര്‍ണ അടിയറവ്. ‘കര്‍ത്താവ് എന്റെ ഒരു ബലഹീനതയാണെ’ന്ന നിസ്സഹായത. പത്രോസിന്റെ ജീവിതത്തിലെ മറ്റൊരു പതനത്തിന്റെ രംഗം അവന്റെ ഈ മനോഭാവത്തിലേക്കുള്ള ചൂണ്ടുപലകയാണ്. യേശുവിനെ ക്രൂശില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച് അവന്‍ പിശാചിന്റെ കൈയിലെ ഉപകരണമായി മാറിയ സന്ദര്‍ഭം ഓര്‍ക്കുക. അവിടെ യേശു അവനെ പരസ്യമായി ‘സാത്താനേ എന്നെ വിട്ടുപോ’ എന്നു ശാസിക്കുന്നു. ഏതു ശിഷ്യനും ഇടറിപ്പോകാവുന്ന ഒരു തുറന്ന ശാസന. പക്ഷേ പത്രോസ് യേശുവിനെ വിട്ടുപോയില്ല. പത്രോസ് തന്നെ ഒരിക്കല്‍ പറഞ്ഞതുപോലെ ‘നിന്നെ വിട്ടു ഞങ്ങള്‍ എവിടെപ്പോകും?’ എന്ന നിസ്സഹായത അവിടെയും അവന്റെ രക്ഷയ്‌ക്കെത്തി.

എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായ ഒരു സമീപനമാണ് യൂദാസിന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നത്. യൂദാസ് ഒരിക്കല്‍ തെറ്റായ മനോഭാവത്തോടെ പരസ്യമായ ഒരഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ യേശു അവനെ ഒരു നേരിയ താക്കീതിന്റെ സ്വരത്തില്‍ തിരുത്തിയ സന്ദര്‍ഭം ഓര്‍ക്കുക. (യോഹ 12:4-8). തന്റെ വീഴ്ച മനസ്സിലാക്കി നുറുങ്ങപ്പെടുകയും താഴ്മയോടെ യഥാസ്ഥാനപ്പെടുകയുമായിരുന്നു ഇവിടെ യൂദാസ് ചെയ്യേണ്ടിയിരുന്നത്. പക്ഷേ അവന്‍ ആ അവസരം പാഴാക്കി. മാത്രമല്ല ആ നേരിയ താക്കീത് വിപരീത ദിശയിലേക്കാണവനെ നയിച്ചത്. കര്‍ത്താവിനെ ഒറ്റിക്കൊടുക്കുന്ന ഹൃദയകാഠിന്യത്തില്‍ അതു ചെന്നവസാനിച്ചു. (മത്താ. 26:14-16) നോക്കുക. ഓരോ വീഴ്ചയെത്തുടര്‍ന്നും അനിവാര്യമായുണ്ടാകേണ്ട നുറുക്കത്തിന് അവനില്‍ ഇടം ഉണ്ടായില്ല. ഈ മനോഭാവം അവനെ കൊണ്ടുചെന്നെത്തിച്ചതു മാനസാന്തരത്തിന് അവസരം കണ്ടെത്താന്‍ കഴിയാത്ത പതനത്തിലേക്കും ഒടുവില്‍ അനിവാര്യമായ ദുരന്തത്തിലേക്കുമാണ്.

ക്രിസ്തീയ ജീവിതത്തില്‍ വീണുപോകുന്ന രണ്ടുപേരില്‍ ഒരുവന്‍ മടങ്ങിവരുന്നതും അപരന്‍ നിത്യമായി നഷ്ടപ്പെട്ടു പോകുന്നതും ഇന്നും നാം കാണാറുണ്ട്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നു നാം പലപ്പോഴും ആശ്ചര്യപ്പെട്ടു പോകാറില്ലേ? ഇതിന്റെ കാരണങ്ങളിലേക്കു വെളിച്ചം വീശുന്നതാണു പത്രോസിന്റെയും യൂദാസിന്റെയും അനുഭവങ്ങള്‍. ഓരോ ക്രിസ്തുശിഷ്യനെയും സമ്പൂര്‍ണമായ നുറുക്കത്തിന്റെ അവസ്ഥയില്‍ എത്തിച്ചശേഷം തന്റെ തിരുഹിതപ്രകാരം ഉപയോഗിക്കാനാണു ദൈവം ആഗ്രഹിക്കുന്നത്. ഒരുവന്റെ ക്രിസ്തീയ ജീവിതത്തിലെ പരാജയത്തെപോലും ദൈവം അതിന് ഉപാധിയാക്കുവാന്‍ ഇച്ഛിക്കുന്നു. ദൈവത്തിന്റെ ഈ പ്രവൃത്തിയോട് സഹകരിക്കുവാന്‍ തക്ക താഴ്മയുള്ള എല്ലാവര്‍ക്കും – അവരുടെ പതനം എത്ര വലുതായിക്കൊള്ളട്ടെ-രക്ഷയുണ്ടെന്നാണു പത്രോസിന്റെ അനുഭവം നമുക്കു നല്‍കുന്ന പാഠം.


തിന്മയോടു തോല്ക്കുകയോ?


സംഭവങ്ങളും പ്രതികരണങ്ങളും – ഇവ രണ്ടും ചേര്‍ന്നതാണു നമ്മുടെ ജീവിതം. ജീവിതത്തില്‍ എന്തെങ്കിലുമൊന്നു സംഭവിക്കുന്നു. അതിനോട് നമ്മള്‍ ചിന്ത, വാക്ക്, പ്രവൃത്തി എന്നിവകൊണ്ടു പ്രതികരിക്കുന്നു. ഇങ്ങനെയാണു നമ്മുടെ ഓരോ ദിവസത്തെയും ജീവിതം മുന്നോട്ടു പോകുന്നത്. അഥവാ സംഭവങ്ങളുടെയും അവയോടുള്ള പ്രതികരണങ്ങളുടെയും ആകെത്തുകയാണു ജീവിതമെന്നു പറയാം.

നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്നതു വാസ്തവത്തില്‍ വളരെക്കുറച്ചു മാത്രമേ ഉള്ളു. കൂടുതലും നമുക്ക് അവയോടുള്ള പ്രതികരണമാണ്. ”ജീവിതം എന്നു പറയുന്നതു 10% നിങ്ങള്‍ക്കു സംഭവിക്കുന്നതും 90% അതിനോടുള്ള നിങ്ങളുടെ പ്രതികരണവുമാണ്.” എന്ന സ്വിന്‍ഡോളിന്റെ വാക്കുകള്‍ ഓര്‍ക്കുക. ശരിയല്ലേ? ഒരാള്‍ നമുക്കെതിരെ എന്തെങ്കിലുമൊന്നു ചെയ്യുന്നു അല്ലെങ്കില്‍ പറയുന്നു. ഇതു മാത്രമാണ് ആ സമയത്തു നമ്മുടെ ജീവിതത്തില്‍ ‘സംഭവി’ക്കുന്നത്. എന്നാല്‍ അപ്പോഴേക്കും നമ്മള്‍ ചിന്തകളും സങ്കല്പങ്ങളുംകൊണ്ട് അതിനെതിരെ പ്രതികരിക്കാന്‍ തുടങ്ങുകയായി. തുടര്‍ന്ന് വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അതിനോടു പ്രതികരിക്കുന്നു. ചുരുക്കത്തില്‍ നാം യഥാര്‍ത്ഥത്തില്‍ അഭിമുഖീകരിക്കുന്ന കാര്യങ്ങള്‍ എന്താണ്? അവയോടുള്ള നമ്മുടെ പ്രതികരണം എന്താണ്? എന്നു വസ്തുതകളെ രണ്ടായി കാണുകയും അവ തമ്മിലുള്ള അനുപാതത്തില്‍ വലിയ അന്തരം ഉണ്ടാകാതെ സൂക്ഷിക്കുകയും ചെയ്താല്‍ അതിരുവിട്ടു പ്രതികരിക്കുന്നതില്‍ നിന്നു നമുക്കു രക്ഷ നേടുവാന്‍ കഴിയുകയില്ലേ?

അതുപോലെ ശ്രദ്ധേയമായ മറ്റൊരു കാര്യം ജീവിതത്തില്‍ ‘സംഭവി’ക്കുന്നതിനു മേല്‍ നമുക്കു നിയന്ത്രണമൊന്നുമില്ല എന്നതാണ്. കാരണം അതു വെളിയില്‍ നിന്നാണു നമ്മുടെ നേരേ വരുന്നത്. എന്നാല്‍ പ്രതികരണങ്ങളെ നമുക്കു നിയന്ത്രിക്കാം. അവ നമ്മുടെ ഉള്ളില്‍ നിന്നാണല്ലോ പുറപ്പെടുന്നത്. പ്രതികരണങ്ങള്‍ നമ്മില്‍ നിന്നു തന്നെയാണു പുറത്തുവരുന്നത് എന്നുള്ളതുകൊണ്ട് ഒരു സാഹചര്യത്തില്‍ ഒരു പ്രത്യേക രീതിയില്‍ പ്രതികരിക്കുന്നതിന് മറ്റാരുമല്ല നാം തന്നെയാണ് ഉത്തരവാദികള്‍. ഒരാള്‍ നമ്മോട് മോശമായി പെരുമാറിയതുകൊണ്ട് നാമും ആ മട്ടില്‍ പ്രതികരിക്കണമെന്നുണ്ടോ? ഇല്ല, നമുക്കു വ്യത്യസ്തമായി പ്രതികരിക്കുവാന്‍ കഴിയും. ഒരാള്‍ നമ്മോടു തെറ്റായി പെരുമാറി എന്നുള്ളത് നമ്മുടെ മോശമായ പ്രതികരണത്തിന് ഒഴികഴിവാകുമോ? ഇല്ല, നമ്മുടെ പ്രതികരണത്തിന് നാം മാത്രമാണ് ഉത്തരവാദികള്‍.

ഏതു പ്രകോപനത്തോടും നാം രണ്ടിലൊരു വിധത്തിലാണു പ്രതികരിക്കുന്നത്. ഒന്നുകില്‍ തിന്മയുടെ പക്ഷത്തുനിന്നുകൊണ്ട് തെറ്റായ നിലയില്‍. അല്ലെങ്കില്‍ നന്മയുടെ ഭാഗത്തുനിന്ന്, ഒരു യാഥാര്‍ത്ഥ ക്രിസ്ത്യാനിയെന്ന നിലയില്‍.

പലപ്പോഴും സംഭവങ്ങള്‍ക്കു പിന്നില്‍ നമ്മെ പ്രകോപിപ്പിക്കുന്ന വ്യക്തിയെ മാത്രം കാണുന്നതാണ് തെറ്റായി പ്രതികരിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ആ സംഭവത്തിന് പിന്നിലെ ദൈവപ്രവൃത്തിയെ കാണുവാന്‍ കഴിയുമെങ്കില്‍ നമ്മുടെ പ്രതികരണം വ്യത്യസ്തമാകും.

ബൈബിളിലെ പഴയനിയമത്തില്‍ നിന്ന് രണ്ട് ഉദാഹരണങ്ങള്‍ കാണുക.

ജീവിതത്തില്‍ ഒട്ടേറെ ദുഃഖകരമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരുവനാണ് യോസേഫ്. സ്വന്ത കുടുംബത്തില്‍ നേരിട്ട അവഹേളനം, ജീവനു നേരേ ഉയര്‍ന്ന ഭീഷണി, സ്വന്തസഹോദരന്മാരുടെ വഞ്ചന, അടിമജീവിതം, നിരപരാധിയായിട്ടും അപരാധിയായി മുദ്രകുത്തപ്പെട്ട അനുഭവം, കാരാഗൃഹവാസം… എന്നിങ്ങനെ എത്രയെത്ര സംഭവങ്ങള്‍! ഈ ദുരിതങ്ങളിലൂടെയെല്ലാം യോസേഫ് വലിച്ചിഴയ്ക്കപ്പെട്ടത് ആളുകളുടെ തെറ്റായ പെരുമാറ്റം മൂലമാണ്. എന്നാല്‍ ഇതില്‍, സ്വന്ത സഹോദരന്മാര്‍ കണ്ണില്‍ച്ചോരയില്ലാതെ തന്നോടു പെരുമാറിയതാകാം യോസേഫിനെ സ്വാഭാവികമായും ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചിരിക്കുക. വര്‍ഷങ്ങള്‍ കടന്നുപോയി. ഒടുവിലിതാ യോസേഫ് ഈജിപ്റ്റില്‍ ഫറവോനു രണ്ടാമനായി ദേശാധിപതിയായി വാഴുന്നു. ഇത്തരുണത്തിലാണ് ഒരിക്കല്‍ തന്നെ ദ്രോഹിച്ച സഹോദരന്മാര്‍ ആളറിയാതെ അഭയംതേടി യോസേഫിനെ സമീപിക്കുന്നത്. സഹോദരന്മാര്‍ ഒരിക്കല്‍ കാട്ടിയ കടുംകൈയ്ക്ക് പകരം വീട്ടത്തക്കവിധം പ്രതികരിക്കുവാന്‍ യോസേഫിന് കൈവന്ന കനകാവസരം. പക്ഷേ യോസേഫിന്റെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു. അവന്‍ അവരോട് പ്രതികാരം ചെയ്യാതെ ഹൃദയപൂര്‍വ്വം സഹോദരന്മാരെ സ്വാഗതം ചെയ്യുകയാണ്. നന്മയുടെ പക്ഷത്ത് നിന്നുകൊണ്ട് ഇങ്ങനെ മഹാമനസ്‌കതയോടെ പ്രതികരിക്കുവാന്‍ യോസേഫിനെ പ്രേരിപ്പിച്ചതെന്താണ്? യോസേഫിന്റെ തന്നെ വാക്കുകള്‍ കേള്‍ക്കുക: ”നിങ്ങള്‍ ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരന്‍ യോസേഫ് ആകുന്നു ഞാന്‍. എന്നെ ഇവിടെ വിറ്റതുകൊണ്ട് നിങ്ങള്‍ വ്യസനിക്കേണ്ട, വിഷാദിക്കയും വേണ്ട. ജീവരക്ഷയ്ക്കായി ദൈവം എന്നെ നിങ്ങള്‍ക്കുമുമ്പേ അയച്ചതാകുന്നു… ദൈവം എന്നെ നിങ്ങള്‍ക്കു മുമ്പെ അയച്ചിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അല്ല ദൈവം അത്രേ എന്നെ ഇവിടെ അയച്ചത് (ഉല്പ. 45:4,5,7).

ദൈവത്തിന്റെ ‘ഹൃദയപ്രകാരമുള്ള മനുഷ്യനായ’ ദാവീദിന്റെ ജീവിതത്തില്‍ നിന്നാണ് മറ്റൊരു സംഭവം. ദാവീദ് യിസ്രായേല്‍ രാജാവായി വാഴുമ്പോള്‍ മകന്‍ അബ്ശാലോമിന്റെ നേതൃത്വത്തില്‍ ഒരു അട്ടിമറി ശ്രമം നടക്കുന്നു. രാജാവ് സിംഹാസനം ഉപേക്ഷിച്ച് മരുഭൂമിയിലേക്ക് പലായനം ചെയ്യുന്നു. ഇങ്ങനെ രാജാവും പരിവാരങ്ങളും പ്രാണരക്ഷാര്‍ത്ഥം ഓടിപ്പോകുന്ന സന്ദര്‍ഭത്തിലിതാ ‘ഗ്രഹണ സമയത്തു ഞാഞ്ഞൂലും തലപൊക്കും’ എന്ന മട്ടില്‍ ശിമെയി എന്ന ഒരുവന്‍ ഒറ്റയ്ക്ക് ദാവീദിനെ ശപിച്ചും പൂഴിവാരിയെറിഞ്ഞുംകൊണ്ട് പുറപ്പെട്ടുവരുന്നു. രാജാവിനോടു കൂടെയുള്ളവര്‍ക്കെല്ലാം ശിമെയിയുടെ ശാപവാക്കുകള്‍ അസഹനീയമായി തോന്നി. ഒന്നും പ്രതികരിക്കാതെ രാജാവ് എന്തിനിതിങ്ങനെ കേട്ടിരിക്കുന്നു എന്നായി അവരുടെ സംശയം. ക്ഷമയ്ക്കും ഉണ്ടല്ലോ ഒരതിര്. അതുകൊണ്ട് ഒരൊറ്റവെട്ടിനു ശിമെയിയുടെ കഥകഴിച്ച് അവന്റെ വായടയ്ക്കട്ടേ എന്ന് അബീശായി എന്നൊരു വിശ്വസ്തന്‍ ദാവീദിനോടു ചോദിക്കുന്നു. പക്ഷേ ആ അവസരത്തില്‍ ദാവീദിന്റെ മറുപടി ഇങ്ങനെയാണ്: ”അവന്‍ ശപിക്കട്ടെ. ദാവീദിനെ ശപിക്ക എന്ന് യഹോവ അവനോടു കല്പിച്ചിരിക്കുന്നു… അവനെ വിടുവിന്‍. അവന്‍ ശപിക്കട്ടെ. യഹോവ അവനോടു കല്പിച്ചിരിക്കുന്നു. പക്ഷേ യഹോവ എന്റെ സങ്കടം നോക്കി ഇന്നത്തെ അവന്റെ ശാപത്തിനു പകരം എനിക്ക് അനുഗ്രഹം നല്‍കും” (2 ശമു. 16:10, 11,12)

തങ്ങള്‍ക്കു നേരിടേണ്ടി വന്ന സംഭവങ്ങളോട് നന്മയുടെ പക്ഷത്തുനിന്നു പ്രതികരിക്കുവാന്‍ യോസേഫിനും ദാവീദിനും ഇടയായത്, പ്രകോപനപരമായി പെരുമാറിയ വ്യക്തികള്‍ക്കപ്പുറം ആ സംഭവങ്ങളില്‍ ദൈവത്തിന്റെ കരങ്ങളെ അവര്‍ക്കു കാണുവാന്‍ കഴിഞ്ഞതുകൊണ്ടാണ്. അതുകൊണ്ടുതന്നെ തങ്ങളോടു മോശമായി പെരുമാറിയവരോട് അതേ നാണയത്തില്‍ പ്രതികരിക്കാതെ അവരെ ഇക്കാര്യത്തില്‍ ഉത്തരവാദിത്വമില്ലാത്തവരായി, സ്വതന്ത്രരായി, വിട്ടയപ്പാന്‍ അവര്‍ക്കു കഴിഞ്ഞു.

തിന്മയോടു തോല്ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുവാനാണ് നാമും വിളിക്കപ്പെട്ടിരിക്കുന്നത്

സുപ്രധാന സത്യം


സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ അവിടെ മൂന്ന് അത്ഭുതങ്ങള്‍ തന്നെ കാത്തിരിക്കുന്നുണ്ടാവുമെന്നു പറഞ്ഞത് ഡി.എല്‍ മൂഡിയാണ്. ”പാപികളില്‍ മുമ്പനായിരുന്ന ഞാന്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയതാണ് ഒന്നാമത്തെ അത്ഭുതം. രണ്ടാമത്തെ അത്ഭുതം സ്വര്‍ഗ്ഗത്തില്‍ കാണുമെന്നു വിചാരിച്ചിരുന്ന പലരേയും അവിടെ കാണുകയില്ല എന്നതാണ്. അവിടെ കാണുകയില്ലെന്നു വിചാരിച്ചിരുന്ന ചിലരെ അവിടെ കാണുമെന്നതാണു മൂന്നാമത്തെ അത്ഭുതം”

ഉവ്വ്, സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ പല കാര്യങ്ങളിലും നമുക്കു ഞെട്ടല്‍ ഉണ്ടാകും. ആളുകളെ സംബന്ധിച്ചു മാത്രമല്ല പല സുവിശേഷസത്യങ്ങളെക്കുറിച്ചും ഇതു ശരിയാണ്. നാം ഇന്ന് ഏറ്റവും പ്രധാനമെന്ന് കരുതുന്ന പല സത്യങ്ങളും ഉപദേശങ്ങളും പഠിപ്പിക്കലുകളും അവിടെ അപ്രധാനമായിരിക്കും. അതേസമയം ഇന്ന് അപ്രധാനമെന്നു കരുതുന്ന ചില സത്യങ്ങള്‍ അവിടെ സുപ്രധാനമാണെന്നു നാം ഞെട്ടലോടെ തിരിച്ചറിയും.

ഉദാഹരണത്തിന് താഴ്മയെക്കുറിച്ചു ചിന്തിക്കുക. ക്രിസ്തീയ ജീവിതത്തിന് ഏറ്റവും അനുപേക്ഷണീയമാണ് ഈ സത്യത്തോടുള്ള പ്രതിബദ്ധതയെന്ന് കരുതുന്നവര്‍ ഇന്ന് എത്രയോ ചുരുക്കമാണ്! സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് താഴ്ന്ന ക്ലാസ്സുകളില്‍ സാഹിത്യസമാജത്തിന് ‘ഗുരുഭക്തി’, ‘ഈശ്വരവിശ്വാസം’ എന്നിവയ്‌ക്കൊപ്പം ഒരു പ്രസംഗവിഷയത്തിനുകൊള്ളാം എന്നതിന് അപ്പുറത്ത് ‘താഴ്മ’യ്ക്ക് നിത്യജീവിതത്തില്‍ ഇന്ന് എന്തെങ്കിലും പ്രസക്തിയുണ്ടെന്നു ചിന്തിക്കുന്നവര്‍ തന്നെ വിരളം. ക്രിസ്തീയലോകത്തും ഈ സത്യത്തോടുള്ള മനോഭാവം ഏറെക്കുറെ ഇതുതന്നെ. അല്ലെങ്കില്‍ ഓര്‍ത്തുനോക്കൂ. ഏതെങ്കിലും സുവിശേഷവിഹിത സഭ,’ഞങ്ങള്‍ വിശ്വസിക്കുന്ന നൂറ്റൊന്ന് സത്യങ്ങള്‍’ എന്ന നിലയില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഉപദേശ പട്ടികയില്‍ നിങ്ങള്‍’താഴ്മ’ കണ്ടിട്ടുണ്ടോ? അവിടെ സ്ഥാനം പിടിച്ചിട്ടുള്ള അന്യഭാഷാഭാഷണം, സഹസ്രാബ്ദവാഴ്ച, മഹോപദ്രവം തുടങ്ങിയ നെടുങ്കന്‍ ഉപദേശവിഷയങ്ങളുടെ ഏഴയലത്തുപോലും വരാന്‍ യോഗ്യതയില്ലാത്ത പാവം ‘താഴ്മ’ എവിടെയോ അഗണ്യകോടിയില്‍ തള്ളപ്പെട്ടിരിക്കുകയാണ്!

വാസ്തവത്തില്‍ ബൈബിളിലെ ഏറ്റവും കാതലായ സത്യം താഴ്മയാണ്. മനുഷ്യനുവേണ്ടിയുള്ള ദൈവത്തിന്റെ രക്ഷാപദ്ധതിയും അധിഷ്ഠിതമായിരിക്കുന്നതു താഴ്മയിലാണ്. ഈ ലോകത്തില്‍ വിശ്വാസി നടക്കേണ്ടതും താഴ്മയുടെ പാതയില്‍ത്തന്നെ. എന്തുകൊണ്ടാണ് ദൈവപ്രവൃത്തിയില്‍ താഴ്മ ഇത്രത്തോളം പ്രധാനപ്പെട്ടതായിരിക്കുന്നത്? നിഗളവും മത്സരവുമാണ് ഏറ്റവും വലിയ പാപം എന്നുള്ളതുകൊണ്ടുതന്നെ.

മനുഷ്യന്റെ സൃഷ്ടിക്കും മുന്‍പേ പാപം ഉളവായത് നിഗളത്തിലൂടെയാണ്. ”ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറും. എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കു മീതേ വയ്ക്കും. ഉത്തരദിക്കിന്റെ അതിര്‍ത്തിയില്‍ സമാഗമപര്‍വ്വതത്തിന്മേല്‍ ഞാന്‍ ഇരുന്നരുളും. ഞാന്‍ മേഘോന്നതങ്ങള്‍ക്കും മീതെ കയറും. ഞാന്‍ അത്യുന്നതനോടു സമനാകും.” എന്നിങ്ങനെ ‘ഞാന്‍ ഞാന്‍’ എന്നു പറഞ്ഞ് അഹങ്കരിച്ചപ്പോള്‍ ലൂസിഫെര്‍ പിശാചായി മാറി. ലോകത്തില്‍ പാപം പ്രവേശിച്ചു.

ഈ പാപത്തില്‍ നിന്നു ലോകത്തെ വീണ്ടെടുക്കാന്‍ ദൈവം ശ്രമിച്ചപ്പോള്‍ നിഗളത്തിനു നേരേ എതിരായ താഴ്മയുടെ വഴി മാത്രമേ അവിടുത്തെ മുന്‍പിലുണ്ടായിരുന്നുള്ളു. അതുകൊണ്ട് ‘അവിടുന്നു ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു. മനുഷ്യസാദൃശ്യത്തിലായി. തന്നെത്താന്‍ താഴ്ത്തി മരണത്തോളം, ക്രൂശിലെ മരണത്തോളം തന്നെ അനുസരണയുള്ളവനായിത്തീര്‍ന്നു.’

‘ഉയരത്തിലേക്ക് കൂടുതല്‍ ഉയരത്തിലേക്ക്’ എന്നതാണു പാപത്തിന്റെ വഴി എങ്കില്‍ ‘താഴ്ചയിലേക്ക് കൂടുതല്‍ താഴ്ചയിലേക്ക്’ എന്നതാണു രക്ഷയുടെ പാത. ‘ഞാന്‍… എനിക്ക്’ എന്നതാണു പാപത്തിന്റെ മുദ്രാവാക്യം എങ്കില്‍ ‘ഞാനല്ല…’ എന്ന സ്വയനിഷേധത്തിന്റെ മന്ത്രണമാണ് രക്ഷയുടേത്. നേടിയെടുക്കാനും വിട്ടുകൊടുക്കാതിരിക്കാനുമുള്ള ചുരുട്ടിയ മുഷ്ടിയാണ് പാപത്തിന്റെ ചിഹ്നമെങ്കില്‍ വേണ്ടന്നു വയ്ക്കുവാനും വിട്ടുകളയുവാനുമുള്ള മനോഭാവത്തോടെ കുരിശില്‍ ആണിക്കായി വിരിച്ചുകൊടുത്ത തുറന്ന കൈപ്പത്തികളാണ് രക്ഷയുടെ പ്രതീകം. അതേ, താഴ്മയുടെ വഴിയിലാണ് ദൈവം നമുക്ക് രക്ഷ ഒരുക്കിവച്ചിട്ടുള്ളത്.

ഇന്ന് ഈ ലോകത്തില്‍ വിശ്വാസി നടക്കേണ്ടതും താഴ്മയുടെ വഴിയിലൂടെത്തന്നെയാണ്. ഈ ലോകത്തെ ഭരിക്കുന്ന തത്ത്വശാസ്ത്രം എപ്പോഴും ‘കൂടുതല്‍ ഉയരം കൂടുതല്‍ നേട്ടം’ എന്നതാണ്. ‘എങ്ങനെയും എനിക്കു വിജയിക്കണം. മുന്‍പിലെത്തണം’ എന്ന മത്സരത്തിന്റെ ചിന്താഗതിയാണ് ലോകത്തില്‍ എവിടെയും കാണുവാന്‍ കഴിയുന്നത്. ക്രിസ്തീയലോകത്തും സത്യത്തില്‍ ഇന്ന് ഇതേ ചിന്താഗതിക്കു തന്നെയല്ലേ മുന്‍കൈ കിട്ടിയിരിക്കുന്നത്? ‘വിജയം, നേട്ടം, എണ്ണം, ശുശ്രൂഷ, സമൃദ്ധി’ അതാണിന്ന് നിര്‍ഭാഗ്യവശാല്‍ ക്രിസ്തീയലോകത്തും മുഴങ്ങിക്കേള്‍ക്കുന്ന മുദ്രാവാക്യം. എന്നാല്‍ ക്രിസ്തു കാണിച്ചു തന്ന ക്രൂശിന്റെ വഴി ഇതാണോ? സ്വന്തന്യായം എടുത്തുകളഞ്ഞപ്പോഴും രോമം കത്രിക്കുന്നവരുടെ മുന്‍പാകെ മിണ്ടാതിരുന്ന കുഞ്ഞാടിനെപ്പോലെ നില്‍ക്കുകയല്ലേ അവിടുന്നു ചെയ്തത്? അവകാശത്തിനുവേണ്ടി പോരാടാതെ നീതിയായി വിധിക്കുന്നവങ്കല്‍ തന്നെത്താന്‍ ഭരമേല്പിക്കുകയല്ലേ അവിടുന്നു ചെയ്തത്? സ്വയം ന്യായീകരിക്കാതെ മൗനംകൊണ്ടു സ്വയംനിഷേധിച്ച് താഴ്മയുടെ വഴിയില്‍ ഉറച്ചു നില്ക്കുകയല്ലേ അവിടുന്നു ചെയ്തത്? ഈ ലോകത്ത് ഇന്ന് യഥാര്‍ത്ഥക്രിസ്തുശിഷ്യനും ഈ വഴിയിലാണ് അവിടുത്തെ കാല്‍ച്ചുവടു പിന്‍പറ്റേണ്ടത്. സ്വയനിഷേധത്തിന്റെ, ക്രൂശിന്റെ, താഴ്മയുടെ വഴിയാണ് ഈ ലോകത്തു ജീവിക്കുവാനായി ഗുരു അവനു തുറന്നുകൊടുത്തിട്ടുള്ളത്. ഈ ലോകവും ഇന്നത്തെ ക്രിസ്തീയഗോളവും പോകുന്നതിനു നേരേ എതിരേ താഴ്മയുടെ വഴിയില്‍ ഇന്നു ഗുരുവിനെ അനുഗമിക്കുന്നവന്‍ തനിക്കു തെറ്റുപറ്റിയിട്ടില്ലെന്ന് അന്ന് നിത്യതയില്‍ ആഹ്‌ളാദത്തോടെ കണ്ടെത്തും.

താഴ്മയെക്കുറിച്ചുള്ള ഈ സത്യം ദൈവം ഇന്നു ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറച്ച് ശിശുക്കള്‍ക്കാണു വെളിപ്പെടുത്തിയിരിക്കുന്നത്. ദൈവരാജ്യത്തെ ശിശു എന്നപോലെ അന്വേഷിക്കുന്നവര്‍ അത് കണ്ടെത്തും.

നാഥാ, നിനക്ക് ഇങ്ങനെയല്ലോ പ്രസാദമായത്!

ശുശ്രൂഷയെക്കുറിച്ച് ഒരു വ്യത്യസ്ത സന്ദേശം


അഞ്ച് അപ്പവും രണ്ടു മീനും. അതു വാഴ്ത്തി നുറുക്കി കൊടുത്തപ്പോള്‍ അയ്യായിരം പേര്‍ തൃപ്തരായി. ഏഴപ്പവും കുറെ ചെറുമീനും. അത് നുറുക്കികൊടുത്തപ്പോള്‍ നാലായിരം പേര്‍ക്കു തൃപ്തി വന്നു. യേശു ചെയ്ത സമാനസ്വഭാവമുള്ള രണ്ട് അത്ഭുതപ്രവൃത്തികള്‍. രണ്ടു രംഗങ്ങളിലും യേശുവിന്റെ പ്രവര്‍ത്തനവിധം ഒരുപോലെയാണ്-അപ്പം വാഴ്ത്തി നുറുക്കി ശിഷ്യന്മാരെ ഏല്പിച്ചു; പുരുഷാരം തൃപ്തരായി (മത്തായി. 14:19;20;15:36).

ജനത്തിനു തൃപ്തി വരണം. അവര്‍ അനുഗ്രഹിക്കപ്പെടണം അതിനായി ദൈവം എന്നെ കരങ്ങളിലെടുത്ത് ഉപയോഗിക്കണം- ഈ വാഞ്ഛയാണ് ഇന്നു ക്രിസ്തീയ ശുശ്രൂഷകര്‍ക്കെല്ലാം ഉള്ളത്. പക്ഷേ അനുഗ്രഹിക്കുന്ന ഒരു പ്രവൃത്തി ചെയ്യുന്നതിനു മുമ്പ് എപ്പോഴും യേശു ചെയ്ത ഒരു കാര്യമുണ്ട്. അവിടുന്ന് അതിനെ നുറുക്കി. നുറുങ്ങാത്ത ഒന്നിനെ ഒരു അനുഗ്രഹമാക്കിത്തീര്‍ക്കുവാന്‍ യേശുവിനു കഴിയുകയില്ല.

ക്രിസ്തീയശുശ്രൂഷയ്ക്കായി ഇന്നു ചാടിപ്പുറപ്പെടുന്നവരില്‍ ബഹുഭൂരിപക്ഷത്തിന്റേയും കണ്ണുകള്‍ക്കു മറഞ്ഞിരിക്കുന്ന മഹത്തായ ഒരു ദൈവികസത്യമാണിത്-നുറുക്കത്തിനുശേഷം മാത്രം അനുഗ്രഹം.

ഉവ്വ്, ദൈവത്തിന്റെ പ്രവര്‍ത്തനവിധം ഈ ലോകത്തിന്റെ രീതികള്‍ക്ക് നേരേ എതിരാണ്. ഉടഞ്ഞത്, തകര്‍ന്നത്, നുറുങ്ങിയത് ഒന്നും ഉപയോഗയോഗ്യമല്ല എന്നാണ് ലോകത്തിന്റെ കാഴ്ചപ്പാട്. ബലവും ശക്തിയും ഉള്ളത്, തകര്‍ന്നും നുറുങ്ങിയും പോകാത്തത് – അതാണ് ലോകത്തിനു വേണ്ടത്. എന്നാല്‍ സ്വന്ത ബലവും സ്വയ ശക്തിയും തകര്‍ന്ന് സ്വയജീവന്‍ നുറുങ്ങി നിസ്സഹായതയുടെ അടിത്തട്ടിലെത്തിയവരെയാണു കര്‍ത്താവിന് ആവശ്യമുള്ളത്. സ്വന്തബലവുമായി തന്നെ ശുശ്രൂഷിപ്പാന്‍ ഇറങ്ങുന്നവരെ, അവര്‍ സത്യസന്ധരാണെങ്കില്‍, ദൈവം ഒരു നുറുക്കത്തിലൂടെ കടത്തിവിടും. അവരുടെ സ്വയബലത്തിന്റെ അവസാനകണികയും തകര്‍ന്നു കഴിയുമ്പോള്‍ മാത്രം അവിടുന്ന് അവരെ അനുഗ്രഹമാക്കി മാറ്റും.

ദൈവം ഉപയോഗിച്ച എല്ലാ മനുഷ്യരുടേയും അനുഭവം ഇതാണ്. യിസ്രായേല്‍ ജനതയെ അടിമത്തത്തില്‍ നിന്നു വിടുവിച്ച, ചരിത്രത്തിലെ വലിയ വിമോചകനായ മോശെയുടെ കഥ എന്താണ്? ആ കാലത്തെ ലോകത്തിലെ ഏറ്റവും വലിയ വന്‍ശക്തി (Super Power) രാഷ്ട്രമായിരുന്നു ഈജിപ്റ്റ്. അവിടെ അധികാരത്തിന്റെ ഇടനാഴികളില്‍ ‘സകലജ്ഞാനവും അഭ്യസിച്ചു വാക്കിലും പ്രവൃത്തിയിലും സമര്‍ത്ഥനായിത്തീര്‍ന്ന്’ അടുത്ത ഫറവോനാകാന്‍ തയ്യാറെടുക്കുകയായിരുന്നു മോശെ. അപ്പോഴാണ് സ്വന്തജനത്തിന്റെ വിമോചനമാണ് തന്റെ ദൗത്യം എന്നു തിരിച്ചറിഞ്ഞ് അതിനായി ഇറങ്ങിപ്പുറപ്പെട്ടത്. പക്ഷേ സ്വന്തശക്തിയില്‍ ഊന്നിയുള്ള ആ പ്രവര്‍ത്തനത്തിന് ദൈവം അപ്പോള്‍ അവനെ അനുവദിച്ചില്ല. തുടക്കത്തില്‍ത്തന്നെ തിരിച്ചടികള്‍ നേരിട്ടു. ജീവരക്ഷാര്‍ത്ഥം മിദ്യാനിലേക്കു പലായനം ചെയ്യേണ്ടിവന്നു. അവിടെ നാല്പതുവര്‍ഷം അമ്മായിയപ്പന്റെ ആടുകളുടെ കാവല്ക്കാരനായും, കുടുംബനാഥനായും രണ്ട് കുഞ്ഞുങ്ങളുടെ പിതാവായും നാളുകള്‍ തള്ളി വിട്ടപ്പോള്‍ എന്തെല്ലാം തിക്താനുഭവങ്ങളാണ് അവന്‍ നേരിട്ടിരിക്കുക? നാല്പതുവര്‍ഷം പകലും രാവും നുറുക്കത്തിന്റെ ഏതെല്ലാം തലങ്ങളിലൂടെ അവന്‍ കടന്നുപോയിരിക്കണം? ഏതായാലും ആ വര്‍ഷങ്ങള്‍ അവനില്‍ പൂര്‍ണമായ ഒരു പ്രവൃത്തി ചെയ്തു. അതുകൊണ്ടാണ് ഒരിക്കല്‍ താന്‍ സ്വപ്നം കണ്ടിരുന്ന അതേ വിമോചകദൗത്യം നിര്‍വഹിക്കാനായി നാല്പതു വര്‍ഷത്തിനു ശേഷം ദൈവം മുള്‍പ്പടര്‍പ്പില്‍ പ്രത്യക്ഷനായി വിളിക്കുമ്പോള്‍ മോശെ ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുന്നത്. സ്വയബലത്തിന്റെ നെല്ലിപ്പലക കണ്ട മോശെ ”യിസ്രായേല്‍ മക്കളെ പുറപ്പെടുവിപ്പാന്‍ ഞാന്‍ എന്തു മാത്രമുള്ളു?…. ഞാന്‍ വാക്‌സാമര്‍ത്ഥ്യമുള്ളവനല്ല…. നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയയ്ക്കണമേ” എന്നെല്ലാം അവിടെ പറയുന്നത് കേവലം ഭംഗിവാക്കല്ല. അവന്‍ തീര്‍ത്തും നുറുങ്ങി സ്വന്തബലം നഷ്ടപ്പെട്ടവനായിക്കഴിഞ്ഞിരുന്നു… അതേ, സ്വന്ത ശക്തിയില്‍ വിശ്വാസം ഇല്ലാത്തവരെയാണ് ദൈവം ഉപയോഗിക്കുന്നത്.

ദൈവപ്രവൃത്തിയില്‍ നുറുക്കത്തിന്റെ പ്രസക്തിയെക്കുറിച്ച് ഈ മട്ടില്‍ സ്വന്തസാക്ഷ്യം പറയാന്‍ കഴിയുന്നവരാണ് പഴയനിയമ ഭക്തന്മാരായ യാക്കോബും ഇയ്യോബും ദാവീദും എല്ലാം. പുതിയനിയമത്തിലേക്കു വരുമ്പോള്‍ പത്രോസിനായാലും പൗലോസിനായാലും ഇതേ അനുഭവമാണ് പങ്കുവയ്ക്കാനുള്ളത്. ”ബലഹീനനായിരിക്കുമ്പോഴാണ് ഞാന്‍ ശക്തനായിരിക്കുന്നത്. അതുകൊണ്ട് ഞാന്‍ എന്റെ ബലഹീനതയില്‍ പ്രശംസിക്കും” എന്നെഴുതിയപ്പോള്‍ പൗലൊസ് ഈ സത്യത്തിന് അടിവരയിടുകയായിരുന്നു.

യേശുവിന്റെ ഭൂമിയിലെ ജീവിതവും ഈ ദൈവികപ്രമാണത്തിന് അപവാദം ആയിരുന്നില്ല. ‘നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയും കൊണ്ട്’ സഞ്ചരിച്ച മൂന്നരവര്‍ഷത്തെ അനുഗൃഹീതമായ പരസ്യജീവിതത്തിനു പിന്നില്‍ ഒരു ഗൃഹാന്തരീക്ഷത്തിന്റെ പിരിമുറുക്കത്തിലും പരിമിതമായ ജീവിതസാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിലും നുറുക്കപ്പെട്ട മുപ്പതുവര്‍ഷത്തെ രഹസ്യജീവിതം ഉണ്ടായിരുന്നു. ‘അവനെ തകര്‍ത്തു കളയുവാന്‍ യഹോവയ്ക്ക് ഇഷ്ടം തോന്നി.’ പുത്രനെപ്പോലും തകര്‍ത്തുകളയുവാന്‍ തയ്യാറായ പിതാവ് നിങ്ങളെ നുറുക്കുകയില്ലെന്നാണോ കരുതുന്നത്? ഇക്കാര്യത്തില്‍ സ്വന്തപുത്രനെപ്പോലും പിതാവ് ആദരിക്കാതിരുന്നെങ്കില്‍ നുറുക്കത്തെ ഒഴിവാക്കി ഒരു കുറുക്കുവഴിയിലൂടെ അവിടുന്നു നിങ്ങളെ അനുഗ്രഹകരമായ ഒരു ശുശ്രൂഷയിലേക്കു നടത്തുകയില്ലെന്നതു വ്യക്തമല്ലേ?

സ്വന്തബലത്തിലും സ്വാഭാവിക കഴിവുകളിലും ഊന്നി ക്രിസ്തീയ ശുശ്രൂഷകള്‍ക്ക് ഇറങ്ങിപ്പുറപ്പെടുന്നവര്‍ വേദികള്‍ കയ്യടക്കുന്നത് ഇന്ന് ഒരു സാധാരണ കാഴ്ചയാണ്. എന്നാല്‍ ബലം തനിക്കുള്ളതാണെന്നാണ് ദൈവം അരുളിച്ചെയ്യുന്നത് (സങ്കീ. 62:11). ദൈവം അരുളിച്ചെയ്ത ഇക്കാര്യം താന്‍ ‘രണ്ടു പ്രാവശ്യം കേട്ടിരിക്കുന്നു’ എന്നു ദാവീദു പറയുന്നു. ബലം നിങ്ങളുടേതല്ല പൂര്‍ണ്ണമായും ദൈവത്തിന്റേതാണെന്ന് നിങ്ങള്‍ ഒരുപക്ഷേ നേരത്തേ കേട്ടിട്ടുണ്ടാകും. എന്നാല്‍ അത് നിങ്ങളോടുള്ള വ്യക്തിപരമായ ഒരു പ്രത്യേക സന്ദേശമായി ഇന്നു വീണ്ടും കേട്ടിരുന്നെങ്കില്‍… ‘ശുശ്രൂഷ’ എന്ന വാക്കിന്റെ ശരിയായ അര്‍ത്ഥം ‘കേള്‍ക്കാനുള്ള ഇച്ഛ’ എന്നാണ് (‘ശ്രോതും ഇച്ഛ, ശുശ്രൂഷ,’ എന്നു സംസ്‌കൃത വൈയാകരണന്മാര്‍). ശുശ്രൂഷയെക്കുറിച്ചുള്ള ഈ സന്ദേശം നിങ്ങള്‍ ഇന്നു വ്യത്യസ്തമായ നിലയില്‍ രണ്ടാമത് ഒരുപ്രാവശ്യം കൂടി കേള്‍ക്കുമോ? ഇല്ലെങ്കില്‍ ‘ഞങ്ങള്‍ കേള്‍പ്പിച്ചത് ആര്‍ വിശ്വസിച്ചിരിക്കുന്നു?’ എന്ന യെശയ്യാപ്രവാചകന്റെ വിലാപം ഇന്നും പ്രസക്തമാണെന്നു പറയേണ്ടിവരും.

ആരാധനയും സ്തുതിയും


ക്രിസ്തീയ ലോകത്ത് ഇന്ന് ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേള്‍ക്കുന്ന വാക്ക് ഏതാണ്? സംശയമില്ല ‘ആരാധന’ തന്നെ. ഏറ്റവും കൂടുതല്‍ അര്‍ത്ഥശോഷണം സംഭവിച്ചിരിക്കുന്ന വാക്കോ? അതും മറ്റൊന്നല്ല. ഇന്ന് ‘എവിടെ ത്തിരിഞ്ഞങ്ങുനോക്കിയാലും’ അവിടെയെല്ലാം ‘ആരാധന’യാണ്. വ്യത്യസ്ത ക്രിസ്തീയ ആരാധനകള്‍, ആരാധനാ ഗാനങ്ങള്‍, അവയുടെ ഓഡിയോ കസെറ്റുകള്‍, ആരാധനയുടെ ദൃശ്യം പകര്‍ത്തിയ വീഡിയോ കസെറ്റുകള്‍, ആരാധനായോഗങ്ങളുടെ വാര്‍ത്തകള്‍, പരസ്യങ്ങള്‍, ‘പ്രെയ്‌സ് ആന്റ് വര്‍ഷിപ്പി’നെക്കുറിച്ചുള്ള അനൗണ്‍സ്‌മെന്റുകള്‍….. പക്ഷേ ആരാധനയുടെ ഈ കോലാഹലത്തിനിടയില്‍ എവിടെയോ യഥാര്‍ത്ഥ ആരാധന കൈമോശം വന്നുപോയതുപോലെ…

ക്രൈസ്തവ ദേവാലയങ്ങളിലെ ശുശ്രൂഷാക്രമങ്ങളുടെ അച്ചടി ഭാഷകളിലും പരമ്പരാഗത ആരാധനാരീതികളുടെ ചട്ടവട്ടങ്ങളിലും ദൈവസാന്നിധ്യബോധം അനുഭവിക്കാന്‍ കഴിയാതിരുന്ന പാവപ്പെട്ടവരും നിഷ്‌കളങ്കരുമായ സാധാരണക്കാരാണ് ചില വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരാധനകള്‍ക്കുവേണ്ടി വീടുകളില്‍ കൂടിവന്നിരുന്നത്. സമൂഹത്തിന്റെ കണ്ണില്‍ ഈ കൂട്ടായ്മകള്‍ക്ക് മാന്യത ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്നു കാലം മാറി. ആരാധന ഇന്ന് അത്ര മോശമായ ഒരു കാര്യമല്ല. അതിന് ഇന്ന് ഒരു അംഗീകാരം കൈവന്നിരിക്കുന്നു. ‘പ്രയ്‌സ് ദ ലോര്‍ഡിനും’, ‘ഹല്ലേലുയ്യാ’യ്ക്കും ഒരു കാലത്തുണ്ടായിരുന്ന താണനില ഇന്നില്ല! കരങ്ങളുയര്‍ത്തി സ്‌തോത്രം പറയുന്നതിലും കൈകൊട്ടിപാടുന്നതിലും ഇന്നു നാണക്കേടില്ല!

നഗരങ്ങളില്‍ വലിയ ബിസ്സിനസ്സുകളും കച്ചവടസ്ഥാപനങ്ങളും നടത്തുന്നവര്‍ പണ്ടൊക്കെ പകലത്തെ ജോലിതീര്‍ത്തശേഷം സായാഹ്നങ്ങള്‍ ബാറുകളിലാണ് ചെലവഴിച്ചിരുന്നതെങ്കില്‍ ഇന്ന് അവര്‍ സകുടുംബം കാറുകളില്‍ ചെന്നിറങ്ങുന്നത് ഒരു ആരാധനാ സ്ഥലത്തായിരിക്കും. അത്രയും നന്ന്. പക്ഷേ ഇവിടെ ന്യായമായ ഒരു സംശയം ഉയരുന്നു. ഈ ആരാധന അവരുടെ ജീവിതരീതിയെ, ജീവിതത്തോടുള്ള മനോഭാവത്തെ, ആഴത്തില്‍ സ്വാധീനിച്ചിട്ടില്ലെങ്കില്‍ ഇതും വാസ്തവത്തില്‍ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നുള്ള ഒരു ഒളിച്ചോട്ടം (ലരെമുശാെ) തന്നെയല്ലേ? ഒരു കാലത്ത് അവര്‍ പകല്‍ മുഴുവന്‍ പണം കുന്നുകൂട്ടാനും നികുതിവെട്ടിക്കാനും സര്‍ക്കാരിനെ കബളിപ്പിക്കാനും ചെലവഴിച്ചു. അതിനുശേഷം വൈകുന്നേരങ്ങള്‍ മദ്യഷാപ്പുകളില്‍ ചെലവിട്ടു. ഇന്നും പകല്‍ മുഴുവന്‍ പഴയ അതേ രീതി തുടരുന്നു. പണത്തോടുള്ള മനോഭാവത്തിലും മാറ്റമൊന്നുമില്ല. പക്ഷേ വൈകുന്നേരങ്ങള്‍ ചെലവഴിക്കുന്നത് ആരാധനായോഗങ്ങളിലാണെന്നു മാത്രം. ഇതാണ് യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്നതെങ്കില്‍ ‘ എന്റെ ഭര്‍ത്താവു കുടിനിര്‍ത്തി. ഇപ്പോള്‍ ആരാധനയ്‌ക്കൊക്കെ പോകുന്നുണ്ട്’ എന്നൊരു സംതൃപ്തി ഭാര്യയ്ക്കു നല്‍കി എന്നല്ലാതെ ദൈവമുന്‍പാകെ ഈ ആരാധന വിലപ്പോകുമോ? സുഹൃത്തേ, നിങ്ങളുടെ ആരാധന നിങ്ങളുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചിട്ടില്ലെങ്കില്‍, ഹൃദയത്തെ സ്പര്‍ശിച്ചിട്ടില്ലെങ്കില്‍, മനോഭാവങ്ങളെ നവീകരിച്ചിട്ടില്ലെങ്കില്‍, ഒരു അപ്രിയസത്യം ഞാന്‍ നിങ്ങളോടു പറയട്ടെ – നിങ്ങളുടെ ആരാധന യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള മറ്റൊരുതരം ഒളിച്ചോട്ടമാണ്. ഈ തൊലിപ്പുറമേയുള്ള ആരാധനകൊണ്ട് ഹൃദയങ്ങളേയും മനോഭാവങ്ങളേയും തൂക്കിനോക്കുന്ന ദൈവത്തെ കബളിപ്പിക്കുവാന്‍ കഴിയുകയില്ല.

യഥാര്‍ത്ഥ ആരാധന, ജീവിതത്തില്‍ നിന്നുവേറിട്ടു നില്ക്കുന്ന ഒന്നല്ല. അത് ജീവിതത്തിന്റെ ഭാഗമാണ്. അല്ലെങ്കില്‍ ജീവിതം തന്നെയാണ്. ദൈവമുന്‍പാകെയുള്ള ജീവിതമാണ് യഥാര്‍ത്ഥപ്രാര്‍ത്ഥന എന്നു പറയാറുണ്ട്. ആരാധനയും അതുതന്നെ. ”എന്നിലുള്ള എന്തെങ്കിലും ദൈവത്തിന് അപ്രീതികരമാണെന്നുണ്ടെങ്കില്‍ എന്റെ ആരാധന പൂര്‍ണ്ണമായും ദൈവത്തിന് പ്രസാദകരമായിരിക്കുകയില്ല” എന്നു പറഞ്ഞത് എ.ഡബ്ലിയൂ. ടോസറാണ്. ആരാധകനെ മാറ്റിനിര്‍ത്തിക്കൊണ്ട് ആരാധനയ്ക്കു മാത്രമായി ഒരു നിലനില്‍പ്പോ മൂല്യമോ ഇല്ലെന്നു സാരം. ”അതുകൊണ്ട് എന്റെ സഹോദരരേ, ദൈവത്തിന്റെ മനസ്സലിവ് മുന്‍നിര്‍ത്തി ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു: നിങ്ങളുടെ ആത്മീയ ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ ജീവനുള്ള ബലിയായി സമര്‍പ്പിക്കുക. ഈ ലോകത്തിന് അനുരൂപരാകാതെ, നിങ്ങളുടെ മനസ്സിനെ നവീകരിച്ചു രൂപാന്തരപ്പെട്ട്, ദൈവഹിതം എന്തെന്ന്, നന്മയായതും സ്വീകാര്യമായതും പൂര്‍ണമായതും എന്തെന്ന്, തിരിച്ചറിയുക” (റോമ 12;1,2) എന്ന പൗലോസിന്റെ ഉദ്‌ബോധനത്തിന്റെ പൊരുളും മറ്റൊന്നല്ല.

ഈ ഉദ്‌ബോധനം ഹൃദയത്തില്‍ ഏറ്റെടുത്താല്‍ നമ്മുടെ ഭൗതികജീവിതവും ആത്മീയജീവിതവും പിന്നെ രണ്ടായിരിക്കുകയില്ല. ആരാധനാവേളയും ആരാധിക്കാത്ത നേരവും എന്നു സമയത്തെ രണ്ടായിതിരിക്കുവാന്‍ കഴിയുകയില്ല. താന്‍ ‘അടുക്കളയില്‍ പാത്രം കഴുകുമ്പോഴും ദൈവാലയത്തില്‍ ആരാധനയില്‍ പങ്കെടുക്കുമ്പോഴും ഒരേപോലെ ദൈവസാന്നിധ്യം അനുഭവിച്ചിരുന്നു’ എന്നു സാക്ഷ്യം പറഞ്ഞ വിശുദ്ധനാണ് ലൊറെയ്‌നിലെ നിക്കോളാസ് ഹെര്‍മ്മന്‍ അഥവാ ബ്രദര്‍ ലോറന്‍സ്. മരണത്തിന്റെ അവസാനമണിക്കൂറില്‍ ഒരാള്‍ അദ്ദേഹത്തോട് ‘മരണം മെല്ലെ സമീപിക്കുന്ന ഈ സമയത്ത് മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകളെന്താണ്?’ എന്നു ചോദിച്ചു. ബ്രദര്‍ ലോറന്‍സിന്റെ മറുപടി: ”നിത്യത മുഴുവന്‍ ഞാന്‍ എന്താണോ ചെയ്യാന്‍പോകുന്നത് അതുതന്നെയാണ് ഞാനിപ്പോള്‍ ചെയ്യുന്നത് – ദൈവത്തെ സ്തുതിക്കുക; എന്റെ മുഴുഹൃദയത്തിലെ സ്‌നേഹത്തോടെയും തന്നെ ആരാധിക്കുക. സ്വര്‍ഗ്ഗത്തില്‍ ഇതായിരിക്കും നമ്മുടെ ഒരേയൊരു ജോലി-മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ തന്നെ മാത്രം സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുക.”

എപ്പോഴും ആരാധന നടക്കുന്ന സ്ഥലമാണ് സ്വര്‍ഗ്ഗം. അവിടെ വിലയില്ലാത്തതൊന്നും ഇവിടെ ഭൂമിയിലും ബ്രദര്‍ ലോറന്‍സിന് വിലയുള്ളതായിരുന്നില്ല. നിത്യതയുടെ വെളിച്ചത്തില്‍ ഈ ലോകത്തില്‍ ജീവിച്ചിരുന്ന അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇവിടുത്തെ ആരാധനാനിര്‍ഭരമായ ജീവിതത്തിന്റെ തുടര്‍ച്ച മാത്രമാണ് നിത്യതയിലെ ജീവിതവും.

ഈ മട്ടില്‍ ഇന്ന് ഭൂമിയില്‍ ആരാധകരായിരിപ്പാന്‍ നമുക്കു കഴിയുമോ? സമര്‍പ്പിതമായ, ക്രൂശിതമായ ഒരു ജീവിതത്തില്‍നിന്നുയരുന്നതാണ് ആരാധന. ഈ ആരാധനയുടെ മനോഭാവത്തില്‍ നിന്ന് ഉത്ഭവിക്കുന്നതു മാത്രമാണ് യഥാര്‍ത്ഥമായ സ്തുതിയും സ്‌തോത്രവും. തങ്ങളെത്തന്നെ വിശുദ്ധവും സ്വീകാര്യവുമായ ജീവനുള്ള ബലിയായി അര്‍പ്പിക്കുന്നവര്‍ കൂടിവരുമ്പോള്‍ അവര്‍ക്ക് തങ്ങളുടെ ആരാധനയുടെ ബഹുര്‍സ്ഫുരണങ്ങളായ സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും അര്‍ത്ഥവത്തായി ദൈവത്തെ സ്തുതിപ്പാന്‍ കഴിയും. വിശുദ്ധരായ അവരുടെ സ്തുതികളിന്മേലാണ് യിസ്രായേലിന്റെ ‘പരിശുദ്ധന്‍’ വസിക്കുന്നത്.

ഈ യഥാര്‍ത്ഥ ആരാധനയേയും സ്തുതിയേയും ഈ കാലഘട്ടത്തില്‍ വെള്ളം ചേര്‍ത്ത് എത്രയും നേര്‍പ്പിക്കുവാനുള്ള സാത്താന്റെ തന്ത്രങ്ങളെ നിങ്ങള്‍ തിരിച്ചറിയുമോ?


ശിഷ്യത്വത്തിന്റെ ഒറ്റയടിപ്പാത


”ക്രിസ്തു ഒരുവനെ വിളിക്കുമ്പോള്‍ കടന്നുവന്നു മരിക്കുവാനായിട്ടാണ് അവനെ വിളിക്കുന്നത്” ഒരു ‘ചാരുകസേരക്രിസ്ത്യാനി’യുടെ (Arm Chair Christian) വാക്കുകളല്ല ഇവ. മറിച്ച് യേശുവിന്റെ വിളികേട്ട് തന്നെ അനുഗമിക്കുവാന്‍ ഇറങ്ങിത്തിരിച്ച് ശിഷ്യത്വത്തിന്റെ വഴിത്താരയെ സ്വന്ത ജീവരക്തം കൊണ്ടു ചുവപ്പിച്ച ഒരു രക്തസാക്ഷിയുടേതാണ് ഈ പ്രസ്താവന. ഒരു ശരാശരിവിശ്വാസിയെ അമ്പരപ്പിക്കുന്ന ഈ വാക്യം, ഹിറ്റ്‌ലറുടെ ജര്‍മനിയില്‍ ക്രിസ്തുവിനുവേണ്ടി മരിച്ച ഡീറ്റ്‌റിച്ച് ബോണ്‍ ഹോഫറുടെ തൂലികയില്‍ നിന്ന് ഉതിര്‍ന്നതാണ്. ഗ്രന്ഥത്തിന്റെ പേര്: ‘ശിഷ്യത്വത്തിന്റെ വില’

സത്യം. ശിഷ്യത്വത്തിന് ഒരു വിലകൊടുക്കേണ്ടതുണ്ട്. അത് സ്വന്തജീവനില്‍ കുറഞ്ഞ ഒന്നല്ല. അല്ലെങ്കില്‍ യേശുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: ”ഒരുവന്‍ എന്റെ അടുക്കല്‍ വരികയും തന്റെ അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരിമാരെയും സ്വന്തജീവനെത്തന്നെയും വെറുക്കാതിരിക്കുകയും ചെയ്യുന്നുവെങ്കില്‍ അവന് എന്റെ ശിഷ്യനായിരിക്കുവാന്‍ സാധ്യമല്ല. തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കാത്തവനും എന്റെ ശിഷ്യനായിരിക്കുവാന്‍ സാധ്യമല്ല…. അതുപോലെതന്നെ നിങ്ങളില്‍ ആരെങ്കിലും തനിക്കുള്ളതെല്ലാം വിട്ടുകളയുന്നില്ലെങ്കില്‍ അവന് എന്റെ ശിഷ്യനായിരിക്കുവാന്‍ സാധ്യമല്ല” (ലൂക്കോ. 14:26, 27, 33).

തന്റെ അടുക്കല്‍ വരുന്നവരെ യേശു ശിഷ്യത്വത്തിന്റെ ഇടുങ്ങിയ വഴിയിലേക്കാണ് വിളിക്കുന്നത്. ശിഷ്യത്വത്തിന്റെ ഈ വഴി ഒരു ഒറ്റയടി പ്പാതയാണ്. അപ്പനും അമ്മയും ഭാര്യയും മക്കളും സഹോദരന്മാരും സഹോദരിമാരും എല്ലാവരും ഒത്ത് കൂട്ടമായി നടക്കുവാന്‍ ഈ വഴിക്കു വീതി പോരാ. അതുപോലെ സ്വന്തമായുള്ളതെല്ലാം എടുത്തുകൊണ്ടു നടപ്പാനും ഈ വഴിക്കു വിശാലതയില്ല. തീര്‍ന്നില്ല. ഇതിലും ഒരുപടികൂടി കടന്ന് ഈ വഴിത്താരയില്‍ നാം ഒന്നിനെ നിരസിക്കുകയും മറ്റൊന്നിനെ സ്വീകരിക്കുകയും വേണം. നാം നിരസിക്കേണ്ടത് നമ്മുടെ സ്വന്ത ജീവനെയാണ്. നാം സ്വീകരിക്കേണ്ടത് നമ്മുടെ ക്രൂശിനെയും.

സ്വന്തജീവന്‍ എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് കേവലം നമ്മുടെ ജീവനല്ല. നമ്മെ നാമാക്കുന്ന നമ്മുടെ അഹന്തയെ മുഴുവനുമാണ്. ഈ അഹന്തയെ നിഷേധിക്കുന്നത് ഒരര്‍ത്ഥത്തില്‍ നമ്മുടെ മരണം തന്നെയാണ്. സ്വന്തജീവനെ നേടുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മരണത്തെ ഒഴിവാക്കുവാന്‍ പരമാവധി ശ്രമിക്കും. ഇവിടെയാണ് ക്രിസ്തുവിന്റെ വിളി പ്രസക്തമാകുന്നത് (‘ക്രിസ്തു ഒരുവനെ വിളിക്കുമ്പോള്‍ കടന്നുവന്നു മരിക്കുവാനായിട്ടാണ് അവനെ വിളിക്കുന്നത്’ എന്ന ബോണ്‍ ഹോഫറുടെ വാക്കുകള്‍ ഓര്‍ക്കുക) ശിഷ്യത്വത്തിനു കൊടുക്കേണ്ട വിലയും ഇതുതന്നെ.

ശിഷ്യത്വത്തിന്റെ വില കൊടുക്കുവാന്‍ തയ്യാറില്ലാത്തവര്‍, സ്വന്തജീവനെ സംരക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ – ഇവര്‍ ശിഷ്യന്മാരല്ല കേവലം ‘വിശ്വാസി’കളാണ്. ബൈബിളില്‍ പറഞ്ഞിരിക്കുന്നത് എല്ലാം ശരിയാണെന്നു ബുദ്ധിപരമായി സമ്മതിക്കുന്ന ‘വിശ്വാസി’കള്‍. തനിക്കുള്ളവരെയും സ്വയത്തെയും പകെയ്ക്കുകയും തനിക്കുള്ളതിനെ ഉപേക്ഷിക്കുകയും ചെയ്യുന്ന ശിഷ്യത്വത്തിന്റെ കഠിനപാതയെ അവര്‍ക്കു ഭയമാണ്. അതിനു കൊടുക്കേണ്ട വില വളരെ കൂടുതലാണെന്ന് അവര്‍ ചിന്തിക്കുന്നു. ഇത്ര വലിയ വില കൊടുക്കാതെ എളുപ്പവഴിയിലൂടെ നടക്കുന്ന ‘വിശ്വാസി’കളായിരിക്കാന്‍ കഴിയുമല്ലോ എന്നവര്‍ ആശ്വസിക്കുന്നു. യേശുവിനെ അനുഗമിക്കുന്നവര്‍ക്ക് വരുവാനുള്ള ലോകത്തില്‍ ലഭ്യമാകുന്ന നന്മകളൊന്നും നഷ്ടപ്പെടുത്തുവാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അതേസമയം ഇന്നത്തെ ലോകത്തില്‍ ലഭിക്കുന്ന നേട്ടങ്ങളൊന്നും കൈവിട്ടുകളയുവാനും അവര്‍ തയ്യാറല്ല. ‘കക്ഷത്തിലിരിക്കുന്നതു പോകാതെ ഉത്തരത്തിലിരിക്കുന്നത് എടുക്കാന്‍’ ശ്രമിക്കുന്ന ഇവരോട് സഹതപിക്കുകയല്ലാതെ മറ്റെന്താണു ചെയ്യാനാവുക?

സത്യത്തില്‍ അനുരഞ്ജനക്കാരനായ ക്രിസ്ത്യാനിയോളം സഹതാപം അര്‍ഹിക്കുന്ന മറ്റൊരു മനുഷ്യജീവിയും ഭൂമുഖത്തുണ്ടെന്നു തോന്നുന്നില്ല. ഒരേസമയം രണ്ടു തോണിയില്‍ കാലു ചവിട്ടാനാണ് അവന്‍ ശ്രമിക്കുന്നത്. ഫലം ലോകമനുഷ്യന്‍ കൈയാളുന്ന സുഖങ്ങളൊന്നും അവനു പൂര്‍ണ്ണമായി അനുഭവിക്കുവാന്‍ കഴിയുന്നുമില്ല; യഥാര്‍ത്ഥ ക്രിസ്തുശിഷ്യര്‍ക്കു ലഭ്യമായ സൗഭാഗ്യങ്ങളൊന്നും എത്തിപ്പിടിക്കുവാന്‍ സാധിക്കുന്നുമില്ല. അനുരഞ്ജനക്കാരനായ ഒരു ക്രിസ്ത്യാനിയായിരിക്കുന്നതിന്റെ മനസ്സാക്ഷിക്കുത്തു വേറെയും. ഉഷ്ണവാനോ ശീതവാനോ ആയിരുന്നെങ്കില്‍ ഇവനെക്കുറിച്ചു പ്രതീക്ഷയ്ക്കു വകയുണ്ടായിരുന്നു.

അനുരഞ്ജനത്തിന്റെ കറുത്ത ചെളിയിലൂടെ യേശുവിന്റെ ക്രൂശിനെ വലിച്ചിഴച്ചുകൊണ്ടുപോകുന്ന ശീതോഷ്ണവാന്മാരായ വിശ്വാസികളെ ഈ നിലയില്‍ എത്തിച്ചതില്‍ ഇന്നത്തെ സുവിശേഷീകരണത്തിനും ഒരു വലിയ പങ്കില്ലേ? തീര്‍ച്ചയായും ഉണ്ട്.ശിഷ്യത്വത്തിലേക്ക് ആളുകളെ നയിക്കാത്ത ഒരു രക്ഷയെ പ്രഘോഷിച്ചതിന്റെ പരിണത ഫലമാണിത്. ക്രൂശില്ലാത്ത ഒരു ക്രിസ്തീയതയെ വിളംബരം ചെയ്തതിന്റെ അനിവാര്യമായ ദുരന്തം. ഇതുമൂലം ക്രിസ്തീയഗോളത്തില്‍ ഇന്ന് യഥാര്‍ത്ഥ ശിഷ്യന്മാരുടെ എണ്ണം കുറയുന്നു. അനുരഞ്ജനക്കാരായ വിശ്വാസികളുടെ എണ്ണം പെരുകുന്നു.

പിറക്കുവാന്‍ പോകുന്ന ഇരുപതാം നൂറ്റാണ്ടിനെനോക്കി നൂറുവര്‍ഷങ്ങള്‍ക്കപ്പുറം വില്യം ബൂത്ത് പറഞ്ഞ പ്രസിദ്ധമായ ഒരു വാക്യമുണ്ട്.

”ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും വലിയ അപകടം ഇതായിരിക്കും:
പരിശുദ്ധാത്മാവില്ലാതെ മതം.
ക്രിസ്തുവില്ലാതെ ക്രിസ്തീയത.
അനുതാപമില്ലാതെ പാപക്ഷമ.
വീണ്ടും ജനനമില്ലാതെ രക്ഷ.
നരകം ഇല്ലാതെ സ്വര്‍ഗ്ഗം.”

ഇരുപത്തൊന്നാം നൂറ്റാണ്ടിനെ സംബന്ധിച്ചും ഇത് എത്രയോ ശരി! അല്ലേ? ഇവിടെയാണു ശിഷ്യത്വത്തിലേക്കുള്ള വിളിയുടെ പ്രസക്തി; കടന്നുവന്നു മരിക്കുവാനുള്ള ആഹ്വാനത്തിന്റെയും.

അനുതാപത്തെ അവഗണിക്കരുത്


വെയിത്സിലെ ഉണര്‍വ്വിന് ദൈവം ഉപയോഗിച്ച ചെറുപ്പക്കാരന്‍ ഇവാന്‍ റോബര്‍ട്ട്‌സിന്റെ ജീവിതത്തെക്കുറിച്ച് വളരെ കുറച്ചേ നമുക്കറിയുകയുള്ളൂ. പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് എന്നും അകന്നു നില്ക്കാന്‍ ആഗ്രഹിച്ച ആ ഖനിത്തൊഴിലാളി ഒരിക്കലും ഒരു അഭിമുഖത്തിന് ഇരുന്നുകൊടുക്കുകയോ സദസ്സില്‍ നിന്നു മാറി വേദിയില്‍ ഒരു ഇരിപ്പിടം കണ്ടെത്തുകയോ ചെയ്തിട്ടില്ലത്രേ. അറിയപ്പെടാത്ത ഏതോ പശ്ചാത്തലത്തില്‍ നിന്നു കടന്നുവന്ന് വെയിത്സിലെ ഉണര്‍വ്വിന്റെ സമയത്ത് പൊടുന്നനെ ശ്രദ്ധാകേന്ദ്രമാവുകയും ഉണര്‍വ്വിനു ശേഷം വീണ്ടും ജനശ്രദ്ധയില്‍ നിന്ന് വന്നപോലെ അകന്നുപോകുകയും ചെയ്ത ഒരു ദൈവഭൃത്യന്‍. അതുകൊണ്ടുതന്നെ ഇവാന്‍സിന്റെ ജീവിതത്തില്‍ സംഭവിച്ച ഏറെ കാര്യങ്ങളും നമുക്ക് അജ്ഞാതമാണ്. എങ്കിലും ആത്മികസത്യങ്ങളെ തൊട്ടറിഞ്ഞിരുന്ന ദൈവപുരുഷനെന്ന നിലയില്‍ അദ്ദേഹത്തോട് യഥാര്‍ത്ഥ ക്രിസ്തീയത സംബന്ധിച്ച് ചിലര്‍ ചോദിച്ച ചോദ്യങ്ങളും അതിന് അദ്ദേഹം നല്‍കിയ മറുപടികളും പലയിടത്തുനിന്നായി നമുക്കു വീണുകിട്ടിയിട്ടുണ്ട്. അത്തരം ഒരു ചോദ്യവും മറുപടിയും ഇങ്ങനെയാണ്:

പ്രതീക്ഷയ്‌ക്കൊത്ത് തനിക്ക് ഒരു ആത്മിക വളര്‍ച്ച ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്ന് ഒരാള്‍ ഇവാന്‍ റോബര്‍ട്ട്‌സിനോടു ചോദിച്ചു. ഒരു മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ മറുപടി: ”നിങ്ങള്‍ നിങ്ങളുടെ തെറ്റുകള്‍ ഏറ്റവും ഒടുവില്‍ ഏറ്റുപറഞ്ഞത് എന്നാണ്?’ ഇവാന്‍ റോബര്‍ട്ട്‌സ് എന്താണര്‍ത്ഥമാക്കിയതെന്ന് ആദ്യം അയാള്‍ക്കു മനസ്സിലായില്ല. ദിവസവും, ഭക്ഷണം കഴിക്കുന്നതുപോലെ, തെറ്റുകള്‍ ഏറ്റുപറയുകയോ? അതിന്റെ ആവശ്യം എന്താണ്? താന്‍ ഒരിക്കല്‍ അനുതപിച്ച് മനംതിരിഞ്ഞിട്ടുള്ളവനാണല്ലോ…പക്ഷേ ക്രമേണ ഇവാന്‍ റോബര്‍ട്ട്‌സ് എന്താണര്‍ത്ഥമാക്കിയതെന്ന് അയാള്‍ക്കു മനസ്സിലായി. തന്റെ തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു ക്രിസ്ത്യാനിയാണു വളര്‍ച്ചപ്രാപിക്കുന്നത്. ദൈവത്തോടു തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ ദൈവത്തോട് ഏറ്റുപറയണം. മനുഷ്യരോടു തെറ്റുചെയ്തിട്ടുണ്ടെങ്കില്‍ അവരോട് ക്ഷമയാചിക്കണം. അനുതാപത്തിന്റെ ഒരു ഹൃദയം ഉള്ളവര്‍. ഹൃദയത്തില്‍ എപ്പോഴും ഒരു നിലവിളി സൂക്ഷിക്കുന്നവര്‍… ആത്മീയ പുരോഗതിയുടെ പാത അവര്‍ക്കുള്ളതാണ്.

അനുതാപം, പശ്ചാത്താപം, മാനസാന്തരം – ഇവയൊക്കെ ഇന്നു ക്രിസ്തീയ ഗോളത്തില്‍ ഏറെക്കുറെ അന്യംനിന്നുപോയ വാക്കുകളാണ്. ‘ഏക ഉത്തരം ക്രിസ്തു’ എന്നു വലിച്ചു കെട്ടിയിരിക്കുന്ന ബാനറിനു മുന്നില്‍ പ്ലാറ്റ് ഫോമില്‍ നിന്നുകൊണ്ട് പൊതുജനത്തോടു പ്രസംഗിക്കുന്ന സുവിശേഷകന്‍ ആവശ്യപ്പെടുന്നത് ‘ക്രിസ്തുവില്‍ വിശ്വസിക്ക മാത്രം’ ചെയ്യുവാനാണ്. ക്രിസ്തുവിന് അനുകൂലമായി കൈ ഉയര്‍ത്തുക. അവിടുന്നു രക്ഷകനാണെന്ന സത്യത്തിനു ബുദ്ധിപരമായ ഒരു സമ്മതം രേഖപ്പെടുത്തുക. അവിടുന്ന് എല്ലാറ്റിനും പരിഹാരം വരുത്തും എന്നു വെറുതെ ചിന്തിക്കുക…. അതോടെ പ്രശ്‌നങ്ങള്‍ക്കെല്ലാം ഉത്തരമായി. പാപത്തില്‍ നിന്നു മോചനമായി. ബന്ധനങ്ങളില്‍ നിന്നു വിടുതലായി….”ഇനി സമാധാനത്തോടെ പോക. നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു!”

ഒരു പുതിയ ഉല്‍പന്നം മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്ന സെയില്‍സ്മാനെപ്പോലെയാണ് ഇവിടെ സുവിശേഷകന്‍. ഉല്‍പന്നം വാങ്ങുമ്പോള്‍ ഗുണഭോക്താവിനു ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് സെയില്‍സ്മാന്‍ വാചാലനാകുന്നു. അതുപോലെ യേശുവിനെ അംഗീകരിക്കുമ്പോള്‍ ലഭ്യമാകുന്ന പ്രയോജനങ്ങളിലാണ് സുവിശേഷകനും ഊന്നുന്നത്. ഇവിടെ ‘ക്രിസ്തു നിങ്ങള്‍ക്കുവേണ്ടി’ എന്നതാണു സുവിശേഷകന്റെ നിലപാട്. എന്നാല്‍ ‘നിങ്ങള്‍ ക്രിസ്തുവിനുവേണ്ടി’ എന്നതായിരുന്നു ദൈവത്തിങ്കലേക്കുള്ള മാനസാന്തരം പ്രസംഗിച്ച ഒന്നാം നൂറ്റാണ്ടിലെ അപ്പോസ്തലന്മാരുടെ നിലപാട്.

യേശുക്രിസ്തുവിനുവേണ്ടി തന്നേയും തനിക്കുള്ളതിനെയും പൂര്‍ണമായി സമര്‍പ്പിക്കുകയും അവിടുന്നു രക്ഷകനും കര്‍ത്താവുമെന്ന് ഏറ്റുചൊല്ലുകയും ചെയ്യുമ്പോഴാണ് ഒരുവന്‍ താന്‍ ‘ക്രിസ്തുവിനുവേണ്ടി’ എന്ന നിലപാടില്‍ എത്തിച്ചേരുന്നത്. പാപങ്ങളെക്കുറിച്ചുള്ള ഹൃദയത്തകര്‍ച്ചയും നിലവിളിയും ഇതിന്റെ ഭാഗമാണ്. പാപബോധവും ദൈവികദു:ഖവും ഒപ്പം വിശ്വാസവും യഥാര്‍ത്ഥമാനസാന്തരത്തിലേക്കു തന്നെ ഒരുവനെ നയിക്കും.

എന്നാല്‍ യേശുക്രിസ്തുവില്‍ വിശ്വസിച്ചാലുള്ള ‘പ്രയോജനം’ കണക്കിലെടുത്ത് ഒരു പുതിയ ഉല്‍പന്നം വാങ്ങുന്ന ലാഘവത്തോടെ തന്നെ അംഗീകരിക്കുക മാത്രം ചെയ്താല്‍ ആ നിലപാടില്‍ എവിടെയാണു പാപബോധം? അനുതാപം? ഏറ്റുപറച്ചില്‍? നിലവിളി? ചെയ്തുപോയ അതിക്രമങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുമെന്ന നിര്‍ണയം? ”കണ്ടാലും സകലവും പുതുതായിരിക്കുന്നു” എന്ന അനുഭവം?

അനുതാപം എന്തെന്നറിയാത്ത ‘മാനസാന്തരങ്ങള്‍’ അരങ്ങു വാഴുന്ന ഇക്കാലത്ത് മാനസാന്തരത്തിനുശേഷവും ദൈവികമായ ഒരു ദു:ഖം ഹൃദയത്തില്‍കൊണ്ടു നടക്കേണ്ടതിനെക്കുറിച്ച് ഇനി എന്താണു പറയുക? യഥാര്‍ത്ഥമായി രക്ഷയിലേക്കു വന്നു എന്ന് അവകാശപ്പെടുന്ന പലര്‍ക്കും ഇന്ന് അനുതാപം ഒരു ഭൂതകാല അനുഭവം മാത്രമാണ് – പണ്ടെങ്ങോ രക്ഷിക്കപ്പെട്ടപ്പോള്‍ ഉണ്ടായ കണ്ണു നനഞ്ഞ ഒരനുഭവം. ഒരു ഗദ്ഗദം. ഹൃദയത്തിന്റെ ഒരു വിങ്ങല്‍. നെഞ്ചില്‍ നിന്നുയര്‍ന്ന ഒരു തേങ്ങല്‍. ഒറ്റപ്പെട്ട ഒരു കരച്ചില്‍. തീര്‍ന്നു. ഇന്നോ? ഇന്നവര്‍ തങ്ങളില്‍ തന്നെ ശക്തരായിരിക്കുന്നു. സ്വന്തമായ അഭിപ്രായങ്ങളും പിടിവാശികളും ഉള്ളവര്‍. പരിശുദ്ധാത്മാവിന്റെ തൂവല്‍സ്പര്‍ശത്തിനു മുമ്പില്‍ അവരുടെ ഹൃദയം പിടഞ്ഞുണരുന്നില്ല. പാറയെ തകര്‍ക്കുന്ന ചുറ്റികപോലെയുള്ള ദൈവവചനത്തിന്റെ ശക്തമായ ഇടപെടലുകള്‍ക്ക് അവരുടെ അനുതാപം ഇല്ലാത്ത ഹൃദയത്തെ ഉടയ്ക്കുവാന്‍ കഴിയുന്നില്ല. ഒരു കാലത്തു മെഴുകുപോലെ ഉരുകിയൊലിച്ചിരുന്ന ഹൃദയം ഇന്നു കല്ലുപോലെ തണുത്തുറഞ്ഞുപോയി!

ക്രിസ്തീയ ജീവിതത്തില്‍ അനുതാപത്തിനും ദൈവിക ദു:ഖത്തിനും ഉള്ള സ്ഥാനത്തെ യേശുക്രിസ്തുവും അപ്പോസ്തലന്മാരും ഒട്ടും കുറച്ചു കണ്ടിരുന്നില്ല. അതിനവര്‍ ഒരു പരിധി കല്പിച്ചിരുന്നില്ല. ദൈവസഭകളില്‍ ആദ്യമായി കടന്നുവരുന്നവര്‍ അനുതാപത്തിന്റെ ഒരാത്മാവിനാല്‍ പിടിക്കപ്പെടണം എന്ന് അപ്പോസ്തലന്മാര്‍ ആഗ്രഹിച്ചു (1കൊരി. 14:25). തങ്ങളുടെ ലേഖനങ്ങള്‍ ആളുകളെ ദൈവിക ദു:ഖത്തിലേക്കു നടത്തുന്നതില്‍ അവര്‍ ആഹ്ലാദിച്ചു. (2 കൊരി. 7:8). സഭകള്‍ സന്ദര്‍ശിക്കുമ്പോള്‍ വിശ്വാസികളെ അനുതാപം ഉള്ളവരായി കാണുവാന്‍ അവര്‍ വാഞ്ഛിച്ചു. (2കൊരി. 12:20,21) സഭാജനങ്ങളില്‍ അനുതാപം കണ്ടില്ലെങ്കില്‍ ആ വസ്തുത ഇടയന്മാരെ ദൈവികദു:ഖത്തിലേക്കു നയിക്കേണ്ടതുണ്ടെന്നും അവര്‍ വിശ്വസിച്ചു (2കൊരി. 12:21) വെളിപ്പാടു പുസ്തകത്തിന്റെ ആദ്യഅധ്യായങ്ങളില്‍ കര്‍ത്താവു സഭകള്‍ക്കു നല്‍കിയ ദൂതിലെ ഉദ്‌ബോധനവും മറ്റൊന്നായിരുന്നില്ലല്ലോ. (2:5,16,21,22,3:3,19)

‘എപ്പോഴും സന്തോഷിപ്പിന്‍’ എന്നതാണു ക്രിസ്ത്യാനിക്കുള്ള കല്പന. എന്നാല്‍ ദൈവികദു:ഖത്തിന്റെ വേരുകളില്ലാത്ത സന്തോഷം വേഗത്തില്‍ വാടിപ്പോകും. അനുതാപത്തിന്റെ താഴ്‌വരയില്‍ മാത്രമേ യഥാര്‍ത്ഥ സന്തോഷത്തിന്റെ പൂക്കള്‍ വിരിയുകയുള്ളൂ. ഇന്ന് ക്രിസ്തീയ ലോകത്തു കാണുന്ന ഒട്ടേറെ സന്തോഷങ്ങളും അല്പായുസ്സായിരിക്കുന്നതിന്റെ കാരണം ഇതു തന്നെയല്ലേ?

ഗിരിപ്രഭാഷണത്തിന്റെ അന്തസ്സത്ത


ഗിരിപ്രഭാഷണം. അതിനെ അഭിനന്ദനപൂര്‍വം നോക്കിക്കാണുന്നവര്‍ ഒട്ടേറെയുണ്ട്. പക്ഷേ അതിനും അപ്പുറത്ത് അതു മുന്നോട്ടു വയ്ക്കുന്ന ജീവിതപ്രമാണങ്ങളെ അനുസരിക്കുവാന്‍ ആഗ്രഹിക്കുന്നവരോ? നന്നേ ചുരുക്കം. ”ഈ വചനങ്ങളെ കേട്ട് അതു ചെയ്യുന്നവന്‍’ എന്നും ”കേട്ടിട്ട് ചെയ്യാത്തവന്‍’ എന്നും ഗിരിപ്രഭാഷണത്തിന്റെ ഒടുവില്‍ യേശു എടുത്തു പറഞ്ഞപ്പോള്‍ അവിടുന്ന് ഈ സത്യത്തിലേക്കു വിരല്‍ ചൂണ്ടുകയായിരുന്നില്ലേ?

നിഗളം, കോപം, ദുര്‍മ്മോഹം, ഭോഷ്‌ക്ക്, പക, പരനിന്ദ, സ്വയപ്രശംസ, കാപട്യം, ആകുലചിന്ത എന്നിവയ്‌ക്കെതിരെ വളരെ മൗലികമായ ഒരുനിലപാടാണ് ഗിരിപ്രഭാഷണം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നത്. അതുകൊണ്ട് തന്നെ അര്‍ദ്ധമനസ്‌കരും അനുരഞ്ജനക്കാരുമായ ക്രിസ്ത്യാനികള്‍ അപ്രായോഗികവും അസാധ്യവുമെന്ന് മുദ്രകുത്തി ഗിരിപ്രഭാഷണത്തെ അവഗണിക്കുന്നു. ‘ഇങ്ങനെയൊക്കെ ഈ ലോകത്തു ജീവിക്കാനൊക്കുമോ!’ ‘പ്രായോഗിക ജീവിത സാഹചര്യങ്ങളില്‍ ഇതൊന്നും നടക്കുകയില്ല’ എന്നിങ്ങനെയുള്ള തൊടുന്യായത്തിനു പിന്നില്‍ തലയൊളിപ്പിച്ച് തങ്ങളുടെ താഴ്ന്ന ക്രിസ്തീയനിലവാരത്തെ താലോലിച്ച് കുറ്റബോധമില്ലാതെ കഴിയുകയാണവര്‍.

ദൈവവചനത്തിന്റെ ആധികാരികതയിലുള്ള അചഞ്ചലമായ വിശ്വാസമാണ് ഇന്നു സുവിശേഷവിഹിതര്‍ എന്നവകാശപ്പെടുന്ന വിശ്വാസികളുടെ മുഖമുദ്ര. ബൈബിളിലെ ഓരോ വചനവും ദൈവശ്വാസീയമാണെന്നു തങ്ങള്‍ വിശ്വസിക്കുന്നുവെന്നു അവര്‍ പറയുന്നു. അതേ സമയം ഗിരിപ്രഭാഷണം രേഖപ്പെടുത്തിയിരിക്കുന്ന മത്തായി അഞ്ച്, ആറ്, ഏഴ് അധ്യായങ്ങള്‍ ബൈബിളിന്റെ ഭാഗമല്ല എന്ന മട്ടിലാണ് മിക്കവരുടേയും ജീവിതം. ‘അതു മറ്റാര്‍ക്കോവേണ്ടി എഴുതപ്പെട്ടിരിക്കുന്നു’ ‘വേറെ ഏതോ കാലഘട്ടത്തിലാണ് അതു പ്രസക്തമായിരിക്കുന്നത്’ എന്നൊന്നും തുറന്നുപറയാറില്ലെങ്കിലും ഈ കാലഘട്ടത്തിനോ തങ്ങള്‍ക്കോവേണ്ടിയുള്ളതല്ല ഗിരിപ്രഭാഷണം എന്നാണു പലരുടേയും മനോഭാവം.

ഇവിടെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. തീര്‍ത്തും അസാധ്യവും അപ്രായോഗികവുമാണ് ഈ കല്പനകളുടെ അനുസരണമെങ്കില്‍ ‘ഞാനോ നിങ്ങളോടു പറയുന്നത്’ എന്ന മുഖവുരയോടെ ഈ കാര്യങ്ങള്‍ ചെയ്യണമെന്നു യേശു നമ്മോട് ആവശ്യപ്പെടുമായിരുന്നോ? ഉത്തരം പകല്‍പോലെ വ്യക്തമാണ്.

അതുപോലെ തന്നെ ‘ന്യായപ്രമാണത്തേയും പ്രവാചക കല്പനകളേയും നീക്കുവാനല്ല… പകരം പൂര്‍ത്തീകരിക്കുവാനാണ്’ താന്‍ വന്നതെന്നു പ്രഖ്യാപിച്ച യേശുക്രിസ്തു സ്വന്തജീവിതത്തില്‍ പ്രായോഗികമാക്കാത്ത എന്തെങ്കിലും കല്പനകള്‍ ശിഷ്യന്മാരോട് അനുസരിക്കാന്‍ ആവശ്യപ്പെടും എന്നും ചിന്തിക്കവയ്യ. നമ്മുടെ മുന്‍പേപോയ യേശു, നാം അവിടുത്തെ കാല്‍ച്ചുവടു പിന്തുടരുവാന്‍ ഒരു മാതൃക വെച്ചേച്ചുപോയിരിക്കുകയാണല്ലോ. അവിടുന്നു നടന്നതുപോലെ നടക്കുവാനും നാം വിളിക്കപ്പെട്ടിരിക്കുന്നു (1യോഹ. 2:6) ചുരുക്കത്തില്‍ നമ്മുടെ നായകനും മുന്നോടിയുമായ യേശുവിനെപ്പോലെ ഗിരിപ്രഭാഷണത്തിന്റെ സത്തയോടു നീതി പുലര്‍ത്തി ജീവിക്കുവാനുള്ള ഉത്തരവാദിത്വം നമുക്കുണ്ട്.

ഈ വസ്തുതകളില്‍ നിന്നെല്ലാം ഉരുത്തിരിഞ്ഞുവരുന്ന സുപ്രധാന സത്യം എന്താണ്? യേശുവിന്റെ ദിവ്യസ്വഭാവത്തില്‍ പങ്കാളികളാകാന്‍ മനസ്സു വച്ചിട്ടുള്ളവരും അവിടുത്തെ സ്വരൂപത്തോട് അനുരൂപരാകാന്‍ ഹൃദയപൂര്‍വം ആഗ്രഹിക്കുന്നവരുമായ അവിടുത്തെ ശിഷ്യര്‍ക്കു മാത്രമേ ഗിരിപ്രഭാഷണത്തിന്റെ യാഥാര്‍ത്ഥ്യത്തിലേക്കു പ്രവേശിക്കുവാന്‍ കഴിയുകയുള്ളൂ എന്നതാണത്. യേശു നമ്മെപ്പോലെ ജഡത്തില്‍ വന്നുവെന്നും ഈ ലോകത്തുജീവിപ്പാന്‍ ജീവനുള്ള ഒരു പുതുവഴിതുറന്നു തന്നുവെന്നും കണ്ട് തന്റെ കാല്‍ച്ചുവടുകള്‍ പിന്‍പറ്റാന്‍ തയ്യാറാകാത്ത എല്ലാവര്‍ക്കും ഗിരിപ്രഭാഷണം ഭാരമേറിയ ഒരു ചുമടായിരിക്കും. യേശുവിനെപ്പോലെ, തന്നില്‍ ത്തന്നേ പ്രസാദിക്കാതെ, പിതാവിന്റെ ഇഷ്ടം മാത്രം ചെയ്‌വാനായി സ്വന്ത ഇഷ്ടത്തെ ഏല്പിച്ചുകൊടുത്തുകൊണ്ട്, പരിശുദ്ധാത്മനിറവില്‍ ജീവിക്കുക – ഗിരിപ്രഭാഷണത്തിലെ നിലവാരം കൈവരിക്കുവാന്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ല. ഇങ്ങനെയെല്ലാം പറയുമ്പോള്‍ യേശു ജീവിച്ചതുപോലെ ജീവിക്കുവാന്‍ നമുക്കു കഴിയുമോ എന്നാണ് പലരും ചോദിക്കുക. പക്ഷേ അതിനുവേണ്ടിയാണല്ലോ നാം വിളിക്കപ്പെട്ടിരിക്കുന്നത്. ”എന്നെ അനുഗമിക്കുക” എന്ന് ആഹ്വാനം ചെയ്ത് നടന്നുപോയ ഗുരുവിന്റെ കാലടികളെ പിന്‍തുടരുകയെന്നതല്ലാതെ ശിഷ്യനില്‍നിന്നു മറ്റെന്താണ് പ്രതീക്ഷിക്കുന്നത്?

യേശുവിന്റെ ഈ ഭൂമിയിലെ ജീവിതത്തിനു രണ്ടു തലം ഉണ്ടായിരുന്നു. ഒന്ന് അവിടുത്തെ ജീവിതം. രണ്ട് അവിടുത്തെ ശുശ്രൂഷ. അവിടുത്തെ ജീവിതം എങ്ങനെയായിരുന്നുവെന്നു ബൈബിള്‍ വെളിപ്പെടുത്തുന്നതു ശ്രദ്ധിക്കുക: ”എല്ലാ വിധത്തിലും നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍. എങ്കിലും അവനില്‍ പാപമില്ല.’ ”യേശു തന്റെ ഐഹിക ജീവിതകാലത്തു തന്നെ മരണത്തില്‍നിന്നു രക്ഷിക്കാന്‍ കഴിവുള്ളവന് നിലവിളിയോടും കണ്ണീരോടും കൂടി പ്രാര്‍ത്ഥനകളും യാചനകളും സമര്‍പ്പിച്ചു. അവന്റെ ഭയഭക്തിമൂലം അവനെ ശ്രവിച്ചു.’ ”പുത്രന്‍ എങ്കിലും അവന്‍ തന്റെ സഹനത്തിലൂടെ അനുസരണം അഭ്യസിച്ചു.’ (എബ്രാ. 4:15; 5:7,8) യേശുവിന്റെ ഈ ജീവിതത്തെ നമുക്കു പിന്‍തുടരുവാന്‍ കഴിയും. അതേ സമയം മരിച്ചവരെ ഉയര്‍പ്പിക്കുകയും, അന്ധര്‍ക്കു കാഴ്ച നല്‍കുകയും, അഞ്ചപ്പംകൊണ്ട് അയ്യായിരംപേരെ തൃപ്തിപ്പെടുത്തുകയും ചെയ്ത അവിടുത്തെ ശുശ്രൂഷയെ അനുകരിക്കുക ദുഷ്‌കരമാണ്. പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ, യേശു ജീവിച്ചതുപോലെ ജീവിപ്പാന്‍ ഇന്നു പലര്‍ക്കും താത്പര്യമില്ല. അതേസമയം യേശുവിന്റെ ശുശ്രൂഷയെ അനുകരിപ്പാന്‍ അവര്‍ ഇഷ്ടപ്പെടുന്നു!

യേശുവിന്റെ ജീവിതത്തില്‍ പിതാവിനു മുമ്പിലെ കണ്ണീരും നിലവിളിയും, അനുസരണത്തിന്റെ അഭ്യസനവും, പരീക്ഷകള്‍ക്കുനേരെയുള്ള ചെറുത്തു നില്പും, സഹനവും എല്ലാം ആരും കാണാത്ത ഇടങ്ങളിലായിരുന്നു. എന്നാല്‍ തന്റെ അത്ഭുതപ്രവൃത്തികളാകട്ടെ പരസ്യമായിട്ടായിരുന്നു. ഇന്ന് യേശുവിന്റെ രഹസ്യജീവിതത്തെ പിന്‍തുടരാതെ അവിടുത്തെ പരസ്യശുശ്രൂഷയെ അനുകരിപ്പാന്‍ തയ്യാറാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. പക്ഷേ സത്യത്തില്‍ ശുശ്രൂഷയുടെ തലത്തിലല്ല ജീവിതത്തിന്റെ തലത്തില്‍ യേശുവിനെപ്പോലെയാകുവാനാണ് നമ്മെ വിളിച്ചിരിക്കുന്നത്.

ഈ സത്യം വിസ്മരിച്ചാല്‍ ഉണ്ടാകാവുന്ന അനിവാര്യമായ ദുരന്തത്തെക്കുറിച്ച് ഗിരിപ്രഭാഷണത്തിന്റെ ഒടുവില്‍ യേശു തന്നെ മുന്നറിയിപ്പു നല്‍കുന്നതു ശ്രദ്ധിക്കുക: ആ ദിവസം പലരും എന്നോടു പറയും: ”കര്‍ത്താവേ, കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ പ്രവചിച്ചവരല്ലയോ? നിന്റെ നാമത്തില്‍ ഞങ്ങള്‍ പിശാചുക്കളെ പുറത്താക്കിയില്ലയോ? നിന്റെ നാമത്തില്‍ പല വലിയ കാര്യങ്ങളും ഞങ്ങള്‍ ചെയ്തില്ലയോ?’ അപ്പോള്‍ അവരോടു ഞാന്‍ പ്രഖ്യാപിക്കും ”നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല. ഹേ ദുര്‍വൃത്തരേ എന്നെവിട്ടു കടന്നുപോകൂ’ (മത്താ. 7:21-23). പല വീര്യപ്രവൃത്തികള്‍ ചെയ്ത് യേശുവിന്റെ പരസ്യശുശ്രൂഷയെ അനുകരിച്ചവരാണിവര്‍. പക്ഷേ തന്റെ ജീവിതത്തെ പിന്‍തുടരാഞ്ഞതുകൊണ്ട് ‘ഞാന്‍ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല’ എന്നാണ് യേശു അവരോടു പറയുന്നത്. ജീവിതത്തിലെ തോല്‍വികള്‍ക്കു നേരേ കണ്ണടച്ച് അവയെ ശുശ്രൂഷയുടെ വൈപുല്യംകൊണ്ട് മൂടിവയ്ക്കാന്‍ ശ്രമിക്കുന്ന എല്ലാവര്‍ക്കുമുള്ള താക്കീതാണ് ഈ വാക്കുകള്‍.

യേശു ജീവിച്ചതുപോലെ ജീവിച്ച് ഗിരിപ്രഭാഷണത്തിന്റെ അന്തസ്സത്തയിലേക്കു നമുക്കു പ്രവേശിക്കാം. ‘പാറമേല്‍ വീടുപണിയുന്ന ബുദ്ധിയുള്ള മനുഷ്യരായി’ നമുക്കു മാറാം.

യാഥാര്‍ത്ഥ്യത്തിന്റെ ആത്മാവ്


ഇന്നു ക്രിസ്ത്യാനികളുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ വിവാദപരമായ വിഷയം എന്താണ്? ഏത് ഉപദേശത്തെച്ചൊല്ലിയാണു സുവിശേഷവിഹിതരായ ക്രിസ്ത്യാനികളുടെ മദ്ധ്യത്തില്‍ ഏറ്റവും വലിയ അഭിപ്രായ വ്യത്യാസം നിലവിലുള്ളത്? വാക്യങ്ങളുടെ തലനാരിഴ കീറി ഒരോരുത്തരും ‘ഞാന്‍ പിടിച്ച മുയലിനു മൂന്നുകൊമ്പ്’ എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഒച്ചപ്പാട് ഉണ്ടാകുന്നത് എന്തിന്റെ പേരിലാണ്? ഉവ്വ്, ഉത്തരം നിങ്ങള്‍ ഊഹിച്ചതു തന്നെ – പരിശുദ്ധാത്മാവ്.

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യത്യസ്തമായ എന്തെന്ത് അഭിപ്രായങ്ങളാണു നിലവിലുള്ളത്! രക്ഷിക്കപ്പെടുമ്പോള്‍ തന്നെ ഒരുവന്‍ പരിശുദ്ധാത്മസ്‌നാനം പ്രാപിക്കുന്നുവെന്നു ചിലര്‍ പഠിപ്പിക്കുന്നു. ഇല്ല, അത് രണ്ടാമത് ഒരനുഭവമാണെന്നു മറ്റു ചിലര്‍. അങ്ങനെയെങ്കില്‍ അതിന്റെ ലക്ഷണം എന്താണ്? അന്യഭാഷാഭാഷണമാണ് പരിശുദ്ധാത്മസ്‌നാനത്തിന്റെ ‘ഏകവും പ്രത്യക്ഷവു’മായ അടയാളമെന്ന് ചിലര്‍ ശഠിക്കുന്നു. ഏയ്, അല്ല, അത് അടയാളങ്ങളില്‍ ഒന്നു മാത്രമാണെന്നു മറ്റു ചിലര്‍. ആത്മസ്‌നാനത്തിന്റെ അടയാളമേ അല്ല, കൃപാവരങ്ങളില്‍ ഒന്നു മാത്രമാണ് ഭാഷാവരമെന്നു വേറൊരു കൂട്ടര്‍. ഭാഷാവരമോ? അതു നിന്നുപോയത് അറിഞ്ഞില്ലേയെന്ന് മറ്റൊരു കൂട്ടര്‍.

ഈ വാദകോലാഹലങ്ങള്‍ക്കിടയില്‍ എല്ലാവര്‍ക്കും ഒരുപോലെ നഷ്ടമാകുന്നത് ഒരു കാര്യമാണെന്നു തോന്നാറുണ്ട്. അത് മറ്റൊന്നുമല്ല, യാഥാര്‍ത്ഥ്യബോധമാണ്. പരിശുദ്ധാത്മാവും അതിനെക്കുറിച്ചുള്ള ദൈവിക ബോധ്യങ്ങളും ആത്മാവിന്റെ പ്രവര്‍ത്തനങ്ങളും എല്ലാം നമ്മെ എന്തിലേക്കാണു നയിക്കേണ്ടത്? ഈ ലോകത്തില്‍ യേശുക്രിസ്തുവിന് അനുരൂപമായി വിശുദ്ധ ജീവിതം നയിക്കാനുള്ള ശക്തി പകരുന്നതായിരിക്കണം ഇവ. അതിനു നമ്മെ സഹായിക്കുന്നില്ലെങ്കില്‍ ഈ ഉപദേശങ്ങളും അവയെച്ചൊല്ലിയുള്ള തലനാരിഴകീറിയുള്ള വാദപ്രതിവാദങ്ങളും യാഥാര്‍ത്ഥ്യം (Reality) ഇല്ലാത്ത കേവലം ബുദ്ധിപരമായ വ്യായാമം മാത്രമായിരിക്കും.

പലപ്പോഴും തികച്ചും ആത്മികമെന്നു തോന്നുന്ന കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ തന്നെ അതു സംബന്ധിച്ച യാഥാര്‍ത്ഥ്യം നമുക്കു നഷ്ടമാകാം. ഉദാഹരണത്തിന് പരിശുദ്ധാത്മാവിനെക്കുറിച്ച് ഒരു ഡിബേറ്റ് നടക്കുന്നുവെന്നു സങ്കല്പിക്കുക. അവിടെ പരിശുദ്ധാത്മാവിനെ സംബന്ധിച്ച വ്യത്യസ്ത അഭിപ്രായങ്ങള്‍ ഏറ്റുമുട്ടിയ ചര്‍ച്ചകള്‍ക്കുശേഷം ആത്മാവിന്റെ ഫലങ്ങളായ സ്‌നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, സൗമ്യത എന്നിവയൊന്നും കാണ്മാനില്ലെങ്കില്‍ യാഥാര്‍ത്ഥ്യം എവിടെയോ കൈമോശം വന്നുവെന്നതു വ്യക്തമല്ലേ? മാത്രമല്ല, ഈ ചര്‍ച്ചയും വാദകോലാഹലങ്ങളും ആത്മാവിനു നേരേ വിരോധമായിരിക്കുന്ന ജഡത്തിന്റെ പ്രവൃത്തികളായ പക, പിണക്കം, ക്രോധം, ശാഠ്യം, ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ എന്നിവയാണ് ഉണര്‍ത്തിവിടുന്നതെങ്കില്‍ യാഥാര്‍ത്ഥ്യം പിന്നേയും അകന്നുപോയി എന്നല്ലേ പറയേണ്ടത്? അതേ, പ്രായോഗിക ജീവിതത്തില്‍ യാഥാര്‍ത്ഥ്യത്തെ സ്പര്‍ശിക്കാത്ത ഒരു ആത്മിക അനുഭവവും യഥാര്‍ത്ഥ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ഉണ്ടായിരിക്കരുത്. അല്ലെങ്കില്‍ ഉണ്ടായിരിക്കുകയില്ല. നമ്മുടെ ഒരു ആത്മിക അനുഭവവും അതായിതന്നെ നില്ക്കുവാന്‍ പാടില്ല. അതിന് തൊട്ടറിയുവാന്‍ മട്ടിലുള്ള ഒരു നേര്‍ബന്ധം നമ്മുടെ നിത്യജീവിതത്തോട് ഉണ്ടായിരിക്കണം.

ഈ സത്യത്തിന് അടിവരയിടുന്ന തിരുവചനഭാഗങ്ങള്‍ എത്രവേണമെങ്കിലും നമുക്കു കണ്ടെത്താന്‍ കഴിയും. ഉദാഹരണത്തിന് ‘ആത്മാവു നിറഞ്ഞവരാകുവിന്‍’ എന്നൊരു കല്പന കാണുക (എഫേ. 5:18). പക്ഷേ ആത്മാവിനാല്‍ നിറയപ്പെടുന്ന ഈ അനുഭവം, അതായിത്തന്നെ ഒരു വെള്ളം കടക്കാത്ത അറയായി (water tight compartment) നില്ക്കുവാനല്ല ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ആത്മനിറവ് നമ്മെ എന്തിലേക്കാണു നയിക്കേണ്ടത് എന്നത് അതിനു താഴെയുള്ള വേദഭാഗങ്ങളില്‍ നിന്നു പ്രസ്പഷ്ടമാണ്. ‘എല്ലായ്‌പോഴും എല്ലാറ്റിനുവേണ്ടിയും സ്‌തോത്രം ചെയ്യുവാനും’, ‘ക്രിസ്തുവിന്റെ ഭയത്തില്‍ അന്യോന്യം കീഴ്‌പെട്ടിരിപ്പാനും’ ഉള്ള ശക്തി നമുക്കു നല്‍കിക്കൊണ്ട് ആത്മനിറവ് നമ്മുടെ പ്രായോഗിക ജീവിതത്തില്‍ ഒരു പ്രസക്തി കണ്ടെത്തുന്നതിനെക്കുറിച്ചാണ് അവിടെ വിവരിച്ചിരിക്കുന്നത്. തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ അടരുകളിലേക്ക് (layers) പരിശുദ്ധാത്മാവിന്റെ ശക്തി ഇറങ്ങിച്ചെല്ലേണ്ടതിന്റെ ആവശ്യകതയിലേക്കു വിരല്‍ ചൂണ്ടുന്ന വാക്യങ്ങള്‍ നാം കാണുന്നു. കര്‍ത്താവിന് എന്നപോലെ സ്വന്ത ഭര്‍ത്താക്കന്മാര്‍ക്കു കീഴടങ്ങുവാന്‍ ഭാര്യമാരേയും, ക്രിസ്തു സഭയെ സ്‌നേഹിച്ചതുപോലെ ഭാര്യമാരെ സ്‌നേഹിപ്പാന്‍ ഭര്‍ത്താക്കന്മാരേയും, അമ്മയപ്പന്മാരെ അനുസരിപ്പാന്‍ മക്കളേയും, മക്കളെ കോപിപ്പിക്കാതെ പത്ഥ്യോപദേശത്തില്‍ പോറ്റി വളര്‍ത്തുവാന്‍ പിതാക്കന്മാരേയും, യജമാനന്മാരെ ഹൃദയത്തിന്റെ ഏകാഗ്രതയില്‍ ഭയത്തോടും വിറയലോടും കൂടി അനുസരിപ്പാന്‍ ദാസന്മാരേയും, ദാസന്മാരോട് ഭീഷണിവാക്കും മുഖപക്ഷവും ഇല്ലാതെ പെരുമാറാന്‍ യജമാനന്മാരെയും സഹായിക്കുന്നതു സത്യത്തില്‍ എന്താണ്? ആത്മനിറവാണ് ഇതിന്റെ ശക്തിസ്രോതസ്സ് എന്ന് ആ ഭാഗത്തു നിന്നു വ്യക്തമാണ്. നോക്കുക. ആത്മനിറവിന്റെ അനുഭവം പ്രായോഗികജീവിത യാഥാര്‍ത്ഥ്യങ്ങളോട് എത്ര ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു!

ഇതുകൊണ്ടാണ് തന്റെ അഭാവത്തില്‍ സഹായകനും കാര്യസ്ഥനുമായി പരിശുദ്ധാത്മാവിനെ അയയ്ക്കുമെന്ന വാഗ്ദാനം നല്‍കുന്ന വേളയില്‍ തന്നെ പരിശുദ്ധാത്മാവിനെ യേശുക്രിസ്തു സത്യത്തിന്റെ ആത്മാവ് (Spirit of reality) എന്നു വിളിക്കുന്നത് (യോഹ. 14:16). അതേ, പരിശുദ്ധാത്മാവ് യാഥാര്‍ത്ഥ്യത്തിന്റെ ആത്മാവാണ്. കല്പനകളെ കാത്തുകൊള്ളുവാന്‍ നമുക്കു ശക്തി നല്‍കുന്ന (യോഹ. 14:15), കര്‍ത്താവിന്റെ സ്വരൂപത്തോട് അനുരൂപരാകുവാന്‍ സഹായിക്കുന്ന (റോമ. 8:27,29) പ്രായോഗിക ജീവിതസാഹചര്യങ്ങളില്‍ നമുക്കു കാര്യസ്ഥനും ഉപദേഷ്ടാവുമായിരിക്കുന്ന (യോഹ. 14:26) പരിശുദ്ധാത്മാവ് മറ്റെന്തിനെക്കാളുമേറെ യാഥാര്‍ത്ഥ്യത്തിന്റെ ആത്മാവാണ്. ഈ വസ്തുത മനസ്സിലാക്കാതെ പരിശുദ്ധാത്മാവിനെയും അവിടുത്തെ പ്രവര്‍ത്തനങ്ങളെയും ക്രിസ്തീയ മീറ്റിംഗുകളില്‍ മാത്രം ഒതുക്കിനിര്‍ത്തുന്നവര്‍ വാസ്തവത്തില്‍ തങ്ങള്‍ക്ക് എന്താണു നഷ്ടപ്പെടുന്നതെന്ന് അറിയുന്നില്ല. പരിശുദ്ധാത്മാവിനെ നമുക്കു മീറ്റിംഗുകളുടെ നാലതിരുകള്‍ക്കുള്ളില്‍ നിന്നു ഇറക്കിക്കൊണ്ടുവന്ന് നമ്മുടെ പ്രായോഗിക ജീവിത സാഹചര്യങ്ങളില്‍ സഹായകനും കാര്യസ്ഥനും മധ്യസ്ഥനും ഉപദേഷ്ടാവുമായി വാഴിക്കാം. കൂടുതല്‍ നല്ല ഒരു ഭര്‍ത്താവോ, ഭാര്യയോ, മകനോ, പിതാവോ, യജമാനനോ, ദാസനോ ആയിരിപ്പാന്‍ നമുക്ക് ആത്മാവിന്റെ നിറവ് ആവശ്യമുണ്ട്. പരിശുദ്ധാത്മാവിനെ നമുക്ക് യാഥാര്‍ത്ഥ്യത്തിന്റെ ആത്മാവായി തിരിച്ചറിഞ്ഞ് അംഗീകരിച്ച് പ്രായോഗിക ജീവിതത്തില്‍ അവിടുത്തെ സഹായം തേടാം.

കുഞ്ഞാടോ ചെന്നായോ?


ജവാഹര്‍ലാല്‍ നെഹ്‌റു തന്റെ ആത്മകഥയില്‍ വിവിധരാജ്യങ്ങളുടെ ദേശീയ മൃഗങ്ങളെയും പക്ഷികളെയുംകുറിച്ച് ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തിയിട്ടുണ്ട്. ജര്‍മനിയുടേയും അമേരിക്കയുടേയും ദേശീയപക്ഷി കഴുകനാണ്. ഹോളണ്ടും ബ്രിട്ടനും ദേശീയമൃഗമായി സിംഹത്തെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. റഷ്യയുടെ ദേശീയമൃഗം കരടിയാണ്.

വേട്ടയാടുന്നവയും ഇരപിടിക്കുന്നവയുമാണ് ഈ മൃഗങ്ങളും പക്ഷികളും. ഇവ കേവലം പ്രതീകങ്ങളായിരിക്കാം. പക്ഷേ ഒരു മനോഭാവത്തിലേക്കാണ് ഇവ വിരല്‍ ചൂണ്ടുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഹിംസ്രജന്തുക്കളേയും പക്ഷികളേയും തങ്ങളുടെ ദേശീയതയുടെ ചിഹ്നമായി കാണുന്ന ഒരു ജനത മറ്റു രാഷ്ട്രങ്ങളെ തങ്ങളുടെ ഇരകളായി കണക്കാക്കുന്നതില്‍ എന്തത്ഭുതം? തരംകിട്ടിയാല്‍ അവയെ ആക്രമിക്കുകയും കീഴടക്കുകയും ചെയ്യാന്‍ അവര്‍ മടിക്കുകയില്ല. ചുരുക്കത്തില്‍ ദേശീയതയുടെ ചിഹ്നങ്ങളായ പ്രതീകങ്ങള്‍ ആ രാജ്യത്തിന്റെ പൊതു സ്വഭാവത്തിന്റേയും അഭിലാഷത്തിന്റേയും പ്രതീകങ്ങള്‍ കൂടിയാണെന്നു നെഹ്‌റു സമര്‍ത്ഥിക്കുന്നു.

എന്നിട്ട് അദ്ദേഹം പ്രസക്തമായ ഒരു ചോദ്യം ഉന്നയിക്കുന്നു: ശാന്തസ്വഭാവമുള്ള പശുവിനെ തലമുറകളായി തന്റെ ഇഷ്ടമൃഗമായി കാണുന്നതുകൊണ്ടല്ലേ ഭാരതത്തിലെ ഹൈന്ദവന്‍ ഇത്ര ശാന്തശീലനും അഹിംസാവാദിയുമായിരിക്കുന്നത്?

അഭിപ്രായവ്യത്യാസമുണ്ടാകാം. എങ്കിലും ഇതേപ്പറ്റി ഒരു വാദപ്രതിവാദത്തിനു മുതിരുവാനല്ല ഇവിടെ ഇക്കാര്യം പരാമര്‍ശിച്ചത്. മറിച്ച് ക്രിസ്ത്യാനികളോട് മറ്റൊരു ചോദ്യം ചോദിക്കുവാനാണ്. ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ പ്രതീകം എന്താണ്? അല്ലെങ്കില്‍ എന്തായിരിക്കണം?

‘ബലഹീനതകളുടെ ദൈവം’ (ഏീറ ീള ംലമസില)ൈ എന്ന പ്രശസ്തഗ്രന്ഥത്തിന്റെ കര്‍ത്താവായ ജോണ്‍ ടിമ്മറിന് ഈ ചോദ്യത്തിന് ഒരുത്തരമുണ്ട്. അദ്ദേഹം പറയുന്നു: ”ക്രിസ്ത്യാനികള്‍ എക്കാലത്തും സ്വയം താരതമ്യം ചെയ്യാറുള്ളത് ആടിനോടാണ്. തന്റെ ശുശ്രൂഷയുടെ ഒരു ഘട്ടത്തില്‍ യേശു തന്റെ അനുയായികളുടെ ദൗത്യത്തെ വിവരിക്കുന്നത് ‘ചെന്നായ്ക്കളുടെ നടുവില്‍ ആടിനെപ്പോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു’ (മത്തായി 10:16) എന്നാണല്ലോ. എന്നാല്‍ പാശ്ചാത്യരായ ക്രിസ്ത്യാനികള്‍ പലപ്പോഴും ‘ചെന്നായ്ക്കളുടെ ഇടയില്‍ ആടുകളെപ്പോലെ’ എന്ന തങ്ങളുടെ നിയോഗം മറന്ന് രാഷ്ട്രീയശക്തി, സാമ്പത്തികാധിപത്യം, ദേശീയതാത്പര്യങ്ങള്‍ എന്നിവയോടു കൂട്ടുകൂടി സ്വയം ചെന്നായ്ക്കളെപ്പോലെ പെരുമാറിയിട്ടുണ്ട്. ഫലം അവര്‍ ക്രിസ്ത്യാനിത്വത്തെ ഒരു സിവില്‍ മതമായി തരംതാഴ്ത്തി.”

പക്ഷേ ഏതു സാഹചര്യത്തിലും ഏതു പ്രകോപനത്തിന്റെ മുമ്പിലും തന്റെ ശിഷ്യന്മാര്‍ ചെന്നായ്ക്കളെപ്പോലെയല്ല പകരം ആടുകളെപ്പോലെ പെരുമാറണമെന്നാണ് യേശുക്രിസ്തു കല്പിച്ചത്. എക്കാലത്തും യഥാര്‍ത്ഥ ക്രിസ്തുശിഷ്യന്മാര്‍ അങ്ങനെതന്നെയായിരുന്നുതാനും.

രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോ ജീവിച്ചിരുന്ന അജ്ഞാതനായ ഒരു ഗ്രീക്ക് എഴുത്തുകാരന്‍ അക്കാലത്തെ ക്രിസ്ത്യാനികളുടെ അവസ്ഥ രേഖപ്പെടുത്തി വച്ചിട്ടുള്ളത് ഇന്നു നമുക്കു ലഭ്യമായിട്ടുണ്ട്. ആ രേഖയില്‍ നിന്ന്: ”ക്രിസ്ത്യാനികള്‍ നിലവിലുള്ള നിയമങ്ങള്‍ അക്ഷരംപ്രതി അനുസരിക്കുന്നു. പക്ഷേ എല്ലാവരാലും ഉപദ്രവിക്കപ്പെടുന്നു. ആരും അവരെ മനസ്സിലാക്കുന്നില്ല. പകരം അവരെ കുറ്റം വിധിക്കുന്നു. അവരെ മരണത്തിന് ഏല്പിക്കുന്നു. എങ്കിലും അവര്‍ ജീവിപ്പിക്കപ്പെടുന്നു. അവര്‍ ദരിദ്രരാണ്; എങ്കിലും പലരേയും സമ്പന്നരാക്കുന്നു. എല്ലാറ്റിലും അവര്‍ക്ക് ഇല്ലായ്മകള്‍ മാത്രം. പക്ഷേ എല്ലാം അവര്‍ക്ക് ധാരാളമായുണ്ട്. അവര്‍ നിന്ദിക്കപ്പെടുന്നു. അവരുടെ നിന്ദയില്‍ അവര്‍ വീണ്ടും അപമാനിക്കപ്പെടുന്നു. അവരുടെമേല്‍ തിന്മകള്‍ ആരോപിക്കപ്പെടുന്നു. പക്ഷേ അവര്‍ നീതിയുള്ളവരാണ്. അവരെ അധിക്ഷേപിക്കുന്നു. എന്നാല്‍ അവര്‍ അനുഗ്രഹിക്കുന്നു. അവരെ പരിഹസിക്കുന്നു. അവര്‍ ആദരവ് തിരികെ നല്‍കുന്നു. നന്മ ചെയ്യുമ്പോള്‍തന്നെ അവര്‍ ശിക്ഷിക്കപ്പെടുന്നു. ശിക്ഷിക്കപ്പെടുമ്പോള്‍ തന്നെ അവര്‍ ആനന്ദിക്കുന്നു… തങ്ങളെ ദൈവം ആക്കിവച്ചിരിക്കുന്ന സ്ഥാനം വിട്ടുപോകാന്‍ അവര്‍ക്കു കഴിയുകയുമില്ല.”

അധിക്ഷേപിക്കുമ്പോള്‍ അനുഗ്രഹിക്കുന്ന, പരിഹാസത്തിനു പകരമായി ബഹുമാനം നല്‍കുന്ന, ശിക്ഷിക്കപ്പെടുമ്പോള്‍ ആനന്ദിക്കുന്ന ക്രിസ്ത്യാനികള്‍. ആദ്യനൂറ്റാണ്ടുകളിലെ ഈ ക്രിസ്ത്യാനികള്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ‘ചെന്നായ്ക്കളുടെ ഇടയിലെ ആടുകളാ’യിരുന്നു.

തിന്മയ്ക്കുപകരം നന്മ ചെയ്യുവാന്‍ അവര്‍ക്കു കഴിഞ്ഞത് എന്തുകൊണ്ടാണ്? കടിച്ചുകീറുന്ന, ശക്തരായ, ചെന്നായ്ക്കളുടെ നടുവില്‍ ബലഹീനരായ, സൗമ്യരായ, ആടുകളായി നില്ക്കാന്‍ അവര്‍ക്കു കഴിഞ്ഞതിന്റെ രഹസ്യം എന്താണ്? ‘കൊല്ലുവാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെ’യും ഈ ഭൂമിയില്‍ ജീവിച്ച കര്‍ത്താവിനോടുള്ള ആത്മബന്ധമാണ് ഇതിന് അവരെ സഹായിച്ചത്. ‘ഗുരുവിനെപ്പോലെയാകുന്നതു ശിഷ്യനു മതി’ എന്നായിരുന്നു അവരുടെ നിലപാട്. തങ്ങളുടെ നാഥനു ക്രൂശു സമ്മാനിച്ച ഈ ലോകത്തുനിന്ന് അതിലേറെയൊന്നും അവരും പ്രതീക്ഷിച്ചിരുന്നില്ല. അതിനും അപ്പുറത്ത് തങ്ങളുടെ നാഥനും കര്‍ത്താവുമായിരുന്ന യേശുവിനെപ്പോലെ നിന്ദയും പരിഹാസവും ഏറ്റുവാങ്ങാന്‍ കഴിഞ്ഞതില്‍ അവര്‍ സന്തോഷിക്കുകയും ചെയ്തു. പീഡനങ്ങളേയും കൈയേറ്റങ്ങളേയും അതുകൊണ്ടുതന്നെ അവര്‍ സ്വാഗതം ചെയ്തു. ഉപദ്രവങ്ങള്‍ക്കു നടുവില്‍ നില്ക്കുമ്പോള്‍ മറ്റുള്ളവരുടെ കണ്ണീരൊപ്പുവാനും ദരിദ്രരായിരിക്കുമ്പോള്‍ തന്നെ അനേകരെ സമ്പന്നരാക്കുവാനും അവര്‍ക്കു കഴിഞ്ഞു. ഈ ലോകത്തിന്റെ ശക്തിയെ ക്രൂശിന്റെ ബലഹീനതകൊണ്ടു നേരിട്ടവരായിരുന്നു അവര്‍. എതിര്‍പ്പുകളുടെ ബലത്തെ നുറുക്കത്തിന്റെ നിസ്സഹായതകൊണ്ട് അവര്‍ അഭിമുഖീകരിച്ചു. ക്രൂശിന്റെ വഴിയിലൂടെയായിരുന്നു ജീവിതകാലം മുഴുവന്‍ അവരുടെ പ്രയാണം.

അത് അന്നത്തെ കഥ. ഇന്നോ? ഇന്നത്തെ കാലഘട്ടത്തില്‍ ക്രിസ്ത്യാനി സമൂഹത്തില്‍ വെളിപ്പെടുത്തുന്ന പ്രതീകത്തിന് കുഞ്ഞാടിനോടുള്ളതിലേറെ രൂപസാദൃശ്യം ചെന്നായോടാണോ? എങ്കില്‍ നാം നടുക്കത്തോടെ തിരിച്ചറിയേണ്ടത് ‘രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരുന്ന കുഞ്ഞാടിന്റെ’ വഴിയില്‍ നിന്നു നാം ബഹുകാതം അകന്നുപോയി എന്നാണ്.

അനുതാപവാക്യങ്ങളോടെ നമുക്കു മടങ്ങിവരാം – കുഞ്ഞാടുപോയ പാതയിലേക്ക്, ക്രൂശിന്റെ വഴിയിലേക്ക്, നുറുക്കത്തിന്റെ മാര്‍ഗ്ഗത്തിലേക്ക്.

(സ്വയം) വിധിക്കുക; (മറ്റുള്ളവരെ) വിധിക്കാതിരിക്കുക


നാട്ടിന്‍ പുറങ്ങളിലൂടെ അലസമായി ഓടിക്കൊണ്ടിരിക്കുന്ന ഒരു ലോക്കല്‍ ട്രെയിനിന്റെ കംപാര്‍ട്ടുമെന്റാണു രംഗം.

വലിയ തിരക്കില്ല. യാത്രക്കാര്‍ അര്‍ദ്ധമയക്കത്തിലോ വായനയിലോ ആണ്. ചിലര്‍ പുറംകാഴ്ചകളില്‍ കണ്ണുനട്ട് മനോരാജ്യത്തില്‍ മുഴുകിയിരിക്കുന്നു. കൊച്ചുകൊച്ചു സ്റ്റേഷനുകളില്‍ നിര്‍ത്തി ആളെ ഇറക്കിയും കയറ്റിയും വിരസമായ ഒരു സായാഹ്നത്തിലൂടെ ആ ട്രെയിന്‍ ഓടിക്കൊണ്ടേയിരിക്കുന്നു.

പൊടുന്നനെ ഏതോ സ്റ്റേഷനില്‍ നിന്ന് ആ കംപാര്‍ട്ടുമെന്റിന്റെ വിരസതയിലേക്ക് ഒരു ചെറുപ്പക്കാരനും അഞ്ചുകുട്ടികളും കയറിവന്നു. ചെറിപ്പക്കാരന് ഏറിയാല്‍ ഒരു മുപ്പത്തഞ്ചു വയസ്സു കാണും. ആണും പെണ്ണുമായി കുട്ടികള്‍ വ്യത്യസ്ത പ്രായക്കാരാണ്. മൂത്തകുട്ടിക്ക് കഷ്ടിച്ചു പന്ത്രണ്ടു വയസ്സുണ്ട്. പെണ്‍കുട്ടിയാണ്. തൊട്ടിളയവനു പത്തുവയസ്സു മതിക്കും. അതിനുതാഴെ എട്ടും അഞ്ചും വയസ്സുതോന്നിക്കുന്ന രണ്ടു കുസൃതിക്കുട്ടന്മാര്‍. ഏറ്റവും ഇളയത് മൂന്നു വയസ്സുള്ള പെണ്‍കുഞ്ഞാണ്.

കംപാര്‍ട്ടുമെന്റിലെ മിക്ക കണ്ണുകളും ഇപ്പോള്‍ കുട്ടികളുടെ മേലാണ്. യാത്രയുടെ വൈരസ്യം അകറ്റാന്‍ കുട്ടികളുടെ കളികള്‍ കണ്ടിരിക്കാമല്ലോ എന്ന് ചിലര്‍ കരുതി. പക്ഷേ… കംപാര്‍ട്ടുമെന്റിലെ അന്തരീക്ഷം മാറിയത് എത്ര പെട്ടെന്നാണ്! കുട്ടികള്‍ യാതൊരു നിയന്ത്രണവുമില്ലാതെ കംപാര്‍ട്ടുമെന്റില്‍ തലങ്ങും വിലങ്ങും ഓട്ടമായി. ഉരുട്ടിപ്പിടിത്തം. കെട്ടിമറിയല്‍. ബര്‍ത്തില്‍ കയറി താഴേക്ക് ചാട്ടം. എന്നുവേണ്ട ആകെ ബഹളം. പോരാഞ്ഞ് ഇളയ രണ്ടു കുട്ടികളും വലിയ വായിലേ നിലവിളിക്കാനും തുടങ്ങി…

മയക്കത്തിലായിരുന്നവര്‍ ഞെട്ടിയുണര്‍ന്നു. വായനയുടെ രസച്ചരടു മുറിഞ്ഞവര്‍ അസ്വസ്ഥരായി. കുട്ടികളുടെ നിയന്ത്രണമില്ലാത്ത പെരുമാറ്റം കംപാര്‍ട്ടുമെന്റിന്റെ സ്വസ്ഥത നശിപ്പിച്ചപ്പോള്‍ എല്ലാ കണ്ണുകളും ഒരു കുറ്റപ്പെടുത്തലിന്റെ മൂര്‍ച്ചയോടെ നീണ്ടു ചെന്നത് കുട്ടികളുടെ അച്ഛനായ ചെറുപ്പക്കാരനിലേക്കാണ്… അയാളാകട്ടെ ഇതൊന്നും തന്നെ ബാധിക്കുന്നതേ ഇല്ലെന്ന ഭാവത്തില്‍ ട്രെയിനില്‍ കയറിയപ്പോള്‍ മുതല്‍ സീറ്റില്‍ ചാരി കണ്ണടച്ച് ഒരേ ഇരുപ്പാണ്. കുട്ടികളെ നിയന്ത്രിക്കേണ്ടത് തന്റെ ഉത്തരവാദിത്വമേ അല്ലെന്ന ഒരുമട്ട്.

അയാളുടെ ഈ നിര്‍വികാരതയും നിസ്സംഗതയും സഹയാത്രക്കാരില്‍ അമര്‍ഷമാണ് ഉളവാക്കിയത്. എന്തൊരു ഉത്തരവാദിത്വമില്ലാത്ത മനുഷ്യന്‍! മനുഷ്യരായാല്‍ അല്പം മര്യാദയൊക്കെ വേണ്ടേ? മറ്റുള്ളവരുടെ സ്വകാര്യതയില്‍ അതിക്രമിച്ചു കടക്കാന്‍ കുട്ടികളെ കയറൂരി വിട്ടിട്ട് കണ്ണടച്ചിരിക്കുന്നോ?

കുട്ടികളുണ്ടാക്കിയ ശബ്ദത്തെക്കാള്‍ അവരുടെ അച്ഛന്‍ പാലിച്ച നിശ്ശബ്ദതയാണ് സഹയാത്രികര്‍ക്ക് ദുസ്സഹമായിത്തോന്നിയത്. ഒടുവിലൊരാള്‍ ചെറുപ്പക്കാരനെ തട്ടിവിളിച്ചു ചോദിച്ചു: ”സുഹൃത്തേ, നിങ്ങളുടെ കുട്ടികളുടെ കാര്യം നോക്കേണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്കല്ലേ?’

ചെറുപ്പക്കാരന്‍ ഒരു നിമിഷം ഒന്നും മിണ്ടിയില്ല. പിന്നെ നേര്‍ത്ത സ്വരത്തില്‍ പറഞ്ഞു ”ശരിയാണ്. ഇനി അവരുടെ കാര്യം നോക്കേണ്ട മുഴുവന്‍ ഉത്തരവാദിത്വവും എനിക്കു മാത്രമാണ്. അവരുടെ അമ്മയുടെ അതായത് എന്റെ ഭാര്യയുടെ ശവസംസ്‌കാരം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയാണു ഞങ്ങള്‍.’

പൊടുന്നനെ ഒരു ബോംബുവീണ നടുക്കം. ആരും ഒന്നും മിണ്ടിയില്ല.

യാത്രക്കാരുടെ മനോമുകുരത്തില്‍ ഒരു ചിത്രം തെളിഞ്ഞു. അമ്മയില്ലാത്ത അഞ്ചുകുഞ്ഞുങ്ങളുടെ കൈപിടിച്ച് ഒരു വീട്ടിലേക്ക് ഒറ്റയ്ക്കുചെന്നു കയറുന്ന ഒരു ചെറുപ്പക്കാരന്‍.

പാവം! അയാള്‍ എന്തുചെയ്യും? ജീവിതയാത്രയില്‍ അയാള്‍ ഇപ്പോഴേ ഒറ്റയ്ക്കായല്ലോ. മാത്രമോ? അമ്മയില്ലാത്ത അഞ്ചു കുഞ്ഞുങ്ങള്‍. അവരെ അയാള്‍ എങ്ങനെ സമാധാനിപ്പിക്കും? ആ കുഞ്ഞുങ്ങളെ അയാള്‍ ഒറ്റയ്ക്ക് എങ്ങനെ വളര്‍ത്തിയെടുക്കും? എട്ടുംപൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞുങ്ങള്‍ വരും ദിവസങ്ങളില്‍ അവരുടെ അമ്മയെ അന്വേഷിക്കുമ്പോള്‍ അണപൊട്ടിയൊഴുകി വരുന്ന കണ്ണുനീര്‍ അവര്‍ കാണാതെ അയാള്‍ എവിടെ ഒളിപ്പിക്കും?

യാത്രക്കാര്‍ക്ക് അയാളോടും കുഞ്ഞുങ്ങളോടും സഹതാപമായി. കാര്യം അറിയാതെ അയാളെ വിധിക്കുകയും വിമര്‍ശിക്കുകയും ചെയ്തതില്‍ അവര്‍ക്കു കുറ്റബോധം തോന്നി…

ഗിരിപ്രഭാഷണത്തില്‍ യേശുപറഞ്ഞു: ”നിങ്ങള്‍….വിധിക്കരുത്.’ എന്തുകൊണ്ടാണ് നാം മറ്റൊരാളെ വിധിക്കരുത് എന്നു പറഞ്ഞിരിക്കുന്നത്? ചില കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ അനുഭവത്തിന്റേയും ലോകപരിചയത്തിന്റെയും പിന്‍ബലത്തില്‍, നമ്മുടെ സഹജാവബോധം ഉപയോഗിച്ച് ചില നിഗമനങ്ങളില്‍ ചെന്നെത്തുന്നതില്‍ എന്താണു തെറ്റ്? പുക ഉയരുന്നതു കണ്ടാല്‍ അവിടെ തീയുണ്ടെന്ന് അനുമാനിക്കരുതോ? ‘ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന്‍ തന്നേ’ എന്നു തീര്‍പ്പു കല്പിക്കുന്നതല്ലേ അംഗീകൃതരീതി? ഇതിലെല്ലാം എന്താണു തെറ്റ്? ……എന്നിങ്ങനെ മറ്റുള്ളവരെ വിധിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ട് നമുക്കു ധാരാളം ചോദ്യങ്ങള്‍ ചോദിപ്പാന്‍ കഴിയും.

പക്ഷേ ഈ ന്യായങ്ങളെല്ലാം നിരത്തിവച്ചശേഷവും വീണ്ടും മാറ്റമില്ലാത്ത ദൈവവചനത്തില്‍ നോക്കുമ്പോള്‍ അവിടെ അതാ യേശുവിന്റെ വാക്കുകള്‍, ഒരു സംശയത്തിനും ഇടനല്‍കാതെ, ന്യായവാദത്തിന് ഒരു പഴുതും നല്‍കാതെ, സുവ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു – ”നിങ്ങള്‍…വിധിക്കരുത്.’

വിധിക്കുന്നത് ഇത്രത്തോളം അപകടകരമായിരിക്കുന്ന ഒരു കാര്യം ആയിരിക്കുന്നത് എന്തുകൊണ്ടാണ്? മറ്റൊരാളെ വിധിക്കുമ്പോള്‍ നാം ദൈവത്തിനു മാത്രം അര്‍ഹതപ്പെട്ട സ്ഥാനം കവര്‍ന്നെടുക്കുന്നു എന്നതാണ് അതിനു കാരണം. ദൈവത്തിനു മാത്രമേ ഒരു മനുഷ്യന്റെ പശ്ചാത്തലവും അവന്‍ വളര്‍ന്നുവന്ന ചുറ്റുപാടുകളും അവന്‍ കടന്നുപോകുന്ന സാഹചര്യങ്ങളും അവന്റെ ഹൃദയത്തിലെ ചിന്തകളും അവന്റെ പ്രവൃത്തികള്‍ക്കു പിന്നിലെ മനോഭാവങ്ങളും പൂര്‍ണമായി അറിയുകയുള്ളൂ (തുടക്കത്തില്‍ പറഞ്ഞ കഥ ഓര്‍ക്കുക). അതുകൊണ്ടുതന്നെ അവനെ വിധിക്കുവാന്‍ ദൈവത്തിനു മാത്രമേ അവകാശമുള്ളൂ. നാം ചില കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്തിട്ട് ചില അനുമാനങ്ങളിലെത്തുകയും അതിന്റെ വെളിച്ചത്തില്‍ ഒരുവനെ വിധിക്കുകയും ചെയ്യുമ്പോള്‍ നാം ദൈവത്തിനു മാത്രം അര്‍ഹതപ്പെട്ട ഒരു സ്ഥാനത്തു കയറി നില്ക്കുകയാണ്.

മറ്റൊരാളെ വിധിക്കുമ്പോള്‍ രണ്ടു തെറ്റുകളാണു നാം ചെയ്യുന്നത്. ഒന്ന്: അയാളെ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും അറിയാത്തതുകൊണ്ട് നമ്മുടെ ഊഹാപോഹങ്ങള്‍ തീര്‍ത്തും തെറ്റിപ്പോകാന്‍ സാധ്യതയുണ്ട്. ഫലം നമ്മുടെ വിധി ശരിയല്ല. നാം അയാളോടു നീതി കാട്ടുന്നുമില്ല. രണ്ട്: മറ്റൊരാളെ വിധിക്കുമ്പോള്‍ നാം ദൈവത്തിനു മാത്രം അര്‍ഹതപ്പെട്ട ന്യായവിധിയുടെ സിംഹാസനത്തില്‍ ബലമായി കയറി ഇരിപ്പുറപ്പിക്കുകയും ന്യായവിധിയുടെ ചെങ്കോല്‍ സ്വയം കടന്നെടുക്കുകയും ചെയ്യുകയാണ്! നോക്കുക: വിധിക്കുന്നത് എത്ര ഭയങ്കരമായ കാര്യമാണ്!

തീര്‍ച്ചയായും നിഗളിയായ ഒരുവനു മാത്രമേ മറ്റൊരാളെ വിധിക്കുവാന്‍ കഴിയുകയുള്ളൂ. യഥാര്‍ത്ഥത്തില്‍ താഴ്മയുള്ള ഒരുവന് മറ്റൊരാളെ വിധിക്കാനുള്ള പരീക്ഷ ഉണ്ടാകുമ്പോള്‍ ‘മറ്റൊരുവന്റെ ദാസനെ വിധിക്കുവാന്‍ ഞാന്‍ ആര്‍?’ എന്ന ചോദ്യത്തോടെ അവന്‍ തന്നെത്തന്നെ താഴ്ത്തി ദൈവമുന്‍പാകെ കവിണ്ണുവീഴും (റോമ. 14:4; സംഖ്യ. 16:4).

മറ്റൊരുവന്റെ ജീവിതത്തില്‍ പ്രകടമായ തെറ്റുകള്‍ കാണുന്നുവെന്നിരിക്കട്ടെ. താഴ്മയുള്ള ഒരുവന് അതു സ്വന്തജീവിതത്തിലെ കുറവുകളെക്കുറിച്ചു ബോധ്യം നല്‍കും. ‘നിങ്ങള്‍..വിധിക്കരുത്’ എന്നു പറഞ്ഞതിനു തൊട്ടുതാഴെ യേശു പ്രസ്താവിക്കുന്ന വചനങ്ങള്‍ ഇതിലേക്കു വെളിച്ചം വീശുന്നു ‘എന്നാല്‍ സ്വന്തകണ്ണിലെ കോല്‍ ഓര്‍ക്കാതെ സഹോദരന്റെ കണ്ണിലെ കരടു നോക്കുന്നത് എന്ത്? അല്ല സ്വന്തകണ്ണില്‍ കോല്‍ ഇരിക്കെ നീ സഹോദരനോട്: നില്ല്, നിന്റെ കണ്ണില്‍ നിന്നു കരട് എടുത്തുകളയട്ടെ എന്നു പറയുന്നത് എങ്ങനെ? കപടഭക്തിക്കാരാ, മുമ്പേ സ്വന്തകണ്ണില്‍ നിന്നു കോല്‍ എടുത്തു കളക; പിന്നെ സഹോദരന്റെ കണ്ണില്‍ നിന്നു കരട് എടുത്തു കളവാന്‍ വെടിപ്പായി കാണും.’ (മത്താ. 7:3-5)

നാം മറ്റൊരുവന്റെ കണ്ണില്‍ ഒരു കരടു കാണുന്നുവെങ്കില്‍ അതു നമ്മെ എന്തിലേക്കു നടത്തണമെന്നാണ് യേശു ഇവിടെ പറഞ്ഞിരിക്കുന്നത്? സഹോദരന്റെ കണ്ണിലെ കരട് നമ്മുടെ കണ്ണിലെ കോലിനെക്കുറിച്ചാണു നമ്മെ ഓര്‍പ്പിക്കേണ്ടത്. താഴ്മയുള്ള ഒരുവന്‍ മറ്റൊരുവന്റെ കുറവുകളെ കാണുമ്പോള്‍ സ്വാഭാവികമായും ഓര്‍ക്കുന്നത് തന്റെ പോരായ്മകളെക്കുറിച്ചായിരിക്കും. മാത്രമല്ല, താരതമ്യം ചെയ്യുമ്പോള്‍ അവന്‍ എപ്പോഴും സ്വന്തം കുറവുകളെ വലുതായിക്കാണുകയും ചെയ്യും!

ഈ മനോഭാവം നമുക്കുണ്ടോ? ‘നാം നമ്മെത്തന്നേ വിധിച്ചാല്‍ വിധിക്കപ്പെടുകയില്ല’ (1 കൊരി. 11:31)

കരുണയുടെ കാല്‍വയ്പ്


ഒരു തേനീച്ചക്കൂടുപോലെ പ്രവര്‍ത്തനനിരതമാണു ക്രിസ്തീയലോകം ഇന്ന്. ഇത്രത്തോളം ക്രിസ്തീയപ്രവര്‍ത്തനങ്ങള്‍ നടന്ന മറ്റൊരു കാലഘട്ടവുമുണ്ടായിട്ടില്ലെന്നു തന്നെ പറയാം. പക്ഷേ എല്ലാ ക്രിസ്തീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദനം പകരുകയും പ്രവര്‍ത്തനങ്ങളെ സജീവവും ചലനാത്മകവുമാക്കിത്തീര്‍ക്കുകയും ചെയ്യേണ്ട ഒരു മനോഭാവം, ഹൃദയനില, വികാരം, ഉണ്ട്. അതു മറ്റൊന്നല്ല; സ്‌നേഹമാണ്. ‘സ്‌നേഹമില്ലയെങ്കില്‍…ഏതുമില്ല.’

സ്‌നേഹത്തിന്റെ അധ്യായമായ ‘ഒന്നു കൊരിന്ത്യര്‍ 13’ല്‍ പൗലോസ് ഇക്കാര്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു. എല്ലാവര്‍ക്കും കാണാവുന്നതും മനുഷ്യര്‍ ‘വളരെ മഹത്തരം’ എന്നു വിലയിരുത്തുന്നതുമായ ധാരാളം പ്രവര്‍ത്തനങ്ങളേക്കുറിച്ചാണ് പൗലോസ് ഈ അധ്യായത്തിന്റെ തുടക്കത്തില്‍ വിവരിക്കുന്നത്. ‘മുഴങ്ങുന്ന ചെമ്പും ചിലമ്പുന്ന കൈത്താള’വും പോലെ ഏറെ ശബ്ദം ഉണ്ടാക്കുന്നതും ശ്രദ്ധപിടിച്ചുപറ്റുന്നതുമായ വാഗ്‌ധോരണി ഒരു വശത്ത്. ‘മലകളെ നീക്കുന്ന’ അത്ഭുതപ്രവൃത്തികള്‍ മറ്റൊരു വശത്ത്. ‘അന്നദാനം, ശരീരം ചുടുവാന്‍ ഏല്പിക്കുക’ തുടങ്ങിയ ത്യാഗപരമായ പ്രവര്‍ത്തനങ്ങള്‍ വേറൊരിടത്ത്. ഇവയെല്ലാം വാസ്തവത്തില്‍ ഇന്നു ക്രിസ്തീയലോകത്തു നടക്കുന്ന വ്യത്യസ്തപ്രവര്‍ത്തനങ്ങളെ പ്രതിനിധാനം ചെയ്യുന്നവയല്ലേ? അതേ, ഇന്നു ക്രിസ്തീയലോകത്ത് വലിയ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവകാശങ്ങള്‍ മുഴങ്ങിക്കേള്‍ക്കുന്നു. അത്ഭുതം പ്രവര്‍ത്തിക്കുന്ന വിശ്വാസത്തെക്കുറിച്ചും ധാരാളം കേള്‍ക്കുന്നുണ്ട്. ത്യാഗപരമായ പ്രവര്‍ത്തനങ്ങളും കുറവല്ല. എന്നാല്‍ ഇവയെല്ലാം സ്‌നേഹമില്ലാതെ ചെയ്‌വാന്‍ കഴിയും എന്ന ദുഃഖസത്യത്തിലേക്കാണ് അപ്പോസ്തലനായ പൗലോസ് വിരല്‍ ചൂണ്ടുന്നത്. അങ്ങനെ ചെയ്താല്‍ ‘ ഒരു പ്രയോജനവുമില്ല’ എന്ന് അദ്ദേഹം തൊട്ടടുത്ത് വാക്യത്തില്‍ നമുക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു!

ഏതു കാര്യത്തിലും എന്നപോലെ പ്രവര്‍ത്തനങ്ങളിലും യേശുവായിരിക്കണം നമ്മുടെ മാതൃക. അവിടുന്ന് ആളുകളോട് കരുണയോടെ പെരുമാറി. എന്നാല്‍ മനസ്സലിവില്‍ നിന്ന് അഥവാ കനിവില്‍ നിന്നാണ് അവിടുത്തെ പ്രവര്‍ത്തനം ഉത്ഭവിച്ചത്. കരുണയും കനിവും തമ്മില്‍ അല്പം വ്യത്യാസമുണ്ട്. മറ്റുള്ളവരോടുള്ള സ്‌നേഹത്തിന്റെ ആന്തരികഭാവമാണ് കനിവ് (Compassion). ആ കനിവിന്റെ, മനസ്സലിവിന്റെ, ബഹിര്‍പ്രകടനമാണ് കരുണ(Mercy). യേശു രോഗികളെ സൗഖ്യമാക്കുകയും ആളുകളുടെ വിശപ്പടക്കുകയും ചെയ്ത ഭാഗമെല്ലാം ശ്രദ്ധിക്കുക. ആദ്യം അവിടുന്ന് അവരോടുള്ള കനിവുകൊണ്ടു നിറഞ്ഞു. തുടര്‍ന്ന് അവരോട് കരുണയോടെ പെരുമാറി. ഇത് നമുക്ക് ഒരു വെല്ലുവിളിയാണ്. നമ്മുടെ ക്രിസ്തീയ പ്രവര്‍ത്തനങ്ങളെ കരുണയും അതിനും ആഴത്തില്‍ കനിവും ആര്‍ദ്രമാക്കുന്നുണ്ടോ?

വലിയ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറത്ത് തങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് യേശുവിന്റെ കനിവിന്റെ കാല്‍ച്ചുവടുകളെ പിന്‍തുടര്‍ന്ന ധാരാളം വിശുദ്ധന്മാര്‍ വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്നു. ഇന്നും ജീവിക്കുന്നു. ഇവരില്‍ ഏറെയും ആരാലും അറിയപ്പെടാത്തവരാണ്. They met at Calvary (അവര്‍ കാല്‍വറിയില്‍ കണ്ടുമുട്ടി) എന്ന ഗ്രന്ഥത്തില്‍ ഡബ്ല്യൂ ഇ. സാങ്സ്റ്റര്‍ അത്തരം ഒരു ക്രിസ്തുശിഷ്യന്റെ ജീവിതകഥ വിവരിക്കുന്നുണ്ട്.

അമേരിക്കയുടെ ദക്ഷിണഭാഗത്തുള്ള ഒരു ചെറിയ പട്ടണത്തില്‍ പ്രാക്ടീസു ചെയ്തിരുന്ന ക്രിസ്തീയ ഡോക്ടറായിരുന്നു ഡോ. ബ്രായ്ക്കറ്റ്. ക്രിസ്തീയ ഡോക്ടര്‍ എന്ന വിശേഷണം ഡോ. ബ്രായ്ക്കറ്റിനെ സംബന്ധിച്ചിടത്തോളം നൂറു ശതമാനവും ശരിയായിരുന്നു.

തെരുവിലെ ഒരു തുണിക്കടയുടെ മുകളിലായിരുന്നു പാവപ്പെട്ട രോഗികള്‍ തിക്കിത്തിരക്കുന്ന ഡോ. ബ്രായ്ക്കറ്റിന്റെ കണ്‍സള്‍ട്ടിംഗ് റൂം. താഴെ തെരുവില്‍ നിന്ന് മുകൡലക്കുള്ള ഗോവണിപ്പടി തുടങ്ങുന്നിടത്ത് ‘ഡോ. ബ്രായ്ക്കറ്റ്. ഓഫീസ് മുകളില്‍’ എന്നെഴുതിയ ഒരു പിച്ചള ബോര്‍ഡ് അശരണരായ രോഗികളെ മാടിവിളിച്ചുകൊണ്ട് തൂങ്ങിക്കിടന്നിരുന്നു.

തിരക്കിനിടയില്‍ കല്യാണം കഴിക്കാന്‍ ‘മറന്നുപോയ’ മനുഷ്യനായിരുന്നു ഡോ. ബ്രായ്ക്കറ്റ്. അദ്ദേഹത്തിന് ഒരിക്കല്‍ വിവാഹം നിശ്ചയിച്ചിരുന്നതാണ്. തീയതിയും തീരുമാനിച്ചു. ഒരുക്കങ്ങളും പൂര്‍ത്തിയായി. എന്നാല്‍ അന്നു രാവിലെ മെക്‌സിക്കോകാരിയായ ഒരു പാവപ്പെട്ട യുവതിയുടെ പ്രസവം എടുക്കുന്നതിനുവേണ്ടി ആള്‍ക്കാര്‍ ഡോക്ടറെ കൂട്ടിക്കൊണ്ടുപോയി. അവളുടെ സ്ഥിതി പെട്ടെന്നു വഷളായി. എന്നാല്‍ ഡോക്ടര്‍ വളരെ ബുദ്ധിമുട്ടി അമ്മയേയും കുഞ്ഞിനേയും രക്ഷപ്പെടുത്തി. തുടര്‍ന്ന് അദ്ദേഹം വിവാഹത്തിനായി പള്ളിയില്‍ ഓടിക്കിതച്ച് എത്തിയപ്പോഴേക്കും വളരെ താമസിച്ചുപോയിരുന്നു. ഒരാള്‍ക്ക് സ്വന്തം വിവാഹത്തേക്കാള്‍ പ്രധാനം അന്യരുടെ കാര്യമാണെങ്കില്‍ അയാളോട് ഒത്തുപോകാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ് വധു പള്ളിവിട്ട് പോയിക്കഴിഞ്ഞിരുന്നു. അവള്‍ പറഞ്ഞതില്‍ ന്യായമുണ്ടെന്നായിരുന്നു അതിഥികളായെത്തിയതില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. എന്നാല്‍ മരണവക്ത്രത്തില്‍നിന്നു ഡോക്ടര്‍ രക്ഷപ്പെടുത്തിയ യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും മാത്രം വ്യത്യസ്ത അഭിപ്രായക്കാരായിരുന്നു. പക്ഷേ അവരുടെ ന്യായവാദങ്ങള്‍ ആരു കേള്‍ക്കാന്‍? ജീവിതകാലം മുഴുവന്‍ അവിവാഹിതനായി ഡോക്ടര്‍ ആതുരശുശ്രൂഷയില്‍ മുഴുകി. ‘ഈ എളിയവരില്‍ ഒരുവനു ചെയ്യുന്നത് എനിക്കു ചെയ്യുന്നു’ എന്ന ക്രിസ്തുവചനത്താല്‍ പ്രചോദിതനായി അദ്ദേഹം ധാരാളം ദരിദ്രരായ രോഗികളെ പ്രതിഫലേച്ഛയില്ലാതെ ചികിത്സിച്ചു. ഒടുവില്‍ ഒരുനാള്‍ ഡോക്ടര്‍ അന്തരിച്ചു.

ശവസംസ്‌കാരച്ചടങ്ങില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. സംസ്‌കാരം കഴിഞ്ഞ് അവര്‍ അദ്ദേഹത്തിന്റെ കല്ലറയില്‍ ആദരസൂചകമായി ഒരു സ്മാരകശില സ്ഥാപിക്കുന്നതിനേക്കുറിച്ചായി ചര്‍ച്ച. ചര്‍ച്ചയില്‍ ശിലാഫലകത്തിന് എന്ത് ഉയരം വേണം? എന്താണ് അതില്‍ എഴുതേണ്ടത്? എന്നിവയെക്കുറിച്ച് ഒരു അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല ഒടുവില്‍ രണ്ടുംനാലുമായി ആളുകള്‍ പിരിഞ്ഞു. പക്ഷേ തന്റെ വിവാഹ ദിവസം ഡോക്ടര്‍ ഏതു കുഞ്ഞിനെ രക്ഷപ്പെടുത്താനായി പോയോ ആ കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് അങ്ങനെ പിരിഞ്ഞുപോകാന്‍ കഴിയുമായിരുന്നില്ല. വളരെ പാവപ്പെട്ട ആ മെക്‌സിക്കന്‍ ദമ്പതികള്‍ക്ക് പണം ചെലവുചെയ്ത് എന്തെങ്കിലും സ്മാരകം സ്ഥാപിക്കുവാനുള്ള ശേഷി ഇല്ലായിരുന്നു. അതുകൊണ്ട് വളരെ ആലോചിച്ചശേഷം ഡോക്ടറുടെ പഴയ ഓഫീസിന് ചുവട്ടില്‍ ഉണ്ടായിരുന്ന പിച്ചളബോര്‍ഡ് കൊണ്ടുവന്ന് അവര്‍ കല്ലറയ്ക്ക് മുകളില്‍ സ്ഥാപിച്ചു. പിറ്റേദിവസം സെമിത്തേരിയുടെ സമീപത്തുകൂടിപോയ എല്ലാവരും ആ കാഴ്ചകണ്ടു. ഡോക്ടറുടെ കല്ലറയ്ക്കു മുകളില്‍ മനോഹരമായ പുഷ്പങ്ങളാല്‍ അലംകൃതമായ, തേച്ചുമിനുക്കിയ പിച്ചളബോര്‍ഡ്. അതില്‍ എഴുതിയിരിക്കുന്നത് ഇളംവെയിലില്‍ വെട്ടിത്തിളങ്ങുന്നു. ‘ഡോ. ബ്രായ്ക്കറ്റ് ഓഫീസ് മുകളില്‍!’ അതേ, അദ്ദേഹം തന്റെ ഓഫീസ് ഉന്നതത്തിലേക്കു മാറ്റിയിരിക്കുന്നു! എത്ര ഉചിതമായ ഒരു സ്മാരകം!

യേശുവിന്റെ കരുണയുടെ കാല്‍വയ്പുകളെ ആര്‍ദ്രതയോടെ പിന്‍തുടര്‍ന്ന് ഒടുവില്‍ ഓട്ടം തികച്ച് ഉയരത്തിലേക്കു സ്ഥാനക്കയറ്റം കിട്ടി അദ്ദേഹം തന്റെ ഓഫീസ് അങ്ങോട്ടുമാറ്റി. ഡോ. ബ്രായ്ക്കറ്റിനെപ്പോലെ, ഡാമിയനെപ്പോലെ അറിയപ്പെടാത്തവരും അറിയുന്നവരുമായ ക്രിസ്തുശിഷ്യന്മാരാണ് ഇരുപതു നൂറ്റാണ്ടു പിന്നിട്ട ക്രിസ്തീയമാര്‍ഗ്ഗത്തിന്റെ ധന്യത.

നമ്മോട് ഇടപെടുന്നവര്‍ക്ക്, നമ്മുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട്, ക്രിസ്തീയ സ്‌നേഹത്തിന്റെ തൂവല്‍സ്പര്‍ശം നല്‍കാന്‍ കഴിയുന്ന കരുണയുള്ള ക്രിസ്ത്യാനികളായി ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ നമുക്കും കഴിഞ്ഞിരുന്നെങ്കില്‍….!

ആഴങ്ങള്‍ തേടുന്ന ദൈവം


വേഗം – അതാണ് ഈ കാലഘട്ടത്തിന്റെ മുഖമുദ്ര. എന്തിനും ഏതിനും വേഗം. എല്ലാം പെട്ടെന്നു വേണം. കാത്തുനില്ക്കാന്‍ ആര്‍ക്കും ക്ഷമയില്ല. വെട്ടൊന്ന്, തുണ്ടം രണ്ട്. ആ രീതിയാണ് ഇന്നെല്ലാവര്‍ക്കും പഥ്യം. പക്ഷേ ഈ ‘ഫാസ്റ്റ് ഫുഡ് സമീപനം’ മൂലം നഷ്ടമാകുന്ന ഒന്നുണ്ട്- അത് ആഴമാണ്.

കാര്യങ്ങളുടെ ആഴത്തിലേക്കു കടന്നുചെല്ലാതെ ഉപരിതലത്തെ തൊട്ടുഴിഞ്ഞു പോകുന്ന ആധുനികമനോഭാവം ആത്മീയമണ്ഡലത്തിലും ഇന്നു മേല്‍ക്കൈ നേടിയിരിക്കുന്നു. ആഴമുള്ള, അടിസ്ഥാനപരമായ, മൗലികമായ നിലപാടുകള്‍ ഇന്ന് എത്ര കുറവാണ്! ആഴമുള്ള അനുതാപങ്ങള്‍, അഗാധമായ വിശ്വാസം, ആഴത്തിലേക്കു നീണ്ടുപോകുന്ന ആത്മീയതയുടെ വേരുകള്‍…. ഇവയുടെ സ്ഥാനത്ത് ഇന്നു കാണുന്നതെന്താണ്? ‘വരിക, വിശ്വസിക്കുക, സമൃദ്ധി നേടുക’ എന്ന ആഹ്വാനം ചില ക്രിസ്തീയവേദികളില്‍ മുഴങ്ങുന്നു. ‘വരിക കൊടുക്കുക, പത്തു മടങ്ങും നൂറുമടങ്ങും തിരികെ നേടുക’… എന്നാണ് മറ്റുചിലടത്തെ പ്രലോഭനം. ഇന്‍സ്റ്റന്റ് വിശ്വാസം. ഇന്‍സ്റ്റന്റ് നേട്ടം…. ‘ഇത് തെരുവിലെ ഒന്നുവച്ചാല്‍ രണ്ട്, രണ്ടുവച്ചാല്‍ നാല്’ എന്ന വായ്ത്താരികളെയല്ലേ ഓര്‍മിപ്പിക്കുന്നത്?’ എന്നാരെങ്കിലും ചോദിച്ചാല്‍ നമുക്കവരെ കുറ്റപ്പെടുത്താനാവുമോ?

മനുഷ്യരാശിയോടുള്ള ദൈവത്തിന്റെ ഇടപെടലുകള്‍ ഒരിക്കലും കേവലം ഉപരിതലസ്പര്‍ശിയായിരുന്നില്ല. മറിച്ച്, അത് ആഴത്തിലേക്കു പോകുന്നതാണ്. ഉദാഹരണത്തിന് മനുഷ്യനുവേണ്ടി ദൈവം ഒരുക്കിയ രക്ഷാമാര്‍ഗ്ഗത്തെക്കുറിച്ചു ചിന്തിക്കുക. പാപത്തില്‍ വീണുപോയ മനുഷ്യനെ രക്ഷിക്കാന്‍ അവിടുന്ന് ഒരു എളുപ്പവഴി കൈക്കൊണ്ടില്ല. പകരം ‘അവിടുന്ന് ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചുകൊള്ളണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താന്‍ ഒഴിച്ചു വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ’ താഴേക്ക് ഇറങ്ങി വന്നു. ഇത്രയും ആഴത്തിലേക്ക് ഇറങ്ങിവന്ന്, സ്വന്തപുത്രന്റെ ക്രൂശുമരണത്തിലൂടെ മാത്രം, മാനവരാശിക്ക് രക്ഷ ഒരുക്കേണ്ട കാര്യം ദൈവത്തിന് ഉണ്ടായിരുന്നോ? ദൈവ സ്വഭാവത്തിലേക്കാണ് ഇതു വെളിച്ചം വീശുന്നത്. ഗുരുതരമായ ഒരു പ്രശ്‌നത്തിന് ലഘുവായ ഒരു പരിഹാരം – അതു ദൈവനീതിക്കു യോജിച്ചതല്ല. അവിടുന്നു കാര്യങ്ങളെ ഗൗരവമായി കാണുന്നു. ‘സമാധാനം ഇല്ലാതിരിക്കെ, സമാധാനം സമാധാനം എന്നു പറഞ്ഞ് മുറിവിന് ലഘുവായി ചികിത്സിക്കുന്നത്’ അവിടുന്ന് ഇഷ്ടപ്പെടുന്നില്ല. ‘ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കുന്ന’ എളുപ്പവഴി മിടുക്കും സാമര്‍ത്ഥ്യവുമായി മനുഷ്യര്‍ പരിഗണിക്കുമായിരിക്കും. പക്ഷേ ദൈവം അങ്ങനെയല്ല അതിനെ കാണുന്നത്. ഓരോ പ്രശ്‌നത്തിനും ആഴത്തിലുള്ള പരിഹാരം – അതാണു ദൈവത്തിന്റെ പ്രവര്‍ത്തനരീതി. ഈ പ്രവര്‍ത്തനശൈലിയുടെ ഭാഗമായാണ് അവിടുന്നു സ്വന്തപുത്രനെപ്പോലും ആദരിക്കാതിരുന്നത്.

പാപത്തിന്റെ പരിഹാരത്തെ യേശു മരണവേദനയോടെ ചൊരിഞ്ഞ രക്തത്തോടു ബന്ധപ്പെടുത്തിയപ്പോള്‍ സൗഖ്യത്തെ യേശുവിന്റെ അടിപ്പിണരുകളോടാണ് ബന്ധപ്പെടുത്തിയിരിക്കുന്നതെന്നു ശ്രദ്ധിക്കുക. യേശു ശരീരത്തില്‍ ഏറ്റ അടികളും ക്ഷതങ്ങളും വേദനയുടെ മറ്റൊരു മുഖമാണ്. ഉവ്വ്, ദൈവത്തിന്റെ പരിഹാരമാര്‍ഗ്ഗങ്ങള്‍ എപ്പോഴും രക്തച്ചൊരിച്ചിലിനോടും, മരണത്തോടും, വൃഥയോടുമാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതുകൊണ്ടാണ് അവ ആഴമുള്ളതായിരിക്കുന്നത്.

വേദന, ആഴം എന്നിവയ്ക്ക് മൂലഭാഷയില്‍ ഒരൊറ്റ പദമാണ്- pathos- ഉള്ളതെന്ന് കേട്ടിട്ടുണ്ട്. അതേ, ആഴം എപ്പോഴും വേദനയാണ്. വേദനയെ അറിയാതിരിക്കുമ്പോള്‍ നാം ആഴത്തെ സ്പര്‍ശിക്കുന്നില്ല.മനുഷ്യനോടുള്ള ദൈവത്തിന്റെ പ്രവര്‍ത്തനം ആഴമുള്ളതായതിനാല്‍ ദൈവത്തോടുള്ള മനുഷ്യന്റെ പ്രതികരണവും ആഴമുള്ളതായിരിക്കണമെന്ന് അവിടുന്ന് ആശിക്കുന്നെങ്കില്‍ അതു തികച്ചും ന്യായമല്ലേ? ആഴം എപ്പോഴും ആഴത്തെ വിളിക്കുന്നു (സങ്കീ. 42:7). ആഴമുള്ള ഒരു ഇടപെടല്‍ ആഴമുള്ള ഒരു പ്രതികരണം എപ്പോഴും അവകാശപ്പെടുന്നുണ്ട്. അതുകൊണ്ട് ദൈവത്തോടുള്ള മനുഷ്യന്റെ ഉപരിപ്ലവമായ പ്രതികരണങ്ങള്‍ ഒരിക്കലും അവിടുത്തെ ഹൃദയത്തെ തൃപ്തിപ്പെടുത്തുന്നില്ല. അങ്ങനെയെങ്കില്‍ ഇന്നു നടക്കുന്ന അനുതാപമില്ലാത്ത മാനസാന്തരങ്ങളെയും ദൈവികമായ ഒരു ദു:ഖത്തില്‍ അധിഷ്ഠിതമല്ലാത്ത വിശ്വാസത്തെയുമൊക്കെ ദൈവം എങ്ങനെയായിരിക്കും വീക്ഷിക്കുന്നത്?

ദൈവത്തോടുള്ള ആഴമുള്ള ഏതു പ്രതികരണവും വ്യഥയെ, വേദനയെ, സ്പര്‍ശിക്കുന്നതായിരിക്കണം എന്നു നാം കണ്ടു. അങ്ങനെയെങ്കില്‍ രക്തം ചൊരിഞ്ഞുള്ള യാഗങ്ങള്‍ക്കോ, ശരീരത്തെ ദണ്ഡിപ്പിക്കുന്നതിനോ പ്രസക്തി ഇല്ലാത്ത പുതിയ നിയമ കാലഘട്ടത്തില്‍ ഇത് ഏതു വ്യഥയാണ്? തീര്‍ച്ചയായും ഇത് സ്വയത്തെ ത്യജിക്കുമ്പോള്‍, സ്വയജീവനെ (soul life) കളയുമ്പോള്‍, സ്വയത്തിനു മുറിവേല്ക്കുമ്പോള്‍, ഉളവാകുന്ന വേദനയാണ്. ഈ വേദന അറിയാത്ത അര്‍പ്പണങ്ങളെല്ലാം ‘ചെലവില്ലാത്ത യാഗങ്ങള്‍’ മാത്രമായിരിക്കും (2 ശമു. 24:24)

ക്രിസ്തീയലോകത്ത് പുതിയ പഠിപ്പിക്കലുകളും സ്വാധീനങ്ങളും കടന്നുവരുമ്പോള്‍ അതില്‍ സ്വയജീവന്‍ (soul life) സ്പര്‍ശിക്കപ്പെടുന്നുണ്ടോ അതോ അതു സംരക്ഷിക്കപ്പെടുകയാണോ എന്നു ശ്രദ്ധിച്ചാല്‍ നാം തെറ്റിപ്പോവുകയില്ല. ഉദാഹരണത്തിന് ‘വിശ്വസിക്കുക. ആശിക്കുന്നതു നേടുക’ എന്നൊരു സന്ദേശം നാം കേള്‍ക്കുമ്പോള്‍ അതില്‍ പ്രകടമായി കുഴപ്പമൊന്നും തോന്നിയെന്നു വരികയില്ല. എന്നാല്‍ അവിടെ പാപത്തെച്ചൊല്ലിയുള്ള നിലവിളിക്കോ, അനുതാപത്തിനോ, ദൈവികമായ ദു:ഖത്തിനോ ഊന്നല്‍ ഇല്ലാതെ വരുമ്പോള്‍ സ്വയജീവന്‍ ഒരുപോറല്‍പോലും ഏല്ക്കാതെ വിദഗ്ദ്ധമായി സംരക്ഷിക്കപ്പെടുകയല്ലേ? അല്ലെങ്കില്‍ വിശ്വാസലോകത്ത് ഇന്നു വ്യാപകമായിരിക്കുന്ന മറ്റൊരു സന്ദേശം ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് ഒരു നഷ്ടമോ പരാജയമോ ജീവിതത്തില്‍ ഒരു തിരിച്ചടിയോ നേരിട്ടാല്‍ അതു സാത്താന്റെ ഒരു ‘പോരാട്ട’മാണ്. ആ ‘ബന്ധന’ത്തില്‍ നിന്നു ‘വിടുതല്‍’ നേടാന്‍ മൂന്നു ദിവസത്തെ ഉപവാസപ്രാര്‍ത്ഥന നടത്തുക. ഈ സന്ദേശത്തില്‍ എന്താണു കുഴപ്പം? ഉപവാസവും പ്രാര്‍ത്ഥനയും നല്ലതല്ലേ? നല്ലതാണ്. പക്ഷേ ഇവിടെ ആത്മപരിശോധനയ്ക്കും, പശ്ചാത്താപത്തിനും, തെറ്റിനുപരിഹാരം വരുത്താനും (വഞ്ചിച്ചെടുത്തതു തിരിച്ചു നല്‍കാന്‍ സക്കായി തീരുമാനിച്ചപ്പോഴാണ് ‘ഈ വീടിനു രക്ഷവന്നു’ എന്ന് യേശു അരുളിച്ചെയ്തത് എന്ന കാര്യം ഓര്‍ക്കുക) ഊന്നല്‍ നല്‍കാതിരിക്കുന്നിടത്തോളം സ്വയജീവന്‍ ഇവിടെയും സ്പര്‍ശിക്കപ്പെടുന്നതേ ഇല്ല. ആത്മികതയുടെ ഒരാവരണത്തിനുള്ളില്‍ സ്വയജീവനെ മുറിവേല്ക്കാതെ സംരക്ഷിക്കുന്നതില്‍ എത്ര സമര്‍ത്ഥരാണു നാം! സ്വയജീവന്‍ സംരക്ഷിക്കപ്പെടുന്നിടത്ത് വേദന അറിയുന്നില്ല. അവിടെ ആഴമുള്ള ഒരു പ്രതികരണമില്ല. അതുകൊണ്ടുതന്നെ ദൈവഹൃദയത്തിനു തൃപ്തി വരുന്നുമില്ല.

മരണപര്യന്തം തങ്ങളുടെ പ്രാണനെ (soul life)സ്‌നേഹിക്കാത്തവരാണു ജയാളികള്‍ (വെളി.12:11). നാം ജയാളികളാണോ? ആഴത്തില്‍ കുഴിച്ച് അടിസ്ഥാനം ഇടുന്നവരാണ് ബുദ്ധിയുള്ള മനുഷ്യര്‍ (ലൂക്കോ. 6:48, മത്താ. 7:24). നാം ബുദ്ധിയുള്ള മനുഷ്യരാണോ?

യേശുവെപ്പോലെ ആകുവാന്‍…


ക്രിസ്തീയത എന്നത് ചില ആശയങ്ങളോടുള്ള പ്രതിബദ്ധതയല്ല. മറിച്ച് അത് ഒരു വ്യക്തിയോടുള്ള ബന്ധമാണ്- യേശുക്രിസ്തുവിനോടുള്ള വ്യക്തിപരമായ ബന്ധം.

ഈ ഭൂമിയില്‍ ഒരു സാധാരണ ജീവിതം നയിച്ചുകൊണ്ടുതന്നെ യേശുക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്തി ഇന്നും അവിടുത്തെ കാല്‍ച്ചുവടുകള്‍ പിന്‍പറ്റുവാന്‍ കഴിയും എന്നത് എത്ര അത്ഭുതകരമായ കാര്യമാണ്! സത്യത്തില്‍ ക്രിസ്തീയതയുടെ കേന്ദ്രം, അതിന്റെ ഹൃദയം, എന്നു പറയുന്നത് ഇതാണ്-യേശുക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധം. ആ കാല്‍ച്ചുവടുകള്‍ പിന്‍തുടരുമ്പോള്‍ യേശുക്രിസ്തുവിനെ കുറിച്ചുള്ള വര്‍ദ്ധിച്ചു വരുന്ന അറിവ്. ഉവ്വ്, ക്രിസ്തീയതയുടെ കാതല്‍ ഇതാണ്.

പക്ഷേ ഇന്ന് ക്രിസ്തീയതയുടെ ഈ കേന്ദ്രസത്യത്തെക്കുറിച്ചു വളരെക്കുറച്ചേ കേള്‍ക്കാറുള്ളൂ. എല്ലാ ആത്മീയാനുഭവങ്ങളും ഒരു ക്രിസ്ത്യാനിയെ നയിക്കേണ്ടത് ഈ ലക്ഷ്യത്തിലേക്കാണ് എന്ന സത്യം ഇന്ന് ഏറെക്കുറെ വിസ്മരിക്കപ്പെട്ടു പോയിരിക്കുന്നതുപോലെ.

സുവിശേഷവിഹിതരായ ക്രിസ്ത്യാനികള്‍ക്ക് തങ്ങളുടെ ആത്മീയാനുഭവങ്ങളെ വിവരിക്കുവാന്‍ പ്രത്യേക ചില സാങ്കേതിക പദങ്ങളുണ്ട്. മാനസാന്തരം, വീണ്ടും ജനനം, രക്ഷ, സ്‌നാനം, ആത്മസ്‌നാനം എന്നിങ്ങനെ. ഒരുവന്‍ യേശുവിനെക്കുറിച്ചുള്ള സുവിശേഷം കേട്ട് പാപവഴികളെ വിട്ടു മനംതിരിഞ്ഞ് യേശുവില്‍ വിശ്വസിച്ച് തന്നെ കര്‍ത്താവും നാഥനുമെന്ന് ഹൃദയത്തില്‍ സ്വീകരിക്കുമ്പോഴാണ് വീണ്ടും ജനനം നടക്കുന്നത്. സത്യത്തില്‍ ഇത് എന്താണ്? യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ തുടക്കമാണിത്. തുടര്‍ന്ന് ഒരുവനില്‍ വര്‍ദ്ധിച്ചു വരുന്ന ക്രിസ്ത്വനുഭവത്തെ സൂചിപ്പിക്കുന്ന നാഴികക്കല്ലുകളായിരിക്കണം മുകളില്‍ പറഞ്ഞ വേദശാസ്ത്രപരമായ സാങ്കേതിക പദങ്ങളോരോന്നും. അവ ഓരോന്നും അവയില്‍ തന്നെ ഒരവസാനമല്ല. മറിച്ച് അവ സുവിശേഷത്തിന്റെ കേന്ദ്ര ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനിടയിലെ നിര്‍ണായകമായ ചുവടുവയ്പുകളെ സൂചിപ്പിക്കുന്ന നാഴികക്കല്ലുകള്‍ മാത്രമാണ്. കേന്ദ്ര ലക്ഷ്യം എന്നു പറയുന്നത് ശിഷ്യത്വത്തിന്റെ വഴിയിലൂടെ തന്നെ അനുഗമിച്ച് യേശു ജീവിച്ചതുപോലെ ജീവിക്കുകയും അവിടുന്നു നടന്നതു പോലെ നടക്കുകയും അവിടുത്തെ സ്വരൂപത്തോട് അനുരൂപരാകുകയും ചെയ്യുക എന്നതാണ്. ഇത് കേള്‍ക്കുമ്പോള്‍ സുവിശേഷ വിഹിതരെന്ന് അവകാശപ്പെടുന്ന പലരും ചോദിക്കുന്നത് ഇങ്ങനെയാണ് ”എന്ത്! യേശു ജീവിച്ചതു പോലെ ജീവിക്കുകയോ? അവിടുന്ന് ഈ ഭൂമിയില്‍ നടന്നതുപോലെ നടക്കുകയോ? നമ്മള്‍, ശരാശരി മനുഷ്യര്‍ക്ക് അതു സാധ്യമാണോ?. യേശു മരിച്ചവരെ ഉയിര്‍പ്പിച്ചു. വെള്ളത്തിനുമീതെ നടന്നു. അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തൃപ്തരാക്കി. യേശുവിനെപ്പോലെ ആയിത്തീരുവാന്‍ നമുക്കു കഴിയുമെന്നോ?. ഇതൊക്കെ അതിരുകടന്ന ചിന്തകളാണ്. ബൈബിളിലില്ലാത്ത കഠിന ഉപദേശങ്ങളാണിവയൊക്കെ….”

ബൈബിളില്‍ നിന്ന് ഒരു വാക്യം കാണുക ”അവനില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു” (1 യോഹ.2:6) ഇത് ഒരു അര്‍ത്ഥശങ്കയ്ക്കും ഇടനല്‍കാത്ത വ്യക്തമായ ഒരു വചനമാണ്. അവനില്‍-ക്രസ്തുവില്‍-വസിക്കുന്നു എന്നാണോ നിന്റെ അവകാശവാദം? ശരി, എങ്കില്‍ നീ യേശുവിന്റെ ജീവനാല്‍ അവന്‍ നടന്നതു പോലെ നടക്കേണ്ടതാകുന്നു.

ഈ വചനത്തിനു മുമ്പില്‍ നമുക്ക് എന്തു ചെയ്യുവാന്‍ കഴിയും? ഇതിനോട് നമുക്കു രണ്ടു വിധത്തില്‍ പ്രതികരിക്കുവാന്‍ സാധിക്കും. ഒന്ന്: ‘ഓ ഇത് അത്ര ഗൗരവമായി എടുക്കേണ്ട കാര്യമില്ല. ഇതൊന്നും പ്രായോഗികമല്ല.’ രണ്ട്: ‘അനുസരിക്കാന്‍ കഴിയാത്ത കാര്യങ്ങളൊന്നും ദൈവവചനം അനുശാസിക്കുകയില്ല. ഞാന്‍ ഇതു ഗൗരവമായി എടുത്ത് ഇക്കാര്യത്തില്‍ ശ്രദ്ധിക്കും. എന്റെ സ്വന്ത പ്രവൃത്തികൊണ്ട് ഇതു സാധ്യമല്ലെങ്കിലും എന്നിലുള്ള യേശുവിന്റെ ജീവന്‍ എല്ലാറ്റിനും പര്യാപ്തമാണ്.’

ഈ രണ്ടു പ്രതികരണങ്ങള്‍ ഉള്ളതില്‍ നാം ഏതാണ് സ്വീകരിക്കുന്നത് എന്നതിനെ ആശ്രയിച്ചാണു നമ്മുടെ ആത്മീയ പുരോഗതി മുഴുവന്‍ ഇരിക്കുന്നത്. നാം ഇതില്‍ ഏത് വിശ്വസിക്കും? തീരുമാനം നിര്‍ണായകമാണ്. കാരണം നാം ഇതില്‍ ഏതു വിശ്വസിച്ചാലും ഒടുവില്‍ നമ്മുടെ ”വിശ്വാസം പോലെ നമുക്കു ഭവിക്കും”.

ബൈബിളില്‍ ഈ വാക്യം കണ്ടപ്പോള്‍ ജോണ്‍വെസ്ലി എന്ന ദൈവപുരുഷന്‍ അതിനോട് ഇങ്ങനെയാണ് പ്രതികരിച്ചതെന്നു കേട്ടിട്ടുണ്ട്. ഈ വചനത്തിനു മുമ്പില്‍ അദ്ദേഹം വളരെ ഉത്സാഹഭരിതനായി. സാധ്യതയുടെ ഒരു വലിയ വാതിലാണ് ഇതു തന്റെ മുന്‍പില്‍ തുറന്നിടുന്നതെന്ന് അദ്ദേഹം കണ്ടു. ”എന്ത്? എന്നെപ്പോലെയുള്ള ഒരുവനും ഈ ഭൂമിയില്‍ യേശു നടന്നതുപോലെ നടക്കാമെന്നോ! ഹാ! എത്ര വലിയ സാധ്യത!” അദ്ദേഹം ആശ്ചര്യഭരിതനായിപ്പറഞ്ഞുപോയി. യേശു നടന്നതുപോലെ നടക്കുവാനുള്ള കല്പന പലരേയും ഭാരപ്പെടുത്തുകയും അവരുടെ ഉത്സാഹം കെടുത്തുകയും ചെയ്യുമ്പോള്‍ ഇതേ കല്പന യുവാവായ വെസ്ലിയെ ഉത്തേജിപ്പിക്കുകയും വെല്ലുവിളിക്കുകയുമായിരുന്നു. ലോകം കണ്ട ഏറ്റവും വലിയ വിശുദ്ധന്മാരിലൊരുവനായി പിന്നീട് വെസ്ലി മാറിയതില്‍ എന്തത്ഭുതം.?

ഈ വചനത്തെ നമുക്കു സൂക്ഷ്മമായി ശ്രദ്ധിക്കാം. ഇതു നമ്മോടാവശ്യപ്പെടുന്നത് ”അവന്‍ നടന്നതുപോലെ നടക്കുവാനാണ്.’നടപ്പ്. അതുമതി. കാലുകളും നടപ്പും ജീവിതത്തെ കാണിക്കുമ്പോള്‍ കൈകളും പ്രവൃത്തിയും ശുശ്രൂഷയെ കുറിക്കുന്നു. ശുശ്രൂഷയുടെ തലത്തില്‍ എല്ലാവര്‍ക്കും യേശുവിനെ പിന്‍പറ്റുവാന്‍ കഴിയുകയില്ല. എന്നാല്‍ ദൈനംദിനജീവിത സാഹചര്യങ്ങളില്‍, പ്രായോഗിക ജീവിതത്തില്‍, അവിടുത്തെ കാല്‍ച്ചുവടു പിന്‍പറ്റുവാനുള്ള വിളി എല്ലാവര്‍ക്കും ഉള്ളതാണ്. പത്രോസ് പറയുന്നതു ശ്രദ്ധിക്കുക: ”നിങ്ങള്‍ കുറ്റം ചെയ്തിട്ട് അടികൊള്ളുന്നതു സഹിച്ചാല്‍ എന്ത് യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാല്‍ അതു ദൈവത്തിനു പ്രസാദം. അതിനായിട്ടല്ലോ നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തുവും നിങ്ങള്‍ക്കുവേണ്ടി കഷ്ടം അനുഭവിച്ചു. നിങ്ങള്‍ അവന്റെ കാല്‍ച്ചുവടു പിന്തുടരുവാന്‍ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.”

വായില്‍ വഞ്ചന ഇല്ലാതെ, ശകാരിച്ചിട്ടു പകരം ശകാരിക്കാതെ, കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെ, ന്യായമായി വിധിക്കുന്നവങ്കല്‍ കാര്യം ഭരമേല്പിച്ച്, ഉറച്ച കണ്ണുനീരോടും നിലവിളിയോടും അപേക്ഷയും അഭയയാചനയും കഴിച്ച്, കഷ്ടങ്ങളാല്‍ അനുസരണം പഠിച്ചു തികഞ്ഞവനായി ഒരുവന്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഈ ഭൂമിയുടെ പരപ്പിലൂടെ നടന്നു പോയി. മനുഷ്യരാല്‍ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും അവന്‍ ജീവിച്ചു. തന്നെത്താന്‍ താഴ്ത്തി വായെ തുറക്കാതെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവന്‍ ആയിരുന്നു. അവന്റെ കാല്‍ച്ചുവടുകള്‍ പിന്തുടരുവാന്‍ നാമെല്ലാം വിളിക്കപ്പെട്ടിരിക്കുന്നു…

ക്രൂശിന്റെ പാതയിലൂടെയുള്ള ഈ അനുഗമനത്തില്‍ നാം ഒരോചുവടുവയ്പിലും യേശുവിനെ കൂടുതല്‍ കൂടുതല്‍ അറിഞ്ഞുകൊണ്ടിരിക്കും. ക്രിസ്തീയതയുടെ കേന്ദ്രത്തിലേക്ക്, സുവിശേഷത്തിന്റെ ഹൃദയത്തിലേക്ക്, നാം കൂടുതല്‍ നടന്ന് അടുത്തുകൊണ്ടിരിക്കും.

വിജയകരമായ ക്രിസ്തീയ ജീവിതം


വിജയകരമായ ഒരു ക്രിസ്തീയജീവിതം. അതു സാധ്യമാണോ? സാധ്യമാണെങ്കില്‍ത്തന്നെ എല്ലാവര്‍ക്കും അതില്‍ പ്രവേശിക്കാന്‍ കഴിയുമോ? ഇല്ലെങ്കില്‍ എന്താണു തടസ്സം? കഴിയുമെങ്കില്‍ എന്താണതിനുള്ള വഴി?….ആഴമുള്ള ഒരു ജീവിതത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് ചോദ്യങ്ങള്‍ ഒട്ടേറെയാണ്; സംശയങ്ങളും.

വിജയകരമായ ക്രിസ്തീയജീവിതം. അങ്ങനെയൊന്നുണ്ടോ? ഉണ്ട്. എന്താണുറപ്പ്? ബൈബിളില്‍ അങ്ങനെ പറയുന്നു എന്നതു തന്നെ. ഒരു വാക്യം കാണുക. ‘നിങ്ങള്‍ കൃപയ്ക്കധീനരാകയാല്‍ പാപം നിങ്ങളുടെ മേല്‍ കര്‍ത്തൃത്വം നടത്തുകയില്ലല്ലോ. ‘(റോമ. 6:14) പാപം നമ്മെ ഭരിക്കാത്ത, പാപത്തിന്മേല്‍ നമുക്കു ജയമുള്ള, കര്‍ത്താവുമായി നിരന്തരബന്ധമുള്ള, വീഴാതെ അവിടുന്നു നമ്മെ കാക്കുന്ന ഒരു ജീവിതമുണ്ടെന്നു ബൈബിള്‍ നമുക്ക് ഉറപ്പു നല്‍കുന്നു.

ഇങ്ങനെ ഒരു ജീവിതം ഇല്ലെന്നും ഈ ഭൂമിയില്‍ നമുക്കതു സാധ്യമല്ലെന്നുമുള്ളതാണ് പിശാച് എപ്പോഴും നമ്മെ വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്ന ഭോഷ്‌ക്. ഒരു ദൈവികസത്യം അങ്ങനെ തന്നെയാണെന്നു നാം കേള്‍ക്കുകയും അതുവിശ്വസിക്കുകയും ചെയ്താല്‍ മാത്രമേ അതു നമ്മുടെ ജീവിതത്തെ സംബന്ധിച്ചു യാഥാര്‍ത്ഥ്യമായിത്തീരുകയുള്ളു. അതുകൊണ്ടാണല്ലോ പൗലോസ് പറയുന്നത്: ‘അവര്‍ കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവന്‍ ഇല്ലാതെ എങ്ങനെ കേള്‍ക്കും?ആരും അയയ്ക്കാതെ എങ്ങനെ പ്രസംഗിക്കും’? (റോമര്‍ 10: 14) ഇക്കാര്യം വളരെ നന്നായി അറിയുന്നവനാണു പിശാച്. അതുകൊണ്ട് ആരും വിജയകരമായ ഒരു ജീവിതത്തിലേക്കു പ്രവേശിക്കാതിരിക്കാന്‍ അതേക്കുറിച്ചുള്ള കേള്‍വിയെത്തന്നെ അവന്‍ തടയുന്നു. കേട്ടാല്‍ തന്നെ അതു വിശ്വാസമായി പരിണമിക്കാതിരിക്കാന്‍ അത് ദുരുപദേശമാണെന്നോ, അസാധ്യമാണെന്നോ അവന്‍ നിരന്തരം മന്ത്രിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, ദൈവത്തിനു മഹത്വം, ‘പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാനാണല്ലോ ദൈവപുത്രന്‍ വന്നത്’.

വിജയകരമായ ക്രിസ്തീയജീവിതത്തെക്കുറിച്ചു ബൈബിളിലുള്ള വാഗ്ദാനങ്ങള്‍ എല്ലാം സത്യമാണ് (Truth). പക്ഷേ ഈ സത്യങ്ങള്‍ നമ്മെ പലരെ സംബന്ധിച്ചിടത്തോളം യാഥാര്‍ത്ഥ്യമായി (Reality) പരിണമിച്ചിട്ടില്ല. സത്യം ഒരു ഉയര്‍ന്ന തലത്തില്‍ നിലയുറപ്പിച്ചിരിക്കുന്നു. യാഥാര്‍ത്ഥ്യം പരാജയത്തില്‍ മുഖം ഒളിപ്പിച്ച് വളരെ താഴെ നില്ക്കുന്നു. ഈ സത്യത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയില്‍ വലിയ ഒരു വിടവുണ്ട്. ഇവ തമ്മില്‍ പൊരുത്തപ്പെടുന്നില്ല. അതാണ് നമ്മുടെ ഇന്നത്തെ അസ്വസ്ഥതയ്ക്കു കാരണം. ഈ സത്യത്തെയും യാഥാര്‍ത്ഥ്യത്തെയും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കാം? ഇവയെ എങ്ങനെ പൊരുത്തപ്പെടുത്താം? ഇവയ്ക്കിടയില്‍ എങ്ങനെ ഒരു പാലം പണിയാം?

ഇക്കാര്യം വിശദീകരിക്കാന്‍ ഒരു ഉദാഹരണം കുറിക്കട്ടെ. ഒരു കോടീശ്വരന്‍ തന്റെ മകനു വേണ്ടി അവന്റെ പേരില്‍ വളരെ വലിയ ഒരു തുക ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നു എന്നു കരുതുക. പക്ഷേ മകന്‍ ഇത് അറിയുന്നില്ല. അങ്ങനെയിരിക്കെ പിതാവു മരിച്ചു. താന്‍ വലിയൊരു സമ്പത്തിന്റെ ഉടമയാണെന്നുള്ള സത്യം മനസ്സിലാക്കാതെ ഈ മകന്‍ ദരിദ്രനായിക്കഴിയുകയാണ്. കോടികള്‍ ബാങ്കില്‍ നിക്ഷേപമുള്ള, വലിയ ധനികനാണ് ഈ മകന്‍ എന്നതാണു സത്യം. എന്നാല്‍ ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ കീറിപ്പറിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് വെറും ദരിദ്രനായാണ് അവന്‍ ജീവിക്കുന്നത് എന്നതാണു യാഥാര്‍ത്ഥ്യം. എപ്പോഴാണ് ഈ സത്യവും യാഥാര്‍ത്ഥ്യവും തമ്മില്‍ പൊരുത്തപ്പെടുന്നത്? താന്‍ വലിയൊരു സ്വത്തിന്റെ ഉടമയാണെന്നും മേലില്‍ ഉങ്ങനെ ദരിദ്രനായി ജീവിക്കേണ്ട കാര്യമില്ലെന്നും ഒരു ചെക്കെഴുതി കൊടുത്താല്‍ ബാങ്കിലുള്ള കോടികള്‍ സ്വന്തമാക്കാമെന്നും ഈ മകന്‍ തിരിച്ചറിയുന്ന നിമിഷമാണ് സത്യം യാഥാര്‍ത്ഥ്യമായിത്തീരുന്നത്.

ക്രിസ്തുയേശുവില്‍ നമുക്കുള്ള എല്ലാ അനുഗ്രഹങ്ങളും പദവികളും വാഗ്ദാനങ്ങളും, ഈ നിലയില്‍ ചിന്തിച്ചാല്‍, ബാങ്കില്‍ നമ്മുടെ പേരില്‍ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന സ്ഥിരനിക്ഷേപം പോലെയാണ്. ‘നമ്മെ ഇരുട്ടിന്റെ അധികാരത്തില്‍ നിന്നു വിടുവിച്ചു തന്റെ സ്‌നേഹസ്വരുപനായ പുത്രന്റെ രാജ്യത്തിലാക്കി വച്ചിരിക്കുന്നു’ ‘അവനില്‍ നിങ്ങള്‍ പരിപൂര്‍ണരായിരിക്കുന്നു’. ‘നമ്മെ ക്രിസ്തുയേശുവില്‍ അവനോടുകുടെ ഉയിര്‍ത്തെഴുന്നേല്പിച്ചു സ്വര്‍ഗ്ഗത്തില്‍ ഇരുത്തുകയും ചെയ്തു’. ‘ആകയാല്‍… പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ല’ ‘മാത്രമല്ല, ഇപ്പോള്‍ നിങ്ങള്‍ പാപത്തില്‍ നിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിനു ദാസന്മാരായിരിക്കുന്നു’. ഇതെല്ലാം നമ്മെ സംബന്ധിച്ച സത്യങ്ങളാണ്. പക്ഷേ ഇവയെല്ലാം സത്യമായിരിക്കുമ്പോള്‍ തന്നെ കീറിയ വസ്ത്രം ധരിച്ച ദരിദ്രനായ ആ മകനെപ്പോലെ നാം പരാജയപ്പെട്ട, പാപത്തിനു കീഴടങ്ങിയ, ഭാരപ്പെട്ട, ഒരു ക്രിസ്തീയജീവിതം നയിക്കുന്നു എന്നതല്ലേ യഥാര്‍ത്ഥ്യം? ബൈബിളിലെ സത്യങ്ങള്‍ പലതും നമ്മെ സംബന്ധിച്ചു യാഥാര്‍ത്ഥ്യമായിത്തീര്‍ന്നിട്ടില്ല. ഈ സത്യങ്ങളെ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കാന്‍ നാം എന്തു ചെയ്യണം? ക്രിസ്തുയേശുവില്‍ നാം സമ്പന്നരാണെന്ന സത്യത്തിലേക്കു നമ്മുടെ കണ്ണുകള്‍ തുറക്കുകയും വിശ്വാസത്തിന്റെ ഒരു ചെക്ക് എഴുതിക്കൊടുത്ത് ആ സമ്പന്നതയിലേക്കു നാം പ്രവേശിക്കുകയും ചെയ്യുമ്പോഴാണ് നമ്മെ സംബന്ധിച്ചിടത്തോളം ആ സത്യങ്ങള്‍ യാഥാര്‍ത്ഥ്യമായിത്തീരുന്നത്. അപ്പോഴാണ് വിജയകരമായ ഒരു ജീവിതത്തിലേക്കു നാം ചുവടു വയ്ക്കുന്നത്.

നമ്മില്‍ പലരുടെയും ധാരണ സ്വന്തപ്രവൃത്തിയുടെ ചെക്ക് എഴുതിക്കൊടുത്ത് ആ സ്വത്ത് കൈവശമാക്കാം എന്നാണ്. വിജയകരമായ ഒരു ജീവിതത്തെക്കുറിച്ചു കേള്‍ക്കുമ്പോള്‍ കുറെക്കുടി അച്ചടക്കം ഉള്ള ജീവിതം നയിച്ച്, കുറെക്കുടി അനുസരണം പാലിച്ച്, സ്വയ പ്രയത്‌നങ്ങളിലൂടെ അതിലേക്ക് പ്രവേശിക്കാമെന്നു നാം കരുതും. പക്ഷേ കുറെ കഴിയുമ്പോള്‍ അതൊന്നും പ്രയോജനപ്പെടുകയില്ല എന്നു നാം കണ്ടെത്തും. ഇക്കാര്യത്തില്‍ നമ്മള്‍ സ്വന്തശക്തിയുടെ നെല്ലിപ്പലകയില്‍ എത്തുവാന്‍ വേണ്ടി നമ്മുടെ പ്രവൃത്തികള്‍ നിരന്തരം പരാജയപ്പെടുവാനും വീണ്ടുംവീണ്ടും തോല്ക്കുവാനും ദൈവം അനുവദിക്കും. സ്വയപ്രയത്‌നത്തിന്റെ ചെക്കുകള്‍ ഇങ്ങനെ പലവട്ടം മടങ്ങിവരുമ്പോള്‍, സ്വന്തശക്തിയുടെ അവസാനകണികയും നഷ്ടപ്പെടുമ്പോള്‍, ദൈവം തന്നെ നമ്മുടെ കണ്ണുകളെ തുറക്കുകയും നാം വിശ്വാസത്തിന്റെ ചെക്ക് എഴുതിക്കൊടുത്ത് ആ ജയജീവിതത്തിലേക്കു പ്രവേശിക്കുകയും ചെയ്യും. അപ്പോള്‍ നമുക്ക് ഒരു സ്വയപ്രശംസയും കൂടാതെ പറയുവാന്‍ കഴിയും ‘നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്‍കുന്ന ദൈവത്തിനു സ്‌തോത്രം’. ഹല്ലേലുയ്യാ!.


ആ പാദമുദ്രകളില്‍ പദമൂന്നി…


”ക്രിസ്തീയതയെ ഇന്നു നമ്മള്‍ അങ്ങേയറ്റം ലഘൂകരിച്ചിരിക്കുന്നു: ദൈവം സ്‌നേഹം തന്നെ. യേശു നിനക്കുവേണ്ടി മരിച്ചു. വിശ്വസിക്കുക. സന്തോഷിക്കുക, വിനോദിക്കുക, മറ്റുള്ളവരോടും പറയുക. മതി, പോകാം – ഇതാണ് നമ്മുടെ കാലഘട്ടത്തിലെ ക്രിസ്തീയത.” എ. ഡബ്ല്യൂ. ടോസറിന്റേതാണീ വാക്കുകള്‍. സത്യത്തിന്റെ തിളങ്ങുന്ന വാള്‍ത്തല ഈ വരികളില്‍ നമുക്കു കാണാം.

‘വിഡ്ഢിപ്പെട്ടി’യുടെ ചില്ലില്‍ മിന്നിമറയുന്ന മായക്കാഴ്ചകളില്‍ ഒതുങ്ങുന്നു ഇന്നു ഭൂരിപക്ഷം ആളുകളുടേയും ജീവിതം. അവരുടെ നേരമത്രയും അതിനുമുമ്പില്‍ എരിഞ്ഞുതീരുന്നു. ഗൗരവമുള്ള എന്തെങ്കിലും ആലോചിക്കാനുള്ള സമയമോ ക്ഷമയോ ആര്‍ക്കും ഇല്ല. അതുകൊണ്ടുതന്നെ ഈ കാലഘട്ടത്തിന്റെ ആഴംകുറഞ്ഞ അഭിരുചികള്‍ക്കു യോജിച്ച നിലയില്‍ ക്രിസ്തീയതയും അങ്ങേയറ്റം ലഘൂകരിക്കപ്പെട്ടിരിക്കുന്നു. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ക്രിസ്തീയമീറ്റിംഗില്‍ ‘അമ്പതു മിനിറ്റ് ഗാനശുശ്രൂഷ, പത്തുമിനിട്ട് വചനശുശ്രൂഷ’ എന്ന മട്ടില്‍ പ്രോഗ്രാം ക്രമീകരിക്കുവാന്‍ നാം നിര്‍ബന്ധിതരാകുന്നതും ലഘൂകരിക്കപ്പെട്ട ഈ മനോഭാവത്തിലേക്കല്ലേ വിരല്‍ ചൂണ്ടുന്നത്?

ക്രിസ്തീയസത്യങ്ങളോടും ഉപദേശങ്ങളോടും അടുത്തുവരുമ്പോഴും ഉപരിപ്ലവമായ ഈ മനോഭാവത്തിന്റെ സ്വാധീനം ഇന്നു വ്യക്തമാണ്. പാപക്ഷമയും വീണ്ടുംജനനവും- പലരുടെയും ദൈവാനുഭവത്തിന്റെ ചക്രവാളം അവിടംകൊണ്ട് ഒതുങ്ങുന്നു. ഇതിനും അപ്പുറത്തുള്ള കാര്യങ്ങളെക്കുറിച്ചു പറയുമ്പോള്‍ ചിലര്‍ എടുത്തടിച്ച മട്ടില്‍ ചോദിക്കും: ”ക്രൂശിലെ കള്ളന്‍ ഇതൊന്നും ചെയ്തില്ലല്ലോ. എന്നിട്ടും അവന്‍ പറുദീസയില്‍ പോയില്ലേ? എനിക്കും സ്വര്‍ഗ്ഗത്തില്‍ എങ്ങനെയെങ്കിലും പോയാല്‍ മതി. അതുകൊണ്ട് ഇത്രയൊക്കെ മതിയല്ലോ.”

”മതിയെങ്കില്‍ മതി. സുഹൃത്തേ, ക്രൂശിലെ കള്ളന്‍ മരിച്ചുപോയി. താങ്കള്‍ ജീവിച്ചിരിക്കുന്നു. ഇത്രയല്ലേ ഉള്ളു വ്യത്യാസം?” എന്നു ചോദിച്ച് ആ അദ്ധ്യായം അവസാനിപ്പിക്കുവാന്‍ നാം നിര്‍ബന്ധിതരാകും.

മറ്റൊരു കൂട്ടര്‍ ഇതിനും ഒരു പടി മുന്‍പിലാണ്. ഉപദേശസത്യങ്ങളെല്ലാം കടുകിട തെറ്റാതെ അനുസരിക്കുന്നുവെന്ന് അവകാശപ്പെടുന്ന ‘സുവിശേഷവിഹിതരായ’ ക്രിസ്ത്യാനികളാണവര്‍. പക്ഷേ യേശു നടന്നതുപോലെ നടക്കുന്നതിനെക്കുറിച്ച് അവരോടു പറഞ്ഞുനോക്കൂ. ഒട്ടേറെ നെറ്റികള്‍ ചുളിയുകയും പുരികങ്ങള്‍ ഉയരുകയും ചെയ്യുന്നതു കാണാന്‍ കഴിയും. ”യേശു ജീവിച്ചതുപോലെ ജീവിക്കുകയെന്നോ? മനുഷ്യരായ നമ്മളോ? ഹോ! എന്തൊരു ദുരുപദേശം!” ഇതാണു പ്രതികരണം.

യേശുക്രിസ്തു പൂര്‍ണദൈവമാണ്. അതേസമയം പൂര്‍ണമനുഷ്യനുമായിരുന്നു. മനുഷ്യന്റെ പരിമിതമായ ബോധ്യങ്ങള്‍ക്കോ കൊച്ചുഹൃദയത്തിനോ എത്തിപ്പിടിക്കാന്‍ കഴിയാത്തവിധം ആദിയില്‍തന്നെ അന്തവും അവസാനത്തില്‍ തന്നെ ആദിയുമായിരിക്കുന്ന അപരിമേയനാണ് ദൈവം. ആ വലിയ ദൈവം മനുഷ്യര്‍ക്ക് മനസ്സിലാകും വിധത്തില്‍ തന്നെത്തന്നെ വെളിപ്പെടുത്തിയതാണ് യേശുക്രിസ്തു. അവിടുന്ന് ഈ ഭൂമിയില്‍പ്പിറന്നു. മുപ്പതുവര്‍ഷം ആരാലും അറിയപ്പെടാതെ ഗലീലയിലെ ഒരു കൊച്ചുഗ്രാമത്തില്‍ അമ്മയും സഹോദരങ്ങളുമടങ്ങുന്ന ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം വഹിച്ച് നിത്യവൃത്തിക്കുവേണ്ടി ഒരു ലളിതമായ തൊഴില്‍ ചെയ്തു ജീവിച്ചു.

തുടര്‍ന്ന് മൂന്നരവര്‍ഷം ദൈവരാജ്യത്തിന്റെ സുവിശേഷം അറിയിച്ചുകൊണ്ട് ഗലീലയിലും യഹൂദ്യയിലും ചുറ്റി സഞ്ചരിച്ചു. അന്ന് സമൂഹം അറപ്പോടെ വീക്ഷിച്ചിരുന്ന അസ്പൃശ്യരായ കുഷ്ഠരോഗികളെ ‘തൊട്ടു’ സൗഖ്യമാക്കിയപ്പോള്‍ യേശു പിതാവിന്റെ കരുണാര്‍ദ്രമായ ഹൃദയം വെളിപ്പെടുത്തുകയായിരുന്നു. സ്വയം വിശന്നും തല ചായ്ക്കാനിടമില്ലാതെയും സഞ്ചരിക്കുമ്പോള്‍ തന്നെ വിശപ്പുകൊണ്ടു തളര്‍ന്നുപോകുന്ന പുരുഷാരത്തെ കണ്ട് മനസ്സലിഞ്ഞ് അവരെ തൃപ്തരാക്കി അയച്ചപ്പോള്‍ പിതാവിന്റെ കനിവ് അവിടുന്നു പ്രദര്‍ശിപ്പിക്കുകയായിരുന്നു. ചുങ്കക്കാരെയും വേശ്യമാരെയും അകലെ നിര്‍ത്താതെ അവരോട് ക്ഷമിച്ചും അവര്‍ക്കു നേര്‍വഴി കാട്ടിയും ‘പാപികളുടെ സ്‌നേഹിതന്‍’ എന്ന പേര്‍ സമ്പാദിക്കുകയും ഒടുവില്‍ കുരിശില്‍ പാപികള്‍ക്കുവേണ്ടി മരിക്കുകയും ചെയ്തപ്പോള്‍ എല്ലാ തരക്കാരും അടങ്ങുന്ന മാനവരാശിയോടുള്ള പിതാവിന്റെ സ്‌നേഹം അവിടുന്നു വെളിപ്പെടുത്തുകയായിരുന്നു. കൃപയുടെ കരുണാര്‍ദ്രമായ ഈ മുഖം മാത്രമല്ല യേശുവിനുണ്ടായിരുന്നത്. സ്വന്ത ഇഷ്ടത്തെ പിതാവിന്റെ ഇഷ്ടത്തിനു കീഴ്‌പ്പെടുത്തുന്ന ക്രൂശിന്റെ കഠിനപാതയും അവിടുത്തേക്ക് അന്യമായിരുന്നില്ല. ‘എനിക്കു സ്വയമായി ഒന്നും ചെയ്‌വാന്‍ കഴിയുകയില്ല’ എന്നു പറഞ്ഞ യേശു ഈ രണ്ടു കാര്യത്തിനും പിതാവില്‍ മാത്രം ആശ്രയിക്കുന്ന ഒരു ജീവിതമാണ് നയിച്ചിരുന്നത്.

യേശുക്രിസ്തുവിന്റെ ഈ ജിവിതം ആരെയും മോഹിപ്പിക്കുന്ന വിധം ചേതോഹരമാണ്. അത് എത്ര ലളിതം! പക്ഷേ എത്ര സുന്ദരം!! സത്യത്തെ സ്‌നേഹിക്കാന്‍ മനസ്സുള്ള എല്ലാവരും ഈ യേശുവിനെ നാഥനും കര്‍ത്താവുമായി സ്വീകരിച്ച് അവിടുത്തെ കാല്‍ച്ചുവടുകള്‍ പിന്‍തുടരുവാന്‍ ആഗ്രഹിക്കും. യേശു ആവശ്യപ്പെട്ടതും അതുതന്നെയായിരുന്നല്ലോ -”എന്നെ അനുഗമിക്കുക”.

ഉപരിപ്ലവമായ ഒരു ക്രിസ്തീയജീവിതത്തോടു വിടപറഞ്ഞ് കൃപയുടേയും ക്രൂശിന്റേയും വഴിയിലൂടെ പിതാവിലുള്ള പൂര്‍ണ്ണാശ്രയത്തില്‍ യേശു നടന്നുപോയതുപോലെ നടക്കുവാനുള്ള ആഹ്വാനം നമുക്കുള്ളതാണ്. നാം ഇതിനോട് എങ്ങനെ പ്രതികരിക്കും? പ്രസക്തമായ ചോദ്യം ഇതാണ്.


വിഗ്രഹങ്ങളേ വിട


ആ്രഫ്രിക്കയില്‍ പ്രേഷിതവൃത്തിക്കായിപ്പോയ ഒരു മിഷനറിസായ്പിന്റെ അനുഭവം കേട്ടിട്ടുണ്ട്. അവിടെ ഗോത്രവര്‍ഗ്ഗക്കാരില്‍ ചിലര്‍ സായ്പിന്റെ പ്രസംഗം കേട്ട് മുന്നോട്ടുവന്നു. പക്ഷേ അവര്‍ക്ക് തങ്ങളുടെ പരമ്പരാഗതവിഗ്രഹങ്ങളെ ഉപേക്ഷിക്കാന്‍ മടി. പുതുവിശ്വാസവും പഴയ വിഗ്രഹങ്ങളും ഒന്നിച്ചുകൊണ്ടുപോകാനാണ് അവര്‍ക്ക് താത്പര്യം. പക്ഷേ സായ്പ് സമ്മതിക്കുന്നില്ല. അദ്ദേഹത്തെ പിണക്കാനും വയ്യ. ഒടുവില്‍ അവര്‍ ഒരു സൂത്രം പ്രയോഗിച്ചു.

ഗ്രാമത്തില്‍ അവര്‍ക്കുവേണ്ടി സായ്പിന്റെ ഉത്സാഹത്തില്‍ ഒരു പുതിയ പള്ളി കെട്ടിക്കൊണ്ടിരിക്കുകയാണ്. ചുവരുകളുടെ പണി നടക്കുന്നു. പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതും ഈ പുതിയ വിശ്വാസികള്‍ തന്നെ. അവര്‍ എന്തു ചെയ്തുവെന്നോ? രാത്രി പള്ളിയുടെ കിഴക്കുവശത്തെ ഭിത്തികെട്ടുമ്പോള്‍ തങ്ങളുടെ കൊച്ചുവിഗ്രഹങ്ങളെല്ലാം കൊണ്ടുവന്ന് ആ ഭിത്തിക്കുള്ളില്‍ ഭംഗിയായി പ്രതിഷ്ഠിച്ചു. എന്നിട്ട് ചുവരുകള്‍ തേച്ചു വൃത്തിയാക്കി വെള്ള വലിച്ച് രാവിലെ ആയപ്പോഴേക്കും പണിതീര്‍ത്തു. ഭിത്തിക്കുമുകളില്‍ മേല്‍ക്കൂരയും പിടിപ്പിച്ചതോടെ അടുത്ത ഞായറാഴ്ചയ്ക്കു മുമ്പു പള്ളിപണി പൂര്‍ത്തിയായി.

ഞായറാഴ്ച പുതിയ പള്ളിയില്‍ ആദ്യആരാധന നടക്കുകയാണ്. വിഗ്രഹാരാധന എല്ലാം ഉപേക്ഷിച്ച് പുതിയ വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വ്വം കിഴക്കോട്ടുതിരിഞ്ഞ് പള്ളിയാരാധനയില്‍ പങ്കെടുക്കുന്നതുകണ്ട് സായ്പ് സന്തുഷ്ടനായി. അതേസമയം ആരാധകരുടെയെല്ലാം മനക്കണ്ണില്‍ ആ ഭിത്തിക്കുള്ളില്‍ സായ്പ് കാണാതെ ഭദ്രമായി ഇരിക്കുന്ന തങ്ങളുടെ പരമ്പരാഗതവിഗ്രഹങ്ങളായിരുന്നു. ‘ഒരു വെടിക്കു രണ്ടു പക്ഷി’ എന്ന മട്ടില്‍ വിഗ്രഹാരാധനയും പുതിയ ആരാധനയും ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ അവര്‍ എല്ലാ ഞായറാഴ്ചയും മുടങ്ങാതെ പള്ളിയില്‍ ഹാജരായി എന്നാണു കഥ.

ബൈബിളില്‍ ഇതിനു സമാനമായ ഒരു സംഭവം വിവരിച്ചിട്ടുള്ളത് ഇപ്പോള്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവും. പഴയനിയമപ്രവാചകനായ യെഹെസ്‌കേലിന്റെ പുസ്തകം എട്ടാം അദ്ധ്യായത്തിലാണിത്. യിസ്രായേല്‍ജനത ഹൃദയംകൊണ്ട് ദൈവത്തെ ഉപേക്ഷിച്ചകാലം. യിസ്രായേല്‍മൂപ്പന്മാര്‍പോലും കുടുംബാംഗങ്ങളോടൊപ്പം വിജാതീയദൈവങ്ങളെ രഹസ്യമായി ആരാധിക്കാന്‍ തുടങ്ങി. പക്ഷേ അപ്പോഴും പുറമേ ദൈവികാരാധനയും ദൈവാലയത്തിലെ ശുശ്രൂഷകളും നടന്നുപോന്നിരുന്നു.

യിസ്രായേല്‍ ജനതയുടേയും മൂപ്പന്മാരുടേയും ഈ ഇരട്ടമുഖം യെഹെസ്‌കേലിനെ ബോധ്യപ്പെടുത്താന്‍ ഒരു രാത്രി ദൈവാത്മാവ് അവനെ യെരുശലേമിലേക്കു കൊണ്ടുപോയി. അവിടെ ദൈവാലയത്തിന്റെ പ്രാകാരവാതില്ക്കലാണ് ഇപ്പോള്‍ യെഹെസ്‌കേല്‍ നില്‍ക്കുന്നത്. അവന്‍ നോക്കിയപ്പോള്‍ അവിടെ അതാ ഭിത്തിയില്‍ ഒരു ദ്വാരം. പെട്ടെന്ന് അവനെ കൂട്ടിക്കൊണ്ടുവന്ന ആത്മാവിന്റെ ശബ്ദം: ”മനുഷ്യപുത്രാ, ഭിത്തികുത്തിത്തുരക്കുക.” യെഹെസ്‌കേല്‍ അനുസരിച്ചു. അവന്‍ ഭിത്തി കുത്തിത്തുരന്നു. അപ്പോള്‍ ഇതാ ഒരു വാതില്‍. ആത്മാവിന്റെ ശബ്ദം വീണ്ടും: ”അകത്തു കടന്ന് അവര്‍ അവിടെ ചെയ്യുന്ന കൊടിയ മ്ലേച്ഛതകള്‍ കാണുക.” യെഹെസ്‌കേല്‍ മടിച്ചുനിന്നില്ല. ആ വാതില്‍ വലിച്ചുതുറന്ന് മുമ്പില്‍ കണ്ട രഹസ്യഅറയിലേക്കു കാല്‍ വച്ച അവന്‍ നടുങ്ങിത്തെറിച്ചുപോയി. അവിടെ ഭിത്തിയില്‍ നിറയെ സര്‍വവിധ ഇഴജന്തുക്കളേയും അറപ്പുളവാക്കുന്ന മൃഗങ്ങളേയും യിസ്രായേല്‍ഭവനത്തിന്റെ സര്‍വവിഗ്രഹങ്ങളേയും ചിത്രീകരിച്ചിരിക്കുന്നു. അവയുടെ മുമ്പില്‍ യിസ്രായേലിലെ എഴുപതു മൂപ്പന്മാരും അവരുടെ നായകനും നിന്ന് ആ വിഗ്രഹങ്ങളെ ആരാധിക്കുകയും ധൂപം കാട്ടുകയുമാണ്! സുഗന്ധധൂപം മേഘംപോലെ ഉയരുന്നു. അപ്പോള്‍ ആത്മാവ് യെഹെസ്‌കേലിനോടു ചോദിച്ചു ”മനുഷ്യപുത്രാ, യിസ്രായേല്‍ഭവനത്തിലെ മൂപ്പന്മാര്‍ ഇരുട്ടില്‍ തങ്ങളുടെ രഹസ്യമുറിയില്‍ എന്താണു ചെയ്യുന്നത് എന്നു നീ കണ്ടോ?”

നടുക്കത്തോടെയും ഭയത്തോടെയുമല്ലാതെ നമുക്ക് ഈ ഭാഗം വായിച്ചവസാനിപ്പിക്കുവാന്‍ കഴിയുകയില്ല. യിസ്രായേല്‍ജനതയെ വിഗ്രഹാരാധനയില്‍ നിന്ന് മടക്കിക്കൊണ്ടുവരേണ്ടവരാണു മൂപ്പന്മാര്‍. പക്ഷേ അവര്‍ തന്നെ അറപ്പുളവാക്കുന്ന വിഗ്രഹങ്ങളെ മടികൂടാതെ ആരാധിക്കുകയാണ്. വേലി തന്നെ വിളവുതിന്നുന്ന അനുഭവം. ”ഞാനല്ലാതെ അന്യദൈവം നിനക്കുണ്ടാകരുത്. ഒരു വിഗ്രഹവും ഉണ്ടാക്കരുത്” എന്നു കല്പിച്ച യഹോവയുടെ ആലയത്തില്‍ ദൈവികാരാധനയാണ് സദാ നടക്കേണ്ടത്. പക്ഷേ അവിടെ ഇരുളില്‍, രഹസ്യഅറയില്‍, വിഗ്രഹാരാധന കൊടികുത്തിവാഴുന്നു! വിശുദ്ധസ്ഥലത്ത് തന്നെ അശുദ്ധമാക്കുന്ന മ്ലേച്ഛത. എത്ര ഭയാനകം! എത്ര ലജ്ജാവഹം!

പഴയനിയമയിസ്രായേലിന്റെ ഈ ആത്മീയാധഃപതനത്തെക്കുറിച്ച് ഓര്‍ത്ത് മൂക്കത്ത് വിരല്‍ വയ്ക്കാന്‍ വരട്ടെ. പുതിയ നിയമയിസ്രായേലായ നമ്മുടെ അവസ്ഥയോ? നാം വിഗ്രഹങ്ങളെ ആരാധിക്കുന്നുണ്ടോ? പുതിയനിയമകാലഘട്ടത്തില്‍ ക്രിസ്ത്യാനികള്‍ ആരും തന്നെ അക്ഷരാര്‍ത്ഥത്തില്‍ വിഗ്രഹങ്ങളെ സേവിക്കുന്നുണ്ടാവില്ല. എന്നാല്‍ ദൈവത്തെക്കാള്‍ ഉപരിയായി നാം എന്തിനെയെങ്കിലും വിലമതിക്കുന്നുണ്ടെങ്കില്‍ അതു നമ്മുടെ വിഗ്രഹമാണ്. ഇതാണ് പുതിയനിയമകാഴ്ചപ്പാട്. ഇക്കാര്യം ബൈബിളില്‍ വളരെ വ്യക്തമായിക്കാണാം. പഴയനിയമത്തില്‍ ദൈവം സ്വയം വിളിക്കുന്ന ഒരു പേര് ‘തീക്ഷ്ണതയുള്ള ദൈവം’ (Jealous God) എന്നാണ്. അവിടുത്തെ തീക്ഷ്ണത (അസഹിഷ്ണുത, അസൂയ) എന്തിലാണ്? പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണശക്തിയോടും ദൈവത്തെ സേവിക്കുന്നതില്‍ നിന്ന് പിന്മാറി വിഗ്രഹങ്ങളിലേക്കു തിരിയുന്നതിനോടു ബന്ധപ്പെട്ടാണ് ദൈവം ‘തീക്ഷ്ണതയുള്ളവന്‍’ എന്ന് തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നത് (പുറപ്പാട് 34:14) ഇതുപോലെ പുതിയനിയമത്തില്‍ വരുമ്പോള്‍ നമ്മില്‍ വസിക്കുന്ന ദൈവാത്മാവിനെ ‘അസൂയയോടെ കാംക്ഷിക്കുന്ന ആത്മാവ്’ എന്നു വിവരിച്ചിരിക്കുന്ന ഭാഗം ശ്രദ്ധിക്കുക (യാക്കോബ് 4:5). ഇവിടെ ദൈവത്തോടുള്ള ഒന്നാമത്തെ സ്‌നേഹം വിട്ട് ലോകത്തിന്റെ കൂടി സ്‌നേഹിതനാകുവാന്‍ നാം ആഗ്രഹിക്കുമ്പോള്‍ നമ്മിലുള്ള അവിടുത്തെ ആത്മാവ്, ദൈവത്തിന്റെ തീക്ഷ്ണതയോടെ അതിനെതിരേ അസൂയയോടെ വാഞ്ഛിക്കുകയാണ്. തന്നോടുള്ള ആദ്യസ്‌നേഹം വിട്ട് തന്റെ ശത്രുവിനെക്കൂടി സ്‌നേഹിക്കാന്‍ ഭാര്യ തുനിഞ്ഞാല്‍ ഒരു ഭര്‍ത്താവിന്റെ ചേതോവികാരം എന്തായിരിക്കും? അതേ മനോഭാവം തന്നെയാണ് ഇവിടെ ദൈവത്തിനും ഉള്ളത് (2 കൊരിന്ത്യര്‍ 11:2 കാണുക). ചുരുക്കത്തില്‍ നമ്മുടെ മുന്‍ഗണനാലിസ്റ്റില്‍ ദൈവം ഒന്നാം സ്ഥാനം തന്നെ അവകാശപ്പെടുന്നു. അതില്‍ക്കുറഞ്ഞ ഒന്നുകൊണ്ട് അവിടുന്ന് തൃപ്തിപ്പെടുന്നില്ല. മുന്‍ഗണനാപട്ടികയില്‍ ദൈവത്തിനുമുകളില്‍ നാം സ്ഥാനം കൊടുത്തിട്ടുള്ളതെല്ലാം – അതു ഭാര്യയാകട്ടെ, മക്കളാകട്ടെ, പണമാകട്ടെ, ജോലിയാകട്ടെ ശുശ്രൂഷയാകട്ടെ എന്തായാലും- വിഗ്രഹമായി അവിടുന്നു കണക്കാക്കുന്നു… ഉവ്വ്, ക്രിസ്തീയജീവിതം ഒരു തമാശയല്ല. അത് എത്രയും ഗൗരവമുള്ള ഒന്നാണ്.

അതുകൊണ്ടുതന്നെ യഥാര്‍ത്ഥദൈവഭക്തരെല്ലാം തങ്ങളുടെ മുന്‍ഗണനകള്‍ സംബന്ധിച്ചു വ്യക്തതയുള്ളവരായിരുന്നു. ഒരു പഴയനിയമഭക്തനായ ആസാഫ് തന്റെ നിലപാട് വ്യക്തമാക്കുന്നതു ശ്രദ്ധിക്കുക: ”സ്വര്‍ഗ്ഗത്തില്‍ എനിക്ക് ആരുള്ളൂ? ഭൂമിയിലും നിന്നെയല്ലാതെ ഞാന്‍ ഒന്നും ആഗ്രഹിക്കുന്നില്ല.” (സങ്കീര്‍ത്തനം 73:25) സ്വര്‍ഗ്ഗത്തില്‍ ചെല്ലുമ്പോള്‍ അവിടെ നമുക്കു ദൈവം മാത്രമേ ഉള്ളു. പക്ഷേ ഭൂമിയില്‍? ഇവിടെ നാം ദൈവത്തെയല്ലാതെ മറ്റൊന്നും ആഗ്രഹിക്കാത്തവരായിരിക്കുന്നുവോ?

‘സൂര്യകാന്തിപ്പൂവി’ന്റെ സന്ദേശം


സൈമണ്‍ വിസന്താള്‍ എന്നായിരുന്നു ആ ചെറുപ്പക്കാരന്റെ പേര്. പോളണ്ടുകാരനായ ഒരു യഹൂദന്‍. രണ്ടാംലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തില്‍ ജര്‍മനിയിലെ നാസിപട്ടാളത്തിന്റെ തടവുകാരനായി ജയിലറയില്‍ കഴിയുകയാണ് സൈമണ്‍.

യഹൂദന്മാരെ കൂട്ടക്കൊല ചെയ്യുന്നത് ഒരു ദൗത്യംപോലെ ഏറ്റെടുത്തിരുന്ന ഹിറ്റ്‌ലറിന്റെ നാസിപ്പടയോട് തീര്‍ത്താല്‍ തീരാത്ത പകയായിരുന്നു സൈമണിന്. അവന്റെ കണ്ണിനു മുമ്പില്‍ വച്ചാണ് നാസികള്‍ സൈമണിന്റെ വലിയമ്മയെ വധിച്ചത്. തന്റെ ബന്ധുക്കളായ 89 യഹൂദരും പലപ്പോഴായി നാസികളുടെ തോക്കിനിരയായതു സൈമണിനറിയാമായിരുന്നു.

1944ലെ ഒരു സായാഹ്നം. യുദ്ധത്തില്‍ മുറിവേറ്റ ജര്‍മന്‍പടയാളികള്‍ കിടക്കുന്ന ഒരു ഹോസ്പിറ്റല്‍ കഴുകി വൃത്തിയാക്കുകയായിരുന്നു തടവുകാരെന്ന നിലയില്‍ സൈമണും കൂട്ടുകാരും. പെട്ടെന്ന് ഒരു നഴ്‌സ് സൈമണെ സമീപിച്ചു ചോദിച്ചു.


”താങ്കള്‍ ഒരു യഹൂദനാണോ?”
”അതേ”
”എങ്കില്‍ വരൂ” നഴ്‌സ് മുന്നോട്ടു നടന്നു. സൈമണ്‍ അമ്പരപ്പോടെ അവളോടൊപ്പം ചെന്നു.

ഹോസ്പിറ്റലിന്റെ നീണ്ട ഇടനാഴികള്‍ പിന്നിട്ട് അവര്‍ ചെന്നുനിന്നത് അത്യാസന്നനിലയില്‍ കിടക്കുന്ന ഒരു ജര്‍മന്‍പടയാളിയുടെ മുറിയിലാണ്. സൈമണെ ആ മുറിയിലാക്കി, പിന്നില്‍ വാതില്‍ ചാരി, നഴ്‌സ് പിന്‍വാങ്ങി.

”എന്റെ പേര് കാള്‍ എന്നാണ്”. ബാന്‍ഡേജില്‍ പൊതിയപ്പെട്ട് കിടക്കുന്ന മരണാസന്നനായ ആ ജര്‍മന്‍ പടയാളി സ്വയം പരിചയപ്പെടുത്തി. ”എനിക്ക് ഇനി അധികസമയമില്ല. മരിക്കുന്നതിനു മുന്‍പ് എനിക്ക് ഒരു കുറ്റസമ്മതം നടത്താനുണ്ട്. അത് നിങ്ങളോട് തുറന്നു പറയുവാന്‍ ആഗ്രഹിക്കുന്നു. കാരണം നിങ്ങള്‍ ഒരു യഹൂദനാണെന്നതു തന്നെ.”

തളര്‍ന്ന സ്വരം. വിറയാര്‍ന്ന ചുണ്ടുകള്‍. പക്ഷേ സൈമണിന് വലിയ അനുകമ്പയൊന്നും തോന്നിയില്ല.

തുടര്‍ന്നു കാള്‍ തന്റെ കഥ പറയുവാന്‍ തുടങ്ങി. ഒരു ക്രിസ്തീയകുടുംബത്തിലാണ് കാള്‍ ജനിച്ചത്. ശിശുസഹജമായ വിശ്വാസത്തോടെ ചെറുപ്പത്തില്‍ പള്ളിയില്‍പോയിരുന്നത് കാളിന് ഓര്‍മയുണ്ട്. പക്ഷേ യൗവ്വനത്തില്‍ ഹിറ്റ്‌ലറുടെ നാസിപ്പടയില്‍ അംഗമായതോടെ വിശ്വാസം എല്ലാം പഴങ്കഥയായി മാറി.

ആര്യവംശത്തിന്റെ മഹത്വത്തെക്കുറിച്ചുള്ള ചിന്ത തലയ്ക്കു പിടിച്ചതോടെ യഹൂദന്മാര്‍ കാളിനും കൂട്ടര്‍ക്കും കണ്ണിലെ കരടായി. അവരെ കശാപ്പുചെയ്യുന്നതില്‍ മൃഗീയമായ ഒരു ആനന്ദം അവര്‍ കണ്ടെത്തി.

രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ ജര്‍മന്‍ പടയാളികള്‍ എന്ന നിലയില്‍ കാളും സുഹൃത്തുക്കളും ‘യഹൂദവേട്ട’ കൂടുതല്‍ തീക്ഷ്ണതയോടെ തുടര്‍ന്നു. പകയുടെയും കൂട്ടക്കൊലയുടെയും നാളുകള്‍. കേട്ടാല്‍ തലപെരുത്തുപോകുന്ന ചോരമണമുള്ള കഥകള്‍…

പറഞ്ഞുവന്നപ്പോള്‍ കാളിന്റെ ശബ്ദം പലപ്പോഴും പതറി. സൈമണ്‍ പുറമേ നിര്‍വികാരതയോടെ, ഉള്ളില്‍ പകയോടെ, കേട്ടുകൊണ്ടിരുന്നു.

”ഈ സംഭവങ്ങളുടെ കൂട്ടത്തില്‍ ഒരു ഓര്‍മ എന്നെ നിരന്തരം വേട്ടയാടുന്നു.” കാള്‍ മറ്റൊരു വിവരണത്തിന്റെ ചുരുളഴിച്ചു.

തോറ്റു പിന്മാറുന്ന റഷ്യന്‍ പട്ടാളത്തെ പിന്തുടര്‍ന്ന് ഉക്രെയിനിലൂടെ കാളും കൂട്ടരും ജയഭേരിയോടെ മുന്നേറുമ്പോഴാണ് അതുണ്ടായത്. ഓര്‍ക്കാപ്പുറത്തുണ്ടായ ഒരു ഒളിപ്പോര്‍ ആക്രമണത്തില്‍ കാളിന്റെ യൂണിറ്റിലെ 30 പടയാളികള്‍ കൊല്ലപ്പെട്ടു. ഇതിനു പകരം വീട്ടാനായി നാസി പടയാളികള്‍ മുന്നൂറില്‍പ്പരം യഹൂദന്മാരെ വളഞ്ഞുപിടിച്ച് ഒരു മൂന്നുനില കെട്ടിടത്തിന്റെ മുകളിലേക്ക് ഓടിച്ചുകയറ്റി. പിന്നെ ആ കെട്ടിടത്തിനു തീ കൊളുത്തി. തീ പിടിച്ച കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവരെ വകവരുത്താന്‍ തോക്കുകളും കൈബോംബുകളുമായി നാസിപ്പടയാളികള്‍ കെട്ടിടത്തെ വളഞ്ഞുനിന്നു.

”ആ കെട്ടിടത്തില്‍ നിന്ന് ഉയര്‍ന്ന കൂട്ടക്കരച്ചില്‍ അസഹനീയമായ വേദനയുടേതായിരുന്നു” കാള്‍ തുടര്‍ന്നു ”ഞങ്ങള്‍ നോക്കി നില്‍ക്കുമ്പോള്‍ ഒരു ജനാലയ്ക്കല്‍ ഒരാള്‍ ഒരു കുഞ്ഞിനെ കയ്യിലേന്തി നില്‍ക്കുന്നു. അയാളുടെ വസ്ത്രത്തില്‍ തീപിടിച്ചിട്ടുണ്ട്. അടുത്ത് ഒരു യുവതി. തീര്‍ച്ചയായും ആ കുഞ്ഞിന്റെ അമ്മയാണ്. ഒരു നിമിഷം. അയാള്‍ സ്വതന്ത്രമായ മറ്റേകൈകൊണ്ട് ആ കുഞ്ഞിന്റെ കണ്ണുപൊത്തി. പിന്നെ മൂന്നാം നിലയില്‍ നിന്ന് താഴേക്കു ചാടി. തൊട്ടുപിന്നാലെ തീപിടിച്ച വസ്ത്രങ്ങളുമായി യുവതിയും. ഞങ്ങളുടെ തോക്കുകള്‍ തീതുപ്പി. ആ അച്ഛനും അമ്മയും കുഞ്ഞും താഴെ വരുന്നതിനു മുമ്പ് ഒരു അഗ്നിഗോളമായി മാറി… തുടര്‍ന്ന് മറ്റ് ജനാലകളിലൂടെയും തീ പിടിച്ച ശരീരങ്ങള്‍ പ്രാണവേദനയോടെ താഴേക്ക് ചാടിക്കൊണ്ടിരുന്നു. ഞങ്ങള്‍ ഉന്മാദത്തോടെ വെടിവെച്ചുകൊണ്ടും… ഓ ദൈവമേ”

കാള്‍ നടുക്കുന്ന ഓര്‍മ്മകള്‍ക്കു വിരാമമിട്ടു. പിന്നെ സൈമണിന്റെ കണ്ണുകളിലേക്കു നോക്കി വേദനയോടെ തുടര്‍ന്നു. ”ഒടുവില്‍ ഇതാ, ഞാന്‍ എന്റെ കൊടുംപാതകങ്ങളുമായി ഇവിടെ മരണത്തെ സമീപിക്കുന്നു. എന്റെ ജീവിതത്തിന്റെ അവസാനമണിക്കൂറുകളില്‍ നിങ്ങള്‍ എന്നോടൊപ്പം ഉണ്ട്. നിങ്ങള്‍ ആരാണെന്ന് എനിക്കറിഞ്ഞുകൂടാ. നിങ്ങള്‍ ഒരു യഹൂദനാണെന്നു മാത്രം എനിക്കറിയാം. അതു മതിതാനും. ഞാന്‍ നിങ്ങളോടു പറഞ്ഞ കഥകള്‍ ഭയങ്കരമാണെന്ന് എനിക്കറിയാം. എങ്കിലും മരണത്തെ കാത്ത് നീണ്ട രാത്രികളില്‍ ഉറക്കമില്ലാതെ കിടക്കുമ്പോള്‍ ഈ കഥകളെല്ലാം ഒരു യഹൂദനോടു തുറന്നു പറഞ്ഞ് ക്ഷമയാചിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു… പറയൂ, ഞാന്‍ നിങ്ങളുടെ ആളുകളോടു ചെയ്ത തെറ്റുകള്‍ എന്നോടു ക്ഷമിക്കുമോ? നിങ്ങള്‍ ക്ഷമിച്ചാലേ എനിക്കു സമാധാനത്തോടെ മരിക്കാന്‍ കഴിയൂ.” കാള്‍ അപേക്ഷാഭാവത്തില്‍ മുഖം ഉയര്‍ത്തി.

പക്ഷേ…. സൈമണിന്റെ മുഖം കടുത്തിരുന്നു. അവന്‍ തല തിരിച്ചു. പിന്നെ ഒരു വാക്ക് മറുപടി പറയാതെ കതകുവലിച്ചടച്ച് കനത്ത കാല്‍വയ്പുകളോടെ പുറത്തേക്കു നടന്നു. അന്നു രാത്രി കാള്‍ മരിച്ചു-ഒരു യഹൂദന്റെ ചുണ്ടില്‍ നിന്ന് ‘ക്ഷമിച്ചു’ എന്നൊരു വാക്ക് കേള്‍ക്കാന്‍ കഴിയാതെ.

വര്‍ഷങ്ങള്‍ കടന്നുപോയി. സൈമണ്‍ തടവറയില്‍നിന്ന് പുറത്തുവന്നു. എങ്കിലും തന്നോടു ക്ഷമയ്ക്കായി കേണപേക്ഷിച്ച കാളിന്റെ ഓര്‍മ്മകള്‍ സൈമണെ നിരന്തരം വേട്ടയാടി. താന്‍ ചെയ്തതു ശരിയായോ? തുടര്‍ന്ന് ”എന്റെ സ്ഥാനത്തു നിങ്ങളായിരുന്നെങ്കില്‍ കാളിനോടു ക്ഷമിക്കുമായിരുന്നോ?” എന്ന ചോദ്യവുമായി സൈമണ്‍ പാശ്ചാത്യലോകത്തെ പ്രശസ്തരായ ചിന്തകരേയും, എഴുത്തുകാരേയും, രാഷ്ട്രീയക്കാരേയും, യഹൂദറബ്ബിമാരേയും, ക്രിസ്തീയനേതാക്കളേയും സമീപിച്ചു. അവര്‍ നല്‍കിയ മറുപടികള്‍ സൈമണ്‍ രേഖപ്പെടുത്തി. ഒടുവില്‍ ഇതെല്ലാം ചേര്‍ത്ത് അദ്ദേഹം ഒരു പുസ്തകം രചിച്ചു. അതാണ് The sun flower (സൂര്യകാന്തിപ്പൂവ്) എന്ന പ്രശസ്തമായ ഗ്രന്ഥം.

അതിന്റെ ആദ്യഭാഗത്ത് സൈമണ്‍ കാളുമായുള്ള തന്റെ കൂടിക്കാഴ്ച വിവരിക്കുന്നു. രണ്ടാം ഭാഗത്ത് പ്രശസ്തരായ ആളുകള്‍ സൈമണിനു നല്‍കിയ മറുപടി ചേര്‍ത്തിരിക്കുന്നു. ഇവരില്‍ ഭൂരിപക്ഷം പേരും സൈമണ്‍ ചെയ്തതില്‍ തെറ്റില്ല എന്ന അഭിപ്രായക്കാരാണ്. എന്നാല്‍ യഥാര്‍ത്ഥ ക്രിസ്ത്യാനികളായ ചുരുക്കം പേര്‍ മാത്രമാണ് സൈമണ്‍ ക്ഷമിക്കേണ്ടതായിരുന്നു എന്നു മറുപടി പറഞ്ഞത്. അക്കൂട്ടത്തില്‍ കറുത്ത വര്‍ഗ്ഗക്കാരനായ ഒരു ക്രിസ്തീയപുരോഹിതന്‍ പറഞ്ഞിരിക്കുന്നു: ”നിങ്ങള്‍ ക്ഷമിക്കാതിരുന്നത് ‘കണ്ണിനുപകരം കണ്ണ്, പല്ലിനു പകരം പല്ല്’ എന്ന പഴയനിയമത്തിന്റെ ആത്മാവിലാണ്. എന്നാല്‍ ഒരു പുതിയ നിയമം ഉണ്ട്. അത് സുവിശേഷങ്ങളില്‍ കാണുന്ന ക്രിസ്തുവാണ്. നിങ്ങള്‍ ക്ഷമിക്കേണ്ടതായിരുന്നു എന്നാണ് ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ എന്റെ അഭിപ്രായം.”

അതേ ക്രിസ്തുവിനു മാത്രമേ, ഒരു യഥാര്‍ത്ഥക്രിസ്ത്യാനിക്കു മാത്രമേ, ആത്മാര്‍ത്ഥമായി ക്ഷമിക്കാന്‍ കഴിയൂ.

ഒരോ പുതുവര്‍ഷത്തിലേക്കു പ്രവേശിക്കുമ്പോഴും നാം പകയുടേയും പ്രകോപനങ്ങളുടേയും നിശ്ശബ്ദസഹനങ്ങളുടെയും ഒരു വര്‍ഷത്തിലേക്കു കൂടിയാണ് കാല്‍ വയ്ക്കുന്നത്. ഇതുവരെ ഉണ്ടായിട്ടില്ലാത്ത പീഡനങ്ങളും കയ്യേറ്റങ്ങളുമാവാം പുതുവര്‍ഷത്തില്‍ നമ്മെ കാത്തിരിക്കുന്നത്. അപ്പോള്‍ യേശുവിനെപ്പോലെ ക്ഷമിക്കാന്‍, യഥാര്‍ത്ഥക്രിസ്ത്യാനിയെപ്പോലെ പ്രതികരിക്കാന്‍, നമുക്ക് ഇടയാകുമോ? ”പിതാവേ, ഇവര്‍ ചെയ്യുന്നത് എന്തെന്ന് അറിയായ്കയാല്‍ ഇവരോടു ക്ഷമിക്കണമേ” എന്ന ക്രൂശിലെ മൊഴികള്‍ നമുക്കു മാര്‍ഗ്ഗദീപം ആകട്ടെ!