സാക് പുന്നന്‍
അന്ത്യനാളുകളുടെ ഒരു വലിയ അപകടമാണ് “ശക്തിയില്ലാത്ത ഭക്തിയുടെ വേഷം” (2 തിമൊ.3:5). നമുക്കുള്ള വരങ്ങളുടെയും കഴിവുകളുടെയും ശക്തികൊണ്ട് തൃപ്തിപ്പെടുന്നത് വളരെ എളുപ്പമാണ്. ദേഹിയുടെ ശക്തി വെളിപ്പെടുന്നത് ബുദ്ധിശക്തി, വൈകാരിക ശക്തി, ഇച്ഛാശക്തി എന്നിവയിലൂടെയാണ്. എന്നാൽ ക്രിസ്തുവും പരിശുദ്ധാത്മാവും നമുക്കു നൽകാൻ വന്നിരിക്കുന്ന ദിവ്യശക്തി ഇതൊന്നുമല്ല.
ബൗദ്ധിക ശക്തി കാണപ്പെടുന്നത് വലിയ ശാസ്ത്രജ്ഞന്മാർ, പണ്ഡിതന്മാർ, കൂടാതെ സാമർത്ഥ്യമുള്ള പ്രാസംഗികർ എന്നിവരിലാണ്. വൈകാരിക ശക്തി കാണപ്പെടുന്നത് റോക്ക് സംഗീതജ്ഞരിലും അനേകം പ്രാസംഗികരിലുമാണ്. ഇച്ഛാശക്തി കാണപ്പെടുന്നത് യോഗാ വിദഗ്ദ്ധരുടെയും ഋഷിമാരുടെയും കൂടാതെ തങ്ങളുടെ വ്യക്തിത്വത്തിലൂടെ മറ്റുള്ളവരിൽ അധികാരം ചെലുത്താൻ ശ്രമിക്കുന്ന പ്രാസംഗികരുടെയും ഇടയിലാണ്. ആത്മീയ ശക്തിക്കു പകരമായി ഇവ മൂന്നിനെയും നാം തെറ്റിധരിക്കരുത്.
ആത്മീയ ശക്തി പ്രാഥമികമായി നമ്മെ എല്ലാ കാര്യത്തിലും ദൈവത്തെ അനുസരിക്കുന്നവരാക്കുന്നു. സഹസ്രാബ്ദങ്ങളായി അവയുടെ ഭ്രമണപഥത്തിൽ തന്നെ നിശ്ചിത സമയത്തിനുള്ളിൽ തികവോടെ ചലിച്ചുകൊണ്ടിരിക്കുന്ന ഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും പ്രദർശിപ്പിച്ചിരിക്കുന്ന ദൈവത്തിൻ്റെ ശക്തിയെ കുറിച്ച് ആലോചിക്കുക. ആ പൂർണ്ണതയുടെ കാരണം അവ ദൈവത്തിൻ്റെ നിയമങ്ങളെ ചോദ്യം ചെയ്യാതെ അനുസരിക്കുന്നു എന്നതാണ്. നമുക്കു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം ദൈവത്തെ പൂർണ്ണമായി അനുസരിക്കുക മാത്രമാണെന്നതിൻ്റെ നിശബ്ദ സാക്ഷ്യങ്ങളാണ് ഈ ജ്യോതിർഗോളങ്ങൾ.
യേശു സാത്താനെ ജയിച്ചത് മൃഗീയമായ ശാരീരിക ശക്തി കൊണ്ടല്ല, എന്നാൽ ആത്മീയ ശക്തികൊണ്ടാണ്. സാത്താനാൽ പ്രലോഭിപ്പിക്കപ്പെട്ടപ്പോൾ, അവിടുത്തേക്ക് അത് ചെയ്യാൻ കഴിയുമായിരുന്നെങ്കിലും, കല്ലിനെ അപ്പമാക്കി മാറ്റുന്ന കാര്യം യേശു നിരസിച്ചു, 40 ദിവസങ്ങൾ ഉപവസിച്ച ശേഷം, തൻ്റെ ശരീരം ഭക്ഷണത്തിനായി ആഗ്രഹിച്ചു എന്ന കാര്യം കൂട്ടാക്കാതെ പോലും. ഹവ്വ ചെയ്തതിന് എത്ര വിരുദ്ധമായ ഒരു കാര്യമാണിത്, അവൾ വിശന്നിരിക്കുകയല്ലാതിരുന്നിട്ടുപോലും, ഏദനിലെ പറുദീസയിൽ വച്ച് അവളുടെ ശരീരത്തിൻ്റെ ആഗ്രഹത്തെ പെട്ടെന്നു തന്നെ തൃപ്തിപ്പെടുത്തി. ആഹാരത്തിനുള്ള ആഗ്രഹം പോലെ നമ്മുടെ ശരീരത്തിൽ വസിക്കുന്ന മറ്റൊരാഗ്രഹമാണ് ലൈംഗികതയ്ക്കുള്ള ആഗ്രഹം. അതും സ്ഥിരമായി ആഗ്രഹസാഫല്യത്തിനായി കൊതിക്കുന്നു. നമുക്ക് ആത്മീയ ശക്തിയുള്ളപ്പോൾ, തൻ്റെ ശരീരത്തിൻ്റെ തീവ്രമായ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുന്നതിനേക്കാൾ ”ദൈവത്തിൻ്റെ ഓരോ വചനം കൊണ്ടും” ജീവിക്കുന്നതാണ് എനിക്കിഷ്ടം എന്നു പറഞ്ഞ യേശുവിനെപ്പോലെ, നാം ആയിരിക്കും.
ശിംശോന് പ്രത്യക്ഷമായ സിംഹത്തെ വലിച്ചു കീറാൻ ആവശ്യമായ വലിയ ശാരീരിക ശക്തിയുണ്ടായിരുന്നു. എന്നാൽ അവൻ്റെ ഉള്ളിലുണ്ടായിരുന്ന ലൈംഗിക മോഹത്തിൻ്റെ സിംഹം അവനെ പല പ്രാവശ്യം വലിച്ചു കീറി. ലൈംഗിക മോഹം മറ്റേതു സിംഹത്തെക്കാളും വളരെയധികം ശക്തിയുള്ളതാണെന്ന് ഇതു തെളിയിക്കുന്നു. ജോസഫ് ഏതു വിധത്തിലും ശിംശോനെക്കാൾ ശക്തിമാനായിരുന്നു, കാരണം അവന് മോഹത്തിൻ്റെ സിംഹത്തെ വീണ്ടും വീണ്ടും, നാൾക്കുനാൾ, വലിച്ചു കീറിക്കളയാൻ കഴിഞ്ഞു (ഉൽപ.39:7-13).
ദൈവം നമുക്ക് ആത്മീയ ശക്തി തരുമോ ഇല്ലയോ എന്നു തീരുമാനിക്കുന്നതു നമ്മുടെ ഉദ്ദേശ്യങ്ങളാണ്. നിങ്ങളുടെ ജീവിതത്തിൻ്റെ ലക്ഷ്യവും അഭിലാഷവും ദൈവത്തെ പ്രസാദിപ്പിക്കുവാനും അവിടുത്തെ മഹത്വപ്പെടുത്തുവാനും മാത്രമാണെങ്കിൽ, ഉടനെ തന്നെ ദൈവം അവിടുത്തെ ശക്തി നിങ്ങൾക്കു തരും. “നിങ്ങൾ യാചിച്ചിട്ടും ലഭിക്കാത്തത്. നിങ്ങൾ തെറ്റായ ഉദ്ദേശ്യത്തോടു കൂടി ചോദിക്കുന്നതു കൊണ്ടാണ്” (യാക്കോബ്. 4:3) .
ഒരു ജോലി അല്ലെങ്കിൽ ഒരു ഉദ്യോഗം നമുക്കൊരു ജീവിത മാർഗ്ഗം മാത്രമായിരിക്കണം. നമ്മുടെ ജീവിതാഭിലാഷം ഏതു വിധേനയും ദൈവത്തെ പ്രസാദിപ്പിക്കുക എന്നതായിരിക്കണം അല്ലാതെ നമുക്കു വേണ്ടി തന്നെ ജീവിക്കുവാനോ ഈ ലോകത്തിൽ വലിയവനാകാനോ ആയിരിക്കരുത്. യേശുവിനെ പോലും ഈ ലോകത്തിൻ്റെ മഹത്വം കൊണ്ട് പ്രലോഭിപ്പിക്കുവാൻ സാത്താൻ ശ്രമിച്ചു. അതു കൊണ്ട്, അവൻ തീർച്ചയായും നമുക്കും അത് വച്ചു നീട്ടും. എന്നാൽ നാം നിരന്തരം അതിനെ നിരസിക്കണം (യേശു ചെയ്തതുപോലെ), കാരണം ഏതെങ്കിലും വിധത്തിൽ സാത്താൻ്റെ മുമ്പിൽ വണങ്ങിയാൽ മാത്രമേ നമുക്കത് ലഭിക്കുകയുള്ളൂ. നമ്മുടെ ജീവിതങ്ങൾക്കു വേണ്ടിയുള്ള ദൈവത്തിൻ്റെ പദ്ധതി പൂർത്തീകരിക്കപ്പെടുന്നതിൽ നിന്ന്, പണ സ്നേഹം നമ്മെ വശീകരിച്ച് മാറ്റി കൊണ്ടു പോകാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധയുള്ളവരായിരിക്കണം. ഇന്നു മുതൽ 2000 വർഷത്തേക്ക്, നമ്മുടെ തിരഞ്ഞെടുപ്പുകളുടെ മേൽ നമുക്ക് ഒരു ദുഃഖവും ഉണ്ടാകരുത്.