ബൈബിളിലൂടെ : എബ്രായ ലേഖനം


യേശു – മികവേറിയ ഉടമ്പടിയുടെ മദ്ധ്യസ്ഥന്‍

Chapters: 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13


നിങ്ങള്‍ ഒരു കിങ് ജെയിംസ് ബൈബിള്‍ ഭാഷാന്തരമാണ് ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ തലക്കെട്ടില്‍ ഇങ്ങനെ കാണുവാന്‍ കഴിയും ”അപ്പൊസ്തലനായ പൗലൊസ് എബ്രായര്‍ക്കെഴുതിയ ലേഖനം” എന്ന്. അതത്ര ശരിയല്ല. ഈ ലേഖനം ആര് എഴുതിയെന്നോ ആര്‍ക്ക് എഴുതിയെന്നോ ഇതില്‍ രേഖപ്പെടുത്തിയിട്ടില്ല. പൗലൊസ് ഒരു ലേഖനമെഴുതുമ്പോള്‍ സാധാരണ താനാണ് അത് എഴുതുന്നത് എന്നതും ആര്‍ക്ക് എഴുതുന്നു എന്നതും പ്രാരംഭത്തില്‍ത്തന്നെ രേഖപ്പെടുത്തിയിരിക്കും. അതായിരുന്നു അദ്ദേഹത്തിന്റെ രീതി. അങ്ങനെ നോക്കുമ്പോള്‍ ഇതു പൗലൊസ് എഴുതിയതെന്നു ഉറപ്പിച്ചു പറയുക സാദ്ധ്യമല്ല. ഇത് ആര്‍ക്ക് എഴുതി എന്നതും വ്യക്തമല്ല. ഇത് എബ്രായര്‍ക്കാണ് എഴുതിയിരിക്കുന്നതെന്ന് അനുമാനിക്കുവാനുള്ള കാരണം പഴയ നിയമത്തില്‍ നിന്നുള്ള ഒത്തു വാക്യങ്ങളും സൂചനകളും ഏതാണ്ട് മുപ്പതിടങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട് എന്നതു മാത്രമാണ്. ഉദാഹരണമായി അഹരോന്റെ പൗരോഹിത്യം, മല്‍ക്കീസേദെക്ക്, യോശുവായുടെ കനാന്‍ പ്രവേശനം, സമാഗമനകൂടാരം, യാഗങ്ങള്‍, പഴയ നിയമ വിശ്വാസ നായകന്മാര്‍ മുതലായവ. അതുകൊണ്ട് ഈ വിഷയങ്ങള്‍ പരിചയമുള്ള എബ്രായ (യഹൂദ) ക്രിസ്ത്യാനികള്‍ക്കായിരിക്കും ഈ ലേഖനം എഴുതിയിരിക്കുന്നതെന്ന് ആളുകള്‍ കരുതിക്കാണും.
എന്നാല്‍ നമ്മെ സംബന്ധിച്ച് ഈ ലേഖനം ആരെഴുതി എന്നോ ആര്‍ക്കെഴുതിയെന്നോ ഒക്കെ കണ്ടെത്തുന്നതില്‍ പ്രസക്തിയില്ല. ദൈവശാസ്ത്രത്തില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് എടുക്കുന്നവര്‍ക്കുവേണ്ടി അത്തരം കാര്യങ്ങള്‍ നമുക്കു വിട്ടുകൊടുക്കാം!! നമ്മെ സംബന്ധിച്ച് ഇതു രേഖപ്പെടുത്തിയിരിക്കുന്നത് പരിശുദ്ധാത്മാവാണ്. അതും നമുക്കു വേണ്ടിത്തന്നെ. അങ്ങനെ യഥാര്‍ത്ഥ എഴുത്തുകാരനെയും ആര്‍ക്കെഴുതി (നമുക്ക്) എന്നതും നമുക്കു വ്യക്തമായി മനസ്സിലായിരിക്കുന്നു.


യേശു – ഒരു മനുഷ്യനെന്ന നിലയില്‍


ഇതു വളരെ ആഴമുള്ള ഒരു ലേഖനമാണ്. എത്ര വിശ്വാസികള്‍ ഇതു ശ്രദ്ധയോടെ വായിച്ചിട്ടുണ്ടെന്ന് എനിക്കറിഞ്ഞുകൂടാ. എബ്രായ ലേഖനം വായിക്കുന്നതിനെക്കാള്‍ ആളുകളിഷ്ടപ്പെടുന്നത് റോമാ ലേഖനമോ ഫിലിപ്പ്യ ലേഖനമോ വായിക്കുവാനാണ്. ഒരു പക്ഷേ അതു പിശാചിന്റെ ഒരു തന്ത്രമായിരിക്കാം. ബൈബിളിന്റെ മറ്റൊരു പുസ്തകത്തിലും രേഖപ്പെടുത്തിയിട്ടില്ലാത്ത സത്യങ്ങള്‍ ഈ ലേഖനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതു വിശ്വാസികള്‍ ഗ്രഹിക്കാതിരിക്കുവാനുള്ള തന്ത്രം. യേശുക്രിസ്തുവിന്റെ മനുഷ്യത്വത്തെ സംബന്ധിച്ച സത്യങ്ങള്‍ വെളിപ്പെടുത്തുകയും അതു നമ്മുടെ ജീവിതത്തില്‍ എങ്ങനെ പ്രായോഗികമാക്കാമെന്നു പുതിയനിയമത്തിലെ ഏതു പുസ്തകത്തേക്കാളുമധികം ഈ പുസ്തകം നമുക്കു വ്യക്തമാക്കിത്തരികയും ചെയ്യുന്നു.

ബൈബിളിലെ എല്ലാ സത്യങ്ങള്‍ക്കും പ്രായോഗിക പ്രാധാന്യമുണ്ട്. യേശുക്രിസ്തു ദൈവമായതുകൊണ്ടു നാം അവിടുത്തെ ആരാധിക്കുകയും അവിടുത്തോടു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. എന്നാല്‍ അവിടുന്നു മനുഷ്യനുമാണ്. ആ സത്യത്തിന്റെ പ്രായോഗികത നമ്മുടെ ജീവിതത്തില്‍ ഇന്ന് എന്താണ്? യേശുക്രിസ്തുവിന്റെ മാനുഷികത സംബന്ധിച്ച ഏതെങ്കിലും സത്യത്തിനു നിങ്ങളുടെ ജീവിതത്തില്‍ പ്രസക്തി കണ്ടെത്താന്‍ നിങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍ ആ ഉപദേശം നിങ്ങളെ സംബന്ധിച്ചു നിര്‍ജ്ജീവമാണ്. നിര്‍ജ്ജീവമായ ഒരു ഉപദേശം നിര്‍ജ്ജീവമായ ഒരു മാംസപേശി പോലെയാണ്. നിങ്ങള്‍ ദീര്‍ഘകാലം ഉപയോഗിക്കാത്ത ഒരു അവയവത്തിലെ മാംസപേശികള്‍ക്ക് എന്തു സംഭവിക്കും? അതു ബലഹീനമാവുകയും ഉപയോഗരഹിതമാകുകയും ചെയ്യും. ദീര്‍ഘകാലം ആശുപത്രിക്കിടക്കയില്‍ ആയിരുന്ന രോഗികള്‍ കിടക്ക വിട്ടെഴുന്നേല്‍ക്കുമ്പോള്‍ നടത്തം പരിശീലിക്കേണ്ടിവരുന്നത് അതുകൊണ്ടാണ്.

‘യേശു മനുഷ്യ ജഡത്തില്‍ വന്നു’ എന്ന സത്യത്തിന് സ്വന്തം ജീവിതത്തില്‍ ഒരു പ്രസക്തി കണ്ടെത്താന്‍ ശ്രമിക്കാത്തവരാണ് മിക്ക ക്രിസ്ത്യാനികളും. അതുകൊണ്ടാണ് യേശു ജഡത്തില്‍ വന്നു എന്ന വിഷയം ആരെങ്കിലും പ്രസംഗിക്കുന്നതു കേള്‍ക്കുമ്പോള്‍ അയാളെ ”ദുരുപദേശകന്‍” എന്നു വിളിക്കുന്നത്. പതിനാറാം നൂറ്റാണ്ടില്‍ മാര്‍ട്ടിന്‍ ലൂഥര്‍ വിശ്വാസത്താലുള്ള നീതികരണം പ്രസംഗിച്ചപ്പോള്‍ ആളുകള്‍ അദ്ദേഹത്തെ ‘ദുരുപദേഷ്ടാവ്’ എന്നു വിളിച്ചു. കാരണം നൂറ്റാണ്ടുകളായി ആ സത്യം അവര്‍ക്കു മറഞ്ഞിരുന്നു. ഒരു നഷ്ടസത്യം വീണ്ടെടുക്കുമ്പോള്‍ വീണ്ടും വീണ്ടും അതു സംഭവിക്കുന്നു. ആ തലമുറ അതുകണ്ടെത്തുന്ന വ്യക്തിയെ ‘ദുരുപദേഷ്ടാവ്’ എന്നു വിളിക്കുന്നു. എന്നാല്‍ അടുത്ത തലമുറ അദ്ദേഹത്തെ പ്രവാചകനെന്ന് അംഗീകരിച്ചു തുടങ്ങും.

നൂറുവര്‍ഷം മുമ്പ് പരിശുദ്ധാത്മ സ്‌നാനത്തെക്കുറിച്ച് ക്രിസ്ത്യാനികള്‍ പഠിപ്പിച്ചു തുടങ്ങിയപ്പോള്‍ സംഭവിച്ചതും ഇതുതന്നെയാണ്. അവരെ ‘ദുരുപദേശകന്മാര്‍’ എന്നു വിളിച്ചു. ഇന്ന് അതു സത്യമാണെന്ന് ഒട്ടുമിക്ക ക്രിസ്ത്യാനികളും അംഗീകരിച്ചിരിക്കുന്നു. ഇതു തന്നെയാണ് യേശുവിന്റെ മനുഷ്യത്വത്തെക്കുറിച്ചുള്ള ഉപദേശത്തിലും സംഭവിച്ചിരിക്കുന്നത്. വളരെ വിരളമായെങ്കിലും യേശുവിന്റെ മാനുഷികതയെ സംബന്ധിച്ചോ അതിന്റെ പ്രായോഗിക സ്വാംശീകരണം സംബന്ധിച്ചോ ഇന്ന് എവിടെയങ്കിലും ആരെങ്കിലും പ്രസംഗിക്കുന്നതു നിങ്ങള്‍ കേട്ടിട്ടുണ്ടോ?

യേശു മനുഷ്യനായി ഈ ഭൂമിയില്‍ ജീവിച്ചതു താന്‍ നടന്നതു പോലെ നാമും നടക്കേണ്ടതിന് അവിടുത്തെ കാല്‍ച്ചുവടുകളെ പിന്തുടരുവാനാണ് (1 പത്രോ.2:21). അവിടുന്നു നമ്മെപ്പോലെ ഒരു മനുഷ്യനായിരുന്നില്ലെങ്കില്‍ നമുക്ക് അവിടുന്നു നടന്നതുപോലെ നടക്കുവാന്‍ സാദ്ധ്യമാകയില്ല. എബ്രായ ലേഖനം യേശു എന്ന മനുഷ്യനെ നമുക്കു കാട്ടിത്തരുന്നു.

”യേശുവിനെ ശ്രദ്ധിച്ചു നോക്കുക” എന്നതു തന്നെയാണ് ഈ ലേഖനത്തിന്റെ പ്രധാന വിഷയം. അതുതന്നെയാണ് ഈ ലേഖനത്തിന്റെ പ്രധാന പ്രമേയം. അതു 3:1, 8:1, 12:2,3 വാക്യങ്ങളില്‍ നാം കാണുന്നു.

”പൂര്‍ണ്ണതയിലേക്ക് ആയുക”(6:1) എന്നതും ഈ ലേഖനത്തിന്റെ പ്രമേയമായി പരിഗണിക്കാവുന്നതാണ്.
”അതിവിശുദ്ധ സ്ഥലത്തേക്കുള്ള പ്രവശനം”(10:19), മറ്റൊരു പ്രമേയമായി ചിന്തിക്കാം. ദൈവവുമായിട്ടുള്ള ഒരു ഉറ്റബന്ധത്തിലേക്ക്, കൂട്ടായ്മയിലേക്ക് എങ്ങനെ പ്രവേശിക്കാമെന്ന് ഈ ലേഖനം നമുക്കു കാട്ടിത്തരുന്നു.

”മികവേറിയ” എന്ന പ്രയോഗം 13 പ്രാവശ്യം, ഈ ലേഖനത്തില്‍ കടന്നു വരുന്നു. മികവേറിയ യാഗം, മികവേറിയ പുനരുത്ഥാനം, മികവേറിയ ഉടമ്പടി, മികവേറിയ മദ്ധ്യസ്ഥന്‍, മുതലായവ. അതുപോലെ പൂര്‍ണ്ണതയുള്ള (തികഞ്ഞ), സ്വര്‍ഗ്ഗീയ, നിത്യമായ മുതലായ പദപ്രയോഗങ്ങളും ഈ ലേഖനത്തില്‍ കൂടെക്കൂടെ ആവര്‍ത്തിച്ചിരിക്കുന്നതു നമുക്കു കാണാം.

അടിസ്ഥാനപരമായി ഈ ലേഖനം വെളിപ്പെടുത്തുന്ന സത്യം എന്താണ്? യേശുവിലെ മനുഷ്യനെ ഒരു മാതൃക എന്ന നിലയില്‍ നിങ്ങള്‍ ശ്രദ്ധിച്ചു നോക്കുന്നു എങ്കില്‍ ജയകരമായ ജീവിതത്തിന്റെ രഹസ്യം എന്തെന്നു നിങ്ങള്‍ കണ്ടെത്തും. നമുക്കു പരിശുദ്ധാത്മാവിന്റെ ശക്തിയും ദൈവവചനവും ആവശ്യമാണ്. അതുപോലെ തന്നെ പ്രധാനമാണ് യേശു എന്ന മനുഷ്യനെ ശ്രദ്ധിക്കുന്നതും.

പുതിയ നിയമത്തില്‍ എവിടെയും കാണുന്നതുപോലെ യേശുവിന്റെ ദൈവത്വത്തെ സുവ്യക്തമാക്കിക്കൊണ്ട് ഒന്നാമദ്ധ്യായം ആരംഭിക്കുന്നു. ക്രിസ്തുവിലെ മാനുഷികതയെ മറ്റേതൊരു പുതിയ നിയമ എഴുത്തുകാരനെക്കാളും അധികം വ്യക്തമാക്കുവാന്‍ എബ്രായ ലേഖനകര്‍ത്താവിനെ പരിശുദ്ധാത്മാവ് പ്രേരിപ്പിച്ചു. ഈ ലേഖനത്തിന്റെ വായനക്കാര്‍ക്ക് ഒരു പക്ഷേ താന്‍ യേശുവിന്റെ ദൈവത്വത്തില്‍ വിശ്വസിക്കുന്നില്ലേ എന്നു സംശയം തോന്നാമെന്ന് അദ്ദേഹം ചിന്തിച്ചു കാണും. അങ്ങനെ യേശുവിന്റെ ദൈവത്വത്തില്‍ നിന്നു തന്നെ തുടങ്ങുവാന്‍ പരിശുദ്ധാത്മാവ് അദ്ദേഹത്തിനു പ്രേരണ നല്‍കി. അങ്ങനെ ഒന്നാമദ്ധ്യായം യേശുവിന്റെ ദൈവത്വത്തെ പ്രഘോഷിക്കുന്നതായിത്തീര്‍ന്നു.

അധികം ക്രിസ്ത്യാനികളും യേശുവിന്റെ ദൈവത്വത്തിനു അമിത പ്രാധാന്യം നല്‍കുകയും തന്റെ മനുഷ്യത്വത്തിലൂടെ ഊന്നല്‍ നല്‍കിയിട്ടുള്ള പ്രായോഗിക ലക്ഷ്യങ്ങളെ അവഗണിക്കുകയും ചെയ്യുന്നു. അതുകൊണ്ടായിരിക്കാം എബ്രായ ലേഖനത്തിന് അവര്‍ക്കിടയില്‍ വലിയ പ്രചാരമോ പ്രാധാന്യമോ ലഭിക്കാതെ പോയതും. എന്നാല്‍ സന്തുലിതമായ നിലയില്‍ അവര്‍ സത്യം ഗ്രഹിക്കുവാനാഗ്രഹിക്കുന്നു എങ്കില്‍ ഈ ലേഖനം കൂടി അവര്‍ പഠിക്കേണ്ടതുണ്ട്.

ക്രിസ്തുവിന്റെ മനുഷ്യത്വത്തെക്കുറിച്ച് ”യേശു ജീവിച്ചതുപോലെ” എന്നു ശീര്‍ഷകത്തോടെ ഞാന്‍ ഒരു പുസ്തകം രചിച്ചിട്ടുണ്ട്. അതിന്റെ ഒന്നാമദ്ധ്യായവും യേശുവിന്റെ ദൈവത്വത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് ഞാന്‍ തുടങ്ങിയിരിക്കുന്നത്. ഈ ഭൂമിയില്‍ നടന്നപ്പോഴും അവിടുന്നു ദൈവമായിരുന്നു. അതുകൊണ്ടായിരുന്നു അവിടുന്ന് ആളുകളില്‍ നിന്നും ആരാധന സ്വീകരിച്ചത്. ദൂതന്മാര്‍ പോലും അതു നിരസിച്ചിരുന്നു.

എബ്രായലേഖനം ഒന്നാമദ്ധ്യായത്തില്‍ പഴയ നിയമത്തില്‍ നിന്നുമുള്ള പല വാക്യങ്ങളിലൂടെ യേശുക്രിസ്തു ദൈവമെന്നു ലേഖനകര്‍ത്താവു തെളിയിക്കുന്നു. തുടര്‍ന്ന് രണ്ടാമദ്ധ്യായത്തില്‍ പഴയ നിയമ വാക്യങ്ങളുടെ വെളിച്ചത്തില്‍ യേശുക്രിസ്തു മനുഷ്യനെന്നും അദ്ദേഹം തെളിയിക്കുന്നു. ആദ്യ രണ്ടദ്ധ്യായങ്ങളുടെ പ്രമേയം തന്നെ ഇവയാണ്.

ഒന്നാമദ്ധ്യായത്തില്‍ പറയുന്നത് പഴയനിയമകാലത്ത് ദൈവം പ്രവാചകന്മാരിലൂടെ പല വിധത്തില്‍ – ദര്‍ശനങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും പ്രവചനശബ്ദങ്ങളിലൂടെയും തിരുവെഴുത്തുകളിലൂടെയും – സംസാരിച്ചുകൊണ്ടിരുന്നു എന്നാണ്. എന്നാല്‍ അവസാനമായി ദൈവം തന്റെ പുത്രനിലൂടെ സംസാരിച്ചിരിക്കുന്നു. അവിടുത്തെ പുത്രനെ ”ദൈവവചനം” എന്നു വിളിക്കുന്നു. സംസാരിക്കുന്ന ദൈവം എന്നത്രേ അതിന്നര്‍ത്ഥം. യേശുവാണ് ആ സന്ദേശം. നമുക്കു വേണ്ടിയുള്ള ദൈവത്തിന്റെ സന്ദേശം യേശുവിന്റെ ജീവനാണ്. പഴയ നിയമകാലത്ത് എഴുതപ്പെട്ട വചനത്തിലൂടെ ദൈവം സംസാരിച്ചു. ഇപ്പോള്‍ ഇതാ ജീവിക്കുന്ന വചനത്തിലൂടെ – ഒരു വ്യക്തിയിലൂടെ – ദൈവം സംസാരിച്ചിരിക്കുന്നു.

ഇതിന്റെ പ്രായോഗികത ഇതാണ്: നാം ലോകത്തിലേക്കു പോകുമ്പോള്‍ ദൈവം നമ്മിലൂടെ ലോകത്തോടു സംസാരിക്കുവാനാഗ്രഹിക്കുന്നു. നമ്മുടെ വാക്കുകളിലൂടെയല്ല നമ്മുടെ ജീവിതത്തിലൂടെ. ഞാനും നിങ്ങളും ലോകത്തോടുള്ള ദൈവത്തിന്റെ സന്ദേശങ്ങളാണ്. അതു കൊണ്ടാണ് യേശുവിനെ ”ജഡമായിത്തീര്‍ന്ന വചനം” എന്നു വിളിക്കുന്നത്. വചനം (സന്ദേശം) ആദ്യമായി ജഡം ധരിച്ചതു ക്രിസ്തുവിലാണ്. ഇന്ന് ആ വചനം (സന്ദേശം) നമ്മുടെ ജഡത്തിലൂടെ വെളിപ്പെടുന്നു.


പുത്രനായ യേശുവിലൂടെയാണ് ലോകത്തെ ഉണ്ടാക്കിയതെന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു (1:2). വീണ്ടും 1:10 – ല്‍ ഇത് ആവര്‍ത്തിച്ചിരിക്കുന്നു. ഉല്പത്തി 1:1 ല്‍ പിതാവായ ദൈവത്തോടും പരിശുദ്ധാത്മാവിനോടും ചേര്‍ന്നു ലോകത്തെ സൃഷ്ടിച്ച സ്രഷ്ടാവ് ദൈവപുത്രനായ യേശു തന്നെ.

യേശു ദൈവ തേജസ്സിന്റെ പ്രതിഫലനവും അവിടുത്ത സ്വഭാവത്തിന്റെ കൃത്യമായ പ്രതിച്ഛായയും തന്നെ (1:3). മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ദൈവം എങ്ങനെയിരിക്കുന്നു എന്നു കാണുവാന്‍ നിങ്ങള്‍ക്കു താത്പര്യമുണ്ടെങ്കില്‍ യേശുവിനെ നോക്കിയാല്‍ മതി. യോഹ:14:9-ല്‍ യേശു തന്നെ പറഞ്ഞു: ”എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു.” മുഴു പ്രപഞ്ചത്തെയും തന്റെ ശക്തിയുള്ള വചനത്താല്‍ വഹിക്കുന്നവനുമാണ് യേശു (1:3). നമ്മുടെ പാപങ്ങള്‍ക്കു പരിഹാരം വരുത്തിയ ശേഷം ഉയരത്തില്‍ ദൈവമഹത്വത്തിന്റെ വലത്തുഭാഗത്ത് ഒരു മനുഷ്യനായിത്തന്നെ ഇരിക്കുകയും ചെയ്തു. മനുഷ്യനായ ഈ യേശുവിനെ ആരാധിക്കുവാന്‍ ദൈവം ദൂതന്മാര്‍ക്ക് കല്പന നല്‍കുകയും ചെയ്തു (1:6).

ഇവിടെ കാണുന്ന ”ആരാധന” എന്ന പ്രയോഗം ഒരുകാര്യം വ്യക്തമാക്കുന്നു. അത് യേശു ഒരു സൃഷ്ടിയല്ല എന്ന സത്യമാണ്. കാരണം സൃഷ്ടിക്കപ്പെട്ട ഒന്നിനും തന്നെ ആരാധന സ്വീകരിക്കുവാന്‍ യോഗ്യതയില്ല. യോഹന്നാന്‍ ഒരിക്കല്‍ ഒരു ദൂതന് ആരാധന നല്‍കുവാനായി നമസ്‌കരിച്ചപ്പോള്‍ ”ഒരിക്കലും അതു പാടില്ല” എന്നു പറഞ്ഞ് ദൂതന്‍ യോഹന്നാനെ തടഞ്ഞു. ”ദൈവത്തെ മാത്രമേ ആരാധിക്കാവൂ” (വെളി 19:10) . ആരാധന സ്വീകരിക്കുവാന്‍ മുഴു പ്രപഞ്ചത്തിലും യോഗ്യതയുള്ളത് ഒരാള്‍ മാത്രമാണ് – ദൈവം തന്നെ. ആരാധന സ്വീകരിക്കുന്ന മറ്റേതൊരു വ്യക്തിയും ഭയങ്കര പാപം തന്നെയാണു ചെയ്യുന്നത്. യേശു ഭൂമിയിലായിരുന്നപ്പോള്‍ മനുഷ്യരില്‍ നിന്നും ആരാധന സ്വീകരിച്ചിരുന്നതായി കുറഞ്ഞത് ഏഴു പ്രാവശ്യമെങ്കിലും സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇതു സംശയാതീതമായി തെളിയിക്കുന്നത് ദൈവമെന്ന നിലയിലുള്ള അവകാശങ്ങളൊക്കെ ഒഴിഞ്ഞിട്ടാണ് അവിടുന്നു ഭൂമിയിലേക്കു വന്നതെങ്കിലും അവിടുന്നു ദൈവം തന്നെയായിരുന്നു എന്നാണ്. ദൈവത്തിന് ഒരിക്കലും ദൈവമല്ലാതാകുവാന്‍ കഴിയില്ലല്ലോ.

ഒടുവില്‍, പിതാവായ ദൈവം പുത്രനായ ദൈവത്തെ ഇങ്ങനെ സംബോധന ചെയ്തു പറഞ്ഞിരിക്കുന്നു: ”ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കുമുള്ളത്” (1:8). ഇതു സങ്കീ: 45:6 ല്‍ നിന്നുള്ള ഒരു ഉദ്ധരണിയാണ്. സംശയത്തിന്റെ നിഴല്‍ ലേശമില്ലാതെ ക്രിസ്തുവിന്റെ ദൈവത്വത്തെ തെളിയിക്കുന്നതാണീ ആമുഖ വിവരണമെല്ലാം. തന്റെ മനുഷ്യത്വത്തെ സംബന്ധിച്ച പഠനത്തിലേക്കു നാം പോകുംമുമ്പെ ഇപ്രകാരം ഒരു അടിസ്ഥാനമിടേണ്ടത് ആവശ്യം തന്നെ. തുടര്‍ന്ന് ലേഖന കര്‍ത്താവ് യേശുവിന്റെ മനുഷ്യത്വത്തെ സംബന്ധിച്ചും ആ സത്യം ഉള്‍ക്കൊണ്ടിരിക്കുന്ന പ്രായോഗിക തലങ്ങളെക്കുറിച്ചും നമ്മെ കാട്ടിത്തരുന്നു.

യേശു ഒരു മനുഷ്യനെന്ന നിലയില്‍ ഭൂമിയില്‍ എങ്ങനെ ജീവിച്ചു എന്നു കാണിക്കുന്ന ഒരു വാക്യം ഇതാ: ”നീ നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തിരിക്കയാല്‍ ദൈവമേ, നിന്റെ ദൈവം നിന്റെ കൂട്ടുകാരില്‍ പരമായി നിന്നെ ആനന്ദതൈലം കൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു.” (1:9) ഈ ഭൂമിയില്‍ ജീവിച്ചപ്പോള്‍ നമുക്കുണ്ടായിരുന്ന എല്ലാ പരിമിതികളോടും കൂടെയായിരുന്നു യേശു ജീവിച്ചത്. അതുകൊണ്ടു തന്നെ തനിക്ക് അഭിഷേകം ആവശ്യമായിരുന്നു. പിതാവായ ദൈവത്തിന് അഭിഷേകം ആവശ്യമില്ല. യേശുവിനു താന്‍ സ്വര്‍ഗ്ഗത്തിലായിരുന്നപ്പോള്‍ അഭിഷേകം ആവശ്യമായിരുന്നില്ല. എന്നാല്‍ ഭൂമിയില്‍ നമുക്കൊരു മാതൃകയായിരിക്കേണ്ടതിന് തനിക്ക് അഭിഷേകം ആവശ്യമായിരുന്നു. എന്നാല്‍ നമ്മെക്കാളധികം യേശുവിനെ ദൈവം ആനന്ദതൈലം (സന്തോഷം) കൊണ്ട് അഭിഷേകം ചെയ്തതെന്തുകൊണ്ടെന്ന് ഇവിടെ പറയുന്നു. പ്രാഥമികമായി അവിടുന്നു നീതിയെ ഇഷ്ടപ്പെടുകയും അധര്‍മ്മത്തെ ദ്വേഷിക്കുകയും ചെയ്തു. പാപത്തെ വെറുത്ത് വിശുദ്ധിയെ സ്‌നേഹിച്ചു.

നീതി പ്രവര്‍ത്തിക്കുന്നതും നീതിയെ സ്‌നേഹിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്. അനുസരണത്തെ സ്‌നേഹിക്കാതെയും ഒരു കുട്ടിക്ക് അവന്റെ പിതാവിനെ അനുസരിക്കുവാന്‍ കഴിയും. യേശു നീതി പ്രവര്‍ത്തിക്കുക മാത്രമല്ല നീതിയെ സ്‌നേഹിക്കുക തന്നെ ചെയ്തു.

അപ്രകാരം തന്നെ യേശു പാപത്തെ ഒഴിയുകയായിരുന്നില്ല പാപത്തെ വെറുക്കുകയായിരുന്നു.

ഇക്കാലത്ത് ലൈംഗിക പാപം കാരണമായി മനുഷ്യര്‍ക്കു പിടിപെടുന്ന ഒരു മാരകരോഗമാണ് എയിഡ്‌സ്. എയിഡ്‌സ് പിടിപെടുമെന്ന ഭയത്താല്‍ ദുര്‍ന്നടപ്പിനെ ഒഴിയുന്ന അനേകരുണ്ട്. പിടിക്കപ്പെടുമെന്നതിനാല്‍ മോഷണം നടത്താത്ത അനേകരുണ്ട്. അവര്‍ മോഷണത്തെ വെറുക്കുന്നതുകൊണ്ടല്ല അങ്ങനെ ചെയ്യാത്തത്. അങ്ങനെതന്നെ പാപത്തെ വെറുക്കാതെതന്നെ പലതിനെയും ഒഴിവാക്കുവാന്‍ നിങ്ങള്‍ക്കു കഴിയും.

എന്നാല്‍ ആനന്ദ തൈലം കൊണ്ടുള്ള അഭിഷേകം വേണമെങ്കില്‍ നീതിയെ സ്‌നേഹിക്കുകയും പാപത്തെ വെറുക്കുകയും വേണം. മറ്റുള്ളവരെക്കാള്‍ അധികമായി യേശുവിനെ ആനന്ദ തൈലത്താല്‍ അഭിഷേകം ചെയ്തത് അതിനാലാണ് എന്ന് ഇവിടെ പറഞ്ഞിരിക്കുന്നു.

ദൈവത്തിനു മുഖപക്ഷം ഇല്ല. ഒരു നല്ല പിതാവ് തന്റെ മൂത്ത മകന് മറ്റുമക്കളെക്കാള്‍ അധികം നന്മയൊന്നും നല്‍കുകയില്ല – കാരണം അദ്ദേഹത്തിനു മുഖപക്ഷമില്ല. മൂത്ത മകനു നല്‍കിയതൊക്കെ ഇളയമക്കള്‍ക്കും അവിടുന്നു നല്‍കുന്നു. പിതാവായ ദൈവവും ഇങ്ങനെ തന്നെയാണ്. അനേകം സഹോദരന്മാരില്‍ ആദ്യ ജാതന്‍ എന്നാണ് യേശുവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നത്. വീണ്ടും ജനിച്ച നാമെല്ലാം യേശുവിന്റെ ഇളയ സഹോദരന്മാരാണ്. യേശുവാണ് മൂത്ത ജ്യേഷ്ഠന്‍. യേശു എന്ന മൂത്ത മകനു നല്‍കിയതൊക്കെ മുഖപക്ഷമില്ലാത്ത പിതാവായ ദൈവം നമുക്കും നല്‍കും. യേശു നിറവേറ്റിയ വ്യവസ്ഥ അതേപടി ഞാനും നിറവേറ്റുമെങ്കില്‍ യേശുവിനു ലഭിച്ചത് എനിക്കും ലഭിക്കും. യേശുവിന്റെ മനുഷ്യത്വം എന്ന വിഷയത്തെ അറിയാന്‍ ശ്രമിക്കുമ്പോള്‍ നാം കണ്ടെത്തുന്ന ഒരു വലിയ സത്യം ഇതാണ്.

യേശു ദൈവപുത്രനായിരുന്നതിനാല്‍ ആനന്ദതൈലം കൊണ്ട് അഭിഷേകം ചെയ്യപ്പെട്ടിരുന്നു എന്നായിരുന്നു എഴുതപ്പെട്ടിരുന്നതെങ്കില്‍ അതു നമുക്കു ഉത്സാഹത്തിനോ വെല്ലുവിളിക്കോ കാരണമാവുകയില്ലായിരുന്നു. എന്നാല്‍ അവിടുന്നു നീതിയെ ഇഷ്ടപ്പെടുകയും ദുഷ്ടതയെ ദ്വേഷിക്കയും ചെയ്തതുകൊണ്ട് അഭിഷേകം ചെയ്യപ്പെട്ടു എന്നത് നമുക്കും ആശയ്ക്കു വക നല്‍കുന്ന കാര്യമാണ്. നാമും പാപത്തെ വെറുക്കുകയും നീതിയെ സ്‌നേഹിക്കുകയും ചെയ്താല്‍ നമുക്കും അതേ അഭിഷേകം തന്നെ പ്രാപിക്കാന്‍ കഴിയുമെന്ന കാര്യം. അതുകൊണ്ട് നമുക്ക് ഇപ്രകാരം പ്രാര്‍ത്ഥിക്കേണ്ടതുണ്ട്. ”കര്‍ത്താവേ, പാപം ചെയ്യാതിരിക്കുവാനല്ല പാപത്തെ വെറുക്കുവാനും നീതിയെ ചെയ്യുവാനല്ല നീതിയെ സ്‌നേഹിപ്പാനുമുള്ള ശക്തി എനിക്കു ലഭിപ്പാന്‍ തക്കവണ്ണം പരിശുദ്ധാത്മാവിനാല്‍ എന്റെ ഹൃദയത്തെ ഉറപ്പിക്കേണമേ” എന്ന്.

എത്രയധികം നാം പാപത്തെ വെറുക്കുന്നുവോ അത്രയധികം നാം നീതിയെ ഇഷ്ടപ്പെടുകയും അത്രയുമധികം പരിശുദ്ധാത്മാവിലുള്ള സന്തോഷത്താല്‍ നിറയുകയും ചെയ്യും. നീതിയും പരിശുദ്ധാത്മസന്തോഷവുമാകുന്ന ദൈവരാജ്യം വന്ന് നമ്മുടെ ഹൃദയങ്ങളില്‍ നിറയും (റോമ :14:17). ‘കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍’ എന്ന കല്പന അനുസരിക്കുവാന്‍ അപ്പോള്‍ നാം ശക്തരാകും (ഫിലി. 4:4).

ഈ വചനം സംസാരിച്ച വ്യക്തി അത്രയധികം പ്രാധാന്യമുള്ള വ്യക്തിയായിരിക്കുന്നതിനാല്‍ ആ വചനത്തില്‍ നിന്നും വഴുതി അകന്നു പോകാതെയിരിക്കുവാന്‍ ആ വചനം നമുക്കു ശ്രദ്ധയോടെ സ്വീകരിക്കാം (2:1). ചില വിശ്വാസികള്‍ ക്രിസ്തുവിന്റെ ചില കല്പനകള്‍ ചെറുതാണ്, അത്ര പ്രാധാന്യമുള്ളതല്ല എന്നു കരുതുന്നു. എന്നാല്‍ ചോദ്യം കല്പന വലുതോ ചെറുതോ എന്നതല്ല കല്പന നല്‍കിയ വ്യക്തിയുടെ പ്രാധാന്യം എത്രയുണ്ട് എന്നതത്രേ. ഒട്ടേറെ ക്രിസ്ത്യാനികളും ദൈവകല്പനയെ നിരസിക്കുക എന്ന കുറ്റമല്ല ചെയ്യുന്നത് മറിച്ച് അവഗണിക്കുക എന്ന തെറ്റാണ്. അങ്ങനെ അവര്‍ അതില്‍ നിന്നും വഴുതി അകന്നു പോകുന്നു.

ഞാന്‍ നേരത്തെ കപ്പലില്‍ ജോലി ചെയ്തിരുന്നു. അതിനാല്‍ ഒഴുകി മാറുക എന്നാല്‍ എന്തെന്ന് വ്യക്തമായറിയാം. ഒരു കപ്പല്‍ തുറമുഖത്ത് അടുപ്പിച്ചിട്ട് നങ്കൂരമിടാതിരുന്നാല്‍ അതു നിന്നിടത്തു നിന്നും ഓളത്തിനൊത്ത് ഒഴുകിയകലും. ചെറിയ ഒരു തിരയ്ക്കുപോലും അതിനെ ഇളക്കിയിളക്കി മാറ്റുവാനും ദൂരേക്ക് ഒഴുക്കിക്കൊണ്ടു പോകുവാനും കഴിയും. എന്നാല്‍ ഇത് നമ്മുടെ കാഴ്ചയില്‍പ്പെട്ടു എന്നു വരികയില്ല. കാലത്തുണര്‍ന്നു നോക്കുമ്പോള്‍ തലേന്നു നിന്ന സ്ഥാനത്തല്ല കപ്പല്‍ എന്നു ബോദ്ധ്യപ്പെടും. ദൈവവചനത്തില്‍ നിന്നുള്ള ഒഴുകിപ്പോകലും അപ്രകാരമാണ്. ചില പാപങ്ങളെ നിങ്ങള്‍ അത്ര ഗൗരവതരമായി പരിഗണിക്കുന്നില്ല. നിങ്ങളുടെ നീതിയുടെ നിലവാരം മെല്ലെ മെല്ലെ താഴുന്നു. ക്രമേണ കര്‍ത്താവിനോടുള്ള സ്‌നേഹം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തണുത്തിരിക്കുന്നു. അതിനര്‍ത്ഥം നിങ്ങളറിയാതെ തന്നെ നിങ്ങള്‍ ഒഴുകിമാറി എന്നതാണ്.

ഇങ്ങനെ നിങ്ങള്‍ വല്ലപ്പോഴും ഒഴുകിമാറുകയും ശക്തമായ ഒരു സന്ദേശം കേട്ടു തിരികെ വരികയും വീണ്ടും ഒഴുകിമാറുകയും വീണ്ടും തിരികെ വരികയും ചെയ്യുന്നതു ദൈവഹിതമല്ല. ക്രിസ്തു സ്വഭാവത്തിലേക്ക് ക്രമവും സ്ഥിരവുമായ ഒരു അഭിവൃദ്ധിയാണ് ദൈവം ഇച്ഛിക്കുന്നത്. വല്ലപ്പോഴും ഒഴുകിപ്പോകാതെയിരിക്കുവാന്‍ ദൈവവചനം ശ്രദ്ധിക്കേണ്ടതുണ്ട്. (2:1). ‘ഇത്രവലിയ രക്ഷയെ അവഗണിച്ചാല്‍ നമുക്ക് എങ്ങനെ രക്ഷപെടാന്‍ കഴിയും’ എന്നാണ് ഈ ലേഖനകര്‍ത്താവ് ചോദിക്കുന്നത് (2 :3). ഇത് ചോദിക്കുന്നത് അവിശ്വാസികളോടല്ല, വിശ്വാസികളോടാണ്.

പല ബൈബിള്‍ സെമിനാരികളും ബൈബിള്‍ പഠിപ്പിക്കുന്നതിനെ അവഗണിക്കുന്നു. അതിനു പകരം ബൈബിള്‍ സംബന്ധമായ വിഷയങ്ങളെക്കുറിച്ച് വ്യക്തികള്‍ കല്പിച്ച് രചിച്ച സിദ്ധാന്തങ്ങളോ ഉപന്യാസങ്ങളോ പഠിപ്പിക്കയും പഠിക്കയും ഒക്കെ ചെയ്യുന്നു. ദൈവം വളരെ മനോഹരമായ രക്ഷ നമുക്കുവേണ്ടി ഒരുക്കി. പക്ഷേ ക്രിസ്ത്യാനികള്‍ അതിനെ അവഗണിക്കുന്നു. അവര്‍ അതുകൊണ്ടുതന്നെ പരാജിതരായി ജീവിക്കുന്നു. അവര്‍ പാപത്തിന്റെ ശിക്ഷയില്‍ നിന്നും (നരകാഗ്നി) രക്ഷിക്കപ്പെട്ടു. പക്ഷേ പാപത്തിന്റെ ശക്തിയില്‍ നിന്നും രക്ഷിക്കപ്പെട്ടില്ല. ആ രക്ഷയെ അവഗണിച്ചു.

തുടര്‍ന്ന് ക്രിസ്തുവിന്റെ മനുഷ്യത്വത്തെക്കുറിച്ച് ലേഖനകര്‍ത്താവ് ഇപ്രകാരം തുടരുന്നു. സങ്കീ: 8:4 ഉദ്ധരിച്ചുകൊണ്ട് 2:6 – ല്‍ ഇങ്ങനെ പറയുന്നു: ”മനുഷ്യനെ നീ ഓര്‍ക്കേണ്ടതിന്ന് അവന്‍ എന്ത്? മര്‍ത്ത്യ പുത്രനെക്കുറിച്ചു ചിന്തിക്കേണ്ടതിന്ന് അവന്‍ എന്തുമാത്രം? നീ അവനെ ദൂതന്മാരെക്കാള്‍ അല്പം മാത്രം താഴ്ത്തി തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. സകലവും അവന്നു കാല്‍കീഴിലാക്കി കൊടുത്തിരിക്കുന്നു.” എന്നാല്‍ നാം ശ്രദ്ധിച്ചാല്‍ എല്ലാം മനുഷ്യന്റെ കാല്‍ക്കീഴില്‍ വന്നിട്ടില്ല എന്നു നമുക്കു കാണുവാന്‍ കഴിയും. ഒരു രാജാവാകേണ്ടിയിരുന്ന മനുഷ്യന്‍ ഇന്ന് ഒരു അടിമ മാത്രമാണ്. മനുഷ്യരുടെ ലോകത്തെ വാഴുന്നത് പിശാചാണ്. എന്നാല്‍ യേശുവിന്റെ മനുഷ്യത്വത്തില്‍ മേല്‍പ്പറഞ്ഞവാക്യം നിറവേറിയതായി നാം കാണുന്നു. എല്ലാം അവനു കാല്‍ക്കീഴായിത്തീര്‍ന്നിരുന്നു. യേശു അല്പസമയത്തേക്കു ദൂതന്മാരെക്കാള്‍ അല്പം താഴ്ത്തപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് സകലവും കാല്‍ക്കീഴാക്കി മഹത്വവും മാനവും അണിഞ്ഞവനായി അവിടുത്തെ നാം കാണുന്നു. യേശു നമ്മുടെ മൂത്ത സഹോദരന്‍ ആയിരിക്കുന്നതിനാല്‍ നമ്മെ ഏവരെയും ഇതേ സ്ഥാനത്തേക്കാണ് പിതാവ് ലക്ഷ്യം വച്ചിരിക്കുന്നതെന്നു വ്യക്തമാണ്. ആദ്യജാതനു ദൈവം ചെയ്തതൊക്കെ ഇളയ മക്കള്‍ക്കും അവിടുന്നു നല്‍കും. നിങ്ങള്‍ യേശുവിന്റെ ഒരു സഹോദരനോ സഹോദരിയോ എങ്കില്‍ യേശുവിനു നല്‍കിയതെല്ലാം മുഖപക്ഷമില്ലാത്തവനായ നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥ പിതാവ് നിങ്ങള്‍ക്കും നല്‍കും. ഇതാണ് സുവിശേഷത്തിലെ സന്തോഷവാര്‍ത്ത.

സങ്കീര്‍ത്തനം 8-ല്‍ കാണുന്ന ഈ വാക്യം പ്രാഥമികമായി യേശുവിനെ സംബന്ധിച്ചുള്ളതാണ്. മരണം അനുഭവിക്കേണ്ടിവന്നതുകൊണ്ട് ദൂതന്മാരെക്കാള്‍ അല്പം താഴ്ചയുണ്ടായി എന്നു മാത്രം. ദൂതന്മാര്‍ക്കു മരണമില്ല. യേശു മരണത്തിലൂടെ കടന്നുപോകേണ്ടിവന്നു. ഇതു ദൂതന്മാരെക്കാള്‍ അല്പം താഴ്ചയുണ്ടാക്കി. സൃഷ്ടിച്ചപ്പോള്‍ ആദാമിനും മരണമുണ്ടായിരുന്നില്ല. അവനും ദൂതന്മാരെക്കാള്‍ ഒട്ടും താഴെയായിരുന്നില്ല. എന്നാല്‍ വിലക്കപ്പെട്ട കനി ഭക്ഷിച്ചതു മുതല്‍ ആദാം ദൂതന്മാരെക്കാള്‍ താഴ്ന്ന നിലയിലാവുകയും മരണത്തിനു വിധേയപ്പെടുകയും ചെയ്തു. ഇന്ന്, യേശു മരണത്തെ കീഴ്‌പ്പെടുത്തി ദൂതന്മാരെക്കാള്‍ ഉയര്‍ന്ന സ്ഥാനത്തെത്തി-എല്ലാം തന്റെ കാല്‍ക്കീഴിലാക്കി. നാം യേശുക്രിസ്തുവുമായുള്ള ബന്ധത്തിലായിത്തീരുമ്പോള്‍-മരണം അനുഭവിക്കേണ്ടതുകൊണ്ടു നാം ഇപ്പോള്‍ ദൂതന്മാരെക്കാള്‍ താഴെയാണെങ്കിലും-പുനരുത്ഥാനത്തില്‍ നാം അവരെക്കാള്‍ ഉന്നതമായ പദവിയിലെത്തും.


യേശുവിനു കൃപ ആവശ്യമായിരുന്നു

ദൈവ കൃപയാല്‍ എല്ലാവര്‍ക്കും വേണ്ടി യേശു മരണം ആസ്വദിച്ചു (2:9) ക്രൂശിലൂടെയും മരണത്തിലൂടെയും കടന്നു പോകുവാന്‍ യേശുവിനും പിതാവിന്റെ കൃപ ആവശ്യമായിരുന്നു. നമുക്കും ജയാളികളായി ജീവിക്കുവാന്‍ അവസാനംവരെയും ദൈവഹിതം നിറവേറ്റുവാന്‍, കൃപ ആവശ്യമാണ് എന്നു നമുക്കറിയാം. എന്നാല്‍ യേശുവിന് അത് ആവശ്യമായിരുന്നുവോ? ആവശ്യമായിരുന്നു. ”ദൈവകൃപ അവന്റെമേല്‍ ഉണ്ടായിരുന്നു”(ലൂക്കൊ. 2.40) എന്ന് ബൈബിള്‍ പറയുന്ന ആദ്യ വ്യക്തി തന്നെ യേശുവാണ് എന്നത് ഇവിടെ പ്രസ്തവ്യമായ വസ്തുതയാണ്. അടുത്തതായി ഈ പ്രയോഗം നാം കാണുന്നത് അപ്പൊസ്തലപ്രവൃത്തികള്‍ 4-ാം അദ്ധ്യായത്തില്‍ യേശുവിന്റെ ശിഷ്യന്മാരുടെ മേല്‍ ദൈവ കൃപയുണ്ടായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്ന ഭാഗത്താണ്. ദൈവകൃപ ആരുടെയെങ്കിലും മേല്‍ ഉണ്ട് എന്നു പറയുന്നതിന്നര്‍ത്ഥം അവന്‍ ദൈവകൃപയ്ക്കു കീഴിലാണ് എന്നാണ്. അങ്ങനെ നാം ദൈവകൃപയുടെ അധീനതയില്‍ ആയിരിക്കുമ്പോള്‍ മാത്രമേ നമുക്കു പാപത്തെ ജയിക്കാന്‍ കഴിയൂ (റോമ. 6:14). കൃപ വന്നത് യേശുക്രിസ്തുവിലൂടെയാണ് (യോഹ.1:17). കൃപയുടെ അധീനതയില്‍ ജീവിച്ചു പാപം ചെയ്യാതിരുന്ന ആദ്യ വ്യക്തി യേശുക്രിസ്തു ആണ്. അതുകൊണ്ട് കൃപയുടെ അര്‍ത്ഥം ചിലര്‍ പറയുന്നതുപോലെ ”അര്‍ഹതയില്ലാത്തിടത്ത് സൗജന്യമായി ദൈവം പകരുന്ന നന്മകള്‍” എന്നായിരിക്കുവാന്‍ ഇടയില്ല. കാരണം യേശുവിന് അര്‍ഹതയില്ലാത്ത സൗജന്യങ്ങളൊന്നുമായിരുന്നില്ല ലഭിച്ചത്. തനിക്കു ദൈവം നല്‍കിയ നന്മകള്‍ പ്രാപിക്കുവാന്‍ താന്‍ യോഗ്യത കണ്ടെത്തി. കൃപ എന്നതു ദൈവത്തിന്റെ സഹായവും ശക്തിയുമാണ്. ഒരു മനുഷ്യനെന്ന നിലയില്‍ യേശുവിന് അത് ആവശ്യമായിരുന്നു. അപ്രകാരം തന്നെ നമുക്കും.

പരിശുദ്ധാത്മാവ് ഇവിടെ കാട്ടിത്തരുന്നത് ഒരു മനുഷ്യനെന്ന നിലയില്‍ യേശുവിനു ദൈവകൃപ ആവശ്യമായിരുന്നു. കാരണം തന്നില്‍ പാപമൊന്നും ഇല്ലായിരുന്നു എങ്കില്‍ തന്നെയും നമ്മെപ്പേലെ അവിടുന്നും ജഡത്തിലാണു വന്നത്. നമ്മെ തേജസ്സിലേക്കു നയിക്കുവാന്‍ നമ്മുടെ നായകനായ യേശുവിനെ ദൈവത്തിന് കഷ്ടാനുഭവങ്ങളിലൂടെ നടത്തി തികവുള്ളവനാക്കുന്നത് ആവശ്യമായിരുന്നു (2:10). നാമും അപ്രകാരം കഷ്ടാനുഭവങ്ങളിലൂടെ തികവു പ്രാപിക്കേണ്ടിയിരിക്കുന്നു.

തികവ് അല്ലെങ്കില്‍ പൂര്‍ണ്ണത എന്നാല്‍ എന്താണ്? ഈ പ്രയോഗം എബ്രായ ലേഖനത്തില്‍ പല തവണ ആവര്‍ത്തിക്കുന്നതു കൊണ്ട് ഇതിന്റെ അര്‍ത്ഥം നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ദൈവത്തിലുള്ള പൂര്‍ണ്ണത എന്ന അര്‍ത്ഥത്തിലല്ല ആ പ്രയോഗം. ഒഴിഞ്ഞ ഒരു പാത്രത്തില്‍ വെള്ളം നിറയ്ക്കുന്നതു പോലെയാണ്. നിറഞ്ഞു കഴിയുമ്പോള്‍ നമുക്കു പറയാന്‍ കഴിയും അതാ അതു നിറഞ്ഞിരിക്കുന്നു. ആദ്യം അതില്‍ മലിന ജലം ആയിരുന്നു. അതു മാറ്റി ശുദ്ധജലം ഇപ്പോള്‍ നിറച്ചിരിക്കുന്നു എന്ന അര്‍ത്ഥത്തിലല്ല. യേശുവില്‍ ഒരിക്കലും മലിനമായതൊന്നും (പാപം) ഉണ്ടായിരുന്നില്ല. യേശു സ്വയം ഒഴിച്ചു എന്നു പറയുന്നത് ദൈവം എന്ന നിലയിലുള്ള തന്റെ അവകാശങ്ങളെയും പദവികളെയുമാണ്. അവയെ താന്‍ ഒരു മനുഷ്യരൂപമെടുത്ത് ഭൂമിയിലേക്കു വന്നപ്പോള്‍ തന്നില്‍ നിന്നും ഒഴിച്ചു (ഫിലി. 2:5). താന്‍ സ്വര്‍ഗ്ഗത്തിലായിരുന്നപ്പോള്‍ ആരെയും അനുസരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള ഒരു വ്യക്തി, ഒരു സാധാരണ മനുഷ്യന്‍ തന്റെ അപൂര്‍ണ്ണരായ മാതാപിതാക്കളെ അനുസരിച്ചു വളരുന്നതിലെ അനുഭവങ്ങള്‍ എങ്ങനെ മനസ്സിലാക്കുവാനാണ്? വിയര്‍പ്പോടെ അദ്ധ്വാനിച്ച് ഉപജീവനം കഴിക്കുന്നതിന്റെ ബുദ്ധിമുട്ട് എങ്ങനെ ഗ്രഹിക്കും? നമ്മെപ്പോലെ ഒരു മനുഷ്യനായിത്തീര്‍ന്നു എങ്കില്‍ മാത്രമേ അതിനു കഴിയൂ.

നമ്മുടെ രക്ഷാ നായകനായിത്തീരേണ്ടതിന്ന് അവിടുന്ന് എല്ലാറ്റിലും നമ്മെപ്പോലെയായി. യേശു ഭൂമിയിലെ മാതാപിതാക്കള്‍ക്കു കീഴടങ്ങി ജീവിച്ചു. കുട്ടിയായിരുന്നപ്പോള്‍ യേശു അമ്മയെ അടുക്കളയിലേക്ക് വെള്ളവും മറ്റും കൊണ്ടു വരുന്നതിനും ഒക്കെ സഹായിച്ചിരിക്കണം. മറിയ പറഞ്ഞതൊക്കെ മകനെന്ന നിലയില്‍ അനുസരിക്കുകയും ചെയ്തിരുന്നു. ഒരു മരപ്പണിക്കാരന്റെ ജോലികള്‍ ചെയ്യുകയും അതിന്റെ ക്ഷീണം അനുഭവിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യജീവിതത്തിന്റെ ഭാരങ്ങളും പ്രയാസങ്ങളുമൊക്കെ കുറേശ്ശെയായി അവിടുന്നറിഞ്ഞു. അങ്ങനെ ഒരു മനുഷ്യനെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളുടെ പാത്രം ക്രമേണ നിറഞ്ഞ് താന്‍ തികവുള്ളവനായി – ഒരു മനുഷ്യനെന്ന നിലയില്‍. നമ്മുടെ ഭൂമിയിലെ ജീവിതം കഷ്ടാനുഭവങ്ങളുടേതാണ്. ആ കഷ്ടങ്ങളുടെ വഴി താന്‍ സ്വീകരിക്കുകയും നാം നടക്കുന്ന അതേ വഴികളിലൂടെ അവിടുന്നു നടക്കുകയും ചെയ്തു. ഇന്ന് വിശുദ്ധീകരിക്കപ്പെടുന്നവരും വിശുദ്ധീകരിക്കുന്നവനും എല്ലാം ഒരേ പിതാവില്‍ നിന്നും ആയിരിക്കുന്നു. നമ്മെ വിശുദ്ധീകരിക്കുന്നതു യേശുവാണ്. വിശുദ്ധീകരിക്കപ്പെടുന്നവര്‍ നാമാണ്. യേശുവിന്റെ പിതാവ് നമ്മുടെയും പിതാവായിത്തീര്‍ന്നിരിക്കുന്നു. യേശു നമ്മെ സഹോദരന്മാര്‍ എന്നു വിളിക്കുന്നു. യേശു നമ്മെ സഹോദരന്മാര്‍ എന്നു വിളിക്കുന്നതില്‍ അവിടുന്നു ലജ്ജിക്കുന്നില്ല. ഞാന്‍ യേശുവിന്റെ മകനല്ല. ദൈവത്തിന്റെ മകനും യേശുവിന്റെ സഹോദരനുമാണ്. പലപ്പോഴും യേശുവിന്റെ സഹോദരന്മാരായി തങ്ങളെ കാണുവാന്‍ ക്രിസ്ത്യാനികള്‍ വിമുഖതയുള്ളവരാണ്. എന്നാല്‍ യേശുക്രിസ്തു അനേകം സഹോദരന്മാരില്‍ ആദ്യജാതനായിരിക്കണമെന്നത് ദൈവം മുന്‍ നിയമിച്ചിരിക്കുന്നു (റോമ. 8: 29).

തുടര്‍ന്ന് 2:12-ല്‍ ക്രൂശിന്റെ സങ്കീര്‍ത്തനമായ സങ്കീര്‍ത്തനത്തില്‍ നിന്നുള്ള ഒരു ഉദ്ധരണി നാം കാണുന്നു. ”നിന്റെ നാമത്തെ ഞാന്‍ എന്റെ സഹോദരന്മാരോടു കീര്‍ത്തിക്കും.” തന്റെ ഇളയ സഹോദരങ്ങളെക്കുറിച്ചുള്ള ഒരു പരാമര്‍ശമാണിത്. തുടര്‍ന്ന് യെശയ്യാവ് 8-ലെ മറ്റൊരു വാക്യം കൂടി ഉദ്ധരിച്ചിരിക്കുന്നു. ”ഇതാ, ഞാനും ദൈവം എനിക്കു തന്ന മക്കളും” ഇതു പറഞ്ഞിട്ട് ഇങ്ങനെ തുടരുന്നു: ”മക്കള്‍ ജഡരക്തങ്ങളോടുകൂടിയവര്‍ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടു കൂടിയവന്‍ ആയി”(2:14). അങ്ങനെ മാത്രമേ തനിക്കു മരണത്തിലേക്കു കടക്കുവാന്‍ കഴിയുമായിരുന്നുള്ളു. അങ്ങനെ മരണത്തിലൂടെ സാത്താന്റെ കയ്യില്‍ നിന്നും മരണത്തിന്റെ അധികാരം പിടിച്ചെടുത്തു.

മരണത്തിന്റെ അധികാരം സാത്താന്റെ കൈവശം ആയിരുന്നതായി നാം ഇവിടെ കാണുന്നു. ആദാമിന്റെ പാപം മുതല്‍ പഴയ നിയമകാലത്തുടനീളവും മരണത്തിന്റെ താക്കോല്‍ സാത്താന്റെ കയ്യിലായിരുന്നു. ആദാം അത് സാത്താനു നല്‍കി. യേശു തന്റെ മരണത്തിലൂടെ ആ താക്കോല്‍ അവന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്തു. വെളിപ്പാട് 1:18 ല്‍ യേശു പറയുന്നു: ”മരണത്തിന്റെ താക്കോല്‍ എന്റെ കൈവശം ഉണ്ട്.” നിങ്ങള്‍ ദൈവത്തെ അനുസരിച്ചു ജീവിക്കുന്ന ഒരു ദൈവ പൈതലെങ്കില്‍ കര്‍ത്താവു വാതില്‍ തുറക്കാതെ നിങ്ങള്‍ക്കു മരണത്തിലേക്കു പ്രവേശിക്കുവാന്‍ കഴികയില്ല. ആ വെളിപ്പാടിനായി ഞാന്‍ കര്‍ത്താവിനെ സ്തുതിക്കുന്നു. ഒരു അപകടത്തിനോ, രോഗത്തിനോ, മതമൗലിക വാദികള്‍ക്കോ ഒന്നും എന്നെ കൊല്ലാന്‍ കഴികയില്ല – എപ്പോള്‍ വരെ യേശു മരണത്തിന്റെ വാതില്‍ തുറക്കുന്നില്ല, അപ്പോള്‍ വരെ. ഈ സത്യം ഗ്രഹിച്ചാല്‍ ഇതു നമുക്കു വലിയ വിശ്വാസം നല്‍കും. യേശു മരണത്തെ കീഴടക്കുകയും മരണത്തിന്റെ താക്കോല്‍ തന്റെ മാത്രം കൈവശമാക്കുകയും ചെയ്തു.

മനുഷ്യന്‍ പാപം ചെയ്തതുകൊണ്ടാണ് മരണത്തിന്റെ അധികാരം പിശാചിന്റെ കൈകളിലായത്. മനുഷ്യന്‍ തന്നെ അതു സ്വയം പിശാചിന്റെ കരങ്ങളില്‍ ഏല്പിക്കുകയായിരുന്നു അങ്ങനെ മരണ ഭയത്തില്‍ ഇക്കാലം മുഴുവന്‍ കഴിഞ്ഞിരുന്ന നമ്മെ അതില്‍ നിന്നും മോചിപ്പിക്കുവാന്‍ യേശു ആഗ്രഹിച്ചു (2:15). എല്ലാ മനുഷ്യരും മരണ ഭയത്തിന് അടമകളായിട്ടാണ് ജീവിക്കുന്നത്. നിങ്ങള്‍ ഒരു ക്രിസ്തു ശിഷ്യനെങ്കില്‍ ഇനി നിങ്ങള്‍ക്കതിന്റെ ആവശ്യമില്ല. നിങ്ങള്‍ എല്ലാം ക്രിസ്തുവിനു സമര്‍പ്പിക്കുകയും ദൈവഹിതമല്ലാത്ത മറ്റൊരു ലക്ഷ്യവും ഈ ഭൂമിയിലെ ജീവിതത്തിലില്ല എന്ന അവസ്ഥയില്‍ വരികയും ചെയ്താല്‍ ഒരു നിമിഷത്തേക്കു പോലും മരണഭയം നിങ്ങളില്‍ ഇടം കണ്ടെത്തുകയില്ല. നിങ്ങളുടെ ഉറക്കം സമാധാനപൂര്‍ണമായിരിക്കും.


അവിശ്വാസം എന്ന തിന്മ

”ഇന്നു നിങ്ങള്‍ അവന്റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്” എന്നൊരു മുന്നറിയിപ്പ് എബ്രായര്‍ 3:7 ല്‍ നാം കാണുന്നു. തുടര്‍ന്ന് 3:12 ല്‍ ”അവിശ്വാസമുള്ള ഒരു ദുഷ്ടഹൃദയം നിങ്ങളില്‍ ആര്‍ക്കെങ്കിലും ഉണ്ടായി എന്നു വരാതിരിപ്പാന്‍ നാം ഭയപ്പെടുക” എന്നും പറഞ്ഞിരിക്കുന്നു. ഈ വിശുദ്ധ വിളിയില്‍ പങ്കാളികളായ ആര്‍ക്കും തന്നെ യേശു തങ്ങള്‍ക്കു സദൃശമായ ഒരു ജഡത്തിലായിരുന്നു ജീവിച്ചതെന്ന കാര്യത്തില്‍ അവിശ്വാസമുള്ള ഒരു ഹൃദയം ഉണ്ടാകരുത് . ഇക്കാര്യത്തില്‍ അവിശ്വാസമുള്ള ഒരു ദുഷ്ടഹൃദയം എന്ന തിന്മയില്‍ ചെന്ന് അവസാനിക്കാതിരിക്കുവാന്‍ നാം ഭയപ്പെടുക എന്നാണ് എബ്രായലേഖനകാരന്‍ മുന്നറിയിപ്പു നല്‍കുന്നത്.

പരാജയപ്പെട്ട നിങ്ങളുടെ ജീവിതത്തെക്കുറിച്ചു നിങ്ങള്‍ക്കു മടുപ്പുവന്ന ശേഷം മാത്രമേ ‘യേശു നിങ്ങള്‍ക്ക് മാതൃകയായി വന്നു’ എന്ന കാര്യത്തില്‍ ദൈവം നിങ്ങള്‍ക്കു വെളിപ്പാടു നല്‍കുകയുള്ളൂ. ഒരിക്കല്‍ ഞാന്‍ തികച്ചും പരാജിതനായ ഒരു ക്രിസ്ത്യാനിയായിരുന്നു. എന്റെ പരാജയത്തില്‍ ഞാന്‍ മടുക്കുകയും ക്ഷീണിക്കുകയും ചെയ്തിരുന്നു. ഞാന്‍ രാവും പകലും ഇങ്ങനെ ദൈവത്തോടു കരഞ്ഞുകൊണ്ടിരുന്നു:

”ദൈവമേ, എന്താണിതിനൊരു പരിഹാരം? ഞാന്‍ ഒരു പ്രസംഗകനാണ്. പക്ഷേ എന്റെ ഉള്ളില്‍ ഞാന്‍ പാപത്താല്‍ തളര്‍ന്നിരിക്കുന്നു എന്റെ ചിന്തകളില്‍, എന്റെ വാക്കുകളില്‍, എന്റെ കുടുംബ ജീവിതത്തില്‍ ആകെ ഞാന്‍ പരാജിതനാണ്. ഞാന്‍ വീണ്ടും ജനിച്ചവനാണ്. വിശ്വാസ സ്‌നാനമേറ്റിട്ടുണ്ട്. പക്ഷേ ജീവിതത്തില്‍ ഞാന്‍ പരാജിതനാണ്. എനിക്ക് എവിടെയാണു കുഴപ്പം സംഭവിച്ചതെന്ന് എന്നെ കാണിച്ചു തരേണമേ” അപ്പോഴാണു ദൈവം എന്നെ ദൈവഭക്തിയുടെ മര്‍മ്മം എന്താണെന്നു കാണിച്ചുതന്നത്. ക്രിസ്തു ജഡത്തില്‍ വന്നു, എന്നെപ്പോലെ പരീക്ഷിതനായി; എങ്കിലും നിര്‍മ്മലനായി ജീവിച്ചു. അതു ഞാന്‍ പൂര്‍ണ്ണ ഹൃദയത്തോടെ വിശ്വസിച്ചു. അത് എന്റെ ജീവിതത്തെ ആകെ മാറ്റി. അവിശ്വസിച്ചാല്‍ ദൈവത്തില്‍ നിന്നും നാം അകന്നു പോകും എന്ന് ഇവിടെ മുന്നറിയിപ്പ് നല്‍കപ്പെട്ടിരിക്കുന്നു (3:12).

നാം വീണുപോകാതിരിക്കുവാനുള്ള ഒരു വഴി അടുത്ത വാക്യത്തില്‍ കാണിച്ചിരിക്കുന്നു: എല്ലാ ദിവസവും പരസ്പരം ഉത്സാഹിപ്പിക്കുക. ”ഇന്ന്” എന്നു വിളിക്കാവുന്ന ഒരു ദിവസമുള്ളിടത്തോളം പരസ്പരം ഉത്സാഹിപ്പിക്കുക (3:13) നാളെ എന്തു സംഭവിക്കും എന്നു നമുക്കറിഞ്ഞു കൂടാ. എന്നാല്‍ ഇന്നു നമുക്ക് എന്തെങ്കിലും ചെയ്യാം. ആരെയെങ്കിലും ഉത്സാഹിപ്പിക്കാം. ഈ അദ്ധ്യായത്തിന്റെ വെളിച്ചത്തില്‍, നമ്മെപ്പോലെ ആയിത്തീര്‍ന്ന യേശുവിനെ ശ്രദ്ധിച്ചു നോക്കുവാന്‍ ആരെയെങ്കിലും ഉത്സാഹിപ്പിക്കാം. നമ്മുടെ വിളി യേശുവിനെ ഉയര്‍ത്തുവാനാണ്. ഓരോ ദിവസവും നമ്മുടെ വാക്കുകൊണ്ടും പെരുമാറ്റം കൊണ്ടും ”യേശുവിനെ ശ്രദ്ധിക്കുക. എത്ര അത്ഭുത രക്ഷകനാണവന്‍! എന്റെ പാപം ക്ഷമിക്കുക മാത്രമല്ല എന്നെ മാറ്റുകയും കൂടി ചെയ്തിരിക്കുന്നു. അവിടുന്ന് എന്റെ കുടുംബജീവിതത്തെ വ്യത്യാസപ്പെടുത്തി. എല്ലായ്‌പ്പോഴും സന്തോഷിക്കുവാന്‍ തക്കവണ്ണം കര്‍ത്താവിന്റെ സന്തോഷം എനിക്കു നല്‍കി. മരണഭയം എന്നില്‍ നിന്നകറ്റി. ആ യേശുവിനെ ശ്രദ്ധിച്ചു നോക്കുക.” നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് എല്ലാ ദിവസവും ഉത്സാഹവും വെല്ലുവിളിയും ആയിത്തീരട്ടെ. ആളുകള്‍ നിങ്ങളുടെ മുഖത്തേക്കു നോക്കുമ്പോള്‍ അവിടെ വിളങ്ങുന്ന ദൈവതേജസ് അവര്‍ കാണട്ടെ.

3:13-ലെ മുന്നറിയിപ്പ് ഒരാള്‍ക്ക് ഒരു പിന്മാറ്റക്കാരനാകുവാന്‍ വെറും 24 മണിക്കൂര്‍ സമയം മതി എന്നാണ്. അതുകൊണ്ടു തന്നെയാണ് എല്ലാദിവസവും അന്യോന്യം ഉത്സാഹിപ്പിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് ആവശ്യമായിരിക്കുന്നത്. ക്രിസ്തുശരീരത്തില്‍ നമുക്ക് പരസ്പരം അങ്ങനെ ഒരു ഉത്തരവാദിത്തമുണ്ട്. ”ഞാന്‍ എന്റെ സഹോദരന്റെ കാവല്‍ക്കാരനല്ല” എന്നു കയീന്‍ പറഞ്ഞു. എന്നാല്‍ ക്രിസ്തു ശരീരത്തില്‍ നാം നമ്മുടെ സഹോദരന്മാരുടെയും സഹോദരിമാരുടെയും കാവല്‍ക്കാരാണ്. ആരെങ്കിലും വഴുതി പിന്മാറ്റത്തിലേക്കു പോകുന്നതു കണ്ടാല്‍ എഴുന്നേല്‍പ്പിക്കുക. നിങ്ങള്‍ക്ക് കൂട്ടിന്നാരുമില്ല എങ്കില്‍ പരിശുദ്ധാത്മാവിനെയും ദൈവവചനത്തേയും ശ്രദ്ധിക്കുക.

ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന തന്റെ വാക്കുകളാല്‍ പൗലൊസ് അപ്പൊസ്തലന്‍ പല പ്രാവശ്യം എന്നെ ധൈര്യപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ പത്രൊസും യോഹന്നാനും യാക്കോബും ഒക്കെ എനിക്കു പ്രബോധനവും ഉത്സാഹവും പകര്‍ന്നിരിക്കുന്നു. സഹോദരന്മാരുടെ സാന്നിദ്ധ്യമില്ലാത്ത നിരവധി സമയങ്ങളില്‍ ഈ അപ്പൊസ്തലന്മാരാണ് ബൈബിളിന്റെ താളുകളിലൂടെ എനിക്കു സഹായമായിത്തീര്‍ന്നത്. ഇപ്രകാരം പത്രൊസും പൗലൊസും യോഹന്നാനും യാക്കോബും ഒക്കെ എനിക്കു പ്രബോധനവും ഉത്സാഹവും പകര്‍ന്നിരിക്കുന്നു. സഹോദരന്മാരുടെ സാന്നിദ്ധ്യമില്ലാത്ത നിരവധി സമയങ്ങളില്‍ ഈ അപ്പൊസ്തലന്മാരാണ് ബൈബിളിന്റെ താളുകളിലൂടെ എനിക്കു സഹായമായിത്തീര്‍ന്നത്. ഇപ്രകാരം പത്രൊസും പൗലൊസും യോഹന്നാനുമൊക്കെ എന്നും നമ്മുടെ കിടപ്പുമുറിയില്‍ നമ്മോടൊപ്പമായിരുന്നു നമ്മെ ഉത്സാഹിപ്പിക്കുവാന്‍ ഉണ്ടായിരിക്കുന്നതു വളരെ നല്ല കാര്യമല്ലേ? നിങ്ങള്‍ക്ക് എന്തുകൊണ്ടത് അനുഭവമാക്കിക്കൂടാ? നിങ്ങള്‍ എന്തിനാണ് അവരെ ഇങ്ങനെ ഒരു പുസ്തകത്തിനകത്ത് അടച്ചിട്ടിരിക്കുന്നത്?

ബൈബിളിനെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങളേക്കാള്‍ ബൈബിള്‍ തന്നെ വായിക്കുവാന്‍ നിങ്ങള്‍ അധികം ശ്രദ്ധിക്കേണ്ടതുണ്ട്. പൗലൊസിന്റെയും പത്രൊസിന്റെയും യോഹന്നാന്റെയും വാക്കുകളെക്കുറിച്ച് ബൈബിള്‍ പണ്ഡിതന്മാര്‍ എന്തൊക്കെപ്പറഞ്ഞിരിക്കുന്നു എന്നു ഗ്രഹിക്കുവാന്‍ എനിക്കു താത്പര്യമില്ല. അവരെ നേരിട്ടു കേള്‍ക്കുന്നതിലാണെനിക്കു താത്പര്യം. അതുകൊണ്ടു ഞാന്‍ ബൈബിള്‍ തന്നെ വായിക്കുവാന്‍ ശ്രദ്ധിക്കുന്നു. ബൈബിളിനെക്കുറിച്ചുള്ള പുസ്തകങ്ങളല്ല.

3:14 ല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു ”……. എങ്കില്‍ നാം ക്രിസ്തുവില്‍ പങ്കാളികളായിത്തീര്‍ന്നിരിക്കുന്നുവല്ലോ.” അവിടെ ഒരു വലിയ ”എങ്കില്‍” നാം കാണുന്നു. ”ആദ്യ വിശ്വാസം അവസാനത്തോളം നാം മുറുകെ പിടിക്കുന്നു എങ്കില്‍ ” എന്നാണവിടെ പറഞ്ഞിരിക്കുന്നത്. അല്ലെങ്കില്‍ നമുക്കു പങ്കാളിത്തമില്ല. അവസാനത്തോളം നാം മുറുകെപിടിക്കണം. മാരത്തോണ്‍ ഓട്ടങ്ങളില്‍ വളരെ ആളുകള്‍ നന്നായി തുടങ്ങുന്നു. എന്നാല്‍ ഓട്ടം അവര്‍ പൂര്‍ത്തിയാക്കുന്നില്ല. അവര്‍ വഴിയില്‍ കൊഴിഞ്ഞു പോകുന്നു. അധികം ക്രിസ്ത്യാനികളും അങ്ങനെയാണ്. നല്ല തുടക്കങ്ങള്‍ക്ക് ഒരു ഓട്ട മത്സരത്തിലും സമ്മാനങ്ങള്‍ നല്‍കാറില്ല.

നന്നായി തുടങ്ങി പൂര്‍ത്തീകരിക്കാത്ത യിസ്രായേല്‍ക്കാരുടെ ഓട്ടത്തെ ശ്രദ്ധിക്കുക. മിസ്രയിം വിട്ടിട്ടു കനാനിലേക്കു പ്രവേശിക്കാന്‍ കഴിയാതെപോയ യിസ്രായേല്‍ മക്കളുടെ ദൃഷ്ടാന്തം മൂന്നു പ്രാവശ്യം പുതിയ നിയമത്തില്‍ എടുത്തുകാണിച്ചിരിക്കുന്നു. ഇവിടെ എബ്രായലേഖനം മൂന്നാം അദ്ധ്യായത്തിലും 1 കൊരിന്ത്യര്‍ 10 ലും യൂദാ ഒന്നാം വാക്യത്തിലും. അവര്‍ തപ്പോടും നൃത്തത്തോടും കൂടെ (പുറ: 15) ആഘോഷമായിട്ടാണ് ആരംഭിച്ചത്. എന്നാല്‍ രണ്ടു വര്‍ഷത്തിനുശേഷം ദൈവം അവരോടു കോപിച്ചു. തുടര്‍ന്നുള്ള 38 വര്‍ഷവും ദൈവം അവരോടു ക്രുദ്ധിച്ചിരുന്നു.

അവിശ്വാസമുള്ള ഒരു ദുഷ്ടഹൃദയമായിരുന്നു അവരുടെ പ്രശ്‌നം. അവരെ കനാനിലേക്കു കൊണ്ടു പോകുമെന്ന് അവര്‍ മിസ്രയീമിലിരിക്കുമ്പോള്‍ത്തന്നെ ദൈവം അവരോടു വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ദൈവത്തിന് അതു കഴിയുമെന്ന് അവര്‍ വിശ്വസിച്ചില്ല. എന്നിട്ടും 40 വര്‍ഷക്കാലവും അവര്‍ക്കു ഭക്ഷണവും മറ്റും നല്‍കി ദൈവം അവരെ കാത്തുപാലിച്ചു. ഭക്ഷണവും പാറയില്‍ നിന്നു വെള്ളവും മറ്റ് അത്ഭുതങ്ങളും അവര്‍ക്കു നല്‍കി. ദൈവം നിങ്ങള്‍ക്ക് വേണ്ടി ഒരു അത്ഭുതം പ്രവര്‍ത്തിക്കുന്നതിന്റെ അര്‍ത്ഥം അവിടുന്നു നിങ്ങളില്‍ പ്രസാദിച്ചിരിക്കുന്നു എന്നല്ല, മറിച്ച് അവിടുന്ന് ഒരു നല്ല ദൈവമാണ് എന്നത്രേ. പാപമാകുന്ന മല്ലന്മാര്‍ നിങ്ങളെ വാഴുവാന്‍ അനുവദിച്ചുകൊണ്ട് അവിടുന്നു നിങ്ങളോടു ക്രുദ്ധിക്കുന്നു. എപ്പോഴാണ് അവിടുന്നു നിങ്ങളില്‍ പ്രസാദിക്കുന്നത്? എപ്പോള്‍ നിങ്ങള്‍ വിശ്വാസത്തോടെ കനാനില്‍ പ്രവേശിക്കയും പാപമാകുന്ന മല്ലന്മാരെയൊക്കെ നിങ്ങളുടെ കാല്‍ച്ചുവട്ടിലാക്കുകയും ചെയ്യുന്നുവോ അപ്പോള്‍. എക്കാലത്തെയും തലമുറകള്‍ കണ്ടതിനേക്കാളും വലിയ അത്ഭുതങ്ങള്‍ കണ്ടവരെന്നു സാക്ഷ്യപ്പെടുത്തുവാന്‍ കഴിയുന്നവരായിരുന്നു ഈ യിസ്രായേല്‍ക്കാര്‍. 40 വര്‍ഷക്കാലത്തോളം ഇരുപതു ലക്ഷത്തിനുമേല്‍ വരുന്ന പുരുഷാരത്തിനു ദിവസവും ഭക്ഷണം ആകാശത്തുനിന്നു ലഭിക്കുക, വരണ്ട പാറയില്‍ നിന്നും നദിപോലെ വെള്ളം പുറപ്പെട്ട് ഒഴുകുക, സര്‍പ്പവിഷത്തില്‍ നിന്നും മറ്റും അത്ഭുത സൗഖ്യം ലഭിക്കുക മുതലായവ അവര്‍ക്കു നല്‍കി. എങ്കിലും ദൈവം അവരോടു ക്രുദ്ധിച്ചിരുന്നു- ദീര്‍ഘമായ 38 വര്‍ഷങ്ങള്‍. ഇന്നും ഇക്കാര്യം സത്യമാണ്. അനേകരുടെ ജീവിതത്തില്‍ ദൈവം അത്ഭുതങ്ങള്‍ ചെയ്യുന്നു എന്നു വരികിലും അവര്‍ പാപത്തോടു സഖ്യത ചെയ്തു ജീവിക്കുന്നതിനാല്‍ ദൈവം അവരോടു കോപിച്ചിരിക്കുന്നു. കോപത്തെയും അസൂയയെയും കയ്പിനെയും കണ്‍മോഹത്തെയും പണസ്‌നേഹത്തെയും നിങ്ങള്‍ കാല്ക്കീഴില്‍ ആക്കിയിരിക്കുന്നുവോ? ‘ഇല്ല’ എന്നാണ് ഉത്തരമെങ്കില്‍ നിങ്ങള്‍ അനുഭവിക്കുന്ന അത്ഭുതങ്ങള്‍ക്ക് ഒരു അര്‍ത്ഥവുമില്ല.

3:19-ല്‍ ”അവിശ്വാസം കാരണമായി അവര്‍ക്കു പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല” എന്നു നാം വായിക്കുന്നു. തുടര്‍ന്ന് 4:1ല്‍ നമുക്കും അപ്രകാരം സ്വസ്ഥതയില്‍ പ്രവേശിക്കുവാനുള്ള വാഗ്ദാനം ദൈവം നല്‍കിയിരിക്കുന്നതിനാല്‍ അതു ലഭിക്കാതെ പോയി എന്നു വരാതിരിക്കുവാന്‍ നാം ഭയപ്പെടുക എന്നും പറഞ്ഞിരിക്കുന്നു. എന്താണീപ്പറഞ്ഞതിന്റെ അര്‍ത്ഥം? നാം ദൈവത്തിന്റെ കൃപയുടെ കീഴില്‍ ആയിരിക്കുമെങ്കില്‍ ”പാപത്തിനു നമ്മുടെ മേല്‍ ആധിപത്യം ചെലുത്തുവാന്‍ കഴിയില്ല” എന്നൊരു വാഗ്ദാനവും ദൈവം നല്‍കിയിരിക്കുന്നു (റോമ. 6:14). അതു കനാനിലെ ഓരോ മല്ലനെയും തങ്ങളുടെ കാല്‍ക്കീഴിലാക്കിത്തരും എന്നു യിസ്രായേല്യരോടു പറഞ്ഞ വാഗ്ദാനത്തിനു സമാനമാണ്. ഇതു സ്വസ്ഥമായ ജീവന്റെ വാഗ്ദാനമാണ്. സ്വസ്ഥതയ്‌ക്കെതിരായ അവസ്ഥകള്‍ പരാജയവും, ഉയര്‍ച്ചതാഴ്ചകളും പ്രക്ഷുബ്ധതയും ഒക്കെ ആണല്ലോ. അവര്‍ കേട്ടതു പോലെയുള്ള ഒരു സുവാര്‍ത്ത കേട്ടവരാണ് നാമും (4:2). അതുകൊണ്ട് ആ സ്വസ്ഥതയില്‍ പ്രവേശിക്കുവാനുള്ള വിശ്വാസം നഷ്ടപ്പെടുമോ എന്നു നാം ഭയപ്പെടുക.

അവര്‍ കേട്ട സദ്വര്‍ത്തമാനം എന്തായിരുന്നു? അവര്‍ മിസ്രയീമില്‍ ആയിരുന്നപ്പോള്‍ ദൈവം അവര്‍ക്കു നല്‍കിയ ആ വാഗ്ദാനത്തിനു രണ്ടു ഭാഗങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ ഒന്നാംഭാഗം ”ഞാന്‍ നിങ്ങളെ മിസ്രയീമില്‍ നിന്നും വിടുവിച്ചു കൊണ്ടുപോകും” എന്നതായിരുന്നു. രണ്ടാമത്തേത് ”ഞാന്‍ നിങ്ങളെ കനാന്‍ ദേശത്തു പാര്‍പ്പിക്കും” എന്നതുമായിരുന്നു (പുറ. 3:17). ആ നല്ല വാര്‍ത്ത അവര്‍ കേട്ടു എങ്കിലും അതിന്റെ ഒന്നാം ഭാഗം മാത്രമേ അനുഭവമാക്കുവാന്‍ അവര്‍ക്കു കഴിഞ്ഞുള്ളൂ. നമുക്കു രക്ഷയുടെ സന്ദേശത്തിന്റെ രണ്ടു ഭാഗങ്ങളും കേള്‍ക്കുവാന്‍ കഴിയും. യേശു നമ്മുടെ പാപങ്ങളെ ക്ഷമിക്കുന്നു. യേശു നമ്മെ പാപത്തില്‍ വീഴുന്നതില്‍നിന്നും സൂക്ഷിക്കുന്നു. എങ്കിലും ഒന്നാം ഭാഗം മാത്രം അനുഭവത്തിലാക്കി ജീവിക്കുവാനും കഴിയും. എന്നാല്‍ ജയജീവിതത്തിലേക്കു പ്രവേശിക്കുവാന്‍ കഴിയാതെപോയി എന്നു വരാതിരിക്കുവാന്‍ നാം ഭയപ്പെടുക എന്നാണിവിടെ പറഞ്ഞിരിക്കുന്നത്. വളരെക്കുറച്ചു വിശ്വാസികളെ മാത്രമേ ഈ ഭയം ഉള്ളവരായി ഞാന്‍ കണ്ടിട്ടുള്ളൂ. തങ്ങളുടെ പരാജയ ജീവിതത്തെക്കുറിച്ച് അവര്‍ക്കു ഭാരമൊന്നുമില്ല. മല്ലന്മാരെ കീഴടക്കി കനാന്‍ അവകാശമാക്കുവാനുള്ള മനോഹരമായ വാഗ്ദാനം യിസ്രായേല്യര്‍ക്കു ലഭിച്ചതായിരുന്നു. പക്ഷേ അവര്‍ അത്ഭുതങ്ങള്‍ കണ്ട് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ശബ്ദം കേട്ട് സര്‍ പ്പദംശനത്തില്‍ നിന്നുള്ള അത്ഭുത വിടുതല്‍ പ്രാപിച്ച് ഇപ്രകാരമുള്ള അനുഭവങ്ങളില്‍ മുഴുകി കാലം കഴിച്ചു. നിങ്ങള്‍ക്കും ഇപ്രകാരം പാപത്തെ ജയിക്കുന്നതിനു പ്രാധാന്യം നല്‍കാതെ ബാഹ്യമായ അത്ഭുതങ്ങളിലും സൗഖ്യങ്ങളിലും സ്വര്‍ഗ്ഗീയമായ ശബ്ദങ്ങളിലും ദൂതുകളിലും ആവേശഭരിതരായി കാലം കഴിക്കുവാന്‍ സാധിക്കും.

യിസ്രയേല്‍കാര്‍ക്ക് എന്തുകൊണ്ട് കനാനില്‍ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല? കാരണം, കേള്‍ക്കുകയും വിശ്വസിക്കുകയും ചെയ്ത യോശുവയോടും കാലേബിനോടും ചേര്‍ന്ന് വിശ്വാസത്തില്‍ നില്ക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. വിശ്വാസത്താലാണ് ദൈവം വാഗ്ദാനം ചെയ്ത സ്വസ്ഥതയില്‍ പ്രവേശിക്കുവാന്‍ നമുക്കു കഴിയുന്നത്. അഭംഗുരമായ തന്റെ സ്വസ്ഥതയില്‍ നാമും പ്രവേശിക്കണമെന്നതാണ് ദൈവത്തിന്റെ ഇഷ്ടം.

ഇവിടെ പഴയനിയമ ദൃഷ്ടാന്തമായ ശബ്ബത്തിനെയാണ് സ്വസ്ഥതയുടെ പ്രതീകമായി എബ്രായ ലേഖനകര്‍ത്താവ് കാണിച്ചിരിക്കുന്നത് (4:4). ആറാം നാളിന്റെ അവസാന നിമിഷങ്ങളില്‍ സൃഷ്ടിക്കപ്പെട്ട ആദമും ഹവ്വയും ആദ്യം പ്രവേശിച്ചത് ഈ സ്വസ്ഥതയിലേക്കാണ്. അവര്‍ തന്നില്‍ സ്വസ്ഥരായിരുന്നു കൊണ്ട് എല്ലാ പ്രവൃത്തികളും ചെയ്യേണ്ടതുണ്ട് എന്ന് അവരെ പഠിപ്പിക്കേണ്ടതിന്നാണ് ദൈവം ഏഴാം നാളില്‍ വിശ്രമിച്ചത്. നിങ്ങള്‍ എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കുകയില്ലെന്ന് അനുസരണം കെട്ട യിസ്രായേല്‍ മക്കളോടു ദൈവം പറഞ്ഞു. എന്നാല്‍ നമ്മോട്, നമുക്കു കടക്കാന്‍ കഴിയുമെന്നു ദൈവം പറയുന്നു: ”ഇന്നു തന്റെ ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്”(4:7). അതിനുള്ള സമയം ഇന്നാണ്. സുവിശേഷ സന്ദേശങ്ങളില്‍ എപ്പോഴും ആ സമയം നാളെയല്ല ഇന്നലെയുമല്ല; മറിച്ച് ഇന്നാണ്. ഇത്രകാലവും നിങ്ങള്‍ അനുഭവിച്ചതില്‍ നിന്നും വളരെ ഉയരെ ഉന്നതമായ ഒരു വിളിയാണു ദൈവം നിങ്ങള്‍ക്കു നല്‍കിയിട്ടുള്ളത്. അതുകൊണ്ട് നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്- ”കര്‍ത്താവേ, എനിക്ക് അങ്ങയുടെ സ്വസ്ഥതയില്‍ പ്രവേശിക്കുവാന്‍ ആഗ്രഹമുണ്ട്” എന്നു കര്‍ത്താവിനോടു പറയുക.

ദൈവം നമുക്കു നല്‍കുവാനാഗ്രഹിക്കുന്ന ജയാനുഭവത്തിന്റെ ഒരു ദൃഷ്ടാന്തം മാത്രമാണ് കനാന്‍. അപ്രകാരമുള്ള ഒരു ശബത്തനുഭവം ഇന്നും നമ്മെ കാത്തിരിക്കുന്നുണ്ട്. ദൈവം നമുക്കു വാഗ്ദാനം ചെയ്തിരിക്കുന്ന തന്നില്‍ നിത്യസ്വസ്ഥതയുടെ അനുഭവമുള്ള സ്ഥിരമായ ഒരു ശബത്ത്. നമ്മുടെ സ്വന്തം അദ്ധ്വാനം കൊണ്ട് ഈ സ്വസ്ഥതയില്‍ പ്രവേശിക്കുവാന്‍ നമുക്കു കഴിയില്ലെന്നു നാം കണ്ടെത്തുമ്പോള്‍ മാത്രമേ നമുക്ക് അതിലേക്കു പ്രവേശിക്കുവാന്‍ കഴിയൂ. ഈ പ്രവൃത്തി നമ്മില്‍ ചെയ്യുവാന്‍ നാം ദൈവത്തെ അനുവദിക്കേണ്ടതുണ്ട്. ദൈവം തന്റെ പ്രവൃത്തികളില്‍ നിന്നു നിവൃത്തനായതുപോലെ നാമും നമ്മുടെ പ്രവൃത്തികളില്‍ നിന്നു നിവൃത്തരായി വിശ്രമിക്കേണ്ടതുണ്ട് (4:10). ദൈവം ആറുദിവസം പ്രവൃത്തി ചെയ്തു. ഏഴാം ദിവസം വിശ്രമിച്ചു. നാം നമ്മുടെ പോരാട്ടങ്ങളില്‍ നിന്നും വിശ്രമത്തിന്റെ അനുഭവത്തിലേക്കു കടക്കുന്നതിനെ ചിത്രീകരിക്കുവാന്‍ ഈ ഒരു ദൃഷ്ടാന്തത്തെ ലേഖനകര്‍ത്താവ് ഉപയോഗിച്ചിരിക്കുന്നു. നിങ്ങള്‍ക്കു സ്വന്തം അദ്ധ്വാനത്താല്‍ പാപത്തെ ജയിക്കുവാന്‍ കഴിയുമെന്നു സങ്കല്പിക്കുന്നേടത്തോളം നിങ്ങള്‍ പരാജിതനായിത്തീരും. ശിഷ്യന്മാര്‍ മീന്‍ പിടിക്കുവാനായി നടത്തിയ അദ്ധ്വാനത്തിന്റെ ദൃഷ്ടാന്തം ശ്രദ്ധിക്കുക (യോഹ.21). രാത്രി വെളുക്കുവോളം അവര്‍ തടാകം മുഴുവന്‍ അരിച്ചുപെറുക്കി. ഒന്നും കിട്ടിയില്ല. എന്നാല്‍ അവര്‍ അദ്ധ്വാനം നിര്‍ത്തി കര്‍ത്താവിന്റെ വചനത്തില്‍ ആശ്രയിച്ചപ്പോള്‍ അവരുടെ പടകുകള്‍ മീന്‍ കൊണ്ടു നിറഞ്ഞു. കര്‍ത്താവു നമ്മെ പഠിപ്പിക്കുവാനാഗ്രഹിക്കുന്ന പാഠം ഇതു തന്നെയാണ്. നിങ്ങള്‍ കര്‍ത്താവിന്റെ അടുത്തു ചെന്ന് ഇപ്രകാരം പ്രാര്‍ത്ഥിക്കുക: ”കര്‍ത്താവേ, ഒരായുസ്സിന്റെ മുഴുവന്‍ അദ്ധ്വാനം കൊണ്ടും ഈ വിജയം നേടാന്‍ എനിക്കു കഴിയില്ല. അവിടുന്നു തന്നെ കൃപയാല്‍ എനിക്കതു നല്‍കിയേ മതിയാകൂ.” അപ്പോള്‍ നാം അതിലേക്കു പ്രവേശിക്കും. ന്യായപ്രമാണകാലത്തെ ജീവിതത്തിന്റെ ഒരു ദൃഷ്ടാന്തമാണ് നമ്മുടെ ഈ സ്വന്തം അദ്ധ്വാനം. അന്നു മനുഷ്യര്‍ തങ്ങളുടെ പ്രവൃത്തികളാല്‍ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഈ കൃപയുടെ കാലത്തില്‍ ദൈവം നമുക്കുവേണ്ടി ചിലതു ചെയ്യുകയാണ്. നിങ്ങള്‍ സ്വന്തം അദ്ധ്വാനത്തില്‍ നിന്നും വിമുക്തരാകുമ്പോള്‍ നിങ്ങള്‍ സ്വസ്ഥതയില്‍ പ്രവേശിക്കും. അതുതന്നെയാണ് ഇതിന്റെ രഹസ്യം.

4:11-ല്‍ നാം ഇപ്രകാരം വായിക്കുന്നു: ”അനുസരണക്കേടു കാരണമായി മരുഭൂമിയില്‍ ഒടുങ്ങിപ്പോയ യിസ്രായേല്‍ക്കാരെപ്പോലെ വീണുപോകാതെ വിശ്വാസത്താല്‍ സ്വസ്ഥതയില്‍ പ്രവേശിപ്പിക്കേണമേ.” എന്നു നമുക്കു ദൈവത്തോടു നിലവിളിക്കാം. ”ഈ ക്രിസ്തീയ ജീവിതകാലത്ത് ഒരിക്കലും എനിക്കത് അനുഭവിക്കാന്‍ കഴിഞ്ഞിട്ടില്ല; എങ്കിലും ഞാനത് ആഗ്രഹിക്കുന്നു.” എന്നു പറയാം. യേശു ആഹ്വാനം ചെയ്തു: ”അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരേ, എന്റെ അടുക്കല്‍ വരുവിന്‍, ഞാന്‍ നിങ്ങള്‍ക്കു സ്വസ്ഥത നല്‍കാം. എന്റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പിന്‍ എന്നാല്‍ നിങ്ങളുടെ പ്രാണനില്‍ നിങ്ങള്‍ സമാധാനം കണ്ടെത്തും.” (മത്താ.11:28,29) ~ഒന്നാമതായി പാപക്ഷമയുടെ സമാധാനം നാം പ്രാപിക്കണം. തുടര്‍ന്നു പാപത്തിന്റെ ശക്തിയിന്മേലുള്ള ജയം എന്ന സ്വസ്ഥതയിലേക്കു നാം പ്രവേശിക്കണം.


തുളച്ചുകയറുന്ന ദൈവവചനം


4:12 -ല്‍ നാം വായിക്കുന്നു: ”ദൈവത്തിന്റെ വചനം ജീവനുള്ളതും പ്രവര്‍ത്തനനിരതവുമായി മൂര്‍ച്ചയേറിയ ഇരുവായ്ത്തല വാള്‍ പോലെ തുളച്ചുകയറി ആത്മാവിന്റെയും പ്രാണന്റെയും സന്ധികളെയും മജ്ജകളെയും വരെ പിളര്‍ന്നു മാറ്റി ഹൃദയത്തിന്റെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും വിവേചിക്കുന്നത് ആകുന്നു.” ദൈവത്തിന്റെ വചനം നമ്മുടെ ഹൃദയത്തിലേക്ക് ഒരു വാള്‍പോലെ കടന്നുചെന്ന് നമ്മുടെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും വെളിച്ചത്തേക്കു കൊണ്ടുവരുന്നു. പുതിയ ഉടമ്പടിയില്‍(അതിനാണ് എബ്രായലേഖനം ഊന്നല്‍ നല്‍കുന്നത്) ഹൃദയത്തിന്റെ ചിന്തകള്‍ക്കും ഉദ്ദേശ്യങ്ങള്‍ക്കുമാണ് പ്രാധാന്യം. എന്നാല്‍ പഴയ ഉടമ്പടിയില്‍ ദുഷ്ടചിന്തകള്‍ക്കും ഉദ്ദേശ്യങ്ങള്‍ക്കുമൊന്നും അതിപ്രാധാന്യം കല്പിച്ചിരുന്നില്ല. കാരണം പരിശുദ്ധാത്മാവ് യിസ്രയേല്യരുടെ ഹൃദയങ്ങളില്‍ വസിച്ചിരുന്നില്ല. ന്യായപ്രമാണത്തിന് ഹൃദയത്തിലെ ദുഷ്ടചിന്തകളും ഉദ്ദേശ്യങ്ങളും വെളിപ്പെടുത്തുവാനോ ആരെയും ശിക്ഷിക്കുവാനോ കഴിയുമായിരുന്നില്ല. ന്യായപ്രമാണം ബാഹ്യപ്രവൃത്തികളെ നോക്കി വിലമതിച്ചിരുന്നു. എന്നാല്‍ പുതിയ ഉടമ്പടിയില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ന്യായപ്രമാണത്തിന്‍ കീഴില്‍ ദൈവവചനം ആളുകളുടെ ബാഹ്യപ്രവൃത്തികളെ മാത്രമേ പരിശോധിച്ചിരുന്നുള്ളു-ഒരു ഡോക്ടര്‍ പരിശോധിക്കുമ്പോലെ. എന്നാല്‍ പുതിയ ഉടമ്പടി ഒരു സ്‌കാനിങ് പോലെയോ എക്‌സറേ പോലെയോ ആണ്. ദൈവവചനം ഹൃദയത്തിന്റെ ഉള്ളിലേക്കു തുളച്ചു കയറുന്നു. ഇക്കാലത്ത് ദൈവത്തിന് നമ്മുടെ ചിന്തകള്‍, മനോഭാവങ്ങള്‍, ഉദ്ദേശ്യങ്ങള്‍, ലക്ഷ്യങ്ങള്‍ ഇവയെക്കുറിച്ച് വലിയ പരിഗണനയുണ്ട്. ചിലപ്പോള്‍ പുറമെ കാര്യങ്ങള്‍ വളരെ നല്ലതെന്നു തോന്നുമ്പോഴും ഉള്ളില്‍ ഗുരുതരമായ തിന്മകള്‍ ഒളിഞ്ഞിരിപ്പുണ്ടാകാം. പുറമെ നല്ല ആരോഗ്യവാന്മാരായി കാണപ്പെടുന്ന പലരും ഉള്ളില്‍ അര്‍ബുദം പോലെ ഗുരുതരമായ രോഗങ്ങള്‍ കൊണ്ടു നടക്കുന്നവരായിരിക്കുന്നതു പോലെ.

അതുകൊണ്ട് ഇന്നു ദൈവവചനം കേള്‍ക്കുമ്പോള്‍ നിങ്ങളുടെ ബാഹ്യമായ പാപങ്ങളെക്കുറിച്ചു മാത്രമാണു നിങ്ങള്‍ക്കു ബോദ്ധ്യം വരുന്നതെങ്കില്‍ ദൈവം ആഗ്രഹിക്കുന്ന നിലയില്‍ നിങ്ങള്‍ കേള്‍ക്കുന്നില്ല എന്നു തന്നെയാണര്‍ത്ഥം. അതുകൊണ്ട് എല്ലായ്‌പ്പോഴും ഈ ചോദ്യം നിങ്ങളോടുതന്നെ ചോദിക്കുക: ”ദൈവത്തിന്റെ വചനം എന്റെ ഹൃദയത്തിന്റെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും എനിക്കു വെളിപ്പെടുത്തിയോ?” ശ്രദ്ധിക്കുക. ഇവിടുത്തെ ഊന്നല്‍ ഹൃദയത്തിനാണ്, തലച്ചോറിനല്ല. അഭിഷിക്തമായ ദൈവവചനം കേള്‍ക്കുമ്പോഴൊക്കെയും അതു നിങ്ങളുടെ തലച്ചോറിലൂടെയാണ് ഹൃദയത്തിലേക്കു പോകുന്നത്. അവിടെ അത് അന്തരംഗത്തിലെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും വെളിപ്പെടുത്തുന്നു.

1 കൊരി. 14:25-ല്‍ അഭിഷിക്തമായ ഒരു വചനശുശ്രൂഷയുടെ ഫലമെന്തെന്നു നാം വായിക്കുന്നു. ആളുകളുടെ ഹൃദയത്തിലെ രഹസ്യചിന്തകള്‍ വെളിപ്പെട്ടുവരികയും അവര്‍ യോഗത്തിലെ ദൈവസാന്നിദ്ധ്യം അംഗീകരിച്ചു കൊണ്ടു വീണുനമസ്‌ക്കരിക്കുകയും ചെയ്യും. ദൈവഭക്തനായ ഒരാളുമായി നിങ്ങള്‍ സംഭാഷണം നടത്തുമ്പോഴും ഇക്കാര്യം സംഭവിക്കാനിടയുണ്ട്. അഭിഷേകം ചെയ്യപ്പെട്ട ഒരു വചനമോ പ്രവചനമോ സംഭാഷണമദ്ധ്യേ പറയുമ്പോള്‍ അങ്ങനെ സംഭവിക്കാം. ദൈവവചനം ഇരുതലമൂര്‍ച്ചയുള്ള ഒരു വാള്‍ പോലെ ആയിരിക്കുന്നതുകൊണ്ട് അഭിഷിക്തമായ ഒരു വചനം ഹൃദയത്തിന്റെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും വെളിപ്പെടുത്തും. നിങ്ങള്‍, ദൈവത്തെ ശുശ്രൂഷിക്കുവാനാഗ്രഹിക്കുന്നു എങ്കില്‍ ഹൃദയത്തിലും നാവിലും ഈ മൂര്‍ച്ചയുള്ള വാള്‍ കരുതുക. വാക്കുകളെ മയപ്പെടുത്തി വാളിന്റെ മൂര്‍ച്ച കുറയ്ക്കരുത്. മനുഷ്യന്റെ അംഗീകാരത്തിനുവേണ്ടി വചനത്തെ മൃദുവാക്കുകയും മധുരഭാഷണം നടത്തുകയും ചെയ്യുന്ന നയപരമായ സമീപനം സ്വീകരിക്കുന്ന ഒട്ടേറെ പേരുണ്ട്. അത് ശ്രോതാക്കള്‍ക്ക് ഒരു ഗുണവും ചെയ്കയില്ല. കാരണം അതു ചെല്ലേണ്ടിടത്തേക്ക് തുളച്ചുകയറുവാന്‍ അപര്യാപ്തമാണ്. മൂര്‍ച്ചയില്ലാത്ത ഒരു കത്തികൊണ്ട് മാംസം മുറിയുകയില്ല. ദൈവവചനത്തിന്റെ മൂര്‍ച്ച കുറയ്ക്കുന്ന ഒരു പ്രസംഗകന്‍ തന്റെ പ്രസംഗത്തിന്റെ ഒടുവില്‍ ഒരു കാര്യം കണ്ടെത്തും- തന്റെ കേള്‍വിക്കാര്‍ ദൈവശബ്ദം കേട്ടില്ല എന്ന സത്യം.

ദൈവവചനം ഇരുതലമൂര്‍ച്ചയുള്ള വാളാണ്. പ്രസംഗകന്‍ ആദ്യം സ്വയം അതിനാല്‍ മുറിവേല്ക്കണം. സ്വന്തം ചിന്തകളെയും ഉദ്ദേശ്യങ്ങളെയും പുറത്തു കൊണ്ടുവരണം. പിന്നീടു മാത്രമേ മറ്റുള്ളവരുടെ ചിന്തകളും ഉദ്ദേശ്യങ്ങളും പുറത്തുകൊണ്ടുവരാന്‍ തക്കവണ്ണം അവരെ മുറിക്കുവാന്‍ തനിക്കു കഴിയൂ. സ്വന്തം ഹൃദയത്തെ മുറിക്കുവാന്‍ നിങ്ങള്‍ സ്വയം ദൈവവചനത്തെ അനുവദിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും ശുശ്രൂഷ ചെയ്യരുത്. ഒട്ടേറെ പ്രസംഗകരും തന്നത്താന്‍ വിധിക്കുന്നവരല്ല. അവര്‍ അന്യരെ മാത്രമാണ് വിധിക്കുന്നത്.
ദൈവവചനം തുളച്ചുകയറി നമ്മുടെ ഉദ്ദേശ്യങ്ങളെയും വിവേചിക്കുന്നു. ദൈവവചനത്തിലെ ആത്മാവിന്റെ ശബ്ദത്തിനു നാം നിരന്തരം ശ്രദ്ധകൊടുക്കുന്നവരെങ്കില്‍ ആത്യന്തികമായി നമുക്കൊരു ശുദ്ധീകരണം ലഭിക്കും. ഓരോ വിശ്വാസിയും എല്ലാ ദിവസവും ഇപ്രകാരം ജീവിക്കേണ്ടതുണ്ട്. യിസ്രായേല്‍ക്കാര്‍ക്ക് എല്ലാദിവസവും പുതിയ മന്നാ ലഭിച്ചിരുന്നതുപോലെ നാമും എല്ലാ ദിവസവും പുതിയതായി അഭിഷേകമുള്ള ദൈവവചനം ദൈവത്തില്‍ നിന്നും കേള്‍ക്കേണ്ടതുണ്ട്.


ആത്മീയമോ ദേഹീപരമോ?


ദൈവത്തിന്റെ വചനം ചെയ്യുന്ന മറ്റൊരു കാര്യം നമ്മുടെ ആത്മാവിനെയും പ്രാണനെയും വേര്‍പെടുത്തുക എന്നതാണ് (4:12). നാം ഇതുവരെ ചിന്തിച്ചതിനേക്കാള്‍ അല്പം കൂടി ആഴമേറിയ ഒരു പ്രവൃത്തിയാണിത്. ഉദാഹരണമായി നാം പ്രസംഗിക്കുന്നതു മോശമായ ഒരു ഉദ്ദേശ്യത്തോടുകൂടിയാണെങ്കില്‍ (പണത്തിനോ പ്രശസ്തിക്കോ) അതു നമുക്കു വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ ആത്മാവിനെയും പ്രാണനെയും (ദേഹി) വിഭജിക്കുമ്പോള്‍ മാത്രമേ നമ്മുടെ പ്രസംഗം ആളുകളുടെ ഹൃദയങ്ങളിലേക്കെത്തിക്കാന്‍ നാം ആശ്രയിക്കുന്നതു നമ്മുടെ പ്രാണന്റെ (ബുദ്ധിയുടെയും വികാരങ്ങളുടെയും) ശക്തിയെയാണോ അതോ ആത്മാവിന്റെ ശക്തിയെ ആണോ എന്ന് തിരിച്ചറിയാന്‍ കഴിയുകയുള്ളു. പഴയ നിയമത്തിന്‍ കീഴില്‍ ജീവിച്ചിരുന്ന ആളുകള്‍ക്ക് പ്രാണനെയും ആത്മാവിനെയും വിഭജിക്കാന്‍ കഴിയുമായിരുന്നില്ല.

പഴയനിയമകാലത്തെ കൂടാരത്തിനും മൂന്നു ഭാഗങ്ങളുണ്ടായിരുന്നു- പുറത്തെ പ്രാകാരം, വിശുദ്ധസ്ഥലം, അതിവിശുദ്ധസ്ഥലം. ഇതു മനുഷ്യന്റെ ദേഹം, ദേഹി, ആത്മാവ് ഇവയുടെ ഒരു സദൃശമത്രേ (1 തെസ്സ. 5:23) ഇതില്‍ വിശുദ്ധസ്ഥലത്തെ ദേഹി(പ്രാണന്‍)യും അതിവിശുദ്ധസ്ഥലത്തെ ആത്മാവും സദൃശവത്ക്കരിക്കുന്നു. അതിവിശുദ്ധസ്ഥലത്തായിരുന്നു ദൈവസാന്നിദ്ധ്യം വസിച്ചിരുന്നത്. അതിവിശുദ്ധസ്ഥലം തടിച്ച ഒരു തിരശ്ശീലകൊണ്ടു വിശുദ്ധസ്ഥലത്തുനിന്നും വേര്‍തിരിച്ചു മറച്ചിരുന്നു. വര്‍ഷത്തിലൊരിക്കല്‍ മഹാപുരോഹിതനല്ലാതെ മറ്റാര്‍ക്കും അവിടെ പ്രവേശനമുണ്ടായിരുന്നില്ല. ഇതു പ്രതീകാത്മകമായി നമ്മെ പഠിപ്പിക്കുന്നത് ന്യായപ്രമാണകാലത്ത് ആര്‍ക്കും ആത്മാവില്‍ ജീവിക്കുകയോ ശുശ്രൂഷിക്കുകയോ സാദ്ധ്യമായിരുന്നില്ല എന്ന സത്യമാണ്. അതുകൊണ്ടുതന്നെ ദേഹീപരമായതിനെയും ആത്മീയമായതിനെയും വിവേചിക്കുവാന്‍ യിസ്രായേല്യര്‍ക്കു കഴിഞ്ഞിരുന്നില്ല. ഇന്നും ഇവയെ തമ്മില്‍ വിവേചിക്കുവാന്‍ കഴിവില്ലാത്തവര്‍ പഴയ ഉടമ്പടിയില്‍ ജീവിക്കുന്നവരെപ്പോലെയാണ്.

ദൈവത്തിന്റെ വചനം ദേഹീപരമായതിനെയും ആത്മീയമായതിനേയും തിരിച്ചറിയുവാന്‍ നമുക്കു ശക്തി നല്‍കുന്നു. ഇന്നു നാം കാണുന്ന ക്രിസ്തീയ പ്രവര്‍ത്തനങ്ങളധികവും ദേഹീപരമാണ്. മാനുഷികമായ ആശയങ്ങളും കഴിവും അടിസ്ഥാനമാക്കി ദൈവത്തിന്റെ വേല ചെയ്യുക. അപ്രകാരമുള്ള ആശയങ്ങള്‍ ജഡികമോ തിന്മയോ ആയിക്കൊള്ളണമെന്നില്ല, മറിച്ചു നല്ലതായിരിക്കാം. എന്നാല്‍ അവ മാനുഷികവും ദേഹീപരവുമാണ്. മൂന്ന് തരത്തിലുള്ള ക്രിസ്ത്യാനികള്‍ ഉണ്ട്. ഒന്ന്: ജഡികരായ ക്രിസ്ത്യാനികള്‍. വീണ്ടും ജനിച്ച ശേഷവും പാപകരമായ കൊച്ചുകൊച്ചു സന്തോഷങ്ങളും പണസ്‌നേഹവും ഒക്കെയായി ജീവിക്കുന്നവര്‍. രണ്ടാമത്തെ കൂട്ടര്‍ ഇതൊക്കെ വിട്ടുകളഞ്ഞവരാണ്. പക്ഷേ സ്വന്തയുക്തിബോധത്തിലും വികാരങ്ങളിലും ഊന്നി ജീവിക്കുന്നവരാണ്. മൂന്നാമത്തെ കൂട്ടര്‍ തങ്ങള്‍ ചെയ്യുന്നതിലൊക്കെയും പരിശുദ്ധാത്മാവിന്റെ ശബ്ദം ശ്രദ്ധിക്കുന്നവരാണ്.

ദേഹിയുടെ നടത്തിപ്പനുസരിച്ചു ജീവിക്കുന്നവര്‍ വളരെ നല്ല മനുഷ്യരായിരിക്കും. ശുശ്രൂഷയിലും സാക്ഷ്യത്തിലും ഉത്സുകരായിരിക്കും. എന്നാല്‍ എല്ലാം മാനുഷികമായിരിക്കും. അവര്‍ ദൈവത്തിന്റെ വഴികളെ ഗ്രഹിക്കുന്നില്ല. ദൈവം പറഞ്ഞിട്ടുള്ള ഒരു കാര്യം ശ്രദ്ധിക്കുക: ”എന്റെ വഴികള്‍ നിങ്ങളുടെ വഴികളല്ല. ആകാശം ഭൂമിക്കു മീതെ ഉയര്‍ന്നിരിക്കുന്നതുപോലെ എന്റെ വഴികള്‍ നിങ്ങളുടെ വഴികളേക്കാള്‍ ഉയര്‍ന്നിരിക്കുന്നു.” (യെശ.55:8,9). ആത്മാക്കളെ നേടുന്നതിനും ദൈവികശുശ്രൂഷ ചെയ്യുന്നതിനും ഒക്കെ നമുക്കു മാനുഷിക വഴികള്‍ ഉപയോഗിക്കാം. ഫെലിസ്ത്യര്‍ പെട്ടകം കാളവണ്ടിയില്‍ കയറ്റികൊണ്ടു പോയതുപോലെ ദാവീദും ഒരിക്കല്‍ ദൈവത്തിന്റെ പെട്ടകം കാളവണ്ടിയില്‍ കയറ്റികൊണ്ടുപോയി (2 ശമു. 6:3, 1 ശമു 6:11). അതു മാനുഷികമായി ചിന്തിച്ചാല്‍ നല്ല ഒരാശയമായിരുന്നു. ഇത്ര വളരെ ദൂരം കെഹാത്യര്‍ക്ക് അതു ചുമന്നു നടക്കേണ്ടതില്ലായിരുന്നു. എന്നാല്‍ അതു ദൈവത്തിന്റെ വഴി ആയിരുന്നില്ല. മാര്‍ഗ്ഗമദ്ധ്യേ തന്നെ ദൈവം ന്യായവിധി അയച്ചു.

എവിടെയൊക്കെ വിശ്വാസികള്‍ ദൈവവേലയ്ക്കായി മാനുഷികവഴികള്‍ അവലംബിച്ചിട്ടുണ്ടോ അവിടെയൊക്കെ ആശയക്കുഴപ്പവും പ്രശ്‌നങ്ങളും ഉടലെടുത്തിട്ടുണ്ട്. പുറമെ മതിപ്പുളവാക്കുന്ന ഫലങ്ങള്‍ ഒരുപക്ഷേ ഉണ്ടായേക്കാം. പക്ഷേ ദൈവമഹത്വം ഉണ്ടായിരിക്കില്ല. ദൈവം കല്പിച്ച അതേ മാതൃകയില്‍ത്തന്നെയാണ് മോശെ സമാഗമന കൂടാരം ഉണ്ടാക്കിയത്. പടുകൂറ്റന്‍ പിരമിഡുകള്‍ പടുത്തുയര്‍ത്തുന്ന ഈജിപ്റ്റുകാരുടെ നിര്‍മ്മാണവിദ്യകളൊന്നും ഉപയോഗിച്ചില്ല. അതൊക്കെ മോശെയ്ക്കു വശമായിരുന്നു. മാനുഷികമായ തന്റെ എല്ലാ അറിവുകളും ദൈവഭവനം പണിയില്‍നിന്നും മോശ ഒഴിച്ചു നിര്‍ത്തി. നാല്‍പ്പതുവര്‍ഷക്കാലത്തേക്ക് മോശയെ മരുഭൂമിയിലേക്ക് അയച്ചതിന്റെ ഒരു കാരണം ഒരു പക്ഷേ അതായിരിക്കാം- മാനുഷികമായ അറിവുകളില്‍ നിന്നുള്ള മോചനം. പൗലൊസിനെ മൂന്നുവര്‍ഷം ദൈവം അറേബ്യന്‍ മരുഭൂമിയിലേക്കയച്ചതും മൂന്നുവര്‍ഷം ഗമാലിയേലിന്റെ കാല്‍ക്കലിരുന്നു പഠിച്ച മാനുഷികമായ എല്ലാ അറിവുകളും മായ്ച്ചു കളയാനായിരുന്നിരിക്കണം (ഗലാ. 1:17,18). തന്റെ ദേഹിയിലെ എല്ലാ അറിവുകളെയും മരണത്തിലേക്ക് ഒഴുക്കികളയേണ്ടതാവശ്യമായിരുന്നു -ദൈവത്തിന്റെ വഴികള്‍ പഠിക്കുവാന്‍.

ദേഹി എന്നത് മാനുഷികമായ എല്ലാ ശക്തിയെയും കുറിക്കുന്നു. നമുക്ക് ആവശ്യത്തിന് ഇലക്‌ട്രോണിക്ക് ഉപകരണങ്ങളും രാഷ്ട്രീയ സ്വാധീനവും ഒക്കെ ഉണ്ടെങ്കില്‍ മെച്ചപ്പെട്ട നിലയില്‍ നമുക്കു ദൈവത്തിന്റെ വേല ചെയ്യാന്‍ കഴിയുമെന്നു നാം ചിന്തിച്ചേക്കാം. അതൊരു വഞ്ചനയാണ്. ദൈവത്തിന്റെ വേല നിര്‍വഹിക്കാന്‍ കഴിയുന്ന ഒരേ ഒരു ശക്തി പരിശുദ്ധാത്മാവാണ്. ആദിമ സഭയ്ക്കും അപ്പൊസ്‌തൊലന്മാര്‍ക്കും പണമോ സ്വാധീനമോ ഉപകരണങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. അവരുടെ മാനുഷികമായ കഴിവുകളും വിഭവശേഷിയും തുലോം പരിമിതമായിരുന്നു. എങ്കിലും ഇന്നത്തെ വിശ്വാസികള്‍ തങ്ങളുടെ ഉപകരണങ്ങളും പണവും സ്വാധീനവും ഉപയോഗിച്ചു നേടുന്നതിലേറെ നേടുവാന്‍ അവര്‍ക്കു കഴിഞ്ഞു. അപ്പൊസ്‌തൊലന്മാര്‍ ദേഹിയുടെ ശക്തിയിലായിരുന്നില്ല ആത്മാവിന്റെ ശക്തിയിലായിരുന്നു പ്രവര്‍ത്തിച്ചത്.

നമുക്ക് യഥാര്‍ത്ഥ ആത്മീയരാകണമെങ്കില്‍ ആത്മാവിനെയും പ്രാണനെ(ദേഹി)യും വിഭജിക്കുവാന്‍ നാം പ്രാപ്തരാകണം. വളരെ ശബ്ദഘോഷവും ആവേശവും ഒക്കെയുള്ള ഒട്ടേറെ മീറ്റിംഗുകളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അവിടെ പരിശുദ്ധാത്മവ്യാപാരം ശക്തമായിട്ടുണ്ടെന്ന് അവര്‍ അവകാശപ്പെടുന്നു. അതു വിശ്വസിക്കുവാനുള്ള മടയത്തരം എനിക്കില്ല. അതൊക്കെ ദേഹിയുടെ ശക്തിപ്രകടനം മാത്രമാണെന്നും അവിടെ പരിശുദ്ധാത്മാവിന്റെ ശക്തി വ്യാപരിക്കുന്നില്ലെന്നും എനിക്കു കാണുവാന്‍ കഴിയും. ”പരിശുദ്ധാത്മ സ്‌നാനം” എന്ന് അവര്‍ ചിലര്‍ വിളിക്കുന്നതു ”ദേഹീശക്തിയുടെ സ്‌നാന”ത്തെയാണ്. യേശുക്രിസ്തു ആളുകളെ പരിശുദ്ധാത്മാവില്‍ത്തന്നെയാണ് ഇന്നും സ്‌നാനം കഴിപ്പിക്കുന്നത്. പക്ഷേ അത് യേശുവിന്റെ സാക്ഷിയായിത്തീരുവാനുള്ള ആത്മാവിന്റെ ശക്തിയാണു നല്‍കുന്നത് (അ.പ്ര.1:5,8). ദേഹിയുടെ ശക്തികൊണ്ട് വികാരപരമായ വലിയ ആവേശങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നേയുള്ളു. അധികം ക്രിസ്ത്യാനികള്‍ക്കും ഇക്കാര്യത്തെക്കുറിച്ചു വിവേചനമില്ലാത്തതുകൊണ്ടു വഞ്ചിതരായിപ്പോകുന്നു.

അവിശ്വാസികളുടെ കൂട്ടങ്ങളിലും അന്യഭാഷാഭാഷണവും മറ്റു വികാരപ്രകടനങ്ങളും ഒക്കെ നടത്തി ആവേശമുണ്ടാക്കി തങ്ങള്‍ ഒരു ആന്തരിക സമാധാനത്തിലേക്കെത്തി എന്ന് അവകാശപ്പെടാറുണ്ട്. ദേഹിയുടെ ശക്തിയെ ഉത്തേജിപ്പിച്ച് ആവേശഭരിതമായ അന്തരീക്ഷമുണ്ടാക്കി അതില്‍ മുഴുകി നിര്‍വൃതികൊള്ളുന്ന പല മതസമൂഹങ്ങള്‍ നമുക്കു ചുറ്റുമുണ്ട്.

ഇപ്രകാരമുള്ള ദേഹീശക്തിയെയും ആത്മാവിന്റെ ശക്തിയെയും വിവേചിച്ചറിയാന്‍ നാം പഠിക്കുന്നില്ലെങ്കില്‍ നാം വഞ്ചിതരായിത്തീരും. യേശുവിന്റെ നാമത്തില്‍ നടക്കുന്ന പല സൗഖ്യശുശ്രൂഷകളും മാനുഷികമായ ദേഹിയുടെ ശക്തിയിലാണ്, ആത്മാവിന്റെ ശക്തിയിലല്ല. വളരെ പാട്ടും സംഗീതവും ഉയര്‍ത്തി ഒരു അന്തരീക്ഷമുണ്ടാക്കിയെടുക്കുന്നു. ആളുകള്‍ വൈകാരികമായി ഉണര്‍ത്തപ്പെടുകയും മറ്റും ചെയ്യുന്നു – ”നാഥാ ഞാന്‍ വിശ്വസിക്കുന്നു” എന്നതുപോലെയുള്ള വരികള്‍ പലതവണ ആവര്‍ത്തിച്ചു പാടുന്നതിലൂടെ. ”വിശ്വാസത്തെ സ്വതന്ത്രമാക്കുക” എന്ന ആഹ്വാനം ആളുകള്‍ക്കു നല്‍കുന്നു. ഇതില്‍ പലതിനും ദൈവവുമായി ഒരു ബന്ധവുമില്ല. പ്രസംഗകന്‍ ആളുകളെ ഒരു മാസ്മരശക്തിയിലേക്ക് മയക്കുകയാണ്. യേശുവും അപ്പൊസ്തലന്മാരും ഇത്തരത്തിലുള്ള ഒരു സൗഖ്യശുശ്രൂഷയും നടത്തിയിട്ടില്ല. അതൊക്കെ പാട്ടും ആരവവും ഒന്നും കൂടാതെ സമാധാനപരമായിട്ടുള്ളതായിരുന്നു.

ഈ വ്യാജത്തെ നിങ്ങള്‍ തിരിച്ചറിയുന്നില്ലെങ്കില്‍ നിങ്ങള്‍ അതു അനുകരിക്കും- ഇതാണ് ദൈവിക ശുശ്രൂഷയുടെ വഴി എന്ന ചിന്തയോടെ. അതുപോലെ പലതിലും നിങ്ങള്‍ നിങ്ങളുടെ ദേഹീശക്തി വെളിപ്പെടുത്തുകയും മറ്റുള്ളവരെയും നിങ്ങളെത്തന്നെയും വഞ്ചനയിലേക്കു നയിക്കുകയും ചെയ്യും. അതുകൊണ്ടു ദൈവവചനം നിങ്ങളുടെ ഉള്ളിലേക്കിറങ്ങിച്ചെന്നു ദേഹീപരമായ ചിന്തകളെയും ആത്മീയമായതിനെയും വിവേചിച്ചറിയുവാന്‍ അനുവദിക്കുക. നിങ്ങള്‍ യേശുവിലേക്കു നോക്കുന്നു എങ്കില്‍ യേശുവില്‍ത്തന്നെ ഉത്തരം കണ്ടെത്തും. നിങ്ങള്‍ സൗഖ്യശുശ്രൂഷ നടത്തുന്ന ഒരു യോഗത്തിലോ ടെലിവിഷന്‍ പ്രോഗ്രാമിനുമുമ്പിലോ ആയിരിക്കുമ്പോള്‍ നിങ്ങളോടു തന്നെ ചോദിക്കുക യേശു ഇങ്ങനെ ആയിരുന്നുവോ ഇക്കാര്യം ചെയ്തത്? അപ്പോള്‍ത്തന്നെ അതെക്കുറിച്ചുള്ള സത്യം നിങ്ങള്‍ക്കു വെളിപ്പെടും. എന്നാല്‍ ദൈവവചനം നിരസിക്കുന്നു എങ്കില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടും. ദൈവവചനം ആത്മാവിനെയും പ്രാണനെയും വേര്‍തിരിക്കട്ടെ. യഥാര്‍ത്ഥ ആത്മീയത എന്തെന്നു നമ്മെ കാട്ടിത്തരുവാനാണ് ദൈവം തന്റെ വചനത്തെയും യേശുവിന്റെയും അപ്പൊസ്തലന്മാരുടെയും ജീവിതമാതൃകകളെയും നമുക്കു നല്‍കിയിരിക്കുന്നത്.

”അവനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല. സകലവും അവിടുത്തെ മുമ്പില്‍ നഗ്നവും മലര്‍ന്നതുമായി കിടക്കുന്നു. അവനുമായിട്ടത്രേ നമുക്കു കാര്യമുള്ളത്” (4:13). ഇതു മനോഹരമായ ഒരു പ്രയോഗമാണ്- ”അവനുമായിട്ടത്രേ നമുക്കു കാര്യമുള്ളത്” എന്നത്. എന്നുവച്ചാല്‍ ഈ മുഴുപ്രപഞ്ചത്തിലും നമുക്ക് കടപ്പാടുള്ളത്, ഉത്തരവാദിത്തമുള്ളത്, ഒരേ ഒരു വ്യക്തിയോടു മാത്രമാണ്.- സ്രഷ്ടാവായ ദൈവത്തോടു മാത്രം. നിങ്ങള്‍ അധികമധികം ആത്മീയനാകുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ മാത്രം. എന്നാല്‍ നിങ്ങള്‍ മനുഷ്യരുടെ അഭിപ്രായങ്ങള്‍ക്കൊത്തവണ്ണം ജീവിക്കുകയാണെങ്കില്‍ അവരുടെ അടിമയായിത്തീരും. നിങ്ങള്‍ ദൈവത്തിന്റെ ദാസനായിരിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ദൈവത്തോടു മാത്രമാണ് ഉത്തരം പറയേണ്ടത് എന്ന വസ്തുത തിരിച്ചറിഞ്ഞ് നിങ്ങള്‍ ദൈവത്തിന്റെ മുമ്പാകെ ജീവിക്കും. നിങ്ങള്‍ ആത്മീയനാണെന്നു പതിനായിരം പേര്‍ അഭിപ്രായപ്പെട്ടതുകൊണ്ട് നിങ്ങള്‍ ആത്മീയനായിത്തീരുകയില്ല. അതുപോലെതന്നെ പതിനായിരം പേര്‍ നിങ്ങള്‍ അനാത്മീകനാണെന്നു അഭിപ്രായപ്പെട്ടതുകൊണ്ടു നിങ്ങള്‍ അനാത്മീകനാവുകയില്ല. മനുഷ്യരുടെ സാക്ഷ്യത്തിന് ഒരു വിലയുമില്ല. അവയെ ചവറ്റുകുട്ടയില്‍ നിക്ഷേപിക്കുക. നിങ്ങളുടെ രഹസ്യജീവിതത്തെക്കുറിച്ച്, നിങ്ങളുടെ ചിന്തകള്‍, സാമ്പത്തിക ഇടപാടുകള്‍ മുതലായവയെക്കുറിച്ചു മറ്റുള്ളവര്‍ക്കെന്തറിയാം? നിങ്ങളുടെ ജീവിതത്തിന്റെ ഒരു ശതമാനത്തെക്കുറിച്ചു മാത്രമാണ് മറ്റുള്ളവര്‍ അറിയുന്നത്. അതിനെക്കുറിച്ചാണ് അവര്‍ അഭിപ്രായം പറയുന്നത്. അതുകൊണ്ടുതന്നെ അവരുടെ അഭിപ്രായങ്ങള്‍ മൂല്യമുള്ളതല്ല- അതു നല്ലതായിരുന്നാലും മോശമായിരുന്നാലും നല്ലതും മോശവുമായ ആ അഭിപ്രായങ്ങള്‍ കുപ്പത്തൊട്ടിയിലേക്കു വലിച്ചെറിയുക. അവയുടെ സ്ഥാനം അവിടെയാണ്. നിരവധി വര്‍ഷങ്ങളായി ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അതുതന്നെ. അങ്ങനെ ദൈവശുശ്രൂഷയ്ക്കായി ഞാന്‍ സ്വതന്ത്രനാക്കപ്പെട്ടു.

നിങ്ങള്‍ക്കും ദൈവശുശ്രൂഷയ്ക്കുള്ള സ്വാതന്ത്ര്യം ആവശ്യമെങ്കില്‍ ദൈവത്തോട് ഇപ്രകാരം പറയുക: ”അങ്ങയുമായി മാത്രമാണ് എനിക്കു കാര്യമുള്ളത്. എല്ലാ ദിവസവും അവിടുത്തെ മുമ്പാകെ ഞാന്‍ നില്‍ക്കുവാന്‍ ആഗ്രഹിക്കുന്നു. അവിടുത്തെ കണ്ണില്‍ നിന്നും ഒന്നും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ മുമ്പാകെ എന്റെ ജീവിതത്തിന്റെ സമസ്തവും നഗ്നവും തുറന്നതുമായി കിടക്കുന്നു. എനിക്ക് ആളുകളെ ഞാന്‍ ആത്മീയനെന്നു തെറ്റിദ്ധരിപ്പിച്ചു കബളിപ്പിക്കുവാന്‍ കഴിയും. അങ്ങയെ ഒരിക്കലും കബളിപ്പിക്കുവാന്‍ കഴിയില്ല.” അങ്ങനെ നിങ്ങള്‍ ജീവിക്കുവാന്‍ ആരംഭിക്കുമ്പോള്‍ സമൃദ്ധമായ ജീവനിലേക്കുള്ള പ്രകടമായ മാറ്റങ്ങള്‍ ജീവിതത്തില്‍ നിങ്ങള്‍ക്കു കാണുവാന്‍ കഴിയും. അപ്രകാരം പുതിയ ഉടമ്പടിയുടെ ജീവിതത്തിലേക്കു നിങ്ങള്‍ പ്രവേശിച്ചു തുടങ്ങും.

എബ്രായര്‍ 4:14-16 – ല്‍ സ്വര്‍ഗ്ഗങ്ങളിലൂടെ കടന്നുപോയൊരു മഹാപുരോഹിതനായ യേശു എന്നു നാം വായിക്കുന്നു. മൂന്നു സ്വര്‍ഗ്ഗങ്ങളുള്ളതായി ബൈബിള്‍ നമ്മോടു പറയുന്നു. ഒന്നാം സ്വര്‍ഗ്ഗം നാം കാണുന്ന ആകാശ മണ്ഡലം കൂടി ഉള്‍പ്പെടുന്ന ഒന്നാണ്. അവിടെ സൂര്യനക്ഷത്രാദികളെ വിന്യസിച്ചിരിക്കുന്നു. (സങ്കീ.8:3). മൂന്നാം സ്വര്‍ഗ്ഗം ഇപ്പോഴത്തെ പറുദീസാകൂടി ഉള്‍പ്പെടുന്ന ഒന്നാണ്. ഒരിക്കല്‍ പൗലൊസ് അവിടേക്ക് എടുക്കപ്പെട്ടു (2 കൊരി. 12:2-4). ഇവയ്ക്കു മദ്ധ്യേയാണ് രണ്ടാം സ്വര്‍ഗ്ഗം അഥവാ സ്വര്‍ലോകങ്ങള്‍. അവിടമാണ് സാത്താന്റെ ആസ്ഥാനം. സാത്താന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്താക്കപ്പെട്ടപ്പോള്‍ (യെശ 14:12) അവനെ പാതാളത്തിലേക്ക് അയച്ചില്ല, രണ്ടാം സ്വര്‍ഗ്ഗത്തിലേക്കാണ് അയച്ചത്. അവിടെ നിന്നുകൊണ്ടും അവനു ദൈവത്തോടു സംസാരിക്കുവാന്‍ കഴിയും (ഇയ്യോബ് ഒന്നും രണ്ടും അദ്ധ്യായങ്ങളില്‍ നാം കാണുന്നതുപോലെ). ഭൂമിയിലെങ്ങും ഉടാടി സഞ്ചരിക്കുവാനും കഴിയും. മൂന്നാം സ്വര്‍ഗ്ഗത്തിലേക്കു ഒരിക്കലും പ്രവേശിക്കുവാന്‍ അവനു കഴിയില്ല. നാം മരിക്കുമ്പോള്‍ നമുക്കു മൂന്നാം സ്വര്‍ഗ്ഗത്തിലേക്കു പ്രവേശനം ഉണ്ട്. പുനരുത്ഥാനത്തിനു ശേഷം യേശു സ്വര്‍ഗ്ഗാരോഹണം ചെയ്തപ്പോള്‍ രണ്ടു സ്വര്‍ഗ്ഗങ്ങളിലൂടെ കടന്നു മൂന്നാം സ്വര്‍ഗ്ഗത്തില്‍ പിതാവിന്റെ സന്നിധിയിലേക്കാണു പോയത് (എബ്രാ.4:14).

4:15 ല്‍ നമ്മുടെ മഹാപുരോഹിതനായ യേശു നമ്മുടെ ബലഹീനതകളില്‍ സഹതാപം കാണിക്കുവാന്‍ കഴിവുള്ളവനാണ് എന്നു പറഞ്ഞിരിക്കുന്നു. സര്‍വ്വജ്ഞാനിയായ നമ്മുടെ സ്രഷ്ടാവായ ദൈവവും ഒരു പക്ഷേ മനുഷ്യരൂപം സ്വീകരിക്കാതെ തന്നെ നമ്മുടെ കഷ്ടങ്ങളെക്കുറിച്ചു തീര്‍ച്ചയായും സഹതപിച്ചിരിക്കാം. എന്നാല്‍ യേശുവിന്റെ സഹതാപം മനുഷ്യരൂപത്തില്‍ നാം സഹിക്കുന്ന കഷ്ടങ്ങളെ നേരില്‍ അനുഭവിച്ച് അറിയുന്നതിലെത്തിച്ചു. ഏതെങ്കിലും കഷ്ടങ്ങളില്‍ ബുദ്ധിമുട്ടുന്ന ഒരാളോടു നമുക്കു സഹതാപം കാണിക്കുക അത്ര പ്രയാസമുള്ള കാര്യമല്ല. എന്നാല്‍ നാം അതേ അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ടെങ്കില്‍ അര്‍ത്ഥപൂര്‍ണ്ണമായി നമുക്കു സഹതപിക്കുവാന്‍ കഴിയും. ഉദാഹരണമായി ഏകമകനെ നഷ്ടപ്പെട്ട ഒരമ്മയോട് അപ്രകാരം നഷ്ടം അനുഭവിച്ച ഒരമ്മയ്ക്ക് മറ്റുള്ളവരെക്കാള്‍ ഫലപ്രദമായി സഹതാപം കാണിക്കുവാന്‍ കഴിയും. അതിനുവേണ്ടിയാണു ദൈവം മനുഷ്യനായിത്തീര്‍ന്നത്. നാം കടന്നുപോകുന്ന എല്ലാറ്റിലും കൂടെ കടന്നുപോയിട്ടു നമ്മോടു യഥാര്‍ഥ സഹതാപം കാട്ടിക്കൊണ്ട് നാമുമായി കൂട്ടായ്മയിലായിരിക്കുവാന്‍ വേണ്ടി. യേശു നമ്മുടെ മണവാളന്‍ ആകുന്നതുകൊണ്ട് തന്റെ മണവാട്ടിയായ നാം കടന്നുപോകുന്ന എല്ലാറ്റിലും കൂടി താനും കടന്നുപോകേണ്ടതായിട്ടുണ്ടായിരുന്നു. അങ്ങനെ മാത്രമേ നമുക്കൊരു മാതൃകയായിത്തീര്‍ന്നുകൊണ്ട് ‘എന്നെ അനുഗമിക്കുക’ എന്നു തനിക്ക് അര്‍ഥപൂര്‍ണ്ണമായി പറയുവാന്‍ കഴിയുമായിരുന്നുള്ളൂ.

എന്റെ ഭാര്യ ക്ലേശകരമായ ഒരു വഴിയിലൂടെ കടന്നുപോകുമ്പോള്‍ സുഖകരമായ ഒരു തലത്തിലിരുന്നുകൊണ്ട് ‘വിശ്വസ്തയായിരിക്കുക’ എന്ന് അവളെ പ്രബോധിപ്പിക്കുവാന്‍ എനിക്കാവില്ല. അവളോടൊപ്പം നടന്നുകൊണ്ടു വിശ്വസ്തയായിരിക്കുവാന്‍ അവളെ സഹായിക്കുവാനായിരിക്കും ഞാന്‍ ആഗ്രഹിക്കുക. നമ്മുടെ മണവാളനായ യേശുവും അങ്ങനെ തന്നെയാണ്. നിങ്ങള്‍ ഏതെങ്കിലും പ്രതിബന്ധങ്ങളിലൂടെയോ നിരാശയിലൂടെയോ ശോധനയിലൂടെയോ സമ്മര്‍ദ്ദത്തിലൂടെയോ പ്രലോഭനങ്ങളിലൂടെയോ ആണോ കടന്നുപോകുന്നത്? ഈ പ്രശ്‌നങ്ങളുടെ സമ്മര്‍ദ്ദങ്ങളൊക്കെ അനുഭവിച്ചറിഞ്ഞിട്ടുള്ള യേശുവിനു നിങ്ങളുടെ അവസ്ഥ മനസ്സിലാക്കാന്‍ കഴിയും. ചിലപ്പോള്‍ നിങ്ങളുടെ അതേ സാഹചര്യത്തിലൂടെ ഒരുപക്ഷേ യേശു കടന്നുപോയിരിക്കില്ല. എന്നാല്‍ നിങ്ങളുടെ സാഹചര്യത്തില്‍ നിങ്ങള്‍ അനുഭവിക്കുന്ന പരീക്ഷകളെല്ലാം തന്നെ അവിടുന്നു അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടു താന്‍ ഒരു ജയാളിയായിത്തീര്‍ന്നതുപോലെ നിങ്ങള്‍ക്കും ജയിക്കുവാനുള്ള സഹായം അവിടുന്നു നല്‍കും.(വെളി.3:21) ഒരു വലിയ ഭാരം സ്വയം ചുമക്കാന്‍ ഞാന്‍ ഒരിക്കലും എന്റെ ഭാര്യയെ അനുവദിക്കില്ല. തീര്‍ച്ചയായും ഞാന്‍ അവളെ സഹായിക്കും. യേശുവും അങ്ങനെ തന്നെയാണ്.


ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നം


നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം എന്താണ്? തങ്ങളുടെ സാമ്പത്തിക പ്രശ്‌നമാണ് ഏറ്റവും വലുതെന്നു ചിലര്‍ കരുതുന്നു. എന്നാല്‍ പലരും സാമ്പത്തിക പ്രശ്‌നമെന്നു വിളിക്കുന്ന പ്രശ്‌നംപോലും മോഹത്തിന്റെ ഫലമാണ്. തങ്ങളേക്കാള്‍ മെച്ചപ്പെട്ട നിലവാരത്തില്‍ ജീവിക്കുന്നവരോടു തങ്ങളെത്തന്നെ താരതമ്യം ചെയ്തുകൊണ്ട് അസൂയയില്‍ മുഴുകുകയും ചെയ്യുന്നു. ഇതേ സമയം തങ്ങളെക്കാള്‍ താഴ്ന്ന നിലവാരത്തിലുള്ളവരോടു തങ്ങളെത്തന്നെ താരതമ്യം ചെയ്താല്‍ അവര്‍ സംതൃപ്തരും നന്ദിയുള്ളവരുമായിത്തീരും. തങ്ങളുടെ ‘സാമ്പത്തിക ബുദ്ധിമുട്ടുകള്‍’ അപ്രത്യക്ഷമാവുകയും ചെയ്യും. ഒരു ടൂത്ത് പേസ്റ്റ് വാങ്ങുവാന്‍ പോലും പണമില്ലാതിരുന്ന ഒരു മിഷനറിയെക്കുറിച്ചു ഞാന്‍ വായിച്ചതോര്‍ക്കുന്നു.~ആ നാളുകളില്‍ ടൂത്ത്‌പേസ്റ്റില്ലാതെ പല്ലുതേക്കുന്നതെങ്ങനെയെന്ന് അദ്ദേഹം കണ്ടെത്തി. ഒരു പ്രത്യേക ജീവിതനിലവാരം നാം ശീലിക്കുകയും അതു സാധ്യമാകാതെ വരുമ്പോള്‍ നാം നമ്മെ ദരിദ്രരെന്നു വിലയിരുത്തുകയും ചെയ്യുന്നു. ദൈവത്തെ അന്വേഷിക്കുന്ന ഒരുവന്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരിക്കലും ഭാരപ്പെടുകയില്ല. ഇന്ത്യയിലെ ഭൂരിപക്ഷം ആളുകളും ഉപ്പോ, കരിപ്പൊടിയോ വിരലില്‍ തൊട്ടാണ് പല്ലുതേക്കുന്നത്.

ദൈവഭക്തിയെ പിന്തുടരുന്നവന്റെ യഥാര്‍ഥ ഭാരം ‘പാപത്തിന്റെ ശക്തിയെ എങ്ങനെ തോല്പിക്കാം’ എന്നതായിരിക്കും.


എബ്രായര്‍ 4:15 ല്‍ യേശു നമ്മെപ്പോലെ സകലത്തിലും പരീക്ഷിതനായി എന്നു നാം വായിക്കുന്നു. അതുകൊണ്ടുതന്നെയാണ് അവിടുത്തേക്കു നമ്മോടു സഹതാപം കാണിക്കുവാന്‍ കഴിയുന്നത്. എല്ലാ പരീക്ഷകളുടെയും പ്രലോഭനങ്ങളുടെയും സമ്മര്‍ദ്ദം നമ്മെപ്പോലെ തന്നെ അവിടുന്നും അനുഭവിച്ചു. അല്ലെങ്കില്‍ ”സകലത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടു” എന്ന പ്രയോഗം ഇവിടെ ഉണ്ടാകുമായിരുന്നില്ല. സാത്താന്‍ തന്നെ പരീക്ഷിക്കുമ്പോള്‍ അതിലേക്കുള്ള ആകര്‍ഷണശക്തി, അതിന്റെ വലിവ്, താന്‍ അനുഭവിച്ചു. എങ്കിലും അപ്പോള്‍ ത്തന്നെ ”വേണ്ട” എന്നു നിരസിച്ചു. ആ വലിവുണ്ടായിരുന്നില്ലെങ്കില്‍ അതിനെ നമുക്കു പരീക്ഷ എന്നോ പ്രലോഭനമെന്നോ വിളിച്ചുകൂടാ. പരീക്ഷ വടംവലി മത്സരം പോലെയാണ്. വടത്തിനിരു തലയ്ക്കലും രണ്ടുകൂട്ടം കളിക്കാര്‍ തങ്ങളുടെ വശത്തേക്കു ആഞ്ഞു വലിക്കുന്നു. നിങ്ങള്‍ വിശുദ്ധജീവിതത്തിലേക്കു വലിക്കുമ്പോള്‍ എതിര്‍ദിശയിലേക്കുള്ള പിടുത്തം നിങ്ങള്‍ക്ക് അനുഭവമാകും. അതിനെയാണു നാം ‘പരീക്ഷ’ എന്നു വിളിക്കുക. നമ്മുടെ വശത്തേക്കു നാം വലിക്കുന്നില്ലെങ്കില്‍ അവിടെ വടംവലിയില്ല. ഇപ്രകാരമുള്ള ഒരു വലിയുടെ പിടുത്തവും സമ്മര്‍ദ്ദവും യേശുവിന് ഉണ്ടായിട്ടില്ലെങ്കില്‍ നമ്മെപ്പോലെ അവിടുന്നു പരീക്ഷിക്കപ്പെട്ടില്ല എന്നു നമുക്കു പറയേണ്ടിവരും. അങ്ങനെ വരുമ്പോള്‍ മത്തായി 4:1 ലും ലൂക്കോസ് 4:2 ലും ‘യേശു പിശാചിനാല്‍ പരീക്ഷിക്കപ്പെട്ടു’ എന്നും എബ്രായര്‍ 4:15 ല്‍ ‘അവന്‍ സകലത്തിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടു’ എന്നും ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്നതു കളവാണെന്നു നമുക്കു പറയേണ്ടി വരും.

”പരീക്ഷ” എന്ന പദം ബൈബിളില്‍ ഉപയോഗിച്ചിരിക്കുന്നതു പാപം ചെയ്യുവാനുള്ള പരീക്ഷയെ ഉദ്ദേശിച്ചാണ്. സാധാരണ നിലയിലുള്ള നമ്മുടെ ആഗ്രഹങ്ങളെ – ക്ഷീണിക്കുമ്പോള്‍ ഉറങ്ങുവാനുള്ള ആഗ്രഹം മുതലായവ-ഉദ്ദേശിച്ചല്ല. നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടു എന്നു പറയുന്നതിന്റെ അര്‍ത്ഥവും അതല്ല. നമ്മെപ്പോലെ പാപം ചെയ്യുവാനുള്ള പരീക്ഷ തനിക്കുമുണ്ടായി എങ്കിലും പാപം ചെയ്തില്ല. അക്കാര്യത്തില്‍ അവിടുന്നു നമുക്കു മാതൃകയാണോ? അതെ, തീര്‍ച്ചയായും അതെ. എബ്രായര്‍ 2:17 -ല്‍ ‘താന്‍ സകലത്തിലും നമുക്കു സദൃശനായിരുന്നു’ എന്നതു നാം കണ്ടല്ലോ. ഒരു ദൂതനെപ്പോലെ ചിറകുകളോടു കൂടിയായിരുന്നില്ല അവിടുന്നു വന്നത് – വായുവിലൂടെയും വെള്ളത്തിന്റെ പരപ്പിലൂടെയും ഊളിയിട്ടു പോകുവാന്‍ തക്കവണ്ണം നമ്മെ നീന്തല്‍ പഠിപ്പിക്കുവാന്‍ ചിറകുകളുള്ള ഒരു മാലാഖയെപ്പോലെയല്ല താന്‍ വന്നത്. ചിറകുകളില്ലാതെയാണു താന്‍ വന്നത്. യേശു വെള്ളത്തിന്മേല്‍ നടക്കുമ്പോള്‍ ഗുരുത്വാകര്‍ഷണ ബലത്തെ ഭേദിച്ചുകൊണ്ടാണ് അങ്ങനെ ചെയ്തത്. ഒരു ദൂതന്‍ വെള്ളത്തിന്റെ പരപ്പിലൂടെ നടന്നങ്ങു പോയാല്‍ അതൊരു അത്ഭുതമല്ല. എന്നാല്‍ യേശു ചെയ്തത് ഒരു അത്ഭുതമായിരുന്നു. കാരണം തനിക്കു ഗുരുത്വാകര്‍ഷണബലത്തെ മറികടക്കേണ്ടതുണ്ടായിരുന്നു. വെള്ളത്തിന്മേല്‍ നടക്കുവാന്‍ യേശു പത്രോസിന് അനുവാദം കൊടുക്കുമ്പോള്‍ അവനും അതു സാദ്ധ്യമാണെന്ന സത്യം അവിടുന്നു വെളിപ്പെടുത്തുകയായിരുന്നു- തന്നില്‍ ആശ്രയിക്കുന്നു എങ്കില്‍. നമ്മുടെ സ്വര്‍ഗ്ഗീയ പിതാവു തന്റെ മൂത്ത മകനോടു മാത്രമായി മുഖപക്ഷം കാണിക്കുന്ന ആളല്ല. യേശുവിനു വേണ്ടി ചെയ്തതൊക്കെയും നാം തന്നില്‍ ആശ്രയിക്കുന്നു എങ്കില്‍ നമുക്കും അവിടുന്നു നല്‍കിത്തരും.

യേശു എല്ലാ മേഖലയിലും നമ്മെപ്പോലെ പരീക്ഷിക്കപ്പെട്ടു എങ്കിലും പാപം ചെയ്തില്ല. ഇതില്‍ താന്‍ നമുക്ക് ഒരു മാതൃകയാണ്. നാമും പരീക്ഷിക്കപ്പെടുമ്പോള്‍ നമുക്ക് ഇപ്രകാരം കര്‍ത്താവിനോടു പറയാം. ”കര്‍ത്താവേ അങ്ങു നസറേത്തില്‍ ജീവിച്ചിരുന്നപ്പോള്‍ ഞാന്‍ പരീക്ഷിതനാകുന്നതുപോലെ അങ്ങും പരീക്ഷിക്കപ്പെട്ടിരുന്നുവല്ലോ. അങ്ങു പ്രതികരിച്ചതുപോലെ പ്രതികരിക്കുവാന്‍ എന്നെ സഹായിക്കേണമേ”. നിങ്ങള്‍ക്കു കോപത്തോടെ പ്രതികരിക്കുവാനോ നിരാശപ്പെടുവാനോ ഉള്ള സ്വാഭാവിക പ്രേരണയുണ്ടോ? അങ്ങനെയൊക്കെ ചെയ്യുവാനുള്ള പ്രേരണ യേശുവിനും ഉണ്ടായിരുന്നു. എങ്കിലും അവിടുന്ന് അവയെ ജയിച്ചു. പാപം ചെയ്തില്ല. അതുകൊണ്ടു നിങ്ങളും ആ മാതൃകയെ നോക്കിക്കൊണ്ട് ”കര്‍ത്താവേ എനിക്ക് അങ്ങയെ അനുഗമിക്കുവാന്‍ ആഗ്രഹമുണ്ട്” എന്നു കര്‍ത്താവിനോടു പറയുക. അവിടുന്ന് അപ്രകാരം ജീവിച്ചതു പരിശുദ്ധാത്മശക്തിയാലാണ്. അതുകൊണ്ടു യേശുവിനെപ്പോലെ ജീവിക്കുവാന്‍ നാം ആഗ്രഹിക്കുന്നു എങ്കില്‍ പരിശുദ്ധാത്മശക്തിക്കുവേണ്ടി നാമും അന്വേഷിക്കേണ്ടതായിട്ടുണ്ട്. അതുകൊണ്ടാണ് 4:16-ല്‍ തത്സമയത്തു കൃപപ്രാപിക്കുവാനായി നാം കൃപാസനത്തോടടുത്തു ചെല്ലുകയെന്നു പറഞ്ഞിരിക്കുന്നത്. അവിടെ ആ വാക്യത്തിന്റെ തുടക്കത്തില്‍ ”അതുകൊണ്ട്” എന്നൊരു പ്രയോഗം ശ്രദ്ധിക്കുക. അതിന്റെ തൊട്ടു മുമ്പുള്ള വാക്യത്തിന്റെ പശ്ചാത്തലത്തിലാണ് ഇതു പറഞ്ഞിരിക്കുന്നതെന്നര്‍ത്ഥം. അവിടെ യേശുവും നമുക്കു തുല്യമായി സകലത്തിലും പരീക്ഷിക്കപ്പെട്ടു എങ്കിലും പാപം ചെയ്യുന്നതില്‍ നിന്നും ഒഴിഞ്ഞു നിന്നു എന്നും പറഞ്ഞിരിക്കുന്നു. അതുകൊണ്ടു നമുക്കും പരീക്ഷകളുടെ വേളയില്‍ കൃപാസനത്തിനടുത്തേക്ക് ഓടിച്ചെല്ലുവാനും യേശു തന്റെ ജീവിതകാലത്ത് ഓടിച്ചെന്നു കൃപ പ്രാപിച്ചതുപോലെ പ്രാപിക്കുവാനും പാപത്തെ ജയിക്കുവാനും കഴിയും എന്നതാണു സത്യം.

4:16 -ല്‍ കരുണയെക്കുറിച്ചും കൃപയെക്കുറിച്ചും പറഞ്ഞിരിക്കുന്നു. കരുണയ്ക്കും കൃപയ്ക്കും തമ്മില്‍ വ്യത്യാസമുണ്ട്. കരുണ നാം ചെയ്തുകഴിഞ്ഞ പ്രവൃത്തികളോടുള്ള ബന്ധത്തിലുള്ള ഒന്നാണ്. എന്നാല്‍ കൃപ ചെയ്യുവാനിരിക്കുന്ന പ്രവൃത്തികളോടുള്ള ബന്ധത്തിലുള്ളതാണ്. നാം ചെയ്തുപോയ പാപങ്ങളെ സംബന്ധിച്ചു നമുക്കു കരുണ ലഭിച്ചേ മതിയാകൂ. എന്നാല്‍ നാം ചെയ്‌വാനിരിക്കുന്ന പാപങ്ങളുടെ മേല്‍ ജയം നേടുവാന്‍ നമുക്കു കൃപ ലഭിക്കണം. പഴയ ഉടമ്പടിയില്‍ അവര്‍ക്കു കരുണ മാത്രമേ ലഭിച്ചിരുന്നുള്ളു. കൃപ പുതിയ ഉടമ്പടിയിലേക്കു കടന്നു വന്നത് യേശു ക്രിസ്തുവിലൂടെയാണ് (യോഹ.1:17). യേശുവിനു കരുണ ആവശ്യമായിരുന്നില്ല. കാരണം താന്‍ പാപം ചെയ്തിട്ടില്ല. എന്നാല്‍ നമുക്കു കരുണയും കൃപയും രണ്ടും ആവശ്യമായിരിക്കുന്നു.

4:14-ല്‍ പറയുന്ന ”തത്സമയം” അഥവാ സഹായം ആവശ്യമുള്ള അവസരം ഏതാണ്? അതു നാം പരീക്ഷിക്കപ്പെടുന്ന സമയമാണ്. നിങ്ങള്‍ ഒരു പര്‍വ്വതം കയറുമ്പോള്‍ കാല്‍ വഴുതി ഒരു പാറക്കെട്ടില്‍ കഷ്ടിച്ചു പിടുത്തം കിട്ടി അങ്ങനെ തൂങ്ങിക്കിടക്കുകയാണെന്നു കുതുക. അധികസമയം അങ്ങനെ കിടക്കുവാന്‍ കഴിയുകയില്ല. നിങ്ങളുടെ വിരലുകള്‍ തളരുകയും നിങ്ങള്‍ പിടിവിട്ടു താഴെയുള്ള പാറക്കെട്ടിലേക്കു വീഴുകയും അസ്ഥികള്‍ പൊട്ടിപ്പോവുകയും ചെയ്യുന്നു എന്നു സങ്കല്പിക്കുക. അപ്പോള്‍ നിങ്ങള്‍ സഹായത്തിനായി നിലവിളിക്കുന്നു. ഒരു ആംബുലന്‍സ് പാഞ്ഞുവന്ന് നിങ്ങളെ ആശുപത്രിയിലെത്തിക്കുകയും പൊട്ടിപ്പോയ അസ്ഥികളെ കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. അതിനെയാണു നാം ‘കരുണ’ എന്നു വിളിക്കുന്നത്. എന്നാല്‍ നിങ്ങള്‍ വീഴുന്നതിനു മുമ്പെ തന്നെ നിലവിളിക്കുകയും മുകളില്‍ നില്‍ക്കുന്നയാള്‍ നിങ്ങളെ മുകളിലേക്കു കയറാന്‍ സഹായിക്കുകയും നിങ്ങള്‍ കയറി പാറയുടെ മുകളില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്യുന്നു. അതിനെ നാം ‘കൃപ’ എന്നു വിളിക്കുന്നു. നിങ്ങള്‍ക്ക് യഥാര്‍ത്ഥമായും സഹായം ആവശ്യമുള്ളതു വീഴുന്നതിനു മുമ്പാണ്. വീണശേഷം നിലവിളിക്കുന്നത് രണ്ടാമതു പരിഗണിക്കേണ്ട വിഷയങ്ങളില്‍പ്പെട്ട ഒരു കാര്യം മാത്രമാണ്. ഒന്നാമത്തെ പരിഗണന നല്‍കേണ്ട വിഷയം വീഴുന്നതിനു മുമ്പുള്ള സഹായാഭ്യര്‍ത്ഥന തന്നെയാണ്. പരിശുദ്ധാത്മാവ് കൃപയുടെ ആത്മാവാണ്. ‘സഹായി’ എന്നും വിളിക്കുന്നു. വീഴുന്നതിനു മുമ്പെ കാല്‍ വഴുതുമ്പോള്‍ത്തന്നെ സഹായിക്കുവാന്‍ അവിടുത്തേക്കു കഴിയും.

അധികം ക്രിസ്ത്യാനികളും പാപത്തില്‍ വീണശേഷം കരുണയ്ക്കായി നിലവിളിക്കുന്നവരാണ്. അവര്‍ വീണശേഷം ദൈവത്തോടു ക്ഷമ യാചിക്കുന്നു. അവര്‍ വീ ണ്ടും പര്‍വ്വതത്തില്‍ കയറാനാരംഭിക്കുന്നു. വീണ്ടും കാല്‍ വഴുതുകയും വീഴുകയും ചെയ്യുന്നു. നിലവിളിക്കയും ആംബുലന്‍സ് വന്ന് രക്ഷിക്കുകയും ചെയ്യുന്നു. ഇപ്രകാരമുള്ള ജീവിതമല്ല ദൈവം നമ്മെക്കുറിച്ചാഗ്രഹിക്കുന്നത്. അടുത്ത പ്രാവശ്യം കോപത്തിലേക്കോ ലൈംഗിക മോഹങ്ങളിലേക്കോ നിങ്ങള്‍ വഴുതിവീഴുവാന്‍ തുടങ്ങുമ്പോള്‍ ”കര്‍ത്താവേ, എന്നെ രക്ഷിക്കേണമേ” എന്നു നിലവിളിച്ചാല്‍ തീര്‍ച്ചയായും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ വീഴാതിരിക്കുവാന്‍ ദൈവം സഹായിക്കുന്നതു കാണുവാന്‍ കഴിയും. ദൈവകൃപ നിങ്ങളെ താങ്ങിനിര്‍ത്തും. ”നിങ്ങള്‍ കൃപയ്ക്കധീനരാകയാല്‍ പാപം നിങ്ങളില്‍ കര്‍ത്തൃത്വം നടത്തുകയില്ല”(റോമര്‍ 6:14).

5:1-ല്‍ യേശു നമ്മുടെ മഹാപുരോഹിതനെന്നും കാണുന്നു.അഹരോനെ വിളിച്ചതുപോലെ ദൈവം വിളിച്ചിട്ടല്ലാതെ യിസ്രായേലില്‍ ആര്‍ക്കും മഹാപുരോഹിതന്‍ എന്ന സ്ഥാനം സ്വയം ഏറ്റെടുക്കാന്‍ കഴിയില്ല. (5:4). അതു പോലെ യേശുവും മഹാപുരോഹിതസ്ഥാനം സ്വയം എടുത്തതല്ല. സ്വര്‍ഗ്ഗത്തില്‍ 4000 വര്‍ഷം കാത്തിരുന്നശേഷം കാലം തികഞ്ഞപ്പോള്‍ പിതാവു തന്നെ നിയമിച്ചു ഭൂമിയിലേക്കയച്ചു. (ഗലാത്യര്‍ 4:4).

ആ 4000 വര്‍ഷവും ഈ ഭൂമിയില്‍ അതിന്നാവശ്യം ഉണ്ടായിരുന്നില്ലേ? നാമായിരുന്നു ദൈവത്തിന്റെ സ്ഥാനത്തെങ്കില്‍ ആദം പാപം ചെയ്തതിന്റെ പിറ്റെ ദിവസം തന്നെ യേശുവിനെ ഭൂമിയിലേക്കയയ്ക്കുമായിരുന്നു. എന്നാല്‍ ദൈവത്തിന്റെ വഴികള്‍ നമ്മുടെ വഴികളല്ല. ഒരാവശ്യം കാണുന്നിടത്ത് നാം വളരെ വേഗത്തില്‍ പ്രവര്‍ത്തിക്കും. എന്നാല്‍ ദൈവം 4000 വര്‍ഷം കാത്തിരുന്നു. യേശു ഭൂമിയില്‍ വന്ന ശേഷവും മുപ്പതു വര്‍ഷം പരസ്യശുശ്രൂഷയിലേക്കിറങ്ങുവാന്‍ വേണ്ടി താന്‍ കാത്തിരുന്നു. ആവശ്യം കണ്ട് എടുത്തു ചാടി തീരുമാനമെടുക്കുന്ന ആളായിരുന്നില്ല യേശു. ആവശ്യത്തെക്കുറിച്ചു താന്‍ ഭാരപ്പെട്ടിരുന്നു. എന്നാല്‍ ”പോക” എന്നു പിതാവ് കല്പിച്ചപ്പോള്‍ മാത്രമാണു താന്‍ പുറപ്പെട്ടത്. മൂന്നര വര്‍ഷം കൊണ്ടു പിതാവു ഭരമേല്പിച്ച ശുശ്രൂഷ നിവര്‍ത്തിച്ചു. തന്റെ മുമ്പില്‍ക്കണ്ട ഓരോ ആവശ്യത്തിന്റേയും പിന്നാ ലെ താന്‍ ഓടിയില്ല. അതുകൊണ്ട് ഒടുവില്‍ യേശുവിന് ഇപ്രകാരം പറയുവാന്‍ കഴിഞ്ഞു: ”പിതാവു എനിക്കു തന്ന പ്രവൃത്തി ഞാന്‍ തികെച്ചിരിക്കുന്നു.” (യോഹ. 17:4) അധികം ക്രിസ്ത്യാനികള്‍ക്കും ഇങ്ങനെ പറയുവാന്‍ കഴിയുകയില്ല. കാരണം അവര്‍ ദൈവവിളിയോടല്ല പ്രതികരിച്ചത്; മുമ്പില്‍ കണ്ട ഒട്ടേറെ ആവശ്യങ്ങളോടാണ്.

എന്റെ ക്രിസ്തീയ ജീവിതത്തിന്റെ പ്രാരംഭവേളയില്‍ ഞാന്‍ പഠിച്ച ഒരു സത്യം ഇതായിരുന്നു: ”ആവശ്യങ്ങളെ സശ്രദ്ധം മനസ്സിലാക്കുക. എന്നാല്‍ ദൈവം അയയ്ക്കുന്നിടത്തേക്കു മാത്രം ദൈവം പറയുന്ന സമയത്തു പോവുക”. നാം കണ്ണുകള്‍ ഉയര്‍ത്തി കൊയ്ത്തിനെ കാണണം. എന്നാല്‍ നാം പ്രവര്‍ത്തിക്കുന്നതു ദൈവഹിതം മാത്രം (യോഹ.4:34,35). തന്നെ അയയ്ക്കുന്നതു വരെ യേശുവിനു പോലും കാത്തിരിക്കേണ്ടി വന്നു.


യേശു അനുസരണം പഠിച്ചു

5:7 ല്‍ നാം യേശു പ്രാര്‍ത്ഥിച്ചിരുന്നതിനെക്കുറിച്ച് ഇപ്രകാരം വായിക്കുന്നു ”യേശു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തില്‍ നിന്നു രക്ഷിപ്പാന്‍ കഴിയുന്നവനോട് ഉറച്ച നിലവിളിയോടും കണ്ണീരോടും കൂടെ അപേക്ഷയും അഭയയാചനയും കഴിച്ചു.” ഇതു അവസാനസമയത്തു ഗെത്‌സെമെനെയില്‍ കഴിച്ച പ്രാര്‍ത്ഥനയെക്കുറിച്ചു മാത്രമല്ല. ”തന്റെ ഐഹിക ജീവകാലത്ത്” എന്ന പ്രയോഗം ശ്രദ്ധിക്കുക. അതിന്നര്‍ത്ഥം ഈ ഭൂമിയില്‍ ജീവിച്ച 33 1/2 വര്‍ഷം എന്നു തന്നെയാണ്. ഇവിടെ പറഞ്ഞിരിക്കുന്ന ”മരണത്തില്‍നിന്ന്” എന്ന പ്രയോഗം ശാരീരിക മരണത്തില്‍നിന്ന് എന്നല്ല മറിച്ച് ഒരിക്കലെങ്കിലും പാപം ചെയ്യുന്നതിലൂടെ സംഭവിക്കുന്ന ആത്മീയമരണത്തെ ഉദ്ദേശിച്ചാണ്. ഒരിക്കല്‍ പോലും പാപം ചെയ്‌വാനിടയാകരുതേ എന്നാണ് യേശു പ്രാര്‍ത്ഥിച്ചത്. അക്കാര്യത്തില്‍ തന്റെ എരിവ് അത്രയധികമായിരുന്നു. സഹായത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥന വലിയ നിലവിളിയോടും കണ്ണീരോടും കൂടെയുള്ളതായിരുന്നു. അതുകൊണ്ടു തനിക്ക് ഒരിക്കലും പാപം ചെയ്യേണ്ടി വന്നില്ല. അധികം പേരും യേശു ദൈവപുത്രനായതുകൊണ്ട് പാപം ചെയ്തില്ല എന്നു കരുതുന്നവരാണ്. ഒരിക്കലുമില്ല. ഉച്ചത്തിലുള്ള നിലവിളിയോടെയും കണ്ണീരോടെയും സഹായത്തിനുവേണ്ടി വിളിച്ചപേക്ഷിച്ചതുകൊണ്ടാണ് പാപത്തില്‍നിന്നും വിടുതലുണ്ടായത്. അവിടുന്നു പാപത്തെ വെറുക്കുകയും നീതിയെ ഇഷ്ടപ്പെടുകയും ചെയ്തതുകൊണ്ടാണ് അങ്ങനെ പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്നത്. അതുകൊണ്ട് അപ്രകാരം പ്രാര്‍ത്ഥിക്കാത്ത മറ്റനേകരെക്കാള്‍ അധികമായി പിതാവ് യേശുവിനെ പരിശുദ്ധാത്മ ശക്തിയാല്‍ അഭിഷേകം ചെയ്തു (എബ്രാ. 1:9). അധികം വിശ്വാസികളും പാപത്തെ ഗൗരവമായി എടുക്കുന്നില്ല. തങ്ങള്‍ മനുഷ്യരായതുകൊണ്ടു പാപത്തെ ജയിക്കുവാന്‍ കഴിയില്ലെന്ന് അവര്‍ വിചാരിക്കുന്നു. എന്നാല്‍ ഉച്ചത്തിലുള്ള നിലവിളിയും പ്രാര്‍ത്ഥനയും ഇല്ലാത്തതുകൊണ്ടാണ് അവര്‍ക്കു പാപത്തിന്മേല്‍ ജയം ലഭിക്കാത്തത്. ഇപ്രകാരമുള്ള ഉറച്ച നിലവിളിക്കു വേണ്ടിയായിരുന്നു യേശു ഏകാന്തമായ സ്ഥലങ്ങള്‍ തേടി നടന്നത്. (ലൂക്കോ. 5:16).

പട്ടണത്തില്‍ താമസിക്കുമ്പോള്‍ ഏകാന്തമായ സ്ഥലങ്ങള്‍ കണ്ടെത്തുവാന്‍ പ്രയാസമാണ്. എന്നാല്‍ ഹൃദയത്തില്‍ വലിയ നിലവിളി ഉയര്‍ത്തുവാന്‍ കഴിയും എന്നു ഞാന്‍ കണ്ടെത്തിയിട്ടുണ്ട്- ശബ്ദമൊന്നും പുറത്തേക്കു വരാതെ തന്നെ. ഞാന്‍ എവിടെ ആയിരുന്നാലും എനിക്കതിനു കഴിയും . ചിന്തയിലും വാക്കിലും പ്രവൃത്തിയിലും വിശുദ്ധിക്കുവേണ്ടി എനിക്കു നിലവിളിക്കുവാന്‍ കഴിയും. ഞാന്‍ പാപത്തില്‍ വീണാല്‍ എനിക്കു കണ്ണുനീരൊഴുക്കിയേ മതിയാകൂ. യേശു ഒരിക്കലും പാപത്തില്‍ വീണില്ല. എന്നിട്ടുകൂടി അവിടുന്ന് എന്നും കണ്ണീരൊഴുക്കുന്നവനായിരുന്നു. അതെന്നെ വളരെ വിനീതനാക്കുന്നു. വിശുദ്ധിക്കുവേണ്ടിയുള്ള എരിവ് യേശുവിനെ ദഹിപ്പിച്ചുകൊണ്ടിരുന്നു. അതുകൊണ്ടായിരുന്നു ദൈവഹിതം പൂര്‍ണ്ണമായി നിറവേറ്റുവാന്‍ അവിടുത്തേക്കു കഴിഞ്ഞത്.

പരിശുദ്ധാത്മ നിറവ് വിശുദ്ധിക്കുവേണ്ടിയുള്ള ഒരു എരിവ് നമ്മുടെ ഉള്ളില്‍ തരുന്നു. അപ്പോഴാണു നമുക്കു യേശുവിന്റെ മാതൃകയെ പിന്‍പറ്റുവാന്‍ കഴിയുന്നത്. യേശു ഒരിക്കലും ശാരീരികമരണത്തെ ഭയപ്പെട്ടിരുന്നില്ല. എന്നാല്‍ ആത്മീയമരണത്തെ താന്‍ ഭയപ്പെട്ടിരുന്നതിനാല്‍ പാപത്തിന്റെ ഒരു നേരിയ ഗന്ധം പോലും തന്റെ ജീവിതത്തില്‍ കടന്നു വരരുതെന്നു താന്‍ ആഗ്രഹിച്ചു. ഈ പാനപാത്രം കുടിക്കുവാന്‍ തനിക്കു താത്പര്യമില്ല എന്നു ഗെത്‌സെമെനെയില്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ എന്തായിരുന്നു താന്‍ അര്‍ത്ഥമാക്കിയത്? കുരിശില്‍ ചെലവഴിച്ച മൂന്നു മണിക്കൂര്‍ സമയത്തേക്ക് പിതാവില്‍നിന്നും ബന്ധം വേര്‍പെട്ടു നില്‍ക്കേണ്ട അവസ്ഥ- അതായിരുന്നു ആ പാനപാത്രം. നമ്മുടെ പാപത്തെ തന്റെ മേല്‍ വഹിക്കുന്നതിന്റെ ഫലം. അത് ആത്മീയമരണം തന്നെയാണ്. യേശു പാപത്തെ വെറുത്തിരുന്നു. കാരണം പിതാവുമായുള്ള കൂട്ടായ്മയെ അതു ഹനിച്ചിരുന്നു.

എന്നാല്‍ മനുഷ്യരെ നിത്യമായ നരക ശിക്ഷയില്‍ നിന്നും രക്ഷിക്കുവാന്‍ വേണ്ടി കുരിശില്‍ പിതാവുമായുള്ള ആ വേര്‍പാട് അനുഭവിക്കേണ്ടത് അനിവാര്യമാണെന്നു പിതാവു ഗെത്‌സെമെനെയില്‍ വച്ചു തന്നോടു പറഞ്ഞിരുന്നു. നമ്മോടുള്ള തന്റെ അദമ്യമായ സ്‌നേഹം കാരണമായി ആ വലിയ വില കൊടുക്കുവാന്‍ യേശു സമ്മതം നല്‍കി. എന്നാല്‍ ജീവിതകാലത്തൊരിക്കലും പാപം കാരണമായി ഒരു ബന്ധം വേര്‍പിരിയലിനു യേശു തയ്യാറായിരുന്നില്ല. പാപത്തിന്റെ ഒരു ചെറിയ ഗന്ധം പോലും ദൈവവുമായുള്ള ബന്ധം മുറിയുന്നതിനു കാരണമായിത്തീരും. ദൈവവുമായി അത്തരം ഒരു കൂട്ടായ്മയെ നാം വിലമതിക്കുന്നവരെങ്കില്‍, കയ്പ്, ആത്മീയ നിഗളം, അശുദ്ധി, അസൂയ, ധനസ്‌നേഹം, വെറുപ്പ് മുതലായ ദൈവത്തിന്റെ പൂര്‍ണ്ണഹിതത്തിനു പുറത്തുള്ളതൊന്നിന്റെയും നേരിയഗന്ധം പോലും എന്നിലുണ്ടാവരുതെയെന്ന നിലവിളിയോടെയുള്ള പ്രാര്‍ത്ഥനയും കണ്ണുനീരും നമ്മിലുണ്ടായിരിക്കും.

ദൈവത്തിന്റെ സമ്പൂര്‍ണ്ണഹിതത്തില്‍ ജീവിക്കുവാനുള്ള ആഗ്രഹം നമ്മിലില്ലാതെ വരുന്നതുകൊണ്ടാണു നാം പാപത്തെ ഗൗരവമായി കാണാത്തത്. വിശുദ്ധി എന്നത് ഒട്ടേറെ ക്രിസ്ത്യാനികളും ഗൗരവത്തോടെ കാണുന്ന ഒരു കാര്യമല്ല. ദൈവത്തിനു വേണ്ടിയോ മനുഷ്യരുടെ ആവശ്യങ്ങള്‍ക്കായോ എന്തെങ്കിലും ശുശ്രൂഷ ചെയ്യണം. അതു മാത്രമാണ് അവര്‍ക്കു താത്പര്യമുള്ള ഒരു കാര്യം. അതു ലോകപരമായ ഒരു കാഴ്ചപ്പാട് മാത്രമാണ്. മറിയ യേശുവുമായി കൂട്ടായ്മ ആഗ്രഹിച്ചു. മാര്‍ത്തയോ അവിടുത്തേക്കു ശുശ്രൂഷ നല്‍കുവാന്‍ ആഗ്രഹിച്ചു. യേശു മാര്‍ത്തയെ ശാസിച്ചുകൊണ്ടു പറഞ്ഞു ‘മറിയ ചെയ്തതു മാത്രമാണ് യഥാര്‍ത്ഥത്തില്‍ ആവശ്യമുള്ള ഒരേ ഒരു കാര്യം’ (ലൂക്കൊ 10:42). നമ്മുടെ ശുശ്രൂഷയെ ഫലവത്താക്കുന്ന ഒരേഒരു കാര്യം വിശുദ്ധിയാണ്.

എബ്രായര്‍ 5:8-ല്‍ ”പുത്രനെങ്കിലും താന്‍ അനുഭവിച്ച കഷ്ടങ്ങളിലൂടെ അനുസരണം പഠിച്ചു” എന്നു നമ്മോടു പറയുന്നു. യേശുവിനും അനുസരണം പഠിക്കേണ്ടതാവശ്യമായിരുന്നു. പഠിക്കുക എന്നതു വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു പദമാണ്. തന്റെ ഈ ഭൂമിയിലെ ജീവിതകാലത്ത് യേശുവിനും ‘അനുസരണം’ എന്ന വിഷയത്തില്‍ വിദ്യാഭ്യാസം നേടേണ്ടത് ഒരു ആവശ്യമായിരുന്നു. ദൈവം എന്ന നിലയില്‍ സ്വര്‍ഗ്ഗത്തില്‍ തനിക്ക് ആരെയും അനുസരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. നാം ഒരിക്കലും ചെയ്തിട്ടില്ലാത്ത ഒരു കാര്യം ആദ്യമായി ചെയ്യുമ്പോള്‍ അക്കാര്യത്തില്‍ നമുക്ക് ഒരു പഠനം ആവശ്യമാണ്. ഒരു മനുഷ്യനായി ഭൂമിയില്‍ വന്നപ്പോള്‍ യേശുവിനും ഒരു പഠനം ആവശ്യമായിരുന്നു- അനുസരണത്തിന്റെ കാര്യത്തില്‍. തന്റെ സ്വര്‍ഗ്ഗീയ പിതാവിനെ മാത്രമല്ല ഭൂമിയിലെ മാതാപിതാക്കളായ യോസേഫിനെയും മറിയയെയും അനുസരിക്കാനും പഠിക്കേണ്ടതാവശ്യമായിരുന്നു. യോസേഫും മറിയയും അപൂര്‍ണ്ണതയും പാപസ്വഭാവമുള്ളവരുമായിരുന്നു. എല്ലാ മാതാപിതാക്കളെയും പോലെ അബദ്ധങ്ങള്‍ അവര്‍ക്കുമുണ്ടാകുമായിരുന്നു. എങ്കിലും യേശു അവരെ അനുസരിച്ചു. അതു പ്രയാസമേറിയ ഒരു കാര്യമായിരുന്നിരിക്കാം. എങ്കിലും സഹിഷ്ണുതയോടെ താന്‍ അനുസരിച്ചു. എന്നു വച്ചാല്‍ പിതാവിനെ അനുസരിക്കുമ്പോള്‍ സ്വന്തഹിതത്തെ ത്യജിക്കുക എന്ന കഷ്ടം താന്‍ സഹിച്ചു-ജീവിതകാലം മുഴുവനും. സഹിഷ്ണുത എന്ന വില കൊടുത്ത് യേശു അനുസരണം പഠിച്ചു.

ചിലപ്പോള്‍ അനുസരണം ആസ്വാദ്യകരമാണ്. നിങ്ങള്‍ നിങ്ങളുടെ കുഞ്ഞിനോട് ഐസ്‌ക്രീം കഴിക്കുവാന്‍ പറയുമ്പോള്‍ അത് അനുസരിക്കുന്നതു കുഞ്ഞിന് ആസ്വാദ്യകരമാണ്. എന്നാല്‍ അവന്‍ മറ്റു കുട്ടികളോടൊപ്പം മൈതാനത്തു കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ‘കളി നിര്‍ത്തിയിട്ടു വന്നു ഗൃഹപാഠം ചെയ്യുക’ എന്നു പറയുമ്പോള്‍ അനുസരണം വേദനാജനകമാകും. ഇപ്രകാരം നമ്മുടെ ജീവിതത്തിലും അനുസരണം അനായാസകരവും ആസ്വാദ്യകരവുമായ ചില മേഖലകളുണ്ട്. എന്നാല്‍ നമുക്ക് ഇഷ്ടമില്ലാത്ത ചില കാര്യങ്ങള്‍ നാം ചെയ്യേണ്ടി വരുമ്പോള്‍ അതൊരു യഥാര്‍ത്ഥ പരിശോധനയാണ്. അവിടെ സ്വന്തഇച്ഛയെ ത്യജിക്കേണ്ടതായിട്ടുണ്ട്. അതു തികെച്ചും വേദനാജനകമാണ്. അവിടെയാണ് നമ്മുടെ അനുസരണം പരിശോധനയ്ക്കു വിധേയമാകുന്നത്.

യേശു സ്വയം ത്യജിക്കുന്നതിലൂടെയാണ് അനുസരണം പഠിച്ചത്. പിതാവു തനിക്കു നിരസിച്ച കാര്യങ്ങളെ നിരസിക്കുവാന്‍ താനും പഠിച്ചു. അപ്രകാരമുള്ള നിരാസങ്ങള്‍ നല്‍കിയ കഷ്ടവും സഹിഷ്ണുതയും അനുസരണമുള്ളവനാകുവാന്‍ തന്നെ സഹായിച്ചു. ആ വിദ്യാഭ്യാസത്തിന്റെ ഫലമായി തനിക്ക് പൂര്‍ണ്ണത ലഭിച്ചു (5:9). ഇവിടെ പ്രയോഗിച്ചിരിക്കുന്ന പദം ”തികവ്” എന്നതാണ്. താന്‍ പഠിച്ചു പരീക്ഷ പാസ്സായി ബിരുദം ലഭിച്ചു. നമുക്കും അതേ വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ടത് അതേ ബിരുദമാണ്. നമുക്കും പല പരീക്ഷകളെ അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്.- യേശു അഭിമുഖീകരിച്ചതുപോലെ. ഒരു പരീക്ഷയില്‍ തോറ്റു പോയാല്‍ എന്താണു ചെയ്യാന്‍ കഴിയുക? അതേ പരീക്ഷ വീണ്ടും എഴുതണം. പാസ്സാകുമ്പോള്‍ മാത്രമേ ബിരുദം ലഭിക്കുകയുള്ളു. അതോടെ നാം ജയാളികള്‍ ആകും. ആ ബിരുദമാണ് ഏറ്ററ്വും പ്രാധാന്യമുള്ള ഒന്ന്. അതിനോടു താരതമ്യം ചെയ്താല്‍ മറ്റെല്ലാം ചവറാണ്. ”എന്നെ അനുഗമിക്ക” എന്ന് യേശു പറയുന്നത് നമ്മുടെ രക്ഷയുടെ നായകന്‍ എന്ന നിലയില്‍ അവിടുന്നു ചെയ്തതൊക്കെ ചെയ്യുവാനാണ്. അവിടുന്ന് അഭിമുഖീകരിക്കാത്ത ഒരു പരീക്ഷയിലൂടെയും കടക്കുവാന്‍ അവിടുന്നു നമ്മെ അനുവദിക്കുകയില്ല. അതുകൊണ്ടു നമുക്കു ധൈര്യത്തോടെ കൃപാസനത്തിങ്കലേക്കു കടന്നുചെന്നു ധൈര്യത്തോടെ നമ്മുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാവശ്യമായ കൃപയ്ക്കുവേണ്ടി അപേക്ഷിക്കാം. കഷ്ടം സഹിക്കേണ്ടതാവശ്യമാണെങ്കില്‍ നമുക്കു സഹിക്കാം. എന്നാല്‍ നമ്മുടെ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കുവാനാവശ്യമായ അനുസരണം പഠിക്കുന്ന കാര്യത്തില്‍ നാം ഉറച്ചിരിക്കുന്നു.

5:9-ല്‍ ”അനുസരണം പഠിച്ചു തികെഞ്ഞവനായി തന്നെ അനുസരിക്കുന്ന ഏവര്‍ക്കും നിത്യരക്ഷയ്ക്കു കാരണഭൂതനായിത്തീര്‍ന്നു” എന്നു നാം വായിക്കുന്നു. യേശു ഇപ്പോള്‍ അനുസരണത്തിന്റെ സര്‍വ്വകലാശാലയിലെ ഒരു പ്രഫസറായിത്തീര്‍ന്നിരിക്കുന്നു. ഏറ്റവും താഴത്തെ ക്ലാസു മുതല്‍ താന്‍ ഈ കലാശാലയില്‍ പഠിച്ച് ഏറ്റവും ഉയര്‍ന്ന തലം വരെ എത്തിക്കഴിഞ്ഞു- എല്ലാറ്റിലും പൂര്‍ണ്ണ അനുസരണമുള്ളവനായിക്കൊണ്ട്.

നാമും ദൈവഭൃത്യന്മാരെന്ന നിലയില്‍ അനുസരണത്തിന്റെ ഈ കലാശാലയില്‍ ഇളമുറക്കാരായ അദ്ധ്യാപകരായി വിളിക്കപ്പെട്ടിരിക്കുന്നു. കഷ്ടം സഹിച്ചുകൊണ്ട് അനുസരണം പഠിക്കുന്ന മുറയ്ക്ക് മറ്റുള്ളവരെയും അനുസരണത്തിലേക്കു നടത്തുവാന്‍ കഴിയുന്ന യഥാര്‍ത്ഥ ഭൃത്യന്മാരായിത്തീരുവാന്‍ സാധിക്കും. ഇതാണ് യഥാര്‍ത്ഥ ക്രിസ്തീയ ശുശ്രൂഷ. നിങ്ങള്‍ പരാജയപ്പെട്ടുകൊണ്ടിരുന്നാല്‍ എങ്ങനെ അദ്ധ്യാപകനായിത്തുടരുവാന്‍ കഴിയും? ”തന്നെ അനുസരിക്കുന്ന ഏവര്‍ക്കും അവന്‍ നിത്യരക്ഷയ്ക്കു കാരണഭൂതനായിത്തീര്‍ന്നു” (5:9). കഴിഞ്ഞകാല പാപത്തിന്റെ ശിക്ഷയില്‍ നിന്നുള്ള രക്ഷയെക്കുറിച്ചല്ല ഇവിടുത്തെ സൂചന. ദൈനംദിന ജീവിതത്തിലെ പാപത്തിന്റെ ശക്തിയില്‍ നിന്നുള്ള രക്ഷയെക്കുറിച്ചാണ്.

മല്‍ക്കിസേദെക്കിന്റെ ക്രമപ്രകാരം ഒരു മഹാപുരോഹിതനായിട്ടായിരുന്നു യേശുവിനെ ദൈവം നിയമിച്ചത് (5:10). ദൈവത്തെ അനുസരിച്ചിരുന്ന ഒരു മനുഷ്യന്‍ എന്ന നിലയിലാണു പഴയ നിയമത്തില്‍ നാം മല്‍ക്കീസേദെക്കിനെ കാണുന്നത് (ഉല്പ.14:18). തനിക്ക് മുന്‍കാലത്ത് ഒരു പരിചയവുമില്ലാതിരുന്ന ഒരു ആള്‍ക്ക് (അബ്രാഹാമിന്) കുറച്ച് ഭക്ഷണം കൊണ്ടു കൊടുക്കുവാന്‍ ദൈവം കല്പിച്ചപ്പോള്‍ മല്‍ക്കീസേദെക്ക് അത് അനുസരിച്ചു. അതെക്കുറിച്ചു എബ്രാ.5:11ല്‍ നാം ഇങ്ങനെ വായിക്കുന്നു. ”ഇതിനെക്കുറിച്ചു ഞങ്ങള്‍ക്കു വളരെ പറയുവാനുണ്ട്. പക്ഷേ കേള്‍ക്കുവാനുള്ള താത്പര്യം നിങ്ങള്‍ക്ക് ഇല്ലാത്തതുകൊണ്ട് വിവരിച്ചു തരുവാന്‍ പ്രയാസമാണ്.” ദൈവഭക്തിയെക്കുറിച്ചും ജയകരമായ ജീവിതത്തെക്കുറിച്ചുമൊന്നും താല്പര്യമുള്ളവരായിരുന്നില്ല അവര്‍. ദൈവഭക്തിക്കുള്ള താത്പര്യം ഇല്ലാത്തവരെ അതു പഠിപ്പിക്കുന്നതിനെക്കുറിച്ചു നിങ്ങള്‍ക്കു സങ്കല്‍പിക്കുവാന്‍ കഴിയുമോ? ലോകകപ്പില്‍ നടക്കുന്ന ഒരു കളിയുടെ സ്‌കോര്‍ അറിയുന്നതില്‍ മുഴുകിയിരിക്കുന്ന കുട്ടികളെ ഏതോ ഗൗരവമുള്ള ഒരു വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ അവസ്ഥപോലെയാണത്. അദ്ധ്യാപകന്‍ കണക്കോ ശാസ്ത്രമോ ഒക്കെയാണു പഠിപ്പിക്കുന്നത്. അതൊന്നും ആരും ശ്രദ്ധിക്കുന്നില്ല. അവരുടെ മനസ്സു മുഴുവന്‍ കളിയിലാണ്. മിക്ക വിശ്വാസികളും അങ്ങനെയാണ്. അവര്‍ ഉദ്യോഗക്കയറ്റത്തെക്കുറിച്ചും വീടു പണിയുന്നതിനെക്കുറിച്ചും വിവാഹം കഴിക്കുന്നതിനെക്കുറിച്ചുമൊക്കെയാണു ചിന്തിക്കുന്നത്. അവയെക്കുറിച്ചു ചിന്തിക്കുന്നതു തെറ്റല്ല. പക്ഷേ ദൈവഭക്തിക്കു മുന്‍ഗണന കൊടുക്കാത്ത ഒരു മനസ്സിന് ഈ സത്യങ്ങളെ ഗ്രഹിക്കുവാനുള്ള പ്രാപ്തി ഉണ്ടാവില്ല.

ഗവേഷണങ്ങളില്‍ മുഴുകിയിരിക്കുന്ന ശാസ്ത്രജ്ഞരെ ശ്രദ്ധിക്കുക. അവര്‍ രാത്രി വളരെ വൈകിയും എന്തെങ്കിലും കണ്ടെത്താന്‍ കഴിയുമെന്ന ഭ്രാന്തമായ ആവേശത്തോടെ ഗവേഷണം നടത്തുന്നു. അപ്രകാരമൊരു ആവേശത്തോടെ ദൈവഭക്തിക്കുവേണ്ടി നിങ്ങള്‍ ദൈവവചനം അന്വേഷിക്കുന്നു എങ്കില്‍ അതിന്റെ രഹസ്യങ്ങള്‍ നിങ്ങള്‍ കണ്ടെത്തും. വിശുദ്ധിക്കുവേണ്ടി അപ്രകാരമുള്ള ഒരു തീഷ്ണത ഇല്ലാത്തവരോട് ഇക്കാര്യങ്ങള്‍ വിവരിക്കുക പ്രയാസമാണ്.


പക്വതയിലേക്കുള്ള വളര്‍ച്ച

ഈ എബ്രായക്രിസ്ത്യാനികളെക്കുറിച്ചു പറഞ്ഞാല്‍ അവര്‍ പാല്‍ മാത്രം ദഹിക്കുന്ന ശൈശവാവസ്ഥയ്ക്ക് അപ്പുറത്തേക്ക് കട്ടിയുള്ളതൊന്നും കഴിക്കുവാന്‍ തക്ക വളര്‍ച്ച ലഭിച്ചവരായിരുന്നില്ല. പാല്‍ കുടിക്കുന്നവരൊക്കെയും നീതിയുടെ വചനത്തില്‍ പരിചയമില്ലാത്തവരത്രെ (എബ്രാ. 5:12,13). 25 വര്‍ഷത്തിലധികമായി സഭയിലിരിക്കുന്നു എങ്കിലും കട്ടിയുള്ള ആഹാരം കഴിക്കുവാന്‍ പ്രാപ്തിയില്ലാത്തവര്‍ ഇന്നും സഭകളിലുണ്ട്. പാല്‍ എന്ന അടിസ്ഥാന ഉപദേശങ്ങള്‍ മാത്രം കേള്‍ക്കുന്നതില്‍ അവര്‍ തൃപ്തരാണ്- മാനസാന്തരം, യേശുവിലുള്ള വിശ്വാസം, പാപക്ഷമ, ജലസ്‌നാനം, പരിശുദ്ധാത്മസ്‌നാനം മുതലായവ. അവര്‍ക്കാവശ്യമുള്ളത് അതു മാത്രമാണ്. നീതിയുടെ വചനത്തില്‍ അവര്‍ അല്പവും താത്പര്യമുള്ളവരല്ല. ഇക്കാലമത്രയും കൊണ്ട് ഈ അനുസരണത്തിന്റെ കലാശാലയില്‍ അദ്ധ്യാപകരായിരിക്കേണ്ടതായിരുന്നു. എന്നാല്‍ ഇന്നും നിലത്തെഴുത്തുക്ലാസുകളില്‍ ”അ ഇ ഉ എ” മുതലായി ക്രിസ്തീയ ജീവിതത്തിലെ പ്രാഥമിക പാഠങ്ങളില്‍ തൃപ്തരായിക്കഴിയുകയാണ്.

അനേകം സഭകളും വെറും ശിശുക്കളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. എല്ലാ ഞായറാഴ്ച പ്രഭാതങ്ങളിലും തങ്ങളുടെ പാല്‍ക്കുപ്പി നുകര്‍ന്നു കൊണ്ടിരിക്കുന്ന അനേകം ശിശുക്കളെ നിങ്ങള്‍ക്കു കാണുവാന്‍ കഴിയും. ദൈവവചനത്തിലെ ആഴമേറിയ സത്യങ്ങള്‍ കേള്‍ക്കുവാന്‍ അവര്‍ക്കു കാതുകളില്ല. അവര്‍ക്കു പക്വത പ്രാപിക്കുന്നതിനെക്കുറിച്ചു കേള്‍ക്കുവാന്‍ താത്പര്യമില്ല. കട്ടിയുള്ള ആഹാരം നന്മതിന്മകളെ തിരിച്ചറിയുവാന്‍ തക്കവണ്ണം തങ്ങളുടെ ഇന്ദ്രിയങ്ങളെ പരിശീലിപ്പിച്ചവര്‍ക്കേ കഴിയൂ (5:14). അതിനര്‍ത്ഥം വിവിധ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എന്താണ് ദേഹീപരമായത് (മാനുഷികം) എന്താണ് ആത്മീയമായത് (ദൈവികം)എന്നു തിരിച്ചറിയുവാന്‍ തക്കവണ്ണം അവര്‍ തങ്ങളുടെ ഇന്ദ്രിയങ്ങളെ അഭ്യസിപ്പിച്ചു. അവര്‍ ദൈവികമായവയെ മാത്രം തിരഞ്ഞെടുത്തു. ഉദാഹരണത്തിന് സംസാരത്തില്‍ പാപകരമായ സംഭാഷണങ്ങളെ മാത്രമല്ല അവര്‍ ഒഴിവാക്കിയത് മാനുഷികമായ പ്രതികരണങ്ങള്‍ പോലും ഒഴിവാക്കി. ക്രിസ്തു തുല്യമായ വാക്കുകളും പ്രതികരണങ്ങളും അഭ്യസിച്ചു. തങ്ങളുടെ ജഡികമായ വാക്കുകളെയും പ്രവൃത്തികളെയും നീതീകരിച്ചുകൊണ്ട് ഒരു ക്രിസ്ത്യാനി ”നമ്മളൊക്കെ മനുഷ്യരല്ലേ” എന്നു പറയുമ്പോള്‍ അയാള്‍ വെറുമൊരു ശിശുവിനെപ്പോലെ പെരുമാറുന്നു. പൗലൊസ് കൊരിന്ത്യരെ ”നിങ്ങള്‍ സാധാരണ മനുഷ്യരെപ്പോലെയല്ലേ നടക്കുന്നത്?” എന്നു ശകാരിക്കുന്നു (1 കൊരി. 3:3). ആദാമ്യ മക്കളായ സാധാരണ മനുഷ്യരെപ്പോലെ നടക്കുന്നതു തെറ്റാണ്. നാം തീര്‍ച്ചയായും ക്രിസ്തുവിനെപ്പോലെ പെരുമാറേണ്ടവരാണ്.

നിങ്ങള്‍ ദൈവവചനം ശുശ്രൂഷിക്കുമ്പോള്‍ നിങ്ങള്‍ സംസാരിക്കുന്നതു മനുഷ്യരെപ്പോലെയോ യേശുവിനെപ്പോലെയോ? പ്രസംഗപീഠത്തില്‍ സംസാരിക്കുവാന്‍ നില്‍ക്കുന്ന ഏതൊരു വ്യക്തിയും ”കര്‍ത്താവേ, അങ്ങു പ്രസംഗിച്ചതുപോലെ പ്രസംഗിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു” എന്നു പ്രാര്‍ത്ഥിക്കണം. ഒരു യുവാവായിരിക്കുമ്പോള്‍ കര്‍ത്താവ് എന്നെ പ്രസംഗിക്കുവാനായി വിളിച്ചു. ഞാന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ”കര്‍ത്താവേ, അങ്ങു പ്രസംഗിച്ചതുപോലെ എനിക്കു പ്രസംഗിക്കണം”. ഭൂമിയില്‍ ആരെയും മാതൃകയാക്കുവാന്‍ എനിക്കു താത്പര്യമില്ലായിരുന്നു. യേശു എങ്ങനെയാണു പ്രസംഗിച്ചതെന്നറിയുവാന്‍ ഞാന്‍ നാലു സുവിശേഷങ്ങളും അരിച്ചു പെറുക്കിക്കൊണ്ടിരുന്നു. അങ്ങനെ യേശു എന്റെ മാതൃകയായിത്തീര്‍ന്നു. ദേഹീപരമായ പ്രസംഗങ്ങളും ആത്മീയമായ പ്രസംഗവും തമ്മില്‍ വിവേചിച്ചറിയുവാനുള്ള കഴിവു നിങ്ങള്‍ക്കുണ്ടാകുവാന്‍ ഞാന്‍ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു. അപ്രകാരം തന്നെ ദേഹീപരമായ ജീവിതവും ആത്മീയതയില്‍ അധിഷ്ഠിതമായ ജീവിതവും തിരിച്ചറിയുവാനുള്ള വിവേചനവും. നമ്മുടെ ആത്മാവിന്റെ ഇന്ദ്രിയങ്ങളെ അപ്രകാരമുള്ള വിവേചനശക്തിയില്‍ വളര്‍ത്തിയെടുക്കേണ്ടതുണ്ട്.

6:1-3 ല്‍ പക്വതയിലേക്കു വളരുന്നതിനെക്കുറിച്ചാണ് ഈ ലേഖനകര്‍ത്താവ് പറയുന്നത്. 5-ാം അദ്ധ്യായത്തില്‍ പാലുകുടിക്കുന്നതിനെക്കുറിച്ചും ദൃഷ്ടാന്തങ്ങള്‍ പറഞ്ഞു. ഇപ്പോള്‍ രണ്ടു ദൃഷ്ടാന്തങ്ങള്‍ കൂടി നല്‍കുകയാണ്. പ്രാഥമിക പാഠങ്ങള്‍ (ആദ്യവചനം) ഉന്നതപാഠങ്ങള്‍ (പരിജ്ഞാന പൂര്‍ത്തി) എന്നിവയാണവ. കെട്ടിടത്തിന്റെ അടിസ്ഥാനം പണിയുന്നതും അതിനുമേല്‍ കെട്ടിടം പണിതുയര്‍ത്തുന്നതും മറ്റൊരുദാഹരണം. ഇവയെല്ലാം ശിശുക്കളെയും വളര്‍ച്ച പ്രാപിച്ചു പക്വതയിലെത്തിയവരെയും കുറിക്കുന്നു. ഇതൊക്കെ പരീക്ഷയുടെ സമയങ്ങളിലാണ് വെളിപ്പെടുക. പക്വത പ്രാപിച്ച ഒരു വിശുദ്ധന്റെ ശോധനകളിലെ പ്രതികരണം ക്രിസ്തു തുല്യമായിരിക്കും. ശിശുക്കള്‍ സാധാരണ മനുഷ്യരെപ്പോലെ പെരുമാറും.

പല വിശ്വാസികളും ദൈവിക രീതിയിലല്ല മാനുഷികരീതിയില്‍ പ്രതികരിക്കുന്നവരാണ്. നമുക്കു സ്വയം ശോധന ചെയ്യാം. ഉദാഹരണത്തിന് ഒന്നിച്ചു കൂടിയുള്ള സംഭാഷണങ്ങളില്‍ നിങ്ങള്‍ പറഞ്ഞ ഒരു തമാശ കൂട്ടുകാരനെ വിഷമിപ്പിച്ചു എന്നു കരുതുക. ഉടന്‍ തന്നെ നിങ്ങള്‍ സ്വയം ഇങ്ങനെ ചോദിക്കുവാന്‍ തയ്യാറാകുമോ?: ‘യേശുവായിരുന്നുവെങ്കില്‍ ഇപ്രകാരം തമാശ പറയുമായിരുന്നോ?’ ഇത്തരം ചോദ്യങ്ങള്‍ നിങ്ങള്‍ സ്വയം ചോദിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ മാനുഷിക സ്വഭാവം സംബന്ധിച്ച് നിങ്ങള്‍ക്ക് വെളിച്ചം ലഭിക്കുകയില്ല. നിങ്ങള്‍ ആത്മീയമായി ശൈശവാവസ്ഥയില്‍ത്തന്നെ തുടരും. ഓരോ ദിവസവും പല തവണ നിങ്ങളുടെ പ്രവര്‍ത്തന പ്രതികരണങ്ങളെ ഇപ്രകാരം ‘ആ സന്ദര്‍ഭങ്ങൡ യേശു ആയിരുന്നെങ്കില്‍’ എന്ന നിലയില്‍ വിലയിരുത്തുന്നതു നന്നായിരിക്കും. അപ്രകാരം ഒരിക്കലും വിലയിരുത്താത്തവര്‍ ഒരിക്കലും വളരുകയില്ല. അങ്ങനെ വന്നാല്‍ അടിസ്ഥാനം മാത്രം പണിതിട്ടു കെട്ടിടം പണിയാതിരുന്ന ഒരാളെപ്പോലെയാകും. എന്നും പാല്‍ മാത്രം കുടിക്കുകയും നഴ്‌സറിസ്‌കൂളില്‍ കളിയും പാട്ടും മാത്രം നടത്തുന്ന ഒരു ശിശുവിനെപ്പോലെയോ ഒക്കെ ആയിരിക്കും. എന്നാല്‍ നിങ്ങള്‍ പരിശുദ്ധാത്മാവിനെ കേള്‍ക്കുകയും മുമ്പോട്ടുള്ള വളര്‍ച്ചയില്‍ ഗൗരവത്തോടെ പാഠങ്ങള്‍ പഠിക്കയും ചെയ്യുന്ന ഒരാളെങ്കില്‍ വേഗത്തില്‍ പക്വത പ്രാപിക്കും.

മറ്റൊരു ഉദാഹരണം ശ്രദ്ധിക്കു: പക്വത പ്രാപിക്കുന്നതു 10,000 മീറ്റര്‍ ഉയരമുള്ള ഒരു പര്‍വതം കയറുന്നതുപോലെയാണെന്നു കരുതുക. യേശു അതിന്റെ നിറുകയിലെത്തിക്കഴിഞ്ഞു. വീണ്ടും ജനിക്കുമ്പോള്‍ നാം ആ പര്‍വതത്തിന്റെ ചുവട്ടിലാണ്. എന്റെ ലക്ഷ്യം എത്രസമയമെടുത്താലും ആ പര്‍വതത്തിന്റെ നെറുകയിലെത്തുക എന്നതുതന്നെ. അപ്പോള്‍ എന്നെക്കാള്‍ ഇളയ വിശ്വാസികളോടു എനിക്കു പറയുവാന്‍ കഴിയും. ‘ഞാന്‍ ക്രിസ്തുവിന്റെ അനുഗാമി ആയിരിക്കുന്നതുപോലെ എന്നെ അനുഗമിക്കുക'(1കൊരി. 11:1)-നാം ഒരു പക്ഷേ കയറിയതു 100 മീറ്റര്‍ മാത്രമായിരിക്കും. എങ്കിലും പ്രാഗല്ഭ്യത്തോടെ നമുക്കു മറ്റുള്ളവരോട് നമ്മെ അനുകരിക്കുവാന്‍ പറയാന്‍ കഴിയും.

എന്താണ് അടിസ്ഥാനം? എന്താണ് പാല്‍? നഴ്‌സറി ക്ലാസുകളില്‍ നാം എന്താണു പഠിക്കുന്നത്? ഒന്നാമതായി, മാനസാന്തരം (6:1). പാപത്തില്‍ നിന്നു മാത്രമല്ല നിര്‍ജ്ജീവ പ്രവൃത്തികളില്‍ നിന്നുപോലും പിന്‍തിരിയുന്ന ഒന്നാണു മാനസാന്തരം. പഴയനിയമകാലത്ത് അവര്‍ക്കു നല്ല പ്രവൃത്തികളും തിന്മ പ്രവൃത്തികളും എന്നിങ്ങനെ രണ്ടു തരംതിരിവുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ പുതിയ നിയമത്തില്‍ നമുക്കു നന്മപ്രവൃത്തികള്‍, തിന്മപ്രവൃത്തികള്‍, നിര്‍ജ്ജീവപ്രവൃത്തികള്‍ എന്നിങ്ങനെ മൂന്നു തരംതിരിവുകളുണ്ട്. നിര്‍ജ്ജീവപ്രവൃത്തികള്‍ എന്നാല്‍ തെറ്റായ ഉദ്ദേശ്യത്തോടെ ചെയ്യുന്ന നല്ല പ്രവൃത്തികളാണ്. ഉദാഹരണമായി ദൈവവചനം ശുശ്രൂഷിക്കുന്നതു വളരെ നല്ല പ്രവൃത്തിയാണ്. എന്നാല്‍ ആരെങ്കിലും അതു ചെയ്യുന്നതു പണത്തിനു വേണ്ടിയോ പ്രശസ്തിക്കുവേണ്ടിയോ ആകുമ്പോള്‍ അതു നിര്‍ജ്ജീവമായിത്തീരുന്നു. ദൈവവേലയ്ക്കു സംഭാവനകള്‍ നല്‍കുന്നവര്‍ സന്തോഷത്തോടെയല്ലാതെ നല്‍കുമ്പോള്‍ അതു നിര്‍ജ്ജീവമായിത്തീരുന്നു. അത്തരം ധാരാളം ഉദാഹരണങ്ങളുണ്ട്. വിശ്വാസം കൂടാതെ നിങ്ങള്‍ ചെയ്യുന്ന പ്രവൃത്തികള്‍, സന്തോഷമില്ലാതെ ചെയ്യുന്ന പ്രവൃത്തികള്‍- എല്ലാം നിര്‍ജ്ജീവമാണ്. എന്നാല്‍ അവയൊക്കെ മറ്റുള്ളവര്‍ക്കു നല്ല പ്രവൃത്തികളായിത്തന്നെ തോന്നുന്നു. അത്തരം നിര്‍ജ്ജീവപ്രവൃത്തികളില്‍നിന്നും നാം മാനസാന്തരപ്പെടേണ്ടതുണ്ട്. സ്വാര്‍ത്ഥ ലക്ഷ്യങ്ങളില്‍ നിന്നും നാം മാനസാന്തരപ്പെടേണ്ടതുണ്ട്.

അടിസ്ഥാനത്തിലെ മറ്റുപാഠങ്ങള്‍ യേശുവിലെ വിശ്വാസം, ജലസ്‌നാനം, പരിശുദ്ധാത്മസ്‌നാനം, കൈവയ്പ്(പരിശുദ്ധാത്മവരങ്ങള്‍ പ്രാപിക്കുന്നത്), കര്‍ത്താവിന്റെ വരവില്‍ പുനരുത്ഥാനം പ്രാപിക്കുന്നതിനുവേണ്ടിയുള്ള കാത്തിരിപ്പ്, അന്തിമന്യായവിധിക്കുള്ള ഒരുക്കം (2 കൊരി. 5:10) മുതലായവയാണ്. എന്നാല്‍ ഇവയൊക്കെ പ്രാഥമികപാഠങ്ങളാണ്. ഇവയെക്കുറിച്ചുള്ള പഠനങ്ങളില്‍ ആവര്‍ത്തിച്ച് മുഴുകുന്നവര്‍ നഴ്‌സറി ക്ലാസുകളില്‍ത്തന്നെയാണ്.അവരുടെ വീടുപണി അടിസ്ഥാനം വിട്ടു മുകളിലേക്കുയരുന്നില്ല. ഇവയൊക്കെ വിട്ടു നാം നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും യേശുവിനെപ്പോലെ ആയിത്തീരുക എന്ന പരിജ്ഞാനപൂര്‍ത്തിയിലേക്കു വളരേണ്ടതായിട്ടുണ്ട്.

എബ്രായലേഖന കര്‍ത്താവിന്റെ യഥാര്‍ത്ഥത്തിലുള്ള ഭാരം വിശ്വാസികള്‍ പാല്‍കുടിക്കുന്ന തലത്തില്‍ നിന്നും കട്ടിയായുള്ള ആഹാരം കഴിക്കുന്ന തലത്തിലേക്കു വളരണമെന്നതാണ്. അടിസ്ഥാനം പിന്നേയും പിന്നേയും പണിതുകൊണ്ടിരിക്കാതെ കെട്ടിടത്തിന്റെ മുകളിലത്തെ പണിയിലേക്കു പുരോഗമിക്കണമെന്നതാണ്. പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉന്നതവിദ്യാഭ്യാസതലത്തിലേക്കു കടക്കണമെന്നതാണ്. നമ്മുടെ ഭൗതികജീവിതത്തില്‍ ആരും തന്നെ എന്നും ശൈശവാവസ്ഥയില്‍ തുടരുവാന്‍ ആഗ്രഹിക്കുന്നില്ല. നഴ്‌സറി വിദ്യാഭ്യാസം കൊണ്ടു നിര്‍ത്തുവാനും ആരും ആഗ്രഹിക്കുന്നില്ല. അടിസ്ഥാനം മാത്രം പണിയുവാന്‍ ആരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ വിശ്വാസജീവിതത്തില്‍ അനേകരും ചെയ്യുന്നത് അതാണ്. അനേകരും അവിടം കൊണ്ടു തൃപ്തി അടയുന്നു. അനേകം പ്രസംഗകരും പാസ്റ്റര്‍മാര്‍ പോലും ശൈശവാവസ്ഥയിലാണ്. അതിന്റെ ഫലം അവരുടെ സഭകളിലും നിറയെ ശിശുക്കളാണ് എന്നതാണ്.

6:2 ല്‍ ‘നാം പരിജ്ഞാനപൂര്‍ണ്ണതയിലേക്കു വളരുവാന്‍ ഉത്സാഹിക്ക’ എന്ന ആഹ്വാനം കാണുന്നു. അടിസ്ഥാന ഉപദേശങ്ങള്‍ മാത്രം നാം മുറുകെ പിടിച്ചുകൊണ്ടാല്‍ നമ്മുടെ പ്രസംഗങ്ങളിലൂടെ നാം ശിശുക്കളെ താലോലിക്കുന്നവരായി മാത്രം തീരും. പുതിയ ഉടമ്പടിയുടെ പ്രധാന സന്ദേശം ആളുകള്‍ക്കു പാപക്ഷമ ലഭിച്ചിരിക്കുന്നു എന്നതു മാത്രമല്ല. അങ്ങനെയെങ്കില്‍ നാം വീണ്ടും വീണ്ടും അധികം ശിശുക്കളെ ഉത്പാദിപ്പിക്കുക എന്നു വചനത്തിലും കാണുമായിരുന്നു. എന്നാല്‍ ‘പരിജ്ഞാനപൂര്‍ത്തി പ്രാപിക്കുവാന്‍ ഉത്സാഹിക്കു’വാനാണ് വചനം നമ്മോടു പറയുന്നത്. ഓരോ ശിശുവും പുരുഷനായി വളര്‍ച്ച പ്രാപിക്കേണ്ടതുണ്ട്.

സഭകളില്‍ അധികവും ശിശുക്കളായിരിക്കുന്നതുകൊണ്ടാണ് വഴക്കും വ്യവഹാരങ്ങളും പെരുകുന്നത്. നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ പോലും വ്യഭിചാരത്തിലും പണക്കൊതിയിലും തമ്മിലടിയിലും വീണുപോകുന്നു. കുട്ടികള്‍ എപ്പോഴും തമ്മിലടിച്ചുകൊണ്ടിരിക്കും. നാം വളര്‍ന്നു പക്വത പ്രാപിക്കുമ്പോള്‍ സഭയിലെ സ്ഥാനങ്ങള്‍ക്കോ പദവിക്കോ മോഹിച്ചു നാം കലഹിക്കുന്നില്ല. സഭയില്‍ സ്ഥാനവും മാനവും മോഹിക്കുന്നവര്‍, അതിനുവേണ്ടി കലഹിക്കുന്നവര്‍ ശിശുക്കള്‍ തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ നേതൃത്വത്തിലിന്നു കാണുന്ന അനേകരും ശിശുക്കള്‍തന്നെയാണ്. ശിശുക്കളെക്കൊണ്ട് ഒരു സഭ പണിയുക എന്നാല്‍ ചുമരുകളും മേല്‍ക്കൂരയുമില്ലാതെ വെറും അടിത്തറമാത്രം കൊണ്ട് ഒരു വീടു പണിയുന്നതു പോലെയാണ്.


നമുക്കു വീണു നഷ്ടമാകുവാന്‍ കഴിയുമോ?

പരിജ്ഞാനപൂര്‍ത്തി പ്രാപിക്കുന്നതിലേക്കു വളരുവാന്‍ ശ്രമിക്കാത്തതിന്റെ അപകടമെന്തെന്നു എബ്രായലേഖകന്‍ 6-ാം അദ്ധ്യായത്തില്‍ വിവരിക്കുന്നു. ഭൗതിക അടിത്തറകള്‍, ഒരു പക്ഷേ മുകളില്‍ ഒന്നും പണിതില്ലെങ്കിലും, ദീര്‍ഘകാലം കേടുകൂടാതെ ഇരിക്കുമായിരിക്കും. എന്നാല്‍ ആത്മീയതയില്‍ നാം കെട്ടിടം പണിയുന്നില്ലെങ്കില്‍ (പക്വത പ്രാപിക്കുവാന്‍ തക്കവണ്ണം വളരുന്നില്ലെങ്കില്‍) കുറച്ചുനാളുകള്‍ക്കുശേഷം അടിസ്ഥാനംപോലും ക്രമേണ നശിച്ചുപോകും. വിശ്വാസിക്കു രക്ഷ നഷ്ടമാകും. പരിശുദ്ധാത്മാവ് അവനെ വിട്ടുപോകും. തനിക്കുണ്ടായിരുന്ന മാനസാന്തരവും വിശ്വാസവുമൊക്കെ അവന് അന്യമായിത്തീരും. അതു സംഭവിക്കുന്നത് അനേകം ഇടങ്ങളില്‍ നാം കണ്ടിട്ടുണ്ട്.

6:4, 5 വാക്യങ്ങളില്‍ വീണ്ടും ജനിച്ച ഒരു വിശ്വാസിയെക്കുറിച്ചുള്ള അഞ്ചുകാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. ഒന്നാമതായി അയാള്‍ പ്രകാശനം ലഭിച്ചവനാണ്. തന്റെ ഹൃദയത്തിലെ ഇരുളിലേക്കു വെളിച്ചം കടന്നുവന്നവനാണ്. രണ്ടാമതായി യേശു ക്രിസ്തുവിലൂടെയുള്ള രക്ഷ എന്ന സ്വര്‍ഗ്ഗീയദാനം ആസ്വദിച്ചവനാണ്. മൂന്നാമതായി പരിശുദ്ധാത്മാവിനെ പ്രാപിച്ച വ്യക്തിയാണ് അയാള്‍. വെറും ഒരു നാമധേയക്രിസ്ത്യാനി അല്ല. നാലാമതായി ദൈവത്തിന്റെ നല്ല വചനങ്ങളെ രുചിച്ചവനാണ്. അഞ്ചാമതായി വരുവാനുള്ള ലോകത്തിന്റെ ശക്തിയെ ആസ്വദിച്ചറിഞ്ഞവനാണ്. അതിന്നര്‍ത്ഥം തന്റെ ജീവിതത്തില്‍ ദൈവത്തിന്റെ അത്ഭുത ശക്തിയെ അനുഭവിച്ചറിഞ്ഞിരിക്കുന്നു അയാള്‍. പല അത്ഭുതങ്ങളും സ്വന്തം ജീവിതത്തില്‍ അറിഞ്ഞിരിക്കുന്നു. അസാദ്ധ്യമായ സാഹചര്യങ്ങള്‍ക്കു മുമ്പില്‍ തന്റെ പ്രാര്‍ത്ഥനകള്‍ക്ക് അത്ഭുതകരമായ ഉത്തരങ്ങള്‍ അയാള്‍ പ്രാപിച്ചിരിക്കുന്നു. രോഗശാന്തി വരാനിരിക്കുന്ന ലോകത്തിന്റെ ശക്തിയാണ്. വരുവാനുള്ള ലോകത്തില്‍ എനിക്ക് ഉണ്ടാവുക രോഗപീഡകളില്ലാത്ത പൂര്‍ണ്ണ ആരോഗ്യമുള്ള ഒരു പുനരുത്ഥാനശരീരമായിരിക്കും. അത്തരം ഒരു ശരീരം ഇന്നെനിക്കുണ്ടാവുക അസാദ്ധ്യമാണ്. എന്നാല്‍ അതിനെ എനിക്കു രുചിച്ചറിയുവാന്‍ കഴിയും. രോഗസൗഖ്യത്തിലൂടെ അവിടെ വ്യാപരിക്കുന്ന ആ ജീവന്റെ ശക്തിയെയാണു ഞാന്‍ രുചിക്കുന്നത്. – അന്ന് ലഭ്യമാകുവാന്‍ പോകുന്ന ജീവന്റെ പൂര്‍ണ്ണതയുടെ ഒരു ചെറിയ പതിപ്പ്. എന്നാല്‍ എല്ലാ രോഗങ്ങളില്‍ നിന്നുമുള്ള സൗഖ്യം ഒരു അവകാശം പോലെ നമുക്കു ചോദിക്കുവാന്‍ കഴിയുകയില്ല. ദൈവം അവിടുത്തെ നന്മയിലും പരമാധികാരത്തിലും നമുക്കനുവദിക്കുന്നവ നമുക്കനുഭവിക്കുവാന്‍ കഴിയും. ഞാന്‍ രോഗിയാകുമ്പോള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ട്. ”കര്‍ത്താവേ, വരും കാലത്തില്‍ യേശുവിന്റെ പുനരുത്ഥാനശരീരത്തോട് എന്നെ അനുരൂപനാക്കുന്ന ആ പുനരുത്ഥാന ജീവന്റെ ഒരു സ്വാദ് എന്നിലേക്കയക്കേണമേ. അത് അതിന്റെ പൂര്‍ണ്ണതയില്‍ എനിക്കിപ്പോള്‍ സ്വന്തമാക്കുവാന്‍ കഴിയില്ല എന്നെനിക്കറിയാം. എങ്കിലും അതിന്റെ ഒരു സ്വാദ് യേശുവിന്റെ നാമത്തില്‍ നല്‍കേണമേ.” അതു ആര്‍ക്ക് എപ്പോള്‍ നല്‍കണമെന്നു തീരുമാനിക്കുന്നതു ദൈവം തന്റെ പരമാധികാരത്തിലാണ്. പല സമയത്തും എനിക്ക് അതു രുചിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇതൊക്കെയും ആസ്വദിച്ചിട്ടുള്ള ഒരു വ്യക്തിക്കും വീണുപോകുവാന്‍ കഴിയും- അയാള്‍ ദൈവകൃപയെ അവഗണിക്കയോ നിന്ദിക്കയോ മത്സരിക്കയോ ദുരുപയോഗം ചെയ്കയോ ചെയ്യുമ്പോള്‍ (6:4). ഇത് വീഴുകയും അനുതപിച്ചു മടങ്ങി വരികയും ചെയ്യുന്ന വ്യക്തികളെക്കുറിച്ചല്ല പറഞ്ഞിരിക്കുന്നത്. അതു നമുക്കൊക്കെ സംഭവിച്ചിട്ടുള്ളതാണ്. ഇവിടെ പറഞ്ഞിരിക്കുന്നത് മടങ്ങിവരാതെ പിന്മാറിപ്പോയവരെക്കുറിച്ചാണ്.

അങ്ങനെ ഒരു വിശ്വാസിക്ക് അകന്നു പോകുവാന്‍ കഴിയും എന്നു ദൈവവചനം പറയുന്നതുകൊണ്ട് തന്നെ ഞാന്‍ അതു വിശ്വസിക്കുന്നു. ഒരു കാര്യം സാദ്ധ്യമാണെന്നു ദൈവംതന്നെ പറയുമ്പോള്‍ അക്കാര്യം സാദ്ധ്യമായിരിക്കുകതന്നെ ചെയ്യും. നിങ്ങളുടെ ധാരണകള്‍ അതിനോടു വിയോജിക്കുന്നു എങ്കില്‍ നിങ്ങളുടെ വേദശാസ്ത്രം തെറ്റാണെന്നും ദൈവം തന്നെയാണു ശരി എന്നും അംഗീകരിക്കുക. പലരും ബൈബിളിനെ സമീപിക്കുന്നത് അത് ഇന്നതാണു പറയുന്നത് എന്ന മട്ടിലുള്ള മുന്‍വിധിയോടെയാണ്. അങ്ങനെ വരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ ബൈബിള്‍ എന്തുപറയുന്നു എന്നത് അവര്‍ ഒരിക്കലും ഗ്രഹിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ ബൈബിള്‍ പറയുന്നതെന്തെന്നു ഗ്രഹിക്കണമെങ്കില്‍ നിങ്ങള്‍ ഒരു തുറന്ന മനസ്സോടെ അതിനെ സമീപിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ മുന്‍ ധാരണകളെ ഒക്കെ മാറ്റി നിര്‍ത്തുക. ”കര്‍ത്താവേ, എന്റെ കണ്ണു തുറക്കേണമേ. ഒരു പക്ഷേ ഞാന്‍ അറിഞ്ഞിട്ടുള്ളതൊക്കെയും വിശ്വസിച്ചിട്ടുള്ളതൊക്കെയും തെറ്റായിരിക്കാന്‍ ഇടയുണ്ട്.” എന്നു കര്‍ത്താവിനോടു പറയുക. ബൈബിള്‍ എഴുതപ്പെട്ടിരിക്കുന്നത് ചിന്തകന്മാര്‍ക്കോ പണ്ഡിതര്‍ക്കോ വേണ്ടിയല്ല. മീന്‍പിടിത്തക്കാരെപ്പോലെ ശുദ്ധമനസ്‌കരും ലാളിത്യമുള്ളവരുമായ സാധാരണക്കാര്‍ക്കുവേണ്ടിയാണ്. ദൈവം തന്റെ സത്യങ്ങളെ ജ്ഞാനികളില്‍നിന്നും കുശാഗ്രബുദ്ധികളില്‍നിന്നും മറച്ചുവയ്ക്കുകയും ശിശുക്കളെപ്പോലെ താഴ്മയുള്ളവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്യുന്നു. (മത്താ.11:25).

എന്തുകൊണ്ടാണ് ചില വിശ്വാസികള്‍ വീണുപോകുന്നത്? അവര്‍ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും (6:6) ആയിപ്പോകുന്നത് എന്തുകൊണ്ട്? ‘വീണ്ടും ക്രൂശിക്കുക’-എന്താണതിനര്‍ത്ഥം? യേശു ക്രൂശിക്കപ്പെട്ടതു പാപം മൂലമാണ്. അതുകൊണ്ട് തന്റെ പാപങ്ങള്‍ക്കുവേണ്ടി യേശു മരിച്ചു എന്നു വിശ്വസിച്ച് ഏറ്റു പറഞ്ഞ ഒരു വിശ്വാസി തന്റെ ജീവിതത്തില്‍ പാപത്തെ ലഘുവായി കാണുകയും വീണ്ടും വീണ്ടും മനപ്പൂര്‍വ്വം പാപം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നാല്‍ അവന്‍ ദൈവകൃപയെ നിന്ദിക്കുകയും ദൈവപുത്രനെ വീണ്ടും ക്രൂശിക്കുകയുമാണ് ചെയ്യുന്നത്. മനപ്പൂര്‍വ്വമായി വീണ്ടും വീണ്ടും പാപം ചെയ്യുന്നതിലൂടെ ”അവനെ ക്രൂശിക്ക, അവനെ ക്രൂശിക്ക” എന്നു വിളിച്ചു പറയുകയാണു ചെയ്യുന്നത് – യേശുവിന്റെ കാലത്ത് ആള്‍ക്കൂട്ടം വിളിച്ചു പറഞ്ഞതുപോലെ.

മനുഷ്യര്‍ പാപം ചെയ്തിരുന്നില്ലെങ്കില്‍ യേശു ക്രൂശിക്കപ്പെടേണ്ടി വരില്ലായിരുന്നു. കൊച്ചുകുട്ടികളോടു ഞാന്‍ സുവിശേഷം പറയുമ്പോള്‍ ഇങ്ങനെ പറയാറുണ്ട്: ”ലോകത്തില്‍ മറ്റെല്ലാവരും പാപം ചെയ്യാത്ത നീതിമാന്മാരും നീ മാത്രം പാപം ചെയ്ത ഒരേ ഒരു കുട്ടിയും ആയിരുന്നു എങ്കില്‍ക്കൂടിയും യേശു നിനക്കുവേണ്ടി മാത്രമായി ഭൂമിയില്‍ വരുമായിരുന്നു. നിന്റെ പാപത്തിനുവേണ്ടി മാത്രമായി മരിക്കുമായിരുന്നു. അങ്ങനെയെങ്കില്‍ യേശു ആരുടെ പാപത്തിനുവേണ്ടിയാണ് മരിച്ചത്? നിന്റെ പാപത്തിനുവേണ്ടി, നിന്റെ മാത്രം പാപത്തിനുവേണ്ടി.”

ലോകത്തിന്റെ മുഴുവന്‍ പാപത്തിനുവേണ്ടിയാണ് യേശു മരിച്ചത് എന്നു വിശ്വസിച്ചുകൊണ്ടുതന്നെ നിങ്ങള്‍ക്കു മാനസാന്തരപ്പെടാതെയിരിക്കുവാന്‍ കഴിയും. എന്നു നിങ്ങള്‍ യേശു മരിച്ചത് നിങ്ങളുടെ സ്വന്തം പാപങ്ങള്‍ക്കുവേണ്ടിയാണെന്നു കണ്ടെത്തുകയും വിശ്വസിക്കുകയും ചെയ്യുന്നുവോ അന്നു മാത്രമെ നിങ്ങള്‍ക്കു മാനസാന്തരപ്പെടുവാന്‍ കഴിയുകയുള്ളു. നിങ്ങളുടെ പാപങ്ങളാണു യേശുവിനെ ക്രൂശില്‍ തറച്ചത്. അതുകൊണ്ടു തന്നെ ഓരോ തവണ നിങ്ങള്‍ പാപം ചെയ്യുമ്പോഴും നിങ്ങള്‍ യേശുവിനെ ക്രൂശിക്കുകയാണ്. പാപത്തില്‍ വഴുതിവീഴുന്നതിനെക്കുറിച്ചല്ല മനപ്പൂര്‍വ്വം പാപം ചെയ്യുന്നതിനെക്കുറിച്ചാണു ഞാന്‍ പറയുന്നത്. ഇതു തമ്മിലുള്ള വ്യത്യാസം അറിയാതെ ഒരാളിന്റെ കാലില്‍ ചവിട്ടുന്നതും അറിഞ്ഞുകൊണ്ടു ചവിട്ടുന്നതും പോലെയാണ്. ചിലപ്പോള്‍ നിങ്ങള്‍ അറിയാതെ കോപിച്ചുപോയേക്കാം. എന്നാല്‍ ചിലപ്പോള്‍ നിങ്ങള്‍ മനപ്പൂര്‍വ്വം കണക്കുകൂട്ടിത്തന്നെ പുറപ്പെട്ടുപോയി പാപം ചെയ്‌തേക്കാം. സംഭവിച്ചു പോകുന്നതും മനപ്പൂര്‍വ്വം ചെയ്യുന്നതുമായി വ്യത്യാസമുണ്ട്. നിങ്ങള്‍ അറിയാതെ യേശുവിന്റെ കയ്യില്‍ ഒരു ആണി തറയ്ക്കുന്നതും മനപ്പൂര്‍വ്വം ആണിയടിക്കുന്നതും തമ്മില്‍ ഗൗരവതരമായ വ്യത്യാസം ഉണ്ട്. നിങ്ങള്‍ മനപ്പൂര്‍വ്വമല്ലാതെ ലൈംഗികമോഹചിന്തകളിലേക്കു വീണുപോകാം. നിങ്ങള്‍ വായിച്ചുകൊണ്ടിരുന്ന മാസികയില്‍ നിങ്ങളെ ലൈംഗികമായി മോഹിപ്പിക്കുന്ന ഒരു ചിത്രമുണ്ടെന്നു നിങ്ങള്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ നിങ്ങള്‍ അതു കാണുകയും അതു നിങ്ങളെ ലൈംഗികമായി ഉണര്‍ത്തുകയും ചെയ്തു. അതുപോലെയല്ല അശ്ലീലമാസിക പണം കൊടുത്തു വാങ്ങിക്കൊണ്ടുവന്ന് അതിലേക്കു നോക്കിയിരിക്കുന്നത്. നിങ്ങള്‍ മനപ്പൂര്‍വ്വം പാപം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ യേശുവിന്റെ കൈകാലുകളിലേക്ക് ആണിയടിക്കുക കൂടിയാണു ചെയ്യുന്നത്. ദൈവപുത്രനെ തനിക്കു തന്നെ വീണ്ടും ക്രൂശിക്കുകയാണ്.

മനപ്പൂര്‍വ്വമായി വീണ്ടും വീണ്ടും പാപം ചെയ്തുകൊണ്ട് തന്റെ രക്ഷ നഷ്ടപ്പെടുത്തുവാന്‍ ഒരു വിശ്വാസിക്ക് സാദ്ധ്യമാണ്. ഉദാഹരണമായി ഒരു വ്യക്തിയോടു ക്ഷമിക്കുവാന്‍ ഒരു വിശ്വാസി തയ്യാറാകാതിരുന്നാല്‍ ദൈവം അയാളോടും ക്ഷമിക്കുകയില്ല (മത്താ. 6:15). അങ്ങനെ വന്നാല്‍ അയാള്‍ നഷ്ടപ്പെടുകയും നരകത്തില്‍ അവസാനിക്കുകയും ചെയ്യും- ഒരിക്കല്‍ അയാള്‍ രക്ഷിക്കപ്പെട്ട ദൈവപൈതലായിരുന്നു എങ്കിലും. യേശുവിനെ ക്രൂശിച്ചപ്പോള്‍ യേശു ഇപ്രകാരം പറഞ്ഞു: ”പിതാവേ, ഇവരോടു ക്ഷമിക്കേണമേ”. എന്നാല്‍ നിങ്ങള്‍ പറയുന്നു: ”ഇല്ല ഞാന്‍ ക്ഷമിക്കുകയില്ല” എന്ന്. അങ്ങനെ പറയുമ്പോള്‍ നിങ്ങള്‍ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുകയാണ്. അങ്ങനെ നിങ്ങള്‍ പിന്മാറിപ്പോകുവാന്‍ ഇടയാകുന്നു. സകല മനുഷ്യരുടെയും മുമ്പാകെ പരസ്യമായി ശരീരം മറയ്ക്കാന്‍ വസ്ത്രം പോലും നല്‍കാതെ കുരിശില്‍ തറച്ചിട്ടതു തികെച്ചും അപമാനകരമായ ഒരു കാര്യം തന്നെയായിരുന്നു യേശുവിന്. നിങ്ങള്‍ പാപം ചെയ്യുമ്പോള്‍ യേശുവിനെ വീണ്ടും അപമാനിക്കുകയാണ് (6:6). മനഃപൂര്‍വ്വമായ പാപങ്ങളെ നാം ആ രീതിയില്‍ കാണേണ്ടിയിരിക്കുന്നു. ഇങ്ങനെ യേശുവിനെ വീണ്ടും വീണ്ടും ക്രൂശിക്കുന്ന ഒരാളെ മാനസാന്തരത്തിലേക്കു കൊണ്ടുവരിക അസാദ്ധ്യമാണ്. എന്നാല്‍ അവന്‍ സുബോധത്തില്‍ വരികയും താന്‍ ചെയ്യുന്ന പാപത്തിന്റെ ഗൗരവം തിരിച്ചറിയുകയും താന്‍ വീണ്ടും യേശുവിനെ ക്രൂശിക്കുകയാണു ചെയ്യുന്നതെന്നു ഗ്രഹിക്കുകയും ചെയ്യുന്നു എങ്കില്‍ അവനു മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു മടങ്ങി വരുവാന്‍ കഴിയും.

എബ്രായര്‍ 6:7 ലെ സൂചന പാപം ചെയ്യുന്നവര്‍, തങ്ങള്‍ അനുഗ്രഹിക്കപ്പെടണമെന്നു മാത്രം ആഗ്രഹമുള്ളവരും ദൈവമഹത്വത്തിനായി ഫലം കായ്ക്കുവാന്‍ താത്പര്യമില്ലാത്ത വരുമാണെന്നതാണ്. അവര്‍ പെയ്യുന്ന മഴ കുടിക്കുന്നവരാണ്. എന്നാല്‍ മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമായ ഫലങ്ങള്‍ക്കു പകരം മുള്ളും പറക്കാരയും ഉത്പാദിപ്പിക്കുന്നവരുമാണ് (6:8). ദൈവം എങ്ങനെ സമ്പത്തും ആരോഗ്യവും നല്‍കി തന്നെ അനുഗ്രഹിക്കുമെന്ന വചനം കേള്‍ക്കുവാന്‍ കഴിയുന്ന യോഗങ്ങളില്‍ അവന്‍ സംബന്ധിക്കുന്നു. ‘പാപത്തില്‍ നിന്ന് എങ്ങനെ സ്വാതന്ത്ര്യം പ്രാപിക്കുവാന്‍ കഴിയും’ എന്ന വചനം സംസാരിക്കുന്ന യോഗങ്ങളില്‍ സംബന്ധിക്കുവാന്‍ അവന് താത്പര്യമില്ല. ദൈവം അവനെയും അനുഗ്രഹിക്കുന്നു. എന്നാല്‍ സ്വര്‍ഗ്ഗീയമായ അനുഗ്രഹമാരി കുടിച്ചിട്ട് അവന്‍ ഉത്പാദിപ്പിക്കുന്നതെന്താണ്? സ്‌നേഹമോ സന്തോഷമോ സമാധാനമോ ദീര്‍ഘക്ഷമയോ ദയയോ പരോപകാരമോ വിശ്വസ്തതയോ സൗമ്യതയോ ഇന്ദ്രിയജയമോ അല്ല കയ്പും ക്ഷമിക്കാത്ത മനോഭാവവും ലൈംഗിക പാപവും തന്നെ. അവന്‍ ദൈവകൃപയെ ഉപയോഗപ്പെടുത്തുകയും മാനസാന്തരപ്പെടാതിരിക്കുകയും ചെയ്യുന്നു. ഇതു തികെച്ചും അപകടകരമായ വഴിയാണ്.

പഴയ ഉടമ്പടിയിലെ അനുഗ്രഹങ്ങളെക്കാള്‍ ഉന്നതമാണ് പുതിയ ഉടമ്പടിയുടെ അനുഗ്രഹങ്ങള്‍. പുതിയ ഉടമ്പടിയില്‍ നിന്നു വീഴുന്ന വീഴ്ചയും വളരെ വലുതായിരിക്കും. മൂന്നുമീറ്റര്‍ ഉയരത്തില്‍ നിന്നു നിങ്ങള്‍ വീണാല്‍ നിങ്ങള്‍ക്കു പരുക്കു പറ്റും. പക്ഷേ നിങ്ങള്‍ക്കു ജീവഹാനി വരികയില്ല. എന്നാല്‍ നിങ്ങളുടെ വീഴ്ച മുന്നൂറു മീറ്റര്‍ ഉയരത്തില്‍ നിന്നാണെങ്കില്‍ അതു തീര്‍ച്ചയായും നിങ്ങളുടെ അവസാനമായിരിക്കും. പഴയ ഉടമ്പടിയിലെ ആളുകളായിരുന്ന ദാവീദും മറ്റും വ്യഭിചാരത്തില്‍ വീണപ്പോള്‍ അതൊരു മൂന്നു മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള വീഴ്ചയായിരുന്നു. അതു ഹാനികരമായിരുന്നെങ്കിലും ഗുരുതരമായിരുന്നില്ല. കാരണം ദാവീദില്‍ ദൈവം വലിയ പ്രവൃത്തി ഒന്നും ചെയ്തിരുന്നില്ല. എന്നാല്‍ ക്രിസ്തുവും പരിശുദ്ധാത്മാവും നമ്മെ സ്വര്‍ഗ്ഗത്തിലേക്ക് ഉയര്‍ത്തിയിരിക്കുന്നു. അവിടെ നിന്നു നാം വീഴുമ്പോള്‍ അത് ആത്മീയ മരണത്തിന്നിടയാക്കും.

ഒരു കഴുതയ്ക്ക് വലിയ ഔന്നത്യം പ്രാപിക്കാന്‍ കഴിയില്ല. അതു കൊണ്ടുതന്നെ അതിനു വലിയ ഉയരത്തില്‍ നിന്നു വീഴാനും കഴിയില്ല. അതുപോലെ ഒരു കഴുതയ്ക്ക് ഒരിക്കലും സാത്താനാകുവാന്‍ കഴിയില്ല. ദൈവത്തിന്റെ ഉന്നത സൃഷ്ടിയായ ദൂതനു മാത്രമേ സാത്താനാകുവാന്‍ കഴിഞ്ഞുള്ളൂ. ദൈവം നമ്മില്‍ ചെയ്യുന്ന പ്രവൃത്തിയുടെ ഔന്നത്യം എത്രയായിരിക്കുമോ അതിനനുസൃതമായിരിക്കും നമ്മുടെ വീഴ്ചയുടെ ആഘാതവും.


യിസ്രായേല്‍ മക്കളുടെ അനുസരണക്കേട് ഒന്‍പതു പ്രാവശ്യം ദൈവം ക്ഷമിച്ചു. പത്താം പ്രാവശ്യം അത് ആവര്‍ത്തിച്ചപ്പോള്‍ അവര്‍ കനാനില്‍ പ്രവേശിക്കേണ്ടെന്നു ദൈവം തീരുമാനിച്ചു (സംഖ്യാ. 14:22, 23). എന്നാല്‍ അവരുടെ നായകനായിരുന്ന മോശെയ്ക്ക് ഒരു പ്രാവശ്യം പോലും ദൈവം ഇളവനുവദിച്ചില്ല. ഒരു ഒറ്റപ്രാവശ്യത്തെ അനുസരണക്കേടു മതിയായിരുന്നു മോശെയുടെ കനാന്‍ പ്രവേശനം നിരസിക്കപ്പെടാന്‍ (സംഖ്യാ 20:12). എന്താണു വ്യത്യാസം? അധികം നല്‍കുന്നവനോടു ദൈവം അധികം ചോദിക്കും.

അതുകൊണ്ട് ഈ പുതിയ ഉടമ്പടിയുടെ കാലഘട്ടത്തില്‍ വ്യഭിചാരത്തില്‍ വീണു പോയ ഒരു സഭാനേതാവിനെ പഴയ ഉടമ്പടിയിലെ ദാവീദിനെപ്പോലെ നേതൃസ്ഥാനത്തേക്കു കൊണ്ടു വരുന്നത് ഉചിതമല്ല. അയാള്‍ അനുതപിക്കുന്നു എങ്കില്‍ സഭയിലേക്കു മടക്കിക്കൊണ്ടുവരാം. എന്നാല്‍ കൂട്ടായ്മയില്‍ നേതൃസ്ഥാനം പാടില്ല. ഔന്നത്യങ്ങളില്‍ നിന്നുള്ള വീഴ്ച ഗുരുതരം തന്നെ.

പഴയ ഉടമ്പടിയില്‍ ആളുകള്‍ മോശെയെ അനുഗമിച്ചിരുന്നു. എന്നാല്‍ നാം അനുഗമിക്കുന്നതു യേശുവിനെയാണ്. മോശെയും യേശുവും തമ്മില്‍ ആത്മീയ ഔന്നത്യത്തില്‍ വലിയ അന്തരമുണ്ട്. അതു കൊണ്ടു തന്നെ യേശുവിന്റെ ശിഷ്യന്മാരുടെ വീഴ്ച അതീവ ഗുരുതരമാണ്. എന്നാല്‍ ഈ നിലയില്‍ മുന്നറിയിപ്പ് നല്‍കുന്നെങ്കിലും അപ്രകാരമുള്ള ഒരു വീഴ്ച അവര്‍ക്കുണ്ടാവുകയില്ലെന്ന് എബ്രായ ലേഖനകാരന്‍ വിശ്വസിക്കുന്നു (6:9).

ഇത്രയും ഗൗരവമുള്ള മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷവും ആശ്വാസത്തിന്റെ ചില വാക്കുകള്‍കൂടി എബ്രായലേഖനകാരന്‍ കൂട്ടിച്ചേര്‍ക്കുന്നു: ”സഹവിശ്വാസികളെ കരുതുന്നതില്‍ നിങ്ങള്‍ കാണിച്ച സ്‌നേഹവും നിങ്ങളുടെ പ്രവൃത്തിയും മറന്നു കളയുവാന്‍ തക്കവണ്ണം ദൈവം അനീതിയുള്ളവനല്ല.” തന്റെ നാമത്തില്‍ ഒരു പാനപാത്രം വെള്ളം കുടിക്കുവാന്‍ കൊടുക്കുന്നവനുപോലും പ്രതിഫലം നല്‍കുമെന്ന് യേശു പറഞ്ഞിട്ടുണ്ടല്ലോ. ”എന്നാല്‍ നിങ്ങളില്‍ ഓരോരുത്തരും പ്രത്യാശയുടെ പൂര്‍ണ്ണ നിശ്ചയം പ്രാപിപ്പാന്‍ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു” (6:11) എന്നു ലേഖകന്‍ തുടരുന്നു. അവന്‍ അലസത വെടിഞ്ഞ് അവസാനത്തോളം ഉത്സാഹത്തോടെ നില്‍ക്കണമെന്ന് അദ്ദേഹം അവരെ പ്രബോധിപ്പിക്കുന്നു. ക്രിസ്തീയ ജീവിതത്തില്‍ അലസതയ്ക്ക് സ്ഥാനമില്ല. നിങ്ങള്‍ക്കു 90 വയസ്സ് ഉണ്ടായിരുന്നാലും ഓട്ടം മുമ്പോട്ടു തന്നെ- ഒരു ദിവസം പോലും കളയാതെ. എ.ബി. സിംപ്‌സന്റെ ഈ കവിത എന്നെ നിരന്തരം വെല്ലുവിളിക്കുന്ന ഒന്നാണ്:



”നിസ്സാരതകള്‍ക്കു നേരമില്ലെന്‍ ജീവിതത്തില്‍
അല്ലല്ലിതെന്‍ നാഥന്‍ നടന്നു പോയതാം പാത.
ഊര്‍ജ്ജസ്വലതയോടെ കഠിനാദ്ധ്വാനം നാഴികതോറും
എല്ലായ്‌പ്പോഴുമെല്ലാം ദൈവത്തിന്നായ്.
ഞൊടിയിടയ്ക്കുള്ളില്‍ കടന്നു പോകുന്നു കാലവും.
നിത്യതയിതായെത്തിയെന്‍ മുന്നില്‍
അടിഞ്ഞിടുമെന്റെ പൊടിയുമീ മണ്ണില്‍
പിന്നെങ്ങനെ വരും ധൈര്യമെനിക്കീ ജീവിതം
പാഴാക്കാന്‍-?;
ദൈവത്തിനല്ലാതെ ചെയ്‌വാനെന്തെങ്കിലും എപ്പോഴെങ്കിലും.”


യേശുവിന്റെ ജീവിതത്തിന്റെ ഓരോ ദിവസവും തന്റെ ഊര്‍ജ്ജത്തിന്റെ ഓരോ തുള്ളിയും 100 ശതമാനവും തന്റെ പിതാവിനു വേണ്ടി അര്‍പ്പിച്ചിരുന്നു. നമ്മുടെ ജീവിതവും അങ്ങനെ തന്നെ ആയിരിക്കണം. നിങ്ങള്‍ അലസനെങ്കില്‍ തന്റെ പുതിയ ഉടമ്പടിയുടെ ജീവിതത്തിലേക്ക് ഒരിക്കലും പ്രവേശിക്കുവാന്‍ കഴിയില്ല. നിങ്ങള്‍ പൂര്‍ണ്ണ സമര്‍പ്പണമുള്ള ഒരു മൗലികവാദിയായിരിക്കണം. ലോക മനുഷ്യര്‍ക്കു താത്പര്യമുള്ള പലതും നിങ്ങള്‍ക്കു പരിത്യജിക്കേണ്ടി വരും. നിത്യമായ മൂല്യങ്ങളുള്ള കാര്യങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരും. നിങ്ങള്‍ ഒരു വിനോദയാത്ര പോകുന്നതോ നല്ല ഒരു വിനോദ പരിപാടിയില്‍ പങ്കെടുക്കുന്നതോ തെറ്റാണെന്ന അര്‍ത്ഥത്തിലല്ല. എന്നാല്‍ നിങ്ങളുടെ വിശ്രമവേളകള്‍പോലും ആനുപാതികമായിരിക്കുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

അധികം ക്രിസ്ത്യാനികളും വചനപഠനത്തിനു സമയം നല്‍കാത്തവരാണ്. തിരക്കാണ് അവര്‍ക്കു കാരണം പറയാനുള്ളത്. എന്നാല്‍ ആവശ്യമെങ്കില്‍ സമയം കണ്ടെത്തുവാന്‍ കഴിയും. ”അങ്ങനെ നിങ്ങള്‍ അലസതയുള്ളവരാകാതെ വിശ്വാസത്താലും ദീര്‍ഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികള്‍ ആയിത്തീരും”(6:12).


യേശു നമ്മുടെ മഹാപുരോഹിതന്‍



പുതിയ ഉടമ്പടിയില്‍ വിശ്വാസവും ക്ഷമയും എപ്പോഴും ചേര്‍ന്നു വരുന്ന പദങ്ങളാണ്. 75-ാം വയസ്സില്‍ ദൈവം അബ്രാഹാമിന് ഒരു സന്തതിയെക്കുറിച്ചു വാഗ്ദാനം നല്‍കിയപ്പോള്‍ ആ മകനെ ലഭിക്കുവാന്‍ 25 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. അവന്‍ ദീര്‍ഘക്ഷമയോടെ കാത്തിരുന്നു വാഗ്ദത്തം പ്രാപിച്ചു (6:15).

”ഞാന്‍ നിന്നെ അനുഗ്രഹിക്കും. ഞാന്‍ നിന്നെ വര്‍ദ്ധിപ്പിക്കും (6:14)” എന്നു ദൈവം അബ്രാഹാമിനോടു അരുളിച്ചെയ്തു. പഴയ ഉടമ്പടിയില്‍ ദൈവം ഒരു മനുഷ്യനെ അനുഗ്രഹിക്കുമ്പോള്‍ അവനു മക്കളെ നല്‍കുമായിരുന്നു.”ഞാന്‍ നിന്നെ അനുഗ്രഹിക്കും. ഞാന്‍ നിന്നെ വര്‍ദ്ധിപ്പിക്കും” എന്നത് ”ഞാന്‍ നിന്നെ അനുഗ്രഹിക്കും എന്നാല്‍ നിനക്കു മക്കളുണ്ടാവുകയില്ല” എന്നായിരുന്നു ദൈവം പറഞ്ഞിരുന്നതെങ്കില്‍ അബ്രാഹാം തീര്‍ത്തും നിരാശപ്പെട്ടു പോകുമായിരുന്നു. ഇന്നു ദൈവം എന്നോട് ”ഞാന്‍ നിന്നെ അനുഗ്രഹിക്കും. എന്നാല്‍ ഞാന്‍ നിനക്ക് ആത്മീയ മക്കളെ നല്‍കുകയില്ല” എന്നു പറഞ്ഞാല്‍ ഞാനും നിരാശനായിപ്പോകും. ദൈവം അബ്രാഹാമിനെ നിരാശനാക്കാത്തതുപോലെ നമ്മെയും നിരാശരാക്കുകയില്ല.

തന്റെ ദര്‍ശനം നിവര്‍ത്തിക്കുവാന്‍ തക്കവണ്ണം ദൈവം അബ്രാഹാമിന് ഒരു മകനെ നല്‍കി. ദൈവം നമ്മെ അനുഗ്രഹിക്കുമ്പോള്‍ നമ്മുടെ ദര്‍ശനവും എരിവും ഉള്ള സഹോദരന്മാരെ നമുക്കു നല്‍കും- നമ്മുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും ഉള്ള സഹോദരന്മാരെ. അത്തരം 11 ശിഷ്യന്മാര്‍ യേശുവിനുണ്ടായിരുന്നു. ദൈവം നിങ്ങളെ അനുഗ്രഹിച്ചു എന്നു പറയുകയും നിങ്ങളെപ്പോലെ ഒരാളെ എങ്കിലും മാറ്റിയെടുക്കുവാന്‍ നിങ്ങള്‍ക്കു കഴിയാതിരിക്കയും ചെയ്യുന്നു എങ്കില്‍ എന്തോ തകരാറുണ്ട്. ദൈവത്തിന്റെ ഇഷ്ടം നമ്മുടെ ദര്‍ശനവും എരിവുമുള്ള ആത്മീയമക്കള്‍ നമുക്കുണ്ടാകണമെന്നതാണ്.

ജഡപ്രകാരമുള്ള നമ്മുടെ മക്കളെ നോക്കി ആളുകള്‍ ഇങ്ങനെ പറയും: ”അവന്‍ അവന്റെ പിതാവിനെപ്പോലെ തന്നെ. അതേ നിറം, അതേ കണ്ണ്, അതേ മൂക്ക്, അതേ മുഖം…”. നമ്മുടെ ആത്മീയ മക്കളും അതുപോലെ നമ്മുടെ എരിവും നമ്മുടെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും ഉള്ളവരായിരിക്കും. നമ്മുടെ പ്രാദേശിക സഭയെ സംബന്ധിച്ചും നമ്മുടെ ആഗ്രഹം അതാണ്. ദൈവം നമ്മെ അനുഗ്രഹിക്കുമ്പോള്‍ അവിടുന്നു നമ്മെ വര്‍ദ്ധിപ്പിക്കും. അബ്രാഹാമിനെപ്പോലെ നാം അതിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കേണ്ടതായിട്ടുണ്ട്. അബ്രാഹാം വിശ്വാസത്തോടെ കാത്തിരുന്നു വാഗ്ദാനം പ്രാപിച്ചു. അപ്രകാരം തന്നെ നാമും പ്രാപിക്കും.

മാറ്റമില്ലാത്ത രണ്ടു കാര്യങ്ങള്‍ ദൈവം നമുക്കു നല്‍കി- അവിടുത്തെ വചനവും ആണയും (6:16-18). ഇവ രണ്ടിനാലുമാണ് നമ്മുടെ ആത്മാവിന്റെ നങ്കൂരമായിരിക്കുന്ന പ്രത്യാശയെ നാം മുറുകെ പിടിക്കുന്നത്. എന്താണാ പ്രത്യാശ? അധികം ക്രിസ്ത്യാനികളും പറയുക കര്‍ത്താവിന്റെ രണ്ടാം വരവാണ് തങ്ങളുടെ പ്രത്യാശയെന്നാണ്. എ ന്നാല്‍ അതു നമ്മുടെ പ്രത്യാശയുടെ ഒരു പകുതിമാത്രമാണ്. 1 യോഹന്നാന്‍ 3:2 പറയുന്നു. ”അവന്‍ വരുമ്പോള്‍ നാം അവനോടു സദൃശന്മാരാകും.” ഇതാണ് നമ്മുടെ പ്രത്യാശയുടെ പൂര്‍ണ്ണ രൂപം. ഇതിനു രണ്ടു ഭാഗങ്ങളുണ്ട്. അവന്‍ വരും എന്നത് ആദ്യഭാഗം. നാം അവനോടു സദൃശന്മാരാകും എന്നത് രണ്ടാം ഭാഗം. അടുത്ത വാക്യത്തില്‍ (1 യോഹ. 3:3) തുടര്‍ന്നു പറയുന്നു: ”അവനില്‍ ഈ പ്രത്യാശയുള്ളവന്‍ അ വന്‍ നിര്‍മ്മലനായിരിക്കുന്നതുപോലെ സ്വയം നിര്‍മ്മലീകരിക്കുന്നു.” ഈ ഇരുതല പ്രത്യാശയാണ് നമ്മുടെ ”ആത്മാവിന്റെ നിശ്ചയവും സ്ഥിരവുമായ നങ്കൂരം” (6:19).

ഒരു കപ്പലിനു നങ്കൂരമിട്ടു കഴിഞ്ഞാല്‍ പിന്നെ ചലിക്കുവാന്‍ സാധിക്കുകയില്ല. നേരത്തെ രണ്ടാം അദ്ധ്യായത്തില്‍ വല്ലപ്പോഴും ഒഴുകിപ്പോകുന്നതിനെക്കുറിച്ചു നാം കണ്ടു. ഒഴുകിപ്പോകാതിരിക്കുവാനുള്ള വഴി ഈ നങ്കൂരമിടുക എന്നതാണ് – നാം ഒരു ദിവസം യേശുവിനോടു സദൃശന്മാരായിത്തീരും എന്ന ഈ പ്രത്യാശയുടെ നങ്കൂരം. നിങ്ങള്‍ക്കു മറ്റെന്തെങ്കിലും ലക്ഷ്യമാണു ജീവിതത്തില്‍ ഉള്ളതെങ്കില്‍-പ്രശസ്തനായ ഒരു പ്രഭാഷകനോ, ധനികനോ ആകണമെന്ന്-നിങ്ങള്‍ ഒഴുകിപ്പോകുവാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ കുഞ്ഞുങ്ങളെ ശുശ്രൂഷിച്ചു വീട്ടില്‍ കഴിയുന്ന ഒരു വീട്ടമ്മയായിരിക്കാം. അനേകരെ ലോകമെമ്പാടും ക്രിസ്തുവിലേക്കു കൊണ്ടു വരുന്ന ഒരു സുവിശേഷകന്‍ ആയിരിക്കാം. എന്നാല്‍ രണ്ടുകൂട്ടര്‍ക്കും നങ്കൂരം ഒന്നു തന്നെയാണ്- യേശുവിനെപ്പോലെ ആയിത്തീരും എന്ന പ്രത്യാശ. ദൈവത്തിനു ഒരാളെക്കാള്‍ വലുതല്ല മറ്റെയാള്‍.

എബ്രായര്‍ 6:20ല്‍ യേശു നമ്മുടെ മുന്നോടിയായി തിരശ്ശീലയ്ക്കകത്തേക്കു പ്രവേശിച്ചിരിക്കുന്നു എന്നു നാം വായിക്കുന്നു. ‘മുന്നോടി’ എന്ന ബഹുമതി അധികം പ്രചാരം ലഭിച്ചിട്ടില്ലാത്ത ഒന്നാണ്. അധികം ക്രിസ്ത്യാനികളും യേശുവിനെ തങ്ങളുടെ രക്ഷിതാവ്, കര്‍ത്താവ്, രാജാവ്, സൗഖ്യദായകന്‍ എന്നൊക്കെയുള്ള നിലകളില്‍ മാത്രമേ കേട്ടിട്ടുള്ളു. ‘മുന്നോടി’ എന്ന നിലയില്‍ വളരെ കുറച്ചു പേര്‍ മാത്രമേ യേശുവിനെ കേട്ടിട്ടുള്ളൂ. ഏറെ വിശ്വാസികളും ഇങ്ങനെയൊരു വാക്യത്തെക്കുറിച്ചു ശ്രദ്ധിച്ചിട്ടുപോലുമുണ്ടാവില്ല.

സുവിശേഷങ്ങള്‍ കഴിഞ്ഞാല്‍ പുതിയ നിയമത്തിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന പുസ്തകങ്ങളിലൊന്നാണ് എബ്രായര്‍. എബ്രായലേഖനത്തില്‍ മാത്രമാണ് യേശു നമ്മുടെ മുന്നോടിയാണെന്നു പറയുന്നത്. യേശു സകലത്തിലും നമുക്കു സദൃശനായിരുന്നു എന്നും സകലത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടു എന്നും കണ്ണുനീരോടും നിലവിളിയോടും കൂടെ പ്രാര്‍ത്ഥിച്ചതു മൂലം പാപം ചെയ്യാതെ ജീവിക്കുവാന്‍ കഴിഞ്ഞു എന്നും എബ്രായലേഖനം മാത്രമാണു നമ്മോടു പറയുന്നത് (2:17, 4:15, 5:7). എബ്രായലേഖനത്തില്‍ മാത്രമാണു നാം പുതിയ നിയമത്തിന്റെ വ്യവസ്ഥകള്‍ എന്തെന്നു വായിക്കുന്നത് (8:10-12). അതുപോലെ തന്റെ ജഡത്തില്‍കൂടി യേശു തുറന്ന ജീവനുള്ള പുതുവഴിയെക്കുറിച്ചും (10:19) തന്റെ കാല്‍ച്ചുവടുകളിലൂടെ നാമും പരിജ്ഞാനപൂര്‍ണ്ണതയിലേക്കു നടക്കേണ്ടതിനെക്കുറിച്ചും (6:1, 2; 12:1,2) ഇതില്‍ വായിക്കുന്നു. ഇത് അത്യധികം പ്രാധാന്യമുള്ള ഒരു പുസ്തകമാണ്. എന്നാല്‍ ഈ പുസ്തകം ഗൗരവമായി പഠിക്കുന്നതില്‍നിന്നു സാത്താന്‍ വിശ്വാസികളെ നിരുത്സാഹപ്പെടുത്തുന്നു. അവര്‍ ജയാളികളായിത്തീരുവാനോ പരിജ്ഞാനപൂര്‍ത്തിയിലേക്കു വളരുവാനോ ഒഴുകിപ്പോകാതെവണ്ണം നങ്കൂരമിടുവാനോ ഒന്നും അവന്‍ ആഗ്രഹിക്കുന്നില്ല.

7:1ല്‍ ശാലേം (പില്‍ക്കാലത്ത് യെരുശലേം) രാജാവായിരുന്ന മല്‍ക്കീസേദെക്കിനെക്കുറിച്ചു നാം വായിക്കുന്നു. ലേവ്യ പൗരോഹിത്യത്തെക്കാള്‍ ഉന്നതമായ പൗരോഹിത്യമായിരുന്നു മല്‍ക്കീസേദെക്കിന്റേത് എന്ന് വ്യക്തമാക്കിയിരിക്കുന്നു. ഇതു വളരെ രസകരമായ നിലയിലാണ് ഈ ലേഖകന്‍ സമര്‍ത്ഥിച്ചിരിക്കുന്നത്: അബ്രാഹാം മല്‍ക്കീസേദെക്കിനെ കണ്ടുമുട്ടിയപ്പോള്‍ തന്റെ യുദ്ധത്തില്‍ പിടിച്ചെടുത്ത കൊള്ള മുതലിന്റെ ദശാംശം അദ്ദേഹത്തിനു നല്‍കി (7:4). അബ്രാഹാം ഇതു നല്‍കുമ്പോള്‍ അബ്രഹാമിന്റെ സന്തതിയില്‍പ്പെട്ട ലേവിയും അബ്രാഹാമിന്റെ ശരീരത്തിന്റെ ഭാഗമായിരുന്നതുകൊണ്ട് ആ പ്രവൃത്തിയില്‍ പങ്കാളിയായിരുന്നു. അങ്ങനെ ലേവിയും മല്‍ക്കീസേദെക്കിനു ദശാംശം കൊടുത്തു എന്നു വരുന്നു. അങ്ങനെ വരുമ്പോള്‍ മല്‍ക്കീസേദെക്ക് ലേവിയെക്കാള്‍ ഉന്നതനാണ്. മല്‍ക്കീസേദെക്കിന്റെ പൗരോഹിത്യപ്രകാരമാണ് യേശു പുരോഹിതനായത്. അതുകൊണ്ടു തന്നെ യേശുവിന്റെ പൗരോഹിത്യം ലേവിയുടെ പൗരോഹിത്യത്തെക്കാള്‍ ഉന്നതമാണ്.

ലേവി പുരോഹിതന്മാര്‍ ആളുകളെ ദശാംശം കൊടുക്കുവാന്‍ പഠിപ്പിച്ചു. ദശാംശം കൊടുക്കാത്തവരുടെ മേല്‍ ദൈവിക ശാപം വരുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു (മലാ. 3:9). എന്നാല്‍ മല്‍ക്കീസേദെക്ക് ഒരിക്കലും അബ്രഹാമിനോടു ദശാംശം ആവശ്യപ്പെട്ടില്ല. അബ്രഹാം മനസ്സോടെ കൊടുത്തത് അദ്ദേഹം വാങ്ങി എന്നു മാത്രം. പുതിയ നിയമത്തില്‍ ദശാംശം നല്‍കുവാനുള്ള കല്പനയില്ല, മനസ്സോടെ കൊടുക്കുന്ന ദാനങ്ങള്‍ മാത്രം. അബ്രാഹാം മല്‍ക്കീസേദെക്കിനു നല്‍കിയതു പോലെ ദൈവമക്കള്‍ തങ്ങളുടെ വരുമാനത്തില്‍ നിന്നും സന്തോഷത്തോടെ നല്‍കുന്നു. യേശു ആരോടും ഒരിക്കലും ദശാംശം നല്‍കണമെന്ന് ഉപദേശിച്ചില്ല. മനസ്സോടെ ആളുകള്‍ നല്‍കിയത് അവിടുന്നു സ്വീകരിച്ചു (ലൂക്കൊ. 8:2,3).

ക്രൈസ്തവഗോളത്തില്‍ അധികവും ലേവി പൗരോഹിത്യ മര്യാദകളാണ് പിന്തുടരുന്നത്. തന്നെയും തന്റെ പ്രവര്‍ത്തനത്തേയും സഹായിക്കുവാന്‍ വേണ്ടി ദശാംശം നല്‍കുവാന്‍ ഒരു പാസ്റ്റര്‍ ആവശ്യപ്പെടുമ്പോള്‍ അദ്ദേഹം യേശുവിന്റെ മാതൃകയല്ല ലേവി പുരോഹിതന്മാരുടെ മാതൃകയാണു പിന്‍പറ്റുന്നത്. ആ പുരോഹിതന്മാര്‍ തങ്ങള്‍ സാധാരണ ജനങ്ങളില്‍ നിന്നു വ്യത്യസ്തരാണെന്നു കാണിക്കും വിധം വസ്ത്രധാരണം ചെയ്തിരുന്നു. ഇന്നും ക്രൈസ്തവ പുരോഹിതന്മാരും ബിഷപ്പുമാരും അപ്രകാരം പ്രത്യേകരീതിയിലുള്ള വസ്ത്രധാരണം നടത്തി വരുന്നു. യേശുവും അപ്പൊസ്തലന്മാരും സാധാരണ ജനം അക്കാലത്തു ധരിച്ചിരുന്ന വേഷം തന്നെയായിരുന്നു ധരിച്ചിരുന്നത്. ലേവി പൗരോഹിത്യ കാലത്ത് അവര്‍ക്കു ദേവാലയം എന്നു വിളിക്കപ്പെടുന്ന ഒരു പ്രത്യേക ആരാധനാ സ്ഥലം തന്നെ ഉണ്ടായിരുന്നു. ഇന്നും പള്ളികള്‍ എന്നും ദേവാലയങ്ങള്‍ എന്നും വിളിക്കപ്പെടുന്ന കെട്ടിടങ്ങള്‍ ക്രൈസ്തവ ഗോളത്തില്‍ ഉപയോഗിക്കുന്നു. ഇതൊക്കെയും പഴയ ഉടമ്പടിയിലേക്കുള്ള മടങ്ങിപ്പോക്കാണ്. അതുകൊണ്ടു തന്നെ അവര്‍ പരാജയപ്പെട്ടു നിരന്തരം പാപത്തില്‍ ജീവിക്കുന്നു.

മല്‍ക്കീസേദെക്ക് ഇതില്‍ നിന്നും വ്യത്യസ്തനായ വ്യക്തിയായിരുന്നു. അബ്രാഹാമിനെ കാണുവാനായി പോകുമ്പോള്‍ അദ്ദേഹം അബ്രാഹാമിനും കൂടെയുള്ളവര്‍ക്കും കുറച്ചു ഭക്ഷണവും കയ്യില്‍ കരുതി. അബ്രാഹാമില്‍ നിന്നും കുറച്ചു സമ്പത്തു കൈക്കലാക്കാം എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നില്ല അദ്ദേഹം പോയത്. അദ്ദേഹത്തിന് അതാവശ്യമില്ലായിരുന്നു. കാരണം താനൊരു രാജാവായിരുന്നു. തനിക്ക് അബ്രാഹാമിന്റെ ദാനങ്ങളെ ആശ്രയിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. തനിക്കും തന്നോടു കൂടെയുള്ള 318 പുരുഷന്മാര്‍ക്കും ആവശ്യമായ ഭക്ഷണം കൊണ്ടുവന്നതിന്റെ നന്ദിസൂചകമായി തന്റെ കൊള്ളയില്‍ നിന്നും അബ്രാഹാം കുറച്ച് മല്‍ക്കീസേദെക്കിനു നല്‍കി. മല്‍ക്കീസേദെക്ക് അതു വാങ്ങി അബ്രാഹാമിനെ അത്യുന്നതനായ ദൈവത്തിന്റെ നാമത്തില്‍ അനുഗ്രഹിക്കയും ചെയ്തു. പൗലൊസും മല്‍ക്കീസേദെക്കിനെപ്പോലെ ആയിരുന്നു. ദൈവം അവരെ അനുഗ്രഹിക്കേണ്ടതിനാണ് താന്‍ അവരില്‍ നിന്നും ദാനങ്ങളെ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ഫിലിപ്പിയരോടു പറഞ്ഞു (ഫിലി. 4:16-19). ലേവി പൗരോഹിത്യം ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. അവര്‍ ആളുകള്‍ നല്‍കുന്ന ദശാംശത്തില്‍ ആശ്രയിച്ചിരുന്നതിനാല്‍ അവര്‍ക്ക് അതു മുടക്കം വരാതിരിക്കുവാന്‍ ആളുകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടി വന്നിരുന്നു. ക്രിസ്തീയ ശുശ്രൂഷയിലെ പണമിടപാടു സംബന്ധിച്ച ശരിയായ പ്രമാണങ്ങള്‍ പഠിക്കുവാന്‍ ലേവിയുടെയും മല്‍ക്കീസേദെക്കിന്റെയും പൗരോഹിത്യത്തെ താരതമ്യം ചെയ്താല്‍ പലതും ഗ്രഹിക്കാനാകും.

മല്‍ക്കീസേദെക്ക് ഒരു രാജാവിന്റെ അന്തസ്സുള്ളവനായിരുന്നു. യേശുവിനും പൗലൊസിനും അതുണ്ടായിരുന്നു. യഥാര്‍ത്ഥ ദൈവഭൃത്യന്മാര്‍ ഒക്കെയും അതു സൂക്ഷിക്കുന്നവരാണ്. യേശുവും പൗലൊസും ഒക്കെ തങ്ങളുടെ ഏത് ആവശ്യങ്ങള്‍ക്കും ദൈവത്തെ മാത്രം ആശ്രയിച്ചു. അവര്‍ ആളുകളില്‍ നിന്നും ദാനം സ്വീകരിച്ചപ്പോള്‍ തന്നെ തങ്ങള്‍ അതു മോഹിച്ചതുകൊണ്ടല്ല ആളുകള്‍ അനുഗ്രഹിക്കപ്പെടേണ്ടതിനായിരുന്നു അതു സ്വീകരിച്ചത്. മല്‍ക്കീസേദെക്കിന്റെ പൗരോഹിത്യത്തിന്റെ അന്തസ്സ് (യേശുവിന്റെയും) ഉയര്‍ത്തിപ്പിടിക്കുവാനാഗ്രഹിക്കുന്ന ഒരു ശുശ്രൂഷകനും ലേവി പൗരോഹിത്യത്തിന്റെ രീതികളിലേക്കു തരം താഴുന്നതു ശരിയല്ല.

ലേവ്യാ പുരോഹിതന്മാര്‍ക്ക് രാജാക്കന്മാരുടെ അന്തസ്സ് ഉണ്ടായിരുന്നില്ല. അവര്‍ ജനത്തോടു ദശാംശം ചോദിച്ചു വാങ്ങിയിരുന്നു. ലേവ്യര്‍ക്കു ജനം ദശാംശം നല്‍കാതായപ്പോള്‍ അവര്‍ പുരോഹിതവൃത്തി ഉപേക്ഷിച്ച് നിലത്തില്‍ കൃഷി ചെയ്‌വാനും മറ്റും തിരിഞ്ഞു (നെഹ.13:10). മാസം തോറും തങ്ങളുടെ പ്രതിഫലം ലഭിച്ചിരുന്നപ്പോള്‍ മാത്രം അവര്‍ ശുശ്രൂഷ ചെയ്തു. ഇന്നും ചില ശുശ്രൂഷകന്മാര്‍ ദൈവവേല ചെയ്യുന്നത് അങ്ങനെയുള്ള അടിസ്ഥാനത്തിലാണ്. മല്‍ക്കീസേദെക്ക് തികച്ചും വ്യത്യസ്തനായിരുന്നു. അബ്രാഹാമിനെപ്പോലെ വലിയ ധനികനായ ഒരാളുടെ മുമ്പില്‍ പ്പോലും ഒരു രാജാവിന്റെ അന്തസ്സോടെ അദ്ദേഹം പെരുമാറി. ഇന്ന് അത്തരം ശുശ്രൂഷകന്മാര്‍ എവിടെ? അധികം ശുശ്രൂഷകരും ധനികര്‍ക്കു സ്തുതി പാടുന്നു. -അവരുടെ പണം മോഹിച്ച്.

മല്‍ക്കീസേദെക്ക് മറ്റു പലതിലും ക്രിസ്തുവിന്റെ പ്രതിരൂപമായിരുന്നു. അവന്‍ പേരുകൊണ്ട് ‘നീതിയുടെ രാജാവും’ ‘സമാധാനത്തിന്റെ രാജാവും’ (ശാലേം എന്നാല്‍ സമാധാനം എന്നര്‍ത്ഥം) ആയിരുന്നു (7:2). നീതിയും സമാധാനവും ക്രിസ്തുവില്‍സമഞ്ജസമായി സമ്മേളിച്ചിരുന്നു. (സങ്കീ.85:10). കൂടാതെ മല്‍ക്കീസേദെക്ക് എന്ന കഥാപാത്രം ആദ്യം കടന്നു വരുന്നതു ഉല്‍പ്പത്തിപ്പുസ്തകത്തിലാണ്. ഉല്പത്തി എന്നും ആരംഭങ്ങളുടെ പുസ്തകമാണ്. എല്ലാ ദൈവമനുഷ്യരുടെയും വംശാവലി അവിടെ രേഖപ്പെടുത്തിയിരിക്കുന്നു. ഉദാഹരണമായി ഹാനോക്ക്, അബ്രാഹാം, ഇസഹാക്ക്, യാക്കോബ്, യോസേഫ് മുതലായവര്‍. ആദാം മുതലുള്ള ഇവരുടെയെല്ലാം വംശപാരമ്പര്യം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ മല്‍ക്കിസേദെക്കിന്റെ പിതാവിനെക്കുറിച്ചോ മാതാവിനെക്കുറിച്ചോ വംശാവലിയെക്കുറിച്ചോ ഒരു രേഖയുമില്ല. അതുപോലെതന്നെ മേല്‍പ്പറഞ്ഞ എല്ലാവരുടെയും മരണവിവരങ്ങളും ഉല്പത്തി പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതു നമുക്കു കാണാം. എന്നാല്‍ മല്‍ക്കീസേദെക്കിന്റെ മരണവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യങ്ങളില്‍ മല്‍ക്കീസേദെക്ക് സ്വര്‍ഗ്ഗത്തില്‍ നിത്യതയില്‍ വസിച്ചിരുന്ന ദൈവപുത്രനായ യേശുവിനു സദൃശനായിരിക്കുന്നു-”പിതാവില്ലാതെ, മാതാവില്ലാതെ, വംശാവലിയില്ലാതെ ജീവന് ആരംഭമോ അവസാനമോ ഇല്ലാതെ”(7:3).

ഇനിയുമുണ്ട് യേശുവിന് പ്രത്യേകത. പഴയ ഉടമ്പടിയിലെ പുരോഹിതന്മാര്‍ നാള്‍തോറും പാപങ്ങള്‍ക്കു യാഗം കഴിക്കേണ്ടിയിരുന്നു. എന്നാല്‍ യേശുവാകട്ടെ ഒരിക്കലായിട്ടു തന്റെ ശരീരം തന്നെ അര്‍പ്പിച്ചു (7:26,27). പഴയനിയമ പുരോഹിതര്‍ യാഗം അര്‍പ്പിച്ചിരുന്നത് ഒന്നാമതു സ്വന്ത പാപങ്ങള്‍ക്കും പിന്നെ ജനത്തിന്റെ പാപങ്ങള്‍ക്കു വേണ്ടിയും ആയിരുന്നു. എന്നാല്‍ യേശുവാകട്ടെ തന്റെ ശരീരം ജനത്തിന്റെ പാപത്തിനു വേണ്ടിത്തന്നെ അര്‍പ്പിച്ചു. യേശുക്രിസ്തുവിന്റെ വിശുദ്ധിയുടെ പാരമ്യമാണ് 26-ാം വാക്യത്തില്‍ നാം കാണുന്നത് – ”ഇങ്ങനെയുള്ള മഹാപുരോഹിതനാണല്ലോ നമുക്കു വേണ്ടത്. പവിത്രന്‍, നിര്‍ദ്ദോഷന്‍, നിര്‍മ്മലന്‍, പാപികളോടു വേര്‍പെട്ടവന്‍, സ്വര്‍ഗ്ഗത്തെക്കാള്‍ ഉന്നതനായിത്തീര്‍ന്നവന്‍.” ബോധമനസ്സിലോ അബോധതലങ്ങളിലോ പോലും പാപത്തിന്റെ കണികയെങ്കിലും ഇല്ലാതിരുന്ന വ്യക്തിയായിരുന്നു യേശു. അവിടുന്ന് സമ്പൂര്‍ണ്ണതയുള്ള ജീവിതമായിരുന്നു ഈ ഭൂമിയില്‍ നയിച്ചിരുന്നത്.

ഈ രണ്ടു പൗരോഹിത്യങ്ങളിലും നാം കാണുന്ന മറ്റൊരു വ്യത്യാസം ശ്രദ്ധിക്കുക. പഴയ ഉടമ്പടിയില്‍ ഒരു വ്യക്തി പുരോഹിതനാകുന്നതു ജഡപ്രകാരമുള്ള ഒരു കല്പനയുടെ അടിസ്ഥാനത്തിലാണ്. അയാള്‍ ലേവിയുടെ സന്തതിയായിരിക്കണം. എന്നാല്‍ യേശു അഴിഞ്ഞുപോകാത്ത ജീവന്റെ ശക്തിയാല്‍ ഏറെ നല്ല ഉടമ്പടിയെ ഉറപ്പിച്ചു തന്നിരിക്കുന്നു (7:15,22). ലേവ്യാ പൗരോഹിത്യം ഭൗമികമായ യോഗ്യതകളെ ആശ്രയിച്ചുള്ളതാണ്. പുതിയ ഉടമ്പടിയില്‍ അങ്ങനെയല്ല. ദൈവശുശ്രൂഷ ചെയ്‌വാനുള്ള നിങ്ങളുടെ യോഗ്യത ഒരു ബൈബിള്‍ കോളജ് ബിരുദം മാത്രമാണെന്നു നിങ്ങള്‍ കരുതുന്നു എങ്കില്‍ നിങ്ങള്‍ ലേവ്യാ പൗരോഹിത്യത്തിലേക്കു മടങ്ങിപ്പോയിരിക്കുന്നു. നിങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ആവശ്യം പാപത്തിന്റെ ശക്തിക്ക് തകര്‍ക്കാന്‍ കഴിയാത്ത ജീവനാണ് (7:16). നമ്മുടെ ഉള്ളില്‍ ദ്രവത്വമില്ലാത്ത യേശുവിന്റെ ജീവന്റെ ശക്തിയുണ്ടെങ്കില്‍ മാത്രമേ പുതിയ ഉടമ്പടിയിലെ ദൈവശുശ്രൂഷകരാകുവാന്‍ നമുക്കു കഴിയൂ. സ്വര്‍ഗ്ഗീയമായ ഈ ജീവന്‍ എത്ര സമൃദ്ധമായ അളവില്‍ നമ്മിലുണ്ടോ അത്രയും ഫലപ്രദമായി മല്‍ക്കീസേദെക്കിന്‍ ക്രമപ്രകാരമുള്ള പുതിയ ഉടമ്പടിയുടെ പുരോഹിതന്മാരായി നില്ക്കുവാന്‍ നമുക്കു കഴിയും.

7:25 -ല്‍ യേശു നമുക്കു വേണ്ടി മദ്ധ്യസ്ഥത അര്‍പ്പിക്കുവാന്‍ സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നു എന്നു നാം വായിക്കുന്നു. മല്‍ക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള പുരോഹിത ശുശ്രൂഷയുടെ മറ്റൊരു അടയാളമാണത്. അവര്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. തങ്ങള്‍ ആരോടു പ്രസംഗിക്കുന്നുവോ അവര്‍ അനുഗ്രഹിക്കപ്പെടേണമെന്ന് അവര്‍ പ്രാര്‍ത്ഥിക്കുന്നു. യേശു തന്നെ നമുക്കുവേണ്ടി മദ്ധ്യസ്ഥത അര്‍പ്പിക്കുന്നു. ലേവ്യാപൗരോഹിത്യത്തില്‍ അവര്‍ എഴുതപ്പെട്ട പ്രാര്‍ത്ഥനകള്‍ ചൊല്ലുകയും മറ്റു ശുശ്രൂഷകള്‍ നിര്‍വഹിക്കുകയും ചെയ്തു ഭവനത്തിലേക്കു പോകുന്നു. എന്നാല്‍ യേശുവും തന്റെ പുരോഹിതന്മാരും പ്രാര്‍ത്ഥനയില്‍ ഉറ്റിരിക്കുന്നു. സമയമെടുത്തു എബ്രായലേഖനം ഏഴാം അദ്ധ്യായം പഠിച്ചാല്‍ പഴയതും പുതിയതുമായ ഉടമ്പടികള്‍ തമ്മിലുള്ള വ്യത്യാസം അധികമായി നിങ്ങള്‍ക്കു ബോദ്ധ്യപ്പെടും.


മഹത്വപൂര്‍ണ്ണമായ പുതിയ ഉടമ്പടി


എബ്രായലേഖനം എട്ടാം അദ്ധ്യായം തുടരുന്നത് പഴയതും പുതിയതുമായ ഉടമ്പടികള്‍ തമ്മിലുള്ള വ്യത്യാസം വിവരിച്ചുകൊണ്ടാണ്. സ്വര്‍ഗ്ഗത്തില്‍ ദൈവത്തിന്റെ വലത്തു ഭാഗത്തിരുന്നുകൊണ്ടാണ് യേശു മഹാപുരോഹിതനായി നമുക്കു വേണ്ടി മദ്ധ്യസ്ഥത അര്‍പ്പിക്കുന്നത്. മോശെ നിര്‍മ്മിച്ച കൂടാരം യഥാര്‍ത്ഥത്തില്‍ സ്വര്‍ഗ്ഗീയമായ യാഥാര്‍ത്ഥ്യങ്ങളുടെ ഒരു നിഴല്‍ മാത്രമായിരുന്നു (8:5). അതുകൊണ്ടാണു ദൈവം മോശെയോടു ”ഞാന്‍ പര്‍വ്വതത്തില്‍ നിനക്കു കാണിച്ച മാതൃകപ്രകാരം സകലവും ചെയ്യുവാന്‍ നോക്കുക” എന്നു പറഞ്ഞത്. അതുപോലെ തന്നെ നാം എക്കാലവും സഭയുടെ പണിയില്‍ പുതിയ ഉടമ്പടിയില്‍ ദൈവം പറഞ്ഞിരിക്കുന്ന അതേ മാതൃകയില്‍ത്തന്നെ ആവണം പണിയേണ്ടത്. അതുകൊണ്ടു തന്നെ പുതിയ ഉടമ്പടിയിലെ വിശ്വാസികളും സഭയും എന്നൊക്കെ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നവര്‍ ലേവ്യാപൗരോഹിത്യത്തിന്റെ ക്രമങ്ങളിലേക്കു വീണു പോകുന്നത് എത്ര പരിതാപകരമാണ്! അതുകൊണ്ടുതന്നെയാണ് മഹത്വം പൊയ്‌പോയിരിക്കുന്നത്. പഴയ ഉടമ്പടിയില്‍ മോശെ ദൈവം കാണിച്ച അതേ മാതൃകയില്‍ത്തന്നെ പണിതു. അതില്‍ മാറ്റം വരുത്തുകയോ അധികം പരിഷ്‌ക്കാരങ്ങള്‍ വരുത്തുകയോ മാനുഷികമായ ആശയങ്ങള്‍ കൊണ്ടുവരികയോ ചെയ്തില്ല. അതുകൊണ്ടാണ് ദൈവതേജസ്സ് അതിന്മേല്‍ ഇറങ്ങിവന്നത്. ഇന്നും നാം പുതിയ ഉടമ്പടിയില്‍ കാണും പ്രകാരമുള്ള ഒരു സഭ പണിയുന്നു എങ്കില്‍ ദൈവതേജസ്സ് അവിടെ കാണാം. ഇന്നു നമുക്കുള്ള മാതൃക യേശു ആണ്. പഴയ ഉടമ്പടിയില്‍ ദേവാലയത്തിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഒരു ചുരുളായിരുന്നു അടിസ്ഥാനം. ഇന്ന് ഒരു വ്യക്തിയാണു നമ്മുടെ മാതൃക. നമ്മുടെ ജീവിതവും ശുശ്രൂഷയും യേശുവിന്റെ ജീവിതത്തിന്റെയും ശുശ്രൂഷയുടെയും അതേ മാതൃകയില്‍ത്തന്നെ ആകണം. അതുകൊണ്ടു പുതിയ ഉടമ്പടിയിലെ ശുശ്രൂഷകനാകുവാന്‍ നാം യേശുവിനെ അധികമായി ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ മഹാപുരോഹിതനെ അധികം ശ്രദ്ധിച്ചു നോക്കുക, ധ്യാനിക്കുക. ജീവിതവും ശുശ്രൂഷയും യേശുവിനെപ്പോലെ അധികമധികം ആക്കുക. എങ്ങനെയാണു കര്‍ത്താവിനെ ശുശ്രൂഷിക്കുന്നതെന്നു നിങ്ങള്‍ക്കറിയേണ്ടതുണ്ടെങ്കില്‍ യേശു എങ്ങനെയാണു പിതാവിനെ ശുശ്രൂഷിച്ചതെന്നു ശ്രദ്ധിച്ചു മനസ്സിലാക്കുക. എങ്ങനെയാണു പ്രസംഗിക്കേണ്ടതെന്ന് അറിയണമെങ്കില്‍ യേശു പ്രസംഗിച്ചിരുന്നതെങ്ങനെയെന്നു ശ്രദ്ധിക്കുക. ജീവിക്കുന്നതെങ്ങനെയെന്നറിയണമെങ്കില്‍ യേശു ജീവിച്ചിരുന്നതെങ്ങനെ എന്നു ശ്രദ്ധിക്കുക. വീട്ടില്‍ ജീവിക്കേണ്ടതെങ്ങനെയെന്ന് അറിയണമെങ്കില്‍ യേശു 30 വയസ്സുവരെ മാതാപിതാക്കള്‍ക്കു കീഴടങ്ങി ജീവിച്ചതെങ്ങനെയെന്നു ശ്രദ്ധിക്കുക. എങ്ങനെയാണു ജോലി ചെയ്യേണ്ടതെന്നറിയണമെങ്കില്‍ യേശു തന്റെ മരപ്പണിശാലയില്‍ എങ്ങനെ പണിചെയ്തു എന്നു ശ്രദ്ധിക്കുക. എല്ലാ മേഖലയിലും നമ്മുടെ മാതൃക അതുതന്നെ. നിങ്ങള്‍ മാതൃക പ്രകാരം തന്നെയാണു പണിയുന്നതെന്ന കാര്യം ഉറപ്പു വരുത്തുക.

8:7-13 വാക്യങ്ങളില്‍ പുതിയ ഉടമ്പടിയെക്കുറിച്ചു വിവരിക്കുന്നു. ഇവിടെ എബ്രായലേഖനത്തിലെ വിവരണത്തോളം വ്യക്തത ഇക്കാര്യത്തില്‍ നമുക്കു റോമാ ലേഖനത്തില്‍ പോലും കാണാന്‍ കഴിയില്ല.

ഒന്നാമത്തെ ഉടമ്പടി കുറവില്ലാത്തതായിരുന്നു എങ്കില്‍ രണ്ടാമത്തെ ഉടമ്പടിയുടെ ആവശ്യം ഉണ്ടാകുമായിരുന്നില്ല (എബ്രാ. 8:7). അതെന്താണു നമ്മോടു പറയുന്നത്? ന്യായപ്രമാണം കുറവുള്ളതായിരുന്നു എന്നാണ്. ‘കുറവുള്ളത്’ എന്ന പദപ്രയോഗത്തെ നാം തെറ്റിദ്ധരിക്കരുത്. അതൊരു കാര്‍നിര്‍മ്മാണകമ്പനിക്കാര്‍ തങ്ങളുടെ ആദ്യത്തെ മോഡലിന് ചില അപാകതകള്‍ കണ്ടെത്തുകയും അതു പരിഹരിച്ച് രണ്ടാമത്തെ മോഡലിറക്കുകയും ചെയ്യുന്നതുപോലെയല്ല. ദൈവത്തിനറിയാമായിരുന്നു താന്‍ നല്‍കിയ ഒന്നാമത്തെ പ്രമാണം മനുഷ്യനെക്കുറിച്ചുള്ള തന്റെ ലക്ഷ്യം സാധിക്കുകയില്ല എന്ന്. എങ്കിലും ദൈവം അതു മനുഷ്യന് നല്‍കി- 1500 വര്‍ഷത്തേക്ക്. എത്രകാലം ശ്രമിച്ചാലും മനുഷ്യനൊരിക്കലും സ്വന്തകഴിവുകൊണ്ട് ദൈവത്തിന്റെ നിലവാരങ്ങളെ പ്രാപിക്കാന്‍ കഴിയില്ല എന്ന് മനുഷ്യന് മനസ്സിലാക്കിക്കൊടുക്കാനായിരുന്നു അത്. യിസ്രായേല്‍ മക്കള്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നടന്നില്ല. മോശ കോപിച്ചു. ദാവീദു വ്യഭിചാരത്തില്‍ വീണു. ഏലിയാവു മരിക്കാന്‍ ആഗ്രഹിച്ചു. യോഹന്നാന്‍ സ്‌നാപകന് താന്‍ തടവിലായപ്പോള്‍ യേശു എന്ന മശിഹായിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അവര്‍ക്കൊന്നും ദൈവത്തിന്റെ നിലവാരത്തിലെത്താന്‍ കഴിഞ്ഞില്ല. അതുതന്നെയായിരുന്നു ന്യായപ്രമാണം നല്‍കിയതിന്റെ ഉദ്ദേശ്യം.

നമ്മെ സംബന്ധിച്ചും വീണ്ടും ജനിച്ചശേഷമുള്ള ആദ്യനാളുകളില്‍ നമ്മുടെ അനുഭവം അങ്ങനെയൊക്കെ ആയിരിക്കാം. പാപത്തിന്മേല്‍ ജയം പ്രാപിക്കുന്നതിനെക്കുറിച്ചുള്ള സന്ദേശങ്ങളൊക്കെ നാം കേള്‍ക്കുന്നു. എങ്കിലും നാം വീഴുന്നു വീണ്ടും വീണ്ടും. ഒടുവില്‍ സ്വന്തശക്തികൊണ്ടു ജയിക്കുവാന്‍ കഴികയില്ല എന്ന പാഠം നാം പഠിക്കുന്നു. അപ്പോള്‍ ദൈവം പുതിയ ഉടമ്പടിയിലേക്കു നമ്മെ നയിക്കുന്നു. കര്‍ത്താവിനെ ശുശ്രൂഷിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍ നാം പഠിക്കേണ്ട പാഠം ഇതു തന്നെയാണ്. ആത്മീയമായി ഞാന്‍ തീര്‍ത്തും ദരിദ്രനാണ്, അശക്തനാണ് എന്ന സത്യം.

അന്‍പതിലധികം വര്‍ഷങ്ങള്‍ നീണ്ട ശുശ്രൂഷയ്ക്കു ശേഷവും ഇന്നും ഞാന്‍ പ്രസംഗിക്കുവാന്‍ എഴുന്നേറ്റു നില്‍ക്കുമ്പോള്‍ ദൈവം ആഗ്രഹിക്കുന്ന വചനം എന്ത്-, എങ്ങനെ സംസാരിക്കണം എന്നതില്‍ ഞാന്‍ എത്ര നിസ്സഹായനും അശക്തനുമാണെന്നു ഞാന്‍ അറിയുന്നു. എന്റെ കഴിഞ്ഞകാല അനുഭവങ്ങള്‍ വച്ചുകൊണ്ടു സംസാരിക്കാം എന്നു കരുതിയാല്‍ ഞാന്‍ ഭോഷനായിത്തീരും. ഒരു വിഷയം നൂറു പ്രാവശ്യം പ്രസംഗിച്ചതാണെങ്കില്‍ പോലും ഓരോ പ്രാവശ്യവും നാം എഴുന്നേറ്റു നില്‍ക്കുമ്പോള്‍ പരിശുദ്ധാത്മാവിന്റെ പ്രത്യേകമായ അഭിഷേകം നമുക്കാവശ്യമാണ്.

ഒന്നാമതായി പുതിയ ഉടമ്പടിയില്‍ ദൈവം നമ്മുടെ പാപം ക്ഷമിച്ചു എന്നും നമ്മുടെ കഴിഞ്ഞ കാലപാപങ്ങളെ ഇനി ഓര്‍ക്കയുമില്ല എന്നും വാഗ്ദാനം ചെയ്തിരിക്കുന്നു (8:12). പഴയ നിയമകാലത്ത് പാപങ്ങളെക്കുറിച്ചുള്ള ഓര്‍മ്മ നിരന്തരമായി ഉണ്ടായിരുന്നു. പുതിയ ഉടമ്പടിയില്‍ കഴിഞ്ഞകാല പാപങ്ങളെ ഓര്‍മ്മിക്കുന്നില്ല. പുതിയ ഉടമ്പടിയിലേക്കു പ്രവേശിക്കുമ്പോള്‍ ദൈവം ആദ്യമേതന്നെ ചെയ്യുന്നത് നമ്മുടെ കഴിഞ്ഞകാലത്തെ മായ്ച്ചുകളയുക എന്ന പ്രവൃത്തിയാണ്. നിങ്ങള്‍ ദുഷ്ടത നിറഞ്ഞ ഒരു ജീവിതമായിരിക്കാം നയിച്ചത്. എന്നാല്‍ നിങ്ങളുടെ പാപം ക്ഷമിക്കപ്പെടുകയും ക്രിസ്തുവിന്റെ രക്തത്താല്‍ കഴുകപ്പെടുകയും ചെയ്യുമ്പോള്‍ ദൈവം നിങ്ങളെ ഒരു പുതിയ വ്യക്തിയായിട്ടാണു പിന്നെ കാണുന്നത് – ഒരിക്കല്‍ പോലും പാപം ചെയ്തിട്ടില്ലാത്ത ഒരു വ്യക്തി എന്ന നിലയില്‍. എല്ലാവരും പാപം ചെയ്ത് ഒരു പോലെ ദൈവതേജസ്സ് നഷ്ടപ്പെടുത്തി. ഒരുവനേക്കാള്‍ മറ്റൊരുവന്‍ വളരെയധികം പാപം ചെയ്‌തേക്കാം. എന്നാല്‍ അനുതപിക്കുന്ന ഏവനെയും ദൈവം ശുദ്ധീകരിക്കുന്നു. ഒരു ഉദാഹരണം പറയാം: ഒരു പരീക്ഷ പാസ്സാകാന്‍ ആവശ്യം 40 മാര്‍ക്കാണെന്നിരിക്കട്ടെ. ഒരാള്‍ക്ക് 25 മാര്‍ക്കും നിങ്ങള്‍ക്കു പൂജ്യം മാര്‍ക്കും കിട്ടി എന്നു കരുതുക. 25 മാര്‍ക്കുകിട്ടിയ ആള്‍ തീര്‍ച്ചയായും നിങ്ങളെക്കാള്‍ മിടുക്കനാണ്. പക്ഷേ സത്യം നിങ്ങള്‍ രണ്ടു പേരും പരാജിതരുടെ പട്ടികയിലാണെന്നതാണ്. എന്നാല്‍ നിങ്ങള്‍ക്കു രണ്ടു പേര്‍ക്കും സൗജന്യമായി 100 മാര്‍ക്കു തന്നെ തരുവാന്‍ ദൈവം തീരുമാനിക്കുന്നു. അങ്ങനെ നിങ്ങള്‍ രണ്ടു പേരും ദൈവത്തിന്റെ കണ്ണില്‍ ഒരു പോലെ ആയിത്തീര്‍ന്നു. ഈ അത്ഭുതത്തെയാണു നാം നീതീകരണം എന്നു വിളിക്കുന്നത്. ഒരിക്കല്‍ നിങ്ങള്‍ പുതിയ ഉടമ്പടിയില്‍ പ്രവേശിച്ചാല്‍ നിങ്ങള്‍ക്കു ലഭിച്ച ഇത്ര വലിയ പാപക്ഷമയെക്കുറിച്ചു നന്ദി കാണിക്കുകയല്ലാതെ കഴിഞ്ഞ കാലത്തേക്കു തിരിഞ്ഞു നോക്കുവാന്‍ പാടില്ല.

രണ്ടാമതായി, പുതിയ ഉടമ്പടിയില്‍ നമുക്കു ദൈവത്തെ പിതാവായി അറിയുവാന്‍ കഴിയും. ”ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും” (8:11) ചെറിയവര്‍ തുടങ്ങി വലിയവര്‍ വരെ എല്ലാവര്‍ക്കും വ്യക്തിപരമായി ദൈവത്തെ അറിയുവാന്‍ കഴിയും. ലോകത്തില്‍ വലിയവര്‍ തുടങ്ങി ചെറിയവര്‍വരെ എന്നതാണല്ലോ ക്രമം. എന്നാല്‍ ദൈവത്തിന്റെ ക്രമം നേരെ എതിര്‍ദിശയിലാണ്. ദൈവം ചെറുതില്‍ നിന്നാണ് ആരംഭിക്കുന്നത്. ഏറ്റവും ചെറിയ വിശ്വസിക്കുപോലും കര്‍ത്താവിനെ വ്യക്തിപരമായി അറിയുവാന്‍ കഴിയും. ദൈവഹിതം അറിയുവാനായി ഒരു പ്രവാചകന്റെ അടുത്തേക്ക് ഓടേണ്ടതില്ല. ഒരു പിതാവിന്റെയോ സ്‌നേഹിതന്റെയോ അടുത്തേക്കു ചെല്ലുന്നതുപോലെ ഏതാവശ്യവുമായും ഏതു സമയത്തും ഏതു വിശ്വാസിക്കും ദൈവത്തിന്റെ അടുത്തു ചെല്ലാം. ഒരു മദ്ധ്യസ്ഥനെ കൂട്ടുപിടിക്കേണ്ട ആവശ്യമില്ല. മറ്റുള്ളവര്‍ക്കു നിങ്ങളെ ബൈബിള്‍ പഠിപ്പിക്കാം. ദൈവത്തെ നിങ്ങളുടെ പിതാവായി അറിയുന്നതിന് ആരുടെയും സഹായം ആവശ്യമില്ല. ”ആരും തന്റെ കൂട്ടുകാരനെ ”കര്‍ത്താവിനെ അറിക” എന്ന് ഉപദേശിക്കയില്ല” (8:11). ഇതു പുതിയ ഉടമ്പടിയില്‍ ലഭിക്കുന്ന അവകാശമാണ്.

മൂന്നാമതായി ദൈവം തന്റെ നിയമങ്ങളെ നമ്മുടെ ഹൃദയത്തിലും മനസ്സിലും എഴുതും എന്നു വാഗ്ദത്തം ചെയ്തിരിക്കുന്നു. ‘ഞാന്‍ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും’ (8:10). പഴയ ഉടമ്പടിയുടെ പ്രമാണങ്ങള്‍ ദൈവം പുറത്ത് കല്പലകകളിലായിരുന്നു എഴുതിയത്. എന്നാല്‍ ഇന്നു ദൈവം അവയെ നമ്മുടെ ഉള്ളില്‍ എഴുതുന്നു. ഇതിനര്‍ത്ഥം തന്നെ അനുസരിക്കുവാന്‍ ദൈവം നമ്മെ സഹായിക്കുന്നു എന്നത്രെ. പഴയ ഉടമ്പടിയില്‍ മുഴുവനും ”ഇങ്ങനെ ചെയ്യണം” ”അങ്ങനെ അരുത്” എന്നൊക്കെ ആയിരുന്നു (പുറ. 20:1-17). പഴയ ഉടമ്പടിയില്‍ തന്റെ പരിചാരകനോടു കല്പിക്കുന്ന ഒരു യജമാനനെപ്പോലെ ആയിരുന്നു ദൈവം. ”എന്റെ സ്വത്തുക്കള്‍ മുഴുവനും കാര്യക്ഷമമായി സൂക്ഷിക്കണം, എന്റെ വീടു ഏറ്റവും മനോഹരമായി ഇടണം. എന്റെ വസ്ത്രങ്ങള്‍ ഏറ്റവും ശുചിയായി വെയ്ക്കണം. എന്റെ ഭക്ഷണം ഏറ്റവും രുചികരമായി ഉണ്ടാക്കണം”-ഇങ്ങനെ കല്പനകളുടെ ഒരു പ്രളയമാണ്. എന്നാല്‍ പുതിയ ഉടമ്പടിയില്‍ ഭാര്യയോടു ഭര്‍ത്താവു പറയുമ്പോലെ മൃദുവായിട്ടാണ്. ”നമുക്കൊരുമിച്ച് എല്ലാം നന്നായി ചെയ്യാം. കുട്ടികളെ നോക്കുവാനും വസ്ത്രം അലക്കുവാനും വീടു വൃത്തിയാക്കുവാനും ഭക്ഷണം പാകം ചെയ്‌വാനും തുടങ്ങി എല്ലാറ്റിലും ഞാന്‍ സഹായിക്കാം.” ഒരു ഭാര്യയ്ക്ക് കാര്യങ്ങള്‍ എത്ര എളുപ്പമാണ്! ഒരു ചെറിയ കുട്ടിയോടു കൂടെയിരുന്നു പഠിക്കുവാന്‍ സഹായിക്കുന്ന ഡാഡിയെപ്പോലെയാണു പുതിയ നിയമം-‘ഞാന്‍ നിന്റെ കൈ പിടിച്ച് നിന്നെ അക്ഷരങ്ങള്‍ എഴുതുവാന്‍ പഠിപ്പിക്കാം.” പുതിയ നിയമത്തില്‍ തന്റെ നിയമങ്ങള്‍ അനുസരിക്കുവാന്‍ ദൈവം എന്നെ സഹായിക്കുന്നു.

ദൈവം ‘നമ്മുടെ മനസ്സില്‍ തന്റെ നിയമങ്ങളെ എഴുതും’ എന്നു പറയുന്നതിന്റെ അര്‍ത്ഥം തന്റെ നിയമം അനുസരിച്ചു ജീവിക്കുവാനുള്ള ആഗ്രഹം അവിടുന്നുതന്നെ നമ്മുടെ ഹൃദയത്തില്‍ ഉളവാക്കും എന്നാണ്. ‘ഹൃദയത്തില്‍ എഴുതും’ എന്നു പറയുന്നതിന്റെ അര്‍ത്ഥം തന്റെ കല്പനകളെ കാക്കുവാനുള്ള കഴിവ് അവിടുന്നു നല്‍കും എന്നത്രെ. ഇതിലധികം നമുക്കെന്തുവേണം? ഫിലിപ്പ്യ ലേഖനത്തില്‍ ഇക്കാര്യം പലവിധത്തില്‍ നമുക്കുവായിക്കാം. ”ഇച്ഛിക്കുക(ആഗ്രഹിക്കുക) എന്നതും പ്രവര്‍ത്തിക്കുക (കഴിവ്) എന്നതും ദൈവമല്ലോ തിരുവുള്ളമുണ്ടായി നിങ്ങളില്‍ ചെയ്യുന്നത്” (ഫിലി.2:13). ദൈവം നമ്മില്‍ ചെയ്യുന്ന പ്രവൃത്തിയോടു സഹകരിക്കുക മാത്രമാണു നാം ചെയ്യേണ്ട കാര്യം.

ദൈവം തന്റെ കല്പനകളെ എഴുതിയ സീനായ് മലയിലെ ആ പാറയെക്കുറിച്ചു ചിന്തിക്കുക. ആ പാറ അവയെ എഴുതുവാന്‍ തക്കവണ്ണം ദൈവത്തിനു കീഴടങ്ങിയിരുന്നു. ദൈവം എഴുതുവാന്‍ ഒരുങ്ങിയപ്പോള്‍ പാറ ഇങ്ങനെ പറഞ്ഞു കാണും: ”ശരി ദൈവമേ, അങ്ങ് എഴുതിക്കൊള്ളുക.” അങ്ങനെ ദൈവം എഴുതി. നാമും അങ്ങനെതന്നെ ആയിരിക്കണം. തന്റെ നിയമം നമ്മിലെഴുതുവാന്‍ നാം ദൈവത്തെ അനുവദിക്കണം. യേശുവിന്റെ അമ്മയായ മറിയ ഗബ്രിയേല്‍ ദൂതനോട് ഇങ്ങനെ പറഞ്ഞു: ”ഇതാ ഞാന്‍ ദൈവത്തിന് എന്നെത്തന്നെ സമര്‍പ്പിക്കുന്നു. അവിടുന്ന് എന്നില്‍ എന്തു ചെയ്‌വാനിച്ഛിക്കുന്നുവോ അതുതന്നെ സംഭവിക്കട്ടെ.” അവള്‍ സ്വയം സമര്‍പ്പിക്കുകയും ദൈവം യേശുവിന്റെ ശരീരത്തെ അവളുടെ ഗര്‍ഭത്തില്‍ ഉരുവാക്കുകയും ചെയ്തു. അവള്‍ക്കു സ്വയം ഒരിക്കലും അതു ചെയ്‌വാന്‍ കഴിയുമായിരുന്നില്ല. അതുപോലെതന്നെ അവളുടെ സമര്‍പ്പണം കൂടാതെ ദൈവത്തിനും അതു കഴിയുമായിരുന്നില്ല. മറിയ സ്വയം സമര്‍പ്പിക്കുകയും പരിശുദ്ധാത്മാവ് യേശുവിന്റെ ശരീരത്തെ ഉത്പാദിപ്പിക്കുകയും ചെയ്തു. ഇത് മനോഹരമായ ഒരു ദൃഷ്ടാന്തമാണ്! നാം നമ്മെ സമര്‍പ്പിക്കുന്നു എങ്കില്‍ പരിശുദ്ധാത്മാവ് യേശുവിന്റെ സ്വഭാവത്തെ നമ്മില്‍ ഉരുവാക്കും. നാമല്ല അതു ഉത്പാദിപ്പിക്കുന്നത്. നമുക്ക് അതു കഴിയില്ല എന്നതാണ് വസ്തുത. മറിയ സ്വയം യേശുവിനെ ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുന്നതുപോലെ വ്യര്‍ത്ഥമായ പരിശ്രമമാണ് നാമും യേശുവിന്റെ സ്വഭാവം സ്വന്തപരിശ്രമത്താല്‍ ഉളവാക്കുവാന്‍ ശ്രമിക്കുന്നത്. പരിശുദ്ധാത്മാവുതന്നെ ചെയ്യേണ്ട ഒരു പ്രവൃത്തിയാണത്. പുതിയനിയമം ആരംഭിക്കുന്നതുതന്നെ ഈ കഥ പറഞ്ഞുകൊണ്ടാണെന്നതു രസകരം തന്നെ. -മറിയയുടെ സമര്‍പ്പണവും പരിശുദ്ധാത്മാവിന്റെ ഉരുവാക്കലും. നമ്മിലും അത് അങ്ങനെ തന്നെ.

യേശു പരിശുദ്ധാത്മാവിനെ ‘ദൈവത്തിന്റെ വിരല്‍’ എന്നു വിശേഷിപ്പിക്കുന്നു (മത്തായി 12:28നെ ലൂക്കൊസ് 11:20 വചനവുമായി താരതമ്യം ചെയ്യുക). അങ്ങനെയെങ്കില്‍ സീനായിലെ രണ്ടു കല്പലകകളില്‍ എഴുതിയതു പരിശുദ്ധാത്മാവാണ്. ആ പരിശുദ്ധാത്മാവു തന്നെയാണു ദൈവത്തിന്റെ നിയമങ്ങള്‍ നമ്മുടെ മനസ്സിലും ഹൃദയത്തിലും ഇന്ന് എഴുതുന്നത്. ദൈവഹിതം ചെയ്യുവാന്‍ നമുക്ക് ഇച്ഛയും കഴിവും നല്‍കുന്നത് അവിടുന്നാണ്. നസറേത്തില്‍ പരിശുദ്ധാത്മാവിനു കീഴടങ്ങാന്‍ മറിയ തയ്യാറായിരുന്നില്ലെങ്കില്‍ ദൈവം അവളെ മറികടന്ന് യേശുവിന്റെ അമ്മയാകുവാന്‍ അവിടെ മറ്റാരെയെങ്കിലും കണ്ടെത്തുമായിരുന്നു. ഫലത്തില്‍ മറിയയ്ക്കു യേശുവിന്റെ അമ്മ എന്ന പദവിയും ബഹുമാനവും നഷ്ടമാകുമായിരുന്നു. ഇന്നു നിങ്ങളും പരിശുദ്ധാത്മാവിനു കീഴടങ്ങിയില്ലെങ്കില്‍ ഒരു പ്രത്യേക ശുശ്രൂഷ (ദൈവം നിങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ളത്) നിര്‍വഹിക്കാനുള്ള പദവി നിങ്ങളെ മറികടന്നു ദൈവം മറ്റാര്‍ക്കെങ്കിലും നല്‍കും. നിങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്റെ പൂര്‍ണഹിതം നിറവേറുക എന്ന അംഗീകാരം നിങ്ങള്‍ നഷ്ടപ്പെടുത്തരുത്.

8:13ല്‍ ‘പഴയ ഉടമ്പടി ജീര്‍ണിക്കുന്നതും നീങ്ങിപ്പോകുന്നതും’ ആണെന്നു നാം വായിക്കുന്നു. 9-ാം അധ്യായത്തിലെ പ്രമേയം ദൈവം നമുക്കായി ഒരുക്കിയ ഉത്തമമായ യാഗത്താല്‍ പുതിയ ഉടമ്പടിയില്‍ നമുക്കു ലഭ്യമാകുന്ന പ്രയോജനങ്ങളാണ്. പഴയ ഉടമ്പടിയിലെ സമാഗമന കൂടാരത്തില്‍ വിശുദ്ധ സ്ഥലത്തിനും അതിവിശുദ്ധ സ്ഥലത്തിനും മധ്യത്തില്‍ കട്ടിയുള്ള ഒരു തിരശ്ശീല ഉണ്ടായിരുന്നു. ദൈവം ഇതിലൂടെ ജനത്തിനു വ്യക്തമാക്കിയത് ജീവിതത്തിലെ പാപങ്ങള്‍ മൂലം അവര്‍ക്ക് ദൈവത്തിന്റെ സജീവ സാന്നിധ്യത്തിലേക്കു പ്രവേശിക്കാനാവില്ല എന്നതാണ്. യേശു ക്രൂശില്‍ തന്റെ രക്തം നമുക്കായി ചൊരിഞ്ഞപ്പോള്‍ ആ തിരശ്ശീല കീറിപ്പോയി, ഇപ്പോള്‍ മനുഷ്യനു ദൈവസാന്നിധ്യ ത്തിലേക്കു പ്രവേശിക്കാം.


യേശു നമ്മുടെ പൂര്‍ണമായ വഴിപാട്


പഴയ നിയമത്തിന് ആരാധകനെ മനഃസാക്ഷിയില്‍ പൂര്‍ണനാക്കുവാന്‍ കഴിയുകയില്ലെന്ന് 9:9ല്‍ നാം വായിക്കുന്നു. നാം ഭൂമിയിലായിരിക്കുന്നിടത്തോളം നമുക്കു പ്രാപിക്കാന്‍ കഴിയുന്ന പൂര്‍ണതയ്ക്ക് ഒരു പരിമിതിയുണ്ട്. അതേസമയം ഭൂമിയിലായിരിക്കുമ്പോള്‍ നമുക്കു പ്രാപിക്കാന്‍ കഴിയുന്ന ഒരു പൂര്‍ണത ഉണ്ടുതാനും. യേശു ആയിരുന്നതുപോലെ വ്യക്തിത്വത്തിന്റെ എല്ലാ തലങ്ങളിലും പൂര്‍ണരാകുവാന്‍ യേശുവിന്റെ രണ്ടാംവരവിലേ നമുക്കു കഴിയുകയുള്ളു. എന്നാല്‍ നാം പുതിയ ഉടമ്പടിയില്‍ ജീവിക്കുമ്പോള്‍ നമുക്കു മനഃസാക്ഷിയില്‍ പൂര്‍ണരാകാന്‍ കഴിയും. ഈ പൂര്‍ണതയോടെ നാം അന്തിമ പൂര്‍ണതയിലേക്ക് ആയുകയാണ്. നാം പൂര്‍ണതയുള്ള മനഃസാക്ഷിയില്‍ ആരംഭിച്ച് പൂര്‍ണമായി ക്രിസ്തുവിനു സദൃശരായി അവസാനിക്കുന്നു. അതുകൊണ്ട്, നാം പൂര്‍ണതയെക്കുറിച്ചു പറയുമ്പോള്‍ മനഃസാക്ഷിയിലെ പൂര്‍ണതയെക്കുറിച്ചാണു നാം പറയുന്നത്. വ്യത്യസ്തമായ കാര്യങ്ങളെ നാം വ്യത്യസ്തമായി തിരിച്ചറിയണം. അല്ലെങ്കില്‍ നാം കുഴച്ചിലിലാകും.

9:14ല്‍ യേശുക്രിസ്തു ദൈവത്തിനു തന്നെത്താന്‍ നിഷ്‌കളങ്കനായി അര്‍പ്പിച്ചു എന്നു നാം വായിക്കുന്നു. എങ്ങനെയാണ് അവിടുത്തേക്കു ദൈവത്തിനു തന്നെത്താന്‍ നിഷ്‌കളങ്കനായി അര്‍പ്പിക്കാന്‍ കഴിഞ്ഞത്? ഭൂമിയിലെ ജീവിതത്തിന്റെ മുപ്പത്തി മൂന്നര വര്‍ഷവും അവിടുന്നു വിവിധ നിലകളില്‍ നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടു കൊണ്ടിരുന്നു. എന്നിട്ടും അവിടുന്നു പാപം ചെയ്തില്ല. അവിടുത്തേക്ക് എങ്ങനെയാണതു കഴിഞ്ഞത്? ഈ വാക്യം നമുക്കതിന്റെ ഉത്തരം തരുന്നു: ‘നിത്യാത്മാവിനാല്‍.’ പരിശുദ്ധാത്മാവിന്റെ ശക്തിയാലാണു യേശു നിഷ്‌കളങ്കനായി ജീവിച്ചത്. ദൈവം എന്ന നിലയിലുള്ള ശക്തിയിലല്ല യേശു ഭൂമിയില്‍ കഴിഞ്ഞത്. മറിച്ച് ഒരു മനുഷ്യനെന്ന നിലയില്‍ നിന്നു നമുക്കു വാഗ്ദാനം ചെയ്തിരിക്കുന്ന പരിശുദ്ധാത്മാവിന്റെ അതേ ശക്തിയാല്‍ ജീവിച്ചു. പരിശുദ്ധാത്മ ശക്തിയാല്‍ അവിടുത്തെപ്പോലെ നമുക്കും പ്രലോഭനങ്ങളെ ജയിക്കാം. പക്ഷേ യേശുവിനെ പ്പോലെ നിങ്ങളും ആ ശക്തിക്കായി അന്വേഷിക്കുകയും അതിനായി സമര്‍പ്പിക്കുകയും ചെയ്താല്‍ മാത്രമേ അതു സാധ്യമാകയുള്ളു. പല ഉപകരണങ്ങളെ വീട്ടിലെ വൈദ്യുതി ശക്തിപ്പെടുത്തുന്നതുപോലെയാണത്. പക്ഷേ ഓരോ ഉപകരണവും ആ വൈദ്യുതിയുടെ ഒഴുക്കിനോടു ബന്ധപ്പെട്ടിരിക്കണം. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നമുക്കോരോരുത്തര്‍ക്കും ഈ നിലയില്‍ ദൈവത്തിനു മനഃസാക്ഷിയില്‍ കളങ്കമില്ലാതെ തന്നെത്താന്‍ അര്‍പ്പിക്കാന്‍ കഴിയും. യേശുവിന്റെ രക്തം പാപത്തില്‍ നിന്നു മാത്രമല്ല നിര്‍ജ്ജീവ പ്രവൃത്തികളില്‍ നിന്നും നമ്മെ വിടുവിക്കും (9:14). നിര്‍ജ്ജീവ പ്രവൃത്തികളും ആളുകളുടെ മുന്‍പാകെ വിശുദ്ധരും നല്ലതുമായി തോന്നിയേക്കാം. എന്നാല്‍ അവ സ്‌നേഹമോ സന്തോഷമോ വിശ്വാസമോ എരിവോ ഇല്ലാതെ വ്യക്തിപരമായ നേട്ടത്തിനായി, മനഃസാക്ഷിയെ തൃപ്തിപ്പെടുത്താനോ മറ്റോ ചെയ്യുന്ന കാര്യങ്ങളായിരിക്കും. ദൈവത്തെ ശുശ്രൂഷിക്കുന്നതിനു മുന്‍പ് നാം ഈ നിര്‍ജ്ജീവ പ്രവൃത്തികളെക്കുറിച്ചും അനുതപിക്കുകയും കഴുകല്‍ പ്രാപിക്കുകയും ചെയ്യേണ്ടതുണ്ട്.

9:27 വളരെ പ്രധാനപ്പെട്ട ഒരു വാക്യമാണ്. ഒരിക്കല്‍ മരണവും പിന്നെ ന്യായവിധിയും മനുഷ്യര്‍ക്കു നിയമിച്ചിരിക്കുന്നതായി ഈ വാക്യം പറയുന്നു. ഈ വാക്യത്തില്‍ നിന്നു രണ്ടു സത്യങ്ങള്‍ നമുക്കു പഠിക്കാം. ഒന്ന്: ഒരിക്കല്‍ മനുഷ്യന്‍ മരിച്ചാല്‍ അവനു പിന്നീടൊന്നുമില്ല, ന്യായവിധിയല്ലാതെ. മരണത്തിനു ശേഷം മാനസാന്തരപ്പെടുവാന്‍ രണ്ടാമതൊരു അവസരമില്ല. രണ്ടാമത്തെ മനോഹരമായ സത്യം ഒരുവന്‍ മരിക്കുന്നതുവരെ അവനെ ന്യായം വിധിക്കുവാന്‍ ദൈവം കാത്തിരിക്കുന്നു എന്നതാണ്. മരണത്തിനു മുന്‍പ് മനുഷ്യന്‍ എപ്പോഴെങ്കിലും നന്നാകുമെന്നു ദൈവം പ്രതീക്ഷിക്കുന്നു. നമ്മില്‍ പലരും അങ്ങനെയല്ല. ആളുകള്‍ മരിക്കുന്നതിനു വളരെ മുന്‍പേ നാം അവരെ വിധിക്കുന്നു – കാരണം അവരെക്കുറിച്ച് നമുക്ക് ഒരു പ്രതീക്ഷയുമില്ല!. ദൈവത്തിന്റെ മാതൃക പിന്‍തുടര്‍ന്ന് ആളുകളെ വിധിക്കുന്നത് അവരുടെ മരണം വരെ നമുക്കു നീട്ടി വയ്ക്കാം. അങ്ങനെ പല പാപങ്ങള്‍ ചെയ്യുന്നതില്‍ നിന്നു നാം നമ്മെത്തന്നെ രക്ഷിക്കും.

10:1 ന്യായപ്രമാണത്തിന് ആരെയും പൂര്‍ണരാക്കുവാന്‍ കഴിയുകയില്ലെന്നു വ്യക്തമാക്കുന്നു. ‘പൂര്‍ണത’ എന്ന വാക്കു വീണ്ടും ഇവിടെ വരുന്നതു ശ്രദ്ധിക്കുക. പഴയ ഉടമ്പടിയുടെ കുഴപ്പം എന്തായിരുന്നു? ഒരു വാചകത്തില്‍ നമുക്കത് ഇങ്ങനെ പറയാം: അതിന് ആരേയും പൂര്‍ണരാക്കാന്‍ കഴിയുകയില്ല. ഇന്നു പഴയ ഉടമ്പടിയില്‍ ജീവിക്കുന്നവരുടെ ലക്ഷണം എന്താണ്?. അവര്‍ ‘പൂര്‍ണത’ എന്ന വാക്കിനെ ഭയക്കുന്നു. പുതിയ ഉടമ്പടിയുടെ മുഖ്യ സവിശേഷത എന്താണ്?. അതിന് ആളുകളെ മനഃസാക്ഷിയില്‍ പൂര്‍ണരാക്കി അങ്ങനെ ജീവിതത്തില്‍ പൂര്‍ണതയിലേക്കു ആയുവാന്‍ സഹായിക്കുവാന്‍ കഴിയും. ഒരുനാള്‍ അവര്‍ യേശുവിനെപ്പോലെയാകു കയും ചെയ്യും.
പുതിയ ഉടമ്പടിയെക്കുറിച്ച് നിങ്ങള്‍ ഗൗരവമുള്ളവരാണെങ്കില്‍ നിങ്ങള്‍ ഇനി ഒരിക്കലും ‘പൂര്‍ണത’ എന്ന വാക്കിനെ ഭയപ്പെടുകയില്ല. പൂര്‍ണരാകാന്‍ നിങ്ങള്‍ വാഞ്ഛിക്കും. തികഞ്ഞവരാകാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലെങ്കില്‍ നിങ്ങള്‍ ഒരു ‘പഴയ ഉടമ്പടി ക്രിസ്ത്യാനി’യാണ്.

10:5ല്‍ ദൈവം ‘നമ്മുടെ വഴിപാട് ഇച്ഛിക്കുന്നില്ല’ എന്നു വായിക്കുന്നു. ദൈവം വഴിപാട് അഗ്രഹിക്കുന്നു എന്നു നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പ്രസംഗകരാല്‍ ‘ഏറിയോന്നു സഹിക്കുന്ന’ വിശ്വാസികളുടെ മുന്‍പാകെ ഞാന്‍ ആ വചനം ഉദ്ധരിക്കാറുണ്ട്. എങ്കില്‍ ദൈവം നമ്മില്‍ നിന്നു വാസ്തവത്തില്‍ ആഗ്രഹിക്കുന്നത് എന്താണ്? മറുപടി: നമ്മുടെ ശരീരങ്ങള്‍. പഴയ ഉടമ്പടിയില്‍ ഊന്നല്‍ ഇതായിരുന്നു: ‘നിങ്ങളുടെ ദശാംശം ലേവ്യര്‍ക്കു കൊടുക്കുക.” പുതിയ ഉടമ്പടിയിലെ ഊന്നല്‍ ഇതാണ്: ”നിങ്ങളുടെ ശരീരങ്ങളെ ദൈവത്തിനു കൊടുക്കുക”(റോമ. 12:1). നിരന്തരം തങ്ങളുടെ ജനങ്ങളോട് ദശാംശം ആവശ്യപ്പെടുന്ന ഒരു സഭ പഴയ ഉടമ്പടി സഭയാണ്. എന്നാല്‍ പുതിയ ഉടമ്പടി സഭയുടെ ഊന്നല്‍ ശരീരത്തെ ജീവനുള്ള യാഗമായി നല്‍കുന്നതിനാണ് – കണ്ണുകള്‍, കൈകള്‍, നാവുകള്‍ എന്നിങ്ങനെ. നമ്മില്‍ നിന്നു ഭൗതികമായ വഴിപാടല്ല ഇന്നു ദൈവം ആഗ്രഹിക്കുന്നത്, മറിച്ച് നമ്മുടെ ശരീരങ്ങളെയാണ്.

പഴയ ഉടമ്പടിയിലെ ദശാംശത്തിനു തുല്യമാണ് പുതിയ ഉടമ്പടിയില്‍ നമ്മുടെ ശരീരങ്ങളെ ദൈവത്തിനു നല്‍കുന്നത്. യേശു ക്രൂശില്‍ മരിച്ചത് പെസഹായുടെ ദിവസം പഴയ ഉടമ്പടിയില്‍ കുഞ്ഞാടിനെ യാഗം കഴിക്കുന്നതിനു തുല്യമായിരുന്നതു പോലെയാണിതും. ഇതിന്റെ അര്‍ത്ഥം ഭൂമിയിലെ ദൈവത്തിന്റെ വേലയ്ക്കു നാം പണമൊന്നും കൊടുക്കേണ്ട എന്നാണോ? നിങ്ങള്‍ കൊടുക്കുന്നുണ്ടായിരിക്കാം. എന്നാല്‍ നിങ്ങള്‍ സന്തോഷത്തോടെ കൊടുക്കുന്നതിനെയാണു ദൈവം സ്വീകരിക്കുന്നത് (2 കൊരി.9:7). എന്തായിരുന്നാലും നിങ്ങളുടെ ശരീരം ദൈവത്തിനാവശ്യമുണ്ട്. തങ്ങളുടെ ശരീരങ്ങളെ ദൈവത്തിനു നല്‍കുന്നവര്‍ തങ്ങളുടെ എല്ലാം തന്നെ ദൈവത്തിനു കൊടുക്കുന്നവരാകണം. എന്നാല്‍ എന്തു കൊടുക്കുന്നതും സന്തോഷത്തോടെ ആയിരിക്കണം.

യേശു ഈ ഭൂമിയിലേക്കു വന്നതു ദശാംശമോ മറ്റ് ഭൗതികവസ്തുക്കളോ തന്റെ പിതാവിനു നല്‍കുവാനായിരുന്നില്ല (10:5). തന്റെ ശരീരം ഒരു യാഗമായി നല്‍കുന്നതിനായിരുന്നു. അങ്ങനെ ദൈവം നമ്മില്‍നിന്നും ആഗ്രഹിക്കുന്നത് പ്രാഥമികമായി നമ്മുടെ ശരീരമാണെന്ന പാഠം നമുക്കു നല്‍കിക്കൊണ്ട് യേശു പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനായിത്തീര്‍ന്നു.

അനേകരും തങ്ങളുടെ പണവും സേവനങ്ങളും ഒക്കെയാണു ദൈവത്തിനു നല്‍കുന്നത്. നിങ്ങള്‍ നൂറുകണക്കിനു ട്രാക്ടുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് ഒരു പക്ഷേ നിങ്ങള്‍ പറയുമായിരിക്കും. അല്ലെങ്കില്‍ അനേക വര്‍ഷങ്ങള്‍ വളരെ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ സുവിശേഷവേല ചെയ്തു എന്നായിരിക്കാം പറയുന്നത്. അല്ലെങ്കില്‍ അനേകദിവസങ്ങള്‍ ഉപവസിക്കുകയും നീണ്ടമണിക്കൂറുകള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്തു എന്നാകാം. ഇവയൊക്കെ നല്ല യാഗങ്ങള്‍തന്നെ. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ കണ്ണുകളെ ലൈംഗികമോഹത്തിന് വിട്ടുകൊടുക്കുകയും കോപത്തിന് അടിമയായിരിക്കുകയും ചെയ്യുന്നേടത്തോളം മേല്‍പ്പറഞ്ഞ യാഗങ്ങളില്‍ ദൈവം പ്രസാദിക്കുന്നില്ല. കാരണം അവിടുത്തേക്ക് ഒന്നാമതായി നിങ്ങളില്‍ നിന്നും വേണ്ടത് നിങ്ങള്‍ കൊടുത്തിട്ടില്ല– നിങ്ങളുടെ ശരീരം. അപ്പോള്‍ ദൈവം നിങ്ങളോടു പറയും: ”നിന്റെ വഴിപാടുകളും യാഗങ്ങളും മറന്നേക്കുക. എനിക്കുവേണ്ടതു നിന്റെ ശരീരമാണ്. നിന്റെ കണ്ണുകളെ, നാവിനെ വിശുദ്ധിയില്‍ എനിക്കു തരിക.” നിന്റെ ശരീരത്തിലെ അവയവങ്ങള്‍ക്കു പകരം പണവും ശുശ്രൂഷയും കൊണ്ടു വയ്ക്കരുത്. തങ്ങള്‍ നല്‍കുന്ന പണത്തെയും ഭൗതികവസ്തുക്കളെയും വലുതായി കാണുന്നവര്‍ പഴയ ഉടമ്പടിയുടെ നിലവാരത്തിലേക്കു മടങ്ങിപ്പോകുന്നവരാണ്. പുതിയ ഉടമ്പടിയില്‍ ദൈവം ആഗ്രഹിക്കുന്നതു നിങ്ങളുടെ ശരീരമാണ്. എബ്രായലേഖനം സവിശേഷമായ ഒരു പുസ്തകം തന്നെയാണ്. പുതിയ ഉടമ്പടിയുടെ നിലവാരത്തില്‍ ജീവിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എബ്രായലേഖനം പഠിക്കുക.

യേശു സ്വര്‍ഗ്ഗത്തിലായിരുന്നപ്പോള്‍ തനിക്ക് ഒരു ഭൗതികശരീരമുണ്ടായിരുന്നില്ല. ഭൂമിയിലേക്കു വന്നപ്പോള്‍ പിതാവ് തനിക്ക് ഒരു ശരീരം നല്‍കി. ആ ശരീരം കൊണ്ട് താന്‍ എന്തായിരിക്കും ചെയ്യുക? ആഫ്രിക്ക പോലെ ബുദ്ധിമുട്ടേറിയ രാജ്യങ്ങളില്‍ സുവിശേഷവേല ചെയ്ത് പിതാവിനോടുള്ള സ്‌നേഹം പ്രദര്‍ശിപ്പിക്കുകയോ? അതോ ആഴ്ചയില്‍ രണ്ടു ദിവസം ഉപവസിക്കുകയും ദിനംപ്രതി നാലുമണിക്കൂര്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുകയോ? ഇതൊന്നുമായിരുന്നില്ല. യേശു പറഞ്ഞു: ”ഞാന്‍ ഭൂമിയിലേക്കു വന്നത് യാഗങ്ങള്‍ അര്‍പ്പിക്കാനല്ല അവിടുത്തെ ഇഷ്ടം നിറവേറ്റുവാനാണ്.”(10:5-7). യേശു തന്റെ ശരീരം ഉപയോഗിച്ചത് ഇക്കാര്യത്തിനാണ്. നാമും നമ്മുടെ ശരീരങ്ങളെ ഉപയോഗിക്കേണ്ടത് ഇതിനുതന്നെയാണ്. നാം നമ്മെ ദൈവത്തിനു സമര്‍പ്പിച്ചു കഴിഞ്ഞാല്‍ നമ്മുടെ ശരീരത്തെ, അതിന്റെ ഓരോ അവയവത്തെയും – കണ്ണ്, കാത്, നാവ്, വികാരങ്ങള്‍, ആഗ്രഹങ്ങള്‍ മുതലായവ-ദൈവേഷ്ടത്തിനായി അര്‍പ്പിക്കേണ്ടതാണ്. തുടര്‍ന്നു നമ്മുടെ ജീവിതത്തിന്റെ ഓരോ ദിവസവും ദൈവത്തിനുള്ളതാണ്.

എന്താണു പ്രാഥമികമായി നമ്മെക്കുറിച്ചുള്ള ദൈവഹിതം? ”ദൈവത്തിന്റെ ഇഷ്ടമോ നിങ്ങളുടെ ശുദ്ധീകരണം തന്നെ.” (1 തെസ്സ. 4:3). നമ്മെ എല്ലാവരെയും സംബന്ധിച്ച ദൈവഹിതത്തിന്റെ പ്രാഥമികഭാഗം അതുതന്നെ. എന്നാല്‍ ശുശ്രൂഷയിലേക്കു വരുമ്പോള്‍ ദൈവത്തിനുവേണ്ടി എന്തെങ്കിലും ചെയ്‌വാനായി നിങ്ങള്‍ ഓടി നടക്കേണ്ടതില്ല. ശുശ്രൂഷയിലും നാം ദൈവത്തിന്റെ ഹിതം തന്നെയാണ് അന്വേഷിക്കേണ്ടത്. യേശു നമ്മെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചു. ”നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ!” സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ ദൈവത്തെ പ്രസാദിപ്പിക്കുവാനായി തിരക്കുപിടിച്ച് അവിടെയും ഇവിടെയും ഓടി നടക്കുന്നില്ല. യേശുവും പിതാവിനെ പ്രസാദിപ്പിക്കുവാനായി തിരക്കുപിടിച്ച് അവിടെയും ഇവിടെയും ഓടിനടന്ന് എന്തെങ്കിലുമൊക്കെ പ്രവര്‍ത്തിച്ചില്ല. പിതാവിന്റെ ഹിതം എന്തെന്നു കേട്ട് അതുമാത്രം ചെയ്തു. 18-ാം വയസ്സുമുതല്‍ 30-ാം വയസ്സുവരെ ഒരു മരപ്പണിക്കാരന്റെ ജോലി ചെയ്യുവാന്‍ പിതാവു പറഞ്ഞു. താന്‍ അത് അനുസരിച്ചു. അത്രയും വര്‍ഷങ്ങള്‍ ഏല്പിച്ച കാര്യത്തില്‍ വിശ്വസ്തനായപ്പോള്‍ 31/2 വര്‍ഷങ്ങള്‍ പ്രസംഗിക്കുവാനായി അയച്ചു. കസേരയും കട്ടിലും ഉണ്ടാക്കുവാനായി പിതാവു നിയോഗിച്ചപ്പോള്‍ താന്‍ അതില്‍ വിശ്വസ്തനായിരുന്നു. അതുപോലെതന്നെ പ്രസംഗിക്കുവാനും സൗഖ്യമാക്കുവാനും നിയോഗിച്ചപ്പോള്‍ അതിലും താന്‍ വിശ്വസ്തനായിരുന്നുകൊണ്ട് പിതാവിനെ പ്രസാദിപ്പിച്ചു.

യേശു ഭൂമിയിലേക്കു വന്നത് ഒരു മിഷനറിയായി പ്രവര്‍ത്തിക്കുവാനോ മുഴുവന്‍ സമയ സുവിശേഷപ്രവര്‍ത്തകന്‍ ആയിരിക്കുവാനോ ആയിരുന്നില്ല. പിതാവിന്റെ ഹിതം എന്തുതന്നെ ആയിരുന്നാലും അതു നിറവേറ്റുക. അതുമാത്രം. പിതാവിന്റെ ഹിതം മരപ്പണി ആയിരുന്നപ്പോള്‍ അതു ചെയ്തു. നാമും നമ്മെത്തന്നെ പിതാവിന്റെ ഹിതത്തിനായി സമര്‍പ്പിക്കേണ്ടതുണ്ട്. അതും ഇതും ചെയ്‌വാനല്ല. ഒരുപക്ഷേ ദൈവം നിങ്ങളെ വിളിക്കുന്നതു ഒരു മിഷനറിയായിട്ടല്ല. ആശാരിപ്പണിക്കുവേണ്ടിയാകാം. നിങ്ങള്‍ ചെയ്യുവാന്‍ സന്നദ്ധനാണോ?

ഇന്ത്യന്‍ പട്ടാളത്തില്‍ ഞാന്‍ സൈനികനായി ചേര്‍ന്നാല്‍ എനിക്കിഷ്ടമുള്ള സ്ഥലത്തുപോയി ജോലി ചെയ്യുവാന്‍ എനിക്കു കഴിയില്ല. അവിടെനിന്നും എവിടേക്ക് അയക്കുന്നുവോ അവിടേക്ക് എനിക്കു പോകേണ്ടിവരും. അവര്‍ക്ക് എന്നെ യുദ്ധമുന്നണിയിലേക്ക് അയക്കാം. മുന്‍നിരയില്‍ പോരാടുന്ന ഭടന്മാര്‍ക്ക് വേണ്ട സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ജോലിയിലും ആക്കാം. അത് അവരുടെ ഇഷ്ടമാണ്. ദൈവത്തിന്റെ സൈന്യത്തിലും ഇങ്ങനെതന്നെയാണ്.

യേശുപറഞ്ഞു: ”ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്‌വാന്‍ ഞാന്‍ വരുന്നു.” അങ്ങനെ പറഞ്ഞുകൊണ്ട് യേശു ഒന്നാമത്തെ ഉടമ്പടിയെ നീക്കുകയും രണ്ടാമത്തെ ഉടമ്പടിയെ സ്ഥാപിക്കുകയും ചെയ്തു.

ഒന്നാമത്തെ ഉടമ്പടിയില്‍ ധാരാളം മതപരമായ ആചാരങ്ങള്‍ കൂടാരത്തിലും ദേവാലയത്തിലുമുണ്ടായിരുന്നു. എന്നാല്‍ യേശു തന്റെ ജീവിതകാലത്തിന്റെ 90% സമയത്തും ഒരു ആചാരങ്ങളും ചെയ്തില്ല. യേശു വീട്ടില്‍ തന്റെ അമ്മയെ സഹായിക്കുകയും ഒരു മരപ്പണിക്കാരന്റെ ജോലി ചെയ്തുകൊണ്ട് കുടുംബം സംരക്ഷിക്കുകയും ചെയ്തു. മുപ്പതുവയസ്സ് വരെ. തുടര്‍ന്ന് മൂന്നര വര്‍ഷം ദൈവരാജ്യം പ്രസംഗിച്ചു. അങ്ങനെ പിതാവു നല്‍കിയ പ്രവൃത്തി തികച്ച് അവിടുത്തേക്ക് മഹത്വം നല്‍കി. (യോഹ. 14:4). ഇതില്‍നിന്നും നാം പഠിക്കുന്ന പാഠം എന്താണ്? ദൈവദൃഷ്ടിയില്‍ രോഗികളെ സൗഖ്യമാക്കുന്നതുപോലെതന്നെ പ്രാധാന്യമുള്ള കാര്യമാണ് വീട്ടില്‍ മാതാവിനെ സഹായിക്കുന്നത്. പുതിയ ഉടമ്പടിയില്‍ ഒരു കാലയളവില്‍ എന്തു ജോലിക്കായി ദൈവം താങ്കളെ നിയോഗിക്കുന്നുവോ അതാണ് ദൈവഹിതം. ആ കാലയളവില്‍ താങ്കള്‍ക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വിശുദ്ധമായ പ്രവൃത്തിയും അതുതന്നെ. ധാരാളം ആളുകള്‍ വ്യക്തമായ ദൈവവിളികൂടാതെ പൂര്‍ണ്ണസമയ പ്രവര്‍ത്തനങ്ങളിലേക്കും മിഷനറി വേലയിലേക്കും തിരിഞ്ഞിട്ടുണ്ട്. ദൈവഹിതം അന്വേഷിക്കാതെ മറ്റ് ആളുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയപ്പെട്ട് മിഷനറി പ്രവര്‍ത്തനങ്ങളിലേക്ക് എടുത്തുചാടി വിദേശരാജ്യങ്ങളില്‍ പോയി പ്രവര്‍ത്തിക്കുകയും സ്വന്തം ജീവിതത്തില്‍ കുഴച്ചിലുകള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്രകാരമുള്ള ചില പഴയകാല മിഷനറിമാരെ ഞാന്‍ കണ്ടുമുട്ടാനിടയായിട്ടുണ്ട്. അത്തരം അബദ്ധങ്ങള്‍ നിങ്ങള്‍ക്കുണ്ടാകാതിരിക്കട്ടെ! യേശുവിന്റെ മാതൃകയെ പിന്‍പറ്റുക. നമുക്കുള്ള മാതൃക അവിടുന്നു നല്‍കിയിരിക്കുന്നു.

എബ്രായര്‍ 10:16-17ല്‍ ഉടമ്പടിയുടെ നിയമം ഇപ്രകാരം ആവര്‍ത്തിക്കുന്നതു നമുക്കു കാണാം. ”എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളില്‍ എഴുതും. അവരുടെ പാപങ്ങളെ ഇനി ഓര്‍ക്കയുമില്ല.” ഇക്കാര്യം രണ്ടാം പ്രാവശ്യവും ആവര്‍ത്തിക്കുന്നത് ഇതിന്റെ അതിപ്രാധാന്യത്തെ സൂചിപ്പിക്കുന്നു.


ജീവന്റെ പുതുവഴി


എബ്രായലേഖനത്തിന്റെ കേന്ദ്രബിന്ദുവാണ് 10:19-25 വേദഭാഗം. യേശുക്രിസ്തു ഉദ്ഘാടനം ചെയ്ത പുതിയതും ജീവനുള്ളതുമായ ഒരുവഴിയെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ദൈവസന്നിധിയിലേക്ക് പെട്ടെന്നു തന്നെ പ്രവേശിക്കുവാനും അവിടെ സ്ഥിരമായി വസിക്കുവാനും സാദ്ധ്യമാക്കുന്ന വഴി. മനുഷ്യനുവേണ്ടിയുള്ള ദൈവിക പദ്ധതിയും നമ്മുടെ പദവിയുമാണത്. ”അതിവിശുദ്ധസ്ഥലത്തേക്കു നമുക്കു പ്രവേശനത്തിനുള്ള ധൈര്യം ലഭിച്ചിരിക്കുന്നു(പ്രാഥമികമായി) യേശുവിന്റെ രക്തത്താല്‍. (രണ്ടാമതായി) തന്റെ ദേഹമാകുന്ന തിരശ്ശീല ചീന്തി യേശുതുറന്ന പുതിയതും ജീവനുള്ളതുമായ വഴിയും നമുക്കു ലഭിച്ചിരിക്കുന്നു.” യേശു ജീവനെ വെടിഞ്ഞപ്പോള്‍ ദേവാലയത്തിലെ തിരശ്ശീല ചീന്തിപ്പോയി. ആ തിരശ്ശീല തന്റെ ദേഹത്തെ (സ്വന്തഇച്ഛയെ) പ്രതിനിധീകരിക്കുന്നു. ഈ ഭൂമിയിലെ ജീവിതത്തിന്റെ എല്ലാ നാളുകളിലും ആ തിരശ്ശീല ചീന്തി(ക്രൂശിക്കപ്പെട്ടു). പിതാവിന്റെ ഹിതം നിറവേറ്റുവാന്‍ സ്വന്തഹിതം എല്ലായ്‌പ്പോഴും ക്രൂശിക്കപ്പെട്ടു (യോഹ. 6:38). ഇതിനെയാണു നാം ‘പുതിയതും ജീവനുള്ളതുമായ വഴി’ എന്നു വിളിക്കുന്നത്.

പുതിയത് എന്നാല്‍ എപ്പോഴും പുതുക്കപ്പെടുന്നത് എന്നര്‍ത്ഥം. വെളി.5:9-ല്‍ യേശുവിന്റെ മരണത്തെക്കുറിച്ച് സ്വര്‍ഗ്ഗത്തില്‍ ഒരു പുതിയ പാട്ട് അവര്‍ പാടുന്നു എന്നു നാം വായിക്കുന്നു. അതെങ്ങനെയാണ് ഒരു പുതിയ പാട്ടാകുന്നത്? അതു പാടുന്നവര്‍ക്കെല്ലാം അതൊരു പുതിയ അനുഭവമാണ്. അങ്ങനെയാണ് യേശുവിന്റെ മരണം അനുഗമിക്കുന്ന നമുക്ക് പരിശുദ്ധാത്മാവ് ജീവിക്കുന്ന ഒരു പുതുവഴിയാക്കിത്തീര്‍ക്കുന്നത്. അത് ആസ്വാദ്യകരമായ ഒരു അനുഭവം തന്നെ. സ്വന്തം ഇഷ്ടത്തെയും സ്വയത്തെയും മരണത്തിനേല്‍പ്പിച്ച് എല്ലാദിവസവും ശരീരത്തെ ദൈവേഷ്ടം ചെയ്‌വാനായി അര്‍പ്പിക്കുന്ന എല്ലായ്‌പ്പോഴും പുതുമയുടെ അനുഭവം തരുന്ന ക്രൂശിന്റെ വഴി. ഈ അദ്ധ്യായത്തില്‍ മുമ്പെ നാം കണ്ടതുപോലെ ”ദൈവമേ, ഇതാ നിന്റെ ഇഷ്ടം ചെയ്‌വാന്‍ ഞാന്‍ വരുന്നു.” ഇന്നു നമുക്കു തിരശ്ശീല ചിന്തേണ്ട ആവശ്യമില്ല. യേശു നമുക്കു വേണ്ടി തിരശ്ശീല ചീന്തി പുതിയ വഴി തുറന്നിരിക്കുന്നു. ഇന്നു നാം ആ വഴിയേ നടന്നാല്‍ മതി. ദൈവസാന്നിദ്ധ്യത്തില്‍ നിരന്തരം വസിച്ചാല്‍ മതി.

യേശു നമുക്കു നടക്കേണ്ടതിനു പുതിയ ഒരു വഴി തുറന്നിരിക്കുന്നു. യേശുവിനെ സംബന്ധിച്ച് ആ നടപ്പ് എളുപ്പമായിരുന്നില്ല. 331/2 വര്‍ഷത്തെ ജീവിതത്തിന്റെ ഓരോനാളും സ്വയത്തിനു മരിക്കുക എന്ന വില നല്‍കി വഴി തുറക്കേണ്ടതുണ്ടായിരുന്നു. ഇന്നു യേശു നമ്മെ കടന്നുവരുവാനായി ക്ഷണിക്കുന്ന വിശുദ്ധിയുടെ പെരുവഴി ഇതാണ് (യെശ.35:8). എന്നാല്‍ ക്രൂശിന്റെ വഴി എന്ന ഈ വഴി നമ്മുടെ ലക്ഷ്യമായിപ്പോകാതിരിക്കുവാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. യേശു ക്രൂശിനെ സഹിച്ചതു തന്റെ മുമ്പില്‍ വച്ചിരുന്ന സന്തോഷ(പിതാവിനോടുള്ള കൂട്ടായ്മ)ത്തെ ലക്ഷ്യം വച്ചുള്ള ഓട്ടത്തിലായിരുന്നു. നിങ്ങള്‍ ചെന്നൈയില്‍നിന്നും ബാംഗ്ലൂരിലേക്ക് ഒരു പുതിയ റോഡിലൂടെ യാത്ര ചെയ്യുന്നു എങ്കില്‍ ആ റോഡിന്റെ മനോഹാരിത ഒരിക്കലും നിങ്ങളെ പിടിച്ചടക്കാന്‍ നിങ്ങള്‍ അനുവദിക്കില്ല. അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ ബാംഗ്ലൂരിലെത്തുകയില്ല. ലക്ഷ്യസ്ഥാനത്ത് എത്തുവാനുള്ള ഒരു ഉപാധി മാത്രമാണ് റോഡ്. അതുപോലെ തന്നെ ക്രൂശിന്റെ വഴി പിതാവിന്റെ സന്നിധിയില്‍ എത്തുവാനും അവിടെ വസിക്കുവാനുമുള്ള ഒരു ഉപാധി മാത്രമാണ്. ജഡത്തെ മരിപ്പിക്കുന്നതിനെക്കുറിച്ചു മാത്രം സംസാരിക്കുന്ന വിശ്വാസികളുണ്ട്. അവര്‍ വിഷാദചിത്തരും മ്ലാനതയുള്ളവരും മറ്റുള്ളവരെ വിധിക്കുന്നവരുമായി അഴിച്ചുവിടുന്ന വിമര്‍ശനങ്ങളിലൂടെ തങ്ങളുടെ ജഡം ജീവിക്കുന്നു എന്നു തെളിയിക്കുന്നു. അവരുടെ യാത്ര ഒരിക്കലും ലക്ഷ്യസ്ഥാനത്തെത്തുന്നില്ല. 20 വര്‍ഷങ്ങള്‍ക്കുശേഷവും അവര്‍ ഈ വഴിയെക്കുറിച്ചു പ്രസംഗിക്കുക മാത്രം ചെയ്യുകയും ലക്ഷ്യത്തോട് അടുത്തു ചെല്ലാതെയുമിരിക്കുന്നു. ക്രിസ്തു തുല്യമായ മനസ്സില്‍ നിന്നും അവര്‍ എത്ര അകലെയാണ്! ക്രിസ്തു തുല്യമായ മനസ്സും ദൈവത്തോടുള്ള കൂട്ടായ്മയുമാണ് നമ്മുടെ ലക്ഷ്യം.

മാര്‍ഗ്ഗത്തിലേക്ക് നോക്കിയല്ല യേശുവിലേക്കു നോക്കിയാണു നാം നമ്മുടെ ഓട്ടം ഓടുന്നത്. (എബ്രാ. 12:1). ഓട്ടക്കാര്‍ ഒരിക്കലും ട്രാക്കിലേക്കു നോക്കിയല്ല ഓടുന്നത്. അവര്‍ മുമ്പിലുള്ള ഫിനിഷിംഗ് പോയിന്റിലേക്കു കണ്ണു നട്ടായിരിക്കും ഓടുക. റോഡിലേക്കു നോക്കി ഓടുന്നവര്‍ ഒടുവിലായിട്ടായിരിക്കും ഫിനിഷിംഗ് പോയിന്റില്‍ എത്തുന്നത്. ക്രൂശിന്റെ സന്ദേശം ഗ്രഹിച്ചിട്ടുണ്ട് എന്നു വച്ച് നിങ്ങള്‍ വിശുദ്ധനാവില്ല. യേശു എന്ന വ്യക്തിയാല്‍ പിടിക്കപ്പെട്ടിരിക്കുന്നു എങ്കില്‍ നിങ്ങള്‍ വിശുദ്ധനാകും.

കര്‍ത്താവു നമുക്കുവേണ്ടി ക്രൂശിന്റെ വഴി തുറന്നുതന്നുകൊണ്ട് നമുക്ക് മുന്നോടിയും മഹാപുരോഹിതനുമായിത്തീര്‍ന്നു-തന്നെ അനുഗമിച്ചുകൊണ്ട് ആ വഴിയിലൂടെ നടക്കേണ്ടതിന്. ”അതുകൊണ്ട് ശരീരം ശുദ്ധവെള്ളത്താല്‍ കഴുകപ്പെട്ടവരായി ദുഷിച്ച മനസ്സാക്ഷിയെ നീക്കി ശുദ്ധഹൃദയത്തോടെ വിശ്വാസത്തിന്റെ ഉറപ്പും പരമാര്‍ത്ഥ മനസ്സും ഉള്ളവരായി ദൈവത്തോട് അടുത്തു ചെല്ലാം.” (10:22).

ഈ വാക്യത്തിലെ ആദ്യപ്രയോഗത്തിന്റെ അര്‍ത്ഥം നാം ശരീരം കൊണ്ടു ചെയ്ത തെറ്റുകള്‍ക്കു നിരപ്പുണ്ടാക്കി എന്നാണ്. ഉദാഹരണമായി നാം മുറിവേല്പിച്ചവരോടു ക്ഷമ ചോദിച്ചു. ആരുടെയെങ്കിലും പണം അന്യായമായി നമ്മുടെ കയ്യില്‍ വന്നിട്ടുണ്ടെങ്കില്‍ അതു തിരിച്ചുകൊടുത്തു മുതലായവ. അങ്ങനെ നമ്മുടെ നാവും കൈകളും ശുദ്ധമാക്കി, അങ്ങനെ ഇപ്പോള്‍ മാറിപ്പോകാതെവണ്ണം നാം നമ്മുടെ പ്രത്യാശയുടെ സ്വീകാരം മുറുകെ പിടിക്കുന്നു. ഇപ്പോള്‍ നാം സഹവിശ്വാസികളുടെ സ്‌നേഹം ജ്വലിപ്പിക്കേണ്ടതെങ്ങനെയെന്നതാണ് ചിന്തിക്കുന്നത്. നാം ഇനിമേല്‍ നമുക്കുവേണ്ടിയല്ല ജീവിക്കുന്നത്. സഹവിശ്വാസികളോടുള്ള കൂട്ടായ്മയ്ക്കു നാം സമയം കണ്ടെത്തണം. കര്‍ത്താവിന്റെ വരവിനെ കാത്തിരിക്കുന്നതിനാല്‍ കൂട്ടായ്മ വര്‍ദ്ധിക്കണം. (10:23-25).

10:19-25 വരെയുള്ള വേദഭാഗം വളരെ പ്രാധാന്യമുള്ളതാണ്. ഇതിനെ ഗൗരവത്തോടെ വായിക്കയും ധ്യാനപൂര്‍വ്വം ഉള്‍ക്കൊള്ളുകയും വേണം.

മനഃപൂര്‍വ്വം പാപം ചെയ്യുന്നതിന്റെ അപകടങ്ങളെക്കുറിച്ചു പറഞ്ഞാല്‍ അങ്ങനെ ചെയ്യുന്ന പാപം പരിഹരിക്കുവാന്‍ വേറെ യാഗം ഇല്ല. നാം യഥാര്‍ത്ഥമായും പാപത്തെക്കുറിച്ച് അനുതപിച്ചിരിക്കുന്നു എങ്കില്‍ നമ്മുടെ മനോഭാവം തന്നെ മാറിയിരിക്കും. ഒരു പക്ഷേ ഒരു നിമിഷത്തെ ബലഹീനത കാരണമായി നാം വീണുപോയാലും നാം പാപത്തെ വെറുക്കുകയും അതില്‍നിന്നും കരകയറുകയും ചെയ്യും. ഭാവിയില്‍ അത്തരം സാഹചര്യങ്ങളെ ഒഴിവാക്കാന്‍ പരിശ്രമിക്കയും ചെയ്യും.

ജീവന്റെ പുതുവഴി എന്നാല്‍ അതൊരു വാതിലല്ല വഴിയാണ്. നാം മുമ്പോട്ടു നടക്കേണ്ട വഴി. പിന്നീടു 12:1 ല്‍ യേശുവിനെ നോക്കി ഓടുവാന്‍ എബ്രായലേഖനകാരന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. വിശ്വാസികള്‍ പിന്മാറ്റത്തില്‍ വീഴുന്നത് മുമ്പോട്ടുള്ള ഈ നടപ്പ് നിലയ്ക്കുമ്പോഴാണ്. ഒരു വിമാനം മുമ്പോട്ടുള്ള ചലനം നിലനിര്‍ത്തുന്നത്രയും അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്ക്കും. അതിന്റെ യന്ത്രങ്ങള്‍ ചലനമറ്റ് നിന്നുപോയാല്‍ അതു താഴുവാന്‍ തുടങ്ങും. ക്രിസ്തീയ ജീവിതവും ഇതുപോലെയാണ്. നാം മുമ്പോട്ടു പോകുന്നില്ലെങ്കില്‍ നാം പിന്മാറ്റത്തിലായിപ്പോകും.

പഴയ ഉടമ്പടിയുടെ കാലത്ത് പാപം ചെയ്തവര്‍ക്ക് കരുണയില്ലാത്ത ശിക്ഷ ലഭിച്ചതിനെക്കുറിച്ചു നമുക്ക് എബ്രായലേഖനം ഉറപ്പുതരുന്നു (10:28). അവരെക്കാള്‍ ഉന്നതമായ വിളി ലഭിച്ചവരാണു നാം എന്നതിനാല്‍ നമ്മുടെ ശിക്ഷയും വളരെ കഠിനമായിരിക്കും– പാപത്തെ നാം ലഘുവായി കാണുന്നു എങ്കില്‍. ദൈവപുത്രനെ ചവിട്ടിക്കളകയും നമ്മെ ശുദ്ധീകരിച്ച നിയമ രക്തത്തെ മലിനമെന്ന് എണ്ണുകയും കൃപയുടെ ആത്മാവിനെ അവഗണിക്കയും ചെയ്യുന്നു എങ്കില്‍. ജീവനുള്ള ദൈവത്തിന്റെ കയ്യില്‍ വീഴുന്നതു ഭയങ്കരമാണ് (10:31).

നാം ക്രിസ്തുവിനുവേണ്ടി സഹിക്കുവാന്‍ മനസ്സുള്ളവരാകണമെന്നു തുടര്‍ന്നുപറയുന്നു (10:32-34). ആളുകള്‍ നമ്മുടെ സ്വത്തുക്കള്‍ അപഹരിച്ചു എന്നു വരാം. ഭൗമികമായ കാര്യങ്ങളാല്‍ നാം പിടിക്കപ്പെട്ടുകൂടാ. ഇന്ത്യയില്‍ പീഡനം വന്നാല്‍ നമുക്ക് ധനവും മാനവും ഒക്കെ നഷ്ടമായെന്നു വരാം. നാം നേരായി നടക്കുന്ന ക്രിസ്ത്യാനികളെങ്കില്‍ നമുക്ക് ജോലി ലഭിച്ചില്ലെന്നു വരാം. ഉദ്യോഗക്കയറ്റം കിട്ടിയില്ലെന്നു വരാം. ആളുകള്‍ നമുക്കെതിരായിത്തീരുകയും നമ്മുടെ സഭാമന്ദിരങ്ങള്‍ അടിച്ചുപൊളിക്കയും ചെയ്‌തെന്നു വരാം. നാം ദൈവത്തോടൊപ്പം അതിവിശുദ്ധസ്ഥലത്തു വസിക്കുന്നവരെങ്കില്‍ ഇതൊക്കെ സന്തോഷത്തോടെ സ്വീകരിക്കുവാന്‍ നാം സന്നദ്ധരാകും (10:34). ഇതൊന്നും നമ്മെ ബാധിക്കുകയില്ല. കാരണം സ്വര്‍ഗ്ഗത്തില്‍ നമുക്ക് ഉത്തമമായ സമ്പത്ത് കരുതിയിട്ടുണ്ടെന്നു നാം അറിയുന്നു.

ഇതിനു പകരം നാം പിന്മാറിപ്പോകുന്നു എങ്കില്‍ ദൈവത്തിനു നമ്മില്‍ പ്രസാദമില്ല (10:38). രണ്ടേ രണ്ടു വഴികള്‍ മാത്രമേ നമുക്കു മുമ്പിലുള്ളു. ഒന്ന്: വിശ്വാസത്തില്‍ പതറാതെ മുമ്പോട്ടു പോവുക. രണ്ട്: പിന്മാറിപ്പോവുക. വിശ്വാസത്താല്‍ ജീവിക്കുന്നു എങ്കില്‍ നിങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. വിശ്വാസത്തിലുള്ള ജീവിതത്തിന്റെ മറുവശം പിന്മാറ്റമാണ് (10:38). അങ്ങനെ പിന്മാറ്റം എന്നത് വിശ്വാസത്തിന്റെ തകര്‍ച്ചയാണെന്നു നാം ഇവിടെ കണ്ടെത്തുന്നു.


വിശ്വാസ വീരന്മാര്‍


എബ്രായര്‍ 11-ാം അദ്ധ്യായത്തില്‍ വിശ്വാസം എന്താണെന്നു വിശദീകരിക്കുന്നു. ദൈവത്തിന്റെ മനുഷ്യരില്‍ വിശ്വാസം ഉണ്ടായിരിക്കണമെന്ന് ദൈവം ആവശ്യപ്പെടുന്നത് ഒരു പുതിയ കാര്യമല്ല. പഴയനിയമ വിശുദ്ധന്മാര്‍ പോലും വിശ്വാസത്താലാണു ജീവിച്ചിരുന്നത്. ഹാബേല്‍ ദൈവത്തിന് വഴിപാട് അര്‍പ്പിച്ചതും വിശ്വാസത്താലാണ് (11:4). അദൃശ്യമായ കാര്യങ്ങളെ സത്യമെന്ന് ഉറപ്പായി വിശ്വസിക്കുന്നതാണ് വിശ്വാസം. നാം കണ്ടിട്ടില്ലാത്ത കാര്യങ്ങള്‍ നമുക്കു ലഭിക്കുമെന്നു വിശ്വസിക്കുന്നതാണ് വിശ്വാസം. തന്റെ ഏറ്റവും നല്ലതു ദൈവത്തിനു നല്‍കിയാല്‍ ദൈവം പ്രസാദിക്കുമെന്ന് ഹാബേല്‍ വിശ്വസിച്ചു. (ഉല്പ: 4:4). ഇതേ സമയം കായീന്‍ ദരിദ്രമായ വഴിപാടാണു നല്‍കിയത് (ഉല്പ: 4:3). ഹാനോക്ക് 300 വര്‍ഷം വിശ്വാസത്താല്‍ ദൈവത്തോടുകൂടെ നടന്നു. (എബ്രാ.11:5). എല്ലാ മനുഷ്യരും സ്വയം പ്രസാദിപ്പിച്ചുകൊണ്ട് നടന്ന കാലത്ത് അദൃശ്യനായ ദൈവത്തെ പ്രസാദിപ്പിച്ചുകൊണ്ട് ഹാനോക്ക് ദൈവത്തോടുകൂടെ നടന്നു. 300 വര്‍ഷം ദൈവം ഹാനോക്കിനെ ശോധന കഴിക്കയും തന്റെ അടുക്കലേക്ക് എടുക്കുകയും ചെയ്തു.


നമുക്ക് എന്തെല്ലാം ഗുണങ്ങള്‍ ഉണ്ടായിരുന്നാലും ഇത്തരത്തിലുള്ള വിശ്വാസം ഇല്ലെങ്കില്‍ നമുക്കു ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴികയില്ല (11:6). നാം വളരെ ത്യാഗങ്ങള്‍ സഹിച്ച് ദൈവത്തിനുവേണ്ടി വളരെ അദ്ധ്വാനിച്ചിട്ടുണ്ടാകാം. അദൃശനായ ദൈവത്തില്‍ വിശ്വസിച്ച് നാം ജീവിക്കുന്നില്ലെങ്കില്‍ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയില്ല. കണ്ടതുകൊണ്ടു വിശ്വസിക്കുന്നവരെക്കാള്‍ കാണാതെ വിശ്വസിക്കുന്നവരാണ് ഭാഗ്യവാന്മാര്‍ എന്ന് യേശു പറഞ്ഞു. (യോഹ.20:29). നിങ്ങള്‍ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ രണ്ടു കാര്യങ്ങള്‍ നിങ്ങള്‍ അവിടുത്തെക്കുറിച്ചു വിശ്വസിക്കണം. ഒന്ന്: അവിടുന്നു സത്യമായും സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നുണ്ട്. രണ്ട്: തന്നെ സത്യമായി അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നു പ്രതിഫലം നല്‍കുന്നു (എബ്രാ.11:6).

സ്വര്‍ഗ്ഗസ്ഥനായ ഒരു പിതാവ് നിങ്ങള്‍ക്ക് ഉണ്ട് എന്നു നിങ്ങള്‍ വാസ്തവമായി വിശ്വസിക്കുന്നുവോ? നിങ്ങള്‍ക്കു ജീവിതത്തില്‍ പ്രയാസങ്ങള്‍ നേരിടുമ്പോള്‍ ആരുടെ അടുത്തേക്കാണു നിങ്ങള്‍ ഒന്നാമതായി ചെല്ലുന്നത്? നിങ്ങള്‍ വിശ്വാസത്താല്‍ ജീവിക്കുന്ന ഒരുവനെങ്കില്‍ ദൈവത്തിന്റെ അടുത്തേക്കുതന്നെ ആയിരിക്കും. ആളുകളോടു സഹായം ആവശ്യപ്പെടുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ ഒന്നാമതു നാം അടുത്തു ചെല്ലുന്നതു ദൈവത്തോടായിരിക്കണം. എന്റെ പിതാവ് ഈ രാജ്യത്തിന്റെ ഭരണാധികാരിയാണെങ്കില്‍ എനിക്കൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ ഞാന്‍ ഫോണ്‍ ചെയ്ത് ”ഡാഡീ, എനിക്കൊരു പ്രശ്‌നമുണ്ട്” എന്നു തീര്‍ച്ചയായും പറയും. ”എന്താണു മകനെ?” എന്നു ഡാഡി ചോദിക്കും. ഞാന്‍ കാര്യം പറയും. ”വിഷമിക്കേണ്ട. എല്ലാം ഞാന്‍ നോക്കിക്കോളാം.” എന്നു ഡാഡി ഉറപ്പുതരും. ഫോണ്‍ താഴെ വയ്ക്കുന്നതോടെ ഞാന്‍ സ്വസ്ഥനാകും. ഭൂമിയിലെ ഏതു ഭരണാധികാരിയെക്കാളും ശക്തനാണ് നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവെന്നു നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? എത്ര ശക്തനായ ഭരണാധികാരിയാണെങ്കിലും രോഗം പോലുള്ള ചില പ്രശ്‌നങ്ങളുടെ മേല്‍ അവര്‍ക്കൊന്നും ചെയ്‌വാന്‍ കഴിയില്ല. എന്നാല്‍ നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവിന് എല്ലാം കഴിയും. എങ്കില്‍ പിന്നെ എന്തുകൊണ്ട് ഒന്നാമത് അവിടുത്തെ അടുക്കല്‍ ചെല്ലുന്നില്ല? ചെറുതോ വലുതോ ആയിരിക്കട്ടെ നിങ്ങളുടെ പ്രശ്‌നങ്ങള്‍. ഒന്നാമത് അതുമായി സ്വര്‍ഗ്ഗീയപിതാവിന്റെ അടുക്കല്‍ ചെല്ലുവാനുള്ള ശീലം നിങ്ങള്‍ വളര്‍ത്തിയെടുക്കുക– എല്ലായ്‌പ്പോഴും. തന്നെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്നു പ്രതിഫലം നല്‍കുന്നു (11:6).

നോഹ വിശ്വാസത്താല്‍ ജീവിച്ചു (11:7). തന്റെ ജീവിതം കൊണ്ട് അവന്‍ ലോകത്തെ ന്യായം വിധിച്ചു. അങ്ങനെയായിരിക്കണം നാമും ജീവിക്കേണ്ടത്. നോഹ തന്റെ വസ്തുവകകള്‍ വിറ്റ് പെട്ടകം പണിയുകയും ലോകത്തിന്മേല്‍ വരാനിരിക്കുന്ന ദൈവത്തിന്റെ ന്യായവിധിയെക്കുറിച്ചു പ്രസംഗിക്കുകയും ചെയ്തത് ലോകത്തിന്റെ ജീവിതരീതിയെയും ലക്ഷ്യങ്ങളെയും ന്യായം വിധിക്കുകയായിരുന്നു. കാരണം ലോകത്തിലെ മനുഷ്യര്‍ തങ്ങളുടെ പണം തങ്ങളുടെ സുഖഭോഗങ്ങള്‍ക്കുവേണ്ടിയായിരുന്നു ചെലവിട്ടത്. എന്നാല്‍ നോഹ തന്നെത്തന്നെ ത്യജിച്ചു. താന്‍ ആഡംബരത്തിനോ സുഖഭോഗങ്ങള്‍ക്കോ പണം ചെലവിട്ടില്ല. തനിക്ക് മിച്ചമുണ്ടായിരുന്നതെല്ലാം പെട്ടകം പണിയുവാന്‍ ചെലവാക്കി. അങ്ങനെ അവന്‍ ലോകത്തെ ന്യായം വിധിച്ചു. എപ്പോള്‍ ഒരു ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ പ്രഥമലക്ഷ്യം ക്രിസ്തുവിന്റെ സഭയെ പണിയുന്നതായിരിക്കുന്നുവോ അവന്‍ ലോകത്തെ ന്യായം വിധിക്കുകയാണ്. ലോകത്തിലെ ആളുകള്‍ ഒരുപക്ഷേ പറഞ്ഞേക്കാം ”നിങ്ങള്‍ സുവിശേഷത്തിനുവേണ്ടി യാത്ര ചെയ്യുവാനും ക്രിസ്തീയപുസ്‌കങ്ങള്‍ക്കുവേണ്ടിയും മറ്റും വ്യര്‍ത്ഥമായി നിങ്ങളുടെ പണം ചെലവിടുകയാണ്. എന്തുകൊണ്ട് നിങ്ങള്‍ വിനോദങ്ങള്‍ക്കുവേണ്ടിയും രസകരമായ ആസ്വാദനങ്ങള്‍ക്കുവേണ്ടിയും ആ പണം ചെലവഴിക്കുന്നില്ല?” എന്നാല്‍ യേശു വരുമ്പോള്‍ ഈ ഭൂമിയില്‍ നിലനില്‍ക്കുന്ന എന്തെങ്കിലുമുണ്ടെങ്കില്‍ അതു സഭ മാത്രമായിരിക്കും. നോഹയെപ്പോലെ നിങ്ങള്‍ക്കു വിശ്വാസം ഉണ്ടെങ്കില്‍ നിങ്ങളുടെ സമയവും ഊര്‍ജ്ജവും പണവും ചെലവഴിക്കുന്ന രീതിയെ ആ വിശ്വാസം മാറ്റി മറിക്കും. അതു നിങ്ങളുടെ വിശ്വാസത്തെ വെളിപ്പെടുത്തും. ആളുകള്‍ എന്തു കാണുന്നു? നിങ്ങള്‍ പണവും സമയവും ഊര്‍ജ്ജവും ചെലവിടുന്നതെങ്ങനെയെന്ന് അവര്‍ കാണുന്നു.

ദൈവം വിളിച്ചപ്പോള്‍ അബ്രാഹാം വിശ്വാസത്താല്‍ കല്‍ദയപട്ടണമായ ഊരില്‍നിന്നു പുറപ്പെട്ടു. ദൈവം ആവശ്യപ്പെടുന്നതുവരെ അബ്രാഹാം ഊരില്‍ ത്തന്നെ താമസിച്ചു. ദൈവം പറയാതെ ഒരിക്കലും നിങ്ങള്‍ താമസിക്കുന്ന സ്ഥലത്തുനിന്നും മാറരുത്. ദൈവം അബ്രാഹാമിനെ വിളിച്ചപ്പോള്‍ അബ്രാഹാം അത് അനുസരിച്ച് ഉടന്‍ തന്നെ തന്റെ വീടു വിട്ടു പുറപ്പെട്ടു(11:8). യേശു പത്രൊസിനെ വിളിച്ചപ്പോള്‍ അവന്‍ ഉടന്‍തന്നെ അനുസരിച്ചു. ആളുകള്‍ ആ സമയം അബ്രാഹാമിനോട് ”എവിടേക്കാണു പോകുന്നത്?” എന്നു ചോദിച്ചിരുന്നു എങ്കില്‍ ”എനിക്കറിയില്ല, പക്ഷേ എന്നെ നടത്തുന്നത് ആരാണെന്ന് എനിക്കറിയാം” എന്നു പറയുമായിരുന്നു. അവന്‍ സ്വര്‍ഗ്ഗീയനാടിനെ ലക്ഷ്യം വച്ചിരുന്നതുകൊണ്ട് താന്‍ ചെന്ന ദേശത്തു പരദേശിയായി പാര്‍ത്തു (11:9). താനും തന്റെ ഭാര്യ സാറയും പുത്രോത്പാദനത്തിനു ശക്തിയില്ലാത്തവരായിരുന്നപ്പോള്‍ത്തന്നെ വിശ്വാസത്താല്‍ ഒരു പുത്രനു ജന്മം നല്‍കി. ഭാര്യയുടെയും ഭര്‍ത്താവിന്റെയും വിശ്വാസമാണു നാം ഇവിടെ കാണുന്നത്. സാറയെപ്പോലെ വിശ്വാസമുള്ള ഒരു സ്ത്രീയെയാണു നിങ്ങള്‍ക്കു ഭാര്യയായി ലഭിക്കുന്നതെങ്കില്‍ നിങ്ങള്‍ ഭാഗ്യവാനായിരിക്കും.

ഇവരൊക്കെ മരിച്ചത് വാഗ്ദത്തനിവൃത്തി പ്രാപിക്കാതെയാണ്(11:13). ദൈവം മനുഷ്യനു നല്‍കുവാന്‍ ആഗ്രഹിച്ചത് പ്രാപിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. വാഗ്ദത്തത്തിന്റെ ഒരംശം മാത്രമേ പ്രാപിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞുള്ളു. അബ്രാഹാമിന് ഒരു പുത്രനെ ലഭിച്ചു. ഭൂമിയിലെ സകലകുടുംബങ്ങളും അവന്‍ മുഖാന്തരം അനുഗ്രഹിക്കപ്പെടുമെന്നു ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്തു. എന്നാല്‍ അവന് അതു കാണാന്‍ കഴിഞ്ഞോ? ഇല്ല. വാഗ്ദത്ത നിവൃത്തി പ്രാപിക്കാതെ അവന്‍ കനാനില്‍ മരിച്ചു. ഇന്ന് അതു നിവൃത്തിയായിരിക്കുന്നു. നമ്മുടെ പ്രവൃത്തിയുടെ അന്തിമഫലം കാണാതെ ഒരുപക്ഷേ നമുക്കു മരിക്കേണ്ടി വന്നേക്കാം. ഇന്ത്യയുടെ മിഷനറി ആയിരുന്ന വില്യം കേറി തന്റെ ഇന്ത്യന്‍ ഭാഷകളിലേക്കുള്ള വേദപുസ്തക തര്‍ജ്ജമ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ ജനങ്ങളെ അനുഗ്രഹിച്ചതിന്റെ വ്യാപ്തിയോ തന്റെ പ്രവര്‍ത്തനങ്ങള്‍ ലോകമെമ്പാടുമുള്ള അനേകര്‍ക്ക് എങ്ങനെ ഊര്‍ജ്ജം പകര്‍ന്നുവെന്നോ കാണാതെയാണു മരിച്ചത്. ഇക്വഡോറിലെ മിഷനറിയായിരുന്ന ജിം എലിയട്ട് നന്നേ ചെറുപ്പത്തിലെ ഇഹലോകവാസം വെടിഞ്ഞു. ഔക്കാഗോത്രങ്ങള്‍ ക്രിസ്തുവിലേക്ക് എങ്ങനെ വന്നു എന്നോ തന്റെ പ്രവര്‍ത്തനം ലോകമെമ്പാടുമുള്ള എത്രയോ പേര്‍ക്ക് ഉത്സാഹം പകര്‍ന്നു എന്നോ അദ്ദേഹം കണ്ടില്ല. നിങ്ങള്‍ വിശ്വാസത്തില്‍ വിശ്വസ്തനായി ജീവിക്കുന്നു എങ്കില്‍ നിങ്ങള്‍ മണ്‍മറഞ്ഞ ശേഷവും നിങ്ങളുടെ ജീവിതം അനേകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നുകൊണ്ടിരിക്കും. അബ്രാഹാം ജീവിച്ചത് ഇഹത്തിലെ നന്മകള്‍ക്കുവേണ്ടി ആയിരുന്നില്ല. മറിച്ച് ഏറ്റവും നല്ല സ്വര്‍ഗ്ഗീയമായതിനെ ലക്ഷ്യം വച്ചായിരുന്നു (11:16) എന്ന് ആ ജീവിതം വ്യക്തമാക്കുന്നു.

വിശ്വാസത്താല്‍ അബ്രാഹാം, ദൈവം കല്പിച്ചപ്പോള്‍, യിസ്ഹാക്കിനെ യാഗമായി അര്‍പ്പിച്ചു. അബ്രാഹാം യിസ്ഹാക്കിനെക്കാള്‍ അധികം തന്നെ സ്‌നേഹിക്കുന്നുവോ എന്നു പരീക്ഷിക്കുകയായിരുന്നു ദൈവം. യിസ്ഹാക്ക് എന്ന പുത്രനിലൂടെയായിരിക്കും തന്റെ വാഗ്ദാനങ്ങള്‍ നിറവേറുക എന്നു ദൈവം അബ്രാഹാമിനോടു പറഞ്ഞിരുന്നു. യിസ്ഹാക്ക് കൊല്ലപ്പെടുകയാണെങ്കില്‍ ആ വാഗ്ദാനങ്ങള്‍ക്ക് എന്ത് സംഭവിക്കുമായിരുന്നു? ദൈവം അവനെ മരണത്തില്‍ നിന്ന് ഉയിര്‍പ്പിച്ച് തന്റെ വാഗ്ദാനങ്ങള്‍ നിറവേറ്റുകതന്നെ ചെയ്യുമെന്ന് അബ്രാഹാം വിശ്വസിച്ചു (11:19). എത്ര വിസ്മയകരമായ വിശ്വാസമായിരുന്നു അബ്രാഹാമിന്റേത്! ചരിത്രത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യം– മരണത്തില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്പു തന്നെ- ദൈവം ചെയ്യും എന്ന് യിസ്ഹാക്കിനെക്കുറിച്ച് അബ്രാഹാം വിശ്വസിച്ചു.

മറ്റുള്ളവര്‍ക്കു സാധാരണഗതിയില്‍ മനസ്സിലാക്കാന്‍ കഴിയാത്ത കാര്യം ദൈവം തന്റെ ദാസന്മാരെക്കൊണ്ടു ചെയ്യിക്കാറുണ്ട്. ഉദാഹരണത്തിന് ആകാശത്തുനിന്നും തീ ഇറക്കാന്‍ നേരം ഏലിയാവ് ആളുകളോട് പന്ത്രണ്ടുതൊട്ടി വെള്ളം യാഗപീഠത്തിന്മേലും അതിന്റെ ചുറ്റിലുമായി ഒഴിക്കുവാന്‍ പറഞ്ഞു. സാധാരണയായി വെള്ളം ഉപയോഗിക്കുന്നതു തീകെടുത്തുവാനാണല്ലോ. പിന്നെ എന്തിനിങ്ങനെ ചെയ്തു? ഇതു വെറുമൊരു കണ്‍കെട്ടു വിദ്യയല്ല ദൈവത്തില്‍ നിന്നും ഇറങ്ങിവരുന്ന ശക്തമായ തീ തന്നെയെന്നു ഏലിയാവ് തെളിയിക്കാനാഗ്രഹിച്ചു എന്നു കാണാം.

തുടര്‍ന്ന് യിസ്ഹാക്കിന്റെ വിശ്വാസത്തെക്കുറിച്ചു നാം വായിക്കുന്നു. യാക്കോബിന്റെയും ഏശാവിന്റെയും ഭാവി സംബന്ധിച്ച് യിസ്ഹാക്ക് അവരെ അനുഗ്രഹിക്കുന്നു. അപ്രകാരം യാക്കോബും വിശ്വാസത്താല്‍ തന്റെ മക്കളെ അനുഗ്രഹിക്കുന്നതായി നാം പിന്നീടു കാണുന്നു (11:21). നമുക്കും വിശ്വാസത്താല്‍ നമ്മുടെ മക്കളെ അനുഗ്രഹിക്കുവാന്‍ കഴിയും. നാം അവരെ ദൈവവഴി അഭ്യസിപ്പിക്കുകയും നടത്തുകയും ചെയ്തതുകൊണ്ട് നമുക്ക് അവരുടെ ഭാവി സംബന്ധിച്ച് അവരെ അനുഗ്രഹിക്കുവാന്‍ കഴിയും. യിസ്ഹാക്കും യാക്കോബും തന്റെ മക്കള്‍ക്കു നല്‍കിയതുപോലെ നമുക്കും നമ്മുടെ മക്കള്‍ക്ക് നല്‍കാന്‍ കഴിയുന്നത് എത്ര വലിയ അനുഗ്രഹമാണ്!

അതുപോലെതന്നെ ഇവിടെ നാം വായിക്കുന്ന മറ്റൊരു കാര്യമാണ് ”യാക്കോബ് തന്റെ വടിയില്‍ ചാരിക്കൊണ്ട്” എന്ന പ്രയോഗം. പെനിയേലില്‍വച്ച് ദൈവം അവന്റെ തുടയില്‍ ഉളുക്കുണ്ടാക്കുകയും അവന്റെ മാനുഷികബലത്തെ തകര്‍ക്കുകയും അവനു ‘യിസ്രായേല്‍’ എന്നു പേരു നല്‍കുകയും ചെയ്യുന്നു. അതിനുശേഷം താന്‍ ഉപയോഗിച്ച ഊന്നുവടി കാണിക്കുന്നത് സ്വയബലം തകര്‍ക്കപ്പെട്ട യാക്കോബ് എങ്ങനെ ദൈവത്തില്‍ മാത്രം ചാരുന്ന ഒരു മനുഷ്യനായിത്തീര്‍ന്നു എന്നതാണ്. ഇതു മനോഹരമായ ഒരു കാഴ്ചയാണ്. ഒരു അദ്ധ്യായം മുഴുവന്‍ വിശ്വാസവീരന്മാരുടെ ധീരതയുടെ നേട്ടങ്ങള്‍ അക്കമിട്ടു നിരത്തുന്നതിന്നിടയില്‍ ഒരു മനുഷ്യന്റെ നേട്ടമായി വിവരിക്കുന്നത് അവന്‍ തന്റെ വടിയില്‍ ചാരി നിന്നു എന്നതാണ്. എന്നാല്‍ ദൈവം ചെയ്യുന്ന മഹാത്ഭുതങ്ങളില്‍ ഒന്നാണ് ശക്തന്മാരായ മനുഷ്യരുടെ ദേഹീബലത്തെ തകര്‍ത്ത് അവരെ തന്നില്‍മാത്രം ആശ്രയിക്കുന്ന തലത്തിലെത്തിക്കുക എന്നത്.

യിസ്രായേല്‍ മക്കള്‍ മിസ്രയീമില്‍ താമസിക്കാതെ ദൈവം വാഗ്ദാനം ചെയ്ത പ്രകാരം തിരികെ കനാനിലേക്കു പോകുമെന്നു വിശ്വാസത്താല്‍ യോസേഫ് പ്രവചിച്ചു(11:22).

11:23 ല്‍ മാതാപിതാക്കളുടെ വിശ്വാസത്തിന്റെ മറ്റൊരു ഉദാഹരണം നാം കാണുന്നു. മോശെയുടെ ജനനത്തിങ്കല്‍ മാതാപിതാക്കള്‍ ശിശുദിവ്യസുന്ദരനെന്നു കണ്ടു രാജകല്പന ഭയപ്പെടാതെ വിശ്വാസത്താല്‍ അവനെ ഒളിപ്പിച്ചു. നമുക്കും നമ്മുടെ കുഞ്ഞുങ്ങളെ ദൈവികപദ്ധതി നിറവേറ്റാനുള്ള ദിവ്യസുന്ദരന്മാരായി കാണാം. മോശെ വളര്‍ന്നു പ്രായപൂര്‍ത്തിയായപ്പോള്‍ മൂന്നു മഹത്തായ തീരുമാനങ്ങള്‍ എടുക്കുവാന്‍ തക്കവണ്ണം ആ മാതാപിതാക്കള്‍ അവന്റെ ഹൃദയത്തില്‍ ആഴമായ വിശ്വാസം നിറച്ചിരുന്നു. ഒന്ന്: ഈ ലോകത്തിന്റെ ബഹുമാനം (ഫറവോന്റെ പുത്രിയുടെ മകന്‍ എന്ന ബഹുമതി) നിരസിച്ചു. രണ്ട്: പാപത്തിന്റെ സുഖഭോഗങ്ങള്‍ നിരസിച്ചു. മൂന്ന്: ഈ ലോകത്തിന്റെ സമ്പത്ത് നിരസിച്ചു (11: 24-26). വിശ്വാസത്താല്‍ ജീവിക്കുന്ന ഒരു വ്യക്തിയെങ്കില്‍ ഈ മൂന്നു കാര്യങ്ങള്‍ നിങ്ങളും നിരസിക്കും– ഈ ലോകത്തില്‍നിന്നു ലഭിക്കുന്ന മാനവും പാപത്തിന്റെ സുഖഭോഗവും ലോകത്തിന്റെ ധനവും. അതിനുപകരം ക്രിസ്തുവിന്റെ നിന്ദയെ വലിയ ധനമായി മോശെ കരുതി. കാരണം ആ രാജാവ് ഒരുനാള്‍ വരുമെന്നു മോശെ പ്രത്യാശിച്ചു. നാമും ആ നിന്ദയെ സ്വീകരിക്കുന്നവരാകണം.

വിശ്വാസത്താല്‍ ചെയ്ത വലുതും അത്ഭുതകരങ്ങളുമായ ചില പ്രവൃത്തികളെക്കുറിച്ചു തുടര്‍ന്ന് ലേഖകന്‍ പറയുന്നു– ചെങ്കടല്‍ വിഭജിച്ചതും യെരീഹോ കോട്ട തകര്‍ത്തതുമൊക്കെ (11:29,30). ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഊന്നിപ്പറയുന്നു. നാം ചെയ്യുന്ന ഏതു പ്രവൃത്തിയും സ്വന്തമായ വിശ്വാസത്തില്‍ നിന്നു വേണം ചെയ്‌വാന്‍. ഒരിക്കലും മറ്റുള്ളവര്‍ ചെയ്യുന്നതിന്റെ അനുകരണം പാടില്ല. ഇവിടെ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക: വിശ്വാസത്താല്‍ യിസ്രയേല്യര്‍ ചെങ്കടല്‍ കടന്നു. മിസ്രയീമ്യര്‍ അതു അനുകരിക്കുവാന്‍ നോക്കീട്ടു മുങ്ങിപ്പോയി (11:29)! രാഹാബ് എന്ന വേശ്യയ്ക്ക് താന്‍ കനാന്യസ്ത്രീയാണെങ്കിലും ‘യിസ്രായേലിന്റെ ദൈവം തന്നെ കാക്കും’ എന്ന വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് അവള്‍ ജീവന്‍ പണയപ്പെടുത്തി യിസ്രയേല്യ ഒറ്റുകാരെ ഒളിപ്പിച്ചു. ദൈവം അവളുടെ വിശ്വാസത്തെ മാനിച്ചു. നമുക്കും ഇപ്രകാരം ചിലപ്പോള്‍ ജീവന്‍ പണയപ്പെടുത്തേണ്ടി വന്നേക്കാം. തുടര്‍ന്ന് ഗിദെയോന്‍, ബാരാക്ക്, ശിംശോന്‍, യിപ്താഹ്, ദാവീദ്, ശമുവേല്‍ പ്രവാചകന്‍ എന്നിവര്‍ വിശ്വാസത്താല്‍ രാജ്യങ്ങളെ കീഴടക്കി, സിംഹങ്ങളുടെ വായടച്ചു, തീയുടെ ശക്തിയെ കെടുത്തി, വാളിന്റെ മുമ്പില്‍നിന്നും ഒഴിവായി, സൈന്യങ്ങളെ ഓടിച്ചു. ചില സ്ത്രീകള്‍ക്കു തങ്ങളുടെ കുഞ്ഞുങ്ങളെ മരണത്തില്‍നിന്നും തിരികെ ലഭിച്ചു (11:31-35).

ഇതൊക്കെ വിശ്വാസത്തിന്റെ ഒരു വശം മാത്രമാണ്– അത്ഭുതപ്രവൃത്തികള്‍ക്കായുള്ള വിശ്വാസം. ഇതിനു മറ്റൊരു വശം കൂടിയുണ്ട്. ഇതിനോടു തുല്യമായ വിശ്വാസം ഉണ്ടായിട്ടും യാതൊരു അത്ഭുതത്തിന്റെ അനുഭവവും സ്വന്തജീവിതത്തിലുണ്ടായിട്ടില്ലാത്ത നിരവധി സ്ത്രീ പുരുഷന്മാര്‍ ഉണ്ട്. അവരില്‍ ചിലര്‍ വിശ്വാസം ത്യജിച്ചു പറയാത്തതിനാല്‍ പീഡനവും മരണവും ഏറ്റുവാങ്ങി. അവര്‍ക്കുള്ള പ്രതിഫലം ക്രിസ്തുവിന്റെ മടങ്ങിവരവില്‍ മാത്രമായിരിക്കും ലഭിക്കുക. ചില സ്ത്രീപുരുഷന്മാര്‍ പരിഹാസവും നിന്ദയും പീഡനവും ചങ്ങലയും തടവും സഹിച്ചു. ചിലര്‍ക്കു കല്ലേറേറ്റു. മറ്റു ചിലര്‍ ഈര്‍ച്ചവാളിനാല്‍ അറുക്കപ്പെട്ടു. കൊല്ലപ്പെട്ടു. (യെശയ്യാ പ്രവാചകന്‍ ഈര്‍ച്ചവാളിനാല്‍ അറുക്കപ്പെട്ടാണ് ജീവന്‍ വെടിഞ്ഞതെന്നു പാരമ്പര്യം). ചിലരെ വിശ്വാസം കാരണമായി കൊന്നു. മറ്റു ചിലരെ ജടയാടുകളുടെയും കോലാടുകളുടെയും തോല്‍ ധരിപ്പിച്ചു. ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു. മരുഭൂമിയിലും പാറപ്പിളര്‍പ്പുകളിലും ഗുഹകളിലും ഭൂമിക്കിടയിലുള്ള ഗഹ്വരങ്ങളിലും അലഞ്ഞുഴന്നു നടന്നു. ആദ്യം പ്രസ്താവിച്ച അത്ഭുതങ്ങളും വിടുതലും അനുഭവിച്ചവരോടു തുല്യമായ വിശ്വാസം ഉള്ളവരായിരുന്നു ഇവരൊക്കെയും. ഇക്കാലത്തും ദൈവം തന്റെ മക്കള്‍ക്കു വേണ്ടി ഒരുക്കിയിരിക്കുന്ന പദ്ധതികള്‍ വ്യത്യസ്തമാണ്. ചിലര്‍ക്ക് വലിയ നേട്ടങ്ങളും അത്ഭുതങ്ങളും നല്‍കുന്നു. മറ്റു ചിലര്‍ക്ക് തല്ലും തടവും വിശ്വാസത്തിനുവേണ്ടി പീഡനവും നല്‍കുന്നു. ജഡികരായവര്‍ ആദ്യം പറഞ്ഞവരെ ഒടുവില്‍ പറഞ്ഞവരെക്കാള്‍ ശ്രേഷ്ഠരെന്ന് എണ്ണുന്നു. ‘ലോകം തങ്ങള്‍ക്കു യോഗ്യമല്ലാത്തത്’ എന്നതിന്റെ അടിസ്ഥാനത്തിലാണു ദൈവം അവരെ കാണുന്നത്. എന്നാല്‍ ജഡികര്‍ ഈ ലോകത്തിന് യോഗ്യരാണല്ലോ.

വിശ്വാസം എന്നാല്‍ കടലിനെ പിളര്‍ക്കുകയും സിംഹത്തിന്റെ വായടയ്ക്കുകയും ചെയ്യുന്നതു മാത്രമല്ല എന്നു നാം കണ്ടല്ലോ. ശിരച്ഛേദം ചെയ്യപ്പെടുമ്പോഴും സിംഹത്തിനു ഭക്ഷണമാകുമ്പോഴും ദൈവത്തോടുള്ള വിശ്വസ്തതയിലുറച്ചു നില്ക്കുകയും യേശു തന്നെ കര്‍ത്താവ് എന്ന് ഏറ്റു പറയുകയും ചെയ്യുന്നതും വിശ്വാസമാണ്. ഇവിടെ 11-ാം അദ്ധ്യായത്തില്‍ വിശ്വാസത്തിന്റെ ഈ രണ്ടു തലങ്ങളും വിവരിക്കപ്പെട്ടിരിക്കുന്നു. നമുക്കുവേണ്ടി എന്താണു ദൈവം ഉദ്ദേശിച്ചിരിക്കുന്നതെന്ന കാര്യം നമുക്കു ദൈവത്തിനു വിടാം. ശദ്രക്ക്, മേശെക്ക്, അബെദ് നെഗോ എന്നിവര്‍ തീയിലേക്ക് എറിയപ്പെട്ടെങ്കിലും തീയുടെ മണം പോലും ഏല്‍ക്കാതെ പുറത്തുവന്നു. എന്നാല്‍ ആദിമ ക്രിസ്ത്യാനികളില്‍ നിരവധി പേര്‍ തങ്ങളുടെ പീഡകരാല്‍ അഗ്നിക്കിരയാക്കപ്പെട്ടു. ദാനിയേല്‍ സിംഹത്തിനു മുമ്പില്‍ എറിയപ്പെട്ടെങ്കിലും സുരക്ഷിതനായി പുറത്തുവന്നു. അതേസമയം ആദിമക്രിസ്ത്യാനികളില്‍ നിരവധിപ്പേരെ സിംഹത്തിനുമുമ്പില്‍ എറിയുകയും സിംഹം അവരെ ഇരയാക്കുകയും ചെയ്തു. ആര്‍ക്കാണ് അധികം വിശ്വാസമുള്ളത്? മരണത്തില്‍ നിന്നും രക്ഷപ്പെടുന്ന വിശ്വാസവും മരണത്തോളം വിശ്വസ്തത കാട്ടുന്ന വിശ്വാസവും– രണ്ടും ഒരു പോലെ തന്നെ. നാം സിംഹത്തിനിരയാകണമോ വേണ്ടയോ, ശിരച്ഛേദം ചെയ്യപ്പെടണമോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കുന്നതു ദൈവത്തിന്റെ അധികാരത്തില്‍പ്പെട്ട കാര്യമാണ്. ആദിമക്രിസ്ത്യാനികള്‍ ഈ തീരുമാനം ദൈവത്തിനു വിട്ടുകൊടുത്തു. യാക്കോബ് അപ്പോസ്തലന്‍ ശിരച്ഛേദം ചെയ്യപ്പെട്ടു. പത്രൊസ് രക്ഷപ്പെട്ടു (അ.പ്ര.12). രണ്ടുപേരും തുല്യമായ വിശ്വാസമുള്ളവരായിരുന്നു. എന്നാല്‍ ദൈവഹിതം രണ്ടുപേരെ സംബന്ധിച്ചും വ്യത്യസ്തമായിരുന്നു.

പഴയ ഉടമ്പടിയിലെ ഈ രണ്ടുകൂട്ടരും (വിജയികളും പൊരുതിനിന്നവരും) വിശ്വാസത്താലായിരുന്നു ദൈവത്തിന്റെ അംഗീകാരം പ്രാപിച്ചതെന്നു 11-ാം അദ്ധ്യായം പറയുന്നു. എന്നാല്‍ പുതിയ ഉടമ്പടിയില്‍ അവര്‍ക്കു ലഭിച്ചതിനേക്കാള്‍ ഏറെ നല്ലതൊന്ന് നമുക്കുവേണ്ടി ദൈവം കരുതിയിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് 11-ാം അദ്ധ്യായം അവസാനിക്കുന്നത്. ”ഏറെ നല്ലത്” എന്ന ഈ പ്രയോഗം എബ്രായലേഖനത്തില്‍ ഒട്ടേറെ തവണ നമുക്കു കാണാന്‍ കഴിയും.


നമ്മുടെ മാതൃകയായ യേശുവിനെ അനുഗമിക്കുക


അദ്ധ്യായം 11-ല്‍ നാം കാണുന്ന ഹാബേല്‍, മോശെ, ഹാനോക്ക് മുതലായ ആരെയുമല്ല നാം ഇന്ന് ഇവിടെ വിശ്വാസത്തിന്റെ മാതൃകയായി നോക്കുന്നത്. ഇവര്‍ക്കെല്ലാം ഉപരി യേശുവാണു നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം (12:2). നമ്മുടെ വിശ്വാസത്തിന്റെ രചയിതാവും അതിനെ പൂര്‍ത്തിയാക്കുന്നവനും അവിടുന്നാണ്. നാം അവങ്കലേക്കു നോക്കി ഈ ഓട്ടം ഓടുന്നു. നാം ഒരിക്കലും നിശ്ചലമായി നില്‍ക്കുന്നില്ല. വിശ്വാസത്തിന്റെ ഓട്ടത്തില്‍ നമുക്കു നിശ്ചലമായി നില്ക്കുവാന്‍ കഴിയില്ല. സമയം വളരെ ഹ്രസ്വമാണ്. അതുകൊണ്ട് നാം ഓടിയേ മതിയാവൂ. വീണാലും എഴുന്നേറ്റ് ഓട്ടം തുടരേണ്ടിയിരിക്കുന്നു. ഓട്ടക്കളത്തില്‍ വീണിട്ട് എഴുന്നേറ്റോടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നിരവധി ഓട്ടക്കാരുണ്ട്. അതുകൊണ്ട് കര്‍ത്താവിനോടു ചേര്‍ന്നുള്ള ഈ നടപ്പില്‍ വീണുപോയെന്നു കരുതി ഒരിക്കലും മനസുമടുത്തുകൂടാ. വീണു കിടക്കരുത്. എഴുന്നേല്‍ക്കുക, പാപം ഏറ്റുപറയുക, ഓടുക.

ജീവിതാവസാനം വരെ ക്രൂശിനെ സഹിച്ച് ഓടിയ യേശുവിനെ നോക്കുക. ഒന്നിലധികം ശത്രുക്കള്‍ നിങ്ങള്‍ക്കെതിരായി നില്ക്കുമ്പോള്‍ ഒട്ടേറെ ശത്രുക്കളെ നേരിട്ട യേശുവിനെ ധ്യാനിക്കുക (12:3). പാപത്തോടു പോരാടുന്നതില്‍ യേശു ചെയ്തതുപോലെ രക്തം ഒഴുകുന്നിടത്തോളം നിങ്ങള്‍ എതിര്‍ത്തു നിന്നിട്ടില്ല (12:4). പാപത്തോടുമല്ലിട്ടു നിന്ന യേശുവിനെ നാം ഇവിടെ കാണുന്നു. ”പാപം ചെയ്യുന്നതിനേക്കാള്‍ രക്തം ചിന്തി മരിക്കുന്നതാണു ഭേദം” എന്നതായിരുന്നു യേശുവിന്റെ മനോഭാവം. ഇതേ മനോഭാവമാണു നിങ്ങള്‍ക്കുമുള്ളതെങ്കില്‍ പാപം ചെയ്യുന്നതിനെക്കാള്‍ മരിക്കുന്നതാണു നല്ലതെന്നു നിങ്ങള്‍ കരുതുകയും നിങ്ങള്‍ ജയാളികളാവുകയും ചെയ്യും. ഒരു കള്ളം പറയേണ്ടിവരുമ്പോള്‍ ”കള്ളം പറയുന്നതിനേക്കാള്‍ ഭേദം ഞാന്‍ മരിക്കുന്നതാണ്” എന്നു നിങ്ങള്‍ ചിന്തിക്കുന്നുവെങ്കില്‍ നിങ്ങള്‍ ജയാളി ആയിത്തീരും. ഒരു നേരിയ ചതി ചെയ്ത് കുറച്ചുകൂടി ലാഭം ഉണ്ടാക്കാനായി പരീക്ഷിക്കപ്പെടുമ്പോള്‍ ”അതിലുംഭേദം ഞാന്‍ മരിക്കുന്നതാണ്” എന്നു നിങ്ങള്‍ ചിന്തിക്കുന്നു എങ്കില്‍ നിങ്ങള്‍ ജയാളി ആയിത്തീരും. സുന്ദരിയായ ഒരു പെണ്‍കുട്ടിയോട് നിങ്ങള്‍ക്ക് ആകര്‍ഷണം തോന്നുകയും അവളെ മോഹിക്കുകയും ചെയ്യുമ്പോള്‍ ”അവളെ മോഹിക്കുന്നതിലും ഭേദം ഞാന്‍ മരിക്കുന്നതാണ്” എന്നു നിങ്ങള്‍ പറയുമെങ്കില്‍ നിങ്ങള്‍ ഒരു ജയാളിയായിത്തീരും. ഇതാണ് ജയാളിയുടെ ജീവിതരഹസ്യം.

തുടര്‍ന്ന് നമ്മെ വിശുദ്ധീകരിക്കുവാന്‍ ദൈവം നല്‍കുന്ന ശിക്ഷണത്തെക്കുറിച്ച് ലേഖകന്‍ പറയുന്നു. നാം യേശുവിനെ നമ്മുടെ മാതൃക എന്ന നിലയിലും ദൈവത്തെ നമ്മെ ശിക്ഷണത്തിലൂടെ ശുദ്ധീകരിക്കുന്ന പിതാവ് എന്ന നിലയിലും കാണുന്നു. നല്ല ഉദ്ദേശ്യത്തോടെ ശിക്ഷണം നടത്തുന്ന ഒരു പിതാവിനെ പോലെ നാം ദൈവത്തെ കാണുന്നു. ദൈവം നമ്മെ ശിക്ഷണത്തിലേക്കു നയിക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം നാം അവിടുത്തെ മക്കളല്ല എന്നത്രെ. ശിക്ഷണത്തിലൂടെ കടന്നുപോകുമ്പോള്‍ സന്തോഷകരമായ അനുഭവമായിരിക്കില്ല നമുക്കുണ്ടാവുക. എന്നാല്‍ അതിന്റെ ഫലമായി നാം വിശുദ്ധരായിത്തീരുന്നതു പിന്നീട് നമുക്കു കാണുവാന്‍ കഴിയും (12:4-11).

”എല്ലാ മനുഷ്യരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിക്കുക” എന്ന് 12:14-ല്‍ പറയുന്നു. ശുദ്ധീകരണം കൂടാതെ ആരും കര്‍ത്താവിനെ കാണുകയില്ല. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നാം ആരോടും ഒന്നിനുവേണ്ടിയും കലഹിക്കാറില്ല. നാം സമാധാനകാംക്ഷികളാണെന്ന വസ്തുത അതിപ്രധാനമാണ്.

ആരും ഏശാവിനെപ്പോലെ ഭോഷന്മാരാകരുതെന്നു 12:16-ല്‍ പ്രബോധിപ്പിക്കുന്നു. അല്പമായ ഭൗതികലാഭത്തിനുവേണ്ടി ഏശാവ് തന്റെ ആത്മീയ ജ്യേഷ്ഠാവകാശം നഷ്ടപ്പെടുത്തി. ഭൗതികനേട്ടത്തിനുവേണ്ടി നിങ്ങളുടെ ബോദ്ധ്യങ്ങളെ നഷ്ടപ്പെടുത്തി നിങ്ങളുടെ നിത്യമായ അവകാശത്തെ നഷ്ടമാക്കരുത്. ഏശാവ് തന്റെ പ്രവൃത്തിയെക്കുറിച്ചു ഖേദപൂര്‍വ്വം കണ്ണീരോടെ യാചിച്ചിട്ടും നഷ്ടപ്പെട്ടത് തിരികെ ലഭിച്ചില്ല. അപ്രകാരം തന്നെ ക്രിസ്തുവിന്റെ ന്യായാസനത്തിന്‍ മുമ്പില്‍ അനേകര്‍ തങ്ങള്‍ കഴിഞ്ഞകാലത്ത് എടുത്ത തെറ്റായ തീരുമാനങ്ങള്‍ക്കും ഭോഷത്വമായ തെരഞ്ഞെടുപ്പുകള്‍ക്കും കണ്ണീരോടെ അപേക്ഷിക്കും. അവര്‍ക്ക് പോയ നഷ്ടകാലം തിരിച്ചുപിടിക്കാനാവില്ലല്ലോ. അതുകൊണ്ട് ബുദ്ധിമാന്മാര്‍ ആവുക.

12:18-23-ല്‍ ലേഖകന്‍ പറയുന്നു. നാം ന്യായപ്രമാണം ലഭിച്ച സീനായ് മലയിലേക്കല്ലല്ലോ വന്നിരിക്കുന്നത്. സിയോന്‍ മലയിലേക്കാണ് (ദൈവത്തിന്റെ സഭ) വന്നിരിക്കുന്നത്. അതുകൊണ്ട് മോശെയും യിസ്രായേല്‍ മക്കളും ചെയ്തതുപോലെ പേടിച്ചുവിറച്ചു ജീവിക്കേണ്ട ആവശ്യമില്ല.

12:24-ല്‍ യേശുവിന്റെ രക്തത്തെ ഹാബേലിന്റെ രക്തത്തോടു താരതമ്യം ചെയ്തു കാണുന്നു. ഹാബേലിന്റെ രക്തം നീതിക്കുവേണ്ടി നിലവിളിച്ചു. യേശുവിന്റെ രക്തം കരുണയ്ക്കു വേണ്ടി അപേക്ഷിക്കുന്നു. ഹാബേലിനോടു കായീന്‍ ചെയ്തതുപോലെ ഒരാള്‍ നിങ്ങളെ ഉപദ്രവിച്ചാല്‍ നിങ്ങള്‍ ആ വ്യക്തിയുടെമേല്‍ ന്യായവിധിക്കുവേണ്ടി പ്രാര്‍ത്ഥിക്കും; അല്ലെങ്കില്‍ കരുണയ്ക്കുവേണ്ടി. എങ്ങനെ പ്രാര്‍ത്ഥിക്കുന്നു എന്നതു നിങ്ങള്‍ പുതിയ ഉടമ്പടിക്കു കീഴിലാണോ പഴയ ഉടമ്പടിക്കു കീഴിലാണോ എന്നതിനെ ആശ്രയിച്ചിരിക്കും. നിങ്ങള്‍ പഴയ ഉടമ്പടിക്കു കീഴില്‍ ജീവിക്കുന്ന ഒരു വ്യക്തിയാണെന്നിരിക്കട്ടെ. എങ്കില്‍ ആരെങ്കിലും നിങ്ങളെ ഉപദ്രവിച്ചാല്‍ നിങ്ങള്‍ ഹാബേലിനെപ്പോലെയും സങ്കീര്‍ത്തനങ്ങളിലെ ദാവീദിനെപ്പോലെയും ”ദൈവമേ അവനെ ശിക്ഷിക്കേണമേ, എനിക്കുവേണ്ടി പ്രതികാരം ചെയ്യണമേ” എന്നു പ്രാര്‍ത്ഥിക്കും. എന്നാല്‍ നിങ്ങള്‍ യേശുവിന്റെ ശിഷ്യനെങ്കില്‍ കരുണയോടെ ”പിതാവേ, അവന്‍ ചെയ്യുന്നതെന്തെന്നറിയായ്കകൊണ്ടു അവനോടു ക്ഷമിക്കേണമേ” എന്നു പ്രാര്‍ത്ഥിക്കും.

12:25-29-ല്‍ ദൈവം പണിയുന്ന ദൈവത്തിന്റെ രാജ്യത്തെക്കുറിച്ച് (സഭ) നാം വായിക്കുന്നു. അത് എന്നേക്കും നിലനില്ക്കും. മറ്റെല്ലാം ഇളകുകയും നശിച്ചുപോവുകയും ചെയ്യും. ദൈവത്തില്‍ മാത്രമായിരിക്കട്ടെ നിങ്ങളുടെ ആശ്രയവും ധൈര്യവും. അങ്ങനെ വന്നാല്‍ നിങ്ങള്‍ നന്ദിയോടെ അവിടുത്തെ ശുശ്രൂഷിക്കും. നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണെന്നു ലേഖകന്‍ ഓര്‍മ്മിപ്പിക്കുന്നു. അതുകൊണ്ടു യിസ്രായേല്‍ മക്കള്‍ സീനായിയില്‍ വച്ചു പേടിച്ചുവിറച്ചതുപോലെ പേടിച്ചല്ല മറിച്ച് യേശുവിനെപ്പോലെ ഭക്തിയാദരവോടെ ശുശ്രൂഷിക്കുക. (എബ്രാ. 5:7).

13-ാം അദ്ധ്യായത്തില്‍ ചില പ്രബോധനങ്ങളോടെ ലേഖനം ഉപസംഹരിക്കുന്നു.
സഹോദരന്മാരെ സ്‌നേഹിക്കുക. വീട്ടില്‍ വരുന്ന അതിഥികളോട് ആതിഥ്യമര്യാദ കാട്ടുക. രോഗികളോടും കഷ്ടത്തില്‍ ആയിരിക്കുന്നവരോടും തടവിലുള്ള സഹവിശ്വാസികളോടും അനുകമ്പ കാട്ടുക. ധൈര്യപ്പെടുത്തുക. വിവാഹജീവിതത്തെ നിര്‍മ്മലതയോടെ സൂക്ഷിക്കുക. വിവാഹപങ്കാളിയെ വിട്ട് ആരുമായും ലൈംഗിക ബന്ധം പാടില്ല. അത്തരം ആളുകളെ ദൈവം ന്യായം വിധിക്കും (13:1-4).

ദൈവം നല്‍കിയിരിക്കുന്നതില്‍ തൃപ്തരായിരിക്കുക (13:5). പണത്തിനു പിന്നാലെ ഓടരുത്. ദൈവം നിങ്ങളെ ഒരു നാളും കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയില്ല. അതു ദൈവത്തിന്റെ വാഗ്ദാനമാണ്. നിങ്ങളുടെ ബാങ്കില്‍ ഒരു വലിയ നിക്ഷേപം പോലെ തന്നിരിക്കുന്നതാണ് ആ വാഗ്ദാനം. ദൈവം എല്ലായ്‌പ്പോഴും നിങ്ങളോടൊപ്പമുണ്ടായിരിക്കും. അതുപോരെ? മറ്റുള്ളവര്‍ക്കുള്ളതിനെ നോക്കുകയോ അത് ആഗ്രഹിക്കുകയോ ചെയ്യരുത്. ഒരു വലിയ വീടോ, വിശേഷപ്പെട്ട വസ്ത്രങ്ങളോ, കുറെ ഉപകരണങ്ങളോ, വലിയ ഒരു കാറോ ഒക്കെ നിങ്ങളുടെ ജീവിതത്തെ സന്തോഷം കൊണ്ടു നിറയ്ക്കും എന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? ഒരിക്കലുമില്ല. നിങ്ങള്‍ക്കുള്ളതുകൊണ്ടു തൃപ്തിപ്പെടുക. ”ഞാന്‍ നിന്നെ ഒരു നാളും കൈവിടുകയില്ല. ഉപേക്ഷിക്കയുമില്ല” എന്ന കര്‍ത്താവിന്റെ ശബ്ദം നിങ്ങള്‍ക്കു കേള്‍ക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതുമതി. അപ്പോള്‍ എല്ലാ സന്ദര്‍ഭത്തിലും നിങ്ങള്‍ക്കു ധൈര്യത്തോടെ പറയാന്‍ കഴിയും. ”കര്‍ത്താവ് എനിക്കു തുണ. ഞാന്‍ പേടിക്കയില്ല. മനുഷ്യര്‍ക്ക് എന്നോടു എന്തു ചെയ്‌വാന്‍ കഴിയും”(13:6). അങ്ങനെ നമുക്ക് ഒരു സാഹചര്യത്തെയും ഒരു മനുഷ്യനെയും ഭയപ്പെടാതെ ജീവിക്കാന്‍ കഴിയും.

13:7-ല്‍ ഭക്തിയോടെ വിശ്വാസജീവിതം നയിച്ച് നിങ്ങളെ നടത്തി ലോകത്തില്‍നിന്നും കടന്നുപോയവരുടെ ജീവിതം മാതൃകയാക്കുക. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യന്‍ തന്നെ ആയിരിക്കുന്നതുകൊണ്ട് അവരെ നടത്തിയവന്‍ നിങ്ങളെയും നടത്തുവാന്‍ മതിയായവന്‍. അവര്‍ക്ക് അവിടുന്ന് എന്തൊക്കെ നല്‍കിയോ അതൊക്കെ നിങ്ങള്‍ക്കും നല്‍കും. ഉപദേശിക്കുന്നവര്‍ക്ക് ആത്മീയമായ പ്രയോജനം ലഭിക്കാത്ത തെറ്റായ ഉപദേശങ്ങളെ ശ്രദ്ധിക്കരുത് എന്ന മുന്നറിയിപ്പ് ഈ ലേഖകന്‍ നല്‍കുന്നു. ശരിയായ ഉപദേശം നിങ്ങള്‍ പാപം ചെയ്യാതിരിക്കുവാന്‍ തക്കവണ്ണം യഥാര്‍ത്ഥകൃപയാല്‍ നിങ്ങളുടെ ഹൃദയങ്ങളെ ഉറപ്പിക്കുന്നതായിരിക്കും (13:9). ഇന്ന് പലതരത്തിലുള്ള അന്യമായ ഉപദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. നാം അവയെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. ഈ ഉപദേശങ്ങള്‍ പ്രസംഗിക്കുന്ന ആളുകള്‍ ക്രിസ്തുതുല്യരായിത്തീരുന്നുവോ എന്നു ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ അവയെ വിടുക.

യേശുവിനെ അനുഗമിക്കുക എന്നാല്‍ എക്കാലത്തും ഏതു തലമുറയിലും ലോകവും മതവും ഉണ്ടാക്കിയ അക്രൈസ്തവമായ, അനാത്മികമായ പാളയത്തിനു പുറത്ത് അവന്റെ നിന്ദ ചുമന്നുകൊണ്ടു അവന്റെ അടുക്കല്‍ ചെന്നാല്‍ മാത്രമേ സാദ്ധ്യമാകൂ (13:10-13).

എല്ലാ സമയത്തും ദൈവത്തിനു സ്തുതി ഏറ്റുപറയുന്ന സ്‌തോത്രയാഗം അര്‍പ്പിക്കുവാന്‍ പരിശീലിക്കാം. (13:15).

13:17-ല്‍ നമ്മുടെ സഭാനേതൃത്വത്തെ അനുസരിക്കുവാന്‍ നമ്മോടു കല്പിച്ചിരിക്കുന്നു. ദൈവം ആത്മീയാധികാരത്തോടെ നിയോഗിച്ചിരിക്കുന്നവരെ നാം ബഹുമാനിക്കുകയും വിലമതിക്കുകയും അവര്‍ക്കു കീഴടങ്ങിയിരിക്കുകയും വേണം. എല്ലാ വിശ്വാസികള്‍ക്കും ഇപ്രകാരമുള്ള ആത്മീയ ഉത്തരവാദിത്തമുണ്ടെന്നു ലേഖകന്‍ വിചാരിക്കുന്നു. ഉത്തരവാദിത്തമുള്ളവര്‍ നിങ്ങളെക്കുറിച്ചു ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടവരാണ്. തങ്ങളുടെ അധികാരത്തിലുള്ളവര്‍ക്കു വേണ്ടി ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടവരാണ് നിങ്ങളുടെ ആത്മീയനേതാക്കന്മാര്‍ എന്നു നിങ്ങള്‍ അറിയുന്നുണ്ടോ? മൂപ്പന്മാര്‍ തങ്ങളുടെ ആടുകളെക്കുറിച്ചും ഈ ഉത്തരവാദിത്തബോധമുള്ളവരായിരിക്കുക.

ഈ ലേഖനം ഉപസംഹരിക്കുന്ന അനുഗ്രഹ വചസ്സുകള്‍ ശ്രദ്ധിക്കുക:
”നിത്യനിയമത്തിന്റെ രക്തത്താല്‍ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കര്‍ത്താവായ യേശുവിനെ മരിച്ചവരുടെ ഇടയില്‍നിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം നിങ്ങളെ അവന്റെ ഇഷ്ടം ചെയ്‌വാന്‍ തക്കവണ്ണം എല്ലാ നന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്ക് പ്രസാദമുള്ളതു യേശുക്രിസ്തു മുഖാന്തരം നമ്മില്‍ നിവര്‍ത്തിക്കുമാറാകട്ടെ. അവന് എന്നെന്നേക്കും മഹത്വം ആമേന്‍.”