ബൈബിളിലൂടെ : തീത്തൊസ്


മൂപ്പന്മാര്‍ – അവര്‍ എന്താണ് പഠിപ്പിക്കേണ്ടത്?


തീത്തൊസിനുള്ള പൗലൊസിന്റെ ലേഖത്തിലെ വിഷയം വീണ്ടും ‘സഭയും അതിന്റെ മൂപ്പന്മാരും’ എന്നതു തന്നെയാണ്. ഈ മൂന്നു ലേഖനങ്ങള്‍-ഒന്ന് തിമൊഥെയൊസ്, രണ്ട് തിമൊഥെയൊസ്, തീത്തൊസ്-സഭയേയും അതിന്റെ നേതൃത്വത്തേയും സംബന്ധിച്ചുള്ളതാണ്. സഭയില്‍ ഒരു ചിട്ടയും ക്രമവുമുണ്ടാക്കാനാണു പൗലൊസ് ആദ്യം ശ്രമിക്കുന്നത്. ഒന്നാം അദ്ധ്യായത്തില്‍ പൗലൊസ് മത്സരികളായവരെ നിശ്ശബ്ദരാക്കി സഭയെ നയിക്കുവാന്‍ കഴിയുന്ന ദൈവഭക്തരായ മൂപ്പന്മാരെ നിയമിക്കുന്നതിനെക്കുറിച്ച് പറയുന്നു. രണ്ടാം അദ്ധ്യായത്തില്‍ സത്യോപദേശത്തെ സംബന്ധിച്ചും മൂന്നാം അദ്ധ്യായത്തില്‍ നല്ല വേലയെക്കുറിച്ചും സംസാരിക്കുന്നു.


വ്യത്യാസങ്ങള്‍ക്കിടയിലും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു


തീത്തൊസിനെപ്പോലെ പൗലൊസിന്റെ വളരെ അടുത്ത സഹപ്രവര്‍ത്തകരില്‍ ചിലര്‍ യെഹൂദരായിരുന്നില്ല. പൗലൊസ് വളരെ ശക്തനായ ഒരു യെഹൂദനായിരുന്നു. അവരില്‍തന്നെ പരീശവിഭാഗത്തില്‍പ്പെടുന്നവനായിരുന്നു അദ്ദേഹം. എന്നാല്‍ അദ്ദേഹത്തിന്റെ സന്തതസഹചാരിയായി കൂടെ സഞ്ചരിച്ചിരുന്നത് ഗ്രീക്കു വൈദ്യനായിരുന്ന ലൂക്കോസ് ആയിരുന്നു. ‘ലൂക്കൊസിന്റെ സുവിശേഷ’വും ‘പ്രവൃത്തികളും’ എഴുതിയത് ഇദ്ദേഹമാണ്. തിമൊഥെയൊസ് ആയിരുന്നു മറ്റൊരാള്‍. അവന്റെ പിതാവ് ഗ്രീക്കുകാരനായിരുന്നതിനാല്‍ പാതി ഗ്രീക്കുകാരനായിരുന്നു. തീത്തൊസും ഗ്രീക്കുകാരനായിരുന്നു. അതിനാല്‍ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട പൗലൊസ്, തീത്തൊസ്, തിമൊഥെയൊസ്, ലൂക്കൊസ് എന്നിവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് പല രാജ്യക്കാര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ സാധിക്കും എന്ന പുതിയ നിയമ സുവിശേഷത്തിന്റെ ജീവിക്കുന്ന മാതൃകയായിരുന്നു.

നിങ്ങളുടെ തന്നെ ജാതിയും സംസ്‌കാരവുമുള്ള ആളുകളുമായി മാത്രമേ നിങ്ങള്‍ക്കു പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നുള്ളുവെങ്കില്‍ നിങ്ങളുടെ ക്രിസ്തീയതയ്ക്ക് എന്തോ കുഴപ്പമുണ്ട്. നിങ്ങളൊരു മലയാളിയാണെങ്കില്‍ മലയാളികളോടൊത്ത് മാത്രമേ നിങ്ങള്‍ക്കു പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നുള്ളുവെങ്കില്‍ നിങ്ങള്‍ സുവിശേഷം മനസ്സിലാക്കിയിട്ടില്ല. പല രാജ്യക്കാരും ഭാഷക്കാരും ആയവരോടൊത്ത് പ്രവര്‍ത്തിക്കുവാന്‍ സുവിശേഷത്താല്‍ പൗലൊസിനു സാധിച്ചു. യേശുവിന്റെ ശിഷ്യന്മാരാണെങ്കില്‍ അവര്‍ ഏതു രാജ്യക്കാരോടും സ്വഭാവക്കാരോടും ഒപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ തയ്യാറായിരിക്കണം. അവര്‍ ചൈനക്കാരോ, റഷ്യക്കാരോ, ആഫ്രിക്കക്കരോ, അമേരിക്കക്കാരോ ആരുമാകട്ടെ. അല്ലെങ്കില്‍ ഒരു അന്തര്‍മുഖനോ ബഹിര്‍മുഖനോ ആകട്ടെ എല്ലാവരുമൊത്ത് ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിയണം. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ത സ്വഭാവക്കാര്‍ക്കു വളരെ അടുത്ത സഹപ്രവര്‍ത്തകരായിരിക്കുവാന്‍ സാധിക്കും. ഒരേ നാട്ടുകാരും സ്വഭാവക്കാരുമായ ആളുകളോടൊത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ഒരു സുഖം കിട്ടുമെന്ന സങ്കുചിതവും വിഭാഗീയവുമായ എല്ലാ ചിന്താഗതിയില്‍ നിന്നും നാം പുറത്തു വരേണ്ടതുണ്ട്. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലെ എല്ലാവരോടും ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ നാം പഠിക്കേണ്ടതാണ്.

ചില രാജ്യക്കാര്‍ക്കും ജാതികള്‍ക്കും പ്രത്യേക സ്വഭാവമായിരിക്കും ഉണ്ടാവുക. എന്നാല്‍ അവര്‍ ക്രിസ്തുവില്‍ ആയിക്കഴിഞ്ഞാല്‍ ആ സ്വഭാവങ്ങളില്‍ നിന്നും അവര്‍ക്കു വിടുതല്‍ ലഭിക്കും. തീത്തൊസ് ക്രീറ്റിലായിരുന്നപ്പോള്‍ പൗലൊസ് അവനോട് ക്രീറ്റ് നിവാസികളെക്കുറിച്ച് അവരുടെ തന്നെ ഒരു മതനേതാവ് ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്നു പറഞ്ഞു: ”ക്രീറ്റ് നിവാസികള്‍ അസത്യവാദികളും ദുഷ്ടജനങ്ങളും ഭോജനപ്രിയരുമാണ്”(1:12). അത് സത്യമായിരിക്കാം. എന്നാല്‍ അങ്ങനെയുള്ള ഒരു ക്രീറ്റ് നിവാസി ക്രിസ്തുവില്‍ ആവുകയും പരിശുദ്ധാത്മാവിനാല്‍ നിറയുകയും ചെയ്യുന്നുവെങ്കില്‍ അവന്‍ പിന്നെ ഒരു അസത്യവാദിയോ ദുഷ്ടനോ അലസനായ ഭോജനപ്രിയനോ അല്ല. അതിനാല്‍ ഒരു മനുഷ്യനെ അവന്റെ ജാതിയോ ഭാഷയോ നോക്കി വിധിക്കരുത്. ഏതെങ്കിലുമൊരു ക്രിസ്ത്യാനിയോട് അവന്റെ ജാതിയുടെ അടിസ്ഥാനത്തില്‍ ഒരു മുന്‍വിധി നമുക്കുണ്ടെങ്കില്‍ നാം ഒട്ടും ആത്മീയരല്ല.

ചൈനക്കാര്‍, ആഫ്രിക്കക്കാര്‍, ഇംഗ്ലീഷുകാര്‍, അമേരിക്കക്കാര്‍, ഇന്ത്യയിലെ തന്നെ പല ജാതിയിലും ഭാഷയിലുമുള്ളവര്‍ ഇങ്ങനെ വിവിധ തരം ആളുകളുമായുള്ള കൂട്ടായ്മയിലൂടെ എനിക്കു വളരെ ആത്മീയ സമ്പത്തു നേടുവാന്‍ സാധിച്ചു. ദൈവഭക്തി ഏതെങ്കിലും ഒരു രാജ്യക്കാര്‍ക്കു മാത്രമുള്ളതല്ല എന്നു ഞാന്‍ മനസ്സിലാക്കിയിരുന്നതിനാല്‍ എല്ലാ ജാതിയിലും ഭാഷയിലും ഉള്ള ദൈവജനത്തിനായി എന്റെ ഹൃദയം ഞാന്‍ എപ്പോഴും തുറന്നിട്ടിരിക്കുന്നു. ചില സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ള വളരെ ധാര്‍ഷ്ട്യക്കാരായവരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ആ രാജ്യങ്ങളിലെ തന്നെ യഥാര്‍ത്ഥ വിശ്വാസികള്‍ താഴ്മയുള്ളവരായിരിക്കുന്നു. അതിനാല്‍ ക്രീറ്റ് നിവാസികള്‍ അസത്യവാദികളായിരിക്കാം. എങ്കിലും ക്രീറ്റിലെ ക്രിസ്ത്യാനികള്‍ അസത്യവാദികളല്ല. ചില ജാതിയില്‍പ്പെട്ടവര്‍ കുടുംബബന്ധങ്ങള്‍ക്കു വലിയ മൂല്യം കൊടുക്കുന്നില്ല. എന്നാല്‍ ആ ജാതിയില്‍ നിന്നുള്ള ക്രിസ്ത്യാനികള്‍ മറ്റുള്ളവരെപ്പോലെയാകണമെന്നില്ല. അതിനാല്‍ ഒരു ക്രിസ്ത്യാനിയെ അവന്‍ ഏതു ജാതിയില്‍നിന്നു വന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ വിധിക്കരുത്. അവന്‍ ഒരു പുതിയ സൃഷ്ടിയാണ്. അതിനാല്‍ പൗലൊസിനു തന്റെ സഹപ്രവര്‍ത്തകര്‍ പല രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നത് ഒരു പ്രശ്‌നമായില്ല.

ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയില്‍ നിങ്ങളില്‍ നിന്നു വ്യത്യസ്തരായ ആളുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ ദൈവത്തിന്റെ മുഴുവന്‍ ഉദ്ദേശ്യവും നിവര്‍ത്തിയാകുകയില്ല. അപ്പോള്‍ ദൈവം നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ആരായിരിക്കണമെന്നു കാണിച്ചു തരികയില്ല. കാരണം ദൈവത്തിന്റെ ആഗ്രഹം മറ്റൊരു രാജ്യക്കാരനോ അല്ലെങ്കില്‍ ഇന്ത്യയുടെ തന്നെ മറ്റൊരു ഭാഗത്തുനിന്നുള്ള ഒരാളോ നിങ്ങളുടെ സഹപ്രവര്‍ത്തകനാകണമെന്നായിരിക്കാം. എന്നാല്‍ അവിടുത്തെ പദ്ധതിയനുസരിച്ച് നില്‍ക്കാന്‍ നിങ്ങള്‍ തയ്യാറല്ല എന്ന് അവിടുന്നു കാണുന്നു.

ഒരു തരത്തിലുമുള്ള വ്യത്യാസങ്ങള്‍ ബാധിക്കാതെ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയില്‍ എല്ലാവരോടും ചേര്‍ന്നു പ്രവര്‍ത്തിക്കണമെങ്കില്‍ നമ്മുടെ ഉള്ളിലുള്ള പല മനോഭാവങ്ങളും തകര്‍ക്കപ്പെടേണ്ടതുണ്ട്. നമ്മുടെ അതേ സ്വഭാവക്കാരുമായി ചേര്‍ന്നു മാത്രം പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെങ്കില്‍ ദൈവം നമ്മെ നയിക്കുകയില്ല. നമ്മുടെ സഹപ്രവര്‍ത്തകരെ നാം തന്നെ തിരഞ്ഞെടുത്തതിനുശേഷം അവരുടെ അടുക്കലേക്കു ദൈവം നടത്തിയെന്നു പറയുന്നത് അസത്യമാണ്. നമ്മുടെ ജഡികമായ ചില മുന്‍ഗണനകളായിരിക്കും അവരിലേക്കു നമ്മെ നയിച്ചത്. നാം അവരെ തിരഞ്ഞെടുത്തതിനു കാരണം അവര്‍ തങ്ങളുടെ അതേ ബൗദ്ധിക നിലവാരമുള്ളവരോ അല്ലെങ്കില്‍ നമ്മുടെ സ്വന്തം ജാതിയില്‍പ്പെട്ടവരോ അല്ലെങ്കില്‍ നമ്മുടെ അതേ സ്വഭാവക്കാരോ ആണ് എന്നതായിരിക്കാം. ഇത്തരംഒരു കൂടിച്ചേരല്‍ വിവാഹകാര്യത്തില്‍ ആകാം. എന്നാല്‍ ദൈവത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ നമ്മുടെ സഹപ്രവര്‍ത്തകരായി ദൈവം തിരഞ്ഞെടുത്തു തരുന്ന എല്ലാവരോടും തുറന്ന മനസ്സോടെ ഇടപെടേണ്ടതാണ്.

പൗലൊസ് തന്റെ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്; ‘തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തിനുണ്ടാകേണ്ട വിശ്വാസത്തിനും ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനത്തിനും വേണ്ടിയാണ് ദൈവത്തിന്റെ ഭൃത്യനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ ഞാന്‍ പ്രസംഗിക്കുന്നത്”(1:3). പൗലൊസ് തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിലെ ലേഖനങ്ങളില്‍ ‘ദൈവഭക്തിയുള്ള ജീവിതം’ എന്നതിനായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. പൗലൊസിന്റെ ഈ അവസാന മൂന്നു ലേഖനങ്ങളായ ഒന്നു തിമൊഥെയൊസ്, രണ്ടു തിമൊഥെയൊസ്, തീത്തൊസ് എന്നിവ ശ്രദ്ധിക്കുക. ഇവിടെ അന്യഭാഷയില്‍ സംസാരിക്കുന്നതിനെ സംബന്ധിച്ച് പറയുന്നുണ്ടോ? ഇല്ല. അല്ലെങ്കില്‍ രോഗസൗഖ്യത്തെ സംബന്ധിച്ച്? ഇല്ല. സാമ്പത്തിക നേട്ടത്തെ സംബന്ധിച്ച് പറയുന്നുണ്ടോ? ഇല്ല. യോഹന്നാന്‍ തന്റെ അവസാനകാലത്ത് എഴുതിയ ആദ്യ ലേഖനം ശ്രദ്ധിക്കുക. അതില്‍ അന്യഭാഷയെക്കുറിച്ചോ, രോഗസൗഖ്യത്തെക്കുറിച്ചോ, സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചോ എന്തെങ്കിലും യോഹന്നാന്‍ പറയുന്നുണ്ടോ? ഒന്നും തന്നെയില്ല. ഈ അപ്പൊസ്തലന്മാര്‍ തങ്ങളുടെ ജീവിതാവസാനത്തില്‍ അടിസ്ഥാനപരമായി പ്രാധാന്യമുള്ള കാര്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. അല്ലാതെ ഇന്നുള്ള പല ക്രിസ്ത്യാനികളേയും പോലെ അത്ര പ്രാധാന്യമില്ലാത്തവയ്ക്കായിരുന്നില്ല.

യോഹന്നാന്‍ തന്റെ ലേഖനത്തില്‍ എന്താണ് പറയുന്നത്?-”അനുസരണം”. പൗലൊസ് തന്റെ അവസാന മൂന്നു ലേഖനങ്ങളില്‍ എന്താണ് പറയുന്നത്?-”ദൈവഭക്തി” (11 പ്രാവശ്യം) ദൈവഭക്തിയുടെ മര്‍മ്മം (1.തിമൊ.3:16) ദൈവഭക്തിയുടെ ശക്തി (2.തിമൊ 3:5) ഭക്തിക്കനുസാരമായ സത്യത്തിന്റെ പരിജ്ഞാനം (തീത്തൊ 1:3), പൗലൊസ് തന്റെ ആദ്യ ലേഖനങ്ങളില്‍ ഒന്നിലും ”ദൈവഭക്തി” എന്ന വാക്ക് ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടില്ല. പൗലൊസ് പക്വതയുള്ള ഒരു അപ്പൊസ്തലനായി തന്റെ ജീവിതാവസാനത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കാം: ”മുന്‍പ് ഞാന്‍ കര്‍ത്താവിന്റെ മടങ്ങിവരവ്, അന്യഭാഷ, രോഗസൗഖ്യം, അത്ഭുതങ്ങള്‍ തുടങ്ങി പലതിനെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്. എന്നാല്‍ എന്റെ ജീവിതത്തിന്റെ അവസാന സമയങ്ങളിലേക്കു വരുമ്പോള്‍ ഒന്നാമതായിട്ടുള്ളതും സകലത്തിന്റെയും അടിസ്ഥാനവുമായ ”ദൈവഭക്തി”ക്കു കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത ഞാന്‍ കാണുന്നു.” ദൈവഭക്തിക്കു കടുതല്‍ പ്രാധാന്യം കൊടുത്തു തുടങ്ങുമ്പോള്‍ നാം കൂടുതല്‍ പക്വതയില്‍ എത്തി എന്നു മനസ്സിലാക്കാം. എല്ലാ ആത്മീയ വരങ്ങളും ഉണ്ടെങ്കിലും വളരെ സാമ്പത്തികം ഉണ്ടെങ്കിലും ദൈവഭക്തി കൂടാതെ യേശുക്രിസ്തുവിന്റെ സഭ പണിയുവാന്‍ സാധിക്കുകയില്ല. നാം ആത്മീയ വരങ്ങള്‍ക്ക് എതിരല്ല. അവയെല്ലാം നമുക്ക് ആവശ്യമുള്ളവ തന്നെയാണ്. എന്നാല്‍ നമ്മുടെ പ്രാഥമിക ഊന്നല്‍ ദൈവഭക്തിയുള്ള ജീവിതത്തിനു തന്നെ ആയിരിക്കണം. ഞാന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് പൗലൊസും യോഹന്നാനും തങ്ങളുടെ ജീവിതത്തിന്റെ അന്ത്യനാളുകളില്‍ പ്രാധാന്യത്തോടെ കണ്ട ദൈവഭക്തി അറിയുന്ന പക്വതയുള്ള ഒരാളെയാണ്. അതുകൊണ്ട് ഇന്ന് ഒരു പ്രസംഗകന്‍ പല കാര്യങ്ങള്‍ പ്രസംഗിക്കുന്നത് കേള്‍ക്കുമ്പോള്‍ അതിനെ നിങ്ങള്‍ ഈ അപ്പൊസ്തലന്മാരുടെ പ്രസംഗവുമായി താരതമ്യം ചെയ്തു നോക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് ആരാണ് വാസ്തവത്തില്‍ പക്വതയുള്ളവരെന്നു തിരിച്ചറിയുവാന്‍ സാധിക്കും.


മൂപ്പന്മാരുടെ യോഗ്യതകള്‍


പൗലൊസ് തീത്തൊസിനെ ക്രീറ്റില്‍ നിറുത്തിയത് ”ശേഷിച്ച കാര്യങ്ങള്‍ തന്റെ നിര്‍ദ്ദേശപ്രകാരം ക്രമപ്പെടുത്തുന്നതിനും പട്ടണം തോറും മൂപ്പന്മാരെ നിയമിക്കേണ്ടതിനും ആയിരുന്നുവല്ലോ”(1:5). എല്ലാ സഭകള്‍ക്കും നേതൃത്വം നല്‍കുവാന്‍ മൂപ്പന്മാരുണ്ടാകണം എന്നതായിരുന്നു പൗലൊസിനു തന്റെ ജീവിതാവസാനത്തില്‍ ഉണ്ടായിരുന്ന ഹൃദയഭാരം. പരിശുദ്ധാത്മാവ് ഓരോ സഭയിലും ഒന്നിലധികം മൂപ്പന്മാരെ നിയമിക്കുവാനാണ് ആഗ്രഹിക്കുന്നത്. അല്ലാതെ ഒരു സഭയ്ക്ക് ഒരു പാസ്റ്റര്‍ എന്ന നിലയിലല്ല. തീത്തൊസിനോട് ഓരോ സഭയിലും ഓരോ പാസ്റ്ററെ നിയമിക്കണമെന്ന് പൗലൊസ് പറഞ്ഞില്ല. ഓരോ സഭയേയും നയിക്കുവാന്‍ കുറഞ്ഞതു രണ്ടു മൂപ്പന്മാരെങ്കിലും വേണം. അങ്ങനെ സഭാ നേതൃത്വം സന്തുലിതമായിരിക്കും. ഒറ്റയാള്‍ നേതൃത്വം നല്‍കുന്ന സഭ സന്തുലിതമായിരിക്കുകയില്ല. പഴയ ഉടമ്പടിക്കു കീഴില്‍ ഒറ്റയാള്‍ നേതൃത്വമായിരുന്നു-ഒരു മഹാപുരോഹിതന്‍, ഒരു രാജാവ്, ഒരു പ്രവാചകന്‍ എന്നിങ്ങനെ. എന്നാല്‍ യേശു വന്നു ശുശ്രൂഷ ആരംഭിച്ചപ്പോള്‍ അവിടുന്നു തന്റെ ശിഷ്യന്മാരെ ഈരണ്ടായിട്ട് അയച്ചു. ഒരു ശരീരം എന്ന നിലയിലുള്ള ശുശ്രൂഷയുടെ തുടക്കം അവിടെയാണ്. പെന്തക്കോസ്തുനാള്‍ മുതലുള്ള പുതിയ ഉടമ്പടിയുടെ എടുത്തു പറയാവുന്ന ഒരു പ്രത്യേകതയും ഇതാണ്.

ഒരു സഭയിലെ മൂപ്പന്മാര്‍ ആ സഭയിലെ ഏറ്റവും ആത്മീയ പക്വതയുള്ളവരായിരിക്കണം. അവര്‍ ആ സഭയിലെ ഏറ്റവും പ്രായമുള്ളവര്‍ ആകണമെന്നില്ല. എന്നാല്‍ നാം എന്താണ് ഇന്നു കാണുന്നത്? ചെറുപ്പക്കാരായ പക്വതയില്ലാത്ത ചിലര്‍ ഒരു ബൈബിള്‍ കോളജ് ബിരുദത്തിന്റെ അടിസ്ഥാനത്തില്‍ പാസ്റ്റര്‍മാരാകുന്നു. അവരുടെ സഭയിലെ പല ആളുകളും അവരേക്കാള്‍ പക്വതയുള്ളവരായിരിക്കും. അത് യേശുക്രിസ്തുവിന്റെ സഭയല്ല. അത് ഒരു സംഘടനമാത്രമാണ്. യേശുക്രിസ്തുവിന്റെ സഭയില്‍ ദൈവത്തെ നന്നായി അറിയുന്നവര്‍ മൂപ്പന്മാരായി ഉണ്ടാകും.

പ്രസംഗിക്കാനുള്ള കഴിവോ മറ്റ് വരങ്ങളോ അല്ല ഒരുവന്റെ പക്വത തീരുമാനിക്കുന്നത്. ഒരു പതിനഞ്ചുകാരനു വേണമെങ്കില്‍ സുവിശേഷ പ്രവര്‍ത്തനം നടത്താം. പല വര്‍ഷങ്ങളുടെ വിശ്വസ്ത പ്രവര്‍ത്തനത്തിലൂടെയാണ് ഒരുവന്‍ പക്വതയിലെത്തുന്നത്. 1:6-9 വാക്യങ്ങളില്‍ ഒരു മൂപ്പന്റെ യോഗ്യത അക്കമിട്ട് എഴുതിയിരിക്കുന്നു. ചില യോഗ്യതകള്‍ ഒന്നു തിമൊഥെയോസിലും കണ്ടിരുന്നു. തന്റെ സ്ഥലത്തു നല്ല സാക്ഷ്യമുള്ളവനായിരിക്കണം ഒരു മൂപ്പന്‍. അവന്‍ ഏക ഭാര്യയുള്ളവനായിരിക്കണം. അവന്റെ മക്കള്‍ ദൈവത്തെ സ്‌നേഹിക്കുന്നവരും അനുസരണയുള്ളവരും ആയിരിക്കണം. ഒരു മനുഷ്യനു തന്റെ സ്വന്തം മക്കളെ നിയന്ത്രിക്കുവാന്‍ അറിയുന്നില്ലെങ്കില്‍ ദൈവസഭയെ എങ്ങനെ നയിക്കും? ഒരുവന്‍ തന്റെ മക്കളെ എങ്ങനെ വളര്‍ത്തുന്നു എന്നത് പുതിയ നിയമത്തില്‍ സഭാ നേതൃത്വത്തിലുള്ളവരുടെ പ്രധാനയോഗ്യത ആയിട്ടാണ് കരുതുന്നത്. ഒരു വിശ്വാസിയുടെ മക്കള്‍ അയാള്‍ വീട്ടില്‍ എങ്ങനെ പെരുമാറുന്നു എന്നതിനുള്ള സാക്ഷ്യമാണ്. ചില വിശ്വാസികളുടെ കുട്ടികള്‍ മോശമായി പെരുമാറുമ്പോള്‍ മറ്റുചില വിശ്വാസികളുടെ കുട്ടികള്‍ എപ്പോഴും നന്നായി പെരുമാറുന്നു. കുട്ടികള്‍ക്ക് ഇതില്‍ വലിയ കാര്യമില്ല. അവരുടെ മാതാപിതാക്കള്‍ അവരെ എങ്ങനെ വളര്‍ത്തിക്കൊണ്ടുവന്നു എന്നതിലാണ് കാര്യമുള്ളത്.

ചില മാതാപിതാക്കള്‍ വളരെ അച്ചടക്കമില്ലാത്തവരാണ്. അവര്‍ അവരുടെ മക്കള്‍ക്കു സഭായോഗത്തിനിടയിലും മറ്റുള്ള ഭവനങ്ങളില്‍ പോകുമ്പോഴും എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നു. അത്തരം സഹോദന്മാര്‍ ദൈവസഭയില്‍ എന്തെങ്കിലും ഉത്തരവാദിത്തം വഹിക്കുവാന്‍ ഒട്ടും തന്നെ യോഗ്യരല്ല. ഒരു മൂപ്പന്‍ തന്റെ മക്കളെ അവരുടെ ചെറുപ്രായത്തില്‍ തന്നെ അച്ചടക്കത്തോടെ സഭയില്‍ ഇരിക്കുവാന്‍ പഠിപ്പിക്കുന്നവനാകണം. ഒരു മൂപ്പന്റെ മക്കള്‍ അച്ചടക്കമില്ലാതെ സഭാ യോഗത്തിനിടയില്‍ ഓടി നടക്കുകയാണെങ്കില്‍ ആ വ്യക്തി തന്റെ സ്ഥാനം രാജിവച്ച് മക്കളെ അച്ചടക്കത്തോടെ വളര്‍ത്തുന്ന ഒരാളെ ആ ചുമതല ഏല്പിക്കുന്നതാണ് നല്ലത്. തന്റെ മക്കളെ അച്ചടക്കത്തോടെ വളര്‍ത്താന്‍ കഴിയാത്ത ഒരാള്‍ക്കു സഭയെ നയിക്കുവാന്‍ സാധിക്കുകയില്ല. അയാള്‍ക്കു പ്രസംഗിക്കുവാന്‍ കഴിയുമെങ്കിലും ഒരു നല്ല നേതാവാകാന്‍ കഴിയുകയില്ല. സഭയില്‍ ഉത്തരവാദിത്തം വേണമെന്നു ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സ്വന്തം ഭവനത്തില്‍ നല്ല നേതാക്കന്മാരായിരിക്കണം.

”അയാള്‍ മുന്‍കോപി ആകരുത്”(1:7). വഴക്കാളിയും മുന്‍കോപിയും ആയ മനുഷ്യന്‍ ഒരിക്കലും ഒരു മൂപ്പനാകുവാന്‍ യോഗ്യനല്ല. അയാള്‍ മൂപ്പനാകുവാനല്ല ഒരു ഭീകരവാദിയാകുവാനാണ് യോഗ്യന്‍. സഭയിലെ മൂപ്പന്മാര്‍ സമാധാനകാംക്ഷികളായിരിക്കണം.
”അയാള്‍ പണത്തോട് അത്യാഗ്രഹമുള്ളവനാകരുത്”(1:7). ആളുകളില്‍ നിന്നു പണം കിട്ടണമെന്ന് ആഗ്രഹിക്കുന്നവനാകരുത്.
”അവര്‍ അതിഥി സല്‍ക്കാര പ്രിയരായിരിക്കണം”(1:8). അവരുടെ ഭവനം ആത്മീയമായി സഹായമാവശ്യമുള്ളവര്‍ക്കായി എപ്പോഴും തുറന്നുകിടക്കുന്നതായിരിക്കണം.
”അവര്‍ നന്മയെ സ്‌നേഹിക്കുന്നവരും സൗമ്യശീലരും നീതിനിഷ്ഠരും അച്ചടക്കമുള്ളവരും ആയിരിക്കണം”(1:8).
”അവര്‍ പഥ്യോപദേശത്താല്‍ പ്രബോധിപ്പിക്കുവാനും എതിര്‍ക്കുന്നവര്‍ക്കു ബോദ്ധ്യം വരുത്തുവാനും പ്രാപ്തരാകേണ്ടതിനു തങ്ങള്‍ പഠിച്ചറിഞ്ഞ വിശ്വാസ്യ വചനം മുറുകെ പിടിക്കുന്നവരായിരിക്കണം” (1:9) പഥ്യോപദേശം എന്നത് വിശദീകരിക്കുവാന്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു വാക്കില്‍ നിന്നാണ് ഇംഗ്ലീഷില്‍ ”ഹൈജീന്‍” (ശുചിത്വം) എന്ന വാക്ക് ഉണ്ടായിരിക്കുന്നത്. ഈ വാക്കാണ് പൗലൊസ് തിമൊഥെയൊസിനും തീത്തൊസിനും എഴുതുമ്പോള്‍ ആവര്‍ത്തിച്ച് എഴുതിക്കൊണ്ടിരുന്നത്.

‘ശുചിത്വം’ എന്നത് ഒരു നല്ല ആശുപത്രി എങ്ങനെ അതിന്റെ മുറികള്‍ തുടര്‍ച്ചയായി കഴുകിയും ഉപകരണങ്ങള്‍ അണുവിമുക്തമാക്കിയും സൂക്ഷിക്കുന്നുവെന്നതില്‍ നിന്നു വ്യക്തമാകും. ഒരു ആശുപത്രിയില്‍ പോകണമെങ്കില്‍ നാം ഏറ്റവും ശുചിത്വമുള്ള ആശുപത്രിയിലായിരിക്കും പോകുന്നത്. നാം അംഗമായിരിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു സഭയെ തിരഞ്ഞെടുക്കുമ്പോഴും ഇതുപോലെ വിശുദ്ധിക്ക് ഊന്നല്‍ നല്‍കുന്നതിനെയായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ ഇന്നുള്ള പല സഭകളും ഇന്ത്യയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ പോലെയാണ്. അവിടെ ചികിത്സയ്ക്കു ചെല്ലുന്നവര്‍ക്കു അവിടെനിന്നും കൂടുതല്‍ രോഗം ബാധിക്കുന്നു. അങ്ങനെയുള്ള ഒരു സഭയില്‍ പോകുന്ന ഒരു പുതിയ വിശ്വാസി അവിടെ നിന്നു പരദൂഷണവും ദൂഷണവും പറയാന്‍ പഠിക്കുന്നു. കാരണം ആ സഭയില്‍ ശുചിത്വ നിലവാരം സൂക്ഷിക്കുന്നില്ല. ദൈവഭക്തിക്കു കൂടുതല്‍ ഊന്നല്‍ നല്‍കുന്ന സഭയിലാണ് ദൈവം പ്രസാദിക്കുന്നത്.

”വൃഥാലാപക്കാരും വഞ്ചകരും മത്സരികളുമായ പലരുണ്ട്. അവരെ നിശ്ശബ്ദരാക്കേണ്ടതാണ്”(1: 10,11). സഭാ യോഗത്തില്‍ പ്രസംഗപീഠത്തില്‍ നിന്നുകൊണ്ട് ജനങ്ങളെ മുഷിപ്പിക്കരുത്. നിങ്ങള്‍ക്കു പറയുവാനൊന്നുമില്ലെങ്കില്‍ മിണ്ടാതെയിരിക്കുക. കൂടി വന്നിരിക്കുന്നവരുടെ സമയം അങ്ങനെ പാഴാക്കുന്നത് കുറ്റകരമാണ്. അത്തരം ആളുകളെ നിശ്ശബ്ദരാക്കേണ്ടത് മൂപ്പന്മാരുടെ ഉത്തരവാദിത്തമാണ്.

അതുപോലെ, നിശ്ശബ്ദരാക്കേണ്ട ചില വഞ്ചകന്മാരുണ്ട്. ”നിങ്ങളുടെ പണം ആഗ്രഹിക്കുന്ന ഉപദേഷ്ടാക്കന്മാരാണവര്‍”(1:11 ലിവിങ്). ജനത്തെ ദൈവ ഭക്തിയിലേക്കു നടത്തുന്നതിലല്ല അവര്‍ക്കു താല്പര്യം. ഒരു പ്രസംഗകന്‍ നിങ്ങളുടെ സഭയില്‍ വന്ന് ആളുകളില്‍ നിന്നും പണം ശേഖരിക്കുന്നു എന്നു കണ്ടാല്‍ അയാളെ എത്രയും വേഗം പറഞ്ഞയയ്ക്കുകയാണ് വേണ്ടത്. അതായിരിക്കും അയാള്‍ക്കും സഭയ്ക്കും നല്ലത്.

നാം പുതിയ നിയമം പഠിക്കുമ്പോള്‍ പണസ്‌നേഹത്തില്‍ നിന്നും വിടുതല്‍ നേടുന്നതിനെ സംബന്ധിച്ച് എത്രയധികമാണ് പറഞ്ഞിരിക്കുന്നതെന്നു കാണുന്നില്ലേ? പുതിയ നിയമത്തിനു കീഴില്‍ ഇതൊരു പ്രധാന വിഷയമാണ്. അതിനാല്‍ നിങ്ങളൊരു യഥാര്‍ത്ഥ ദൈവഭൃത്യനാണെങ്കില്‍ പണസ്‌നേഹത്തെക്കുറിച്ച് ദൈവജനത്തിനു നിരന്തരം മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കും. എന്നാല്‍ ഇന്ന് ഇത്തരം പ്രസംഗങ്ങള്‍ വളരെ കുറഞ്ഞിരിക്കുന്നതായിട്ടാണ് ഞാന്‍ കാണുന്നത്. കാരണം ഇന്നുള്ള പല പ്രസംഗകരും പാസ്റ്റര്‍മാരും പണത്തെ സ്‌നേഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ സഭയെ നശിപ്പിക്കുന്ന ഈ കഠിന പാപത്തിനെതിരെ സംസാരിക്കുവാന്‍ അവര്‍ക്കു കഴിയുന്നില്ല.

പൗലൊസ് തീത്തോസിനോട് ക്രീറ്റ് നിവാസികള്‍ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കേണ്ടതിന് അവരെ കര്‍ശനമായി ശാസിക്കണം എന്നു പറഞ്ഞു(1:13). അസത്യവാദികളും ദുഷ്ടന്മാരും, അലസന്മാരും, ഭോജനപ്രിയരും ആയ ക്രീറ്റ് നിവാസികള്‍ക്കിടയില്‍ വെൡം പകര്‍ന്നു നില്‍ക്കുവാന്‍ ക്രീറ്റിലെ ദൈവസഭ എത്രമാത്രം പ്രയാസപ്പെട്ടുവെന്നു ചിന്തിക്കുക. നമ്മുടെ സമൂഹത്തില്‍ പാപം വ്യത്യസ്തമായിരിക്കാം. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ വരുന്ന എല്ലാ പാപങ്ങളെയും നേരിടുന്ന വെളിച്ചമായി സഭ എപ്പോഴും നില്‍ക്കണം. ഉദാഹരണത്തിനു നമ്മുടെ സമൂഹത്തില്‍ ഒരു ഭര്‍ത്താവു രാജാവിനെ പോലെ വീട്ടിലെ ഒരു പണിയും ചെയ്യാതെയിരിക്കുമ്പോള്‍ ഒരു ക്രിസ്ത്യാനിയായ ഭര്‍ത്താവ് വ്യത്യസ്തനായിരിക്കണം. ഇന്ത്യന്‍ സമൂഹത്തില്‍ സാധാരണയായി ഭര്‍ത്താക്കന്മാര്‍ കൊച്ചുകുഞ്ഞുങ്ങള്‍ മലമൂത്രവിസര്‍ജ്ജനം ചെയ്ത വസ്ത്രം മാറ്റി അവരെ കഴുകി വൃത്തിയാക്കുന്ന ജോലി ചെയ്യാറില്ല. അതെല്ലാം ഭാര്യമാരുടെ ജോലിയായിട്ടാണ് കരുതിയിരിക്കുന്നത്. എന്തുകൊണ്ടാണിത്? കുഞ്ഞിനു ജന്മം നല്‍കിയത് ഭര്‍ത്താവും ഭാര്യയും ചേര്‍ന്നല്ലേ? എങ്കില്‍ പിന്നെ ഭര്‍ത്താവ് എന്തുകൊണ്ടാണ് ചില ജോലികള്‍ ചെയ്യാന്‍ മടിക്കുന്നത്? അതാണ് ഇന്ത്യന്‍ സംസ്‌കാരമെന്നിരിക്കെ ക്രിസ്ത്യാനികളായ ഭര്‍ത്താക്കന്മാര്‍ വ്യത്യസ്തരായിരിക്കണം. കുഞ്ഞുങ്ങളെ വളര്‍ത്തുന്ന കാര്യത്തിലും ഭാര്യാഭര്‍ത്താക്കന്മാര്‍ സഹപ്രവര്‍ത്തകരായിരിക്കണം. നമുക്കു ചുറ്റുമുള്ള ഇരുട്ടില്‍ നാം വ്യത്യസ്തരായിരിക്കണം.

1:15-ല്‍ പൗലൊസ് ഇങ്ങനെ പറയുന്നു: ”ശുദ്ധിയുള്ളവര്‍ക്കു എല്ലാം ശുദ്ധം തന്നെ. എന്നാല്‍ അശുദ്ധര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നും ശുദ്ധമല്ല.” ചില ആളുകള്‍ എല്ലായിടത്തും അശുദ്ധികാണുന്നു. കാരണം അവരുടെ മനസ്സ് അശുദ്ധി നിറഞ്ഞതാണ്. അങ്ങനെയാണ് പിശാച് നമ്മുടെ മനസ്സിനെ കളങ്കപ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുവാന്‍ പരിശുദ്ധാത്മാവിനെ നാം അനുവദിക്കണം. അങ്ങനെ അശുദ്ധിയില്ലാത്തയിടത്ത് അശുദ്ധി കാണുവാന്‍ സാധിക്കരുത്. അതുപോലെ മറ്റുള്ളവരുടെ പ്രവൃത്തിയില്‍ ദോഷം കാണുന്ന മനോഭാവവും വിടാം. സദൃശ്യവാക്യങ്ങള്‍ 27:19ല്‍ പറയുന്നു ”വെള്ളത്തില്‍ മുഖത്തിന്റെ രൂപം പ്രതിഫലിച്ചു കാണുന്നതുപോലെ മനുഷ്യന്‍ സ്വന്തഹൃദയത്തിനൊത്തവണ്ണം മറ്റൊരുവനെ കാണുന്നു.” ഇതിന്റെ അര്‍ത്ഥം നാം മറ്റുള്ളവരില്‍ കാണുന്നത് നമ്മുടെ ഉള്ളില്‍ നിന്നും വരുന്ന ദുഷ്ടത തന്നെയാണ്. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ പലതും തെറ്റായ മനോഭാവത്തോടെയാണെങ്കില്‍ ഒരാളുടെ നല്ല പ്രവൃത്തികാണുമ്പോഴും നിങ്ങള്‍ അതിനെ തെറ്റായ മനോഭാവത്തോടെയാകും കാണുക. നിങ്ങള്‍ പ്രസംഗിക്കുന്നത് പണത്തിനുവേണ്ടിമാത്രമാണെങ്കില്‍ മറ്റ് പ്രസംഗകരും പണത്തിനുവേണ്ടിയാണ് പ്രസംഗിക്കുന്നതെന്നു നിങ്ങള്‍ സങ്കല്‍പ്പിക്കും. ഇതിനു കാരണം നിങ്ങളുടെ ഹൃദയത്തിന്റെ പ്രതിഫലനമാണ് മറ്റുള്ളവരില്‍ നിങ്ങള്‍ കാണുന്നത്. ആ മനുഷ്യന്‍ നിങ്ങളെപ്പോലെ അശുദ്ധനായിരിക്കുകയില്ല. എന്നാല്‍ നിങ്ങള്‍ അയാളെ അശുദ്ധനായി കരുതുന്നു. എന്നാല്‍ നിങ്ങളുടെ മനസ്സ് ശുദ്ധമാണെങ്കില്‍ ആരേയും നിങ്ങള്‍ വിധിക്കുകയില്ല. എല്ലാവരിലും നന്മ മാത്രമേ കാണുകയുള്ളു.

13-ാം നൂറ്റാണ്ടിലെ ഫ്രാന്‍സീസ് അസീസി സഹോദര സമൂഹത്തിലെ ഒരു അംഗമായിരുന്നു ജൂണിഫര്‍. ഒരു ദിവസം ജൂണിഫര്‍ ഒരു സഹോദരന്‍ താരതമ്യേന വിലകൂടിയ ഒരു വസ്ത്രം ധരിച്ചിരിക്കുന്നത് കണ്ടപ്പോള്‍ അവന്‍ തന്റെ ഹൃദയത്തില്‍ ഇങ്ങനെ പറഞ്ഞു: ”ഒരു പക്ഷേ ആ വിലകൂടിയ വസ്ത്രത്തിനുള്ളില്‍ എളിയ വസ്ത്രം ധരിച്ചിരിക്കുന്ന എന്നേക്കാള്‍ താഴ്മയുള്ള ഒരു ഹൃദയം അവനുണ്ടായിരിക്കാം.” ജൂണിഫര്‍ ശുദ്ധനായിരുന്നതിനാല്‍ അവന് എല്ലാം ശുദ്ധമായിരുന്നു. അവന്‍ ആരേയും വിധിച്ചില്ല. എന്നാല്‍ മനസ്സു മലിനപ്പെട്ടവര്‍ മറ്റുള്ളവരുടെ മനോഭാവവും മലിനപ്പെട്ടതായി കാണും. അവന്‍ തങ്ങളുടെ ഉള്ളിലെ മലിനത മറ്റുള്ളവരില്‍ പ്രതിഫലിച്ചു കാണുന്നു.

യെശയ്യാവ് ദൈവത്തിന്റെ മഹത്വം കണ്ടപ്പോള്‍ സെറാഫുകള്‍ ഇങ്ങനെ പറയുന്നത് കേട്ടു- ”സൈന്യങ്ങളുടെ യഹോവ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍ ഭൂമി മുഴുവന്‍ അവിടുത്തെ മഹത്വംകൊണ്ട് നിറഞ്ഞിരിക്കുന്നു”(യെശ.6:3). എന്നാല്‍ നാം ഈ ഭൂമിയിലേക്കു നോക്കുമ്പോള്‍ ദൈവമഹത്വം നിറഞ്ഞിരിക്കുന്നതായിട്ടല്ല മുഴുവന്‍ അശുദ്ധിയാണ് കാണുന്നത്. സ്വര്‍ഗ്ഗീയ മാലാഖമാര്‍ ഭൂമിയെ കാണുന്നത് ദൈവമഹത്വം നിറഞ്ഞതായിട്ടാണ്. മനുഷ്യരില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായമാണ് ആ മാലാഖമാര്‍ക്കുള്ളത്. കാരണം. അവരുടെ മനസ്സ് വിശുദ്ധമാണ്. അവര്‍ ദൈവത്തിന്റെ മഹത്വം പല കാര്യങ്ങളിലും കാണുന്നു. സൃഷ്ടിയുടെ മനോഹാരിതയില്‍, അവിടവിടെയുള്ള ദൈവഭക്തരായ വിശ്വാസികളില്‍ എല്ലാം അവര്‍ ദൈവമഹത്വം കാണുന്നു. ഒരു നാള്‍ ഈ ഭൂമിയില്‍ നിറയാന്‍ പോകുന്ന ദൈവമഹത്വത്തേയും അവര്‍ പ്രവാചകാത്മാവില്‍ കാണുന്നു.


ശുദ്ധമായ ഉപദേശം


പൗലൊസ് തീത്തൊസ് 2:1ല്‍ ശുദ്ധമായ ഉപദേശത്തെക്കുറിച്ച് വീണ്ടും പറയുന്നു. ഇവിടെ അദ്ദേഹം പാപക്ഷമ, നീതീകരണം, പരിശുദ്ധാത്മ സ്‌നാനം, ജലസ്‌നാനം, കര്‍ത്താവിന്റെ മടങ്ങിവരവ്, സഭയും അതിന്റെ മൂപ്പന്മാരും എന്നീവിഷയങ്ങളിലുള്ള ഉപദേശമല്ല നല്‍കുന്നത്. ഒരു ക്രിസ്ത്യാനിയുടെ ദിനംപ്രതിയുള്ള ജീവിതത്തെ സംബന്ധിച്ചാണ് പറയുന്നത്. ആളുകള്‍ക്കു ശുദ്ധമായ ഉപദേശം പഠിപ്പിച്ചുകൊടുക്കുവാന്‍ തീത്തോസിനോട് ആവശ്യപ്പെടുന്നു. പിന്നീട് പലതരം ആളുകളെ സംബന്ധിച്ച് ഇവിടെ പരാമര്‍ശിക്കുന്നു.

പ്രായം കൂടിയ പുരുഷന്മാരെ പക്വമതികളും, ആദരണീയരും, ആത്മനിയന്ത്രണമുള്ളവരും, വിശ്വാസം,സ്‌നേഹം, സഹിഷ്ണുത എന്നിവയില്‍ ഉറപ്പുള്ളവരുമായിരിക്കുവാന്‍ ഉപദേശിക്കണം. പ്രായമുള്ളവര്‍ പക്വതയും അറിവും ഇല്ലാത്ത ചെറുപ്പക്കാരെ സ്‌നേഹിക്കണം. സ്‌നേഹിക്കുവാന്‍ കഴിയാത്ത പ്രായമുള്ളവര്‍ ആദരണീയരല്ല. അവര്‍ക്ക് എന്തോ കുഴപ്പമുണ്ട്.

പ്രായത്തില്‍ മുതിര്‍ന്ന സ്ത്രീകള്‍ പെരുമാറ്റത്തില്‍ മാന്യതയുള്ളവരായിരിക്കണം. അവര്‍ ഏഷണി പറയാത്തവരായിരിക്കണം. നന്മ ചെയ്യുവാന്‍ അവരെ പഠിപ്പിക്കണം. മുതിര്‍ന്ന സ്ത്രീകള്‍ ചെറുപ്പക്കാരായ സ്ത്രീകളുടെ ഉപദേഷ്ഠാക്കളായിരിക്കണം(2:4). അവള്‍ എന്താണ് പഠിപ്പിക്കേണ്ടത്? എങ്ങനെ ഭര്‍ത്താക്കന്മാരെ സ്‌നേഹിക്കണം, എങ്ങനെ മക്കളെ സ്‌നേഹിക്കണം, എങ്ങനെ വിവേകികളും പതിവ്രതകളും ആയിരിക്കണം, എങ്ങനെ വീട്ടുകാര്യങ്ങള്‍ നോക്കണം എന്നീകാര്യങ്ങളെല്ലാം പഠിപ്പിക്കണം(2:5). അമ്മമാര്‍ തങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുവാന്‍ വേണ്ടിമാത്രം ജോലിക്കുപോയി തങ്ങളുടെ ഭവനത്തേയും മക്കളേയും അവഗണിക്കരുതെന്നും പഠിപ്പിക്കണം. അവര്‍ ഭവനത്തിനു മുന്‍ഗണന കൊടുക്കണം. ദൈവചനം നിന്ദിക്കപ്പെടാതിരിക്കുന്നതിനു ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്കു കീഴടങ്ങിയിരിക്കണം എന്നു പഠിപ്പിക്കണം. ഇതൊക്കെയാണ് പ്രായത്തില്‍ മുതിര്‍ന്ന സ്ത്രീകള്‍ ചെറുപ്പക്കാരായ സ്ത്രീകളെ പഠിപ്പിക്കേണ്ട പ്രധാന കാര്യങ്ങള്‍. ഇതിനൊരു ബൈബിള്‍ കോളജ് ബിരുദമൊന്നും വേണ്ട. ഇതാണ് യഥാര്‍ത്ഥ ”ശുദ്ധമായ ഉപദേശം”. എന്നാല്‍ ഇന്നു നമുക്കുചുറ്റും കാണുന്ന പല മുതിര്‍ന്ന സ്ത്രീകളും പരദൂഷണവും ഏഷണിയും പറയുന്നതിലാണ് വിദഗ്ധരായിട്ടുള്ളത്. ഇതു വളരെ ദുഃഖകരവും ദൈവനാമം ദുഷിക്കപ്പെടാന്‍ ഇടയാകുന്നതുമാണ്.

ശുദ്ധമായ ഉപദേശമെന്നത് പ്രായോഗിക ക്രിസ്തീതയും ജീവിതവും ആയി ബന്ധപ്പെട്ടതാണ്. സ്‌നേഹിക്കുവാനും, വിവേകത്തോടെ പെരുമാറുവാനും, കുടുംബ ജീവിതത്തിനു പ്രാധാന്യം കൊടുക്കുവാനും, മക്കളെ ദൈവഭയത്തില്‍ വളര്‍ത്തുവാനും ഭര്‍ത്താക്കന്മാരേയും മക്കളേയും സ്‌നേഹിക്കുവാനും, കുടുംബകാര്യങ്ങള്‍ നോക്കുവാനും പഠിപ്പിക്കുന്ന ഒന്നാണത്. ഈ കാലഘട്ടത്തില്‍ പല അമ്മമാരും അവരുടെ മക്കളെ അവഗണിച്ചുകൊണ്ട് ജോലിക്കു പോകുന്നു. അതിനാല്‍ തന്നെ അവര്‍ വഴി തെറ്റി പോകുവാന്‍ ഇടയാകുന്നു.


അല്പകാര്യങ്ങളിലെ വിശ്വസ്തത


ഞാന്‍ പ്രവര്‍ത്തിക്കുന്നതാണ് പ്രസംഗിക്കുന്നത്. 1968-ല്‍ ഞാന്‍ ഒരു വൈദ്യശാസ്ത്ര ബിരുദാധാരിണിയെയാണ് വിവാഹം കഴിച്ചത്. വിദ്യാര്‍ത്ഥികളുടെയും ഗ്രാമവാസികളുടെയും ഇടയിലാണ് അന്നു ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഞങ്ങളുടെ വിവാഹ ജീവിതം ആരംഭിച്ച വേളയില്‍ ഞാന്‍ സാമ്പത്തികമായി വളരെ ഞെരുക്കത്തിലായിരുന്നു. ആദ്യത്തെ കുഞ്ഞിനെ ദൈവം തന്ന അന്ന് എന്റെ ഭാര്യ ആശുപത്രിയിലെ ജോലി അവസാനിപ്പിച്ചു. ദൈവം ഞങ്ങള്‍ക്ക് നാല് ആണ്‍മക്കളെ തന്നു. എന്റെ ഭാര്യ അവരെ ദൈവഭയത്തില്‍ വളര്‍ത്തുന്നതിന് തന്റെ ദിവസങ്ങള്‍ ചെലവഴിച്ചു. ഞങ്ങളുടെ ആദ്യ കുഞ്ഞ് ജനിച്ചതിനുശേഷം എന്റെ ഭാര്യ ഒരു ഡോക്ടറെന്ന നിലയില്‍ ഒരു രൂപപോലും വരുമാനം ഉണ്ടാക്കിയില്ല. എന്നാല്‍ തന്റെ വൈദ്യശാസ്ത്ര പരിജ്ഞാനം കൊണ്ട് നൂറുകണക്കിനു സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും വേണ്ട ഉപദേശം നല്‍കി. ഞങ്ങളുടെ മക്കള്‍ എത്ര പണത്തേക്കാളും വിലയുള്ളവരാണെന്നു ഞങ്ങള്‍ ഉറപ്പായി കരുതി. ഇന്നു വിവാഹം കഴിഞ്ഞ് 47 വര്‍ഷമായപ്പോള്‍ അതിന്റെ ഫലം ഞങ്ങള്‍ കാണുന്നു. ഞങ്ങളുടെ എല്ലാ മക്കളും വീണ്ടും ജനിച്ച് ദൈവത്തിനായി ജീവിക്കുന്നു. അവരും ദൈവഭക്തരായ പെണ്‍കുട്ടികളെ വിവാഹം കഴിച്ച് മക്കളെ ദൈവഭക്തിയില്‍ വളര്‍ത്തുന്നു. ഒരു ആഡംബര ജീവിതത്തിനു വേണ്ടി പണം സമ്പാദിക്കുവാന്‍ ശ്രമിക്കുന്നതിനു പകരം മക്കളെ ദൈവഭക്തിയില്‍ വളര്‍ത്തുവാന്‍ തീരുമാനിച്ചതില്‍ ഞങ്ങള്‍ അല്പംപോലും ദുഃഖിക്കുന്നില്ല. ഞങ്ങള്‍ ലളിതമായി ജീവിച്ച് ഞങ്ങളുടെ മക്കളെ ദൈവത്തിനുവേണ്ടി ജീവിക്കുവാന്‍ തക്കവണ്ണം വളര്‍ത്തിക്കൊണ്ടുവരുവാന്‍ ദൈവം ഞങ്ങള്‍ക്കു കൃപ തന്നു.

ജീവിത നിലവാരം എങ്ങനെയിരിക്കണം എന്നതിനേക്കാള്‍ നിങ്ങളുടെ മക്കള്‍ക്കു പ്രാധാന്യം കൊടുക്കണം. നിങ്ങള്‍ സമ്പാദിക്കുന്ന ലക്ഷക്കണക്കിനു രൂപ ദൈവഭക്തരായ മക്കള്‍ക്കു പകരമാവുകയില്ല. അതുകൊണ്ട് എല്ലാ അമ്മമാരോടും ഭാര്യമാരോടും ഞാന്‍ പറയട്ടെ: ”നിങ്ങളുടെ മക്കളെ അവഗണിക്കരുത്.” ദൈവവചനം ഇവിടെ പറയുന്നു: ”ആദ്യം വീട്ടുകാര്യം നോക്കുവിന്‍.” നിങ്ങളുടെ മക്കള്‍ വളര്‍ന്നു ഭവനം വിട്ടതിനുശേഷം നിങ്ങള്‍ക്കു വേണമെങ്കില്‍ ജോലിക്കു പോകാം. നിങ്ങള്‍ പ്രായത്തില്‍ മുതിര്‍ന്ന ഒരു സഹോദരിയാണെങ്കില്‍ നിങ്ങള്‍ക്കു നിങ്ങളുടെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ചെറുപ്പക്കാരായ സ്ത്രീകളെ എങ്ങനെ കുടുംബകാര്യം നോക്കണമെന്നതിനെ സംബന്ധിച്ച് പഠിപ്പിക്കുവാന്‍ സാധിക്കും, അതാണ് ദൈവിക മാര്‍ഗ്ഗം. എന്നാല്‍ വ്യത്യസ്തമായ ചില സാഹചര്യവും ഉണ്ടാകാമെന്നു ഞാന്‍ അംഗീകരിക്കുന്നു. ഒരു ഭര്‍ത്താവ് രോഗിയും ജോലിചെയ്യാന്‍ ബുദ്ധിമുട്ടുള്ള ആളുമാണെങ്കില്‍ കുടുംബത്തിനു ഒരു വരുമാനമാര്‍ഗ്ഗമെന്ന നിലയില്‍ ഭാര്യ ജോലിക്കു പോകേണ്ടി വരും. എന്നാല്‍ ഇത് ഒരു പ്രത്യേക സാഹചര്യം മാത്രമാണ്. പൊതുവായിട്ടുള്ളതല്ല.

ചെറുപ്പക്കാര്‍ ആത്മനിയന്ത്രണമുള്ളവരായിരിക്കണം. അതാണ് ശുദ്ധമായ ഉപദേശം. ദൈവനാമം ദുഷിക്കപ്പെടുവാന്‍ ഇടയാകുന്നവിധം പിശാച് നിന്നെക്കുറിച്ച് ഒരു ദോഷവും പറയുവാന്‍ ഇല്ലാത്തവിധം സല്‍പ്രവൃത്തിയും ശുദ്ധഉപദേശവും ഗൗരവവും സംഭാഷണത്തില്‍ ഔചിത്യവും ഉള്ളവനായി മറ്റുള്ളവര്‍ക്കു ഒരു മാതൃക ആയിരിക്കുവാന്‍ പൗലൊസ് തീത്തൊസിനോട് ആവശ്യപ്പെടുന്നു. സാത്താന്‍ നിങ്ങളുടെ ഭവനത്തെ കാണിച്ചുകൊണ്ട് ദൈവത്തോട് ഇങ്ങനെ പറയുവാന്‍ ഇടയാകരുത്- ”ദൈവമേ ആ ക്രിസ്തീയ ഭവനത്തെ നോക്കുക. അവിടെ അമ്മയ്ക്കു കൂടുതല്‍ പണം സമ്പാദിക്കുന്നതിനാണ് താല്പര്യം. അതിനാല്‍ അവളുടെ കുട്ടികള്‍ എത്ര മത്സരികള്‍ ആയിരിക്കുന്നു എന്നു കാണുക. അവര്‍ മാതാപിതാക്കന്മാരെയോ സഭയേയോ ബഹുമാനിക്കുന്നില്ല.” കര്‍ത്താവിന്റെ നാമത്തിനു അപമാനമുണ്ടാക്കുന്ന ഒന്നും നിങ്ങളില്‍ കാണാന്‍ ഇടയാകരുത്. നിങ്ങളുടെ ജീവിതത്തിലെ മൂല്യങ്ങളുടെ പ്രതിഫലനമാണ് നിങ്ങളുടെ മക്കള്‍. ആത്മീയനാണെന്നു ഭാവിച്ച് ചുറ്റുമുള്ളയെല്ലാവരേയും കബളിപ്പിക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കും. എന്നാല്‍ നിങ്ങളുടെ മക്കളെ കബളിപ്പിക്കുവാന്‍ സാധിക്കുകയില്ല. നിങ്ങളുടെ ജീവിത നിലവാരമെന്താണെന്നും നിങ്ങള്‍ ജീവിക്കുന്നതെങ്ങനെയാണെന്നും അവര്‍ക്ക് നന്നായി അറിയാം.
ക്രിസ്തീയ ദാസന്മാരെ (ഇന്നു ഫാക്ടറികളിലും ഓഫീസുകളിലും ജോലി ചെയ്യുന്നവരേയും കൂട്ടി ചേര്‍ത്ത്) തങ്ങളുടെ മേലധികാരികള്‍ക്കു കീഴടങ്ങിയിരിക്കുവാന്‍ പഠിപ്പിക്കണം. അവര്‍ തങ്ങളുടെ യജമാനന്മാരോട് തര്‍ക്കിക്കരുത്. ആളുകളോട് തങ്ങളുടെ ഫാക്ടറിയിലും ഓഫീസുകളിലും മേലധികാരികളോട് തര്‍ക്കിക്കരുതെന്നു പറയുന്ന എത്ര പ്രസംഗകര്‍ ഇന്നുണ്ട്? ഒരു ക്രിസ്ത്യാനി തന്റെ മേലധികാരിയോട് ഓഫീസിലോ ഫാക്ടറിയിലൊ വച്ച് തര്‍ക്കത്തില്‍ ഏര്‍പ്പെടുമ്പോള്‍ യേശുവിന്റെ നാമത്തിനു അപമാനമുണ്ടാവുകയാണ്. തന്റെ ബോദ്ധ്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുവാന്‍ മേലധികാരി ആവശ്യപ്പെട്ടാല്‍ അതിനെതിരെ നിലപാടെടുക്കരുതെന്നല്ല ഞാന്‍ പറയുന്നത്. അത് നാം ചെയ്യണം. ഞാന്‍ നാവികസേനയില്‍ ആയിരുന്നപ്പോള്‍ പല സന്ദര്‍ഭങ്ങളിലും എന്റെ മേലധികാരികളോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ”സര്‍, ക്ഷമിക്കണം. ഞാന്‍ ഒരു ക്രിസ്ത്യാനി ആയതുകൊണ്ട് ഇത് ചെയ്യുവാന്‍ എനിക്കു സാധിക്കുകയില്ല. കാരണം എന്റെ മനഃസാക്ഷി അതിനെതിരാണ്.” എന്നാല്‍ നാം ഒരിക്കലും ഒരു തര്‍ക്കകാരനാകരുത്.

ദാസന്മാരോട് (ഓഫീസുകളില്‍ ജോലിചെയ്യുന്നവരോട്) ഉള്ള മറ്റൊരു പ്രധാന പ്രബോധനമാണ് ”ചെറിയ മോഷണം പോലും” നടത്തരുതെന്നത്(2:10). ചെറിയ ചെറിയ മോഷണവും വലിയ മോഷണവും തമ്മിലുള്ള വ്യത്യാസമെന്താണ്? വിലപിടിപ്പുള്ള വസ്തുക്കള്‍ അനീതിയായി എടുത്ത് സ്വന്തമാക്കുന്നതാണ് വലിയ മോഷണം. സ്വന്തം ആവശ്യത്തിന് ഓഫീസിലെ ഒരു ഷീറ്റ് പേപ്പര്‍ എടുക്കുന്നതാണ് ചെറിയ മോഷണം. അങ്ങനെ ചെറിയ ചെറിയ കാര്യങ്ങളിലാണ് ഒരുവന്‍ ദൈവഭക്തനാണോ അല്ലയോ എന്ന് അറിയുന്നത്. യേശുപറഞ്ഞു ”നിങ്ങള്‍ അല്പ കാര്യങ്ങളില്‍ വിശ്വസ്തനാണെങ്കില്‍ അധികത്തിലും വിശ്വസ്തനായിരിക്കും.” നിങ്ങള്‍ ചെറിയ മോഷണം നടത്തിയിട്ടുണ്ടെങ്കില്‍ അതിന്റെ വില കണക്കാക്കി തിരികെ നല്‍കുക. അതാണ് യഥാര്‍ത്ഥ ക്രിസ്തീയത. അതാണ് സക്കായി ചെയ്തത്. എന്റെ ക്രിസ്തീയ ജീവിതത്തില്‍ ഞാന്‍ പ്രവര്‍ത്തിച്ചതാണ് പ്രസംഗിക്കുന്നത്. ഇന്ന് എന്റെ മനഃസാക്ഷി അതിനാല്‍ ശുദ്ധമാണ്. അങ്ങനെയാണ് നമ്മള്‍ രക്ഷകനായ ദൈവത്തിന്റെ ഉപദേശത്തെ ഒരു ഭൂഷണമാക്കി തീര്‍ക്കുന്നത് (2:10). സ്ത്രീകള്‍ ആഭരണത്താല്‍ തങ്ങളെ അലങ്കരിക്കുന്നതു പോലെ ക്രിസ്ത്യാനികള്‍ അവരുടെ ജീവിതത്തില്‍ തങ്ങളുടെ ഉപദേശം ഒരു അലങ്കാരമാക്കണം.

”സകല മനുഷ്യര്‍ക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചിരിക്കുന്നുവല്ലോ. മഹാ ദൈവവും നമ്മുടെ രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്വ പ്രത്യക്ഷതയെന്ന ഭാഗ്യകരമായ പ്രത്യാശയ്ക്കായി കാത്തിരുന്നുകൊണ്ട് നാം അഭക്തിയും ലോകമോഹങ്ങളും വര്‍ജ്ജിച്ച് ഈ കാലഘട്ടത്തില്‍ ആത്മനിയന്ത്രണവും നീതിയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കുവാന്‍ അത് നമ്മെ അഭ്യസിപ്പിക്കുന്നു.” (2:11-13). ദൈവം നമുക്കു വേണ്ടി ഭൂവാസകാലത്ത് എന്താണ് ചെയ്തതെന്നു പറയുന്ന ഒരു വേദഭാഗമാണിത്. അവിടുന്നു രക്ഷകൊണ്ടുവന്നു. അവിടുന്ന് ഇപ്പോള്‍ ഈ വര്‍ത്തമാന കാലത്ത് എന്താണ് ചെയ്യുന്നത്? നമ്മുടെ ജീവിതത്തിലെ ദൈവികമല്ലാത്ത എല്ലാം ഉപേക്ഷിച്ച് കര്‍ത്താവിന്റെ മടങ്ങിവരവിനെ പ്രതീക്ഷിച്ചിരിക്കുന്ന ഒരു ജീവിതത്തിനു നമ്മെ പ്രാപ്തരാക്കുന്നു.

എന്തിനുവേണ്ടിയാണു യേശുക്രിസ്തു നമുക്കുവേണ്ടി തന്നെത്താന്‍ അര്‍പ്പിച്ചതെന്ന് ഇവിടെ വ്യക്തമായി നമ്മോടു പറയുന്നു (2:14). സല്‍പ്രവൃത്തികളില്‍ ശുഷ്‌ക്കാന്തിയുള്ള സ്വന്ത ജനമായി ശുദ്ധീകരിക്കേണ്ടതിനു വേണ്ടിയാണ് അത് ചെയ്തത്. നിങ്ങളെ ക്രിസ്തു രക്ഷിച്ചുവെങ്കില്‍ നിങ്ങള്‍ സല്‍പ്രവൃത്തികളില്‍ ശുഷ്‌കാന്തിയുള്ള ഒരാളായിരിക്കണം. ശുദ്ധമായ ഉപദേശം നീതീകരണത്തിനും ജലസ്‌നാനത്തിനും, പരിശുദ്ധാത്മസ്‌നാനത്തിനും എല്ലാം അപ്പുറമുള്ളതാണ്. പ്രായോഗിക ക്രിസ്തീയ ജീവിതമാണത്. ഒരുവനെ ദൈവഭക്തിയിലേക്കു നയിക്കുവാന്‍ സാധിക്കാത്ത ഉപദേശം ശുദ്ധമായ ഉപദേശമല്ല; അത് വൃത്തിഹീനമായ ഉപദേശമാണ്. ശസ്ത്രക്രിയാ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുകയോ തറ വൃത്തിയാക്കുകയോ ചെയ്യാത്ത നിലവാരം കുറഞ്ഞ ഒരു ആശുപത്രി പോലെയാണത്. അങ്ങനെയുള്ള ഒരു സഭ ആരേയും ദൈവഭക്തിയിലേക്കു നടത്തുകയില്ല. ശുദ്ധമായ ഉപദേശമാണ് സഭയ്ക്ക് ഇന്ന് ഏറ്റവും ആവശ്യമുള്ള ഒരു കാര്യം. അതിനാലാണ് പൗലൊസ് തീത്തൊസിനോട് ഇങ്ങനെ ആവശ്യപ്പെടുന്നത്: ”ഈ കാര്യങ്ങള്‍ പ്രസംഗിക്കുകയും സകല അധികാരത്തോടും കൂടെ പ്രബോധിപ്പിക്കുകയും ശാസിക്കുകയും ചെയ്യുക”(2:15). ക്രിസ്തീയ ഭവനങ്ങളിലും ക്രിസ്തീയ സഭകളിലും ക്രിസ്തീയ പ്രസംഗ പീഠങ്ങളിലും ഇന്നത്തെ പ്രധാന ആവശ്യം ”ദൈവിക അധികാരം” ആണ്. ”നിങ്ങള്‍ പറയുന്നത് പ്രാധാന്യമില്ലാത്ത കാര്യങ്ങളാണ്” എന്ന ആളുകള്‍ ചിന്തിക്കുവാന്‍ ഇടയാകുന്നവണ്ണം സംസാരിക്കരുത്.


ഉപസംഹാര പ്രബോധനങ്ങള്‍

ക്രിസ്ത്യാനികള്‍ തങ്ങളുടെ ഭരണകര്‍ത്താക്കളോടും അധികാരികളോടും എങ്ങനെ ആയിരിക്കണം എന്ന വിഷയം സംബന്ധിച്ചു തുടര്‍ന്നു പൗലൊസ് പറയുന്നു. ”നാം അധികാരികള്‍ക്കു കീഴടങ്ങിയിരിക്കുവാനും അവരെ അനുസരിക്കാനും സകലസല്‍പ്രവൃത്തിക്കും ഒരുങ്ങിയിരിക്കുവാനും” (3:1) ആണ് പറഞ്ഞിരിക്കുന്നത്. ക്രിസ്ത്യാനികള്‍ അവരുടെ സ്വീകരണമുറിയിലും ഊണുമുറിയിലും എഴുതി വയ്ക്കുവാന്‍ ഞാന്‍ പ്രോത്സാഹിപ്പിക്കാറുള്ള ഒരു വാക്യം വരുന്നത് പിന്നീടാണ്- ”ആരേയും കുറിച്ച് ദൂഷണം പറയരുത്.” പല ഓഫീസുകളിലും ഇങ്ങനെ ഒരു പരസ്യം നാം ശ്രദ്ധിച്ചിരിക്കും-”നിങ്ങള്‍ പുകവലിക്കാതിരുന്നതിന് നന്ദി.” എന്നാല്‍ ഇങ്ങനെ ഒരു പരസ്യം വയ്ക്കുന്നതിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം?-”പരദൂഷണം പറയാതിരുന്നതിനു നന്ദി.” ഇന്നു ക്രിസ്തീയ ഭവനങ്ങളില്‍ പരദൂഷണം വളരെയുണ്ട്. എന്റെ ഭവനത്തിലേക്കു ഒരു പരദൂഷണക്കാരന്‍ വരുന്നതിനെക്കാള്‍ ഒരു പക്ഷേ ഒരു പുകവലിക്കാരന്‍ വരുന്നതിനെ ഞാന്‍ സ്വാഗതം ചെയ്യും. നിങ്ങളുടേയും അഭിപ്രായം അതാണോ? ഒരാളോട് നിങ്ങളുടെ ഭവനത്തില്‍ ഇരുന്നു പുകവലിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുവാന്‍ കഴിയുന്നുവെങ്കില്‍ പിന്നെ എന്തുകൊണ്ട് അയാളോട് പരദൂഷണം പറയരുതെന്ന് അഭ്യര്‍ത്ഥിക്കുവാന്‍ സാധിക്കുന്നില്ല?

”ആരേയും കുറിച്ച് ദൂഷണം പറയാതെ ശാന്തരായി സകല മനുഷ്യരോടും പൂര്‍ണ്ണ സൗമ്യത കാണിക്കുവാന്‍ അവരെ ഓര്‍പ്പിക്കുക. ഒരു കാലത്ത് നാമും ബുദ്ധിഹീനര്‍ ആയിരുന്നു”(3:2,3). ഒരു കാലത്ത് നാം ബുദ്ധിഹീനര്‍ ആയിരുന്നു. ബുദ്ധിഹീനര്‍ എന്നു മാത്രമല്ല അനുസരണംകെട്ടവരും തെറ്റായ മാര്‍ഗ്ഗത്തിലൂടെ നയിക്കപ്പെട്ടവരും, സുഖഭോഗങ്ങള്‍ക്ക് അധീനരും വിദ്വേഷത്തിലും അസൂയയിലും ജീവിച്ചു പോന്നവരും ആയിരുന്നു. എന്നാല്‍ ദൈവത്തിന്റെ കരുണയും കൃപയും അതില്‍ നിന്നെല്ലാം നമ്മെ രക്ഷിച്ചു. നമ്മുടെ എന്തെങ്കിലും നല്ല പ്രവൃത്തിയുടെ അടിസ്ഥാനത്തിലല്ല അവിടുന്നു നമ്മെ രക്ഷിച്ചത്. അവിടുത്തെ കരുണയും കൃപയും ഒന്നുകൊണ്ടു മാത്രമാണ് രക്ഷിച്ചത്. ഈ കാര്യത്തിനാണ് പൗലൊസ് എപ്പോഴും മുഖ്യ ഊന്നല്‍ നല്‍കിയിരിക്കുന്നത്. നമ്മുടെ രക്ഷ ഒരിക്കലും നമ്മുടെ നീതികൊണ്ടോ നല്ല പ്രവൃത്തികൊണ്ടോ ലഭിച്ചതല്ല. എന്നാല്‍ അത് ദൈവത്തിന്റെ കൃപയാലുള്ള സൗജന്യ ദാനമാണ്. പിന്നീട് ദൈവം പരിശുദ്ധാത്മാവിനാല്‍ നമ്മെ നവീകരിച്ചു. ഇവിടെ പൗലൊസ് ”പരിശുദ്ധാത്മ നിറവ്” എന്ന ക്രിസ്തീയ ജീവിതത്തിന്റെ മര്‍മ്മം വെളിപ്പെടുത്തുന്നു. ഇതാണ് പൗലൊസ് എപ്പോഴും ഊന്നല്‍ നല്‍കിയ രണ്ടാമത്തെ കാര്യം.

പൗലൊസ് പിന്നീട് തീത്തൊസിനോട് ഇവയെല്ലാം ”ശക്തിയായി പ്രബോധിപ്പിക്കണം” എന്ന് ആവശ്യപ്പെടുന്നു. ”നടന്മാരും സുവിശേഷ പ്രസംഗകരും തമ്മിലുള്ള വ്യത്യാസം ഇതാണ്-സുവിശേഷ പ്രസംഗകര്‍ യഥാര്‍ത്ഥ കാര്യങ്ങള്‍ യഥാര്‍ത്ഥമല്ലാത്തതുപോലെ പറയുന്നു. എന്നാല്‍ നടന്മാര്‍ ഒട്ടും യഥാര്‍ത്ഥമല്ലാത്തവയെ യഥാര്‍ത്ഥമായവ പോലെ സംസാരിക്കുന്നു” സുവിശേഷപ്രസംഗകരെ വിമര്‍ശിച്ച് പറയാറുള്ള ഒരു വാക്യമാണിത്. ഞാന്‍ കേട്ടിട്ടുള്ള അനേക പ്രസംഗകരിലും ഇതു സത്യമാണ്. അവരുടെ ശുശ്രൂഷയില്‍ എരിവോ ആത്മാര്‍ത്ഥതയോ അഗ്നിയോ ഇല്ല. അവര്‍ നിത്യജീവനെക്കുറിച്ചും നിത്യതയെക്കുറിച്ചും നിത്യമായി അനുഭവിക്കേണ്ട നരകത്തെക്കുറിച്ചും വളരെ ലാഘവത്തോടെ സംസാരിക്കുന്നു. അങ്ങനെയുള്ള പ്രസംഗകരെ ആരാണ് വിശ്വസിക്കുന്നത്? ഒരിക്കലും അങ്ങനെയുള്ള ഒരു പ്രസംഗകന്‍ ആകരുത്. വേദപുസ്തകത്തിലുള്ളത് ദൈവവചനം തന്നെയാണ് എന്നു വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരിക്കലും പ്രസംഗിക്കരുത്, ഏതെങ്കിലും തൊഴിലോ കച്ചവടമോ ചെയ്യുക. എന്നാല്‍ സഭയില്‍ എഴുന്നേറ്റ് പ്രസംഗിച്ച് മറ്റുള്ളവരില്‍ ആകെ ആശയക്കുഴപ്പമുണ്ടാക്കരുത്. നിങ്ങള്‍ ദൈവവചനം പ്രസംഗിക്കുന്നുവെങ്കില്‍ അത് ആത്മവിശ്വാസത്തോടും അധികാരത്തോടും കൂടെ ആയിരിക്കണം.

വേദപുസ്തകം ദൈവനിശ്വാസീയമായ ദൈവവചനം തന്നെയെന്നു ഞാന്‍ പൂര്‍ണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു. അതിനാലാണ് ഞാന്‍ ആത്മവിശ്വാസത്തോടെ അതില്‍ നിന്നും സംസാരിക്കുന്നത്. ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ പ്രസംഗിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ആത്മവിശ്വാസത്തോടെയാണ് പ്രസംഗിക്കുന്നത്. ഇന്നു ഞാന്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ പ്രസംഗിക്കുന്നു. കാരണം ദൈവവചനം യാഥാര്‍ത്ഥ്യമാണെന്ന് എനിക്കിന്നു കൂടുതല്‍ ബോദ്ധ്യമുണ്ട്. ദൈവത്തിന്റെ പുസ്തകത്തിലുള്ള എല്ലാ വാഗ്ദാനങ്ങളും സത്യമാണെന്ന് എന്റെ ജീവിതകാലത്ത് തെളിയിച്ചിട്ടുണ്ട്. വേദപുസ്തകം കുറെ കെട്ടുകഥകളുടെ സമാഹാരമല്ല. അത് ദൈവത്തിന്റെ നിത്യമായ സത്യങ്ങളാണ്. ദൈവിക അധികാരത്തോടെ പ്രസംഗിക്കുന്നവര്‍ അധികം ഇല്ല എന്നതാണ് ഇന്നത്തെ ക്രിസ്തീയ സമൂഹത്തിന്റെ ദുരന്തം.

പൗലൊസ് തന്റെ ജീവിതാന്ത്യത്തില്‍ ആളുകളെ പ്രബോധിപ്പിക്കുന്ന മറ്റൊരു കാര്യം ഇതാണ്-”ബുദ്ധികെട്ട വാദപ്രതിവാദങ്ങളും വംശാവലികളും ന്യായപ്രമാണത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളും കലഹങ്ങളും ഒഴിഞ്ഞിരിക്കുക”(2:9). അതോടൊപ്പം ”ഭിന്നിപ്പുണ്ടാക്കുന്നവനെ ഒന്നുരണ്ടുവട്ടം താക്കീത് ചെയ്തശേഷം ഒഴിവാക്കേണ്ടതാണ്. അയാള്‍ വക്രബുദ്ധിയും പാപം നിറഞ്ഞവനുമായി തനിക്കു തന്നെ ശിക്ഷ വിധിച്ചിരിക്കുന്നുവെന്നു നിനക്കറിയാമല്ലോ”(3:10,11).

ഒരിക്കല്‍ ഒരു അപരിചിതന്‍ എന്റെ വീട്ടില്‍ വന്നു. ക്രിസ്ത്യാനികള്‍ രോഗികളായിരിക്കുമ്പോള്‍ മരുന്നു കഴിക്കരുതെന്നും സൗഖ്യത്തിനായി ദൈവത്തില്‍ ആശ്രയിച്ചാല്‍ മതിയെന്നും എന്നെ പറഞ്ഞു ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചു. ഞാന്‍ ഇതിനോട് യോജിക്കുന്നില്ലയെന്നും എന്നാല്‍ ഇതു സംബന്ധിച്ച് ഒരു തര്‍ക്കത്തിനില്ലെന്നും അയാളോടു പറഞ്ഞു. ഞാന്‍ അയാളോട് പറഞ്ഞു ”നമുക്ക് യേശുവിനെക്കുറിച്ചും അവിടുത്തെ വചനത്തെക്കുറിച്ചും അവിടുത്തെ വേലയെക്കുറിച്ചും സംസാരിക്കാം.” ഈ വിഷയത്തില്‍ ഒതുങ്ങി നിന്നു സംസാരിക്കുവാന്‍ ഒരുക്കമാണെങ്കില്‍ മാത്രം തുടര്‍ന്നും സംസാരിക്കാം എന്നു പറഞ്ഞു. എന്നാല്‍ രണ്ടു മിനിറ്റുകള്‍ക്കുള്ളില്‍ അയാള്‍ ”മരുന്നു കൂടാതെയുള്ള രോഗസൗഖ്യം” എന്ന വിഷയത്തിലേക്കു വീണ്ടും കടന്നു. ഞാന്‍ രണ്ടാമതും ഒരു മുന്നറിയിപ്പ് നല്‍കി -‘ഈ വിഷയമാണ് വീണ്ടും സംസാരിക്കുന്നതെങ്കില്‍ താങ്കളെ എനിക്കു ഈ വീട്ടില്‍ നിന്നും പറഞ്ഞു വിടേണ്ടി വരു’മെന്നും പറഞ്ഞു. ഞാന്‍ വീണ്ടും കര്‍ത്താവിനെക്കുറിച്ച് പറഞ്ഞു തുടങ്ങി. രണ്ടു മിനിറ്റ് കഴിഞ്ഞപ്പോള്‍ അയാള്‍ വീണ്ടും പഴയ വിഷയത്തിലേക്കു കടന്നു. അപ്പോള്‍ ഞാന്‍ എഴുന്നേറ്റ് ”ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ” എന്നു പറഞ്ഞ് അയാളെ എന്റെ വീട്ടില്‍ നിന്നും പറഞ്ഞു വിട്ടു. ഞാന്‍ ഈ ദൈവവചനം അനുസരിക്കുക ആയിരുന്നു. ദൈവഭക്തിയുള്ള ഒരു ജീവിതത്തിനു പ്രാധാന്യമില്ലാത്ത ഒരു കാര്യത്തെക്കുറിച്ചും തര്‍ക്കിക്കുവാന്‍ എനിക്കു താല്പര്യമില്ല.


”സല്‍പ്രവൃത്തികളില്‍ മുമ്പരാകുക” എന്ന പ്രബോധനത്തോടെയാണ് പൗലൊസ് തന്റെ ലേഖനം അവസാനിപ്പിക്കുന്നത്.