ബൈബിളിലൂടെ : 2 തിമൊഥെയൊസ്


യഥാര്‍ത്ഥ ദൈവഭൃത്യനും തന്റെ ശുശ്രൂഷയും


പൗലൊസ് എഴുതിയ അവസാന ലേഖനമാണിത്. താന്‍ അധികം താമസിക്കാതെ ഈ ലോകം വിട്ടു കര്‍ത്താവിനോടു കൂടെ ചേരുവാന്‍ പോവുകയാണെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. തെസ്സലോനിക്യര്‍ക്കുള്ള ഒന്നാം ലേഖനം എഴുതിയപ്പോള്‍ അദ്ദേഹം പറഞ്ഞത്. ”പിന്നെ ജീവനോടെ ശേഷിക്കുന്നവരായ നാം അവനോടു കൂടെ എടുക്കപ്പടും” എന്നാണ്. കര്‍ത്താവ് മടങ്ങി വരുമ്പോള്‍ താന്‍ ജീവനോടെ കാണും എന്നാണ് ആ സമയം പൗലൊസ് കരുതിയിരുന്നത്. അങ്ങനെ ആയിരിക്കണം എല്ലാ ക്രിസ്ത്യാനികളും ജീവിക്കേണ്ടത്. എന്നാല്‍ 12 വര്‍ഷത്തിനു ശേഷം തന്റെ അവസാന ലേഖനത്തില്‍ ഇങ്ങനെ എഴുതുന്നു: ”എന്റെ വേര്‍പാടിന്റെ സമയം അടുത്തിരിക്കുന്നു”(2 തിമൊ. 4:6).

തിമൊഥെയൊസിനുള്ള രണ്ടാം ലേഖനത്തിന്റെ വിഷയം ‘ഒരു യഥാര്‍ത്ഥ ദൈവദാസനും തന്റെ ശുശ്രൂഷയും’ എന്നാണ്. തിമൊഥെയൊസിനും തീത്തൊസിനും വേണ്ടിയുള്ള പൗലൊസിന്റെ അവസാന മൂന്നു ലേഖനങ്ങളുടെയും അടിസ്ഥാനവിഷയവും ഇതു തന്നെയാണ്. ദൈവജനത്തിനു നല്ല ഇടയന്മാരായ നേതാക്കന്മാരുടെ ഒരു പുതിയ തലമുറയെ ഒരുക്കുക എന്നതായിരുന്നു പൗലൊസിന്റെ അവസാനനാളുകളിലെ ഹൃദയഭാരം. തന്റെ ജീവിതത്തിലേക്കു തന്നെയാണ് പൗലൊസ് അവരെ കൊണ്ടുവന്നത്. പൗലൊസ് എല്ലായ്‌പ്പോഴും തന്റെ ജീവിതം തന്നെ ഒരു ഉദാഹരണമായി ചൂണ്ടിക്കാണിച്ചിരുന്നു. എഫെസോസിലെ മൂപ്പന്മാരോട് സംസാരിച്ചപ്പോള്‍ അദ്ദേഹം ”ഞാന്‍ നിങ്ങളോട് പ്രസംഗിച്ച പ്രസംഗങ്ങള്‍ ഓര്‍ക്കുക” എന്നല്ല പറഞ്ഞത്. എന്നാല്‍ ”ഞാന്‍ എങ്ങനെ നിങ്ങളുടെ ഇടയില്‍ ജീവിച്ചു എന്നു ഓര്‍ക്കുക” എന്നാണ് പറഞ്ഞത് (പ്രവൃത്തി 20:19, 33-35). ഇവിടെ തിമൊഥെയോസിനോടും അതുതന്നെ പറയുന്നു: ”എന്റെ പിതാക്കന്മാര്‍ ചെയ്തതുപോലെ നിര്‍മ്മല മനഃസാക്ഷിയോടെ ഞാന്‍ സേവിക്കുന്ന ദൈവത്തിനു സ്‌ത്രോത്രം ചെയ്യുന്നു”(1:3). പൗലൊസ് എല്ലാം തികഞ്ഞവനായിരുന്നില്ല. എന്നാല്‍ തന്റെ അറിവിനനുസരിച്ചും തന്റെ മനസ്സാക്ഷിക്കനുസരിച്ചും അദ്ദേഹം ദൈവമുമ്പാകെ നേരോടെ ജീവിച്ചു. പൗലൊസ് പിന്നീട് തിമൊഥെയൊസിനെ ഉത്സാഹിപ്പിച്ച് നിലനിര്‍ത്തുവാന്‍ വേണ്ട വചനങ്ങളാണ് പറയുന്നത്. കാരണം പൗലൊസിന്റെ ഹൃദയത്തിനു വലിയ സന്തോഷം നല്‍കിയ ഒരു സഹപ്രവര്‍ത്തകനായിരുന്നു തിമൊഥെയൊസ്. സഭകളിലെ പല വിശ്വാസികളും പൂര്‍ണ്ണ ശിഷ്യത്വത്തിലേയ്ക്കു കടന്നിട്ടില്ലാത്തതിനാല്‍ പൗലൊസിന് അവരെക്കുറിച്ച് നിരാശയുണ്ടായിരുന്നു. തന്റെ സഹപ്രവര്‍ത്തകരില്‍ ചിലരെക്കുറിച്ചും പൗലൊസ് നിരാശനായിരുന്നു. കാരണം അവര്‍ ദൈവത്തിനായി പൂര്‍ണ്ണസമര്‍പ്പണത്തോടെയല്ല ജിവിച്ചത്. അതേ നിരാശ ഏതൊരു ദൈവദാസനും ഇന്നും നേരിടുന്നതാണ്. പൗലൊസിനെ പോലെ ഒരാള്‍ക്കു താന്‍ സ്ഥാപിച്ച സഭകളെക്കുറിച്ച് നിരാശ തോന്നിയെങ്കില്‍ നമ്മള്‍ക്ക് അതിനേക്കാള്‍ മികച്ചതായി എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ? ഞാന്‍ സഭകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവയില്‍ ചിലതില്‍ നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ എനിക്കു നിരാശ തോന്നാറുണ്ട്. എനിക്കു സഹപ്രവര്‍ത്തകരുണ്ട്. ഈ സഹപ്രവര്‍ത്തകരില്‍ ചിലരുടെ ജീവിതത്തില്‍ കാണുന്ന ചില കാര്യങ്ങള്‍ എന്നെ നിരാശപ്പെടുത്തുന്നു. അവിടെയും ഇവിടെയും ആയി തിമൊഥെയൊസിനെപ്പോലെ ഒരു കാര്യത്തിലും സ്വന്ത താല്പര്യം നോക്കാത്ത ചിലരെ കാണുന്നുണ്ട്. അങ്ങനെയുള്ളവര്‍ ഒരു ദൈവദാസന്റെ ഹൃദയത്തിനു വലിയ സന്തോഷം നല്‍കുന്നു.

തന്റെ ശുശ്രൂഷയെ അടുത്ത തലമുറയിലേയ്ക്കു കൊണ്ടുപോകുവാന്‍ കഴിവുള്ള തന്നെ പോലെ ചിലരെ കണ്ടെത്തിയത് പൗലൊസിനെ ആവേശഭരിതനാക്കി. ഒരു ദൈവദാസന്റെ ജീവിതാവസാനം തനിക്ക് ഏറ്റവും സന്തോഷം നല്‍കുന്നത് തന്റെ ശുശ്രൂഷയെ മുന്നോട്ട് കൊണ്ടുപോകുവാന്‍ തന്നെപ്പോലെ സമര്‍പ്പണമുള്ള ചിലരെ കണ്ടെത്തുന്നതാണ്. തിമൊഥെയൊസ് അങ്ങനെ ഒരുവനായിരുന്നു. അതിനാലാണ് പൗലൊസ് ഇങ്ങനെ എഴുതിയത്- ”എന്റെ പ്രാര്‍ത്ഥനയില്‍ നിരന്തരം നിന്നെ ഓര്‍ക്കുന്നു, നിന്റെ കണ്ണുനീര് ഓര്‍ക്കുമ്പോള്‍ നിന്നെ ഒന്നു കാണുവാന്‍ ഞാന്‍ വാഞ്ച്ഛിക്കുന്നു.” പൗലൊസ് തിമൊഥെയൊസിനെ കണ്ട അവസാന സന്ദര്‍ഭമായിരിക്കണം ഇത്. താന്‍ ഇനി അവനെ കാണുകയില്ല എന്നു പൗലൊസ് കരുതിയിരിക്കണം.

തിമൊഥെയൊസിന്റെ വല്യമ്മ ലോവീസ് ആണ് അവരുടെ കുടുംബത്തില്‍ നിന്നും ആദ്യം വിശ്വാസത്തിലേയ്ക്കു വന്നത്(1:5). അവളുടെ വിശ്വാസം അവന്റെ അമ്മ യൂണീക്കയിലേക്കു പകര്‍ന്നുകിട്ടി. അമ്മയില്‍ നിന്നും അതു പിന്നീട് തിമൊഥെയോസിലേയ്ക്കും പകരപ്പെട്ടു. ആ വല്യമ്മ തന്റെ മക്കള്‍ക്കു പകര്‍ന്നു നല്‍കിയത് വിശ്വാസമാണ്; അല്ലാതെ വചന പരിജ്ഞാനമല്ല. ആ അമ്മ അതേ വിശ്വാസം, തന്റെ വിശ്വാസം, തന്റെ മകനായ തിമൊഥെയൊസിനു നല്‍കി. അതിന്റെ അര്‍ത്ഥം തന്റെ അമ്മ നേരിട്ട പല പ്രയാസങ്ങളുടേയും ശോധനകളുടേയും നടുവില്‍ അവര്‍ ദൈവത്തില്‍ ആശ്രയിക്കുന്നത് കണ്ടാണ് തിമൊഥെയൊസ് വളര്‍ന്നത് എന്നാണ്. നിങ്ങളുടെ പരിശോധനയുടെ സമയത്ത് നിങ്ങള്‍ ദൈവത്തില്‍ ആശ്രയിക്കുന്നതു നിങ്ങളുടെ മക്കള്‍ കണ്ടിട്ടുണ്ടോ? അങ്ങനെയാണ് അവരിലേയ്ക്കു വിശ്വാസം പകരുവാന്‍ നിങ്ങള്‍ക്കു കഴിയുന്നത്. അതിനാലാണ് ദൈവം ചില കഠിന ശോധനകള്‍ നിങ്ങള്‍ക്കു നല്‍കുന്നത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ നിങ്ങളുടെ മക്കള്‍ ഒരു കാര്യം അറിയണം: ”എന്റെ മാതാവ് അവളുടെ പ്രയാസ സമയങ്ങളില്‍ ദൈവത്തില്‍ ആശ്രയിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഞാന്‍ രോഗിയായിരുന്നപ്പോള്‍ എന്റെ പിതാവ് എന്റെ തലയില്‍ കൈവച്ച് യേശുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിച്ചു.” ആ ചെറിയ കുട്ടികള്‍ വളര്‍ന്നു ഭവനം വിട്ട് പോയി കഴിയുന്ന വേളയില്‍ അവര്‍ക്കൊരു പ്രയാസം നേരിടുമ്പോള്‍ അവരുടെ അപ്പനും അമ്മയും ചെയ്തതു തന്നെ അവരും ചെയ്യും. യേശുവിന്റെ നാമത്തില്‍ അവര്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കും. അങ്ങനെയാണ് നാം വിശ്വാസം അവരിലേയ്ക്കു പകരുന്നത്. നാം അവരോട് തീര്‍ച്ചയായും വേദപുസ്തകകഥകള്‍ പറയണം. അങ്ങനെ മാത്രമേ അവര്‍ക്കു ദൈവ വചനത്തില്‍ അറിവുണ്ടാകൂ. എന്നാല്‍ അതോടൊപ്പം വിശ്വാസവും അവര്‍ക്കു പകര്‍ന്നു കൊടുക്കണം. തന്റെ ഈ ചെറിയ മകന്‍ വളര്‍ന്നു വരുമ്പോള്‍ ‘യേശുക്രിസ്തുവിന്റെ മഹാനായ ഒരു അപ്പൊസ്തലന്‍’ ആയി മാറും എന്നു യൂണീക്ക അല്പം പോലും അറിഞ്ഞിരുന്നില്ല. തിമൊഥെയൊസിന് ഇരുപത് വയസ്സുള്ളപ്പോഴാണ് പൗലൊസ് അവനെ തന്റെ കൂട്ടുവേലക്കാരനായി തിരഞ്ഞെടുത്തത്. എത്രവലിയ കാര്യമാണ് ആ അമ്മ സഭയ്ക്കുവേണ്ടി തന്റെ ഭവനത്തില്‍ ചെയ്തത്! നിങ്ങള്‍ക്കും അതുപോലെ നിങ്ങളുടെ മക്കളെ അവരുടെ ചെറുപ്രായത്തില്‍തന്നെ ദൈവത്തില്‍ ആശ്രയിക്കുന്നവരായി വളര്‍ത്തിക്കൊണ്ടു വരുവാന്‍ സാധിക്കും.

തിമൊഥെയൊസിന്റെ പിതാവ് ഒരു ഗ്രീക്കുകാരനായിരുന്നു (പ്രവൃ. 6:3). യുണീക്ക ദൈവഭക്തയായ ഒരു യെഹൂദ സ്ത്രീയുടെ മകളായിരുന്നു. എങ്കിലും യുണീക്ക ദൈവത്തില്‍ നിന്നും അകന്നു ന്യായപ്രമാണം ലംഘിച്ച് ഒരു പുറജാതിക്കാരനെ വിവാഹം കഴിച്ചു. പിന്നീട് ഒരു പക്ഷേ അവള്‍ അനുതപിച്ച് മടങ്ങി വന്നിരിക്കാം. അവളുടെ ഭര്‍ത്താവ് ധനികനായ ഒരു വ്യവസായി ആയിരുന്നിരിക്കാം. അതിനാല്‍ തന്നെ തന്റെ മകനെ ദൈവവചനത്തില്‍ വളര്‍ത്തുന്നതിനുള്ള താല്പര്യമോ സമയമോ അയാള്‍ക്കുണ്ടായിരുന്നില്ല. അതിനാല്‍ യുണീക്ക തനിയെ വേണമായിരുന്നു തിമൊഥെയൊസിനെ വളര്‍ത്തേണ്ടിയിരുന്നത്. എങ്കിലും ആദ്യ നൂറ്റാണ്ടിലെ ഏറ്റവും നല്ല അപ്പൊസ്തലന്മാരില്‍ ഒരുവനായി തീരുവാന്‍ തക്കവണ്ണം ദൈവിക വഴിയില്‍ തന്റെ മകനെ വളര്‍ത്തുവാന്‍ അവള്‍ക്കു കഴിഞ്ഞു. മാനസാന്തരപ്പെടാത്ത ഭര്‍ത്താക്കന്മാരുള്ള ഭാര്യമാര്‍ക്ക് എത്ര നല്ല ഒരു മാതൃകയാണ് യുണീക്ക! നിങ്ങളുടെ നാലു വയസ്സുകാരനായ മകനെ ഒരു നാള്‍ ദൈവം യേശുക്രിസ്തുവിന്റെ അപ്പൊസ്തലനാക്കുമോ എന്ന് എങ്ങനെ അറിയാം? അങ്ങനെ ഒരു പദ്ധതി ദൈവത്തിനുണ്ടെങ്കില്‍ അമ്മ എന്ന നിലയില്‍ അവനെ എങ്ങനെ നിങ്ങള്‍ വളര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചാണ് അതിരിക്കുന്നത്. ചെറുപ്രായത്തില്‍ ദൈവവിശ്വാസം എങ്ങനെ പകര്‍ന്നു കൊടുക്കുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. സഭയിലുള്ള ആരേക്കുറിച്ചും ദൂഷണം പറയുന്നത് അവന്‍ കേള്‍ക്കരുത്. അതുപോലെ തന്നെ നിങ്ങള്‍ ഭവനത്തില്‍ പിറുപിറുക്കുന്നതും പരാതി പറയുന്നതും അവന്‍ കാണരുത്. അത് അവനെ നശിപ്പിക്കും.

ഞാന്‍ മറ്റു വിശ്വാസികളെക്കുറിച്ച് എന്തെങ്കിലും കുറ്റം പറയുന്നത് എന്റെ മക്കള്‍ ഒരിക്കലും കേള്‍ക്കരുതെന്നു ഞാന്‍ ശ്രദ്ധിച്ചിരുന്നു. അവര്‍ക്കു കുഷ്ഠമോ ക്ഷയമോ പോലുള്ള രോഗങ്ങള്‍ വരാതെ സൂക്ഷിക്കുന്നതുപോലെ ഞാന്‍ അത് ശ്രദ്ധിച്ചു. എന്റെ മക്കള്‍ക്ക് ഒരിക്കലും മറ്റ് വിശ്വാസികളോട് തെറ്റായ ഒരു മനോഭാവം ഉണ്ടാകരുതെന്നും ഞാന്‍ ആഗ്രഹിച്ചു. നാം ഭവനത്തില്‍ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നത് കാണുന്ന നമ്മുടെ മക്കളിലേയ്ക്ക് അതിലൂടെ വിശ്വാസം പകര്‍ന്നു നല്‍കുവാന്‍ നമുക്കു കഴിയും. ഇതാണ് അവര്‍ക്കുവേണ്ടി നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.

ഒന്നാം തലമുറയിലെ ക്രിസ്ത്യാനികള്‍ വിശ്വാസത്തിലും ദൈവത്തോടുള്ള സമര്‍പ്പണത്തിലും അവരുടെ ഭവനത്തില്‍ വളരുന്ന രണ്ടാം തലമുറയേക്കാള്‍ ശക്തരായിട്ടാണ് നാം പൊതുവേ കാണുന്നത്. എന്നാല്‍ തിമൊഥെയൊസ് അങ്ങനെ ആയിരുന്നില്ല. അവന്‍ ദൈവത്തിനായി സമര്‍പ്പിക്കപ്പെട്ട മൂന്നാം തലമുറയിലെ ഒരു വിശ്വാസി ആയിരുന്നു. അതിനാല്‍ തങ്ങളുടെ മാതാപിതാക്കന്മാരേക്കാള്‍ ദൈവത്തോടു സമര്‍പ്പണമുള്ളവര്‍ രണ്ടാം തലമുറയിലും മൂന്നാം തലമുറയിലും ഉണ്ടാകും.

എന്നാല്‍ തിമൊഥെയൊസിനു വിശ്വാസത്തില്‍ ഉപരി ആത്മീയ വശങ്ങളും ഉണ്ടായിരുന്നു. പൗലൊസ് ആ കാര്യം അവനെ ഓര്‍മ്മിപ്പിക്കുന്നു. ”എന്റെ കൈവയ്പിനാല്‍ നിനക്കു ലഭിച്ച കൃപാവരം ജ്വലിപ്പിക്കണമെന്നു ഞാന്‍ നിന്നെ ഓര്‍മ്മിപ്പിക്കുന്നു.” പരിശുദ്ധാത്മാവ് ഭീരുത്വത്തിന്റെ ആത്മാവല്ല. ആ കൃപാവരത്തെ ജ്വലിപ്പിച്ച് എപ്പോഴും പുതുമയോടെ നിലനിര്‍ത്തണമെന്നാണ് പൗലൊസ് ആവശ്യപ്പെടുന്നത്. ഇതില്‍ നിന്നും നാം പഠിക്കുന്ന കാര്യങ്ങള്‍ ഇതാണ്. യേശു നമ്മെ ആത്മാവിനാലും അഗ്നിയാലും സ്‌നാനപ്പെടുത്തി. എങ്കിലും നാം നിരന്തരം ചില കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കണം. ദൈവം അഗ്നി തെളിച്ചു. നാം നിരന്തരം ദൈവഹിതത്തിനു നമ്മെ തന്നെ സമര്‍പ്പിച്ചുകൊണ്ട് ആ അഗ്നിയെ ജ്വലിപ്പിക്കുന്നതിനുള്ള ഇന്ധനം പകര്‍ന്നുകൊണ്ടിരിക്കണം. ദൈവം ഒരിക്കല്‍ നിങ്ങളെ അഭിഷേകം ചെയ്തതുകൊണ്ട് ഇപ്പോള്‍ അലസമായിരുന്ന് ഇങ്ങനെ പറയരുത്: ”ഒരിക്കല്‍ അഭിഷേകം ലഭിച്ചാല്‍ അത് എന്നേയ്ക്കും ഉള്ളതാണ്.” ഇത് ”ഒരിക്കല്‍ രക്ഷിക്കപ്പെട്ടാല്‍ എന്നേക്കുമായി രക്ഷിക്കപ്പെട്ടു” എന്നു പറയുന്നതു പോലെ തെറ്റായ ഒരു കാര്യമാണ്.

ഒരിക്കല്‍ യഥാര്‍ത്ഥമായി അഭിഷേകം ലഭിച്ചവര്‍ ഒരു വര്‍ഷത്തിനു ശേഷം ആത്മീയ മരണം പ്രാപിച്ചതായി ഞാന്‍ കണ്ടിട്ടുണ്ട്. അഗ്നികെട്ടുപോയി. ലോകമോഹവും നിഗളവും അവരുടെ അഗ്നിയെ കെടുത്തി കളഞ്ഞു. അവര്‍ പണത്തിന്റെയും സുഖഭോഗങ്ങളുടേയും പിന്നാലെ പോകുന്നതിനാല്‍ ദൈവത്തിനായുള്ള അഗ്നിയെ നഷ്ടപ്പെടുത്തിയിരിക്കുന്നു. ഇത് സങ്കടകരവും ദൈവരാജ്യത്തിന് വലിയ നഷ്ടവുമാണ്.

അതിനാല്‍ പൗലൊസ് തിമൊഥെയൊസിനോട് പറയുന്നു: ”നിന്റെ മേലുള്ള അഗ്നി കെടാതെ നീ ജ്വലിപ്പിച്ചു കൊണ്ടിരിക്കണം. ഇപ്പോള്‍ അതു നിന്റെ ഉത്തരവാദിത്വമാണ്. നീ അത് ചെയ്തില്ലെങ്കില്‍ ഈ അഗ്നി കെട്ടുപോകും. നല്ല മനസ്സാക്ഷിയാലും ദൈവവചനപഠനത്തിലൂടെയും താഴ്മയിലൂടെയും ദൈവഹിതം പൂര്‍ണ്ണഹൃദയത്തോടെ അന്വേഷിച്ചും നീ ഈ അഗ്നിയെ ജ്വലിപ്പിക്കണം. പണസ്‌നേഹം, മറ്റുള്ളവരോടുള്ള തര്‍ക്കം എന്നിങ്ങനെ ഈ അഗ്നിയെ കെടുത്തുന്ന എല്ലാറ്റില്‍ നിന്നും വിട്ടു നില്‍ക്കയും വേണം.”

പൗലൊസ് പിന്നീട് ഇങ്ങനെ പറയുന്നു: ”ദൈവം ഭീരുത്വത്തിന്റെ ആത്മാവിനെയല്ല നമുക്ക് നല്‍കിയിട്ടുള്ളത്”(1:7). പൗലൊസ് സ്വഭാവികമായി തന്നെ തീവ്ര നിലപാടുള്ളവനായിരുന്നു. എന്നാല്‍ ബര്‍ന്നബാസും തിമൊഥെയൊസും അല്പം ഭീരുത്വമുള്ളവരായിരുന്നു. ദൈവം തീവ്ര നിലപാടുള്ളവരേയും അല്പം ഭയത്തോടെ എല്ലാറ്റിനേയും കാണുന്നവരേയും ഒരുമിച്ച് തന്റെ ശുശ്രൂഷയിലാക്കുന്നു. കാരണം അവര്‍ പരസ്പരം ചേരുമ്പോള്‍ രണ്ടു കൂട്ടരും സന്തുലിതാവസ്ഥയില്‍ എത്തുന്നു. സഭാ നേതൃത്വത്തിലും ഇത്തരം ഒരു കൂട്ടുകെട്ടാണുണ്ടാകേണ്ടത്.


അഗ്നി ജ്വലിച്ചുകൊണ്ടിരിക്കട്ടെ


സഭയുടെ നേതാക്കന്മാര്‍ എല്ലാവരും തിമൊഥെയൊസിനെ പോലെയുള്ളവരാണെങ്കില്‍ സഭയിലുള്ളവരെല്ലാം ഒത്തുതീര്‍പ്പുകാരായി പോകും. നേതാക്കന്മാര്‍ പൗലൊസിനെ പോലെയുള്ളവരാണെങ്കില്‍ സഭയില്‍ ആരും ഉണ്ടാകില്ല. കാരണം ഭൂരിഭാഗം പേരും നിരാശരായി സഭ വിട്ടിട്ടുണ്ടാകും. എന്നാല്‍ ഇത്തരത്തിലുള്ള രണ്ടു പേര്‍ ഒരുമിച്ച് നേതൃത്വത്തില്‍ ഉള്ളപ്പോള്‍ അവിടെ കൃപയും സത്യവും സന്തുലിതാവസ്ഥയില്‍ ഉണ്ടാകുന്നു. അതിനാല്‍ ഇപ്പോള്‍ നിങ്ങളുടെ കൂടെയുള്ള സഹപ്രവര്‍ത്തകര്‍ നിങ്ങളുടേതില്‍ നിന്നും തികച്ചും വ്യത്യസ്ത സ്വഭാവമുള്ള ആളാണെങ്കില്‍ അതു നിങ്ങള്‍ക്കുവേണ്ടിയുള്ള ദൈവത്തിന്റെ മികച്ച തിരഞ്ഞെടുപ്പാണെന്നു കരുതുക. നിങ്ങളുടെ സ്വഭാവത്തിനു നേരെ വിപരീത സ്വഭാവമുള്ള ഒരു ഭാര്യയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ അത് ദൈവത്തിന്റെ ഏറ്റവും നല്ല തിരഞ്ഞെടുപ്പാണ്. നമുക്കു ദൈവത്തോടുള്ള സമര്‍പ്പണവും സ്‌നേഹവും ഒരുപോലെ ആയിരിക്കുമ്പോള്‍ തന്നെ സ്വഭാവം തികച്ചും വ്യത്യസ്തമായിക്കാം. പൗലൊസിനും തിമൊഥെയൊസിനും ദൈവത്തോടുള്ള സമര്‍പ്പണവും ഭക്തിയും ഒരുപോലെ ആയിരുന്നെങ്കിലും അവര്‍ വ്യത്യസ്ത സ്വഭാവമുള്ളവരായിരുന്നു.

ദൈവത്തോട് സമര്‍പ്പണമുള്ളവരും എന്നാല്‍ എന്നില്‍ നിന്നും തികച്ചും വ്യത്യസ്ത സ്വഭാവമുള്ളവരുമായി ദൈവം തന്ന എന്റെ സഹപ്രവര്‍ത്തകര്‍ക്കായി ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു. എന്നെ സന്തുലിതാവസ്ഥയില്‍ നിര്‍ത്തുവാന്‍ എങ്ങനെയുള്ള സഹപ്രവര്‍ത്തകരാണ് എനിക്കു വേണ്ടതെന്നു കൃത്യമായി അറിയുന്ന ദൈവം ഇത്തരത്തിലുള്ളവരെ തന്നെയാണ് എനിക്കു കൂട്ടുവേലക്കാരായി തന്നിരിക്കുന്നത്. ഞാന്‍ അവരെ അംഗീകരിക്കയും അങ്ങേയറ്റം ബഹുമാനിക്കുകയും ചെയ്യുന്നു. ദൈവം നമുക്കായി തിരഞ്ഞെടുത്തിരിക്കുന്ന സഹപ്രവര്‍ത്തകരെ അംഗീകരിക്കുവാനും ബഹുമാനിക്കുവാനും നാം പഠിക്കണം.

അതിനാല്‍ ചിലരോട് നാം പറയും: ‘നിന്റെ ഭീരുത്വം നിന്റെ ജീവിതത്തെ കീഴ്‌പ്പെടുത്തരുത്.’ മറ്റു ചിലരോട് ‘നിങ്ങളുടെ ഹൃദയം കാഠിന്യം നിങ്ങളുടെ ജീവിതത്തെ കീഴ്‌പ്പെടുത്തരുതെ’ന്നും പറയണം.

പൗലൊസ് പറയുന്നു: ”ശക്തിയുടേയും സ്‌നേഹത്തിന്റേയും സംയമനത്തിന്റെയും ആത്മാവിനെയാണ് ദൈവം നമുക്ക് നല്‍കിയിട്ടുള്ളത്”(1:7). ദൈവത്തിന്റെ ആത്മാവ് നമുക്കു ശക്തിയും മറ്റുള്ളവരോടുള്ള സ്‌നേഹവും നല്‍കുന്നു. അതോടൊപ്പം നമ്മെ അച്ചടക്കമുള്ളവരാക്കുകയും ചെയ്യുന്നു.

പരിശുദ്ധാത്മാവില്‍ നിന്നും എത്ര വലിയ അനുഭവമുണ്ടായാലും നമ്മുടെ സമയം, പണം എന്നിവ ചെലവഴിക്കുന്നതില്‍ ഒരു അച്ചടക്കമുണ്ടാക്കുവാന്‍ പരിശുദ്ധാത്മാവിനെ നാം അനുവദിക്കുന്നില്ലെങ്കില്‍, നമ്മുടെ വാക്കുകളെ നിയന്ത്രിക്കുവാന്‍ പരിശുദ്ധാത്മാവിനെ അനുവദിക്കുന്നില്ലെങ്കില്‍, നമ്മളൊരിക്കലും ദൈവഹിതത്തിനു കീഴിലായിരിക്കുകയില്ല. സഭാ ചരിത്രത്തിലെ ഏറ്റവും പ്രമുഖരായ ദൈവ വേലക്കാര്‍ എല്ലാവരും തന്നെ തങ്ങളുടെ ജീവിതത്തെ അച്ചടക്കത്തോടെ നിയന്ത്രിക്കുവാന്‍ പരിശുദ്ധാത്മാവിനെ അനുവദിച്ചവരാണ്. ഉറങ്ങുന്ന കാര്യത്തില്‍, ഭക്ഷണകാര്യത്തില്‍, പ്രാര്‍ത്ഥിക്കുന്നതില്‍, വചനം പഠിക്കുന്നതില്‍ ഇതിലൊക്കെ അവര്‍ക്കൊരു അച്ചടക്കമുണ്ടായിരുന്നു. എല്ലാ ഭൗതിക ആഗ്രഹങ്ങള്‍ക്കും മുകളില്‍ ദൈവത്തിനു സ്ഥാനം നല്‍കുന്ന അച്ചടക്കം അവര്‍ക്കുണ്ടായിരുന്നു. പല ക്രിസ്ത്യാനികളും ഒരിക്കല്‍ പരിശുദ്ധാത്മ സ്‌നാനം ലഭിച്ചാല്‍ പിന്നെ എല്ലാം ഭംഗിയായി നടന്നുകൊള്ളും എന്ന ചിന്തയില്‍ തൃപ്തരായിട്ട് ഇരിക്കുന്നു. എന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ ദൈവഹിതം പൂര്‍ണ്ണമായി നിറവേറ്റപ്പെടണമെങ്കില്‍ നിങ്ങള്‍ക്ക് അച്ചടക്കമുണ്ടാകുകയും വേണം.


ദൈവിക നിലവാരങ്ങളെ ഉയര്‍ത്തിപ്പിടിക്കുക


പൗലൊസ് തുടര്‍ന്നു പറയുന്നു: ”തടവുകാരനായ എന്നെക്കുറിച്ച് ലജ്ജിക്കരുത്”(1:8). അപ്പോസ്തലനായ പൗലൊസ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് സഭകള്‍ സ്ഥാപിച്ചു കൊണ്ടിരുന്ന അവസരത്തില്‍ അദ്ദേഹത്തോടു കൂടെ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് പല വിശ്വാസികള്‍ക്കും അഭിമാനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പൗലൊസ് തടവുകാരനായിരിക്കുന്ന സമയത്ത് അദ്ദേഹത്തോട് ചേര്‍ന്നു നില്‍ക്കുവാന്‍ പലര്‍ക്കും മടിയാണ്. കാരണം അത് അവര്‍ക്കു ലജ്ജാകരമായി തോന്നി. ഒരു പ്രസംഗകന്‍ വളരെ പ്രശസ്തിയില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തോട് ചേര്‍ന്നു നില്‍ക്കുവാന്‍ പലര്‍ക്കും വലിയ താല്പര്യമാണ്. എന്നാല്‍ അയാളുടെ പ്രശസ്തി ഇല്ലാതാകുന്ന നിമിഷം അവര്‍ പിന്‍മാറുകയും ചെയ്യും. എന്നാല്‍ പൗലൊസിനോടു കൂടെ അവസാനം വരെ ചേര്‍ന്നു നിന്നവരെയാണ് ദൈവം അംഗീകരിച്ച് തന്റെ സഭയുടെ പണിയില്‍ ഉപയോഗിച്ചത്. പൗലൊസ് പ്രശസ്തനല്ലാത്ത അവസരത്തില്‍ പരിശോധിക്കപ്പെട്ട് വിശ്വസ്തനെന്നു കണ്ടവരാണവര്‍. അഭിഷിക്തനായ ഒരു ദൈവദാസന്‍ പ്രശസ്തനല്ലാത്തപ്പോഴും നാം അവനോട് ചേര്‍ന്നു നില്‍ക്കുന്നുണ്ടോ എന്നു ദൈവം പരിശോധിക്കുന്നു. അങ്ങനെ നിങ്ങള്‍ സ്വന്തതാല്പര്യം മാത്രം നോക്കുന്നുവോ അതോ വാസ്തവമായി അദ്ദേഹത്തോട് ചേര്‍ന്നു നില്‍ക്കുന്നുവോ എന്നു ദൈവം അറിയും.

പിന്നീട് 1:12ല്‍ പൗലൊസ് പറയുന്നു: ”ഞാന്‍ ആരെ വിശ്വസിച്ചിരിക്കുന്നു എന്നറിയുന്നു. അവന്‍ എന്റെ ഉപനിധി ആ ദിവസം വരെ സൂക്ഷിപ്പാന്‍ ശക്തന്‍ എന്നു ഉറച്ചുമിരിക്കുന്നു.” തന്നെ ദൈവം അവസാനം വരെ കാത്തു കൊള്ളുമെന്നും അദ്ദേഹത്തിനു നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ സേവിച്ച പൗലൊസിന് അത് പറയുവാന്‍ കഴിയും. എന്നാല്‍ ആ വാക്യം പാതി മനസ്സോടെ ദൈവത്തെ സേവിക്കുന്ന ഒരുവന്‍ ഉദ്ധരിച്ചാല്‍ അത് കാപട്യമായിരിക്കും.

”ഒരിക്കലും നിലവാരം താഴ്ത്തരുത്”- അതാണ് തിമൊഥെയൊസിനുള്ള പൗലൊസിന്റെ അടുത്ത പ്രബോധനം(1:13). ഈ കാലഘട്ടത്തിലെ ക്രിസ്ത്രീയ പ്രസംഗകര്‍ക്കും എത്രമാത്രം ആവശ്യമുള്ള ഒരു പ്രബോധമാണിത്!. കൂടുതല്‍ ആളുകളെ സഭയിലേക്കു കൊണ്ടുവരുന്നതിനു ദൈവവചനത്തില്‍ കാണുന്ന നിലവാരം താഴ്ത്തരുത്. നിലവാരം കുറഞ്ഞ കൂടുതല്‍ ആളുകളുള്ള ഒരു സഭയേക്കാള്‍ നിലവാരമുള്ള കുറച്ചാളുകളുടെ സഭയായിരിക്കും ദൈവത്തിന്റെ ദൃഷ്ടിയില്‍ നല്ല സഭ. മൂന്നൂറ് ഒത്തുതീര്‍പ്പുകാരായ വിശ്വാസികളെക്കാള്‍ മൂന്നു ശിഷ്യന്മാരുടെ സഭയാണ് നല്ലത്. മൂന്നു ശിഷ്യന്മാര്‍ക്ക് മുന്നൂറ് ഒത്തുതീര്‍പ്പുകാരായ വിശ്വാസികളെക്കാള്‍ ഒരു ഗ്രാമത്തെ മുഴുവന്‍ സ്വാധീനിക്കുവാന്‍ കഴിയും. ഇതായിരിക്കണം അടുത്ത തലമുറയെക്കുറിച്ച് ഒരു യഥാര്‍ത്ഥ ദൈവദാസനുണ്ടാകേണ്ട ഭാരം. ഏതൊരു പുതിയ ഉണര്‍വ്വിന്റെയും രണ്ടാം തലമുറയുടെ നിലവാരം കുറയുന്നതായിട്ടാണ് ക്രിസ്തീയ സഭാചരിത്രത്തില്‍ നാം എപ്പോഴും കാണുന്നത്. സ്ഥാപകരില്‍ ഉണ്ടായിരുന്ന കാഴ്ചപ്പാട് അവര്‍ക്കില്ല എന്നതാണിതിനു കാരണം. ഇന്നത്തെ പല പാരമ്പര്യസഭയും അതിന്റെ സ്ഥാപകരുടെ കാലഘട്ടത്തില്‍ എങ്ങനെയായിരുന്നു എന്ന് താരതമ്യം ചെയ്തു നോക്കുക. ആ സഭകളുടെ സ്ഥാപകര്‍ ഇന്ന് ഭൂമിയിലേക്കു വന്നാല്‍ ഒരിക്കലും ആ സഭകളില്‍ ചേരുകയില്ല. അവര്‍ അന്നു പ്രഘോഷിച്ചിരുന്ന നിലവാരം ആ സഭകള്‍ക്ക് ഇല്ല എന്നതാണതിനു കാരണം. വേദശാസത്രപരമായ ഉപദേശങ്ങള്‍ അവിടെ കാണും. എന്നാല്‍ അഭിഷേകവും ശക്തിയും, ജീവിതവും ദൈവികപരിജ്ഞാനവും എല്ലാം നഷ്ടപ്പെട്ടിരിക്കും.

ഈ നിലവാരത്തെ നാം നമ്മിലുള്ള പരിശുദ്ധാത്മാവിനാലാണ് സംരക്ഷിക്കേണ്ടത്. അതി വിശുദ്ധമായൊരു നിധിയാണത്. നിങ്ങളുടെ കമ്പനി 50 കോടി രൂപ ബാഗ്ലൂരില്‍ നിന്നും ഡല്‍ഹി വരെ ട്രെയിനില്‍ കൊണ്ടുപോകുവാന്‍ ആവശ്യപ്പെട്ടാല്‍ നിങ്ങള്‍ വളരെ ശ്രദ്ധയോടെ അതിനെ സംരക്ഷിച്ച് അങ്ങ് ഡല്‍ഹിയില്‍ ചെല്ലുമ്പോള്‍ 50 കോടി രൂപ തന്നെ ഉണ്ടായിരിക്കണമെന്ന് ഉറപ്പാക്കുന്നു. ഇങ്ങനെ തന്നെ ആയിരിക്കണം നാം ദൈവവചനത്തിന്റെ നിലവാരം സംരക്ഷിക്കേണ്ടത്. പരിശുദ്ധാത്മാവിന്റെ ജ്ഞാനത്താലും ശക്തിയാലും അല്ലാതെ നമുക്കതിനു കഴിയുകയില്ല.

പൗലൊസ് തിമൊഥെയൊസിനോട് പറയുന്നത് ”ഏഷ്യയിലുള്ള പല വിശ്വാസികളും എന്നെ വിട്ടു പൊയ്കളഞ്ഞു” എന്നാണ് (1:15). യേശുവിനുണ്ടായ അനുഭവങ്ങളിലൂടെ പൗലൊസ് തന്റെ ജീവിതാവസാനത്തില്‍ കടന്നു പോയി. വിശ്വാസികള്‍ പലരും തന്നോടുള്ള കൂട്ടായ്മ തകര്‍ത്ത് തന്നെ വിട്ടുപോയി. പൗലൊസ് ഇപ്പോള്‍ കാരാഗൃഹത്തില്‍ ആയതിനാല്‍ അദ്ദേഹത്തോട് ഒരു കൂട്ടായ്മ ആ വിശ്വാസികള്‍ ആഗ്രഹിച്ചില്ല. അതിനാല്‍ അദ്ദേഹത്തില്‍ നിന്നും അവര്‍ അകലം പാലിച്ചു. അദ്ദേഹത്തെ വിട്ടുപോയ ഫുഗലോസും ഹെര്‍മ്മെഗനേസും മുന്‍പ് പൗലൊസിന്റെ സഹപ്രവര്‍ത്തകരായിരുന്നിരിക്കാം. എന്നാല്‍ ഒനേസിഫൊരൊസ് പൗലൊസിന്റെ ചങ്ങലയെക്കുറിച്ച് ലജ്ജിക്കാതെയിരുന്നു (1:16). അദ്ദേഹം പൗലൊസിനെ എഫെസോസിലും ഇപ്പോള്‍ റോമിലും ശുശ്രൂഷിച്ചു എന്നുമാത്രമല്ല ചങ്ങലയില്‍ ആയിരുന്ന പൗലൊസിനെ പോയി കണ്ട് അദ്ദേഹത്തിനു കൂട്ടായ്മ നല്‍കി. അങ്ങനെ ഒരു ദൈവദാസനോട് ചേര്‍ന്നു നില്‍ക്കുന്ന വിശ്വസ്തരായ സഹോദരന്മാര്‍ക്കായി ദൈവത്തെ സ്തുതിക്കുന്നു. പൗലൊസ് പറയുന്നു: ”ഒനേസിഫൊരൊസ് റോമയില്‍ എത്തിയ ഉടനെ താല്പര്യത്തോടെ എന്നെ തിരഞ്ഞു കണ്ടെത്തുകയും ചെയ്തു. ആ ദിവസത്തില്‍ കര്‍ത്താവിന്റെ പക്കല്‍ കരുണ കണ്ടെത്തുവാന്‍ കര്‍ത്താവ് അവനു സംഗതി വരുത്തട്ടെ”(1:18). യേശുവിന്റെ നാമത്തില്‍ ഒരു ശിഷ്യന് ഒരു ഗ്ലാസ് വെള്ളം കൊടുത്താല്‍ അതിനു പ്രതിഫലം നിങ്ങള്‍ക്കു ലഭിക്കാതെ പോവുകയില്ല.


യഥാര്‍ത്ഥ ദൈവവേലക്കാരന്റെ സ്വഭാവങ്ങള്‍


രണ്ടാം അദ്ധ്യായത്തില്‍ പൗലൊസ് ഒരു യഥാര്‍ത്ഥ ദൈവദാസന്റെ സ്വഭാവം എങ്ങനെ ആയിരിക്കണം എന്നു പറയുന്നു.

ഒന്നാമതായി ഒരു യഥാര്‍ത്ഥ ദൈവദാസന്‍ ദൈവവചനത്തിന്റെ വിശ്വസ്തനായ ഒരു ഉപദേഷ്ടാവായിരിക്കണം. പൗലോസ് തിമൊഥെയൊസിനോടു പറയുന്നു ”നീ എന്നോട് കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാന്‍ സമര്‍ത്ഥരായ വിശ്വസ്ത മനുഷ്യരെ ഭരമേല്‍പ്പിക്ക”(2 തിമൊ. 2:2). നാലു തലമുറ വരെ സുവിശേഷം എത്തണമെന്ന പൗലോസിന്റെ ഭാരമാണ് നാം ഇവിടെ കാണുന്നത്. തിമൊഥെയോസിനു (രണ്ടാം തലമുറയിലെ ഒരു ശിഷ്യന്‍) നാലാം തലമുറയിലെ വിശ്വസ്തരായവരെ കണ്ടെത്തുവാന്‍ പ്രാപ്തരായ മൂന്നാം തലമുറയിലെ വിശ്വസ്തരെ കണ്ടെത്തേണ്ടതുണ്ടായിരുന്നു (സമര്‍ത്ഥരായവരെയല്ല വിശ്വസ്തരായവരെ). ദൈവം ഒരിക്കലും സമര്‍ത്ഥരേയും ധനികരേയും അന്വേഷിച്ചില്ല പകരം വിശ്വസ്തരായവരെയാണ് അന്വേഷിച്ചത്.

രണ്ടാമതായി ഒരു ദൈവദാസന്‍ ഒരു പടയാളി ആയിരിക്കണം. ഈ ലോകകാര്യങ്ങളില്‍ ഇടപെടാതെ അതില്‍ നിന്നും വിട്ടു നില്‍ക്കുന്നവനായിരിക്കണം (2:3,4). അവന്‍ ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ തന്നെ താന്‍ ഈ ലോകത്തിനുള്ളവനല്ല എന്നു എപ്പോഴും തിരിച്ചറിവുള്ളവനായിരിക്കും. ഒരു നല്ല പടയാളി എപ്പോഴും ശത്രുവിനോടു പോരാടി തന്റെ രാജ്യത്തിനു വേണ്ടി യുദ്ധം ജയിക്കുക എന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചവനായിരിക്കും. മറ്റു കാര്യങ്ങള്‍ക്കെല്ലാം അവന്റെ മനസ്സില്‍ രണ്ടാം സ്ഥാനമേ ഉണ്ടാവുകയുള്ളൂ. സാത്താന്റെ അധികാരത്തിന്റെ മേല്‍ ക്രിസ്തുവിന്റെ ജയം സ്ഥാപിക്കുക എന്നതില്‍ മനസ്സ് ഉറപ്പിച്ചവനാണ് ഒരു യഥാര്‍ത്ഥ ദൈവദാസന്‍. അതിനയാള്‍ ലോകകാര്യങ്ങളില്‍ നിന്നും പൂര്‍ണ്ണസ്വാതന്ത്ര്യം നേടിയവനായിരിക്കണം. ”നിങ്ങള്‍ ക്രിസ്തുവിനോടു കൂടെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നുവെങ്കില്‍ ക്രിസ്തു ദൈവത്തിന്റെ വലതുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളത് അന്വേഷിപ്പിന്‍. ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നെ ചിന്തിപ്പിന്‍”(കൊലോ 3:1,2).


സേവനം വിശ്വസ്തതയോടെ


നിങ്ങള്‍ക്ക് ദൈവത്തെ സേവിക്കണമെന്നുണ്ടോ? അങ്ങനെയെങ്കില്‍ ഒന്നാമതായി മനസ്സ് ഉയരത്തിലുള്ളതില്‍ ഉറപ്പിച്ച് ദൈവത്തിനുവേണ്ടി പിശാചിനോട് പോരാടുവിന്‍. നിങ്ങളുടെ എല്ലാ ഭൗതിക ആവശ്യങ്ങളും ദൈവം നോക്കി കൊള്ളും. പല വിശ്വാസികളും അവര്‍ ഒറ്റയ്ക്കായിരിക്കുമ്പോള്‍ നല്ല പോരാളികളാണ്. എന്നാല്‍ അവര്‍ വിവാഹിതരായി ഒരു കുടുംബമായി കഴിയുമ്പോള്‍ ലോകത്തിലെ പല കാര്യങ്ങളിലേക്കും മനസ്സ് പോകാന്‍ അനുവദിച്ച് ദൈവത്തോടുള്ള സ്‌നേഹം തണുത്തു പേകുന്നു. എന്നാല്‍ നിങ്ങള്‍ ദൈവഹിതപ്രകാരം വിവാഹിതനായ ആളാണെങ്കില്‍ ക്രിസ്തുവിനോടുള്ള ഏകാഗ്രതയും സമര്‍പ്പണവും വര്‍ദ്ധിച്ചുവരും. ഞാന്‍ വിവാഹിതനാകുന്നതിനു മുന്‍പ് തന്നെ ഒരു പൂര്‍ണ്ണ സമയ ക്രിസ്തീയ വേലക്കാരനായിരുന്നു. ഞാനും എന്റെ ഭാര്യയും ചേര്‍ന്നു ഞങ്ങളുടെ നാല് ആണ്‍ മക്കളെ വളര്‍ത്തി. ഇന്ന് അവര്‍ എല്ലാവരും വിവാഹിതരായിരിക്കുന്നു. ഞാന്‍ അവര്‍ക്കായി കരുതി അവരെ സംരക്ഷിച്ചു. എന്നാല്‍ ഒരു സമയത്തും എന്റെ കുടുംബം എനിക്കു ദൈവത്തേക്കാള്‍ വലിയതായിരുന്നില്ല. അങ്ങനെ എന്റെ ജീവിതത്തില്‍ ദൈവത്തിനു ഒന്നാം സ്ഥാനം നില്‍കിയതിന്റെ ഫലമായി എന്റെ ഭാര്യയ്‌ക്കോ മക്കള്‍ക്കോ ഒരു കുറവും ഉണ്ടായില്ല. നിങ്ങള്‍ ദൈവഹിതമനുസരിച്ച് ജീവിച്ചാല്‍ നിങ്ങള്‍ക്ക് ആത്മീയമായും ഒരു പ്രയാസവും ഉണ്ടാവുകയില്ല. ദൈവം വിശ്വസ്തനാണ്. നാം വിശ്വസ്തതയോടെ ദൈവത്തെ സേവിച്ചാല്‍ ദൈവം നിങ്ങളുടെ കുടുംബത്തെ തള്ളിക്കളയുമെന്നു കരുതുന്നുണ്ടോ? അത് അസാദ്ധ്യമാണ്. അതിനാല്‍ ഒരു നല്ല ഭടനായി ദൈവരാജ്യം ആദ്യം അന്വേഷിക്കുക. അപ്പോള്‍ നിങ്ങളുടെ കുടുംബത്തിന്റെ എല്ലാ ഭൗതിക ആവശ്യങ്ങളും നിറവേറ്റി ദൈവം നിങ്ങളെ സംരക്ഷിക്കുന്നത് നിങ്ങള്‍ കാണും. ദൈവത്തിനായി നിങ്ങള്‍ ജീവിച്ചാല്‍ അവിടുന്നു നിങ്ങളെ ഒരുനാളും തള്ളിക്കളയുകയില്ല. കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായിട്ടുള്ള അനേകം ദൈവദാസന്മാരുടെ സാക്ഷ്യത്തോട് എന്റെ സാക്ഷ്യവും ചേര്‍ക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. നിങ്ങള്‍ ദൈവത്തെ മാനിച്ചാല്‍ അവിടുന്നു നിങ്ങളേയും മാനിക്കും. അതിനാല്‍ ”നിങ്ങള്‍ക്കു ചുറ്റുമുള്ള ലോകം അതിന്റെ രീതിയിലേയ്ക്കു നിങ്ങളെ ഒതുക്കുവാന്‍ അനുവദിക്കാതിരിക്കുക”(റോമ 12:2).

ഇവിടെ പൗലൊസ് ഉപയോഗിക്കുന്ന മൂന്നാമത്തെ ചിത്രം ഒരു കായികതാരത്തിന്റേതാണ് (2:5). ഒരു യഥാര്‍ത്ഥ ദൈവദാസന്‍ ഒരു കായിക മത്സരത്തില്‍ ഒരാള്‍ നിയമപ്രകാരം പങ്കെടുക്കുന്നതു പോലെ ആയിരിക്കണം. അതിന്റെ അര്‍ത്ഥം അവന്‍ ആരേയും ചതിക്കുന്നില്ല. ആരും തന്നെ ശ്രദ്ധിക്കാതിരിക്കുമ്പോഴും നിയമം തെറ്റിക്കുന്നില്ല. ഒളിമ്പിക്‌സിലെ അമ്പതു കിലോമീറ്റര്‍ നടത്ത മത്സരത്തെക്കുറിച്ച് ചിന്തിക്കുക. അതില്‍ പങ്കെടുക്കുന്നവന്‍ 50 കി. മീ. നടക്കുക തന്നെ വേണം. ഒരു ചുവടുപോലും ഓടുവാന്‍ പാടില്ല. 50 കി. മീ എന്നത് വളരെ ദീര്‍ഘമായ ഒരു ദൂരമാണ്. ഈ ദൂരത്തിനിടയില്‍ എവിടെയെങ്കിലും ആരും ശ്രദ്ധിക്കാത്ത ചില സ്ഥലങ്ങളുണ്ടാകാമെന്നും അവിടെ എത്തുമ്പോള്‍ ഓടാന്‍ ഉള്ള ഒരു പ്രലോഭനം അതില്‍ പങ്കെടുക്കുന്നവര്‍ക്കുണ്ടാകാമെന്നും ഞാന്‍ കരുതുന്നു. എന്നാല്‍ ഇതില്‍ പങ്കെടുക്കുന്നവരെ നിരീക്ഷിക്കുവാനുള്ള രഹസ്യക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ ആരെങ്കിലും ഇങ്ങനെ ചതിയിലൂടെ ഒന്നാമത് എത്തിയാല്‍ അത് കണ്ടുപിടിക്കപ്പെട്ട് അവന്‍ അയോഗ്യനാക്കപ്പെടും. അപ്രകാരം ഒരു ദൈവദാസന്റെ ജീവിതത്തിലും ഒരു ചതിയോ കള്ളത്തരമോ ഉണ്ടാകുവാന്‍ പാടില്ല. നിങ്ങളുടെ ശുശ്രൂഷയുടെ ഫലത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പറയരുത്. ദൈവത്തിന്റെ പ്രവൃത്തിയെക്കുറിച്ച് ഒരിക്കലും കളവ് പറയരുത്. പിശാചിന്റെ ശുശ്രൂഷയില്‍ ഉള്ളവര്‍ക്കാണ് കളവ് പറയേണ്ടിവരുന്നത്. നാം തികഞ്ഞ സത്യസന്ധരായിരിക്കണം. നമ്മുടെ സാമ്പത്തിക ഇടപാടുകളില്‍ ഒരു വഞ്ചനയും ഉണ്ടാകുവാന്‍ പാടില്ല. സത്യം പറയുന്നതു കൊണ്ട് ഇപ്പോള്‍ ചില മനുഷ്യരില്‍ നിന്നും കഷ്ടം സഹിക്കുന്നതാണ് കള്ളം പറയുക വഴി ഒരുനാള്‍ ദൈവത്തില്‍ നിന്നും ശിക്ഷ ലഭിക്കുന്നതിനേക്കാള്‍ നല്ലത്.

നാലാമതായി നാം കഠിനാധ്വാനികളായ കര്‍ഷകരെ പോലെ ആയിരിക്കണം (2:6). ഒരു കര്‍ഷകന്‍ ഒരു വിത്തു വിതച്ചതിനുശേഷം തൊട്ടടുത്ത ദിവസം വന്ന് അത് കിളിര്‍ത്തുവോയെന്നു നോക്കുന്നില്ല. അയാള്‍ കാത്തിരിക്കുന്നു. കൊയ്ത്തിനായി കുറച്ചു സമയം കാത്തിരിക്കണമെങ്കിലും അത് നടന്നിരിക്കും. ആ സമയത്ത് അയാള്‍ വിത്തിനായുള്ള വെള്ളവും വളവും നല്‍കുന്നു. കര്‍ഷകര്‍ വളരെ കഠിനാദ്ധ്വാനികള്‍ ആയിരിക്കണം. അല്ലെങ്കില്‍ അവര്‍ക്കു നല്ല വിളവ് ലഭിക്കുകയില്ല. ഒരു ദൈവ വേലക്കാരനും ദൈവവചനം പഠിക്കുന്നതിനും തന്റെ ജനത്തെ പരിപാലിക്കുന്നതിനും ഒരു കര്‍ഷകനെ പോലെ കഠിനാദ്ധ്വാനി ആയിരിക്കണം. അയാള്‍ ആത്മാര്‍ത്ഥയോടെ വേല ചെയ്ത് വര്‍ഷങ്ങള്‍ക്കു ശേഷം താന്‍ ശുശ്രൂഷിച്ച ആളുകള്‍ പക്വതയിലേയ്ക്കു വളര്‍ന്ന് അവരും തന്നെപോലെ ദൈവവേല ചെയ്യുന്നത് കണ്ട് സന്തോഷിക്കുവാന്‍ ഇടയാകും. എനിക്കു കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ അതിയായ സന്തോഷം ലഭിക്കാന്‍ ഇടയാക്കിയ കാര്യവും ഇതു തന്നെയാണ്-ചെറുപ്പക്കാര്‍ ദൈവത്തിന്റെ വിശ്വസ്ത സേവകരായി മാറുന്നു.

നാം വളരെ ഗൗരവത്തോടെ വചനത്തിലൂടെയുള്ള ഈ ചിത്രീകരണം ധ്യാനിക്കുകയും അതിന്റെ വെളിച്ചത്തില്‍ നമ്മെത്തന്നെ പരിശോധിക്കുകയും വേണം.

പിന്നീട് പൗലൊസ് പറയുന്നു: ”ഞാന്‍ പറയുന്നതു ചിന്തിച്ചു കൊള്ളുക. കര്‍ത്താവു സകലത്തിലും നിനക്കു വിവേകം നല്‍കും. ദാവീദിന്റെ സന്തതിയായി ജനിച്ച് മരിച്ച് ഉയിര്‍പ്പിക്കപ്പെട്ട യേശുക്രിസ്തുവിനെ ഓര്‍ത്തു കൊള്ളുക. അതാകുന്നു എന്റെ സുവിശേഷം” (2:7,8). യേശു ജഡത്തില്‍ വന്നു എന്നും (ദാവീദിന്റെ സന്തതിയായി) അവിടുന്നു മരിച്ച് ഉയര്‍ത്തെഴുന്നേറ്റിരിക്കയാല്‍ പാപത്തേയും മരണത്തേയും സാത്താനേയും ജയിച്ചു എന്നും പൗലൊസ് തിമൊഥെയൊസിനെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു. അങ്ങനെ ഈ ശത്രുക്കളെ ജയിക്കുവാന്‍ അവിടുന്നു നമുക്കൊരു വഴി തുറന്നു തന്നു. ഇതായിരുന്നു തിമൊഥെയൊസിന് ഒരു തിരിച്ചറിവായി ദൈവത്തില്‍ നിന്നും ലഭിക്കേണ്ടിയിരുന്നത്. ആ തിരിച്ചറിവാണ് നമുക്കും ലഭിക്കേണ്ടത്.

അഞ്ചാമതായി ഒരു ദൈവവേലക്കാരന്‍ ലജ്ജിപ്പാന്‍ സംഗതിയില്ലാത്തവന്‍ ആയിരിക്കണം (2:15). അയാള്‍ ദൈവവചനം നന്നായി പഠിക്കുകയും അതിലെ സത്യങ്ങള്‍ കൃത്യതയോടെ കൈകാര്യം ചെയ്യുകയും വേണം. അങ്ങനെ മാത്രമേ താന്‍ ദൈവവേലയ്ക്കു യോഗ്യനാണെന്നു ദൈവമുമ്പാകെ തെളിയിക്കുവാന്‍ കഴിയുകയുള്ളൂ. ദൈവ വചനം കൃത്യതയോടെ മനസ്സിലാക്കുന്നതിനു നിങ്ങള്‍ മണിക്കൂറുകള്‍ ചെലവഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ദൈവവചനശുശ്രൂഷയ്ക്കായി ദൈവം നിങ്ങളെ എങ്ങനെ ഉപയോഗിക്കും? ആരെങ്കിലും ദൈവവചനം വളരെ ശക്തിയോടെ പ്രഘോഷിക്കുന്നതു കാണുമ്പോള്‍, ആത്മാവിന്റെ അഭിഷേകം മാത്രമല്ല അതിനു കാരണമെന്നും അവന്‍ ദൈവവചനം കഷ്ടപ്പെട്ട് പഠിക്കുകയും ചെയ്തവനാണെന്നും ഓര്‍ക്കുക. അലസന്മാര്‍ക്കു ദാനങ്ങളെ കൊടുക്കുന്നവനല്ല ദൈവം. പരീക്ഷ എഴുതേണ്ട സമയത്ത് അതിനുമുമ്പ് പ്രാര്‍ത്ഥിക്കുവാനായി എന്റെ അടുക്കല്‍ വരുന്നവരോട് ഞാന്‍ ചോദിക്കാറുണ്ട്. ”നിങ്ങള്‍ പരീക്ഷയ്ക്കുവേണ്ടി നന്നായി പഠിച്ചിട്ടുണ്ടോ?” അവര്‍ പഠിച്ചില്ലെങ്കില്‍ എന്റെ പ്രാര്‍ത്ഥന കൊണ്ട് ഒരു ഗുണവും അവര്‍ക്കുണ്ടാവുകയില്ല. ശ്രദ്ധയോടെ വിത്തു വിതയ്ക്കുകയും ജലസേചനം നടത്തുകയും ചെയ്യാത്ത ഒരു കര്‍ഷകനു നല്ല വിളവു കിട്ടണമെന്നു പ്രാര്‍ത്ഥിക്കാന്‍ സാധിക്കുകയില്ല. ദൈവം നിങ്ങളെ ഉപയോഗിക്കണമെങ്കില്‍ ദൈവവചനം പഠിക്കുന്നതില്‍ വളരെ ആത്മാര്‍ത്ഥതയുള്ളവനായിരിക്കണം.

2:11-13-ല്‍ നാം വായിക്കുന്നു: ”നാം ക്രിസ്തുവിനോടു കൂടെ മരിച്ചുവെങ്കില്‍ ജീവിക്കും. സഹിക്കുന്നുവെങ്കില്‍ കൂടെ വാഴും. നാം അവിടുത്തെ തള്ളിപ്പറയുമെങ്കില്‍ അവിടുന്നു നമ്മെയും തള്ളിപ്പറയും. നാം അവിശ്വസ്തരായിത്തീര്‍ന്നാലും അവിടുന്നു വിശ്വസ്തനായി തന്നെ ജീവിക്കുന്നു. തന്റെ സ്വഭാവം ത്യജിക്കുവാന്‍ അവിടുത്തേയ്ക്കു സാധ്യമല്ല”. ഈ ഭൂമിയിലെ നമ്മുടെ ജീവിതത്തിന്റെ ഓരോ ദിവസവും യേശുക്രിസ്തുവിന്റെ ജീവന്‍ വെളിപ്പെടുത്തികൊണ്ട് ജീവിക്കണമെങ്കില്‍ നാം നാള്‍തോറും സ്വയത്തിനു മരിക്കണം. നിത്യത മുഴുവന്‍ ക്രിസ്തുവിനോടു കൂടെ വാഴണമെങ്കില്‍ ഈ ഭൂമിയില്‍ നാം അവിടുത്തോടു കൂടെ സഹിഷ്ണുതയില്‍ നില്‍ക്കണം. മറ്റൊരു തരത്തില്‍ ഇങ്ങനെ പറയാം. നാം നമ്മുടെ ജീവിതരീതിയിലൂടെ ദൈവത്തെ തള്ളിപ്പറയുന്നുവെങ്കില്‍ അന്തിമ ദിവസം അവിടുന്നു നമ്മേയും തള്ളിപ്പറയും.

2:14ല്‍ പൗലൊസ് തിമോഥെയൊസിനു മുന്നറിയിപ്പ് നല്‍കുന്നു ”ഈ കാര്യങ്ങള്‍ അവരെ ഓര്‍മ്മിപ്പിക്കണം. വാക്കുകളെ ചൊല്ലി തര്‍ക്കിക്കരുതെന്നു ദൈവ സന്നിധിയില്‍ അവര്‍ക്കു താക്കീത് നല്‍കണം.” വാദ പ്രതിവാദങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കണമെന്ന് ഏറ്റവും അധികം മുന്നറിയിപ്പ് നല്‍കുന്ന വേദപുസ്തകത്തിലെ രണ്ടു പുസ്തകങ്ങളാണ് തിമൊഥെയോസിനുള്ള രണ്ട് ലേഖനങ്ങള്‍. പല ക്രിസ്തീയ പ്രസംഗകരും ഈ കല്പനയെ ഗൗരവമായി എടുത്തിട്ടില്ല. ചില പ്രസംഗകര്‍ എന്റെ അടുക്കല്‍ വന്നു വേദശാസ്ത്ര വിഷയങ്ങള്‍ സംബന്ധിച്ച് വാദപ്രതിവാദത്തിനു മുതിരുമ്പോള്‍ ഞാന്‍ ആദ്യം അറിയാന്‍ ശ്രമിക്കുന്നത് അവര്‍ ദൈവഭക്തിയോടെയുള്ള ജീവിതം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുകൊണ്ട് ദൈവിക സത്യങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കുകയാണോ അതോ എന്നോട് തര്‍ക്കിച്ച് എനിക്കു തെറ്റിയിരിക്കുന്നു എന്നു സ്ഥാപിക്കാന്‍ വേണ്ടിയാണോ എന്ന കാര്യമാണ്. ദൈവഭക്തിയോടെയുള്ള ജീവിതം വാസ്തമായി ആഗ്രഹിക്കുന്ന ഒരാളാണെന്ന് എനിക്കു മനസ്സിലായാല്‍ മണിക്കൂറുകളോളം അയാളുമായി ചെലവഴിക്കുവാന്‍ ഞാന്‍ തയ്യാറാകും. എന്നാല്‍ വൃഥാ തര്‍ക്കത്തിനാണെന്നു മനസ്സിലാക്കിയാല്‍ ഉടനെ തന്നെ വിഷയം മാറ്റാന്‍ ശ്രമിക്കും. തര്‍ക്കങ്ങളില്‍ വൃഥാ സമയം ചെലവഴിക്കേണ്ടതില്ലല്ലൊ.

2:16-ല്‍ പൗലൊസ് വീണ്ടും പറയുന്നു: ”വ്യര്‍ത്ഥ സംസാരത്തില്‍ നിന്ന് ഒഴിഞ്ഞിരിക്കുക.” ലോകപ്രകാരമുള്ള എല്ലാ സംഭാഷണങ്ങളും പരദൂഷണവും ഉറപ്പായും ദൈവഭക്തിയില്ലായ്മയിലേക്കു നയിക്കുന്നതാണ്. നിങ്ങളുടെ വാക്കുകള്‍ അര്‍ബുദം പോലെയാകാം (2:17). പ്രമേഹമുള്ളവരുടെ കാലില്‍ ഒരു ചെറിയ മുറിവുണ്ടായാല്‍ ചിലപ്പോള്‍ അത് ഉണങ്ങാതെ ചില നാളുകള്‍ക്കു ശേഷം കാല് മുറിച്ച് മാറ്റേണ്ട അവസ്ഥയിലേക്ക് എത്തുന്നു. ആത്മീയ അര്‍ബുദം ഗൗരവമായ ഒരു കാര്യമാണ്. തര്‍ക്കങ്ങളും ലോക പ്രകാരമുള്ള സംഭാഷണങ്ങളും നിങ്ങളുടെ ജീവിതത്തേയും മറ്റുള്ളവരുടെ ജീവിതത്തേയും നശിപ്പിക്കും. ഒരു പകര്‍ച്ച വ്യാധി ഒഴിവാക്കുന്നതു പോലെ അതിനെ ഒഴിവാക്കുക. ഹുമനയോസും ഫിലേത്തോസും അത്തരത്തില്‍ വ്യര്‍ത്ഥ സംസാരത്തിലും തര്‍ക്കത്തിലും ഏര്‍പ്പെട്ടിരുന്ന രണ്ടു പേരാണ്. അതിനാല്‍ അവര്‍ സത്യത്തില്‍ നിന്നും തെറ്റിപ്പോയിരിക്കുന്നു. ”പുനരുത്ഥാനം കഴിഞ്ഞു” എന്നു പറഞ്ഞു കൊണ്ട് ചിലരുടെ വിശ്വാസം തെറ്റിക്കുന്ന തരത്തിലേയ്ക്കു അവര്‍ വീണു പോയി.

പൗലൊസ് പിന്നീട് ദൈവത്തിന്റെ ഉറപ്പുള്ള അടിസ്ഥാനത്തെക്കുറിച്ച് സംസാരിക്കുന്നു. ദൈവത്തിന്റെ അടിസ്ഥാനത്തിനു രണ്ടു വശങ്ങള്‍ ഉണ്ട്. അതിന്റെ മുകള്‍ ഭാഗം അവിടുന്നു മാത്രം കാണുന്നു. താഴത്തെ ഭാഗം നമ്മളും കാണുന്നു. ഇത് ക്രിസ്തീയ ഗോളത്തിലെ ഒരു പ്രധാന തര്‍ക്കത്തിനുള്ള ഉത്തരമാണ്. ഒരിക്കല്‍ രക്ഷിക്കപ്പെട്ടാല്‍ പിന്നീട് രക്ഷ നഷ്ടപ്പെടുമോ? എന്താണ് സത്യം? ആരോ പറഞ്ഞതു പോലെ ”സത്യം ഏതെങ്കിലും വശത്തല്ല, നടുവിലല്ല; രണ്ടു വശങ്ങളും ചേര്‍ന്ന് ഒന്നാകുന്നയിടത്താണ്”. പരമാധികാരിയായ ദൈവം നമ്മെ തെരഞ്ഞെടുത്തു. അതേ സമയം തന്നെ നാം ഉത്സാഹത്തോടെ ദൈവത്തെ അന്വേഷിച്ച് കണ്ടെത്തുകയും വേണം. അവിടുന്നു എന്നെ പിടിച്ചിരിക്കുന്നു എന്നാല്‍ ഞാനും ദൈവത്തെ പിടിക്കണം. അവിടുന്ന് എന്നെ ഉപേക്ഷിക്കുകയില്ല. എന്നാല്‍ ഞാനും ഒരിക്കലും ദൈവത്തെ ഉപേക്ഷിക്കുവാന്‍ പാടില്ല. ദൈവം ഒരിക്കലും നമ്മുടെ സ്വതന്ത്ര ഇഛയെ എടുത്തു മാറ്റുന്നില്ല. അങ്ങനെ ചെയ്താല്‍ നാം യന്ത്ര മനുഷ്യരായി മാറുന്നു.

ദൈവത്തിനു മാത്രം കാണുന്ന ഭാഗത്തുള്ള അടിസ്ഥാനത്തില്‍ നിന്നും അവിടുത്തേക്കു അറിയാം അവിടുത്തെ മക്കള്‍ ആരാണെന്ന കാര്യം. ജീവപുസ്തകത്തിലേക്കു നോക്കിയാല്‍ ആരാണ് ദൈവമക്കള്‍ എന്നു നമുക്കറിയാന്‍ സാധിക്കും. എന്നാല്‍ നമുക്കതിനു കഴിയുകയില്ല. നാം താഴ്ഭാഗത്തു നിന്നാണ് നോക്കുന്നത്. നാം എന്താണ് കാണുന്നത്? ”കര്‍ത്താവിന്റെ നാമം ഉച്ചരിക്കുന്ന ഏവനും അധര്‍മ്മത്തില്‍ നിന്നും അകന്നു കൊള്ളണം”(2:19). ഇതാണ് കാണുന്നത്. അതിനാല്‍ നിങ്ങള്‍ പാപത്തില്‍ നിന്നും വിട്ടു നിന്നാല്‍ നിത്യതയിലേക്കു സുരക്ഷിതരായിരിക്കും. ദൈവത്തിന്റെ പരമാധികാരം, നമ്മുടെ സ്വതന്ത്ര ഇഛ എന്നിങ്ങനെ രണ്ടു സത്യങ്ങള്‍ ദൈവിക അടിസ്ഥാനത്തില്‍ ഉണ്ടെന്ന് അങ്ങനെ നാം കാണുന്നു. കര്‍ത്താവ് തനിക്കുള്ളവര്‍ ആരെന്ന് അറിയുന്നു. കര്‍ത്താവിന്റെ നാമം ഉച്ചരിക്കുന്നവന്‍ പാപം വിട്ടകന്നു കൊള്ളണം. അതിനാല്‍ ദൈവം നമ്മെ പിടിച്ചിരിക്കുമ്പോള്‍ നമ്മളും ദൈവത്തെ പിടിക്കണം.

ഒരു യഥാര്‍ത്ഥ ദൈവദാസന്റെ ആറാമത്തെ പ്രത്യേകത അയാള്‍ തന്നെത്താന്‍ ശുദ്ധീകരിക്കുന്ന ഒരു മാനപാത്രമായിരിക്കും എന്നതാണ് (2:20,21). പുതിയ നിയമത്തില്‍ രണ്ടു തരം ശുദ്ധീകരണത്തെക്കുറിച്ച് പറയുന്നു. ഒന്ന് ദൈവം ചെയ്യുന്ന ശുദ്ധീകരണമാണ്. ”യേശുവിന്റെ രക്തം സകല പാപത്തില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു. നാം നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നുവെങ്കിലോ അവിടുന്നു നമ്മുടെ പാപങ്ങളെ ക്ഷമിച്ച് എല്ലാ അനീതിയില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുവാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും അത്രേ”(1 യോഹ 1:7,9). ദൈവം നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ ശുദ്ധീകരിക്കുന്നു. അതു നമുക്കു സ്വയം ചെയ്യാന്‍ കഴിയുകയില്ല. യേശുവിന്റെ രക്തത്തിനു മാത്രമേ അതിനു കഴിയൂ. രണ്ടാമത്തെ ശുദ്ധീകരണം നാം സ്വയം ചെയ്യേണ്ടതാണ് (ഒരുവന്‍ സ്വയം നിര്‍മ്മലീകരിക്കുന്നുവെങ്കില്‍-1 യോഹ.3:3). ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെയാണിത്. ദൈവം നമ്മുടെ പഴയകാല പാപങ്ങളെ ശുദ്ധീകരിക്കും. നാം നമ്മുടെ ജീവിതത്തില്‍ പിന്നീട് കാണുന്ന തെറ്റുകളെ സ്വയം കഴുകി കൊണ്ടിരിക്കണം.

നിങ്ങള്‍ മറ്റുള്ളവരെ വ്രണപ്പെടുത്തുന്ന രീതിയില്‍ തമാശ പറയുന്നവനാകാം. (യേശു ഒരിക്കലും അങ്ങനെ ചെയ്തിട്ടില്ല). അങ്ങനെയെങ്കില്‍ ഈ ഒരു കാര്യത്തിന് ദൈവത്തോട് ‘ഇതു കഴുകണമേ’ എന്നു പറഞ്ഞാല്‍ പോര. എന്നാല്‍ ഇങ്ങനെ പറയുക: ”കര്‍ത്താവേ ഞാന്‍ എന്നെ തന്നെ ശുദ്ധീകരിക്കുവാന്‍ ആഗ്രഹിക്കുന്നു. ഈ ദുഃസ്വഭാവം അങ്ങയുടെ സഹായത്തോടെ ഞാന്‍ മാറ്റുവാന്‍ പോവുകയാണ്.” അതുപോലെ നിങ്ങള്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ അറിയുവാന്‍ ജിജ്ഞാസയുള്ളയാളും മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടുന്നയാളുമായിരിക്കാം. ഒരു തരത്തിലും നിങ്ങളെ ബാധിക്കാത്ത കാര്യങ്ങളില്‍ താല്പര്യമെടുക്കുന്ന സ്വഭാവത്തില്‍ നിന്നും ശുദ്ധീകരണം പ്രാപിക്കണം. ഒരു മനുഷ്യന്‍ ഇങ്ങനെ തന്നെത്താന്‍ ശുദ്ധീകരിച്ചാല്‍ അയാള്‍ ദൈവത്തിന് ഉപയോഗമുള്ള മാനപാത്രമായി തീരും.

ഭൂമിയിലെ എന്റെ ഈ ഒരു ജീവിതം ദൈവം തന്റെ ഏറ്റവും നല്ല വേലയ്ക്കായി ഉപയോഗിക്കുന്ന ഒരു മാനപാത്രമായി തീരണം എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. നമ്മള്‍ ഈ ഭൂമിയില്‍ എണ്‍പതോ തൊണ്ണൂറോ വര്‍ഷം ജീവിച്ചേക്കാം. നമ്മുടെ ഓരോ വര്‍ഷവും ദൈവത്തിനായി എണ്ണപ്പെട്ടതാകണം. അങ്ങനെയൊരു ജീവിതം വേണമെങ്കില്‍ നിങ്ങള്‍ നാള്‍തോറും നിങ്ങളെ തന്നെ ശുദ്ധീകരിക്കണം. നിങ്ങളുടെ ജീവതത്തിലെ പ്രയോജനമില്ലാത്ത കാര്യങ്ങളെ കാണിച്ചു തരുവാന്‍ ദൈവത്തോട് ചോദിച്ച് അവയെ വിട്ടുകളയുക. നിങ്ങളുടെ ജീവിതം തുടര്‍ച്ചയായി ശുദ്ധീകരണം നടക്കുന്നതാകട്ടെ. ഈ കാര്യത്തില്‍ നിങ്ങള്‍ ഗൗരവമുള്ളവനാണെങ്കില്‍ നിങ്ങള്‍ യജമാനനു പ്രയോജനമുള്ള പാത്രമായിരിക്കും. സഭയില്‍ ഇന്നു പ്രയോജനമില്ലാത്ത പാത്രങ്ങളുമുണ്ട്.

പൗലൊസ് ക്രിസ്ത്യാനികളെ ഒരു ഭവനത്തിലെ പലതരം പാത്രങ്ങളോട് താരതമ്യം ചെയ്യുന്നു. ”ഒരു വലിയവീട്ടില്‍ സ്വര്‍ണ്ണവും വെള്ളിയും കൊണ്ടുള്ള സാധനങ്ങള്‍ മാത്രമല്ല മരവും കളിമണ്ണും കൊണ്ടുള്ളവയും ഉണ്ടായിരിക്കും. ചിലത് മാന്യകാര്യങ്ങള്‍ക്കും ചിലത് ഹീനകാര്യങ്ങള്‍ക്കും ഉള്ളവയാണ്. അതിനാല്‍ ഒരുവന്‍ ഹീനകാര്യങ്ങള്‍ വിട്ടു സ്വയം നിര്‍മ്മലീകരിക്കുമെങ്കില്‍ അവന്‍ വിശുദ്ധവും ഉടമസ്ഥനു പ്രയോജനകരവും എല്ലാ സല്‍പ്രവൃത്തിക്കും ഒരുക്കപ്പെട്ടതുമായ ഒരു മാനപാത്രമായിത്തീരും”(2:20,21).

എന്നാല്‍ ഉപയോഗിക്കപ്പെടുന്നതിനെക്കുറിച്ച് മാത്രം ചിന്തിച്ചുകൊണ്ടിരിക്കാതിരിക്കുക. ദൈവം അവരെ ഉപയോഗിക്കുന്നു എന്ന കാര്യത്തില്‍ പലരും സന്തോഷമുള്ളവരാണ്. ഒരു ഭവനത്തില്‍ തടിപ്പെട്ടികളായിരിക്കും സ്വര്‍ണ്ണപാത്രത്തേക്കാള്‍ ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ ഏതിനാണ് കൂടുതല്‍ മൂല്യമുള്ളത്? നിങ്ങള്‍ എത്രമാത്രം ഉപയോഗിക്കപ്പെടുന്നു എന്നതിനേക്കാള്‍ നിങ്ങളുടെ ആത്മീയ മൂല്യങ്ങള്‍ക്കാണ് പ്രാധാന്യമുള്ളത്. ദൈവം പലരേയും തന്റെ വേലയ്ക്കായി ഉപയോഗിക്കുന്നു. പിശാചിനെപോലും അവിടുന്ന് ഉപയോഗിക്കുന്നു. പിശാച് തന്റെ ദൂതനായി പൗലൊസിന്റെ ജഡത്തില്‍ ഒരു ശൂലം അയച്ചു. എന്നാല്‍ ദൈവം അത് പൗലൊസിനെ താഴ്മയില്‍ നിര്‍ത്തുന്നതിനായി ഉപയോഗിച്ചു. ദൈവം ബിലയാമിനെ ഉപയോഗിച്ചു. ദൈവം ശാലോമോനെ ദൈവവചനം എഴുതുവാന്‍ ഉപയോഗിച്ചു. എങ്കിലും പിന്നീട് അവന്‍ നരകത്തിലേക്കാണ് പോയത്. അതിനാല്‍ ദൈവം നിങ്ങളെ ഉപയോഗിക്കുന്നു എന്നത് ഓര്‍ത്ത് ഒരിക്കലും സ്വയം അഭിമാനം കൊള്ളരുത്. യേശുവിന്റെ നാമത്തില്‍ പ്രവചിക്കുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത പലരും അന്ത്യനാളില്‍ തള്ളപ്പെടും (മത്താ 7:22,23). ദൈവത്താല്‍ ഉപയോഗിക്കപ്പെടുന്നു എന്നതല്ല, നിങ്ങളുടെ ആത്മീയമൂല്യം എത്രയെന്നുള്ളതാണ് പ്രധാനകാര്യം. നിങ്ങള്‍ സ്വര്‍ണ്ണം കൊണ്ടുള്ള ഒരു പാത്രമാണോ?

ഒരു ഭവനത്തില്‍ അഗ്നിബാധ ഉണ്ടായാല്‍ അവിടെയുള്ളവര്‍ സ്വര്‍ണ്ണവും വെള്ളിയും കൊണ്ടുള്ള വസ്തുക്കള്‍ എടുത്തു മാറ്റുവാനായിരിക്കും തിടുക്കം കൂട്ടുന്നത്. അല്ലാതെ മണ്‍പാത്രങ്ങളല്ല. ഈ ഭൂമി അഗ്നിക്കിരയാകുമ്പോഴും അങ്ങനെ തന്നെ ആയിരിക്കും. ”ഞാന്‍ ഉണ്ടാക്കുവാനുള്ള ദിവസത്തില്‍ അവര്‍ എനിക്ക് ഒരു അവകാശനിക്ഷേപമായിരിക്കും… അപ്പോള്‍ ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം നിങ്ങള്‍ വീണ്ടും കാണും” (മലാഖി 3:17,18) ഇപ്പോള്‍ നിങ്ങളൊരു വില കുറഞ്ഞ മണ്‍പാത്രമാണെങ്കിലും നിങ്ങളിലെ ക്രിസ്തുസ്വഭാവമല്ലാത്ത കാര്യങ്ങളെ ഉപേക്ഷിച്ച് ശുദ്ധീകരണം പ്രാപിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കുമൊരു സ്വര്‍ണ്ണപാത്രമാകാം.

നിങ്ങളെ തന്നെ ശുദ്ധീകരിക്കുവാന്‍ നിങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത് ‘യൗവന മോഹങ്ങളെ വിട്ടോടുക’ എന്നതാണ് (2:22). ഇതുപറയുമ്പോള്‍ ഏകദേശം 45 വയസ്സ് പ്രായമുള്ള തിമൊഥെയൊസിനു പോലും യൗവന മോഹങ്ങളില്‍ നിന്നും വിട്ട് ഓടേണ്ട ആവശ്യമുണ്ട് എന്നോര്‍ക്കുക. തിമൊഥെയൊസിനെപ്പോലെ ആത്മാര്‍ത്ഥതയുള്ള ഒരു സഹോദരനോടുപോലും ഇത്തരം പ്രലോഭനങ്ങളാല്‍ പാപത്തില്‍ വീഴാതെ രക്ഷപ്പെടുന്നതിന് ഓടുക എന്നു മാത്രമാണ് പൗലൊസ് പറയുന്നത്. തന്റെ ഈ പ്രായത്തില്‍ ഇത്തരം പ്രലോഭനങ്ങളൊന്നും തനിക്കുണ്ടാവുകയില്ല എന്ന് അവന്‍ കരുതരുത്. 45 വയസ്സില്‍ ഇത്തരം പ്രലോഭനങ്ങള്‍ ഉണ്ടാവുകയില്ലെന്ന് ആരും കരുതരുത്. അത്തരം പാപങ്ങള്‍ നിങ്ങളേയും നിങ്ങളുടെ ശുശ്രൂഷയേയും നശിപ്പിക്കുവാന്‍ അനുവദിക്കരുത്.

”ശുദ്ധഹൃദയത്തോടെ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടും ചേര്‍ന്നു നീതി, വിശ്വാസം, സ്‌നേഹം, സമാധാനം എന്നിവ പിന്തുടരുക” (2:22). വിശുദ്ധിയെ അന്വേഷിക്കുന്നവരോട് ആയിരിക്കണം അവരുടെ പ്രാഥമിക കൂട്ടായ്മ. അത് പാപം വിട്ടോടുന്നതിന് നമ്മെ സഹായിക്കും. ഹൃദയപൂര്‍വ്വം വിശുദ്ധിയെ സ്‌നേഹിക്കുന്ന ഒരാളായിരിക്കണം നമ്മുടെ ഏറ്റവും അടുത്ത സുഹൃത്ത്. പല വിശ്വാസികള്‍ക്കും ദൈവഭക്തിയില്‍ താല്പര്യം കുറഞ്ഞ് അവരുടെ നിലവാരം വളരെ താഴ്ന്നിരിക്കുന്നു. എന്നാല്‍ വിശുദ്ധജീവിതം ആഗ്രഹിക്കുന്നവരുമായിട്ടായിരിക്കണം നാം കൂടുതല്‍ സമയം ചെലവഴിക്കേണ്ടത്.

ഒരാള്‍ക്ക് ശുദ്ധഹൃദയമുണ്ടെന്നു നമുക്കെങ്ങനെയറിയാം? ഹൃദയം നിറഞ്ഞു കവിയുന്നത് വായ് സംസാരിക്കുന്നു എന്നാണ് യേശു പറഞ്ഞത് (മത്താ 12:34). ഒരു മനുഷ്യന്‍ എന്തു സംസാരിക്കുവാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു എന്നതില്‍ നിന്നും അയാളുടെ ഹൃദയത്തില്‍ നിറഞ്ഞിരിക്കുന്നത് എന്താണെന്നു നമുക്കറിയാന്‍ കഴിയും. അയാള്‍ പണത്തെക്കുറിച്ചും ഭൗതികവസ്തുക്കളെക്കുറിച്ചും ആണ് എപ്പോഴും സംസാരിക്കുന്നതെങ്കില്‍ അവന്റെ ഹൃദയത്തില്‍നിറഞ്ഞിരിക്കുന്നതെന്താണെന്നു നമുക്കറിയാം. യേശുവിനെപ്പോലെ ആകുവാന്‍ ആഗ്രഹിക്കുന്നവരുമായി കൂട്ടായ്മ ആചരിക്കുവാനാണ് എനിക്കിഷ്ടം. ദൈവത്തിനു വേണ്ടിയുള്ള ഫലപ്രദമായ ശുശ്രൂഷയുടെ രഹസ്യം ഇതാണ്.

ഒരു ദൈവവേലക്കാരന്റെ ഏഴാമത്തെ സ്വഭാവം ”അവന്‍ സൗമ്യതയോടെ ഉപദേശിക്കുന്നവനായിരിക്കും” എന്നതാണ് (2:24-26). അയാള്‍ ആളുകളോട് സൗമ്യതയോടെ സംസാരിക്കുന്നവനായിരിക്കും. തര്‍ക്കിക്കുകയും കലഹിക്കുകയും ചെയ്യുന്നവനാകരുത്. കലഹപ്രിയനായ ഒരുവനാണ് നിങ്ങളെങ്കില്‍ ഒരിക്കലും ഒരു ദൈവവേലക്കാരനാകുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല. ബാലിശമായ എല്ലാ വാദപ്രതിവാദങ്ങളും നിങ്ങള്‍ ഉപേക്ഷിക്കണം (2:23). നാം സൗമ്യതയോടെയും ദയയോടെയും സംസാരിച്ചാല്‍ അതു മറ്റുള്ളവരെ പാപത്തില്‍ നിന്നും സാത്താന്റെ പിടിയില്‍ നിന്നും രക്ഷിക്കും.


അന്തിമ പ്രബോധനം


മൂന്നാം അദ്ധ്യായത്തില്‍ പൗലൊസ് വിശ്വസ്തനായൊരു ക്രിസ്ത്യാനിയുടെ ജീവിതം അന്ത്യനാളുകളില്‍ വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും എന്നു പറയുന്നു. കാരണം മനുഷ്യര്‍ ‘സ്വസ്‌നേഹികള്‍ ആകുന്നു’. (3:2). ലോകമനുഷ്യരെക്കുറിച്ചല്ല പൗലൊസ് ഇവിടെ പറയുന്നത്. ലോക മനുഷ്യര്‍ എപ്പോഴും സ്വസ്‌നേഹികള്‍ തന്നെയാണ്. എന്നാല്‍ ഇവിടെ ”ഭക്തിയുടെ വേഷം ധരിച്ച” (3:5) സ്വയം വിശ്വാസികളെന്നു വിളിക്കുന്നവരെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. ‘ഭക്തിയുടെ വേഷ’മെന്ന് ഇവിടെ പറയുന്നത് വേദോപദേശങ്ങളാണ്. അന്ത്യകാലത്ത് സുവിശേഷവിഹിത സഭകളിലെ ക്രിസ്ത്യാനികള്‍ക്കു ശരിയായ വേദോപദേശങ്ങള്‍ ഉള്ളപ്പോള്‍ തന്നെ അവര്‍ പണസ്‌നേഹികളും വമ്പുപറയുന്നവരും ദൂഷകന്മാരും ആകുന്നു (3:2-5). വേദോപദേശം ശരീരത്തിന്റെ അവയവങ്ങള്‍ പോലെയാണ്. ഒരു മനുഷ്യശരീരത്തില്‍ അതിന്റെ എല്ലാ അവയവങ്ങളും ഉള്ളപ്പോള്‍ തന്നെ ജീവനില്ലാതെയിരിക്കാം. അതുപോലെ തന്നെ ഒരു ക്രിസ്ത്യാനിക്കും തന്റെ വേദോപദേശങ്ങളെല്ലാം വളരെ ശരിയായിരിക്കെ തന്നെ ജീവനില്ലാതെ ഇരിക്കാം. ദൈവത്തിനുവേണ്ടി ജീവിക്കാനുള്ള ശക്തി ഇല്ല. നിങ്ങളുടെ വേദോപദേശങ്ങളെല്ലാം ശരിയാണെന്നു സ്വയം പുകഴ്ച പറയുകയും അതേ സമയം തന്നെ നിങ്ങള്‍ നിങ്ങള്‍ക്കായി തന്നെ ജീവിക്കുകയും പണത്തെ സ്‌നേഹിക്കുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ മരിച്ചവരാണ്.

ദൈവഭക്തിയുടെ വേഷം ധരിച്ചവരുടെ ചില പ്രത്യേകതകള്‍ ഇതാണ്. ”അഹങ്കാരികളും, നന്ദികെട്ടവരും, വഴങ്ങാത്തവരും, ഏഷണിക്കാരും, ആത്മനിയന്ത്രണമില്ലാത്തവരും, ക്രൂരരും, ഗര്‍വ്വിഷ്ഠരും, ദൈവത്തെ സ്‌നേഹിക്കാത്ത ഭോഗപ്രിയരും ആകുന്നു.” ഈ സ്വഭാവമുള്ളപ്പോള്‍ തന്നെ ചിലര്‍ തങ്ങള്‍ ദൈവ മക്കള്‍ ആണെന്നു ചിന്തിക്കും. കാരണം അവര്‍ക്കു ശരിയായ വേദോപദേശങ്ങളുണ്ട്. (3:2-5).

ശരിയായ ദൈവഭക്തിയുടെ ഭാഷയില്‍ സംസാരിക്കുന്ന അനേകം ”ക്രിസ്ത്യാനികള്‍” ഇന്നുണ്ട്. എന്നാല്‍ അവര്‍ തങ്ങള്‍ക്കായിട്ടു തന്നെ ജീവിക്കുന്നതില്‍ നിന്നോ പണത്തിനും ലോകത്തിനും വേണ്ടി ജീവിക്കുന്നതില്‍ നിന്നോ വിടുതല്‍ കിട്ടാത്തവരാണ്. അങ്ങനെയുള്ള ആളുകളെ വിട്ടൊഴിയുക എന്നാണ് പൗലൊസ് തിമൊഥെയൊസിനോടു പറയുന്നത്. അവരുടെ സ്വാധീനം നമ്മളിലേക്കു കടന്നു വരാം എന്നതാണ് അതിനു കാരണം.

അങ്ങനെയുള്ള പല പ്രസംഗകരും അവരെ വിലമതിക്കുന്ന ബലഹീനരായ സ്ത്രീകളുടെ ഭവനങ്ങളിലേക്കു കടന്നു ചെന്ന് അവരെ സ്വാധീനിക്കുന്നു. അവര്‍ സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ സന്ദര്‍ശനം നടത്തുകയും പലപ്പോഴും അത് അവരോടൊത്ത് പാപത്തില്‍ വീഴുന്നതില്‍ അവസാനിക്കുകയും ചെയ്യുന്നു. അത്തരം സ്ത്രീകള്‍ ധാരാളം യോഗങ്ങള്‍ക്കു പോകുകയും പല പ്രസംഗകരെ കേള്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ സത്യത്തെ തിരിച്ചറിയുന്നതിലേക്കു വരുന്നില്ല. നിങ്ങളൊരു പ്രസംഗകന്‍ ആണെങ്കില്‍ ഇത്തരം സ്വഭാവക്കാരെ സൂക്ഷിക്കുക. നിങ്ങള്‍ ദുര്‍ബ്ബലനായ പ്രസംഗകനാകണ്ട; ദൈവ പുരുഷനായിരിക്കുക. എന്നാല്‍ എല്ലാ സ്ത്രീകളും അങ്ങനെയല്ല. ദൈവഭക്തരായ, ഉത്തമരായ, ധാരാളം സഹോദരിമാര്‍ സഭയിലുണ്ടല്ലോ.

മോശയോട് എതിര്‍ത്ത ഫറവോന്റെ കൊട്ടാരത്തിലെ മന്ത്രവാദികളായ യന്നേസിന്റേയും യംബ്രസിന്റേയും ഉദാഹരണം പൗലൊസ് ഇവിടെ പരാമര്‍ശിക്കുന്നു (3:8). ഭക്തിയുടെ വേഷംധരിച്ച് യഥാര്‍ത്ഥ ദൈവദാസന്മാരെ എതിര്‍ക്കുന്ന ചില ആളുകള്‍ ഈ കാലഘട്ടത്തിലുണ്ട്. എന്നാല്‍ ഒരു ദിവസം ദൈവം അവരെ ന്യായം വിധിക്കുകയും അവരുടെ മടയത്തരം എല്ലാവരുടേയും മുമ്പാകെ വെളിപ്പെടുത്തുകയും ചെയ്യും.

അത്തരം പ്രസംഗകരില്‍ നിന്നും വ്യത്യസ്തമായി പൗലൊസ് തിമൊഥെയോസിനോടു പറയുന്നു: ”നീയോ എന്റെ ഉപദേശം, പെരുമാറ്റം, ജീവിതലക്ഷ്യം, വിശ്വാസം, ദീര്‍ഘക്ഷമ, സ്‌നേഹം, സഹിഷ്ണുത എന്നിവയും എനിക്കുണ്ടായ കഷ്ടതകളും കണ്ടറിഞ്ഞിരിക്കുന്നു”(3:10,11). പൗലൊസ് ഇവിടെ ആത്മപ്രശംസ നടത്തുകയല്ല. ചിലപ്പോഴൊക്കെ മറ്റ് വിശ്വാസികളെ ഉത്സാഹിപ്പിക്കുന്നതിനു നമ്മുടെ സാക്ഷ്യം പങ്കുവയ്‌ക്കേണ്ടതായിട്ടുണ്ട്. ദൈവദാസന്മാരെന്ന് അവകാശപ്പെടുന്ന വക്രതയുള്ള ചില പ്രസംഗകരില്‍ നിന്നും താന്‍ എത്രമാത്രം വ്യത്യസ്തനാണെന്നു പൗലൊസിനു തിമൊഥെയോസിനു കാണിച്ചുകൊടുക്കേണ്ടതുണ്ടായിരുന്നു. ദൈവഭക്തിയോടെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം പീഡനമുണ്ടാകും (3:12) എന്നു പൗലൊസ് പറയുന്നു. എന്നാല്‍ ദുഷ്ടന്മാരായ മനുഷ്യര്‍ തിന്മയില്‍ നിന്നു കൂടുതല്‍ തിന്മയിലേക്കു പോയി തങ്ങളെ തന്നെയും മറ്റുള്ളവരെയും ചതിക്കുന്നു. ബാല്യം മുതല്‍ പഠിച്ച തിരുവെഴുത്തുകള്‍ക്കനുസരിച്ച് അവരില്‍ നിന്നും വേറിട്ട് നില്‍ക്കുവാന്‍ തിമൊഥെയൊസിന് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നു (3:13,14).
പിന്നീട് പൗലൊസ് തന്റെ ഉപസംഹാര വാക്കുകളാല്‍ തിമൊഥെയൊസിനെ പ്രബോധിപ്പിക്കുന്നത് നമ്മെ തികഞ്ഞവരാക്കുന്ന ദൈവനിശ്വാസീയമായ തിരുവെഴുത്തുകളെ പഠിപ്പിക്കുവാനാണ്. ആദ്യം ദൈവവചനം എഴുതുവാന്‍ പ്രചോദിപ്പിച്ച അതേ പരിശുദ്ധാത്മാവ് ഇന്ന് അതുപയോഗിച്ച് നമ്മെ ഉപദേശിക്കുകയും ശാസിക്കുകയും തിരുത്തുകയും ചെയ്തു കൊണ്ട് സകല സല്‍പ്രവൃത്തിക്കും ഒരുക്കപ്പെട്ട ദൈവമനുഷ്യരാക്കുന്നു (3:16,17).

പിന്നീട് പൗലൊസ് തന്റെ ഉപസംഹാര വാക്കുകള്‍ തിമൊഥെയൊസിനോട് പറയുന്നു: ”യേശുവിന്റെ നാമത്തില്‍ ഞാന്‍ നിന്നോട് കല്‍പ്പിക്കുകയാണ്. വചനം പ്രസംഗിക്കുക, സമയത്തും അസമയത്തും സന്നദ്ധനായിരിക്കുക. എത്രയും ക്ഷമയോടെ പ്രബോധിപ്പിക്കുക”(4:1,2). ദൈവവചനം പ്രസംഗിക്കുന്നതിന് എപ്പോഴും തയ്യാറായിട്ട് ഇരിക്കുക. അങ്ങനെ പ്രസംഗിക്കുമ്പോള്‍ ദൈവവചനത്താല്‍ അവരെ ആശ്വസിപ്പിക്കുക മാത്രമല്ല ക്ഷമയോടെ കുറ്റബോധം വരത്തക്കവണ്ണം ശാസിക്കുകയും വേണം (4:2). കാരണം ദൈവഭക്തിയുടെ ജീവിതത്തിലേക്കു നയിക്കുന്ന ശുദ്ധമായ വേദോപദേശം കേള്‍ക്കുവാന്‍ ആളുകള്‍ക്കു മനസ്സില്ലാത്ത ഒരു സമയമാണ് വരുന്നത്. അതിനു പകരം അവര്‍ക്കു സന്തോഷം നല്‍കുന്നവരും ചെവിക്ക് ഇമ്പകരമായ കാര്യങ്ങള്‍ മനഃശാസ്ത്രപരമായ തന്ത്രങ്ങള്‍ ഉപയോഗിച്ച് പറയുന്നവരും, പണമുണ്ടാക്കുന്നവരും ആയ പ്രസംഗകരില്‍നിന്നും കേള്‍ക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. (4:3)

ഇന്നു നിങ്ങളൊരു ക്രിസ്തീയ ബുക്ക്സ്റ്റാളില്‍ ചെന്നു നോക്കിയാല്‍ യഥാര്‍ത്ഥ ദൈവഭക്തിയുടെ ജീവിതത്തിലേക്കു നടത്തുന്ന പുസ്തകങ്ങള്‍ കാണുവാന്‍ പ്രയാസമാണ്. അവിടെ വില്‍ക്കുന്ന പലതും വായിക്കുവാന്‍ രസകരമായ, എന്നാല്‍ ഒരു പ്രയോജനവുമില്ലാത്ത, ചില അനുഭവക്കുറിപ്പുകള്‍ (സത്യവും ഭാവനയും ചേര്‍ന്നത്) മാത്രമാണ്. അതിനു കാരണം ഇന്നുള്ള ക്രിസ്ത്യാനികളില്‍ പലര്‍ക്കും വിശുദ്ധജീവിതത്തിനു താല്പര്യമില്ല. അതിനാല്‍ പൗലൊസ് കഷ്ടം സഹിച്ച് ഒട്ടും സമയം പാഴാക്കാതെ ഒരു സുവിശേഷകന്റെ വേല ചെയ്ത് ചിലരെ ശിഷ്യന്മാരാക്കുവാനാണു തിമൊഥെയോസിനോട് കല്‍പ്പിക്കുന്നത് (ഇതാണ് മത്തായി 28:19 ലെ യഥാര്‍ത്ഥ സുവിശേഷം).

തന്റെ ഈ ഭൂമിയിലെ കാലം അവസാനിക്കാറായി എന്നു തനിക്കറിയാം എന്നു പൗലൊസ് പിന്നീട് പറയുന്നു. തന്റെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കിക്കൊണ്ട് അദ്ദേഹം പിശാചിനെതിരെയും തന്റെ ജഡത്തിലെ മോഹങ്ങള്‍ക്കെതിരെയും പോരാടി എന്നതും തന്റെ വിശ്വാസം ഒട്ടും കളങ്കപ്പെടാതെ ദൈവം തനിക്കായി ഒരുക്കിയ ഓട്ടം തികച്ചു എന്നതും കണ്ട് ദൈവത്തിനു നന്ദി കരേറ്റുന്നു. തന്റെ ഭൂമിയിലെ ശുശ്രൂഷ അദ്ദേഹം തികച്ചു. ദൈവം തന്നെ അയയ്ക്കണമെന്ന് ആഗ്രഹിച്ച ഇടങ്ങളിലേക്കെല്ലാം വളരെ കഷ്ടം സഹിച്ചും ചിലപ്പോള്‍ കപ്പല്‍ഛേദത്തിലൂടെയെല്ലാം കടന്നും അദ്ദേഹം പോയി. താന്‍ എവിടെ പോകണമെന്നു ദൈവം ആഗ്രഹിച്ചോ അവിടെയൊക്കെ പോകുവാന്‍ അദ്ദേഹം നിശ്ചയിച്ചിരുന്നു. അതിനാല്‍ ദൈവം നീതിയുടെ കിരീടം അദ്ദേഹത്തിനു നല്‍കും. പൗലൊസിനു മാത്രമല്ല അത് ലഭിക്കുന്നത്. അവിടുത്തെ പ്രത്യക്ഷതയ്ക്കായി വാഞ്ഛിച്ചിട്ടുള്ള എല്ലാവര്‍ക്കും അത് ലഭിക്കും (4:7). എന്നാല്‍ പൗലൊസിനു തന്റെ ചില സഹപ്രവര്‍ത്തകരെക്കുറിച്ച് നിരാശയുണ്ട്. ദേമാസ് ലോകത്തെ സ്‌നേഹിച്ച് അദ്ദേഹത്തെ വിട്ടുപോയി. ഒരു പക്ഷേ ഇന്നുള്ള പല പ്രസംഗകരേയും പോലെ പണത്തെ ആയിരിക്കും ദേമാസ് സ്‌നേഹിച്ചത് (4:10). ചെമ്പ് പണിക്കാരനായ അലക്‌സാണ്ടര്‍ അദ്ദേഹത്തിനു വളരെ ദോഷം ചെയ്തു. എന്നാല്‍ പൗലൊസ് അവരോട് ഒരു പ്രതികാരവും ചെയ്തില്ല. അന്ത്യകാലത്ത് തക്കവണ്ണം പകരം നല്‍കുന്ന ദൈവത്തെ കാര്യം ഏല്പിക്കുകയാണ് ചെയ്തത്(4:14). തന്നെ ചതിച്ചവര്‍ പൗലൊസിനെ കോടതിയിലേക്കു കൊണ്ടുപോയപ്പോള്‍ ദൈവം അദ്ദേഹത്തോടു കൂടെ ഉണ്ടായിരുന്നു (4:17). പൗലൊസ് ദൈവത്തോട് ആവശ്യപ്പെട്ടത് രക്തസാക്ഷിത്വത്തില്‍ നിന്നും രക്ഷിക്കണമെന്നല്ല; മറിച്ച് അവന്റെ വിശ്വാസം, ദൈവം ”സകല ദുഷ്ടതകളില്‍നിന്നും” തന്നെ രക്ഷിക്കുമെന്നാണ്(4:18). അങ്ങനെ സ്വര്‍ഗ്ഗത്തിലേക്കു മഹത്വകരമായ ഒരു പ്രവേശനം ദൈവം അവനു നല്‍കുന്നു. എത്ര മഹത്തായ രീതിയിലാണ് ഒരുവന്റെ ജീവിതം ഇവിടെ അവസാനിക്കുന്നത്!

ജീവിതത്തിന്റെ അവസാനം വരെ വിശ്വാസം കാത്ത്, നല്ല പോര്‍ പൊരുതി ഓട്ടം തികച്ച് ദൈവഭക്തരായവരുടെ മാതൃകയ്ക്കായി ദൈവത്തിനു നന്ദി കരേറ്റാം. നമുക്കും ആ കാല്‍ ചുവടുകള്‍ പിന്‍പറ്റാം.