ബൈബിളിലൂടെ : യാക്കോബിന്റെ ലേഖനം


യഥാര്‍ഥ വിശ്വാസത്തില്‍ നിന്നുള്ള നല്ല പ്രവൃത്തികള്‍


പുതിയ നിയമ പുസ്തകങ്ങളില്‍ ആദ്യം എഴുതപ്പെട്ട ഒന്നായിരിക്കണം യാക്കോബിന്റെ ലേഖനം. പെന്തക്കോസ്തു നാളിനു പതിനാറോ പതിനേഴോ വര്‍ഷങ്ങള്‍ക്കുശേഷം എഴുതപ്പെട്ടെന്നാണു കരുതുന്നത്. സുവിശേഷങ്ങളെല്ലാം എഴുതപ്പെടുന്നതിനും മുന്‍പ് എഴുതിയിട്ടുള്ളതാണിത്.

ഇത് പുതിയ നിയമത്തിലെ ആദ്യ പുസ്തകമാണെങ്കില്‍ ഇതില്‍ കാണുന്ന ”യഥാര്‍ത്ഥ വിശ്വാസം പ്രവൃത്തി ഉളവാക്കുന്നു” എന്ന പ്രധാന സന്ദേശം വളരെ ശ്രദ്ധേയമായി നമുക്കു കാണാം. ”രക്ഷ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലല്ല വിശ്വാസത്താലാണ്” എന്ന സന്ദേശമാണ് യെഹൂദ ക്രിസ്ത്യാനികള്‍ ആ കാലഘട്ടത്തില്‍ കേട്ടുകൊണ്ടിരുന്നത്. അത് അന്ന് വളരെ തെറ്റിദ്ധരിക്കപ്പെട്ടിരുന്നു. ഇന്നും അത് തെറ്റിദ്ധരിക്കപ്പെട്ട സന്ദേശമാണ്. വിശ്വാസമെന്നത് ബുദ്ധിപരമായ ഒന്നാണെന്ന് അവര്‍ കരുതി. അതുകൊണ്ട് യേശുവില്‍ വിശ്വസിക്കുക മാത്രം മതി ജീവിതം എങ്ങനെയായിരുന്നാലും കുഴപ്പമില്ല എന്നവര്‍ കരുതി.

ഈയൊരു വലിയ പിശകു തിരുത്തുവാനാണ് യാക്കോബ് ഈ ലേഖനം എഴുതിയത്. അതുകൊണ്ട് തന്നെ ഈ പിശക് ആവര്‍ത്തിക്കുന്ന ഇന്നത്തെ ക്രിസ്ത്യാനിക്കും ഈ ലേഖനം വളരെ പ്രാധാന്യമുള്ളതായി തീരുന്നു.

ഒന്നാം അദ്ധ്യായത്തില്‍ യാക്കോബ് പ്രലോഭനങ്ങളുടെ മേല്‍ ജയം നേടി പാപം ചെയ്യാതിരിക്കുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന വിശ്വാസത്തെ സംബന്ധിച്ച് പറയുന്നു. രണ്ടാം അദ്ധ്യായത്തില്‍ ധനികരോടു പക്ഷാഭേദം കാണിക്കാതെ എല്ലാവരേയും ഒരുപോലെ സ്‌നേഹിക്കുവാന്‍ തക്ക സ്‌നേഹം നമ്മില്‍ ഉളവാക്കുന്ന വിശ്വാസത്തെ സംബന്ധിച്ച് പറയുന്നു. നാലും അഞ്ചും അദ്ധ്യായങ്ങളില്‍ വിശ്വാസത്താല്‍ നാം ലോകത്തിന്റെ ആത്മാവില്‍ നിന്നും വേര്‍പ്പെടുന്നതിനെക്കുറിച്ചും അങ്ങനെ നമ്മുടെ ജീവിതത്തില്‍ വിശുദ്ധിയും ക്ഷമയും ഉണ്ടാകുന്നതിനെക്കുറിച്ചും യാക്കോബ് പറയുന്നു.

യാക്കോബിന്റെ പ്രധാനഹൃദയഭാരം യഥാര്‍ത്ഥ വിശ്വാസം പ്രവൃത്തിയുളവാക്കുന്നു എന്നത് പഠിപ്പിക്കണമെന്നതായിരുന്നു. അല്ലെങ്കില്‍ വിശ്വാസമെന്നു വിളിക്കുന്നത് വ്യാജമാണെന്നു പറയണം. വിശ്വാസം പണം പോലെയാണ്. യഥാര്‍ത്ഥമായതും വ്യാജമായതും ഉണ്ട്. നിങ്ങള്‍ കഷ്ടപ്പെട്ട് വേല ചെയ്ത് കുറെയധികം പണം സമ്പാദിച്ച് കഴിയുമ്പോള്‍ ഒരു ധനികനാണെന്നു സ്വയം കരുതാം. എന്നാല്‍ ആ പണം ഒരു ബാങ്കില്‍ നിക്ഷേപിക്കുവാന്‍ ചെല്ലുമ്പോള്‍ നിങ്ങള്‍ അറിയുന്നു നിങ്ങളുടെ പക്കലുള്ളതെല്ലാം വ്യജനോട്ടുകള്‍ ആയിരുന്നുവെന്ന്. അപ്പോള്‍ മാത്രമാണ് നിങ്ങള്‍ ചതിക്കപ്പെട്ടു എന്ന് അറിയുന്നത്. നിങ്ങളുടെ വിശ്വാസത്തിന്റെ കാര്യത്തിലും ഇതുപോലെ സംഭവിക്കാം. വ്യാജമായ വിശ്വാസം നിങ്ങളെ നരകത്തിലേക്കു കൊണ്ടുപോകുവാന്‍ ഇടയാകും. അതിനാലാണ് നിങ്ങളുടെ വിശ്വാസം പരിശോധിക്കണമെന്നതു പ്രാധാന്യമുള്ളതാകുന്നത്. നമ്മുടെ വിശ്വാസം യഥാര്‍ത്ഥമാണോ അല്ലയോ എന്നു പരിശോധിക്കുവാന്‍ നമ്മെ സഹായിക്കുന്ന ഒന്നാണ് യാക്കോബിന്റെ ലേഖനം.

അദ്ദേഹം തുടങ്ങുന്നത് ഇങ്ങനെയാണ്: ”വിവിധ പരീക്ഷകള്‍ നേരിടുമ്പോള്‍ അത് തികച്ചും സന്തോഷമെന്നു കരുതുവിന്‍”(1:2). നിങ്ങളുടെ വിശ്വാസം യഥാര്‍ത്ഥമാണെങ്കില്‍ നിങ്ങള്‍ പരീക്ഷ നേരിടുമ്പോള്‍ സന്തോഷിക്കും. ഒരു 2000 രൂപാ നോട്ട് കള്ളനോട്ട് ആണോ അല്ലയോ എന്ന് അറിയുവാന്‍ ശ്രമിക്കുന്നതു പോലെയാണിത്. അതില്‍ നിങ്ങള്‍ ഭയപ്പെടുന്നതെന്തിന്? ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ നിങ്ങളുടെ വിശ്വാസം വ്യാജമായിരുന്നു എന്നറിയുന്നതിലും നല്ലതല്ലേ ഇപ്പോള്‍ത്തന്നെ അറിയുന്നത്? അതിനാല്‍ ദൈവം ഒരു പരീക്ഷയിലേക്ക് നിങ്ങളെ കടത്തിവിടുമ്പോള്‍ നിങ്ങളുടെ വിശ്വാസം യഥാര്‍ത്ഥമാണോ എന്നു നിശ്ചയമായും അറിയുവാന്‍ കഴിയും. അതുകൊണ്ട് സന്തോഷിക്കുക.

നിങ്ങളൊരു വീട് പണിയുമ്പോള്‍ അതിന്റെ അടിസ്ഥാനം മാത്രം പണിതുകഴിയുമ്പോള്‍ ഒരു ഭൂമികുലുക്കമുണ്ടാകുന്നതല്ലേ പണി പൂര്‍ത്തിയായതിനുശേഷം ഭൂമികുലുക്കം ഉണ്ടാകുന്നതിനേക്കാള്‍ നല്ലത്? നിങ്ങള്‍ പണിത അടിസ്ഥാനത്തിന് എന്തെങ്കിലും ഇളക്കമുണ്ടോ എന്ന് അപ്പോള്‍ അറിയാന്‍ സാധിക്കുകയും അത് മാറ്റുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കുകയും ചെയ്യും. ഇതുപോലെ നമ്മുടെ ക്രിസ്തീയജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ ശോധനകളിലൂടെ കടന്നുപോകുന്നത് നല്ലതാണ്. ”ഞാന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു” എന്നു നിങ്ങള്‍ പറഞ്ഞേക്കാം. എന്നാല്‍ നിങ്ങള്‍ക്കു ചെറിയ സാമ്പത്തിക ബുദ്ധിമുട്ട് വരുമ്പോള്‍ വ്യാകുലപ്പെടുവാനും പരാതി പറയുവാനും തുടങ്ങുന്നു. നിങ്ങള്‍ക്കു സുഖമില്ലാതെ വന്നാല്‍ നിങ്ങള്‍ ദൈവത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങും. അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പ് നേരിടേണ്ടി വരുമ്പോള്‍ നിങ്ങള്‍ വിശ്വാസം നഷ്ടപ്പെട്ട് നിരാശപ്പെടുന്നു. ഈ ശോധനകളെല്ലാം നിങ്ങളുടെ വിശ്വാസം യഥാര്‍ത്ഥമാണോ എന്നു തെളിയിക്കുന്നവയാണ്.

മാത്രമല്ല, പരീക്ഷകള്‍ നമ്മളില്‍ സഹിഷ്ണുതയെന്ന ഒരു നന്മ ഉളവാക്കുന്നുണ്ട്. വിശ്വാസവും സഹിഷ്ണുതയും ഒരുമിച്ചു പോകുന്ന കാര്യങ്ങളാണെന്ന് എബ്രായലേഖനത്തില്‍ നാം കണ്ടു. നമ്മെ നില്ക്കാന്‍ പ്രാപ്തരാക്കുന്ന നമ്മുടെ രണ്ടു കാലുകള്‍ പോലെയാണത്. വിശ്വാസത്തോടു കൂടെ സഹിഷ്ണുത എപ്പോഴും നമുക്കാവശ്യമുണ്ട്. ഈ സഹിഷ്ണുത നമ്മില്‍ ഒരു പ്രവൃത്തി ചെയ്യുവാന്‍ നാം അനുവദിച്ചാല്‍ അത് നമ്മെ ഒന്നിനും കുറവില്ലാത്ത പൂര്‍ണ്ണതയുള്ളവരാക്കും. (1:4). ഈ ലക്ഷ്യം അറിയുക- ”ഒന്നിനും കുറവില്ലാതെ പക്വതയും പൂര്‍ണ്ണതയും ഉള്ളവര്‍”. ആ ലക്ഷ്യത്തില്‍ എത്തുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ശോധനകളിലൂടെയാണ് അതിലേയ്ക്കുള്ള വഴി. അവിടെയെത്താന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ല.

നാം ഇനിയും അവിടെ എത്തിയിട്ടില്ലാത്തതിനാല്‍ ഇനിയുമധികം ശോധനകളിലൂടെ പോകേണ്ടതായിട്ടുണ്ട്. എന്റെ ജീവിതത്തില്‍ ഞാന്‍ എന്തെങ്കിലും ആത്മീയമൂല്യങ്ങള്‍ നേടിയിട്ടുണ്ടെങ്കില്‍ അത് ദൈവം എന്നെ കടത്തിവിട്ട വിവിധ ശോധനകളിലൂടെയാണ്. എന്നാല്‍ ഒന്നിനും കുറവില്ലാത്ത പക്വതയും പൂര്‍ണ്ണതയും ഉള്ളവനാകുക എന്ന ലക്ഷ്യത്തില്‍ എത്തുവാന്‍ ഇനിയും അനേകം ശോധനകളിലൂടെ ഞാന്‍ കടക്കേണ്ടതായിട്ടുണ്ട്. ദൈവം നമുക്കെല്ലാം വേണ്ടി വച്ചിരിക്കുന്ന ലക്ഷ്യമതാണ്. ഏതെങ്കിലും ഒരു ശോധനയിലൂടെ കടന്നുപോകുമ്പോള്‍ നിങ്ങളുടെ വിശ്വാസം യഥാര്‍ത്ഥമായിരുന്നില്ല എന്നു നിങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അതില്‍ നിരാശപ്പെടരുത്. അതു വെളിപ്പെടുത്തി തന്ന ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് യഥാര്‍ത്ഥ വിശ്വാസം ലഭിക്കുന്നതിനു ദൈവത്തോടു പ്രാര്‍ത്ഥിക്കുക. ദൈവം അത് നിങ്ങള്‍ക്കു നല്‍കും.

ശോധനകളെ നേരിടുവാന്‍ നമുക്കു വളരെ ആവശ്യമുള്ളത് ജ്ഞാനമാണ്. അതിനാല്‍ നാം ദൈവത്തോട് അത് ചോദിക്കണം. ആരെങ്കിലും നിങ്ങളോട് മോശമായി പെരുമാറി എന്നു കരുതുക. അവരോടു ദൈവികമായ രീതിയില്‍ പ്രതികരിക്കുന്നതിനു നിങ്ങള്‍ക്കു ജ്ഞാനം വേണം. അല്ലെങ്കില്‍ സുവിശേഷ വിരോധികള്‍ നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നിരിക്കട്ടെ. അപ്പോഴും നിങ്ങള്‍ക്കു ജ്ഞാനം വേണം. അതിനയി ചോദിക്കുക. ഇതാ ഇവിടെ ഉത്സാഹിപ്പിക്കുന്ന വചനം: ”തന്നോട് യാചിക്കുന്നവരെ ദൈവം ഒരുനാളും ശാസിക്കുകയില്ല” (1:5). നമുക്കു വീഴ്ച സംഭവിച്ചപ്പോള്‍ നമ്മുടെ അദ്ധ്യാപകരും മാതാപിതാക്കളും പല തവണ നമ്മെ ശാസിച്ചിട്ടുണ്ട്. എന്നാല്‍ ദൈവം ഒരിക്കലും നമ്മെ ശാസിക്കുകയില്ല. അത് വലിയ ഉത്സാഹം തരുന്ന ഒരു അറിവാണ്. ദൈവഭക്തനായ ഒരു പിതാവ് തന്റെ മക്കളെ തിരുത്തും; എന്നാല്‍ ശാസിക്കുകയില്ല. നമ്മെക്കാള്‍ കുറഞ്ഞവരായി കാണുന്നവരെയാണ് നാം ശാസിക്കുന്നത്. നാം അവരെ വിഡ്ഢികളും, എല്ലാം കുഴച്ചു മറിക്കുന്നവരും എന്ന രീതിയില്‍ കാണുന്നു. എന്നാല്‍ ദൈവം ആരേയും തുച്ഛീകരിക്കുന്നില്ല. അവിടുന്ന് ഇങ്ങനെയാണ് പറയുന്നത്. -”എന്റെ മകനെ നീ ചെയ്തത് തെറ്റിപ്പോയി. എന്നാല്‍ എങ്ങനെ വേണമെന്നു ഞാന്‍ നിന്നെ പഠിപ്പിക്കാം. അതിനുള്ള ജ്ഞാനവും തരാം. അങ്ങനെ അടുത്ത തവണ നിനക്കു ശരിയായി ചെയ്യുവാന്‍ കഴിയും.” ഇതാണ് ദൈവത്തിന്റെ വഴി. അത് എപ്പോഴും സൗമ്യവും കൃപ നിറഞ്ഞതും ആയിരിക്കും.

അതിനാല്‍ ഏതെങ്കിലുമൊരു സാഹചര്യത്തില്‍ നിങ്ങള്‍ക്കു ജ്ഞാനം കുറവായി കണ്ടാല്‍ ദൈവത്തിന്റെ അടുക്കല്‍ ചെന്ന് അവിടുത്തോടു ചോദിക്കുക. അവിടുന്നു നിങ്ങള്‍ക്കു നല്‍കും. എന്നാല്‍ ഒരു നിബന്ധന കൂടെയുണ്ട്. നിങ്ങള്‍ ചോദിക്കുമ്പോള്‍ വിശ്വാസത്തോടെ ചോദിക്കണം. വിശ്വാസത്തെക്കുറിച്ചുള്ള എന്റെ നിര്‍വ്വചനം ഇതാണ്– ”അവിടുന്ന് വാഗ്ദാനം ചെയ്തിട്ടുള്ളത് എനിക്കു തരുവാനുള്ള ദൈവത്തിന്റെ താല്‍പര്യം, അതു സ്വീകരിക്കുവാന്‍ എനിക്കുള്ള താല്‍പര്യത്തെക്കാള്‍ അധികമാണ് എന്നു വിശ്വസിക്കുന്നതാണ് അടിയുറച്ച വിശ്വാസം.” അതുകൊണ്ട് വിശ്വസിക്കുക. നിങ്ങള്‍ക്കു ജ്ഞാനം തരുവാന്‍ ദൈവം ആഗ്രഹിക്കുന്നു.

നിങ്ങള്‍ വിശ്വാസത്തോടെ ചോദിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ കാറ്റില്‍ ഇളകി മറിയുന്ന കടല്‍ത്തിര പോലെയാണെന്നാണ് യാക്കോബ് പറയുന്നത്. ഒരു കടല്‍ത്തീരത്തു തിരമാലകള്‍ വന്നു പോകുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? വിശ്വാസമില്ലാത്ത മനുഷ്യന്‍ അങ്ങനെയാണ്. അവന്‍ ഒരു നിമിഷം ദൈവത്തില്‍ വിശ്വസിക്കുന്നു. അടുത്ത നിമിഷം അവന്റെ വിശ്വാസം നഷ്ടപ്പെടുന്നു. നിങ്ങള്‍ ദൈവത്തോട് ചോദിക്കുകയും ”അതെ, ദൈവം എനിക്കു ജ്ഞാനം തരും. ഇല്ല ദൈവം എനിക്കു ജ്ഞാനം തരികയില്ല” എന്നിങ്ങനെ ചിന്തിക്കുകയും ചെയ്താല്‍, അങ്ങനെ മുന്നോട്ടും പിന്നോട്ടും ചാഞ്ചാടിയാല്‍, നിങ്ങള്‍ക്കു ലഭിക്കുകയില്ല. വിശ്വാസം ഇല്ലാത്തവര്‍ക്കു ദൈവവചനം നല്‍കുന്ന ‘വാഗ്ദാനം’ ഇതാണ് – ”കര്‍ത്താവില്‍നിന്നും എന്തെങ്കിലും ലഭിക്കും എന്നു ചിന്തിക്കരുത്”(1:7). അയാള്‍ക്കു പാപക്ഷമയോ, പരിശുദ്ധാത്മസ്‌നാനമോ, പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമോ, ദൈവഭക്തിയോ, ആത്മീയ സമ്പത്തോ, ഒന്നും ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ഇരുമനസ്സുള്ളവനും എല്ലാ വഴികളിലും അസ്ഥിരനും ആണെന്നാണ് യാക്കോബ് പറയുന്നത്.

യാക്കോബ് പിന്നീട് വിശ്വാസമുള്ള ഒരു എളിയ സഹോദരനെക്കുറിച്ച് പറയുന്നു. അവന് ആത്മികസമ്പത്തു കുറവാണെങ്കിലും വിശ്വാസത്താല്‍ ക്രിസ്തുവിലുള്ള തന്റെ ഉന്നതസ്ഥാനത്തെ ഓര്‍ത്ത് സന്തോഷിക്കുവാന്‍ സാധിക്കുന്നു (1:9). അവന്‍ തനിക്കു ചുറ്റുമുള്ള ധനികരായ വിശ്വാസികളോട് അസൂയപ്പെടുന്നില്ല എന്നു മാത്രമല്ല തന്നോട് ആരെങ്കിലും സഹതാപം കാണിക്കണമെന്ന് ആഗ്രഹിക്കുന്നതുമില്ല. താനൊരു രാജാവിന്റെ മകനാണെന്നും തന്റെ സമ്പത്തു സ്വര്‍ഗ്ഗത്തിലാണെന്നും അവനു നല്ല നിശ്ചയമുണ്ട്. അതിനാല്‍ തന്നെ അവനു സ്വയം ഒരു അഭിമാനമുണ്ട്. ഇങ്ങനെയാണ് യഥാര്‍ത്ഥ വിശ്വാസമുള്ള ഒരു എളിയ സഹോദരന്‍ ചിന്തിക്കേണ്ടത്.
അതുപോലെ തന്നെ ധനികനായ ഒരു സഹോദരന്‍ വിശ്വാസത്താല്‍ തന്റെ സമ്പത്തും പണവും എല്ലാം നോക്കി ഇങ്ങനെ പറയും: ”ഇവയെല്ലാം പുല്ലിന്റെ പൂവുപോലെ വാടിപ്പോകുന്നതാണ്”(1:10). ഒരു ദിവസം അത് അവിടെയുണ്ട്, അടുത്തദിവസം അതില്ല. ധനികനായ ഒരുവന്‍ തന്റെ ഭൗതിക സമ്പത്തിനും പണത്തിനും വേണ്ടി ജീവിച്ചാല്‍ ഒരുനാള്‍ തന്റെ എല്ലാ സമ്പത്തിനോടൊപ്പം അവന്‍ മാഞ്ഞുപോകും. എന്നാല്‍ അവന്‍ തന്റെ ഭൗതികസമ്പത്തിനുവേണ്ടി ജീവിക്കാതെ ദൈവരാജ്യത്തിനുവേണ്ടി ജീവിച്ചാല്‍ അവന്റെ ഭൗതിക സമ്പത്തു മാഞ്ഞുപോകുമ്പോഴും അവന്‍ ജീവിക്കും.


പ്രലോഭനവും പാപവും


പിന്നീട് യാക്കോബ് പ്രലോഭനത്തേയും പാപത്തേയും കുറിച്ച് സംസാരിക്കുന്നു. ആദ്യം അദ്ദേഹം സംസാരിച്ചത് ജീവിതത്തിലെ കഷ്ടതകളാകുന്ന പരീക്ഷകളെക്കുറിച്ചായിരുന്നു. ഇപ്പോള്‍ പാപം ചെയ്യാനുള്ള പ്രലോഭനങ്ങളെക്കുറിച്ച് പറയുന്നു. പ്രലോഭനങ്ങളെ സ്ഥിരതയോടെ നേരിട്ട് ജയിച്ചുകൊണ്ടിരുന്നാല്‍ ഒരുനാള്‍ ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്കു വച്ചിരിക്കുന്ന ജീവകിരീടം നാം പ്രാപിക്കും എന്നും അദ്ദേഹം പറയുന്നു. നാം ദൈവത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ പാപം ചെയ്യാനുള്ള എല്ലാ പ്രലോഭനത്തേയും എതിര്‍ക്കും. ഒരു പരീക്ഷ വരുമ്പോള്‍ നിങ്ങള്‍ ഇങ്ങനെ ചോദിക്കരുത്: ”ദൈവമേ, അവിടുന്നു എന്തിന് ഈ പരീക്ഷ എന്റെ മേല്‍ അയച്ചു?” ദൈവം അത് ഒരിക്കലും അയച്ചിട്ടില്ല. ദൈവം ആരേയും പരീക്ഷിക്കുന്നില്ല. ”പരീക്ഷിക്കപ്പെടുമ്പോള്‍ ദൈവം എന്നെ പരീക്ഷിക്കുന്നു എന്ന് ആരും പറയരുത്. ദൈവം ദോഷങ്ങളാല്‍ പരീക്ഷിതനാവുന്നില്ല, താന്‍ ആരേയും പരീക്ഷിക്കുന്നതുമില്ല”(1:13). പിന്നെ ആരാണ് നിങ്ങളെ പരീക്ഷിക്കുന്നത്? നിങ്ങളുടെ ജഡത്തിലെ മോഹങ്ങളാല്‍ സാത്താനാണ് അത് ചെയ്യുന്നത്. കാരണം നാം എല്ലാം നമ്മുടെ ശൈശവ കാലം മുതല്‍ നമ്മുടെ ജഡത്തിന്റെ ഇച്ഛകളില്‍ മുഴുകി ജീവിച്ചവരാണ്. ആ മോഹങ്ങളെ ഉപയോഗിച്ച് നമ്മെ പ്രലോഭിപ്പിക്കുവാന്‍ സാത്താനു കഴിയും. ഒരു യുദ്ധം നടക്കുമ്പോള്‍, ഒരു രാജ്യം അതിന്റെ ശത്രു രാജ്യത്തിന്റെ ഉള്ളിലേയ്ക്കു ചാരന്മാരെ അയച്ച് അതിന്റെ ഉള്ളില്‍നിന്നും നാശമുണ്ടാക്കുവാന്‍ ശ്രമിക്കും. യുദ്ധമുഖത്ത് നേരിട്ട് പോരാടുമ്പോള്‍ തന്നെ ഇരുരാജ്യങ്ങളും ചാരന്മാരെ ഉപയോഗിച്ച് ഉള്ളില്‍നിന്നും ഒരു പോരാട്ടം നടത്തും. ഇതാണ് സാത്താനും ചെയ്യുന്നത്. നമ്മുടെ ഉള്ളിലുള്ള സാത്താന്റെ ചാരന്മാരെ നാം തിരിച്ചറിയണം. നമ്മുടെ ജഡത്തിലുള്ള ദൈവികമില്ലാത്ത എല്ലാ മോഹങ്ങളുമാണത്. അവയെ മരണത്തിന് ഏല്പിച്ചുകൊടുക്കുക. നിങ്ങളുടെ ഉള്ളിലുള്ള സാത്താന്റെ ചാരന്മാരെ കൊന്നു നശിപ്പിച്ചു കഴിഞ്ഞാല്‍ യുദ്ധമുഖത്ത് സാത്താനെ നേരിടുവാന്‍ നിങ്ങള്‍ അധികം ശക്തരായി തീരും.

നിങ്ങളുടെ മനസ്സിനെ തെറ്റായ ഒരു ആഗ്രഹത്തോട് ചേരുവാന്‍ അനുവദിക്കുമ്പോഴാണ് നിങ്ങള്‍ പാപം ചെയ്യുന്നത്. അതുവരെ നിങ്ങളുടെ മനസ്സിലേക്കു വരുന്ന ചിന്തകള്‍ ഒരു പ്രലോഭനം മാത്രമാണ്. ഉദാഹരണത്തിനു നിങ്ങളൊരു റോഡില്‍ കൂടെ പോകുമ്പോള്‍ പ്രലോഭിപ്പിക്കുന്ന ഒരു കാഴ്ച കണ്ടുവെന്നിരിക്കട്ടെ. അത് പാപമല്ല. പ്രലോഭനം മാത്രമാണ്. അത് വീണ്ടും കാണുവാന്‍ വേണ്ടി നോക്കിയാല്‍ അത് പാപമാണ്. ആദ്യനോട്ടം പ്രലോഭനവും രണ്ടാമത്തെ നോട്ടം പാപവും. ചുറ്റും ദുഷ്ടത നിറഞ്ഞിരിക്കുന്ന ഒരു ലോകത്തില്‍ നാം ജീവിക്കുന്നതിനാല്‍ ഈ ആദ്യ നോട്ടം ഒഴിവാക്കുവാന്‍ നമുക്കു കഴിയുകയില്ല. എന്നാല്‍ ആ തിന്മയോട് നാം ചേരണമോ എന്നത് നമുക്കു തീരുമാനിക്കാവുന്ന കാര്യമാണ്.

യാക്കോബിന്റെ ലേഖനത്തിന്റെ കേന്ദ്ര വചനമായി നമുക്കു പറയാവുന്ന വാക്യം 2:26 ആണ്- ”ആത്മാവില്ലാത്ത ശരീരം നിര്‍ജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിര്‍ജ്ജീവമാകുന്നു.” വേദശാസ്ത്ര സത്യങ്ങളെ മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളോടു താരതമ്യം ചെയ്യാം. വിശ്വാസം നമ്മുടെ ശരീരത്തിലെ ശ്വാസം പോലെയാണ്. വിശ്വാസത്തിന്റെ പ്രവൃത്തിയില്ലാതെ വേദശാസ്ത്ര സത്യങ്ങളില്‍ വിശ്വസിക്കുന്നത് ആത്മീയ മരണം കൊണ്ടുവരുന്നു.

നാവ് ഒരു അഗ്നിയാണ്


യാക്കോബ് മൂന്നാം അദ്ധ്യായം നാവിന്റെ ഉപയോഗത്തെക്കുറിച്ചു പറയുന്ന വേദപുസ്തകത്തിലെ മഹത്തായൊരു അദ്ധ്യായമാണ്. നമ്മുടെ സംഭാഷണം ജ്ഞാനത്തോടെ ആയിരിക്കണമെന്നു സദൃശവാക്യങ്ങളിലും പലവട്ടം പറയന്നുണ്ട്. പെന്തക്കോസ്തു നാളില്‍ ഒരു അഗ്നിനാവാണ് ആളുകളുടെ മേല്‍ വന്നത്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ സംഭാഷണങ്ങളില്‍ നാം എത്രമാത്രം ശ്രദ്ധിക്കണമെന്ന കാര്യത്തില്‍ ഇന്നത്തെ ക്രിസ്തീയ സമൂഹം വലിയ പ്രാധാന്യം നല്‍കുന്നില്ല. നിങ്ങള്‍ ദൈവത്തെ സേവിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നാവിനെ നിയന്ത്രിക്കുന്നത് ഗൗരവത്തോടെ കാണും. പല പ്രസംഗകര്‍ക്കും അവരുടെ പ്രസംഗത്തിനു ദൈവത്തില്‍ നിന്ന് ഒരു വചനം ലഭിക്കാതിരിക്കുന്നതിനു കാരണം അവര്‍ ഈ വിഷയത്തില്‍ പരാജയപ്പെടുന്നു എന്നുള്ളതാണ്. ദൈവത്തിന്റെ വക്താവാകണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് ദിനംതോറുമുള്ള സംഭാഷണത്തില്‍ ഉല്‍കൃഷ്ഠമായതില്‍ നിന്ന് എല്ലാ അധമമായതും തള്ളിക്കളയണം (യിരെമ്യ. 15:19). സാധാരണ സംഭാഷണങ്ങളില്‍ വ്യര്‍ത്ഥ വാക്കുകള്‍ ഉണ്ടായാല്‍ നിങ്ങള്‍ പ്രസംഗ പീഠത്തില്‍ നില്‍ക്കുമ്പോള്‍ ദൈവം നിങ്ങളിലൂടെ സംസാരിക്കും എന്നു പ്രതീക്ഷിക്കരുത്. പണം സംബന്ധമായി വിശ്വസ്തനല്ലാത്ത ഒരാളെ ദൈവം തന്റെ സ്വര്‍ഗ്ഗീയ സമ്പത്ത് ഏല്പിക്കുകയില്ല (ലൂക്കൊ. 16:11).

ഒരു കുതിരയെ നിയന്ത്രിക്കുവാന്‍ ഇടുന്ന കടിഞ്ഞാണ്‍ പോലെയാണ് നാവ് (3:3). കടിഞ്ഞാണില്ലാത്ത കുതിര യാതൊരു നിയന്ത്രണവുമില്ലാതെ പാഞ്ഞു നടക്കും. അത്തരമൊരു കുതിരയെക്കൊണ്ട് ഒരു പ്രയോജനവുമില്ല. കടിഞ്ഞാണിട്ട് നിയന്ത്രിക്കപ്പെടുന്ന കുതിരയാണു പന്തയത്തില്‍ വിജയിക്കുന്നത്. ദൈവത്തിനു വേണ്ടി ഫലപ്രദമായ സഭാ ജീവിതം ജീവിക്കണമെങ്കില്‍ നിങ്ങളുടെ വായ് കടിഞ്ഞാണിട്ടു നിയന്ത്രിക്കണം. നിങ്ങളുടെ സംസാരത്തെ പൂര്‍ണ്ണമായി നിയന്ത്രിക്കുവാന്‍ ദൈവത്തോട് അപേക്ഷിക്കുക.

നാവിനെ ഒരു കപ്പലിന്റെ ചുക്കാനോട് താരതമ്യം ചെയ്തിരിക്കുന്നു (3:4). എല്ലാ ബോട്ടിന്റെയും കപ്പലിന്റെയും പിന്നില്‍ ഘടിപ്പിച്ചിട്ടുള്ള ഒരു ചെറിയ സ്റ്റീല്‍ ഉപകരണമാണ് ‘ചുക്കാന്‍’ എന്നത്. ചുക്കാന്‍ ഒരു ദിശയിലേക്കു തിരിക്കുമ്പോള്‍ കപ്പല്‍ ആ ദിശയിലേക്കു തിരിയും. വലിയൊരു കപ്പലിനെ ഏതു ദിശയിലേക്കും തിരിക്കുന്നത് അതിന്റെ പുറകില്‍ പിടിപ്പിച്ചിരിക്കുന്ന ഈ ചെറിയ ഉപകരണമാണ്. നിങ്ങളുടെ പ്രവര്‍ത്തനമോ വചന പരിജ്ഞാനമോ കൊണ്ടല്ല പകരം നാവിലൂടെയാണ് നിങ്ങളുടെ ആത്മീയത പരീക്ഷിക്കപ്പെടുന്നത്. നിങ്ങളുടെ നാവിനെ ഉപയോഗിക്കുന്നത് എങ്ങനെ എന്നു കാണിച്ചു തരിക. എന്നാല്‍ ഞാന്‍ പറയാം നിങ്ങളൊരു ആത്മീയനാണോ അല്ലയോ എന്നത്.

യാക്കോബ് ഈ ഉദാഹരണങ്ങളെല്ലാം ഉപയോഗിക്കുന്നത് നാവിന്റെ പ്രാധാന്യം നമ്മെ അറിയിക്കുന്നതിനു വേണ്ടിയാണ്. അതു ശരീരത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണെങ്കിലും എത്ര വലിയ അഗ്നിയുണ്ടാക്കുവാന്‍ കഴിയുന്ന തീപ്പൊരിയാണത്! (3:5). പല വിശ്വാസികളുടെയും നാവ് ഒരു തീയാണ്. നരക തീ തന്നെ (3:6).

നാവിനെ മെരുക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല (3:7,8). ഒരു സര്‍ക്കസ് കൂടാരത്തില്‍ സിംഹത്തേയും കടുവയേയും മെരുക്കിയിരിക്കുന്നത് നമുക്കു കാണാം. ചില മനുഷ്യര്‍ സിംഹത്തിന്റെ വായില്‍ തലയിട്ടാലും അതു കടിക്കാതിരിക്കത്തക്ക വിധത്തില്‍ അതിനെ മെരുക്കിയതായി നാം കാണുന്നു. എന്നാല്‍ നാവിനെ മെരുക്കാന്‍ നാം പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കണം. പരിശുദ്ധാത്മാവ് പെന്തക്കോസ്തു നാളില്‍ പകരപ്പെട്ടപ്പോള്‍ അഗ്നി നാവായാണ് ആളുകളുടെ മേല്‍ പതിച്ചത്. അതിലൂടെ പരിശുദ്ധാത്മാവ് പറഞ്ഞത് ഇതാണ്: ”ഇന്നു മുതല്‍ ദൈവത്തിന്റെ അഗ്നിയില്‍ നിങ്ങളുടെ നാവിനെ എനിക്കു നിയന്ത്രിക്കണം.” പല ക്രിസ്ത്യാനികളും ഇതു മനസ്സിലാക്കിയിട്ടില്ല. പരിശുദ്ധാത്മ സ്‌നാനത്തെക്കുറിച്ച് പ്രസംഗിക്കുന്ന പലരും ആളുകളെ കൊണ്ട് അന്യഭാഷ സംസാരിപ്പിക്കുന്നതിനാണ് കൂടുതല്‍ താല്പര്യം കാണിക്കുന്നത്. അല്ലാതെ അവരുടെ മാതൃഭാഷയില്‍ കൃപയോടെ സംസാരിപ്പിക്കുന്നതിനല്ല. ഇതു വലിയ ഒരു ദുരന്തമാണ്. ഇതിനാല്‍ അന്യഭാഷയില്‍ ധാരാളം വ്യാജം കടക്കുവാന്‍ ഇടയായിരിക്കുന്നു.

എന്റെ സ്വര്‍ഗ്ഗീയ പിതാവുമായി അറിയപ്പെടാത്ത ഒരു ഭാഷയില്‍ സംസാരിക്കുവാന്‍ പരിശുദ്ധാത്മാവ് എനിക്കു വരം നല്‍കിയിരിക്കുന്നു. അതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. അതിലുപരി അവിടുന്ന് എന്റെ മാതൃഭാഷയെ നിയന്ത്രിച്ചിരിക്കുന്നു. അതുകൊണ്ട് ഞാന്‍ ദൈവത്ത അധികം സ്തുതിക്കുന്നു. പരിശുദ്ധാത്മാവിനെയാണോ അതോ മറ്റേതെങ്കിലും വ്യാജാത്മാവിനെയാണോ പ്രാപിച്ചിരിക്കുന്നതെന്നു അങ്ങനെ നമുക്കു അറിയാന്‍ സാധിക്കും. ഇതു നിങ്ങള്‍ വ്യക്തിപരമായി പരീക്ഷിക്കുക. നിങ്ങള്‍ക്കു നിങ്ങളുടെ മാതൃഭാഷയെ നിയന്ത്രിക്കുവാന്‍ കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ക്കു ലഭിച്ച മറ്റെല്ലാ ആത്മാവിനേയും നിഷേധിച്ച് പരിശുദ്ധാത്മാവിന്റെ നിറവിനായി ദൈവത്തോട് അപേക്ഷിക്കുക. കൃപയോടെ സംസാരിക്കുന്നതിനുള്ള ശക്തി എപ്പോഴും വേണമെന്നു ദൈവത്തോടു പറയുക. പരിശുദ്ധാത്മാവിനു മാത്രമേ നിങ്ങളുടെ നാവിനെ മെരുക്കുവാന്‍ സാധിക്കുകയുള്ളു. സഭാ യോഗത്തില്‍ വച്ച് ദൈവത്തെ സ്തുതിക്കുകയും അതു കഴിഞ്ഞാലുടന്‍ തന്നെ ആളുകളെ ശപിക്കുകയും ചെയ്യുവാന്‍ എങ്ങനെ നിങ്ങള്‍ക്കു കഴിയും? (3:9).

യാക്കോബ് 3:13-ല്‍ ഇങ്ങനെ പറയുന്നു: ”ജ്ഞാനിയായവന്‍ തന്റെ ജ്ഞാനത്തിന്റെ ലക്ഷണമായ സൗമ്യതയില്‍ നല്ല ജീവിതത്തിലൂടെ തന്റെ പ്രവൃത്തികള്‍ കാണിക്കട്ടെ. ജ്ഞാനിയായ ഒരാളില്‍ ഒരിക്കലും കാണാന്‍ സാധിക്കാത്ത രണ്ടു കാര്യങ്ങളാണ് കയ്പു നിറഞ്ഞ അസൂയയും സ്വാര്‍ത്ഥ മോഹങ്ങളും”(3:14). എത്ര ദൈവവചന പരിജ്ഞാനമുണ്ടെങ്കിലും നിങ്ങള്‍ക്ക് ആരോടെങ്കിലും അസൂയ ഉണ്ടെങ്കില്‍ നിങ്ങള്‍ ഒരു ജ്ഞാനിയല്ല. ‘മറ്റുള്ളവരേക്കാള്‍ നന്നായി പ്രാര്‍ത്ഥിക്കുവാനും പ്രസംഗിക്കുവാനും എനിക്കു കഴിയുമെന്നും എന്റെ സഭയാണ് വലിയ സഭയെന്നും ഞാന്‍ പലതും നിര്‍വ്വഹിച്ചിട്ടുള്ള ആളാണെന്നും’ ആത്മപ്രശംസ നടത്തുന്ന ഒരാളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ ലൗകിക മനസ്സുള്ളവനും, ജഡികനും, പൈശാചികനുമാണ് (3:15). അസൂയയും സ്വാര്‍ത്ഥമോഹവും എന്ന ഇരട്ട അപകടങ്ങളെക്കുറിച്ചു യാക്കോബ് വീണ്ടും പറയുന്നു (3:16). ഇന്നു ക്രൈസ്തവ ലോകത്ത് ആസൂയയും സ്വാര്‍ത്ഥ മോഹങ്ങളും ധാരാളം കാണുന്നു. ഒരാളുടെ ശുശ്രൂഷയെ ദൈവം അനുഗ്രഹിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അയാളോട് അസൂയ തോന്നുന്നതിനും അയാളെ വിമര്‍ശിക്കുന്നതിനും സാദ്ധ്യതയുണ്ട്. അവന്‍ ദുരാത്മാക്കളാല്‍ സ്വാധീനിക്കപ്പെട്ടവനാണ്. തന്നേക്കാള്‍ ചെറുപ്പക്കാരനായ ഒരാള്‍ തന്നേക്കാള്‍ അധികം ആത്മീയ ശുശ്രൂഷ ചെയ്യുമ്പോള്‍ അതില്‍ ആത്മീയ മനസ്സുള്ള ഒരാള്‍ക്ക് അസൂയ തോന്നുന്നില്ല. ഒരിക്കലും അസൂയപ്പെടാതെ അയാള്‍ ദൈവത്തെ സ്തുതിക്കും.

മറ്റുള്ളവര്‍ ദൈവത്തിനു വേണ്ടി ചെയ്യുന്ന കാര്യങ്ങളെ പ്രകീര്‍ത്തിക്കുന്നതില്‍ നിന്നു സ്വാര്‍ത്ഥമോഹം നിങ്ങളെ തടയും. ചില ആളുകള്‍ തെറ്റായ ഉദ്ദേശ്യത്തോടെ ദൈവത്തെ സേവിക്കുന്നത് കണ്ടപ്പോഴും പൗലൊസ് സന്തോഷിച്ചു (ഫിലി. 1:15-18). നമ്മോടു വിയോജിക്കുന്നവരെ നാം വിധിക്കേണ്ട കാര്യമില്ല. സകല മനുഷ്യരേയും ന്യായംവിധിക്കുന്നവന്‍ ദൈവമാണ്. മനുഷ്യന്‍ മരിക്കുന്നതു വരെ ന്യായവിധിക്കായി ദൈവം കാത്തിരിക്കുന്നു (എബ്ര. 9:27). അതിനാല്‍ ന്യായവിധിയും ദൈവത്തിനു വിട്ടുകൊടുക്കാം. തെറ്റായ ഉപദേശങ്ങള്‍ പ്രസംഗിക്കുന്നതിനോടും ക്രിസ്തീയമല്ലാത്ത രീതികളോടും നമുക്കു വിയോജിക്കാം. അതോടൊപ്പം അവരുടെ തെറ്റുകള്‍ തുറന്നു കാട്ടുകയും ചെയ്യാം. എന്നാല്‍ നാം അവരെ വിധിക്കരുത്. ഒരാള്‍ ദൈവത്തെ മോശമായി ശുശ്രൂഷിക്കുന്നതിനെ വിമര്‍ശിക്കുന്നതിനു മുന്‍പ് നിങ്ങള്‍ എന്താണ് ദൈവത്തിനുവേണ്ടി ചെയ്തതെന്നു സ്വയം ചോദിക്കണം.

സദൃശവാക്യങ്ങള്‍ 9:1ല്‍ ജ്ഞാനത്തിന്റെ ഏഴു തൂണുകളെക്കുറിച്ചു പറയുന്നുണ്ട്. യാക്കോബ് 3:17ലും തൂണുകളെക്കുറിച്ചു പറയുന്നുണ്ട്. നിര്‍മ്മലമായത്, സമാധാനവും സൗമ്യതയും അനുസരണവും ഉള്ളത്. കൂടതെ അതു കരുണയും സല്‍ഫലങ്ങളും നിറഞ്ഞതും, പക്ഷപാതവും കാപട്യവും ഇല്ലാത്തതും ആയിരിക്കും. ഇതാണ് ആ ജ്ഞാനം അതു ധ്യാനിക്കുവാന്‍ പറ്റിയ സ്വഭാവ ഗുണങ്ങളാണ്. ഇതില്‍ ഏതെങ്കിലും കുറവുള്ളതായി കണ്ടാല്‍ നാം അതു ദൈവത്തോട് ചോദിക്കണമെന്നാണ് 1:5ല്‍ ആവശ്യപ്പെടുന്നത്. ഈ സ്വഭാവ ഗുണങ്ങള്‍ ധാരാളമായി നമുക്കു നല്‍കാമെന്നു ദൈവം വാഗ്ദാനം ചെയ്യുന്നു.


ലോകത്തോടുള്ള സൗഹൃദം


4:4ല്‍ യാക്കോബ് പറയുന്നത് ‘ലോകത്തോടുള്ള സ്‌നേഹം നിങ്ങളെ ദൈവത്തിന്റെ ശത്രുവാക്കു’മെന്നാണ്. ഈ ലോകത്തെ സ്‌നേഹിക്കുന്നവന്‍ വ്യഭിചാരിണിയാണ്. കാരണം യേശുക്രിസ്തുവെന്ന മണവാളനോടുള്ള വിവാഹ ഉടമ്പടിയില്‍ അവിശ്വസ്തത കാണിച്ചിരിക്കുന്നു. ലോകസ്‌നേഹം അത്ര ഗൗരവമുള്ള കാര്യമാണ്. ലോകത്തിന്റെ പ്രമാണങ്ങളും അതിലെ ജീവിതവും ദൈവത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. അതിനാല്‍ നിങ്ങള്‍ ലോകത്തോട് ചേര്‍ന്നാല്‍ ഉടനെ നിങ്ങള്‍ ദൈവത്തിന്റെ ശത്രുവായി കഴിഞ്ഞിരിക്കും. ‘ലോകത്തിന്റെ സ്‌നേഹിതരാകരുത്’ എന്നതിന്റെ അര്‍ത്ഥം ലോകത്തില്‍ നിന്നും നിങ്ങള്‍ക്കു സ്‌നേഹിതരുണ്ടാകരുത് എന്നല്ല. ഇവിടെ അദ്ദേഹം പറയുന്നത് ലോക വ്യവസ്ഥയെക്കുറിച്ചും ലോകത്തെ നിയന്ത്രിക്കുന്ന അതിന്റെ പ്രമാണങ്ങളെ സംബന്ധിച്ചുമാണ്. നിങ്ങള്‍ യേശുവിന്റെ ശിഷ്യനാണെങ്കില്‍ നിങ്ങള്‍ ലോകത്തിന്റെ മൂല്യങ്ങളെ തള്ളിക്കളഞ്ഞ് ദൈവിക മൂല്യങ്ങളെ മുറുകെ പിടിക്കും.

തുടര്‍ന്ന് 4:5ല്‍ യാക്കോബ് ഇങ്ങനെ പറയുന്നു ”ദൈവം നമ്മില്‍ നിവസിച്ചിരിക്കുന്ന ആത്മാവിന്റെ വാഞ്ഛ അതിതീക്ഷ്ണമാണ്.” ആത്മാവ് ഒരു മനുഷ്യന്റെ ഏറ്റവും അന്തര്‍ഭാഗത്തുള്ളതാണ്. ഒരു ക്രിസ്ത്യാനിയില്‍ ദൈവം വസിക്കുന്നത് അവിടെയാണ്. ഒരു ഭര്‍ത്താവ് തന്റെ ഭാര്യ തനിക്കു മാത്രമുള്ളതാകണമെന്ന് എത്ര തീക്ഷ്ണതയോടെ ആഗ്രഹിക്കുന്നുവോ അതേ തീക്ഷ്ണതയോടെ ദൈവം നമ്മുടെ ആത്മാവിനെ മറ്റാരും സ്വാധീനിക്കരുതെന്നു ആഗ്രഹിക്കുന്നു. നമ്മുടെ ആത്മാവ് യേശുവിനോട് മാത്രം ഏകാഗ്രതയോടെ സമര്‍പ്പിക്കപ്പെടണമെന്നു പരിശുദ്ധാത്മാവ് തീക്ഷ്ണതയോടെ ആഗ്രഹിക്കുന്നു. ഈ ലോകത്തിന്റെ വ്യവസ്ഥിതിയാല്‍ അതു മലിനപ്പെടരുതെന്ന് അവിടുന്നു തീക്ഷ്ണമായി ആഗ്രഹിക്കുന്നു.

നാം താഴ്മയുള്ളവരാണെങ്കില്‍ ലോകത്തിന്റെ മാലിന്യമേല്ക്കാതെ നമ്മെത്തന്നെ ശുദ്ധീകരിക്കുന്നതിനുള്ള ദൈവകൃപ നമുക്കു ദൈവം തരും(4:6). നിഗളികളോട് ദൈവം എതിര്‍ത്തു നില്‍ക്കുന്നു. താഴ്മയുള്ളവരെ ദൈവം താങ്ങി നടത്തുന്നു. നിങ്ങള്‍ താഴ്മയില്‍ തന്നെ തുടര്‍ന്നാല്‍, ദൈവം നിങ്ങളെ എപ്പോഴും പിന്താങ്ങും. എന്നാല്‍ നിങ്ങള്‍ നിഗളിയാണെങ്കില്‍ ദൈവം നമ്മെ എല്ലാം സമയവും പുറകിലേക്കു തള്ളി മാറ്റിക്കൊണ്ടിരിക്കും. പിശാച് നമ്മെ എപ്പോഴും പിന്നിലേക്കു തള്ളുന്നുണ്ട്. നമ്മുടെ ജഡമോഹങ്ങളും നമ്മെ പിന്നോട്ടു വലിക്കുന്നു. അതിനെല്ലാമുപരി ദൈവം കൂടി നമ്മെ പിന്നിലേക്കു തള്ളി മാറ്റിയാല്‍ പിന്നെ നമുക്കു യാതൊരു പ്രതീക്ഷയ്ക്കും വകയില്ല. എന്നാല്‍ നാം താഴ്മയുള്ളവരാണെങ്കില്‍ പിശാചും നമ്മുടെ മോഹങ്ങളും നമ്മെ എത്ര പിന്നോട്ടു തള്ളിയാലും ദൈവം നമ്മെ മുന്നോട്ടു കൊണ്ടുപോകും. അതിനാലാണ് താഴ്മയുള്ളവര്‍ക്കു മാത്രം ആത്മീയ പുരോഗതി ഉണ്ടാകുന്നത്. ക്രിസ്തീയ ജീവിതത്തിന്റെ വിജയ രഹസ്യം ഈ മൂന്നു കാര്യങ്ങളിലാണെന്നു ഞാന്‍ പലപ്പോഴും പറയാറുണ്ട്- ”താഴ്മ, താഴ്മ, താഴ്മ.” നിങ്ങളുടെ സ്ഥാനം, നിറവ്, നിങ്ങളാല്‍ നിര്‍ബന്ധിക്കപ്പെട്ട കാര്യങ്ങള്‍ എന്നിവയുടെയെല്ലാം അടിസ്ഥാനത്തില്‍ നിങ്ങളുടെ ഉള്ളില്‍ ഒരു നിഗളവും ആത്മപ്രശംസയും വരുന്നതായി കണ്ടാല്‍ സൂക്ഷിക്കുക. മറിച്ച് നിങ്ങള്‍ക്കു ലഭിച്ച എല്ലാ നന്മകള്‍ക്കുമായി ദൈവത്തിനു സകല മഹത്വവും മാനവും നല്‍കുക. അല്ലെങ്കില്‍ ദൈവം നിങ്ങളെ എതിര്‍ക്കുവാന്‍ തുടങ്ങും. തന്നെത്താന്‍ താഴ്ത്തി എപ്പോഴും ഇങ്ങനെ പറയുക: ”കര്‍ത്താവേ, ഞാന്‍ എന്തായിരിക്കുന്നുവോ അത് അവിടുത്തെ കൃപ ഒന്നുകൊണ്ട് മാത്രമാണ്.”

നാം ആദ്യം ദൈവത്തിനു പൂര്‍ണ്ണമായി കീഴടങ്ങിയതിനു ശേഷം പിശാചിനെ എതിര്‍ത്താല്‍ അവന്‍ നമ്മെ വിട്ടു ഓടി പോകും. ഇതു ദൈവിക വാഗ്ദാനമാണ് (4:7). എന്നാല്‍ നാം ദൈവത്തിനു പൂര്‍ണ്ണമായി കീഴടങ്ങാതെ പിശാചിനെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ ഒന്നും സംഭവിക്കുന്നില്ല എന്നു നാം മനസ്സിലാക്കും. നാം ദൈവത്തിന് അടുത്തു ചെന്നാല്‍ ദൈവവും നമ്മുടെ അടുക്കലേക്കു വരും(4:8).


പ്രായോഗിക പ്രബോധനങ്ങള്‍


പിന്നീട് യാക്കോബ് പല പ്രായോഗിക പ്രബോധനങ്ങള്‍ നല്‍കുന്നു- ദൈവസന്നിധിയില്‍ നിങ്ങളെ തന്നെ താഴ്ത്തുവിന്‍ (4:10). സഹോദരനു വിരോധമായി സംസാരിക്കുകയോ സഹോദരനെ വിധിക്കുകയോ ചെയ്യരുത് (4:11). ‘ഇന്നോ നാളെയോ ഞാന്‍ ഇങ്ങനെയൊക്കെ ചെയ്യും’ എന്നു ആത്മപ്രശംസയോടെ പറയരുത്. നിങ്ങളുടെ ജീവന്‍ ദൈവത്തിന്റെ കൈകളിലാണെന്നും ദൈവം അനുവദിച്ചാല്‍ മാത്രമേ നിങ്ങള്‍ക്കു എവിടെയെങ്കിലും പോയി എന്തെങ്കിലും ചെയ്യാന്‍ സാധിക്കു എന്നതും ഓര്‍ക്കുക. എന്തു ചെയ്താലും ദൈവത്തിന് അതിന്റെ മഹത്വം കൊടുക്കുക (4:13-17).

യാക്കോബ് പിന്നീട് സഭയിലെ ധനികരോട് സംസാരിക്കുന്നു. അവര്‍ തങ്ങളുടെ സമ്പത്തില്‍ ഒരിക്കലും ആശ്രയം വയ്ക്കരുതെന്നും അവര്‍ക്കു വേണ്ടി വേല ചെയ്യുന്നവര്‍ക്കു കൃത്യമായ വേതനം നല്‍കണമെന്നും പ്രബോധിപ്പിക്കുന്നു. തങ്ങളുടെ വേലക്കാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന വേതനം നല്‍കാതെ നിങ്ങള്‍ പണം സമ്പാദിക്കാന്‍ ശ്രമിക്കരുത് (5:1-4). ഞായറാഴ്ച സഭാ യോഗത്തില്‍ വലിയ കാര്യങ്ങള്‍ പ്രസംഗിക്കുകയും എന്നാല്‍ വീട്ടിലെ വേലക്കാര്‍ക്കു മതിയായ വേതനം നല്‍കാതിരിക്കുകയും ചെയ്യുന്ന ചില വിശ്വാസികളെ ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളുടെ വീട്ടിലെ വേലക്കാര്‍ക്കു നിങ്ങള്‍ നല്‍കുന്ന വേതനത്തില്‍ നിന്നും നിങ്ങള്‍ ഒരു യഥാര്‍ത്ഥ വിശ്വാസിയാണോ എന്നു മനസ്സിലാക്കുവാന്‍ സാധിക്കും. നിങ്ങള്‍ ഒരു ലുബ്ധനാണെങ്കില്‍ നിങ്ങളുടെ വേലക്കാരന് ഒരിക്കലും പുതിയ വസ്ത്രം നിങ്ങള്‍ നല്‍കുകയില്ല. അതിനാല്‍ സഭായോഗത്തില്‍ വന്നുള്ള നിങ്ങളുടെ ഉച്ചത്തിലുള്ള ‘ഹല്ലേലുയ്യയ്ക്ക്’ ഒരു വിലയുമില്ല. ദൈവം പറയുന്നു: ”നിശ്ശബ്ദനായിരുന്നു നിങ്ങളോടൊപ്പം വേല ചെയ്യുന്ന ദരിദ്രര്‍ക്ക് എന്തെങ്കിലും നന്മ ചെയ്യുക.” നിങ്ങളുടെ വേലക്കാര്‍ക്കു വേതനം നല്‍കുന്നതില്‍ നിങ്ങള്‍ ലുബ്ധനാണെങ്കില്‍ നിങ്ങളുടെ വിശ്വാസം ഒട്ടും പ്രയോജനമില്ലാത്തതാണ്. നിങ്ങള്‍ നിങ്ങളുടെ വേലക്കാര്‍ക്കു മതിയായ വേതനം നല്‍കുന്നില്ലെങ്കില്‍ നിങ്ങളുടെ ബാങ്കിലുള്ള സമ്പാദ്യം അല്പം വര്‍ദ്ധിക്കും. എന്നാല്‍ ആ സമ്പാദ്യത്തിന്മേല്‍ ഒരു ശാപമുണ്ട്. അതു നിങ്ങളുടെ ജഡത്തെ ദഹിപ്പിച്ചു കളയും (5:3). നിങ്ങളുടെ വേലക്കാരുടെ കരച്ചില്‍ ദൈവ സന്നിധിയില്‍ എത്തുന്നു. ”ഓ ദൈവമേ. അവര്‍ ഞങ്ങള്‍ക്കു മതിയായ വേതനം നല്‍കുന്നില്ല” – ഇങ്ങനെയുള്ള അവരുടെ കരച്ചില്‍ അവിടുന്നു കേള്‍ക്കും.

പിന്നീട് യാക്കോബ് കഷ്ടതയിലൂടെ കടന്നു പോകുന്നവരോട് സംസാരിക്കും. കൊയ്ത്തിനായി കാത്തിരിക്കുന്ന കര്‍ഷകരെ പോലെ ക്ഷമയോടെ കര്‍ത്താവിന്റെ വരവിനായി കാത്തിരിക്കുവാന്‍ അവരെ ഉത്സാഹിപ്പിക്കുന്നു (5:7). ക്ഷമയോടെ നമുക്കു നമ്മുടെ ഹൃദയങ്ങളെ ശക്തിപ്പെടുത്താം (5:8). പിന്നീട് അദ്ദേഹം എല്ലാം വിശ്വാസികളോടുമായി പറയുന്നു: ”ആരും പരസ്പരം പരാതി പറയരുത്. പരാതി പറയുന്നവരെ ദൈവം ന്യായം വിധിക്കുന്നു”(5:9). വളരെ കുറച്ചു വിശ്വാസികള്‍ മാത്രമേ ഈ മുന്നറിയിപ്പ് ഗൗരവമായി എടുത്തിട്ടുള്ളു.

നാം കഷ്ടം അനുഭവിക്കുമ്പോള്‍ ക്ഷമയോടെ കഷ്ടത സഹിച്ച വേദപുസ്തകത്തിലെ പ്രവാചകന്മാരെ നോക്കണം (5:10). പിന്നീട് യാക്കോബ് ഇയ്യോബിന്റെ ഉദാഹരണം ഓര്‍മ്മിപ്പിക്കുന്നു (5:11). എത്ര കഷ്ടതയിലൂയെ കടന്നു പോയെങ്കിലും ഒടുവില്‍ ദൈവം അവനെ എത്രമാത്രം അനുഗ്രഹിച്ചു എന്നു നാം കാണുന്നു! ദൈവം കരുണ നിറഞ്ഞവനാണ്. നിങ്ങള്‍ ദരിദ്രനായതിനാല്‍ മറ്റുള്ളവര്‍ നിങ്ങളോട് മോശമായി പെരുമാറുകയും ദ്രോഹിക്കുകയും നിങ്ങളെ മുതലെടുക്കുകയും ഒക്കെ ചെയ്യുക വഴി നിങ്ങള്‍ കഷ്ടത അനുഭവിക്കുമ്പോള്‍ നിങ്ങള്‍ അതെല്ലാം ദൈവ കരങ്ങളിലേക്കു വിട്ടു കൊടുക്കുക. ഇയ്യോബ് പറഞ്ഞതുപോലെ ”ഞാന്‍ പോകുന്ന വഴി അവിടുന്നു അറിയുന്നു. അവിടുന്നു എന്നെ ശോധന ചെയ്താല്‍ ഞാന്‍ പൊന്നുപോലെ പുറത്തു വരും” (ഇയ്യോ.23:10). ദൈവത്തോട് വിശ്വസ്തനായിരിക്കുക. നിങ്ങളെ കഷ്ടപ്പെടുത്തുന്നവരെ ദൈവം കൈകാര്യം ചെയ്യും, അവിടുന്ന് ഇയ്യോ ബിനു വേണ്ടി ചെയ്തതുപോലെ. യാക്കോബിനു ദരിദ്രരായ ക്രിസ്ത്യാനികളോട് ഒരു വലിയ കരുതലും മനസ്സലിവും ഉണ്ടായിരുന്നതായി നമുക്കു കാണാന്‍ കഴിയുന്നു.

ഒടുവിലായി യാക്കോബ് ചില നിര്‍ദ്ദേശങ്ങള്‍ കൂടി നല്‍കുന്നു: ”എല്ലായ്‌പോഴും സത്യം സംസാരിക്കുക” (5:12). നിങ്ങള്‍ കഷ്ടതയിലൂടെ കടന്നു പോകുന്നുവെങ്കില്‍ പ്രാര്‍ത്ഥിക്കുക; സന്തോഷമനുഭവിക്കുമ്പോള്‍ ദൈവത്തിനു സ്തുതി പാടുക (5:13). നിങ്ങള്‍ രോഗിയാണെങ്കില്‍ സഭയിലെ മൂപ്പന്മാരെ വിളിച്ചു വരുത്തുക. അവര്‍ നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കും. മൂപ്പന്മാര്‍ അല്പം എണ്ണ കയ്യിലെടുത്ത് (പരിശുദ്ധാത്മാവിന്റെ അടയാളമായി) നിങ്ങളുടെ മേല്‍ പൂശി ഇങ്ങനെ പ്രാര്‍ത്ഥിക്കട്ടെ: ”കര്‍ത്താവായ യേശുവേ, ഈ ശരീരം അവിടുത്തെ പരിശുദ്ധാത്മാവിന്റെ ആലയമാകുന്നുവല്ലോ. അങ്ങയുടെ ആലയത്തെ ആരോഗ്യത്തോടെ സൂക്ഷിക്കണമേ. അങ്ങയുടെ പുനരുത്ഥാന ശക്തിയുടെ രുചി ഇവനു നല്‍കണമേ. ആമേന്‍.” വിശ്വാസത്തോടെയുള്ള ഈ പ്രാര്‍ത്ഥന രോഗം സൗഖ്യമാക്കും (5:14,15). ഇവിടെ പറയുന്ന വിശ്വാസം മൂപ്പന്റെ വിശ്വാസമാണ്. രോഗിയുടെ വിശ്വാസം അവന്‍ മൂപ്പന്മാരെ വിളിച്ചപ്പോള്‍ തന്നെ വെളിപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും മൂപ്പന്മാര്‍ക്കും ദൈവം കൊടുത്തിരിക്കുന്ന വിശ്വാസത്തിന്റെ അളവിനനുസരിച്ചു മാത്രമേ കൂടുതല്‍ വിശ്വാസത്തോടെ രോഗ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ സാധിക്കൂ.

രോഗിയായ വ്യക്തിയുടെ ജീവിതത്തില്‍ ഏതെങ്കിലും പാപം ഏറ്റു പറഞ്ഞ് ശുദ്ധീകരണം പ്രാപിക്കാതെ ഇരിക്കുന്നുവെങ്കില്‍ രോഗ സൗഖ്യം നടക്കാതെ പോകും. അതിനാലാണ് രോഗിയായ വ്യക്തിയോട് സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതിനു മുന്‍പ് തന്റെ പാപങ്ങളെ ഏറ്റുപറഞ്ഞു ശുദ്ധീകരണം പ്രാപിക്കണമെന്ന് ആവശ്യപ്പെടുന്നത് (5:16). എല്ലാ രോഗവും പാപത്താല്‍ ആകണമെന്നില്ല. എന്നാല്‍ ചില രോഗങ്ങള്‍ പാപം മൂലം നിലനില്‍ക്കുന്നു. അങ്ങനെയുള്ള ഒരു വ്യക്തി തന്റെ പാപങ്ങളെ ഏറ്റു പറഞ്ഞില്ലെങ്കില്‍ എത്ര ശക്തമായ വിശ്വാസത്തോടെ മൂപ്പന്മാര്‍ എണ്ണ പൂശി പ്രാര്‍ത്ഥിച്ചാലും സൗഖ്യം ലഭിക്കുകയില്ല.

ചില അവസരത്തില്‍ ഒരു പ്രാവശ്യത്തെ പ്രാര്‍ത്ഥനകൊണ്ടു മതിയാവുകയില്ല. ഏലിയാവ് പ്രാര്‍ത്ഥിച്ചതുപോലെ വീണ്ടും വീണ്ടും പ്രാര്‍ത്ഥിക്കേണ്ടി വരും (5:17,18). യിസ്രായേലില്‍ മഴ പെയ്യാനായി ഏലിയാവ് ഏഴു തവണ എരിവോടെ പ്രാര്‍ത്ഥിച്ചു (1 രാജ. 18:44). ഇവിടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നതാണ് വിഷയം. ഏലിയാവിന്റെ മാതൃക പിന്തുടരുവാനാണ് യാക്കോബ് പറയുന്നത്. ഏലിയാവ് പ്രാര്‍ത്ഥിച്ചതിനു ശേഷം തന്റെ ദാസനെ മഴയുടെ എന്തെങ്കിലും ലക്ഷണം കാണുന്നുണ്ടോ എന്നു നോക്കുന്നതിനു പറഞ്ഞയച്ചു. ആറു തവണയും ആ ദാസന്‍ തിരികെ വന്നു ‘ഇല്ലെ’ന്നു ഉത്തരം പറഞ്ഞു. ഈ പ്രാര്‍ത്ഥനയ്ക്കു ശേഷം ഇങ്ങനെ ചോദിക്കുന്നതു പോലെയാണ്. ”സൗഖ്യത്തിന്റെ എന്തെങ്കിലും ലക്ഷണം ഉണ്ടോ?” ഉത്തരം ഒരുപക്ഷേ ‘ഇല്ല’ എന്നായിരിക്കും. അപ്പോള്‍ വീണ്ടും വീണ്ടും പ്രാര്‍ത്ഥിക്കുക. എത്ര ആളുകള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കും? വളരെ കുറച്ചു പേര്‍ മാത്രം. പലരും ഒരിക്കല്‍ മാത്രം പ്രാര്‍ത്ഥിക്കുന്നു. അവര്‍ പറയും. ”ഈ വ്യക്തിയെ സൗഖ്യമാക്കണമെന്നതു ദൈവഹിതമായിരിക്കുകയില്ല.” ഏലിയാവ് മഴയ്ക്കു വേണ്ടി പ്രാര്‍ത്ഥിച്ചതിനു ശേഷം ഇങ്ങനെയല്ല പറഞ്ഞത്. നാം സ്ഥിരതയോടെ പ്രാര്‍ത്ഥിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. നാം ആത്മാര്‍ത്ഥതയോടെ ഇങ്ങനെ പറയണം: ”കര്‍ത്താവേ, ഞാന്‍ എന്തിനു രോഗി ആയിട്ടിരിക്കണം? അങ്ങയെ സേവിക്കുവാന്‍ എനിക്ക് ആരോഗ്യം വേണം. അങ്ങയെ സേവിക്കുവാന്‍ തക്കവണ്ണം അങ്ങ് എന്നെ സൗഖ്യമാക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.” നിങ്ങള്‍ രോഗിയായിരിക്കുമ്പോള്‍ ഇങ്ങനെയായിരിക്കണം പ്രാര്‍ത്ഥിക്കേണ്ടത്.

എല്ലാ രോഗവും സൗഖ്യമാകും എന്നല്ല ഞാന്‍ പറയുന്നത്. ചില അവസരത്തില്‍ ദൈവത്തിനു മാത്രം അറിയാവുന്ന കാരണങ്ങളാല്‍ ചിലര്‍ക്കു സൗഖ്യം ലഭിക്കാതെയിരിക്കുന്നു. പൗലൊസിനെ താഴ്മയില്‍ നിറുത്തുന്നതിനു ദൈവം അദ്ദേഹത്തിന്റെ ജഡത്തിലുണ്ടായിരുന്ന ഒരു ശൂലം മാറ്റിക്കൊടുത്തില്ല. എന്നാല്‍ ജീവിതം സന്തോഷത്തോടെ തികയ്ക്കുവാന്‍ വേണ്ടുന്ന കൃപ ദൈവം അദ്ദേഹത്തിനു നല്‍കി (2 കൊരി. 12:7-9). തിമൊഥെയോസിന്റെ വയറ്റിലെ അസുഖവും മറ്റു ചില രോഗങ്ങളും സൗഖ്യമായില്ല (1 തിമൊ. 5:23). എന്നാല്‍ തിമൊഥെയോസിനു സന്തോഷത്തോടെ തന്റെ ജീവിതം തികയ്ക്കുവാന്‍ വേണ്ട കൃപ അവിടുന്നു നല്‍കി. പൊതുവായി പറഞ്ഞാല്‍ നാം ആരോഗ്യത്തോടെയിരുന്നു ദൈവത്തെ സേവിക്കണമെന്നാണ് ദൈവഹിതം. ”യുവാക്കള്‍ പോലും ക്ഷീണിച്ചു തളര്‍ന്നു പോകും. ചെറുപ്പക്കാര്‍ ഇടറി വീഴും. എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവര്‍ ശക്തിയെ പുതുക്കും. അവര്‍ കഴുകന്മാരെ പോലെ ചിറകടിച്ചു. കയറും” (യെശ. 40:30,31). അതിനാല്‍ യഹോവയ്ക്കായി കാത്തിരിക്കുന്ന ഒരുവനാവുക.

അവസാന വാക്യത്തില്‍ യാക്കോബ് സത്യത്തില്‍ നിന്നും തെറ്റിപോയവരെ മടക്കി കൊണ്ടുവരുന്നതിനു നാം പ്രവര്‍ത്തിക്കണമെന്നു ഉത്സാഹിപ്പിക്കുന്നു (5:20).

യാക്കോബ് തന്റെ ലേഖനത്തിലൂടെ വിശദീകരിച്ചിരിക്കുന്ന പല പ്രവൃത്തികളിലൂടെ നമ്മുടെ വിശ്വാസത്തെ നമുക്കു വെളിപ്പെടുത്താം. ആമേന്‍.