വിവാഹത്തിൻ്റെ പ്രതീകാത്മകത – WFTW 2 ജൂൺ 2024

സാക് പുന്നൻ

തിരുവചനത്തിൻ്റെ മഹത്വകരമായ വെളിപ്പെടുത്തലുകളിലൊന്ന്, ഭാര്യാഭർതൃ ബന്ധം ക്രിസ്തുവിനും സഭയ്ക്കും തമ്മിൽ നിലവിലുള്ള ബന്ധത്തിൻ്റെ പ്രതീകമാണെന്നതാണ് (എഫെ. 5:22-23).

എഫെസ്യ ലേഖനത്തിൽ നമ്മോടു പറഞ്ഞിരിക്കുന്നത് ഭാര്യമാർ തങ്ങളുടെ ഭർത്താക്കന്മാർക്കു കീഴടങ്ങിയിരിക്കുക എന്നാണ്, കാരണം ഭർത്താവ്, ഭാര്യയുടെ തലയായി ദൈവത്താൽ നിയമിതനായവനാണ്. സകലത്തിലും തങ്ങളുടെ ഭർത്താക്കന്മാർക്കു (സഭ ക്രിസ്തുവിന് എന്നവണ്ണം) കീഴടങ്ങിയിരിക്കുവാനും ഭാര്യമാരോടു കൽപ്പിച്ചിരിക്കുന്നു, അവരെ ബഹുമാനിക്കുവാനും ഭയപ്പെടുവാനും കൂടെ പറഞ്ഞിരിക്കുന്നു. നമ്മുടെ കാലത്ത് അത്തരം ഒരു വിധേയത്വം അംഗീകരിക്കപ്പെടുന്ന ഒരു സമ്പ്രദായം അല്ലായിരിക്കാം, എന്നാൽ അതാണ് എങ്ങനെ ആയാലും ദൈവത്തിൻ്റെ നിയമം. ഈ നിയമം ധിക്കരിക്കപ്പെടുന്ന ഒരു ഭവനം ഉറപ്പായും അനുസരണക്കേടിൻ്റെ അനന്തരഫലം ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ കൊയ്യും. വിവാഹ ജീവിതത്തിൽ ദൈവത്തിൻ്റെ ഈ കൽപ്പനകൾ അനുസരിക്കാൻ ഒരു ഉദ്ദേശ്യവും ഇല്ലാത്ത ഏതൊരു ക്രിസ്തീയ പെൺകുട്ടിയും ഒരിക്കലും വിവാഹം കഴിക്കുകയേ ചെയ്യരുത്. അത്തരക്കാരിയായ ഒരു പെൺകുട്ടി വിവാഹം കഴിച്ചതിനുശേഷം ദൈവകൽപ്പനകളോടുള്ള നിരന്തരമായ അനുസരണക്കേടിൽ ജീവിക്കുന്നതിനേക്കാൾ, വിവാഹം കഴിക്കാതിരിക്കുന്നതാണ് ഏറെ നല്ലത്.

ദൈവത്തിൻ്റെ ചട്ടം തനിക്ക് തൻ്റെ ഭാര്യയുടെ മേൽ യുക്തിരഹിതമായ അവകാശവാദങ്ങൾ ഉന്നയിക്കാനുള്ള ലൈസൻസ് ആണെന്ന് ഒരു ഭർത്താവും ചിന്തിക്കാതിരിക്കേണ്ടതിന്, ആ ലേഖന ഭാഗം തുടർന്നു പറയുന്നത് ക്രിസ്തു സഭയെ സ്നേഹിച്ച് അതിനുവേണ്ടി തന്നെത്തന്നെ നൽകിയതുപോലെ ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണമെന്നാണ്. ഇതു സൂചിപ്പിക്കുന്നത് ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരെ സ്വയ- പരിത്യാഗ പൂർണ്ണമായ സ്നേഹംകൊണ്ടു സ്നേഹിക്കണമെന്നാണ്, എന്തെങ്കിലും സാധനങ്ങൾ മാത്രം കൊടുക്കാതെ, തങ്ങളെത്തന്നെ- അവരുടെ ജീവൻ തന്നെ- തങ്ങളുടെ ഭാര്യമാരുടെ ക്ഷേമത്തിനും സന്തോഷത്തിനുമായി കൊടുത്തുകൊണ്ട് സ്നേഹിക്കണം. ക്രിസ്തു അനശ്വരമായ സ്നേഹം കൊണ്ട് സഭയെ സ്നേഹിക്കുന്നതു പോലെ, തൻ്റെ ഭാര്യയെ അനുസ്യൂതമായി സ്നേഹിക്കുക എന്നത് ഭർത്താവിൻ്റെ കടമയാണ്, അതിനു പകരം തിരിച്ച് അവൻ സ്നേഹിക്കപ്പെടുമോ ഇല്ലയോ എന്ന കാര്യം പരിഗണിക്കാതെ. തൻ്റെ ശിഷ്യന്മാരോടുള്ള ക്രിസ്തുവിൻ്റെ സ്നേഹം അവരുടെ കാലുകൾ കഴുകുന്നതിലേക്കു പോലും അവിടുത്തെ നയിച്ചു (യോഹ. 13:1,5). അതേ ഖണ്ഡികയിൽ തന്നെ പിന്നെയും ഭർത്താക്കന്മാരോട്, തങ്ങളുടെ സ്വന്തം ശരീരത്തെ സ്നേഹിക്കുന്നതുപോലെ അവരുടെ ഭാര്യമാരെ സ്നേഹിക്കണം എന്നു കൽപ്പിച്ചിരിക്കുന്നു. അവർ തങ്ങളുടെ തന്നെ ശരീരങ്ങളെ മനപ്പൂർവമായി വേദനിപ്പിക്കുകയോ മുറിവേൽപ്പിക്കുകയോ ചെയ്യാത്തതുപോലെ തന്നെ അവരുടെ ഭാര്യമാരുടെ വികാരങ്ങളെ മനപ്പൂർവം വേദനിപ്പിക്കുകയോ മുറിവേൽപ്പിക്കുകയോ ചെയ്യരുത്. തങ്ങളുടെ തന്നെ ശരീരങ്ങളെ -ഉപദ്രവങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും സൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതു പോലെ അവരുടെ ഭാര്യമാരെ കരുതുകയും സംരക്ഷിക്കുകയും വേണം. അങ്ങനെയുള്ള തിരുവചന ഉപദേശം അനുസരിക്കാൻ ഇച്ഛിക്കാത്ത ഒരുവൻ അവിവാഹിതനായി നിലനിൽക്കുന്നതാണ് ഏറ്റവും നല്ലത്.

എഫെസ്യറിലെ ഈ ഭാഗത്തിൽ വെളിപ്പെടുത്തിയിരിക്കുന്നതനുസരിച്ച് ക്രിസ്ത്യാനിയായ ഓരോ ഭർത്താവും ഭാര്യയും ക്രിസ്തുവിൻ്റെയും സഭയുടെയും ഒരു ഹ്രസ്വ ചിത്രം ആയിരിക്കണമെന്നതാണ് ദൈവത്തിൻ്റെ ഉദ്ദേശ്യം. അവരുടെ ഒരുമിച്ചുള്ള ജീവിതം ഈ ബന്ധത്തിൻ്റെ മനോഹാരിത വെളിപ്പെടുത്തണം.

ഭാര്യാഭർതൃബന്ധത്തെ കുറിച്ചുള്ള ഈ ഭാഗം കഴിഞ്ഞ ഉടനെ അതിനെ തുടർന്ന് പരിശുദ്ധാത്മാവിനാൽ നിറഞ്ഞു കൊണ്ടേയിരിക്കുന്നതിനുള്ള കൽപ്പന തന്നിരിക്കുന്നു എന്ന വസ്തുത സൂചിപ്പിക്കുന്നത് പരിശുദ്ധാത്മനിറവിൻ്റെ ഫലമായി പ്രാഥമികമായും ഭവനത്തിൽ ക്രിസ്താനുരൂപമായ പെരുമാറ്റം ഉണ്ടാകും എന്നാണ്. അതിൻ്റെ അർഥം വിവാഹ ജീവിതത്തിൽ ദൈവത്തെ മഹത്വപ്പെടുത്താൻ, നാം പരിശുദ്ധാത്മാവിനാൽ നിറയപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്‌ എന്നാണ്.

ഒരു ജീവിത പങ്കാളിയ്ക്കായി അന്വേഷിക്കുന്നതിനു മുമ്പ് മുകളിൽ വിവരിച്ചതു പോലെ ഒരു ഭവനം ഉണ്ടാകാൻ താൻ വാസ്തവമായി ആഗ്രഹിക്കുന്നുണ്ടോ എന്ന് ഓരോ ക്രിസ്ത്യാനിയും തന്നോടു തന്നെ ചോദിക്കണം. അത്തരം ഒരാഗ്രഹം ഇല്ലാത്ത ഒരുവന് വിവാഹകാര്യത്തിൽ ദൈവത്തിൻ്റെ ഒരു വഴികാട്ടൽ പ്രതീക്ഷിക്കാൻ എങ്ങനെ കഴിയും? എന്നാൽ നിങ്ങളുടെ യഥാർഥ അഭിലാഷം ഇതാണെങ്കിൽ, ദൈവം നിങ്ങളെ അവിടുത്തെ പൂർണ്ണ ഹിതത്തിലുള്ള ഒരു വിവാഹത്തിലേക്കു നയിക്കുമെന്നു മാത്രമല്ല എന്നാൽ അത്തരം ഒരു ഭവനം പണിയാൻ അവിടുന്നു നിങ്ങളെ ശക്തിപ്പെടുത്തുകയും കൂടെ ചെയ്യും എന്ന് തീർച്ചപ്പെടുത്താൻ കഴിയും.