പ്രവചനമെന്ന ആത്മാവിന്റെ മുഖ്യ വരത്താലാണ് സഭ പണിയപ്പെടുന്നത് – WFTW 09 ജൂണ്‍ 2013

സാക് പുന്നന്‍

 

ദൈവം നമ്മുടെ മദ്ധ്യേയുള്ളപ്പോള്‍ അവിടുന്ന് ശക്തിയോടെ സംസാരിക്കുന്നത് നമ്മുടെ കൂടിവരവുകളില്‍ നാം കേള്‍ക്കും അതാണ് പ്രവചനത്തിന്റെ അര്‍ത്ഥം.

പഴയ നിയമ കാലത്ത് പ്രവചനമെന്നാല്‍ ഭാവിയെ കുറിച്ച് മുന്‍കൂട്ടി അറിയിച്ച് ജനത്തെ ശരിയായ വഴിയില്‍ നടത്തുക എന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ നിയമ കാലത്ത് പ്രവചനമെന്നാല്‍ പ്രബോധിപ്പിക്കുകയും (ആളുകളെ വെല്ലുവിളിക്കുകയും, ശാസിക്കുകയും, തിരുത്തുകയും ചെയ്യുക) ആശ്വസിപ്പിക്കുകയും (സമാധാനിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുകയും) ആത്മീയ വര്‍ദ്ധന വരുത്തുകയും (സഭ പണിയുകയും) ചെയ്യുക എന്നതാണ്.

പ്രവചനമെന്ന ആത്മാവിന്റെ പ്രധാന വരത്താലാണ് സഭ പണിയപ്പെടുന്നത്. പ്രവചന വാക്യം ‘ഉള്ളില്‍ പ്രകാശിക്കുന്ന വിളക്ക് ‘ പോലെയാണ് (2. പത്രോ.1:19). ഈ വിളക്ക് സഭയില്‍ നിരന്തരം കത്തി ജ്വലിച്ചുകൊണ്ടിരുന്നില്ലെങ്കി

ല്‍ ഇരുട്ടിന്റെ അധികാരിയായ പിശാചിന്റെ തന്ത്രങ്ങളില്‍ നിന്ന് രക്ഷപെടുവാന്‍ സാധിക്കുകയില്ല. സഭ തന്നെ പൂര്‍ണ്ണമായി ഇരുട്ടില്‍ മുങ്ങിപ്പോകും. നല്ല രീതിയില്‍ തുടങ്ങിയ പല ക്രിസ്തീയ വിഭാഗങ്ങളും കാലപ്പഴക്കത്തില്‍ അധ:പ്പതിക്കുവാനുള്ള  കാരണം അവരുടെ ഇടയില്‍നിന്ന് പ്രവചന വരം കുറഞ്ഞ് ഇല്ലാതായി എന്നതാണ്.പഴയ നിയമ കാലത്ത് ദൈവ സാന്നിധ്യം യിസ്രായേലിനെ വിട്ടു മാറുമ്പോള്‍ എല്ലാം അത് തിരിച്ചറിയുന്നതിനുള്ള അടയാളം, ‘ഒരു പ്രവാചകനും ശേഷിച്ചിട്ടില്ല’ എന്നതായിരുന്നു (സങ്കീര്‍ത്തനം.74:19) എലിയുടെ കാലത്തെപ്പോലെ ഒരു പ്രവാചകന്‍ ഇല്ലാതിരുന്ന സമയത്തെല്ലാം യിസ്രായേല്‍ അധ:പതിച്ചിട്ടുണ്ട് (1 ശമുവേല്‍ 3:1). ശമുവേലിന്റെ കാലത്തെന്നപോലെ ഒരു പ്രവാചകന്‍  അവര്‍ക്കുണ്ടായിരുന്നപ്പോള്‍  അവര്‍ ഔന്നത്യത്തിലേക്ക് വന്നു ( 1.ശമു. 3:20). ശമുവേലിലൂടെയാണ് ദാവീദ് യിസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടത്. അത് യിസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും മഹത്തായ ഒരു കാലഘട്ടത്തിന്റെ തുടക്കമായിരുന്നു.തുടക്കമായിരുന്നു. ശമുവേല്‍ പ്രവചിച്ചപ്പോള്‍ ‘അദ്ദേഹത്തിന്റെ വാക്കുകളൊന്നും വ്യര്‍ത്ഥമാകുവാന്‍ യഹോവ ഇടവരുത്തിയില്ല.’ (1 ശമുവേല്‍ 3:19).

സഭയിലും ഇതുപോലെ ശക്തമായ പ്രവചനത്തിന്റെ ശുശ്രൂഷ ഉണ്ടാകുവാനും, സഭയില്‍ സംസാരിക്കുന്ന ഓരോ വാക്കും ആളുകളുടെ ഹൃദയത്തിലേക്ക് ഒരു അസ്ത്രം പോലെ തുളച്ചുകയറുന്നതിനും വേണ്ടി നാം ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കണം. പ്രവചനമെന്ന ആത്മാവിന്റെ വരത്താല്‍ ഹൃദയത്തിലെ രഹസ്യങ്ങളും വെളിപ്പെടും (1.കോരി.14:25). അങ്ങനെ സഭയിലുള്ള ഓരോരുത്തര്‍ക്കും പാപത്തിന്റെ ചതിയെകുറിച്ചു വെളിച്ചം ലഭിക്കുന്നു.

നമ്മോട് ദൈവം കല്പ്പിച്ചിരിക്കുന്നത്  ‘പാപത്തിന്റെ വഞ്ചനയാല്‍ നിങ്ങളില്‍ ആരും കഠിനപ്പെട്ടു പോകാതിരിപ്പാന്‍ ‘ഇന്ന് ‘ എന്ന് പറയുന്നിടത്തോളം ദിനംതോറും പരസ്പരം (സഭയില്‍) പ്രഭോധിപ്പിച്ചു കൊള്ളുവിന്‍’ (എബ്രായര്‍. 3.13) എന്നാണ്. പ്രകടമായ ചില പാപങ്ങളുണ്ട്, അതുപോലെ പ്രകടമല്ലാത്തതായ ചില പാപങ്ങളുമുണ്ട്. എന്നാല്‍ പ്രവചനത്തിന്റെ ആത്മാവ് എല്ലാ പാപത്തിന്റെ ചതിയെയും പിശാചിന്റെ തന്ത്രങ്ങളെയും ഒരുപോലെ തുറന്നുകാട്ടും. അങ്ങനെ നാം സംരക്ഷിക്കപ്പെടും.

പഴയനിയമത്തില്‍ നാം ഇതിന്റെ ഒരുദാഹരണം കാണുന്നുണ്ട്. ആരാം രാജാവ് യിസ്രായേലിനെതിരെ യുദ്ധത്തിനു പുറപ്പെടുന്ന ഓരോ സന്ദര്‍ഭത്തിലും അവനും അവന്റെ സേനാനായകരും ചേര്‍ന്ന് ഇടുന്ന പദ്ധതികള്‍ എലീശ തന്റെ പ്രവചനത്തിലൂടെ യിസ്രായേല്‍ രാജാവിനെ  അറിയിച്ചു പോന്നു (2 രാജാ.6:812). അങ്ങനെ യിസ്രായേല്‍ രാജാവിന് തന്റെ സൈന്യത്തെ എങ്ങനെ വിന്യസിപ്പിക്കണമെന്ന് മനസ്സിലാവുകയും തന്റെ രാജ്യത്തെ വീണ്ടും വീണ്ടും രക്ഷിക്കുകയും ചെയ്തു.

അങ്ങനെ തന്നെ ദൈവം ഇന്നും സഭായോഗങ്ങളിലെ പ്രവചന ശുശ്രൂഷയിലൂടെ വരും ദിവസ്സങ്ങളിലുണ്ടാകുവാന്‍ പോകുന്ന സാത്താന്റെ ആക്രമണങ്ങള്‍ ഇതു മേഖലകളിലായിരിക്കും എന്ന് മുന്‍കൂട്ടി അറിയിക്കുന്നു. അങ്ങനെ നമുക്ക് മുന്‍കൂട്ടി ആ മേഖലകള്‍ സംരക്ഷിക്കുവാന്‍ സാധിക്കുന്നു.

സാത്താനെതിരെ പോരാടുന്നതിന് പ്രവചനങ്ങള്‍ ശ്രദ്ധിക്കണമെന്ന് നതിമോത്തിയോസിനെ പൗലോസ് ഉത്സാഹിപ്പിക്കുന്നു (1 തിമോ.1:18).

സഭാ യോഗത്തിലുള്ള  പ്രവചനത്തിന്റെ ആത്മാവ് പല സഹോദരീസഹോദരന്മാരെയും അവര്‍ നേരിടാന്‍ പോകുന്ന പ്രതിയോഗിയുടെ ആക്രമണം എങ്ങനെ ആയിരിക്കുമെന്നതിനെ സംബന്ധിച്ച് മുന്നറിയിപ്പ് നല്കുന്നത് ബാംഗ്‌ളൂരിലെ സഭയില്‍ ഞങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കണ്ടിട്ടുണ്ട്. ദൈവം നമുക്കോരോരുത്തര്‍ക്കും ജ്ഞാനം നല്കിയിട്ടുണ്ട്. വ്യക്തിജീവിതത്തിനുള്ള ജ്ഞാനം, കുടുംബജീവിതത്തിനു വേണ്ട ജ്ഞാനം, സഭാ ജീവിതത്തിനു വേണ്ട ജ്ഞാനം. സദൃശ്യ വാക്യങ്ങള്‍ 24: 3,4 വാക്യങ്ങളില്‍ പറയുന്നു, ‘ജ്ഞാനത്താല്‍ വീട് പണിയപ്പെടുന്നു, പരിജ്ഞാനത്താല്‍ അതിന്റെ മുറികള്‍ അമൂല്യവും മനോഹരവുമായ സകല സമ്പത്തും കൊണ്ട് നിറയുന്നു’. പരിജ്ഞാനത്തിനു സഭയില്‍ ഒരു സ്ഥാനമുണ്ട്. അഭിഷേകമുള്ള ഉപദേഷ്ടാക്കന്മാര്‍ പഠിപ്പിക്കുന്ന ദൈവവചനമാണത്. എന്നാല്‍ പരിജ്ഞാനം ജ്ഞാനത്താല്‍ പണിയപ്പെട്ട ഒരു വീട്ടില്‍ ഇടുന്ന വീട്ടുപകരണങ്ങള്‍ ആണ്.

അതുകൊണ്ട് സഭയില്‍ നമുക്ക് വേദ പുസ്തക പരിജ്ഞാനം മാത്രമേയുള്ളുവെങ്കില്‍ അത് തുറസ്സായ ഒരു സ്ഥലത്ത് വിലകൂടിയ വീട്ടുപകരണങ്ങള്‍ ഇട്ടിരിക്കുന്നതുപോലെയാണ്. അവിടെ ഒരു വീടിന്റെ മേല്‍ക്കൂരയൊ, ഭിത്തികളോ, തറയോ, ഒന്നും ഇല്ല. അതുകൊണ്ടാണ് ആദ്യം ജ്ഞാനം അന്വേഷിക്കുവാന്‍ പുതിയ നിയമം നമ്മോട് ആവശ്യപ്പെടുന്നത്. ‘ഒരാള്‍ക്ക് ജ്ഞാനം കുറവാണെങ്കില്‍ എല്ലാവര്‍ക്കും ഔദാര്യത്തോടെ നല്കുന്നവനായ ദൈവത്തോട് ചോദിക്കണം’ (യാക്കോബ്. 1:5). ഞാനത്തിലൂടെയാണ്  സഭ പണിയപ്പെടുന്നത്. ദൈവത്തിന്റെ ജ്ഞാനം പ്രവചനവരത്തിലൂടെയാണ്  സഭയിലേക്ക് വരുന്നത്. അതുകൊണ്ടാണ്  നാം എല്ലാ കൂടിവരവുകളിലും ‘പ്രവചന വരത്തിനായി വാഞ്ചിക്കേണ്ടത് ‘(1 കോരി. 14:1,5). ദൈവവചന പഠനത്തിനും സുവിശേഷീകരണത്തിനുമുള്ള യോഗങ്ങള്‍ നല്ലതാണ്. എന്നാല്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ സാക്ഷ്യമായി ഒരു സഭ പണിയപ്പെടണമെങ്കില്‍ നാം പ്രവചന വരത്തിനു ഒന്നാം സ്ഥാനം കൊടുക്കണം.