സാക് പുന്നന്‍
2കൊരിന്ത്യര്‍ 3:13-18 വരെയുളള വാക്യങ്ങളില്‍ പൗലൊസ് മോശെയുടെയും ക്രിസ്തുവിന്‍റെയും കാര്യം പറഞ്ഞു കൊണ്ട് പുതിയ ഉടമ്പടിയെ പഴയ ഉടമ്പടിയോട് താരതമ്യം ചെയ്യുന്നു. മോശെ ദൈവത്തിന്‍റെ സാന്നിദ്ധ്യത്തില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖം തേജസ് കൊണ്ട് പ്രകാശിച്ചു. അദ്ദേഹം പര്‍വ്വതത്തില്‍ നിന്ന് താഴെ ഇറങ്ങി വരുമ്പോള്‍, തന്‍റെ മുഖത്ത് ഒരു മൂടുപടം ഇട്ടിരുന്നു. പുറപ്പാട് പുസ്തകത്തില്‍ പറയുന്നത്, തന്നെ നോക്കുമ്പോള്‍ ജനങ്ങള്‍ ഭയപ്പെടാതിരിക്കുവാന്‍ വേണ്ടി അദ്ദേഹം മൂടുപടം ഇട്ടു എന്നാണ്. എന്നാല്‍ ഇവിടെ നമുക്കു തന്നിരിക്കുന്നത് മറ്റൊരു കാരണമാണ്. സമയം കഴിയുന്തോറും മൂടുപടത്തിനടിയില്‍, മോശെയുടെ മുഖത്തുണ്ടായിരുന്ന തേജസ് കുറഞ്ഞുകുറഞ്ഞു വന്നു. അതു കൊണ്ട് തന്‍റെ മുഖത്തുണ്ടായിരുന്ന തേജസ്സ് ക്രമേണ അപ്രത്യക്ഷമാകുന്നത് ഇസ്രയേല്യര്‍ കാണാതിരിക്കുന്നതിനുവേണ്ടിയാണ് മോശെ തന്‍റെ മുഖത്ത് മൂടുപടം ഇട്ടത് എന്നാണ് ( വാക്യം 13). തങ്ങളുടെ സ്വകാര്യ ജീവിതത്തിലെ തേജസ്സ് കുറഞ്ഞു കുറഞ്ഞു വരുന്ന അനേകം ക്രിസ് ത്യാനികള്‍ ഇന്നുണ്ട്. ഇന്ന് 50 വയസ്സുളള ചില പ്രസംഗകര്‍ക്ക് 25 വയസ്സ് പ്രായമുണ്ടായിരുന്നപ്പോള്‍ അവര്‍ ദൈവത്തിനുവേണ്ടി അഗ്നിയില്‍ നിലനിന്നിരുന്നു. എന്നാല്‍ ഇന്ന് പണത്തോടും പാപത്തോടും മറ്റുപലകാര്യങ്ങളോടുമുളള അവരുടെ നിലപാട് ക്രിസ്തു തുല്യമല്ലാതായി തീര്‍ന്നു. ഇതാണ് പഴയ ഉടമ്പടി ശുശ്രൂഷയുടെ ലക്ഷണങ്ങളില്‍ ഒന്ന് – തേജസ് മങ്ങിപ്പോകുന്നു.
പുതിയ ഉടമ്പടി ശുശ്രൂഷയില്‍ ഇത് നേരെ വിപരീതമാണ്. നമുക്ക് നമ്മുടെ മുഖത്ത് ഒരു മൂടുപടം ഇടേണ്ട ആവശ്യമില്ല. നമ്മുടെ സ്വകാര്യ ജീവിതത്തിലുളള ഒരു കാര്യവും മറയ്ക്കേണ്ട ആവശ്യം നമുക്കില്ല. യേശു ഒരിക്കലും തന്‍റെ മുഖത്ത് ഒരു മൂടുപടവുമായല്ല വന്നത്, കാരണം പുതിയ ഉടമ്പടിയില്‍ ഈ മൂടുപടം നീങ്ങിപ്പോയിരിക്കുന്നു. “നിങ്ങള്‍ കര്‍ത്താവിലേക്ക് തിരിയുമ്പോള്‍ മൂടുപടം നീങ്ങിപ്പോകും” ( 2 കൊരിന്ത്യര്‍ 3:16). ദൈവവചനത്തില്‍ നാം യേശുവിന്‍റെ തേജസ് കാണുമ്പോള്‍, പരിശുദ്ധാത്മാവ്, നമ്മിലുളള അവിടുത്തെ തേജസ്സ് ദിനംതോറും വര്‍ദ്ധിച്ചുവരത്തക്കവണ്ണം നമ്മെ തേജസ്സിന്‍റെ ഒരു ഡിഗ്രിയില്‍ നിന്ന് അടുത്തതിലേക്കു മാറ്റുന്നു (വാക്യം18). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നാം ആത്മാവിന് സമ്പൂര്‍ണ്ണമായി വിധേയപ്പെട്ടിരുന്നാല്‍, ഇന്ന് നമ്മുടെ ജീവിതത്തിന്‍റെ മേലുളള അഭിഷേകം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്നതിനെക്കാള്‍ വളരെയധികം ആയിരിക്കും. അത് 30 വര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായിരുന്നതിനെക്കാള്‍ വളരെ കൂടുതല്‍ ആയിരിക്കും. എന്നാല്‍ നിങ്ങള്‍ വിശ്വസ്തരല്ലെങ്കില്‍, നിങ്ങള്‍ പ്രായം ചെല്ലുംതോറും നിങ്ങളുടെ ജീവിതത്തില്‍ ആ തേജസ്സ് കുറഞ്ഞുവരും. എരിവുളള അനേകം യുവാക്കള്‍ തങ്ങള്‍ വിവാഹിതരായി കഴിയുന്ന ഉടനെ പിന്‍മാറിപ്പോകുന്നു. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? നിങ്ങള്‍ ദൈവഹിത പ്രകാരമാണ് വിവാഹം കഴിക്കുന്നതെങ്കില്‍ നിങ്ങള്‍ ഏകനായിരുന്നപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഉത്സാഹവും തേജസ്സും വളരെ കൂടുതലായിരിക്കും വിവാഹത്തിനുശേഷം . എന്നാല്‍ നിങ്ങളുടെ ഭാര്യയോ നിങ്ങളുടെ ഭവനമോ, കര്‍ത്താവിനെക്കാള്‍ പ്രാധാന്യമുളളതാകുമ്പോള്‍ ആ തേജസ്സ് കുറയും. അങ്ങനെയുളള ഒരാള്‍ കര്‍ത്താവിന്‍റെ തേജസ്സ് കാണുന്ന കാര്യം നിര്‍ത്തുകയും അയാള്‍ പിന്മാറിപ്പോകുവാന്‍ തുടങ്ങുകയും ചെയ്യും.
ചില സഹോദരന്മാര്‍, തങ്ങള്‍ മറ്റുളളവരാല്‍ അറിയപ്പെടാത്ത സാധാരണക്കാരായി ദൈവത്തെ സേവിച്ചു കൊണ്ടിരുന്നപ്പോള്‍, അവരുടെ ജീവിതങ്ങളില്‍ ബൃഹത്തായ ഒരു അഭിഷേകവും തേജസ്സും ഉണ്ടായിരുന്നു. എന്നാല്‍ അവരുടെ ശുശ്രൂഷ വ്യാപിക്കുകയും, അവര്‍ നല്ലവണ്ണം അറിയപ്പെടുന്നവരായി തീരുകയും ചെയ്തപ്പോള്‍, അവര്‍ക്ക് തങ്ങളുടെ അഭിഷേകം നഷ്ടപ്പെട്ടു. ആളുകള്‍ അവരെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ താത്പര്യമുളളവരാകാന്‍ തുടങ്ങി. അല്ലെങ്കില്‍ ഒരു പക്ഷേ, അവര്‍ തങ്ങളുടെ ശുശ്രൂഷ ആരംഭിച്ചപ്പോള്‍ അവര്‍ക്കു വളരെ കുറച്ചു പണം മാത്രം ഉളളവരായിരുന്നിരിക്കാം, അതുകൊണ്ട് അവരുടെ പണമിടപാടുകളില്‍ അവര്‍ വളരെശ്രദ്ധാലുക്കള്‍ ആയിരുന്നു. എന്നാല്‍ പണസ്നേഹികളായ മറ്റു ക്രിസ്തീയ പ്രവര്‍ത്തകരുമായി ഇടകലര്‍ന്നപ്പോള്‍, അവരും മറ്റുളളവരെ പോലെ ആയി തീര്‍ന്നു. അപ്പോള്‍ ആ തേജസ് നീങ്ങിപ്പോകാന്‍ തുടങ്ങി.
നമ്മുടെ ജീവിതങ്ങളില്‍ നിന്ന് തേജസ്സിനെ എടുത്തു കളയുവാന്‍ അത്തരം കാര്യങ്ങള്‍ക്കു കഴിയും. മിക്ക പ്രസംഗകരും, തങ്ങളുടെ തേജസ്സ് മങ്ങുവാന്‍ തുടങ്ങുമ്പോള്‍, അതു മൂടി വെയ്ക്കുവാന്‍ ശ്രമിക്കുന്നു – മോശെ ചെയ്തതുപോലെ. നിങ്ങുടെ ജീവിതങ്ങളില്‍ അങ്ങനെ സംഭവിക്കുന്നില്ല എന്ന് നിങ്ങള്‍ ഉറപ്പാക്കുക, കാരണം ദൈവഹിതം അതല്ല. നമ്മുടെ ജീവിതങ്ങളില്‍ അതിന്‍റെ എതിരായിരിക്കണം നടക്കുന്നത് – തേജസ്സ് വര്‍ദ്ധിക്കണം. അതുകൊണ്ട് ദൈവവചനത്തിലേക്ക് മനഃസ്ഥിരതയോടെ നോക്കുകയും എപ്പോഴും യേശുവിന്‍റെ തേജസ്സ് കാണുകയും ചെയ്യുക. അങ്ങനെയാണ് നമുക്ക് സംരക്ഷിക്കപ്പെടുവാന്‍ കഴിയുന്നത്.
2 കൊരിന്ത്യര്‍ 3:8 ആണ് മുഴുവന്‍ പുതിയ നിയമത്തിലും നോക്കിയാല്‍ പരിശുദ്ധാത്മാവിന്‍റെ ശുശ്രൂഷയെ ഏറ്റവും നന്നായി വിവരിച്ചിരിക്കുന്ന ഒരേ ഒരു വാക്യം. “പരിശുദ്ധാത്മാവ് നമ്മുടെ ജീവിതത്തില്‍ കര്‍ത്താവായി തീരുമ്പോള്‍, അവിടുന്ന് സ്വാതന്ത്ര്യം തരുന്നു” (വാക്യം 17). അവിടുന്ന് നമ്മെ പ്രാഥമികമായി പാപത്തില്‍ നിന്നു സ്വതന്ത്രരാക്കുന്നു, കൂടാതെ പണസ്നേഹത്തില്‍ നിന്ന്, ദൈവവചനത്തിനു വിരുദ്ധമായി ഉളള നമ്മുടെ പിതാക്കന്മാരുടെയും മുതിര്‍ന്നവരുടെയും പാരമ്പര്യങ്ങളില്‍ നിന്ന്, മനുഷ്യരുടെ അഭിപ്രായങ്ങളില്‍ നിന്ന് ഒക്കെയും നമ്മെ സ്വതന്ത്രരാക്കുന്നു. വാസ്തവത്തില്‍ ഇതൊരു വലിയ സ്വാതന്ത്ര്യം ആണ്. അപ്പോള്‍ നാം മനുഷ്യരെ അല്ല ദൈവത്തെ സേവിക്കുവാന്‍ സ്വാതന്ത്ര്യമുളളവരായി തീരുന്നു.
2 കൊരിന്ത്യര്‍ 3:18 ല്‍ നമ്മോട് പറയുന്നത്, പരിശുദ്ധാത്മാവ് തിരുവചനത്തില്‍ യേശുവിന്‍റെ തേജസ്സിനെ നമുക്ക് കാണിച്ചുതരുന്നു എന്നാണ് (കണ്ണാടി എന്നു പറയുന്നത് ദൈവ വചനമാണ് – യാക്കോബ് 1:23-25). ചിലര്‍ വേദപുസ്തകം വായിക്കുന്നത് പ്രസംഗങ്ങള്‍ ലഭിക്കേണ്ടതിനും, ഉപദേശങ്ങള്‍ പരിശോധിക്കേണ്ടതിനുമാണ്. എന്നാല്‍ പരിശുദ്ധാത്മാവ് പ്രാഥമികമായി ആഗ്രഹിക്കുന്നത് ബൈബിളില്‍ ഉളള യേശുവിന്‍റെ തേജസ്സ് നമ്മെ കാണിച്ചുതരുവാനാണ്. നാം ആ തേജസ്സ് കാണുമ്പോള്‍, പരിശുദ്ധാത്മാവ് അതിനോടൊപ്പം നമ്മെ ആ സാദൃശ്യത്തിലാക്കുകയും ചെയ്യുന്നു ആ സാദൃശ്യം എന്നത് അവിടുന്ന് ശുശ്രൂഷ ചെയ്ത രീതിയില്‍ ക്രിസ്തുവിനോട് നാം അനുരൂപപ്പെടുന്ന കാര്യം കൂടെ ഉള്‍പ്പെടുന്നു. നാം അവിടുത്തെപ്പൊലെ ശുശ്രൂഷ ചെയ്യുവാന്‍ തുടങ്ങും. തന്‍റെ പിതാവിനെ സേവിക്കുവാന്‍ യേശു ത്യാഗം സഹിച്ചതെങ്ങനെയാണെന്നും പരിശുദ്ധാത്മാവ് നമ്മെ കാണിക്കും- കര്‍ത്താവിനെ സേവിക്കുവാന്‍ വേണ്ടി ത്യാഗം സഹിക്കുന്നവരാക്കി അവിടുന്നു നമ്മെയും തീര്‍ക്കും. നമ്മെ രൂപാന്തരപ്പെടുത്തുവാന്‍ നാം പരിശുദ്ധാത്മാവിനെ അനുവദിക്കുമെങ്കില്‍, നമ്മുടെ ജീവിതവും നമ്മുടെ ശുശ്രൂഷയും സമൂലമായി മാറും. നാം പുതിയ ഉടമ്പടി വേലക്കാരായി തീരും – അങ്ങനെ ആകുവാന്‍ നാം നമ്മുടെ ലോകസംബന്ധമായ ജോലി വിടണമെന്നില്ല. സഭയിലുളള ഏതൊരു സഹോദരനും സഹോദരിക്കും ഒരു പുതിയ ഉടമ്പടി ഭൃത്യനാകാന്‍ കഴിയും.