ദൈവ രാജ്യം – WFTW 16 മാർച്ച് 2025

സാക് പുന്നൻ

യിസ്രായേൽ രാജ്യത്തിലെ പ്രവാചകന്മാരിൽ ഏറ്റവും ഒടുവിലത്തെ ആൾ സ്നാപക യോഹന്നാൻ ആയിരുന്നു. മത്തായി 3:2ൽ വിവരിക്കപ്പെട്ടിരിക്കുന്ന, അദ്ദേഹത്തിൻ്റെ പ്രാഥമിക സന്ദേശം “മാനസാന്തരപ്പെടുവിൻ, ദൈവരാജ്യം സമീപിച്ചിരിക്കുന്നു” എന്നതായിരുന്നു. അദ്ദേഹം ഈ സന്ദേശവുമായി, ഈ ജനത്തിൻ്റെ അടുക്കലേക്കു വന്നത്, വളരെ പ്രധാനപ്പെട്ട ഒരു കാരണത്താലായിരുന്നു.

മാനസാന്തരപ്പെടുക എന്നാൽ നേരേ തിരിയുക എന്നാണ്. ഇതിനോട് ഏറ്റവും നല്ല സാദൃശ്യമായി എനിക്കു ചിന്തിക്കാൻ കഴിയുന്നത്, “എബൗട്ട്-ടേൺ” (About-turn) എന്ന മിലിറ്ററി കമാൻ്റിൽ നിന്നാണ്. ഒരു പട്ടാളക്കാരൻ സർജൻ്റ് മേജറിന് അഭിമുഖമായി മുന്നോട്ടു നോക്കി നിൽക്കുമ്പോൾ, അദ്ദേഹം ‘എബൗട്ട് ടേൺ’ എന്നു പറഞ്ഞാൽ, ആ പട്ടാളക്കാരൻ ഉടനെ ചുറ്റിത്തിരിഞ്ഞ് അവൻ്റെ പുറം മുന്നിലേക്കും മുൻഭാഗം ആദ്യം പുറം ആയിരുന്ന ഭാഗത്തേക്കും തിരിയുന്നു. മാനസാന്തരപ്പെടുക എന്ന വാക്കിൻ്റെ വ്യക്തമായ ഒരു ചിത്രം അതു നമുക്കു തരുന്നു – നേരേ തിരിയുക. നാം നമ്മുടെ മനസ്സിൽ നേരേ ചുറ്റി തിരിയേണ്ടതുണ്ട്. ഇംഗ്ലീഷിലും മറ്റു മിക്ക ഭാഷകളിലും മാനസാന്തരം എന്ന വാക്ക് വളരെ വ്യക്തമായി പരിഭാഷപ്പെടുത്തപ്പെട്ടിട്ടില്ല, എന്നാൽ തമിഴിൽ അതു വളരെ വ്യക്തമാണ്. തമിഴിൽ, “മനം തിരുമ്പൽ” എന്നാണ് മാനസാന്തരപ്പെടുക എന്ന വാക്ക് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നത്, അത് അർത്ഥമാക്കുന്നത് മനസ്സിൻ്റെ തിരിയൽ എന്നാണ്. സ്നാപക യോഹന്നാൻ ഇസ്രായേൽ ജനതയോട് പ്രസംഗിച്ചു കൊണ്ടിരുന്നത്, കൃത്യമായി മനസ്സ് നേരേ തിരിയുന്നതിനെ കുറിച്ചായിരുന്നു.

ഇസ്രായേൽ ജനതയ്ക്ക് ധാരാളം ഭൗതിക കാര്യങ്ങൾ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. പഴയ ഉടമ്പടിയിലുടനീളം, അവർക്ക് ദിവ്യ സ്വഭാവത്തിന് പങ്കാളികളാകാൻ കഴിയുമെന്നോ, അല്ലെങ്കിൽ സ്വർഗ്ഗത്തിൽ ഒരു നിക്ഷേപം ഉണ്ടാകണമെന്നോ, അല്ലെങ്കിൽ ഭൂമിയിൽ ഒരു സ്വർഗ്ഗീയ ജീവിതം ഉണ്ടാകുക തുടങ്ങിയവയെ കുറിച്ച് ഒരു വാഗ്ദത്തവും ഇല്ല. എല്ലാം ഭൗമികമായവയായിരുന്നു.

ആവർത്തനം 28ൽ, നാം വ്യക്തമായി കാണുന്നത്, അവർക്ക് ഭൗതിക സമ്പത്ത്, ഭൗതിക അഭിവൃദ്ധി, ശാരീരികസൗഖ്യം, അനേകം മക്കൾ, കൂടാതെ അവരുടെ ബിസനസ്, വിളവ്, കന്നുകാലി ഇവയുടെ മേലുള്ള അനുഗ്രഹം തുടങ്ങിയവ വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നു എന്നാണ്. അവർ അഭിവൃദ്ധി പ്രാപിക്കും, അവർ ഒരിക്കലും കടക്കെണിയിലാകയില്ല, അവരുടെ ഭൗമിക ശത്രുക്കൾ എല്ലാം നശിപ്പിക്കപ്പെടും, അവർ ഒരു വലിയ രാഷ്ട്രമായി തീരും, കൂടാതെ അവർക്ക് ഒരു ദേശം ലഭിക്കും, ഇസ്രായേൽ എന്നു വിളിക്കപ്പെട്ട കനാൻ ദേശം.

ഈ സമയം വരെ ഇസ്രായേലിനു വാഗ്ദത്തം ചെയ്യപ്പെട്ട അനുഗ്രഹങ്ങളെല്ലാം ഭൗമികമായിരുന്നു, തന്നെയുമല്ല അവരുടെ മുഖം എപ്പോഴും ഭൂമിയിലെ കാര്യങ്ങളുടെ നേരേ ഉറപ്പിച്ചിരുന്നു. എന്നാൽ സ്നാപക യോഹന്നാൻ കടന്നുവന്ന് ഇപ്രകാരം പറഞ്ഞു, “ഇപ്പോൾ നേരേ പുറം തിരിയുക, ഇതിൽ നിന്ന് പുറം തിരിയുക. ഭൗമിക കാര്യങ്ങളെ നോക്കുന്നത് നിർത്തിയിട്ട് പുറകോട്ടു തിരിയുക, കാരണം ഇനി ഓരോ പുതിയ രാജ്യം (രാജത്വം) വരുന്നു. അത് സ്വർഗ്ഗത്തിൻ്റെ രാജത്വമാണ്, അവിടെ ഭൗമിക ആവശ്യങ്ങൾ രണ്ടാമതാണ്, ശാരീരിക ആരോഗ്യം പോലും രണ്ടാമതായിരുന്നു. ഭൗതിക അഭിവൃദ്ധി അപ്രധാനമായി തീരുന്നു കാരണം ദൈവം നമ്മുടെ ഭൗതിക ആവശ്യങ്ങൾക്ക് വേണ്ടതു നൽകുന്നു. ദൈവം നിങ്ങൾക്ക് ആത്മീക സമ്പത്ത്, അതായത് സ്വർഗീയ സമ്പത്ത്, നൽകാൻ പോകുന്നതു കൊണ്ട് പുറകോട്ട് തിരിയുക. ദൈവം നിങ്ങൾക്ക് ആത്മീയ മക്കളെ നൽകാൻ പോകുന്നു, ഭൗതിക മക്കളെ ആയിരിക്കണമെന്ന് നിർബന്ധമില്ല. നിങ്ങൾക്ക് കൈവശമാക്കുവാൻ ഒരു ആത്മീയ ദേശം ഉണ്ടാകും, പ്രാഥമികമായി ഭൗമികമായ രാജ്യം അല്ല.” ഇതുവരെ ദൈവരാജ്യം വന്നിട്ടില്ല, എന്നാൽ അത് സമീപിച്ചിരിക്കുന്നു അതുകൊണ്ട് മനം തിരിയുക എന്ന് അദ്ദേഹം അവരോട് പറയുകയായിരുന്നു. അത് പെന്തക്കോസ്തു നാളിലാണ് വരാൻ പോകുന്നത്.

എല്ലാ ജാതികളിലുമുള്ള മനുഷ്യരെയും ദൈവവുമായി പിതാവെന്ന ഒരു ബന്ധത്തിലേക്ക് കൊണ്ടുവരേണ്ടതിന് ദൈവം മനുഷ്യനുമായി ഉണ്ടാക്കുന്ന പുതിയ ഉടമ്പടിയിലേക്കുള്ള വഴി തുറക്കാൻ പോകുന്ന യേശുവിൻ്റെ മുന്നോടിയായിരുന്നു യോഹന്നാൻ സ്നാപകനും. മത്തായി 4:12-13 വാക്യങ്ങളിൽ നാം വായിക്കുന്നത് യോഹന്നാനെ ഹെരോദാവ് ജയിലിൽ അടച്ചു എന്നാണ്. യേശു ഇത് കേട്ടപ്പോൾ, താൻ വളർന്നതും 30 വർഷങ്ങളോളം ജീവിച്ചിരുന്നതുമായ നസ്രേത്ത് വിട്ട് കടലരികെയുള്ള കഫർന്നഹൂമിലുള്ള ഒരു വീട്ടിൽ വന്ന താമസിച്ചു എന്നാണ്. അതിനുശേഷം, ആ നിമിഷം മുതൽ, സ്നാപകയോഹന്നാൻ പ്രസംഗിച്ച അതേ സന്ദേശം കൃത്യമായി പ്രസംഗിക്കാൻ തുടങ്ങി. “ദൈവരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” (മത്തായി 4:17). റിലേ മത്സരത്തിന്റെ ആദ്യഭാഗം യോഹന്നാൻ ഓടിയിട്ട് ബാറ്റൺ യേശുവിൻ്റെ കയ്യിൽ കൊടുത്തതു പോലെയായിരുന്നു തുടർന്ന് അവിടുന്ന് അതേ സന്ദേശം എടുത്തു – “മാനസാന്തരപ്പെടുക” യേശു സ്വർഗ്ഗാരോഹണം ചെയ്തപ്പോൾ, നാം വായിക്കുന്നത് അപ്പോസ്തലനായ പത്രൊസ് ആ ബാറ്റൻ യേശുവിൽ നിന്ന് ഏറ്റെടുത്ത് അതേ സന്ദേശം പ്രസംഗിച്ചു – “മാനസാന്തരപ്പെടുക” (അപ്പൊ. പ്ര. 2:38). അദ്ദേഹം പെന്തക്കോസ്തു നാളിൽ ജനങ്ങളോട് ഇങ്ങനെ പ്രസംഗിച്ചു “മാനസാന്തരപ്പെടുവിൻ, എന്നാൽ നിങ്ങൾക്ക് പരിശുദ്ധാത്മാവ് എന്ന ദാനം ലഭിക്കും, അത് നമ്മുടെ ഉള്ളിലുള്ള ദൈവരാജ്യം ആണ്.” അതിനുശേഷം അത് ഒടുവിൽ വന്നു.

സ്നാപക യോഹന്നാനും യേശുവും ദൈവരാജ്യത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അവർ പറഞ്ഞത് അതു വരാൻ പോകുന്നു, അല്ലെങ്കിൽ അതു സമീപിച്ചിരിക്കുന്നു എന്നാണ്. യേശു ഒരിക്കൽ പറഞ്ഞു ദൈവ രാജ്യം നിങ്ങളുടെ നടുവിൽ ഉണ്ട്, ക്രിസ്തുവിൽ നേരത്തെ തന്നെ ദൈവരാജ്യം ഉണ്ട് എന്ന വസ്തുത സൂചിപ്പിച്ചുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എന്നാൽ തന്റെ ചുറ്റുമുണ്ടായിരുന്ന ജനങ്ങളിൽ അതില്ലായിരുന്നു. അത്, പെന്തക്കോസ്തു നാളിൽ ആ 120 ശിഷ്യന്മാർ പരിശുദ്ധാത്മ സ്നാനത്തിനായി കാത്തിരുന്നപ്പോൾ മാത്രമേ അതു സംഭവിക്കുമായിരുന്നുള്ളു. അപ്പോൾ ദൈവത്തിൻ്റെ ആത്മാവ് അവരെ നിറയ്ക്കുകയും ദൈവരാജ്യം അവരുടെ ഉള്ളിൽ വസിക്കുവാനായി വരികയും ചെയ്തു. അവർ പ്രഘോഷിച്ചു കൊണ്ടിരുന്ന ദൈവരാജ്യം അതായിരുന്നു – സ്വർഗ്ഗരാജ്യം (ദൈവരാജ്യം) – പരിശുദ്ധാത്മാവ് നമ്മിൽ വസിക്കുന്ന ഇടം. അത് ബാഹ്യമായ ശാരീരികസൗഖ്യത്തിന്റെയും ഭൗതിക അഭിവൃദ്ധിയുടെയും രാജ്യം അല്ല, നിർഭാഗ്യവശാൽ, ഇന്ന് അനേകം ക്രിസ്തീയ പ്രഭാഷകന്മാരാൽ പ്രസംഗിക്കപ്പെടുന്നതു പോലെ. വളച്ചുകെട്ടില്ലാതെ പറഞ്ഞാൽ, അതൊരു വഞ്ചനയാണ്, അതല്ല ദൈവരാജ്യം.

എന്നാൽ കൃത്യമായി അതെന്താണ്? റോമർ 14:17ൽ പറയുന്നത്, ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല. അത് സമൃദ്ധിയോ, രോഗസൗഖ്യമോ പോലെ ചില ഭൗമിക കാര്യങ്ങളല്ല -അത് ഒരു ഭൗമിക അനുഗ്രഹമേ അല്ല.

റോമർ 14:17 അനുസരിച്ച്, ദൈവരാജ്യം പരിശുദ്ധാത്മാവിലുള്ള നീതിയും സന്തോഷവും സമാധാനവുമാണ്.

നീതി: നാം ക്രിസ്തുവിനെ നമ്മുടെ രക്ഷകനും കർത്താവുമായി സ്വീകരിച്ചപ്പോൾ ആദ്യം നമ്മിൽ കണക്കിടപ്പെടുകയും, പിന്നീട് പരിശുദ്ധാത്മാവിനാൽ നമ്മുടെ ഉള്ളിലേക്ക് പകരപ്പെട്ടിട്ട് നമ്മുടെ ജീവിതത്തിൽ വെളിപ്പെട്ടു വരികയും ചെയ്യുന്ന ദൈവത്തിൻ്റെ തന്നെ നീതി.

സന്തോഷം: നിരുത്സാഹത്തിൽ നിന്നും വിഷാദത്തിൽ നിന്നും നമ്മെ പൂർണമായും വിടുവിക്കുന്ന പരിശുദ്ധാത്മാവിനുള്ള ആന്തരിക സന്തോഷം.

സമാധാനം: പ്രാഥമികമായി പരിശുദ്ധാത്മാവിനാൽ നൽകപ്പെടുന്ന ആന്തരിക സമാധാനം, ആകുല ചിന്ത, ഭയം, സമ്മർദ്ദം, നിരുത്സാഹം,സങ്കടം, മോശം മാനസികാവസ്ഥ മുതലായവയിൽ നിന്നുള്ള സ്വാതന്ത്ര്യവും സകല മനുഷ്യരോടും ബാഹ്യമായ ഒരു സമാധാനം ഉണ്ടായിട്ട് മറ്റാരോടും അല്ലെങ്കിൽ മറ്റൊന്നിനോടും പോരാടുന്നത് നിരസിക്കുന്ന ഒരവസ്ഥ.

അതുകൊണ്ട് ഇതാണ് ദൈവരാജ്യം. അത് ആന്തരികമായ ഒരു കാര്യമാണ്. ദൈവരാജ്യം നമ്മുടെ ഉള്ളിൽ തന്നെയാണ്. അത് പരിശുദ്ധാത്മാവിലൂടെ ക്രിസ്തുവിന്റെ ജീവൻ നമ്മുടെ ഉള്ളിൽ വരുന്നതാണ്. അത്, ഇവിടെ ഈ ഭൂമിയിൽ, നമ്മുടെ ഹൃദയത്തിൻ്റെ ഉള്ളിലുള്ള സ്വർഗീയ ജീവനാണ്.

നാം മുന്നോട്ടു നോക്കുമ്പോൾ നമുക്ക് സ്നാപകയോഹന്നാന്റെ വാക്ക് ശ്രദ്ധിക്കാം: “ഭൂമിയിലെ കാര്യങ്ങളുടെ നേരെ മുഖം വെച്ചിരിക്കുന്നത് നിർത്തിയിട്ട് നേരേ തിരിയുക കാരണം ഒരു പുതിയ രാജ്യം വരുന്നു, അവിടെ ഭൗമിക ആവശ്യങ്ങൾ രണ്ടാംതരമായി തീരുന്നു, ശാരീരിക സൗഖ്യം പോലും രണ്ടാംതരമായി തീരുന്നു. ഭൗതിക സമൃദ്ധി അപ്രധാനമായി തീരുന്നു കാരണം നമ്മുടെ ഭൗതിക ആവശ്യങ്ങൾക്കു വേണ്ടത് ദൈവം നമുക്കു നൽകുന്നു. നേരെ തിരിയുക – ഈലോകത്തിലേക്ക് തിരിഞ്ഞു നിൽക്കുന്നതിൽ നിന്നും മാനസാന്തരപ്പെടുക – കാരണം ഇപ്പോൾ ദൈവം നിങ്ങൾക്ക് ആത്മീയ സമ്പത്ത് നൽകാൻ പോകുകയാണ്.”

നമുക്ക് സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാം.