പുതിയ ഉടമ്പടി ജീവിതം – WFTW 04 ജൂൺ 2023

സാക് പുന്നന്‍

പുതിയ ഉടമ്പടി എന്നത് “യേശുവിൻ്റെ രക്തം കൊണ്ട് ഒപ്പിട്ട്” മനുഷ്യനുമായി ദൈവം ഉണ്ടാക്കിയ ഒരു കരാറാണ് (എബ്രാ. 13:20- ലിവിംഗ്). ഇപ്പോൾ നാം നമ്മുടെ സ്വയ ജീവൻ്റെ രക്തം കൊണ്ട് അതിന്മേൽ ഒപ്പ് ഇടേണ്ടതുണ്ട്. ദൈവവുമായുള്ള ആ കരാറിൽ പ്രവേശിക്കുവാൻ മറ്റു മാർഗ്ഗമൊന്നുമില്ല. അനേകർക്കും തൃപ്തികരമായ ഒരു ക്രിസ്തീയ ജീവിതത്തിലേക്കു കടക്കാൻ കഴിയാത്തതിനു കാരണം പൂരിപ്പിക്കാനുള്ള ഭാഗം സൂചിപ്പിക്കുന്ന കുത്തുകളിട്ട വരയിൽ അവരുടെ സ്വയ ജീവൻ്റെ രക്തം കൊണ്ട് ഒപ്പിടാത്തതാണ്.

യേശുവിന് തൻ്റെ ജീവിതകാലത്തുടനീളം അവിടുത്തെ പിതാവുമായി ഉണ്ടായിരുന്ന ഉടമ്പടി അവിടുന്ന് ഒരിക്കലും തൻ്റെ ശരീരം തൻ്റെ സ്വന്തം ഇഷ്ടം ചെയ്യാനായി ഉപയോഗിക്കുകയില്ലെന്നായിരുന്നു (എബ്രാ. 10:5). അവിടുന്നു തൻ്റെ സ്വന്ത ഹിതത്തെ മരണത്തിനേൽപ്പിക്കും അങ്ങനെ അവിടുന്ന് ആ ഉടമ്പടി തൻ്റെ സ്വന്ത ഇഷ്ടത്തിൻ്റെ “രക്തം” കൊണ്ട് (ക്രൂശീകരണം) ഒപ്പിട്ടു. നാം ഇന്നു വിളിക്കപ്പെട്ടിരിക്കുന്നത് ഇതേ മാർഗ്ഗത്തിൽ അവിടുത്തോട് കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ്. ഇതു നടക്കാൻ പ്രയാസമുള്ള ഒരു വഴിയല്ല. എന്നാൽ മറിച്ച് നിങ്ങൾക്ക് എന്നെങ്കിലും ജീവിക്കാൻ കഴിഞ്ഞിട്ടുള്ളതിലും അധികം സന്തോഷകരമായ ജീവിതത്തിലേക്ക് (പിരിമുറുക്കത്തിൽ നിന്നു സ്വതന്ത്രമായ) അത് നിങ്ങളെ നയിക്കും. നാം സ്നാനപ്പെടുമ്പോഴും നാം ഒരുമിച്ച് അപ്പം നുറുക്കുമ്പോഴും ഈ ഉടമ്പടിയ്ക്കാണ് നാം സാക്ഷ്യം പറയുന്നത്.

ലൂക്കോ.5:38ൽ യേശു പറയുന്ന പുതിയ വീഞ്ഞ് പരാമർശിക്കുന്നത്, പുതിയ ഉടമ്പടിയിൻ കീഴിൽ നമുക്കു പങ്കാളികളാകാൻ കഴിയുന്ന ദൈവത്തിൻ്റെ ജീവനെയാണ്. പഴയ വീഞ്ഞ് സൂചിപ്പിക്കുന്നത് ന്യായപ്രമാണത്തിനു കീഴിലുള്ള ജീവിതമാണ്- നിയമങ്ങളുടെയും ചട്ടങ്ങളുടെയും ജീവിതം. എദൻ തോട്ടത്തിലുള്ള രണ്ടു വൃക്ഷങ്ങൾ പ്രതീകവൽകരിക്കുന്നത് ഈ രണ്ട് ഉടമ്പടികൾക്ക് കീഴിലുള്ള ജീവിതങ്ങളെയാണ്. അനേകം നിയമങ്ങളാലും ചട്ടങ്ങളാലും പാപത്തിൽ നിന്ന് പിന്നോട്ടു പിടിച്ചു നിർത്തുന്ന (അന്ധാരാധനാ സമൂഹങ്ങളിൽ കാണപ്പെടുന്ന ഒന്ന്) ഒരു ജീവിതം (പ്രത്യക്ഷത്തിൽ നേരുള്ളതെന്നു തോന്നുന്ന ഒരു ജീവിതം). നന്മതിന്മകളെ കുറിച്ചുള്ള അറിവിൻ്റെ വൃക്ഷത്തെ കുറിച്ച് ദൈവം ആദമിനു മുന്നറിയിപ്പു നൽകിയതുപോലെ ആ ജീവൻ മരണത്തിലേക്കു നയിക്കുന്നു. യഥാർത്ഥ ക്രിസ്ത്യാനിത്വം, യേശുവിൻ്റെ ജീവൻ്റെ പങ്കാളികളാകുന്നതിലൂടെ, അകത്തു നിന്ന് ഉളവാകുന്ന ജീവനാണ്, ആ ജീവൻ ചില കാര്യങ്ങൾ അഴുക്കുള്ളതാണെന്നും മറ്റു ചില കാര്യങ്ങൾ വെടിപ്പുള്ളതാണെന്നും നമുക്ക് മുന്നറിയിപ്പു നൽകുന്നു. നമുക്കു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം ഉണ്ട്, എന്നാൽ ഏതെങ്കിലും നിയമങ്ങളാൽ കെട്ടപ്പെട്ടതുകൊണ്ടോ (“തൊടരുത്, രുചിക്കരുത്” – കൊലൊ.2:21), അല്ലെങ്കിൽ മറ്റുള്ളവരിൽ മതിപ്പുണ്ടാക്കാനോ വേണ്ടിയല്ല നാം അവയെ ഒഴിവാക്കുന്നത്.

യേശുവിൻ്റെ ഐഹിക ജീവിത കാലത്ത് അവിടുത്തെ ശരീരത്തിൽ പരിശുദ്ധാത്മാവു ചെയ്ത അതേ കാര്യം നമ്മിലും ചെയ്യേണ്ടതിന്, നമ്മുടെ ശരീരത്തെ ഓരോ ദിവസവും ഒരു ജീവനുള്ള യാഗമായി അവിടുത്തേക്കു സമർപ്പിച്ചിട്ട് നമ്മെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണ്ടതിനു നാം അപേക്ഷിക്കുമ്പോൾ, പണിയപ്പെടുന്ന ക്രിസ്തുവിൻ്റെ ശരീരത്തെ കുറിച്ചാണ് പുതിയ തുരുത്തി സംസാരിക്കുന്നത്. ഇതേ വഴിയിൽ നടക്കുന്ന മറ്റുള്ളവരുമായി ഇതു നമ്മെ ഒന്നാക്കി തീർക്കുന്നു. അങ്ങനെ നാം ക്രിസ്തുവിൽ ഒരു ശരീരമാക്കി തീർക്കപ്പെടുന്നു, അതാണ് സഭ, അന്യോന്യം പണിയപ്പെടേണ്ടതിന് ആവശ്യമായ വരങ്ങളാൽ നമ്മെ അവിടുന്നു സജ്ജരാക്കുന്നത് ഈ സഭയിലാണ്.

അങ്ങനെ സാത്താൻ നമ്മുടെ കാൽക്കീഴിൽ ചതയ്ക്കപ്പെടുന്നു (റോമ.16:20). നമ്മെ കുറ്റപ്പെടുത്താനോ അല്ലെങ്കിൽ നമ്മെ കുറ്റബോധം ഉള്ളവരാക്കാനോ നാം സാത്താന് ഇടം കൊടുക്കുമ്പോൾ അവൻ നമ്മുടെ തലയിൽ കയറി ഇരിക്കുന്നു. എന്നാൽ അവൻ്റെ സ്ഥാനം നമ്മുടെ കാൽക്കീഴാണ്.

പാപം നിർവചിക്കപ്പെടുന്നത് ദൈവതേജസ്സിൽ കുറവു വരുന്നതാണ് എന്നാണ് – (റോമ. 3:23). ദൈവ തേജസ് കാണപ്പെട്ടത് യേശുവിൻ്റെ ജീവിതത്തിലാണ്. അതു കൊണ്ട് യേശുവിനോടുള്ള കൂട്ടായ്മയിൽ ചെയ്യാൻ കഴിയാത്തതെല്ലാം പാപമാണ് എന്നോർക്കുക.

പഴയ ഉടമ്പടിയുടെ കീഴിൽ, പാപം മറയ്ക്കപ്പെടാൻ മാത്രമേ കഴിഞ്ഞുള്ളു (കാളകളുടെയും ആടുകളുടെയും രക്തത്താൽ) അത് എടുത്തു മാറ്റിക്കളയാൻ കഴിഞ്ഞില്ല (സങ്കീ.32:1,2). അത് വെടിപ്പാക്കപ്പെടുവാനോ അല്ലെങ്കിൽ മായ്ക്കപ്പെടാനോ കഴിഞ്ഞില്ല. വർഷം തോറും അതിനെ കുറിച്ച് സ്ഥിരമായ ഒരു ഓർമ്മ കൊണ്ടുവന്നിരുന്നു (എബ്രാ. 10:34) പുതിയ ഉടമ്പടിയുടെ കീഴിൽ ഏതു വിധമായാലും നമ്മുടെ എല്ലാ പാപവും യേശുവിൻ്റെ രക്തത്താൽ വെടിപ്പാക്കപ്പെടുക മാത്രമല്ല ചെയ്തത്, എന്നാൽ അവിടുന്ന് ഇനി ഒരിക്കലും അവയെ ഓർക്കുകയുമില്ല എന്നു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നു (എബ്രാ.8:12). ഈ രണ്ട് ഉടമ്പടികളും തമ്മിലുള്ള വ്യത്യാസം നിങ്ങൾ വ്യക്തമായി മനസ്സിലാക്കണം.