പുതിയനിയമത്തിലെ ദൈവഭൃത്യന്‍


സാക് പുന്നന്‍

അധ്യായം ഒന്ന് : ദൈവം തന്റെ ഭൃത്യരെ വിളിക്കുകയും ഒരുക്കുകയും ചെയ്യുന്നു

ഈ ഭൂമിയില്‍ തന്റെ വേല മനുഷ്യരെക്കൊണ്ടു നിറവേറ്റണമെന്നു ദൈവം നിശ്ചയിച്ചിരിക്കുകയാല്‍ ആ വേലയ്ക്കായി ദൈവത്തിനു മനുഷ്യരെ ആവശ്യമുണ്ട്. ദൈവം വിളിച്ചാക്കുന്ന മനുഷ്യന്‍ ഒരുക്കമുള്ളവനായിത്തീരുന്നില്ലെങ്കില്‍ ദൈവവേല തടസ്സപ്പെടുകയോ താമസിച്ചു പോകയോ ചെയ്യും. എന്നാല്‍ ഒരു മനുഷ്യന്‍ ദൈവവിളിയോടു പ്രതികരിക്കാതിരുന്നാല്‍ അപ്പോള്‍ ദൈവം മറ്റൊരാളെ വിളിക്കും.

അബ്രാഹാം കല്ദയരുടെ ഊരിലായിരുന്നപ്പോള്‍ തന്റെ ഭവനത്തെയും ചാര്‍ച്ചക്കാരെയും വിട്ട് അജ്ഞാതമായൊരു സ്ഥലത്തേക്കു പോകുവാന്‍ ദൈവം അദ്ദേഹത്തെ വിളിച്ചു. അബ്രാഹാം അനുസരിക്കുവാന്‍ സന്നദ്ധനായിരുന്നില്ലെങ്കില്‍ ദൈവം അദ്ദേഹത്തെ നിര്‍ബ്ബന്ധിക്കുകയില്ലായിരുന്നു. അവിടുന്നു മറ്റൊരാളെ വിളിക്കുമായിരുന്നു. അങ്ങനെയെങ്കില്‍ അബ്രാഹാമിനെപ്പറ്റി നാം കേള്‍ക്കുവാനേ ഇടയാകുമായിരുന്നില്ല.

ദൈവത്തെ സേവിക്കുവാനായി വിളിക്കപ്പെടുക എന്നത് ഒരുന്നത പദവിയത്രേ. എന്നാല്‍ അതോടൊപ്പം തന്നെ മഹത്തും ഭയങ്കരവുമായ ഒരു ഉത്തരവാദിത്വവും അയാള്‍ക്കു വന്നുചേരുന്നു.

യാക്കോബിന്റെ അനന്തരഗാമികളെപ്പറ്റിയുള്ള ദൈവത്തിന്റെ സമ്പൂര്‍ണ്ണപദ്ധതിയനുസരിച്ച് അവര്‍ കൃത്യം നാലു നൂറ്റാണ്ടുകാലം ഈജിപ്റ്റില്‍ കഴിഞ്ഞുകൂടേണ്ടിയിരുന്നു. ദൈവം അബ്രാഹാമിനോട് അദ്ദേഹത്തിന്റെ സന്തതികള്‍ ഒരന്യദേശത്ത് 400 വര്‍ഷം അടിമകളാ യിരിക്കുമെന്ന് അരുളിച്ചെയ്തിരുന്നു (ഉല്‍പ. 15:13). എന്നാല്‍ ദൈവം അന്തിമമായി യിസ്രായേല്‍ജനതയെ ഈജിപ്റ്റില്‍നിന്നു വിടുവിച്ചപ്പോള്‍ അവര്‍ 430 വര്‍ഷം അവിടെ ചെലവഴിച്ചുകഴിഞ്ഞിരുന്നു (പുറ. 12:40).

ദൈവത്തിന്റെ സമ്പൂര്‍ണ്ണപദ്ധതിയെ അതിലംഘിച്ച് 30 വര്‍ഷക്കാലം കൂടെ അവര്‍ അവിടെക്കഴിയേണ്ടിവന്നത് എന്തുകൊണ്ടായിരുന്നു?

മിക്കവാറും തീര്‍ച്ചയാക്കാവുന്ന കാരണം ഇതാണ്: അവരെ നയിക്കുവാന്‍ മോശ ഒരുക്കപ്പെട്ടവനായിക്കഴിഞ്ഞിരുന്നില്ല. യിസ്രായേല്യരെ ഈജിപ്റ്റില്‍നിന്നു വിടുവിക്കുവാന്‍ ദൈവത്തിന് ഒരു മനുഷ്യനെ വേണ്ടിയിരുന്നു. എന്നാല്‍ ആ മനുഷ്യന്‍ ഒരാത്മീയനേതാവായിരിക്കുമാറ് ദൈവത്താല്‍ ഒരുക്കപ്പെടേണ്ടതും ആവശ്യമായിരുന്നു.

ദൈവഭൃത്യന്മാര്‍ തകര്‍ക്കപ്പെടേണ്ടത് ആവശ്യം

മോശയ്ക്ക് 40 വയസ്സായപ്പോള്‍ അദ്ദേഹം തന്നില്‍ത്തന്നെ ശക്തനായിരുന്നു. യിസ്രായേല്യരുടെ നേതാവാകുവാന്‍ താന്‍ യോഗ്യനാണെന്ന് അദ്ദേഹം സ്വയം കരുതി. എങ്കിലും ദൈവത്തിന്റെ ദൃഷ്ടിയില്‍ അദ്ദേഹം ഒരുക്കപ്പെട്ടിരുന്നില്ല.

അപ്പോ. 7:22 ഇപ്രകാരം പറയുന്നു: ”മോശ ഈജിപ്റ്റിലെ സകല ജ്ഞാനവും അഭ്യസിച്ചവനും വാക്കിലും പ്രവൃത്തിയിലും ശക്തനുമായി ത്തീര്‍ന്നിരുന്നു” (ലിവിംഗ് ബൈബിള്‍). ഒരുദിവസം മോശ യിസ്രായേല്യരായ തന്റെ സഹോദരന്മാരെ സന്ദര്‍ശിച്ചപ്പോള്‍ അവരില്‍ ഒരാളോട് ഒരു ഈജിപ്റ്റുകാരന്‍ അന്യായം ചെയ്യുന്നത് അദ്ദേഹം കണ്ടു. അദ്ദേഹം യിസ്രായേല്‍ക്കാരനെ സഹായിക്കുകയും ഈജിപ്റ്റുകാരനെ അടിച്ചു കൊല്ലുകയും ചെയ്തു. തന്നെ അവരുടെ നേതാവായി ദൈവം നിയമിച്ചിരിക്കുന്നുവെന്ന് യിസ്രായേല്‍ജനം കരുതുമെന്ന് മോശ ചിന്തിച്ചു. പക്ഷേ അവര്‍ അപ്രകാരം കരുതിയില്ല.

ഒരു ദൈവഭൃത്യനായിത്തീരുന്നതിന്റെ അര്‍ത്ഥമെന്തെന്ന് മോശ അപ്പോഴും മനസ്സിലാക്കിയിരുന്നില്ല.

അതിനാല്‍ ദൈവം മോശയ്ക്ക് തന്റെ മാനസികശക്തിയിലും ജ്ഞാനത്തിലുമുള്ള വിശ്വാസം തകര്‍ക്കുന്നതിനുവേണ്ടി അദ്ദേഹത്തെ മരുഭൂമിയിലേക്കു നയിച്ചു. ദൈവത്തിന്റെ പരിപൂര്‍ണ്ണപദ്ധതിയനുസരിച്ച് ആ പരിശീലനം ഏകദേശം പത്തു വര്‍ഷം നീണ്ടുനില്‍ക്കുവാനാണ് ഉദ്ദേശിക്കപ്പെട്ടിരുന്നത്. എന്നാല്‍ അതിനുപകരം മോശ തകര്‍ക്കപ്പെടുന്നതിനു 40 വര്‍ഷം വേണ്ടിവന്നു.

തന്മൂലം യിസ്രായേല്‍മക്കള്‍ക്ക് തങ്ങളുടെ നേതാവ് ഒരുക്കപ്പെടുന്ന തിലേക്ക് 30 വര്‍ഷംകൂടെ കാത്തിരിക്കേണ്ടിവന്നു.

ദൈവം തിരഞ്ഞെടുക്കുന്ന നേതാക്കന്മാര്‍ തക്കസമയത്തു തകര്‍ക്കപ്പെടാതിരുന്നാല്‍ ദൈവികപദ്ധതികള്‍ താമസിച്ചുപോകുവാനിടയുണ്ട്. ദൈവനിശ്ചിതമായ ഒരു കാലാവധിയുണ്ട്; അതിനകം നാം തകര്‍ക്കപ്പെടേണ്ടത് ആവശ്യമാണ്. ആ കാലപരിധി ചുരുക്കുവാന്‍ നമുക്കു സാധ്യമല്ല. അതേസമയം നാം ദൈവികപരിശീലനത്തിനു വഴങ്ങാതെ വരുന്നപക്ഷം അതിനെ നീട്ടുവാന്‍ നമുക്കു കഴിയുംതാനും. നാം കഠിന ചിത്തരും വഴങ്ങാത്തവരുമാണെങ്കില്‍ നമുക്കുതന്നെ വലിയ നഷ്ടം സംഭവിക്കും; ദൈവത്തിന്റെ വേലയും നഷ്ടം സഹിക്കേണ്ടിവരും.

മോശയെപ്പോലെ നാമും ദൈവവചനത്തിലെ ഉപദേശങ്ങളില്‍ അഭ്യാസം തികഞ്ഞവരും ദൈവത്തിന്റെ മുഴുവന്‍ ആലോചനയും ഗ്രഹിച്ചവരും പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തരും നമ്മുടെ ദൃഷ്ടിയില്‍ത്തന്നെ വാക്കിലും പ്രവൃത്തിയിലും ശക്തരുമെന്ന് സ്വയം ചിന്തിച്ചേക്കാം (അപ്പോ. 7:22). പരാജിതരും പീഡിതരുമായ നമ്മുടെ സഹോദരങ്ങളെപ്പറ്റി നാമും മോശയെപ്പോലെ ഹൃദയഭാരമുള്ളവരായിരിക്കാം. അതിനാല്‍ ദൈവത്തെ സേവിക്കുവാന്‍ സുസജ്ജരാണ് നാമെന്ന് നാം സ്വയം സങ്കല്‍പിച്ചേക്കാം. എന്നാല്‍ നാം അപ്രകാരം ആയിത്തീര്‍ന്നിട്ടില്ല.

മോശയെപ്പോലെ നാമും പ്രസംഗപാടവം ഉള്ളവര്‍ (വാക്കില്‍ ശക്തര്‍) ആയിരിക്കാം. ആളുകള്‍ ഒരു മണിക്കൂര്‍ നേരം നമ്മുടെ പ്രസംഗം കേട്ടുകൊണ്ടിരിക്കുന്നുവെന്നത് ഒരു പ്രധാന കാര്യമല്ല. കാരണം, രാഷ്ട്രീയനേതാക്കന്മാരെ രണ്ടോ മൂന്നോ മണിക്കൂര്‍ കേട്ടു കൊണ്ടിരിക്കുവാന്‍ ആളുകള്‍ സന്നദ്ധരാണ്. നമ്മുടെ സ്വാഭാവിക കഴിവുകള്‍കൊണ്ട് ദൈവവേല ചെയ്യുവാന്‍ നാം ഒരുമ്പെടരുത്. അക്കാര്യം നാം വിശേഷിച്ചും ശ്രദ്ധിക്കേണ്ടതാണ്.

നാം എത്രത്തോളം കഴിവുള്ളവരോ അത്രത്തോളം മാനുഷിക ശക്തികളിലാശ്രയിക്കുക എന്ന വിപത്തിനു നാം വിധേയരാകും. അതിനാലാണ് നാം തകര്‍ക്കപ്പെടേണ്ടത് ആവശ്യമായിരിക്കുന്നത്.

യിസ്രായേല്‍ജനങ്ങള്‍ക്കു മോശയില്‍ വിശ്വാസം ഉണ്ടായിരുന്നില്ല. അദ്ദേഹത്തെ അവരുടെ നേതാവായി നിയമിക്കുവാന്‍ ദൈവത്തിനും അദ്ദേഹത്തില്‍ വിശ്വാസം ഉണ്ടായില്ല. ദൈവത്തിനോ മനുഷ്യര്‍ക്കോ ഒരുവനില്‍ വിശ്വാസം ഇല്ലാതിരിക്കെ ഒരുവന് മറ്റുള്ളവരെ നയിക്കുവാന്‍ എങ്ങനെയാണ് സാധിക്കുക?

തന്റെ പ്രതിനിധികളായി ദൈവം നമ്മെ ഉപയോഗിക്കുമാറ് യോഗ്യതയുള്ളവരാണു നാമെന്ന് നാം സ്വയം ചിന്തിച്ചേക്കാം. എങ്കിലും ദൈവം അപ്രകാരം ചിന്തിച്ചെന്നു വരില്ല. നാം ദൈവത്തിനുവേണ്ടി ഫലപ്രദമായ വേല ചെയ്യണമെങ്കില്‍ നമ്മുടെ ശുശ്രൂഷയ്ക്ക് ദൈവത്തിന്റെ അംഗീകാരം ലഭിക്കേണ്ടത് ആവശ്യമത്രേ. നാം തകര്‍ക്കപ്പെടുന്നതുവരെയും ദൈവം നമ്മുടെ ശുശ്രൂഷയെ അംഗീകരിക്കുകയില്ല.

ഒരിക്കല്‍ മോശ തകര്‍ക്കപ്പെട്ടുകഴിഞ്ഞതോടെ, വാക്കില്‍ ശക്തനായിരുന്ന അതേ മനുഷ്യന്‍ തന്നെ ”കര്‍ത്താവേ, എനിക്കു സംസാരിപ്പാന്‍ കഴിവില്ല” എന്ന് ഏറ്റുപറയുവാന്‍ ഇടയായി (പുറ. 4:10).

ദൈവം മോശയെ തകര്‍ത്തത് എങ്ങനെയായിരുന്നു? അവിടുന്ന് അദ്ദേഹത്തെ മരുഭൂമിയിലേക്കു നടത്തി. അവിടെവച്ച് അദ്ദേഹം വിവാഹിതനാവുകയും ഭാര്യയുടെ മാതാപിതാക്കളോടൊപ്പം അവരുടെ ഭവനത്തില്‍ താമസിക്കുകയും ചെയ്തു. ഒരുവന്‍ നിസ്സഹായതമൂലം തന്റെ ഭാര്യയുടെ മാതാപിതാക്കളെയോ സഹോദരങ്ങളെയോ ആശ്രയിച്ചു താമസിക്കുമ്പോള്‍ വളരെവേഗം അയാള്‍ തകര്‍ക്കപ്പെടുവാനിടയാകുമെന്നത് അദ്ഭുതാവഹമായ ഒരു വസ്തുതയാണ്. ഇപ്രകാരമാണ് ദൈവം വളരെക്കാലം മുമ്പ് യാക്കോബിനെയും തകര്‍ത്തത്.

മോശയുടെ കുടുംബജീവിതരംഗത്തും (ഭാര്യ, മക്കള്‍, പത്‌നീബന്ധുക്കള്‍ എന്നിവരോടൊപ്പമുള്ള ജീവിതം) ജോലിയുടെ രംഗത്തും (അമ്മാവിയപ്പന്റെ ആടുകളെ മേയ്ക്കുക) ആണ് ദൈവം അദ്ദേഹത്തെ തകര്‍ക്കുകയും വിനീതനാക്കുകയും ചെയ്തത്. ഈ വിദ്യാഭ്യാസത്തിനു 40 വര്‍ഷം വേണ്ടിവന്നു. കാത്തിരിക്കുവാന്‍ ദൈവം സന്നദ്ധനായിരുന്നു. ദൈവത്തിന്റെ മനുഷ്യന്‍ ഒരുക്കപ്പെടേണ്ടതിലേക്ക് ദൈവജനങ്ങളും കാത്തിരിക്കേണ്ടിവന്നു.

ദൈവം ഇന്നും കാത്തിരിക്കുന്നു. ഇന്‍ഡ്യയുടെ പല പ്രദേശങ്ങളിലും ക്രിസ്തുവില്‍ ഒരു ശരീരമായി പണിയപ്പെടേണ്ട ജനങ്ങള്‍ ഉണ്ട്. എന്നാല്‍ ആ ശരീരം പണിയുന്ന വേലക്കാരായി ചിലയാളുകളെ കണ്ടെത്തുവാനും അവരെ തകര്‍ത്ത് ഉപയോഗയോഗ്യരാക്കിത്തീര്‍ക്കുവാനും ദൈവം കാത്തിരിക്കുകയാണ്.

ഈ കാരണത്താലാണ് നമ്മുടെ ഭവനങ്ങളെയും ജോലിസാഹചര്യങ്ങളെയും ദൈവത്തിന്റെ സര്‍വകലാശാലകളായി നാം കാണേണ്ടിയിരിക്കുന്നത്. നമ്മുടെ ഭാര്യാബന്ധുക്കളും മറ്റു കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട വിഷമസാഹചര്യങ്ങള്‍ നമ്മെ തന്റെ ഭൃത്യരാക്കുവാന്‍ ദൈവം ഉപയോഗിക്കുന്ന പരിശീലനക്കളരികളാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഉപദേശസംഹിതകളെക്കവിയുന്ന ചില കാര്യങ്ങള്‍ ദൈവം നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്; അവിടുന്നു നമ്മെ തകര്‍ക്കുകയാണ്.

എന്നാല്‍ കുശവന്റെ കൈയില്‍ കളിമണ്ണുപോലെ ദൈവത്തിനു സ്വയം കീഴ്‌പ്പെടുത്തിക്കൊടുക്കുന്നവരായി എത്രയോ ചുരുക്കം പേരെ മാത്രമേ ദൈവത്തിനു കാണ്മാന്‍ കഴിയുന്നുള്ളു! ഭൂരിപക്ഷം പരിശീലനാര്‍ത്ഥികളും മത്സരികളായിത്തീരുകയും സ്വകീയ താല്‍പര്യങ്ങള്‍ക്കു മരിക്കുവാന്‍ വിസമ്മതം കാട്ടുകയും ചെയ്യുന്നു. തന്മൂലം ദൈവം അവരെ ഉപയോഗിക്കാതെ തള്ളിക്കളയുന്നു.

ആ 40 വര്‍ഷങ്ങളില്‍ മോശ പഠിച്ചത് ഉപദേശമായിരുന്നില്ല. ഒരുവനു ബുദ്ധിചാതുര്യമുണ്ടെങ്കില്‍ ചുരുങ്ങിയ സമയംകൊണ്ട് ഉപദേശങ്ങള്‍ പഠിക്കുവാന്‍ സാധ്യമാണ്. എന്നാല്‍ തകര്‍ക്കപ്പെടുവാന്‍ സമയം എടുക്കും. എപ്പോഴും നമ്മെക്കുറിച്ച് എളിയചിന്തകളില്‍ അടിയുറച്ചവരായിത്തീരുക എളുപ്പമുള്ള കാര്യമല്ല.

കൂടുതല്‍ പക്വമതികളായ വിശ്വാസികളുടെ മധ്യത്തിലായിരിക്കുമ്പോള്‍ നാം നമ്മെത്തന്നെ പ്രധാനവ്യക്തികളായിക്കരുതുകയില്ല. എന്നാല്‍ നമ്മുടെ തന്നെ പ്രാദേശികസഭകളില്‍ ചെല്ലുമ്പോള്‍ അവിടെ നാം വലിയവരാണെന്നു സ്വയം ചിന്തിച്ചുപോകും. അതാണ് ആപല്‍ക്കരം. നാം എവിടെപ്പോയാലും എല്ലാ വിശുദ്ധന്മാരിലും ഏറ്റവും ചെറിയവരാണു നാമെന്നു മനസ്സിലാക്കുവാന്‍ ദൈവം നമ്മെ സമ്പൂര്‍ണ്ണമായി തകര്‍ക്കേണ്ടത് ആവശ്യംതന്നെ.

ദൈവം യുവാക്കളെ വിളിക്കുന്നു

യേശു തന്റെ അപ്പോസ്തലന്മാരാകുവാന്‍ വളരെ പ്രായം കുറഞ്ഞ ആളുകളെയാണ് വിളിച്ചത്. ഒരപ്പോസ്തലനാകുവാന്‍ ഒരുവന്‍ കുറഞ്ഞത് 60, 65 വയസ്സുള്ളവനാകണം എന്നു പലരും ചിന്തിക്കുന്നു. എന്നാല്‍ യേശു മുപ്പതിനടുത്തു പ്രായമുള്ളവരെയാണ് തന്റെ അപ്പോസ്തലന്മാരാകുവാന്‍ തിരഞ്ഞെടുത്തത്. യേശുവിനു തന്നെയും അവിടുന്നു മരിക്കുമ്പോള്‍ 331/2 വയസ്സേ ഉണ്ടായിരുന്നുള്ളു. 11 അപ്പോസ്തലന്മാരില്‍ എല്ലാവരും കര്‍ത്താവിനെക്കാള്‍ പ്രായം കുറഞ്ഞവരായിരുന്നു. എന്തെന്നാല്‍ യഹൂദറബ്ബിമാര്‍ എല്ലായ്‌പ്പോഴും തങ്ങളുടെ ശിഷ്യന്മാരായി തിരഞ്ഞെടുക്കുന്നതു തങ്ങളെക്കാള്‍ പ്രായം കുറഞ്ഞവരെയായിരുന്നു. അപ്പോസ്തലനായ യോഹന്നാന്‍ പെന്തക്കോസ്തു നാളില്‍ 30 വയസ്സു മാത്രം പ്രായമുള്ളവനായിരുന്നിരിക്കണം.

യേശു ഈ യുവാക്കളെ തിരഞ്ഞെടുക്കുമ്പോള്‍ അവരുടെ പരിചയസമ്പത്തല്ല, മറിച്ച് പൂര്‍ണ്ണസമര്‍പ്പണമാണ് നോക്കിയത്. പെന്തക്കോസ്തുനാളില്‍ ഈ യുവാക്കന്മാര്‍ പരിശുദ്ധാത്മാവിനാല്‍ അഭിഷേകം പ്രാപിച്ച് കര്‍ത്താവിന്റെ അപ്പോസ്തലരാകുവാനുള്ള പ്രകൃത്യതീതമായ ശക്തി പ്രാപിച്ചു. പരിചയവും പക്വതയും പിന്നീടാണ് അവര്‍ക്കുണ്ടായിത്തീര്‍ന്നത്. തിമോഥെയോസും വളരെ ചെറുപ്പമായിരുന്ന കാലത്തു തന്നെ ഒരപ്പോസ്തലനായിത്തീര്‍ന്നു (1 തിമോ. 4:12).

ദൈവം ഇന്നും തന്റെ വേലയ്ക്കായി യുവാക്കന്മാരെയാണ് വിളിക്കുന്നത്. എന്നാല്‍ അവര്‍ വിനീതരായിത്തീരേണ്ടത് അത്യന്താപേക്ഷിതമത്രേ. ദൈവത്താല്‍ വിളിക്കപ്പെട്ട ഏതൊരു യുവാവും അഭിമുഖീകരിക്കുന്ന പ്രധാന വിപത്ത് ആത്മീയ നിഗളമാണ്.

തന്റെ ദാസന്മാരാകുവാന്‍ ദൈവത്താല്‍ വിളിക്കപ്പെട്ടശേഷം തങ്ങളുടെ വിളിയില്‍നിന്നു വീണുപോയ പല യുവാക്കന്മാരെയും ഇന്‍ഡ്യാ രാജ്യത്ത് എനിക്കു കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടുണ്ട്. ചിലരുടെ കാര്യ ത്തില്‍ ദൈവം ഒരു മാര്‍ഗ്ഗത്തിലൂടെ അവരെ ഉപയോഗിക്കുവാനാരംഭിച്ചപ്പോള്‍ തന്നെ അവര്‍ നിഗളിക്കുവാനിടയായി. ദൈവത്തിനു ലഭിക്കേണ്ട മഹത്വം അവര്‍ സ്വയം എടുക്കുകമൂലം ദൈവത്തിന് അവരെ നീക്കിക്കളയേണ്ടിവന്നു. മറ്റു ചിലരുടെ കാര്യത്തില്‍ അവര്‍ ലൗകികസുഖമാഗ്രഹിക്കുകയും നല്ല ശമ്പളം നല്‍കുന്ന പാശ്ചാത്യ ക്രൈസ്തവസംഘടനകളുടെ ശമ്പളക്കാരായി മാറുകയും ചെയ്തു. അങ്ങനെ ബിലെയാമിനെപ്പോലെ അവര്‍ വഴിതെറ്റിപ്പോയി. ഇനിയും ചിലരുടെ കാര്യത്തില്‍ അവര്‍ സുന്ദരിമാരായ ദെലീലമാരാല്‍ ആകര്‍ഷിക്കപ്പെട്ട് ശിംശോനെ പ്പോലെ തങ്ങളുടെ അഭിഷേകം നഷ്ടപ്പെടുത്തിക്കളഞ്ഞു. അങ്ങനെ ഈ നല്ല യുവജനങ്ങള്‍ മനുഷ്യരുടെ മാനവും പണവും മോഹിച്ചിട്ടോ അല്ലെങ്കില്‍ സുന്ദരികളായ സ്ത്രീകളെക്കുറിച്ചുള്ള മോഹം നിറവേറ്റുവാന്‍ വേണ്ടിയോ തങ്ങളുടെ ദൈവവിളിയും അഭിഷേകവും നഷ്ടപ്പെടുത്തുകയാണുണ്ടായത്.

ദൈവത്തിന്റെ വചനം ഭയം കൂടാതെ സംസാരിക്കുകയും, പണത്തെയോ സുന്ദരികളായ സ്ത്രീകളെയോ മനുഷ്യന്റെ അംഗീകാരത്തെയോ ഗണ്യമാക്കാതിരിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ പ്രവാചകന്മാരെ ഇന്‍ഡ്യയില്‍ ഇന്ന് എവിടെയാണ് കാണുവാന്‍ കഴിയുക? ഇത്തരക്കാര്‍ വളരെ ദുര്‍ല്ലഭം തന്നെ. ദൈവത്താല്‍ വിളിക്കപ്പെട്ട മിക്ക വരും വഴിയരികില്‍ വീണുപോയിരിക്കുന്നു.

ദൈവത്തിന്റെ ഹനനയാഗങ്ങള്‍ തകര്‍ന്നും നുറുങ്ങിയുമുള്ള ഒരാത്മാവാണ്. നാം ഹൃദയം തകര്‍ന്നവരും വിനീതരുമാണെങ്കില്‍ ദൈവം എപ്പോഴും നമ്മെ ഉപയോഗിക്കും. എന്നാല്‍ നമുക്കു ലഭിച്ച വലിയ വെളിപ്പാടുകള്‍ നിമിത്തമോ, ദൈവം തന്ന വമ്പിച്ച ശുശ്രൂഷ നിമിത്തമോ എന്തോ ആയിത്തീര്‍ന്നുവെന്നു നാം ചിന്തിക്കുന്ന അതേ ദിവസത്തില്‍ തന്നെ നാം പിന്മാറ്റത്തിലേക്കു കാലൂന്നിയിരിക്കുന്നു. അപ്പോള്‍ ദൈവം നമ്മുടെ സ്ഥാനത്തുനിന്നു നമ്മെ നീക്കിക്കളയും.

പിന്നെയും ഏതെങ്കിലുമൊരു സഭയിലെ മൂപ്പനെന്ന സ്ഥാനം നമുക്ക് ഉണ്ടായിരിക്കാം. എന്നാല്‍ നമ്മുടെ ജീവിതം നാം നഷ്ടമാക്കിക്കളഞ്ഞു വെന്ന് നിത്യതയില്‍ നാം കണ്ടെത്തും.

ദൈവം ”പൂജ്യങ്ങളെ” വിളിക്കുന്നു

1 കൊരി. 3:5ല്‍ ”അപ്പൊല്ലോസ് ആര്? പൗലോസ് ആര്?” എന്നു പൗലോസ് ചോദിക്കുന്നു. പൗലോസ് ദൈവത്തിന്റെ ശക്തനായ ഒരപ്പോസ്തലനാണെന്ന് നാം ഉത്തരം പറഞ്ഞേക്കാം. അദ്ദേഹം മരിച്ചവരെ ഉയിര്‍പ്പിച്ചു; അനേകം സഭകള്‍ സ്ഥാപിച്ചു; തിരുവെഴുത്തുകള്‍ എഴു തുക തന്നെയും ചെയ്തു. എന്നാല്‍ പൗലോസ് തന്നെപ്പറ്റിത്തന്നെ ”പൗലോസ് ആര്?” എന്നു ചോദിക്കുന്നു; ”ഒരു വേലക്കാരന്‍ മാത്രം” എന്ന് ഉത്തരം നല്‍കുകയും ചെയ്യുന്നു. ജീവിതാന്ത്യംവരെയും തന്നെ ക്കുറിച്ചു പൗലോസിനുണ്ടായിരുന്ന അഭിപ്രായം അതായിരുന്നു. അദ്ദേഹം വഴിയരികില്‍ വീണുപോകാഞ്ഞതില്‍ അദ്ഭുതത്തിന് എന്താണവകാശം?

മറ്റുള്ളവരുടെ ദാസനെന്നതില്‍ക്കവിഞ്ഞ് നമ്മെക്കുറിച്ചെന്തെങ്കിലും നാം ചിന്തിക്കുവാന്‍ ആരംഭിക്കുന്ന നിമിഷത്തില്‍തന്നെ നാം പിന്മാറിപ്പോകുവാന്‍ തുടങ്ങിയിരിക്കുന്നു.


പൗലോസ് തുടര്‍ന്നുപറയുന്നു: ”ഞാന്‍ നട്ടു; അപ്പൊല്ലോസ് നനച്ചു.” ആരാണ് ഇവരില്‍ വലിയവന്‍? നടുന്നവന്‍, അതായത് മറ്റാരും കടന്നു ചെന്നിട്ടില്ലാത്ത ഒരു സ്ഥലത്തേക്കു ചെന്ന് മുമ്പൊന്നും ഇല്ലാതിരുന്ന സ്ഥാനത്ത് ദൈവത്തിനുവേണ്ടി ഒരു വേല ആരംഭിക്കുന്നവനാണോ വലിയവന്‍? അതോ അതിനുശേഷം വന്ന് ദൈവവചനം പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും വിശ്വാസികളെ ഒരു ശരീരമായിപ്പണിയുകയും ചെയ്ത് നട്ടിരിക്കുന്നതിനെ നനയ്ക്കുന്നവനാണോ വലിയ വന്‍? രണ്ടുപേരുമല്ല എന്നതാണ് പൗലോസ് ഇതിനു നല്‍കുന്ന ഉത്തരം. ഇരുവരും ഏതുമില്ല എന്നു പൗലോസ് പറയുന്നു (1 കൊരി. 3:7). രണ്ടു പേരും പൂജ്യങ്ങള്‍ മാത്രം. ചെടിയെ വളരുമാറാക്കുന്ന ദൈവം തന്നെയാണ് സകലത്തിലും സകലവും

തന്റെ ജീവിതാന്ത്യംവരെയും പൗലോസ് തന്നെത്തന്നെ ഒരു പൂജ്യമായി പരിഗണിച്ചു. തന്മൂലം അവസാനംവരെയും ദൈവത്തിന് അദ്ദേഹത്തെ ഉപയോഗിപ്പാന്‍ സാധിക്കുകയും ചെയ്തു. ദൈവമായിരുന്നു പൗലോസിന് സകലവും.

ഒരിക്കല്‍ ബിലെയാമിനോട് സംസാരിക്കുവാന്‍ ദൈവത്തിന് ഒരു കഴുതയെ ആവശ്യമായിരുന്നു. മറ്റൊരവസരത്തില്‍ യെരൂശലേമിലേക്കു യാത്ര ചെയ്യുവാന്‍ യേശുവിന് ഒരു കഴുതയെ വേണ്ടിവന്നു. തന്റെ ലക്ഷ്യങ്ങള്‍ സാധിക്കുവാന്‍ അവിടുത്തേക്ക് ഇന്നും കഴുതകളെ ആവശ്യമാണ്. അതിനാല്‍ നാം ആരാണ്? തനിക്കുവേണ്ടി സംസാരിപ്പാനും തനിക്കു സവാരി ചെയ്യുവാനും കര്‍ത്താവു തിരഞ്ഞെടുത്ത കഴുതകള്‍ തന്നെ.

ദൈവം സകലവും ആകുന്നതിനുവേണ്ടി തങ്ങള്‍ ഏതുമില്ലാത്തവ രായിത്തീരുവാന്‍ സഹോദരന്മാര്‍ സന്നദ്ധരായിരിക്കുന്നിടത്തെല്ലാം ആരാണ് കൂടുതല്‍ ആത്മീയമായി എണ്ണപ്പെടുന്നവന്‍, ആരാണു വലിയ വന്‍ തുടങ്ങിയ കാര്യങ്ങളെപ്പറ്റി യാതൊരു മത്സരവും അവര്‍ക്കിടയില്‍ ഉണ്ടാവുകയില്ല.

എപ്പോഴെല്ലാം ഒരാള്‍ ഒരു സമൂഹത്തിലെ നേതാവെന്ന നിലയില്‍ സ്വയം ഉയര്‍ത്തുവാന്‍ ഭാവിക്കുമോ, അപ്പോഴൊക്കെയും ദൈവം അയാളെ അലമാരിയുടെ ഒരു തട്ടില്‍ എടുത്തുവയ്ക്കും. എല്ലാ സഭ യ്ക്കും നേതാക്കന്മാര്‍ ആവശ്യമാണെന്നതു ശരിതന്നെ. എന്നാല്‍ ആരെ ദൈവം തിരഞ്ഞെടുക്കുമോ അയാളാണ് നേതാവ്.

മറ്റുള്ളവരാല്‍ തങ്ങളുടെ നേതാവെന്ന നിലയില്‍ അംഗീകരിക്കപ്പെടുവാനുള്ള ദൈവകൃപ വേറൊരു സഹോദരനു ദൈവം നല്‍കുന്നപക്ഷം നമ്മെത്തന്നെ താഴ്ത്തുവാനും ആ വസ്തുത അംഗീകരിക്കുവാനും വേഗത്തില്‍ നാം ഒരുമ്പെടണം. നേരേമറിച്ച് അയാളുടെ ശുശ്രൂഷയെ പ്പറ്റി നാം അസൂയാലുക്കളാകുന്നുവെങ്കില്‍ നമ്മുടെ പ്രദേശത്ത് ക്രിസ്തുവിന്റെ ശരീരം പണിയപ്പെടുന്നതിനെ തടസ്സപ്പെടുത്തുന്ന സാത്താന്റെ ഏജന്റന്മാരായി നാം തീരും.

സഭയെ നയിക്കുവാന്‍ ഏറ്റവും പറ്റിയ വ്യക്തി ആരാണെന്നുള്ളത് ദൈവം അറിയുന്നു. സമര്‍ത്ഥരെയും ബുദ്ധിശാലികളെയുമല്ല ദൈവം അന്വേഷിക്കുന്നത്. നേരേ മറിച്ച് ബലഹീനരും മനസ്സു തകര്‍ന്നവരും തങ്ങള്‍ വെറും പൂജ്യങ്ങളാണെന്ന് അംഗീകരിക്കുന്നവരുമായ വ്യക്തികളെ ദൈവം തിരഞ്ഞെടുക്കുന്നു.

ഈ വസ്തുത നാം മനസ്സിലാക്കിയിട്ടുണ്ടോ?

അധ്യായം രണ്ട് : തന്റെ ഭൃത്യന്മാരുടെ നേരേ ദൈവത്തിന്റെ കര്‍ക്കശത്വം

ദൈവവചനം ആദിമുതല്‍ അന്ത്യം വരെ ഒരു കാര്യം നമ്മെ ഓര്‍പ്പിക്കുന്നു: താന്‍ അധികം നല്‍കിയിട്ടുള്ളവരോട് ദൈവം അധികം ആവശ്യപ്പെടും. തന്റെ ഭൃത്യരോട് കര്‍ക്കശസ്വഭാവമുള്ളവനാണ് ദൈവം. അതിന്റെ കാരണം, അവിടുന്ന് വളരെ കാര്യങ്ങള്‍ അവരെ ഏല്‍പിച്ചിട്ടുണ്ട് എന്നതുതന്നെ.

മോശ എരിയുന്ന മുള്‍പ്പടര്‍പ്പില്‍ വച്ച് തന്റെ വേലയ്ക്കായി ദൈവത്താല്‍ നിയുക്തനായതിനുശേഷം ഈജിപ്റ്റിലേക്കു പുറപ്പെട്ടപ്പോള്‍ ദൈവം അദ്ദേഹത്തെ കൊല്ലുവാന്‍ ഭാവിച്ചതായി നാം വായിക്കുന്നു (പുറ. 4:24). ദൈവം അപ്പോള്‍തന്നെ തന്റെ വേലയ്ക്കായി അദ്ദേഹത്തെ വിളിച്ചതേയുള്ളുവെന്നിരിക്കെ, ഇത് അദ്ഭുതാവഹം തന്നെ. ആ കൃത്യം നിറവേറ്റുവാന്‍ യോഗ്യതയുള്ളവനായി ഭൂമുഖത്തുണ്ടായിരുന്ന ഏക വ്യക്തിയും മോശ ആയിരുന്നു. ദൈവികലക്ഷ്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ പരിശീലിപ്പിക്കുവാന്‍ ദൈവം 80 വര്‍ഷങ്ങള്‍ ചെലവിടുകയും ചെയ്തു. എങ്കില്‍പ്പിന്നെ എന്തുകൊണ്ടാണ് ദൈവം മോശയെ കൊല്ലുവാന്‍ ആഗ്രഹിച്ചത്?

മോശയുടെ ഭാര്യയായിരുന്ന സിപ്പോറാ ഒരു യഹൂദസ്ത്രീയല്ലാതിരുന്നതിനാല്‍ അവരുടെ പുത്രനെ പരിച്ഛേദന ചെയ്യുന്നതില്‍ വിശ്വസിച്ചിരുന്നില്ല. മോശ തന്റെ ഭാര്യയുടെ അഭിപ്രായത്തിനു വഴങ്ങുകയും ദൈവത്തെ അനുസരിക്കാതിരിക്കുകയും ചെയ്തു. ഇപ്പോഴാകട്ടെ, മോശ ദൈവജനത്തിന്റെ നേതാവായിത്തീരാന്‍ പോവുകയാണ്. എന്നിട്ടും ഇവിടെ മോശ തന്റെ ഭാര്യയെ പ്രസാദിപ്പിക്കുകയും തന്റെ കുടുംബ കാര്യത്തില്‍ തന്നെ ദൈവത്തോട് അനുസരണക്കേടു കാട്ടുകയുമാണ് ചെയ്യുന്നത്. മോശ മരണത്തെ സമീപിച്ച സമയത്ത് തന്റെ ഭര്‍ത്താവിന്റെ രോഗകാരണമെന്തെന്നു സിപ്പോറാ മനസ്സിലാക്കി. അതിനാല്‍ പെട്ടെന്നു തന്നെ അവള്‍ തന്റെ പുത്രനു പരിച്ഛേദന നടത്തി. അപ്പോള്‍ മാത്രമാണ് ദൈവം മോശയുടെ ജീവന്‍ രക്ഷിച്ചത്.

ഇവിടെ ദൈവം തന്റെ ഭൃത്യന്മാരുടെ ജീവിതത്തില്‍ എന്തെങ്കിലും ഒത്തുതീര്‍പ്പുമനോഭാവമോ അനുസരണക്കേടോ പത്‌നീവിധേയത്വമോ സഹിക്കുന്നവനല്ലെന്നു നാം കാണുന്നു. ദൈവജനത്തെ നയിക്കുന്നവരായി നാം തീരണമെങ്കില്‍ നാം പൂര്‍ണ്ണാനുസരണമുള്ളവരായിരിക്കണം. ദൈവത്തിന്റെ പക്കല്‍ മുഖപക്ഷമില്ല. തന്റെ ഏറ്റവും പ്രഗല്ഭരായ ഭൃത്യന്മാരെപ്പോലും അവര്‍ അനുസരണം കെട്ടവരായാല്‍ ദൈവം വിധിക്കും.

ദീര്‍ഘക്ഷമയുടെ പ്രാധാന്യം

മോശയ്ക്കു 120 വയസ്സുള്ള കാലത്ത് ദൈവം വീണ്ടും മോശയെ ശിക്ഷിച്ചു. ഈ പ്രാവശ്യം ശിക്ഷ പിന്‍വലിക്കപ്പെട്ടില്ല. ഇത്തവണ ജലം നല്‍കുവാന്‍ പാറയോടു കല്പിക്കണമെന്ന് ദൈവം അദ്ദേഹത്തോടാ ജ്ഞാപിച്ചു. എന്നാല്‍ മോശ ജനത്തിന്റെ നേരേ കോപിച്ച് ആദ്യം ജനത്തെത്തന്നെ വാക്കുകള്‍കൊണ്ട് അടിക്കുകയും പിന്നീടു പാറയെ അടിക്കുകയും ചെയ്തു (സംഖ്യാ. 20:7, 12). ഇത് ഒരു ചെറിയ തെറ്റു മാത്രമായി നമുക്കു തോന്നിയേക്കാം. എന്നാല്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ ഇതു ഗൗരവാവഹമായ ഒരു കാര്യമായിരുന്നു.

”മത്സരികളേ, കേള്‍പ്പിന്‍” എന്നു പറഞ്ഞ് മോശ കോപത്തോടുകൂടി ജനത്തോടു സംസാരിച്ചു (സംഖ്യാ. 20:10). ജനങ്ങള്‍ എല്ലാം മത്സരികളാണെന്നും താന്‍ മാത്രം അപ്രകാരമല്ലെന്നുമായിരുന്നു മോശയുടെ വിവക്ഷിതം. എന്നാല്‍ അടുത്ത നിമിഷംതന്നെ മോശ ദൈവത്തോട് അനുസരണക്കേടു കാട്ടി, താനും ഒരു മത്സരിയായിത്തീര്‍ന്നു. ഈ സംസാരം ദൈവത്തിന് അനിഷ്ടമായി. ദൈവവചനം പറയുന്നു: ”അവന്‍ അധരങ്ങളാല്‍ അവിവേകം സംസാരിച്ചു. (അതിനാല്‍) മോശയ്ക്കും ദോഷം ഭവിച്ചു” (സങ്കീ. 106:32,33).

ദൈവജനങ്ങളുടെ നേരേ ആഞ്ഞടിച്ച ആ പ്രവൃത്തിയില്‍ത്തന്നെ മത്സരമനോഭാവം നാം കാണുന്നില്ലേ? സംസാരിക്കുവാന്‍ ദൈവം നമ്മോട് ആവശ്യപ്പെടാത്ത കാര്യങ്ങള്‍ നാം പലപ്പോഴും സംസാരിക്കുന്നു.

”ഏതു മനുഷ്യനും കേള്‍പ്പാന്‍ വേഗതയും പറവാന്‍ താമസവും ഉള്ളവനായിരിക്കട്ടെ; എന്തെന്നാല്‍ മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതിയെ പ്രവര്‍ത്തിക്കുന്നില്ല” എന്നു ദൈവവചനം പറയുന്നു (യാക്കോ. 1:19, 20).

നമ്മുടെ ഭവനത്തിലോ സഭയിലോ പരിഹാരം തേടേണ്ട ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ നാമെന്താണു ചെയ്യുന്നത്? കര്‍ത്താവിന്റെ മുമ്പില്‍ കാത്തിരിക്കാതെ നാം പെട്ടെന്ന് അതിനെപ്പറ്റി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയുമാണോ ചെയ്യുന്നത്? അങ്ങനെയെങ്കില്‍ നാം പരാജയമടയുന്നതിലും ഭവനത്തിലും സഭയിലും കുഴപ്പം സൃഷ്ടിക്കുന്നതിലും അദ്ഭുതത്തിന് എന്തവകാശം?

അത്തരം സന്ദര്‍ഭങ്ങളിലാണ് നമ്മുടെ കോപം ദൈവത്തിന്റെ നീതിയെ പ്രവര്‍ത്തിക്കുന്നില്ല എന്നു നാം ഓര്‍ക്കേണ്ടത്. നമ്മുടെ ഹൃദയത്തില്‍ സ്വസ്ഥതയില്ലാതെ മറ്റൊരാളെ സംബന്ധിച്ച് നാം വികാരക്ഷുബ്ധരായിത്തീരുമ്പോള്‍ നമുക്കു ചെയ്യാവുന്ന ഏറ്റവും നല്ല പ്രവൃത്തി മൗനം ഭജിക്കുക എന്നതാണ്. അങ്ങനെയെങ്കില്‍ കുറഞ്ഞപക്ഷം നാം ദൈവവേലയ്ക്കു ദോഷം വരുത്തുന്നവരായിത്തീരുകയില്ല.

ഒരു ദൈവഭൃത്യനാവുക എന്നതു ഗൗരവമുള്ള കാര്യമാണ്. അത്തരമൊരു ചുമതല ലഘുചിത്തതയോടെ എടുക്കുവാന്‍ നമുക്കു സാധ്യമല്ല. ദൈവഭൃത്യന്മാര്‍ക്കു മഹത്തായ അധികാരങ്ങളുണ്ട്. എന്നാല്‍ ഏറ്റവും ചെറിയ കാര്യത്തില്‍പ്പോലും ദൈവത്തോട് അനുസരണം കാട്ടുവാന്‍ അവര്‍ അത്യന്തം ശ്രദ്ധാലുക്കളായിരിക്കണം. വിശേഷിച്ചും തങ്ങളുടെ സംസാരത്തില്‍.

ഒരിക്കല്‍ മോശയുടെ സഹോദരിയായ മിറിയാം അദ്ദേഹത്തെ വിമര്‍ശിച്ചപ്പോള്‍ മോശ ഉത്തരമൊന്നും പറയാതെ മൗനമായിരുന്നു. മോശയുടെ ഈ പ്രതികരണത്തെപ്പറ്റിയുള്ള പരിശുദ്ധാത്മാവിന്റെ അംഗീകാരം അവിടെ ആത്മാവു രേഖപ്പെടുത്തിയിട്ടുള്ള ഈ വാക്യത്തില്‍ നാം കാണുന്നു: ”മോശ എന്ന പുരുഷനോ ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതിസൗമ്യനായിരുന്നു” (സംഖ്യാ. 12:3). മറ്റൊരു സന്ദര്‍ഭത്തില്‍ കോരഹ് മോശയ്‌ക്കെതിരായി ചിലരെ മത്സരത്തിനായി ഒരുമിച്ചു കൂട്ടുകയും അദ്ദേഹത്തിന്റെ അധികാരത്തെ ചോദ്യം ചെയ്കയും ചെയ്തു. അപ്പോഴും മോശ പ്രകോപിതനാകാതെ കവിണ്ണു വീഴുകയും മൗനമവലംബിക്കുകയുമാണ് ചെയ്തത് (സംഖ്യാ. 16:4). മെരീബയില്‍ വച്ച് ആളുകള്‍ അദ്ദേഹത്തിനെതിരേ മത്സരിച്ചപ്പോള്‍ അദ്ദേഹം എന്തുകൊണ്ട് മൗനമായിരുന്നില്ല? തന്റെ ജീവിതത്തിന്റെ വാലറ്റമെത്തിയ ആ സമയത്ത് അദ്ദേഹം അവിവേകത്തോടെ സംസാരിച്ചതെന്തുകൊണ്ട്?

ദീര്‍ഘക്ഷമയാണ് ഒരു ദൈവഭൃത്യന്റെയും (2 തിമോ. 2:24) ഒരപ്പോസ്തലന്റെയും (2 കൊരി. 12:12) പ്രാഥമികലക്ഷണം. നാം വളരെക്കാലം ദീര്‍ഘക്ഷമ കാട്ടുകയും വീണ്ടുംവീണ്ടും കവിണ്ണുവീഴുകയും ചെയ്‌തേക്കാം. എന്നാല്‍ എന്താണാവശ്യം? നമ്മുടെ ജീവിതാന്ത്യം വരെയും ന്യായമാ വിധിക്കുന്നവന്റെ പക്കല്‍ നാം കാര്യം ഭരമേല്‍പിച്ചുകൊണ്ടു തുടരുമോ? അതോ കുറേ വര്‍ഷങ്ങള്‍ ക്ഷമിച്ചശേഷം നാം നമ്മെത്തന്നെ നീതീകരിക്കുവാനും സ്വയം പ്രതിരോധിക്കുവാനും ആരംഭിക്കുമോ? (1 പത്രോ. 2:23). നമ്മുടെ കഴിവിനപ്പുറമായി ആരും ഒരിക്കലും നമ്മെ പ്രലോഭിപ്പിക്കുവാന്‍ ദൈവം അനുവദിക്കുകയില്ല (1 കൊരി. 10:13). എങ്കിലും നമ്മുടെ കഴിവിന്റെ പരിധിവരെയും പരീക്ഷിക്കപ്പെടുവാന്‍ ദൈവം അനുവദിക്കും. എന്നാല്‍ നമുക്കുതന്നെയും, നമ്മുടെ അവകാശങ്ങള്‍, പ്രശസ്തി എന്നിവയ്ക്കും മരിച്ചവരായിത്തീരുവാന്‍ നാം സന്നദ്ധരെങ്കില്‍ ക്ഷമകാട്ടുവാനുള്ള കൃപ അവിടുന്നു നമുക്കു നല്‍കും.

നാം അപമാനിക്കപ്പെടുകയും മറ്റുള്ളവര്‍ നമ്മോടു മോശമായി പെരുമാറുകയും ചെയ്യുമ്പോള്‍ ഇന്നലെയും, ഇന്നും, നാളെയും, അടുത്തയാഴ്ചയിലും, അടുത്ത മാസത്തിലും, വര്‍ഷത്തിലും എന്നല്ല, ജീവിതാന്ത്യം വരെയും കവിണ്ണുവീഴുന്നവരായിത്തീരുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.

മെരീബയില്‍ വച്ച് മുഖം പൊത്തെ വീഴുവാന്‍ സാധിച്ചിരുന്നെങ്കില്‍ മോശ വാഗ്ദത്തനാട്ടില്‍ പ്രവേശിക്കുമായിരുന്നു. തന്റെ ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ ഒരൊറ്റപ്രാവശ്യം കരുതലില്ലാത്തവനായിത്തീരുക നിമിത്തം അദ്ദേഹത്തിനു വമ്പിച്ച നഷ്ടമാണുണ്ടായത്. ഇതേ അനുഭവമുണ്ടായ മറ്റനേകം ദൈവഭൃത്യന്മാരുണ്ട്. ദീര്‍ഘവര്‍ഷങ്ങള്‍ അവര്‍ വിശ്വസ്തരായി ജീവിച്ചുവെങ്കിലും ജീവിതത്തിന്റെ അന്ത്യഘട്ടത്തില്‍ അശ്രദ്ധമൂലം അവര്‍ തെറ്റിലകപ്പെട്ടുപോയി. അങ്ങനെ തങ്ങളുടെ ജീവിതത്തെപ്പറ്റിയുള്ള ദൈവികപദ്ധതി അവര്‍ക്കു നഷ്ടമായി.

മുമ്പൊരു സന്ദര്‍ഭത്തില്‍ മോശയ്ക്കു നല്‍കിയ അതേ ശിക്ഷ കനാനില്‍ പ്രവേശിക്കുവാന്‍ സാധിക്കാതെ പോവുക എന്ന ശിക്ഷ തന്നെ ദൈവം യിസ്രായേല്‍മക്കള്‍ക്കും നല്‍കിയതായി നാം വായിക്കുന്നു. എന്നാല്‍ അവര്‍ പത്തുപ്രാവശ്യം ദൈവത്തിനെതിരേ മത്സരിച്ച ശേഷമാണ് അതുണ്ടായത് (സംഖ്യാ. 14:22). യിസ്രായേല്‍ക്കാരെ ശിക്ഷിക്കുന്നതിനുമുമ്പ് ദൈവം അവര്‍ക്കു പത്ത് അവസരം നല്‍കി യെങ്കില്‍, മോശയ്ക്ക് ഒരൊറ്റ അവസരം മാത്രം നല്‍കിയത് എന്തു കൊണ്ട്? യിസ്രായേല്‍മക്കളില്‍നിന്നും ദൈവം പ്രതീക്ഷിച്ചതിലധികം അവിടുന്നു മോശയില്‍നിന്നു പ്രതീക്ഷിച്ചു എന്നതാണ് അതിനു കാരണം.

യിസ്രായേല്‍മക്കള്‍ ദൈവത്തിന്റെ പുറമേയുള്ള പ്രവര്‍ത്തനങ്ങള്‍ മാത്രമേ കണ്ടിരുന്നുള്ളു. മോശയാകട്ടെ, അഭിമുഖമായി ദൈവത്തോടു സംസാരിച്ചതിന്റെ ഫലമായി ദൈവത്തിന്റെ വഴികള്‍ മനസ്സിലാക്കിയിരുന്നു (സങ്കീ. 106:6). നാം ദൈവത്തിന്റെ പ്രതിനിധികളായി അവിടുത്തെ വചനം സംസാരിക്കുന്നുവെങ്കില്‍ ദൈവം നമ്മുടെ സഭയിലുള്ളവരില്‍ നിന്നു പ്രതീക്ഷിക്കുന്നതില്‍ പത്തിരട്ടി നമ്മില്‍നിന്നു പ്രതീക്ഷിക്കും.

ദൈവഭൃത്യന്മാര്‍ പ്രകോപിതരാകുന്ന സന്ദര്‍ഭങ്ങളില്‍പോലും കരുതലില്ലാതെ സംസാരിക്കുവാന്‍ പാടില്ല. തങ്ങളുടെ സംസാരത്തില്‍ നിന്നു അധമമായവയെ വര്‍ജ്ജിക്കുവാന്‍ പഠിക്കുമ്പോള്‍ മാത്രമേ ദൈവത്തിന്റെ വക്താക്കളാകുവാന്‍ അവര്‍ക്കു സാധ്യമാവുകയുള്ളു (യിരെ. 15:19).

പരിപൂര്‍ണ്ണാനുസരണത്തിന്റെ പ്രാധാന്യം

യിസ്രായേലിനെ നടത്തുവാന്‍ ദൈവം തിരഞ്ഞെടുത്ത മറ്റൊരു വ്യക്തിയായിരുന്നു ശൗല്‍. ഒരിക്കലും ഒരു രാജാവാകുവാന്‍ ശൗല്‍ ആഗ്രഹിച്ചില്ല. ദൈവമായിരുന്നു അദ്ദേഹത്തെ യിസ്രായേലിന്റെ സിംഹാസനത്തില്‍ പ്രതിഷ്ഠിച്ചത്. യിസ്രായേല്‍ജനങ്ങള്‍ വന്ന് അദ്ദേഹത്തെ രാജാവാക്കുവാന്‍ ഭാവിച്ചപ്പോള്‍, ”ഒരു രാജാവാകുവാന്‍ തക്കവണ്ണം ഞാന്‍ എന്തുള്ളു? യിസ്രായേലിലെ എല്ലാ കുടുംബങ്ങളിലും വച്ച് ഏറ്റവും എളിയതാണല്ലോ എന്റെ കുടുംബം” എന്നു പറഞ്ഞുകൊണ്ടു ശൗല്‍ ഒളിച്ചിരിക്കുകയാണ് ചെയ്തത് (1 ശമു. 10:21,22). എത്ര വിനീതനായൊരു വ്യക്തിയായിരുന്നു അദ്ദേഹം!

എന്നാല്‍ അധികം കഴിയുന്നതിനുമുമ്പുതന്നെ അദ്ദേഹം സ്വന്ത ദൃഷ്ടിയില്‍ വലിയവനായിത്തീരുകയും ദൈവത്തിനു തന്റെ അഭിഷേകം അദ്ദേഹത്തില്‍നിന്ന് എടുത്തുകളയേണ്ടിവരുകയും ചെയ്തു.

1 ശമൂ. 15-ാമധ്യായത്തില്‍ ദൈവത്തിന്റെ കല്പനയെ ശൗല്‍ ഭേദപ്പെടുത്തുകയും ദൈവം കല്പിച്ചതുപോലെ അമാലേക്യരെയും അവര്‍ക്കു ള്ളതിനെയും മുഴുവന്‍ സംഹരിക്കാതിരിക്കുകയും ചെയ്തതായി നാം വായിക്കുന്നു. അയാള്‍ തന്റെ യുക്തിയനുസരിച്ചു പ്രവര്‍ത്തിക്കുകയും ജനങ്ങള്‍ക്കു പ്രസാദകരമായതു ചെയ്കയും ചെയ്തു. ഒരുവന്‍ സ്വന്ത ദൃഷ്ടിയില്‍ വലിയവനായിത്തീരുമ്പോള്‍ ഇങ്ങനെയാണു സംഭവിക്കു ന്നത്. എല്ലാ ദൈവഭൃത്യന്മാരും നേരിടാറുള്ള രണ്ടു കെണികള്‍ ഇവിടെ നാം കാണുന്നു. ഒന്ന്, സ്വന്തം യുക്തിയുടെ പ്രയോഗം. രണ്ട്, മറ്റുള്ളവരുടെ അഭിപ്രായം. ഈ രണ്ടു കാര്യങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതു മൂലമാണ് ശൗലിന് തന്റെ അഭിഷേകം നഷ്ടപ്പെട്ടത്. നമ്മുടെ സ്വന്ത വിവേകമനുസരിച്ചു ദൈവകല്പനയെ ഭേദപ്പെടുത്തുവാന്‍ നമുക്കു യാതൊരധികാരവുമില്ല. മാത്രമല്ല, നാം മനുഷ്യരെ പ്രസാദിപ്പിക്കുന്നവരായിത്തീരുന്നുവെങ്കില്‍ നമുക്കു ക്രിസ്തുവിന്റെ ദാസന്മാരായിരിക്കുവാന്‍ സാധ്യവുമല്ല (ഗലാ. 1:10).

ശൗല്‍ സ്വന്തദൃഷ്ടിയില്‍ ചെറിയവനായിത്തുടര്‍ന്നിരുന്നുവെങ്കില്‍ തന്റെ ജീവിതാന്ത്യംവരെയും അദ്ദേഹത്തിന്റെ അഭിഷേകം നിലനില്‍ക്കുമായിരുന്നു. എന്നാല്‍ അദ്ദേഹം സ്വന്തം സിംഹാസനത്തെ സ്‌നേഹിക്കുവാനാരംഭിച്ചു. ഈ വിധത്തിലാണ് മറ്റനേകം ദൈവഭൃത്യന്മാരും തങ്ങളുടെ അഭിഷേകം നഷ്ടപ്പെടുത്തിയത്. ഒരുവന്‍ ദൈവത്തിന്റെ വക്താവായി ജനങ്ങളുടെ മുമ്പില്‍ തുടരെ നില്‍ക്കുവാനിടയായാല്‍ അയാള്‍ കരുതലുള്ളവനല്ലെങ്കില്‍ നിഗളിച്ചുപോകുവാന്‍ ധാരാളം സാധ്യതയുണ്ട്.

എന്നാല്‍ ശൗല്‍ തന്റെ രാജത്വത്തില്‍ കടിച്ചുതൂങ്ങുക മാത്രമല്ല ചെയ്തത്. അഭിഷിക്തനായ ഒരു ഇളയസഹോദരന്‍ (ദാവീദ്) ഉയര്‍ന്നു വരികയും മറ്റുള്ളവര്‍ക്ക് അദ്ദേഹത്തില്‍ വിശ്വാസമുദിക്കുകയും ചെയ്ത പ്പോള്‍ അദ്ദേഹത്തെ അടിച്ചമര്‍ത്തുവാന്‍ ശൗല്‍ പദ്ധതിയിട്ടു. ശൗലിന് ഇല്ലാതിരുന്ന തരത്തിലുള്ള ഒരു വിശ്വാസം ദാവീദിന് ഉണ്ടായിരുന്നതു മൂലം ശൗല്‍ അസൂയാലുവായിത്തീര്‍ന്നു. ജനങ്ങള്‍ ദാവീദിനെ അഭിനന്ദിച്ചതുമൂലം അദ്ദേഹത്തെ കൊന്നുകളയുവാന്‍ ശൗല്‍ ആഗ്രഹിച്ചു.

എന്നാല്‍ ദൈവം തള്ളിയതിനുശേഷവും സിംഹാസനം വിടാതെ അതില്‍ മുറുകെപ്പിടിക്കുന്ന അത്തരം ശൗല്‍മാരുടെ പ്രവൃത്തികളെ ദൈവം കാണുകയില്ലേ? ദീര്‍ഘസമയത്തേക്ക് ദൈവം അവരെ സഹിക്കയും തുടരാന്‍ അനുവദിക്കുകയും ചെയ്‌തേക്കാം. ശൗലിന്റെ കാര്യ ത്തില്‍ ദാവീദ് അഭിഷിക്തനായതിനുശേഷം 13 വര്‍ഷക്കാലം രാജത്വത്തില്‍ തുടരുവാന്‍ ദൈവം അയാളെ അനുവദിച്ചു.

ഇതെല്ലാം നമുക്കു തരുന്ന പാഠം എന്താണ്?

നാം പിന്മാറ്റക്കാരായിത്തീര്‍ന്നശേഷവും ആത്മാവിന്റെ അഭിഷേകം നമുക്കു നഷ്ടപ്പെട്ടശേഷവും വളരെക്കാലത്തേക്ക് ശുശ്രൂഷയില്‍ തുടരുവാന്‍ ദൈവം നമ്മെ അനുവദിച്ചെന്നു വരാം.

നമുക്ക് അഭിഷേകം നഷ്ടപ്പെട്ടുവെന്ന കാര്യം, മറ്റുള്ളവര്‍ക്ക് വിവേചനം ഇല്ലാത്തതുമൂലം, അവര്‍ മനസ്സിലാക്കിയില്ലെന്നുവരാം. അതിനാല്‍ നമ്മുടെ പ്രായത്തെയും ബൈബിള്‍ പരിജ്ഞാനത്തെയും അനുഭവ സമ്പത്തിനെയും ബഹുമാനിച്ചിട്ട് മറ്റുള്ളവര്‍ നമ്മെ ദൈവഭൃത്യന്മാരെന്ന നിലയില്‍ കൈക്കൊള്ളുകയും ചെയ്‌തേക്കാം. എന്നാല്‍ ആളുകളുടെ ഈ അംഗീകാരം നാം ദൈവഭൃത്യന്മാരായിത്തുടരുവാന്‍ മതിയായ അടിസ്ഥാനമാണെന്നു നാം ചിന്തിക്കരുത്.

ദൈവം തന്നെ നമ്മെ തള്ളിയിരിക്കുന്നുവെങ്കില്‍ മനുഷ്യന്‍ നമ്മെ കൈക്കൊള്ളുന്നതുകൊണ്ട് എന്തു പ്രയോജനം? ഒരു മനുഷ്യന്റെ ജീവിതത്തില്‍നിന്ന് അഭിഷേകം നഷ്ടപ്പെട്ടുപോയതിനുശേഷവും അയാള്‍ കര്‍ത്തൃശുശ്രൂഷയില്‍ തുടരുകയും സഭയെ നയിക്കുകയും ചെയ്യുന്നതു ഭയാനകമായ ഒരു ദുരന്തമത്രേ.

തിടുക്കത്തിലുള്ള പ്രവൃത്തികള്‍ വര്‍ജ്ജിക്കുക

ദാവീദും രാജാവായിത്തീര്‍ന്നശേഷം, ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ദൈവകല്പനയെ ഭേദപ്പെടുത്തുവാനിടയായി. ദൈവത്തിന് അദ്ദേഹ ത്തെയും ശിക്ഷിക്കേണ്ടി വന്നു. തന്നെ സേവിക്കുന്ന എല്ലാവരോടും ദൈവം കര്‍ശനക്കാരന്‍ തന്നെ.

ദൈവവചനം കൃത്യമായി പാലിക്കാതിരിക്കുന്നപക്ഷം നമ്മുടെ നല്ല ഉദ്ദേശ്യങ്ങള്‍പോലും ദൈവഹിതത്തില്‍നിന്നകന്നുപോകുവാനിടയാകുന്നത് എങ്ങനെയെന്ന് 2 ശമൂ. 6ല്‍ നാം കാണുന്നു. ദാവീദ് ദൈവത്തിന്റെ നിയമപ്പെട്ടകം യെരൂശലേമിലേക്കു തിരിയെക്കൊണ്ടുവരിക യായിരുന്നു. അതൊരു നല്ല കാര്യമായിരുന്നു. എന്നാല്‍ ദൈവം തന്റെ ന്യായപ്രമാണത്തില്‍ കല്പിച്ചിട്ടുള്ളതുപോലെയല്ല അദ്ദേഹം അതു ചെയ്തത്. ലേവ്യര്‍ തങ്ങളുടെ തോളില്‍ നിയമപ്പെട്ടകം ചുമക്കണം എന്നായിരുന്നു ദൈവകല്പന. എന്നാല്‍ ദാവീദ് അതു ഭേദപ്പെടുത്തിയിട്ട് പെട്ടകം ഒരു വണ്ടിയില്‍ വച്ച് കാളകളെക്കൊണ്ട് വലിപ്പിച്ചു. ഏതാനും വര്‍ഷം മുമ്പ് ആ മാര്‍ഗ്ഗം അവലംബിച്ച ഫെലിസ്ത്യരെ അനുകരിക്കുകയായിരുന്നു അദ്ദേഹം അവിടെ ചെയ്തത് (1 ശമൂ. 6:8-12).

ഇന്നും ഇതേ കാര്യം തന്നെ ചെയ്യുന്ന ക്രിസ്തീയനേതാക്കന്മാരുണ്ട്. അവര്‍ ദൈവവചനോപദേശങ്ങളനുസരിച്ചല്ല, ലോകവ്യാപാരങ്ങളിലെ കൃത്യനിര്‍വഹണത്തിന്റെ സമ്പ്രദായങ്ങളനുസരിച്ചാണ് തങ്ങളുടെ സഭകളെ നിയന്ത്രിക്കുന്നത്.

കാളകള്‍ പെട്ടകം വലിച്ചുകൊണ്ടുപോകുമ്പോള്‍ അത് ഇളകുവാന്‍ ഇടയായി. ഉസ്സാ അതു കണ്ടപ്പോള്‍ പെട്ടകം വീഴാതിരിക്കുവാന്‍വേണ്ടി കൈനീട്ടി അതിനെ പിടിച്ചു. ദൈവം ഉസ്സയെ അവന്റെ അനാദരം നിമിത്തം തല്‍ക്ഷണം തന്നെ സംഹരിച്ചു.

ദൈവം നിയമിച്ച ഇടയന്മാര്‍ ഒരു തെറ്റു ചെയ്യുമ്പോള്‍ അതുനിമിത്തം ആടുകളും നഷ്ടം സഹിക്കേണ്ടിവരുന്നുവെന്നതു ദുഃഖകരമായ ഒരു സത്യമാണ്. ദാവീദ് തെറ്റു ചെയ്തു. അതുനിമിത്തം ഉസ്സായ്ക്ക് ദോഷം സംഭവിച്ചു. ദൈവം തന്റെ ഭൃത്യരോടു വളരെ കര്‍ക്കശത്വമുള്ളവനാണെന്ന് അവിടെവച്ചു ദാവീദ് മനസ്സിലാക്കി.

ഉസ്സായ്ക്ക് ഏറ്റവും നല്ല ഉദ്ദേശ്യമാണുണ്ടായിരുന്നത്. എങ്കിലും ദൈവത്തിന്റെ ക്രോധം ഉസ്സായുടെ നേരേ ജ്വലിച്ചു (വാ. 7). ലേവ്യര്‍ മാത്രമേ നിയമപ്പെട്ടകം തൊടാവൂ എന്ന് ചെറുപ്പം മുതലേ ഉസ്സാ പഠിച്ചിരുന്നു. എന്നാല്‍ ആ നിമിഷത്തില്‍ അയാള്‍ ദൈവകല്പന ലഘുവായിക്കരുതുകയും അതിന്റെ ദോഷഫലമനുഭവിക്കുകയും ചെയ്തു.

ഉസ്സായുടെ തെറ്റ് ഇന്ന് ആവര്‍ത്തിക്കപ്പെടാന്‍ സാധ്യതയുണ്ട്. നമ്മുടെ സഭയില്‍ ചില കാര്യങ്ങള്‍ തെറ്റായി നടക്കുന്നതു നാം കാണുമ്പോള്‍ ദൈവത്തിന്റെ പെട്ടകം നേരേ നിറുത്തുവാന്‍ നാമും കൈ നീട്ടിയെന്നു വരാം. അങ്ങനെയെങ്കില്‍ ദൈവം നമ്മെ സംഹരിക്കും. കാരണം, നമ്മുടെ ഉദ്ദേശ്യം നല്ലതാണെങ്കില്‍ത്തന്നെയും നാം നമ്മുടെ പരിധി അതിലംഘിക്കുകയാണ് ചെയ്യുന്നത്. ശരിയെന്നു നമ്മുടെ യുക്തി പറഞ്ഞ കാര്യമായിരിക്കാം നാം ചെയ്തത്. എന്നാല്‍ ദൈവ മുമ്പാകെ അവിടുത്തെ ഹിതമറിയുവാന്‍ നാം കാത്തിരുന്നില്ല. നാം തിടുക്കത്തില്‍ എടുത്തുചാടുകയാണ് ചെയ്തത്.

യേശു പറഞ്ഞു: ”ഞാന്‍ എന്റെ സഭയെ പണിയും” (മത്താ. 16:18). സഭയെ പണിയുക എന്നതു നമ്മുടെ വേലയല്ല, കര്‍ത്താവിന്റെ വേല യാണ്. ആ കൃത്യം അവിടുന്നു നമ്മിലാര്‍ക്കും ഏല്‍പിച്ചുതന്നിട്ടില്ല. അതിനാല്‍ ഇന്നസ്ഥലത്ത് ഞാന്‍ സഭ പണിയുകയാണ് എന്നു നാം പറയുമ്പോള്‍ അത് നിഗളപൂര്‍വമായ ദുരഭിമാനമാണ്. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ നമ്മുടെ സ്വന്തം പ്രവര്‍ത്തനമാണെന്ന് എപ്പോഴെ ങ്കിലുമൊരിക്കല്‍ നാം ചിന്തിക്കുന്നുവെങ്കില്‍ ഉസ്സാ ചെയ്ത തെറ്റു തന്നെ നാമും ചെയ്കയാണ്.

സഭയ്ക്ക് ഇളക്കം തട്ടുന്നതായി നാം കാണുന്നപക്ഷം നമുക്കു ദൈവത്തിന്റെ അടുക്കല്‍ ചെന്ന് അവിടുത്തോട് ഇങ്ങനെ പറയാം: ”കര്‍ത്താവേ, അങ്ങാണു സഭയെ പണിയുന്നത്, ഞാനല്ല. അവിടുത്തെ സഭയെ സൂക്ഷിച്ചുകൊള്ളണമേ.”

കാര്യങ്ങള്‍ അവ പോകേണ്ട വിധത്തിലല്ല പോകുന്നതെന്നു നാം കാണുമ്പോള്‍ അത് ആരുടെ പ്രവര്‍ത്തനമാണെന്നും ആരാണ് അതിന്റെ ചുമതലക്കാരനെന്നും നമുക്കു നമ്മോടുതന്നെ ചോദിക്കാം. പരിശുദ്ധാത്മാവാണോ ചുമതലക്കാരന്‍? അതോ നാമോ?

പെട്ടെന്ന് എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് ചിലപ്പോള്‍ നമുക്കു തോന്നിയേക്കാം. എന്നാല്‍ പരിശുദ്ധാത്മാവിനു ചെവികൊടുക്കാതെ നാം പ്രവര്‍ത്തിക്കുന്നപക്ഷം, അപ്പോഴൊക്കെ നാം ജഡത്തിലായിരിക്കും പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സദുദ്ദേശ്യത്തോടുകൂടെയാണെങ്കില്‍ത്തന്നെയും നാം ഒന്നും ചെയ്യാതിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നതിലധികം കുഴപ്പം അവിടെ ഉണ്ടായി ത്തീരും. അതുകൊണ്ടു നാം ഇങ്ങനെയാണ് പറയേണ്ടത്: ”കര്‍ത്താവേ, ഇവിടെ അങ്ങാണ് ചുമതലക്കാരന്‍. ആധിപത്യം അങ്ങയുടെ തോളിലാണ്. അതിനാല്‍ അങ്ങ് എന്തു കല്പിക്കുന്നവോ അതു ശ്രദ്ധിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്തു ചെയ്യണമെന്ന് എന്നോട് അങ്ങു കല്പിക്കണമേ.”

സദൃശവാക്യങ്ങളില്‍ പലതരം ഭോഷന്മാരെപ്പറ്റി വിവരിക്കുന്നുണ്ട്. എന്നാല്‍ ഒടുവില്‍ ഏറ്റവും വലിയ ഭോഷനെപ്പറ്റി ഇപ്രകാരം പറഞ്ഞിരിക്കുന്നു:

”വാക്കില്‍ (അഥവാ കാര്യങ്ങളില്‍) ബദ്ധപ്പാടുള്ള മനുഷ്യനെ നീ കാണുന്നുവോ? അവനെക്കാള്‍ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്” (സദൃ. 29:20).

ബദ്ധപ്പാടുള്ള മനുഷ്യന്‍, അതായത് തിടുക്കപ്പെട്ട് എന്തെങ്കിലും പറകയോ ചെയ്കയോ ചെയ്യുന്ന ഒരുവന്‍, ഏതു സാഹചര്യത്തിലും ഏറ്റവും നല്ല കാര്യമെന്തെന്ന് തനിക്കറിയാമെന്നു പൂര്‍ണ്ണമായ ഉറപ്പുള്ള വനാണ്, അയാള്‍ക്ക് ദൈവത്തോടാലോചിക്കേണ്ട ആവശ്യമേയില്ല. അയാള്‍ക്ക് സ്വന്തതീരുമാനപ്രകാരം പ്രവര്‍ത്തിക്കുവാന്‍ കഴിവുണ്ട്. ഇത്തരമൊരു മനുഷ്യനാണ് ലോകത്തിലേക്കും വലിയ ഭോഷന്‍.

യേശുവിനെക്കുറിച്ച് യെശയ്യാവ് ഇപ്രകാരം പ്രവചിച്ചിട്ടുണ്ട്: ”അവിടുത്തെ പ്രമോദം യഹോവാഭക്തിയിലായിരിക്കും; അവിടുന്നു കണ്ണുകൊണ്ട് കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേള്‍ക്കുന്നതുപോലെ വിധിക്കുകയുമില്ല” (യെശ. 11:3). യേശുവിന്റെ കണ്ണുകള്‍ അന്ധമല്ലാഞ്ഞതിനാല്‍ പല കാര്യങ്ങളും കാണുന്നതിനെ ഒഴിവാക്കുവാന്‍ അവിടുത്തേക്കു കഴിഞ്ഞിരുന്നില്ല. അവിടുന്നു ചെകിടനല്ലാഞ്ഞതിനാല്‍ പലതും കേള്‍ക്കുന്നത് ഒഴിവാക്കു വാനും സാധിച്ചിരുന്നില്ല. എന്നാല്‍ താന്‍ കാണുന്നതിനെയോ കേള്‍ക്കു ന്നതിനെയോ ആസ്പദമാക്കി ഒരു വിധി കല്പിക്കുകയോ ഒരഭിപ്രായം രൂപവല്‍ക്കരിക്കുകയോ ചെയ്തിരുന്നില്ല. കാരണം, അവിടുന്നു തന്റെ പിതാവിനെ അത്രയധികം ഭയപ്പെട്ടിരുന്നു. ഒരിക്കല്‍ അവിടുന്നു തന്നെ ക്കുറിച്ചുതന്നെ ഇപ്രകാരം പറഞ്ഞു: ”മനുഷ്യപുത്രന് തന്റെ പിതാവു ചെയ്തു കാണുന്നതല്ലാതെ സ്വതേ ഒന്നും ചെയ്‌വാന്‍ കഴിയുകയില്ല” (യോഹ. 5:19).

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ കൂട്ടിക്കൊണ്ടു പരീശന്മാര്‍ അവിടുത്തെ മുമ്പില്‍ വന്നപ്പോള്‍, യേശു കുറേ സമയത്തേക്ക് അവരുടെ ചോദ്യത്തിന് ഒരുത്തരവും പറഞ്ഞില്ല. തന്റെ പിതാവില്‍നിന്നു കേള്‍ക്കുവാന്‍ അവിടുന്നു കാത്തിരിക്കുകയായിരുന്നു. കേട്ടപ്പോള്‍ അവിടുന്നു സംസാരിച്ചു. ഒറ്റ വാക്യമേ സംസാരിച്ചുള്ളു: ”നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ ഒന്നാമതു കല്ലെറിയട്ടെ”. ഒരു മണിക്കൂര്‍ നീണ്ട ഒരു പ്രസംഗത്തെക്കാളധികം കാര്യം ഒറ്റ വാക്യംകൊണ്ട് അവിടുന്നു നേടി.

ഒരു കുഴഞ്ഞ പ്രശ്‌നവുമായി ഒരാള്‍ നമ്മുടെ അടുക്കല്‍ വരുമ്പോള്‍ നാം നമ്മുടെ സാമര്‍ത്ഥ്യത്തെയോ ഭൂതകാലപരിചയത്തെയോ ആസ്പദമാക്കി ഒരുപദേശം കൊടുക്കുന്നപക്ഷം പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമായിത്തീരാം. എന്നാല്‍ പിതാവില്‍നിന്നുള്ള ഒരു ജ്ഞാന വചനത്തിന് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.

അതിനാല്‍ അടുത്തപ്രാവശ്യം ‘കാളകള്‍ മുട്ടുകുത്തി വീഴുന്നതായോ പെട്ടകം മറിയുന്നതായോ’ നാം കാണുമ്പോള്‍ നമ്മുടെ പേരുകളെ ഭോഷന്മാരുടെ പട്ടികയില്‍ ഏറ്റവും മുകളിലായി സ്ഥാപിക്കുവാന്‍ നാം ശ്രമിക്കരുത്. നമ്മുടെ കണ്ണു കാണുന്നതിന്റെയോ ചെവി കേള്‍ക്കുന്നതിന്റെയോ അടിസ്ഥാനത്തില്‍ പെട്ടെന്നൊരു തീര്‍പ്പു കല്പിക്കുവാനോ അനാദരപൂര്‍വം പ്രവര്‍ത്തിക്കുവാനോ ഭാവിക്കാതെ ദൈവമുമ്പാകെ നമ്മുടെ മുഖം മണ്ണില്‍ പൂഴ്ത്തിയിട്ട് നമുക്ക് ഇങ്ങനെ പറയാം: ”കര്‍ത്താവേ, ഇവിടെ എനിക്കു ജ്ഞാനം കുറവാണ്; ഞാന്‍ എന്തു ചെയ്യണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്?”

നമുക്കു ജ്ഞാനം കുറവാണെന്ന വസ്തുത സമ്മതിച്ചു കൊടുക്കുക വളരെ പ്രയാസമുള്ള കാര്യമാണ്. പ്രത്യേകിച്ച് സഭയിലുള്ള മറ്റുള്ളവര്‍ നമ്മെക്കാള്‍ പ്രായം കുറഞ്ഞവരും അപക്വമതികളുമാണെന്ന് നമുക്ക് അറിവുള്ളപ്പോള്‍. എങ്കിലും നാം വിനയപൂര്‍വം നമ്മുടെ കുറവു സമ്മതിക്കുന്നപക്ഷം ദൈവം നമുക്കു സമൃദ്ധമായ ജ്ഞാനം നല്‍കും.

വാക്കു പാലിക്കുക

2 ശമൂ. 21:1ല്‍ ദൈവം തന്റെ ഭൃത്യരോടു കാട്ടുന്ന കര്‍ക്കശത്വത്തിന്റെ മറ്റൊരു ദൃഷ്ടാന്തം നാം കാണുന്നു. ദാവീദിന്റെ ഭരണകാലത്ത് യിസ്രായേലില്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം ക്ഷാമമുണ്ടായി. നമ്മുടെ സഭയില്‍ ഇതുപോലെ വചനശുശ്രൂഷയുടെ ഒരു ക്ഷാമം അനുഭവപ്പെടുമ്പോള്‍ ദാവീദു ചെയ്ത കാര്യം നാമും ചെയ്യുന്നതു നല്ലതായിരിക്കും. ഇതിന്റെ കാരണമെന്താണെന്നറിയുവാന്‍ ദാവീദ് ദൈവത്തോട് അരുളപ്പാടു ചോദിച്ചു. ദൈവം ഉത്തരമരുളിച്ചെയ്തു: ”വളരെ വര്‍ഷം മുമ്പ് യിസ്രായേല്‍ ഗിബെയോന്യരോടു ചെയ്തിരുന്ന വാഗ്ദാനം ലംഘിക്കുക മൂലമാണ് ഇതു സംഭവിച്ചത്.”

300 വര്‍ഷക്കാലം മുമ്പ് യോശുവയുടെ കാലത്ത് യിസ്രായേല്‍ ഗിബെയോന്യരോട് അവരുടെ സന്തതികള്‍ക്ക് ഒരിക്കലും തങ്ങള്‍ നാശം ചെയ്കയില്ലെന്ന വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ശൗല്‍ രാജാവായിരുന്ന കാലത്ത് അദ്ദേഹം ആ വാഗ്ദാനം ലംഘിക്കുകയും അവരില്‍ചിലരെ കൊല്ലുകയും ചെയ്തു. ആ പാപത്തിന്റെ ശിക്ഷ യിസ്രായേല്യര്‍ക്കു ലഭിച്ചത് 30 വര്‍ഷത്തിനു ശേഷമായിരുന്നു. ദൈവം തന്റെ കണക്കുകള്‍ വളരെ സൂക്ഷ്മമായി പാലിക്കുന്നവനാണ്. നാം ചെയ്തിട്ടുള്ള തെറ്റുകള്‍ ഒന്നും തന്നെ, നാം അതിനു നീതിപൂര്‍വമായ പരിഹാരമനുഷ്ഠിക്കുന്നില്ലെങ്കില്‍ വിസ്മരിക്കപ്പെടുന്നില്ല. ചിലപ്പോള്‍ നാമുമായുള്ള തന്റെ കണക്കുകള്‍ തീര്‍ക്കുവാന്‍ ദൈവം 30 വര്‍ഷം എടുത്തേക്കാം. എങ്കിലും ഒരിക്കല്‍ അവിടുന്ന് അതു തീര്‍ക്കുകതന്നെ ചെയ്യും. ഈ കാര്യത്തിനു പരിഹാരം ചെയ്യുന്നതുവരെയും ദൈവം യിസ്രായേലില്‍നിന്ന് ആ ക്ഷാമം പിന്‍വലിച്ചില്ല.

ദൈവത്തെ സ്‌നേഹിക്കുന്ന സകലരും മീറ്റിംഗുകളില്‍ മാത്രമല്ല, പുറമേയും തങ്ങള്‍ സംസാരിക്കുന്ന വാക്കുകളുടെ കാര്യത്തില്‍ വളരെ കരുതലുള്ളവരായിരിക്കണം. ഒരു കാര്യം ഒരാളിനുവേണ്ടി ചെയ്യാമെന്നു നാം വാഗ്ദാനം ചെയ്കയും പിന്നീട് അതു മറന്നുകളയുകയും ചെയ്യരുത്. ഉദാഹരണമായി തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് നമ്മോടാവശ്യപ്പെടുന്ന ആളുകളോട് പ്രാര്‍ത്ഥിക്കാമെന്നു നാം വാഗ്ദാനം ചെയ്കയും പിന്നീട് ആ കാര്യം മറന്നുകളയുകയും ചെയ്യരുത്.

തങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നാവശ്യപ്പെടുന്ന ഒട്ടധികം ആളുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ നമുക്കു സാധ്യമല്ലെങ്കില്‍ നാം സത്യസന്ധരായി ആ കാര്യം അവരോടു പറയുകയാണ് വേണ്ടത്. ഒന്നു കില്‍ ”ഓര്‍ക്കുമ്പോഴെല്ലാം ഞാന്‍ താങ്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം” എന്നു പറകയോ അല്ലെങ്കില്‍ അപ്പോള്‍ അവിടെവച്ചുതന്നെ പ്രാര്‍ത്ഥിക്കുകയോ ചെയ്യാവുന്നതാണ്. എന്നാല്‍ നമുക്കു പാലിക്കുവാന്‍ അസാധ്യമായ വാഗ്ദാനങ്ങള്‍ നാം ഒരിക്കലും ചെയ്യരുത്.

നാം മറ്റുള്ളവരോട് ലാഘവബുദ്ധിയോടെ വാഗ്ദാനം ചെയ്യുന്നവരാണെങ്കില്‍ നമുക്ക് ദൈവവചനം ഗൗരവപൂര്‍വം സംസാരിക്കുവാന്‍ എങ്ങനെ കഴിയും? നാം വാഗ്ദാനം ചെയ്ത ഒരു കാര്യം നിറവേറ്റുവാന്‍ നമുക്കു കഴിവില്ലാതായാല്‍ ആ വ്യക്തിയുടെ അടുക്കല്‍ നാം ചെന്ന് എന്തുകൊണ്ടു നമുക്കു വാക്കുപാലിക്കുവാന്‍ സാധിക്കാതെപോയി എന്ന കാര്യം വിശദീകരിക്കയും നമ്മുടെ വീഴ്ചയ്ക്കു ക്ഷമ ചോദിക്കുകയും വേണം. വാഗ്ദാനലംഘനം എന്നതു ഗൗരവാവഹമായ ഒരു കാര്യമത്രേ.

”മനുഷ്യന്‍ പറയുന്ന ഏതു നിസ്സാര വാക്കിനും ന്യായവിധി ദിവസത്തില്‍ കണക്കു ബോധിപ്പിക്കേണ്ടിവരും” (മത്താ. 12:36).

നാം മറ്റുള്ളവരോടു ചെയ്യുന്ന വാഗ്ദാനങ്ങളെ ദൈവം വളരെ ഗൗരവപൂര്‍വം വീക്ഷിക്കുന്നു. നമ്മുടെ വാക്കു ലംഘിക്കുവാന്‍ നമുക്ക് ഒരവകാശവുമില്ല. അത് അവിശ്വാസികളോടായാലും (ഗിബെയോന്യരെ പ്പോലെയുള്ള) ഭൃത്യരോടായാല്‍ പോലും.

ദീര്‍ഘകാലമായി നമ്മുടെ മേല്‍ ശിക്ഷയൊന്നും വീഴാഞ്ഞതുമൂലം നാം ഒരു കാര്യത്തില്‍ ചെയ്തതും പിന്നീടു പരിഹാരം വരുത്താതെ പോയതുമായ അനീതി ദൈവം മറന്നുകളഞ്ഞുവെന്ന് നാം സങ്കല്പിച്ചേക്കാം. എന്നാല്‍ ദൈവം ഒരിക്കലും മറക്കുന്നില്ല. ദൈവത്തിന്റെ ന്യായവിധികള്‍ മന്ദഗതിയിലായിരിക്കാം വരുന്നത്. എന്നാല്‍ അന്തിമമായി അവ വരിക തന്നെ ചെയ്യും.

”ആകയാല്‍ നാം … ദൈവത്തിനു പ്രസാദം വരുമാറ് ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക; നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ” (എബ്രാ. 12:28,29).

അധ്യായം മൂന്ന് : കര്‍ത്താവ് മൂപ്പന്മാരെ ശാസിക്കുന്നു

വെളിപ്പാട് രണ്ടും മൂന്നും അധ്യായങ്ങള്‍ സഭകളിലെ മൂപ്പന്മാര്‍ക്ക് (ദൂതന്മാര്‍ക്ക്) ഉള്ള കര്‍ത്താവിന്റെ സന്ദേശങ്ങള്‍ അടങ്ങിയവയാകയാല്‍ പ്രസ്തുതാധ്യായങ്ങള്‍ നമുക്കു വളരെ പ്രയോജനകരമാണ്. ഏഴു സഭകളില്‍ അഞ്ചിലെയും പിന്മാറ്റക്കാരായ മൂപ്പന്മാരെ കര്‍ത്താവു പരസ്യമായി ശാസിക്കുന്നുണ്ട്. അപ്പോസ്തലനായ യോഹന്നാനില്‍ക്കൂടെ ”വ്യക്തിപരവും രഹസ്യസ്വഭാവമുള്ളതുമായ” കത്തുകളല്ല, മറിച്ച് ആ സഭകളിലുള്ള എല്ലാ വിശ്വാസികളെയും പരസ്യമായി വായിച്ചുകേള്‍പ്പിക്കേണ്ട കത്തുകളാണ് യേശുക്രിസ്തു അയച്ചിട്ടുള്ളത്.

എഫെസോസ്: കര്‍ത്താവിനോടുള്ള സ്‌നേഹം നഷ്ടപ്പെട്ട സഭ

എഫെസോസിലെ സഭയുടെ മൂപ്പന്‍ പ്രകടമായ ഏതെങ്കിലും പാപത്തിനു വേണ്ടിയല്ല, പിന്നെയോ ആദ്യസ്‌നേഹം (ആദ്യദിനങ്ങളില്‍ കര്‍ത്താവിനോടുണ്ടായിരുന്ന തീവ്രമായ സ്‌നേഹം) നഷ്ടപ്പെട്ടതിന്റെ പേരിലാണ് ശാസിക്കപ്പെട്ടത് (വെളി. 2:15). ഒരു പക്ഷേ അദ്ദേഹമിപ്പോള്‍ മറ്റുള്ളതെല്ലാം മറന്ന് ഓരോ ഞായറാഴ്ചത്തെയും പ്രസംഗങ്ങള്‍ തയ്യാറാക്കുന്നതില്‍ മാത്രം വ്യാപൃതനായിരിക്കുകയാണ്. തന്മൂലം തന്റെ വ്യക്തിപരമായ ജീവിതത്തില്‍ കര്‍ത്താവിനോടുണ്ടായിരിക്കേണ്ട തീവ്ര ഭക്തിയും സ്‌നേഹവും അദ്ദേഹം നിശ്ശേഷം മറന്നുപോയിരിക്കുന്നു. ഇതൊരു ഗൗരവാവഹമായ തെറ്റാണ്.

സാത്താന്‍ എപ്പോഴും നമ്മെ ക്രിസ്തുവിനോടുള്ള ഏകാഗ്രവും നിര്‍മ്മലവുമായ ഭക്തിയില്‍നിന്ന് രണ്ടാംകിട പ്രാധാന്യം മാത്രമുള്ള ചിലതിലേക്കു തിരിക്കുവാനാണ് ശ്രമിക്കുന്നത് (2 കൊരി. 11:3). കര്‍ത്താവിനുവേണ്ടിയുള്ള നമ്മുടെ വേല, കര്‍ത്താവിനെക്കാള്‍ കൂടുതല്‍ പ്രധാനമായ ഒരു കാര്യമായി നമുക്കു തീരുമ്പോള്‍ നാം ആത്മീയ മായി പിന്മാറ്റത്തിലായിക്കഴിഞ്ഞിരിക്കുന്നു. കര്‍ത്താവിനു വേണ്ടിയുള്ള നമ്മുടെ എല്ലാ അദ്ധ്വാനങ്ങളും അവിടുത്തോടുള്ള നമ്മുടെ വ്യക്തിപരമായ ബന്ധത്തില്‍നിന്നാണ് ഉറവെടുക്കേണ്ടത്. അല്ലാത്തപക്ഷം അവയ്ക്ക് ആത്മീയമൂല്യമില്ലാതായിത്തീരും. അവ കേവലം നിര്‍ജ്ജീവ പ്രവൃത്തികളായും സാമൂഹ്യസേവനമായും തീര്‍ന്നുപോകും.

എപ്പോഴെങ്കിലും ഏതെങ്കിലും കാര്യം നമുക്കു കര്‍ത്താവിനെ ക്കാളധികം പ്രധാനമായിത്തീരുന്നപക്ഷം, പിന്നീട് നമുക്കു പുതിയ ഉടമ്പടിയുടെ ശുശ്രൂഷകന്മാരാകുവാന്‍ സാധ്യമല്ല. എന്തെന്നാല്‍ കര്‍ത്താവിനുവേണ്ടിയുള്ള സേവനത്തിന് ഊന്നല്‍ നല്‍കിയിട്ടുള്ള പഴയ ഉടമ്പടിയില്‍നിന്നു വ്യത്യസ്തമായി പുതിയ ഉടമ്പടി കര്‍ത്താവു മായുള്ള ബന്ധത്തിനു പ്രാധാന്യം നല്‍കുന്നു. ഈ വ്യത്യാസം ഗ്രഹിച്ചിട്ടില്ലെങ്കില്‍ ക്രിസ്തുവിന്റെ ശരീരം കെട്ടിപ്പടുക്കുവാന്‍ നമുക്കു സാധ്യമല്ല.

പെര്‍ഗ്ഗെമോസ്: ലോകമയത്വത്തിന്റെ ഉപദേശം

സഭയെ ലോകമയത്വത്തിലേക്കും പാപത്തോടുള്ള ഉദാസീനമനോഭാവത്തിലേക്കും നയിക്കുന്ന ഉപദേശങ്ങള്‍ പഠിപ്പിക്കുവാന്‍ ആളുകളെ അനുവദിച്ചതിനാണ് പെര്‍ഗ്ഗെമോസിലെ സഭയുടെ മൂപ്പന്‍ ശാസിക്കപ്പെട്ടത് (വെളി. 2:14,15). അദ്ദേഹം സ്വയം ഒരു നല്ല മനുഷ്യനായിരുന്നിരിക്കണം. എന്നാല്‍ ബിലെയാമിന്റെ ഉപദേശം പ്രചരിപ്പിക്കുവാന്‍ അദ്ദേഹം മറ്റുള്ളവരെ അനുവദിച്ചു. തന്മൂലം അദ്ദേഹം കുറ്റക്കാരനായിത്തീര്‍ന്നു.

പാപത്തെ ലഘുവായിക്കരുതുന്ന അവസ്ഥയിലേക്ക് ആളുകളെ നയിക്കുന്ന ഒരു ഉപദേശവും സഭയില്‍ പ്രസംഗിക്കുന്നില്ല എന്നുറപ്പു വരുത്തുവാനുള്ള ചുമതല കര്‍ത്താവു മൂപ്പന്മാരെ ഏല്പിച്ചിരിക്കുന്നു. ദൈവഭക്തിയിലേക്ക് അതായത് ദൈവഭയത്തോടു കൂടിയതും ക്രിസ്തു വിന്റേതിനു തുല്യവുമായ ഒരു ജീവിതത്തിലേക്ക് ആളുകളെ നയിക്കുന്ന ഒരു ഉപദേശമുണ്ട്. അതു മാത്രമാണ് പഥ്യോപദേശം അഥവാ ആരോഗ്യ പരമായ ഉപദേശം (1 തിമോ. 6:3 മാര്‍ജിന്‍). മറ്റെല്ലാ ഉപദേശങ്ങളും ഏറിയോ കുറഞ്ഞോ ഉള്ള അളവില്‍ അപഥ്യങ്ങളാണ്, അനാരോഗ്യകരങ്ങളാണ്.

ഈ മൂപ്പന്‍ തന്റെ സഭയില്‍ ഇത്തരം അപഥ്യോപദേശങ്ങള്‍ എന്തു കൊണ്ട് അനുവദിച്ചു? ഇതായിരിക്കാം അതിന്റെ കാരണം: വിനീതനും സൗമ്യനുമായ ഒരു സഹോദരനെന്ന പ്രശസ്തി നേടുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. തന്മൂലം ഒരു കാര്യത്തിലും അദ്ദേഹം സഹോദരീസഹോദരന്മാരുടെ തെറ്റുകളെ ശാസിക്കുകയോ തിരുത്തുകയോ ചെയ്തില്ല. അങ്ങനെയെങ്കില്‍ സഭയുടെ നന്മയെക്കാളധികം തന്റെ തന്നെ മാനമാണ് അദ്ദേഹം അന്വേഷിച്ചത്.

യേശുക്രിസ്തു തന്നെ നമ്മോടാവശ്യപ്പെട്ടിട്ടുള്ളതുപോലെ താഴ്മയും സൗമ്യതയും അവിടുത്തെ ജീവിതമാതൃകയില്‍നിന്നു നാം പഠിക്കേണ്ട സദ്ഗുണങ്ങളാണ് (മത്താ. 11:29). അങ്ങനെ നാം ചെയ്യുന്നില്ലെങ്കില്‍ നമുക്ക് അവയുടെ അര്‍ത്ഥത്തെപ്പറ്റി തെറ്റായ ഒരു ധാരണയുണ്ടാകുവാന്‍ ഇടയായിത്തീരും.

യേശു താഴ്മയും സൗമ്യതയും ഉള്ളവനായിരുന്നെങ്കിലും പണ വ്യാപാരികളെ ദേവാലയത്തില്‍നിന്ന് അടിച്ചു പുറത്താക്കുന്നതില്‍ ആ ഗുണങ്ങള്‍ അദ്ദേഹത്തെ തടഞ്ഞില്ല. അതുപോലെ യേശു ക്രൂശുമരണത്തില്‍നിന്നു പിന്‍വാങ്ങണമെന്നുള്ള ഒരു ദുരുപദേശം പത്രോസ് പ്രസംഗിച്ചപ്പോള്‍ ”സാത്തനേ, എന്നെ വിട്ടു പോ” എന്നു പത്രോസിനെ ശാസിക്കുന്നതിലും അത് അദ്ദേഹത്തിനു തടസ്സമുണ്ടാക്കിയില്ല (മത്താ. 16:22, 23).

പത്രോസിനെപ്പോലെയുള്ള ഒരു നല്ല സഹോദരനെക്കൊണ്ടു പോലും സഭയെ വഴിതെറ്റിക്കുവാന്‍ സാത്താനു കഴിയും. എന്തെന്നാല്‍ ക്രൂശിന്റെ വചനത്തെ ലഘൂകരിക്കുമാറ് ആ സഹോദരന്‍ സഭയില്‍ സംസാരിച്ചെന്നു വരാം. അത്തരം പ്രസംഗം സാത്താന്റെ ശബ്ദമാണെന്നു നാം എപ്പോഴും തിരിച്ചറിയേണ്ടിയിരിക്കുന്നു. എന്തെന്നാല്‍ സഭ പോകണമെന്നു ദൈവം ആഗ്രഹിക്കുന്ന ദിശയില്‍നിന്ന് അതിനെ തെറ്റിച്ചുകളയുവാന്‍ അതിലൂടെ സാത്താനു കഴിയും.

സഭയിലെ മൂപ്പന്മാരെന്ന നിലയില്‍ നമുക്കുള്ള ഏറ്റവും വലിയ ചുമതലകളിലൊന്ന് സഭ മുന്നേറേണ്ട ദിശയിലേക്ക് അത് മുന്നേറുമാറ് അതിന്റെ ഗതിയെ നിയന്ത്രിക്കുകയാണ്. അത് ഒരിക്കലും ലോകമയത്വത്തിന്റെയോ ഒത്തുതീര്‍പ്പുമനോഭാവത്തിന്റെയോ ദിശയിലായിരിക്ക രുത്. പരീശമനോഭാവത്തിന്റെയോ നിയമദാസ്യത്തിന്റെയോ ദിശയില്‍ സഭ മുന്നോട്ടു പോകുവാന്‍ നാം ഇടവരുത്തരുത്. നേരേമറിച്ച് ക്രൂശിന്റെ വഴിയിലൂടെ ദൈവഹിതമെന്ന ലക്ഷ്യത്തിലേക്കു നയിക്കുന്ന വഴിയിലൂടെത്തന്നെ ആണ് അതു മുന്നോട്ടു പോകേണ്ടത്.

ബിലെയാമിനെപ്പോലെയുള്ള പ്രസംഗകന്മാര്‍ക്കു സാധാരണ വലിയ മാനസികശക്തികള്‍ (soul power) ഉണ്ടായിരിക്കും. അത്തരക്കാര്‍ക്ക് സഭാജനങ്ങളുടെമേല്‍ അനാരോഗ്യകരമായ സ്വാധീനം ചെലുത്തു വാനും സാധിക്കും. ശക്തമായ മാനുഷികവ്യക്തിത്വമുള്ള ആളുകള്‍ തീര്‍ച്ചയായും മറ്റുള്ളവരെ അധീനതയിലാക്കുകയും ക്രിസ്തുവെന്ന തലയുമായി അവര്‍ ബന്ധപ്പെടുന്നതിനെ തടയുകയും ചെയ്യും. യഥാര്‍ത്ഥ ആത്മീയതയില്‍നിന്ന് ഉപരിപ്ലവവും ലോകമയവുമായ മത ഭക്തിയിലേക്കു മറ്റുള്ളവര്‍ മാറിപ്പോകുമാറ് ഇക്കൂട്ടര്‍ അവരെ സ്വാധീനിക്കുകകൂടിച്ചെയ്യും.

സ്വകീയവും മാനസികവുമായ ശക്തികളെ (soul power) മരിപ്പിക്കുന്നതിനെപ്പറ്റി ഒരു പ്രസംഗകന് അറിവില്ലാതിരിക്കുമ്പോള്‍ അയാള്‍ വിശ്വാസികളെ ക്രിസ്തുവിനോടല്ല, തന്നോടുതന്നെ ബന്ധിപ്പിക്കുവാന്‍ ഇടയാകും. വിശ്വാസികള്‍ ഈ പ്രസംഗകനെ അഭിനന്ദിക്കുകയും പിന്തുടരുകയും ചെയ്യും. എങ്കിലും അവര്‍ തങ്ങളുടെ ജീവിതങ്ങളില്‍ പാപത്തിന്മേലും ലോകമയത്വത്തിന്മേലും ഒരിക്കലും വിജയം നേടുക യുമില്ല.

ആത്മീയശക്തിയും ദേഹിയുടെ ശക്തിയും തമ്മില്‍ മഹത്തായ ഒരന്തരമുണ്ട്. ഇവയെ തമ്മില്‍ വിവേചിച്ചറിയുവാനുള്ള കഴിവ് നമുക്ക് അനുപേക്ഷണീയമാണ്. ഒരു വ്യക്തിക്കു ധാരാളം വേദപരിജ്ഞാനവും നല്ല പ്രസംഗചാതുര്യവും ഉണ്ടായിരിക്കാം. അയാള്‍ സഹോദരീ സഹോദരന്മാരോട് വളരെ നന്മയും ഔദാര്യവും കാട്ടുന്നവനും പല പ്രായോഗികമാര്‍ഗ്ഗങ്ങളില്‍ അവരെ സഹായിക്കുന്നവനും ആയേക്കാം. എന്നാല്‍ അയാള്‍ ആളുകളെ ക്രിസ്തുവിനോടല്ല, തന്നോടുതന്നെ യാണ് ബന്ധിക്കുന്നതെങ്കില്‍ ക്രിസ്തുവിന്റെ ശരീരം പടുത്തുയര്‍ത്തുന്നതില്‍ അയാള്‍ ഒരു പ്രതിബന്ധമായിത്തീരും.

ബിലെയാമിനെപ്പോലെയുള്ള പ്രസംഗകര്‍ക്ക് മറ്റുള്ളവരില്‍നിന്നു ദാനങ്ങള്‍ ലഭിക്കുന്നതു സന്തോഷകരമായിരിക്കും (സംഖ്യാ. 22:15, 17). ഒരു ദാനത്തിനു നമ്മുടെ കണ്ണുകളെ അന്ധമാക്കുവാനും നാം മനുഷ്യര്‍ക്ക് അടിമകളായിത്തീരുമാറ് അവരോടു കടപ്പാടുള്ളവരാക്കി നമ്മെ തീര്‍ക്കുവാനും കഴിയും. ദൈവത്തിന്റെ സത്യം സംസാരിക്കുന്നതിനും നമുക്കു സഹായം ചെയ്തവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു തിരുത്തുന്നതിനും ഇതു നമുക്കു തടസ്സമായിത്തീരാം.

ഒരു ദൈവഭൃത്യന്‍ എപ്പോഴും സ്വതന്ത്രനായിരിക്കണം. ”നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു; മനുഷ്യര്‍ക്കു ദാസന്മാരായിരിക്കരുത്” (1 കൊരി. 7:23).

പെര്‍ഗ്ഗെമോസ് സഭയിലെ മൂപ്പന്‍ മനുഷ്യര്‍ക്കു ദാസനായിത്തീര്‍ന്നതുമൂലം അവിടത്തെ സഭയില്‍ ബിലെയാമിന്റെ ഉപദേശം ശക്തി പ്രാപിക്കുവാന്‍ ഇടയായി.

ബിലെയാമിന്റെ ഉപദേശത്തിന് അതില്‍ത്തന്നെ രണ്ടു ഘടകങ്ങള്‍ ഉണ്ട്. 2 പത്രോ. 2:14,15 വാക്യങ്ങളില്‍ ഇവ രണ്ടിനെയും പറ്റി പത്രോസ് പരാമര്‍ശിച്ചിരിക്കുന്നു. ദ്രവ്യാഗ്രഹവും വ്യഭിചാരവുമാണ് ഈ ഘടകങ്ങള്‍.

പണത്തെ സ്‌നേഹിക്കുന്നവന്‍ ദൈവത്തെ വെറുക്കുന്നുവെന്നും പണത്തോടു പറ്റിച്ചേരുന്നവന്‍ ദൈവത്തെ നിന്ദിക്കുന്നുവെന്നും യേശു പറഞ്ഞു (ലൂക്കോ. 16:13 ശ്രദ്ധാപൂര്‍വം വായിക്കുക).

ഈ വസ്തുത നാം വ്യക്തമായി പഠിപ്പിക്കാതിരിക്കുന്നപക്ഷം നമ്മുടെ സഭയില്‍ ബിലെയാമിന്റെ ഉപദേശം ശക്തിപ്പെടും; സഹോദരീ സഹോദരന്മാര്‍ പണത്തെ സ്‌നേഹിക്കുന്നവരായിത്തീരുകയും ചെയ്യും.

എന്നാല്‍ യേശു പഠിപ്പിച്ചതു നാം പഠിപ്പിക്കണമെങ്കില്‍ ഒന്നാമതു നാം തന്നെ പണത്തിന്റെ പിടിയില്‍നിന്നു മോചനം പ്രാപിച്ചവരായിത്തീരണം. കോപത്തില്‍നിന്നോ കണ്‍മോഹത്തില്‍നിന്നോ വിടുതല്‍ പ്രാപിക്കുന്നതു പണത്തിന്റെ പിടിയില്‍നിന്നു വിടുതല്‍ പ്രാപിക്കുന്നതിനെക്കാള്‍ എളുപ്പമാണ്. നിരന്തര പോരാട്ടത്തിലൂടെ മാത്രമേ ഈ തിന്മയെ ജയിക്കുവാന്‍ നമുക്കു കഴിവുണ്ടാവുകയുള്ളു.

ദ്രവ്യാഗ്രഹത്തെ സകലവിധ ദോഷത്തിന്റെയും മൂലമായി നാം കണ്ടിട്ടുണ്ടോ? (1 തിമോ. 6:10). കോപവും മോഹദൃഷ്ടിയും തിന്മകളാണെന്ന് അംഗീകരിക്കപ്പെട്ടിരിക്കെ, ദ്രവ്യസ്‌നേഹത്തെ ആളുകള്‍ അപ്രകാരം അംഗീകരിച്ചിട്ടില്ല. തന്മൂലം ഒട്ടധികംപേരും പണത്തിന്റെ അടിമകളായിത്തീര്‍ന്നിരിക്കുന്നു. ഇതു മുഖേന അവര്‍ ദൈവത്തെ വെറുക്കുകയും നിന്ദിക്കുകയുമാണ് ചെയ്യുന്നതെന്ന് അവര്‍ ഒട്ടും തന്നെ മനസ്സിലാക്കിയിട്ടില്ല.

ഇന്‍ഡ്യയിലെ പൂര്‍ണ്ണസമയസുവിശേഷപ്രവര്‍ത്തകരില്‍ ഭൂരിഭാഗവും ബിലെയാമിനെപ്പോലെ പണസ്‌നേഹത്തിന്റെ അടിമകളാണ്. സമ്പന്നരായ വിശ്വാസികളുടെ ഗൃഹങ്ങളില്‍നിന്നു തങ്ങള്‍ക്കു ദാനങ്ങള്‍ ലഭിക്കുമെന്ന് അറിവുള്ളതിനാല്‍ അവര്‍ ആ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നു. സമ്പന്നരും സ്വാധീനശക്തിയുള്ളവരുമായ ഈ ആളുകളെ അവരുടെ പാപങ്ങളുടെ പേരില്‍ ശാസിക്കേണ്ട സന്ദര്‍ഭത്തില്‍ ഇതു മൂലം അവര്‍ക്കു വായ് തുറക്കുവാന്‍ സാധിക്കാതെ വരുന്നു. തങ്ങള്‍ക്കു സ്‌തോത്രകാഴ്ചയായി ധാരാളം പണം ലഭിക്കുമെന്നു നിശ്ചയമുള്ള സഭകളിലേക്ക് അവര്‍ പ്രസംഗയാത്ര നടത്തുന്നു. ഇത്തരം പ്രസംഗകര്‍ക്ക് എങ്ങനെ ദൈവത്തെ സേവിക്കുവാന്‍ കഴിയും? അത് അസാധ്യമാണ്. മാമോനെയാണ് അവര്‍ സേവിക്കുന്നത്. രണ്ടു യജമാനന്മാരെ സേവിക്കുവാന്‍ ആര്‍ക്കും സാധ്യമല്ലെന്ന് യേശു പറഞ്ഞിട്ടുണ്ട്.

പുതിയ ഉടമ്പടിയിന്‍കീഴില്‍ ഒരു ദൈവഭൃത്യനായിത്തീരുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മൂന്ന് അവശ്യയോഗ്യതകളാണ് ഉണ്ടായിരിക്കേണ്ടത്:

  1. തന്റെ വ്യക്തിപരമായ ജീവിതത്തില്‍ പാപത്തില്‍നിന്നു സ്വതന്ത്രനായിരിക്കുക (റോമര്‍ 6:22).
  2. മനുഷ്യരെ പ്രസാദിപ്പിക്കാതിരിക്കുക (ഗലാ. 1:10).
  3. പണത്തെ വെറുക്കുകയും നിന്ദിക്കുകയും ചെയ്യുക (ലൂക്കോ. 16:13).



പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകുവാന്‍ നാം യോഗ്യരോ അയോഗ്യരോ എന്നു നിര്‍ണ്ണയം വരുത്തുവാന്‍ ഈ മൂന്നു മേഖലകളിലും നാം നമ്മെത്തന്നെ ശോധന ചെയ്യണം.

നാം ദൈവത്തിനു പ്രയോജനമുള്ളവരായിത്തീരണമെങ്കില്‍ പണത്തിനും ഭൗതികവസ്തുക്കള്‍ക്കും നമ്മുടെ ജീവിതത്തിന്റെമേല്‍ യാതൊരു സ്വാധീനവും ഉണ്ടായിരിക്കരുത്.

മാത്രമല്ല, ദാനങ്ങള്‍ സ്വീകരിക്കുന്നതിനെ നാം വെറുക്കുകയും ചെയ്യണം. കാരണം, വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നതിലാണ് അധികം അനുഗ്രഹം അടങ്ങിയിട്ടുള്ളതെന്ന് യേശു പറഞ്ഞിട്ടുണ്ട് (അപ്പോ. 20:35).

നമ്മുടെ ജീവിതങ്ങളില്‍ പണത്തിന്റെ നീരാളിപ്പിടിത്തത്തില്‍നിന്നു നാം ബലം പ്രയോഗിച്ചു നമ്മെത്തന്നെ സ്വതന്ത്രരാക്കുന്നില്ലെങ്കില്‍ ദൈവത്തെ സ്‌നേഹിക്കേണ്ടതുപോലെ സ്‌നേഹിക്കുവാനോ സേവിക്കേണ്ടതുപോലെ സേവിക്കുവാനോ ഒരിക്കലും നമുക്കു കഴിവുണ്ടാവുകയില്ല. മറ്റുള്ളവരെ ദൈവത്തെ സ്‌നേഹിക്കുന്നവരാക്കിത്തീര്‍ക്കുവാനും നമുക്കു സാധ്യമല്ല. ബിലെയാമിന്റെ ഉപദേശത്തില്‍നിന്ന് അവരെ വിടുവിക്കാനും നാം പ്രാപ്തരാവുകയില്ല.

ബിലെയാമിന്റെ ഉപദേശത്തിലെ രണ്ടാമത്തെ ഘടകം ദുര്‍മ്മാര്‍ഗ്ഗ ജീവിതമാണ്. ഈ ഉപദേശം യാതൊരു നിയന്ത്രണവും കൂടാതെ സഹോദരിമാരും സഹോദരന്മാരും തമ്മില്‍ സ്വതന്ത്രമായി ഇടപഴകുവാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നു. വെളി. 2:14ല്‍ ബിലെയാമാണ് മോവാബ്യപ്പെണ്‍കുട്ടികളെ യിസ്രായേലി യുവാക്കന്മാരുമായി സ്വതന്ത്രമായി ഇടപഴകുവാന്‍ ഉത്സാഹിപ്പിച്ചതെന്നു നാം വായിക്കുന്നു. ഒരൊറ്റ ദിവസത്തില്‍ 24000 പേരെ ദൈവം സംഹരിക്കുവാന്‍ ഇടയാക്കുമാറുള്ള ദുര്‍മ്മാര്‍ഗ്ഗജീവിതം യിസ്രായേല്‍മക്കളുടെ ഇടയില്‍ ഉണ്ടാകുവാന്‍ ഇതു വഴിതെളിച്ചു (സംഖ്യാ. 25:19).

ഫീനേഹാസ് ഒരു കുന്തം പ്രയോഗിച്ച് ഈ ദുര്‍മ്മാര്‍ഗ്ഗത്തിന് ഒരു വിരാമം ഇട്ടപ്പോള്‍ മാത്രമേ യിസ്രായേലിനെതിരായുള്ള ദൈവക്രോധം നിന്നുപോയുള്ളു. ഫീനേഹാസിന്റെ പ്രവൃത്തി കണ്ടപ്പോള്‍ ദൈവം അത്യന്തം സന്തുഷ്ടനാവുകയും തന്മൂലം നിത്യമായൊരു പൗരോഹിത്യ ഉടമ്പടിയിലേക്ക് അദ്ദേഹത്തെ പ്രവേശിപ്പിക്കുകയും ചെയ്തു. സഭയില്‍ സഹോദരന്മാരും സഹോദരിമാരും തമ്മിലുള്ള സ്വതന്ത്രമായ ഇടപഴകലിനെതിരേ കര്‍ക്കശ നിലപാടു സ്വീകരിക്കുന്നവരെ ദൈവം എപ്പോഴും മാനിക്കുന്നു.

ഇവിടെ വീണ്ടും മൂപ്പന്മാരെന്ന നിലയില്‍ നാം നമ്മുടെ വ്യക്തിപരമായ സ്വഭാവം മുഖേന മറ്റുള്ളവര്‍ക്കു ദൃഷ്ടാന്തങ്ങളായിത്തീരണം. സഹോദരിമാരുമായിട്ടുള്ള പെരുമാറ്റത്തില്‍ നാം ഗൗരവബോധമുള്ളവരായി, അവരുമായി ലാഘവബുദ്ധിയോടുകൂടിയ എല്ലാ അനാവശ്യ സംഭാഷണവും വര്‍ജ്ജിക്കണം. എപ്പോഴും നമ്മോടു സംഭാഷിക്കു വാനാഗ്രഹിക്കുന്ന സഹോദരിമാരെക്കുറിച്ച് നാം പ്രത്യേകം ജാഗ്രതയുള്ളവരാകേണ്ടിയിരിക്കുന്നു. സഹോദരിമാരോടു സംസാരിക്കുവാന്‍ നാം താല്‍പര്യപ്പെടുന്നുവെങ്കില്‍ ദൈവസഭയെ നയിക്കുവാന്‍ നാം അയോഗ്യരത്രേ. ഒരു അടച്ച മുറിയിലിരുന്ന് നാം ഒരിക്കലും സഹോദരിമാരുമായി സംസാരിക്കരുത്. സ്വന്തം ഭാര്യയുടെ സാന്നിധ്യത്തിലോ മറ്റൊരു മൂത്തസഹോദരനോടൊപ്പമോ സഹോദരിമാര്‍ക്ക് ഉപദേശം നല്‍കുന്നത് എപ്പോഴും ഉത്തമമായിരിക്കും.

ശമര്യയിലെ കിണറ്റിങ്കല്‍വച്ച് യേശു ഒരു സ്ത്രീയുമായി സംഭാഷിക്കുന്നതു ശിഷ്യന്മാര്‍ കണ്ടപ്പോള്‍, യേശു ഒരു സ്ത്രീയോടു സംസാരിക്കയാല്‍ അവര്‍ ആശ്ചര്യപ്പെട്ടുവെന്ന് തിരുവെഴുത്തില്‍ നാം വായിക്കുന്നു (യോഹ. 4:27). കാരണം, യേശു തനിയേ ഒരു സ്ത്രീയോടു സംസാരിക്കുന്ന പതിവുണ്ടായിരുന്നില്ല. തിന്മയുടെ സാരൂപ്യമുള്ള ഒരു കാര്യം പോലും ചെയ്യാതിരിക്കുവാന്‍ അവിടുന്നു ശ്രദ്ധാലുവായിരുന്നു. ഇതു നമുക്കെല്ലാം പിന്തുടരുവാന്‍ യോഗ്യമായ ഒരു ദൃഷ്ടാന്തമത്രേ.

തുയഥൈരാ: ഒരു സ്ത്രീ സഭയെ നയിക്കുന്നു

ധാരാളം സഹോദരന്മാര്‍ വഴിതെറ്റിപ്പോകുവാന്‍ ഇടയാകുമാറ് ഈസബേല്‍ എന്ന സ്ത്രീയെ (മൂപ്പന്റെ ഭാര്യ. വെളി. 2:20 മാര്‍ജിന്‍) സഭാകാര്യങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുവാന്‍ അനുവദിച്ചതിന് തുയഥൈരയിലെ സഭയുടെ മൂപ്പനെ കര്‍ത്താവു ശാസിച്ചു. ഇപ്രകാരമുള്ള ദൈവഭൃത്യന്മാര്‍ ഇന്നുമുണ്ട്. സഭാകാര്യത്തില്‍ തങ്ങളുടെ ഭാര്യമാരും മറ്റു സഹോദരിമാരും ഇടപെടുന്നതിനെ നിയന്ത്രിക്കുവാന്‍ അവര്‍ക്കു കഴിവില്ല.

പുതിയനിയമസഭയുടെ നേതൃത്വത്തില്‍ എന്തെങ്കിലും പങ്കു വഹിക്കുവാന്‍ ദൈവം സ്ത്രീകളെ വിളിച്ചിട്ടില്ല. 1 തിമോ. 2:12ല്‍ അതു വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ സഭയുടെ ഭരണത്തില്‍ ഒരു സ്വാധീനശക്തിയായിത്തീരുവാന്‍ ആഗ്രഹിക്കുന്ന തന്റേടികളായ സഹോദരിമാര്‍ എല്ലായിടത്തുമുണ്ട്. ഇപ്രകാരമുള്ള എല്ലാ സ്ത്രീകളും ഈസബേല്‍മാരാണ്. സഹോദരിമാര്‍ വീട്ടുകാര്യം നോക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു (തീത്തോ. 2:5). എന്നാല്‍ അവര്‍ സഭാകാര്യങ്ങ ളില്‍ കൈകടത്തുവാന്‍ ആരംഭിച്ചാല്‍ അതു സഭയില്‍ കുഴപ്പം സൃഷ്ടിക്കും. ഒരു മൂപ്പന്റെ ഭാര്യ വീട്ടില്‍ വച്ച് ഭര്‍ത്താവിന്റെമേല്‍ വലിയൊരു സ്വാധീനശക്തി ചെലുത്തുവാനും തല്‍ഫലമായി മൂപ്പന്മാരുടെ മീറ്റിംഗുകളില്‍ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ എല്ലാം വീട്ടില്‍വച്ച് അവര്‍ അദ്ദേഹത്തിന്റെ കാതിലേക്ക് അടിച്ചുകയറ്റിയവയായിത്തീരു വാനും സാധ്യതയുണ്ട്.

അത്തരം മൂപ്പന്മാര്‍ സ്‌ത്രൈണസ്വഭാവികളും ദൈവഭൃത്യരായിത്തീരുവാന്‍ തികച്ചും അനര്‍ഹരുമത്രേ. ഈ വിധത്തിലുള്ള മൂപ്പന്മാരെ സ്ത്രീ വര്‍ഗ്ഗത്തില്‍പ്പെടുന്നവരായി പരിഗണിക്കണം. അതിനാല്‍ സഭയില്‍ ഏതെങ്കിലും നേതൃസ്ഥാനം വഹിക്കുവാന്‍ അയോഗ്യരാണവര്‍.

സര്‍ദ്ദീസ്: പ്രശസ്തിക്കുവേണ്ടിയുള്ള ജീവിതം

സര്‍ദ്ദീസിലെ സഭയുടെ ദൂതന്‍ ഒരു കപടഭക്തനായിരുന്നതിന്റെ പേരില്‍ കര്‍ത്താവ് അദ്ദേഹത്തെ ശാസിക്കുന്നു. ജീവനുള്ളവനെന്ന് ജനങ്ങളുടെ മുമ്പില്‍ അദ്ദേഹത്തിന് ഒരു പേരുണ്ട്. എന്നാല്‍ അദ്ദേഹം യഥാര്‍ത്ഥത്തില്‍ ആത്മീയമായി മരിച്ചവനത്രേ. എന്നാല്‍ സര്‍ദ്ദീസില്‍ പൂര്‍ണ്ണമനസ്‌കരും ശുഷ്‌കാന്തിയുള്ളവരുമായി കുറച്ചുപേര്‍ ഉണ്ടായിരുന്നു. അവര്‍ തങ്ങളുടെ വസ്ത്രം നിര്‍മ്മലമായി സൂക്ഷിച്ചിരുന്നു. സഭയിലുള്ള മറ്റു സഹോദരന്മാര്‍ മൂപ്പനെക്കാള്‍ കൂടുതല്‍ ദൈവഭയമുള്ളവരായിരിക്കുമ്പോള്‍ അത് ദുഃഖകരമായ ഒരു സ്ഥിതിവിശേഷമാണ്.

തന്റെ പ്രസംഗത്തിലൂടെയും താന്‍ മുഖാന്തരം ദൈവം ചെയ്ത വലിയ കാര്യങ്ങളെക്കുറിച്ചു സാക്ഷ്യം പറയുന്നതിലൂടെയുമായിരിക്കാം സര്‍ദ്ദീസിലെ മൂപ്പന് ഒരു പേരുണ്ടായിത്തീര്‍ന്നത്. നമ്മുടെ ശുശ്രൂഷയിലൂടെ അദ്ഭുതങ്ങള്‍ നടന്നതായി നമുക്ക് അനുഭവപ്പെട്ടേക്കാം. എന്നാല്‍ നാം അവയെക്കുറിച്ചു സംസാരിക്കുവാനാരംഭിക്കുന്നപക്ഷം അതില്‍ യഥാര്‍ത്ഥമായ ഒരു വിപത്ത് ഉള്‍ക്കൊണ്ടിരിക്കുന്നു.

നിങ്ങള്‍ യേശുവിന്റെ ദൃഷ്ടാന്തം നോക്കിയാല്‍ അത്തരം കാര്യങ്ങളെക്കുറിച്ച് ഒരിക്കലും അവിടുന്നു സംസാരിച്ചിട്ടില്ലെന്നു നിങ്ങള്‍ക്കു മനസ്സിലാക്കാം. ഏതെങ്കിലും സ്ഥലത്ത് താന്‍ ചെയ്ത അദ്ഭുതകൃത്യങ്ങളെ ക്കുറിച്ച് അവിടുന്ന് ഒരിക്കലും സാക്ഷ്യം പറഞ്ഞിട്ടില്ല. അവിടുന്നു ദൈവവചനം പ്രസംഗിച്ചു. തന്നിലൂടെ പിതാവു ചെയ്ത കാര്യങ്ങളെ പ്പറ്റി ഒരിക്കലും അവിടുന്നു സംസാരിച്ചില്ല. അവിടുത്തെ എല്ലാ നീതിയും എല്ലാ പ്രവര്‍ത്തനങ്ങളും പിതാവിന്റെ മുമ്പില്‍ രഹസ്യത്തിലാണ് ചെയ്യപ്പെട്ടിട്ടുള്ളത്.

നസറേത്തില്‍ യേശു ചെലവഴിച്ച മുപ്പതു വര്‍ഷക്കാലത്തിനിടയില്‍ യേശുവിന് തന്റെ പിതാവിനോടൊപ്പം അദ്ഭുതകരമായ ചില അനുഭവങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ അവയില്‍ ഒന്നിനെക്കുറിച്ചും ഒരു വാക്കുപോലും അവിടുന്നു സംസാരിച്ചിട്ടില്ല. അവയെല്ലാം രഹസ്യ മായി സൂക്ഷിക്കേണ്ടതാണെന്ന് അവിടുത്തേക്ക് അറിയാമായിരുന്നു. തനിക്കു മറ്റുള്ളവരുടെ മുമ്പില്‍ ഒരു പേരുണ്ടാക്കുവാന്‍ അവിടുന്ന് ഒരിക്കലും ആഗ്രഹിച്ചില്ല. ഈ കാര്യത്തിലും നമുക്ക് യേശുവിനെ നമ്മുടെ മാതൃകയാക്കിത്തീര്‍ക്കാം.

നാം ഒരു സാക്ഷ്യം പറയുമ്പോള്‍ അതില്‍ അസത്യവും അതിശയോക്തിയും കടന്നുകൂടുവാന്‍ വളരെ എളുപ്പമാണ്. ഉദാഹരണമായി നമ്മുടെ പ്രാര്‍ത്ഥനയിലൂടെ രോഗശാന്തി ലഭിച്ച ഒരുവനെക്കുറിച്ചു നാം മറ്റൊരാളോടു പറഞ്ഞെന്നുവരാം. നാം പ്രാര്‍ത്ഥിച്ചിട്ടും സൗഖ്യം ലഭിക്കാതെയിരുന്ന വേറേ ഒരു നൂറുപേരെക്കുറിച്ചു് നാം ഒരിക്കലും പറയാതെയുമിരിക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ നാം പൂര്‍ണ്ണമായ സത്യമല്ല സംസാരിക്കുന്നത്

നാം കര്‍ത്താവിന്റെ ഭൃത്യരായിരിക്കണമെങ്കില്‍ നാം സമ്പൂര്‍ണ്ണ മായും സത്യസന്ധരായിരിക്കണം. നാം യഥാര്‍ത്ഥത്തില്‍ ആയിരിക്കുന്ന തിനെക്കാള്‍ മെച്ചമായ ഒരു ധാരണ മറ്റുള്ളവര്‍ക്കു നമ്മെപ്പറ്റി ലഭിക്കുവാന്‍ ഇടയാകരുത്. നമ്മെപ്പറ്റി അതില്‍ക്കുറവായി അവര്‍ ചിന്തിക്കുന്ന പക്ഷം അതു വളരെയധികം നല്ലതായിരിക്കും.

തങ്ങള്‍ക്കു വാസ്തവത്തിലില്ലാത്ത ആത്മവരങ്ങളെപ്പറ്റി ആത്മ പ്രശംസ ചെയ്യുന്നവര്‍ ഒരിക്കലും മഴ തരാത്തവയും വഞ്ചിക്കുന്നവയുമായ മേഘങ്ങളെപ്പോലെയാണ് (സദൃ. 25:14).

മറ്റുള്ളവരുടെ മുമ്പില്‍ നിങ്ങള്‍ സ്വയം ഭാവിക്കുന്നതുപോലെയുള്ള ഒരു വലിയ വിശ്വാസവീരനാണോ നിങ്ങള്‍? എത്ര പ്രാവശ്യം നിങ്ങള്‍ വ്യാകുലചിത്തനായിത്തീര്‍ന്നിട്ടുണ്ടെന്നു ചിന്തിക്കുക. എങ്കില്‍ നിങ്ങള്‍ അപ്രകാരമുള്ള ഒരു വിശ്വാസവീരനാണോ? (മറ്റാരെക്കാളുമേറെ നിങ്ങളെക്കുറിച്ചറിവുള്ള) നിങ്ങളുടെ ഭാര്യ നിങ്ങളെ ഒരു വലിയ വിശ്വാസവീരനായിക്കരുതുന്നുണ്ടോ? മറ്റുള്ളവരുടെ മുമ്പില്‍ വലിയ പേരുള്ള പല മൂപ്പന്മാര്‍ക്കും അവരെ യഥാര്‍ത്ഥമായി അറിയുന്ന ഭാര്യമാരുടെ മുമ്പില്‍ വലിയ പേരൊന്നും ഇല്ല തന്നെ!

നാം യഥാര്‍ത്ഥത്തില്‍ ആയിരിക്കുന്നവിധം തന്നെ മറ്റുള്ളവര്‍ നമ്മെ കാണുന്നതിനെക്കുറിച്ച് നാം ഭയപ്പെടുന്നതെന്തിന്? അവരുടെ മുമ്പില്‍ വലിയവരായിക്കാണപ്പെടുവാന്‍ നാം ആഗ്രഹിക്കുന്നതുകൊണ്ടല്ലേ അത്? നമ്മുടെ പരാജയങ്ങളെപ്പറ്റി നാം മറ്റുള്ളവരുടെ മുമ്പില്‍ ഏറ്റു പറയുമ്പോള്‍ നാം വേണ്ടിടത്തോളം പ്രാര്‍ത്ഥിക്കുന്നില്ല, വേണ്ടിടത്തോളം ഉപവസിക്കുന്നില്ല എന്നെല്ലാമുള്ള വിശുദ്ധപാപങ്ങള്‍ മാത്ര മാണോ നാം ഏറ്റുപറയുന്നത്?

അത്തരം ഏറ്റുപറച്ചിലുകള്‍ കാപട്യവും നമ്മുടെ പ്രശസ്തിയെ വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതുമാണ്. ഇത്തരം കപടഭക്തിക്കാരായ മൂപ്പന്മാര്‍ മാനസാന്തരപ്പെടേണ്ടത് ആവശ്യമത്രേ.

നാം തികച്ചും നമ്മെപ്പോലെയുള്ള മക്കളെ മാത്രം ഉദ്ഭവിപ്പിക്കും എന്നുള്ള സത്യവും നാം എപ്പോഴും ഓര്‍ക്കണം. ആദാമിനെപ്പറ്റി അദ്ദേഹം തന്റെ സ്വന്ത സാദൃശ്യത്തില്‍ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചുവെന്ന് എഴുതപ്പെട്ടിരിക്കുന്നു (ഉല്‍പ. 5:3). ഒരു സൂക്ഷ്മദര്‍ശിനിയില്‍ക്കൂടെയല്ലാതെ മറ്റുള്ളവര്‍ക്കു കാണുവാന്‍ കഴിയാത്ത ദൗര്‍ബല്യങ്ങള്‍ നമ്മുടെ രക്തത്തിലുണ്ട്. എങ്കിലും അവയെ നാം നമ്മുടെ മക്കള്‍ക്കു പകര്‍ന്നുകൊടുക്കുക തന്നെ ചെയ്യും.

ആത്മീയ കാര്യത്തിലും അത് അങ്ങനെ തന്നെയാണ്. മറ്റുള്ളവര്‍ ഒരിക്കലും കാണാത്ത പരാജയമേഖലകള്‍ നമ്മുടെ ജീവിതത്തില്‍ ഉണ്ടായിരിക്കാം. എന്നാല്‍ കാലം കഴിയുമ്പോള്‍ നമ്മുടെ ആത്മീയ മക്കള്‍ക്കും അതേ ദൗര്‍ബല്യങ്ങള്‍ ഉള്ളതായി നാം കണ്ടെത്തും.

എല്ലാ സഭകളും അന്തിമമായി അവയുടെ നേതാവിനെപ്പോലെയായിത്തീരും. അതുമൂലമാണ് വെളി. 2, 3 അധ്യായങ്ങളിലുള്ള ലേഖനങ്ങള്‍ പ്രാഥമികമായി സഭയുടെ ദൂതന്മാരുടെ പേര്‍ക്ക് എഴുതപ്പെട്ടിരിക്കുന്നത്. അനന്തരം ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ള വന്‍ കേള്‍ക്കട്ടെ എന്നും അവയില്‍ പറയുന്നു.

നാം രഹസ്യത്തില്‍ അസത്യവാദികളെങ്കില്‍ നാം അന്തിമമായി അസത്യവാദികളായ സഹോദരീസഹോദരന്മാരെ സൃഷ്ടിക്കും. നാം രഹസ്യത്തില്‍ ദുര്‍മ്മോഹികളും പിശുക്കന്മാരുമാണെങ്കില്‍ അതേ സ്വഭാവത്തോടുകൂടിയവരായി നമ്മുടെ സഭയിലെ മറ്റുള്ളവരും തീരും. ഉള്ളില്‍ക്കടന്നു നമ്മുടെ ജഡികത്വത്തെ കാണാന്‍ വിവേചനമുള്ളവരും നമ്മുടെ ദൃഷ്ടാന്തം പിന്തുടരാത്തവരും മാത്രമായിരിക്കും ഈ നിയമത്തിന് അപവാദികള്‍.

അപ്രകാരമുള്ള പൂര്‍ണ്ണമനസ്‌കരായ ചില വിശ്വാസികള്‍ സര്‍ദ്ദീസില്‍ ഉണ്ടായിരുന്നു. അവര്‍ തങ്ങളുടെ സഭാനേതാവിന്റെ ജഡികത്വം മനസ്സിലാക്കുകയും അദ്ദേഹത്തിന്റെ ദൃഷ്ടാന്തം പിന്തുടരാതിരിക്കുകയും ചെയ്തതുമൂലം അവര്‍ അയാളെപ്പോലെയായിത്തീര്‍ന്നില്ല.

നമുക്കുവേണ്ടി ഒരു പേരുണ്ടാക്കുവാന്‍ ബാബിലോണിന്റെ ആത്മാവിനാല്‍ നാം പ്രേരിതരായിത്തീരുമ്പോള്‍ തന്നെ നാം യഥാര്‍ത്ഥസഭയെ പണിയുന്നവരാണെന്നു സങ്കല്പിക്കുന്നത് നമുക്കു സംഭവിക്കാവുന്ന ഏറ്റവും വലിയ വഞ്ചനകളിലൊന്നാണ്.

വെളി. 17, 18 അധ്യായങ്ങളില്‍ വിവരിച്ചിട്ടുള്ള ബാബിലോണ്‍ എന്ന വ്യാജസഭയുടെ ഉദ്ഭവം എങ്ങനെയെന്ന് ബാബേല്‍ ഗോപുരനിര്‍മ്മാണത്തില്‍ നമുക്കു കാണുവാന്‍ കഴിയും.

ബാബേലില്‍ വച്ച് ജനങ്ങള്‍ ”നാം ഒരു ഗോപുരം പണിയുക. നമുക്ക് ഒരു പേരും ഉണ്ടാക്കുക” എന്ന് അന്യോന്യം പറഞ്ഞു. അതാണ് ബാബിലോണിന്റെ അന്തസ്സത്ത.

ദൈവം നമ്മുടെ പ്രവര്‍ത്തനത്തെ അനുഗ്രഹിച്ചു വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ? കര്‍ത്താവിന്റെ വേലയിലൂടെ നമുക്ക് ഒരു പേരു സമ്പാദിക്കു വാന്‍ കഴിഞ്ഞിട്ടുണ്ടോ? അങ്ങനെയെങ്കില്‍ അവിശ്വസ്തരായിരുന്ന മറ്റുള്ളവരില്‍നിന്നു വ്യത്യസ്തമായി നാം വിശ്വസ്തരായിരുന്നു എന്ന ഒരു തോന്നല്‍ അബോധപൂര്‍വമായിത്തന്നെ നമ്മുടെ ഹൃദയങ്ങളില്‍ ഉണ്ടാകും. ആത്മീയമരണത്തിലേക്കു വീണുപോകുവാനുള്ള എളുപ്പ വഴികളിലൊന്ന് ഇപ്രകാരം സ്വയം അഭിനന്ദിക്കുന്ന മനോഭാവമാണ്.

ഈ മാര്‍ഗ്ഗത്തിലൂടെയാണ് നെബൂഖദ്‌നേസെര്‍ വീണുപോകയും ഒരു മൃഗത്തെപ്പോലെ പെരുമാറുവാനാരംഭിക്കുകയും ചെയ്തത്. ദാനിയേല്‍ നാലാമധ്യായം വായിച്ചു ധ്യാനിക്കുക. നമുക്കെല്ലാം വളരെ ആവശ്യമായിരിക്കുന്ന ഒരു സന്ദേശം അതില്‍ അടങ്ങിയിരിക്കുന്നു. അവിടെ നെബൂഖദ്‌നേസെര്‍ ഇപ്രകാരം ചിന്തിച്ചു, ”ഇതു ഞാന്‍ പണിത മഹതിയാം ബാബിലോണ്‍ അല്ലയോ?” (ദാനി. 4:30). ഈ കാര്യം അദ്ദേഹം മറ്റാരോടും പറയുകയല്ല ചെയ്തതെന്നു മനസ്സിലാക്കുക. അദ്ദേഹത്തിന്റെ ഹൃദയത്തില്‍ അപ്രകാരമൊരു ചിന്ത അങ്കുരിച്ചുവെന്നു മാത്രം. എങ്കിലും ദൈവം ഉടന്‍ തന്നെ അദ്ദേഹത്തെ ന്യായം വിധിച്ച് ഒരു ഭ്രാന്തനാക്കിത്തീര്‍ത്തു.

ഈ വിധത്തിലാണ് ഒട്ടനേകം സുവിശേഷപ്രസംഗകന്മാരും മൂപ്പന്മാരും ശതാബ്ദങ്ങളിലൂടെ കൃപയില്‍നിന്നു വീണുപോയിട്ടുള്ളത്. കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കുകയും തനിക്കും ഈ ദുര്‍വിധി വരാതിരിപ്പാന്‍ സൂക്ഷിക്കുകയും ചെയ്യട്ടെ.

തന്നെക്കുറിച്ചും കര്‍ത്താവിനുവേണ്ടി താന്‍ ചെയ്യുന്ന വേലയെക്കുറിച്ചും ഇത്തരം ഉന്നതചിന്തയുള്ള ഒരു ഭൃത്യനെ ദൈവം എങ്ങനെ യാണ് താഴ്ത്തുന്നത്?

തന്റെ സ്വന്തഹൃദയത്തിലും തന്റെ സഭയിലും ജഡികത്വം കണ്ടെത്തുവാന്‍ അയാള്‍ ആരംഭിക്കും. തന്റെ ചിന്താജീവിതത്തിലും പണത്തോ ടുള്ള സ്‌നേഹത്തിലും താന്‍ പരാജയമടഞ്ഞവനാണെന്ന കാര്യം അയാള്‍ മനസ്സിലാക്കും. സഭയിലുള്ള ചില സഹോദരന്മാര്‍ തമ്മില്‍ ഉരസ്സലുണ്ടാകും. സഭയിലുള്ള ഒട്ടനേകം പേരുടെ കുടുംബജീവിതം അധഃപതിക്കുവാനാരംഭിക്കും. അനേക വര്‍ഷത്തെ സഭാജീവിത ത്തിനുശേഷവും സഭയില്‍ പ്രവചനത്തിന്റെ ആത്മാവ് ഇല്ലാതെയാകും. സഭായോഗങ്ങള്‍ വിരസവും മുഷിപ്പനുമാകും. ഏറ്റവും മുകളിലുള്ള ഒരൊറ്റ മൂപ്പനൊഴികെ സഭയില്‍ മറ്റാരും നേതൃസ്ഥാനത്തേക്കു വരാനില്ലാതെയാകും.

ഇതെല്ലാം കണ്ടിട്ട് തന്നിലോ തന്റെ സഭയിലോ ആത്മീയമായ അന്തസ്സാരമില്ലെന്ന കാര്യം മൂപ്പന്‍ മനസ്സിലാക്കുവാന്‍ തുടങ്ങും. ഒരു പക്ഷേ അദ്ദേഹത്തിന്റെ സഭ ആത്മീയമായിട്ടല്ലെങ്കിലും സംഖ്യയില്‍ വര്‍ദ്ധിച്ചുവെന്നു വരാം. എന്നാല്‍ ആത്മീയമരണത്തിന്റെ എല്ലാ ലക്ഷണങ്ങളും അവിടെ പ്രകടമായിരിക്കും.

മിക്ക മൂപ്പന്മാരും ഇത്തരം കാര്യങ്ങള്‍ കാണുമ്പോള്‍ അവ മറ്റുള്ള വരില്‍നിന്നു മറച്ചുവയ്ക്കുകയും സഭയില്‍ എല്ലാം ഭംഗിയാണെന്നു നടിക്കുകയും ചെയ്യും. അങ്ങനെ അവര്‍ ക്രമേണ അധോഗതി പ്രാപിച്ച് ഒടുവില്‍ സര്‍ദ്ദീസ് സഭയുടെ അതേ നിലയില്‍ത്തന്നെ എത്തിച്ചേരും.

ഇത്തരം കാര്യങ്ങള്‍ കണ്ടെത്തുവാന്‍ അനേക വര്‍ഷക്കാലം നാം കാത്തിരിക്കണമെന്നില്ല. നമ്മില്‍ത്തന്നെയും നമ്മുടെ സഭയിലും ഇമ്മാതിരി കാര്യങ്ങള്‍ വളരെ വേഗത്തില്‍ത്തന്നെ കണ്ടെത്തുവാനുള്ള വിവേചനശക്തി നമുക്കു നല്‍കുവാന്‍ ദൈവത്തിനു കഴിയും. എന്നാല്‍ നാം ദൈവത്തില്‍നിന്നുള്ള ബഹുമതി മാത്രം അന്വേഷിക്കുകയും മനുഷ്യരില്‍നിന്നുള്ള മാനത്തെപ്പറ്റി ഗൗനിക്കാതിരിക്കുകയും ചെയ്താല്‍ മാത്രമേ ഈ വിവേചനം ദൈവം നല്‍കുകയുള്ളു.

സഭ ആത്മീയമായി വളര്‍ച്ച പ്രാപിക്കുന്നില്ലെങ്കില്‍ കേവലം സംഖ്യാപരമായ അതിന്റെ വളര്‍ച്ചയില്‍ ദൈവം സംതൃപ്തനല്ലെന്നു നാമോര്‍ക്കണം.

കൊരിന്തിലെ വിശ്വാസികളോട് അവരുടെ ജഡികജീവിതം മൂലം ദൈവം തന്നെ താഴ്ത്തുവാനിടയായേക്കുമെന്നു പൗലോസ് പറഞ്ഞു (2 കൊരി. 12:20, 21 വായിക്കുക). കൊരിന്ത്യരുടെ ജഡികസ്വഭാവം നിമിത്തം പൗലോസിന് അപമാന ബോധമുണ്ടായത് എന്തുകൊണ്ട്?

കാരണം മറ്റൊന്നുമല്ല, പൗലോസ് അവരുടെ ആത്മീയപിതാവായിരുന്നു. മക്കളുടെ ആത്മീയാവസ്ഥയ്ക്ക് പിതാക്കന്മാരെ ഉത്തരവാദിക ളായി ദൈവം വീക്ഷിക്കുന്നു.

നമ്മുടെ സഭയില്‍ ജഡികത്വം നാം കണ്ടെത്തുമ്പോള്‍ നേതൃത്വം വഹിക്കുന്നവരായ നമ്മുടെതന്നെ പരാജയം ദൈവം നമുക്കു കാണിച്ചു തരികയാണ് ചെയ്യുന്നത്. ആ സമയത്ത് മറ്റു സഹോദരീ സഹോദരന്മാരെ കുറ്റപ്പെടുത്തുന്നതിനു പകരം നാം തന്നെ സ്വയം താഴ്ത്തുകയാണ് ചെയ്യേണ്ടത്. നമ്മുടെ മക്കളില്‍ നാം ലോകമയത്വം കാണുമ്പോള്‍ പിതാക്കന്മാരെന്ന നിലയിലുള്ള നമ്മുടെ പരാജയം ദൈവം നമുക്കു കാണിച്ചുതരികയാണ് ചെയ്യുന്നത്. മക്കളെ കുറ്റപ്പെടുത്തുന്ന തിനു പകരം അവിടെ സ്വയം താഴ്ത്തുകയാണ് നാം ചെയ്യേണ്ടത്.

നാം കൂലിക്കാരാണെങ്കില്‍ സഹോദരീസഹോദരന്മാരുടെ പരാജയം കാണുമ്പോള്‍ നാം അവരെ വിമര്‍ശിക്കും. എന്നാല്‍ നാം ദൈവഭക്തരാണെങ്കില്‍ സ്വയം താഴ്ത്തുകയും ”കര്‍ത്താവേ, ഞാന്‍ പരാജയമടഞ്ഞിരിക്കുന്നു; എന്നോടു ക്ഷമിക്കണമേ” എന്നു പ്രാര്‍ത്ഥിക്കയും ചെയ്യും.

പൗലോസിന് ഒരു വലിയ കര്‍ത്തവ്യഭാരമുണ്ടായിരുന്നു. താന്‍ ക്രിസ്തുവിങ്കലേക്കു നയിച്ച വിജാതീയ ജനങ്ങള്‍ ”ദൈവത്തിന് ഒരു നിര്‍മ്മലവഴിപാടായിത്തീരുമാറ് വിശുദ്ധീകരിക്കപ്പെട്ടവരാകണം” എന്നതായിരുന്നു ആ ഭാരം (റോമര്‍ 15:16).

പഴയ ഉടമ്പടിയിന്‍കീഴില്‍ ജനങ്ങള്‍ കൊണ്ടുവരുന്ന ഏതു യാഗ വസ്തുവും ഊനമില്ലാത്തതായിരിക്കുന്നുവോ എന്നു പരിശോധിക്കേണ്ട ചുമതല പുരോഹിതന് ഉണ്ടായിരുന്നു (ആവര്‍. 7:1). അതു പുരോഹിതന്റെ ഉത്തരവാദിത്വമായിരുന്നു. ഏതെങ്കിലും തരത്തില്‍ അംഗഹീനമോ വികലമോ ആയതിനെ ദൈവത്തിന് അര്‍പ്പിക്കുവാന്‍ അയാള്‍ക്കു സാധ്യമല്ല. (അതു ദൈവത്തിന്റെ ദൃഷ്ടിയില്‍ എത്ര ഗൗരവാവഹമായ പാപമായിരുന്നു എന്നു കാണുവാന്‍ മലാ. 1, 2 അധ്യായങ്ങള്‍ വായിക്കുക).

ഇപ്പോള്‍ പുതിയ ഉടമ്പടിയിന്‍ കീഴില്‍ സഭയില്‍ തന്റെ സേവനത്തി നായി ദൈവം വിളിക്കുന്ന എല്ലാവര്‍ക്കും അതേ ചുമതലയാണുള്ളത്. അവര്‍ ദൈവത്തിനു സമര്‍പ്പിക്കുന്ന ജനങ്ങള്‍ അവിടുത്തേക്കു സ്വീകാര്യമായിരിക്കണം. അതുകൊണ്ടാണ് ”ഏതു മനുഷ്യനെയും ക്രിസ്തുവില്‍ തികഞ്ഞവനായി നിറുത്തുവാന്‍” പൗലോസ് കഠിനാധ്വാനം ചെയ്തത് (കൊലോ. 1:28).

ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പില്‍ എല്ലാ കാര്യങ്ങളും വെളിവായിത്തീരും. ആ ദിവസത്തില്‍ നമ്മുടെ എല്ലാ അധ്വാനങ്ങളും ഉപരിപ്ലവവും ജഡികവുമാണെന്നു കാണപ്പെടുന്നപക്ഷം നാം ദൈവത്തിനു വേണ്ടി ഒരു വലിയ പ്രവൃത്തി ചെയ്യുന്നവരാണെന്നു സകലരും ചിന്തിച്ചാല്‍ തന്നെയും എന്താണ് അതുകൊണ്ടൊരു പ്രയോജനം? സര്‍ദ്ദീസിലെ സഭയുടെ മൂപ്പനും മനുഷ്യരുടെ ബഹുമതിയാല്‍ സംതൃപ്തനായിത്തീരുമാറ് ബുദ്ധിഹീനനായിരുന്നു.

നമ്മുടെ മക്കളില്‍ക്കൂടെ നമുക്കു തന്നെ ഒരു പേരു സമ്പാദിക്കുവാന്‍ നാം ആഗ്രഹിക്കുന്നുവോ? ഒരുപക്ഷേ അവര്‍ നല്ലവണ്ണം മുമ്പോട്ടു പോകുന്നുണ്ടായിരിക്കാം. എങ്കില്‍ അതിനായി ദൈവത്തെ സ്തുതി ക്കുക. അതുമൂലം നമുക്ക് കുറച്ചൊരു ബഹുമതി ലഭിക്കുമാറ് മറ്റുള്ളവര്‍ അതു മനസ്സിലാക്കണമെന്ന് നാം ആഗ്രഹിക്കുന്നുണ്ടോ? നാം എത്ര നല്ല പിതാക്കന്മാരായിരുന്നുവെന്ന് മറ്റുള്ളവര്‍ അറിയണമെന്ന് നാം ആഗ്രഹിക്കുന്നവോ? നാം നമ്മുടെ മക്കളെ നമ്മുടെ തന്നെ മഹത്വ ത്തിനു വേണ്ടിയോ അതോ ദൈവമഹത്വത്തിനുവേണ്ടിയോ വളര്‍ത്തുന്നത്?

തീര്‍ച്ചയായും നമ്മുടെ മക്കളെ അവര്‍ പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ സ്‌നേഹിക്കുന്ന ക്രിസ്ത്യാനികളായിത്തീരുമാറു വളര്‍ത്തുവാന്‍ നാമെല്ലാം ആഗ്രഹിക്കുന്നു. എന്നാല്‍ അതു ദൈവം കണ്ടാല്‍ പോരേ? ദൈവം അതു കണ്ടിട്ടുണ്ടെങ്കില്‍ പിന്നെ ഏതെങ്കിലും മനുഷ്യന്റെ അംഗീകാരം നമുക്കെന്തിന്?

നമ്മുടെ മക്കള്‍ ലൗകികരാണെന്ന് മറ്റുള്ളവര്‍ ചിന്തിച്ചെന്നുവന്നാല്‍ തന്നെ അതിലെന്തു ഹാനി? അന്തിമമായി ദൈവത്തോടു മാത്രമാണല്ലോ നാം ഉത്തരം പറയേണ്ടത്.

നമ്മെയും നമ്മുടെ സഭകളെയും കുറിച്ച് വിനയപൂര്‍വമായ ഒരു ധാരണ മാത്രം നമുക്കുണ്ടായിരിക്കുന്നത് എപ്പോഴും നല്ലതാണ്

നമ്മുടെ അധ്വാനഫലം മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കുവാന്‍ നമ്മുടെ ജഡത്തില്‍ വലിയ മോഹമുണ്ട്. ആ മോഹത്തെ നാം മരിപ്പിക്കുന്നില്ലെങ്കില്‍ സാത്താന്‍ എപ്പോഴും നമ്മെക്കൊണ്ടു മുതലെടുക്കും. ഏതെങ്കിലും ഒരു സഭാനേതാവിന്റെ ഹൃദയത്തില്‍ തനിക്കുവേണ്ടി ത്തന്നെ ഒരു പേരെടുക്കുവാനുള്ള ഏറ്റവും ലഘുവായ ആഗ്രഹം പോലും സാത്താന്‍ കാണുമ്പോള്‍ അവന്‍ അതുകൊണ്ടു മുതലെടുക്കുകയും അയാള്‍ ശിഷ്യത്വത്തെയും വിശുദ്ധിയെയും ക്രിസ്തുവിന്റെ ശരീരത്തെയുംപറ്റി പ്രസംഗിക്കയില്‍ത്തന്നെ അയാളെ വഞ്ചിക്കുകയും ചെയ്യും.

അത്തരമൊരു മൂപ്പന്‍ പണിയുന്നത് ബാബിലോണിന്റെ ശാഖയായിത്തീരുന്ന ഒരു സഭയായിരിക്കും.

നമുക്കൊരു പേരുണ്ടാക്കുവാന്‍ ശ്രമിക്കുന്നവരാണ് നാമെങ്കില്‍ ക്രിസ്തുവിന്റെ ശരീരം പണിയുവാന്‍ നമുക്ക് അസാധ്യം തന്നെ. മനുഷ്യരുടെ ഇടയിലുള്ള പേരിനോ പ്രശസ്തിക്കോവേണ്ടി യാതൊരു താല്‍പര്യവുമില്ലാത്ത ഒരുവനു മാത്രമേ പുതിയനിയമസഭയെ പണിയുവാന്‍ സാധ്യമാവുകയുള്ളു.

ഇടുങ്ങിയ വാതിലിനെ സൂചിക്കുഴയെക്കാള്‍ അല്പമെങ്കിലും വലുതാക്കുവാന്‍ നിങ്ങള്‍ ശ്രമിക്കാഞ്ഞതുമൂലം നിങ്ങളുടെ സഭയില്‍ അനേകവര്‍ഷക്കാലത്തെ അധ്വാനത്തിനുശേഷവും പൂര്‍ണ്ണവിശ്വസ്ത രായ മൂന്നു വ്യക്തികള്‍ മാത്രമേ ഉള്ളുവെങ്കില്‍ത്തന്നെയും അതിനെ പ്പറ്റി നിങ്ങള്‍ ലജ്ജിക്കേണ്ട കാര്യമില്ല. ”നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ” എന്ന് ഒരിക്കല്‍ ദൈവം നിങ്ങളോടു പറയും.

ഒരു പട്ടണത്തില്‍ കര്‍ത്താവിന്റെ പേര്‍ ദുഷിക്കപ്പെടുവാന്‍ ഇടയാക്കുന്ന ഒത്തുതീര്‍പ്പുമനോഭാവക്കാരായ 3000 വിശ്വാസികള്‍ ഉള്ളതിനെ ക്കാള്‍, വിശുദ്ധമായൊരു സാക്ഷ്യം കാത്തുസൂക്ഷിക്കുന്ന മൂന്നു ശിഷ്യന്മാര്‍ ഉണ്ടായിരിക്കുന്നത് അധികം ഉത്തമമാണ്.

എന്നാല്‍ നാം സംഖ്യയില്‍ ചുരുക്കമായിരിക്കുമ്പോള്‍ കൂടുതല്‍ മെച്ചമായ ഒരു സ്ഥിതിവിവരക്കണക്കു നല്‍കുവാന്‍വേണ്ടി നമ്മുടെ നിലവാരം താഴ്ത്തുവാനുള്ള പരീക്ഷ നമുക്കുണ്ടായെന്നു വരാം. ആ ദുര്‍മ്മോഹത്തിനെതിരേ നാം പോരാടുന്നില്ലെങ്കില്‍ സര്‍ദ്ദീസ് സഭയിലെ മൂപ്പന്റെ സ്ഥിതിയില്‍ അവസാനത്തില്‍ നാം ചെന്നെത്തിയെന്നു വരാം.

എങ്കിലും ഈ വാക്കുകളില്‍ ഒരു വ്യാജമായ ആശ്വാസം കണ്ടെത്തു വാനിടയുള്ള സഭാപ്രവര്‍ത്തകര്‍ക്കു താക്കീതായി ഒരു വാക്ക് ഇവിടെ കൂട്ടിച്ചേര്‍ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഒരുപക്ഷേ, ആവശ്യത്തിലിരിക്കുന്ന ആളുകള്‍ക്കൊരു സഹായ സ്ഥാനമായി നിങ്ങളുടെ സഭയെ ചൂണ്ടിക്കാണിക്കുവാന്‍ ദൈവത്തിനു സാധ്യമല്ലാത്തതിനാലായിരിക്കാം നിങ്ങളുടെ സഭ സംഖ്യയില്‍ വളരാതിരിക്കുന്നത്.

സഭയോട് ആളുകളെ കൂട്ടിച്ചേര്‍ക്കുന്നത് ദൈവമാണ് (അപ്പോ. 2:47). ആദിമസഭയുടെ കാലഘട്ടത്തില്‍ കര്‍ത്താവു വലിയ സംഖ്യ ആളുകളെ സഭയോടു ചേര്‍ത്തുകൊണ്ടിരുന്നു (അപ്പോ. 6:7).

നിങ്ങള്‍ ഏതാണ്ടിപ്രകാരം പ്രാര്‍ത്ഥിക്കുന്നതു നല്ലതായിരിക്കും. ”കര്‍ത്താവേ, ഒരു വലിയ സംഖ്യ ഒത്തുതീര്‍പ്പുകാരെക്കൊണ്ട് ഞങ്ങളുടെ സഭയുടെ സംഖ്യാബലം വര്‍ദ്ധിപ്പിക്കുവാന്‍ ഞങ്ങള്‍ അങ്ങയോട് അപേക്ഷിക്കുന്നില്ല. എന്നാല്‍ ദൈവഭക്തിയുള്ള ഒരു ജീവിതം നയിക്കുവാനാഗ്രഹിക്കുന്നവരായി ഈ പട്ടണത്തിലുള്ള എല്ലാ ആളുകള്‍ക്കു വേണ്ടിയും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. കര്‍ത്താവേ, ദയവായി മൂന്നു കാര്യങ്ങളില്‍ ഒന്ന് അങ്ങു ചെയ്യണമേ. (1) ഒന്നുകില്‍ ഞങ്ങള്‍ അവരെ സഹായിക്കുമാറ് അവരെ ഞങ്ങളുടെ അടുക്കലേക്ക് അയയ്ക്കണമേ. (2) അല്ലെങ്കില്‍ ഞങ്ങളെ അവരുടെ അടുക്കലേക്ക് അയയ്ക്കണമേ. (3) അതുമല്ലെങ്കില്‍ ഞങ്ങളെ അവര്‍ക്കു ചൂണ്ടിക്കാണിക്കുവാന്‍ അങ്ങേയ്ക്ക് എന്തുകൊണ്ടു സാധിക്കുന്നില്ല എന്നതു ഞങ്ങള്‍ക്കു കാണിച്ചു തരണമേ”.

”നിങ്ങളുടെ സഭ നിയമദാസ്യത്തിന് അധീനവും തണുത്തുറഞ്ഞതും പരീശഭാവം കലര്‍ന്നതുമാകയാല്‍ മറ്റുള്ളവര്‍ക്കു നിങ്ങളെ ചൂണ്ടിക്കാണിക്കുവാന്‍ എനിക്കു സാധ്യമല്ല” എന്ന് അപ്പോള്‍ കര്‍ത്താവു നിങ്ങളോടു പറഞ്ഞെന്നു വരാം. ഒരു മൂപ്പനെന്ന നിലയില്‍ നിങ്ങള്‍ തന്നെയും ആ നിലയില്‍ കഴിയുന്നതുകൊണ്ടാണ് നിങ്ങളുടെ സഭയും അപ്രകാരമായിരിക്കുന്നതെന്നുംകൂടി കര്‍ത്താവു പറഞ്ഞേക്കാം.

അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്ന ഏകകാര്യം തകര്‍ന്ന ഹൃദയത്തോടെ വിലപിക്കുകയും മാനസാന്തരപ്പെടുക യുമാണ്.

നമ്മുടെ ശുശ്രൂഷയില്‍ മനുഷ്യരുടെ ബഹുമാനവും അംഗീകാരവും അന്വേഷിക്കുന്നതില്‍നിന്നു സ്വതന്ത്രരായിത്തീരുവാന്‍ നാം ആഗ്രഹിക്കുന്നപക്ഷം അതിനുള്ള ഏകമാര്‍ഗ്ഗം കര്‍ത്താവുമായി ദാമ്പത്യതുല്യമായ ഒരു ഗാഢബന്ധം സ്ഥാപിക്കുക എന്നതാണ്. ഉത്തമഗീതത്തില്‍ കാന്ത തന്റെ ജീവിതത്തെയും പ്രവര്‍ത്തനത്തെയും പറ്റി സംസാരിക്കുമ്പോള്‍ അതിനെ കാന്തനു വിശിഷ്ടഫലം ഭുജിക്കുവാനുതകുന്ന ഒരുദ്യാനത്തോടു സാദൃശ്യപ്പെടുത്തുന്നതായി നാം കാണുന്നു (ഉത്ത. 4:16). നമ്മുടെ ലക്ഷ്യം നമ്മുടെ സ്വര്‍ഗ്ഗീയകാന്തനെ സന്തോഷിപ്പിക്കുക എന്നതു മാത്രമായിത്തീരുമ്പോള്‍ എപ്പോഴും നമ്മുടെ ഹൃദയത്തിനു വിശ്രാന്തിയനുഭവിക്കുവാന്‍ കഴിയും.

നമ്മുടെ കര്‍ത്താവ് നമ്മുടെ എല്ലാ പരിമിതികളോടുംകൂടെ നമ്മെ നാം ആയിരിക്കുന്ന സ്ഥിതിയില്‍ത്തന്നെ കൈക്കൊണ്ടിട്ടുള്ളതായി അറിയുമ്പോള്‍ നാം സംതൃപ്തഹൃദയരായിത്തീരും. മറ്റൊരാളിനുള്ളതു പോലെയുള്ള ഒരു ശുശ്രൂഷ അവിടുന്നു നമ്മില്‍നിന്നു പ്രതീക്ഷിക്കുന്നില്ല എന്നു നാം മനസ്സിലാക്കും. അങ്ങനെ ക്രിസ്തീയ മണ്ഡലത്തി ലുള്ള മത്സരത്തിന്റെ ആത്മാവില്‍നിന്നു നാം സ്വതന്ത്രരായിത്തീരും. നമ്മുടെ പ്രവര്‍ത്തനഫലങ്ങള്‍ മറ്റുള്ളവരെ അറിയിക്കുവാനുള്ള ദുര്‍മ്മോഹത്തില്‍നിന്നു കൂടെ നാം സ്വതന്ത്രരാകും.

ക്രിസ്തുവിന്റെ ശരീരത്തിനു നിസ്തുല്യമായ ഒരു സംഭാവന നല്‍കുവാനാവശ്യമായ കൃപാവരങ്ങള്‍ കര്‍ത്താവു നമുക്കു നല്‍കിയിട്ടുണ്ട്. നാം പൂര്‍ത്തിയാക്കേണ്ട സുനിശ്ചിതമായ ഒരു പ്രവര്‍ത്തനവും അവിടുന്നു നല്‍കിയിരിക്കുന്നു. അവിടുത്തെ കൃപയാലും ശക്തിയാലും ആ പ്രവര്‍ത്തനം നമ്മാലാവോളം ഭംഗിയായി നാം നിറവേറ്റേണ്ടതാണ്. നാം അവിടുത്തേക്കുവേണ്ടി എന്താണു ചെയ്തുകൊണ്ടിരിക്കു ന്നതെന്ന് മറ്റാരെയും നാം അറിയിക്കേണ്ട ആവശ്യമില്ല. തന്റെ കാന്തനു വേണ്ടി രഹസ്യത്തില്‍ താന്‍ ചെയ്യുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന് മറ്റാരും അറിയേണ്ട കാര്യമില്ല എന്നാണല്ലോ ഒരു കാന്തയുടെ ചിന്ത. അതു തന്നെയായിരിക്കണം നമ്മുടെയും മനോഭാവം.

അതിനാല്‍ സര്‍ദ്ദീസിലെ മൂപ്പന്റെ ഗതി നമുക്കുണ്ടാകാതിരിക്കുമാറ് കര്‍ത്താവായ യേശുക്രിസ്തുവുമായി വധൂവരന്മാര്‍ തമ്മിലുള്ളതു പോലെയുള്ള ഒരു ബന്ധം നമുക്കു പടുത്തുയര്‍ത്താം.

ലവോദിക്യാ: സ്വന്തം അരിഷ്ടതയെപ്പറ്റി അജ്ഞത

ലവോദിക്യയിലെ സഭാമൂപ്പന്‍ അനേകം കാരണങ്ങളാല്‍ കര്‍ത്താവിന്റെ ശാസനയ്ക്കു പാത്രമായിത്തീര്‍ന്നു.

താന്‍ സമ്പന്നനും സമൃദ്ധിയുള്ളവനുമാണെന്നും തനിക്കൊന്നിനും മുട്ടില്ലെന്നും അദ്ദേഹം ചിന്തിച്ചു. സമ്പത്തെന്നത് കേവലം പണത്തെ മാത്രം സംബന്ധിക്കുന്ന കാര്യമല്ല. ഒരുവന്‍ വിജ്ഞാനത്തിലും കൃപാ വരങ്ങളിലും കഴിവുകളിലും സമ്പന്നനും തദ്വാരാ സ്വയം പര്യാപ്തനുമായിരിക്കാം.

ബുദ്ധിശാലികളും വാഗ്മികളും വിവിധകഴിവുകളുള്ളവരുമെല്ലാം വളരെ ഭയത്തോടെ ജീവിക്കേണ്ടതാവശ്യമാണ്. എന്തെന്നാല്‍ ഈ മാനുഷികകഴിവുകള്‍ നിമിത്തം അഹങ്കരിക്കുവാനും കര്‍ത്താവിനെക്കാളധികം ഇവയിലാശ്രയം വയ്ക്കുവാനുമുള്ള ഒരാപല്‍സാധ്യത യിലാണ് അവര്‍ ജീവിക്കുന്നത്.

ഇവിടത്തെ സഭാമൂപ്പന്‍ തന്റെ വേദപരിജ്ഞാനത്തിലും കൃപാവരങ്ങളിലും നേട്ടങ്ങളിലും മൂപ്പനെന്ന പദവിയിലും സംതൃപ്തനായിരുന്നു. എന്നാല്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ താന്‍ ഇപ്പോഴും ആത്മീയമായി നിര്‍ഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനുമാണെന്ന വസ്തുത അയാള്‍ അറിഞ്ഞിരുന്നില്ല (വെളി. 3:17). ദൈവം നമ്മെ കാണുന്ന വിധത്തില്‍ യഥാര്‍ത്ഥത്തിലുള്ള നമ്മുടെ ആത്മീയനിലയെന്തെന്നു നാം അറിയാതിരിക്കുന്നത് വാസ്തവത്തില്‍ ദുഃഖകരം തന്നെ.

താന്‍ അരിഷ്ടനായ ഒരുവനാണെന്ന വസ്തുതയെപ്പറ്റി ഈ മൂത്ത സഹോദരന്‍ തികച്ചും അജ്ഞനായിരുന്നപ്പോള്‍ അപ്പോസ്തലനായ പൗലോസിനെപ്പോലെയുള്ള ഒരു ദൈവഭക്തന്‍ ”അയ്യോ! ഞാന്‍ അരിഷ്ടമനുഷ്യന്‍!” എന്നു നിലവിളിക്കുന്നതായി നാം കാണുന്നു (റോമര്‍ 7:24).

പൗലോസ് തന്റെ അരിഷ്ടത കാണുകയും ലവോദിക്യയിലെ മൂപ്പന്‍ അതു കാണാതിരിക്കുകയും ചെയ്തത് എന്തുകൊണ്ട്? പൗലോസ് ദൈവത്തിന്റെ മുമ്പില്‍ ജീവിച്ചു; എന്നാല്‍ ലവോദിക്യയിലെ മൂപ്പന്‍ അപ്രകാരം ചെയ്തില്ല എന്നതാണ് ഇതിന്റെ കാരണം. ദൈവത്തിന്റെ വെളിച്ചത്തില്‍ തന്റെ ജഡം ദുഷിച്ചതാണെന്ന് പൗലോസ് എപ്പോഴും മനസ്സിലാക്കിയിരുന്നു (റോമര്‍ 7:18). തന്മൂലം പൗലോസ് എപ്പോഴും ആത്മാവില്‍ ദരിദ്രനായിത്തുടരുകയും ദൈവഭക്തിയുള്ള ഒരുവനായിത്തീരുകയും ചെയ്തു. എന്നാല്‍ ലവോദിക്യയിലെ മൂപ്പനാകട്ടെ, തന്റെ ജഡത്തിന്റെ അരിഷ്ടത മനസ്സിലാക്കാഞ്ഞതുമൂലം ജഡികനും മന്ദോഷ്ണവാനുമായിത്തീര്‍ന്നു.

ഒരു ദൈവഭൃത്യന്‍ ദൈവത്തിന്റെ മുമ്പില്‍ ജീവിക്കുന്നില്ലെങ്കില്‍ അയാളുടെ ജീവിതത്തില്‍ സ്വയം സംതൃപ്തിയും തന്‍പോരിമയും ഉണ്ടാവുക എന്നത് വളരെ എളുപ്പമാണ്. കാരണം, താന്‍ എന്തില്‍ കുറവുള്ളവനായിരിക്കുന്നുവെന്ന് അയാള്‍ അറിയുകയില്ല. അയാള്‍ സംസാരിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന രീതി ഇതിനു തെളിവായിരിക്കും. ആവശ്യബോധമുള്ള ഒരുവന്റെ സംസാരരീതി ശക്തനും തല്‍പോരിമയുള്ളവനുമായ ഒരുവന്റേതില്‍നിന്നു വളരെ വ്യത്യസ്തമായിരിക്കും.

നല്ലവണ്ണം സംസാരിപ്പാന്‍ കഴിവുള്ളവരും വാഗ്മികളും ഉപദേശത്തെ പ്പറ്റി നല്ല നിശ്ചയമുള്ളവരുമായി കഴിവുറ്റവരായ സുവിശേഷപ്രസംഗകരുണ്ട്. എന്നാല്‍ അവര്‍ സംസാരിക്കുമ്പോള്‍ അവരുടെ ആത്മാവിനെ നിങ്ങള്‍ ശ്രദ്ധിക്കുന്ന പക്ഷം അവിടെ ഒരു നിഗളം ഉള്ളതായി നിങ്ങള്‍ക്കു ബോധ്യപ്പെടും. സ്വയം ദരിദ്രരും ആവശ്യബോധമുള്ളവരു മായിട്ടല്ല, വിദഗ്ദ്ധന്മാരെന്ന നിലയിലാണ് അവര്‍ സംസാരിക്കുന്നത്.

ശക്തരും നിഗളത്തിന്റെ ആത്മാവുള്ളവരുമായ വ്യക്തികള്‍ക്ക് ക്രിസ്തുവിന്റെ ശരീരം പണിയുവാന്‍ സാധ്യമല്ല. വിനീതരും സൗമ്യ സ്വഭാവികളുമായവര്‍ക്കേ അതു സാധ്യമാവൂ.

നിഗളിയായ ഒരു പ്രസംഗകന് തന്റെ പ്രസംഗത്തിലൂടെ ആളുകളെ ചാട്ടവാര്‍കൊണ്ട് അടിക്കുവാന്‍ സാധ്യമാണ്. ദിനംപ്രതിയുള്ള ഭക്ഷണം തന്റെ ദാസന്മാര്‍ക്കു നല്‍കുവാന്‍ യജമാനനാല്‍ നിയോഗിക്കപ്പെട്ടിട്ട് അവര്‍ക്കു ഭക്ഷണം നല്‍കാതെ അടിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ഒരു ഭൃത്യനെപ്പറ്റി കര്‍ത്താവു പറഞ്ഞിട്ടുണ്ടല്ലോ (ലൂക്കോ. 12:45). അയാള്‍ക്കു തുല്യരാണ് ഇക്കൂട്ടര്‍. ദൗര്‍ഭാഗ്യവശാല്‍ ഇന്നു ക്രൈസ്തവലോകത്തില്‍ ധാരാളം ചാട്ടവാറടി നടന്നുകൊണ്ടിരിക്കുന്നുണ്ട്. ചാട്ടവാറടി ഒരിക്കലും ഒരുവനെ ദൈവഭക്തിയിലുള്ള ജീവിതത്തിലേക്കു നയിക്കുകയില്ല. മറിച്ച് താന്‍ ശിക്ഷാവിധിയിലകപ്പെട്ടവനാണെന്നുള്ള ചിന്തയിലേക്കും തന്നെ ചാട്ടകൊണ്ടടിക്കുന്ന പ്രസംഗക നോടുള്ള അടിമത്തമനോഭാവത്തിലേക്കും മാത്രമേ അതു നടത്തുകയുള്ളു.

ഒരു പാവപ്പെട്ട ഭിക്ഷക്കാരന്‍ ആരോടെങ്കിലും സംസാരിക്കുന്നത് ഏതു വിധമായിരിക്കും? താന്‍ ലോകത്തില്‍ ആരുമല്ലാത്ത ഒരുവനാണെന്ന് അയാള്‍ക്കറിവുള്ളതിനാല്‍ അത് എപ്പോഴും സൗമ്യതയോടും ആദരഭാവത്തോടുംകൂടെയായിരിക്കും. എല്ലാ മനുഷ്യരോടും നാം അപ്രകാരം സംസാരിക്കണമെന്നാണ് ബൈബിള്‍ നമ്മോടാവശ്യപ്പെടുന്നത്. കാരണം, നാമും ഈ ലോകത്തില്‍ ഏതുമില്ലാത്തവരാണല്ലോ (1 പത്രോ. 3:15). നേരേമറിച്ച് ഒരേകാധിപതി എങ്ങനെയാണ് സംസാരിക്കുക? എപ്പോഴും നിഗളപൂര്‍വം തന്നെ.

നമ്മുടെ സംസാരം ആത്മാവിലുള്ള ഒരു ദാരിദ്ര്യത്തില്‍നിന്നാണോ വരുന്നത്? അതോ നിഗളത്തില്‍നിന്നോ?

നാം സകല മനുഷ്യരെയും ബഹുമാനിക്കണമെന്ന് 1 പത്രോ. 2:17 നമ്മോടു കല്പിക്കുന്നു. ആ കല്പനയില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള ഒരൊറ്റ മനുഷ്യവ്യക്തിയെങ്കിലുമുണ്ടോ? ഇല്ല തന്നെ.

വാക്ചാതുര്യമില്ലാത്തവനും ദൈവവചനത്തെപ്പറ്റി അധികം അറിവില്ലാത്തവനുമെങ്കിലും ആത്മാവില്‍ സൗമ്യതയും താഴ്മയുമുള്ള ഒരു സഹോദരന്‍ കഴിവുകളുള്ള വാഗ്മിയായ ഒരുവനെക്കാള്‍ ക്രിസ്തുവിന്റെ ശരീരം പടുത്തുയര്‍ത്തുവാന്‍ വളരെയധികം കഴിവുള്ളവനായിരിക്കും.

കഴിവുള്ള സഹോദരനെ ഈ ഭൂമിയില്‍ ഒരാത്മീയനായി ആളുകള്‍ പരിഗണിച്ചേക്കാം. മറ്റുചിലര്‍ അയാളെ സഭയ്ക്കു വലിയൊരു മുതല്‍ ക്കൂട്ടായിക്കരുതിയെന്നും വരാം. എന്നാല്‍ ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പില്‍ ആ വിനീതനായ സഹോദരനാണ് ക്രിസ്തുവിന്റെ ശരീരം വാസ്തവത്തില്‍ പണിയുന്നത് എന്നു വ്യക്തമാകും.

ക്രിസ്തുവിന്റെ ശരീരം പണിയപ്പെടുന്നത് പ്രാഥമികമായി വേദ പുസ്തക പരിജ്ഞാനംകൊണ്ടോ ആത്മീയവരങ്ങള്‍കൊണ്ടോ അല്ല, നമ്മുടെ ജീവിതംകൊണ്ടാണെന്നു നാം മനസ്സിലാക്കേണ്ടത് അത്യാവശ്യമായ ഒരു കാര്യമാണ്.

ആത്മാവില്‍ ദരിദ്രരായവര്‍ക്കു മാത്രമേ സ്വര്‍ഗ്ഗരാജ്യം പടുത്തുയര്‍ ത്തുവാന്‍ സാധിക്കുകയുള്ളു (മത്താ. 5:3). എപ്പോഴും ആത്മാവില്‍ ദരിദ്രരായി (നമ്മുടെ ആത്മീയദാരിദ്ര്യത്തെപ്പറ്റി അറിവുള്ളവരായി) ഇരിക്കുവാന്‍ ഒരൊറ്റ വഴിയേ ഉള്ളൂ. അത് എപ്പോഴും ക്രിസ്തുവിങ്കലേക്കു നോക്കുക എന്നതാണ്.

അവിടുത്തെ വെളിച്ചത്തില്‍ നാം നമ്മെത്തന്നെ കാണുമ്പോള്‍ നമ്മുടെ ചുറ്റുമുള്ളവരെക്കാള്‍ നാം മെച്ചപ്പെട്ടവരാണെങ്കിലും യേശു വില്‍നിന്ന് നാം എത്രമാത്രം വ്യത്യസ്തരാണെന്നു നാം കണ്ടെത്തും. അവിടുത്തെ വെളിച്ചത്തില്‍ മറ്റുള്ളവരുടെ ബലഹീനതകള്‍ നാം കാണാതെയാവുകയും നമ്മുടെ ദൗര്‍ബല്യങ്ങള്‍ മാത്രം നാം കാണു കയും ചെയ്യും. അപ്പോള്‍ ”അയ്യോ! ഞാന്‍ അരിഷ്ടമനുഷ്യന്‍!” എന്നു സ്വാഭാവികമായി നാം ഉച്ചരിച്ചുപോകും (റോമര്‍ 7:24). അതു പറയുവാന്‍ നമ്മെ ആരും പ്രേരിപ്പിക്കേണ്ടി വരികയില്ല.

എങ്കിലും ഈയൊരവസ്ഥയില്‍ നാം എപ്പോഴും ജീവിച്ചേ മതിയാവൂ. അല്ലാത്തപക്ഷം ലവോദിക്യയിലെ മൂപ്പന്‍ വീണുകിടന്ന മന്ദോഷ്ണതയുടെയും ജഡികത്വത്തിന്റെയും നിഗളത്തിന്റെയും പടുകുഴിയിലേക്ക് നാം പിന്മാറി വീണുപോകും.

പഴയനിയമവ്യവസ്ഥയിന്‍കീഴില്‍ മഹാപുരോഹിതന് ആണ്ടിലൊരി ക്കല്‍ മാത്രമേ അതിവിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കാമായിരുന്നുള്ളു. അദ്ദേഹത്തിന് ദൈവമഹത്വവും ആ മഹത്വത്തിന്റെ പ്രകാശത്തില്‍ സ്വന്തം അരിഷ്ടതയും ആണ്ടിലൊരിക്കല്‍ മാത്രമേ കാണ്മാന്‍ കഴിയുമാ യിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ ജീവനുള്ള പുതുവഴി യേശു തുറന്നിരി ക്കുകയാല്‍ നമുക്ക് അതിവിശുദ്ധസ്ഥലത്തെ ദൈവസാന്നിധ്യത്തില്‍ സദാ വസിക്കുവാന്‍ കഴിയും (എബ്രാ. 10:20). അങ്ങനെ പൗലോസിനെ പ്പോലെ സ്വന്തജഡത്തിന്റെ അരിഷ്ടത നമുക്കെപ്പോഴും കാണുവാനും സാധിക്കും.

പഴയനിയമപ്രവാചകന്മാര്‍ക്ക് വല്ലപ്പോഴുമൊരിക്കല്‍ മാത്രമേ ദൈവമഹത്വം ദര്‍ശിപ്പാന്‍ സാധിച്ചിരുന്നുള്ളു, യെശയ്യാവ് അതു കണ്ടപ്പോള്‍ ”എനിക്ക് അയ്യോ കഷ്ടം! ഞാന്‍ നശിച്ചു” എന്നു വിലപിച്ചു (യെശ. 6:5). എന്നാലിപ്പോള്‍ ആ വെളിപ്പാട് തുടര്‍മാനമായി ലഭിക്കു വാനുള്ള സൗകര്യം നമുക്കുണ്ട്. നമുക്ക് മറ്റുള്ളവരുടെ അരിഷ്ടാവസ്ഥ പ്രസ്താവിക്കുന്നതിനു പകരം ”എനിക്ക് അയ്യോ കഷ്ടം!” എന്നു നിര ന്തരം നിലവിളിപ്പാന്‍ കഴിയും. ആത്മാവില്‍ ജീവിക്കുന്നവര്‍ തങ്ങളുടെ ആവശ്യസ്ഥിതി നിരന്തരം കാണുകയും എല്ലായ്‌പ്പോഴും ആത്മാവില്‍ ദരിദ്രരായി നിലനില്‍ക്കുകയും ചെയ്യും.

ആത്മാവില്‍ ദരിദ്രനായ ഒരുവന്‍ മാത്രമേ ദൈവദൃഷ്ടിയിലുള്ള യഥാര്‍ത്ഥ ആത്മീയസമ്പന്നതയില്‍ ഇരിക്കുന്നുള്ളു. അപ്രകാരമുള്ള ഒരുവന്‍ വ്യക്തിപരമായ സംഭാഷണത്തിലോ ഒരു മീറ്റിംഗിലോ നമ്മോടു സംസാരിക്കുമ്പോള്‍ നമുക്ക് അദ്ദേഹത്തിന്റെ ആത്മീയസമ്പത്തില്‍ പങ്കുകാരാകുവാന്‍ കഴിയും.

എന്നാല്‍ ആത്മാവില്‍ ദരിദ്രനല്ലാത്ത വാഗ്മിയായ ഒരു സുവിശേഷ പ്രവര്‍ത്തകനാകട്ടെ, സമ്പത്തിന്റെ ചില ചിത്രങ്ങള്‍ നമ്മെ കാണിക്കുവാനേ കഴിവുള്ളു. വാസ്തവത്തില്‍ നമ്മെ സമ്പന്നരാക്കുവാന്‍ അദ്ദേഹത്തിനു സാധ്യമല്ല.

നമ്മുടെ സഭയില്‍ ഏറ്റവും കഴിവുള്ള വ്യക്തികള്‍ക്കല്ല, ആത്മാവില്‍ ദരിദ്രരായവര്‍ക്കു തന്നെയാണ് ഏറ്റവും മുഖ്യമായ ശുശ്രൂഷകള്‍ ചെയ്‌വാനുള്ള ചുമതലകള്‍ നാം നല്‍കേണ്ടത്. കഴിവുള്ള സഹോദരന്മാര്‍ ആത്മാവില്‍ ദരിദ്രരല്ലെങ്കില്‍ സഭയെ നശിപ്പിക്കുന്നവരായി ത്തീരും.

വ്യഭിചാരികള്‍ക്കും മോഷ്ടാക്കള്‍ക്കും സഭയെ നശിപ്പിക്കുവാന്‍ സാധ്യമല്ല. കാരണം, ഈ ആളുകള്‍ അപ്രകാരമുള്ളവരാണെന്ന് സകലരും ഗ്രഹിക്കത്തക്കവണ്ണം വ്യക്തമായിത്തന്നെ പാപികളാണ്. എന്നാല്‍ ലവോദിക്യയിലെ മൂപ്പനെപ്പോലെ സ്വന്തം കുറവിനെപ്പറ്റി യാതൊരു ബോധവുമില്ലാതിരിക്കെത്തന്നെ വിശുദ്ധിയെപ്പറ്റി പ്രസംഗിക്കുന്നവരെന്ന നിലയില്‍ വാഗ്മികളായ സുവിശേഷപ്രസംഗകര്‍ക്കും വരസിദ്ധിയുള്ള ഉപദേഷ്ടാക്കന്മാര്‍ക്കും സഭയെ നശിപ്പിക്കുവാന്‍ കഴിയും.

ആത്മാവില്‍ ദരിദ്രരായവരെയും ആത്മാവില്‍ നിഗളികളായവരെയും തമ്മില്‍ വിവേചിച്ചറിയുവാന്‍ നമുക്കു കഴിവില്ലെങ്കില്‍ അതിന്റെ കാരണം, നാം തന്നെയും ആത്മാവില്‍ ദരിദ്രതയില്ലാത്തവരായിക്കഴിയുന്നതായിരിക്കണം. മൂപ്പന്മാരെന്ന നിലയില്‍ നമ്മുടെ സ്വന്തകുറവു നാം കാണുന്നില്ലെങ്കില്‍ തങ്ങളുടെ കുറവിനെക്കാണുന്ന മറ്റുള്ളവരെ നമുക്ക് എങ്ങനെ സഹായിപ്പാന്‍ കഴിയും?

ഹാ! നമ്മുടെ സഭകളെ കര്‍ത്താവിനുവേണ്ടി വിശുദ്ധമായി നാം സൂക്ഷിക്കണമെങ്കില്‍ നമ്മെക്കുറിച്ചുതന്നെ നമുക്കു വെളിച്ചം നല്‍കുവാന്‍ നാം ദൈവത്തോട് എത്രയധികം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു!

കര്‍ത്താവിങ്കല്‍നിന്നു നേരിട്ടുതന്നെ കേള്‍ക്കുക

ഈ അഞ്ചു സഭാനേതാക്കന്മാര്‍ ദൈവം തങ്ങളോടു പറയുന്നവ നേരിട്ടു കേള്‍പ്പാന്‍ കഴിയാതവണ്ണം ചെകിടരായിരുന്നുവെന്നത് എത്ര ദുഃഖകരം! അപ്പോസ്തലനായ യോഹന്നാനില്‍ക്കൂടെ കര്‍ത്താവിന് അവരെ ശാസിക്കേണ്ടി വന്നു. പുതിയനിയമകാലഘട്ടത്തില്‍ ഇപ്രകാരം ആവശ്യമായി വന്നത് എന്തുകൊണ്ട്? പഴയനിയമകാലത്തു മാത്രമേ ജനങ്ങള്‍ക്ക് ഒരു പ്രവാചകനില്‍ക്കൂടി ദൈവികസന്ദേശം കേള്‍ക്കേണ്ട ആവശ്യം ഉണ്ടായിരുന്നുള്ളു. ഈ മൂത്തസഹോദരന്മാര്‍ വിനീതരും ദൈവഭയമുള്ളവരുമായിരുന്നെങ്കില്‍ യോഹന്നാന്‍ അവരുടെ പേര്‍ക്ക് എഴുതുവാന്‍ ആവശ്യമില്ലാത്തവിധം ദൈവം തങ്ങളോടു സംസാരിക്കു ന്നതു നേരിട്ടു കേള്‍ക്കുവാന്‍ അവര്‍ക്കു കഴിയുമായിരുന്നു.

ഈ മൂപ്പന്മാര്‍ക്കു യോഹന്നാനില്‍നിന്നും ഈ കത്തുകള്‍ കിട്ടിയ ശേഷം അവര്‍ മാനസാന്തരപ്പെട്ടുവോ ഇല്ലയോ എന്ന് നമുക്കറിഞ്ഞു കൂടാ. അവര്‍ അപ്രകാരം ചെയ്തുവെന്ന് ആശിക്കുവാനേ നമുക്കു കഴിയൂ. തുയഥൈരയിലെ മൂപ്പന്‍ തന്റെ ഭാര്യയോട് സ്വന്തകാര്യം നോക്കുവാനും സഭാകാര്യങ്ങളില്‍ കൈകടത്താതിരിക്കുവാനും ആജ്ഞാപിച്ചുവോ എന്നു ഞാന്‍ അദ്ഭുതപൂര്‍വം സംശയിക്കുന്നു. അതോ യോഹന്നാന്റെ എഴുത്തിനെ കൂട്ടാക്കാതെയിരിക്കുവാന്‍ അവള്‍ തന്റെ ഭര്‍ത്താവിനെ ഉപദേശിക്കയാണോ ഉണ്ടായത്?

ഈ അഞ്ചു മൂപ്പന്മാരും യോഹന്നാനില്‍ക്കൂടെ ലഭിച്ച കര്‍ത്താവിന്റെ ശാസന സ്വീകരിച്ചുവെങ്കില്‍ അതവര്‍ക്കു തീര്‍ച്ചയായും നന്മയ്ക്കായിപ്പരിണമിക്കുമായിരുന്നു.

എങ്കിലും മറ്റൊരു സഭയിലുള്ള ഒരു മൂപ്പന്‍ യോഹന്നാന്‍ എഴുതിയ കാര്യം കൈക്കൊണ്ടില്ലെന്ന് നമുക്കറിയാം. യോഹന്നാന്റെ മൂന്നാം ലേഖനത്തില്‍ സഭാമൂപ്പനെന്ന നിലയില്‍ തന്റെ സ്ഥാനത്തെ സ്‌നേഹിക്കുകയും യോഹന്നാന്റെ ശാസന കൈക്കൊണ്ടു തെറ്റു തിരുത്താതെയിരിക്കുകയും ചെയ്ത ദിയൊത്രെഫേസിനെപ്പറ്റി നാം വായിക്കുന്നു (3 യോഹ. 9).

നാം കര്‍ത്താവിനെ സേവിക്കുന്നവരാകണമെങ്കില്‍ എല്ലാ സമ യത്തും നമ്മുടെ സഹോദരന്മാര്‍ നമ്മെ കാണുന്നപോലെയല്ല, മറിച്ച് കര്‍ത്താവു നമ്മെ കാണുന്നതുപോലെ നാം നമ്മെത്തന്നെ കാണണം. നാം നിരന്തരം ദൈവത്തിന്റെ കണ്ണിന്മുമ്പില്‍ ജീവിക്കുകയും അവിടുന്നു നേരിട്ടു നമ്മോടു സംസാരിക്കുമ്പോഴായാലും മറ്റൊരു സഹോദരനില്‍ക്കൂടെ സംസാരിക്കുമ്പോഴായാലും ആത്മാവിന്റെ ശബ്ദത്തിനു നാം ചെവികൊടുക്കുകയും ചെയ്യുമെങ്കില്‍ ദൈവവചനത്തിന് സകല ആപ ത്തുകളില്‍നിന്നും നമ്മെ സംരക്ഷിക്കുവാന്‍ കഴിയും.

അവസാനമായി ഇക്കാര്യം ഓര്‍ത്തുകൊള്ളുക. നമ്മുടെ കഴിഞ്ഞ കാലപരാജയങ്ങള്‍ക്കുവേണ്ടി നമ്മെ ശിക്ഷവിധിച്ചു തള്ളിക്കളയണമെന്ന ഉദ്ദേശ്യത്തോടുകൂടെയല്ല, പിന്നെയോ നമുക്കൊരു മെച്ചമായ ഭാവി നല്‍കുവാന്‍ വേണ്ടിയാണ് കര്‍ത്താവു നമ്മെ എപ്പോഴും ശാസിക്കുന്നത്.

അധ്യായം നാല് :മറ്റുള്ളവര്‍ക്കു പിന്തുടരുവാന്‍ ഒരു ദൃഷ്ടാന്തം

പഴയനിയമവ്യവസ്ഥയിലെ ഏറ്റവും വലിയ പ്രവാചകനായിരുന്നു യോഹന്നാന്‍ സ്‌നാപകന്‍. എന്നാല്‍ പുതിയ ഉടമ്പടിയിന്‍കീഴിലുള്ള ഏറ്റവും ചെറിയ വ്യക്തിപോലും യോഹന്നാന്‍ സ്‌നാപകനിലും അധികമായ ഔന്നത്യം പ്രാപിക്കുമെന്ന് യേശു പ്രസ്താവിച്ചിട്ടുണ്ട് (മത്താ. 11:11). സ്‌നാപകയോഹന്നാനെക്കാളും ഉന്നതനായ ഒരുവനാകുക – ഇത് അദ്ഭുതകരമായ ഒരു വിളി തന്നെ.

പഴയ ഉടമ്പടിയിന്‍കീഴിലെ ശുശ്രൂഷയെക്കാള്‍ പുതിയ ഉടമ്പടിയിന്‍ കീഴിലുള്ള ശുശ്രൂഷ അത്യന്തം ഉന്നതമായ ഒരു ദൈവവിളിയാണ്. മോശ, ഏലിയാവ്, യോഹന്നാന്‍ സ്‌നാപകന്‍ തുടങ്ങിയവരെപ്പോലെ യുള്ള പഴയനിയമദൈവഭൃത്യന്മാരുടെ ജീവിതത്തില്‍നിന്ന് നമുക്കു പഠിക്കാവുന്ന പല കാര്യങ്ങളുണ്ട്. അവര്‍ കല്പനകള്‍ പാലിച്ചുകൊണ്ട് ദൈവത്തെ സേവിച്ചപ്പോള്‍ ഇന്നു നാമൊരു ദൃഷ്ടാന്തം പിന്തുടര്‍ന്നു കൊണ്ടാണ് ദൈവത്തെ സേവിക്കേണ്ടത്.

ഒരു ദൈവഭൃത്യനായിരിക്കുക എന്നതിന്റെ അര്‍ത്ഥമെന്തെന്നു കാണിക്കുന്നതിന് ഇന്ന് യേശുവാണ് നമ്മുടെ ദൃഷ്ടാന്തം. യേശു എങ്ങനെയാണ് നമ്മുടെ മഹാപുരോഹിതനായത്? അത് തന്റെ അദ്ഭുത കരമായ ശുശ്രൂഷയിലൂടെയല്ല; പിന്നെയോ സകലത്തിലും തന്റെ സഹോദരന്മാരായ നമ്മോടു തുല്യനായിത്തീര്‍ന്നിട്ട് നമുക്കു ദൃഷ്ടാന്തമായി ഭവിച്ചതിലൂടെത്തന്നെയാണ്.

പിതാവ് സകല മനുഷ്യവര്‍ഗ്ഗത്തിന്മേലും തനിക്ക് അധികാരം തന്നിരിക്കുന്നുവെന്ന് യേശു പറഞ്ഞു (യോഹ. 17:2). എന്തിനാണ് ഈ അധികാരം നല്‍കപ്പെട്ടത്? പിതാവു തനിക്കു നല്‍കിയിട്ടുള്ള എല്ലാ വര്‍ക്കും നിത്യജീവന്‍ നല്‍കുവാനായിട്ടാണെന്ന് അതേ വാക്യത്തില്‍ തന്നെ അവിടുന്നു പ്രസ്താവിക്കുന്നു. നിത്യജീവന്‍ (eternal life) എന്നു വച്ചാല്‍ ഒരിക്കലും അവസാനിക്കാത്ത ഒരു ജീവിതം എന്നല്ല, നേരേ മറിച്ച് ആരംഭവും അവസാനവുമില്ലാത്ത ഒരു ജീവിതം എന്നാണര്‍ത്ഥം. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ദൈവത്തിന്റെ ജീവിതത്തെ അഥവാ ദൈവസ്വഭാവത്തെയാണ് ആ പദം കുറിക്കുന്നത്.

മോശ, യോശുവാ, ശിംശോന്‍, ദാവീദ് എന്നു തുടങ്ങിയ പഴയനിയമ ത്തിലെ ദൈവഭൃത്യന്മാര്‍ക്ക് മറ്റുള്ളവരെ ഭരിക്കുവാനും തങ്ങളുടെ മാനുഷശത്രുക്കളുടെമേല്‍ വിജയം വരിക്കുവാനുമുള്ള അധികാരം നല്‍കപ്പെട്ടിരുന്നു. എന്നാല്‍ പുതിയ ഉടമ്പടിയിന്‍ കീഴില്‍ ദൈവഭൃത്യന്മാര്‍ക്ക് മറ്റുള്ളവരെ ദൈവസ്വഭാവത്തില്‍ (നിത്യജീവനില്‍) പങ്കാളികളാക്കുവാനും തങ്ങളുടെ ജഡത്തിലെ ദുര്‍മ്മോഹങ്ങളിന്മേല്‍ വിജയം വരിക്കുവാനുമുള്ള അധികാരമാണ് ദൈവം നല്‍കിയിട്ടുള്ളത്.

തന്റെ ഭൗമികജീവിതത്തിലെ സകല സാഹചര്യങ്ങളിലും ദൈവ സ്വഭാവം പ്രകടമാക്കിയ യേശുക്രിസ്തുവിന്റെ സാദൃശ്യത്തിലേക്ക് നമ്മുടെ സഹോദരീസഹോദരന്മാരെ നയിക്കുവാനുള്ള അധികാരമാണ് സഭയില്‍ ദൈവം നമുക്കു നല്‍കിയിട്ടുള്ളത്. അതല്ലാതെയുള്ള ഒരധികാരവും നമുക്കില്ല. ദൈവസ്വഭാവത്തില്‍ മറ്റുള്ളവരെ പങ്കാളികളാക്കുവാന്‍വേണ്ടി നമ്മുടെ അധികാരം നാം വിനിയോഗിക്കുന്നില്ലെങ്കില്‍ നമ്മെത്തന്നെ പരാജയങ്ങളായി നാം കരുതേണ്ടിയിരിക്കുന്നു.

ദൗര്‍ഭാഗ്യവശാല്‍ ഇന്നു പല ക്രിസ്തീയനേതാക്കന്മാരും പഴയ നിയമത്തിലെ ദൈവഭൃത്യന്മാരെപ്പോലെ ആളുകളെ ഭരിക്കുന്നവരാണ്. എന്നാല്‍ യേശുവും അവിടുത്തെ അപ്പോസ്തലന്മാരും സകല ജനങ്ങളുടെയും ദാസന്മാരായിരുന്നു.

ഏത് ഉടമ്പടിയിന്‍കീഴിലാണ് നാം ജീവിക്കുന്നത്? പഴയതിന്റെയോ? അതോ പുതിയതിന്റെയോ?

യേശുവിനെ നമ്മുടെ മുന്നോടി എന്നു തിരുവചനം വിളിക്കുന്നു (എബ്രാ. 6:20). നാം പോകേണ്ട വഴിയില്‍ക്കൂടി നമുക്കു മുമ്പേ പോയവനാണ് അവിടുന്ന്. ക്രൂശിനെ സഹിച്ചവനായ യേശുവിനെ നോക്കി ക്കൊണ്ട് നമ്മുടെ ഓട്ടം ഓടുവാനും ദൈവവചനം നമ്മെ പ്രബോധിപ്പിക്കുന്നു (എബ്രാ. 12:1,2). സകലത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനെങ്കിലും അവിടുന്നു പാപം ചെയ്തില്ല (എബ്രാ. 4:15). അതിനാല്‍ പാപം ചെയ്യാത്ത അവിടുത്തെ കാല്‍ച്ചുവടുകളെയാണ് നാം പിന്തുടരേണ്ടത് (1 പത്രോ. 2:21, 22).

നമുക്കു പിന്തുടരുവാന്‍ താന്‍ ഒരു മാതൃകയായിരിക്കേണ്ടതിനു വേണ്ടി യേശു നമുക്കുള്ള എല്ലാ പരീക്ഷകളും അഭിമുഖീകരിച്ചു. അതു മൂലമാണ് ”എന്നെ പിന്തുടരുവിന്‍” എന്ന് അവിടുന്നു പറയുമ്പോള്‍ അവിടുത്തെ വാക്കുകള്‍ അതിശക്തമായിരിക്കുന്നത്. ഇപ്പോള്‍ ദൈവത്തിന്റെ ആട്ടിന്‍കൂട്ടത്തിന്റെ ഇടയന്മാരെന്ന നിലയില്‍ നാമും ആട്ടിന്‍കൂട്ടത്തെ അതേ വഴിയിലൂടെ നടത്തേണ്ടതാണ്. ”ഞാന്‍ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങളും എന്റെ അനുകാരികളാകുവിന്‍” എന്നു പൗലോസ് പറഞ്ഞതുപോലെ മറ്റുള്ളവരോടു പറയുവാന്‍ നാമും കഴിവുള്ളവരായിത്തീരണം (1 കൊരി. 11:1; ഫിലി. 3:17).

”എന്നെ പിന്തുടരേണ്ടാ; ക്രിസ്തുവിനെ മാത്രം പിന്തുടരുവിന്‍” എന്നാണ് പല സുവിശേഷപ്രസംഗകരും പറയുന്നത്. നമ്മെ ബോധ്യ പ്പെടുത്തുമാറ് വളരെ വിനയഭാവമുള്ള ഒരു പ്രസ്താവനയാണത്. എന്നാല്‍ അത് വചനാനുസൃതമല്ല. അപ്പോസ്തലന്മാരില്‍ ആരും തന്നെ അപ്രകാരമുള്ള ഒരു പ്രസ്താവന ചെയ്തിട്ടില്ല. തങ്ങള്‍ ക്രിസ്തുവിനെ പിന്തുടരുന്നതുപോലെ ആളുകള്‍ തങ്ങളെയും പിന്തുടരണമെന്നാണ് അവര്‍ എപ്പോഴും പ്രബോധിപ്പിച്ചിട്ടുള്ളത്.

യേശുക്രിസ്തുവാണ് ആടുകളുടെ വലിയ ഇടയന്‍. നാം അവിടുത്തെ കീഴില്‍ ചെറിയ ഇടയന്മാരാണ്. അതുപോലെതന്നെ യേശു ക്രിസ്തുവാണ് നമ്മുടെ മുന്നോടി. നാം സഭയില്‍ മറ്റുള്ളവര്‍ക്കു ചെറിയ മുന്നോടികളാകുവാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. അവിടുന്നു പോയ അതേ വഴിയിലൂടെത്തന്നെ നാമും പോകേണ്ടിയിരിക്കുന്നു. സ്വയം ജയാളിയായിത്തീര്‍ന്നിട്ടു മറ്റുള്ളവരോട് ”ഞങ്ങള്‍ ജയാളിയായിരിക്കുന്നതു പോലെ നിങ്ങളും ആകുവിന്‍” എന്നു പ്രബോധിപ്പിക്കുവാന്‍ നമുക്കു കഴിയും (വെളി. 3:21).

പുതിയനിയമ ശുശ്രൂഷയുടെ രഹസ്യം

തന്റെ ഫലപ്രദമായ ശുശ്രൂഷയുടെ രഹസ്യം ഈ വാക്കുകളിലൂടെ പൗലോസ് വെളിപ്പെടുത്തിയിരിക്കുന്നു: ”ദൈവം ഞങ്ങളെ ശക്തിപ്പെടുത്തുന്ന അതേ ശക്തികൊണ്ട് ഞങ്ങള്‍ യാതൊരു കഷ്ടതയിലുമുള്ളവരെ ശക്തിപ്പെടുത്തുവാന്‍ കഴിവുള്ളവരാകേണ്ടതിന് ഞങ്ങളുടെ കഷ്ടത കളിലൊക്കെയും അവിടുന്നു ഞങ്ങളെ ശക്തിപ്പെടുത്തുന്നു” (2 കൊരി. 1:4).

ആത്മീയമായ അഭ്യസനം ലഭിക്കേണ്ടതിന് പൗലോസിന് അനേകം കഷ്ടതകളിലൂടെ കടന്നുപോകേണ്ടതായിവന്നു. താന്‍ പീഡനങ്ങളിലൂടെ കടന്നുപോയപ്പോള്‍ തനിക്കു ലഭിച്ച അതേ ശക്തി മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുവാന്‍ ആ വിധത്തില്‍ മാത്രമേ അദ്ദേഹത്തിനു കഴിഞ്ഞുള്ളു. അത്തരമൊരഭ്യസനം കൂടാതെ പുതിയ ഉടമ്പടിയുടെ ശുശ്രൂഷകന്മാരാകുവാന്‍ ആര്‍ക്കും സാധ്യമല്ല.

പഴയ ഉടമ്പടിയിന്‍ കീഴില്‍ അഭിഷേകം പ്രാപിച്ച ഒരു ശിംശോനും പുതിയ ഉടമ്പടിയിന്‍ കീഴില്‍ അഭിഷേകം പ്രാപിച്ച ഒരു പൗലോസും തമ്മില്‍ വമ്പിച്ചൊരു വ്യത്യാസമുണ്ട്. ശിംശോനു പുറമേയുള്ള സിംഹങ്ങളെ ജയിക്കുവാനുള്ള ആത്മീയ ശക്തിയുണ്ടായിരുന്നു. പൗലോസിനാകട്ടെ, തന്റെ ജഡത്തില്‍ വസിച്ചിരുന്ന സിംഹങ്ങളെ ജയിക്കുവാനുള്ള ആത്മശക്തിയാണ് ലഭിച്ചത്. ആ സിംഹങ്ങളെ ജയിക്കുവാന്‍ ശിംശോനു കഴിഞ്ഞില്ല.

പഴയ ഉടമ്പടിയിന്‍കീഴില്‍ ദൈവഭൃത്യന്മാര്‍ ദൈവമുമ്പാകെനിന്ന് ദൈവം അരുളിച്ചെയ്തതു കേള്‍ക്കുകയും അനന്തരം തങ്ങള്‍ കേട്ടതു മറ്റുള്ളവരെ അറിയിക്കയും ചെയ്തു. എന്നാല്‍ പുതിയ ഉടമ്പടിയില്‍ അതു പോരാ. ഇപ്പോള്‍ ദൈവഭൃത്യന്മാര്‍ പരീക്ഷകളിലും പീഡനങ്ങളിലും കൂടെ കടന്നുപോകയും ആ പീഡനങ്ങളെയെല്ലാം ജയിക്കുവാനാവശ്യമായ ദൈവകൃപ അനുഭവിക്കുകയും അനന്തരം തങ്ങളുടെ മാതൃക പിന്തുടരുവാന്‍ മറ്റുള്ളവരെ പ്രബോധിപ്പിക്കുകയും വേണം. ആ വിധത്തിലാണ് പുതിയനിയമശുശ്രൂഷ പഴയതിനെക്കാള്‍ അത്യന്തം ഉന്നതമായിരിക്കുന്നത്. അതിനു മറ്റതിനെക്കാള്‍ വളരെ കൂടുതല്‍ വിലയും കൊടുക്കേണ്ടതത്രേ.

ഒരു ബൈബിള്‍സ്‌കൂളിലെ പരിശീലനംകൊണ്ട് നമുക്കു പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകുവാന്‍ സാധ്യമല്ല. ബൈബിളിലുള്ള യഥാര്‍ത്ഥ അപ്പോസ്തലന്മാരിലും പ്രവാചകന്മാരിലും ആരുംതന്നെ ഒരു ബൈബിള്‍സ്‌കൂളിലൂടെ വന്നവരല്ല. കെമിസ്ട്രി പഠിക്കുന്നതു പോലെ ഒരു ക്ലാസ്സുമുറിയില്‍ അടച്ചിരുന്നുകൊണ്ട് നമുക്കു ബൈബിള്‍ പഠിക്കുവാന്‍ സാധ്യമല്ല. ജീവിതത്തിലെ സാഹചര്യങ്ങളുടെ മധ്യത്തില്‍ പരിശുദ്ധാത്മാവു തിരുവചനഭാഗങ്ങളുടെ അര്‍ത്ഥം നമുക്കു ഗ്രഹിപ്പിച്ചു തരുന്നു. അങ്ങനെയാണ് അപ്പോസ്തലന്മാര്‍ അതു പഠിച്ചത്. ഇന്നും ദൈവഭൃത്യന്മാര്‍ അതു പഠിക്കുന്നത് ആ വിധത്തില്‍ തന്നെ. ആ വിധത്തില്‍ മാത്രമേ നിത്യജീവനില്‍ പങ്കാളികളാക്കുവാന്‍വേണ്ടി മറ്റുള്ളവരെ നയിക്കുവാന്‍ നമുക്കു കഴിയൂ. യേശുവിനെ പിന്തുടരുന്ന തില്‍ക്കൂടെയാണ് പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരായി നാം തീരുന്നത്.

പഴയ ഉടമ്പടിയുടെ കീഴില്‍ ആളുകള്‍ക്ക് പരിപൂര്‍ണ്ണതയിലേക്കു മുന്നേറുവാന്‍ സാധ്യമായിരുന്നില്ല. എന്നാല്‍ പുതിയ ഉടമ്പടിയില്‍ നമുക്ക് അതു സാധ്യമാണ് (എബ്രാ. 6:1,2 വാക്യങ്ങളെ 7:19നോടു ബന്ധിപ്പിച്ചു ചിന്തിക്കുക).

എന്നാല്‍ നാം സ്വയം പരിപൂര്‍ണ്ണതയിലേക്കു മുന്നേറുന്നവരല്ലെങ്കില്‍ മറ്റുള്ളവരെ അതിലേക്കു നടത്തുവാനും നമുക്കു സാധ്യമല്ല. ജഡത്തിലെയും ആത്മാവിലെയും സകല കല്മഷങ്ങളില്‍നിന്നും നാം നമ്മെ ത്തന്നെ വെടിപ്പാക്കി ദൈവഭയത്തില്‍ വിശുദ്ധിയെ തികയ്ക്കുകയും യേശു നിര്‍മ്മലനായിരിക്കുന്നതുപോലെ സ്വയം നിര്‍മ്മലീകരിക്കുകയും ചെയ്യുന്നുവെങ്കില്‍ മാത്രമേ അത്തരമൊരു ജീവിതത്തിലേക്കു മറ്റുള്ളവരെ നയിക്കുവാന്‍ നമുക്കു സാധിക്കുകയുള്ളു (2 കൊരി. 7:1; 1 യോഹ. 3:3). വേറെ യാതൊരു മാര്‍ഗ്ഗത്തിലും അതു സാധ്യമല്ല.

നാം മറ്റുള്ളവര്‍ക്ക് ചെറിയ മുന്നോടികളായിത്തീരണം. അതിലേക്കുവേണ്ടിയാണ് മറ്റെല്ലാ വിശ്വാസികളും കടന്നു പോകുന്നതിലധികമായി ദൈവം നമ്മെ വിവിധ ശോധനാസാഹചര്യങ്ങളിലൂടെ കടത്തിക്കൊണ്ടുപോകുന്നത്. അങ്ങനെ മാത്രമേ അവര്‍ക്ക് യഥാര്‍ത്ഥ ഇടയന്മാരായിത്തീരുവാന്‍ നമുക്കു സാധിക്കുകയുള്ളു. അല്ലാത്തപക്ഷം നാം കൂലിക്കാരായിത്തീര്‍ന്ന് സ്വന്തം ലാഭമോ മനുഷ്യരില്‍നിന്നുള്ള മാനമോ തേടുന്നവരായിത്തീരും.

നമ്മുടെ സഭയിലുള്ള മറ്റുള്ളവര്‍ അഭിമുഖീകരിക്കുന്ന എല്ലാ സാഹചര്യങ്ങളെയും നാം അഭിമുഖീകരിക്കണമെന്ന് ഇതുകൊണ്ട് അര്‍ത്ഥമാകുന്നില്ല. അത് അസാധ്യമാണ്. നമ്മുടെ എല്ലാവിധ സാഹചര്യങ്ങളെയും അഭിമുഖീകരിച്ചിട്ടല്ല, പിന്നെയോ നാം പരീക്ഷിക്കപ്പെടുന്ന എല്ലാ പരീക്ഷകളാലും പരീക്ഷിക്കപ്പെട്ടിട്ടാണ് യേശു നമ്മുടെ മുന്നോടിയായിത്തീര്‍ന്നത് (എബ്രാ. 4:15). നമ്മില്‍ ചിലര്‍ക്കുള്ളതുപോലെ ഒരു മദ്യപനായ പിതാവോ കലഹക്കാരിയായ ഭാര്യയോ അനുസരണം കെട്ട മക്കളോ യേശുവിന് ഉണ്ടായിരുന്നില്ല. നമുക്ക് ഇന്നു ചെയ്യേണ്ടി വരുന്നതുപോലെ ഒരു ലൈസന്‍സ് ലഭിക്കാന്‍വേണ്ടി ഗവണ്മെന്റ് ആഫീസിന്റെ മുമ്പിലുള്ള നീണ്ട ക്യൂവില്‍ കാത്തുനില്‍ക്കേണ്ട ആവശ്യവും യേശുവിന് ഉണ്ടായിട്ടില്ല. എങ്കിലും അവിടുന്നു നമ്മുടെ മുന്നോടിയായിരുന്നു. എന്തെന്നാല്‍ നാം ഇന്ന് അഭിമുഖീകരിക്കുന്ന എല്ലാ പരീക്ഷകളെയും തന്റെ കാലത്തെ വ്യത്യസ്തസാഹചര്യങ്ങളില്‍ അവിടുന്ന് അഭിമുഖീകരിച്ചിരുന്നു.

നമ്മുടെ സഹോദരീസഹോദരന്മാര്‍ നേരിടുന്ന എല്ലാവിധ പരീക്ഷ കളിലും കൂടെ ദൈവത്തിനു നമ്മെയും കടത്തിവിടേണ്ടതായി വരുന്നു. എന്നാല്‍ അവരെ നാം സേവിക്കുകയും നിത്യജീവനിലേക്കു നയിക്കുകയും ചെയ്യണമെങ്കില്‍ ഈ പരീക്ഷകളിലെല്ലാം നാം വിജയികളായി ത്തീര്‍ന്നേ മതിയാവൂ. അങ്ങനെയാണ് നാം പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരായിത്തീരുന്നത്.

മൂപ്പന്മാര്‍ ആട്ടിന്‍കൂട്ടത്തിനു മാതൃകകളായിത്തീരണമെന്ന് പത്രോസ് അപ്പോസ്തലന്‍ എഴുതിയിരിക്കുന്നു (1 പത്രോ. 5:3). തിമൊഥെയോസ് വാക്കിലും നടപ്പിലും സ്‌നേഹത്തിലും വിശ്വാസ ത്തിലും നിര്‍മ്മലതയിലും വിശ്വാസികള്‍ക്കു മാതൃകയായിരിക്കണമെന്ന് പൗലോസ് അദ്ദേഹത്തിന് എഴുതിയിരിക്കുന്നു (1 തിമൊ. 4:12).

എല്ലാറ്റിനും മുമ്പേ നാം വാക്കില്‍ മാതൃകകളായിരിക്കണം. നമ്മുടെ വാക്ക് എപ്പോഴും സൗമ്യവും കൃപയോടു കൂടിയതും ആയിരിക്കണം. വ്യര്‍ത്ഥസംസാരത്തില്‍നിന്നും പരദൂഷണത്തില്‍നിന്നും നാം തികച്ചും സ്വതന്ത്രരായിരിക്കണം. ഒരാള്‍ നമ്മോടു രഹസ്യമായി ഒരു കാര്യം പറയുന്നപക്ഷം അതു നമ്മുടെ ഭാര്യമാര്‍ പോലും അറിയാനിടയാകാതെ രഹസ്യമായി നാം സൂക്ഷിക്കണം.

സ്‌നേഹത്തില്‍ നാം മാതൃകകളായിരിക്കണം. മറ്റുള്ളവര്‍ നമ്മോട് എന്തു പറഞ്ഞാലും എന്തു ചെയ്താലും അവരോടുള്ള നമ്മുടെ സ്‌നേഹം മാറ്റമില്ലാതെ നിലനില്‍ക്കണം.

വിശ്വാസത്തില്‍ നാം മാതൃകകളായിരിക്കണം. നാം നേരിടുന്ന എല്ലാ ശോധനാ സാഹചര്യങ്ങളിലും ഒരിക്കല്‍പോലും നാം ഭയചകിതരാകുന്നില്ലെന്നും നമ്മെ വിടുവിക്കുവാന്‍ ദൈവം കഴിവുള്ളവനാണെന്ന വിശ്വാസം എപ്പോഴും നമുക്കുണ്ടെന്നും ആളുകള്‍ കാണ്മാന്‍ ഇടയാകണം.

നിര്‍മ്മലതയില്‍ നാം മാതൃകകളായിരിക്കണം. നമ്മുടെ സഭയിലുള്ള യുവസഹോദരന്മാരും സഹോദരിമാരും പരസ്പരബന്ധത്തില്‍ നിര്‍മ്മലമായിരിക്കണമെന്നു നാം പ്രതീക്ഷിക്കുന്നുണ്ടോ? ആ രംഗത്ത് നാം നൂറുശതമാനവും നിര്‍മ്മലരായിരിക്കുന്നില്ലെങ്കില്‍ അപ്രകാരം പ്രതീക്ഷിക്കുവാന്‍ നമുക്കു സാധ്യമല്ല.

ക്രിസ്തുവിന്റെ ഒരു ആജീവനാന്തദാസന്‍ (A Bond Slave of Christ)


പൗലോസ് തന്നെത്തന്നെ യേശുക്രിസ്തുവിന്റെ ആജീവനാന്ത ദാസന്‍ അഥവാ അടിമയെന്നാണ് വിളിക്കുന്നത് (റോമര്‍ 1:2). ആദ്യ കാലത്തെ അപ്പോസ്തലന്മാരെല്ലാം ഇപ്രകാരമുള്ളവരായിരുന്നു. യേശുക്രിസ്തു ഇന്നു കാത്തിരിക്കുന്നതു ഭൃത്യന്മാര്‍ക്കുവേണ്ടിയല്ല, ആജീവനാന്തദാസന്മാര്‍ക്കുവേണ്ടിയാണ്. ഒരു ഭൃത്യനും ഒരാജീവനാന്തദാസനും തമ്മില്‍ വ്യത്യാസമുണ്ട്. ഭൃത്യന്‍ ശമ്പളത്തിനുവേണ്ടി പണിയെടുക്കുന്നു; ആജീവനാന്തദാസനാകട്ടെ ശമ്പളം ലഭിക്കുന്നില്ല. പുതിയ ഉടമ്പടിയിന്‍ കീഴില്‍ ദൈവത്തിനു ഭൃത്യന്മാരാരുമില്ല; ആജീവനാന്തദാസന്മാര്‍ മാത്രമേ ഉള്ളു.

താന്‍ അപ്പോസ്തലന്മാരായി വിളിച്ചവര്‍ക്ക് യേശു ഒരിക്കലും ശമ്പളം വാഗ്ദാനം ചെയ്തില്ല. പൂര്‍ണ്ണസമയക്രിസ്തീയവേലയ്ക്കായി വിളിക്കപ്പെട്ടവരാണ് നാമെങ്കില്‍ ഒരിക്കലും ശമ്പളത്തിനായി വേല ചെയ്യുകയില്ലെന്ന് മനസ്സില്‍ ഉറച്ചുകൊള്ളുക. അല്ലാത്തപക്ഷം നാം മനുഷ്യരുടെ ഭൃത്യന്മാരായി മാറിപ്പോകും. ആളുകള്‍ നമുക്കു ദാനങ്ങള്‍ തരുമെന്ന പ്രതീക്ഷയോടെ നാം സഭകളില്‍ സേവനമനുഷ്ഠിക്കരുത്. അവരില്‍ നിന്നു നാം ഒന്നും പ്രതീക്ഷിക്കാതിരിക്കെത്തന്നെ അവര്‍ അതു ചെയ്യുന്നുവെങ്കില്‍ ചെയ്തുകൊള്ളട്ടെ. എങ്കിലും നാം ആരില്‍നിന്നും ഒന്നും പ്രതീക്ഷിക്കരുത്.

മാത്രമല്ല, നമ്മെക്കാള്‍ താണ ജീവിതനിലവാരമുള്ളവരില്‍നിന്നും പണമൊന്നും സ്വീകരിക്കയില്ലെന്ന ഒരു പ്രമാണവും നാം സ്വീകരിക്കേണ്ടതാണ്.

എങ്കിലും പൂര്‍ണ്ണസമയപ്രവര്‍ത്തനത്തില്‍ കര്‍ത്താവിനെ സേവിക്കുന്നതിന്റെ സര്‍വോന്നതമാതൃക ഒരപ്പോസ്തലനെന്ന നിലയില്‍ പൗലോസ് നയിച്ചിരുന്ന ജീവിതത്തില്‍ നാം കാണുന്നു. അദ്ദേഹത്തെ പ്പോലെ മതേതരമായ ഒരു തൊഴില്‍ ചെയ്തുകൊണ്ട് നമ്മുടെ ആവശ്യങ്ങള്‍ക്കായി ആരുടെയും ദാനങ്ങളെ ആശ്രയിക്കാതെ ജീവിക്കുന്ന താണ് ഉത്തമമായ മാര്‍ഗ്ഗം (1 കൊരി. 9:1418; 2 കൊരി. 11:715; അപ്പോ. 20:33,34).

ശമ്പളത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് നാമെങ്കില്‍ നമുക്കു പുതിയനിയമശുശ്രൂഷകന്മാരാകുവാന്‍ സാധ്യമല്ല. നാം ക്രിസ്തുവിന്റെ ആജീവനാന്ത ദാസന്മാരായിരിക്കണം. നമുക്കു സുഖസൗകര്യങ്ങള്‍ ലഭിക്കുവാനവകാശമുണ്ടെന്നു നാം ചിന്തിക്കുന്നപക്ഷം അപ്പോള്‍ നാം ശമ്പളം വാങ്ങുന്ന ഭൃത്യരാണ്, ആജീവനാന്തദാസന്മാരല്ല. ഒരു അടിമയ്ക്ക് യാതൊന്നിനും അവകാശമില്ല; മാനം, പ്രശസ്തി എന്നിവയ്ക്കു പോലും.

നമുക്കു താമസിക്കുവാന്‍ ദൈവം ഒരു വീടു തരുന്നപക്ഷം അതില്‍ നാം നന്ദിയുള്ളവരാണ്. എന്നാല്‍ നമുക്കു താമസിക്കാന്‍ വീടില്ലെങ്കില്‍ ത്തന്നെയും നാം അവിടുത്തെ സേവിക്കും. നാം വാസ്തവമായും ക്രിസ്തുവിന്റെ ആജീവനാന്ത ദാസന്മാരായിരിക്കുമ്പോള്‍ ക്രിസ്തു വിന്റെ ശരീരം പണിയുവാനുള്ള പദവി അവിടുന്നു നമുക്കു നല്‍കി യെന്ന കാര്യം തന്നെ നമുക്കു മതിയായ പ്രതിഫലമാണ്.

ദൈവത്തിന് ആജീവനാന്തദാസനായ ഒരുവന്റെ ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയെപ്പറ്റി റോമര്‍ 6:22ല്‍ വിവരിച്ചിരിക്കുന്നു.

  1. ഭൂതകാലം – അയാള്‍ ബോധപൂര്‍വമായ പാപത്തില്‍നിന്നു സ്വാതന്ത്ര്യം ലഭിച്ചിട്ടുള്ളവനാണ്.

2. വര്‍ത്തമാനകാലം – മേല്‍ക്കുമേല്‍ വര്‍ദ്ധിച്ചുവരുന്ന വിശുദ്ധീകരണമെന്ന ഫലം അയാള്‍ക്കു സിദ്ധിക്കുന്നു.

3. ഭാവികാലം – നിത്യജീവന്‍ അഥവാ ദൈവസ്വഭാവപൂര്‍ണ്ണത അയാള്‍ക്കു ലഭിക്കും.

ഒന്നാമതായിത്തന്നെ ബോധപൂര്‍വമായ പാപത്തില്‍ (Conscious sin) നിന്നു നാം സ്വതന്ത്രരാകണം. ഒട്ടധികമാളുകളും തങ്ങളുടെ രഹസ്യ പരാജയങ്ങളെപ്പറ്റി വിലപിക്കുന്നില്ല. ആ കാരണത്താലാണ് പാപത്തിന്മേല്‍ വിജയമുള്ള ഒരു ജീവിതത്തിലേക്ക് അവര്‍ എത്തിച്ചേരാത്തത്. നമ്മുടെ ചിന്താജീവിതത്തിലുള്ള അശുദ്ധി, നമ്മുടെ ജീവിതത്തിലെ ആ മേഖലയെ മറ്റുള്ളവര്‍ കാണാത്തതുകൊണ്ട്, പ്രധാന കാര്യ മല്ലെന്നു ചിലര്‍ ചിന്തിച്ചേക്കാം. എങ്കിലും ആ മേഖലയിലാണ് നാം ദൈവത്തെ ഭയപ്പെടുന്നുണ്ടോ ഇല്ലയോ എന്ന് അവിടുന്നു നമ്മെ പരിശോധിക്കുന്നത്.

രണ്ടാമത്, നാം ദൈവത്തിന്റെ ആജീവനാന്തദാസന്മാരാണെങ്കില്‍ വര്‍ദ്ധമാനമായ വിശുദ്ധീകരണമാണ് (progressive sanctification) നമ്മുടെ ജീവിതത്തില്‍നിന്നുദ്ഭവിക്കുന്ന പ്രാഥമികഫലം. മറ്റുള്ളവരെ ക്രിസ്തുവിലേക്കു നയിക്കുന്നതും അവരെ വിശ്വാസത്തില്‍ വളര്‍ത്തു ന്നതും അതിന്റെ രണ്ടാംതരമായ ഒരു ഫലം മാത്രമാണ്. നാം യഥാര്‍ത്ഥ ത്തില്‍ ദൈവത്തെ സേവിക്കുന്നവരെങ്കില്‍ നമ്മുടെ പ്രയത്‌നം മൂലം വ്യക്തിപരമായ നമ്മുടെ ജീവിതത്തില്‍ വര്‍ദ്ധമാനമായ ദൈവിക സ്വഭാവം ഉളവാകുകതന്നെ ചെയ്യും.

വിശുദ്ധീകരണമെന്നത് ക്രമാഗതമായ ഒരു പരിപാടിയാണ്. അതില്‍ നമ്മുടെ ജഡത്തില്‍ വസിക്കുന്ന തിന്മയെപ്പറ്റി നമുക്ക് അധികമധികം വെളിച്ചം ലഭിച്ചുകൊണ്ടിരിക്കും. യേശുവിന്റെ മരണം നാം നമ്മുടെ ശരീരത്തില്‍ വഹിക്കുമ്പോള്‍ ഓരോരോ മേഖലകളില്‍ നാം അധിക മധികം യേശുവിന്റെ ജീവനില്‍ പങ്കാളികളായിത്തീരും. നാം ശുദ്ധീകരണം പ്രാപിച്ചുകൊണ്ടിരിക്കുന്നവരാണെങ്കില്‍ നമുക്കു ചില കാര്യങ്ങളില്‍ അധികമധികം വെളിച്ചം ലഭിക്കും. ഉദാഹരണമായി കുടുംബാംഗങ്ങളോടു സംസാരിക്കുമ്പോള്‍ നമ്മുടെ സംഭാഷണത്തിലെ പരുഷസ്വരം, നമ്മോടു വിയോജിക്കുന്നവരോടുള്ള സ്‌നേഹരാഹിത്യം, ശുശ്രൂഷയില്‍ സ്വന്തമാനമന്വേഷിക്കുന്ന പ്രവണത, വ്യര്‍ത്ഥസംസാരം, കളിവാക്ക്, നമ്മുടെ പ്രസംഗത്തിന്റെ നിര്‍ജ്ജീവത എന്നു തുടങ്ങിയ കാര്യങ്ങള്‍ ദൈവം നമുക്ക് അധികമധികം ബോധം വരുത്തും.

അവസാനമായി, ഒരു ആജീവനാന്തദൈവദാസന്‍ ദൈവസ്വഭാവത്തിലുള്ള പങ്കാളിത്തത്തെ (നിത്യജീവനെ) അതിന്റെ എല്ലാ സമ്പൂര്‍ണ്ണതയോടുംകൂടെ പ്രാപിക്കുവാന്‍ വാഞ്ഛിച്ചു കാത്തിരിക്കുന്നവനായിരിക്കും. ആ ലക്ഷ്യം പ്രാപിക്കുവാനാണ് എല്ലാ ദൈവദാസന്മാരും ആകാംക്ഷയോടെ മുന്നേറിക്കൊണ്ടിരിക്കുന്നത്.

ദൈവത്തിന്റെ അടിമകളെന്ന നിലയില്‍ ഈ ഭൂമിയില്‍ ഒട്ടനേകം കഷ്ടതകളിലും തെറ്റിദ്ധാരണകളിലുംകൂടെ നമുക്കു കടന്നുപോകേണ്ടി വരാം. എന്നാല്‍ അവസാനം വരെയും നാം സ്‌നേഹത്തില്‍ നില നിന്നാല്‍ ഒടുവില്‍ കര്‍ത്താവിനെ നാം കാണുമ്പോള്‍ അതൊക്കെ നിസ്സാരകാര്യങ്ങളെന്നു നമുക്കു ബോധ്യപ്പെടും.

പുതിയനിയമത്തിന്റെ ശുശ്രൂഷകന്മാരെന്ന നിലയില്‍ നമ്മുടെ ശുശ്രൂഷയ്ക്ക് ആക്ഷേപം വരാതിരിക്കേണ്ടതിന് നാം ഒന്നിലും ഇടര്‍ച്ചയ്ക്കു കാരണമുണ്ടാക്കരുതെന്നു് പൗലോസ് നമ്മെ ഓര്‍പ്പിക്കുന്നു. മറിച്ച് എല്ലാറ്റിലും ക്രിസ്തുവിന്റെ ആജീവനാന്ത ദാസന്മാരെന്ന നിലയില്‍ ബഹുസഹിഷ്ണുത, കഷ്ടതകള്‍, ക്ലേശാനുഭവങ്ങള്‍, ദുരിതങ്ങള്‍, അധ്വാനം, ഉറക്കിളപ്പ്, വിശപ്പ്, നിര്‍മ്മലജീവിതം, ദീര്‍ഘ ക്ഷമ, ദയ, നിര്‍വ്യാജസ്‌നേഹം എന്നിവയിലും മാനാപമാനങ്ങളിലും ദുഷ്‌കീര്‍ത്തി സല്‍കീര്‍ത്തികളിലും നാം നമ്മെത്തന്നെ അവിടുത്തേക്കു സമര്‍പ്പിക്കണം. മറ്റുള്ളവര്‍ നമ്മെ വഞ്ചകന്മാരെന്നു കരുതുമ്പോഴും സത്യസന്ധരായും, മനുഷ്യരാല്‍ അറിയപ്പെടാത്തവരെങ്കിലും ദൈവത്താല്‍ അറിയപ്പെടുന്നവരായും, ദരിദ്രരെങ്കിലും പലരെയും സമ്പന്നരാക്കുന്നവരായും, ഒന്നുമില്ലാത്തവരെങ്കിലും എല്ലാമുള്ളവരായും, ഇടുങ്ങിയ ഹൃദയത്തോടെ നമ്മെ വീക്ഷിക്കുന്നവരുടെ നേരേ വിശാല ഹൃദയരായും നാം ജീവിക്കേണ്ടതാണ് (2 കൊരി. 6:311).

ശരീരത്തെ ദണ്ഡിപ്പിച്ചു് അടിമയാക്കുക

1 കൊരി. 9:27ല്‍ പൗലോസ് തന്റെ ജീവിതത്തിന്റെ ഒരു രഹസ്യം കൂടെ നമുക്കു പറഞ്ഞുതന്നിരിക്കുന്നു: ”അദ്ദേഹം തന്റെ ശരീരത്തോടു കര്‍ശനമായി പെരുമാറി. അതു ആഗ്രഹിക്കുന്ന കാര്യമല്ല, അതു ചെയ്യേണ്ടതായ കാര്യം തന്നെ ചെയ്യുവാന്‍ അതിനെ പരിശീലിപ്പിച്ചു” (ലിവിംഗ് ബൈബിള്‍). അപ്രകാരം ചെയ്യാത്തപക്ഷം മറ്റുള്ളവരോടു പ്രസംഗിച്ച ശേഷം താന്‍ തന്നെ അയോഗ്യനായിത്തീരുമെന്ന് അദ്ദേഹം ഭയപ്പെട്ടു.

പൗലോസ് കര്‍ത്താവിനുവേണ്ടി എല്ലാ കാര്യങ്ങളും ചെയ്തതിനു ശേഷവും താന്‍ സ്വയം അയോഗ്യന്‍ (disqualified) ആയിത്തീരുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. ഇത് ആശ്ചര്യകരം തന്നെ.

ആരോഗ്യകരമായ ഭയങ്ങളും അനാരോഗ്യകരമായ ഭയങ്ങളുമുണ്ട്. ദൈവം നമുക്കു ദോഷം വരുത്തുമോ എന്നു ഭയപ്പെടുന്നത് അനാരോഗ്യകരമായ ഭയമാണ്. എന്നാല്‍ നാം ചെയ്യുകയോ പറയുകയോ ചെയ്യുന്ന ഒരു കാര്യം നിമിത്തം ദൈവത്തെ വേദനപ്പെടുത്തുമോ എന്നു നാം ഭയപ്പെടുന്നുവെങ്കില്‍ അത് ആരോഗ്യകരമായ ഭയംതന്നെ.

അതുപോലെതന്നെ ഒടുവില്‍ നാം അയോഗ്യരായി എണ്ണപ്പെടുമോ എന്നു സംശയിക്കുന്നത് ആരോഗ്യകരമായ ഒരു ഭയമാണ്. അതു നമ്മെ എപ്പോഴും ജാഗ്രതയുള്ളവരും കര്‍മ്മസന്നദ്ധരുമാക്കി നിറുത്തും. നമ്മുടെ ശരീരത്തെ കീഴടക്കുവാനും അതിനെ നമ്മുടെ അടിമയാക്കു വാനും അതു നമ്മെ സഹായിക്കും.

ഭയത്തോടും വിറയലോടും നമ്മുടെ രക്ഷയ്ക്കായി പ്രവര്‍ത്തിക്കുവാന്‍ ദൈവവചനം നമ്മോടാവശ്യപ്പെടുന്നു (ഫിലി. 2:12). ഈ പ്രബോധനം വിശേഷിച്ചും സുവിശേഷപ്രസംഗകന്മാര്‍ക്ക് ആവശ്യമാണ്. കാരണം, ഓരോ സുവിശേഷപ്രസംഗകനും ഒരു കപടഭക്തനായി താണുപോകാനുള്ള ആപത്തിനെ നിരന്തരം അഭിമുഖീകരിക്കുന്നുണ്ട്. താന്‍ ഇതേവരെയും പ്രയോഗത്തില്‍ വരുത്താത്ത കാര്യങ്ങള്‍ പ്രസംഗിക്കുക എന്ന ആപല്‍സാധ്യതയും അയാള്‍ക്കുണ്ട്. തന്നെ സംബന്ധിച്ചു പൂര്‍ണ്ണമായും സത്യമല്ലാത്ത ഒരു ധാരണ മറ്റുള്ളവരില്‍ ജനിപ്പിക്കുക എന്ന ആപത്തും അയാളെ നേരിടുന്നുണ്ട്. തന്റെ ജീവിതത്തെ തികവുള്ളതാക്കിത്തീര്‍ക്കുവാന്‍ ചെലവഴിക്കുന്നതിലധികം സമയം തന്റെ പ്രസംഗങ്ങള്‍ തികവുള്ളവയാക്കിത്തീര്‍ക്കുവാന്‍ ചെലവാക്കുക എന്ന ആപത്തും അയാളെ ബാധിക്കുന്നുണ്ട്.

1 കൊരി. 9:26ല്‍ താന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കു വ്യക്തമായൊരു ലക്ഷ്യമുണ്ടെന്നു പൗലോസ് പറയുന്നു. അദ്ദേഹം നിരുദ്ദേശ്യകമായി പോരാടുകയോ ഓടുകയോ ചെയ്തില്ല. ഒരു നിശ്ചിതലക്ഷ്യത്തിലേക്കാണ് അദ്ദേഹം ഓടിക്കൊണ്ടിരുന്നത്. വെടിവയ്ക്കുന്ന ഒരാള്‍ ഒരു പ്രത്യേക സ്ഥാനത്തെ ഉന്നം വയ്ക്കുന്നതുപോലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനം വ്യക്തമായൊരു ലക്ഷ്യത്തോടു കൂടിയതായിരുന്നു.

സൈനികപരിശീലനകേന്ദ്രത്തില്‍ പരിശീലനാര്‍ത്ഥികളായിരുന്ന ഞങ്ങള്‍ റൈഫിള്‍ ഉപയോഗിച്ചു വെടിവയ്ക്കുവാന്‍ പരിശീലനം നേടിക്കൊണ്ടിരുന്ന സമയം ഞാന്‍ ഓര്‍ക്കുന്നു. റൈഫിള്‍ കൈയിലേന്തി ക്കൊണ്ട് ഓരോരുത്തനും മറ്റുള്ളവരില്‍നിന്ന് ഏതാനും അടി അകലത്തായി നിലത്തു കവിണ്ണു കിടക്കും. ഞങ്ങളില്‍നിന്ന് ഏതാനും വാരം അകലെ ഓരോ വ്യക്തിയും ലക്ഷ്യം വയ്‌ക്കേണ്ട ഒരു ലക്ഷ്യപ്പലക ഉണ്ടായിരുന്നു. ആ പലകയില്‍ ഒന്നിനുള്ളില്‍ മറ്റൊന്നായി പല വൃത്തങ്ങള്‍ വരച്ചിരുന്നു. അവയുടെ കേന്ദ്രസ്ഥാനത്തിന് ‘ബുള്‍സ് ഐ’ (bull’s eye) എന്നായിരുന്നു പേര്‍ പറഞ്ഞിരുന്നത്.

ഞങ്ങള്‍ ആദ്യം ഷൂട്ടിംഗ് ആരംഭിച്ചപ്പോള്‍ ഞങ്ങളുടെ ഉന്നം വല്ലാതെ തെറ്റുമായിരുന്നു. ഞങ്ങളില്‍ ചിലര്‍ സ്വന്തം പലകയിലല്ല, അടുത്തു കിടക്കുന്ന ആളിന്റെ പലകയിലായിരുക്കും വെടിയുണ്ട കൊള്ളിക്കുന്നത്. എന്നാല്‍ കുറേ കഴിഞ്ഞതോടെ സ്വന്തം പലകയില്‍ത്തന്നെ ഉണ്ട കൊള്ളിക്കുവാന്‍ ഞങ്ങള്‍ക്കു കഴിവുണ്ടായി.

ഇതുപോലെയാണ് പല ക്രിസ്ത്യാനികളും. അവര്‍ തങ്ങളുടെ ലക്ഷ്യപ്പലകയിലല്ല, മറ്റുള്ളവരുടേതിലാണ് വെടിവയ്ക്കുന്നത്. പരകാര്യങ്ങ ളില്‍ ഇടപെടുന്നവരാണ് അവര്‍. എന്നാല്‍ അവര്‍ സ്വന്തം രക്ഷയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെങ്കില്‍ ക്രമേണ അവര്‍ സ്വന്തം പലകയില്‍ ഉന്നമുറപ്പിക്കുവാന്‍ പഠിക്കുകയും അവസാനമായി ‘ബുള്‍സ് ഐ’യില്‍ തന്നെ വെടിയുണ്ട കൊള്ളിക്കുകയും ചെയ്യും. അങ്ങനെ യെങ്കില്‍ അവരുടെ ഉന്നം സൂക്ഷ്മതയില്‍ തികവുള്ളതായിത്തീരും. പൗലോസിന്റെ ഉന്നം തികവുള്ളതായിരുന്നു. അദ്ദേഹം മറ്റുള്ളവരെ വിധിച്ചില്ല. മറിച്ച്, തന്നെത്തന്നെ വിധിക്കുകയും തന്റെ ശരീരത്തെ കീഴടക്കുകയും ചെയ്തു. അങ്ങനെ നല്ല പോര്‍ പൊരുത് ഓട്ടം തികയ്ക്കുവാന്‍ അദ്ദേഹത്തിനു സാധിച്ചു.

നാം ഏറ്റവുമധികം ശിക്ഷണത്തില്‍ വരുത്തേണ്ട രണ്ട് അവയവങ്ങള്‍ നമ്മുടെ കണ്ണും നാവുമാണ്.

തങ്ങളുടെ ഹൃദയം കര്‍ത്താവിനായിക്കൊടുക്കുവാന്‍ നാം അവിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. എന്നാല്‍ കര്‍ത്താവു നമ്മെ ആഹ്വാനം ചെയ്യുന്നത് നമ്മുടെ ശരീരം കര്‍ത്താവിനു നല്‍കുവാനാണ് (റോമര്‍ 12:1). അവിടുന്നു പ്രത്യേകമായി നമ്മുടെ കണ്ണുകളെയും നാവുകളെയുമാണ് ആവശ്യപ്പെടുന്നത്. ഇവ നാം എല്ലാ സമയത്തും കര്‍ത്താവിനു നല്‍കുന്നില്ലെങ്കില്‍ ക്രിസ്തുവിന്റെ ആജീവനാന്ത ദാസന്മാരോ വക്താക്കളോ ആയിത്തീരാന്‍ നമുക്കു കഴിവുണ്ടാവുകയില്ല. അന്ത്യനാളില്‍ കര്‍ത്താവിന് അംഗീകാരയോഗ്യരായി നില്‍ക്കാനും നമുക്കു സാധ്യമല്ല.

വീട്ടിലും ബസ്സിലും റോഡിലും ജോലിസ്ഥലത്തുമെല്ലാം നമ്മുടെ കണ്ണുകള്‍ നിയന്ത്രണാധീനമായി നാം സൂക്ഷിക്കുന്നില്ലെങ്കില്‍, നാം ദേവദൂതന്മാരെപ്പോലെ പ്രസംഗിച്ചാലും ശരി, അന്ത്യനാളില്‍ ദൈവം നമ്മെ അയോഗ്യരായി എണ്ണുവാനിടയാകും. ശതാബ്ദങ്ങളിലൂടെ ജീവിച്ചിരുന്ന അനേകമനേകം ദൈവഭൃത്യന്മാര്‍ തങ്ങളുടെ കണ്ണുകളുടെ കാര്യത്തില്‍ ശ്രദ്ധാലുക്കളല്ലാതിരുന്നതുനിമിത്തം വീണുപോകുവാനിടയായിട്ടുണ്ട്. തങ്ങളുടെ കണ്ണുകളെ അലഞ്ഞുതിരിയുവാനും സുന്ദരികളായ പെണ്‍കുട്ടികളെ നോക്കുവാനും അനുവദിക്കുകമൂലം ഒരു വീഴ്ച മറ്റൊന്നിനു വഴിതെളിച്ചിട്ട് അവര്‍ പാപത്തില്‍ വീണുപോയി. നാം സ്ത്രീകളെ മോഹദൃഷ്ടിയോടെ നോക്കുന്നില്ലെന്നു പറഞ്ഞതുകൊണ്ടാ യില്ല. ആത്മീയപാപ്പരത്തത്തിലേക്കു നാം വീണുപോകാതിരിക്കണമെങ്കില്‍ ഒരു സ്ത്രീയുടെ സൗന്ദര്യത്തെ നാം അഭിനന്ദിക്കുകപോലും ചെയ്യരുതെന്ന് ദൈവവചനം നമുക്കു താക്കീതു നല്‍കുന്നു (സദൃ. 6:25,26). അങ്ങനെയെങ്കില്‍ നാം എത്ര കരുതലുള്ളവരായി ജീവിക്കണം!

ആ വിധത്തില്‍ത്തന്നെ നമ്മുടെ നാവിന്റെ കാര്യത്തിലും നാം സൂക്ഷ്മതയുള്ളവരാകണം. സാധാരണ സമയങ്ങളില്‍ തന്റെ നാവിനെ സാത്താന്‍ ഉപയോഗിക്കുവാന്‍ ഒരുവന്‍ അനുവദിക്കുന്നപക്ഷം, അവന്റെ നാവിനെ ദൈവം തന്റെ വചനം സംസാരിക്കുവാന്‍ ഉപയോഗിക്കുകയില്ല. യിരെമ്യാവിനോടു ദൈവം അരുളിച്ചെയ്തു: ”നീ അധമമായത് ഒഴിച്ച് ഉത്തമമായതു പ്രസ്താവിച്ചാല്‍ നീ എന്റെ വായ് പോലെയാകും (എന്റെ വക്താവാകും)” (യിരെ. 15:19).

നന്മയുള്ള ഒരു ഹൃദയത്തില്‍നിന്നു പുറപ്പെടാത്ത യാതൊന്നും ഒരിക്കലും നാം സംസാരിക്കരുത്. ഈ മേഖലയില്‍ നാം വളരെ ബലഹീനരാകയാല്‍ ഇത് എളുതായ ഒരു കാര്യമല്ല. നമ്മുടെ നാവുകളെ ശിക്ഷണത്തില്‍ കൊണ്ടുവരണമെങ്കില്‍ നാം നിര്‍ദ്ദാക്ഷിണ്യം അതിനോടിടപെട്ടേ മതിയാവൂ.

കഴിഞ്ഞനാളുകളില്‍ ദൈവം നമ്മുടെ രാജ്യത്ത് തന്റെ വേലയ്ക്കായി വിളിച്ചിട്ടുള്ള അനേകം യുവജനങ്ങളെ ഇന്‍ഡ്യയില്‍ തന്റെ പ്രവാചക ന്മാരാക്കിത്തീര്‍ക്കുവാന്‍ ദൈവം നിര്‍ണ്ണയിച്ചിരുന്നുവെന്ന് ഞാന്‍ തീര്‍ച്ചയായും കരുതുന്നു. എന്നാല്‍ തങ്ങളുടെ കണ്ണുകളെയും നാവുകളെയും അവര്‍ ശിക്ഷണവിധേയമാക്കാഞ്ഞതുമൂലം അവര്‍ പ്രവാചകന്മാരായിത്തീര്‍ന്നില്ല. തങ്ങളുടെ ശരീരങ്ങളെ നിയന്ത്രണാധീനമാക്കുവാന്‍ അവര്‍ക്കു സാധിച്ചില്ല.

ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളായി നാം വിളിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ഭൗതിക ശരീരത്തിലുള്ള അവയവങ്ങള്‍ക്ക് തലച്ചോറുമായി ആന്തരികമായ ഒരഭേദ്യബന്ധം ഉള്ളതുപോലെ ക്രിസ്തുവെന്ന ശിരസ്സുമായി നമുക്കും ഗാഢവും ആന്തരികവുമായ ഒരു ബന്ധമുണ്ടെന്ന് ഇതു വ്യക്തമാക്കുന്നു.

ക്രിസ്തു തന്റെ ശിരസ്സായിരുന്ന പിതാവിന് തന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും പൂര്‍ണ്ണമായിത്തന്നെ ലഭ്യമായിരിക്കുമാറ് വിശ്വസ്തനായിരുന്നു. അവിടുന്ന് ഒരിക്കലും തന്നെത്തന്നെ പ്രസാദിപ്പിച്ചില്ലെന്ന് റോമര്‍ 15:4ല്‍ എഴുതപ്പെട്ടിരിക്കുന്നു. തന്റെ കണ്ണുകളെയോ തന്റെ നാവിനെയോ ഉപയോഗിക്കുന്ന രീതിയില്‍ അവിടുന്ന് ഒരിക്കലും സ്വന്ത സന്തോഷം അന്വേഷിച്ചില്ല. തന്റെ സ്വന്ത താല്‍പര്യത്തെ ഒരിക്കലും അദ്ദേഹം ലക്ഷ്യമാക്കിയില്ല; തനിക്കിഷ്ടമായ കാര്യം അദ്ദേഹം സംസാരിച്ചതുമില്ല. എപ്പോഴും തന്റെ പിതാവിനു പ്രസാദകരമായതുമാത്രം അവിടുന്നു പ്രവര്‍ത്തിച്ചു. അങ്ങനെ അവിടുന്നു തന്റെ ശരീരത്തെ നിഷ്‌കളങ്കമായ വിധത്തില്‍ പിതാവിനു സമര്‍പ്പിച്ചു. തന്മൂലം അവിടുന്നു ലോകത്തിനു പിതാവിന്റെ വക്താവായിത്തീര്‍ന്നു (എബ്രാ. 9:14). ഈ വിധത്തിലാണ് ഇപ്പോള്‍ യേശുവിന്റെ ആത്മീയശരീരത്തിലെ അവയവങ്ങളായി നാമും ജീവിക്കേണ്ടത്.

പൂര്‍ണ്ണഹൃദയത്തോടെ യേശുവിനെ പിന്തുടരുന്ന ഒരു ശിഷ്യനായി ത്തീരുക എന്നുവച്ചാല്‍ ദൈവത്തിനു നിഷ്‌കളങ്കനായി തന്നെത്തന്നെ സമര്‍പ്പിക്കുവാന്‍ ജ്വലിക്കുന്ന ഒരാഗ്രഹം ഉണ്ടാവുക എന്നാണര്‍ത്ഥം.

സഭയെ ക്രിസ്തുവിന്റെ ശരീരമായിപ്പണിയുവാന്‍ നാമാഗ്രഹിക്കുന്ന പക്ഷം തങ്ങളുടെ ശരീരത്തെ അപ്രകാരം ദൈവത്തിനു സമര്‍പ്പിക്കുവാനും സ്വശരീരങ്ങളെ ദണ്ഡിപ്പിച്ച് അടിമയാക്കുവാനും ആഗ്രഹിക്കുന്ന എല്ലാവരെയും നാം ഒന്നായി ഒരുമിച്ചു കൂട്ടണം.

നമ്മുടെ ലക്ഷ്യമായ ‘ബുള്‍സ് ഐ’യില്‍നിന്നു നമ്മുടെ ഉന്നം തെറ്റിപ്പോകുമ്പോഴെല്ലാം ആ പരാജയത്തെപ്പറ്റി നാം ദുഃഖിതരാകണം. നമ്മുടെ കണ്ണുകള്‍ പൂര്‍ണ്ണനിര്‍മ്മലമല്ലാതിരിക്കുമ്പോള്‍ നാം ദുഃഖിക്കണം. തികഞ്ഞ നന്മയല്ലാത്ത വല്ലതും നമ്മുടെ നാവുകള്‍ സംസാരിക്കുമ്പോഴെല്ലാം നാം അതിനെപ്പറ്റി നിലവിളിക്കണം.

ക്രിസ്തുവിന്റെ പ്രമാണത്തിനു വിരുദ്ധവും, തന്നെ പാപപ്രമാണത്തിന് അടിമയാക്കുന്നതുമായ എന്തോ ഒന്ന് തന്റെ അവയവങ്ങളില്‍ താന്‍ കാണുന്നതായി (വര്‍ത്തമാനകാലം) റോമര്‍ 7:23ല്‍ പൗലോസ് സത്യസന്ധമായി ഏറ്റുപറയുന്നു. ഈ കാര്യത്തെ മുന്‍കാലത്തു സംഭവിച്ച ഒന്നായി (ഭൂതകാലക്രിയയില്‍) പൗലോസ് വിവരിച്ചിരുന്നുവെങ്കില്‍ അതു വ്യത്യസ്തമായ ഒരു കാര്യമാകുമായിരുന്നു. എന്നാല്‍ അദ്ദേഹം അതു കാണുകയും നാള്‍തോറും അതു തുടര്‍ച്ചയായി കണ്ടു കൊണ്ടിരിക്കുകയും ചെയ്തു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, തന്റെ ജഡത്തില്‍ യാതൊരു നന്മയും വസിക്കുന്നില്ല എന്ന വസ്തുതയെപ്പറ്റി അദ്ദേഹത്തിനു നിരന്തരം വെളിച്ചം ലഭിച്ചുകൊണ്ടിരുന്നു. അപ്രകാരം ജീവിതാന്ത്യം വരെയും തന്റെ ശരീരത്തെ അടിമയാക്കി ദൈവത്തോടുള്ള വിശ്വസ്തതയില്‍ അദ്ദേഹം ജീവിച്ചു. അതിനാല്‍ ഇന്നത്തെ പല സുവിശേഷപ്രവര്‍ത്തകരെയും പോലെ അയോഗ്യനായിത്തീരാതെ അദ്ദേഹം തന്റെ ഓട്ടം സന്തോഷപൂര്‍വം തികയ്ക്കുവാന്‍ ഇടയായി.

ദൈവഭക്തി : യഥാര്‍ത്ഥവും കപടവും

പഴയ ഉടമ്പടിയിന്‍ കീഴില്‍ യഹോവയുടെ ന്യായപ്രമാണത്തെപ്പറ്റി ധ്യാനിക്കുവാന്‍ ദൈവഭക്തന്മാര്‍ ജനത്തെ പ്രബോധിപ്പിച്ചിരുന്നു (സങ്കീ. 1:2). എന്നാല്‍ പുതിയ ഉടമ്പടിയിന്‍ കീഴില്‍ ദൈവമഹത്വത്തെപ്പറ്റി ധ്യാനിക്കുവാനാണ് നമ്മെ ദൈവം പ്രബോധിപ്പിക്കുന്നത് (2 കൊരി. 3:18).

ദൈവവചനത്തിലെ അക്ഷരം മാത്രം നാം ശ്രദ്ധിക്കുന്നുവെങ്കില്‍ നാം പരീശന്മാരായിത്തീര്‍ന്നുപോകും; പരീശരുടേതായ ഒരു സഭയെ നാം പണിയുകയും ചെയ്യും. എന്നാല്‍ ദൈവവചനത്തില്‍ യേശുവിന്റെ ജീവിതത്തിലെ മഹത്വം നാം ദര്‍ശിക്കുമ്പോള്‍ അതില്‍ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കുമെങ്കില്‍, നാം മേല്‍ക്കുമേല്‍ അവിടുത്തെ സാദൃശ്യത്തിലേക്കു രൂപാന്തരം പ്രാപിക്കും.

1 തിമോ. 3:16ല്‍ പരിശുദ്ധാത്മാവു നമ്മോട് ഇപ്രകാരം പ്രസ്താവിക്കുന്നു: നമ്മുടെ ജഡത്തിന്റെ എല്ലാ പരിമിതികളോടും കൂടെ യേശു ഭൂമിയില്‍ ജീവിച്ചു. നമുക്ക് ഇപ്പോള്‍ ലഭിച്ചിട്ടുള്ള പരിശുദ്ധാത്മശക്തി യെന്ന വിഭവത്തില്‍ക്കവിഞ്ഞ മറ്റൊരു വിഭവവും (ൃലീൌൃരല) യേശുവിന് ഉണ്ടായിരുന്നില്ല. എന്നിട്ടും അവിടുന്ന് ആത്മാവിന്റെ പരിപൂര്‍ണ്ണ നിര്‍മ്മലതയില്‍ ജീവിച്ചു. യേശുവിന്റെ ഈ ദൃഷ്ടാന്തം കാണുക എന്ന താണ് ദൈവികസ്വഭാവമുള്ള ഒരു ജീവിതത്തിന്റെ രഹസ്യം. അങ്ങനെ യൊരു ജീവിതം അവിടുത്തേക്കു സാധ്യമായിരുന്നുവെങ്കില്‍ ഇന്നു നമുക്കും അതു സാധ്യമത്രേ.

”അവനില്‍ (യേശുവില്‍) വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു” (1 യോഹ. 2:6).

മേലാല്‍ നമ്മുടെ പാപജീവിതത്തിന് നമ്മുടെ ജഡത്തെ കുറ്റം പറയുവാന്‍ നമുക്കു സാധ്യമല്ല. എന്തെന്നാല്‍ ഇതേ ജഡത്തില്‍ തന്നെ ജീവിച്ച ഒരുവന്‍ ഉണ്ടായിരുന്നു. അവിടുന്നു പാപം ചെയ്തില്ല. ദൈവ കൃപയുടെ ശക്തിയാല്‍ അവിടുന്നു പാപത്തെ ജയിച്ചു. അതിനാല്‍ നമുക്കും ജയിക്കുവാന്‍ സാധ്യമാണ്.

വിജയജീവിതത്തില്‍ നാം ഏതളവുവരെ യേശുവിനെ പിന്തുടരുന്നുവോ, ആ അളവില്‍ മാത്രമേ യേശുവിനെപ്പോലെ നടക്കുന്ന കാര്യത്തില്‍ നമ്മുടെ സഹവിശ്വാസികള്‍ക്കു വഴികാട്ടുവാന്‍ നമുക്കു സാധി ക്കുകയുള്ളു.

1 തിമോ. 3:16ല്‍ ദൈവികസ്വഭാവത്തിന്റെ മര്‍മ്മത്തെപ്പറ്റി സംസാരിച്ച ഉടന്‍ തന്നെ, അന്ത്യനാളുകളില്‍ ഈ ദൈവഭക്തിയുടെ വഴിയില്‍നിന്നു വിശുദ്ധിയുടേതെന്നു തോന്നിക്കുന്ന ഒരു കപടമാര്‍ഗ്ഗത്തിലേക്ക് വിശ്വാസികളെ വഴിതെറ്റിക്കുന്ന വഞ്ചനയുടെ ആത്മാവിനെക്കുറിച്ചു പരിശു ദ്ധാത്മാവു സംസാരിക്കുന്നു:

”എന്നാല്‍ ഭാവികാലത്തു ചിലര്‍ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷ്‌ക്കു പറയുന്നവരുടെ കപടത്താല്‍ വിശ്വാസം ത്യജിക്കും എന്ന് ആത്മാവു തെളിവായിപ്പറയുന്നു” (1 തിമോ. 4:1).

വഞ്ചിക്കുന്ന എല്ലാ ആത്മാക്കളുടെയും പ്രാഥമികമായ അടയാളം യേശുക്രിസ്തു ജഡത്തില്‍ വന്നുവെന്ന് അവ അംഗീകരിക്കുകയില്ല എന്നതത്രേ (2 യോഹ. 7). നമ്മുടേതുപോലെയുള്ള ഒരു ജഡത്തില്‍ യേശു എല്ലാ പാപത്തെയും ജയിച്ചുവെന്ന് ആ ആത്മാക്കള്‍ സമ്മതിക്കുകയില്ല.

ഈ വിധത്തിലുള്ള വഞ്ചിക്കുന്ന ആത്മാക്കളെ വിശ്വസിക്കുന്നതിന്റെ ഫലമായി ഭൂതങ്ങളുടെ ഉപദേശങ്ങള്‍ (doctrines of demons) വിശ്വസിക്കുന്ന ഒരവസ്ഥയിലേക്കു വിശ്വാസികള്‍ നയിക്കപ്പെടുന്നു. ഭൂതങ്ങളുടെ ഉപദേശത്തിന് രണ്ടു ദൃഷ്ടാന്തങ്ങള്‍ ആ ഭാഗത്തു പ്രസ്താവിച്ചിട്ടുണ്ട്. അതിലൊന്ന് വിവാഹം വിലക്കുന്നതും മറ്റത് ചില ഭോജ്യങ്ങള്‍ വര്‍ജ്ജിക്കുന്നതുമാണ്.

അവിവാഹിതജീവിതവും ഉപവാസവും വിജാതീയ മതങ്ങളില്‍ എക്കാലത്തും വിശുദ്ധി പ്രാപിക്കുവാനുള്ള മാര്‍ഗ്ഗങ്ങളായി പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ പൈശാചികോപദേശങ്ങള്‍ അന്ത്യനാളുകളില്‍ ക്രിസ്തുമാര്‍ഗ്ഗത്തിലേക്കും വ്യാപിക്കുവാനിടയാകും. നമ്മുടെ ഈ കാലത്ത് ഇതു നിറവേറുന്നതായി നാം കാണുന്നു. നാം അവിവാഹിതരായിക്കഴിയുകയും പതിവായി ഉപവസിക്കുകയും ചെയ്താല്‍ കൂടുതല്‍ വിശുദ്ധരാകുവാന്‍ സാധ്യമാണെന്നു പഠിപ്പിക്കുന്ന ക്രിസ്തീയ വിഭാഗങ്ങള്‍ ഇന്നുണ്ട്. ഇവ ഭൂതങ്ങളുടെ ഉപദേശങ്ങളാണോ? അതേ. എന്തുകൊണ്ടെന്നാല്‍ ഇവ നമ്മുടെ ശ്രദ്ധയെ വിശുദ്ധിയുടെ മാര്‍ഗ്ഗ ത്തില്‍നിന്നും ആത്മതപനത്തിലേക്ക് (asceticism) വ്യതിചലിപ്പിക്കുക യാണ് ചെയ്യുന്നത്. തന്മൂലം പരിശുദ്ധാത്മശക്തിയില്‍ യേശുവിനെ പിന്തുടരുന്നതിനു പകരം യോഗാത്മകമായ ആത്മശിക്ഷണത്തിലൂടെ ദൈവികസ്വഭാവം പ്രാപിക്കുവാന്‍ നാം ആഗ്രഹിക്കുന്നു.

അവിവാഹിതരായി ജീവിക്കുന്നതിലോ ഉപവസിക്കുന്നതിലോ തെറ്റായി ഒന്നുമില്ല. എന്നാല്‍ ഇവയെ ദൈവികസ്വഭാവത്തിന്റെ മര്‍മ്മങ്ങളായി നാം പ്രോത്സാഹിപ്പിക്കുമ്പോള്‍ ആ തെറ്റ് ഗൗരവാവഹമാണ്. വാസ്തവത്തില്‍ ക്രിസ്തു ജഡത്തില്‍ വെളിപ്പെട്ടുവെന്ന ദൈവിക സ്വഭാവത്തിന്റെ മര്‍മ്മത്തില്‍നിന്ന് ആളുകളെ അകറ്റിക്കളയുന്ന ഏതു പദേശവും ഭൂതങ്ങളുടെ ഉപദേശം തന്നെ. യഥാര്‍ത്ഥ വിശുദ്ധി യോഗായിലൂടെയോ ധ്യാനത്തിലൂടെയോ ആത്മശിക്ഷണത്തിലൂടെയോ അല്ല, മറിച്ച് പരിശുദ്ധാത്മാവിന്റെ ശക്തിയാലാണ് നാം പ്രാപിക്കുന്നത്.

കൊലോ. 2:20, 23ല്‍ യോഗചര്യകള്‍ക്ക് ചില ബാഹ്യപ്രയോജനങ്ങള്‍ ഉണ്ടാകാമെങ്കിലും നമ്മുടെ ജഡത്തില്‍ ദൈവസ്വഭാവം വെളിപ്പെടുത്തുവാന്‍ അവ നമ്മെ സഹായിക്കുന്നില്ല എന്നു പ്രസ്താവിക്കുന്നു. പരിശുദ്ധാത്മാവിനു മാത്രമേ അതു ചെയ്യുവാന്‍ കഴിവുള്ളു.

സഭയില്‍ മതപരമായ ആത്മപീഡനചര്യയില്‍നിന്ന് നാം ജനങ്ങളെ സ്വതന്ത്രരാക്കണം. അല്ലാത്തപക്ഷം ക്രൈസ്തവീകൃതമായ ഒരു ഹിന്ദു മതത്തെയോ യോഗ മാര്‍ഗ്ഗത്തെയോ മാത്രം പ്രഖ്യാപിക്കുന്നവരായി നാം തീര്‍ന്നുപോകും.

പിശാച് വിശ്വാസികളെ ഒന്നുകില്‍ ഭൗതികത്വമെന്ന അതിരുകടന്ന ചിന്തയിലേക്കോ അല്ലെങ്കില്‍ അതിനു വിപരീതദിശയിലുള്ള ആത്മ തപനമാര്‍ഗ്ഗത്തിലേക്കോ വഴിതെറ്റിക്കുവാന്‍ എപ്പോഴും പരിശ്രമിച്ചു കൊണ്ടാണിരിക്കുന്നത്.

ഭൗതികവാദം താരതമ്യേന മറ്റതിനോളം ആപല്‍ക്കരമല്ല. കാരണം, അതു ലോകത്തിന്റെ വഴിയാണെന്ന് ഒരു ജഡികനായ വിശ്വാസിക്കു പോലും വ്യക്തമാണ്. എന്നാല്‍ ആത്മതപനചര്യ ദൈവികസ്വഭാവത്തിലേക്കു നയിക്കുന്നതായി തോന്നിക്കാവുന്നതുകൊണ്ട് അതു കൂടു തല്‍ ആപല്‍ക്കരമാണ്. ഇവ രണ്ടും ഒന്നിനൊന്ന് എതിരായി നില്‍ക്കുന്ന ആപല്‍ഗര്‍ത്തങ്ങളാണ്. രണ്ടും നമ്മെ അടിത്തട്ടിലേക്കു വീഴ്ത്തിക്കളയുന്നു. മതചിന്തയില്ലാത്ത ദ്രവ്യാഗ്രഹികളും മതചിന്തയോടെ ആത്മശിക്ഷണമന്വേഷിക്കുന്ന പരീശന്മാരും രണ്ടുകൂട്ടരും നരകത്തിലേക്കു സഞ്ചരിക്കുന്നവര്‍ തന്നെ. ദൈവഭൃത്യരെന്ന നിലയില്‍ ഈ വസ്തുത നാം വിസ്മരിക്കരുത്.

ലോകദൃഷ്ടിയിലെ മഹത്വം


സഭയെ പണിയുന്നതില്‍ ഈ കാര്യം നാം ഓര്‍മ്മിക്കണം: മനുഷ്യരുടെ ദൃഷ്ടിയില്‍ ഉന്നതമായ കാര്യങ്ങള്‍ ദൈവദൃഷ്ടിയില്‍ മ്ലേച്ഛമാണ് (ലൂക്കോ. 16:15).

അതിനാല്‍ മാനുഷികമായ മഹത്വത്തിന് നാം ഒരിക്കലും സഭയില്‍ പ്രവേശനം നല്‍കരുത്. ദൈവവചനം പ്രസംഗിക്കുമ്പോള്‍ നമ്മുടെ സാമര്‍ത്ഥ്യംകൊണ്ടോ അറിവുകൊണ്ടോ ഭാഷാഭംഗികൊണ്ടോ നാം ആളുകളില്‍ മതിപ്പുളവാക്കുവാന്‍ ശ്രമിക്കരുത്. അത് സഭയില്‍ നമ്മുടെ മാനുഷികശക്തിയുടെ (soul power) പ്രദര്‍ശനമായിത്തീരും.

സഭയില്‍ നമുക്കുള്ള മൂല്യങ്ങള്‍ ലൗകികമനുഷ്യരുടെ മൂല്യങ്ങള്‍ക്കു കടക വിരുദ്ധമായിട്ടുള്ളതാണ്. ലൗകികമനുഷ്യര്‍ പണത്തിനു വളരെ വില കല്പിക്കുന്നു. നാമാകട്ടെ, അതിന് ഒരു വിലയും കല്പിക്കുന്നില്ല. ലൗകികമനുഷ്യര്‍ ലോകത്തില്‍ മഹാന്മാരും സ്വാധീനശക്തിയുള്ള വരുമായ വ്യക്തികളെ ബഹുമാനിക്കുന്നു. നാമാകട്ടെ, അവരെ ഒട്ടും തന്നെ കണക്കാക്കുന്നില്ല. നേരേ മറിച്ച് താഴ്മയും ദൈവഭയവുമുള്ള വരെയാണ് നാം വിലപ്പെട്ടവരായിക്കരുതുന്നത്. ബുദ്ധിശാലിത്വത്തിനു ലോകം വലിയ വില കല്പിക്കുന്നു. നാമോ ഒരു മനുഷ്യന്റെ സാമര്‍ത്ഥ്യത്തിന് ഒരു സ്ഥാനവും കല്പിക്കുന്നില്ല. ലോകവും സഭയും തമ്മില്‍ അല്പമായൊരു വ്യത്യാസമല്ല ഉള്ളത്. നേര്‍വിരുദ്ധമായ കോടികളെ യാണ് അവ ലക്ഷ്യമാക്കുന്നത്.

നമ്മുടെ സാമര്‍ത്ഥ്യമോ വലിപ്പമോ പ്രദര്‍ശിപ്പിക്കുക എന്നത് ദൈവ ദൃഷ്ടിയില്‍ അറപ്പായ കാര്യമാണ്. പഴയനിയമപ്രകാരമുള്ള ഒരു യാഗപീഠത്തില്‍ ഒരു പന്നിയെ ബലിയര്‍പ്പിക്കുന്നതിനു തുല്യമാണത്. മാനുഷികമായ നമ്മുടെ മ്ലേച്ഛതകളെ ദൈവശുശ്രൂഷയിലേക്കു കൊണ്ടു വരുന്നതിനെപ്പറ്റി ആരോഗ്യകരമായ ഒരു ഭയത്തോടെ നാം ജീവിക്കേണ്ടതാണ്.

ഒരു ശിശുവിനെപ്പോലെയാകുക

യേശുക്രിസ്തു മടങ്ങിവരുമ്പോള്‍ ഭൂമിയില്‍ ഉണ്ടാകുവാന്‍ പോകുന്ന സഹസ്രാബ്ദവാഴ്ചക്കാലത്ത് സകലവും സമാധാനപൂര്‍ണ്ണമായിരിക്കുമെന്ന് യെശ. 11:6 ല്‍ പറഞ്ഞിരിക്കുന്നു. ഹിംസ്രമൃഗങ്ങള്‍ അന്ന് ഉണ്ടായിരിക്കുകയില്ല. ഭൂമിയിലെ ജീവിതം അദ്ഭുതാവഹമായവിധം സമാധാനപൂര്‍ണ്ണമായിരിക്കും.

എന്നാല്‍ ഇന്ന് സഭയുടെ ജീവിതത്തില്‍ അതിന്റെ ഒരു പൂര്‍വാനുഭവം നമുക്കു ലഭിക്കുന്നുണ്ട്. എന്തെന്നാല്‍ സഭയ്ക്കുള്ളില്‍ ഇപ്പോള്‍ തന്നെ ദൈവരാജ്യം സ്ഥാപിതമായിരിക്കുന്നു. സഭയുടെ കൂട്ടായ്മയില്‍ ചെന്നായ്ക്കള്‍ ഇപ്പോള്‍ തന്നെ കുഞ്ഞാടുകളോടുകൂടെ കിടക്കുന്നു. പുള്ളിപ്പുലികളും കോലാടുകളും അന്യോന്യം സമാധാനബന്ധത്തില്‍ ജീവിക്കുന്നു. കന്നുകാലികള്‍ സിംഹങ്ങള്‍ക്കിടയില്‍ സുരക്ഷിതരായിരിക്കുന്നു. ഇവയെപ്പോലെ വിഭിന്നസ്വഭാവത്തോടുകൂടിയ മനുഷ്യര്‍ക്ക് അന്യോന്യം ഒരുമിച്ചു ജീവിക്കുവാന്‍ ലോകത്തില്‍ സാധ്യമല്ല. എന്നാല്‍ സഭയ്ക്കുള്ളില്‍ അവര്‍ തങ്ങളുടെ സ്വന്തജീവിതത്തിനു മരിക്കുകയും അന്യോന്യം മഹത്വകരമായ സമാധാനത്തോടെ ജീവിക്കയും ചെയ്യുന്നു.

വരാന്‍ പോകുന്ന ആ രാജ്യത്തില്‍ ഒരു ചെറിയ ശിശു അവരുടെ നേതാവായിരിക്കുമെന്ന് യെശയ്യാവു പറയുന്നു (യെശ. 11:6). സഭയെ നയിക്കുവാന്‍ വാസ്തവത്തില്‍ യോഗ്യന്‍ ആരെന്ന് ഇവിടെ നാം കാണുന്നു. ഒരു ചെറിയ ശിശുവിനോട് ഏറ്റവും അനുരൂപനായ വ്യക്തി തന്നെയാണത്.

ഒരു ചെറിയ ശിശുവിനെപ്പോലെ വിനീതനും കാപട്യമില്ലാത്തവനുമായ വ്യക്തിതന്നെയാണ് ഒരു സഭയിലെ യഥാര്‍ത്ഥ നേതാവ്. അത്തരമൊരു സഹോദരനോടു കൂട്ടായ്മയാചരിക്കുക അനായാസമാണ്. അദ്ദേഹം സ്വന്തം തന്മയില്‍ ജീവിക്കുന്നു. തന്റെ വ്യക്തിവിലാസമോ കൃപാവരങ്ങളോകൊണ്ട് മറ്റുള്ളവരില്‍ മതിപ്പുളവാക്കുവാന്‍ അദ്ദേഹം ശ്രമിക്കുന്നില്ല. തന്നെക്കാള്‍ അധികം പക്വമതിയായ ഒരു സഹോദരനെ അനുകരിക്കുവാനും അദ്ദേഹം ശ്രമിക്കുന്നില്ല.

സമര്‍ത്ഥന്മാരും കഴിവും നര്‍മ്മബോധവുമുള്ളവരും നല്ല സംഗീത വാസനയും സംഘടനാസാമര്‍ത്ഥ്യവുമുള്ളവരുമായ ആളുകള്‍ക്കാണ് പല ക്രിസ്തീയവിഭാഗങ്ങളിലും നേതൃത്വം നല്‍കപ്പെടുന്നത്. എന്നാല്‍ പുതിയ ഉടമ്പടിയിന്‍ കീഴിലുള്ള സഭയില്‍ ചെറിയ ശിശുക്കളെപ്പോലെ യുള്ള ആളുകളെ ദൈവം നേതാക്കളായി നിയമിക്കുന്നു. കാരണം, തന്റെ രാജ്യത്തില്‍ ഏറ്റവും ഉന്നതന്മാര്‍ ഇത്തരക്കാര്‍ തന്നെ.

സഭയിലെ ചെന്നായ്ക്കള്‍ കുഞ്ഞാടുകളെ കടിച്ചുകീറുന്നുണ്ടെങ്കില്‍, അത്തരമൊരു സഭയില്‍ ഇതേവരെയും ദൈവരാജ്യം വന്നിട്ടില്ല. നേതാ വായ വ്യക്തി ഒരു ശിശുവിനെപ്പോലെ ആയിട്ടില്ലാത്തതായിരിക്കണം അതിന്റെ കാരണം. അതിനാല്‍ ഒരു സഭയില്‍ കാര്യങ്ങള്‍ വഴിതെറ്റിപ്പോകുമ്പോള്‍ നേതാക്കളാണ് സ്വയം വിധിക്കേണ്ടത്.

ദൈവരാജ്യത്തില്‍ ഏറ്റവും വലിയവന്‍ ഒരു ശിശുവായിരിക്കയാല്‍ ഒരു ശിശുവിനെപ്പോലെ തന്നെത്താന്‍ താഴ്ത്തുവാന്‍ മത്താ. 18:4ല്‍ യേശു തന്റെ ശിഷ്യന്മാരോടു കല്പിക്കുന്നു.

ദൈവരാജ്യത്തില്‍ ഏറ്റവും വലിയ വ്യക്തി യേശു തന്നെയാണെന്നു നമുക്കറിയാം. യേശു എല്ലാ സമയത്തും ഒരു ശിശുവിനെപ്പോലെ സ്വയം താഴ്ത്തിയെന്നാണ് അതിന്റെ അര്‍ത്ഥം.

ഇവിടെ സകല ക്രിസ്തീയനേതാക്കന്മാര്‍ക്കും പിന്തുടരുവാനുള്ള ഒരു ദൃഷ്ടാന്തം നാം കാണുന്നു.

ഒരു സന്ദര്‍ഭത്തില്‍ യേശു രോഗാതുരരായ ഒരു വലിയ ജനക്കൂട്ടത്തെ സൗഖ്യമാക്കിയതായും ആ കാര്യം ആരോടും പറയരുതെന്ന് അവ രോടു കല്പിക്കുന്നതായും നാം കാണുന്നു. ജനമധ്യത്തില്‍ താന്‍ അറിയപ്പെടണമെന്ന് അവിടുന്ന് ആഗ്രഹിച്ചില്ല. ”ആരും തെരുക്കളില്‍ അവന്റെ ശബ്ദം കേള്‍ക്കുകയില്ല” (അവിടുന്ന് സ്വയം പ്രസിദ്ധപ്പെടുത്തു കയില്ല) എന്ന തിരുവെഴുത്ത് നിറവേറുവാനാണ് അവിടുന്ന് അപ്രകാരം ചെയ്തത് (മത്താ. 12:1520).

‘ഇതാ, എന്റെ ശിശു’ (മത്താ. 12:18 മാര്‍ജിന്‍) എന്ന വാക്യത്തോടെ യാണ് ആ തിരുവെഴുത്ത് ആരംഭിക്കുന്നത്. അവിടെ ദൈവം അരുളിച്ചെയ്തിട്ടുള്ളത് ഇപ്രകാരമാണ്: ”ശ്രദ്ധാപൂര്‍വം എന്റെ ശിശുവിനെ (സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും വലിയവനെ) നോക്കുവിന്‍. അവന്‍ രോഗികളെ സൗഖ്യമാക്കിയശേഷം താന്‍ ഒന്നും ചെയ്തില്ലെന്ന മട്ടില്‍ മറഞ്ഞുകളയുന്നു”.

ഈ ആത്മാവുള്ള വ്യക്തിയാണ് സഭയില്‍ യഥാര്‍ത്ഥ നേതാവ്.

താന്‍ ആരുമല്ലെന്നും തനിക്ക് മിക്കവാറും ഒന്നും തന്നെ അറിഞ്ഞു കൂടെന്നും ഒരു ചെറിയ ശിശു മനസ്സിലാക്കുന്നു. നാം ആരുമല്ലെന്നും ആത്മീയകാര്യങ്ങളില്‍ നമ്മുടെ അറിവു മിക്കവാറും പൂജ്യമാണെന്നു മുള്ള ബോധ്യമാണ് നമ്മെ എപ്പോഴും ചെറിയ ശിശുക്കളെപ്പോലെ ആക്കിത്തീര്‍ക്കുന്നത്. അത്തരമൊരാളെ മാത്രമേ സഭയില്‍ തന്റെ പ്രതിപുരുഷനെന്നു സാക്ഷ്യപ്പെടുത്തുവാന്‍ ദൈവത്തിനു കഴിയൂ.

വിനയം പഠിക്കുവാന്‍ നമുക്ക് രണ്ടു ദൃഷ്ടാന്തങ്ങള്‍ യേശു തന്നിട്ടുണ്ട്. ഒന്ന് താന്‍ തന്നെ. മറ്റേത് ചെറിയ ശിശുക്കളും. സുവിശേഷങ്ങളില്‍ യേശു എങ്ങനെ ജീവിച്ചുവെന്ന് നാം കാണുകയും അവിടുത്തെ ദൃഷ്ടാന്തത്തില്‍നിന്നു നാം താഴ്മ പഠിക്കുകയും ചെയ്യുന്നു. ചുറ്റുപാടു കളില്‍ ചെറിയ ശിശുക്കളെയും നാം കാണുന്നുണ്ട്. അവരില്‍നിന്നും കൂടെ നമുക്കു താഴ്മ പഠിക്കാം.

ഒരു കൊച്ചുകുഞ്ഞ് തൊട്ടിലില്‍ക്കിടക്കുമ്പോള്‍ അതിന്റെ മനസ്സില്‍ ക്കൂടെ കടന്നുപോകുന്ന ചിന്തകള്‍ എന്തൊക്കെയാണ്? ”ഞാന്‍ എത്ര മിടുക്കന്‍! എന്നെ ആളുകള്‍ എത്രമാത്രം അഭിനന്ദിക്കുന്നുണ്ട്!” എന്നൊക്കെ ആ കുട്ടി ചിന്തിക്കുന്നുണ്ടോ? ഇല്ലതന്നെ. കുട്ടിക്ക് അത്തരം ഒരു ചിന്തയുമില്ല. യാതൊരു സ്വയംബോധവും ആ ശിശുവിന് ഇല്ല. യാതൊരു നാട്യവും കൃത്രിമത്വവുമില്ലാതെ സ്വാഭാവികതയോടെ തന്റെ തന്മയില്‍ അവന്‍ കഴിയുന്നു. അതാണ് നമ്മുടെ ദൃഷ്ടാന്തം.

മറ്റുള്ളവര്‍ നമ്മെയോ നമ്മുടെ ശുശ്രൂഷയെയോ പറ്റി എന്തു വിചാരിക്കുന്നുവെന്ന ചിന്ത നമ്മെ അലട്ടുന്നുണ്ടോ? അങ്ങനെയെങ്കില്‍ നാം കൊച്ചുകുട്ടികളെപ്പോലെയല്ല. നാം തിരിഞ്ഞു ശിശുക്കളെപ്പോലെ യായിത്തീരുന്നതുവരെയും ഇത്തരം ഉന്നതചിന്തകളോടു നാം പോരാ ടണം. അപ്പോള്‍ മാത്രമേ ദൈവജനത്തെ നയിക്കുവാന്‍ നാം പൂര്‍ണ്ണ യോഗ്യതയുള്ളവരായിത്തീരുകയുള്ളു.

അപ്പോള്‍ തന്റെ വേല ചെയ്യുവാന്‍ നമ്മെ ദൈവം ആക്കിയിരിക്കുന്ന ഭൂമിയിലെ ഏതു ചെറിയ മൂലയിലും നാം സന്തുഷ്ടരായിരിക്കും. മനുഷ്യരുടെ ദൃഷ്ടിയില്‍ വലിയവരായിത്തീരുവാനുള്ള ആഗ്രഹങ്ങളൊന്നും അപ്പോള്‍ നമുക്ക് ഉണ്ടാവുകയില്ല. ക്രിസ്തുവിന്റെ ശരീരത്തില്‍ നാം നിറവേറ്റുവാനായി ദൈവം നമ്മെ ഭരമേല്‍പിച്ചിട്ടുള്ള കൃത്യം നിറവേറ്റുന്നതിലും നാം സന്തുഷ്ടരായിത്തീരും. മറ്റൊരാളുടെ ശുശ്രൂഷയെപ്പറ്റി അസൂയാലുക്കളായി നാം തീരുകയുമില്ല.

ഇപ്രകാരം അദ്ഭുതാവഹമായൊരു സുവിശേഷം അനുഭവത്തിലാക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുവാന്‍ നമുക്കു കഴിയുന്ന തോര്‍ത്ത് ദുഷിച്ചതും മുതിര്‍ന്നവരുടേതുമായ നമ്മുടെ വഴികളെ വിട്ടുമാറുവാനും ഒരിക്കല്‍ക്കൂടെ ചെറിയ ശിശുക്കളെപ്പോലെ ആയിത്തീരുവാനും നമുക്കു സാധിക്കുന്നതോര്‍ത്ത് നമുക്കു ദൈവത്തെ സ്തുതിക്കാം.

അങ്ങനെ പുതിയ ഉടമ്പടിയുടെ യഥാര്‍ത്ഥശുശ്രൂഷകരായി നാം തീരും.

അധ്യായം അഞ്ച് : പരിശുദ്ധാത്മാവിലുള്ള ആശ്രയം

”മരണമുള്ള മനുഷ്യനില്‍ ആശ്രയം വയ്ക്കുകയും ജഡത്തെ തന്റെ ബലമായി കരുതുകയും ചെയ്യുന്ന മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍. അയാള്‍ മരുഭൂമിയില്‍ നില്‍ക്കുന്നതും വളര്‍ച്ച മുരടിച്ചതുമായ ചെടി പോലെയാണ്. യഹോവയിലാശ്രയിക്കുകയും യഹോവതന്നെ തന്റെ പ്രത്യാ ശയും ശരണവുമായിരിക്കയും ചെയ്യുന്ന മനുഷ്യന്‍ അനുഗൃഹീതനാണ്. അവന്‍ നദീതീരത്തു നട്ടിരിക്കുന്ന വൃക്ഷംപോലെ വിശിഷ്ട ഫലങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ടിരിക്കും” (യിരെ. 17:58 ലിവിംഗ് ബൈബിള്‍).


പുതിയ ഉടമ്പടിയിന്‍കീഴിലുള്ള ഒരു ശുശ്രൂഷകന്‍ കൃപയ്ക്കു വേണ്ടിയും ശക്തിക്കുവേണ്ടിയും എല്ലാ പ്രയത്‌നങ്ങള്‍ക്കുവേണ്ടിയും ദൈവത്തില്‍ മാത്രം സമ്പൂര്‍ണ്ണമായ ആശ്രയത്തോടെ ജീവിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യണം. അതിനാലാണ് പ്രാര്‍ത്ഥന അവന്റെ ജീവിതത്തിലെ സജീവഘടകമായിത്തീരേണ്ടത്. എന്തെന്നാല്‍ പ്രാര്‍ത്ഥനയെന്നത് നമ്മുടെ നിസ്സഹായതയുടെയും ദൈവത്തിലുള്ള സമ്പൂര്‍ണ്ണാശ്രയത്തിന്റെയും പ്രകടനമാണ്.

തന്നില്‍ത്തന്നെ ആശ്രയിക്കുന്ന ഒരു മനുഷ്യന്‍ ഒരു ചടങ്ങിനുവേണ്ടിയല്ലാതെ പ്രാര്‍ത്ഥിക്കുകയില്ല. പ്രാര്‍ത്ഥനയില്ലാത്ത ക്രിസ്തീയനേതാക്കന്മാര്‍ തങ്ങള്‍ സ്വയം പര്യാപ്തരായിരിക്കുകയാല്‍ ദൈവത്തില്‍ ആശ്രയം വയ്ക്കുന്നില്ല. അവര്‍ തീര്‍ച്ചയായും ഫലശൂന്യമായ വൃക്ഷങ്ങള്‍ പോലെയും അവരുടെ സഭകള്‍ മരുഭൂമികള്‍പോലെയും ആയിത്തീരും. മേലുദ്ധരിച്ച വാക്യത്തില്‍ പറഞ്ഞിട്ടുള്ള നദി പരിശുദ്ധാത്മാ വാണ്. ദൈവത്തില്‍ മാത്രം സഹായത്തിനായി ആശ്രയം വയ്ക്കുന്ന ഒരുവന്‍ താല്‍പര്യത്തോടെ പരിശുദ്ധാത്മാവിനെ അന്വേഷിക്കുകയും നിരന്തരം ആത്മാവു കൊണ്ടു നിറഞ്ഞവനായിത്തീരുകയും ചെയ്യും.

സെഖര്യാപ്രവാചകന് ഒരിക്കല്‍ പൊന്നുകൊണ്ടുള്ള ഒരു വിളക്കു തണ്ടിന്റെ ദര്‍ശനം ലഭിച്ചു. ഇത് സഭയുടെ ഒരു പ്രതീകമാണ് (സെഖ. 4:2; വെളി. 1:20).

വിളക്കു നിരന്തരം എരിഞ്ഞുകൊണ്ടിരിക്കുന്നതിന് ഏറ്റവും വലിയ ആവശ്യം എണ്ണയുടെ നിരന്തരമായ പ്രവാഹമാണ് (വാ. 3). ഇതിലേക്കായി ആ വിളക്കിന്റെ ഇരുവശത്തും രണ്ട് ഒലിവുവൃക്ഷങ്ങള്‍ നട്ടിരുന്നു. ഇതു പരിശുദ്ധാത്മാവിന്റെ ഫലത്തെയും കൃപാവരങ്ങളെയും കുറിക്കുന്നു. ഈ പരിശുദ്ധാത്മാവിലൂടെയാണ് സഭ പണിയപ്പെട്ടിരിക്കുന്നത്.

അനന്തരം ദൂതന്‍ സെഖര്യാവിനോട് ദൈവവേല മാനുഷശക്തിയാലല്ല, പരിശുദ്ധാത്മാവിന്റെ ശക്തിയാലാണ് നടത്തപ്പെടുന്നതെന്നും അതിന്റെ വഴിയില്‍ വിലങ്ങിച്ചുനില്‍ക്കുന്ന എല്ലാ പര്‍വതവും സമഭൂമിയായിത്തീരുമെന്നും പറഞ്ഞു (സെഖ. 4:6,7).

ഏതു പര്‍വതവും സമഭൂമിയായിത്തീരും

ദൈവവേലയില്‍ പലതരത്തിലുള്ള പ്രതിബന്ധങ്ങളും ഇടര്‍ച്ചക്കല്ലുകളും നമ്മെ നേരിടും. നാം പൂര്‍ണ്ണഹൃദയത്തോടെ ദൈവഹിതം മാത്രം ചെയ്‌വാനാഗ്രഹിക്കുമ്പോള്‍ എന്തുകൊണ്ടാണ് ഇത്തരം പര്‍വതങ്ങളെ അഭിമുഖീകരിക്കുവാന്‍ ദൈവം നമ്മെ അനുവദിക്കുന്നതെന്ന് നാം അദ്ഭുതപ്പെട്ടേക്കാം. എന്നാല്‍ ആ പര്‍വതങ്ങളെയെല്ലാം സമഭൂമിയാക്കി മാറ്റുന്ന അവിടുത്തെ അളവറ്റ ശക്തി നാം അനുഭവിച്ചറിയുമാറ് നമ്മുടെ വിശ്വാസത്തെ പ്രവൃത്തിപഥത്തിലേക്കു കൊണ്ടുവരിക എന്നതാണ് ദൈവത്തിന്റെ ഉദ്ദേശ്യം.

ഇത്തരം ഒരു സന്ദര്‍ഭത്തെപ്പറ്റി സുവിശേഷത്തില്‍ നാം വായിക്കുന്നു. അവിടെ യേശു തന്റെ ശിഷ്യന്മാരെ ഗലീലക്കടലിന്റെ മറുകരയിലേക്കു പോകുവാന്‍ നിര്‍ബന്ധിക്കുന്നു. പോകുവാന്‍ അവര്‍ക്കു താല്‍പര്യമില്ലായിരുന്നുവെങ്കിലും അവിടുന്ന് അവരെ നിര്‍ബന്ധിച്ചു (മത്താ. 14:22). അവര്‍ അദ്ദേഹത്തെ അനുസരിച്ചപ്പോള്‍ ഭയാനകമായ ഒരു കൊടുങ്കാറ്റില്‍ അവര്‍ അകപ്പെട്ടു. അവര്‍ അദ്ദേഹത്തെ അനുസരിക്കാതെയും തടാകം കടക്കാതെയും ഇരുന്നിരുന്നെങ്കില്‍ അവര്‍ കൊടുങ്കാറ്റിനെ അറിയുകയേ ഇല്ലായിരുന്നു. അതോടൊപ്പം കൊടുങ്കാറ്റിനെ ശമിപ്പിച്ച കര്‍ത്താവിന്റെ ശക്തിയും അവര്‍ക്ക് അനുഭവിച്ചറിയുവാന്‍ സാധിക്കാതെ പോകുമായിരുന്നു. നാം കൊടുങ്കാറ്റുകളെ നേരിടുമ്പോള്‍ മാത്രമേ ദൈവശക്തി അനുഭവിച്ചറിയുവാന്‍ നമുക്കു സാധ്യമാവൂ.

അനുസരണമില്ലാത്ത ഒത്തുതീര്‍പ്പുകാരനായ ഒരു ക്രിസ്ത്യാനി ക്കാണ് ജീവിത പാതയിലൂടെ അനായാസമായ ഒരു യാത്ര ലഭിക്കുന്നത്. പക്ഷേ ദൈവശക്തിയെ അവന്‍ ഒരിക്കലും അനുഭവിച്ചറിയുന്നില്ല. യേശുവിന്റെ ഒരു ശിഷ്യന്‍ പല കഷ്ടതകളിലൂടെ കടന്നുപോകേണ്ടി വരാം. എന്നാല്‍ അവയെല്ലാറ്റില്‍നിന്നും കര്‍ത്താവ് അവനെ വിടുവിക്കുന്നതായി അവന് അനുഭവപ്പെടുന്നു (സങ്കീ. 34:19).

ഒരു മനുഷ്യനും പരിഹരിപ്പാന്‍ കഴിയാത്ത ഭീകരപ്രശ്‌നങ്ങളില്‍ തന്റെ ജനങ്ങള്‍ തന്നില്‍ ശരണപ്പെടുന്നതുകാണുവാന്‍ ദൈവം ഇഷ്ടപ്പെടുന്നു. അത്തരം സാഹചര്യങ്ങളില്‍ മാത്രമേ സര്‍വശക്തനായ ഒരു ദൈവത്തിലാണ് നാം വിശ്വസിക്കുന്നതെന്ന വസ്തുത വെളിപ്പെടുകയുള്ളു. ദൈവജനങ്ങളില്‍ ഏറെപ്പങ്ക് ആളുകളും മനുഷ്യനിര്‍മ്മിതമോ പിശാച്‌നിര്‍മ്മിതമോ ആയി തങ്ങള്‍ നേരിടുന്ന പര്‍വതങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ തങ്ങളെ സഹായിക്കുവാന്‍ കഴിവില്ലാത്ത സങ്കല്പസൃഷ്ടിയായ ഒരു ദൈവത്തിലാണ് വിശ്വസിക്കുന്നത്. അതു ബൈബിളിലെ ദൈവമല്ല; മറിച്ച് തങ്ങളുടെതന്നെ സൃഷ്ടിയായ ഒരു ദൈവമാണ്. വിജാതീയരുടെ വിഗ്രഹങ്ങളെക്കാള്‍ ഒട്ടും മെച്ചമല്ലാത്ത ശക്തിഹീനനായ ഒരു സാങ്കല്പികവിഗ്രഹമാണ് ആ ദൈവം.

നമ്മുടെ ദൈവത്തിനു പരിഹരിപ്പാന്‍ കഴിയാത്ത ഏതെങ്കിലും പ്രശ്‌നമുണ്ടോ? ഇല്ല. അങ്ങനെയെങ്കില്‍ മനുഷ്യരോ പിശാചുക്കളോ നമ്മുടെ മുമ്പില്‍ ചില പര്‍വതങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുമ്പോള്‍ നാം എന്തിനാണു ഭയപ്പെടുന്നത്?

കനാനിലെ മല്ലന്മാരെപ്പറ്റി യിസ്രായേല്‍ ജനം കേട്ടപ്പോള്‍ അവര്‍ ചിന്തിക്കുവാനാരംഭിച്ചു: ”ഈ മല്ലന്മാര്‍ നമ്മുടെ ദൈവത്തിനു കൈ കാര്യം ചെയ്‌വാന്‍ കഴിയാത്തവിധം ഭയാനകരൂപികളാണ്”. അപ്പോള്‍ അവരുടെ ദൈവം ആരായിരുന്നു? മിസ്രയീമില്‍നിന്ന് അവരെ വിടുവിച്ച ദൈവമായിരുന്നില്ല അത്. പിന്നെയോ ശക്തിഹീനനും തങ്ങളുടെ സങ്കല്പസൃഷ്ടിയുമായ ഒരു ദൈവം. 38 വര്‍ഷത്തേക്ക് അവര്‍ മരുഭൂമി യില്‍ അലഞ്ഞുതിരിയുവാന്‍ ദൈവം ഇടയാക്കിയെങ്കില്‍ അതില്‍ അദ്ഭുതത്തിനവകാശമില്ല (ആവര്‍. 2:14).

അവര്‍ അവിശ്വാസികളായിരുന്നു. അവരുടെ അവിശ്വാസം ദൈവത്തെ അപമാനിക്കുന്നതും അവിടുത്തെ കൈകളെ അവര്‍ക്കുവേണ്ടി ഒന്നും ചെയ്‌വാന്‍ കഴിവില്ലാത്തവിധം ബന്ധിക്കുന്നതുമായിരുന്നു. തങ്ങളുടെ അവിശ്വാസം മൂലം ദൈവകരങ്ങളെ ബന്ധിക്കുന്ന ക്രിസ്തീയ നേതാക്കന്മാര്‍ ഇന്നുമുണ്ട്.

എന്നാല്‍ യോശുവയെയും കാലേബിനെയും പോലെ ദൈവത്തിന് അസാധ്യമായി ഒന്നുമില്ലെന്നു പ്രഖ്യാപിക്കുന്ന വിശ്വാസികള്‍ക്കുവേണ്ടി യാണ് ഇന്നു ദൈവം നോക്കിക്കൊണ്ടിരിക്കുന്നത്.

ദൈവം എപ്പോഴും സാത്താനെതിരായി നമ്മുടെ പക്ഷത്തുണ്ട്. അവിടുന്നു നമുക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനെ തടയുവാന്‍ നമ്മുടെ അവിശ്വാസത്തിനല്ലാതെ ഒന്നിനും സാധ്യമല്ല. ലോകത്തിലുള്ള 550 കോടി ജനങ്ങളും, സാത്താന്റെ കീഴിലുള്ള കോടിക്കണക്കിനു പൈശാചികസൈന്യങ്ങളും എല്ലാവരും ചേര്‍ന്നു നമ്മെ എതിര്‍ത്താലും നാം ദൈവത്തില്‍ വിശ്വസിക്കുന്നപക്ഷം നമ്മെക്കുറിച്ചുള്ള ദൈവിക ലക്ഷ്യത്തെ തടഞ്ഞുനിറുത്തുവാന്‍ അവര്‍ക്കാര്‍ക്കും സാധ്യമല്ല. അതു കൊണ്ട് എന്തുതന്നെ സംഭവിച്ചാലും നാമൊരിക്കലും നിരുത്സാഹരാവു കയോ പിന്മാറുകയോ ചെയ്യരുത്. നാം മരിച്ചെന്നു വന്നാലും സര്‍വ ശക്തനായ ദൈവത്തില്‍ വിശ്വസിച്ചുകൊണ്ടു നമ്മുടെ മരണത്തിലൂടെ അവിടുത്തെ നാമം മഹത്വപ്പെടുമെന്നു വിശ്വസിച്ചുകൊണ്ട് നമുക്കു മരിക്കാം.

പര്‍വതങ്ങളെ നേരിടുവാന്‍ ദൈവം നമ്മെ അനുവദിക്കുമ്പോള്‍, ആ പര്‍വതം നമ്മോടു മല്ലിടുന്ന പൈശാചികശക്തികളായാലും ശരി, നമ്മെ എതിര്‍ക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന മനുഷ്യരായാലും ശരി, അതിലൂടെ നാം ശക്തരായിത്തീരണമെന്നാണ് അവിടുത്തെ ഉദ്ദേശ്യം. ”ദൈവം നമുക്ക് അനുകൂലമെങ്കില്‍ നമുക്കു പ്രതികൂലം ആര്?” (റോമര്‍ 8:31).

നാം പര്‍വതങ്ങളെ അഭിമുഖീകരിക്കുമ്പോഴും പിശാചുക്കളുടെയും മനുഷ്യരുടെയും എതിര്‍പ്പു നേരിടുമ്പോഴും മാത്രമാണ് സെഖ. 4:6,7 വാക്യങ്ങള്‍ ഒരു സത്യമായിത്തീരുന്നത്. അപ്പോള്‍ അവ നമ്മുടെ സ്വീകരണമുറിയില്‍ തൂങ്ങിക്കിടക്കുന്ന ഒരു ഭിത്തിയെഴുത്തു മാത്രമാകാതെ നമ്മുടെ രക്തസ്രോതസ്സില്‍ എഴുതപ്പെട്ട ഒരു യാഥാര്‍ത്ഥ്യമായി മാറും.

എന്നാല്‍ അതിലേക്ക് നാം പൂര്‍ണ്ണഹൃദയത്തോടെ ക്രിസ്തുവിനെ പിന്തുടരുന്നവരായി ഇപ്രകാരം പറയേണ്ടതാവശ്യമാണ്: ”കര്‍ത്താവേ, എന്തു വില നല്‍കേണ്ടിവന്നാലും ഇവിടെ യഥാര്‍ത്ഥമായും അങ്ങേയ്ക്കുവേണ്ടി നിലകൊള്ളുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ എല്ലാ സഹവിശ്വാസികളും മന്ദോഷ്ണവാന്മാരായിത്തീര്‍ന്നാലും എന്റെ ഭാര്യ എന്നെ എതിര്‍ത്താലും അങ്ങേയ്ക്കുവേണ്ടി നില്‍ക്കുവാന്‍ എനിക്കു കൃപ നല്‍കണമേ. ഞാനിതാ, മുഴുവനായും അവിടുത്തേ വകയാണ്. അങ്ങയുടെ വേലയ്ക്കുവേണ്ടി എന്റെ സമ്പാദ്യം മുഴുവന്‍ ചെലവിടുവാനും ഞാന്‍ സന്നദ്ധനാണ്”. അപ്പോള്‍ നാം പോകുന്ന വഴിയിലെല്ലാം ദൈവം തുടര്‍ച്ചയായിത്തന്നെ പര്‍വതങ്ങളെ നമ്മുടെ മുമ്പില്‍ സമഭൂമികളായി മാറ്റുന്നതു നാം കാണാം.

ദേശത്ത് എത്രയധികം മല്ലന്മാരുണ്ടായിക്കൊള്ളട്ടെ. അവരെയെല്ലാം കൈകാര്യം ചെയ്യുവാന്‍ നമ്മുടെ ദൈവത്തിനു കഴിയും. അവിടുന്ന് നമ്മുടെ ശത്രുക്കള്‍ക്ക് ഒരു ശത്രുവായിത്തീരുകയും നമ്മോടു യുദ്ധം ചെയ്യുന്നവരോടു യുദ്ധം ചെയ്കയും ചെയ്യും (പുറ. 23:22; യെശ. 49:25). നമുക്കെതിരായി നിര്‍മ്മിക്കുന്ന യാതൊരായുധവും ഫലിക്കയില്ലെന്നും അവിടുന്നു തന്നെ നമ്മെ നീതീകരിക്കുമെന്നും ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട് (യെശ. 54:17). അതിനാല്‍ വ്യാജമായി കുറ്റം ചുമത്തപ്പെടുമ്പോള്‍ നാമൊരിക്കലും നമ്മെ ന്യായീകരിച്ചു സംസാരിക്കേണ്ട ആവശ്യ മില്ല. നീതിയോടെ വിധിക്കുന്നവന്റെ കൈയില്‍ കാര്യം ഭരമേല്‍പിച്ചു കൊണ്ട് നമുക്കു മൗനമായിരിക്കാം (1 പത്രോ. 2:23). പുതിയനിയമശുശ്രൂഷകന്മാര്‍ അവലംബിക്കുന്ന ആത്മഗൗരവം ആ വിധത്തിലുള്ളതാണ്.

നാം ദൈവത്തില്‍ സമ്പൂര്‍ണ്ണാശ്രയം വയ്ക്കുന്നു. അവിടുന്നു നമ്മെ ലജ്ജിപ്പിക്കയില്ലെന്നു നാം അറിയുന്നു. നമ്മുടെ മുന്നോടിയായിരുന്ന യേശുവിനുവേണ്ടി അവിടുന്നു ചെയ്തതു നമുക്കു വേണ്ടിയും ചെയ്യും.

ഇന്‍ഡ്യയില്‍ ക്രിസ്തുവിന്റെ ശരീരം പണിയുവാന്‍ ഞങ്ങള്‍ അധ്വാനിച്ചതില്‍നിന്നു ഞങ്ങള്‍ക്കു പറയുവാനുള്ള സാക്ഷ്യം ഇതാണ്: ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ മനുഷ്യരുടെയും പൈശാചികശക്തികളുടെയും എതിര്‍പ്പ്, വ്യാജമായ കുറ്റാരോപണങ്ങള്‍, വിദ്വേഷപൂര്‍വമായ അപവാദം, കള്ളസഹോദരന്മാരുടെ വഞ്ചന തുടങ്ങിയ പല പര്‍വതങ്ങളെയും ഞങ്ങള്‍ അഭിമുഖീകരിച്ചിട്ടുണ്ട്. ഒരിക്കലും ഞങ്ങള്‍ ഞങ്ങളെ ത്തന്നെ ന്യായീകരിച്ചു സംസാരിച്ചിട്ടില്ല. എപ്പോഴും ഞങ്ങള്‍ ദൈവത്തിന്റെ മുമ്പില്‍ വീണ് ”കര്‍ത്താവേ, ഇത് അങ്ങയുടെ പ്രവര്‍ത്തനമാണ്, ഞങ്ങളുടേതല്ല. ഞങ്ങള്‍ അവിടുത്തേ ഭൃത്യന്മാര്‍ മാത്രമാണ്. ഞങ്ങളുടെ ഈ രാജ്യത്ത് അങ്ങു സ്ഥാപിക്കുവാനാഗ്രഹിക്കുന്നതിനെ ഒരു മനുഷ്യനും ഒരു പൈശാചികശക്തിക്കും തടസ്സപ്പെടുത്തുവാന്‍ സാധ്യമല്ലെന്നു ഞങ്ങള്‍ക്കറിയാം. ഈ പര്‍വതം ഞങ്ങളുടെ വഴിയില്‍ നിന്നു നീങ്ങിപ്പോകുവാന്‍ യേശുവിന്റെ നാമത്തില്‍ ഞങ്ങള്‍ കല്പിക്കുന്നു” എന്നു പറയുക മാത്രം ചെയ്തിട്ടുണ്ട്.

ഇന്ന് ഇരുപതുവര്‍ഷത്തിനുശേഷം ഞങ്ങളുടെ വഴിയില്‍ വിലങ്ങടിച്ചു നിന്ന ഓരോ പര്‍വതത്തെയും ദൈവം നീക്കിക്കളഞ്ഞിട്ടുണ്ടെന്നു സാക്ഷ്യം പറയുവാന്‍ ഞങ്ങള്‍ക്കു കഴിയും. ഞങ്ങളുടെ ശത്രുക്കള്‍ക്ക് അവിടുന്ന് ഒരു ശത്രുവായിരുന്നു. അവിടുന്നു തന്നെ ഞങ്ങളെ ന്യായീകരിക്കുകയും ഞങ്ങളെക്കുറിച്ചുള്ള തന്റെ അംഗീകാരം സാക്ഷ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എല്ലാ മഹത്വവും അവിടുത്തെ നാമത്തിനായിരിക്കട്ടെ. ഭാവിവര്‍ഷങ്ങളിലും ഇപ്രകാരം തന്നെ അവിടുന്നു ചെയ്യുമെന്നു ഞങ്ങള്‍ക്കറിയാം.

വിശ്വാസികളെ ദൈവത്തിന് ഏല്പിച്ചുകൊടുക്കുക

വിശ്വാസികള്‍ നമ്മില്‍ ആശ്രയമര്‍പ്പിക്കുവാന്‍ അനുവദിക്കാതെ അവര്‍ പരിശുദ്ധാത്മാവില്‍ ആശ്രയിക്കുവാന്‍ തക്കവണ്ണം ദൈവഭൃത്യരായ നാം അവരെ സഹായിക്കണം. അവര്‍ ആത്മീയശിശുക്കളായിരിക്കുമ്പോള്‍ പല കാര്യങ്ങളിലും നമ്മുടെ സഹായം അവര്‍ക്ക് ആവശ്യമായിരിക്കാം. എന്നാല്‍ ഏതാനും മാസക്കാലമെങ്കിലും അവര്‍ കര്‍ത്താവിനെ അറിഞ്ഞു ജീവിച്ചിട്ടുണ്ടെങ്കില്‍ സഹായത്തിനായി അവര്‍ ദൈവത്തെ മാത്രം ആശ്രയിക്കുമാറ് അവരെ സ്വതന്ത്രരായി വിടണം.

കുട്ടികള്‍ ജനിച്ച് ഒരു വര്‍ഷം കഴിയുമ്പോള്‍ അവര്‍ സ്വന്ത കാലുകളില്‍ നില്‍ക്കത്തക്കവിധത്തിലാണ് ദൈവം ജീവിതത്തെ വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത്. നമ്മുടെ സഭകളിലും ഇപ്രകാരം തന്നെ ആയിരിക്കണം. വീണ്ടും ജനനം പ്രാപിച്ച് ഒരു വര്‍ഷത്തിനകം വിശ്വാസികള്‍ പാപത്തെ ജയിച്ചുകൊണ്ട് ദൈവത്തോടുകൂടെ നടക്കുവാന്‍ പഠിക്കണം. രണ്ടു വര്‍ഷം പ്രായമാകുമ്പോഴേക്ക് കാലുറപ്പിച്ചു നേരേ നടക്കുവാന്‍ അവര്‍ക്കു കഴിയണം.

യിസ്രായേല്‍ ജനത ഈജിപ്റ്റ് വിട്ട് കൃത്യം രണ്ടു വര്‍ഷം കഴിഞ്ഞ സമയത്ത് ദൈവം അവരെ കാദേശ് ബര്‍ന്നയില്‍ കൊണ്ടുവന്ന് വാഗ്ദത്തദേശത്തേക്കു പ്രവേശിച്ചുകൊള്ളുവാന്‍ അവരോടു കല്പിച്ചു. എന്നാല്‍ അവര്‍ ദൈവത്തോട് അനുസരണക്കേടു കാണിച്ചു. അവരുടെ ആ പരാജയം നമുക്കൊരു താക്കീതായി പുതിയ നിയമത്തില്‍ വീണ്ടും വീണ്ടും എടുത്തുകാണിച്ചിട്ടുണ്ട് (1 കൊരി. 10; എബ്രാ. 3 എന്നീ അധ്യായങ്ങള്‍ നോക്കുക).

തങ്ങള്‍ക്കുവേണ്ടി ദൈവഹിതം കണ്ടുപിടിക്കുന്ന കാര്യത്തില്‍ വിശ്വാസികള്‍ നമ്മെ ആശ്രയിക്കുവാന്‍ നാം അനുവദിക്കരുത്. നാം അവരെ ദൈവത്തിന് ഏല്‍പിച്ചുകൊടുക്കണം. അങ്ങനെയാണെങ്കിലേ അവര്‍ വളര്‍ച്ച പ്രാപിക്കുകയുള്ളു. പുതിയ ഉടമ്പടിയിന്‍ കീഴിലുള്ള ദൈവവാഗ്ദാനം ഇപ്രകാരമാണ്: ”ഇനി അവരിലാരും തന്റെ കൂട്ടുകാരനെയും സഹോദരനെയും കര്‍ത്താവിനെ അറിക എന്ന് ഉപദേശിക്കുകയില്ല. അവര്‍ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും” (എബ്രാ. 8:11).

തന്റെ ആടുകള്‍ തന്റെ ശബ്ദം കേള്‍ക്കുമെന്ന് യേശു പറഞ്ഞിട്ടുണ്ട്. അവര്‍ എപ്പോഴും അതു നമ്മില്‍ക്കൂടെ കേള്‍ക്കുവാന്‍ നാം ഇടയാക്കരുത്. ഇവിടെയാണ് മിക്ക ക്രിസ്തീയനേതാക്കളും ദൈവവഴിയില്‍നിന്നു വിട്ടുമാറിയിട്ടുള്ളത്. അവര്‍ക്ക് ഒരു തീരുമാനമെടുക്കേണ്ട സമയത്ത് എന്താണു ചെയ്യേണ്ടതെന്നറിയുവാന്‍ തങ്ങളുടെ നേതാവിനെ ആശ്രയിക്കുന്ന പഴയനിയമജീവിതരീതിയിലേക്കാണ് അവര്‍ വിശ്വാസികളെ നയിച്ചിട്ടുള്ളത്.

പുതിയ ഉടമ്പടിയിന്‍ കീഴിലുള്ള ഒരു ദൈവഭൃത്യന്‍ വിശ്വാസികളെ തങ്ങളുടെ ശിരസ്സായ ക്രിസ്തുവുമായി നേരിട്ടുള്ള ഒരു ബന്ധത്തിലേക്കു നയിക്കുകയാണ് ചെയ്യുന്നത്. സഭയെ ക്രിസ്തുവിന്റെ ശരീര മായി പണിയുവാനുള്ള ഏകമാര്‍ഗ്ഗം അതത്രേ.

ക്രിസ്തുവിന്റെ ശരീരം പടുത്തുയര്‍ത്തുവാനുള്ള താല്‍പര്യം

ദേവാലയത്തിന് അടിസ്ഥാനമിട്ടവനായ സെരുബ്ബാബേല്‍ (കര്‍ത്താ വായ യേശുവിന്റെ ഒരു സാദൃശ്യം) തന്നെ അതു തീര്‍ക്കുമെന്ന് സെഖ. 4:9ല്‍ നാം വായിക്കുന്നു. കര്‍ത്താവ് ഒരിക്കലും തന്റെ പ്രവൃത്തി അപൂര്‍ണ്ണതയില്‍ വിട്ടുകളയുകയില്ല.

ഒരു പട്ടണത്തില്‍ വിശുദ്ധമായ ഒരു സാക്ഷ്യം പടുത്തുയര്‍ത്തുവാനായി കര്‍ത്താവു രണ്ടു ശിഷ്യന്മാരെ കൈയിലെടുക്കുമ്പോള്‍ അവരിലൂടെ അവിടുന്ന് തന്റെ പ്രവര്‍ത്തനത്തിന് ഒരു അടിസ്ഥാനമിട്ടു കഴിഞ്ഞു. അനന്തരം ആ അടിസ്ഥാനത്തില്‍ വിള്ളലൊന്നും വരാതെ, ആ രണ്ടുപേര്‍ക്കിടയില്‍ ഒരു വിടവു സൃഷ്ടിക്കപ്പെടാതെ, അവര്‍ സൂക്ഷിക്കണം.

തങ്ങളുടെ പരസ്പരകൂട്ടായ്മ പടുത്തുയര്‍ത്തുകയും നിലനിര്‍ത്തുകയും ചെയ്യുന്നതില്‍ അവര്‍ വിശ്വസ്തരാണെങ്കില്‍ കര്‍ത്താവു തന്റെ വേല അവിടെ പൂര്‍ത്തിയാക്കും; അവിടെ തന്റെ സഭയെ പണിയും.

നിങ്ങളുടെ പട്ടണത്തില്‍ ക്രിസ്തുവിന്റെ ശരീരം പണിയുന്നതില്‍ നിങ്ങള്‍ മനസ്സു വച്ചിട്ടുണ്ടെങ്കില്‍, ദൈവം അതിലും വളരെയധികമായി അതിനായി മനസ്സു വയ്ക്കുമെന്ന് നിങ്ങള്‍ക്കു തീര്‍ച്ചയാക്കാം. സഭയെ പണിയുവാനുള്ള അവിടുത്തെ ആഗ്രഹത്തോടു താരതമ്യപ്പെടുത്തിയാല്‍ നിങ്ങളുടെ താല്‍പര്യം മഹാസമുദ്രത്തിലെ ഒരു ജലകണം പോലെ മാത്രമാണ്. അവിടുന്നാണ് ആ താല്‍പര്യത്തെ ഒരു വിത്തു പോലെ നിങ്ങളുടെ ഹൃദയത്തില്‍ നിക്ഷേപിച്ചത്. ആ താല്‍പര്യം നിങ്ങളുടെ സ്വന്തമാണെന്നു സങ്കല്പിക്കുന്നത് കേവലം നിഗളമാണ്. ദൈവം നട്ടിട്ടുള്ള വിത്തിനെ നനയ്ക്കുവാന്‍ മാത്രമേ നിങ്ങള്‍ക്കു കഴിയൂ. അതു വളരാന്‍ ഇടയാക്കുന്നത് ദൈവമാണ്.

സഭയുടെ പണി ഒന്നാമതായിത്തന്നെ ദൈവത്തിന്റേതാണെന്നു നിങ്ങള്‍ ചിന്തിക്കുന്നില്ലെങ്കില്‍ ഒരു ഞെരുക്കമുള്ള സാഹചര്യത്തിലെ ത്തുമ്പോള്‍ ദൈവം നിങ്ങളെ സഹായിക്കുമോ ഇല്ലയോ എന്നു നിങ്ങള്‍ സംശയിച്ചേക്കാം. അപ്പോള്‍ യേശുവിന്റെ ശിഷ്യന്മാരെപ്പോലെ, ”ഞങ്ങള്‍ നശിച്ചുപോകുന്നതില്‍ അങ്ങേയ്ക്കു വിചാരമില്ലേ?” എന്നു നിങ്ങള്‍ ചോദിക്കുകയും ചെയ്‌തേക്കാം (മര്‍ക്കോ. 4:38).

ക്രിസ്തുവിന്റെ ശരീരം പടുത്തുയര്‍ത്തുന്നതു നാമാണ് എന്നു ചിന്തിക്കുവാന്‍ ഇടയാകുന്നപക്ഷം അതു നിഗളമാണ്. അതു നമ്മെ വിശ്വാസമില്ലാത്തവരാക്കുകയും ചെയ്യും. നിഗളവും അവിശ്വാസവും തമ്മില്‍ വളരെയടുത്ത ബന്ധമാണുള്ളത്.

എബ്ര. 2:4ല്‍ വിശ്വാസിയായ മനുഷ്യന്റെ എതിര്‍ദിശയിലുള്ള മനുഷ്യന്‍ അവിശ്വാസിയായ മനുഷ്യനല്ല, അഹങ്കാരിയായ മനുഷ്യനാണെന്നു പറഞ്ഞിട്ടുള്ളതായി നാം കാണുന്നു. യോഹ. 5:44ല്‍ അഹങ്കാരമാണ് (മനുഷ്യരില്‍നിന്നു മാനം അന്വേഷിക്കല്‍) ആളുകളില്‍ വിശ്വാസം വ്യാപരിക്കുന്നതിനു തടസ്സമായി നില്‍ക്കുന്നതെന്നും നാം കാണുന്നു. അഹങ്കാരികളായ വ്യക്തികള്‍ക്ക് ദൈവത്തില്‍ വിശ്വസിക്കേണ്ട ആവശ്യമില്ല. അതിനാല്‍ അവര്‍ വിശ്വാസമില്ലാത്തവരായിക്കഴിയുകയും ചെയ്യുന്നു.

ഇതേ വിധത്തില്‍ താഴ്മയും വിശ്വാസവും തമ്മിലും അടുത്ത ബന്ധമുള്ളതായി നാം കാണുന്നു. താഴ്മയുള്ള മനുഷ്യന്‍ തന്നില്‍ ത്തന്നെ ആശ്രയിക്കുന്നില്ല. ദൈവത്തില്‍ മാത്രമാണ് അവന്റെ ആശ്രയം.

നമ്മില്‍ത്തന്നെ ആശ്രയിക്കാതിരിക്കുക

പഴയ ഉടമ്പടിയിന്‍ കീഴില്‍ ഒരു യിസ്രായേല്യന്റെ പ്രാഥമികമായ അടയാളം പരിച്ഛേദനമായിരുന്നു. പരിച്ഛേദനമേല്‍ക്കാത്ത ഏതൊരുവനെയും ദൈവിക ഉടമ്പടി ലംഘിക്കുകമൂലം ദൈവജനങ്ങളുടെ ഇടയില്‍ നിന്നു ഛേദിച്ചുകളയേണ്ടിയിരുന്നു (ഉല്‍പ. 17:14).
പുതിയ ഉടമ്പടിയിന്‍ കീഴില്‍ പരിച്ഛേദനത്തിന്റെ ആത്മീയാര്‍ത്ഥത്തെ ഇപ്രകാരം വിശദീകരിക്കാം: ”നമ്മില്‍ത്തന്നെ ആശ്രയം വയ്ക്കാതിരിക്കുക” (ഫിലി. 3:3).

തന്നില്‍ത്തന്നെ ആശ്രയിക്കാതിരിക്കുന്ന ഒരുവനെയാണ് ദൈവം താങ്ങുകയും തന്റെ ആത്മാവിനാല്‍ നിരന്തരം അഭിഷേകം ചെയ്കയും ചെയ്യുന്നത്. യേശുവിനെ സംബന്ധിച്ച് ഇപ്രകാരമൊരു പ്രവചനമുണ്ട്: ”ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍ … ഞാന്‍ എന്റെ ആത്മാവിനെ അവന്റെമേല്‍ വച്ചിരിക്കുന്നു” (യെശ. 42:1; മത്താ. 12:18).

പുതിയ ഉടമ്പടിയിന്‍ കീഴിലുള്ള ഒരു ദൈവഭൃത്യനായിത്തീരുന്ന തിനുള്ള മുഖ്യവും അനുപേക്ഷണീയവുമായ കാര്യം പരിശുദ്ധാത്മാഭി ഷേകമാണ്. താന്‍ താങ്ങുന്നവര്‍ക്ക് ദൈവം അതു നല്‍കുന്നതായി ഈ വാക്യം പ്രസ്താവിക്കുന്നു. അതായത്, നിസ്സഹായരായി ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ക്കു തന്നെ.

നാം നമ്മില്‍ത്തന്നെ ബലഹീനരായിത്തീരുന്നതുവരെയും ദൈവ ത്തിലുള്ള വിശ്വാസം നമ്മില്‍ വ്യാപരിക്കുവാന്‍ സാധ്യമല്ല. നാം ബലഹീനരല്ലെങ്കില്‍ നമ്മുടെ വിശ്വാസം ജഡത്തിന്റെ ഭുജത്തിലായി രിക്കും. അത് ഒരുവേള നമ്മുടെ തന്നെ സാമര്‍ത്ഥ്യമോ കാര്യപ്രാപ്തിയോ പണമോ അഥവാ നാം അറിയുകയോ ആശ്രയിക്കുയോ ചെയ്യുന്ന മറ്റു ചിലരുടെ വിഭവശേഷിയോ ആയിരിക്കും.

ഒരു ദൃഷ്ടാന്തം പറയട്ടെ. ഒരു ധനികനായ സഹോദരനും ദരിദ്രനായ സഹോദരനും ഉണ്ടെന്നിരിക്കട്ടെ. രണ്ടുപേര്‍ക്കും പെട്ടെന്ന് ഒരു സാമ്പത്തികാവശ്യം നേരിട്ടുവെന്നും വയ്ക്കുക. ഇവരില്‍ ആര്‍ക്കാണ് ദൈവത്തില്‍ ആശ്രയിക്കേണ്ട ആവശ്യം കൂടുതലുള്ളത്? തീര്‍ച്ചയായും ദരിദ്രനായ സഹോദരനു തന്നെ. സമ്പന്നനായ സഹോദരന് കൂടുതല്‍ പണമുണ്ട്. അതിനാല്‍ അയാള്‍ക്കു പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ആ ദരിദ്രനായ സഹോദരന്‍ അദ്ദേഹത്തിനു വിശ്വാസമുള്ളതിനാല്‍ ദൈവത്തോടു നിലവിളിക്കും; അയാള്‍ നിരാശപ്പെടുകയുമില്ല. നമുക്കു ചാരുവാന്‍ മാനുഷികമായ വിഭവങ്ങള്‍ ഇല്ലാത്തപ്പോഴാണ് വിശ്വാസ ത്താല്‍ ജീവിക്കുവാന്‍ നാം പഠിക്കുന്നത്.

വിശ്വാസത്താല്‍ ജീവിക്കുന്നുവെന്നവകാശപ്പെടുന്ന ഒട്ടധികം പൂര്‍ണ്ണസമയ സുവിശേഷപ്രവര്‍ത്തകര്‍ക്കു തന്നെയും തങ്ങള്‍ക്കാശ്രയിക്കാവുന്ന മാനുഷികമായ ആശ്രയസ്ഥാനങ്ങളുണ്ട്. ഒരുവേള ദൈവം തങ്ങളെ കൈവിട്ടുകളഞ്ഞാലും ഓരോ മാസവും തങ്ങള്‍ക്കു പണമയയ്ക്കുമെന്ന് അവര്‍ വിശ്വസിക്കുന്ന സഹോദരന്മാരുണ്ട്!

വിശ്വാസം കേള്‍വിയാല്‍ വരുന്നു (റോമര്‍ 10:17). ദൈവം എന്തു പറയുന്നുവോ അതു കേള്‍ക്കുമ്പോഴാണ് നമ്മുടെ ഹൃദയങ്ങളില്‍ വിശ്വാസം രൂപപ്പെടുന്നത്. ദൈവം തന്റെ തിരുവചനത്തിലൂടെയും ആത്മാവിലൂടെയും നമ്മോടു സംസാരിക്കുന്നു. അതിനാല്‍ ദൈവം സംസാരിക്കുന്നത് നാം കേള്‍ക്കുന്നില്ലെങ്കില്‍ നമുക്കു വിശ്വാസം ഉണ്ടാവുകയില്ല. നാം കേള്‍ക്കുന്ന കാര്യം എന്തായിരുന്നാലും നമ്മുടെ ആത്മീയ ആന്റിനകള്‍ ദൈവത്തെ ശ്രവിക്കുവാനുതകുന്ന വിധത്തില്‍ ക്രമീകരിക്കപ്പെടണം.

ഒരു ദൈവഭൃത്യന് ആവശ്യമായിട്ടുള്ള കാര്യങ്ങളില്‍ ഏറ്റവും പ്രധാനമായ ഒന്ന് എപ്പോഴും ദൈവശബ്ദം കേള്‍ക്കുക എന്നതത്രേ. യേശു ഓരോ ദിവസവും പരിശുദ്ധാത്മാവിന്റെ ശബ്ദം ശ്രദ്ധിച്ചും അവിടുത്തെ പ്രേരണകളെ അനുസരിച്ചുംകൊണ്ടാണ് ജീവിച്ചത് (യെശ. 50:4). തനിക്കു തന്നില്‍ത്തന്നെ വിശ്വാസമില്ലായിരുന്നുവെന്നും, ഏതു കാര്യങ്ങള്‍ക്കാണ് നിത്യമായി വിലയുള്ളത്, ഏതിനാണ് അതില്ലാത്തത് എന്നത് തനിക്കു കാണിച്ചുതരുവാന്‍ പിതാവിനു മാത്രമേ കഴിയുക യുള്ളു എന്നു യേശുവിന് അറിയാമായിരുന്നുവെന്നും ഇതില്‍ക്കൂടെ തെളിയുന്നു. ദൈവത്തെ ശ്രദ്ധിക്കുവാന്‍ നമുക്കു സാവകാശമില്ലാത്ത തിനാല്‍ നമ്മുടെ സമയത്തില്‍ നല്ലൊരു പങ്ക് നിത്യമായ വിലയില്ലാത്ത കാര്യങ്ങള്‍ ചെയ്യുവാനായി നാം ചെലവഴിക്കുന്നു.

തന്നിലുള്ള വിശ്വാസത്താല്‍ ജീവിക്കേണ്ടതെങ്ങനെയെന്നു നമ്മെ പഠിപ്പിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. ”നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും” എന്നു നാലു പ്രാവശ്യം ബൈബിളില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇതു പൂര്‍ണ്ണസമയസുവിശേഷപ്രവര്‍ത്തകരെക്കുറിച്ചല്ല, എല്ലാ വിശ്വാസികളെയുംകുറിച്ചാണ്. അതിനാല്‍ വീണ്ടും വീണ്ടും മാര്‍ഗ്ഗദര്‍ശനത്തി നായി ദൈവത്തിങ്കലേക്കു തിരിയുവാന്‍ നിര്‍ബ്ബന്ധിതരാകുമാറ് നമ്മുടെ സാഹചര്യങ്ങളെ ദൈവം ക്രമീകരിക്കുന്നു. ദൈവം സര്‍വോത്തമമായി ക്കരുതുന്ന കാര്യം നാം അന്വേഷിക്കുന്ന പക്ഷം നാം ദീര്‍ഘകാലമായി ആശ്രയിച്ചുകൊണ്ടിരുന്ന മാനുഷികമായ താങ്ങുകളെ ദൈവം ക്രമേണ നീക്കിക്കളയും. അങ്ങനെ നമ്മുടെ സാമ്പത്തികമോ ശാരീരികമോ ഏതു തരത്തിലുള്ളതോ ആയ എല്ലാ ആവശ്യങ്ങള്‍ക്കുംവേണ്ടി ദൈവത്തില്‍ മാത്രം ആശ്രയിക്കുന്ന ഒരവസ്ഥയിലേക്ക് ദൈവം നമ്മെ നടത്തും.

2 ദിന. 2-ാമധ്യായത്തില്‍ യെഹൂദാരാജാവായ ആസാ രോഗബാധിത നായിത്തീര്‍ന്നുവെന്ന് നാം വായിക്കുന്നു. ഒരു രാജാവു രോഗിയായാല്‍ അദ്ദേഹത്തെ ചികിത്സിക്കുവാന്‍ ഏറ്റവും നല്ല ഡോക്ടറന്മാരെ നിയമിക്കുവാന്‍ അദ്ദേഹത്തിനു കഴിയും. എങ്കിലും ആസാ മരിച്ചു. എന്തു കൊണ്ട്? തന്റെ രോഗം അതികഠിനമായിരുന്നപ്പോള്‍പോലും അദ്ദേഹം ഡോക്ടറന്മാരില്‍ ആശ്രയിക്കുകയല്ലാതെ ദൈവത്തെ അന്വേഷിച്ചില്ല (വാ. 12).

യിസ്രായേലിലെ ദരിദ്രനായ ഒരു മനുഷ്യന്‍ രോഗിയായിത്തീര്‍ന്നിരുന്നുവെങ്കില്‍ ദൈവത്തെ അന്വേഷിക്കുവാന്‍ അയാള്‍ നിര്‍ബ്ബന്ധിതനായിത്തീരുകയും ദൈവം അയാളെ സൗഖ്യമാക്കുകയും ചെയ്യുമായി രുന്നു. നാം ബലഹീനരായിരിക്കുകയും നമ്മുടെ മാനുഷികവിഭവങ്ങള്‍ പരിമിതമായിരിക്കുകയും ചെയ്യുമ്പോഴാണ് ദൈവത്തെ നാം അന്വേഷിക്കുന്നത്.

”വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ സാധ്യമല്ല” എന്നു പറയുമാറ് ക്രിസ്തീയജീവിതത്തില്‍ അത്ര പ്രധാനമായ ഒരു കാര്യമാണ് വിശ്വാസം (എബ്രാ. 11:6). അതിന്റെ അര്‍ത്ഥം ഇതാണ്: നാം വിശുദ്ധിയിലും നന്മയിലും ജീവിച്ചാലും ഒരിക്കലും ദൂഷണം പറകയോ വ്യര്‍ത്ഥസംസാരത്തിലേര്‍പ്പെടുകയോ വ്യാജം പറകയോ ചെയ്യാതിരുന്നാലും നമ്മുടെ പണം മുഴുവന്‍ ദൈവവേലയ്ക്കായി കൊടുത്താലും നാം വിശ്വാസത്താല്‍ ജീവിക്കുന്നില്ലെങ്കില്‍ (നമ്മില്‍ ത്തന്നെ യാതൊരാശ്രയവും വയ്ക്കാതെ ദൈവത്തില്‍ മാത്രം ആശ്രയം വച്ചുകൊണ്ടു ജീവിക്കുന്നില്ലെങ്കില്‍) നാം ദൈവത്തെ പ്രസാദിപ്പിക്കുന്നില്ല എന്നാണ് അതിന്റെ അര്‍ത്ഥം.

പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരെന്ന നിലയില്‍ സഭയിലുള്ള മറ്റുള്ളവര്‍ക്കു നാം പകര്‍ന്നുകൊടുക്കേണ്ടത് കേവലം വചനപരിജ്ഞാനമല്ല, വിശ്വാസമാണ്. എല്ലാ സാഹചര്യങ്ങളിലും ദൈവത്തിലാശ്രയിക്കേണ്ടതെങ്ങനെയെന്ന് നമ്മുടെ സ്വന്തം അനുഭവത്തിലൂടെ നാം അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

മനശ്ശക്തി, ഇലക്‌ട്രോണിക് ശക്തി, ദ്രവ്യശക്തി

ദൈവഭൃത്യന്മാരെന്ന നിലയില്‍ നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം നമ്മുടെ മാനുഷികശക്തിയും (soul-power) പരിശുദ്ധാത്മ ശക്തിയും തമ്മിലുള്ള വ്യത്യാസമാണ്.

പത്രോസ് ഒരിക്കല്‍ കര്‍ത്താവിനോട്, ”അങ്ങ് ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്” എന്നു പറഞ്ഞു. യേശു ഉടന്‍തന്നെ ഇപ്രകാരം മറുപടി നല്‍കി, ”ജഡരക്തങ്ങളല്ല ഇതു നിനക്കു വെളിപ്പെടുത്തിയത്”. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ആ ആത്മീയസത്യത്തെ തന്റെ മാനസികകഴിവു (soul-power) കൊണ്ടല്ല മാനുഷികമായി തനിക്കുള്ള കഴിവോ വിവേകമോ കൊണ്ടല്ല പത്രോസ് മനസ്സിലാക്കിയത്.

ദൈവികവെളിപ്പാടു നമുക്കു നല്‍കുവാന്‍ നമ്മുടെ ദേഹിക്കു കഴിവില്ല. നാം ബുദ്ധിമാന്മാരാണെങ്കില്‍ ബൈബിളില്‍നിന്നു സമര്‍ത്ഥങ്ങളായ ചിന്തകള്‍ നമുക്കു ലഭിക്കുവാന്‍ കഴിയും. നമുക്കു സഭയിലുള്ള മറ്റുള്ളവരുമായി ആ ചിന്തകള്‍ പങ്കുവയ്ക്കാം. വിവേചനമില്ലാത്ത ആളുകള്‍ അവയെപ്പറ്റി മതിപ്പുള്ളവരായിത്തീരുകയും ചെയ്യാം. എന്നാല്‍ സമര്‍ത്ഥമായ മാനുഷികചിന്തകളും ദൈവികവെളിപ്പാടും ആകാശവും ഭൂമിയും പോലെ വ്യത്യസ്തങ്ങളും വിദൂരസ്ഥിതങ്ങളുമാണ്.

ദൈവവചനം പ്രസംഗിക്കുന്നതില്‍ തന്റെ സാമര്‍ത്ഥ്യം ഉപയോഗിക്കുന്നതിനെപ്പറ്റി പൗലോസ് ഭയപ്പെട്ടിരുന്നു. മറ്റുള്ളവരുടെ വിശ്വാസം ദൈവത്തിന്റെ ശക്തിയിലല്ല, തന്റെ ജ്ഞാനത്തില്‍ അടിസ്ഥാനപ്പെട്ടതാകുന്നതിനെയാണ് അദ്ദേഹം ഭയപ്പെട്ടത്. അതിനാല്‍ ഭയത്തോടും നടുക്കത്തോടും കൂടെയാണ് അദ്ദേഹം പ്രസംഗിച്ചത് (1 കൊരി. 2:15).

മാനുഷികമായിപ്പറഞ്ഞാല്‍, യഹൂദന്മാരുടെയിടയില്‍ പ്രവര്‍ത്തിക്കുവാന്‍ പൗലോസ് (അവരുടെ തിരുവെഴുത്തുകള്‍ അദ്ദേഹത്തിന് അറിവുണ്ടായിരുന്നതിനാല്‍) മാതൃകാപരമായവിധം യോഗ്യതയുള്ളവനായിരുന്നു. പത്രോസ് വിജാതീയരുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാനും യോഗ്യനായിരുന്നു. എന്നാല്‍ ദൈവം അവര്‍ക്കിരുവര്‍ക്കും ഇതിനു നേര്‍ വിരുദ്ധമായ ശുശ്രൂഷയാണ് നല്‍കിയത്. അവര്‍ തങ്ങളുടെ കഴിവുകളിലല്ല, പരിശുദ്ധാത്മാവില്‍ത്തന്നെ ആശ്രയിക്കുന്നതിനുവേണ്ടിയാണ് ദൈവം അപ്രകാരം ചെയ്തത്.

മറ്റുള്ളവരുടെ ബഹുമാനം ലഭിക്കുവാന്‍വേണ്ടി അവരോടു പ്രസംഗിക്കുവാന്‍ നാം സാധാരണ ആഗ്രഹിക്കുന്നത് സമര്‍ത്ഥങ്ങളായ ചിന്തകളാണ്. നേരേമറിച്ച് ദൈവികവെളിപ്പാട് ദൈവമുമ്പാകെ കവിണ്ണു വീഴുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. നമ്മുടെ സാമര്‍ത്ഥ്യം മൂലം നമുക്കു മറ്റുള്ളവരില്‍ മതിപ്പുളവാക്കുവാന്‍ കഴിയും. എന്നാല്‍ ദൈവിക വെളിപ്പാടുകൊണ്ടു മാത്രമേ നമുക്ക് അവരെ സഹായിക്കുവാന്‍ സാധ്യമാകൂ.

യെശയ്യാവിനു ദൈവമഹത്വത്തെപ്പറ്റി ഒരു വെളിപ്പാടു ലഭിച്ചപ്പോള്‍ അദ്ദേഹം അതു തന്റെ അടുത്ത പ്രസംഗത്തിന്റെ വിഷയമാക്കുവാന്‍ ആഗ്രഹിച്ചില്ല! അദ്ദേഹം താണുവീണ് ദൈവത്തെ ആരാധിച്ചു. ഇതേ കാര്യം തന്നെ പത്മോസില്‍വച്ചു യോഹന്നാനും സംഭവിച്ചു. ഈ രണ്ടുപേരും ദൈവമുമ്പാകെ താണുവീണതിനുശേഷം മാത്രമാണ് തന്റെ സന്ദേശം മറ്റുള്ളവര്‍ക്കു പകര്‍ന്നുകൊടുക്കുവാന്‍ ദൈവം അവരോടാവശ്യപ്പെട്ടത്. ദൈവത്തെ സേവിക്കുവാന്‍ നമുക്കു കഴിയുന്നതിനു മുമ്പ് നാം അവിടുത്തെ ആരാധിക്കണം.

ഹിപ്‌നോടിക് ശക്തിയുപയോഗിച്ച് ആളുകളെ താഴത്തു വീഴിക്കുകയും അപസ്മാരതുല്യം ചിരിപ്പിക്കുകയും അവരെക്കൊണ്ടു സുവിശേഷകന്മാര്‍ക്കു പണം കൊടുപ്പിക്കുകയും ചെയ്യുന്ന ആളുകളുടെ ശുശ്രൂഷയിലും ദേഹിയുടെ ശക്തി അഥവാ മാനുഷികശക്തിയാണ് കാണപ്പെടുന്നത്. തെറ്റായ മാനസിക നിലപാടു നിമിത്തമുള്ള രോഗങ്ങള്‍ ബാധിച്ചവര്‍ക്കും ഇത്തരം മീറ്റിംഗുകളില്‍ രോഗശാന്തി ലഭിക്കുന്നുണ്ട്. ഈ കാര്യങ്ങള്‍ എല്ലാം മാനുഷികവും ദേഹീപരവുമായ ശക്തിയുപയോഗിച്ചും യേശുവിന്റെ നാമം ഉപയോഗിച്ചുമാണ് ചെയ്യപ്പെടുന്നത്. അതിനാല്‍ പല വിശ്വാസികള്‍ പോലും ഇവമൂലം വഞ്ചിക്കപ്പെടുന്നു. ദൈവഭൃത്യന്മാരെന്ന നിലയില്‍ ഇത്തരം കള്ളനാണയങ്ങളെ തുറന്നുകാട്ടുവാനുള്ള ധൈര്യം നമുക്കുണ്ടാകണം.

പല ക്രിസ്തീയനേതാക്കന്മാരും തങ്ങളുടെ അനുയായികളുടെമേല്‍ ആധിപത്യം ചെലുത്തി തങ്ങളുടെ വ്യക്തിവിലാസംകൊണ്ട് അവരെ കീഴടക്കുന്നതിലും മാനുഷികശക്തി കാണുവാന്‍ കഴിയും. ആളുകള്‍ അത്തരം നേതാക്കന്മാരുടെ മുമ്പില്‍ ചകിതരായിനിന്ന് അവര്‍ ദൈവിക വിശുദ്ധന്മാരെന്നു കരുതി അവരെ ബഹുമാനിക്കുന്നു. തങ്ങളുടെ അനുയായികളില്‍നിന്നുള്ള ഇത്തരം അഭിനന്ദനത്തെ ഈ നേതാക്കന്മാര്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു.

സംഗീതത്തിനും അസാധാരണമായ മാനുഷികശക്തിയുണ്ട്. നമ്മുടെ വികാരങ്ങളെ ഉദ്ദീപിപ്പിക്കുവാന്‍ അതിനു കഴിവുണ്ട്. എന്നാല്‍ അതു പരിശുദ്ധാത്മാവിന്റെ ശക്തിയാണെന്നു ചിന്തിച്ച് നാം വഞ്ചിതരാകരുത്. നല്ല സംഗീതംകൊണ്ട് പലരെയും നമ്മുടെ സഭകളിലേക്ക് ആകര്‍ഷിക്കുവാന്‍ നമുക്കു സാധിക്കും. എന്നാല്‍ ആരെയാണ് നാം ആകര്‍ഷിക്കുന്നത്? ദൈവഭക്തിയുള്ള ഒരു ജീവിതം നയിക്കുവാനാഗ്രഹിക്കുന്ന ആത്മദരിദ്രരെയല്ല, മറിച്ച് തങ്ങളുടെ അറിവിനെയും സംഗീതാഭിരുചിയെയുംകുറിച്ച് അഭിമാനംകൊള്ളുന്ന സംസ്‌കാരസമ്പന്നരും പരിഷ്‌കൃതരുമായവരെയാണ്.

ഒരു ഞായറാഴ്ച സംഗീതാഭിരുചിയുള്ള ഒരു മനുഷ്യനും ഭാര്യയും ബാംഗ്ലൂരില്‍ ഞങ്ങളുടെ മീറ്റിംഗിനു വന്നതു ഞാന്‍ ഓര്‍ക്കുന്നു. അവര്‍ അവിടുത്തെ സംഗീതം ശരാശരിനിലവാരത്തില്‍ താണതാണെന്നു മനസ്സിലാക്കി. പിന്നീടു വന്നതുമില്ല. സംഗീതപ്രധാനമായ ഒരു സഭയെ അന്വേഷിക്കുന്നവരില്‍നിന്ന് ദൈവം ഞങ്ങളെ സംരക്ഷിക്കുന്നതിനായി ഞങ്ങള്‍ ദൈവത്തോടു നന്ദിയുള്ളവരാണ്.

സഭയില്‍ നമുക്കാവശ്യമായിരിക്കുന്നത് നല്ലൊരു ഗായകസംഘമല്ല, പരിശുദ്ധാത്മാവിന്റെ ശക്തിയാണ്. പെന്തക്കോസ്ത് നാളില്‍ പത്രോസ് ജനസമൂഹത്തെ ആകര്‍ഷിച്ചത് സംഗീതോപകരണങ്ങള്‍കൊണ്ടല്ല, ദൈവത്തിന്റെ അഭിഷേകം കൊണ്ടാണ്. ഈ അഭിഷേകം നഷ്ടപ്പെടുമ്പോഴാണ് വിശ്വാസികള്‍ നല്ല സംഗീതംകൊണ്ടും ഫലിതമയമായ പ്രസംഗംകൊണ്ടും ഗംഭീരമായ കെട്ടിടങ്ങള്‍കൊണ്ടുമെല്ലാം അതിന്റെ കുറവു തീര്‍ക്കുവാന്‍ ശ്രമിക്കുന്നത്.

ഇലക്‌ട്രോണിക് ഉപകരണങ്ങളും ഒരു കെണിയായിത്തീരാം. അഭിഷേകമുള്ള ദൈവദാസന്മാരുടെ ബൈബിള്‍ പഠനത്തിന്റെ റ്റേപ്പുകള്‍ക്കു തീര്‍ച്ചയായും ആത്മീയവളര്‍ച്ചയില്‍ നമ്മെ സഹായിക്കുവാന്‍ കഴിയും. എന്നാല്‍ പരിശുദ്ധാത്മാവില്‍ ആശ്രയിക്കുന്നതിലധികം അത്തരം റ്റേപ്പു കളില്‍ ആശ്രയിക്കുവാനിടയാകുന്നതിനെപ്പറ്റി നാം കരുതലുള്ളവരാ കണം. അപ്പോസ്തലനായ പൗലോസിന്റെ പ്രസംഗം രേഖപ്പെടുത്തിയ റ്റേപ്പുകള്‍ നമുക്കുണ്ടായാല്‍പ്പോലും അവയെക്കൊണ്ടുമാത്രം സഭയെ പണിയുവാന്‍ നമുക്കു സാധ്യമല്ല.

ലോകത്തില്‍ അദ്ഭുതശക്തിയുള്ള മറ്റൊരു വസ്തുവാണ് പണം. അതില്‍ നമുക്കു നിഷ്പ്രയാസം ചാരുവാനും സാധിക്കും. ഇന്ന് മിക്കവാറും എല്ലാ ക്രിസ്തീയ സംഘടനകളും പണത്തെപ്പറ്റി സംസാരിക്കു കയും പാശ്ചാത്യദേശത്തുള്ള ലളിതചിത്തരും സത്യസന്ധരും എന്നാല്‍ വഞ്ചനയ്ക്കു കീഴ്‌പ്പെട്ടുപോകുന്നവരുമായ വിശ്വാസികളില്‍നിന്നു സര്‍വശക്തമായ ഡോളര്‍ ശേഖരിക്കുവാന്‍വേണ്ടി വാര്‍ത്താപത്രിക കള്‍ അയയ്ക്കുകയും ചെയ്യുന്നുണ്ട്.

നേരേമറിച്ച് അപ്പോസ്തലന്മാരാകട്ടെ, തങ്ങള്‍ക്കുവേണ്ടിയോ തങ്ങളുടെ വേലയ്ക്കുവേണ്ടിയോ ഒരിക്കല്‍പ്പോലും ഒരുത്തരോടും പണം ആവശ്യപ്പെട്ടിട്ടില്ല. ദരിദ്രരെ ഓര്‍ത്തുകൊള്ളണമെന്നും (ഗലാ. 2:10) ആവശ്യത്തിലിരിക്കുന്നവര്‍ക്കു സഹായം ചെയ്യണമെന്നും (2 കൊരി. 8,9) അവര്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ കഷ്ടം തന്നെ! ക്രിസ്തീയവേലയില്‍ അപ്പോസ്തലന്മാര്‍ ഒരിക്കല്‍പ്പോലും പറഞ്ഞിട്ടില്ലാത്ത കാര്യം ഇക്കാലത്ത് എല്ലാ സമയത്തും പറയപ്പെട്ടുകൊണ്ടിരിക്കുന്നു.

ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: ”എനിക്കു വിശന്നാല്‍ ഞാന്‍ നിന്നോടു പറയുകയില്ല; ഭൂമിയും അതിന്റെ നിറവും എന്റേതത്രേ” (സങ്കീ. 50:12).

ഈ ദൈവത്തിന്റെ ഭൃത്യരായ നമ്മുടെ കാര്യം എങ്ങനെ? ഭക്ഷണത്തിനോ പണത്തിനോ നമുക്കു മുട്ടുവരുമ്പോള്‍ നാമെന്താണു ചെയ്യുന്നത്? നാം നമ്മുടെ സ്വര്‍ഗ്ഗസ്ഥപിതാവിനോടു പറയുമോ അതോ മനുഷ്യരോടു പറയുമോ? യഥാര്‍ത്ഥത്തില്‍ നാം ദൈവത്താല്‍ വിളിക്കപ്പെട്ടവരാണെങ്കില്‍ ഭൗതികാവശ്യങ്ങളുടെ കാര്യത്തില്‍ നമുക്ക് ഒരു കുറവും വരികയില്ല. ദൈവത്തിനു പണത്തിന് ഒരു കുറവുമില്ല. അവിടു ത്തേക്ക് കുറവുള്ളത് തകര്‍ന്നഹൃദയമുള്ള വിനീതരും വിശ്വസ്തരും ദൈവാശ്രയമുള്ളവരുമായ ഭൃത്യന്മാരാണ്.

തന്റെ ആത്മാവിനാല്‍ ശക്തീകരിച്ചു സഭാനിര്‍മ്മാണത്തിന് ഉപയോഗിക്കുവാന്‍ പറ്റിയവരും തകര്‍ന്നഹൃദയവും താഴ്മയുമുള്ളവരുമായ ആളുകള്‍ക്കായി ദൈവം നോക്കിക്കൊണ്ടിരിക്കുന്നു.

ദൈവം തീക്ഷ്ണതയുള്ള ഒരു ദൈവമാണ്. അവിടുന്നു തന്റെ മഹത്വം ആര്‍ക്കും കൊടുക്കുകയില്ല. തന്റേതല്ലാത്ത മറ്റൊരു ശക്തിയുപ യോഗിച്ച് അവിടുന്നു സഭയെ പണിയുകയുമില്ല.

പൂര്‍വകാലത്തെന്നപോലെ ഇപ്പോഴും മാനുഷികശക്തികൊണ്ടോ ഇലക്‌ട്രോണിക് ശക്തികൊണ്ടോ സാമ്പത്തികശക്തികൊണ്ടോ അല്ല, പരിശുദ്ധാത്മശക്തികൊണ്ടുതന്നെ ദൈവത്തിന്റെ വേല തുടര്‍ന്നു ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

യേശുവിന്റെ ജീവിതവും ശുശ്രൂഷയും

ആത്മനിറവിന്‍ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം നാം യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും നോക്കണം. ആത്മാവു നിറഞ്ഞ ഒരു മനുഷ്യന്റെ ഏറ്റവും വ്യക്തമായ ഒരു ദൃഷ്ടാന്തമാണ് അവിടുന്ന്.

യേശുവിനുണ്ടായിരുന്നത് ആത്മാവിന്റെ ഫലമോ അതോ വരങ്ങളോ? ”രണ്ടും” എന്നാണ് ഉത്തരം. അതിനാല്‍ നമുക്കും ഇവ രണ്ടും അന്വേഷിക്കാം.

പരിശുദ്ധാത്മാവ് ദൈവവചനമാകുന്ന കണ്ണാടിയില്‍ യേശുവിന്റെ തേജസ്സു നമുക്കു കാണിച്ചുതരികയും അനന്തരം അവിടുത്തെ സാദൃശ്യത്തിലേക്കു നമ്മെ രൂപാന്തരപ്പെടുത്തുകയും ചെയ്യും (2 കൊരി. 3:18).

പരിശുദ്ധാത്മാവ് യേശുവിന്റെ ജീവിതം നമുക്കു കാണിച്ചു തരും. ഉദാഹരണമായി അവിടുത്തെ സമ്പൂര്‍ണ്ണമായ ക്ഷമയെപ്പറ്റി ചിന്തിക്കുക. ആളുകള്‍ അവിടുത്തെ കന്നത്തടിക്കുകയും മുഖരോമം പിഴുതെടുക്കുകയും വ്യാജമായി കുറ്റമാരോപിക്കുകയും ചെയ്തപ്പോള്‍ അവിടുന്ന് ഒരിക്കലും പരിഭവിച്ചില്ല. തന്റെ ഭവനത്തിലും പണിപ്പുരയിലും തനിക്കു നേരിടേണ്ടിവന്ന വിഭിന്ന സാഹചര്യങ്ങളോട് അവിടുന്ന് എങ്ങനെ പ്രതികരിച്ചുവെന്നും ആത്മാവു നമുക്കു കാണിച്ചുതരും. നാം ആത്മാവിനു കീഴടങ്ങുമെങ്കില്‍ അവിടുന്ന് അതേ സ്വഭാവം നമ്മിലും രൂപപ്പെടുത്തും.

തന്റെ ഹിതമനുസരിച്ച് നമ്മില്‍ ഇച്ഛിക്കുവാനും പ്രവര്‍ത്തിക്കുവാനും ദൈവം ആഗ്രഹിക്കുന്നു. എന്നാല്‍ അതിലേക്ക് നാം ഭയത്തോടും വിറയലോടുംകൂടി നമ്മുടെ രക്ഷയ്ക്കായി പ്രവര്‍ത്തിച്ചേ മതിയാവൂ (ഫിലി. 2:12,13). അങ്ങനെയെങ്കില്‍ നമ്മുടെ ജീവിതത്തിനു ക്രമാഗതമായി ഒരു രൂപാന്തരം സംഭവിക്കുന്നതു നമുക്കു കാണുവാന്‍ കഴിയും.

ദൈവസ്വഭാവത്തില്‍ പങ്കാളിയാവുക എന്നത് ഒരു കാര്യം; പരിശ്രമിച്ച് അതു നമ്മില്‍ ഉല്‍പാദിപ്പിക്കുക എന്നതു വ്യത്യസ്തമായ മറ്റൊരു കാര്യം. ദൈവസ്വഭാവത്തെ നമുക്ക് ഉല്‍പാദിപ്പിക്കുവാന്‍ സാധ്യമല്ല. ദൈവസ്വഭാവത്തില്‍ പങ്കുകാരാകുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ അതുണ്ടാക്കുവാനുള്ള നമ്മുടെ കഴിവുകേടു മനസ്സിലാക്കി നാം ഒരു തകര്‍ച്ചയിലേക്കു വരികയും പരിശുദ്ധാത്മാവില്‍നിന്നു വിനയത്തോടെ അതു സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ നമുക്ക് സ്വയം ദൈവസ്വഭാവം ഉല്‍പാദിപ്പിക്കുവാന്‍ സാധ്യമല്ലെന്ന വസ്തുത മനസ്സിലാക്കുവാന്‍ പലര്‍ക്കും ദീര്‍ഘസമയം വേണ്ടിവരുന്നു.

നാം പൂര്‍ണ്ണഹൃദയത്തോടെ യേശുവിനെ പിന്തുടര്‍ന്നതുകൊണ്ടും ആത്മശിക്ഷണമുള്ളവരായതുകൊണ്ടും ഇപ്പോള്‍ നാം ക്ഷമാശീലരായിത്തീര്‍ന്നിരിക്കുന്നുവെന്ന് നമുക്കു തോന്നുന്നപക്ഷം സാത്താന്‍ നമ്മെ വഞ്ചിച്ചിരിക്കുന്നു. നമ്മെ നശിപ്പിക്കുവാന്‍വേണ്ടി അവന്‍ നമ്മെ നിഗളികളാക്കുന്നത് ഈ വിധത്തിലാണ്. നമുക്കുള്ള ക്ഷമാശീലം നമ്മുടെ തന്നെ ഉല്‍പന്നമാണെങ്കില്‍ അത് ചപ്പും ചവറും പോലെ വിലയില്ലാത്ത ഒരു മാനുഷികഗുണം മാത്രമാണ്.

നേരേമറിച്ച് നമ്മുടെ ക്ഷമാശീലം ദൈവത്തില്‍നിന്നു നാം പ്രാപിച്ചതാണെന്നും അതു നാം സ്വയം ഉല്‍പാദിപ്പിച്ചതല്ലെന്നും നാം അംഗീകരിക്കുമെങ്കില്‍ നമ്മുടെ ജീവിതത്തില്‍ ദൈവം ചെയ്ത കാര്യത്തിന്റെ മുഴുവന്‍ മഹത്വവും ദൈവത്തിനു കൊടുക്കുവാന്‍ നമുക്കു പ്രയാസമുണ്ടാവുകയില്ല.

അതിനാല്‍ യേശുവിന്റെ മഹത്വം നമുക്കു കാണിച്ചുതരുവാനും നമ്മുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്കു നമ്മെ രൂപാന്തരപ്പെടുത്തുവാനും നമുക്കു പരിശുദ്ധാത്മാവിനെ അനുവദിക്കാം.

യേശു എങ്ങനെ പിതാവിനെ സേവിച്ചുവെന്നത് പരിശുദ്ധാത്മാവു നമുക്കു കാണിച്ചുതരും. യേശു പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പട്ടവനും പ്രകൃത്യതീതമായ കൃപാവരങ്ങള്‍ പ്രാപിച്ചവനുമാ യിരുന്നു. ബഹുസഹസ്രം വിശ്വാസികള്‍ ഇന്നു ചെയ്യുവാന്‍ ശ്രമിക്കുന്നതുപോലെ ആദ്യം പരിശുദ്ധാത്മാഭിഷേകം പ്രാപിക്കാതെ പിതാവിനെ സേവിക്കുവാന്‍ യേശു ധൈര്യപ്പെട്ടില്ല.

ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും യേശുവിനെ അഭിഷേകം ചെയ്തുവെന്ന് എഴുതപ്പെട്ടിരിക്കുന്നു. അതിന്റെ ഫലമെന്തായിരുന്നു? ദൈവം തന്നോടുകൂടെ ഇരുന്നതുകൊണ്ട് അവിടുന്നു നന്മ ചെയ്തും പിശാചുബാധിതരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ട് സഞ്ചരിച്ചു (അപ്പോ. 10:38).

സാത്താന്‍ തങ്ങളെ പീഡിപ്പിക്കുകയും വലയ്ക്കുകയും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ബന്ധിക്കുകയും ചെയ്തിട്ടുള്ളതിനാല്‍ കഷ്ടപ്പെടുന്ന ആളുകളെക്കൊണ്ടു നിറഞ്ഞതാണ് നമ്മുടെ ചുറ്റുമുള്ള ലോകം. ദൈവം നമ്മോടു കൂടെയുള്ളപ്പോള്‍ യേശു ചെയ്ത കാര്യം നമുക്കും ചെയ്‌വാന്‍ കഴിയും. നാം ചുറ്റിസഞ്ചരിച്ച് അവര്‍ക്കു നന്മ ചെയ്കയും സാത്താന്റെ ബന്ധനത്തില്‍നിന്ന് അവരെ സ്വതന്ത്രരാക്കുകയും ചെയ്യും. പരിശുദ്ധാത്മാവിനാല്‍ അഭിഷേകം പ്രാപിക്കാതെ ഈ കാര്യം ചെയ്യുവാന്‍ നമുക്കു സാധ്യമല്ല.

പരിശുദ്ധാത്മാഭിഷേകം കൂടാതെ യേശുവിനുതന്നെയും അത്തരമൊരു ശുശ്രൂഷ അസാധ്യമായിരുന്നുവെങ്കില്‍ നമുക്ക് എങ്ങനെയാ ണതു സാധ്യമാവുക?

യേശുവിന്റെ ശുശ്രൂഷയുടെ പശ്ചാത്തലത്തില്‍ പരിശുദ്ധാത്മാഭിഷേകത്തെയും പരിശുദ്ധാത്മവരങ്ങളെയും നാം കാണുന്നപക്ഷം നമുക്ക് ഒരിക്കലും തെറ്റിപ്പോകുവാന്‍ സാധ്യമല്ല. യേശു വിശുദ്ധമായ ഒരു ജീവിതം നയിക്കുക മാത്രമല്ല ചെയ്തത്. മറ്റുള്ളവര്‍ക്കായി ഒരു ശുശ്രൂഷയും അവിടുത്തേക്ക് ഉണ്ടായിരുന്നു. അവിടുന്നു സുവിശേഷം പ്രസംഗിക്കുകയും രോഗികളെ സൗഖ്യമാക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ആളുകളെ ശിഷ്യരാക്കുകയും ചെയ്തു.

യേശു അഭിഷിക്തനായിത്തീര്‍ന്നതുപോലെ നാമും തീരുന്നില്ലെങ്കില്‍ നമുക്കു സഭയില്‍ അവിടുത്തെ ഭൃത്യന്മാരായി ഫലപ്രദമായ ശുശ്രൂഷ നിര്‍വഹിക്കുവാന്‍ ഒരിക്കലും സാധ്യമല്ല.

ദൈവവചനം ശ്രദ്ധാപൂര്‍വം പഠിക്കുകയും സൂക്ഷ്മതയോടെ അതു പ്രസംഗിക്കുകയും ചെയ്യുന്ന ആളുകളുണ്ട്. എന്നാല്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകം അവരുടെമേല്‍ ഇല്ല. അതിനാല്‍ അവരുടെ ശുശ്രൂഷശുഷ്‌കവും നിര്‍ജ്ജീവവുമായിരിക്കുന്നു.

പുതിയനിയമ ശുശ്രൂഷകന്മാരെന്ന നിലയില്‍ നമ്മുടെ പ്രസംഗം എപ്പോഴും പരിശുദ്ധാത്മശക്തിയില്‍ ആയിരിക്കണം. യേശു പ്രസംഗിച്ചപ്പോള്‍ ഒരിക്കല്‍പ്പോലും അതു മുഷിപ്പനോ മടുപ്പുളവാക്കുന്നതോ പുതുമയറ്റതോ ആയിരുന്നില്ല. കാരണം അവിടുന്ന് അഭിഷിക്തനായിരുന്നു. നാമും അവിടുത്തെപ്പോലെ അഭിഷിക്തരായിത്തീരുമ്പോള്‍ നമ്മുടെ ശുശ്രൂഷ എല്ലാവര്‍ക്കും ജീവദായകവും അനുഗ്രഹപൂര്‍ണ്ണവുമായിരിക്കും.

എമ്മവൂസിലേക്കു നടന്നുപോയ ശിഷ്യന്മാരോട് യേശു വചനം സംസാരിച്ചപ്പോള്‍ അവരുടെ ഹൃദയം ഉള്ളില്‍ ജ്വലിച്ചുകൊണ്ടിരുന്നതായി അവര്‍ സാക്ഷ്യം പറഞ്ഞു (ലൂക്കോ. 24:32). യഥാര്‍ത്ഥ അഭിഷേകമുള്ള ഒരു ശുശ്രൂഷ അപ്രകാരമാണ്. അത് ആളുകളുടെ ഹൃദയത്തെ ജ്വലിപ്പിക്കും. നമ്മുടെ ശുശ്രൂഷ എപ്പോഴും ആ വിധത്തിലുള്ളതായിരിക്കണം.

നാം പരിശുദ്ധാത്മാഭിഷേകത്തിന്‍ കീഴിലല്ലാത്ത യാതൊരു സമയവും ഉണ്ടാകുവാന്‍ പാടില്ല. അപ്പോള്‍ നാം കണ്ടുമുട്ടുന്നവരും ആവശ്യത്തിലിരിക്കുന്നവരുമായ ജനങ്ങള്‍ക്കുവേണ്ടി യേശുവിന്റെ പക്കല്‍ ഉണ്ടായിരുന്നതുപോലെയുള്ള ഒരു വചനം നമുക്കും ഉണ്ടായിരിക്കും (യെശ. 50:4).

യേശുക്രിസ്തു ചെയ്കയും ഉപദേശിക്കയും ചെയ്ത സകലത്തെ യും കുറിച്ചു ലൂക്കോസിന്റെ സുവിശേഷത്തില്‍ വിവരിച്ചിട്ടുള്ളതായി അപ്പോ. 1:1ല്‍ പറയുന്നു. അതിനാല്‍ യേശു തുടര്‍ന്നു ചെയ്തതിന്റെ ഒരു രേഖയാണ് അപ്പോസ്തലപ്രവൃത്തികള്‍. സുവിശേഷങ്ങളില്‍ യേശു തന്റെ ഭൗതികശരീരംകൊണ്ടു പ്രവര്‍ത്തിച്ചതിന്റെ രേഖയാണ് കാണപ്പെടുന്നത്. അതിനാല്‍ അപ്പോസ്തലപ്രവൃത്തികള്‍ വാസ്തവത്തില്‍ അപ്പോസ്തലന്മാരില്‍കൂടെയുള്ള യേശുവിന്റെ പ്രവൃത്തികള്‍ തന്നെയാണ്.

യേശു 2000 വര്‍ഷം മുമ്പു ഭൂമിയില്‍ വന്നപ്പോള്‍ താന്‍ ചെയ്തതില്‍ നിന്നു ഭിന്നമായ ഒരു ശുശ്രൂഷയിലല്ല ഇന്നു താന്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അവിടുന്ന് ഇപ്പോഴും സഭയാകുന്ന അവിടുത്തെ ശരീരത്തിന്റെ അവയവങ്ങളിലൂടെ നന്മ ചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാ ക്കിയും കൊണ്ട് സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

അതിനാല്‍ കര്‍ത്താവിന്റെ ശരീരത്തില്‍ അവിടുത്തെ ഒരു ഭൃത്യനായിരിക്കുക എന്നതില്‍ക്കൂടി നമുക്ക് അദ്ഭുതാവഹമായ ഒരുത്തരവാദിത്വമാണ് ലഭിച്ചിട്ടുള്ളത്. ഒരിക്കലും നമുക്ക് അതിനെ ലഘുവായിക്കരുതാതിരിക്കാം. 30 വര്‍ഷക്കാലത്തേക്ക് തികച്ചും പൂര്‍ണ്ണമായ ഒരു ജീവിതം നയിച്ച യേശുവിന് പിതാവിനെ സേവിക്കുവാന്‍ ആരംഭിക്കുന്നതിനു മുമ്പ് പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെടേണ്ടത് ആവശ്യമായിരുന്നുവെങ്കില്‍ തത്തുല്യമായ ഒരഭിഷേകം കൂടാതെ അത്തരമൊരു ശുശ്രൂഷയിലേര്‍പ്പെടുവാന്‍ നമുക്കെങ്ങനെയാണ് ധൈര്യമുണ്ടാവുക?

നാം ഇതേവരെയും ആത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ അതിന്റെ കാരണം നാം വേണ്ടുവോളം അത് അന്വേഷിച്ചിട്ടില്ല എന്നതാണ്. നാം അത് അന്വേഷിച്ചിട്ടില്ല എങ്കില്‍ അതിനുള്ള കാരണം നാം അതിനെ വേണ്ടത്ര വിലപ്പെട്ടതായിക്കരുതിയിട്ടില്ല എന്നതാണ്. നാം അതിനെ വിലപ്പെട്ടതായിക്കരുതിയിട്ടില്ലെങ്കില്‍ അതിന്റെ ഹേതു നാം സ്വയം സംതൃപ്തരായിരുന്നു എന്നതത്രേ. അതിനാല്‍ നമുക്ക് നമ്മുടെ സ്വയം സംതൃപ്തിയെപ്പറ്റി അനുതപിക്കാം. എല്ലാ സ്വാശ്രയത്തില്‍നിന്നും നമ്മെ പരിച്ഛേദനം ചെയ്യുവാന്‍ നമുക്കു ദൈവത്തെ അനുവദിക്കുകയും ചെയ്യാം.

പരിശുദ്ധാത്മാഭിഷേകം

സഹോദരന്മാരേ, പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിനുവേണ്ടി നമുക്കു പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കാം. അതു കൂടാതെ ഒരിക്കലും നമുക്കു ദൈവത്തെ സേവിക്കുവാനോ സഭ പടുത്തുയര്‍ത്തുവാനോ സാധ്യമല്ല. ഇതാണ് നമ്മുടെ ഏറ്റവും വലുതും അത്യന്തം ഉല്‍ക്കടവുമായ ആവശ്യം. പെന്തക്കോസ്ത് നാളില്‍ യേശു തന്റെ അപ്പോസ്തലന്മാര്‍ക്കു നല്‍കിയ ആ ആഗ്നേയ സ്‌നാനത്തില്‍ കുറഞ്ഞ ഒന്നുകൊണ്ടും നാം സംതൃപ്തരാകരുത്. നമ്മുടെ ശുശ്രൂഷയില്‍നിന്നും ദൈവത്തിന്റെ ഈ അഗ്നി വേര്‍പെട്ടു പോകുന്നുവെങ്കില്‍ അപ്പോള്‍ നമുക്കു ഹൃദയം തകര്‍ന്നു വിലപിക്കാം.

പരിശുദ്ധാത്മാഭിഷേകം എപ്പോഴും മറ്റുള്ളവരുടെ ആവശ്യത്തോടു ബന്ധപ്പെട്ടാണ് നല്‍കപ്പെടുന്നത്. ലൂക്കോ. 4:18ല്‍ യേശു ഇപ്രകാരം പറഞ്ഞു: ”ദരിദ്രന്മാരോടു സുവിശേഷം അറിയിക്കുവാന്‍ കര്‍ത്താവ് എന്നെ അഭിഷേകം ചെയ്കയാല്‍ അവിടുത്തെ ആത്മാവ് എന്റെമേല്‍ ഉണ്ട്. ബദ്ധന്മാര്‍ക്കു സ്വാതന്ത്ര്യവും അന്ധന്മാര്‍ക്കു കാഴ്ചയും… പ്രഖ്യാപിക്കുവാനും പീഡിതന്മാരെ വിടുവിച്ചയയ്ക്കുവാനും അവിടുന്ന് എന്നെ അയച്ചിരിക്കുന്നു”.

ഇവിടെ പരിശുദ്ധാത്മാഭിഷേകത്തെ മറ്റുള്ളവരുടെ അതായത് ദരിദ്രര്‍, ബദ്ധര്‍, കുരുടര്‍, പീഡിതര്‍ എന്നിവരുടെ ബുദ്ധിമുട്ടുകളും ആവശ്യങ്ങളും പരിഹരിക്കുന്ന ഒന്നായിട്ടാണ് വിവരിച്ചിരിക്കുന്നതെന്ന കാര്യം ശ്രദ്ധിക്കുക. നമ്മുടെ സ്വന്ത ആവശ്യം നിറവേറ്റുവാനായിട്ടല്ല അതു നല്‍കപ്പെടുന്നത്. നമ്മുടെ സഭകളിലുള്ള ദരിദ്രരെയും പീഡിതരെയും സാത്താന്‍ ബന്ധനത്തില്‍ വച്ചിരിക്കുന്നവരെയുംപറ്റി നമുക്കൊരു ഹൃദയഭാരം ഉണ്ടാകുമ്പോള്‍ മാത്രമാണ് ദൈവം നമ്മെ അഭിഷേകം ചെയ്യുന്നത്.

എങ്ങനെയാണ് നാം പരിശുദ്ധാത്മശക്തിക്കായി യാചിക്കേണ്ടതെന്ന തിനെപ്പറ്റി യേശു ഒരുപമ പറഞ്ഞു (ലൂക്കോ. 11:5-13). ഒരു മനുഷ്യന് ഒരു രാത്രിയില്‍ ഒരതിഥി വന്നു. തന്റെ വീട്ടില്‍ അതിഥിക്കു നല്‍കുവാന്‍ ഭക്ഷണം യാതൊന്നുമുണ്ടായിരുന്നില്ല. അതിനാല്‍ അയാള്‍ തന്റെ അയല്‍ക്കാരന്റെ വീട്ടില്‍ച്ചെന്ന് തുടരെ മുട്ടി വിളിക്കുവാനാരംഭിച്ചു. ഒടുവില്‍ അയല്‍ക്കാരന്‍ എഴുന്നേറ്റ് അതിഥിക്കുവേണ്ടി അയാള്‍ ആവശ്യപ്പെട്ട ഭക്ഷണം എടുത്തുകൊടുത്തു. ഇതു പറഞ്ഞശേഷം ഇപ്രകാരമാണ് നാം പരിശുദ്ധാത്മശക്തിക്കുവേണ്ടി അപേക്ഷിക്കേണ്ടതെന്ന് യേശു തുടര്‍ന്നു പറഞ്ഞു (വാ. 13).

നമ്മുടെ സഭയാകുന്ന ഭവനത്തിലേക്കു വരുന്നവരും ആവശ്യത്തില്‍ ഇരിക്കുന്നവരുമായ ജനങ്ങളെക്കുറിച്ച് ഒരു ഭാരം നമുക്കില്ലെങ്കില്‍ അവരെ അനുഗ്രഹിക്കുവാനും അവരുടെ ബന്ധനത്തില്‍നിന്ന് അവരെ സ്വതന്ത്രരാക്കുവാനുമായി നാം ദൈവത്തെ അന്വേഷിക്കുകയില്ല.

ഒരു സഹോദരന്‍ സാത്താനാല്‍ പീഡിക്കപ്പെടുന്നതായി നാം കാണുമ്പോള്‍ നാം എന്താണു ചെയ്യുന്നത്? നാം അയാളോടൊപ്പം ഒന്നു പ്രാര്‍ത്ഥിച്ചശേഷം അയാളെ തിരിച്ചയയ്ക്കുക മാത്രമാണോ ചെയ്യുന്നത്? അങ്ങനെയെങ്കില്‍ സാത്താന്റെ പീഡനത്തില്‍നിന്ന് ആളുകളെ സ്വതന്ത്രരാക്കുവാന്‍ വന്ന കര്‍ത്താവിന്റെ പ്രതിനിധികളായിരിപ്പാന്‍ നാം അയോഗ്യരാണ്. നമ്മുടെ സഹോദരന് ആവശ്യമായ കാര്യത്തിനു വേണ്ടി നാം ദൈവത്തിന്റെ മുഖമന്വേഷിക്കുകയും അയാളെ സ്വതന്ത്രനാക്കുവാന്‍ അവിടത്തോട് അപേക്ഷിക്കുകയും ചെയ്യണം. നമുക്കു ലഭിക്കുന്നതുവരെയും നാം തുടര്‍ന്ന് അപേക്ഷിച്ചുകൊണ്ടുതന്നെ യിരിക്കണം. അപ്പോള്‍ നമുക്കു ലഭിക്കും. മുന്‍പറഞ്ഞ ഉപമയുടെ പ്രായോഗികാര്‍ത്ഥം ഇതാണ്.

യേശുവിനുണ്ടായിരുന്നതുപോലെ ആത്മാവിന്റെ എല്ലാ കൃപാവരങ്ങളും നമ്മിലാര്‍ക്കും ഉണ്ടാവുക സാധ്യമല്ല. കാരണം, ആത്മാവ് താനിച്ഛിക്കുന്നതുപോലെ ശരീരത്തിലെ അവയവങ്ങള്‍ക്ക് വരങ്ങള്‍ പകുത്തുകൊടുക്കുകയാണ് ചെയ്യുന്നത്. ആരംഭത്തില്‍ യേശു തന്നെ യായിരുന്നു ക്രിസ്തുവിന്റെ ശരീരം. അതിനാല്‍ സ്വാഭാവികമായും എല്ലാ കൃപാവരങ്ങളും അവിടുത്തേക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ക്രിസ്തുവിന്റെ ശരീരത്തില്‍ വരം ലഭിച്ച അനേകം അവയവങ്ങളുണ്ട്. ആത്മാവു നിങ്ങള്‍ക്ക് ഉപദേശവരമോ രോഗശാന്തിവരമോ തന്നിട്ടില്ലായിരിക്കാം. അതുകൊണ്ടു കുഴപ്പമില്ല. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കു വാനുള്ള വരമായിരിക്കാം ആത്മാവു നിങ്ങള്‍ക്കു തന്നിട്ടുള്ളത്. അങ്ങനെയെങ്കില്‍ ആ വരം വിശ്വസ്തതയോടെ ഉപയോഗിക്കുകയും മറ്റുള്ളവരെ അവരുടെ വരങ്ങള്‍ ഉപയോഗിക്കുവാന്‍ അനുവദിക്കുകയും ചെയ്യുക.

നിങ്ങള്‍തന്നെ എല്ലാമായിത്തീരുവാന്‍ ശ്രമിക്കരുത്. അതു സാധ്യമല്ല.

എല്ലാം താന്‍ തന്നെയായിരിക്കുവാന്‍ കഴിഞ്ഞ ഒരൊറ്റയാളേ ഉണ്ടായിരുന്നിട്ടുള്ളു, യേശുക്രിസ്തു. ഇന്ന് അവിടുത്തെ ശരീരത്തിന്റെ ഒരു ഭാഗമായിരിക്കുവാനേ നമുക്കു കഴിയൂ. അതിനാല്‍ നമുക്കില്ലാത്ത ചില വരങ്ങള്‍ നമ്മുടെ ഇളയ സഹോദരങ്ങള്‍ക്കു ദൈവം നല്‍കിയിട്ടുള്ള തായിക്കാണുമ്പോള്‍ നമുക്കു സന്തോഷിക്കാം. അതിനാല്‍ നമുക്കു കഴിയുന്നതിനെക്കാള്‍ മെച്ചമായി ആ പ്രവൃത്തി ചെയ്യുവാന്‍ അവര്‍ക്കു കഴിയും. ദൈവത്തിനു സ്‌തോത്രം.

ക്രിസ്തുവിന്റെ ശരീരത്തെ ഒരിക്കല്‍ നാം കണ്ടുകഴിഞ്ഞാല്‍ പിന്നീട് നാം ആരെക്കുറിച്ചും അസൂയാലുക്കളാകുകയില്ല. നേരേ മറിച്ച് ദൈവം അവര്‍ക്കു നല്‍കിയ ശുശ്രൂഷയില്‍ നാം സന്തോഷിക്കും.

ഒരു മേഖലയില്‍ ആളുകളെ സഹായിക്കുവാനുള്ള കൃപ ദൈവം നമുക്കു നല്‍കുന്നു. മറ്റു മേഖലകളില്‍ അവരെ സഹായിക്കുവാനുള്ള കൃപ അവിടുന്നു മറ്റുള്ളവര്‍ക്കു നല്‍കുന്നു. അതിനാല്‍ ഓരോ സഹോദരനെയും സഹോദരിയെയുംപറ്റി നമ്മുടെ ഹൃദയത്തില്‍ ദൈവത്തോട് ആത്മാര്‍ത്ഥമായ നന്ദിയുണ്ടാകും.

സഭയിലെ ഏറ്റവും ബലഹീനരായ സഹോദരീസഹോദരന്മാര്‍ക്കും ഒഴിച്ചുകൂടാനാവാത്ത ഒരു ശുശ്രൂഷയുണ്ട്. വാസ്തവത്തില്‍ അവര്‍ എത്ര ബലഹീനരാകുന്നുവോ അത്രയും അവര്‍ പരിശുദ്ധാത്മാവിലാശ്രയിക്കുവാന്‍ ഇടയായിത്തീരും.

നമ്മുടെ പ്രാദേശികസഭയില്‍ എല്ലാ സഹോദരീസഹോദരന്മാരുടെയും ശുശ്രൂഷയെ ഉപയോഗപ്പെടുത്തുവാന്‍ കഴിയുമ്പോള്‍ മാത്രമേ നാം ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ദൈവഭൃത്യരായിത്തീരുന്നുള്ളു. എല്ലാ കാര്യങ്ങളും താന്‍ തന്നെ ചെയ്യുന്ന ഒരു ക്രിസ്തീയനേതാവ് ദൈവഭൃത്യനെന്ന നിലയില്‍ ഒരു പരാജയമാണ്. ദൗര്‍ഭാഗ്യവശാല്‍ പല പാസ്റ്ററന്മാരുടെയും നില ഇന്ന് ഈ വിധത്തിലാണ്.

ശരിയായ സമതുലിതാവസ്ഥ (The Right Balance)

ക്രിസ്തീയലോകത്തിലെ മറ്റു വിഭാഗങ്ങളില്‍ നാം കണ്ടുമുട്ടുന്ന അതിരുകടന്ന പ്രവണതകളോടുള്ള ഒരു പ്രതിപ്രവര്‍ത്തനമായി നമ്മുടെ ജീവിതം തീരാതിരിക്കുവാന്‍ നാം ശ്രദ്ധിക്കണം.

ക്രൈസ്തവസഭയുടെ ചരിത്രത്തില്‍ വിശുദ്ധിയെ അതിപ്രധാനമായിക്കരുതി അതിനെ അന്വേഷിക്കുകയും ആത്മീയവരങ്ങളെ അവഗണിക്കുകയും ചെയ്ത അനേകം സമൂഹങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആത്മവരങ്ങളെ പൈശാചികമെന്നു വിളിക്കുന്ന ഒരു തലം വരെ അവര്‍ എത്തിയിട്ടുണ്ട്! യേശു ചെയ്തതുപോലെ ദൈവത്തിന്റെ അത്യുന്നതലക്ഷ്യ ങ്ങള്‍ നിറവേറ്റുന്നതില്‍ അവരെല്ലാം പരാജയപ്പെടുകയും ചെയ്തു

ഇതിനെതിരായ ദിശയില്‍ വ്യക്തിപരമായ വിശുദ്ധിയെ അവഗണിക്കുമാറ് ആത്മീയവരങ്ങള്‍ക്കു മാത്രം പ്രാധാന്യം നല്‍കുന്ന അതിരു കടന്ന നിലപാടു സ്വീകരിച്ചിട്ടുള്ള സമൂഹങ്ങളും ഉണ്ടായിട്ടുണ്ട്. ഭക്തി വേഷമണിഞ്ഞ ദുരാത്മാക്കളാല്‍ വഞ്ചിക്കപ്പെട്ട് വഴിതെറ്റിപ്പോയിട്ടുള്ളവയാണ് ഈ സമൂഹങ്ങളൊക്കെയും തന്നെ.

ഈ വിധത്തില്‍ തന്നെ ദൈവവചനത്തിന്റെ ബുദ്ധിപരമായ പഠനത്തിനു പ്രാധാന്യം നല്‍കുന്ന ചില സമൂഹങ്ങളുണ്ട്. അതിന്റെ മറുവശത്ത് വികാരപരമായ ആഹ്ലാദത്തിനു പ്രാധാന്യം നല്‍കുന്ന ഗ്രൂപ്പുകളെയും കാണാന്‍ കഴിയും. ഈ രണ്ടു സമൂഹങ്ങളും തങ്ങളുടെ ദേഹീ പരതയെപ്പറ്റി (Soulishness) അജ്ഞരാണ്. ഇവ രണ്ടും യഥാര്‍ത്ഥ ആത്മീയത്വത്തിനു പ്രയോജനപ്പെടുന്നില്ല. പരിശുദ്ധാത്മാവാകട്ടെ, ദൈവമക്കളെ ദൈവവചനമനുസരിക്കുന്ന ഒരു ജീവിതത്തിലേക്കു നയിക്കുന്നു.

ഈ വിഭാഗങ്ങളില്‍ ഏതിനെ നാം പിന്തുടരണം? ഒന്നിനെയും നാം പിന്തുടരരുത്.

നമ്മുടെ കര്‍ത്താവിന്റെ പരിപൂര്‍ണ്ണദൃഷ്ടാന്തത്തെയാണ് നാം പിന്തുടരേണ്ടത്. അവിടുത്തേക്ക് ആത്മാവിന്റെ ഫലങ്ങളും ആത്മവരങ്ങളും രണ്ടും ഉണ്ടായിരുന്നു. അവിടുന്നു ദൈവവചനം പഠിക്കുകയും അതിനേ പ്പറ്റി വികാരാവേശം കൊള്ളുകയും ചെയ്യുന്നതിനു പകരം വചനം അനു സരിക്കുകയാണ് ചെയ്തത്. ഇപ്രകാരം ചെയ്താല്‍ നാമും വഴിതെറ്റി പ്പോവുകയില്ല.

നമുക്ക് സ്‌നേഹമാചരിക്കുകയും ജാഗ്രതയോടെ ആത്മവരങ്ങള്‍ വാഞ്ഛിക്കുകയും ചെയ്യാം (1 കൊരി. 14:1). അങ്ങനെയെങ്കില്‍ നാം കണ്ടുമുട്ടുന്ന എല്ലാവരെയും സ്‌നേഹിക്കുകയും പിശാചിനാല്‍ പീഡിതരാകുന്ന നിലയില്‍ നാം കണ്ടെത്തുന്ന ആളുകളെ വിടുവിക്കുകയും ചെയ്യും.

ഒരനുഗ്രഹമായിത്തീരുക

1 കൊരി. 12ല്‍ ആത്മീയവരങ്ങളെ മനുഷ്യശരീരത്തിലെ കണ്ണ്, ചെവി, കൈകാലുകള്‍ തുടങ്ങിയ അവയവങ്ങളോടു താരതമ്യപ്പെടുത്തിയിരിക്കുന്നു. നമുക്കു കാണുവാന്‍ കണ്ണും കേള്‍ക്കുവാന്‍ ചെവിയും മറ്റുള്ള വരെ സഹായിക്കുവാന്‍ കൈകളും വിവിധസ്ഥലങ്ങളില്‍ സഞ്ചരിക്കു വാന്‍ കാലുകളും ആവശ്യമാണ്. ഇതു പോലെതന്നെ, നമുക്കു ചുറ്റും ആവശ്യങ്ങളിലിരിക്കുന്ന ആളുകളെ അനുഗ്രഹിക്കുവാന്‍ ദൈവം നമുക്ക് ആത്മീയവരങ്ങള്‍ നല്‍കിയിരിക്കുന്നു. തങ്ങളുടെ ജീവിതത്തിന്മേലുള്ള സാത്താന്റെ പിടിയില്‍നിന്നും നൈരാശ്യങ്ങളില്‍നിന്നും ഭയങ്ങളില്‍നിന്നും അവരെ സ്വതന്ത്രമാക്കുവാനുള്ള ശക്തി നമുക്കു തരുവാന്‍ ദൈവം ആഗ്രഹിക്കുന്നു.

ദൈവം നമ്മുടെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുമ്പോള്‍ നമ്മുടെ പാനപാത്രങ്ങള്‍ മറ്റുള്ളവര്‍ക്കുള്ള അനുഗ്രഹങ്ങളാല്‍ നിറഞ്ഞുകവിയും. നമ്മുടെ എണ്ണ മറ്റുള്ളവരുടെ പാത്രങ്ങളിലേക്കു നാം പകരുകയാണെങ്കില്‍ എലീശയുടെ കാലത്തെ വിധവയ്ക്ക് അനുഭവപ്പെട്ടതുപോലെ (2 രാജാ. 4:17) നമ്മുടെ വഴിയില്‍ വന്നുചേരുന്ന ഓരോ വ്യക്തിയെയും സഹായിക്കുവാനാവശ്യമായ ശക്തി നമുക്കു ലഭിച്ച ദൈവികാഭിഷേകത്തിലുണ്ടെന്ന് നാം കണ്ടെത്തും. ആ ദിവസത്തില്‍ ആ പാവപ്പെട്ട വിധവയുടെ ഭവനത്തില്‍ നിറയ്ക്കപ്പെടാത്ത ഒരു പാത്രം പോലും ഉണ്ടായിരുന്നില്ല. അവളുടെ അയല്‍പക്കം മുഴുവനും അവളിലൂടെ അനുഗ്രഹിക്കപ്പെട്ടു. അതേ വിധത്തില്‍ നമ്മുടെ അയല്‍ക്കാരും അനുഗ്രഹിക്കപ്പെടുവാന്‍ സാധ്യമാണ്.

എന്നാല്‍ നാം മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അനുഗ്രഹം തുടരെ പകര്‍ന്നുകൊടുക്കുന്നവരായിത്തീരണം. അത് ഒരു ദൈവികനിയമ മാണ്. നാം സ്വാര്‍ത്ഥനിഷ്ഠരായി ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ നമുക്കുവേണ്ടിത്തന്നെ സൂക്ഷിച്ചുവച്ചാല്‍ ആ അനുഗ്രഹം സ്വര്‍ഗ്ഗത്തില്‍ നിന്നു വന്നതായാല്‍പ്പോലും മന്ന ചീഞ്ഞുപോയതുപോലെ ചീഞ്ഞു നാറിപ്പോകുവാന്‍ ഇടയാകും.

സദൃ. 11:25ല്‍ മറ്റുള്ളവരെ നനയ്ക്കുന്നവര്‍ മാത്രമേ ദൈവത്താല്‍ നനയ്ക്കപ്പെടുകയുള്ളുവെന്നു പ്രസ്താവിച്ചിരിക്കുന്നു.

കാല്‍വറിക്രൂശില്‍ യേശു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നത് നാം അബ്രഹാമിന്റെ അനുഗ്രഹമാകുന്ന പരിശുദ്ധാത്മദാനം പ്രാപിക്കുവാന്‍ വേണ്ടിയാണെന്നു പറഞ്ഞിട്ടുള്ള ഭാഗം നോക്കുക (ഗലാ. 3:13). അബ്രഹാമിന്റെ അനുഗ്രഹത്തെപ്പറ്റി ഉല്‍പ. 12:3ല്‍ പ്രസ്താവിച്ചിട്ടുണ്ട്. ഭൂമിയിലെ സകല കുടുംബങ്ങള്‍ക്കും ഒരനുഗ്രഹമായിത്തീരുകയാണത്. പുതിയ ഉടമ്പടിയുടെ ഒരു ശുശ്രൂഷകനായിത്തീരുക എന്നതിന്റെ അര്‍ത്ഥം ഇതാണ്. ഭൂമുഖത്തു നാം കണ്ടുമുട്ടുന്ന സകല വംശങ്ങള്‍ക്കും ഒരനുഗ്രഹമായിത്തീരുക എന്നാണ് അതിന്റെ അര്‍ത്ഥം. ഇത് ക്രിസ്തുവില്‍ നമ്മുടെ ജന്മാവകാശമാണ്.

അതിനാല്‍ ചെറിയ ആരംഭങ്ങളുടെ ദിവസത്തെ നമുക്കു തുച്ഛീകരിക്കാതിരിക്കാം (സെഖ. 4:10). ചിലപ്പോള്‍ ദൈവം നമ്മുടെ മനസ്സില്‍ കാണിച്ചുതരുന്ന ഒരൊറ്റ വ്യക്തിക്കു് പ്രോത്സാഹനരൂപത്തിലുള്ള ഒരു കത്തെഴുതുവാനായിരിക്കാം ആദ്യം ആത്മാവു നമ്മെ പ്രേരിപ്പിക്കുന്നത്.

ദൈവം ബുദ്ധിമുട്ടിലിരിക്കുന്ന ഒരു സഹോദരനെ നമ്മുടെ അടുക്കലേക്കയച്ച് തന്നെ സേവിക്കുവാനുള്ള നമ്മുടെ താല്‍പര്യത്തെ ശോധന ചെയ്‌തെന്നു വരാം. ആത്മാവില്‍ വിശപ്പുള്ള ഒരതിഥിയെത്തന്നെ. അപ്പോള്‍ നാമെന്തു ചെയ്യും? ആ സഹോദരനെ സഹായിക്കുവാനുള്ള പരിശുദ്ധാത്മശക്തി നാം അന്വേഷിക്കുമോ?

ഇത്തരം കാര്യങ്ങളില്‍ നാം അവിശ്വസ്തരാണെങ്കില്‍ ദൈവം നമുക്കുവേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള കാര്യങ്ങള്‍ മുഴുവന്‍ നമുക്കു നഷ്ടപ്പെട്ടെന്നു വരാം. നിരന്തരമായി പരിശുദ്ധാത്മാഭിഷേക ത്തില്‍ ജീവിക്കുന്നതിലേക്ക് ഏറ്റവും ചെറിയ കാര്യങ്ങളില്‍ നാം വിശ്വസ്തരായിരുന്നേ മതിയാവൂ. മഹത്തായ ശുശ്രൂഷകളെല്ലാം ചെറിയ കൃത്യങ്ങളിലൂടെയാണ് ആരംഭിക്കുന്നത്. അപ്രകാരമാണ് യേശു പ്രസ്താവിച്ചിട്ടുള്ള ജീവജലനദികള്‍ വിശുദ്ധമന്ദിരത്തില്‍നിന്ന് ഒഴുകുവാനാരംഭിച്ചത്. അത് ഒരു ചെറിയ ധാരയായി ആരംഭിച്ചു. എന്നാല്‍ പിന്നീട് ഒരു മഹാനദിയായി മാറി (യെഹെ. 47:1,9).

ചെറിയ കാര്യങ്ങളില്‍ വിശ്വസ്തരായിരിപ്പാന്‍ ദൈവം നമ്മെയെല്ലാം സഹായിക്കട്ടെ.


അധ്യായം ആറ് : മറ്റുള്ളവര്‍ക്ക് ഒരു പിതാവായിരിക്കുക

തന്റെ കാലത്ത് അനേകം ഗുരുക്കന്മാര്‍ ഉണ്ടായിരുന്നുവെങ്കിലും പിതാക്കന്മാര്‍ ഏറെയുണ്ടായിരുന്നില്ലെന്ന് പൗലോസ് പ്രസ്താവിച്ചിട്ടുണ്ട് (1 കൊരി. 4:15). ഈ വസ്തുത ഇന്നും സത്യമാണ്.

സഭയിലുള്ള സഹോദരീസഹോദരന്മാരുടെ നേരേ ഒരു പിതാവിന്റെ മനോഭാവം പുലര്‍ത്തുവാന്‍ എല്ലാ ദൈവഭൃത്യന്മാരും ഉത്സാഹിക്കേണ്ട താണ്.

ഒരു പിതാവ് ആയിത്തീരുക എളുപ്പമാണ്; എന്നാല്‍ ഒരു പിതാവ് ആയിരിക്കുക എന്നത് ദുഷ്‌കരം തന്നെ. പ്രയാസം കൂടാതെ പത്തു കുട്ടികള്‍ക്കു ജന്മം നല്‍കുവാന്‍ ഒരാള്‍ക്കു സാധിക്കും. എന്നാല്‍ ആ കുട്ടികളെ പരിപക്വമായ ജീവിതത്തിലേക്കു വളര്‍ത്തിക്കൊണ്ടുവരിക എന്നത് വ്യത്യസ്തമായ ഒരു കാര്യമാണ്.

സഭയിലും കാര്യം ഇതുപോലെ തന്നെ. ആളുകളെ വീണ്ടും ജനനത്തിലേക്കു കൊണ്ടുവരിക എന്നത് താരതമ്യേന എളുപ്പമാണ്. എന്നാല്‍ അവരെ ക്രിസ്തുവില്‍ തികഞ്ഞവരായി പിതാവിന്റെ മുമ്പില്‍ സമര്‍പ്പിക്കുക എന്നത് കൂടുതല്‍ പ്രയാസമുള്ള കാര്യമത്രേ.

ഒരു വലിയ സഭയുണ്ടാകണം എന്നതായിരിക്കരുത് നമ്മുടെ ആഗ്രഹം; മറിച്ച് വിശുദ്ധമായൊരു സഭയുണ്ടാകണം എന്നതായിരിക്കണം. ഒട്ടേറെ ആളുകള്‍ സഭയില്‍ ഉണ്ടായിരിക്കുക എന്നത് അവര്‍ ക്രിസ്തുവിലുള്ള പരിപക്വതയിലേക്കും പൂര്‍ണ്ണതയിലേക്കും വളര്‍ന്നു വരുന്നില്ലെങ്കില്‍ പ്രയോജനശൂന്യം തന്നെ.

നമുക്കുള്ള എല്ലാ കുട്ടികളും വികലാംഗരായിരിക്കുന്നുവെങ്കില്‍ നമുക്ക് അനേകം മക്കളുണ്ടെന്ന് പ്രശംസിച്ചിട്ട് എന്താണു കാര്യം? വളര്‍ച്ച പ്രാപിച്ച നമ്മുടെ ആണ്‍മക്കളും പെണ്‍മക്കളും വിസര്‍ജ്ജന മുറിയില്‍ പോകേണ്ടവിധം മനസ്സിലാക്കാതെ ഇപ്പോഴും തങ്ങള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ മലിനമാക്കുന്നവരാണെങ്കില്‍, അഥവാ സ്വയം നടക്കുവാന്‍ കഴിവില്ലാത്തവരാണെങ്കില്‍, ഇപ്പോഴും കുപ്പിപ്പാല്‍ മാത്രം കുടിക്കുന്നവരാണെങ്കില്‍, അതു നമുക്ക് അഭിമാനാര്‍ഹമായ ഒരു കാര്യമല്ല.

എന്നാല്‍ വളര്‍ച്ച പ്രാപിച്ചവരെങ്കിലും പരിശീലനം ലഭിക്കാത്തവരായ കുട്ടികളെക്കൊണ്ടു നിറഞ്ഞവയാണ് പല സഭകളും. അവരില്‍ പലരും 20 വര്‍ഷക്കാലമായി വിശ്വാസികളാണ്. എന്നാല്‍ ഇപ്പോഴും അവര്‍ മലിനചിന്തകളുള്ളവരായിരിക്കുന്നു. ഇപ്പോഴും വിജയപൂര്‍വമായ ജീവിതം അവര്‍ക്കില്ല. ഇപ്പോഴും അവര്‍ പാല്‍ മാത്രം കുടിക്കുന്നവ രാണ് (പാപക്ഷമയെക്കുറിച്ചു മാത്രം അറിവുള്ളവരാണ്). അവരെ നയിക്കുന്നവര്‍ ഗുരുക്കന്മാരാണെങ്കിലും പിതാക്കന്മാരായിത്തീര്‍ന്നിട്ടില്ല എന്നതാണ് ഇത്തരം വികലജീവിതത്തിന്റെ കാരണം.

പിതാക്കന്മാരും അധ്യാപകരും

ഒരു ആത്മീയപിതാവെന്ന നിലയില്‍ പൗലോസ് കൊരിന്ത്യരുടെ പേര്‍ക്ക് ഇപ്രകാരം എഴുതി: ”നിങ്ങളെ ലജ്ജിപ്പിക്കുവാനല്ല ഇതു നിങ്ങള്‍ക്കെഴുതുന്നത്” (1 കൊരി. 4:14). തെറ്റുചെയ്യുന്ന തങ്ങളുടെ വിദ്യാര്‍ത്ഥികളെ ലജ്ജിപ്പിക്കുവാന്‍ അധ്യാപകര്‍ ശ്രമിക്കും. എന്നാല്‍ പിതാക്കന്മാര്‍ ഇതില്‍നിന്നു വ്യത്യസ്തരാണ്. വീഴ്ച വരുത്തുന്ന തങ്ങളുടെ കുട്ടികള്‍ വരുത്തുന്ന എല്ലാ തെറ്റുകളെയും അവര്‍ മറയ്ക്കു കയും അവരെ കൂടുതല്‍ ഉയര്‍ന്ന ഒരു ജീവിതത്തിനായി എപ്പോഴും ഉത്സാഹിപ്പിക്കുകയും ചെയ്യും.

സഭയില്‍ ഒരധ്യാപകന്‍ ആയിരിക്കുക എന്നത് പിതാവായിരിക്കുന്ന തിനെക്കാള്‍ വളരെ എളുപ്പമാണ്. എന്തെന്നാല്‍ മറ്റുള്ളവരുടെ ഭാരങ്ങളെ നമ്മുടെ ഹൃദയത്തില്‍ വഹിക്കുക എന്നത് വളരെ ആത്മത്യാഗമനോഭാവം ആവശ്യമായ ഒരു കാര്യമാണ്. അധ്യാപകന്മാര്‍ക്ക് ഒരിക്കലും ഒരു കുടുംബം കെട്ടിപ്പടുക്കുക സാധ്യമല്ല. അവര്‍ക്കു ക്ലാസ്സുകള്‍ പടുത്തുയര്‍ത്തുവാനേ കഴിയൂ. പല സഭകളും ഇന്ന് സ്‌കൂളുകള്‍ മാത്ര മാണ്; ഭവനങ്ങളായി അവ തീര്‍ന്നിട്ടില്ല. ഒരു പിതാവിനു മാത്രമേ ഒരു ഭവനവും കുടുംബവും പടുത്തുയര്‍ത്തുവാന്‍ കഴിവുണ്ടാവുകയുള്ളു.

നമ്മുടെ സഭ ഒരു കുടുംബമായിരിക്കുന്നില്ലെങ്കില്‍ എന്താണ് അതിന്റെ കാരണം? നാം അധ്യാപകന്മാരായിരിക്കുന്നു, പിതാക്കന്മാരായിത്തീര്‍ന്നിട്ടില്ല എന്നതായിരിക്കണം അതിന്റെ കാരണം. സഭയിലുള്ള സഹോദരീസഹോദരന്മാരെ നാം വീക്ഷിക്കുന്നത് നാം പഠിപ്പിക്കേണ്ട കുട്ടികള്‍ എന്ന നിലയിലാണോ? അങ്ങനെയെങ്കില്‍ നമുക്ക് ഒരു തെറ്റായ മനോഭാവമാണുള്ളത്. നേരേ മറിച്ച് നാം പിതാക്കന്മാരാണെങ്കില്‍ സഹിക്കുകയും വഹിക്കുകയും സ്‌നേഹത്തോടും കരുതലോടും കൂടെ താങ്ങിനടത്തുകയും ചെയ്യേണ്ടവരായി അവരെ വീക്ഷിക്കും. നാം യഥാര്‍ത്ഥത്തില്‍ എന്തായിരിക്കുന്നുവെന്ന് നാം വിധിക്കുന്നതു നന്നായി രിക്കും. നാം പിതാക്കന്മാരോ അധ്യാപകരോ?

സഭയിലുള്ള സഹോദരീസഹോദരന്മാരെ അവര്‍ ജഡികന്മാരാണെന്നു പറഞ്ഞു കുറ്റപ്പെടുത്തിയതുകൊണ്ടു പ്രയോജനമില്ല. ആദ്യം നമുക്കു നമ്മെത്തന്നെ വിധിക്കാം.

ഒരു യഥാര്‍ത്ഥ ആത്മീയപിതാവ് ഒന്നിലും സ്വന്തലാഭമന്വേഷിക്കുകയില്ല. മറിച്ച് തന്റെ ആത്മീയമക്കളുടെ നന്മയും ക്ഷേമവും മാത്രമേ നോക്കുകയുള്ളു. 2 കൊരി. 12:14,15ല്‍ പൗലോസ് ഇപ്രകാരം പറയുന്നു: ”ഞാന്‍ നിങ്ങള്‍ക്കു ഭാരമായിത്തീരുകയില്ല. നിങ്ങള്‍ക്കുള്ളതിനെയല്ല, നിങ്ങളെത്തന്നെ ഞാന്‍ അന്വേഷിക്കുന്നു. മക്കള്‍ അമ്മയപ്പന്മാര്‍ക്കാ യിട്ടല്ല, അമ്മയപ്പന്മാര്‍ മക്കള്‍ക്കായിട്ടല്ലോ ചരതിക്കേണ്ടത്. ഞാന്‍ അതിസന്തോഷത്തോടെ നിങ്ങളുടെ ജീവനുവേണ്ടി ചെലവിടുകയും ചെലവായിപ്പോവുകയും ചെയ്യും.” ഒരു യഥാര്‍ത്ഥ പിതാവിന്റെ വാക്കുകളാണിവ.

ഒരു യഥാര്‍ത്ഥ പിതാവായിരിക്കുന്നതിനുവേണ്ടി പൗലോസിന് എല്ലാംതന്നെ വിലയായിക്കൊടുക്കേണ്ടി വന്നു. ക്രിസ്തുവിനെ നേടുന്ന തിനോടു താരതമ്യപ്പെടുത്തുമ്പോള്‍ താന്‍ ജീവിതത്തില്‍ നേടിയിരുന്ന വയെല്ലാം ചപ്പും ചവറുമാണെന്ന് അദ്ദേഹം കരുതി. താന്‍ ക്രിസ്തു വിലേക്കു നയിച്ച ആളുകള്‍ക്ക് ഒരു പിതാവായിരിക്കുന്നതിനുവേണ്ടി എല്ലാം പരിത്യജിക്കുന്നത് ഉചിതമെന്നു പൗലോസ് കരുതി.

ഒരധ്യാപകന്‍ ശമ്പളത്തിനുവേണ്ടി ജോലി ചെയ്യുന്നു. അദ്ദേഹം പ്രാഥമികമായി അന്വേഷിക്കുന്നത് തന്റെ വിദ്യാര്‍ത്ഥികളുടെ നന്മയല്ല, തന്റെ ലാഭമാണ്. ഒരുപക്ഷേ നാം അന്വേഷിക്കുന്ന ലാഭം പണമായിരി ക്കുകയില്ല, ബഹുമതിയായിരിക്കാം. മറ്റുള്ളവര്‍ നമ്മെ ദൈവഭൃത്യന്മാരെന്നു കരുതി ബഹുമാനിക്കയും അംഗീകരിക്കയും വേണമെന്ന് നാം ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ ബഹുമതിയുടെ രൂപത്തിലുള്ള ഒരു ശമ്പളം അവരില്‍നിന്നാഗ്രഹിക്കുന്നവരാണ് നാം. അപ്പോള്‍ നാം പിതാക്കന്മാരല്ല, അധ്യാപകരാണ്.

തങ്ങളുടെ കുട്ടികള്‍ക്കുവേണ്ടി തങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും എന്തെങ്കിലും പ്രതിഫലം ലഭിക്കണമെന്നു പിതാക്കന്മാര്‍ ആഗ്രഹിക്കുന്നില്ല. മറ്റുള്ളവരില്‍നിന്നു ബഹുമാനമോ അവരുടെ വിധേയത്വം പോലുമോ പൗലോസ് ആഗ്രഹിച്ചില്ല. അവര്‍ ആത്മീയമായി വളരണമെന്നു മാത്രമേ അദ്ദേഹം ആഗ്രഹിച്ചുള്ളു. നമ്മുടെ കാര്യം എങ്ങനെ? നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സഹോദരീസഹോദരന്മാരുടെ നന്മയാണോ നാം ആഗ്രഹിക്കുന്നത്?

ഇന്നു ക്രൈസ്തവലോകത്തില്‍ നാം കാണുന്ന ‘പാസ്റ്റര്‍ സമ്പ്രദായ’ത്തെപ്പറ്റി അപ്പോസ്തലികകാലത്ത് കേട്ടുകേള്‍വിപോലുമുണ്ടായിരുന്നില്ല. വചനാനുസൃതമല്ലാത്ത ഈ സമ്പ്രദായമാണ് ക്രൈസ്തവ ലോകത്തില്‍ എണ്ണമറ്റ അധ്യാപകരെ സൃഷ്ടിച്ചിട്ടുള്ളത്. ഓരോ മാസവും തങ്ങള്‍ എടുക്കുന്ന ക്ലാസ്സുകള്‍ക്ക് ശമ്പളം നല്‍കപ്പെടേണ്ട അധ്യാപകര്‍ തന്നെയാണ് ഇവര്‍. തങ്ങളുടെ കുട്ടികള്‍ എടുക്കേണ്ട എല്ലാ പ്രധാന തീരുമാനങ്ങളിലും, അതു വിവാഹകാര്യമോ ജോലിക്കാര്യമോ എന്താ യാലും, അവര്‍ അധ്യാപകരെ ആശ്രയിക്കേണ്ട ഒരവസ്ഥയും ഈ അധ്യാപകര്‍ സൃഷ്ടിക്കുന്നുണ്ട്.

അത്തരം സഭകളിലെ സഹോദരീസഹോദരന്മാര്‍ ഒരിക്കലും വളര്‍ച്ച പ്രാപിക്കുന്നില്ല. അവര്‍ ആത്മീയശിശുക്കളായി എക്കാലവും തുടരുന്നു. കാരണം ഈ മാനുഷിക സമ്പ്രദായം തങ്ങളുടെ തലയായ ക്രിസ്തുവുമായി നേരിട്ടുള്ള ഒരു ബന്ധം അവരില്‍നിന്ന് അപഹരിച്ചുകളയുന്നു. ഈ ബന്ധം പുതിയ ഉടമ്പടിയിന്‍കീഴില്‍ അവര്‍ക്കുള്ള ജന്മാവകാശമാണ്.

എങ്ങനെയാണ് ഒരു പിതാവ് തന്റെ മക്കള്‍ക്കുവേണ്ടി കരുതുന്നത്? ഒരു ദരിദ്രകുടുംബത്തില്‍ കുട്ടികള്‍ക്കാവശ്യമായിടത്തോളം ഭക്ഷണമില്ലെങ്കില്‍ പിതാവും മാതാവും ഭക്ഷണം കഴിക്കുക തന്നെയില്ല. അവര്‍ സന്തോഷപൂര്‍വം ഭക്ഷണം വെടിയുന്നു. കുട്ടികള്‍ അതിനെപ്പറ്റി ക്ലേശിക്കാതിരിപ്പാന്‍വേണ്ടി തങ്ങള്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന കാര്യം തങ്ങളുടെ മക്കള്‍ അറിയുവാന്‍ അവര്‍ ഇടവരുത്തുകപോലുമില്ല. ഒരു പിതാവു തന്റെ ആത്മത്യാഗം മക്കളില്‍നിന്നു മറച്ചുവയ്ക്കുന്നു. സഹോദരീസഹോദരന്മാരുടെ നന്മയ്ക്കായി സ്വന്തകാര്യം വെടിയുകയും അത് അവരെ അറിയി ക്കാതിരിക്കുകയും ചെയ്യുന്ന അത്തരമൊരു മനോഭാവം നമുക്കുണ്ടോ?

ഒരു പിതാവിനുള്ള മറ്റൊരു സവിശേഷത തന്റെ മക്കള്‍ ജീവിത ത്തില്‍ വിദ്യാഭ്യാസത്തിലും മറ്റെല്ലാ കാര്യങ്ങളിലും തന്നെക്കാള്‍ ഉയര്‍ന്നവരാകണമെന്ന ആഗ്രഹമാണ്. ഹൈസ്‌കൂളിനപ്പുറം പഠിച്ചിട്ടില്ലാത്ത പല പിതാക്കന്മാരുണ്ട്. തങ്ങളുടെ മക്കള്‍ക്കു കോളജ് വിദ്യാഭ്യാസം നല്‍കുവാന്‍ അവര്‍ എല്ലാ ത്യാഗവും അനുഷ്ഠിക്കുന്നു. ഈ ലക്ഷ്യസാധ്യത്തിനായി തങ്ങളുടെ ജീവിതസുഖങ്ങള്‍ വെടിയുവാന്‍ അവര്‍ക്കു സന്തോഷമാണ്. തങ്ങളുടെ കുട്ടികള്‍ ബിരുദധാരികളായി ത്തീരുന്നതു കാണുവാന്‍ അവര്‍ സന്തോഷിക്കുന്നു. തന്റെ പുത്രന്‍ തന്നെക്കാള്‍ ഉയര്‍ന്ന പദവിയും വിദ്യാഭ്യാസയോഗ്യതയുമുള്ളവനായി ത്തീരുന്നതില്‍ ഒരു പിതാവിനും അസൂയ ഉണ്ടാകുന്നില്ല.

ഒരു യഥാര്‍ത്ഥ ദൈവഭൃത്യനും ഇപ്രകാരമായിരിക്കും. ഇളയ സഹോദരന്മാര്‍ പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിനെ പിന്തുടര്‍ന്ന് തിരുവചനത്തെപ്പറ്റി വെളിപ്പാടു പ്രാപിച്ച് മറ്റുള്ളവര്‍ക്ക് ഒരനുഗ്രഹമായി ത്തീരുമാറ് ദൈവത്താല്‍ ഉപയോഗിക്കപ്പെടുമ്പോള്‍ അദ്ദേഹം സന്തുഷ്ടനാകും. ആത്മീയമായി അവര്‍ തന്നെക്കാള്‍ ഉയരുവാനും ദൈവകരങ്ങളില്‍ തന്നെക്കാള്‍ കൂടുതല്‍ പ്രയോജനമുള്ളവരായിത്തീരുവാനും അദ്ദേഹം ആത്മാര്‍ത്ഥമായി ആഗ്രഹിക്കും.

സഭയിലെ നല്ല നേതൃത്വം തങ്ങളെ സംരക്ഷിക്കുകമൂലം ഇളയ സഹോദരന്മാര്‍ പാളിച്ചകള്‍ കൂടാതെ വളര്‍ന്നുവരുമ്പോള്‍, നാം യുവാക്കളായിരുന്നപ്പോള്‍ നമുക്കു ലഭിക്കാതിരുന്ന വലിയ അനുഗ്രഹം അവര്‍ക്കു ലഭിക്കുന്നതുകണ്ട് നാം സന്തോഷിക്കണം. നാം പിതാക്കന്മാരാണെങ്കില്‍ അസൂയയുടെ ഒരു നിഴല്‍പോലും നമ്മിലുണ്ടാവു കയില്ല. നേരേമറിച്ച് നാം സന്തുഷ്ടരായിത്തീരും. അവര്‍ ഉയര്‍ന്നുവരു ന്നതോര്‍ത്ത് നാം സന്തോഷിക്കും.

ഒരിളയസഹോദരന്റെ ശുശ്രൂഷയിലോ സ്വാധീനശക്തിയിലോ ആത്മീയവളര്‍ച്ചയിലോ നാം അസൂയപ്പെടുന്നുവെങ്കില്‍ നാം തീര്‍ച്ച യായും പിതാക്കന്മാരല്ല, അധ്യാപകന്മാരാണ്. ഒരു സ്‌കൂളില്‍ തന്റെ അധ്യാപകന് ഉത്തരം കണ്ടെത്തുവാനാകാത്ത ഒരു ചോദ്യത്തിന് ഒരു വിദ്യാര്‍ത്ഥി ഉത്തരം കണ്ടെത്തുന്നപക്ഷം അധ്യാപകന്‍ വളരെ കോപിഷ്ഠനും അസൂയാലുവുമായിത്തീര്‍ന്ന് ഏതെങ്കിലും വിധത്തില്‍ പിന്നീട് എല്ലാ സമയത്തും ആ വിദ്യാര്‍ത്ഥിയെ താഴ്ത്തിക്കെട്ടുവാന്‍ ആഗ്രഹിക്കും. ദൈവഭൃത്യന്മാരെന്ന നിലയില്‍ നമ്മുടെ ഒരു തെറ്റ് ഒരാള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ നാം എങ്ങനെയാണ് പെരുമാറുന്നത്?

അധ്യാപകന്മാര്‍ക്ക് ബാബിലോണ്‍ പണിയുവാനേ കഴിവുണ്ടാകൂ. പിതാക്കന്മാര്‍ക്കു മാത്രമേ യഥാര്‍ത്ഥ സഭ, പുതിയ യെരൂശലേം, പണിയുവാന്‍ കഴിയൂ. പുതിയ ഉടമ്പടിയുടെ എല്ലാ സത്യങ്ങളും നാം ഗ്രഹിക്കുകയും പ്രഖ്യാപിക്കുകയും ചെയ്‌തേക്കാം. എന്നാല്‍ ഒരധ്യാപ കന്റെ മനോഭാവത്തോടെയാണ് നാം അതു ചെയ്യുന്നതെങ്കില്‍ നാം പിന്നെയും ബാബിലോണ്‍ പണിയുന്നവരായിട്ടേ തീരുകയുള്ളു.

ഒരധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി താന്‍ ചെയ്ത എല്ലാ അധ്വാനത്തെപ്പറ്റിയും വളരെ ബോധവാനായിരിക്കും. തന്റെ കുട്ടികള്‍ നല്ലവണ്ണം മുന്നേറുന്നപക്ഷം തനിക്കു ലഭിക്കുന്ന മാനത്തെപ്പറ്റി അയാള്‍ ചിന്തിക്കും. തന്റെ വിദ്യാര്‍ത്ഥികള്‍ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ പോലും തനിക്കെന്തു ലാഭമുണ്ടാകുമെന്ന കാര്യമായിരിക്കും അയാള്‍ ചിന്തിക്കുന്നത്. എന്നാല്‍ ഒരു പിതാവ് ഇതില്‍നിന്നു വളരെ വ്യത്യസ്ത നായിരിക്കും. തന്റെ മക്കളുടെ നന്മ മാത്രമേ അയാള്‍ ആഗ്രഹിക്കൂ; തനിക്കുവേണ്ടി ഒന്നും ആഗ്രഹിക്കുകയില്ല.

ഒരധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥികളെ വിമര്‍ശിക്കും. ഒരു പിതാവാകട്ടെ, തന്റെ മക്കളെ ഉത്സാഹിപ്പിക്കുകയേ ചെയ്യൂ. സഹോദരീസഹോദരന്മാരെ എപ്പോഴും നാം വിമര്‍ശിക്കുകയാണെങ്കില്‍, നാം പറയുന്ന തെല്ലാം സത്യമായിരുന്നാലും നാം കാര്യമായിട്ടൊന്നും നേടുകയില്ല. എന്നാല്‍ ഒരു പിതാവു തന്റെ മക്കളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വളരെ നേട്ടമുണ്ടാക്കും.

നന്ദികെട്ട ദുഷ്ടരായ മക്കളോടു ദയാലുവായിരിപ്പാന്‍ ഒരു പിതാവിനു മാത്രമേ കഴിയൂ. നന്ദികെട്ട വിദ്യാര്‍ത്ഥികളെ ഒരധ്യാപകന്‍ വളരെവേഗം കൈവിട്ടുകളയും.

സഭയിലെ കുഴപ്പക്കാരായ സഹോദരന്മാരുമായി നമുക്കു പ്രശ്‌നമുണ്ടാകുമ്പോള്‍ ‘അവര്‍ സ്വയം നശിപ്പിക്കുന്നവരായിത്തീര്‍ന്നാലും കുഴപ്പമില്ല, അവര്‍ സഭ വിട്ടു പോകണം’ എന്നതാണ് നമ്മുടെ ആഗ്രഹമെങ്കില്‍ നമ്മുടെ മനോഭാവം ഒരധ്യാപകന്റേതാണെന്ന കാര്യം നാം വ്യക്തമായി ധരിക്കണം. തന്റെ ഏതെങ്കിലും മക്കളെ സംബന്ധിച്ച് ഒരു പിതാവിന് ഒരിക്കലും അപ്രകാരമാഗ്രഹിക്കുവാന്‍ സാധ്യമല്ല.

നന്ദികെട്ടവരും ദോഷികളുമായ ആളുകളോടും നമ്മുടെ സ്വര്‍ഗ്ഗസ്ഥ പിതാവു മനസ്സലിവുള്ളവനായിരിക്കുന്നതുപോലെ നാമും മനസ്സലി വുള്ളവരായിരിക്കണമെന്നു യേശു കല്പിച്ചിട്ടുണ്ട് (ലൂക്കോ. 6:35,36).

നീതിയെ പിന്തുടരുമ്പോള്‍ നിരന്തരമായും പരിധി കൂടാതെയും കരുണാശാലികളായിരിക്കുവാന്‍ നാം ആഗ്രഹിക്കുന്നില്ലെങ്കില്‍ നാം വളരെ വേഗം പരീശന്മാരും അധ്യാപകന്മാരുമായി താണുപോകുവാന്‍ സാധ്യതയുണ്ട്.

ഒരു പിതാവും ഒരു ജ്യേഷ്ഠസഹോദരനും

തന്റെ അടുക്കല്‍നിന്നു പിന്മാറിപ്പോകുന്നരോടും, എന്നല്ല തന്റെ നന്മയെ ദുരുപയോഗപ്പെടുത്തുന്നവരോടുപോലും ദൈവത്തിനുള്ള സ്‌നേഹത്തിന്റെ ആഴം എത്രമാത്രമാണെന്ന് മുടിയന്‍പുത്രന്റെ ഉപമ യില്‍ക്കൂടി നമുക്കു മനസ്സിലാക്കുവാന്‍ കഴിയും. ദൈവസ്വഭാവത്തെ ക്കുറിച്ച് അത്രയേറെക്കാര്യങ്ങളെ ആ ഉപമ വെളിപ്പെടുത്തുന്നു. ആ സ്വഭാവത്തില്‍ തന്നെയാണ് നാമും പങ്കുകാരായിത്തീരേണ്ടത്.

വഴിതെറ്റിപ്പോയ ആ യുവാവിന്റെ ജ്യേഷ്ഠസഹോദരന്റെയും പിതാവിന്റെയും മനോഭാവങ്ങള്‍ തമ്മിലുള്ള ശ്രദ്ധേയമായ അന്തരം ആ ഉപമയില്‍ നാം കണ്ടെത്തുന്നു. ഒരധ്യാപകനും പിതാവും തമ്മിലുള്ള അന്തരവും അതുതന്നെയാണ്.

ആ ജ്യേഷ്ഠസഹോദരന്‍ സത്യസന്ധനായ ഒരു വ്യക്തിയായിരുന്നു. എങ്കിലും അയാള്‍ക്ക് തന്റെ അനുജനെക്കുറിച്ചൊരു കരുതലോ സ്‌നേഹമോ ഉണ്ടായിരുന്നില്ല. അയാള്‍ അവനെ കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്തത്. മിക്ക ക്രിസ്തീയ നേതാക്കന്മാരും ഇപ്രകാരമാണ്. അവര്‍ വേഗം കോപിഷ്ഠരാകും. തങ്ങളുടെ സഹോദരീസഹോദരന്മാരെ വിമര്‍ശിക്കുവാനും അവര്‍ തിടുക്കം കാട്ടും.

എന്നാല്‍ ആ കഥയിലെ പിതാവിനെ നോക്കുക. എത്ര വിഭിന്നമായ ഒരു മനോഭാവമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്! ദൈവം എങ്ങനെ യുള്ളവനാണെന്നു കാണിക്കുന്ന ഒരു ചിത്രമാണത്. ദൈവത്തിന്റെ സ്വഭാവത്തില്‍ നാം പങ്കുകാരാകുമ്പോള്‍ നാമും അതുപോലെയാകും. തന്റെ ഇളയ സഹോദരന്‍ ചെയ്ത എല്ലാ തിന്മകളും ആ ജ്യേഷ്ഠന്‍ ഓര്‍ക്കുകയും അതെല്ലാം വെളിച്ചത്തുകൊണ്ടുവരുന്നതില്‍ രസിക്കുകയും ചെയ്യുന്നു. എന്നാല്‍ ആ പിതാവാകട്ടെ, അതിനെപ്പറ്റി ചിന്തിക്കു വാന്‍ പോലും ആഗ്രഹിക്കുന്നില്ല.

ഒരവിശ്വാസിയുടെ പദവിയില്‍നിന്നു മാനസാന്തരപ്പെട്ട് ഒരു വിശ്വാസിയായിത്തീരുക എന്നത് ഒരു കാര്യം. എന്നാല്‍ നാം പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരാകണമെങ്കില്‍ നമുക്ക് രണ്ടാമതൊരു മാനസാന്തരം ആവശ്യമാണ്. ഒരു ജ്യേഷ്ഠസഹോദരന്റെ അവസ്ഥയില്‍നിന്ന് ഒരു പിതാവിന്റെ അവസ്ഥയിലേക്കുള്ള മാനസാന്തരമാണത്. അഥവാ പരീശതുല്യസ്ഥിതിയില്‍നിന്ന് ക്രിസ്തുവിന്‍തുല്യസ്ഥിതിയിലേക്കുള്ള മാനസാന്തരം.

ഒരു ദൈവഭൃത്യനെന്ന നിലയിലുള്ള നിങ്ങളുടെ അധികാരത്തോടു മത്സരിക്കുകയും നിങ്ങള്‍ ദീര്‍ഘകാലമായി അയാള്‍ക്കു നന്മ മാത്രം ചെയ്തിട്ടും നിങ്ങളെക്കുറിച്ചു ദൂഷണം പറയുകയും ചെയ്ത ഒരു സഹോദരന്‍ ഉണ്ടോ? അയാളോട് ഇപ്പോള്‍ നിങ്ങള്‍ക്കുള്ള മനോഭാവം എന്താണ്? ഒരധ്യാപകന്റെ മനോഭാവമോ അതോ ഒരു പിതാവിന്റെ മനോഭാവമോ?

സഭയില്‍ മത്സരികളായ സഹോദരന്മാരാല്‍ നാം ശോധന ചെയ്യപ്പെടുന്നിടത്തോളം പൂര്‍ണ്ണമനസ്‌കരായ സഹോദരന്മാരാല്‍ നാം പരീക്ഷി തരാകുന്നില്ല.

ആത്മീയരായ നൂറു സഹോദരന്മാരെക്കാളധികം ഒന്നോ രണ്ടോ മത്സരികളായ സഹോദരന്മാര്‍ക്ക് നമ്മുടെ യഥാര്‍ത്ഥമായ ആത്മീയനില വ്യക്തമാക്കിത്തരുവാന്‍ കഴിയും. കാരണം, നമ്മുടെ ജഡത്തിന്റെ കോണിലും മൂലയിലും ഒളിഞ്ഞുകിടക്കുന്ന മോഹങ്ങളെ വെളിച്ചത്തു കൊണ്ടുവരുവാന്‍ ആ വിഷമക്കാരായ സഹോദരന്മാര്‍ക്കാണ് സാധിക്കുന്നത്.

അതുകൊണ്ടാണ് സകലമനുഷ്യര്‍ക്കുംവേണ്ടി സ്‌തോത്രം ചെയ്വാന്‍ തിരുവചനം നമ്മെ പ്രബോധിപ്പിക്കുന്നത് (1 തിമോ. 2:1). നാം ബന്ധപ്പെടുന്ന എല്ലാ വ്യക്തികളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ നമ്മുടെ ശുദ്ധീകരണത്തിനു സഹായിക്കുന്നുണ്ട്.

നിങ്ങള്‍ ഒരാത്മീയ പിതാവാണെന്നുള്ള തെറ്റിദ്ധാരണയോടുകൂടി വര്‍ഷങ്ങളായി ജീവിച്ചുവരികയായിരുന്നു. അപ്പോള്‍ നിങ്ങളുടെ സഭയില്‍ പ്രശ്‌നക്കാരനായ ഒരു സഹോദരന്‍ ഉണ്ടായിത്തീരുന്നു. വളരെ വേഗത്തില്‍ തന്നെ അയാളോടുള്ള നിങ്ങളുടെ മനോഭാവത്തിലൂടെ നിങ്ങള്‍ വാസ്തവത്തില്‍ ഒരു പിതാവല്ല, ഒരധ്യാപകന്‍ മാത്രമാണെന്നു നിങ്ങള്‍ കണ്ടെത്തുന്നു.

പൂര്‍ണ്ണമനസ്‌കരായ എല്ലാ സഹോദരന്മാരും അനേകവര്‍ഷങ്ങളായി നിങ്ങള്‍ക്കു കാട്ടിത്തരാതെ കിടന്നതായ കാര്യം അതായത് നിങ്ങളുടെ യഥാര്‍ത്ഥ നില കണ്ടെത്തുവാന്‍ ആ പ്രശ്‌നക്കാരനായ സഹോദരന്‍ നിങ്ങളെ സഹായിച്ചു. എന്നേക്കുമായി സ്വയം വഞ്ചിക്കുന്നതില്‍നിന്ന് നിങ്ങളെ രക്ഷിച്ച ആ സഹോദരനെക്കുറിച്ച് നിങ്ങള്‍ നന്ദിയുള്ളവനായിരിക്കേണ്ടതല്ലേ?

നമുക്കു പ്രശ്‌നം സൃഷ്ടിക്കുന്ന സഹോദരന്മാരോടു സഹിഷ്ണുത കാട്ടുക എന്നത് നമുക്കു പ്രയാസമായിരിക്കുമ്പോള്‍, അറിയാതെയാണെങ്കിലും മറ്റുള്ളവര്‍ക്ക് അതേ വിധത്തില്‍ നാം തന്നെ അസൗകര്യങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിച്ചിട്ടുണ്ടെന്ന് നാം ഓര്‍ക്കുന്നത് നന്നായിരിക്കും. അവരും നമ്മോടു സഹിഷ്ണുത കാട്ടുവാന്‍ പ്രയാസപ്പെട്ടിരിക്കും.

നമ്മിലാരും പരിപൂര്‍ണ്ണതയുള്ളവരല്ല. നമുക്കെല്ലാം ഒരു ജഡം ഉണ്ട്. ജഡമുള്ള എല്ലാവരും തുല്യജഡമുള്ള മറ്റുള്ളവരോടു സഹിഷ്ണുത കാണിക്കണം. നമ്മെക്കാള്‍ പരിപക്വത പ്രാപിച്ച മറ്റുള്ളവര്‍ക്ക് നമ്മുടെ പെരുമാറ്റത്തിലുള്ള ക്രിസ്തു സദൃശമല്ലാത്ത മേഖലകള്‍ കാണുവാന്‍ കഴിയും. നമ്മുടെ എല്ലാ ആത്മാര്‍ത്ഥതയോടും തന്നെ നമുക്കതു കാണ്മാന്‍ കഴിവില്ല.

നിങ്ങള്‍ക്ക് ശാഠ്യക്കാരിയായ ഒരു ഭാര്യയാണുള്ളതെങ്കിലും നിങ്ങള്‍ അവരോടു സഹിഷ്ണുത കാട്ടുന്നുവെന്നും അവരെ സ്‌നേഹിക്കുന്നു വെന്നും അവര്‍ക്കെതിരെ യാതൊരു പരാതിയും പുറപ്പെടുവിക്കാതിരിക്കുന്നുവെന്നും നിങ്ങള്‍ സങ്കല്പിച്ചേക്കാം. നിങ്ങളുടെ ക്രിസ്തുസദൃശമായ പെരുമാറ്റത്തെ നിങ്ങള്‍ സ്വയം രഹസ്യത്തില്‍ അഭിനന്ദിച്ചു വെന്നും വരാം. എന്നാല്‍ നിങ്ങളുടെ ഭാര്യ ഇതേ മട്ടില്‍ തന്നെ നിങ്ങളെ ക്കുറിച്ചു ചിന്തിക്കുന്നുവെന്ന കാര്യം നിങ്ങള്‍ അറിഞ്ഞെന്നു വരികയില്ല. തനിക്ക് ഒരു ശാഠ്യക്കാരനായ ഭര്‍ത്താവാണുള്ളതെന്നും അദ്ദേഹത്തോടൊപ്പം താന്‍ സഹിഷ്ണുതയോടെ ജീവിക്കുന്നുവെന്നും അവര്‍ കരുതുന്നുണ്ടായിരിക്കാം.

അതിനാല്‍ എപ്പോഴും നമുക്കു നമ്മെക്കുറിച്ചുതന്നെ ചെറിയ ചിന്തകള്‍ ഉണ്ടായിരിക്കുന്നതു നല്ലതാണ്. സ്വയം കണ്ടെത്തുവാന്‍ കഴിയാത്ത കുറവുകള്‍ നമുക്കുണ്ടെന്നു മനസ്സിലാക്കുന്നതു നന്നായി രിക്കും.

മുടിയന്‍ പുത്രന്റെ പെരുമാറ്റം അവന്റെ പിതാവിന്റെ ഹൃദയത്തിലുണ്ടായിരുന്ന നന്മയെ അദ്ഭുതകരമായവിധം വെളിപ്പെടുത്തി. അവന്‍ ഒരു നല്ല കുട്ടിയായി എപ്പോഴും ഭവനത്തില്‍ തന്നെ ജീവിച്ചിരുന്നെങ്കില്‍ ഒരിക്കലും തന്റെ പിതാവിന്റെ അദ്ഭുതകരമായ നന്മ അവന്‍ ഗ്രഹിക്കുക യില്ലായിരുന്നു.

ഇതുപോലെയുള്ള ഒരു പ്രശ്‌നം നമ്മുടെ സഭയിലോ (ഒരുപക്ഷേ ഭവനത്തിലോ) ഒരു സഹോദരന്റെ (അഥവാ കുടുംബത്തിന്റെ) കാര്യ ത്തിലോ ഉദ്ഭവിക്കുമ്പോള്‍ ആ വ്യക്തി ഒരു സഹോദരനോ ഭാര്യയോ മകനോ മകളോ ആരുമായിക്കൊള്ളട്ടെ ദൈവം നമ്മിലൂടെ ആ തെറ്റുകാരനായ വ്യക്തിക്ക് തന്റെ പിതൃഹൃദയം വെളിപ്പെടുത്തുവാനാഗ്രഹിക്കുന്ന ഒരവസരമാണതെന്നു നാം കരുതണം.

അത്തരം സാഹചര്യങ്ങളില്‍ നാം പിതൃഹൃദയത്തിനു പകരം ഒരധ്യാപകന്റെ ഹൃദയമാണ് വെളിപ്പെടുത്തുന്നതെങ്കില്‍ ദൈവത്തിന് എത്ര നിരാശയാണ് ഉണ്ടാവുക!

ഏതെങ്കിലും ഒരു വ്യക്തി നിങ്ങളുടെ വസ്തുവകകള്‍ അപഹരിച്ചു കൊണ്ടു പൊയ്ക്കളഞ്ഞുവോ? അഥവാ തന്റെ പെരുമാറ്റംമൂലം നിങ്ങളുടെ പേരിനെയോ നിങ്ങളുടെ സഭയുടെ സല്‍പ്പേരിനെയോ കളങ്കപ്പെടുത്തിയോ? ഒരു ദിവസം അയാള്‍ അനുതപിച്ചു മടങ്ങിവന്നാല്‍ നിങ്ങള്‍ എന്തുചെയ്യും? നിങ്ങള്‍ അയാളെ എങ്ങനെയാണു സ്വീകരിക്കാന്‍ പോകുന്നത്? അയാളുടെ പശ്ചാത്താപം യഥാര്‍ത്ഥമാണോ എന്നു ശോധന ചെയ്‌വാനായി കുറേ മാസത്തേക്ക് നിങ്ങള്‍ അയാളെ ‘വേലക്കാരുടെ പാര്‍പ്പിടത്തില്‍’ പാര്‍പ്പിക്കുമോ?

അതോ നിങ്ങള്‍ മുടിയന്‍പുത്രന്റെ പിതാവിനെപ്പോലെ ഓടിയ ടുത്തുചെന്ന് ആശ്ലേഷിച്ച് അയാള്‍ക്കു ഭവനത്തിലേക്ക് ഊഷ്മളമായൊരു സ്വാഗതം നല്‍കുമോ? നിങ്ങള്‍ പിതാവോ അധ്യാപകനോ എന്തായിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അതെല്ലാം ഇരിക്കുന്നത്. ഒരധ്യാപകനും ആ മുടിയന്‍പുത്രനെ തിരിയെ സ്വീകരിച്ചെന്നു വരാം. പക്ഷേ സ്‌നേഹോഷ്മളമായ ഒരു ഹൃദയത്തോടെയായിരിക്കുകയില്ല.

മാനസാന്തരപ്പെടുന്ന ഏതു വ്യക്തിയെപ്പറ്റിയും സ്വര്‍ഗ്ഗത്തില്‍ സന്തോഷമുണ്ടാകും. ആ സന്തോഷത്തില്‍ പങ്കെടുക്കുവാന്‍ നമുക്കു സാധിക്കുന്നില്ലെങ്കില്‍ നമ്മില്‍ എന്തോ സാരമായ തെറ്റുണ്ട്.

മുടിയന്‍പുത്രന്റെ ജ്യേഷ്ഠസഹോദരന് ഒരധ്യാപകന്റെ മനോഭാവമാണ് ഉണ്ടായിരുന്നത്. അയാള്‍ പിതാവിനോടു പറഞ്ഞു: ”ഈ വര്‍ഷ ങ്ങളിലെല്ലാം ഞാന്‍ എങ്ങനെ ജീവിച്ചുവെന്നു ചിന്തിച്ചാലും. ഞാന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല. ഞാന്‍ പൂര്‍ണ്ണഹൃദയത്തോടും തീക്ഷ്ണതയോടും അങ്ങയെ സേവിച്ചു. ഞാന്‍ വിശ്വസ്തതയോടെ വേല ചെയ്തു. നേരേമറിച്ച് അങ്ങയുടെ ഈ മകന്‍ എങ്ങനെയാണു പെരുമാറിയതെന്നോര്‍ക്കുക.”

ഒരധ്യാപകന്‍ എപ്പോഴും തന്റെ നന്മയെയും വിശ്വസ്തതയെയും സഭയിലെ ജഡസ്വഭാവികളുടേതുമായി താരതമ്യപ്പെടുത്തുന്നവനാണ്. ദൈവകൃപയുടെ ധനമഹത്വത്തെക്കാളധികം തന്റെ സഹോദരന്മാരുടെ വീഴ്ചകളെപ്പറ്റിയാണ് അയാള്‍ ചിന്തിക്കുന്നത്. യേശുവിന്റെ കാലത്തു ണ്ടായിരുന്ന പരീശന്മാരുടെ സ്വഭാവത്തിന്റെ മുഖ്യഘടകം ഇതായിരുന്നു. അധ്യാപകസ്വഭാവമുള്ള എല്ലാവരും പരീശന്മാര്‍ തന്നെ.

മുടിയന്‍ പുത്രന്റെ ജ്യേഷ്ഠസഹോദരന്‍ പറഞ്ഞതില്‍ കുറേ സത്യമുണ്ടായിരുന്നു. ഇളയ മകന്‍ അപ്പന്റെ മുതല്‍ തിന്നുകളഞ്ഞുവെന്നതു ശരിതന്നെ. എന്നാല്‍ വേശ്യകള്‍ക്കായി ആ പണം ചെലവിട്ടുവെന്നാണ് അയാള്‍ അപ്പനോടു പറഞ്ഞത്. അത് ഒരു സങ്കല്പമായിരുന്നു. ഒരധ്യാപകന്റെ സ്വഭാവവിശേഷവും ഇതുതന്നെ. എപ്പോഴെങ്കിലും അയാള്‍ ഒരുവനെതിരായിത്തീര്‍ന്നാല്‍ അപ്പോള്‍ അയാളെപ്പറ്റി ഏറ്റവും മോശ മായതു സങ്കല്പിക്കുകയും വിശ്വസിക്കുകയും ചെയ്യും. തെറ്റുകാരനായ ഒരാളിനെ ലജ്ജിപ്പിക്കേണ്ടതിന് അയാളുടെ പാപങ്ങളെ വെളിച്ചത്തു കൊണ്ടുവരുന്നതില്‍ അയാള്‍ സന്തോഷിക്കുകയും ചെയ്യും.

നാം മറ്റൊരാളിനെ കുറ്റപ്പെടുത്തുമ്പോള്‍ നാം പറഞ്ഞ കാര്യങ്ങള്‍ നൂറു ശതമാനവും ശരിയാണെന്നു പറയുന്നതുകൊണ്ടു മെച്ചമില്ല. അപ്പോഴും സഹോദരന്മാരെ കുറ്റപ്പെടുത്തുന്ന അപവാദിയുമായി പങ്കാളിത്തത്തില്‍ നാം അതു ചെയ്യുന്നതുകൊണ്ട് നമ്മുടെ മനോഭാവം നൂറു ശതമാനവും തെറ്റായിത്തീരാം (വെളി. 12:10).

സാത്താന്‍ ദൈവത്തിന്റെ മുമ്പില്‍ ദൈവമക്കളെ കുറ്റപ്പെടുത്തുമ്പോള്‍ അവന്‍ പറയുന്ന വസ്തുതകള്‍ നൂറു ശതമാനവും ശരിയാണെന്നു നമുക്കു തീരുമാനിക്കാം. ദൈവത്തോടു വ്യാജം പറയുവാന്‍ അവന്‍ മുതിരുകയില്ല. എന്നാല്‍ അവന്റെ മനോഭാവം കുറ്റാരോപണത്തിന്റെ മനോഭാവം തന്നെയാണ്.

നാം ശ്രദ്ധാലുക്കളല്ലെങ്കില്‍ നമ്മെ സംബന്ധിച്ചും ഇതുതന്നെ സംഭവിക്കാം. അതിനാല്‍ വസ്തുതകളെല്ലാം ശ്രദ്ധയോടെ പരിശോധിച്ചു സത്യമെന്നു ബോധ്യപ്പെട്ടതാണെന്നു നാം പറയുന്നതില്‍ നമുക്ക് ആശ്വസിക്കുവാന്‍ വകയില്ല. കാരണം, നമ്മുടെ മനോഭാവം (spirit) അപ്പോഴും നരകത്തിന്റെ ദുര്‍ഗന്ധം വമിക്കുന്നതാകാം.

നേരേമറിച്ച് നാം പിതാക്കന്മാരാണെങ്കില്‍ ഒരു സഹോദരന്‍ ചെയ്തു പോയ നിരവധി ലംഘനങ്ങളെയെല്ലാം നാം മറയ്ക്കുകയും അയാള്‍ ഇപ്പോള്‍ മാനസാന്തരപ്പെട്ടുവല്ലോ എന്നോര്‍ത്ത് സന്തോഷിക്കുകയും ചെയ്യും. അതിനാല്‍ നാം തടിപ്പിച്ച മൃഗത്തെ അറുത്ത് സന്തോഷമാചരിക്കും. ഇത് നാമിനിയും എത്തിച്ചേരേണ്ട ഒരു ഉന്നത മണ്ഡലമാണെന്നതു ശരിതന്നെ. എങ്കിലും അവിടെച്ചെന്നെത്തുന്നതുവരെയും നമുക്ക് ഉത്സാഹത്തോടെ അതിനായി പരിശ്രമിക്കാം. ഇപ്പോള്‍തന്നെ നാം അവിടെ എത്തിയെന്നു സങ്കല്പിച്ച് നമ്മെത്തന്നെ വഞ്ചിക്കാതിരിക്കാം.

മറ്റുള്ളവര്‍ക്ക് യഥാര്‍ത്ഥ പിതാക്കന്മാരായിത്തീരുവാനുള്ള കൃപയ്ക്കുവേണ്ടി നമുക്കു ദൈവത്തോട് അപേക്ഷിക്കാം.

ദാവീദും അബ്ശാലോമും

ദാവീദിന്റെ മകനായ അബ്ശാലോം അദ്ദേഹത്തിനെതിരേ ദുരുപായം പ്രയോഗിച്ച് യിസ്രായേല്‍ ജനതയുടെ ഹൃദയം തനിക്കധീനമാക്കുകയും അദ്ദേഹത്തെ സിംഹാസനഭ്രഷ്ടനാക്കുകയും ചെയ്ത ഒരവസരം ദാവീദിന്റെ ജീവിതത്തില്‍ ഉണ്ടായി.

എന്നാല്‍ ദാവീദിന് അപ്പോഴും യുദ്ധവീരന്മാരായ ചില സേനാനികള്‍ ഉണ്ടായിരുന്നു. അവര്‍ യുദ്ധം ചെയ്ത് അദ്ദേഹത്തെ സംരക്ഷിക്കുവാന്‍ മുതിര്‍ന്നു. അവര്‍ അബ്ശാലോമുമായി യുദ്ധം ചെയ്യുവാന്‍ പോകയാണെന്നു ദാവീദ് അറിഞ്ഞു. അതിനാല്‍ അദ്ദേഹം തന്റെ സേനാനായക നായ യോവാബിനോട്, ”അബ്ശാലോം കുമാരനോട് എന്നെയോര്‍ത്ത് കനിവോടെ പെരുമാറുക” എന്നു പറഞ്ഞു (2 ശമു. 18:5).

സഭയിലുള്ള പ്രശ്‌നക്കാരായ സഹോദരന്മാരോടു പെരുമാറേണ്ടി വരുമ്പോള്‍ ഈ വാക്കുകള്‍ നമ്മുടെ മുമ്പില്‍ വലിയ അക്ഷരത്തില്‍ നാം എഴുതേണ്ടതാവശ്യമാണ്: ”കര്‍ത്താവിനുവേണ്ടി ആ വ്യക്തിയോടു കനിവോടെ പെരുമാറുക.”

അനന്തരം അബ്ശാലോം കൊല്ലപ്പെട്ടുവെന്നു ദാവീദു കേട്ടപ്പോള്‍ അദ്ദേഹം ഇപ്രകാരം വിലപിച്ചു: ”അബ്ശാലോമേ, ഞാന്‍ നിനക്കു പകരം മരിച്ചെങ്കില്‍ കൊള്ളാമായിരുന്നു” (2 ശമു. 18:33).

ദാവീദ് ഒരധ്യാപകനായിരുന്നില്ല. മത്സരിയായ ഒരു മകന്റെ നേരേ അദ്ദേഹത്തിന് ഒരു പിതൃഹൃദയം ഉണ്ടായിരുന്നു. ”ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യന്‍” എന്ന് ദൈവം അദ്ദേഹത്തെ വിളിച്ചതില്‍ അദ്ഭുതത്തിന് അവകാശമില്ല.

ദൈവത്തിന്റെ ഹൃദയത്തിനും ഇതേ ആഗ്രഹമാണുള്ളത്. ”നിനക്കു പകരം ഞാന്‍ മരിച്ചെങ്കില്‍ കൊള്ളാമായിരുന്നു.” ഇക്കാരണത്താലാണ് യേശു കാല്‍വറിയില്‍ നമുക്കു പകരം മരിച്ചത്. ദൈവഹൃദയവുമായുള്ള പങ്കാളിത്തത്തിലേക്കു നാം പ്രവേശിക്കുമ്പോഴാണ് നാം പിതാക്കന്മാരായിത്തീരുന്നത്.

മനുഷ്യനിലുള്ള പാപത്തെ ശാസിക്കുവാനുള്ള അധികാരം യേശുവി നുണ്ടായിരുന്നു. കാരണം, മനുഷ്യനെ പാപത്തില്‍നിന്നു വിടുവിക്കു വാനായി മരിക്കുവാന്‍ അവിടുന്നു സന്നദ്ധനായിരുന്നു. മറ്റൊരാളെ പാപത്തില്‍നിന്നു വിടുവിക്കുവാന്‍വേണ്ടി മരിക്കുവാന്‍ നാം സന്നദ്ധരാകുന്നതുവരെയും അയാളിലുള്ള പാപത്തെ ശാസിക്കുവാന്‍ നമുക്ക് അധികാരമില്ല.

അപ്പോള്‍ മാത്രമേ നാം യഥാര്‍ത്ഥ പിതാക്കന്മാരാവുകയുള്ളു. അല്ലാത്തപക്ഷം നാം അധ്യാപകന്മാര്‍ മാത്രമാണ്.

ഇടയന്മാരും കൂലിക്കാരും

യെഹെ. 34:36 വാക്യങ്ങളില്‍ ദൈവം യിസ്രായേലിലെ ഇടയന്മാരെ ശാസിക്കുന്നു.

അവര്‍ ആടുകളുടെ മേദസ്സു ഭക്ഷിക്കുകയും ആട്ടിന്‍രോമം വസ്ത്രമായി ധരിക്കുകയും ചെയ്തതിനാലാണ് അവിടുന്ന് അവരെ ശാസിച്ചത്. അവര്‍ ബലഹീനമായതിനെ ശക്തീകരിക്കയോ രോഗം പിടിച്ച തിനെ ചികിത്സിക്കയോ ഒടിഞ്ഞതിനെ മുറിവുകെട്ടുകയോ ചെയ്തില്ല. അവര്‍ കാണാതെപോയതിനെ അന്വേഷിക്കയോ ചിതറിപ്പോയതിനെ തിരിച്ചുവരുത്തുകയോ കാട്ടുമൃഗങ്ങളില്‍നിന്ന് ആടുകളെ സംരക്ഷിക്കുകയോ ചെയ്തതുമില്ല. പകരം കഠിനതയോടും ക്രൂരതയോടും കൂടെയാണ് അവര്‍ അവയെ ഭരിച്ചത്. അവര്‍ യഥാര്‍ത്ഥ ഇടയന്മാരല്ലായി രുന്നു, കൂലിക്കാരായിരുന്നു.

കൂലിക്കാര്‍ അധ്യാപകന്മാരെപ്പോലെയാണ്. അവര്‍ സ്വന്തലാഭമന്വേഷിച്ച് ശമ്പളത്തിനുവേണ്ടി ജോലി ചെയ്യുന്നു.

നേരേ മറിച്ച് ഒരു യഥാര്‍ത്ഥ ഇടയന്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു വെന്ന് 11 മുതല്‍ 16 വരെയുള്ള വാക്യങ്ങളില്‍ നാം വായിക്കുന്നു. അയാള്‍ അവയ്ക്കായി കരുതുകയും അവയ്ക്കു മേച്ചില്‍ നല്‍കുകയും നല്ല കിടപ്പിടം ഒരുക്കുകയും കാണാതെപോയതിനെ അന്വേഷിക്കുകയും ചിതറിപ്പോയതിനെ തിരിയെ വരുത്തുകയും ദീനം പിടിച്ചതിനെ ചികിത്സിച്ചു ഭേദമാക്കുകയും ചെയ്യുന്നു. ഒരു നല്ല ഇടയന്‍ ആടുകള്‍ക്കു വേണ്ടി ജീവന്‍ വച്ചുകൊടുക്കുകപോലും ചെയ്യുന്നു.

ഒരു ആത്മീയ പിതാവ് തന്റെ ആട്ടിന്‍കൂട്ടത്തിന് അപ്രകാരമുള്ള ഒരു ഇടയനായിരിക്കും.

ഇതാണ് പുതിയനിയമശുശ്രൂഷകന്മാരെന്ന നിലയില്‍ നമ്മുടെ വിളി.

നമ്മുടെ ശുശ്രൂഷ കേവലം മീറ്റിംഗുകളില്‍ പ്രസംഗിക്കുക മാത്രമാണെന്നു നാം ചിന്തിക്കരുത്. ചിലപ്പോള്‍ അധൈര്യപ്പെട്ടു തളര്‍ന്ന ഒരു സഹോദരന്‍ ഉണ്ടായിരിക്കാം. അയാളെ സന്ദര്‍ശിക്കുകയും ആശ്വാസവും ധൈര്യവും നല്‍കുന്ന വാക്കുകള്‍ സംസാരിക്കുകയും ചെയ്യേണ്ടതാവശ്യമാണ്. മറ്റൊരാള്‍ സാത്താനാല്‍ ഞെരുക്കപ്പെടുന്നതുമൂലം അയാള്‍ക്കു വിടുതല്‍ നല്‍കേണ്ടതും ആവശ്യമായിരിക്കും.

ഇപ്രകാരമുള്ള എല്ലാ ആളുകളെയും സാത്താനാകുന്ന സിംഹത്തിന്റെ പിടിയില്‍പ്പെട്ട ആട്ടിന്‍കുട്ടികളെപ്പോലെ നാം വീക്ഷിക്കണം (1 പത്രോ. 5:8). ദാവീദിനെപ്പോലെ നാം സിംഹത്തെ പിന്‍ചെന്ന് ആക്ര മിക്കുകയും ആട്ടിന്‍കുട്ടികളെ അവന്റെ വായില്‍നിന്നു വീണ്ടെടുക്കുകയും ചെയ്യണം (1 ശമു. 17:34,35). അപ്രകാരമാണ് ഒരു യഥാര്‍ത്ഥ ഇടയന്‍ പ്രവര്‍ത്തിക്കുന്നത്. ഒരു വിഷമക്കാരനായ സഹോദരനെ കണ്ടുമുട്ടുമ്പോള്‍ അദ്ദേഹം അയാളെ വിമര്‍ശിക്കുകയല്ല, സാത്താനോടു പോരാടുകയാണ് ചെയ്യുന്നത്. അങ്ങനെ സാത്താന്റെ വായില്‍നിന്ന് അയാള്‍ ആടിനെ വീണ്ടെടുക്കുന്നു.

രോഗം ബാധിച്ച ശിശുക്കളുടെ കിടക്കയ്ക്കരികില്‍ രാത്രി മുഴുവന്‍ ഇരുന്ന് അവരെ ശുശ്രൂഷിക്കുന്ന മാതാപിതാക്കളെ നാമെല്ലാം കണ്ടിട്ടില്ലേ?

അത്തരം ആത്മത്യാഗപൂര്‍വമായ ശുശ്രൂഷ ചെയ്യുവാന്‍ അധ്യാപകര്‍ക്കു സമയം കാണുകയില്ല. തങ്ങളുടെ രോഗികളായ കുട്ടികളെ കാണുമ്പോള്‍ സൗഖ്യം പ്രാപിച്ചശേഷം സ്‌കൂളില്‍ വരണമെന്നു പറയുക മാത്രമേ അവര്‍ ചെയ്യുകയുള്ളു.

നമ്മുടെ മധ്യത്തില്‍ ആത്മീയരോഗം ബാധിച്ച സഹോദരന്മാര്‍ ഉള്ളപ്പോള്‍ മാത്രമേ നാം യഥാര്‍ത്ഥത്തില്‍ പിതാക്കന്മാരോ അധ്യാപകരോ എന്നു നാം കണ്ടെത്തുകയുള്ളു.

നിങ്ങള്‍ക്ക് പ്രശ്‌നക്കാരിയായ ഒരു ഭാര്യ ഉണ്ടെങ്കിലേ നിങ്ങള്‍ ഇടയ മനോഭാവമുള്ള ഒരു ഭര്‍ത്താവോ അതോ കൂലിക്കാരന്റെ മനോഭാവ മുള്ള ഭര്‍ത്താവോ എന്നു നിങ്ങള്‍ കണ്ടെത്തുകയുള്ളു. എന്നാല്‍ ആത്മീയയായ ഒരു ഭാര്യയാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍ നിങ്ങളുടെ യഥാര്‍ത്ഥനില നിങ്ങള്‍ ഒരിക്കലും മനസ്സിലാക്കുകയില്ലെന്നു വരാം.

യിസ്രായേല്‍ ബാബിലോണിലേക്കു പ്രവാസികളായിപ്പോയത് അവരുടെ ഇടയന്മാരുടെ കൃത്യവിലോപം നിമിത്തമാണെന്ന് യെഹെസ്‌കേലിന്റെ കാലത്തെ ഇടയന്മാരോട് യഹോവ അരുളിച്ചെയ്തു.

ഇതേ കാരണത്താല്‍ തന്നെ ദൈവജനങ്ങളില്‍ ഒട്ടുവളരെയാളുകള്‍ ഇന്നു ബാബിലോണില്‍ കഴിയുന്നവരാണ്. അവരുടെ ഇടയന്മാര്‍ തങ്ങളുടെ കൃത്യം നിര്‍വഹിക്കാതെ അവരെ നാശത്തിലേക്കു നയിക്കുക യാണ് ചെയ്തിട്ടുള്ളത്.

ഒരുവന്‍ അധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നുവെങ്കില്‍ നല്ല വേല ആഗ്രഹിക്കുന്നുവെന്നു 1 തിമോ. 3:1ല്‍ പറയുന്നു. അതേ, സഭയിലുള്ള മറ്റുള്ളവര്‍ക്ക് ഒരാത്മീയ പിതാവായിത്തീര്‍ന്ന് അനുഗ്രഹവും സഹായവും നല്‍കുന്നത് തീര്‍ച്ചയായും ഒരു നല്ല വേല തന്നെ.

എങ്കിലും ഒരു മൂപ്പനെന്നും ദൈവഭൃത്യനെന്നും ഉള്ള സ്ഥാനവും ബഹുമതിയും നമ്മിലാരും ആഗ്രഹിക്കരുത്.

ഈ കാര്യങ്ങള്‍ ഗൗരവപൂര്‍വം വീക്ഷിച്ച് പ്രവര്‍ത്തിക്കുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.


അധ്യായം ഏഴ് : സഭയെ പടുത്തുയര്‍ത്തുക

പുതിയ ഉടമ്പടിയില്‍ ദൈവത്തിന്റെ അന്തിമലക്ഷ്യം ക്രിസ്തുവിനെപ്പോലെയുള്ള ഏതാനും വ്യക്തികളെ സൃഷ്ടിക്കുകയല്ല, പിന്നെയോ ക്രിസ്തുവില്‍ ഏകശരീരമായിത്തീരുന്ന ഒരു പുതുമനുഷ്യനെ സൃഷ്ടിക്കുകയാണ് (എഫേ. 2:15,16).

പഴയ ഉടമ്പടിയിന്‍കീഴില്‍ ദൈവം ഒരു മോശയെയും ഒരു ഏലിയാവിനെയും ഒരു യോഹന്നാന്‍ സ്‌നാപകനെയും എഴുന്നേല്‍പിച്ചു. അവരെല്ലാവരും താന്താങ്ങളുടെ തലമുറയില്‍ സാക്ഷികളായി ദൈവത്തിനു വേണ്ടി നിന്ന ഒറ്റയൊറ്റ മനുഷ്യരാണ്. എന്നാല്‍ സഭയെന്നത് അവര്‍ക്കെല്ലാവര്‍ക്കും മറഞ്ഞിരുന്ന ഒരു മര്‍മ്മമാണ്. യിസ്രായേലിനു വ്യക്തികളുടെ ഒരു സമൂഹമായിട്ടല്ലാതെ ഒരു ശരീരമായിത്തീരുവാന്‍ സാധിച്ചില്ല. ഒരു ശരീരത്തില്‍ എല്ലാ അവയവങ്ങളും പരസ്പരം ബന്ധപ്പെട്ടവയാണ്. എങ്കിലും ഓരോ അവയവത്തിനും വ്യക്തിഗതമായും ആന്തരികമായും തലയോടു ബന്ധമുണ്ട്.

പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശു വന്നപ്പോള്‍ അവിടുന്ന് തന്റെ ശിഷ്യന്മാരെ ഈരണ്ടീരണ്ടായി അയച്ചു. അവര്‍ ഇനിമേല്‍ അവിടുത്തേക്ക് ഒറ്റതിരിഞ്ഞ ഓരോ സാക്ഷികളായിട്ടല്ല ഇരിക്കേണ്ടത്. എവിടെയെല്ലാം തന്റെ ശിഷ്യന്മാരില്‍ രണ്ടുപേര്‍ അവിടുത്തെ നാമത്തില്‍ ഒന്നായിത്തീരുമോ അവിടെ അവിടുത്തെ സാന്നിധ്യം ശക്തിയോടെ വെളിപ്പെടുമെന്നും അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ട് (മത്താ. 18:1820). എന്തെന്നാല്‍ രണ്ടു പേര്‍ യേശുവിന്റെ നാമത്തില്‍ ഒന്നായിത്തീരുന്നിടത്ത് ക്രിസ്തുവിന്റെ ശരീരത്തിന്റെ ഒരു പ്രാതിനിധ്യം ഉണ്ടായി ത്തീരുന്നു.

പുതിയ ഉടമ്പടിയുടെ ശുശ്രൂഷകന്മാരെന്ന നിലയില്‍ വ്യക്തികളായ സഹോദരീസഹോദരന്മാര്‍ ദൈവസ്വഭാവമുള്ളവരായിത്തീരുന്നതു കൊണ്ടു മാത്രം നാം ഒരിക്കലും സംതൃപ്തരാകരുത്. പ്രാദേശികസഭ തന്നെ ക്രിസ്തുവിന്‍ ശരീരത്തിന്റെ പ്രാതിനിധ്യം വഹിക്കുന്ന ഒന്നായിത്തീരണം. അല്ലാത്തപക്ഷം ദൈവത്തിന്റെ സര്‍വോന്നതലക്ഷ്യം നിറവേറ്റുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുന്നു.

ദൈവസാന്നിധ്യം

പുതിയനിയമസഭയുടെ പ്രാഥമികലക്ഷണം എന്താണ്? അത് ഒരു പ്രത്യേക മാതൃകയിലുള്ള സഭാപരിപാലനമാണെന്നും ഒരു പ്രത്യേക മാതൃകയില്‍ സഭായോഗം നടത്തുന്നതാണെന്നും ചിലര്‍ കരുതുന്നു. എന്നാല്‍ ഇതൊന്നുമല്ല അത്. സഭയെ സംബന്ധിച്ച പ്രധാന കാര്യം അതിനു ദൈവികജീവന്‍ ഉണ്ടായിരിക്കണം എന്നതാണ്.

ഒരു ശിശു അമ്മയുടെ ഗര്‍ഭത്തില്‍ ഉരുവാകുമ്പോള്‍ ആദ്യത്തെ ആഴ്ചകളില്‍ അതിന് ഒരു മനുഷ്യജീവിയുടെ ആകൃതി (രൂപമാതൃക) പോലുമില്ല. ജീവന്‍ മാത്രമേ അതിനുള്ളൂ. രൂപമാതൃക പിന്നീട് ഉണ്ടായിത്തീരുകയാണ്. എവിടെയെങ്കിലും ഒരു പുതിയ സഭ സ്ഥാപിക്കപ്പെടുമ്പോഴും ഇതുതന്നെയാണ് സ്ഥിതി. ശരിയായ മാതൃക രൂപപ്പെട്ടുവരാന്‍ സമയം എടുക്കും. എന്നാല്‍ അപ്പോഴും അതിന് ജീവന്‍ ഉണ്ടായിരിക്കണം.

ഒരു പുതിയനിയമസഭയുടെ പ്രാഥമികലക്ഷണം അതിന്റെ മധ്യേ ദൈവം സന്നിഹിതനായിരിക്കുന്നു എന്നതാണ്. സഭ ഒരുമിച്ചുകൂടുകയും എല്ലാവരും പരിശുദ്ധാത്മാഭിഷേകത്താല്‍ പ്രവചിക്കുകയും ചെയ്യുമ്പോള്‍ മീറ്റിംഗില്‍ വന്നുകൂടുന്നവര്‍ക്ക് പാപബോധം ഉണ്ടാകുകയും ദൈവം ആ മീറ്റിംഗില്‍ ഉണ്ടെന്ന് അവര്‍ ഏറ്റുപറകയും ചെയ്യണം (1 കൊരി. 14:24,25). ശരിയായ മാതൃകയിലുള്ള ഒരു സഭയാണ് അതെന്നു തെളിയിക്കുന്നത് അതാണ്, അതു മാത്രമാണ്.

ദൈവസാന്നിധ്യം അവിടെയില്ലെങ്കില്‍ ദൈവത്തിന്റെ പരിപൂര്‍ണ്ണ പദ്ധതിയിലേക്കു നാം വന്നെത്തിയിട്ടില്ലെന്ന് നാം ഏറ്റുപറയുകയും മാനസാന്തരപ്പെടുകയും ചെയ്യണം.

മരുഭൂമിയില്‍ യിസ്രായേല്‍ ജനങ്ങള്‍ നിര്‍മ്മിച്ച സമാഗമനകൂടാരത്തെപ്പറ്റി ചിന്തിക്കുക. പുറപ്പാടു പുസ്തകത്തില്‍ അതിന്റെ മാതൃക വ്യക്തമായി എഴുതപ്പെട്ടിരിക്കുന്നു. ഫെലിസ്ത്യര്‍ക്കും വേണമെങ്കില്‍ അതുപോലെതന്നെ ഒരു കൂടാരം നിര്‍മ്മിക്കാമായിരുന്നു.

എന്നാല്‍ അവര്‍ക്ക് ഒരിക്കലും ഉണ്ടാക്കുവാന്‍ കഴിയാത്ത ഒരു കാര്യം ഉണ്ടായിരുന്നു. ഒരു അഗ്നിസ്തംഭം പോലെ കൂടാരത്തെ പ്രകാശിപ്പിച്ചിരുന്നതും അതിവിശുദ്ധസ്ഥലത്തുണ്ടായിരുന്നതുമായ ദൈവസാന്നിധ്യമായിരുന്നു അത്. സമാഗമനകൂടാരത്തിന്റെ സര്‍വപ്രധാനമായ ഘടകം അതായിരുന്നു. സഭയുടെ കാര്യവും അതുപോലെ തന്നെ.

നിങ്ങള്‍ എവിടെയെങ്കിലും ശക്തിസമ്പന്നമായ ഒരു സഭയെ കാണുമ്പോള്‍ അതിന്റെ രഹസ്യം മീറ്റിംഗുകളില്‍ അതു പിന്തുടരുന്ന മാതൃകയാണെന്നോ, അവിടെ പ്രസംഗിക്കപ്പെടുന്ന ഉപദേശമാണെന്നോ ചിന്തിച്ചെന്നു വരാം. അതിനാല്‍ നിങ്ങള്‍ ആ മാതൃക അനുകരിക്കു കയും അതേ ഉപദേശം പ്രസംഗിക്കുകയും പുതിയ ഉടമ്പടിയിന്‍ കീഴിലുള്ള ഒരു സഭയാണ് നിങ്ങളെന്ന് സങ്കല്‍പിക്കുകയും ചെയ്‌തേക്കാം. എന്നാല്‍ നിങ്ങള്‍ സ്വയം വഞ്ചിക്കുകയാണ്. ദൈവതേജസ്സ് ശക്തിയോടെ നിങ്ങളുടെ മധ്യത്തില്‍ സന്നിഹിതമാകുന്നില്ലെങ്കില്‍ ഒരിക്കലും ഒരു പുതിയനിയമസഭ ഉണ്ടാവുകയില്ല.

ഒരു സഭയെന്ന നിലയില്‍ ദൈവം നമ്മുടെ മധ്യത്തില്‍ ശക്തിയോടെ സന്നിഹിതനാകുമ്പോള്‍ അവിടുത്തേക്കു പ്രസാദകരമായതെന്തെന്നും അവിടുത്തെ ദുഃഖിപ്പിക്കുന്നതെന്തെന്നും അവിടുത്തെ വെളിച്ചം നിരന്തരമായി നമ്മെ കാണിച്ചുകൊണ്ടിരിക്കും. നമുക്കു മുമ്പില്‍ സ്ഥിതി ചെയ്യുന്ന ആപത്തുകളെപ്പറ്റി ആ വെളിച്ചം നമുക്കു താക്കീതു നല്‍കും. അത് ഇരുട്ടിനെ മാത്രമല്ല ഇരുട്ടിന്റെ അധിപനെയും അവിടെനിന്നു തുരത്തിക്കളയും. അത്തരമൊരു സഭയ്‌ക്കെതിരേ പാതാളശക്തികള്‍ ഒരിക്കലും വിജയം കൈവരിക്കയില്ല.

സഭയില്‍ നമ്മുടെ ഉപദേശങ്ങള്‍ ശരിയായി സൂക്ഷിക്കുന്നതു കൊണ്ടു മാത്രം പ്രയോജനമില്ല. മറ്റെല്ലാറ്റിനെക്കാളുമധികം നമുക്കാവശ്യമായിരിക്കുന്നത് ദൈവ സാന്നിധ്യമാണ്.

പ്രവചനത്തിന്റെ ആത്മാവ്

ദൈവം നമ്മുടെ മധ്യത്തില്‍ സന്നിഹിതനായിരിക്കുമ്പോള്‍ മീറ്റിംഗുകളില്‍ അവിടുന്നു നമ്മോടു ശക്തമായി സംസാരിക്കുന്നതായി നാം കേള്‍ക്കും. അതാണ് പ്രവചനം എന്നതിന്റെ അര്‍ത്ഥം.

പഴയനിയമകാലങ്ങളില്‍ പ്രവചനമെന്നത് ഭാവികാര്യങ്ങളെ ദീര്‍ഘ ദര്‍ശനം ചെയ്യുന്നതിനും ആളുകള്‍ എന്തുചെയ്യണമെന്ന് അവര്‍ക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതിനും ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു. എന്നാല്‍ ഇന്ന് പുതിയ ഉടമ്പടിയിന്‍കീഴില്‍ പ്രവചനം പ്രബോധനത്തിനും (ആളുകളെ വെല്ലുവിളിക്കുക, ശാസിക്കുക, തെറ്റു തിരുത്തുക) ആശ്വാസത്തിനും (സാന്ത്വനം, പ്രോത്സാഹനം) ആത്മീയവര്‍ദ്ധനയ്ക്കും (സഭയെ പടുത്തുയര്‍ത്തല്‍) വേണ്ടിയുള്ളതാണ് (1 കൊരി. 14:3).

സഭയെ പടുത്തുയര്‍ത്തുന്നതിനുവേണ്ടിയുള്ള മുഖ്യമായ ആത്മവരമാണ് പ്രവചനം. പ്രവചനാത്മകമായ ഒരു വാക്ക് ഇരുട്ടില്‍ പ്രകാശിക്കുന്ന ഒരു വിളക്കാണ് (2 പത്രോ. 1:19). ഈ വിളക്ക് സഭയില്‍ എരിഞ്ഞു പ്രകാശിക്കുന്നില്ലെങ്കില്‍ അന്ധകാര രാജാവിന്റെ തന്ത്രങ്ങളില്‍നിന്നു രക്ഷപെടുവാന്‍ നമുക്കു സാധ്യമല്ലാതെ വരും. സഭ തന്നെയും ഇരുട്ടില്‍ മുഴുകിപ്പോകും. നല്ലവണ്ണം ആരംഭിച്ച പല ക്രിസ്തീയ സമൂ ഹങ്ങളും കുറെക്കാലം കഴിഞ്ഞതോടെ അധോഗതി പ്രാപിച്ചിട്ടുള്ളതിന്റെ കാരണം പ്രവചനവരം ക്രമേണ അപ്രത്യക്ഷമായതാണ്.

പഴയനിയമകാലങ്ങളില്‍ ദൈവസാന്നിധ്യം യിസ്രായേലില്‍നിന്ന് അപ്രത്യക്ഷമായപ്പോഴൊക്കെയും ദൈവം അവരെ കൈവിട്ടുവെന്ന തിന്റെ ഒരടയാളം ഒരു പ്രവാചകനും അവരുടെയിടയില്‍ പിന്നീട് ഉണ്ടായിരുന്നില്ല എന്നതായിരുന്നു (സങ്കീ. 74:1,9).

ഏലിയുടെ കാലത്തെന്നപോലെ യിസ്രായേലില്‍ ഒരു പ്രവാചകന്‍ ഇല്ലാതിരുന്ന കാലഘട്ടങ്ങളില്‍ യിസ്രായേല്‍ എപ്പോഴും അധോഗതിക്ക് ഇരയായിത്തീര്‍ന്നു (1 ശമൂ. 3:1 നോക്കുക). എന്നാല്‍ ശമൂവേലിന്റെ ജീവിതകാലത്തെന്നപോലെ അവര്‍ക്ക് ഒരു പ്രവാചകനുണ്ടായിരുന്നപ്പോഴെല്ലാം യിസ്രായേല്‍ ഉന്നതനിലവാരത്തിലേക്ക് ഉയരുവാനിടയായി ത്തീര്‍ന്നിട്ടുണ്ട് (1 ശമൂ. 3:20). ശമൂവേല്‍ മുഖാന്തരമാണ് ദാവീദ് യിസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടത്. അത് യിസ്രായേലി ന്റെ ചരിത്രത്തില്‍ മഹത്വകരമായ ഒരു പുതുയുഗത്തിന്റെ ആരംഭമാ യിരുന്നു.

ശമൂവേല്‍ പ്രവചിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വചനങ്ങളൊന്നും നിഷ്ഫലമായിപ്പോകുവാന്‍ ദൈവം അനുവദിച്ചില്ല (1 ശമൂ. 3:19 KJV).

നാം സംസാരിക്കുന്ന ഓരോ വചനവും ഒരു അമ്പ് അതിന്റെ ലക്ഷ്യത്തിലേക്കെന്നപോലെ ആളുകളുടെ ഹൃദയത്തിലേക്കു കടന്നു ചെല്ലു മാറ് സഭയില്‍ അതിശക്തമായ ഒരു പ്രവചനശുശ്രൂഷ നല്‍കുവാന്‍ വേണ്ടി നാമും പ്രാര്‍ത്ഥിക്കേണ്ടതാണ്.

പ്രവചനവരത്തിലൂടെ ആളുകളുടെ ഹൃദയരഹസ്യങ്ങള്‍ വെളിപ്പെട്ടു വരും (1 കൊരി. 14:25). അങ്ങനെ പാപത്തിന്റെ വഞ്ചനാസ്വഭാവത്തെപ്പറ്റി സഭയില്‍ എല്ലാവര്‍ക്കും വെളിച്ചം ലഭിക്കുവാന്‍ ഇടയാകും.

പാപത്തിന്റെ ചതിയാല്‍ നാം കഠിനപ്പെടാതിരിക്കേണ്ടതിന് നാള്‍ തോറും (സഭയില്‍) അന്യോന്യം പ്രബോധിപ്പിക്കുവാന്‍ ദൈവം നമ്മോടു കല്പിച്ചിരിക്കുന്നു (എബ്രാ. 3:13). വ്യക്തമായ പാപങ്ങളുണ്ട്; സൂക്ഷ്മവും മറഞ്ഞിരിക്കുന്നതുമായ പാപങ്ങളുമുണ്ട്. എന്നാല്‍ നമ്മെ സംരക്ഷിക്കുവാന്‍ സാധിക്കുമാറ് പ്രവചനവരം പാപത്തിന്റെ വഞ്ചനാ സ്വഭാവത്തെയും സാത്താന്റെ തന്ത്രങ്ങളെയും വെളിച്ചത്തു കൊണ്ടു വരും.

പഴയനിയമത്തില്‍ ഇതിനൊരു ദൃഷ്ടാന്തം നാം കാണുന്നുണ്ട്. അരാം രാജാവ് യിസ്രായേലിനെതിരേ യുദ്ധം ചെയ്തുകൊണ്ടിരിക്കെ ഒരു പ്രത്യേക വഴിയില്‍ക്കൂടി ആക്രമണം നടത്തുവാന്‍ അദ്ദേഹവും അദ്ദേഹ ത്തിന്റെ സേനാധിപന്മാരും പദ്ധതി തയ്യാറാക്കിയ ഓരോ സന്ദര്‍ഭ ത്തിലും എലീശ, പ്രവചനം മുഖേന അദ്ദേഹത്തിന്റെ പദ്ധതികള്‍ യിസ്രായേല്‍രാജാവിനെ അറിയിച്ചു (2 രാജാ. 6:812). തന്മൂലം രാജ്യത്തെ സംരക്ഷിക്കേണ്ടതിന് ഓരോ പ്രാവശ്യവും സേനയെ നിറുത്തേണ്ടത് ഇന്ന സ്ഥലത്താണെന്ന് യിസ്രായേല്‍രാജാവ് മനസ്സിലാക്കി. ഫലം ഓരോ പ്രാവശ്യവും രാജ്യം ശത്രുവില്‍നിന്നു രക്ഷനേടി.

ഈ വിധത്തിലാണ് ഭാവിദിനങ്ങളില്‍ ഏതു മേഖലയിലാണ് സാത്താന്‍ നമ്മെ ആക്രമിക്കാന്‍ പോകുന്നതെന്ന് സഭായോഗങ്ങളിലെ പ്രവചനശുശ്രൂഷയിലൂടെ കര്‍ത്താവു നമുക്കു മുന്നറിയിപ്പു നല്‍കുന്നുണ്ട്. തന്മൂലം ആ മേഖലകളില്‍ കരുതലോടെയിരിക്കുവാന്‍ നമുക്കു കഴിവു ലഭിക്കുന്നു.
തിമോഥെയോസിനെ സംബന്ധിച്ച പ്രവചനങ്ങള്‍ക്കനുസരിച്ച് നല്ല യുദ്ധസേവ ചെയ്യുവാന്‍ പൗലോസ് അദ്ദേഹത്തിന്റെ പേര്‍ക്ക് എഴുതുന്നു (1 തിമോ. 1:18).

സമീപഭാവിയില്‍ ശത്രുവിന്റെ ആക്രമണം ഏതു മേഖലയിലായിരിക്കുമെന്നതിനെപ്പറ്റി ബാംഗ്ലൂരിലെ സഭയില്‍ പ്രവചനത്തിന്റെ ആത്മാവ് വീണ്ടും വീണ്ടും സഹോദരീസഹോദരന്മാര്‍ക്ക് താക്കീതു നല്‍കിയിട്ടുള്ളതായി പല പ്രാവശ്യം ഞങ്ങള്‍ കണ്ടിട്ടുണ്ട്. ഇപ്രകാരം പ്രവചനത്തിലൂടെ ദൈവം സഭയിലുള്ള എല്ലാവര്‍ക്കും വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സഭാജീവിതത്തിലും ആവശ്യമായ ജ്ഞാനം പകര്‍ന്നു നല്‍കിയിട്ടുണ്ട്.

സദൃ. 24:3,4ല്‍ ഇപ്രകാരം പറയുന്നു: ”ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു … പരിജ്ഞാനംകൊണ്ട് അതിന്റെ മുറികളില്‍ വിലയേറിയതും മനോഹരവുമായ സകല സമ്പത്തും നിറഞ്ഞുവരുന്നു.”

സഭയില്‍ പരിജ്ഞാനത്തിന് അഭിഷിക്തരായ ഉപദേഷ്ടാക്കന്മാരാല്‍ ദൈവവചനം പഠിപ്പിക്കുന്നതിന് ഒരു സ്ഥാനമുണ്ട്. എന്നാല്‍ ജ്ഞാനം കൊണ്ടു സഭ പണിയപ്പെട്ടശേഷം പണിതീര്‍ന്ന വീട്ടില്‍ ഫര്‍ണിച്ചര്‍ ഇടുന്നതുപോലെയാണ് പരിജ്ഞാനം സഭയെ പ്രയോജനവത്താക്കിത്തീര്‍ക്കുന്നത്.

അതിനാല്‍ നമ്മുടെ സഭകളില്‍ ബൈബിള്‍ പരിജ്ഞാനം മാത്ര മാണ് ഉള്ളതെങ്കില്‍ ഒരു ഒഴിഞ്ഞ പറമ്പില്‍ വീടുകൂടാത മതിലുകളോ മേല്‍പുരയോ ഒരുക്കപ്പെട്ട തറപോലുമോ ഇല്ലാതെ ധാരാളം വിലപ്പെട്ട മേശയും കസേരയും കട്ടിലുമെല്ലാം ഇട്ടൊരുക്കുന്നതുപോലെയായിരിക്കും ആ അവസ്ഥ. അതുകൊണ്ടാണ് ആദ്യമായിത്തന്നെ ജ്ഞാനത്തെ പിന്തുടരുവാന്‍ പുതിയനിയമം നമ്മെ പ്രബോധിപ്പിക്കുന്നത്. ”നിങ്ങളില്‍ ഒരുവന് ജ്ഞാനം കുറവാണെങ്കില്‍ ഭര്‍ത്സിക്കാതെ എല്ലാ വര്‍ക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ” (യാക്കോ. 1:4).

ജ്ഞാനത്തിലൂടെയാണ് സഭ പണിയപ്പെടുന്നത്. ദൈവത്തിന്റെ ജ്ഞാനം പ്രവചനത്തിലൂടെയാണ് സഭയിലേക്കു വന്നുചേരുന്നത്.

അതിനാലാണ് സഭയുടെ ഓരോ യോഗത്തിലും നാം ജാഗ്രതയോടു കൂടെ പ്രവചിക്കേണ്ടിയിരിക്കുന്നത് (1 കൊരി. 14:1,5). ബൈബിള്‍ പഠന ത്തിനും സുവിശേഷ പ്രചാരണത്തിനുമുള്ള യോഗങ്ങള്‍ നല്ലതു തന്നെ. എന്നാല്‍ നാം ക്രിസ്തുവിനുവേണ്ടി ഒരു വിശുദ്ധസാക്ഷ്യമായി സഭയെ പണിയണമെങ്കില്‍ പ്രവചനവരത്തിന് പ്രഥമ സ്ഥാനം നല്‍കേണ്ടിയിരിക്കുന്നു.

സത്യത്തിന്റെ തൂണും അടിസ്ഥാനവും

1 തിമോ. 3:15ല്‍ സഭയെ സത്യത്തിന്റെ തൂണും അടിസ്ഥാനവുമെന്നു വിളിച്ചിരിക്കുന്നു. സകല മനുഷ്യരും സത്യത്തെക്കുറിച്ചുള്ള പരിജ്ഞാനത്തില്‍ എത്തണമെന്നു ദൈവം ആഗ്രഹിക്കുന്നു (1 തിമോ. 2:4). എല്ലാ മനുഷ്യരും അറിയണമെന്നു ദൈവം ആഗ്രഹിക്കുന്ന ഈ സത്യം എന്താണ്? യോഹ. 8:32ല്‍ ”നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യു”മെന്ന് യേശു പറഞ്ഞു. ആളുകളെ പാപത്തില്‍നിന്നു സ്വതന്ത്രരാക്കുന്നതെന്തോ അതാണ് സത്യം (യോഹ. 8:34).

നാം സത്യം അറിയാത്തതുകൊണ്ടാണ് എല്ലാ തരത്തിലുമുള്ള അടിമത്തം ഉണ്ടാകുന്നത്. അന്ധാരാധകര്‍ (cultists) തങ്ങളുടെ അനുയായികള്‍ സത്യമറിയാതെ അവരെ അടിമത്തത്തില്‍ അടച്ചു സൂക്ഷിക്കുന്നു. നാം എത്ര കൂടുതലായി സത്യം അറിയുന്നുവോ അത്രയും കൂടുതലായി നാം സ്വാതന്ത്ര്യം പ്രാപിക്കും. ദൈവത്തിന്റെ ആത്മാവ് സ്വാതന്ത്ര്യം നല്‍കുന്ന ആത്മാവാണ് (2 കൊരി. 3:17).

യോഹ. 16:13ല്‍ ”സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവന്‍ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും” എന്നു യേശു അരുളിച്ചെ യ്തിരിക്കുന്നു. പരിശുദ്ധാത്മാവു നമ്മെ സകല സത്യത്തിലേക്കും നയിക്കുവാനാഗ്രഹിക്കുന്നതിനാല്‍ ആ ആത്മാവിനെ നാം സത്യത്തിന്റെ ആത്മാവ് എന്നു വിളിക്കുന്നു.

സത്യമെന്നത് കനാന്‍ദേശംപോലെ വിസ്തൃതമായ ഒരു മണ്ഡലമാണ്. കനാന്‍ദേശം കുറേശ്ശെ കുറേശ്ശെയായി അവകാശപ്പെടുത്തുവാന്‍ ദൈവം യിസ്രായേല്‍ ജനതയെ മുമ്പോട്ടു നടത്തിയതുപോലെ മുഴുവന്‍ സത്യത്തെയും നാം അവകാശമാക്കുമാറ് നമ്മെ മുമ്പോട്ടു നയിക്കുവാന്‍ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. എത്ര കൂടുതല്‍ നാം സത്യത്തെ അറിയുമോ അത്ര കൂടുതല്‍ പാപത്തില്‍നിന്നും മനുഷ്യരുടെ അഭിപ്രായങ്ങളില്‍നിന്നും വേദാധിഷ്ഠിതമല്ലാത്ത മതപാരമ്പര്യങ്ങളില്‍ നിന്നുമെല്ലാം നാം സ്വാതന്ത്ര്യം നേടും.

അതിനാല്‍ സഭയെ സത്യത്തിന്റെ തൂണും അടിസ്ഥാനവുമെന്നു നാം വിളിക്കുമ്പോള്‍ ആളുകള്‍ സത്യം കേള്‍ക്കുവാനും കൂടുതല്‍ കൂടുതല്‍ സ്വാതന്ത്ര്യം നേടുവാനുമായി വന്നുചേരുന്ന ഒരു സ്ഥലമായിത്തീരണം സഭയെന്നാണ് അതിന്റെ അര്‍ത്ഥം. നമ്മുടെ സഭകളില്‍ ജനങ്ങള്‍ സ്വാതന്ത്ര്യം പ്രാപിച്ചവരായിത്തീരുന്നില്ലെങ്കില്‍ നമ്മുടെ ശുശ്രൂഷയില്‍ നാം പരാജയമടയുകയാണ് ചെയ്യുന്നത്.

ആളുകളെ സ്വതന്ത്രരാക്കുന്നതിലേക്ക് നമുക്കു സത്യത്തിന്റെ വചനവും (ദൈവവചനം) സത്യത്തിന്റെ ആത്മാവും (പരിശുദ്ധാ ത്മാവ്) ആവശ്യമാണ്. ”സത്യത്താല്‍ അവരെ വിശുദ്ധീകരിക്കണമേ; അങ്ങയുടെ വചനം സത്യമാണല്ലോ” എന്നു യേശു പിതാവിനോടു പ്രാര്‍ത്ഥിച്ചു (യോഹ. 17:17). ജനങ്ങളെ വിശുദ്ധീകരിക്കുന്ന സത്യമാണ് ദൈവവചനം. പരിശുദ്ധാത്മാവിന്റെ ശക്തിയോടെ സഭയില്‍ ദൈവ വചനം തുടരെ വിശദീകരിച്ചു സംസാരിക്കുന്നില്ലെങ്കില്‍ സഭയെ പണിയുവാന്‍ നമുക്കു സാധ്യമല്ല. ദൈവത്തിന്റെയും പുതിയ ഉടമ്പടിയു ടെയും യഥാര്‍ത്ഥ ഭൃത്യന്മാരായിത്തീരുന്നതിലേക്ക് നാം വചനമനുഷ്യരും (men of the Word) ആത്മമനുഷ്യരും (men of the Spirit) ആയിത്തീര്‍ന്നേ മതിയാവൂ.

സഭ തന്നെയും സത്യത്തിന്റെ തൂണും അടിസ്ഥാനവുമായിത്തീരണമെങ്കില്‍ സഭയില്‍ തൂണുകളായിത്തീര്‍ന്നിട്ടുള്ള അഭിഷിക്തരായ സഹോദരീസഹോദരന്മാര്‍ ഉണ്ടായേ തീരൂ. വെളി. 3:12ല്‍ നാം ജയിക്കു ന്നവരായിത്തീര്‍ന്നാല്‍ താന്‍ നമ്മെ സഭയില്‍ തൂണുകളാക്കിത്തീര്‍ ക്കുമെന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. യേശുവിനല്ലാതെ മറ്റാര്‍ക്കും സഭയില്‍ നമ്മെ തൂണുകളാക്കുവാന്‍ സാധ്യമല്ല. നാം നമ്മെത്തന്നെ തൂണുകളാക്കിത്തീര്‍ക്കുകയോ ഏതെങ്കിലുമൊരു ദൈവഭൃത്യന്‍ നമ്മെ തൂണുകളാക്കുകയോ ചെയ്യുവാന്‍ സാധ്യമല്ല.

എന്നാല്‍ കര്‍ത്താവ് ജയിക്കുന്നവരായ എല്ലാ സഹോദരീസഹോദരന്മാരെയും സഭയില്‍ തൂണുകളാക്കിത്തീര്‍ക്കുന്നു. ജയാളിയായിത്തീരുന്നപക്ഷം ഒരു സഹോദരിക്കും സഭയുടെ ഒരു തൂണായിത്തീരുവാന്‍ സാധിക്കും.

എങ്കിലും തൂണുകളെ പണിയുന്നത് ഒരു കെട്ടിടത്തിന്റെ ഭാരം താങ്ങുവാനാണെന്നുള്ളതു നാം മറക്കരുത്. അതിനാല്‍ കര്‍ത്താവു നമ്മെ തന്റെ സഭയിലെ തൂണുകളാക്കിത്തീര്‍ക്കുമ്പോള്‍ മറ്റുള്ളവരുടെ ഭാരങ്ങളെ നാം വഹിക്കുവാനാണ് അപ്രകാരം ചെയ്യുന്നത്. ഭാരങ്ങള്‍ വഹിക്കുവാന്‍ മനസ്സില്ലാതെ സ്വാര്‍ത്ഥമതികളായിരിക്കുന്നവര്‍ തൂണുകളാകുവാന്‍ യോഗ്യരല്ല.

മൂപ്പന്മാരല്ലാതിരുന്നിട്ടും സഭകളുടെ തൂണുകളായിത്തീര്‍ന്നിട്ടുള്ള പല സഹോദരന്മാരുണ്ട്. നമ്മുടെ പ്രതിദിനജീവിതത്തില്‍ നാം ജയാളികളാണെങ്കില്‍, എന്തെങ്കിലും നേതൃസ്ഥാനം വഹിക്കുന്നവരല്ലെങ്കില്‍ ത്തന്നെയും നമുക്കു തൂണുകളായിത്തീരുവാന്‍ സാധിക്കും. കര്‍ത്താവു മാത്രമാണ് തന്റെ സഭയില്‍ ആളുകളെ തൂണുകളായി നിയമിക്കുകയും അപ്രകാരം സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നത്.

ആത്മീയാധികാരം

ഒരു ദൈവഭൃത്യന്‍ ആത്മീയമായ അധികാരത്തോടെ സംസാരിക്കുന്നവനായിരിക്കണം. യേശു ശാസ്ത്രിമാരില്‍നിന്നു വ്യത്യസ്തനായി ആത്മീയാധികാരത്തോടെ സംസാരിച്ചുവെന്നു തിരുവചനത്തില്‍ നാം വായിക്കുന്നു (മത്താ. 7:29). ആത്മീയാധികാരമില്ലാതെ സഭയെ പണി യുവാന്‍ നമുക്കു സാധ്യമല്ല. ശാസ്ത്രിമാര്‍ക്ക് ഉപദേശങ്ങള്‍ അറിയാമായിരുന്നു. എങ്കിലും തങ്ങളുടെ ശുശ്രൂഷയില്‍ അവര്‍ക്ക് ആത്മീയാ ധികാരം ഉണ്ടായിരുന്നില്ല.

നമുക്ക് നമ്മുടെ പ്രായം, വിദ്യാഭ്യാസം, ബൈബിള്‍ പരിജ്ഞാനം, മനശ്ശക്തി എന്നിവകൊണ്ടെല്ലാം മറ്റുള്ളവരുടെമേല്‍ അധികാരം സ്ഥാപിക്കുവാന്‍ സാധിച്ചേക്കാം. എന്നാല്‍ ഇവയിലൊന്നുപോലും ആത്മീയാധികാരത്തിന്റെ അടിസ്ഥാനമല്ല. നാം ദൈവത്തില്‍നിന്നുള്ള സാക്ഷ്യം പ്രാപിക്കുകയാണ് അതിന് ആവശ്യമായിരിക്കുന്നത്.

നമുക്ക് ആത്മീയാധികാരമുണ്ടെങ്കില്‍ നാം നമ്മുടെ അഭിപ്രായങ്ങളെ മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പിക്കുകയില്ല. നമ്മിലുള്ള ദൈവികാധികാരം ആളുകള്‍ അംഗീകരിക്കുക നിമിത്തം അവര്‍ക്കു നമ്മില്‍ വിശ്വാസമുദിക്കും. നാം നേതൃസ്ഥാനത്തിരിക്കുകയാല്‍ മാത്രം മറ്റുള്ളവരുടെ മേല്‍ അധികാരം സ്ഥാപിക്കുകയാണെങ്കില്‍ ആത്മീയമായ അധികാരമെന്താണെന്ന് നാം ഒട്ടുമേ മനസ്സിലാക്കിയിട്ടില്ല. ”എന്നെക്കുറിച്ചുള്ള ഭയം നിങ്ങള്‍ക്കു ഭീഷണിയായിരിക്കരുത്; എന്റെ ഘനഭാവം നിങ്ങള്‍ക്കു ഭാരമായും തീരരുത്” എന്നു പറഞ്ഞ എലീഹൂവിന്റേതു പോലെയുള്ള മനോഭാവമാണ് മറ്റുള്ളവരുടെ നേരേ നമുക്കുണ്ടായിരിക്കേണ്ടത് (ഇയ്യോ. 33:7).

ഏതെങ്കിലും രംഗത്ത് നിങ്ങളില്‍നിന്ന് ഒരു സമ്മര്‍ദ്ദം മറ്റുള്ളവര്‍ക്കു തോന്നുവാനിടയാകുന്നുണ്ടോ? അതോ തങ്ങളുടെ മനസ്സാക്ഷിയനുസരിച്ചു പ്രവര്‍ത്തിക്കുവാനുള്ള പൂര്‍ണ്ണസ്വാതന്ത്ര്യം നിങ്ങള്‍ നല്‍കുന്നുണ്ടോ?

നമുക്ക് ആത്മീയമായ അധികാരമുണ്ടെന്ന് ആളുകള്‍ മനസ്സിലാക്കുമ്പോള്‍ അവര്‍ ഉപദേശത്തിനായി നമ്മുടെ അടുക്കല്‍ വരും. അവര്‍ നമ്മോട് ആലോചന ചോദിക്കുന്നില്ലെങ്കില്‍ അവര്‍ക്കു നമ്മില്‍ വിശ്വാസമില്ലെന്നാണ് അതു തെളിയിക്കുന്നത്.

ഒരു ദൃഷ്ടാന്തം ചിന്തിക്കുക. നമ്മുടെ മക്കള്‍ കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ അവരുടെ എല്ലാ തീരുമാനങ്ങളിലും നമ്മോട് ആലോചന ചോദിക്കുവാന്‍ അവരെ നിര്‍ബ്ബന്ധിക്കുമാറ് നമുക്ക് നമ്മുടെ ഹിതം അവരുടെമേല്‍ അടിച്ചേല്‍പിക്കുവാന്‍ സാധിക്കും. എന്നാല്‍ അവര്‍ വളര്‍ന്ന് സ്വന്തഭവനങ്ങള്‍ പടുത്തുയര്‍ത്തിക്കഴിഞ്ഞാല്‍ അവര്‍ക്കു നമ്മില്‍ വിശ്വാസമുണ്ടോ ഇല്ലയോ എന്ന കാര്യം നമുക്കു കണ്ടെത്തുവാന്‍ കഴിയും. അവര്‍ക്കു വിശ്വാസമുണ്ടെങ്കില്‍ അവര്‍ സ്വമേധയാ നമ്മോട് ആലോചന ചോദിക്കും.

സഭയിലും ഈ വിധത്തിലാണ് മറ്റുള്ളവര്‍ക്കു നമ്മില്‍ വിശ്വാസമുണ്ടോ ഇല്ലയോ എന്നു നാം അറിയുന്നത്. അവര്‍ സ്വയം നമ്മോട് ആലോചന ചോദിക്കുന്നുണ്ടോ?

ഉപദേശത്തിനുവേണ്ടി നമ്മെക്കാള്‍ പ്രായം കുറഞ്ഞ ഒരു സഹോദരന്റെ അടുക്കലാണ് അവര്‍ പോകുന്നതെങ്കില്‍ അദ്ദേഹത്തിലാണ് അവര്‍ക്കു കൂടുതല്‍ വിശ്വാസമുള്ളതെന്നതിനെയാണ് അതു കാണിക്കുന്നത്. അപ്രകാരമുള്ള ഒരു സഹോദരനെപ്പറ്റി അസൂയപ്പെടേണ്ട ആവശ്യമില്ല. ആളുകള്‍ക്കു സഹായത്തിനായി സമീപിക്കാനാവുന്ന ഒരു സഹോദരനെ ദൈവം തന്നതോര്‍ത്ത് നാം സന്തോഷിക്കുകയാണ് വേണ്ടത്.

മത്താ. 18:18ല്‍ സഭയ്ക്ക് സാത്താന്യമായ ദുഷ്ടശക്തികളെ ബന്ധിക്കുവാനും ബന്ധിക്കപ്പെട്ടവരെ സ്വതന്ത്രരാക്കുവാനുമുള്ള അധികാരത്തെപ്പറ്റി യേശു തന്റെ ശിഷ്യന്മാരോടു സംസാരിക്കുന്നു. ഈ അധി കാരം ഒറ്റയാളിന് ഒരിക്കലും പ്രയോഗിപ്പാന്‍ സാധ്യമല്ല. മറിച്ച് കുറഞ്ഞ പക്ഷം രണ്ടാളുകള്‍ ചേര്‍ന്നാണ് ഈ അധികാരം ഉപയോഗിക്കേണ്ടത്. ഈ രണ്ടാളുകള്‍ തങ്ങളുടെ ആത്മാവില്‍ പൂര്‍ണ്ണമായ യോജിപ്പുള്ളവരായിരിക്കണം. അപ്പോള്‍ മാത്രമേ കര്‍ത്താവ് അവര്‍ക്കധികാരം നല്‍കുമാറ് ശക്തിയോടെ അവരുടെ മധ്യത്തില്‍ സന്നിഹിതനാവുകയുള്ളു (മത്താ. 18:19,20).

”രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും ഞാന്‍ അവരുടെ നടുവിലുണ്ട്” (മത്താ: 18:20). ഇതു പുതിയ നിയമത്തില്‍ ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള വാക്യങ്ങളിലൊന്നാണ്. ഈ വാക്യം ക്രിസ്ത്യാനികളെന്ന നിലയില്‍ കൂടിവരുന്ന ഏതെങ്കിലും രണ്ടോ മൂന്നോ പേരെയല്ല കുറിക്കുന്നത്. നേരേമറിച്ച് പരിശുദ്ധാത്മപ്രേരണയാല്‍ ഒരുമിച്ചുവരുന്നവരും യേശുവിന്റെ നാമത്തിന്റെ മഹത്വത്തിനുവേണ്ടി ആത്മാവില്‍ ഐക്യമുള്ളവരുമായ രണ്ടോ മൂന്നോ പേരാല്‍ പ്രയോഗിക്കപ്പെടുന്ന സഭയുടെ അധികാരത്തെ യാണ് അതു പരാമര്‍ശിക്കുന്നത്. അത്തരമൊരു ശരീരത്തിന് സാത്താന്റെ പ്രവര്‍ത്തനങ്ങളെ ബന്ധിക്കുവാനും ദൈവജനങ്ങളെ സാത്താന്റെ പിടിയില്‍നിന്നു സ്വതന്ത്രരാക്കുവാനും അദ്ഭുതകരമായ അധികാരം ഉണ്ടായിരിക്കും. എല്ലാ സഭകളിലെയും മൂപ്പന്മാര്‍ നിരന്തരമായി പ്രയോഗിക്കേണ്ട അധികാരമാണിത്.

അജ്ഞരായ ചില വിശ്വാസികള്‍ ചെയ്യുവാന്‍ ശ്രമിക്കുന്നതുപോലെ സാത്താനെത്തന്നെ ബന്ധിക്കുവാനോ അവന്റെ ദുഷ്ടാത്മാക്കളെ ബന്ധിക്കുവാനോ നമുക്കു സാധ്യമല്ല. എന്തെന്നാല്‍ യേശുക്രിസ്തു വരുമ്പോള്‍ മാത്രമേ ദൈവം അതു ചെയ്യുകയുള്ളു (വെളി. 20:1,2; മത്താ. 8:29 നോക്കുക). എന്നാല്‍ സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും പ്രവര്‍ത്തനങ്ങളെ ബന്ധിക്കുവാന്‍ (പരിമിതപ്പെടുത്തുവാന്‍) നമുക്കു കഴിയും (2 തെസ്സ. 2:7).

പൂര്‍ണ്ണമായ ഐക്യത്തോടെ പ്രവര്‍ത്തിക്കുന്ന രണ്ടോ മൂന്നോ നേതാക്കന്മാര്‍ക്കുള്ള ഈ അധികാരത്തെപ്പറ്റി സാത്താന് അറിവുണ്ട്. തന്മൂലം ഓരോ സഭകളിലെയും നേതാക്കന്മാര്‍ ഐക്യത്തിലേക്കു വരുന്നതിനെ തടസ്സപ്പെടുത്തുവാന്‍ അവന്‍ തന്റെ പരമാവധി കഴിവും ഉപയോഗിക്കും. നേതൃസ്ഥാനത്ത് ഐക്യമില്ലെങ്കില്‍ ക്രിസ്തുവിന്റെ ശരീരം ഒരിക്കലും പണിയപ്പെടുകയില്ല.

ഒരു സഭയിലെ രണ്ടോ മൂന്നോ അംഗങ്ങള്‍ ഐകമത്യപ്പെട്ടിട്ടി ല്ലെങ്കില്‍ അത് ഗൗരവമുള്ള കാര്യമല്ല. അതു ദുഃഖകരം തന്നെ. എങ്കിലും നേതാക്കന്മാര്‍ ഒന്നായിത്തീരാത്തതുപോലെ ഗൗരവമുള്ള തല്ല. ഓരോ സഭയ്ക്കും പൂര്‍ണ്ണമായും ഒന്നായിത്തീരുന്ന രണ്ടോ മൂന്നോ പേര്‍ ഉള്‍ക്കൊണ്ട ഒരു കേന്ദ്രഘടകം (രീൃല) ഉണ്ടായിരിക്കണം. ഇരു നൂറോ മുന്നൂറോ പേര്‍ ഐകമത്യപ്പെടുന്നതിനല്ല, മറിച്ച് നേതൃസ്ഥാന ത്തുള്ളവരും യഥാര്‍ത്ഥത്തില്‍ ഒന്നായിത്തീര്‍ന്നവരുമായ രണ്ടോ മൂന്നോ പേര്‍ക്കു വേണ്ടിയാണ് കര്‍ത്താവു നോക്കിക്കൊണ്ടിരിക്കുന്നത്. അവിടെ അവിടുത്തെ അധികാരം ശക്തിയോടെ സന്നിഹിത മായിരിക്കും.

താക്കീത് സ്വന്തകാര്യം അന്വേഷിച്ചവരുടെ ദൃഷ്ടാന്തങ്ങള്‍

നാം നമ്മുടെ സ്വന്തസാമ്രാജ്യം പടുത്തുയര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നോ അഥവാ ഒരു ഏകവ്യക്തിപ്രദര്‍ശനം (one man show) നടത്തു കയാണെന്നോ ദൈവം കാണുന്നപക്ഷം അവിടുന്നു നമ്മെ തനിയെ വിട്ടുകളയും. ക്രൈസ്തവലോകത്തില്‍ ഇന്ന് ആ വിധത്തില്‍ ഒറ്റയൊറ്റ വ്യക്തികളുടേതായ ഒട്ടധികം പ്രവര്‍ത്തനങ്ങളുണ്ട്. തങ്ങള്‍ ക്രിസ്തീയ വേല ചെയ്യുകയാണെന്ന് അവര്‍ പറയുന്നു. എങ്കിലും വ്യക്തിപരമായ പ്രയോജനത്തിനുവേണ്ടിയാണ് അതു ചെയ്യപ്പെടുന്നത്. ഒന്നുകില്‍ സാമ്പത്തികലാഭം, അല്ലെങ്കില്‍ ബഹുമതി. അതിനാല്‍ അവരെല്ലാം ബാബിലോണ്‍ പണിയുന്നവരത്രേ.

ദൈവത്തെ കബളിപ്പിക്കുക സാധ്യമല്ല. അത്തരം പ്രസംഗകര്‍ ധാരാളം അനുയായികളെ ഒരുമിച്ചു ചേര്‍ക്കുന്നുണ്ടെങ്കിലും അവിടുത്തേക്ക് അവരെ അംഗീകരിക്കുക സാധ്യമല്ല. പഴയനിയമാടിസ്ഥാനത്തിലുള്ള കൂടിവരവുകളെ അവര്‍ പടുത്തുയര്‍ത്തിയേക്കാം. എന്നാല്‍ പുതിയനിയമസഭ പണിയുവാന്‍ അവര്‍ക്കു സാധ്യമല്ല.

അപ്പോ. 5:36ല്‍ തന്നെ പിന്തുടരുവാന്‍ 400 പേരെ ഒരുമിച്ചുകൂട്ടിയ ഒരു ത്യൂദാസിനെപ്പറ്റി നാം വായിക്കുന്നു. 400 അംഗങ്ങളുള്ള ഒരു സഭ വളരെ മതിപ്പുളവാക്കുന്ന ഒന്നായിത്തോന്നിയേക്കാം. എങ്കിലും അതു നാശമടഞ്ഞു. ധാരാളം പേരെ തന്റെ അനുയായികളായി ആകര്‍ഷിച്ച യൂദാ എന്നൊരാളെപ്പറ്റിയും അവിടെ നാം വായിക്കുന്നു. അയാളും നാശമടയുകയാണുണ്ടായത് (വാ. 37).

ക്രൈസ്തവചരിത്രത്തില്‍ എക്കാലത്തും ഇത്തരം ആളുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ക്രിസ്തുവിന്റെ ശരീരം പടുത്തുയര്‍ത്തുക എന്നതു തികച്ചും വിഭിന്നമായ ഒരു കാര്യമാണ്. നമ്മുടെ പട്ടണത്തില്‍ 400 പേരെ നാം ഒരുമിച്ചു കൂട്ടിയേക്കാം. എങ്കിലും നാം സ്വന്തകാര്യമാണ് അന്വേഷിക്കുന്നതെങ്കില്‍ നാം ത്യൂദാസിനെക്കാള്‍ ഒട്ടും മെച്ചമായിരിക്കയില്ല. ദൈവം ഒരിക്കലും നമ്മെ പിന്താങ്ങുകയുമില്ല. ആത്മീയാധികാ രമെന്നത് അദ്ഭുതാവഹമായവിധം വിലപ്പെട്ടതാണ്. ഏതെങ്കിലും ഒരാള്‍ക്കു ദൈവം വെറുതേ നല്‍കുന്ന ഒന്നല്ല അത്; എല്ലാവരും അതു പ്രാപിക്കുന്നതുമില്ല.

ഈസ്‌കര്യോത്താ യൂദാ യേശുവിന്റെ അനുയായിവൃന്ദത്തില്‍ ഉള്‍പ്പെട്ടവനായിരുന്നതുമൂലം അയാള്‍ക്കു പ്രത്യേകം ഒരു പ്രശസ്തി ലഭിച്ചിരുന്നിരിക്കണം. ആളുകള്‍ യേശുവിനെ അത്ര ഉന്നതനായി ബഹുമാനിച്ചിരുന്നു. ആ ബഹുമതിയുടെ ഒരു പങ്ക് യൂദായ്ക്കും ലഭിച്ചിരുന്നിരി ക്കണം. എങ്കിലും അത് അയാളുടെ സ്വാര്‍ത്ഥനിഷ്ഠമായ സ്വഭാവത്തെ വ്യത്യാസപ്പെടുത്തിയില്ല. അയാളും നാശമടഞ്ഞു.

അതേ വിധത്തില്‍തന്നെ ദേമാസ് അപ്പോസ്തലനായ പൗലോസിന്റെ ഒരു സഹപ്രവര്‍ത്തകനായിരുന്നു. പൗലോസിന്റെ റ്റീമില്‍ ആയി രിക്കുക എന്നത് ഒരു വലിയ ബഹുമതിയായിരുന്നു. പല വിശ്വാസികളും പൗലോസിനെ അത്യധികം ബഹുമാനിച്ചിരുന്നു. ദേമാസിനും പൗലോ സിനോടൊപ്പം പ്രവര്‍ത്തിക്കുന്നവനെന്ന നിലയില്‍ ആ ബഹുമതിയില്‍ ഒരംശം ലഭിച്ചിരുന്നു. എന്നാല്‍ ഹൃദയത്തിനുള്ളില്‍ അയാള്‍ക്ക് പൗലോസിന്റെ തന്നെത്താന്‍ ത്യജിക്കുന്ന മനോഭാവം ഉണ്ടായിരുന്നില്ല. ദൈവഭക്തനും നിസ്വാര്‍ത്ഥനുമായ തിമോഥെയോസിനെപ്പോലെയുള്ള സഹോദരന്മാരുമായി ദേമാസ് അടുത്തിടപെട്ടിരുന്നു. എങ്കിലും അവരുടെ ആത്മാവിനെ അയാള്‍ ഉള്‍ക്കൊണ്ടിരുന്നില്ല.

ഇത് യേശുവിന്റെ കാലത്തും പൗലോസിന്റെ കാലത്തും സംഭവിച്ചിരുന്നു; ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നു. സ്വന്തം ജീവിതത്തിലൂടെ അല്ലാതെ ദൈവം ശക്തിയോടെ സാക്ഷ്യം നല്‍കിയിട്ടുള്ള ദൈവഭക്തനായ ഒരു സഹോദരനുമായി ബന്ധപ്പെട്ടിരിക്കുന്നതു മുഖേന പ്രശസ്തി ലഭിക്കുന്ന സഹോദരന്മാരുണ്ട്.

നാം അപ്രകാരമുള്ളവരാണെങ്കില്‍ നമ്മുടെ അന്തവും ഈസ്‌ക ര്യോത്താ യൂദായുടെയോ ദേമാസിന്റെയോ അന്തം പോലെയായി ത്തീരാം. ഏതെങ്കിലുമൊരു ദൈവഭക്തനായ സഹോദരനുമായി ബന്ധപ്പെട്ടിരിക്കയാല്‍ മാത്രം നമുക്കു ദൈവികമായ അധികാരം ഉണ്ടാവുക സാധ്യമല്ല. നമ്മുടെ സ്വന്തലാഭം, സ്വന്തപേര്, സ്വന്തം സുഖം, സ്വന്തം സൗകര്യങ്ങള്‍ എന്നു വേണ്ടാ, സ്വന്തമായ എല്ലാംതന്നെ അന്വേഷിക്കുന്നതില്‍നിന്നു നാം നമ്മെത്തന്നെ വിടുവിച്ച് ശുദ്ധീകരണം പ്രാപിക്കുമ്പോള്‍ മാത്രമേ ദൈവം നമ്മെ പിന്താങ്ങുകയുള്ളു. അപ്പോള്‍ മാത്രമേ ക്രിസ്തുവിന്റെ ശരീരം പടുത്തുയര്‍ത്തുവാനുള്ള അധികാരം നമുക്ക് ഉണ്ടാവുകയുള്ളു.

ദൈവരാജ്യം പണിയുവാനാണോ നാം ആഗ്രഹിക്കുന്നത്? അതോ നമ്മുടെ സ്വന്തസാമ്രാജ്യം പണിയുവാനാണോ? ദൈവം നമ്മുടെ ഹൃദയങ്ങളെ കാണുന്നു. പൗലോസ് ഒരിക്കല്‍ തനിക്ക് തിമോഥെയോസിനെപ്പോലെയുള്ള ഒരൊറ്റ സഹപ്രവര്‍ത്തകന്‍ പോലുമില്ലെന്നു പ്രസ്താവിക്കുകയുണ്ടായി. എല്ലാവരും ക്രിസ്തുവിന്റെ കാര്യമല്ല, സ്വന്തകാര്യം തന്നെ അന്വേഷിക്കുന്നവരായിരുന്നു. തിമോഥെയോസിനു മാത്രമേ ക്രിസ്തുവിന്റെ ശരീരം പണിയുന്നതിനെപ്പറ്റി ഭാരമുണ്ടായിരുന്നുള്ളു (ഫിലി. 2:19-22).

എല്ലാം വിട്ടുകളയുക

പൗലോസിനെപ്പോലെയൊരു വ്യക്തിക്കുണ്ടായിരുന്ന അധികാരമുള്ളവരാകുവാന്‍ നാമെല്ലാം ആഗ്രഹിച്ചേക്കാം. എന്നാല്‍ അതു ലഭിക്കണമെങ്കില്‍ അദ്ദേഹം ചെയ്തതുപോലെ സകലവും ഉപേക്ഷിക്കു കയും അതെല്ലാം ചപ്പും ചവറുമാണെന്ന് കരുതുകയും ചെയ്യേണ്ട താണ് (ഫിലി. 3:79).

യേശു പിതാവിനോട് ”എന്റേതെല്ലാം അങ്ങയുടേതാണ്” എന്നു പറയുകയുണ്ടായി. തന്മൂലം ഇത്രയുംകൂടെ കൂട്ടിച്ചേര്‍ക്കുവാനും അവിടുത്തേക്കു കഴിഞ്ഞു: ”അങ്ങയുടേതെല്ലാം എന്റേതുമാണ്” (യോഹ. 17:10). നമുക്കുള്ളതെല്ലാം പൂര്‍ണ്ണമായി ദൈവത്തിനു കൊടുത്തുകഴിയുമ്പോള്‍ ദൈവത്തിനുള്ളതെല്ലാം പൂര്‍ണ്ണമായി നമുക്കും ലഭിക്കുന്നതാണ്. നാം കൊടുക്കുന്ന അളവനുസരിച്ചാണ് അവിടുന്നു നമുക്കു നല്‍കുന്നത്. ഈ കാരണത്താലാണ് ആത്മീയാധികാരത്തിന്റെ കാര്യത്തില്‍ പല ആത്മീയനേതാക്കളും ദരിദ്രരായിത്തീര്‍ന്നിട്ടുള്ളത്. അവര്‍ തങ്ങള്‍ക്കുള്ളതെല്ലാം ദൈവത്തിനു നല്‍കിയിട്ടില്ല.

യോഹ. 2:23-25ല്‍ നാം വായിക്കുന്നത് അനേകമാളുകള്‍ യേശുവില്‍ വിശ്വസിച്ചുവെങ്കിലും യേശു അവരുടെ പക്കല്‍ തന്നെത്തന്നെ വിശ്വസിച്ചേല്‍പ്പിച്ചില്ല എന്നാണ്. നമ്മില്‍ ഉള്ളത് എന്താണെന്നും നമ്മുടെ പ്രേരകശക്തി എന്താണെന്നും കര്‍ത്താവു കാണുന്നതുമൂലം കര്‍ത്താവു തന്നെത്തന്നെ വിശ്വസിച്ചേല്‍പ്പിക്കാത്തവരുടെ കൂട്ടത്തില്‍ നാമും ആയിത്തീരുവാനിടയുണ്ട്.

നമ്മുടെ ജോലി, ക്രിസ്തുവിന്റെ ശരീരത്തിന്റെ പണി ഈ രണ്ടിലൊന്നു മാത്രം നാം തിരഞ്ഞെടുക്കേണ്ടിവന്നാല്‍ നാം ഏതു തിരഞ്ഞെ ടുക്കും? സഭയെ പണിയുവാന്‍ കൂടുതല്‍ സമയം ലഭിക്കുവാന്‍വേണ്ടി നമ്മുടെ ഭൗമികജോലിയിലുള്ള അഭിവൃദ്ധി കൈവെടിയുവാന്‍ നാം സന്നദ്ധരാണോ? അല്ലാത്തപക്ഷം ദൈവം എന്തിന് തന്നെത്തന്നെ നമ്മുടെ പക്കല്‍ വിശ്വസിച്ചേല്‍പ്പിക്കണം?

കര്‍ത്താവിന്റെ ജനങ്ങള്‍ക്കായി നമ്മുടെ ഭവനം തുറന്നുകൊടുക്കുവാന്‍ നാം സന്നദ്ധരാണോ? അതോ നമ്മുടെ സൗകര്യം, സൈ്വര ജീവിതം (privacy) എന്നിവയാണോ നമുക്കു കൂടുതല്‍ പ്രധാനം? ആത്മീയാധികാരം ലഭിക്കുവാന്‍വേണ്ടി നാം ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്താലും നാം ഏതെങ്കിലും മേഖലയില്‍ സ്വന്ത താല്‍പര്യം അന്വേഷിക്കുന്നവരാണെങ്കില്‍ അതു നമുക്കു ലഭിക്കുകയില്ല. ദൈവത്തെ കബളിപ്പിക്കുവാന്‍ സാധ്യമല്ല.

ക്രിസ്തുവിന്റെ ശരീരം പണിയുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ നമ്മുടെ ജീവിതത്തില്‍ ദൈവരാജ്യത്തിനു പ്രഥമസ്ഥാനം നല്‍കുവാനായി എല്ലാ കാര്യങ്ങളെയും നാം രണ്ടാം സ്ഥാനത്തേക്കു മാറ്റി നിറുത്തേണ്ടതാണ്. ദൈവത്തിനു യാതൊരു പക്ഷഭേദവുമില്ല. നാമെല്ലാം അവിടുത്തേക്കു തുല്യര്‍ തന്നെ. മറ്റുള്ളവര്‍ക്കുവേണ്ടി അവിടുന്നു ചെയ്ത കാര്യം നമുക്കുവേണ്ടിയും ചെയ്യും. യേശുവും പൗലോസും തങ്ങളുടെ ശുശ്രൂഷകളില്‍ ദൈവത്താല്‍ ശക്തമായി പിന്താങ്ങപ്പെട്ടു. കാരണം, അവര്‍ അതിനുള്ള വില കൊടുത്തിരുന്നു. അതേ വില കൊടുക്കുവാന്‍ നാമും സന്നദ്ധരാണെങ്കില്‍ നമുക്കു വേണ്ടിയും അതേ കാര്യം തന്നെ ദൈവം ചെയ്യും.

നാം സഭയെ പണിയണമെങ്കില്‍ നമ്മുടെ പണവും സമ്പാദ്യങ്ങളും പോലും ദൈവത്തിന്റെ വകയായിത്തീരണം. പെട്ടകം പണിയുവാന്‍ ദൈവം നോഹയോടു കല്പിച്ചപ്പോള്‍ അത്തരമൊരു വലിയ കപ്പല്‍ പണിയുന്നതിന്റെ ചെലവ് ആരു വഹിക്കും എന്നു നോഹ ദൈവത്തോടു ചോദിച്ചില്ല. ആ ചോദ്യം അദ്ദേഹം ചോദിച്ചിരുന്നെങ്കില്‍ ദൈവം ഇപ്രകാരം മറുപടി നല്‍കുമായിരുന്നു: ”നോഹേ, നീ തന്നെ അതിന്റെ ചെലവു വഹിക്കണം. വേറേ ആരാണ് അതു ചെയ്‌വാനുള്ളത്?” എന്നാല്‍ നോഹയ്ക്ക് അതു ചോദിക്കേണ്ടിവന്നില്ല. കാരണം, അത് അദ്ദേഹത്തിനു നേരത്തേതന്നെ അറിയാമായിരുന്നു.

അതു നാം അറിയുന്നുണ്ടോ എന്നതാണ് ഇന്നത്തെ പ്രശ്‌നം. പെട്ടകം പണിയുന്നതിനുവേണ്ടി ഒരുപക്ഷേ നോഹയ്ക്ക് തന്റെ വസ്തു വകയില്‍ കുറേ വില്‍ക്കേണ്ടതായി വന്നിരിക്കാം. എന്നാല്‍ ദൈവത്തിന്റെ വേലയ്ക്കു ചെലവിടാനായി സ്വന്തം വസ്തുവക വില്‍ക്കുവാന്‍ സന്നദ്ധരായ എത്ര ദൈവഭൃത്യന്മാരെ നമുക്കു കണ്ടെത്തുവാന്‍ കഴിയും? തങ്ങളുടേതു മുഴുവന്‍ ദൈവത്തിനായി കൊടുക്കാത്തവര്‍ക്ക് ദൈവവും തന്റേതായ സകലവും നല്‍കുന്നില്ല എന്ന് അവര്‍ കണ്ടെത്തും.

ദൈവത്തിന്റെ വേലയാണ് അതെങ്കില്‍ അതിനുള്ള പണം സ്വന്ത പോക്കറ്റില്‍നിന്നല്ല, മറ്റെവിടെയെങ്കിലുംനിന്നു ലഭിക്കണം എന്നതാണ് ഇന്ന് മിക്ക ദൈവഭൃത്യന്മാരുടെയും മനോഭാവം. സ്‌തോത്രകാഴ്ചപ്പെട്ടി യിലൂടെ വരുന്ന പണം ധാരാളിത്തത്തോടെ ചെലവിടുന്ന സ്വഭാവമാണ് അവരുടേത്. എന്നാല്‍ സ്വന്ത പണം ദൈവവേലയ്ക്കായി നല്‍കുന്ന തില്‍ അവര്‍ ധാരാളിത്തം കാട്ടുന്നില്ല. തന്റെ ജീവിതത്തില്‍ പണത്തിന്റെ പിടിയില്‍നിന്നു സ്വാതന്ത്ര്യം പ്രാപിച്ചിട്ടില്ലാത്ത ഒരു ദൈവഭൃത്യനും ആത്മീയാധികാരം ഉണ്ടാവുക സാധ്യമല്ല.

നിങ്ങള്‍ എപ്പോഴെങ്കിലും കര്‍ത്താവിനോട് ഇപ്രകാരം പറഞ്ഞിട്ടുണ്ടോ? ”കര്‍ത്താവേ, അവിടുത്തെ വേല എന്റെ വേലയാണ്. എന്റെ സമ്പാദ്യവും അങ്ങയുടേതാണ്. എന്റെ പണവും അങ്ങയുടെ പണവും തമ്മില്‍ ഒരു വിവേചനവും ഞാന്‍ കാട്ടുകയില്ല.” ഇപ്രകാരം കര്‍ത്താവിനോടു പറയുകയും അത് അന്വര്‍ത്ഥമാക്കിത്തീര്‍ക്കുകയും ചെയ്യുന്നില്ലെങ്കില്‍ നാം ഇപ്പോഴും പഴയ ഉടമ്പടിയിന്‍കീഴിലാണ്. ആ ഉടമ്പടി പ്രകാരം തങ്ങളുടെ പണത്തിന്റെ പത്തുശതമാനം ദൈവത്തിന്റെ വകയായും തൊണ്ണൂറുശതമാനം തങ്ങളുടേതുതന്നെയായും ആളുകള്‍ കരുതിയിരുന്നു. ഒരിക്കല്‍ തങ്ങളുടെ പത്തു ശതമാനം കൊടുത്തു കഴിഞ്ഞാല്‍ തങ്ങളുടെ കടപ്പാട് തീര്‍ന്നതായി അവര്‍ ചിന്തിച്ചിരുന്നു.

എന്നാല്‍ യേശു തന്റെ വരുമാനത്തിന്റെ പത്തു ശതമാനം മാത്രം ദൈവത്തിനു കൊടുക്കുവാനല്ല വന്നത്. ഒരു പുതിയ ഉടമ്പടി സ്ഥാപിക്കുവാനും പുതിയ ഉടമ്പടി പ്രകാരമുള്ള സഭ പണിയുവാനുമാണ് അവിടുന്നു വന്നത്. തന്മൂലം തനിക്കുള്ള നൂറു ശതമാനവും അവിടുന്ന് പിതാവിന് കൊടുത്തു. ഇപ്പോള്‍ അവിടുന്ന് ‘എന്നെ അനുഗമിപ്പിന്‍’ എന്നു നമ്മോടു പറയുന്നു. തനിക്കുള്ളതു സകലവും ദൈവത്തിനു നല്‍കുന്ന ഒരുവനു മാത്രമാണ് ആത്മീയാധികാരം ഉള്ളത്.

നമുക്കെന്തു ചെലവു വന്നാലും ക്രിസ്തുവിന്റെ ശരീരം പണിയുവാനുള്ള സന്നദ്ധത നമുക്കുണ്ടാകണം. ആ ചെലവ് നമ്മുടെ പണമോ ബഹുമതിയോ സൗകര്യമോ ശരീരശക്തിയോ പ്രശസ്തിയോ ജോലിയോ എന്തുതന്നെയായാലും അതു നല്‍കുവാന്‍ നാം സന്നദ്ധരാകണം. കര്‍ത്താവിനുവേണ്ടി എല്ലാം വെടിയുന്ന കാര്യത്തില്‍ യാതൊരു പരിധിയും നാം വയ്ക്കരുത്. യാതൊരു കാര്യത്തിലും നമ്മുടെ സുഖമോ സൗകര്യമോ നാം അന്വേഷിക്കരുത്. നാം ചെയ്യുന്നതെല്ലാം ക്രിസ്തുവിന്റെ ശരീരം പണിയുന്നതുമായി ബന്ധപ്പെട്ടതാകണം. മറ്റുള്ളവര്‍ക്കു ഭാരമാകാതെ നമ്മുടെ ഉപജീവനം നേടുന്നതിനുള്ള ഒരു മാര്‍ഗ്ഗമായി മാത്രമേ നമ്മുടെ ഭൗമികമായ ജോലിപോലും ഇരിക്കാവൂ.

അതിനാല്‍ ദൈവത്തോടുള്ള നമ്മുടെ ലുബ്ധിനെപ്പറ്റി നമുക്കു മാനസാന്തരപ്പെടാം.

വരുന്ന ദിവസങ്ങളില്‍ നമുക്ക് ജീവിതത്തില്‍ ആത്മീയാധികാരമുണ്ടാകുന്നതിനും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ മഹത്വത്തിനായി അവിടുത്തെ ശരീരം പണിയപ്പെടുന്നതിനുംവേണ്ടി നമുക്ക് ദൈവസംബന്ധമായി സമ്പന്നരായിത്തീരാം.


അധ്യായം എട്ട് :ദൈവത്തിന് ആളുകളെ ആവശ്യമുണ്ട്

ദൈവത്തിന് ഇന്നു താഴെപ്പറയുന്ന യോഗ്യതകളുള്ള ആളുകളെ ആവശ്യമുണ്ട്.

  • ദിനംപ്രതി തന്റെ മുമ്പാകെനിന്നു തന്റെ ശബ്ദം കേള്‍ക്കുന്നവര്‍.
  • ദൈവത്തെയല്ലാതെ മറ്റാരെയും മറ്റൊന്നിനെയും ആഗ്രഹിക്കാത്തവര്‍.
  • തങ്ങളുടെ എല്ലാ വഴികളിലും സകലവിധ പാപത്തെയും വെറുക്കു കയും നീതിയെയും സത്യത്തെയും സ്‌നേഹിക്കുകയും ചെയ്യുമാറ് അത്രയധികം ദൈവത്തെ ഭയപ്പെടുന്നവര്‍.
  • കോപത്തെയും പാപകരമായ ലൈംഗികചിന്തകളെയും ജയിച്ചവരും തങ്ങളുടെ ചിന്തയിലോ മനോഭാവത്തിലോ പാപം ചെയ്യാനിടയാകുന്നതിനെക്കാള്‍ മരണമാണ് കൂടുതല്‍ അഭികാമ്യമെന്ന് കരുതുന്ന വരുമായ ആളുകള്‍.
  • ദിനംതോറും തങ്ങളുടെ ക്രൂശെടുത്തുകൊണ്ട് പൂര്‍ണ്ണതയിലേക്കു മുന്നേറുന്നവര്‍; ഭയത്തോടും വിറയലോടുംകൂടി സ്വന്തരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നവര്‍.
  • പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവര്‍; എത്ര വലിയ പ്രകോപനമുണ്ടായാലും മറ്റൊരു വ്യക്തിയുടെ നേരേ സ്‌നേഹശൂന്യമായ ഒരു മനോഭാവം കൈക്കൊള്ളാത്തവിധം ദൈവസ്‌നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവര്‍.
  • മനുഷ്യരുടെ പ്രശംസയോ, ആത്മീയപുരോഗതിയോ, ദൈവത്താല്‍ അംഗീകരിക്കപ്പെട്ട ശുശ്രൂഷയോ മറ്റെന്തുതന്നെയോ ലഭിച്ചാലും തങ്ങള്‍ എല്ലാ വിശുദ്ധന്മാരിലും ഏറ്റവും ചെറിയവരിലും ചെറിയ വരാണെന്നുള്ള ബോധം കൈവിടാതെ താഴ്മയില്‍ത്തന്നെ അടിയുറച്ചു നില്‍ക്കുന്നവര്‍.
  • ദൈവവചനത്തിലൂടെ ദൈവസ്വഭാവത്തെക്കുറിച്ചും ഈ ലോകത്തില്‍ ദൈവത്തിനു സാധിക്കുവാനുള്ള ലക്ഷ്യങ്ങളെക്കുറിച്ചും മനസ്സിലാക്കിയിട്ടുള്ളവര്‍; ഏറ്റവും ചെറിയ കല്പനകളില്‍പ്പോലും അനുസരണക്കേടു കാണിക്കുകയോ, അവ മറ്റുള്ളവരെ പഠിപ്പിക്കു ന്നതില്‍ ഉപേക്ഷ വിചാരിക്കുകയോ ചെയ്യാതെ ദൈവവചനത്തിന്റെ മുമ്പില്‍ വിറയ്ക്കുന്നവര്‍.
  • ദൈവത്തിന്റെ മുഴുവന്‍ ആലോചനയും മറ്റുള്ളവരെ അറിയിക്കയും മതപരമായ വേശ്യാവൃത്തിയെയും ദൈവവചനവിരുദ്ധമായ മാനുഷിക പാരമ്പര്യങ്ങളെയും വെളിച്ചത്തുകൊണ്ടുവരികയും ചെയ്യുന്നവര്‍.
  • ദൈവഭക്തിയുടെ മര്‍മ്മത്തെപ്പറ്റി ക്രിസ്തു ജഡത്തില്‍ വെളിപ്പെടുകയും തന്റെ ജഡത്തിലൂടെ ജീവനുള്ള പുതുവഴി തുറക്കുകയും ചെയ്തതിനെപ്പറ്റി പരിശുദ്ധാത്മാവിലൂടെ വെളിപ്പാടു പ്രാപിച്ചവര്‍.
  • തീക്ഷ്ണതയോടും സ്ഥിരചിത്തതയോടും കൂടി അദ്ധ്വാനിക്കുന്നവര്‍; അതേ സമയം തന്നെ നര്‍മ്മബോധവും ശാന്തതയും പൂണ്ട് കൊച്ചു കുട്ടികളോടൊത്തു കളിക്കുവാനും പ്രകൃതിദത്തമായ ദൈവികദാനങ്ങള്‍ ആസ്വദിക്കുവാനും കഴിവുള്ളവര്‍.
  • തന്നെത്താന്‍ പീഡിപ്പിക്കുന്ന ശരീരാഭ്യാസങ്ങളിലേര്‍പ്പെടാതെ തന്നെ ശിക്ഷണമുള്ള ഒരു ജീവിതം നയിക്കുകയും ക്ലേശങ്ങളെ ഭയപ്പെടാതിരിക്കയും ചെയ്യുന്നവര്‍.
  • വിശേഷവസ്ത്രങ്ങളിലോ ഉല്ലാസയാത്രകളിലോ താല്‍പര്യമില്ലാത്തവര്‍; പാഴ്‌വേലകള്‍ക്കായി തങ്ങളുടെ സമയമോ പ്രയോജനമില്ലാത്ത വസ്തുക്കള്‍ക്കായി പണമോ ദുര്‍വ്യയം ചെയ്യാത്തവര്‍.
  • വിശിഷ്ടഭോജ്യങ്ങളോടുള്ള കൊതി ഉപേക്ഷിച്ചവര്‍; സംഗീതം, വിനോദം എന്നിവപോലെ നിയമാനുസൃതങ്ങളായ കാര്യങ്ങള്‍ക്കു തന്നെയും അടിമകളാകാത്തവര്‍.
  • പീഡനം, പരിഹാസം, ഉപദ്രവം, വ്യാജമായ കുറ്റാരോപണം, രോഗം, സാമ്പത്തികഞെരുക്കം, സ്വജനങ്ങളുടെ വൈരം, മതനേതാക്കളില്‍ നിന്നുള്ള പീഡനം എന്നീ കഷ്ടതകളുടെ തീച്ചൂളയില്‍ക്കൂടിക്കടന്നും ദൈവത്താല്‍ ആവിധം ശിക്ഷണം പ്രാപിച്ചും കൊള്ളാവുന്നവരായി ത്തെളിഞ്ഞവര്‍.
  • തങ്ങള്‍ തന്നെ പാപികളില്‍ പ്രധാനികളെന്നറികയാല്‍ നികൃഷ്ടപാപികളോടും ഒന്നിനും കൊള്ളരുതാത്ത വിശ്വാസികളോടും സഹതാപം കാണിപ്പാനും അവരെക്കുറിച്ചു പ്രത്യാശയുള്ളവരായിരിപ്പാനും കഴിയുമാറ് കരുണ നിറഞ്ഞവര്‍.
  • ഒന്നിനെക്കുറിച്ചും ഉല്‍കണ്ഠപ്പെടാതെയും സാത്താനെയോ ദുഷ്ട ജനങ്ങളെയോ പ്രതികൂലസാഹചര്യങ്ങളെയോ മറ്റെന്തിനെയെങ്കിലുമോ ഭയപ്പെടാതെയും തങ്ങളുടെ സ്വര്‍ഗ്ഗസ്ഥപിതാവിന്റെ സ്‌നേഹം മൂലമുള്ള പൂര്‍ണ്ണ സുരക്ഷിതബോധത്തില്‍ ഉറച്ചു നില്‍ന്നവര്‍.
  • എല്ലാ കാര്യങ്ങളിലും തങ്ങളുടെ പരമമായ നന്മയ്ക്കായി ദൈവം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന വിശ്വാസം മൂലം ദൈവത്തിലുള്ള സ്വസ്ഥതയില്‍ പ്രവേശിച്ചവര്‍; തന്മൂലം എല്ലാ മനുഷ്യര്‍ക്കും എല്ലാ വസ്തുക്കള്‍ക്കും സാഹചര്യങ്ങള്‍ക്കുമായി എല്ലായ്‌പ്പോഴും ദൈവത്തെ സ്തുതിക്കുന്നവര്‍.
  • ദൈവത്തില്‍ മാത്രം സന്തുഷ്ടി കണ്ടെത്തുകയാല്‍ എല്ലാ അസന്തുഷ്ടിയെയും ജയിച്ച് സന്തോഷപരിപൂര്‍ണ്ണരായി ജീവിക്കുന്നവര്‍.
  • തങ്ങളിലോ തങ്ങളുടെ പ്രകൃതിസിദ്ധമായ കഴിവുകളിലോ ആശ്രയിക്കാതെ എല്ലാ സാഹചര്യങ്ങളിലും എല്ലാറ്റിനും മതിയായ ദൈവത്തില്‍ പൂര്‍ണ്ണാശ്രയം വച്ചുകൊണ്ട് സജീവമായ വിശ്വാസം മുറുകെ പിടിക്കുന്നവര്‍.
  • സ്വന്ത വിവേകത്തെയും യുക്തിബോധത്തെയും പിന്തുടരാതെ പരിശുദ്ധാത്മാവു കാണിച്ചുതരുന്ന വഴിയിലൂടെ മാത്രം സഞ്ചരിക്കുന്നവര്‍.
  • കര്‍ത്താവായ യേശുക്രിസ്തുവിനാല്‍ തന്നെ പരിശുദ്ധാത്മാവിലും തീയിലും സ്‌നാനമേറ്റവര്‍; പകരം വ്യാജമായ വല്ല വികാരാവേശ ത്താലോ ദൈവശാസ്ത്രപരമായ വാദഗതികളാലോ കബളിപ്പിക്കപ്പെടാത്തവര്‍.
  • നിരന്തരമായ പരിശുദ്ധാത്മാഭിഷേകത്തില്‍ ജീവിക്കുന്നവര്‍; ആ പരിശുദ്ധാത്മാവു നല്‍കുന്ന പ്രകൃത്യതീതമായ കൃപാവരങ്ങളില്‍ സമ്പന്നര്‍.
  • ക്രിസ്തുവിന്റെ ശരീരമായ സഭയെപ്പറ്റി ദൈവികവെളിപ്പാടു ലഭിക്കുക മൂലം ഏതെങ്കിലും മതസമൂഹത്തിന്റെയോ സഭാവിഭാഗമെ ന്നറിയപ്പെടുന്ന സംഘടനയുടെയോ ഭാഗമാകാതെ ആ യഥാര്‍ത്ഥ സഭയെ പണിതുയര്‍ത്തുവാന്‍വേണ്ടി തങ്ങളുടെ എല്ലാ കഴിവുകളും ഭൗതികസമ്പത്തുകളും ആത്മീയവരങ്ങളും വിനിയോഗിക്കുന്നവര്‍.
  • പരിശുദ്ധാത്മസഹായത്താല്‍ സ്വന്തനാവിനു കടിഞ്ഞാണിടുവാന്‍ ശീലിച്ചവര്‍; ഇപ്പോള്‍ ആ നാവു തന്നെ ദൈവവചനം കൊണ്ടു ജ്വലിക്കുമാറ് രൂപാന്തരം പ്രാപിച്ചവര്‍.
  • തങ്ങള്‍ക്കുള്ളതെല്ലാം വിട്ടുകളഞ്ഞവര്‍; പണത്തിന്റെയും ഭൗതിക വസ്തുക്കളുടെയും ബന്ധനത്തില്‍നിന്നു സ്വതന്ത്രരായും ദാനങ്ങളാഗ്രഹിക്കാതെയും ജീവിക്കുന്നവര്‍.
  • തങ്ങളുടെ ഭൗതികമായ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി ദൈവത്തില്‍ മാത്രം ആശ്രയം വയ്ക്കുന്നവര്‍; ഒരിക്കലും തങ്ങളുടെ ഭൗതി കാവശ്യങ്ങളെപ്പറ്റി മറ്റുള്ളവര്‍ക്കു സൂചന നല്‍കാത്തവര്‍; തങ്ങളുടെ സേവനത്തെപ്പറ്റി സംഭാഷണത്തിലോ കത്തുകളിലോ റിപ്പോര്‍ട്ടുകളിലോ സ്വയം പ്രശംസിക്കാത്തവര്‍.
  • ദുശ്ശാഠ്യക്കാരാകാതെ സൗമ്യപ്രകൃതികളായും വിമര്‍ശനം സഹിക്കുന്നവരായും തങ്ങളെക്കാള്‍ പ്രായവും അറിവുമുള്ള സഹോദരന്മാരുടെ നിയന്ത്രണത്തിനും തെറ്റു തിരുത്തലിനും വിധേയരായും ജീവിക്കുന്നവര്‍.
  • മറ്റുള്ളവരുടെമേല്‍ അധികാരം ചെലുത്തുവാനോ അവരെ ഉപദേശിക്കുവാനോ താല്‍പര്യമില്ലാതെയും (ഉപദേശം തേടുന്നവരെ ഉപദേശിപ്പാന്‍ സന്നദ്ധതയോടും), മൂപ്പന്മാരായോ നായകന്മാരായോ ഗണിക്കപ്പെടുവാന്‍ ആഗ്രഹിക്കാതെയും, സാധാരണ സഹോദരന്മാരും എല്ലാവര്‍ക്കും ദാസന്മാരുമായി ജീവിക്കുവാന്‍ ഇച്ഛിക്കുന്നവര്‍.
  • മറ്റുള്ളവരോടു വിഷമം കൂടാതെ ഒത്തിണങ്ങിപ്പോകുന്നവര്‍; അസൗകര്യങ്ങളും നഷ്ടങ്ങളും സഹിച്ചുകൊണ്ടും മറ്റുള്ളവര്‍ക്കു നന്മ ചെയ്യുന്നവര്‍.
  • ലക്ഷപ്രഭുവെന്നോ, യാചകനെന്നോ, വെള്ളക്കാരനെന്നോ, കറുത്തവനെന്നോ, ബുദ്ധിജീവിയെന്നോ, ബുദ്ധിഹീനനെന്നോ, സംസ്‌കാരസമ്പന്നനെന്നോ, അപരിഷ്‌കൃതനെന്നോ ഭേദം കൂടാതെ എല്ലാ മനുഷ്യരോടും ഒരുപോലെ പെരുമാറുന്നവര്‍.
  • ഭാര്യ, മക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരുടെയോ വിശ്വാസികളുടെയോ സ്വാധീനംമൂലം ക്രിസ്തുവിനോടുള്ള തങ്ങളുടെ ഭക്തിയിലും ദൈവകല്പനകളുടെ അനുസരണത്തിലും ഒരുപടി താണും തണുത്തും പോകാതെ ആദ്യസ്‌നേഹം നിലനിര്‍ത്തുന്നവര്‍.
  • സാത്താന്‍ വാഗ്ദാനം ചെയ്യുന്ന ധനം, മാനം, മറ്റേതെങ്കിലും പ്രതിഫലം എന്നിവയാല്‍ സ്വാധീനിക്കപ്പെടാതെ ഒരിക്കലും ഒത്തുതീര്‍പ്പിനു സന്നദ്ധരാകാതെ ഉറച്ചുനില്‍ക്കുന്നവര്‍.
  • മതാധ്യക്ഷന്മാരെയോ രാഷ്ട്രഭരണാധികാരികളെയോ ഭയപ്പെടാതെ നിര്‍ഭയം ക്രിസ്തുവിന്റെ സാക്ഷികളായി നിലകൊള്ളുന്നവര്‍.
  • ഭൂമിയില്‍ ഏതെങ്കിലും മനുഷ്യവ്യക്തിയെ പ്രസാദിപ്പിക്കുവാനാ ഗ്രഹിക്കാതെ ദൈവത്തെ മാത്രം പ്രസാദിപ്പിക്കുന്നതില്‍ ഏതൊരാളുടെ പിണക്കവും നേരിടുവാന്‍ ഒരുക്കമുള്ളവര്‍.
  • തങ്ങളുടെ മാനുഷികമായ ആവശ്യങ്ങളോ സ്വന്തം സുഖസൗകര്യങ്ങളോ ഗണിക്കാതെ ദൈവമഹത്വത്തിനും ദൈവഹിതത്തിനും ദൈവരാജ്യത്തിനും എപ്പോഴും മുന്‍ഗണന നല്‍കുന്നവര്‍.
  • മറ്റുള്ളവരുടെയോ സ്വന്തം ബുദ്ധിയുടെയോ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി നിര്‍ജ്ജീവപ്രവൃത്തികള്‍ അനുഷ്ഠിക്കാതെ തങ്ങളുടെ ജീവിതത്തെപ്പറ്റി ദൈവം വെളിപ്പെടുത്തിയിട്ടുള്ള തിരുഹിതം മാത്രം ചെയ്യുവാന്‍ വാഞ്ഛയോടെ ആഗ്രഹിക്കുന്നവര്‍.
  • ക്രിസ്തീയവേലയില്‍ ദേഹീപരവും (soulish) ആത്മീയവുമായവയെ തമ്മില്‍ വേര്‍തിരിച്ചറിയുവാന്‍ പരിശുദ്ധാത്മാവിനാലുള്ള വിവേചനം പ്രാപിച്ചവര്‍.
  • കാര്യങ്ങളെ ഭൗമികമായ കാഴ്ചപ്പാടിലൂടെയല്ല, സ്വര്‍ഗ്ഗീയമായ ദര്‍ശനത്തോടെതന്നെ നോക്കിക്കാണുവാന്‍ കഴിവുള്ളവര്‍.
  • ദൈവത്തിനുവേണ്ടി തങ്ങള്‍ നടത്തുന്ന അധ്വാനത്തിനു പ്രതിഫലമായി ലഭിക്കാവുന്ന ലൗകികബഹുമതികളെയും സ്ഥാനങ്ങളെയും പരിത്യജിക്കുന്നവര്‍.
  • ഇടവിടാതെ പ്രാര്‍ത്ഥിക്കുകയും ആവശ്യം വരുമ്പോള്‍ ഉപവാസത്തോടെയുള്ള പ്രാര്‍ത്ഥനയില്‍ ജാഗരിക്കുകയും ചെയ്യുന്നവര്‍.
  • ഔദാര്യമായും രഹസ്യത്തിലും വിവേകത്തോടും സന്തോഷത്തോടുംകൂടി കൊടുക്കുവാന്‍ ശീലിച്ചിട്ടുള്ളവര്‍.
  • ഏതു വിധത്തിലെങ്കിലും ചിലരെ നേടുവാനായി എല്ലാവര്‍ക്കും എല്ലാമായിത്തീരുവാന്‍ സന്നദ്ധതയുള്ളവര്‍.
  • മറ്റുള്ളവര്‍ രക്ഷിക്കപ്പെടുവാന്‍ മാത്രമല്ല, ക്രിസ്തുവിന്റെ ശിഷ്യന്മാരാകുവാനും സത്യത്തിന്റെ പരിജ്ഞാനത്തിലെത്തുവാനും ദൈവ കല്പനകള്‍ എല്ലാം അനുസരിക്കുന്നവരായിത്തീരുവാനും ആഗ്രഹിക്കുന്നവര്‍.
  • എല്ലാ സ്ഥലത്തും ദൈവത്തിന് വിശുദ്ധമായ ഒരു സാക്ഷ്യം ഉയര്‍ന്നു കാണുവാന്‍ ആഗ്രഹിക്കുന്നവര്‍.
  • സഭയില്‍ ക്രിസ്തു മഹത്വീകരിക്കപ്പെട്ടു കാണുവാന്‍ തീവ്രമായ വാഞ്ഛയുള്ളവര്‍.
  • ഒരു കാര്യത്തിലും സ്വാര്‍ത്ഥം അന്വേഷിക്കാത്തവര്‍.
  • ആത്മീയാധികാരവും ആത്മീയ അന്തസ്സും പാലിക്കുന്നവര്‍.
  • വേണ്ടിവന്നാല്‍ ദൈവത്തിനുവേണ്ടി ഈ ലോകത്തില്‍ ഒറ്റയ്ക്കു നില്‍ക്കുവാന്‍ മനസ്സുള്ളവര്‍.
  • കഴിഞ്ഞ കാലത്തെ അപ്പോസ്തലന്മാരെയും പ്രവാചകന്മാരെയും പോലെ ഒത്തുതീര്‍പ്പിനു വഴങ്ങാതെ ഉറച്ചുനില്‍ക്കുന്നവര്‍.


ഈ വിധത്തിലുള്ള ആളുകള്‍ സംഖ്യയില്‍ വളരെ കുറവാകയാല്‍ ഇന്നും ദൈവത്തിന്റെ വേല നഷ്ടം സഹിക്കേണ്ടി വന്നിരിക്കുന്നു.

പാപവും വ്യഭിചാരവുമുള്ള ഒരു തലമുറയില്‍, ഒത്തുതീര്‍പ്പില്‍ ജീവിക്കുന്ന ക്രൈസ്തവലോകത്തിന്റെ മധ്യത്തില്‍, ദൈവത്തിനുവേണ്ടി ഇപ്രകാരമുള്ള ഒരുവനായി ജീവിക്കുമെന്നു പൂര്‍ണ്ണഹൃദയത്തോടെ തീരുമാനിക്കുക. ദൈവത്തിനു മുഖപക്ഷമില്ലാത്തതിനാല്‍ അതിനു വേണ്ടി തീക്ഷ്ണതയോടെ നിങ്ങള്‍ ആഗ്രഹിക്കുമെങ്കില്‍ നിങ്ങള്‍ക്കും അപ്രകാരം ഒരുവനാകുവാന്‍ സാധിക്കും. ഒരാളിന്റെ ബോധമണ്ഡലത്തില്‍ (conscious area) മാത്രം സമര്‍പ്പണവും അനുസരണവും ആവശ്യപ്പെടുന്നവനാണ് ദൈവം. അതിനാല്‍ ഒരുപക്ഷേ നിങ്ങളുടെ ബോധമണ്ഡലം പരിമിതമാണെങ്കില്‍ത്തന്നെയും ഈവിധത്തിലുള്ള ഒരുവനാകുവാന്‍ നിങ്ങള്‍ക്കു സാധ്യമാണ്. നിങ്ങള്‍ വെളിച്ചത്തില്‍ നടക്കുകയും പരിപൂര്‍ണ്ണതയിലേക്കു വളരുകയും ചെയ്യുന്തോറും ഈ ബോധമണ്ഡലം കൂടുതല്‍ വിശാലമായിക്കൊണ്ടിരിക്കും. അതിനാല്‍ ”ഇപ്രകാരമുള്ള ഒരാളാകുവാന്‍ എനിക്കു സാധിക്കുകയില്ലല്ലോ” എന്നു ചിന്തിച്ചു നിങ്ങള്‍ ക്ലേശിക്കേണ്ട കാര്യമില്ല.

നമ്മുടെ ജഡത്തില്‍ നന്മയൊന്നും വസിക്കാത്തതിനാല്‍ മേല്‍ വിവരിച്ച നന്മകള്‍ നമ്മില്‍ വളര്‍ന്നുവരുവാനായി ദൈവകൃപ നാം അന്വേഷിക്കേണ്ടത് ആവശ്യമാണ്. കാലം അതിന്റെ അവസാനഘട്ടത്തിലെത്തിയിരിക്കുന്ന ഈ നാളുകളില്‍ ഈ വിധത്തില്‍ ജീവിക്കുന്ന ഒരുവനായിത്തീരുന്നതിനുള്ള ദൈവകൃപയ്ക്കായി ദിനംപ്രതി ദൈവസന്നിധിയില്‍ നിലവിളിക്കുക.

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ”എന്റെ മുമ്പാകെ ഇടിവില്‍ നില്‍ക്കേണ്ടതിന് ഒരു പുരുഷനെ ഞാന്‍ അന്വേഷിച്ചു.” (യെഹെ. 22:30).

കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.