ദാവീദിന്റെ ഏഴു സദ്ഗുണങ്ങള്‍ – WFTW 10 നവംബര്‍ 2013

cluster of small white flowers between pages of an open book

സാക് പുന്നന്‍

   

 1) 2 ശമുവേല്‍ ഒന്നാം അധ്യായത്തില്‍ നാം ശൌലിന്റെ മരണത്തെക്കുറിച്ച്  വായിക്കുന്നു.ശൌല്‍ ദാവീദിനെ വളരെ വെറുക്കുകയും അവനെ കൊല്ലുന്നതിന് 10 വര്‍ഷത്തോളം യിസ്രായേലില്‍ അങ്ങോളമിങ്ങോളം ഓടിനടക്കുകയും ചെയ്തിരുന്നു ഒടുവില്‍  ശൌല്‍ മരിച്ചു. നിങ്ങളായിരുന്നു ദാവീദിന്റെ സ്ഥാനത്തെങ്കില്‍ ആ വാര്‍ത്ത കേള്‍ക്കുന്‌പോഴുള്ള പ്രതികരണം എന്തായിരിക്കും ? ദാവീദിന്റെ പ്രതികരണം ശ്രദ്ധിക്കുക.ശൌല്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് നമുക്കറിയാം ( 1ശമുവേല്‍ 31). എന്നാല്‍ ഒരു അമാലേക്യന്‍ ദാവീദിന്റെ പ്രീതി സന്പാദിക്കുന്നതിനു വേണ്ടി അവന്റെ അടുക്കല്‍ വന്ന് ഒരു കളവ് പറഞ്ഞു. ശൌലിന്റെ ആവശ്യപ്രകാരം താന്‍ ശൌലിനെ കൊന്നു എന്നവന്‍ ദാവീടിനോട് പറഞ്ഞു. ശൌലിന്റെ കിരീടവും ഭുജത്തിലെ കടകവും അവന്‍ ദാവീദിന് സമര്‍പ്പിച്ചു. ഈ പ്രവര്‍ത്തിയില്‍ സംപ്രീതനായ ദാവീദ് തക്കതായ പാരിതോഷികം തനിക്ക് നല്‍കുമെന്ന് അവന്‍ പ്രതീക്ഷിച്ചു. എന്നാല്‍ ദാവീദ് തന്റെ വസ്ത്രം കീറി ശൌലിനെയോര്‍ത്ത് വിലപിക്കുകയാണ് ചെയ്തത്  ( 1ശമുവേല്‍ 1.11). ദൈവത്തിന്റെ അഭിഷിക്തനെ കൊല്ലാന്‍ നിനക്കെങ്ങനെ ധൈര്യമുണ്ടായി എന്നു ദാവീദ് അവനോടു ചോദിച്ചു. ശൌലിനെ കൊല്ലുവാന്‍ ധൈര്യം കാണിച്ച അമാലേക്യനെ വധിക്കുവാന്‍ ദാവീദ് തന്റെ കൂട്ടത്തിലെ ഒരു ചെറുപ്പക്കാരനെ ചുമതലപ്പെടുത്തി. ഒരു കളവ് പറഞ്ഞതിന് തക്ക പ്രതിഫലം അങ്ങനെ അവനു കിട്ടി.എന്നാല്‍ ഇവിടെ ദാവീദിന്റെ മനോഭാവം ശ്രദ്ധിക്കുക .അതാണ് അവനെ ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനായി തീര്‍ത്തത്. യേശു പറഞ്ഞത് നമുക്കറിയാം. ‘നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കുവിന്‍, നിങ്ങളെ പകയ്കുന്നവര്‍ക്ക് ഗുണം ചെയ്യുവിന്‍ , നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍ , നിങ്ങളെ ദുഷിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവിന്‍’. ദാവീദ് അതാണ് ചെയ്തത് പഴയ നിയമ കാലത്ത്  ജീവിക്കുന്‌പോള്‍ തന്നെ അവനു പുതിയനിയമ മനോഭാവമാണ് ഉണ്ടായിരുന്നത്. ദാവീദ് ശൌലിനെ വെറുത്തില്ല. ശൌലിന് അഭിഷേകം നഷ്ടപ്പെട്ടിരുന്നുവെങ്കിലും ദാവീദ് എപ്പോഴും പറഞ്ഞിരുന്നത് ഞാന്‍ അവനെ തൊടുകയില്ല എന്നാണ്.

2) പിന്നീട് ദാവീദ് ശൌലിനെയും യോനാഥനെയും കുറിച്ച് ഒരു വിലാപം എഴുതി. അതില്‍ അവരെ ഹൃദയത്തില്‍ നിന്നും സത്യസന്ധമായി പ്രശംസിക്കുന്ന വാക്കുകളാണ് ഉണ്ടായിരുന്നത്. തന്നോടു ദോഷം ചെയ്യുന്ന മനുഷ്യനോട് എങ്ങനെയാണ് ഒരു ദൈവമനുഷ്യന്‍ പെരുമാറേണ്ടത് എന്നുള്ളതിന്റെ ഒരു പാഠമാണ് ഇവിടെ കാണുന്നത്. ദാവീദ് പറഞ്ഞു ‘യിസ്രായേലേ നിന്റെ പ്രതാപമായവന്‍ നിന്റെ ഗിരികളില്‍ വീണുപോയി ………വീരന്മാര്‍ യുദ്ധത്തില്‍ വീണുപോയതെങ്ങനെ ?( 19,25,27 വാക്യങ്ങള്‍ ) യോനാഥനെ പുകഴ്ത്തുന്നത് നമുക്ക് മനസ്സിലാകും . കാരണം അവന്‍ ദാവീദിന്റെ അടുത്ത സ്‌നേഹിതനായിരുന്നു. എന്നാല്‍ അവന്‍ ശൌലിനേയും യുദ്ധം ജയിച്ച വീരന്‍ എന്നെല്ലാം പറഞ്ഞ് പ്രശംസിക്കുന്നു. ശൌലില്‍ കണ്ട നന്മകളെയാണ് അവന്‍ പ്രശംസിച്ചത്. ശൌലിന്റെ ന്യായവിധി അവന്‍ ദൈവത്തെ ഏല്പിച്ചു. അല്ലാതെ അവന്‍ അതിന് ശ്രമിച്ചില്ല. അവന്‍ ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനായിരുന്നു. അങ്ങനെയുള്ള ഒരു മനുഷ്യനെയാണ് ദൈവം തിരഞ്ഞെടുത്ത് യിസ്രായേലിന്റെ സിംഹാസനത്തിലിരുത്തിയത്

3) 2 ശമുവേല്‍ 2:1 ല്‍ ഇങ്ങനെ എഴുതിയിരിക്കുന്നു ‘ദാവീദ് യഹോവയുടെ അരുളപ്പാട് ചോദിച്ചു….’. എല്ലാ കാര്യത്തിലും ദൈവഹിതം അന്വേഷിക്കുകയെന്നത് ദാവീദിന്റെ ഒരു സ്ഥിരം സ്വഭാവമായിരുന്നു ( 1 ശമു 23:24,30:8). 2 ശമു 5:17 25 വരെയുള്ള വാക്യങ്ങളില്‍ ഫെലിസ്ത്യരുമായുള്ള രണ്ടു യുദ്ധങ്ങളെ കുറിച്ചും അവയെ സംബന്ധിച്ച് ദാവീദ് ദൈവഹിതം അന്വേഷിക്കുന്നതിനെ കുറിച്ചും നാം വായിക്കുന്നു. രണ്ടാം തവണ ദൈവം തന്ത്രം മാറ്റി പിന്‍ഭാഗത്തു നിന്നും അവരെ ആക്രമിക്കുവാന്‍ ദാവീദിനോടു പറഞ്ഞു. ഓരോ തവണയും ദൈവം തന്ത്രം മാറ്റിക്കൊണ്ടിരുന്നു. ദാവീദ് യുദ്ധത്തിന്റെ മനുഷ്യനായിരുന്നുവെങ്കിലും ഓരോ തവണയും യുദ്ധത്തിനുള്ള തന്ത്രം ദൈവത്തില്‍ നിന്നാണ് അവനു ലഭിച്ചത് . അതിനാല്‍ തന്നെ എപ്പോഴും അവന്‍ ജയിച്ച് വന്നു. രാജ്യത്ത് വലിയ ക്ഷാമമുണ്ടായപ്പോഴും എന്തുകൊണ്ടാണ് ക്ഷാമമുണ്ടായതെന്ന് അവന്‍ ദൈവത്തോടു ചോദിച്ചു. (2 ശമു  21.1)

4) യെഹൂദയിലെ ജനം ആദ്യം വന്നു ദാവീദിനെ രാജാവായി അഭിഷേകം ചെയ്തു. പിന്നീട് യിസ്രായേലിന്റെയും രാജാവായി അവന്‍ അഭിഷേകം ചെയ്യപ്പെട്ടു(2 ശമു 5.35). യെഹൂദയുടെ രാജാവായപ്പോള്‍ അവനു 30 വയസ്സായിരുന്നു. മുഴുവന്‍ യിസ്രായേലിന്റെയും രാജാവാകുവാന്‍ അവനു 71/ 2 വര്‍ഷം കൂടെ കാത്തിരിക്കേണ്ടി വന്നു. അവനോടുള്ള ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ പൂര്‍ണ്ണമായി നിറവേറുന്നതിന്ന്  20 വര്‍ഷത്തിലധികം അവനു കാത്തിരിക്കേണ്ടി വന്നു. അബ്രഹാമിന്റെ കാത്തിരിപ്പുപോലെ നീണ്ടതായിരുന്നു ഈ കാത്തിരിപ്പും. എങ്കിലും ദാവീദ് ക്ഷമയോടെ കാത്തിരുന്നു. വിശ്വാസത്തോടെയും ക്ഷമയോടെയും ദൈവീക വാഗ്ദാനങ്ങള്‍ അവകാശമാക്കിയ ഇത്തരം ആളുകളുടെ മാതൃകയാണ് നാം പിന്തുടരേണ്ടത്. ദാവീദ് സിംഹാസനം ആരില്‍നിന്നും പിടിച്ച് വാങ്ങിയതല്ല. ദൈവം അവിടുത്തെ സമയത്ത് നല്‍കുന്നതുവരെ അവന്‍ കാത്തിരുന്നു.

5) 2 ശമു 6.25ല്‍ നാം ഇങ്ങനെ വായിക്കുന്നു ‘ദാവീദ് തന്റെ കുടുംബത്തെ അനുഗ്രഹിക്കേണ്ടതിനു മടങ്ങിവന്നു. എത്ര മനോഹരമായ കാര്യമാണിത് , സ്വന്തം കുടുംബത്തെ അനുഗ്രഹിക്കുകയെന്നത് .അതും വളരെ ദൂരം തെരുവിലൂടെ നൃത്തം ചെയ്ത് ക്ഷീണിച്ച് വന്നതിനു ശേഷം. ഒരു ദിവസത്തെ അദ്ധ്വാനത്തിനുശേഷം അസ്വസ്ഥതയോടെ ഭവനത്തിലേക്ക് മടങ്ങിവന്ന് ഭാര്യയുടെ മേല്‍ സമ്മര്‍ദ്ദങ്ങള്‍ വയ്കുന്നതിനു പകരം ഭവനത്തെ അനുഗ്രഹിക്കുന്ന ഭര്‍ത്താക്കന്‍മാരാകട്ടെ എല്ലാവരും എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തന്നെ എപ്പോഴും കുറ്റപ്പെടുത്തുന്ന മീഖളെന്ന ഭാര്യയാണ് അവനുണ്ടായിരുന്നത്. എന്നാല്‍ അതൊന്നും കര്‍ത്താവിലുള്ള അവന്റെ സന്തോഷത്തെ കെടുത്തികളഞ്ഞില്ല. ദാവീദ് ഭവനത്തിലേക്ക് കടന്ന ഉടനെ അവള്‍ രാജാവെന്ന സ്ഥാനം മറന്നു സാധാരണക്കാരനോടൊത്ത് നൃത്തം ചെയ്യുന്നതിനെക്കുറിച്ച് കുറ്റം പറയുവാന്‍ തുടങ്ങി. എന്തായിരുന്നു ദാവീദിന്റെ മറുപടി ? ഭാര്യയുടെ വാക്കുകള്‍ തന്നെ ഒട്ടും ബാധിക്കുന്നില്ലയെന്നും ജീവിതകാലം മുന്പാകെ താന്‍ ദൈവത്തിന്റെ മുന്പാകെ നൃത്തം ചെയ്യുമെന്നാണ് അവന്‍ പറഞ്ഞത് ( 21മത്തെ  വാക്യം)

6) 2 ശമുവേല്‍ 7:2ല്‍ ദൈവത്തിനു ഒരു ആലയം പണിയുവാനുള്ള ആഗ്രഹം ദാവീദിനുണ്ടായി. ആരും ഒന്നും അവനോട് പറഞ്ഞില്ല. എന്നാല്‍ അവന്‍ ഇങ്ങനെ ചിന്തിച്ചു. ഞാന്‍ മനോഹരമായ ഒരു കൊട്ടാരത്തില്‍ താമസിക്കുന്‌പോള്‍ ദൈവത്തിന്റെ പെട്ടകം കേവലം ഒരു കൂടാരത്തില്‍ ആണല്ലൊ ഇരിക്കുന്നത്. അധികം വിശ്വാസികള്‍ ഇങ്ങനെ ചിന്തിച്ചിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു.’ ദൈവമേ എത്ര സുഖപ്രദമായ ഒരു വീടാണ് എനിക്കായി ഞാന്‍ പണികഴിപ്പിച്ചിട്ടുള്ളത്. എത്ര പണമാണ് ഞാന്‍ അതിനായി ചെലവഴിച്ചിരിക്കുന്നത്. എന്നാല്‍ അങ്ങയുടെ വേലക്കായി എത്ര കുറച്ച് പണമാണ് ഞാന്‍ കൊടുക്കുന്നത്. അങ്ങയുടെ വേലയെക്കുറിച്ചുള്ള ഭാരം എത്ര കുറവാണെനിക്ക്’. തങ്ങളുടെ സ്വന്ത അഭിലാഷങ്ങളും സ്വയവും പണവും എല്ലാം അടക്കം തങ്ങളെ തന്നെ സന്പൂര്‍ണ്ണമായി സമര്‍പ്പിച്ചിട്ടൂള്ളവരെയാണ് ദൈവത്തിനു തന്റെ വേലയ്കായി വേണ്ടത്. പല വിശ്വാസികളും തങ്ങളുടെ സ്ഥാപനത്തിന് കൂടുതല്‍ ലാഭം ഉണ്ടാക്കുന്നതിനു വേണ്ടി അധികം സമയം ജോലി ചെയ്യാറുണ്ട്. പ്രതിഫലമോ പരാതിയോ കൂടാതെ ദൈവത്തിനു വേണ്ടി അധികം വേല ചെയ്യുവാന്‍ ദൈവദാസന്മാരായ നമുക്ക് സാധിക്കുമോ? ദാവീദ് ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനായിരുന്നു. അവനു ദൈവഭവനത്തെ കുറിച്ച് ഒരു ഭാരമുണ്ടായിരുന്നു. ജീവിതാവസാനം വരെ ദൈവഭവനത്തെക്കുറിച്ച് ഒരു ഭാരം സ്വന്ത ഭവനത്തോടുള്ളതിനേക്കാള്‍ ഉണ്ടാകുന്ന ഹൃദയം നമുക്കെല്ലാം ഉണ്ടാകട്ടെ. ദൈവഭവനത്തെ നിങ്ങള്‍ നോക്കിയാല്‍ നിങ്ങളുടെ ഭവനത്തെ ദൈവം നോക്കി കൊള്ളും.

7) യിസ്രായേലിന്റെ എല്ലാ ശത്രുക്കളേയും തോല്പിച്ച് ശലോമോനു വേണ്ട പശ്ചാത്തലം ദാവീദ് ഒരുക്കി കൊടുത്തു. എന്ന് മാത്രമല്ല ആലയം പണിക്കാവശ്യമുള്ള സ്വര്‍ണ്ണവും വെള്ളിയുമെല്ലം അവന്‍ ശേഖരിച്ചു. എന്നാല്‍ ശലോമോന്‍ ആലയം പണിതു. ഇതിനു നാം തയാറാണോ?നാം എല്ലാ കഠിനാധ്വാനവും ചെയ്തതിന്നു ശേഷം അതിന്റെ പ്രശസ്തി മറ്റൊരാള്‍ക്കു ലഭിക്കുവാന്‍ നിങ്ങള്‍ അനുവദിക്കുമോ ? അതോ നമുക്ക് തന്നെത്തന്നെ പ്രശസ്തി കിട്ടണമെന്നാനോ ആഗ്രഹം? ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യന്‍ മറ്റുള്ളവരുടെ സൌകര്യത്തിനു പിന്നണിയില്‍ നിന്ന്  എല്ലാം പ്രവര്‍ത്തിയും ചെയ്യുകയും അതിനാലുള്ള പ്രശസ്തി മറ്റുള്ളവര്‍ക്ക് വിട്ടു കൊടുക്കുകയും ചെയ്യുന്നവനാണ്.

What’s New?