യേശു പഠിപ്പിച്ച ഏറ്റവും ഒന്നാമത്തെ കാര്യം: ഓരോ ദിവസവും ദൈവത്തിൻ്റെ വചനം പ്രാപിക്കുക – WFTW 5 ജനുവരി 2025

സാക് പുന്നൻ

യേശു പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ട ശേഷം അവിടുന്ന് പഠിപ്പിച്ച ഏറ്റവും ഒന്നാമത്തെ കാര്യം ദൈവം സംസാരിക്കുന്ന വചനങ്ങൾ നാം പ്രാപിക്കുന്നില്ലെങ്കിൽ നമുക്ക് ജീവിക്കാൻ കഴിയുകയില്ല എന്നാണ്. നാം അവിടുത്തെ സേവിക്കുക മാത്രം ചെയ്താൽ നമുക്ക് ദൈവത്തിൻ്റെ ഉദ്ദേശ്യം നിറവേറ്റി അവിടുത്തെ ഹൃദയത്തെ തൃപ്തിപ്പെടുത്താൻ കഴിയുകയില്ല. “ഞാൻ കർത്താവിനായി ഇത് ചെയ്യുന്നു”, “ഞാൻ കർത്താവിനായി അത് ചെയ്യുന്നു”, “ഞാൻ ഒരു അനാഥാലയം നടത്തുന്നു”, “ഞാൻ ഒരു ബൈബിൾ സ്കൂൾ നടത്തി ആളുകളെ സഹായിക്കുന്നു”, “ആവശ്യത്തിൽ ഇരിക്കുന്നവർക്ക് ഞാൻ പണം കൊടുക്കുന്നു”, “ഞാൻ ഇവിടെ ചെന്ന് അത് ചെയ്യുന്നു” എന്നിങ്ങനെ പറയുന്നതിൽ ധാരാളം ക്രിസ്ത്യാനികൾ സംതൃപ്തി കണ്ടെത്തുന്നു. അവർ എപ്പോഴും കർത്താവിനായി തങ്ങൾ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചു കൊണ്ടിരിക്കുന്നു. ഞാൻ അതിനെ വിലകുറച്ചു കാണുന്നില്ല. കർത്താവു വരുന്നതു വരെ നാം അവിടുത്തെ സേവിക്കേണ്ടതുണ്ട്, 1 കൊരിന്ത്യർ 15:58ൽ പറയുന്നതുപോലെ, “നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരുമായി കർത്താവിൻ്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ”. കർത്താവ് വരുന്നതു വരെ “എപ്പോഴും കർത്താവിൻ്റെ വേലയിൽ വർദ്ധിച്ചുവരുന്നതിന്” എൻ്റെ ജീവിതത്തിൻ്റെ അവസാനത്തോളം അതു ചെയ്യുവാൻ ഞാൻ ആഗ്രഹിക്കുന്നു. കർത്താവിനെ സേവിക്കുന്നത് ഒരിക്കലും നിർത്തുവാൻ എനിക്ക് ആഗ്രഹമില്ല. അതുകൊണ്ട് ഞാൻ അതിനെ നിന്ദിക്കുന്നില്ല.

നാം കർത്താവിനെ സേവിക്കണമെന്നു ഞാൻ വിശ്വസിക്കുന്നു, എന്നാൽ സേവിക്കുന്നതിനേക്കാൾ പ്രാധാന്യമുള്ളത് ദൈവത്തിൻ്റെ വചനം പ്രാപിക്കുന്നതാണ് എന്നു ഞാൻ പറയും. “ദൈവത്തെ സേവിക്കുന്നതിനാൽ മാത്രം മനുഷ്യൻ ജീവിക്കുന്നില്ല, എന്നാൽ ദൈവത്തിൻ്റെ വായിൽ നിന്നു പുറപ്പെടുന്ന ഓരോ വചനം കൊണ്ടും ജീവിക്കുന്നു”. അവിടുത്തെ അഭിഷേകത്തിനു ശേഷം യേശു സംസാരിച്ച ആദ്യ വചനങ്ങളാണിവ, അതുകൊണ്ട് അവ വളരെ പ്രാധാന്യമുള്ളവയാണ്. യേശു പഠിപ്പിച്ച സകല കാര്യങ്ങളിലും വെച്ച് ഏറ്റവും ഒന്നാമത്തേത് ഇവിടെയാണ്: ഓരോ ദിവസവും ദൈവവചനം തുടർമാനമായി പ്രാപിക്കുന്നതിന് അഭ്യസിക്കുക. ഓരോ ദിവസവും തിരുവചനം നിങ്ങളിലേക്ക് സജീവമായി വരണം.

ആദിമ നാളുകളിൽ നമുക്ക് ഇന്നുള്ളതുപോലെ അവർക്ക്, ഒരു വേദപുസ്തകം ഉണ്ടായിരുന്നില്ല. നാം ഓരോ ദിവസവും ദൈവവചനം പ്രാപിക്കണമെങ്കിൽ, നാം ഓരോ ദിവസവും ബൈബിൾ വായിക്കണം. പ്രാരംഭ നാളുകളിൽ, അവർക്ക് ബൈബിൾ ഇല്ലാതിരുന്നപ്പോൾ, അപ്പോസ്തലന്മാരിൽ നിന്നും കേട്ടതിനെ അവരെ ഓർപ്പിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധാത്മാവിനെ അവർക്കു പ്രാപിക്കാൻ കഴിഞ്ഞു. തന്റെ വിശ്വാസത്തിനു വേണ്ടി തടവിലാക്കപ്പെട്ട് ഒരു ജയിലിൽ ഇരിക്കുന്ന, ഒരു ബൈബിൾ കൈവശമില്ലാത്ത ഒരു ക്രിസ്ത്യാനിക്ക്, അവൻ്റെ മുമ്പിൽ തുറക്കപ്പെട്ട ഒരു ബൈബിൾ ഇല്ലെങ്കിലും, അപ്പോഴും അവന് ഓരോ ദിവസവും ദൈവത്തിൻ്റെ വചനം പ്രാപിക്കാൻ കഴിയും, കാരണം അവൻ തടവിലാക്കപ്പെടുന്നതിനു മുമ്പ് അവ വായിച്ചിരിക്കുന്നു. അതുകൊണ്ടാണ് ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യേണ്ടത് പ്രാധാന്യമുള്ളതായിരിക്കുന്നത്, കാരണം നമ്മുടെ ആവശ്യസമയത്ത് ദൈവം പരിശുദ്ധാത്മാവിലൂടെ നമ്മുടെ പ്രശ്നങ്ങൾക്ക് പരിഹാരമായ ആ പ്രത്യേക വചനം നമുക്ക് നൽകും, തന്നെയുമല്ല അതു നമ്മുടെ ആവശ്യത്തിനുള്ള മറുപടിയും, നമുക്ക് അവകാശപ്പെടാനുള്ള ഒരു വാഗ്ദത്തവും ആയിരിക്കും.

ലൂക്കോ 10:38-42 വരെയുള്ള ഒരു സംഭവ കഥയിൽ ഇത് വിശദീകരിച്ചിരിക്കുന്നു. അവിടെ മറിയയുടെയും മാർത്തയുടെയും ഭവനത്തിലേക്ക് യേശു കടന്നു വന്നു എന്നു നാം വായിക്കുന്നു. അവിടെ മാർത്ത യേശുവിനെ ഭവനത്തിലേക്ക് സ്വീകരിച്ചിട്ട്, അവിടുത്തേക്കു വേണ്ടി കുറച്ചു ഭക്ഷണം തയ്യാറാക്കാൻ വേണ്ടി പോയി, ആ സമയം അവളുടെ സഹോദരി മറിയ യേശുവിൻ്റെ വാക്കുകൾ ശ്രദ്ധിച്ചു കേട്ടുകൊണ്ട് അവിടുത്തെ പാദത്തിങ്കൽ ഇരുന്നു. ഇവിടെ ഓർക്കുക, നാം നേരത്തെ വായിച്ച “മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല, എന്നാൽ ദൈവത്തിൻ്റെ വായിൽനിന്നു പുറപ്പെടുന്ന ഓരോ വചനം കൊണ്ടും ജീവിക്കും” എന്ന വചനവുമായി ഇതിനെ ബന്ധിപ്പിക്കുക. ഇവിടെ രണ്ടു തിരഞ്ഞെടുക്കൽ ഉണ്ട്, ഭക്ഷണവും യേശുവിൻ്റെ പാദത്തിങ്കൽ ഇരിക്കുന്നതും. ഭക്ഷണം പ്രധാനമാണോ? അതെ, അതാകുന്നു. എന്നാൽ കൂടുതൽ പ്രധാനമായത് ദൈവത്തിൻ്റെ വായിൽ നിന്നു പുറപ്പെടുന്ന വചനങ്ങൾ പ്രാപിക്കുന്നതാണ്. ഇവിടെ ഈ രണ്ടു സഹോദരിമാരിലും വളരെ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നത് ഇതാണ്.

മാർത്ത ആഹാരം തയ്യാറാക്കുന്ന കാര്യത്താൽ അവളുടെ ശ്രദ്ധ തിരിക്കപ്പെട്ടു. ആരിൽ നിന്ന് ? അവളിൽ നിന്നു തന്നെയല്ല. അവൾ വളരെ, വളരെ നിസ്വാർത്ഥ ആയിരുന്നു. വിശപ്പുള്ള 13 പേർക്ക് (യേശുവും തന്റെ 12 ശിഷ്യന്മാരും) ഭക്ഷണം പാകം ചെയ്യുന്നതിന് എത്രമാത്രം അധ്വാനം വേണമെന്നു നിങ്ങൾക്കറിയാമോ? അവൾ അടുക്കളയിൽ കഠിന പരിശ്രമം നടത്തുകയായിരുന്നു, അവൾക്കുവേണ്ടിയല്ല അവൾ കഠിനാധ്വാനം ചെയ്തത്, എന്നാൽ കർത്താവിനു വേണ്ടി. അവൾ അവളുടെ പണം ചെലവഴിച്ചുകൊണ്ട്, മാർക്കറ്റിൽ പോയി, കർത്താവിനു വേണ്ടി ആഹാരം തയ്യാറാക്കാനുള്ള സാധനങ്ങൾ വാങ്ങി അവൾ തൻ്റെ സമയം, പണം, ഊർജ്ജം ഇവ ചെലവഴിച്ച് കർത്താവിനു വേണ്ടി വേല ചെയ്യുന്നതിന് ത്യാഗങ്ങൾ സഹിച്ചു. നിങ്ങൾ ഒരുപക്ഷേ അതുപോലെ ആയിരിക്കാം. അവിടെയും ഇവിടെയും ഓടിനടന്ന് നിങ്ങളുടെ സമയവും പണവും ഊർജ്ജവും എല്ലാം കർത്താവിനു വേണ്ടി ത്യാഗം കഴിക്കുന്നുണ്ടായിരിക്കാം. നല്ല കാര്യം. മാർത്ത ചിന്തിച്ചിരിക്കാവുന്നതുപോലെ നിങ്ങളും ഇങ്ങനെ ചിന്തിച്ചേക്കാം “കൊള്ളാം, ഞാൻ ഇതെല്ലാം ചെയ്തിരിക്കുന്നു, അതിനുശേഷം ഞാൻ കർത്താവിൻ്റെ മുമ്പിൽ ചെല്ലുമ്പോൾ, അവിടുന്ന് പറയാൻ പോകുന്നത്, ‘നല്ലവളും വിശ്വസ്തയുമായ ദാസിയെ നീ ഒരു വലിയ പ്രവൃത്തി ചെയ്തിരിക്കുന്നു!’” എന്നായിരിക്കും. എന്നാൽ അവൾ അതല്ല കേട്ടത്. അവൾ യേശുവിൻ്റെ അടുത്ത് ചെന്നപ്പോൾ അവളുടെ സഹോദരി മറിയയോട് ആന്തരികമായി നീരസപ്പെട്ടിരുന്നു. ഒരു വ്യക്തി തൻ്റെ ഹൃദയത്തിൽ സ്വസ്ഥത ഇല്ലാതിരിക്കുമ്പോൾ, അതിൻ്റെ അർത്ഥം എന്തോ ചില കുഴപ്പങ്ങൾ ഉണ്ടെന്നാണ്. അവൾ സ്വസ്ഥതയിലല്ലായിരുന്നു. അവൾ ഇങ്ങനെ അത്ഭുതപ്പെട്ടു, “മറിയ എന്തുകൊണ്ടാണ് വന്ന് എന്നെ സഹായിക്കാത്തത്?” അപ്പോൾ യേശു അവളെ ശാസിച്ചു. അവിടുന്ന് ഇങ്ങനെ പറഞ്ഞു, “മാർത്തേ, ആഹാരമല്ല ഏറ്റവും പ്രാധാന്യമുള്ളത്. എൻ്റെ വചനം കേൾക്കുക എന്നതാണ് കൂടുതൽ പ്രധാനം, മറിയ അതാണ് തിരഞ്ഞെടുത്തിരിക്കുന്നത്, ആരും അത് അവളിൽ നിന്ന് എടുത്തു കളയുകയുമില്ല” (ലൂക്കോ 10:42). “മനുഷ്യൻ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നത്” എന്നതുകൊണ്ട് യേശു എന്താണർത്ഥമാക്കുന്നത് എന്നു നിങ്ങൾ കണ്ടോ? യേശു മാർത്തയിൽ നിന്ന് ഒന്നാമത് എന്താണാഗ്രഹിച്ചത്? ആ എല്ലാ ശുശ്രൂഷയുമാണോ? യേശു നിങ്ങളിൽ നിന്ന് എന്താണാഗ്രഹിക്കുന്നത്? ശുശ്രൂഷ നല്ലതാണ്. നാം പിന്നീട് വായിക്കുന്നത് മറിയ തൻ്റെ പരിമള തൈലം യേശുവിന്റെ പാദത്തിൽ ഒഴിച്ച് യേശുവിനെ ശുശ്രൂഷിച്ചു എന്നാണ്, അതുകൊണ്ട് ശുശ്രൂഷ പ്രധാനമാണ് എന്നു നമുക്കറിയാം; എന്നാൽ ഒന്നാമത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ദൈവത്തിൻ്റെ വചനം പ്രാപിക്കുക എന്നതാണ്. അതാണ് യേശു പഠിപ്പിച്ചത്.

നാം ഈ പാഠം ഒന്നാമത് പഠിക്കണം, ഒരു കാര്യം മാത്രമാണ് ആവശ്യമുള്ളത് എന്ന്. 25 കാര്യങ്ങൾ അല്ല. ലൂക്കോ. 10:42 നമ്മോടു പറയുന്നു, ഓരോ ദിവസവും യേശുവിൻ്റെ പാദത്തിങ്കൽ ഇരിക്കുക, ആ മനോഭാവം എല്ലാ സമയത്തും ഉണ്ടായിരുന്നിട്ട്, നമ്മോട് വ്യക്തിപരമായി അവിടുത്തേക്ക് പറയാനുള്ളത് നാം പ്രാപിക്കുക.

നിങ്ങൾക്ക് വളരെ അനുഗ്രഹീതമായ ഒരു പുതുവർഷം ഉണ്ടാകട്ടെ.

What’s New?