‘തെറ്റായ’ പെരുമാറ്റത്തോടുള്ള ‘ശരിയായ’ പ്രതികരണം

ജോജി ടി. സാമുവല്‍

അധ്യായം 1:
‘തെറ്റായ’ പെരുമാറ്റത്തോടുള്ള ‘ശരിയായ’ പ്രതികരണം


വാച്ച്മാന്‍ നീ ചൈനയിലെ രണ്ടു ക്രിസ്തീയ സഹോദരന്മാരുടെ അനുഭവം ഇങ്ങനെ വിവിരിച്ചിട്ടുണ്ട്.
ഈ രണ്ടു സഹോദരന്മാരും കര്‍ഷകരായിരുന്നു. നെല്‍പ്പാടം കൃഷിചെയ്ത് ഉപജീവനം കഴിച്ചുവന്ന അവരുടെ വയല്‍ ഒരു മലയുടെ ചെരുവിലാണ്. വേനല്‍ക്കാലം. അവര്‍ പകല്‍ വെള്ളം കോരി തങ്ങളുടെ പാടം നനച്ചശേഷം രാത്രി വിശ്രമിപ്പാന്‍ പോയി. പിറ്റേന്നു രാവിലെ വന്നപ്പോള്‍ അവര്‍ കണ്ട കാഴ്ച! താഴത്തെ പാടം കൃഷി ചെയ്യുന്നവര്‍, ഇവര്‍ പോയിക്കഴിഞ്ഞപ്പോള്‍ വരമ്പില്‍ മട വീഴ്ത്തി വെള്ളം മുഴുവന്‍ തങ്ങളുടെ വയലിലേക്ക് ഒഴുക്കിക്കൊണ്ടുപോയിരിക്കുന്നു! ചുരുക്കത്തില്‍ മുകളിലത്തെ അവരുടെ വയല്‍ തുള്ളിവെള്ളമില്ലാതെ ഉണങ്ങിക്കിടക്കുന്നു. താഴത്തെ പാടം നിറയെ വെള്ളം. അവിടെ നെല്‍ച്ചെടികള്‍ മന്ദമാരുതനില്‍ തലയാട്ടി പച്ചയോടെ നില്ക്കുന്നു!

എന്താ ചെയ്ക? തങ്ങള്‍ ക്രിസ്ത്യാനികളല്ലേ? ഉപദ്രവിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പാനും ദോഷം സഹിപ്പാനുമാണല്ലോ തങ്ങളോടു കല്പിച്ചിരിക്കുന്നത്. ക്രിസ്തീയ സഹോദരന്മാര്‍ ഒന്നും മിണ്ടിയില്ല. ആരോടും പരാതി പറഞ്ഞതുമില്ല. അവര്‍ വരമ്പു ശരിയാക്കിയിട്ട് വീണ്ടും തങ്ങളുടെ പാടത്തു വെള്ളം നിറയ്ക്കാന്‍ തുടങ്ങി. സന്ധ്യയായപ്പോള്‍ അവര്‍ വീട്ടിലേക്കു മടങ്ങി. എന്നാല്‍ അന്നു രാത്രിയും താഴത്തെ പാടത്തെ കര്‍ഷകര്‍ പഴയതുപോലെ ചെയ്തു. അന്നും അവര്‍ പ്രതികരിച്ചില്ല. ചുരുക്കത്തില്‍ പകലത്തെ വെള്ളം കോരലും രാത്രിയിലെ ജലമോഷണവും തുടര്‍ച്ചയായി ഏഴുദിവസം നടന്നു.

പക്ഷേ, ഈ ക്രിസ്തീയ സഹോദരന്മാരുടെ പ്രശ്‌നം, ഈ അന്യായമെല്ലാം പരാതി കൂടാതെ തങ്ങള്‍ സഹിച്ചിട്ടും തങ്ങളുടെ ഹൃദയത്തില്‍ ഒരു സന്തോഷമില്ലല്ലോ എന്നതായിരുന്നു. ‘സമ്പത്തുകളുടെ അപഹാരം സന്തോഷത്തോടെ’യല്ലേ സഹിക്കേണ്ടത്? (എബ്രായര്‍ 10:34). പരാതികൂടാതെ ഈ തിന്മ മുഴുവന്‍ സഹിച്ചിട്ടും എന്തുകൊണ്ട് ഹൃദയത്തില്‍ സന്തോഷത്തിനും സമാധാനത്തിനും ജീവന്റെ തുടിപ്പിനും പകരം ആന്തരികമായി ഒരു ഞെരുക്കം അനുഭവപ്പെടുന്നു?. അവര്‍ ഇക്കാര്യം തങ്ങളുടെ സഭയിലെ ഒരു മുതിര്‍ന്ന സഹോദരനോട് (അത് വാച്ച്മാന്‍ നീ തന്നെയാകാം) പങ്കുവച്ചു. അദ്ദേഹം എല്ലാം കേട്ടു കഴിഞ്ഞ് ഇങ്ങനെ പറഞ്ഞു: ”യേശുവിന്റെ ജീവന്റെ നിറവോട് അടുത്തുവരാത്തതാണു സന്തോഷമില്ലാത്തതിനു കാരണം. നിങ്ങള്‍ ഒരു കാര്യം ചെയ്യൂ. നിങ്ങളുടെ വെള്ളം ചോര്‍ത്തുന്ന ആളുകളുടെ വയല്‍ ആദ്യം നനയ്ക്കൂ. പിന്നീട് നിങ്ങളുടെ വയലുകള്‍ നനച്ചാല്‍ മതി.”

ഇതുകേട്ടു മടങ്ങിയ സഹോദരന്മാര്‍ പിറ്റേന്നു നേരത്തെ എഴുന്നേറ്റു. അവര്‍ ആദ്യം തങ്ങളെ ദ്രോഹിച്ച ആളുകളുടെ വയലുകള്‍ വെള്ളം കോരി നിറയ്ക്കാന്‍ തുടങ്ങി. അത്ഭുതമെന്നു പറയട്ടെ. അവര്‍ താഴത്തെ വയലുകള്‍ നനയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവരുടെ ഹൃദയത്തിലും അതുവരെയില്ലാത്ത ഒരു സന്തോഷം നിറഞ്ഞുവന്നു. അവര്‍ തികഞ്ഞ സന്തോഷത്തോടെ താഴത്തെ പാടങ്ങള്‍ വെള്ളംകൊണ്ടു നിറച്ചു; തുടര്‍ന്നു തങ്ങളുടെ മുകളിലത്തെ വയലുകളും. ഇങ്ങനെ രണ്ടുദിവസം ചെയ്തു കഴിഞ്ഞപ്പോള്‍ ഒരു ദിവസം രാവിലെ അവര്‍ വെള്ളം കോരാന്‍ വന്നപ്പോള്‍ താഴത്തെ പാടത്തിന്റെ ഉടമസ്ഥന്‍ ഇവരെ കാത്തുനില്ക്കുകയാണ്. ”ഇതാണ് ക്രിസ്തീയതയെങ്കില്‍ ഞങ്ങള്‍ക്ക് ഇതേപ്പറ്റി കൂടുതല്‍ അറിയാന്‍ താല്പര്യമുണ്ട്”- അവര്‍ പറഞ്ഞു. കണ്ടോ, യേശുവിന്റെ ദിവ്യജീവന്റെ പങ്കാളിത്തം വരുത്തിയ വ്യത്യാസം!.

യേശുവിന്റെ കാലത്ത് യെഹൂദ്യ നാട് ഭരിച്ചിരുന്നത് റോമാക്കാരാണ്. ഒരു റോമന്‍ പടയാളി തന്റെ കയ്യില്‍ ചില സാധനങ്ങളുമായി നടന്നു പോകുമ്പോള്‍ ഒരു യെഹൂദനെ വഴിയില്‍ കണ്ടു എന്നിരിക്കട്ടെ, ഉടനെ റോമാക്കാരന്‍ തന്റെ കയ്യിലെ ഭാരം അവനെ ഏല്പിച്ച് അതു എടുത്തുകൊണ്ടു തന്റെ പിന്നാലെ വന്നു തനിക്കു പോകേണ്ട സ്ഥലം വരെ അത് എത്തിച്ചു തരുവാന്‍ ആവശ്യപ്പെടുമായിരുന്നു. തന്റെ വംശീയ മഹിമയെക്കുറിച്ചു വലിയ മതിപ്പുള്ള യെഹൂദന് ഇത് ഒട്ടും സന്തോഷകരമായ കാര്യമായിരുന്നില്ല. എന്നാല്‍ റോമന്‍ പടയാളിയെ അനുസരിക്കാതിരിക്കാനും കഴിയുമായിരുന്നില്ല. അതുകൊണ്ട് ‘വീര്‍ത്ത മുഖത്തോടും വിഷാദത്തോടും’ വല്ല വിധത്തിലും പടയാളിയുടെ ചുമട് അവന്‍ പറയുന്നിടത്തു കൊണ്ടുവന്ന് എത്തിച്ചിട്ടു വേഗത്തില്‍ സ്ഥലം വിടുകയായിരുന്നു യെഹൂദന്മാരുടെ പതിവ്. ഈ പശ്ചാത്തലം അറിയാവുന്നതുകൊണ്ട് യേശു ഗിരിപ്രഭാഷണത്തില്‍ പറഞ്ഞു: ‘ഒരുവന്‍ നിന്നെ ഒരു നാഴിക ദൂരം വരാന്‍ നിര്‍ബന്ധിച്ചാല്‍ രണ്ടു നാഴിക അവനോടുകൂടെ പോകുക.’

ഇത് എന്തിനാണ്? ഒരു നാഴിക വരാന്‍ ആവശ്യപ്പെട്ടാല്‍ അതു ചെയ്താല്‍ പോരെ? ഒരു നാഴിക ചെല്ലുമ്പോള്‍ തന്നെ ന്യായമായതും ശരിയായതും ചെയ്തു കഴിഞ്ഞല്ലോ-ഇതാണു നല്ല പങ്കു വിശ്വാസികളുടെയും ചിന്ത. എന്നാല്‍ കേവലം തെറ്റിന്റെയും ശരിയുടേയും നന്മയുടെയും തിന്മയുടെയും അടിസ്ഥാനത്തില്‍ ജീവിച്ചാല്‍ ദിവ്യജീവനു തൃപ്തിയാവുകയില്ല. ആ ‘അധിക നാഴിക’ ദൂരം നടക്കുന്നിടത്താണു യഥാര്‍ത്ഥ ക്രിസ്തീയതയുടെ സന്തോഷവും സമാധാനവും കിടക്കുന്നത്. ആ അധികദൂരം നടന്നപ്പോഴാണു ചൈനക്കാരായ ആ ക്രിസ്ത്യാനികളുടെ ഹൃദയം യേശുവിന്റെ ജീവന്റെ തുടിപ്പ് അറിഞ്ഞത്.

ഇവിടെ നാം കണ്ടത് നമ്മുടെ മുന്‍പില്‍ രണ്ടു വഴികള്‍ ഉണ്ടെന്നാണ്. ഒന്ന്: ശരി-തെറ്റിന്റെ വഴി. രണ്ട്: ജീവന്റെ മാര്‍ഗ്ഗം. ഏദന്‍ തോട്ടത്തിന്റെ മദ്ധ്യത്തിലും രണ്ടു വൃക്ഷങ്ങളാണുണ്ടായിരുന്നത്. ഒന്ന്: നന്മതിന്മകളുടെ അറിവിന്റെ വൃക്ഷം. രണ്ട്: ജീവന്റെ വൃക്ഷം. ഈ രണ്ടു വൃക്ഷങ്ങളും നമുക്കു സ്വീകരിക്കാവുന്ന രണ്ടു പെരുമാറ്റ രീതികളെ പ്രതിനിധാനം ചെയ്യുന്നു.

ഈ വൃക്ഷങ്ങളെപ്പറ്റി ബൈബിളില്‍ ആദ്യം കാണുന്നത് ഉല്‍പ്പത്തി 2:9-ലാണ്: ‘കാണ്മാന്‍ ഭംഗിയുള്ളതും തിന്മാന്‍ നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും തോട്ടത്തിന്റെ നടുവില്‍ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവന്റെ വൃക്ഷവും യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു.’

നോക്കുക: നന്മതിന്മകളെക്കുറിച്ചുള്ള വൃക്ഷം മാത്രമല്ല ജീവവൃക്ഷവും യഹോവയായ ദൈവം നിലത്തു നിന്നു മുളപ്പിച്ചു. എന്നിട്ടു ദൈവം ഭക്ഷിക്കരുതെന്നു വിലക്കിയതു നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തില്‍ നിന്നുള്ള ഫലം മാത്രമാണ്. ”യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചത് എന്തെന്നാല്‍: തോട്ടത്തിലെ സകല വൃക്ഷങ്ങളുടെയും ഫലം നിനക്ക് ഇഷ്ടംപോലെ തിന്നാം. എന്നാല്‍ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്‍ ഫലം തിന്നരുത്. തിന്നുന്ന നാളില്‍ നീ മരിക്കും” (2:17). ഇവിടെ മനുഷ്യനെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം വ്യക്തം-മനുഷ്യന്‍ കേവലം ശരിതെറ്റിന്റെ വൃക്ഷത്തിനടുത്തേക്കു പോകരുത്. പകരം ദൈവത്തെ തന്നെ പ്രതിനിധാനം ചെയ്യുന്ന ജീവന്റെ വൃക്ഷത്തിനടുത്തേക്ക് അവന്‍ പോകണം, ജീവവൃക്ഷത്തില്‍നിന്നു ഭക്ഷിക്കണം.

എന്നാല്‍ മനുഷ്യന്‍ ജീവവൃക്ഷത്തെ അവഗണിച്ച് നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തെയാണു സമീപിച്ചത്. ഫലം അവന്‍ പാപത്തില്‍ വീണു; ജീവനു പകരം മരണം സകല മനുഷ്യരിലും പരന്നു (റോമര്‍ 5:12).

ഈ മരണത്തില്‍ നിന്നു ജീവനിലേക്കു വരുവാന്‍ മനുഷ്യന്‍ സാക്ഷാല്‍ ജീവവൃക്ഷമായ യേശുവിന്റെ അടുത്തേക്കു വരേണ്ടതുണ്ട്. യേശു കര്‍ത്താവ് ഈ മരണം നീക്കുകയും ജീവന്‍ നല്‍കുകയുംചെയ്യും. അതുകൊണ്ടാണ് 2 തിമൊ.1:10-ല്‍ ‘മരണം നീക്കുകയും സുവിശേഷം കൊണ്ട് ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശു’ എന്ന് യേശുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ആട്ടെ, ഇതു ശരിയാണെങ്കിലും യേശുവിനെ ജീവവൃക്ഷം എന്നു വിശേഷിപ്പിക്കുന്നതിന്റെ സാംഗത്യം എന്താണ് എന്നു ചിലര്‍ ചോദിച്ചേക്കാം. യേശുവിനെക്കുറിച്ച് അങ്ങനെ സൂചന നല്‍കുന്ന ഒരു വചനം നോക്കുക: ”ജയിക്കുന്നവനു ഞാന്‍ ദൈവത്തിന്റെ പറുദീസയില്‍ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാന്‍ കൊടുക്കും” (വെളി. 2:7). ഇവിടെ ‘വൃക്ഷം’ എന്നതിനു മൂലഭാഷയായ ഗ്രീക്കില്‍ ഉപയോഗിച്ചിരിക്കുന്ന വാക്ക് ‘മരം’ എന്നോ ‘തടി’ (wood) എന്നോ വിവര്‍ത്തനം ചെയ്യാവുന്ന ഒരു പദമാണ്. ആ പദം വരുന്ന മറ്റൊരു വാക്യം 1 പത്രൊസ് 2:24 ആണ്. അവിടെ ‘അവന്‍ തന്റെ ശരീരത്തില്‍ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ട് ക്രൂശിന്മേല്‍ കയറി’ എന്ന് എഴുതിയിരിക്കുന്നിടത്ത് ‘ക്രൂശ്’ എന്നതിന് ഉപയോഗിച്ചിരിക്കുന്നതും ഇതേ പദമാണ്. യേശു തൂങ്ങപ്പെട്ട മരത്തിനും ദൈവ പറുദീസയിലെ മരത്തിനും ഒരേ വാക്ക്! യേശു ക്രൂശില്‍ മരിച്ചു. പക്ഷേ, അവിടുന്നു തന്നെയാണല്ലോ പുനരുത്ഥാനവും ജീവനും (യോഹ. 11:25). ഈ യേശുവില്‍ വിശ്വസിക്കുന്നവന്‍ ന്യായവിധിയില്‍ ആകാതെ മരണത്തില്‍ നിന്നും ജീവങ്കലേക്കു കടക്കുന്നു (യോഹ. 5:24). -ഇതാണു സുവിശേഷത്തിന്റെ കാതല്‍.

എന്നാല്‍ ഈ സുവിശേഷം കേള്‍ക്കുകയും യേശുവില്‍ വിശ്വസിച്ചു മരണം വിട്ടു ജീവങ്കലേക്കു കടക്കുകയും ചെയ്ത പലരും ഇന്നും ഒരു ജീവന്റെ സമൃദ്ധി കൈയാളുന്നില്ല. നമുക്കു കേവലം ജീവന്‍ ഉണ്ടായാല്‍ പോരാ, സമൃദ്ധിയായ ജീവന്‍ ഉണ്ടാകണമെന്നാണ് അവിടുത്തെ ആഗ്രഹം (യോഹ. 10:10). നിര്‍ഭാഗ്യവശാല്‍ യേശുവിന്റെ സമൃദ്ധമായ ജീവനിലുള്ള ഈ പങ്കാൡം വിശ്വാസികളെന്ന് അവകാശപ്പെടുന്ന ഏറെപ്പേരും ഇന്ന് അനുഭവിക്കുന്നില്ല എന്നതല്ലേ വാസ്തവം?

‘യേശുവിന്റെ സമൃദ്ധമായ ജീവനിലുള്ള പങ്കാളിത്തം’ എന്നെല്ലാം പറഞ്ഞാല്‍ പ്രായോഗികതലത്തില്‍ അതെന്താണ് എന്നു പലര്‍ക്കും സംശയമുണ്ടാകാം. അത് ലളിതമായി ഇങ്ങനെ വിശദീകരിക്കാം: യേശു ആളുകളോട്, സാഹചര്യങ്ങളോട്, എതിര്‍പ്പുകളോട് പ്രതികരിച്ചത് തന്റെ ജീവന്റെ സമൃദ്ധിയില്‍ നിന്നാണ്. യേശുവിന്റെ ഈ പെരുമാറ്റം, പ്രതികരണം എത്രത്തോളം നമ്മുടെ ജീവിതത്തിലുണ്ട്? അവിടുത്തെ സ്വരൂപത്തോട് (സ്വഭാവത്തോട്) അനുരൂപരാകുവാനാണു നമ്മെ മുന്‍നിയമിച്ചിരിക്കുന്നതെന്ന് ഓര്‍ക്കുക (റോമര്‍ 8:29). ചുരുക്കത്തില്‍ യേശുവി ന്റെ ജീവനിലുള്ള പങ്കാളിത്തം യേശുവിന്റെ പെരുമാറ്റത്തില്‍, പ്രതികരണത്തില്‍, സ്വഭാവത്തിലുള്ള പങ്കാളിത്തമാണ്. ഇതിലുള്ള സമൃദ്ധി നാം എത്രത്തോളം കയ്യാളുന്നുണ്ടെന്നുള്ളതാണു പ്രസക്തമായ ചോദ്യം.

ഈ സമൃദ്ധമായ ജീവന്‍ കയ്യാളാന്‍ നാം എന്താണു ചെയ്യേണ്ടത്? ഒന്നാമതു നമ്മുടെ സ്വയജീവന്റെ മേല്‍ ഒരു വാള്‍ വീഴണം. ജീവവൃക്ഷത്തിലേക്കുള്ള വഴി തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുടെ കീഴിലൂടെയായിരിക്കണമെന്നതു ദൈവം തന്നെയാണ് നിശ്ചയിച്ചത്. (ഉല്‍പത്തി 3:24 കാണുക). സ്വയജീവന്റെ മേല്‍ വാള്‍ പതിയാതെ ആര്‍ക്കും ജീവവൃക്ഷത്തെ സമീപിക്കാനാവില്ല. അങ്ങനെ സ്വയജീവനില്‍, സ്വന്ത ബലത്തില്‍, ഒരു തകര്‍ച്ച അറിഞ്ഞവന്റെ ബലം ക്രിസ്തുമാത്രം ആയിരിക്കും. ക്രിസ്തുവിനോട് അവനുള്ളത് ലളിതമായ നിര്‍മലവും സുതാര്യവുമായ ഒരു ബന്ധമായിരിക്കും. ഇക്കാര്യം പൗലൊസ് വിശദീകരിക്കുന്നത് ശ്രദ്ധിക്കുക: ”എന്നാല്‍ സര്‍പ്പം ഹൗവ്വയെ ഉപായത്താല്‍ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിര്‍മ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാന്‍ ഭയപ്പെടുന്നു” (2 കൊരിന്ത്യര്‍ 11:3). സര്‍പ്പം (സാത്താന്‍) ഹവ്വയെ എങ്ങനെയാണ് ഉപായത്താല്‍ ചതിച്ചത്? ഹവ്വയുടെ മുന്‍പില്‍ ജീവവൃക്ഷത്തിലേക്കുള്ള വഴി വിലക്കില്ലാതെ തുറന്നു കിടന്നിരിക്കെ, അതാണു ദൈവഹിതം എന്നു വ്യക്തമായിരിക്കെ, അവള്‍ പിശാചു കൊണ്ടുവന്ന യുക്തിചിന്തയാല്‍ വശീകരിക്കപ്പെട്ടു. ദൈവത്തോടുള്ള ലളിതവും നിര്‍മലവുമായ ഭക്തി കൈവിട്ടു. സ്വന്ത ബലത്തില്‍ ചാരി. ഫലം ജീവവൃക്ഷത്തെ വിട്ട് ഹൗവ്വ നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തെ സമീപിച്ചു. അങ്ങനെ മരണത്തിലേക്കു കൂപ്പുകുത്തി.

ഇന്നും നാം സ്വയബലത്തില്‍ ഒരു തകര്‍ച്ച അറിഞ്ഞില്ലെങ്കില്‍ ഫലത്തില്‍ ജീവവൃക്ഷമായ യേശുവിനെ അവഗണിക്കും. ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിര്‍മലതയും ലാളിത്യവും വിട്ട് ശരി തെറ്റിന്റെ യുക്തിയുടെ പ്രമാണത്താല്‍ നിയന്ത്രിക്കപ്പെടും. അങ്ങനെ ജീവന്റെ സമൃദ്ധിയില്‍ നിന്ന് അന്യപ്പെട്ട് ചതിക്കപ്പെട്ടു പോകും.

സമൃദ്ധമായ ജീവന്‍ കയ്യാളാന്‍ പലര്‍ക്കുമുള്ള മറ്റൊരു തടസ്സം യേശുവിന്റെ ജീവനില്‍ ഈ നിലയിലുള്ള പങ്കാളിത്തം സാധ്യമാണെന്നു വിശ്വസിക്കാത്തതാണ്. സകലത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടെങ്കിലും പാപം ചെയ്യാതെ (എബ്രാ. 4:15) ജീവന്റെ സമൃദ്ധിയില്‍ പ്രതികരിച്ചവനായ യേശുവിന്റെ സ്വഭാവത്തോട് അനുരൂപരാകാനാണു നമ്മെ വിൡച്ചിരിക്കുന്നതെന്നും കൃപയാല്‍ നമുക്കതു കഴിയുമെന്നും അവര്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടു തന്നെ യേശു ജീവിച്ചതുപോലെ ജീവിക്കാന്‍ വെറും മനുഷ്യരായ നമുക്കു കഴിയുമോ എന്നവര്‍ ചോദിക്കുന്നു. ഗിരിപ്രഭാഷണം അവര്‍ക്കൊരു കീറാമുട്ടിയാണ്. സ്വയബലം തകരുകയാണോ സ്വയത്തില്‍ ശക്തിപ്പെടുകയല്ലേ വേണ്ടത് എന്നാണവരുടെ സംശയം! ചുരുക്കത്തില്‍ യേശുവിന്റെ ജീവന്റെ പങ്കാളിത്തം, യേശുവിന്റെ ജീവനാല്‍ നയിക്കപ്പെടുക, എന്നതെല്ലാം ഒരു കടങ്കഥപോലെ അവര്‍ക്കു തോന്നുന്നു.

യേശുവിന്റെ ജീവനാല്‍ നയിക്കപ്പെട്ടതു പ്രായോഗിക തലത്തിലെങ്ങനെയാണ്? നമുക്കു ദൈനംദിന ജീവിതത്തില്‍ പല തീരുമാനങ്ങളും എടുക്കേണ്ടി വരാറുണ്ട്. ഒരു കാര്യം ചെയ്യണോ ചെയ്യാതിരിക്കണോ, സംസാരിക്കണോ നിശ്ശബ്ദത പാലിക്കണോ എന്നിങ്ങനെ… ഇവിടെ എങ്ങനെയാണു നാം വേണ്ടത് തിരിച്ചറിയുന്നത്? ”അവനാല്‍ പ്രാപിച്ച അഭിഷേകം നിങ്ങളില്‍ വസിക്കുന്നു. ആരും നിങ്ങളെ ഉപദേശിപ്പാന്‍ ആവശ്യമില്ല. അവന്റെ അഭിഷേകം തന്നെ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചു തരികയാലും…’ (1 യോഹ.2:27). ഉവ്വ്, നാം സ്വയജീവന്റെ മേല്‍ ഒരു വാള്‍ പതിച്ചവരാണെങ്കില്‍, ദൈവജീവന്റെ സമൃദ്ധിയിലുള്ള പങ്കാളിത്തം സാധ്യമാണെന്നു വിശ്വസിക്കുന്നവരാണെങ്കില്‍, നമ്മിലുള്ള അഭിഷേകം വേണ്ടത് ഉപദേശിച്ചു തരും.

ഒരു കാര്യത്തിനായി ഒരുമ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍ വര്‍ദ്ധിച്ചുവരുന്ന സമാധാനം ആ വഴിയിലാണു നീങ്ങേണ്ടതെന്നുള്ളതിന്റെ സൂചനയായി കാണാം. എന്നാല്‍ ഹൃദയത്തില്‍ ഒരു ഞെരുക്കം, ഒരു സ്വാതന്ത്ര്യമില്ലായ്മയാണോ അനുഭവപ്പെടുന്നത്? എങ്കില്‍ ആ നീക്കത്തോട് ദിവ്യജീവന്റെ വിയോജിപ്പ് വ്യക്തമാണ്. കൊലോസ്യര്‍ 3:15 നോക്കുക: ”ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴട്ടെ.” ഇംഗ്ലീഷില്‍ ഒരു വിവര്‍ത്തനത്തില്‍ ഈ വാക്യം ‘സമാധാനം നിങ്ങളുടെ റഫറിയായിരിക്കട്ടെ’ (And let the peace of God be a referee) എന്നാണ്. കളി നടന്നുകൊണ്ടിരിക്കുമ്പോള്‍ റഫറി വിസിലൂതിയാല്‍ കളി അവിടെ നിര്‍ത്തണം. അതുപോലെ ഹൃദയത്തിലെ സമാധാനം ഭഞ്ജിക്കപ്പെട്ടാല്‍ ആ വഴിയില്‍ മുന്നോട്ടുള്ള നീക്കം അവസാനിപ്പിക്കണം എന്നതിന്റെ സൂചനയായി അതിനെ കണക്കാക്കാം. ശരി-തെറ്റിന്റെ പ്രമാണത്തിനപ്പുറത്ത് ‘ജീവന്റെ ആത്മാവിന്റെ പ്രമാണ’ത്താല്‍ നയിക്കപ്പെടുന്ന ഒരു ജീവിതമാണത് (റോമര്‍ 8:2).

നാം ഇതുവരെ ചിന്തിച്ച കാര്യങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം:
ജീവിതത്തില്‍ പലപ്പോഴും ഒരു തീരുമാനമെടുക്കേണ്ട സമയത്തു നമ്മുടെ യുക്തിയില്‍ ആശ്രയിക്കാതെ ദൈവത്തിന്റെ അടുക്കലേക്കു പോകുവാന്‍ കഴിയുന്നുണ്ടോ? സ്വന്ത യുക്തിയില്‍ മാത്രം നാം ആശ്രയിക്കുമ്പോള്‍ (ശരി തെറ്റിന്റെ പ്രമാണത്താല്‍ നിയന്ത്രിക്കപ്പെടുമ്പോള്‍) നാം അറിവിന്റെ വൃക്ഷത്തിലേക്കാണു പോകുന്നത്. മറിച്ച് ദൈവത്തിലേക്കു തന്നെ തിരിയുമ്പോള്‍ നാം ജീവവൃക്ഷത്തെ സമീപിക്കുന്നു. അവനവനില്‍ ആശ്രയിക്കാതെ ദൈവത്തോടു ലളിതവും നിര്‍മ്മലവുമായ ഒരാശ്രയം ഉണ്ടാകുമ്പോള്‍ നാം സ്വന്ത യുക്തിയിലൂന്നിയുള്ള അറിവിന്റെ വൃക്ഷത്തെ വിട്ട് സാക്ഷാല്‍ ജീവന്റെ ഉറവയായ കര്‍ത്താവിലേക്കു തിരിയുകയാണ്. ഈ മട്ടില്‍ കര്‍ത്താവിനെ സ്വാഭാവികമായി ആശ്രയിക്കാന്‍ സ്വയത്തിന്റെ മേല്‍ ഒരു വാള്‍ വീഴേണ്ടതുണ്ട്. അങ്ങനെ സ്വയബലം തകര്‍ന്നു നിരന്തരം ജീവവൃക്ഷത്തിലേക്കു തിരിയുന്നവന്‍ ജീവന്റെ പ്രമാണത്താല്‍, ആത്മാവിനാല്‍, നയിക്കപ്പെടുന്നവനാണ്. ‘ജീവവൃക്ഷമായ കര്‍ത്താവില്‍ നിന്നുതന്നെയുള്ള ഒരു മുളയാണവന്‍… അവന്റെ മേല്‍ യഹോവയുടെ ആത്മാവ് ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്. ആലോചനയുടേയും ബലത്തിന്റെയും ആത്മാവ്. പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടേയും ആത്മാവു തന്നെ. അവന്റെ പ്രമോദം യഹോവ ഭക്തിയില്‍ ആയിരിക്കും. അവന്‍ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവി കൊണ്ടു കേള്‍ക്കുന്നതുപോലെ വിധിക്കുകയുമില്ല’ (യെശയ്യാവ് 11:1-3). യുക്തിയിലല്ല അവന്റെ ആശ്രയം. അതുകൊണ്ടുതന്നെ പലകാര്യങ്ങളും കാണുന്നുണ്ടെങ്കിലും അവന്‍ യഥാര്‍ത്ഥത്തില്‍ കാണുന്നില്ല. കേള്‍ക്കുന്നുണ്ടെങ്കിലും അവന്‍ വാസ്തവത്തില്‍ കേള്‍ക്കുന്നില്ല. അവനെക്കുറിച്ചു ദൈവത്തിന്റെ സാക്ഷ്യം ഇങ്ങനെ: ”എന്റെ ദാസനല്ലാതെ കുരുടനാര്‍? ഞാന്‍ അയയ്ക്കുന്ന ദൂതനെപ്പോലെ ചെകിടനാര്‍? പലതും കണ്ടിട്ടും നീ സൂക്ഷിക്കുന്നില്ല. ചെവി തുറന്നിരുന്നിട്ടും അവന്‍ കേള്‍ക്കുന്നില്ല’ (യെശയ്യാ 42:19). എങ്കില്‍, അവന്‍ യഥാര്‍ത്ഥ പാത എങ്ങനെയാണു തിരിച്ചറിയുന്നത്? ഉത്തരം: ‘നിങ്ങള്‍ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ വഴി ഇതാകുന്നു ഇതില്‍ നടന്നുകൊള്‍വിന്‍ എന്നൊരു വാക്കു പിറകില്‍ നിന്നു കേള്‍ക്കും’ (യെശയ്യാവ് 30:21). വര്‍ദ്ധിച്ചു വരുന്ന സമാധാനവും സന്തോഷവും ഇതാണു ശരിയായ പാതയെന്ന ഉറപ്പും അവനു നല്‍കും.

കേവലം ശരിതെറ്റുകള്‍ക്ക് അപ്പുറത്തുള്ള ഒരു ജീവിതമാണിത്. ദൈവജീവനു തൃപ്തി വരട്ടെ. ആന്തരിക ജീവന്റെ നിലവാരത്തിനൊപ്പം ഉയരുക. ദൈവികതൃപ്തിക്കു താഴെ നിന്നു പോകാതിരിക്കുക. യേശുവിന്റെ ജീവന്റെ ഈ സമൃദ്ധിയോടു ചേര്‍ന്നു നില്‍ക്കുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ. നമ്മില്‍ ‘നല്ല പ്രവൃത്തിയെ ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികയ്ക്കും എന്നു ഉറപ്പായി വിശ്വസിച്ചിരിക്കുന്നു’ എന്ന പൗലൊസിന്റെ വാക്കുകള്‍ നമ്മെയും പ്രചോദിപ്പിക്കട്ടെ (ഫിലി.1:4).

അധ്യായം 2 :
സ്വയംതൃപ്തി


ആഗോള വത്ക്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന രണ്ടു വാക്കുകളാണ് പുരോഗതിയും വികസനവും. (Progress and development). നിലവിലുള്ള അവസ്ഥയില്‍നിന്നു നാളുകള്‍ കഴിയുന്തോറും കൂടുതല്‍ മെച്ചപ്പെട്ട അവസ്ഥയിലേക്കുള്ള വികാസത്തെയാണ് ഇവ കുറിക്കുന്നത്. ഒരു യാത്രയോട് ഇതിനെ ഉപമിച്ചാല്‍ മുന്നോട്ടുള്ള പ്രയാണമാണിത്.

ക്രിസ്തീയ ജീവിതത്തിലും നാള്‍ കഴിയുംതോറും നാം പുരോഗമിക്കണമെന്ന്, മുന്നോട്ടുപോകണമെന്ന്, ദൈവം ആഗ്രഹിക്കുന്നു. ഈ യാത്ര ആന്തരികമായ ഒരു തലത്തിലാണ് ദൈവം പ്രതീക്ഷിക്കുന്നത്. ‘അകമേയുള്ളവനാണല്ലോ നാള്‍ക്കുനാള്‍ പുതുക്കം പ്രാപിക്കേണ്ടത്’ (2കൊരി.4:16).

എന്നാല്‍ ഇന്നു ക്രിസ്തീയഗോളത്തില്‍ ബാഹ്യമായ തലത്തിലുള്ള പുരോഗതിയെയാണ് പലപ്പോഴും ആത്മീയ പുരോഗതിയെന്ന് തെറ്റിദ്ധരിക്കുന്നത്. ആളുകളുടെ എണ്ണം, പ്രവര്‍ത്തനങ്ങളുടെ വൈപുല്യം, സംഘടന എന്ന നിലയിലുള്ള സഭയുടെ അഭിവൃദ്ധി എന്നിവയെ അടിസ്ഥാനമാക്കിയാണ് സഭകളുടെ പുരോഗതിയെ ഇന്ന് അളക്കുന്നതും വിലയിരുത്തുന്നതും. എന്നാല്‍ യഥാര്‍ത്ഥ ആത്മീയത എപ്പോഴും ആന്തരികമായിരിക്കുമെന്ന് പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്ത ക്രിസ്തീയ മിസ്റ്റിക്ക് മൈക്കല്‍ ഡി മോളിനോസ് തന്റെ ‘സ്പിരിച്വല്‍ ഗൈഡ്’ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞുവച്ചിട്ടുള്ളത് ശ്രദ്ധിക്കുക. സഭയെന്നുവച്ചാല്‍ അടിസ്ഥാനപരമായി അതിലെ അംഗങ്ങള്‍ ആണ്. അപ്പോള്‍ സഭാംഗങ്ങള്‍ ആത്മീയതയില്‍ വര്‍ദ്ധിച്ചുവരുന്നതാണ് സഭയുടെ യഥാര്‍ത്ഥ പുരോഗതി. ബാക്കിയെല്ലാം നിത്യതയുമായി ബന്ധമില്ലാത്ത ബാഹ്യമായ വളര്‍ച്ച മാത്രമാണ്.

വിശ്വാസികള്‍ കൂടുതല്‍ ക്രിസ്തുവിന്റെ സ്വഭാവത്തോട് അനുരൂപരായിത്തീരുന്നുണ്ടോ, അവര്‍ക്ക് പാപത്തിന്മേല്‍ ജയം ലഭിക്കുന്നുണ്ടോ എന്നതായിരിക്കണം സത്യത്തില്‍ സഭയുടെ ആത്മീയ പുരോഗതിയെ അളക്കാനുള്ള മാനദണ്ഡം. പക്ഷേ ഈ ബോധ്യം ഇന്ന് എത്രപേര്‍ക്കുണ്ട്? യേശുവിന്റെ സ്വഭാവത്തോട് അനുരൂപപ്പെടുന്ന, പാപത്തിന്മേല്‍ ജയമുള്ള, വിജയകരമായ ഒരു ക്രിസ്തീയ ജീവിതം വാസ്തവത്തില്‍ സ്വസ്ഥതയുള്ള ഒരു ജീവിതമാണ്. വിശ്വാസികള്‍ എല്ലാവരും ആ സ്വസ്ഥതയില്‍ പ്രവേശിക്കണമെന്ന് എബ്രായലേഖനകാരന്‍ ആവശ്യപ്പെടുന്നു (എബ്രാ.4:11). എന്നാല്‍ എന്തുകൊണ്ടാണ് ഇന്ന് വിശ്വാസികളോ സഭകളോ അത് ഉന്നം വയ്ക്കാത്തത്?

ഈ ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ പഴയനിയമത്തിലെ യിസ്രായേലിന്റെ അനുഭവങ്ങളില്‍ നിന്ന് നമുക്ക് ചില പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. ദൈവം യിസ്രായേലിനെ ഈജിപ്റ്റില്‍നിന്നു വിമോചിപ്പിച്ചു കൊണ്ടുവന്നതിന് ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. അതവരെ സ്വസ്ഥതയില്‍ (കനാന്‍ നാട്ടില്‍) പ്രവേശിപ്പിക്കുക എന്നതായിരുന്നു (എബ്രാ.3:16-4:13; 1 കൊരി.10:1-11).

എന്നാല്‍ ദൈവത്തിന്റെ ആഗ്രഹത്തിനെതിരായി അവര്‍ കനാന്‍നാട്ടില്‍ പ്രവേശിക്കാന്‍ ആദ്യം വിസമ്മതിക്കുകയാണുണ്ടായത് (സംഖ്യാ. 13,14). മത്സരം (എബ്രാ.3:15,16; സംഖ്യ.14:9), ഭയം (സംഖ്യ.13:31-33; 14:1,29), അവിശ്വാസം (എബ്രാ.3:19;4:2), അനുസരണക്കേട് (എബ്രാ.3:18; 4:6,11) തുടങ്ങിയവയായിരുന്നു കാരണങ്ങള്‍. എന്നാല്‍ ആയിരുന്ന അവസ്ഥയിലുള്ള തൃപ്തിയും (ആവ.1:6,7; 2:3,7; 1കൊരി10:7) കനാനില്‍ പ്രവേശിക്കാനുള്ള അവരുടെ ആഗ്രഹത്തെ തീര്‍ത്തും കെടുത്തിക്കളഞ്ഞുവെന്ന് കാണാം.

ഈ സ്വയംതൃപ്തി കനാനില്‍ പ്രവേശിക്കന്നതിന് രണ്ടാമതും തടസ്സമാകുന്നുണ്ട്. 38 വര്‍ഷത്തിനു ശേഷം യോശുവയുടെ നേതൃത്വത്തില്‍ യിസ്രായേല്‍ വീണ്ടും കനാനില്‍ പ്രവേശിക്കുവാന്‍ തയ്യാറാകുമ്പോള്‍ ഇതാ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതി ഗോത്രവും തങ്ങള്‍ യോര്‍ദ്ദാനിക്കരെ പാര്‍ത്തുകൊള്ളാം എന്നു പറയുന്നു. ആടുമാടുകളെ വളര്‍ത്താന്‍ പറ്റിയ സ്ഥലമാണതെന്നാണ് കാരണം. ചുരുക്കത്തില്‍ അവരെ കനാനില്‍ പ്രവേശിക്കുന്നതില്‍ നിന്നു തടഞ്ഞത് യോര്‍ദ്ദാനിക്കരെയുള്ള ദേശത്തെ സമൃദ്ധിയിലുള്ള തൃപ്തിയാണ് (സംഖ്യ.32:1-5 വായിക്കുക). അവര്‍ മോശെയോട് അപേക്ഷിക്കുന്നത് ഇങ്ങനെയാണ്: ”നിനക്ക് അടിയങ്ങളോട് കൃപയുണ്ടെങ്കില്‍… ഞങ്ങളെ യോര്‍ദ്ദാനക്കരെ കൊണ്ടുപോകരുതേ”(32:5). (‘ഞങ്ങളോടു കൃപയുണ്ടെങ്കില്‍ തിരുസാന്നിധ്യം ഞങ്ങളോടുകൂടെ പോരേണമേ (പുറ.33:15,16) എന്നപേക്ഷിച്ച് ദൈവത്തോട് എത്രയും ചേര്‍ന്നിരിക്കാന്‍ ആഗ്രഹിച്ച മോശെയുടെ മനോഭാവത്തില്‍ നിന്ന് എത്രയോ കാതം അകലെയാണ് യിസ്രായേല്‍ ഗോത്രങ്ങളുടെ ഈ ചിന്താഗതി!).

ദൈവത്തോട് എത്രയും ചേര്‍ന്നിരിക്കുന്ന അനുഗൃഹീതമായ അവസ്ഥയുടെ വാഗ്ദാനമാണ് ഇന്ന് വിജയകരമായ ക്രിസ്തീയജീവിതം എന്ന കനാനിന്റെ അനുഭവം മുന്നോട്ടു വയ്ക്കുന്നത്. എന്നാല്‍ യിസ്രായേലിലെ രണ്ടര ഗോത്രത്തിനു സംഭവിച്ചതുപോലെ ഭൗതികസമൃദ്ധി (prosperity) നല്‍കുന്ന സംതൃപ്തിയല്ലേ പല വിശ്വാസികളെയും ഈ അനുഭവത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നു തടയുന്നത്?

‘കനാനിനു പുറത്തു വസിക്കുവാന്‍ അവര്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ മോശെയും ദൈവവും അത് സമ്മതിച്ചല്ലോ; അതുകൊണ്ട് ഇന്നു വിശ്വാസികള്‍ കനാനിന്റെ സ്വസ്ഥതയില്‍ പ്രവേശിച്ചില്ലെങ്കിലും സാരമില്ല’ എന്ന് കരുതുന്നവരുണ്ടാകാം. എന്നാല്‍ യിസ്രായേല്‍ മുഴുവനും കനാനില്‍ വസിക്കുക എന്നതായിരുന്നു ദൈവത്തിന്റെ പൂര്‍ണ്ണഹിതം (perfect will)എന്ന് ഓര്‍ക്കണം. യോര്‍ദ്ദാനിക്കരെ അവരെ തങ്ങാന്‍ സമ്മതിച്ചത് അവിടുത്തെ അനുവദനീയമായ ഹിതം (permissive will) മാത്രമായിരുന്നു.

ദൈവത്തിന്റെ പൂര്‍ണ്ണഹിതത്തിനു താഴെ തൃപ്തി കണ്ടെത്തി അവിടെ ഒതുങ്ങിപ്പോയതുകൊണ്ട് ഈ ഗോത്രങ്ങള്‍ക്കു സംഭവിച്ച ദുരിതങ്ങളും നമുക്ക് മുന്നറിയിപ്പാകേണ്ടതുണ്ട്. യോശുവയുടെ കാലത്തുതന്നെ യോര്‍ദ്ദാനിക്കരെയുള്ള ഗോത്രങ്ങള്‍ക്ക് യാഗപീഠത്തിന്റെ ഒരനുകരണവും (imitation) യഥാര്‍ത്ഥ ആരാധനയുടെ ഒരു സമ്പ്രദായവും(pattern)കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു (യോശുവ 22-ാം അദ്ധ്യായം കാണുക).

അതുപോലെ ആടുമാടുകളെ തീറ്റാന്‍ വേണ്ടി യോര്‍ദ്ദാനു കിഴക്ക് തമ്പടിച്ചവര്‍ യേശുവിന്റെ കാലം ആയപ്പോഴേക്കും ആടുകളെ വിട്ട് യഹൂദന് അറപ്പായ പന്നികളെ മേയിക്കുന്നവരായി മാറി. (മര്‍ക്കൊ.5:11,14, 16,17). എന്തൊരു അധഃപതനം! ദൈവപുത്രന്‍ അവിടേക്ക് ചെന്നപ്പോള്‍ എതിരേല്പാന്‍ വന്നവന്റെ പ്രത്യേകതയും ശ്രദ്ധിക്കുക: ഒട്ടേറെ വ്യക്തിത്വങ്ങള്‍ ഒരൊറ്റ ആളില്‍ കുടികൊള്ളുന്ന (split personality) തരത്തില്‍ അശുദ്ധാത്മാവ് ബാധിച്ചവന്‍!! (5:2,9). ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ഒന്നിലേക്കാണ്–ദൈവത്തിന്റെ പരമഹിതത്തിന് താഴെ തൃപ്തി കണ്ടെത്തിയാല്‍ ദുരിതമായിരിക്കും ഫലം.

നമ്മെ സംബന്ധിച്ച് ദൈവത്തിന്റെ പരമഹിതം നാമെല്ലാം വിജയകരമായ ജീവിതമായ കനാനിന്റെ സ്വസ്ഥതയിലേക്ക് പ്രവേശിക്കണമെന്നതാണ്. എന്നാല്‍ അതില്‍നിന്നു മാറി യോര്‍ദ്ദാന്റെ കിഴക്കേക്കരയില്‍ സ്വയംതൃപ്തിയുടെ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണോ നാം? എങ്കില്‍ യിസ്രായേലിന്റെ അനുഭവം നമുക്ക് മുന്നറിയിപ്പാകട്ടെ. ”ഇതു ദൃഷ്ടാന്തമായി അവര്‍ക്കു സംഭവിച്ചു ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്ക് ബുദ്ധ്യുപദേശത്തിനായി എഴുതിയുമിരിക്കുന്നു” (1കൊരി.10:11).


അധ്യായം 3:
യേശുവും അപരന്മാരും: ആരെ അനുഗമിക്കും?


നമ്മുടെ നാട്ടില്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിക്കൊപ്പം അപരന്മാരും രംഗത്തു വരാറുണ്ട്. ‘അപരന്‍’- ആരാണയാള്‍? പേരുകൊണ്ടും ചിഹ്നംകൊണ്ടും യഥാര്‍ത്ഥ ആളിനെപ്പോലെ തോന്നും. എന്നാല്‍ അയാള്‍ വ്യാജനാണ്. യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിക്ക് കിട്ടേണ്ട വോട്ടുകള്‍ തട്ടിയെടുത്ത് അയാളെ തോല്‍പ്പിക്കുകയാണ് ഈ വ്യാജന്റെ ഉദ്ദേശ്യം.

യേശുവിനെതിരെ സാത്താന്‍ ഈ തന്ത്രം നേരത്തെതന്നെ രംഗത്തിറക്കിയിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടില്‍പോലും യേശുവിന്റെ അപരന്മാരെക്കുറിച്ച് പൗലൊസിനു സഭയ്ക്ക് മുന്നറിയിപ്പ് നല്‌കേണ്ടിവന്നു. ‘എന്നാല്‍ സര്‍പ്പം ഹവ്വയെ ഉപായത്താല്‍ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിര്‍മ്മലതയും വിട്ടു വഷളായിപ്പോകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. ഒരുത്തന്‍ വന്ന് ഞങ്ങള്‍ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കുകയോ നിങ്ങള്‍ക്ക് ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും, നിങ്ങള്‍ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കുകയോ ചെയ്യുമ്പോള്‍ നിങ്ങള്‍ പൊറുക്കുന്നത് ആശ്ചര്യം’ (2കൊരി.11:3,4). മറ്റൊരു യേശു, മറ്റൊരു ആത്മാവ്, വേറൊരു സുവിശേഷം- അപരനെ രംഗത്തിറക്കുന്നതിലും വ്യാജ അനുകരണങ്ങള്‍ ഉണ്ടാക്കുന്നതിലും എത്ര വിദഗ്ധനാണ് ‘ഭോഷ്‌ക്കും ഭോഷ്‌ക്കിന്റെ അപ്പനുമായ’ സാത്താന്‍!

‘ആരും നിങ്ങളെ തെറ്റിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്‍വിന്‍. ഞാന്‍ ആകുന്നു… എന്നുപറഞ്ഞ് അനേകര്‍ എന്റെ പേരെടുത്ത് വരും’ (ലൂ ക്കൊ.21:8). എന്ന് യേശുതന്നെ മുന്നറിയിപ്പ് നല്‍കിയതും ഓര്‍ക്കുക.

നാം തെറ്റിപ്പോകാന്‍ സാധ്യതയുള്ളതുകൊണ്ടാണല്ലോ ‘സൂക്ഷിച്ചുകൊള്‍വിന്‍’ എന്ന് യേശു പറഞ്ഞത്. അങ്ങനെയെങ്കില്‍ അപരന്മാരാല്‍ കബളിപ്പിക്കപ്പെടാതിരിക്കുവാന്‍ നാം എന്താണ് ചെയ്യേണ്ടത്? യേശുവിനെത്തന്നെ നേരിട്ടറിയുന്നതാണ് തെറ്റിപ്പോകാതിരിക്കുവാനുള്ള ഏകമാര്‍ഗ്ഗം. എന്നാല്‍ യേശുവിന്റെ അത്ഭുത പ്രവൃത്തികളോ, വിടുതലിന്റെ വഴികളോ അറിഞ്ഞാല്‍ മതി, യേശുവിനെ അറിഞ്ഞില്ലെങ്കിലും സാരമില്ല എന്നാണ് ഇന്ന് പലരുടേയും മനോഭാവം. ആഗ്രഹങ്ങള്‍ സാധിപ്പിച്ചുതരുന്ന, സമൃദ്ധി പ്രദാനം ചെയ്യുന്ന, സന്തോഷംമാത്രം നല്‍കുന്ന അപരനാണ് ഇന്ന് മിക്ക വിശ്വാസക്കൂട്ടങ്ങളിലും സ്വീകാര്യന്‍. പാപത്തെ ഗൗരവമായിക്കാണുന്ന, ശിഷ്യത്വത്തിന്റെ ക്രൂശ് വഹിക്കാന്‍ ക്ഷണിക്കുന്ന, ജീവനിലേക്കുള്ള വഴിയും വാതിലും ഇടുക്കവും ഞെരുക്കവുമുള്ളതാണെന്ന് പ്രഖ്യാപിക്കുന്ന യഥാര്‍ത്ഥ യേശുവിനെ ഇന്ന് ആര്‍ക്കു വേണം!

എന്നാല്‍ ദൈവത്തെത്തന്നെ അറിയുന്നത് വഞ്ചനയ്‌ക്കെതിരെ ഒരു കവചം പോലെ നമ്മെ സംരക്ഷിക്കും. അതിനു താഴെയാണ് ദൈവത്തിന്റെ വഴികളെയും പ്രവൃത്തികളെയും കുറിച്ചുള്ള അറിവ്.സങ്കീര്‍ത്തനം 103-ന്റെ 7 മുതല്‍ 14 വരെയുള്ള വചനങ്ങള്‍ നോക്കുക. അവിടെ ഈ മൂന്നു തരത്തിലുള്ള അറിവുകളെക്കുറിച്ചും പറഞ്ഞിരിക്കുന്നു. ഒന്ന്: പ്രവൃത്തികളെ അറിയുക. രണ്ട്: വഴികളെ അറിയുക. മൂന്ന്: ദൈവത്തെത്തന്നെ അറിയുക. യിസ്രായേല്‍മക്കള്‍ ദൈവത്തിന്റെ പ്രവൃത്തികള്‍ മാത്രം കണ്ടു. മോശെ അവിടെനിന്ന് ഒരു പടി കൂടിക്കടന്ന് പല പ്രവൃത്തികള്‍ ചേര്‍ന്നു രൂപപ്പെടുന്ന വഴിയെ അറിഞ്ഞു(103:7). എന്നാല്‍ കരുണയും കൃപയും ദീര്‍ഘക്ഷമയുമുള്ള ദൈവത്തെ (ദൈവസ്വഭാവത്തെ) തന്നെ അറിയുന്ന കാര്യമാണ് 8 മുതല്‍ 14 വരെയുള്ള വാക്യങ്ങളില്‍ പറഞ്ഞിരിക്കുന്നത്.

യിസ്രായേല്‍മക്കള്‍ ഈജിപ്റ്റില്‍ നിന്നു പുറപ്പെട്ടു മുന്നോട്ടു വരുമ്പോള്‍ ദൈവത്തിന്റെ പല അത്ഭുത പ്രവൃത്തികള്‍ കാണുകയും അറിയുകയും ചെയ്തു. ഉദാഹരണത്തിന് ചെങ്കടലിന്റെ തീരത്ത് ദൈവം വലിയ അത്ഭുതം പ്രവര്‍ത്തിക്കുന്നത് അവര്‍ നേരില്‍ കണ്ടു. അതേപ്പറ്റി ‘യഹോവ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യര്‍ കണ്ടു. ജനം… യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു'(പുറ.14:31) എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ അടുത്ത അദ്ധ്യായത്തില്‍ മാറായുടെ മുന്‍പില്‍ എത്തുമ്പോള്‍ അവര്‍ക്ക് ദൈവത്തെ വിശ്വസിക്കണമെങ്കില്‍ പിന്നെയും ഒരു അത്ഭുതപ്രവൃത്തി കാണണം! അവിടെയും ദൈവം പ്രവര്‍ത്തിച്ചു. പക്ഷേ അടുത്ത പരീക്ഷയുടെ മുന്‍പിലും അവര്‍ തഥൈവ!- ദൈവത്തിന്റെ പ്രവൃത്തികളെ മാത്രം കാണുന്നവരാണവര്‍.

എന്നാല്‍ ഒന്നിലേറെ പ്രവൃത്തികളില്‍നിന്ന് ക്രമേണ ദൈവത്തിന്റെ വഴിയെ (ദൈവത്തിന്റെ രീതിയെ, പ്രവര്‍ത്തന വിധത്തെ) മനസ്സിലാക്കിയവനായിരുന്നു മോശെ. എന്നാല്‍ അവിടംകൊണ്ട് നില്ക്കാതെ ദൈവവഴികളെ അറിഞ്ഞുകൊണ്ട് ദൈവത്തെത്തന്നെ അറിയണമെന്നായിരുന്നു അവന്റെ ആഗ്രഹം.’ദൈവമേ, അവിടുത്തെ വഴികളെ അറിഞ്ഞുകൊണ്ടു ഞാന്‍ അങ്ങയെ അറിയുവാന്‍ ഇടയാക്കണമേ'(show me now thy way that I may know thee) എന്ന മോശെയുടെ പ്രാര്‍ത്ഥന ശ്രദ്ധിക്കുക (പുറ.33:13). ദൈവം അവന്റെ പ്രാര്‍ത്ഥന കേട്ടതായിട്ടാണ് നാം തുടര്‍ന്ന് വായിക്കുന്നത് (33:17-23; ആവ.34:1-12).

മോശെയെപ്പോലെ ദൈവത്തെ കൂടുതല്‍ അറിയുവാനുള്ള വാഞ്ഛ പുതിയനിയമത്തില്‍ പൗലൊസിലും നമുക്ക് കാണുവാന്‍ കഴിയും. ഫിലിപ്യര്‍ക്ക് ലേഖനം എഴുതുമ്പോള്‍ ദൈവത്തെ അറിയുവാനുള്ള മാര്‍ഗ്ഗവും പൗലൊസ് വ്യക്തമാക്കുന്നുണ്ട്. അതിങ്ങനെയാണ്: ‘അവന്റെ മരണത്തോട് അനുരൂപപ്പെട്ടിട്ട്… അവനെ അറിയേണ്ടതിനും’ (3:10). അതേ, അവിടുത്തെ മരണത്തോടനുരൂപപ്പെടുന്ന സന്ദര്‍ഭത്തിലാണ് തന്നെ നാം കൂടുതല്‍ അറിയുന്നത്. പക്ഷേ ഈ ആത്മീയരഹസ്യം എത്രപേര്‍ കണ്ടെത്തിയിട്ടുണ്ട്? ക്രൂശില്ലാത്ത ഒരു യേശുവിനോട് അനുരൂപപ്പെടാനല്ലേ ഇന്ന് മിക്കവര്‍ക്കും ഇഷ്ടം? എന്നാല്‍ ക്രൂശില്ലാത്ത യേശു ഒരു അപരന്‍ ആണെന്ന് നാം തിരിച്ചറിയുമോ?

ഒരു സംഭവം ഇങ്ങനെ കേട്ടിട്ടുണ്ട്. വിസ്‌കോണ്‍സിനിലെ മാഡിസണില്‍ മൂന്ന് പതിറ്റാണ്ട് സഭാ ശുശ്രൂഷകനായിരുന്ന ബര്‍ണാര്‍ഡ് റോമിനെ ഒരു ഞായറാഴ്ച സഭായോഗാനന്തരം അപരിചിതനായ, കണ്ടാല്‍ യേശുവിനെപ്പോലെ തോന്നുന്ന, ഒരു താടിക്കാരന്‍ സമീപിച്ചിട്ട് സ്വയം പരിചയപ്പെടുത്തി. ”ഹലോ പാസ്റ്റര്‍, ഞാനാണ് യേശു.” ഒരു നിമിഷം അമ്പരന്നുപോയ ബര്‍ണാര്‍ഡ് റോം പെട്ടെന്ന് അപരിചിതന്റെ കരം തന്റെ കയ്യിലെടുത്ത് ആണിപ്പാടുകളുടെ അടയാളം എന്തെങ്കിലും ഉണ്ടോ എന്നു പരിശോധിച്ചു. ഇല്ലെന്നു കണ്ടപ്പോള്‍ തീര്‍ത്തുപറഞ്ഞു ”അല്ല, നിങ്ങള്‍ യേശു അല്ല.”

ഉവ്വ്, മുറിപ്പാടുകള്‍ ഇല്ലാത്ത യേശു അപരനാണ്. ‘അനേകര്‍ എന്റെ പേരെടുത്തു വരും അവരെ അനുഗമിക്കരുത്’ (ലൂക്കൊ. 21:8).


അധ്യായം 4 :
നമ്മുടെ ആയുസ്സ്


ഒരു മിന്നല്‍പ്പിണരിന് ഒരു നിമിഷത്തെ ആയുസ്സേ ഉള്ളു. പക്ഷേ ആ ഒരു നിമിഷം കൊണ്ട് അത് പാത അറിയാതെ തപ്പിത്തടഞ്ഞു പോകുന്ന പഥികന് പ്രകാശം ചൊരിഞ്ഞ് വഴി കാട്ടിക്കൊടുക്കുന്നു. കൂര്‍ത്തുമൂര്‍ത്ത ഒരു കരിമ്പാറക്കഷണത്തിനു നൂറ്റാണ്ടുകളുടെ ആയുസ്സുണ്ടാകാം എന്നാല്‍ അതു യാത്രികന്റെ പാദത്തിനു മുറിവും വേദനയും മാത്രമാണ് നല്‍കുന്നത്. ആരുടെ ജീവിതമാണ് കാമ്യം?- മിന്നല്‍പ്പിണരിന്റേതോ കരിമ്പാറയുടേതോ?

ഒരു ചെറു കവിതയുടെ ആശയമാണിത്. അര്‍ത്ഥം വ്യക്തം- എത്രനാള്‍ ജീവിക്കുന്നു എന്നതല്ല, എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനം.

മുപ്പത്തിമൂന്നര വര്‍ഷം. എത്ര ചെറിയ ഒരു കാലയളവാണത്! പക്ഷേ ആ കൊച്ചു ജീവിതം പിന്നീട് എത്രയോ ജീവിതങ്ങളെ സ്വാധീനിച്ചു! എത്ര നൂറ്റാണ്ടുകളുടെ ഗതി തിരിച്ചുവിട്ടു! ആ ജീവിതം മുന്നോട്ടുവച്ച ആശയങ്ങള്‍ ഇന്നും ലോകത്തെ ഏതളവില്‍ നിയന്ത്രിക്കുന്നു!- എത്ര സാര്‍ത്ഥകമായ ഒരു ജീവിതം! യേശുവിനെക്കുറിച്ചാണ് പറഞ്ഞുവന്നത്.

യേശുവിന്റേതുപോലെ തലമുറകളെ സ്വാധീനിക്കുന്ന ഒരു ജീവിതം നമുക്ക് സാധ്യമായെന്നു വരികയില്ല. പക്ഷേ ആ ജീവിതത്തില്‍നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നമ്മുടെ ഇത്തിരിവട്ടത്തില്‍ നമുക്ക് പ്രകാശം പരത്തുവാന്‍ കഴിയുകയില്ലേ? നമ്മുടെ കൊച്ചുജീവിതംകൊണ്ട് അത് സാധിച്ചാല്‍ തന്നെ ധാരാളം മതിയല്ലോ. അങ്ങനെവന്നാല്‍ യേശുവിന്റെ തന്നെ ഒരു പ്രയോഗം കടമെടുത്തു പറഞ്ഞാല്‍, ‘ഭൂമിയുടെ ഉപ്പും ലോകത്തിന്റെ വെളിച്ചവു’മായി നാം മാറുകയില്ലേ?

ഉവ്വ്, തീര്‍ച്ചയായും. എങ്കില്‍ അതിന് എന്താണ് തടസ്സം?
തടസ്സം വലിയ കാര്യങ്ങളൊന്നുമല്ല. കൊച്ചുകൊച്ചു കാര്യങ്ങള്‍ മാത്രം.

ഒരു ലോകസഞ്ചാരിയോട് പത്രപ്രതിനിധി ഒരിക്കല്‍ ചോദിച്ചു: ”ആട്ടെ, നിങ്ങള്‍ വലിയ പര്‍വ്വതങ്ങള്‍ കയറിയിറങ്ങുകയും മഞ്ഞു മൂടിയ താഴ്‌വരകളും നീണ്ട മരുഭൂമിയും നടന്നുതീര്‍ക്കുകയും ചെയ്ത ല്ലോ? നിങ്ങളുടെ യാത്രയില്‍ ഏറ്റവും ക്ലേശകരമായിത്തോന്നിയ കാര്യം എന്താണ്?”

”നടന്നുപോകുമ്പോള്‍ എന്റെ ഷൂസിനുള്ളില്‍ കൊച്ചു മണല്‍ത്തരികള്‍ കയറുന്നതായിരുന്നു ഏറ്റവും ദുസ്സഹം.” മറുപടി പെട്ടെന്നായിരുന്നു.

നമ്മുടെയും പ്രശ്‌നം ഇതുതന്നെയല്ലേ? നമ്മുടെ അടുത്തുവരുന്നവരെ സ്‌നേഹിക്കാനും അവരോട് വേണ്ടവിധം പെരുമാറാനും കഴിയുന്നില്ല. തടസ്സം: കൊച്ചു കാര്യങ്ങള്‍- അലോസരപ്പെടുത്തുന്ന ചിന്തകള്‍, ഓര്‍മ്മകള്‍, സങ്കല്‍പങ്ങള്‍…

തോന്നലുകള്‍, ഓര്‍മ്മകള്‍, സങ്കല്പങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന നമ്മുടെ ചിന്താജീവിതത്തെ നാം നിസ്സാരമായിക്കാണരുത്. കാരണം നമ്മുടെ മുഴുവന്‍ പ്രകൃതത്തെയും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ഭരിക്കുകയും ചെയ്യുന്നത് അതാണ്. ‘ഒരുവന്‍ തന്റെ ഉള്ളില്‍ എന്തു ചിന്തിക്കുന്നുവോ അങ്ങനെയാണവന്‍’ എന്നു ദൈവവചനവും പറയുന്നല്ലോ (സദൃ.23:7 NASB).

നാം ചിന്തകളെ ജാഗ്രതയോടെ ശ്രദ്ധിക്കുന്നുണ്ട് എന്നു വെളിവാകുന്നതു നമ്മുടെ വാക്കുകളിലൂടെയാണ്. ‘ഹൃദയം നിറഞ്ഞുകവിയുന്നതാണല്ലോ വായ് സംസാരിക്കുന്നത്.’ ഒരുവന്റെ വാക്കുകള്‍ അവന്‍ തന്റെ ചിന്താജീവിതം എങ്ങനെ ക്രമപ്പെടുത്തിയിരിക്കുന്നു എന്നതിനെക്കുറിച്ചു സൂചന നല്‍കും. യേശുവിന്റെ ലാവണ്യവാക്കുകള്‍ അവിടുന്ന് തന്റെ ഓര്‍മ്മകളെ, തോന്നലുകളെ, സങ്കല്‍പങ്ങളെ ആളുകളോടുള്ള നല്ല ബന്ധത്തിനായി എങ്ങനെ ചിട്ടപ്പെടുത്തിയിരുന്നു എന്നതിലേക്കു വെളിച്ചം വീശുന്നു.

തന്നെ മൃഗീയമായി പീഡിപ്പിക്കുകയും ഒടുവില്‍ ക്രൂശിക്കുകയും ചെയ്തവരെ നോക്കി യേശു ഇങ്ങനെ പറഞ്ഞു: ‘ഇവര്‍ ചെയ്യുന്നത് ഇന്നത് എന്നറിയായ്കകൊണ്ട് ഇവരോടു ക്ഷമിക്കണമേ’ (ലൂക്കൊ.23:34). സത്യത്തില്‍ അവര്‍ക്കു തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അറിയുകയില്ലായിരുന്നോ? അറിയാമായിരുന്നു. എങ്കിലും യേശു തന്റെ സങ്കല്‍പത്തില്‍ ‘പാവം അവര്‍ ചെയ്യുന്നതെന്തെന്ന് അറിയാത്തതുകൊണ്ടല്ലേ’ എന്ന് അവര്‍ക്കു സംശയത്തിന്റെ ആനുകൂല്യം നല്‍കുന്നു. ഫലം യേശുവിന് അവരോട് കൈപ്പോ പകയോ ഇല്ല. അതുകൊണ്ട് അവരോടു ക്ഷമിക്കുവാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും യേശുവിനു കഴിഞ്ഞു. നമ്മെ ഉപദ്രവിക്കുന്നവരോടുള്ള നമ്മുടെ മനോഭാവം എന്താണ്? അവരെക്കുറിച്ചുള്ള നമ്മുടെ ചിന്തകള്‍ എന്താ ണ്? ‘ഒരുപക്ഷേ അവര്‍ക്ക് അറിവില്ലാതെ ചെയ്യുന്നതാണ്’ എന്ന സൗമനസ്യം യേശുവിനെപ്പോലെ നമുക്ക് ചിന്തയില്‍ അവരോട് കാണിക്കാന്‍ കഴിയുമോ? കഴിയുമെങ്കില്‍ അവരോടുള്ള അലോസരങ്ങളും പിണക്കങ്ങളും മാറിപ്പോകും.

മറ്റൊരു രംഗം നോക്കുക: ക്രൂശിക്കപ്പെടുന്നതിനു മുമ്പ് യേശു തന്റെ ശിഷ്യന്മാരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: ‘ഞാന്‍ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല’ (യോഹ.17:16; 15:19). മൂന്നര വര്‍ഷം യേശുവിനോടൊപ്പം നടന്നിട്ടും തന്നെ ഒറ്റിക്കൊടുക്കുന്നവരും തള്ളിപ്പറയുന്നവരും ‘ആരാണ് വലിയവന്‍’ എന്ന് അന്യോന്യം മത്സരിക്കുന്നവരും ആത്മീയവെളിച്ചം ഇല്ലാതെ പെരുമാറുന്നവരുമായ ശിഷ്യരെ നോക്കി ‘ഇവര്‍ ലോകക്കാരെക്കാള്‍ കഷ്ടമാണ്’ എന്നല്ലേ ആരും പറയുക? പക്ഷേ യേശു പറഞ്ഞത് ‘അവര്‍ ലൗകികരല്ല’ എന്നാണ്. അവരുടെ കുറവുകള്‍ക്കപ്പുറത്ത് അവരിലുള്ള ആത്മീയസാധ്യതകളെ കണ്ട് അവരെക്കുറിച്ചുണ്ടാകാവുന്ന കുറ്റപ്പെടുത്തുന്ന ചിന്തകളെ ഒഴിവാക്കുവാന്‍ യേശുവിനു കഴിഞ്ഞിരുന്നു എന്നല്ലേ ഇതു തെളിയിക്കുന്നത്? നാമോ? സഹോദരന്മാരിലുള്ള കുറവുകള്‍ മാത്രം കണ്ട് അവരെക്കുറിച്ച് ഈര്‍ഷ്യയുളവാക്കുന്ന ചിന്തകളെ താലോലിക്കുകയും ഒടുവില്‍ വാക്കുകൊണ്ട് അവരെ മുറിപ്പെടുത്തുകയും ആണോ ചെയ്യുന്നത്?

തെറ്റു ചെയ്യാതെ തെറ്റിദ്ധരിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ ചിന്തയില്‍ സംഭവിക്കാവുന്ന മറ്റൊരു സ്ഖലിതമാണ് സ്വയംസഹതാപത്തിന്റെ തോന്നലുകള്‍. ഓസ്‌വാള്‍ഡ് ചേംബേഴ്‌സ് സ്വയംസഹതാപത്തെ ‘ഏറ്റവും വലിയ പാപം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. നാം കാരണം കൂടാതെ പീഡിപ്പിക്കപ്പെടുന്നല്ലോ എന്ന സ്വയംസഹതാപത്തിന്റെ ചിന്ത നമ്മെ പീഡിപ്പിച്ചവരോട് ക്രമേണ കൈപ്പും നീരസവും നമ്മിലുണ്ടാക്കും. സ്വയംസഹതാപം അതുകൊണ്ടുതന്നെ ഒഴിവാക്കേണ്ടതുണ്ട്. തീര്‍ത്തും നിരപരാധി ആയിട്ടും താന്‍ നന്മ ചെയ്തുകൊടുത്ത ആളുകളാല്‍ തന്നെ അവഹേളിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തപ്പോള്‍ സ്വയംസഹതാപത്തിന്റെ ചിന്തകളില്‍ വീണുപോകുവാന്‍ യേശുവിനു സാദ്ധ്യതയുണ്ടായിരുന്നു. പക്ഷേ അവിടുന്നു തന്റെ മനസ്സിനെ അതിനു വിട്ടുകൊടുത്തില്ല. എന്നുതന്നെയല്ല, തന്നെക്കുറിച്ചു സഹതപിപ്പാന്‍ എത്തിയവരെ നോക്കി ഇങ്ങനെ പറയുകയും ചെയ്തു: ‘എന്നെച്ചൊല്ലി കരയേണ്ട’ (ലൂക്കൊ. 23:28).

ഒരുവന്‍ തന്നെക്കുറിച്ചുതന്നെയുള്ള അഭിനന്ദനത്തിന്റെ ചിന്തകളില്‍ മുഴുകുന്നതും പിന്നീട് മറ്റുള്ളവരോട് ഈര്‍ഷ്യപ്പെടാന്‍ ഇടയാക്കും. നാം ചെയ്ത നല്ല കാര്യങ്ങള്‍, നമ്മുടെ നേട്ടങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ചിന്തകളിലും ഭാവിയില്‍ നമുക്കുണ്ടാകാന്‍ പോകുന്ന നല്ല കാര്യങ്ങളെക്കുറിച്ചുള്ള മനോരാജ്യങ്ങളിലും മുഴുകിയ ശേഷം മറ്റുള്ളവരോട് ഇടപെടുമ്പോള്‍ ഈര്‍ഷ്യയും പിണക്കവും വരുന്നത് എന്തുകൊണ്ടാണ്? കാരണം, ഇത്തരം സന്ദര്‍ഭങ്ങളില്‍ എപ്പോഴും നായകന്മാര്‍ നാം തന്നെയാണ്. നാം മനോരാജ്യത്തില്‍ നമ്മെത്തന്നെ ‘ധീരോദാത്ത നായകനാ’യും ‘ഏറ്റവും സ്‌നേഹിക്കപ്പെടേണ്ട വ്യക്തി’യായും ആദര്‍ശവല്‍ക്കരിക്കുന്നു. നമ്മുടെ ‘സ്വയം’ തന്നെയാണ് അപ്പോള്‍ നമ്മുടെ സങ്കല്‍പ സിംഹാസനത്തില്‍ ഇരുന്നരുളുന്നത്. ‘സ്വയത്തെ’ പൂജിക്കുകയാണ് അത്തരം മനോരാജ്യങ്ങളില്‍ നാം ചെയ്യുന്നത്. ഇതിനുശേഷം നാം മറ്റുള്ളവരോട് ഇടപെടുമ്പോള്‍ നാം നമ്മെക്കുറിച്ചുതന്നെ നെയ്ത ഭാവനയ്‌ക്കൊപ്പം അവര്‍ ബഹുമാനവും കരുതലും കാട്ടിയില്ലെങ്കില്‍ ഈര്‍ഷ്യയായി, പിണക്കമായി! നോക്കുക: ഇത്തരം സ്വയംസങ്കല്‍പങ്ങളില്‍ മുഴുകി നമ്മില്‍ത്തന്നെ പ്രസാദിപ്പിക്കുന്നത് എത്ര അപകടകരമാണ്! അതുകൊണ്ട് യേശുവിനെപ്പറ്റി രേഖപ്പെടുത്തിയിരിക്കുന്നു ‘ക്രിസ്തുവും തന്നില്‍ത്തന്നെ പ്രസാദിച്ചില്ല’ (റോമ.15:3).

ചിന്താജീവിതത്തെ ക്രമീകരിക്കുന്നതിലും യേശു നമുക്കു മാതൃകയാണ്. മറ്റുള്ളവരോടുള്ള സൗമനസ്യത്തിന്റെ, ആദരവിന്റെ, അഭിനന്ദനത്തിന്റെ ചിന്തകള്‍ പ്രോല്‍സാഹിപ്പിക്കുക. സ്വയംസഹതാപത്തിന്റെയും സ്വയാഭിനന്ദനത്തിന്റെയും ചിന്തകള്‍ ഒഴിവാക്കുക (ഫിലി.4:8). അപ്പോള്‍ കൈപ്പും ഈര്‍ഷ്യയും പകയും പിണക്കവും ഒഴിവാക്കാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും. ഷൂസില്‍ മണല്‍ത്തരികള്‍ കയറുന്നതു ഒഴിവാക്കാന്‍ കഴിയും. നമ്മുടെ ഇത്തിരിവട്ടത്തില്‍ പ്രകാശം പരത്താന്‍ നമുക്കു സാധിക്കും. നമ്മുടെ ആയുസ്സ് അതെത്ര നാളായാലും മറ്റുള്ളവര്‍ക്ക് ഒരനുഗ്രഹമായിത്തീരുകയും ചെയ്യും.

അധ്യായം 5:
ആരാധന: പഴയതും പുതിയതും


‘മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍.’ ഒരു ചെറിയ വചനം. പക്ഷേ എന്തൊരു ശക്തിയാണതിന്!

രൂപാന്തരത്തില്‍ എപ്പോഴും അത്ഭുതത്തിന്റെ ഒരു ഘടകം ഉണ്ട്. ഒരു പുഴു പ്യൂപ്പയുടെ ധ്യാനാവസ്ഥയിലൂടെ കടന്ന് ഒരു സുപ്രഭാതത്തില്‍ ചിത്രശലഭമായി ചിറകു വിടര്‍ത്തി പറന്നുപോകുന്നതില്‍ അത്ഭുതമല്ലെങ്കില്‍ മറ്റെന്താണുള്ളത്? പാപിയായിരുന്ന ഒരുവന്‍ പുതുജനനത്തെ തുടര്‍ന്നു വിശുദ്ധനായിത്തീരുന്നതും ഇതുപോലെതന്നെ ഒരത്ഭുതമാണ്.

രൂപാന്തരമാണ് സുവിശേഷത്തിന്റെ ഹൃദയം. മനുഷ്യനു മാറാന്‍ കഴിയും; മനുഷ്യനു രൂപാന്തരം ഉണ്ടാകും എന്നതിന്റെ അടിസ്ഥാനത്തിലാണ് നാം പാപികളോടു സുവിശേഷം പ്രഘോഷിക്കുന്നത്. ഒരു പാപി രക്ഷകനെ കണ്ടുമുട്ടിയതിനു ശേഷമോ? തുടര്‍ന്നും അവന്‍ രൂപാന്തരപ്പെട്ടുകൊണ്ടേയിരിക്കണം. അതുകൊണ്ടാണല്ലോ നിങ്ങള്‍ മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍ എന്നു പൗലൊസ് ‘സഹോദരന്മാരെ‘ പ്രബോധിപ്പിക്കുന്നത്.

എന്നാല്‍ രൂപാന്തരത്തെക്കുറിച്ചു പൗലൊസ് ഇവിടെ പറയുന്നത് ആരാധനയെക്കുറിച്ചു പറയുന്നതിന്റെ ഭാഗമായാണ് എന്നു നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ആരാധനയ്ക്ക് ഒരു നിര്‍വചനം നല്‍കുമ്പോള്‍ പൗലൊസിനു രൂപാന്തരത്തെക്കുറിച്ചു പറയാതിരിക്കാനാവുന്നില്ല. ‘സഹോദരന്മാരേ, ഞാന്‍ ദൈവത്തിന്റെ മനസ്സലിവ് ഓര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത്: നിങ്ങള്‍ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമര്‍പ്പിപ്പിന്‍. ഈ ലോകത്തിന് അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍’ (റോമ.12:1,2).

ഇതാണ് ആരാധനയെങ്കില്‍ ഈ ആരാധന കേവലം ഉപരിപ്ലവമായ ഒന്നല്ല. അത് ആരാധകന്റെ ജീവിതത്തെ സ്പര്‍ശിക്കുകയും മനോഭാവങ്ങളെ നവീകരിക്കുകയും ഹൃദയത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ്. ഇവിടെ ശരീരങ്ങളെ ദൈവത്തിനു യാഗമായി അര്‍പ്പിക്കുക എന്നു പറഞ്ഞിരിക്കുന്നതിന്റെ അര്‍ത്ഥം എന്താണ്? റോമര്‍ 6:13-ല്‍ അത് ഇങ്ങനെ വിശദീകരിക്കുന്നു: ‘നിങ്ങളുടെ അവയവങ്ങളെ മുന്‍പ് പാപത്തിനു സമര്‍പ്പിച്ചിരുന്നതുപോലെ ഇപ്പോള്‍ നീതിക്കായി നിങ്ങളുടെ അവയവങ്ങളെ സമര്‍പ്പിക്കുവിന്‍.’ നമ്മുടെ നാവ്, കണ്ണ് തുടങ്ങിയ അവയവങ്ങളെ നീതിക്കായി അര്‍പ്പിക്കുക എന്നു പറഞ്ഞാല്‍ അതിന്റെ പ്രായോഗികതലം എങ്ങനെയാണ്? കണ്ണുകള്‍കൊണ്ട് മോഹിക്കുവാന്‍ പരീക്ഷിക്കപ്പെടുന്ന സന്ദര്‍ഭത്തില്‍ ആ ആഗ്രഹത്തെ നിഷേധിക്കുമ്പോള്‍ കണ്ണിനെ ജീവനുള്ള യാഗമായി ദൈവത്തിന് അര്‍പ്പിക്കുകയാണ്. പ്രത്യേക സാഹചര്യത്തില്‍ ഭോഷ്‌ക്കു പറയുവാനോ ദേഷ്യത്തോടെ കഠിനവാക്കുകള്‍ ഉപയോഗിക്കുവാനോ പ്രലോഭിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് നമ്മുടെ നാവിനെ ദൈവത്തോടുള്ള അനുസരണത്തില്‍ യാഗമായി അര്‍പ്പിക്കേണ്ടത്. ഇത് ജീവനോടെയുള്ള ഒരു ബലി ആണെന്നു പൗലൊസ് ചൂണ്ടിക്കാട്ടുന്നു. ലോകത്തിന്റെ പ്രലോഭനങ്ങള്‍ക്കു വഴിപ്പെടാതെ ദൈവത്തോടുള്ള സ്‌നേഹത്തില്‍ നമ്മെ യാഗമായി അര്‍പ്പിക്കുന്ന ഈ ആരാധനയില്‍ രൂപാന്തരമുണ്ട്. മനസ്സിനു പുതുക്കമുണ്ട്. ഇതു പലപ്പോഴും നടക്കുന്നത് ഒരു മീറ്റിംഗില്‍ അല്ല; മറിച്ച് പ്രായോഗിക ജീവിത സാഹചര്യങ്ങളിലാണ്.

എന്നാല്‍ ഇന്നു സുവിശേഷവിഹിത സഭകളില്‍ ആരാധനയെന്നു പറയുമ്പോള്‍ ഈ നിലയില്‍ ഒരു കാഴ്ചപ്പാടു കാണുന്നില്ല. ആളുകള്‍ ഒന്നിച്ചു കൂടിവന്ന് പ്രാര്‍ത്ഥിക്കുകയോ പാടുകയോ ദൈവത്തെ സ്തുതിക്കുകയോ ചെയ്യുന്നതില്‍ ഒതുങ്ങിനില്‍ക്കുന്നു അവരുടെ ആരാധനാസങ്കല്‍പ്പം. അങ്ങനെ ഒരു മീറ്റിംഗില്‍ സംബന്ധിക്കുന്നതോടെ തങ്ങള്‍ ദൈവത്തെ ആരാധിച്ചുവെന്നും അതു ദൈവത്തിനു പ്രസാദകരമായെന്നും ഉള്ള മിഥ്യാധാരണയില്‍ ആളുകള്‍ മടങ്ങിപ്പോകുമ്പോള്‍ അവഗണിക്കപ്പെടുന്നത് യഥാര്‍ത്ഥ ആരാധനയില്‍ അനിവാര്യമായി ഉണ്ടാകേണ്ട രൂപാന്തരമാണ്.

പഴയനിയമ ആരാധനയും ഈ നിലയില്‍ ആയിരുന്നു. അവിടെ യാഗം കഴിക്കുന്നതായിരുന്നു ആരാധന. എന്നാല്‍ ആ ആരാധനയിലും ആരാധകനു മനസ്സിനു രൂപാന്തരം ഉണ്ടാകണമെന്നു നിര്‍ബന്ധമുണ്ടായിരുന്നില്ല. സമാഗമനകൂടാരത്തില്‍ പാപപരിഹാരത്തിനായി യാഗം കഴിക്കാന്‍ പോകുന്ന ഒരുവനെ നോക്കുക. അവനു താന്‍ ചെയ്ത പാപത്തെക്കുറിച്ചു പശ്ചാത്താപവും ഹൃദയത്തകര്‍ച്ചയും വേണമെന്നില്ല. ചട്ടമനുസരിച്ചുള്ള യാഗമൃഗത്തെ കൊണ്ടുവന്നു നിയമാനുസരണം യാഗം നടത്തിയാല്‍ പാപപരിഹാരമായി. (എന്നാല്‍ പഴയ ഉടമ്പടിയുടെ കാലത്താണ് ജീവിച്ചിരുന്നതെങ്കിലും പുതിയ ഉടമ്പടിയുടെ ആത്മാവില്‍ ജീവിച്ചിരുന്ന ദാവീദ് അന്നേ പുതിയനിയമ ആരാധനയുടെ മര്‍മ്മം ഈ നിലയില്‍ വെളിപ്പെടുത്തുന്നു: ‘ദൈവത്തിന്റെ ഹനനയാഗങ്ങള്‍ തകര്‍ന്നിരിക്കുന്ന മനസ്സ്, തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ ദൈവമേ നീ നിരസിക്കുകയില്ല’-സങ്കീ.51:17).

ചുരുക്കത്തില്‍ പുതിയനിയമ കാലഘട്ടത്തിലാണെങ്കിലും രൂപാന്തരത്തിന്, പുതുക്കത്തിന്, ഊന്നല്‍ നല്‍കാതെ നടത്തുന്ന ‘ആരാധന’ പഴയനിയമ ആരാധനയാണെന്നു പറയേണ്ടി വരും. അങ്ങനെയെങ്കില്‍ ഇന്നു പല സുവിശേഷവിഹിത സഭകളിലും നടക്കുന്നത് പഴയനിയമആരാധനയല്ലേ? തിങ്കള്‍ മുതല്‍ ശനിവരെ പ്രലോഭനങ്ങളുടെ മുന്‍പില്‍ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമാക്കി ബുദ്ധിയുള്ള ആരാധന നടത്താതെ ഞായറാഴ്ച രണ്ടു മണിക്കൂര്‍ ആരാധന എന്ന പ്രകടനം (Performance) നടത്തിയാല്‍ അവിടെ എവിടെയാണ് രൂപാന്തരം? എവിടെയാണ് ജീവബലി?

ജഡത്തിന്റെ ഇഷ്ടത്തെ നിഷേധിക്കുന്നത് അല്‍പം പ്രയാസമുള്ള കാര്യമാണല്ലോ. അതിനേക്കാള്‍ എളുപ്പമുള്ളത് ഞായറാഴ്ച വന്ന് ആരാധന എന്ന പേരില്‍ ഒരഭ്യാസം നടത്തിയിട്ട് എന്തോ നേടി എന്ന സ്വയതൃപ്തിയോടെ പിരിഞ്ഞുപോകുന്നതല്ലേ? ഈ എളുപ്പമാര്‍ഗ്ഗത്തെ പ്രശ്‌നങ്ങളില്‍നിന്നു വിടുതല്‍ കിട്ടാനുള്ള വഴിയായി ഇന്നു ചിത്രീകരിക്കുകയും ചെയ്യുന്നു! ഇതിനിടയില്‍ ദൈവജനത്തിനു നഷ്ടമായിരിക്കുന്നതു പുതിയനിയമ ആരാധനയുടെ യാഥാര്‍ത്ഥ്യമാണ്. സത്യനമസ്‌ക്കാരികള്‍ പിതാവിനെ സത്യത്തില്‍ (യാഥാര്‍ത്ഥ്യത്തില്‍- Reality) ആരാധിക്കണം എന്ന കര്‍ത്താവിന്റെ കല്‍പനയല്ലേ ഇവിടെ അവഗണിക്കപ്പെടുന്നത്?

അധ്യായം 6 :
പ്രവാചകന്‍: ആരാണ് അദ്ദേഹം?


”കര്‍ത്താവേ, അങ്ങ് എന്നെ വഞ്ചിച്ചിരിക്കുന്നു; ഞാന്‍ വഞ്ചിതനായി. അങ്ങ് എന്നെക്കാള്‍ ശക്തനാണ്. അങ്ങ് വിജയിച്ചിരിക്കുന്നു. ദിവസം മുഴുവന്‍ ഞാന്‍ പരിഹാസ പാത്രമായി. എല്ലാവരും എന്നെ അപഹസിക്കുന്നു. വായ് തുറക്കുമ്പോഴൊക്കെ ‘അക്രമം’, ‘നാശം’ എന്നാണ് ഞാന്‍ വിളിച്ചുപറയുന്നത്. കര്‍ത്താവിന്റെ വചനം എനിക്ക് ഇടവിടാത്ത നിന്ദനത്തിനും പരിഹാസത്തിനും ഹേതുവായിരിക്കുന്നു. അവിടുത്തെപ്പറ്റി ഞാന്‍ ചിന്തിക്കുകയില്ല, അവിടുത്തെ നാമത്തില്‍ മേലില്‍ സംസാരിക്കുകയില്ല എന്നു ഞാന്‍ പറഞ്ഞു. എന്നാല്‍ ഹൃദയത്തെ ദഹിപ്പിക്കുന്ന അഗ്നി എന്റെ അസ്ഥികള്‍ക്കുള്ളില്‍ അടച്ചിട്ടിരിക്കുന്നതുപോലെ എനിക്കനുഭവപ്പെട്ടു. അതിനെ അടക്കാന്‍ ശ്രമിച്ചു ഞാന്‍ തളര്‍ന്നു; എനിക്കു സാധിക്കുന്നില്ല” (യിരെ.20:7-9 പി.ഒ.സി വിവര്‍ത്തനം).

ഒരു പ്രവാചകന്റെ പരിദേവനമാണിത്. യിരെമ്യാവു പറയുന്നത്: ”വായ് തുറക്കുമ്പോഴൊക്കെ എനിക്കു ജനത്തോടു പറയുവാന്‍ ഒരു സന്ദേശമേയുള്ളു. ദൈവം തന്ന സന്ദേശമാണത്. എന്നാല്‍ ഈ ഒരേയൊരു പ്രവചനം മാത്രം വിളിച്ചു പറയുന്നതിന്റെ ഫലമായി ഞാന്‍ നിരന്തരം നിന്ദയ്ക്കും പരിഹാസത്തിനും വിധേയനാകുന്നു. ഞാന്‍ മടുത്തു. അതുകൊണ്ടു മേലില്‍ കര്‍ത്താവേ, അങ്ങയെപ്പറ്റി ഞാന്‍ ചിന്തിക്കുകയോ അങ്ങു തരുന്ന പ്രവചനവാക്യങ്ങള്‍ പ്രസ്താവിക്കുകയോ ചെയ്യുകയില്ല. എന്നാല്‍ ഹാ, കഷ്ടം! മിണ്ടാതിരിക്കുവാന്‍ എനിക്കു കഴിയുന്നില്ല. ഞാന്‍ മിണ്ടാതിരിക്കുമ്പോള്‍ എന്റെ ഹൃദയത്തില്‍ തീ കത്തുന്നതുപോലെ. എന്റെ അസ്ഥികള്‍ വെന്തുപോകുന്നതുപോലെ. ദൈവമേ, ഇതു ചതിയാണ്. എന്നെ എന്തിനാണ് ഇങ്ങനെയാക്കിത്തീര്‍ത്തത്? അങ്ങ് എന്നെ വഞ്ചിച്ചിരിക്കുന്നു. ഞാന്‍ വഞ്ചിതനായി!”

ഏത് യഥാര്‍ത്ഥ പ്രവാചകന്റെയും ദുര്യോഗമാണിത്. അയാള്‍ക്കു തന്റെ കാലഘട്ടത്തോട് ഒരു സന്ദേശമുണ്ട്. ദൈവം തന്നെ നല്‍കിയ സന്ദേശം. അയാള്‍ക്ക് അതടക്കിവയ്ക്കാന്‍ കഴിയുകയില്ല. എവിടെയും എപ്പോഴും അയാള്‍ അതുതന്നെ പറയുന്നു. ഫലം അയാള്‍ തെറ്റിദ്ധരിക്കപ്പെടുന്നു; പരിഹസിക്കപ്പെടുന്നു. പക്ഷേ അയാള്‍ക്കു മിണ്ടാതിരിക്കുവാന്‍ കഴിയുകയില്ലല്ലോ. കാരണം അയാള്‍ ഒരു പ്രവാചകനാണ്!

പ്രവാചകദൗത്യം ഒരു ജോലിയല്ല; ഒരു നിയോഗമാണ്. ജോലിയായിരുന്നെങ്കില്‍ മടുക്കുമ്പോള്‍ അല്ലെങ്കില്‍ എതിര്‍പ്പുകള്‍ ശക്തമാവുമ്പോള്‍ ഉപേക്ഷിച്ചുപോകാമായിരുന്നു. എന്നാല്‍ ഒരു നിയോഗം ആ നിലയിലല്ല. അതൊരു ദിവ്യവിളിയാണ്. യിരെമ്യാവിനെ സംബന്ധിച്ച് ആ വിളി (രമഹഹശിഴ) ഇങ്ങനെയായിരുന്നു: ”കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: … ഞാന്‍ നിന്നെ അറിഞ്ഞു… ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു… ഞാന്‍ നിന്നെ നിയോഗിച്ചു” (1: 4-10).

ഈ നിലയിലുള്ള വിളിയാണ്, വിളിയെക്കുറിച്ചുള്ള ഉറപ്പാണ് യഥാര്‍ത്ഥ പ്രവാചകന്റെ ശക്തി. അത് അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു കരുത്തു പകരുന്നു. തന്റെ ദൈവത്തെക്കുറിച്ചു നേരിട്ടുള്ള അറിവ് അദ്ദേഹത്തിനുണ്ട്. മറ്റൊരു പ്രവാചകന്‍-ഏലിയാവ്-ദൈവത്തെക്കുറിച്ചു പറയുമ്പോഴൊക്കെ ഉപയോഗിക്കുന്ന ഒരു പദപ്രയോഗം ശ്രദ്ധിക്കുക: ‘ഞാന്‍ സേവിച്ചുനില്‍ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ’ (1 രാജാ.17:1, 18:15). ദൈവത്തെ അറിയുകയും ദൈവത്താല്‍ അറിയ പ്പെടുകയും ചെയ്യുക-യഥാര്‍ത്ഥപ്രവാചകന്‍ വ്യാജപ്രവാചകനില്‍ നിന്നു വേറിട്ടു നില്‍ക്കുന്നത് ഇവിടെയാണ്. വ്യാജപ്രവാചകനും ദൈവത്തിന്റെ നാമത്തിലാണ് പ്രവചിക്കുന്നതും വീര്യപ്രവൃത്തികള്‍ നടത്തുന്നതുമെല്ലാം. എന്നാല്‍ ദൈവം അവനെ അറിയുന്നില്ല (മത്താ.7:21-23).

സാധാരണ മനുഷ്യര്‍ക്കു അന്യമായ ദൈവത്തെക്കുറിച്ചുള്ള വര്‍ദ്ധമാനമായ അറിവ്, പ്രവാചകന് ദൈവത്തിന്റെ സര്‍വ്വശക്തി, സര്‍വ്വാധിപത്യം (Sovereignty) എന്നിവയെക്കുറിച്ചുള്ള വലിയ ബോധ്യം നല്‍കുന്നു. (യെശയ്യാപ്രവാചകന്‍ ദൈവത്തെ സ്വര്‍ഗ്ഗത്തില്‍ സിംഹാസനസ്ഥനായി കണ്ടത് ഓര്‍ക്കുക – 6:1-3). അതുകൊണ്ടുതന്നെ ‘വലിയവനായ ദൈവ’ത്തിനു ജനങ്ങള്‍ അവരുടെ ജീവിതത്തില്‍ ‘ചെറിയ സ്ഥാനം’ മാത്രം നല്‍കുമ്പോള്‍ പ്രവാചകന്‍ അസ്വസ്ഥനാകുന്നു. ദൈവത്തിന് അര്‍ഹമായ ഒന്നാം സ്ഥാനം (സകലത്തിലും മുമ്പനാകേണ്ടതിന്… have preeminence in all-കൊലൊ.1:18) നല്‍കുക എന്നതാണ് പ്രവാചകന്റെ ആഹ്വാനത്തിന്റെ കാതല്‍.

യഥാര്‍ത്ഥ പ്രവാചകനു മിക്കപ്പോഴും ഒരൊറ്റ സന്ദേശമേയുള്ളു. ആ സന്ദേശത്താല്‍ അദ്ദേഹം പിടിക്കപ്പെട്ടിരിക്കുന്നു. എവിടെയും എപ്പോഴും അതല്ലാതെ മറ്റൊന്നു പറയുവാന്‍ അദ്ദേഹത്തിനില്ല. ഇക്കാരണത്താല്‍ യിരെമ്യാവ് പരിഹാസത്തിനും നിന്ദയ്ക്കും വിധേയനായത് ഓര്‍ക്കുക. പഴയനിയമത്തിലെ വലുതും ചെറുതുമായ പ്രവാചകന്മാരെല്ലാം (major and minor prophets) ഇങ്ങനെ തന്നെയായിരുന്നു. പുതിയ നിയമത്തിലേക്കു വരുമ്പോഴോ? പുതിയനിയമത്തിലെ ആദ്യപ്രവാചകനായ യോഹന്നാന്‍ സ്‌നാപകനും ഒരൊറ്റ സന്ദേശമേ പ്രഘോഷിക്കുവാനുണ്ടായിരുന്നുള്ളു- ‘സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍.’

ഒരു പ്രവാചകന്റേയും സന്ദേശം സന്തുലിതം (balanced) ആയിരുന്നില്ല, ആയിരിക്കുകയില്ല എന്നതാണ് വസ്തുത. അതിനെപ്പോഴും ഒരു പ്രത്യേക ഊന്നല്‍ (emphasis) ഉണ്ടായിരിക്കും. ആ കാലഘട്ടത്തെക്കുറിച്ചുള്ള, ആ തലമുറയോടുള്ള, ദൈവത്തിന്റെ ഹൃദയഭാരമാണത്. ഈ സത്യം മനസ്സിലാക്കാതെ ഇന്നും ദൈവത്തിന്റെ യഥാര്‍ത്ഥ പ്രവാചകന്മാരെ അവര്‍ സമതുലനം ഇല്ലാത്തവരാണ് (not balanced) എന്ന് ആക്ഷേപിക്കുന്നവരുണ്ട്. വേദശാസ്ത്രം ഉരുവിട്ടു പഠിച്ച് ബൈ ബിള്‍ സ്‌കൂളില്‍ നിന്നിറങ്ങുന്ന ‘വേദപണ്ഡിതന്മാരു’ടെ സന്തുലനം ഒരു പ്രവാചകനില്‍ തിരയുന്നതില്‍ എന്താണര്‍ത്ഥം? പ്രവാചകന്‍-അദ്ദേഹം വേറൊരു ജനുസ്സില്‍ പെടുന്ന ആളാണ്. എന്നാല്‍ ഒരു പ്രവാചകന്റെ വാക്കുകളുടെ മൂര്‍ച്ചയുടെയും പ്രയോജനപരതയുടെയും ആയിരത്തിലൊരംശം ഇന്നത്തെ ബൈബിള്‍സ്‌കൂള്‍ ഉല്പന്നങ്ങളില്‍ (Seminary products) കണ്ടെത്താന്‍ കഴിയുമോ?

മറുപടി പകല്‍പോലെ വ്യക്തമല്ലേ?

അധ്യായം 7 :
മനുഷ്യരെ പേടിക്കരുത്


”ഇപ്പോള്‍ ഞാന്‍ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നത്? അല്ല, ഞാന്‍ മനുഷ്യരെ പ്രസാദിപ്പിപ്പാന്‍ നോക്കുന്നുവോ? ഇന്നും ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നുവെങ്കില്‍ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല”(ഗലാ.1:10).

നാം സാധാരണ കരുതുന്നത് ദൈവത്തെയും മനുഷ്യനെയും പ്രസാദിപ്പിച്ചു ജീവിക്കണം എന്നാണല്ലോ. എന്നാല്‍ പൗലൊസ് അവ രണ്ടും പരസ്പര വിരുദ്ധമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കില്‍ ക്രിസ്തുവിന്റെ ദാസനായിരിക്കുകയില്ല.’ എന്ന് ഒരര്‍ത്ഥ ശങ്കയ്ക്കും ഇടയില്ലാതെവണ്ണം അദ്ദേഹം തീര്‍പ്പു കല്‍പ്പിച്ചിരിക്കുകയാണ്. (‘നിങ്ങള്‍ക്കു ദൈവത്തെയും പണത്തെയും സേവിപ്പാന്‍ കഴിയുകയില്ല’ എന്ന യേശുവിന്റെ വചനത്തിന്റെ കാര്‍ക്കശ്യമാണ് ദൈവത്തെയും മനുഷ്യനെയും താരതമ്യം ചെയ്യുന്ന ഈ വചനത്തിലും മുഴങ്ങിനില്‍ക്കുന്നത്).

മനുഷ്യനെ പ്രസാദിപ്പിക്കാനുള്ള മിക്ക ശ്രമങ്ങള്‍ക്കും പിന്നിലുള്ളതു മനുഷ്യരെക്കുറിച്ചുള്ള, അവരുടെ അഭിപ്രായങ്ങളെക്കുറിച്ചുള്ള പേടിയാണ്. ‘മനുഷ്യഭയം ഒരു കെണിയാണെ’ന്നു സദൃശ്യവാക്യകാരനും പറഞ്ഞിട്ടുണ്ടല്ലോ. മറ്റു മനുഷ്യരുമായി ബന്ധപ്പെട്ടു രണ്ടു കാര്യങ്ങള്‍ നമുക്കു കെണിയായിത്തീരാം. ഒന്ന്: മനുഷ്യരെക്കുറിച്ചുള്ള പേടി (സദൃശ.29:25; മത്താ.10:28). രണ്ട്: മനുഷ്യരുടെ മുഖസ്തുതി. (സദൃശ.29:5; ലൂക്കൊ.6:26; യോഹ.5:44;12:43).

ആളുകളുടെ പ്രസക്തമായ അഭിപ്രായം കേള്‍ക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതില്‍ തെറ്റില്ല. അതു വേണ്ടതുമാണ്. എന്നാല്‍ തനിക്കു ശരിയെന്നു തോന്നുന്നത് ആളുകളെ പേടിച്ചു ചെയ്യാതിരിക്കുമ്പോള്‍ അത് ശരിക്കും ഒരു കെണിയാണ്. ”നാം ആകെ ഭയപ്പെടേണ്ടതു ദൈവത്തെ മാത്രമാണ്. നമുക്കെല്ലാ മനുഷ്യരെയും തൃപ്തിപ്പെടുത്താനാവില്ല.” ഇംഗ്ലണ്ടിന്റെ ടെസ്റ്റു ക്രിക്കറ്റുതാരമായിരുന്ന ശേഷം ചൈനയിലും ഇന്‍ഡ്യയിലും ആഫ്രിക്കയിലും സുവിശേഷകനായി ജീവിതം ചെലവഴിച്ച പ്രശസ്ത ദൈവദാസന്‍ സി.ടി.സ്റ്റഡിന്റേതാണീ വാക്കുകള്‍. ജീവിതത്തിന്റെ ഒരു നിര്‍ണായകഘട്ടത്തില്‍ അദ്ദേഹം ഭാര്യയ്‌ക്കെഴുതിയ ഒരു കത്തിലാണ് ഈ വരികള്‍ ഉള്ളത്.

സി.ടി. സ്റ്റഡ് ജീവിതത്തിലുടനീളം മനുഷ്യരെ നോക്കാതെ ധീരമായ തീരുമാനങ്ങളെടുത്തിരുന്നു. 1879-80-ല്‍ കേംബ്രിഡ്ജില്‍ നിയമവിദ്യാര്‍ഥിയായിരിക്കേ ഇംഗ്ലണ്ടിനുവേണ്ടി ടെസ്റ്റുമാച്ചുകളില്‍ തിളങ്ങിനില്‍ക്കുന്ന കാലത്താണ് ചൈനയില്‍ പ്രേഷിത പ്രവര്‍ത്തനത്തിനു പോകാന്‍ സ്റ്റഡിനു ദൈവവിളിയുണ്ടായത്. പൊതുജനാഭിപ്രായം അതിനെതിരായിരുന്നു. പക്ഷേ അദ്ദേഹം ചൈനയിലേക്കു പോകാന്‍ തയ്യാറായി. തുടര്‍ന്ന് ഇരുപത്തൊന്നു വര്‍ഷം ചൈനയിലും ഇന്‍ഡ്യയിലും പ്രവര്‍ത്തിച്ചശേഷം അദ്ദേഹം ഇംഗ്ലണ്ടില്‍ മടങ്ങിയെത്തി. അവിടെവച്ചു വീണ്ടും പ്രേഷിതവേലയ്ക്കായി ആഫ്രിക്കയിലേക്കു പോകാന്‍ അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ ആസ്മാരോഗിയായ സ്റ്റഡ് 52-ാം വയസ്സില്‍ ഭാര്യയെ തനിച്ചാക്കി ആഫ്രിക്കയിലേക്കു പോകുന്നതിനെ ആരും അനുകൂലിച്ചില്ല. എന്നാല്‍ അദ്ദേഹം ദൈവഹിതത്തിനു മാത്രം പ്രാധാ ന്യം നല്‍കി തനിയെ ആഫ്രിക്കയ്ക്കു കപ്പല്‍ കയറി. ആളുകള്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്ന കാര്യം ഭാര്യ സ്റ്റഡിനെ എഴുതി അറിയിച്ചു. അതിനു നല്‍കിയ മറുപടിയിലാണ് മനുഷ്യരെയെല്ലാം തൃപ്തിപ്പെടുത്താനുള്ള ബാധ്യത നമുക്കില്ലെന്ന് അദ്ദേഹം എഴുതിയത്. തന്റെ വാദഗതിക്ക് ഉപോദ്ബലകമായി സ്റ്റഡ്, ‘മില്ലറുടെ കഴുത’യുടെ കഥയും ഉദ്ധരിച്ചു.

ആ കഥ കേള്‍ക്കുക: മില്ലര്‍ എന്നൊരാള്‍ മകനുമായി ചന്തയില്‍ പോകുകയായിരുന്നു. മില്ലര്‍ കഴുതപ്പുറത്ത്. മകന്‍ കാല്‍നടയായി. നാട്ടുകാര്‍ ഇതു ശ്രദ്ധിച്ചു. അവര്‍ പറഞ്ഞു: ”ഇയാള്‍ എന്തൊരു ദുഷ്ടനാണ്! ആ പാവം ചെറുക്കനെ നടത്തിച്ചിട്ട് ഇയാള്‍ കഴുതപ്പുറത്ത് സവാരി ചെയ്യുന്നു! ഇതു മര്യാദയാണോ?”

അതു കേട്ടപ്പോള്‍ മില്ലര്‍ക്കു സങ്കടമായി. അദ്ദേഹം കഴുതപ്പുറത്തു നിന്നിറങ്ങി. മകന്‍ കഴുതപ്പുറത്തു കയറി. പിന്നെയും അവര്‍ മുന്നോട്ടുപോയി. ഇത്തവണ പൊതുജനം ആക്ഷേപിച്ചതു മകനെയാണ്. ”വയസ്സനെ നടത്തിച്ചിട്ട് ചെറുപ്പക്കാരനായ മകന് ഇങ്ങനെ യാത്രചെയ്യാന്‍ നാണമില്ലേ?” എന്നവര്‍ ചോദിച്ചപ്പോള്‍ അതു ശരിയാണെന്നു മകനും തോന്നി.

എങ്കില്‍ രണ്ടുപേരും ഒന്നിച്ച് കഴുതപ്പുറത്തു കയറി യാത്രചെയ്യാമെന്ന് അവര്‍ തീരുമാനിച്ചു. അപ്പോള്‍ പിന്നെ ഒരാക്ഷേപവും ഉണ്ടാവുകയില്ലല്ലോ! പക്ഷേ ഇക്കുറി ആക്ഷേപം വന്നത് മറ്റൊരു നിലയിലാണ്. മൃഗസ്‌നേഹികളായ നാട്ടുകാര്‍ മൂക്കില്‍ വിരല്‍ വച്ചു: ”ഇതെന്തൊരു ക്രൂരത! രണ്ടു തടിയന്മാര്‍ ഒരു കഴുതപ്പുറത്തോ? സത്യത്തില്‍ ഇവന്മാരെ ചുമക്കുന്നതിനു പകരം ഇവന്മാര്‍ ആ കഴുതയെ ചുമക്കുകയാണ് വേണ്ടത്.”

‘അങ്ങനെയെങ്കില്‍ അങ്ങനെ’ എന്നു മില്ലറും മകനും തീരുമാനിച്ചു. അവര്‍ കഴുതയുടെ നാലുകാലും കൂട്ടിക്കെട്ടി ഇടയിലൂടെ ഒരു മരക്കമ്പുകടത്തി കമ്പിന്റെ രണ്ടറ്റവും തോളില്‍ വഹിച്ച് കഴുതയെ ചുമന്നുകൊണ്ട് നടക്കാന്‍ തുടങ്ങി. പൊതുജനത്തിനു അതു രസകരമായ കാഴ്ചയായിരുന്നു. അവര്‍ പറഞ്ഞു: ”അതു കണ്ടോ? രണ്ടു കഴുതകളും കൂടി മൂന്നാമതൊന്നിനെ ചുമന്നുകൊണ്ടുനടക്കുന്നു.”

മില്ലര്‍ക്കും മകനും മടുത്തു. അവര്‍ കഴുതപ്പുറത്തു കയറുകയും കഴുതയെ പുറത്തു കയറ്റുകയും ചെയ്തതല്ലേ ഈ വിമര്‍ശനങ്ങളെല്ലാം ക്ഷണിച്ചുവരുത്തിയത്? ഇനി അതു വേണ്ട. ആര്‍ക്കും ഒരാക്ഷേപത്തിനും ഇടകൊടുക്കാതിരിക്കാനായി കഴുതയെ മുന്‍പില്‍ നടത്തി രണ്ടുപേരും പിന്നാലെ നടക്കാന്‍ തുടങ്ങി. അതിനെക്കുറിച്ചും ആളുകള്‍ക്ക് അഭിപ്രായം ഉണ്ടായിരുന്നു. അവര്‍ പറഞ്ഞു: ”എന്തൊരു വിഡ്ഢികള്‍! സ്വന്തമായിട്ടൊരു കഴുതയുണ്ടായിട്ട് വെറുതെ നടന്നു കഷ്ടപ്പെടുന്നു!” എല്ലാവരുടെയും അഭിപ്രായങ്ങള്‍ അനുസരിച്ചു ജീവിച്ച മില്ലറിനും മകനും ഒടുവില്‍ ഒന്നും തൃപ്തികരമായി ചെയ്യാന്‍ സാധിച്ചില്ല.

കഥ അവസാനിപ്പിച്ച് സി.റ്റി. സ്റ്റഡ് ഭാര്യയ്‌ക്കെഴുതി: ”അതുകൊണ്ട് മനുഷ്യരെ തൃപ്തിപ്പെടുത്താന്‍ നോക്കാതെ നമുക്ക് ദൈവത്തെ മാത്രം ഭയപ്പെട്ടും പ്രസാദിപ്പിച്ചും മുന്നോട്ടുപോകാം.”

ശരിയല്ലേ? ദൈവത്തെ മാത്രം ഭയപ്പെട്ടാല്‍ നമുക്കു മറ്റാരെയും ഒന്നിനെയും ഭയപ്പെടേണ്ട കാര്യം ഇല്ല. മത്തായി എഴുതിയ സുവിശേഷം പത്താം അദ്ധ്യായത്തില്‍ തന്റെ ശിഷ്യന്മാരെ പൊതുജനമധ്യത്തിലേക്കു തനിയേ അയയ്ക്കുന്നതിനു മുന്‍പ് മൂന്നുവട്ടം അവരോടു ‘ഭയപ്പെടേണ്ട’ എന്നു യേശു അരുളിച്ചെയ്തതു നോക്കുക (26,28,31 വാക്യങ്ങള്‍). മൂന്നു പ്രാവശ്യം ‘ഭയപ്പെടേണ്ട’ എന്നു പറഞ്ഞ യേശു അവിടെ ഒരു വട്ടം ‘ഭയപ്പെടുവിന്‍’ എന്നും അരുളിച്ചെയ്തു. അത് ആരെയാണ്? ‘ദേഹിയേയും ദേഹത്തെയും നരകത്തില്‍ നശിപ്പിപ്പാന്‍ കഴിയുന്നവനെ’-ദൈവത്തെ (10:28).

യെശയ്യാവും ഇതേ സത്യത്തിന് അടിവരയിടുന്നത് ഇങ്ങനെ: ‘അവര്‍ ഭയപ്പെടുന്നതിനെ നിങ്ങള്‍ ഭയപ്പെടരുത്. ഭ്രമിച്ചുപോകയുമരുത്. സൈന്യങ്ങളുടെ യഹോവയെ ശുദ്ധീകരിപ്പിന്‍. അവന്‍തന്നെ നിങ്ങളുടെ ഭയവും നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ’ (8:12, 13).

അതെ ദൈവത്തെ ഭയപ്പെടാം. മനുഷ്യരെ ഭയപ്പെടാതിരിക്കാം. ‘വേട്ടക്കാരുടെ കെണിയില്‍നിന്നു പക്ഷിയെന്നപോലെ മനുഷ്യഭയം എന്ന കെണി പൊട്ടിച്ചു നമുക്കു വഴുതിപ്പോരാം'(സങ്കീ.124:7).

അധ്യായം 8 :
താഴ്മ വിതച്ചാല്‍ ജീവന്റെ കൊയ്ത്ത്


തോമസ് കെമ്പിസിന്റെ അതിപ്രശസ്ത ഗ്രന്ഥമായ ‘ക്രിസ്ത്വാനുകരണ'(Imitation of Christ)ത്തിന്റെ ഒരേയൊരു പോരായ്മ അതിന്റെ പേരാണ് എന്നു ചിലര്‍ പറയാറുണ്ട്. ക്രിസ്തുവിനെ, ക്രിസ്തുസ്വഭാവത്തെ, അനുകരിച്ച് ക്രമേണ ക്രിസ്തുവിലേക്ക് എത്താന്‍ കഴിയും എന്ന തെറ്റായ സന്ദേശമാണ് ക്രിസ്ത്വാനുകരണം എന്ന ഗ്രന്ഥനാമം മുന്നോട്ടു വയ്ക്കുന്നത് എന്നതാണ് ആ വിമര്‍ശനത്തിനു കാതല്‍.

ശരിയാണ്. ഒരു യഥാര്‍ത്ഥ ക്രിസ്തുഭക്തന്‍ ക്രിസ്തുവിനെ അനുകരിക്കുവാനല്ല, അവിടുത്തെ ജീവനിലേക്ക് എത്തുവാനാണ് ആഗ്രഹിക്കുന്നത്. ക്രിസ്തുവിന്റെ സ്വഭാവത്തിന്റെ ഏതെങ്കിലും ചില നന്മകള്‍(virtues) സ്വായത്തമാക്കുകയല്ല, മറിച്ച് ക്രിസ്തുവിനെത്തന്നെ നേടുകയാണ് അവന്റെ ലക്ഷ്യം. വിജയകരമായ ഒരു ക്രിസ്തീയജീവിതമല്ല അവന്‍ ഉന്നം വയ്ക്കുന്നത് മറിച്ച് ക്രിസ്തുതന്നെയാണ് അവന്റെ വിജയം. (1ശമുവേല്‍ 15:29-ല്‍ യിസ്രായേലിന്റെ മഹത്വമായവന്‍ എന്നു മലയാളത്തില്‍ കാണുന്നത് ഒരു ഭാഷാന്തരത്തില്‍ ‘യിസ്രയേലിന്റെ വിജയമായവന്‍’ (the victory of Israeli- Authorized standard version)എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉവ്വ് നമ്മുടെ വിജയം ക്രിസ്തു തന്നെയാണ്).

യേശുവിന്റെ താഴ്മയെക്കുറിച്ചു പറയുമ്പോള്‍, ഒരു വ്യക്തിയാകുന്നതും ആ വ്യക്തിയുടെ സ്വഭാവത്തെ അനുകരിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയിരിക്കുന്നത് നല്ലതാണ്. ഉദാഹരണത്തിന് യേശുവിന്റെ താഴ്മ ഏറ്റവും അധികം പ്രകടമാകുന്നത് ശിഷ്യന്മാരുടെ കാല്‍ കഴുകിയ രംഗത്താണെന്നു പറയാറുണ്ടല്ലോ. അന്ത്യഅത്താഴത്തിന്റെ സമയത്ത് ‘അവിടുന്ന് എഴുന്നേറ്റു വസ്ത്രം ഊരിവച്ച് ഒരു തുവര്‍ത്ത് എടുത്ത് അരയില്‍ ചുറ്റി ഒരു പാത്രത്തില്‍ വെള്ളം പകര്‍ന്നു ശിഷ്യന്മാരുടെ കാല്‍ കഴുകുവാനും അരയില്‍ ചുറ്റിയിരുന്ന തുണികൊണ്ടു തുടയ്ക്കുവാനും തുടങ്ങി’ (യോഹ.13:5). യഹൂദരീതിയനുസരിച്ച് വീട്ടില്‍ വരുന്നവരുടെ കാല്‍ കഴുകി തുവര്‍ത്തേണ്ടത് വീട്ടിലെ ദാസന്റെ ചുമതലയാണ്. യേശുവും ശിഷ്യന്മാരും പെസഹ കഴിപ്പാന്‍ ചെന്ന സ്ഥലത്ത് ആരും അവരുടെ കാല്‍ കഴുകി സ്വീകരിച്ചിട്ടില്ലെന്നു വേണം കരുതുവാന്‍. അങ്ങനെയെങ്കില്‍ ആര് ആ ദാസന്റെ പ്രവൃത്തി ചെയ്യും? ‘ഞാനോ നീയോ വലിയവന്‍’ എന്ന മത്സരത്തിലിരുന്ന ശിഷ്യന്മാരില്‍ ഒരാള്‍ പോലും അല്പനേരം കാത്തിരുന്നിട്ടും അതിനു തയ്യാറാകാതിരുന്നപ്പോള്‍ ഒടുവില്‍ അവരുടെ ഗുരുവും കര്‍ത്താവുമായ യേശു തന്നെ എഴുന്നേറ്റ് ആ ദാസന്റെ പ്രവൃത്തി ചെയ്തു. അവരുടെ എല്ലാം നായകനായിരുന്ന യേശുവിന്, ‘അതും താന്‍ ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നു എന്നും ദൈവത്തിന്റെ അടുക്കല്‍ പോകുന്നു എന്നും അറിഞ്ഞിരിക്കെ'(13:3) ദാസനെപ്പോലെ പെരുമാറുവാന്‍ എങ്ങനെ കഴിഞ്ഞു? അതിന് ഒരു മറുപടിയേ ഉള്ളു-അവിടുന്നു നേരത്തേതന്നെ ദാസനായിരുന്നു (ഫിലി.2:7 കാണുക). യേശു ദാസനായിരുന്നു; അതുകൊണ്ടുതന്നെ അവിടുത്തേക്കു ദാസന്റെ പ്രവൃത്തി ചെയ്യാന്‍ പ്രയാസമുണ്ടായിരുന്നില്ല.

ഇവിടെയാണ് യേശുവിനെപ്പോലെയാകുന്നതും യേശുവിന്റെ പ്രവൃത്തിയെ അനുകരിക്കുന്നതും തമ്മിലുള്ള വ്യത്യാസം. നാം കാല്‍ കഴുകി ദാസന്റെ പ്രവൃത്തിയെ അനുകരിക്കാന്‍ ശ്രമിക്കുന്നു. അതേ സമയം നാം ദാസനായിത്തീര്‍ന്നിട്ടില്ല. നമുക്കു ദാസനാകാതെ ദാസന്റെ പ്രവൃത്തി ചെയ്യാന്‍ കഴിയും. എന്നാല്‍ അങ്ങനെ ചെയ്യുമ്പോഴാണ് ആ പ്രവൃത്തി ഭാരമുള്ളതാകുന്നത്. നാം ചെയ്യുന്ന ദാസ്യപ്രവൃത്തിയില്‍ നമുക്കു പിറുപിറുപ്പും ഭാരവുമുണ്ടെങ്കില്‍ അതു വിരല്‍ ചൂണ്ടുന്നത് ഒരു കാര്യത്തിലേക്കാണ്-നാം ഒന്നാമതു ദാസനാകാതെയാണ് ദാസനെപ്പോലെ പെരുമാറുവാന്‍ ശ്രമിക്കുന്നത്.

യേശു നമ്മോടാവശ്യപ്പെടുന്നത് ദാസനെപ്പോലെ പെരുമാറാനോ ദാസന്റെ പ്രവൃത്തി ചെയ്യാനോ അല്ല, മറിച്ച് തന്നെപ്പോലെ ദാസനാകാനാണ്: ”നിങ്ങള്‍… ശുശ്രൂഷക്കാരന്‍ ആകണം…. നിങ്ങള്‍…. എല്ലാവര്‍ക്കും ദാസന്‍ ആകണം. അവന്‍…. എല്ലാവരിലും ഒടുക്കത്തവനും എല്ലാവര്‍ക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു (മര്‍ക്കൊ. 10:43,44; 9:35). നോക്കുക: യേശു പറഞ്ഞതിന്റെ രത്‌നച്ചുരുക്കം ഇതാണ്: ”മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകര്‍ക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനുമാണ് വന്നത്. അതുകൊണ്ട് നിങ്ങളും ശുശ്രൂഷകനും ഒടുക്കത്തവനും… ദാസനും ആയിരിക്കണം.”

എങ്ങനെയാണ് നമുക്കിത് കഴിയുക? ചിന്തകളിലാണ് തുടക്കം. നമ്മെക്കുറിച്ചുതന്നെ എളിയ ചിന്തകളിലായിരിക്കാന്‍ നമുക്കു കഴിയണം. നമ്മെ ന്യായീകരിക്കുന്ന, നമ്മെ പക്ഷം പിടിക്കുന്ന ചിന്തകള്‍ നമ്മെ വഴി തെറ്റിച്ചേക്കാം. അവയെ നിരാകരിക്കുക. സാധാരണ അവസരത്തില്‍ നമ്മള്‍ ചിന്തകളില്‍ നിഷ്പക്ഷത പാലിക്കും. എന്നാല്‍ മറ്റൊരാള്‍ നമ്മോടു പരുഷമായി പെരുമാറുകയോ നമ്മെ നോവിക്കുകയോ ചെയ്താല്‍ അടിയേറ്റ പാമ്പിനെപ്പോലെ നമ്മുടെ ചിന്തകള്‍ അദ്ദേഹത്തിനെതിരെ തിരിയുകയായി. എന്നാല്‍ നൂറു ശതമാനവും ന്യായം നമ്മുടെ ഭാഗത്താണോ? നാം കാണാത്ത എന്തെങ്കിലും വീഴ്ച നമ്മുടെ ഭാഗത്തു സംഭവിച്ചിട്ടുണ്ടാകുകയില്ലേ? ഒരു കഥ കേള്‍ക്കുക:

ഒരു അന്ധന്‍ സുഹൃത്തിന്റെ വീട്ടില്‍ ഇരുന്നു സംസാരിച്ചു രാത്രി ഏറെ ഇരുട്ടി. ഒടുവില്‍ അന്ധന്‍ തിരിച്ചു സ്വന്തം വീട്ടിലേക്കു പോകാന്‍ എഴുന്നേറ്റപ്പോള്‍ സുഹൃത്ത് ഒരു വിളക്കു കത്തിച്ച് കയ്യില്‍ കൊടുത്തു. അന്ധന് ഒന്നും മനസ്സിലായില്ല. അദ്ദേഹം ചോദിച്ചു: ”സുഹൃത്തേ, നിങ്ങള്‍ എന്നെ കളിയാക്കുകയാണോ? ഞാനൊരു കുരുടനാണെന്നു അറിഞ്ഞുകൂടെ? രാത്രിയും പകലും എനിക്കൊരുപോലെയാണ്. പിന്നെന്തിനാണ് എനിക്കു വിളക്ക്?”

സുഹൃത്തു പറഞ്ഞു: ”താങ്കള്‍ക്കു വേണ്ടിയല്ല ഈ വിളക്ക്. രാത്രിയില്‍ ഇരുട്ടത്ത് താങ്കള്‍ നടന്നുപോകുമ്പോള്‍ ആരും താങ്കളെ ഇങ്ങോട്ടു വന്നു മുട്ടാതിരിക്കാന്‍ ഈ വിളക്കു സഹായിക്കും.”
‘ശരിയാണല്ലോ’ എന്നോര്‍ത്ത് അന്ധന്‍ നന്ദിപറഞ്ഞ് ആ വിളക്കും വാങ്ങി ഇരുട്ടിലൂടെ നടന്നുപോയി.

അന്ധന്‍ അങ്ങനെ പോകുമ്പോള്‍ എതിരെ വന്ന ഒരാള്‍ അന്ധനെ മുട്ടി. ഇരുവരും താഴെ വീണു. ചാടിയെഴുന്നേറ്റ് അന്ധന്‍ ക്ഷുഭിതനായി. ”ആരും എന്നെ വന്ന് ഇടിക്കാതിരിക്കാനാണ് കരുടനായിട്ടും ഞാന്‍ വിളക്കും പിടിച്ചു വന്നത്. എന്നിട്ടും താങ്കള്‍ വന്ന് എന്നെ മുട്ടിയല്ലോ.”
മുട്ടിയ ആളുടെ മറുപടി: ”അതിനു താങ്കളുടെ കൈയില്‍ വിളക്കുണ്ടായിരുന്നോ? ഞാന്‍ കണ്ടില്ലല്ലോ.”

അയാള്‍ പറഞ്ഞതു ശരിയായിരുന്നു. കാരണം നടത്തത്തിനിടയില്‍ വിളക്ക് എപ്പോഴേ അണഞ്ഞുപോയിരുന്നു. അന്ധന്‍ അന്ധനായിരുന്നതുകൊണ്ട് അത് അറിഞ്ഞില്ലെന്നു മാത്രം.

ആരെങ്കിലും ജീവിതയാത്രയ്ക്കിടയില്‍ നമ്മെ വന്നു മുട്ടുമ്പോള്‍ നമുക്കു നമ്മുടെ ന്യായങ്ങള്‍ ഉണ്ട്: ”എനിക്കെന്റെ പരിമിതികളുണ്ടായിട്ടും താങ്കളെ കരുതി ഞാനെന്തെല്ലാം മുന്‍കരുതലുകളെടുത്തു. എന്നിട്ടും താങ്കള്‍ എന്നെ വന്നു മുട്ടിയല്ലോ സുഹൃത്തേ.” എന്നാല്‍ വാസ്തവം എന്താണ്? നമ്മുടെ അയാളോടുള്ള സ്‌നേഹത്തിന്റെ, കരുതലിന്റെ, വിളക്ക് എപ്പോഴോ അണഞ്ഞുപോയി. നാം അതിനെക്കുറിച്ച് അന്ധനായിരുന്നു!

ചിന്തകളില്‍ നമുക്കു നമ്മുടെ പക്ഷം പിടിക്കാതിരിക്കാം. മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ ധൈര്യപ്പെടാതിരിക്കാം. കാരണം വീഴ്ച നമ്മുടെ ഭാഗത്തായിരുന്നിരിക്കാം.

ഉവ്വ്, ചിന്തകളില്‍ താഴ്മ വിതച്ചാല്‍ നമുക്കുവേണ്ടി ദാസനായ ക്രിസ്തുവിന്റെ ജീവനിലുള്ള കൊയ്ത്ത് നമ്മുടേതായിരിക്കും.

അധ്യായം 9 :
ദൈവത്തില്‍ വിശ്രമിക്കുക


‘താന്‍ പാതി ദൈവം പാതി’ എന്നത് ഈ ലോകത്തിന്റെ ഒരു പ്രമാണം ആണ്. നാം നമ്മുടെ ഭാഗത്ത് ചെയ്യാനുള്ളത് ചെയ്താല്‍ ദൈവം ബാക്കി പൂര്‍ത്തിയാക്കിക്കൊള്ളും എന്നാണ് അതിന്റെ അര്‍ത്ഥം. ഈ ലോകത്ത് കാര്യങ്ങള്‍ നടന്നുപോകാന്‍, ആളുകള്‍ക്ക് ഉത്സാഹം പകരാന്‍, ഈ പഴമൊഴി സഹായിച്ചേക്കും. എന്നാല്‍ ആത്മീയകാര്യങ്ങളെ സംബന്ധിച്ച പ്രമാണം ഇതല്ല. ആത്മീയതലത്തില്‍ പകുതിയല്ല, മുഴുവനും ദൈവം മാത്രമാണ്; എല്ലാം ദൈവത്തില്‍ മാത്രം അധിഷ്ഠിതമാണ്. നമ്മുടെ അധ്വാനത്തിനും വിയര്‍പ്പിനും അവിടെ സ്ഥാനമില്ല. ‘സകലവും അവനില്‍നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ'(റോമ.11:36).

മനുഷ്യനെ സംബന്ധിച്ച് എല്ലാം ദൈവത്തിന്റെ ദാനമാണ്. എല്ലാ തരത്തിലുള്ള ജീവനും നമുക്ക് ദൈവത്തില്‍നിന്നും ലഭിച്ചതാണ്. നാം ഭൂമിയില്‍ പിറന്നതും ഈ ഭൗതികമായ ജീവിതവും-അതു നമ്മുടെ പ്രയത്‌നഫലമല്ല ദൈവത്തിന്റെ ദാനമാണ്. നാം നമ്മുടെ ജീവിതം ദൈവത്തില്‍നിന്നു സ്വീകരിക്കുക മാത്രമാണു ചെയ്തത്. നമ്മുടെ ആത്മീയജീവനോ? അതും ദൈവത്തിന്റെ ദാനമാണ് (റോമര്‍ 6:23 -കര്‍ത്താവായ യേശുക്രിസ്തുവിലെ നമ്മുടെ നിത്യജീവന്‍ ദൈവത്തിന്റെ കൃപാവരമാണ്- Gift of God).

ആത്മീയജീവനെ സംബന്ധിച്ച്, അതിന്റെ പുരോഗതി സംബന്ധിച്ച്, എല്ലാം ദൈവം ദാനമായി നല്‍കിയിരിക്കുന്നു. രക്ഷ അവിടുത്തെ ദാനമാണ്(വെളി.7:10). നമ്മെ നീതീകരിച്ചതും(Justification) ദൈവംതന്നെ ചെയ്തതാണ്. തുടര്‍ന്നുള്ള നമ്മുടെ വിശുദ്ധീകരണവും (Sanctification) വിജയകരമായ ജീവിതവും (Victorious living). അതും ദൈവത്തിന്റെ പ്രവൃത്തിയാണ്. നീതീകരണം വിശ്വാസത്താല്‍ നടക്കുമെന്നും എന്നാല്‍ വിശുദ്ധീകരണം നമ്മുടെ പ്രവൃത്തികളുടെ ഫലമാണെന്നും കരുതുന്നവരുണ്ട്. എന്നാല്‍ വിശുദ്ധീകരണമാകട്ടെ വിജയകരമായ ജീവിതമാകട്ടെ എല്ലാം ദൈവത്തിന്റെ ദാനമാണ് (1കൊരി.1:30; പ്രവൃത്തി15:9; 26:18; റോമ.9:30-32). സകല മാനവും മഹത്വവും അവിടുത്തേക്ക്!

ഇതാകുന്നു വസ്തുതയെങ്കില്‍ നാം ഒന്നും ചെയ്യേണ്ടതില്ലേ? നാം കൈയും കെട്ടി വെറുതെ ഇരുന്നാല്‍ മതിയോ? ദൈവത്തിന്റെ അതുല്യമായ ഈ രക്ഷാകരപ്രവൃത്തിയില്‍ നമ്മുടെ ഭാഗം (role) എന്താണ്?

യേശു ഈ ഭൂമിയില്‍ വന്നത് നമ്മെ സംബന്ധിച്ചുള്ള രക്ഷണ്യപ്രവൃത്തിക്കായാണ്. യേശുവിന്റെ ഭൂമിയിലേക്കുള്ള വരവിന്റെ ലക്ഷ്യം പുതിയനിയമത്തിന്റെ തുടക്കത്തില്‍ത്തന്നെ ദൂതന്‍ വിവരിക്കുന്നതു ശ്രദ്ധിക്കുക: ”അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു രക്ഷിക്കും” (മത്താ.1:21). ഈ പ്രഖ്യാപനം രണ്ടു കാര്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഒന്ന്: കേവലം പാപത്തിന്റെ ക്ഷമയല്ല പാപത്തില്‍നിന്നുള്ള സമ്പൂര്‍ണ്ണമായ രക്ഷയാണ് യേശുവിന്റെ രക്ഷാകരപ്രവൃത്തിയുടെ ആത്യന്തികലക്ഷ്യം. രണ്ട്: പാപക്ഷമ ദൈവത്തിന്റെ ദാനമായിരിക്കുന്നതുപോലെ പാപം വാഴാത്ത വിജയകരമായ ജീവിതവും ദൈവത്തിന്റെ ദാനമാണ്.

യേശുവിന്റെ രക്ഷണ്യപ്രവൃത്തിയുടെ പൂര്‍ത്തീകരണം കാല്‍വറിക്രൂശിലാണ് നാം കാണുന്നത്. ക്രൂശിലെ യേശുവിന്റെ പ്രഖ്യാപനം എല്ലാം നിവൃത്തിയായി (It is finished) എന്നതായിരുന്നല്ലോ. അര്‍ത്ഥം രക്ഷണ്യപ്രവൃത്തി സംബന്ധിച്ച് എല്ലാ കാര്യങ്ങളും പൂര്‍ത്തിയായിരിക്കുന്നു! അതിനോടു നമുക്ക് ഒന്നും കൂട്ടിച്ചേര്‍ക്കുവാന്‍ സാധ്യമല്ല. പാപത്തില്‍നിന്നുള്ള രക്ഷ സംബന്ധിച്ചും പാപം കര്‍ത്തൃത്വം നടത്താത്ത വിജയകരമായ ജീവിതം സംബന്ധിച്ചും വേണ്ടതെല്ലാം അവിടുന്നു പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

എന്നാല്‍ ഇതൊരു വസ്തുനിഷ്ഠമായ സത്യമാണ് (objective truth). ഇതിനെ ആത്മനിഷ്ഠമായ ഒരു യാഥാര്‍ത്ഥ്യമായി (objective truth) നാം മാറ്റേണ്ടതുണ്ട്. വസ്തുനിഷ്ഠമായ സത്യം ഇങ്ങനെ ആയിരിക്കുമ്പോള്‍ത്തന്നെ ഇതു നമ്മെ സംബന്ധിച്ചു യാഥാര്‍ത്ഥ്യമായിത്തീരാന്‍ നാം ദൈവത്തിന്റെ പ്രവൃത്തിയോടു സഹകരിക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിനു വീണ്ടും ജനനത്തിന്റെ കാര്യം എടുക്കുക. ലോകത്തിലുള്ള എല്ലാ മനുഷ്യരുടെയും വീണ്ടെടുപ്പിനു വേണ്ടിയാണ് യേശു ക്രൂശില്‍ മരിച്ചത്. പക്ഷേ ലോകത്തിലെ മുഴുവന്‍ മനുഷ്യരും വീണ്ടും ജനിച്ചു ദൈവമക്കളാകുന്നില്ലല്ലോ. യേശുവിന്റെ പ്രായശ്ചിത്ത ബലിയില്‍ വിശ്വസിച്ച് അനുതാപത്തോടെ അത് ഏറ്റെടുക്കുന്നവര്‍ മാത്രമാണ് വീണ്ടും ജനിക്കുന്നത്. എന്നു പറഞ്ഞതുപോലെ പാപത്തിന്റെ മേല്‍ ജയമുള്ള വിശുദ്ധമായ ഒരു വിജയകരമായ ജീവിതം എല്ലാ വിശ്വാസികള്‍ക്കുമുള്ള വാഗ്ദാനമാണ്. എന്നാല്‍ അത്തരം ഒരു ജീവിതത്തെക്കുറിച്ചു കേള്‍ക്കുകയും വിശ്വസിക്കുകയും വാഞ്ഛിക്കുകയും അതിനായി സമര്‍പ്പിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചു മാത്രമേ അതു യാഥാര്‍ത്ഥ്യമായിത്തീരുന്നുള്ളു.

ബൈബിളില്‍ നിന്നു രണ്ടു വാക്യങ്ങള്‍ നോക്കാം. കൊലോ. 3:3-ഉം 3:5-ഉം. 3:3-ല്‍ ‘നിങ്ങള്‍ മരിച്ചു നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടുകൂടെ ദൈവത്തില്‍ മറഞ്ഞിരിക്കുന്നു’ എന്നു കാണുന്നു. അതേ സമയം 3:5-ല്‍ ‘ആകയാല്‍ ദുര്‍ന്നടപ്പ്, അശുദ്ധി, അതിരാഗം, ദുര്‍മ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിന്‍ എന്നു വായിക്കുന്നു. ഒരിടത്തു നാം മരിച്ചു എന്നും മറ്റൊരിടത്തു നാം മരിപ്പിക്കണം എന്നുമാണ് കാണുന്നത്. ഇവ തമ്മില്‍ എങ്ങനെയാണ് ചേര്‍ന്നുപോകുന്നത്? ഇവ പരസ്പര വിരുദ്ധമല്ലേ? അല്ല. നാം ക്രിസ്തുവിനോടുകൂടെ മരിച്ചു എന്നതും അടക്കപ്പെട്ട് ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗസ്ഥലങ്ങളില്‍ ഇരുത്തപ്പെട്ടിരിക്കുന്നുവെന്നതും സത്യമാണ്. എന്നാല്‍ ഇതു നമ്മുടെ പദവി(Position)യാണ്. പക്ഷേ പദവിയനുസരിച്ചുള്ള സത്യം (Positional fact) അങ്ങനെയായിരിക്കുമ്പോള്‍ത്തന്നെ അതു നമ്മുടെ അനുഭവം (Experience) ആയി മാറിയിട്ടില്ല. 3:5-ല്‍ ‘ദിനംതോറും… മരിപ്പിപ്പിന്‍’ എന്നു പറയുമ്പോള്‍ 3:3-ലെ ‘പദവി’ അനുസരിച്ചുള്ള സത്യത്തെ ‘അനുഭവ’തലത്തിലേക്കു കൊണ്ടുവന്നു യാഥാര്‍ത്ഥ്യമാക്കാനുള്ള ആഹ്വാനമാണത്. അല്ലാതെ 3:3-ഉം 3:5-ഉം പരസ്പര വിരുദ്ധമല്ല.

ഇവിടെ മറ്റൊരു ചോദ്യം ഉയരാം. ”പദവി അനുസരിച്ചുള്ള സത്യ ത്തെ അനുഭവതലത്തിലെത്തിക്കാനായി ‘ദിനംതോറും ഭൂമിയിലുള്ള അവയവങ്ങളെ മരിപ്പിക്കുക’ എന്ന പ്രവൃത്തി നമ്മുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ടല്ലോ. അപ്പോള്‍ ആ പ്രയത്‌നത്തിന്റെ ഉത്തരവാദിത്തവും പുകഴ്ചയും നമുക്കു തന്നെയല്ലേ? അതു നമ്മുടെതന്നെ ഒരു പ്രവൃത്തിയല്ലേ?” ഇതാണ് ആ ചോദ്യം.

ഇതിന് എന്താണു മറുപടി? ഫിലിപ്യര്‍ 2:12-13-ല്‍ നാം ഇതിന്റെ ഉത്തരമാണ് കാണുന്നത്: ”ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷയ്ക്കായി പ്രവര്‍ത്തിപ്പിന്‍. ഇച്ഛിക്ക എന്നതും പ്രവര്‍ത്തിക്ക എന്നതും നിങ്ങളില്‍ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവര്‍ത്തിക്കുന്നത്.” ഇവിടെ ‘രക്ഷയ്ക്കായി ഭയത്തോടും വിറയലോടും കൂടെ പ്രവര്‍ത്തിക്കണം’ എന്നുതന്നെ നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ അതിനോടു ചേര്‍ന്നു പറഞ്ഞിരിക്കുന്നത് ”അങ്ങനെ പ്രവര്‍ത്തിക്കാനുള്ള ശക്തിയും ആഗ്രഹവും നമുക്കു തരുന്നത് ദൈവത്തിന്റെ ഒരു പ്രവൃത്തി”യാണ് എന്നാണ്. അങ്ങനെയെങ്കില്‍ ഇച്ഛിച്ചതിനോ പ്രവര്‍ത്തിച്ചതിനോ എന്തെങ്കിലും പുകഴ്ച നമുക്കവകാശപ്പെടാന്‍ കഴിയുമോ? അതു പൂര്‍ണ്ണമായും ദൈവത്തിന്റെ ഒരു പ്രവൃത്തിയാണെന്നു ബോധ്യപ്പെട്ടു സകല ബഹുമാനവും പുകഴ്ചയും നാം അവിടുത്തേക്കു മാത്രമല്ലേ നല്‍കുകയുള്ളു?

ഉവ്വ് വിജയകരമായ, വിശുദ്ധമായ ജീവിതവും ദൈവത്തിന്റെ ദാനമാണ്. നമുക്കു തന്നില്‍ ചാരി വിശ്രമിക്കാം.

അധ്യായം 10 :
സത്യത്തിന്റെ സന്തുലനം


ഇന്നു ഭാഷയിലെ ഏറ്റവും കൂടുതല്‍ ഭയജനകമായ വാക്ക് ഏതാണ്? അതു ‘തീവ്രവാദം’ എന്നതാണ്. ലോകമെങ്ങും മതത്തിന്റെ പേരിലുള്ള തീവ്രവാദം നിരപരാധികളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഒരു കാലഘട്ടത്തില്‍ തീവ്രവാദം എന്നത് ഭാഷയിലെ ഏറ്റവും നിഷിദ്ധ വാക്കായി (taboo) മാറിയതില്‍ എന്താണത്ഭുതം?

ചോരയിലെഴുതിയ തീവ്രവാദത്തോടുള്ള പ്രതികരണം എന്ന നിലയില്‍ ഒരു കാര്യത്തിലും തീവ്രവാദപരമായ ഒരു നിലപാട് വേണ്ട എന്ന ചിന്തയാണ് ഇന്നു പരക്കെ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. ആത്മീയരംഗത്തും ഈ കാഴ്ചപ്പാട് മെല്ലെ പിടി മുറുക്കുകയാണ്. ഇതിന്റെ ഫലമെന്താണ്? ‘ഇപ്പോള്‍ പോകുന്നതു പോലെയൊക്കെയങ്ങു പോയാല്‍ മതി’ എന്ന ചിന്തയോടെ നിഷ്‌ക്രിയതയ്ക്കു കീഴടങ്ങുന്ന മനോഭാവം ആളുകളെ സ്വാധീനിക്കുന്നു. സത്യമാണെന്ന് അറിയാമെങ്കിലും മുന്നോട്ട് ഒരു ചുവടു വയ്ക്കാതെ ‘അതിരു വിട്ടു പോകുമോ’ എന്ന പേടിയോടെ അറച്ചു നില്‍ക്കുന്ന അവസ്ഥ. ‘സത്യം അവരെ സ്വതന്ത്രരാക്കേണ്ട’താണ് (യോഹ.8:32). എന്നാല്‍ അത് തീവ്രവാദപരമായ ഒരു നിലപാടാകുമോ എന്ന ഭയം മൂലം ‘രക്ഷിക്കപ്പെടുവാന്‍ തക്കവണ്ണം സത്യത്തെ സ്‌നേഹിച്ചു കൈക്കൊള്ളുവാന്‍ അവര്‍ക്കു കഴിയാതെ പോകുന്നു’ (2തെസ്സ.2:10). വാസ്തവത്തില്‍ തീവ്രമായൊരു നിലപാടെടുക്കാതെ ആര്‍ക്കെങ്കിലും ഏതെങ്കിലും രംഗത്ത് പുരോഗതി കൈവരിക്കുവാന്‍ കഴിയുമോ?

പ്രശസ്ത ക്രിസ്തീയ ചിന്തകന്‍ ഏ.ഡബ്ല്യു. ടോസര്‍ ആത്മീയ പുരോഗതിക്ക് അവശ്യം വേണ്ട തീവ്രമായ നിലപാടിന് ഊടും പാവും പാകുന്ന ഘടകങ്ങളെ ‘മൂന്ന് ആത്മീയനിയമങ്ങള്‍’ എന്ന തന്റെ ലേഖനത്തില്‍ ഇഴപിരിച്ചു കാട്ടുന്നുണ്ട്. വ്യക്തിയുടെയായാലും സഭയുടെയായാലും ആത്മീയ മുന്നേറ്റത്തിന്റെ ആധാരശിലകള്‍ അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ആകര്‍ഷണം (fascination), അതീവശ്രദ്ധ(concentration), സമര്‍പ്പണം(surrender) എന്നിവയാണ്. ഒരു കാര്യത്താല്‍ ആകര്‍ഷിക്കപ്പെട്ട് അതില്‍ത്തന്നെ പൂര്‍ണ്ണശ്രദ്ധ നല്‍കി അതിനുവേണ്ടി സമ്പൂര്‍ണ്ണ സമര്‍പ്പിതനായി മുന്നോട്ടു പോകുക. അതില്‍ കുറഞ്ഞ ഒരു നിലപാടിനും പുരോഗതി നേടാനാവില്ല. ഒതു കായിക താരമായാലും സംഗീതജ്ഞനായാലും ശാസ്ത്രജ്ഞനായാലും തങ്ങളുടെ രംഗത്ത് വിജയം കൈവരിക്കുന്നത് ഈ മൂന്നു നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. അലസമായ, ഉള്ളതുകൊണ്ടു തൃപ്തിപ്പെട്ട, ഒരു മനോഭാവത്തിനു പുരോഗതി എന്നും അകലെയായിരിക്കും. ഭൗതികകാര്യങ്ങളെക്കുറിച്ച് ഇതു ശരിയാണെങ്കില്‍ ആത്മീയരംഗത്ത് എത്ര തീവ്രമായ വാഞ്ഛയും നിലപാടും ഉണ്ടായിരിക്കണം! (‘നാം എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവര്‍ ആയിരിക്കണം’ എന്ന പത്രൊസിന്റെ വാക്കുകളില്‍- 2 പത്രൊ.3:12- മുഴങ്ങിക്കേള്‍ക്കുന്നത് ആത്മീയലോകത്തും അവശ്യമായ, തീവ്രമായ നിലപാടിനുവേണ്ടിയുള്ള ആഹ്വാനമല്ലേ?). യേശു ഒരിക്കല്‍ പറഞ്ഞു: ”അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍…എന്റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പിന്‍” (മത്താ.11:28,29). എന്താണിതിന്റെ അര്‍ത്ഥം? വാസ്തവത്തില്‍ അവിടുന്നു പറഞ്ഞത് ‘എന്നാല്‍ ആകര്‍ഷിക്കപ്പെട്ട് എന്റെ അടുത്തേക്കു വരിക. എന്നെത്തന്നെ തീവ്രതയോടെ ശ്രദ്ധിച്ച് എന്നില്‍ മുഴുകുക. എന്നില്‍ സമര്‍പ്പിതനായി പൂര്‍ണ്ണമായി കീഴടങ്ങി എല്ലാം എന്നില്‍ അര്‍പ്പിക്കുക’ എന്നല്ലേ? ഇത്രയും തീവ്രമായ നിലപാടില്‍ കുറഞ്ഞ ഒന്നുകൊണ്ട് യേശു തൃപ്തനാകുമോ?

‘ദൈവവചനത്തിലെ സത്യങ്ങളെക്കുറിച്ചുള്ള സന്തുലിതമായ (Balanced) ഒരു കാഴ്ചപ്പാടല്ലേ നമുക്കു വേണ്ടത്?’ എന്ന ചോദ്യം ഉന്നയിച്ച് തീവ്രമായ നിലപാടില്‍നിന്നു വഴുതിമാറുന്ന ധാരാളംപേര്‍ ഇന്നു ക്രിസ്തീയലോകത്തുണ്ട്. എന്തുകൊണ്ടാണിത്? തീര്‍ച്ചയായും തീവ്രമായ ഒരു നിലപാടിന് (അതു ശിഷ്യത്വമാകട്ടെ വിശുദ്ധജീവിതമാകട്ടെ) ഒരു വില കൊടുക്കേണ്ടതുണ്ട്. അത് ഒഴിവാക്കാനായി സത്യത്തിന്റെ സമതുലിതാവസ്ഥയെ അവര്‍ മറയാക്കുകയല്ലേ എന്നു സംശയിക്കണം.
തീര്‍ച്ചയായും ദൈവവചനത്തിലെ സത്യങ്ങള്‍ വളരെ സന്തുലിതമാണ്. എന്നാല്‍ സഭാചരിത്രം പഠിച്ചാല്‍ ആദ്യനൂറ്റാണ്ടിനുശേഷം നഷ്ടപ്പെട്ടുപോയ ഓരോ സത്യങ്ങളെ ഓരോ കാലഘട്ടത്തിലും പരിശുദ്ധാത്മാവു സഭയില്‍ പ്രത്യാനയിക്കുകയാണ് ചെയ്യുന്നതെന്നു ചൂണ്ടിക്കാണിക്കുന്ന ശ്രദ്ധേയമായ ഒരു ലേഖനം വാച്ച്മാന്‍ നീയുടേതായുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ മാര്‍ട്ടിന്‍ ലൂഥറിലൂടെ വിശ്വാസത്താലുള്ള രക്ഷ എന്ന സത്യത്തിനു പരിശുദ്ധാത്മാവ് ഊന്നല്‍ നല്‍കി. 18-ാം നൂറ്റാണ്ടില്‍ ജോണ്‍ വെസ്ലി വിശുദ്ധീകരണം എന്ന സത്യത്തിലേക്കു ജനങ്ങളെ വെല്ലുവിളിച്ചു. 20-ാം നൂറ്റാണ്ടില്‍ പെന്തക്കോസ്തു മുന്നേറ്റത്തിലൂടെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ശ്രദ്ധ ലഭിച്ചു…ഇവിടം കൊണ്ടു കാര്യങ്ങള്‍ അവസാനിച്ചില്ല. മുന്നോട്ടുപോകുന്ന പരിശുദ്ധാത്മാവിന്റെ തരംഗചലനത്തോടൊപ്പം മുന്നോട്ടു പോകുകയാണ് വിശ്വാസി ചെയ്യേണ്ടത്. തീര്‍ച്ചയായും പൂര്‍ണമായ ദൈവവചനം ഇന്നു നമുക്കു ലഭ്യമായിട്ടുണ്ട്. ഈ വചനത്തിന്റെ സന്തുലിതമായ കാഴ്ചപ്പാടിന്റെ നാലതിരുകള്‍ക്കുള്ളില്‍ നില്ക്കുമ്പോള്‍തന്നെ ഒന്നാം നൂറ്റാണ്ടിലെ സഭയില്‍ ഉണ്ടായിരുന്നതും പിന്നീടു നഷ്ടമായതുമായ ഏതെങ്കിലും സത്യത്തിലേക്കു നമ്മെ പ്രത്യാനയിക്കാന്‍ ഇന്നു പരിശുദ്ധാത്മാവ് ശ്രമിച്ചാല്‍ ആ ഊന്നല്‍ (emphasis) നാം കാണാതെ പോകരുത്; അതിലേക്കു വിരല്‍ ചൂണ്ടുന്ന പ്രവാചകരേയും.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഒരു കാലഘട്ടത്തിലും ഒരു പ്രവാചകനും സമതുലനം ഉള്ളവരായിരുന്നില്ല. അവര്‍ തീവ്രമായ നിലപാടുകള്‍ ഉള്ളവരായിരുന്നു. അതതു കാലഘട്ടങ്ങളിലെ ദൈവത്തിന്റെ ഹൃദയഭാരത്തിന്റെ വക്താക്കളായിരുന്നതുകൊണ്ട് അവരെ സംബന്ധിച്ച് ആ കാലഘട്ടത്തിനു നല്‍കാന്‍ ഒരൊറ്റ സന്ദേശമേ ഉണ്ടായിരുന്നുള്ളു. ഉദാഹരണത്തിനു യോഹന്നാന്‍ സ്‌നാപകനെ നോക്കുക: വേഷത്തിലും ഭാഷയിലും ജീവിതരീതിയിലുമെല്ലാം ഒരു തീവ്രവാദിയെപ്പോലെ തോന്നിച്ച യോഹന്നാന് ഒരൊറ്റ സന്ദേശമേ ഉണ്ടായിരുന്നുള്ളു -‘മാനസാന്തരപ്പെടുവിന്‍.’ പരീശരോ സദൂക്യരോ ചുങ്കക്കാരോ പടജ്ജനമോ വന്നാലും യോഹന്നാനു പറയാനുണ്ടായിരുന്നത് അതു മാത്രമായിരുന്നു (മത്താ.3:7; ലൂക്കൊ.3:12,14). യോഹന്നാന്‍ എപ്പോഴും സത്യത്തിന്റെ പക്ഷത്തായിരുന്നു. പക്ഷേ ആ സത്യത്തിന് എപ്പോഴും അദ്ദേഹത്തിനു തന്റേതായ ഒരു ഊന്നല്‍ (emphasis) ഉണ്ടായിരുന്നു!

സത്യത്തിന്റെ സന്തുലനത്തെക്കുറിച്ചുള്ള ബോധ്യം ഈ കാലഘട്ടത്തിലെ പരിശുദ്ധാത്മാവിന്റെ സ്വരം വേറിട്ടു കേള്‍ക്കുന്നതില്‍നിന്നു നമ്മെ അകറ്റിക്കളയാതിരിക്കട്ടെ. കേരളക്കരയില്‍ പെന്തക്കോസ്തു മുന്നേറ്റം ഒരു പ്രത്യേക ഘട്ടത്തിലെത്തി തളംകെട്ടി നില്‍ക്കുകയാണ്. ഇനി? ഇനി എന്തെന്നു കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

അധ്യായം 11 :
വളര്‍ച്ച, പക്വത, പൂര്‍ണ്ണത


വളര്‍ച്ചയെക്കുറിച്ചു പറയുമ്പോള്‍ അപ്പൊസ്തലനായ പൗലൊസ് എഫെസ്യ ലേഖനത്തില്‍ രണ്ട് ഉദാഹരണങ്ങള്‍ നല്‍കുന്നു. ഒരു കെട്ടിടം പണിതു പൂര്‍ത്തീകരിച്ചു കൊണ്ടുവരുന്നതിന്റെ ചിത്രമാണ് ഒന്ന് (2:20-22). ഒരു ചെടി ആഴത്തിലേക്കു വേരൂന്നി വളര്‍ന്നു വരുന്നതിനെക്കുറിച്ചുള്ളതാണ് രണ്ടാമത്തെ ഉദാഹരണം (3:17).

നാള്‍ കഴിയുന്തോറും കെട്ടിടം വലുതായി വരികയാണ്; ചെടിയും അങ്ങനെ തന്നെ. വളര്‍ച്ചയുടെ രണ്ടു ചിത്രങ്ങള്‍. പക്ഷേ രണ്ടും തമ്മില്‍ അല്പം വ്യത്യാസമുണ്ട്. കെട്ടിടം വളരുകയല്ല, പണിയുകയാണ്. മറിച്ച് ചെടിയുടെ വളര്‍ച്ച അതിന്റെ തന്നെയുള്ള സ്വാഭാവിക വളര്‍ച്ചയാണ്.

സഭയുടെ വളര്‍ച്ചയെക്കുറിച്ചു പറയുമ്പോഴാണ് പൗലൊസ് കെട്ടിടം പണിയുടെ ഉദാഹരണം നല്‍കുന്നത്. സഭയുടെ നാഥനായ ക്രിസ്തു ‘ഞാനെന്റെ സഭയെ പണിയും’ എന്നാണല്ലോ പറയുന്നത്. എന്നാല്‍ ദൈവസ്‌നേഹത്തില്‍ വേരൂന്നിയുള്ള വിശ്വാസിയുടെ വളര്‍ച്ചയ്ക്കു നിദര്‍ശനമായാണു ചെടി വളര്‍ന്നു വലുതാകുന്ന ഉദാഹരണം പൗലൊസ് നല്‍കുന്നത്. ദൈവമാണു വളരുമാറാക്കുന്നത് എന്നതു സത്യം (1 കൊരിന്ത്യര്‍ 3:6). എന്നാല്‍ നാം വളരേണ്ടിയിരിക്കുന്നു (1 പത്രൊ. 2:2; 2 പത്രൊ. 3:18).

അതെ, ദൈവത്തില്‍ നിന്നു ജനിച്ച ഒരുവന്റെ സ്വാഭാവിക ലക്ഷണമാണു വളര്‍ച്ച. കാരണം അവിടുത്തെ വിത്ത് അവനില്‍ വസിക്കുന്നുവല്ലോ (1 യോഹ.3:9). ഒരു പുതുജനനം ലഭിച്ച വിശ്വാസി വളരും; വളരണം. താഴെ വേരൂന്നി മീതെ ഫലം കായിച്ചാണ് ആ വളര്‍ച്ച (യെശ. 37:31).

വളര്‍ച്ചയുടെ ലക്ഷ്യത്തെക്കുറിച്ചു ചിന്തിക്കുമ്പോഴാണ് പൂര്‍ണത (Perfection) എന്ന കാര്യം വരുന്നത്. വളര്‍ച്ച ഓട്ടം പോലെയാണ്. അതിനൊരു ലക്ഷ്യമുണ്ട്. ആ ലക്ഷ്യം എന്താണ്?. വളര്‍ച്ച ആത്യന്തികമായി എവിടെ വരെയാണ്? പൗലൊസ് എഫെസ്യ ലേഖനത്തില്‍ തന്നെ അതും വ്യക്തമാക്കിയിട്ടുണ്ട്. – ക്രിസ്തു എന്ന തലയോളം (4:15). വിശ്വാസികളുടെ ഈ വളര്‍ച്ചയെ ഓട്ടമായി ചിത്രീകരിച്ചശേഷം എബ്രായ ലേഖനകാരനും അത് ആരെ നോക്കിയാണ് ഓടേണ്ടതെന്നു ചൂണ്ടിക്കാട്ടുന്നു- ‘വിശ്വാസത്തിന്റെ നായകനും പൂര്‍ത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക’ (12:2).

എബ്രായര്‍ 12 ആരംഭിക്കുന്നത് ‘ആകയാല്‍’ എന്ന ഘടക പദത്തോടെയാണ്. അര്‍ത്ഥം ഇതിനു തലേ അധ്യായത്തോടു നാഭീനാള ബന്ധമുണ്ട് എന്നാണ്. വിശ്വാസ വീരന്മാരുടെ നീണ്ട പട്ടികയാണ് അവിടെ 11-ാം അധ്യായത്തില്‍ കൊടുത്തിരിക്കുന്നത്. ഹാബേല്‍, ഹാനോക്ക്, നോഹ, അബ്രാഹാം… എന്നിങ്ങനെ. അവരെ കാലക്രമം അനുസരിച്ചു തുടക്കം മുതല്‍ തന്നെ വിവരിച്ചശേഷം ഇവരെ ആരെയും ലക്ഷ്യമാക്കാന്‍ പറഞ്ഞിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കുക. മറിച്ച് വിശ്വാസത്തിന്റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവിനെ ലക്ഷ്യമാക്കാനാണു നമ്മോട് അവിടെ ആവശ്യപ്പെട്ടിരിക്കുന്നത്.

‘നിങ്ങള്‍ നക്ഷത്രത്തെ പിടിക്കാന്‍ പായുക, എന്നാല്‍ പര്‍വതത്തിന്റെ മുകളിലെങ്കിലും എത്തുമല്ലോ’ എന്നു കേട്ടിട്ടില്ലേ? ക്‌ളാസ്സില്‍ നൂറില്‍ നൂറു മാര്‍ക്കും ലഭിക്കുന്ന കുട്ടിയെയാണു മാതൃകയാക്കേണ്ടത്, അനുകരിക്കേണ്ടത്. എന്നാല്‍ മാത്രമെ 90 ശതമാനമെങ്കിലും ലഭിക്കുകയുള്ളു. വിവരമുള്ള ഒരു കുട്ടിയും 35 ശതമാനം മാര്‍ക്കു വാങ്ങി കഷ്ടിച്ചു ജയിക്കുന്ന ഒരുവനെ മാതൃകയാക്കുകയില്ലല്ലോ. എന്നാല്‍ ഇന്നു വിശ്വാസികളില്‍ പലരും വിശ്വാസ ലോകത്തെ ‘മഹാമേരുക്കള്‍’ എന്നവര്‍ കരുതുന്ന (വാസ്തവം അതല്ല) ചിലരെയാണു മാതൃകയാക്കുന്നത്. ഫലം അവരുടെ ജീവിതം ആ ലക്ഷ്യത്തിനും വളരെ താഴെ ചെന്ന് അവസാനിക്കുന്നു.

ഉവ്വ്, യേശുവായിരിക്കണം നമ്മുടെ ലക്ഷ്യം. യേശുവിനെ മാതൃകയാക്കിയാലേ നമുക്കു പാപത്തിന്റെ മേല്‍ ജയമുള്ള ജീവിതം സാധ്യമാകൂ. ‘യേശുവിനെ നോക്കുക’ എന്നു പറഞ്ഞ എബ്രായ ലേഖനകാരന്‍ തുടര്‍ന്ന് ‘യേശുവിനെ ധ്യാനിക്കുവാനും’ പറഞ്ഞിരിക്കുന്നു. ”…ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊള്‍വീന്‍. പാപത്തോടുള്ള പോരാട്ടത്തില്‍ നിങ്ങള്‍ ഇതുവരെ പ്രാണത്യാഗത്തോളം എതിര്‍ത്തു നിന്നിട്ടില്ല” (12:3,4 ). സര്‍വ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടിട്ടും ഒരിക്കല്‍ പോലും പാപം ചെയ്യാതിരുന്നവനാണ് യേശു (എബ്രായര്‍ 4:15 ഇംഗ്‌ളീഷില്‍ വായിക്കുക). എങ്ങനെയാണ് അവിടുത്തേക്ക് അതു കഴിഞ്ഞത്?. അതിനുള്ള മറുപടിയാണ് ഇവിടെ കാണുന്നത്. അവിടുന്നു പാപത്തോടുള്ള പോരാട്ടത്തില്‍ പ്രാണത്യാഗത്തോളം എതിര്‍ത്തുനിന്നു.

ഈ യേശുവാണു പൂര്‍ണത സംബന്ധിച്ച നമ്മുടെ മാതൃക. യേശുവിനെ ലക്ഷ്യം വയ്ക്കുമ്പോള്‍ നാം പൂര്‍ണതയിലേക്ക് ആയുകയാണ്. ആ ഓട്ടം തന്നെ നമ്മെ തികഞ്ഞവരാക്കുന്നുവെന്നും പൗലൊസ് പറയുന്നു: ”ഒന്നു ഞാന്‍ ചെയ്യുന്നു. പിന്‍പിലുള്ളതു മറന്നും മുന്‍പിലുള്ളതിന് ആഞ്ഞുംകൊണ്ട് (Pressing on to perfection) ക്രിസ്തുയേശുവില്‍ ദൈവത്തിന്റെ പരമവിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു. നമ്മില്‍ തികെഞ്ഞവരൊക്കെയും (perfect) ഇങ്ങനെ തന്നെ ചിന്തിച്ചുകൊള്‍ക” (ഫിലിപ്യര്‍ 3:14,15).

കര്‍ത്താവിന്റെ വരവിലാണു നാം എല്ലാ അര്‍ത്ഥത്തിലും യേശുവിനെ പോലെയാകുന്നത് (1 യോഹ. 3:3). എന്നാല്‍ ഇന്നു നമുക്ക് മനഃസാക്ഷിയില്‍ പൂര്‍ണത പ്രാപിക്കുവാന്‍ കഴിയും. എങ്കിലും നമ്മില്‍ അബോധപൂര്‍വമായ പാപങ്ങള്‍ ഉണ്ടായിരിക്കും (1യോഹ.1:8). എന്നാല്‍ അവയെക്കുറിച്ച് വെളിച്ചം ലഭിക്കുന്നതനുസരിച്ച് ശുദ്ധീകരണം പ്രാപിക്കാന്‍ കഴിയും. അങ്ങനെ അവിടുത്തെ പുത്രന്റെ സ്വരൂപത്തോട് അനുരൂപമാകുന്ന പൂര്‍ണതയുള്ള ഒരു ജീവിതത്തിനായി ദൈവം നമ്മെ മുന്‍നിയമിച്ചിരിക്കുന്നു (റോമ.8:29).

പൂര്‍ണതയിലേക്കുള്ള ക്രിസ്തീയ വളര്‍ച്ച പക്വത(Maturity)യിലേക്കു നമ്മെ നയിക്കും. പക്വതയിലെത്തുന്ന ഒരുവന്റെ നാലു ലക്ഷണങ്ങള്‍ ഗലാത്യര്‍ 5:16-25-ല്‍ നാം കാണുന്നു. അങ്ങനെയുള്ളവന്‍ ആത്മാവിനാല്‍ ജീവിക്കുന്നവന്‍ ആയിരിക്കും(5:25), ആത്മാവിനാല്‍ നടത്തപ്പെടുന്നവനായിരിക്കും(5 :18), ഫലം കായിക്കുന്നവനായിരിക്കും (22-23), ആത്മാവിനെ അനുസരിച്ചു നടക്കുന്നവനുമായിരിക്കും (16-25). അങ്ങനെയൊരുവന്റെ പ്രത്യേകതകള്‍ പലതാണ്. അവന്‍ ആത്മാവിനാല്‍ ജനിച്ചവനും (യോഹന്നാന്‍ 3:5), പുത്രത്വത്തെ സംബന്ധിച്ച ഉറപ്പു ലഭിച്ചവനും (റോമര്‍ 8:16), ആത്മാവിനാല്‍ നിറയപ്പെട്ടവനും (എഫെസ്യര്‍ 5:18), പ്രാര്‍ത്ഥനയില്‍ ആത്മാവിന്റെ സഹായം ലഭിക്കുന്നവനും (റോമര്‍ 8:26), ആത്മാവിനാല്‍ ശക്തിപ്പെട്ടവനും(എഫെസ്യ.3:16), അഭ്യസിപ്പിക്കപ്പെടുന്നവനും (യോഹ.16:12-15; 1 കൊരി. 2:13) ആയിരിക്കും.

തോട്ടക്കാരന്‍ നമ്മില്‍നിന്നു വളര്‍ച്ചയും ഫലവും പ്രതീക്ഷിക്കുമ്പോള്‍ നാം നിലത്തെ നിഷ്ഫലമാക്കുകയോ? (ലൂക്കൊ.13:7).


അധ്യായം 12 :
ദൈവശക്തിയുടെ രഹസ്യം

ഒരു യുവജന ക്യാമ്പിന്റെ ഇടവേള. ക്യാമ്പ് അംഗങ്ങളില്‍ ഒരാള്‍ പ്രസംഗകനായ ദൈവഭൃത്യനെ സമീപിച്ച് തന്റെ പ്രശ്‌നം തുറന്നുപറഞ്ഞു. മാതാപിതാക്കളോടുള്ള വെറുപ്പ്, ചില ദുഷ്പരിചയങ്ങളില്‍ നിന്നു മോചനമില്ലാത്ത അവസ്ഥ എന്നിവയെല്ലാം വിവരിച്ചു പറഞ്ഞിട്ട് അവന്‍ കണ്ണീരോടെ പറഞ്ഞു: ”നിങ്ങള്‍ക്കറിയാമോ? ഞാനീ പ്രശ്‌നങ്ങളുമായി പത്തുവട്ടമെങ്കിലും ക്രിസ്തുവിന്റെ അടുത്തു ചെന്നിട്ടുണ്ട്. പക്ഷേ അവന്‍ എന്നെ ഒട്ടും സഹായിച്ചിട്ടില്ല!” ആളുകളെ പാപത്തില്‍നിന്നു രക്ഷിക്കുമെന്ന് അവകാശപ്പെട്ട ഒരുവന്‍ തന്നെ സഹായിച്ചില്ലെന്നാണ് അവന്റെ ആരോപണം!

ഈ ചെറുപ്പക്കാരന്‍ ഒറ്റപ്പെട്ട ഒരാളല്ല. വിജയകരമായ ഒരു ക്രിസ്തീയജീവിതം നയിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പാപങ്ങളില്‍ വീണ്ടും വീണുപോകുന്നു. കയ്പ്പും പകയും യൗവനമോഹങ്ങളും ലോകത്തിന്റെ ആകര്‍ഷണങ്ങളും ജീവനത്തിന്റെ പ്രതാപങ്ങളും എല്ലാം ചുറ്റും വലവിരിച്ചു കാത്തിരിക്കുമ്പോള്‍ പിന്നെയും അതില്‍ കുടുങ്ങിപ്പോകുന്നു. -ഇതാണ് അവര്‍ക്കു പറയുവാനുള്ളത്. അവരുടെ പാപങ്ങള്‍ അത്ര പ്രകടമായിരിക്കുകയില്ല. എന്നാല്‍ അവരുടെ പരാജയങ്ങള്‍ അവരെ സംബന്ധിച്ചു വളരെ യഥാര്‍ത്ഥമാണ്.

ചെറുപ്പക്കാര്‍ മാത്രമല്ല, മുതിര്‍ന്ന വിശ്വാസികളിലും പലരുടെയും അനുഭവവും ഇതാണ്. സഭകളില്‍ എത്രയെത്ര പ്രസംഗങ്ങള്‍ കേള്‍ക്കുന്നു. എന്നാല്‍ ജീവിതത്തില്‍ മാറ്റമുണ്ടാകുന്നില്ല! പണവും നേട്ടങ്ങളും വ്യക്തിപരമായ സുഖങ്ങളും അന്വേഷിച്ചിരുന്നവര്‍ വര്‍ഷങ്ങള്‍ പ്രസംഗങ്ങള്‍ കേട്ടശേഷം ഇപ്പോഴും അന്വേഷിക്കുന്നത് അതൊക്കെത്തന്നെയാണ്. എവിടെയാണ് തകരാറ്?

ദൈവത്തിനു ശക്തിയുണ്ട്. അവിടുത്തെ കരം പ്രവര്‍ത്തിക്കും. കാര്യങ്ങള്‍ വ്യത്യസ്തമായിത്തീരും. എന്നിവയെല്ലാമാണ് ദൈവവചനം നല്‍കുന്ന വാഗ്ദാനങ്ങള്‍. എന്നാല്‍ നാം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രായോഗികമായ ചോദ്യം ദൈവികവാഗ്ദാനങ്ങളെ എങ്ങനെയാണ് വിവര്‍ത്തനം ചെയ്ത് ആത്മീയവിജയവും ക്രിസ്തീയവളര്‍ച്ചയുടെ പരിപക്വതയുമാക്കി മാറ്റുവാന്‍ കഴിയുക എന്നതാണ്.

ആട്ടെ, വസ്തുതകള്‍ ഇങ്ങനെയെല്ലാമായിരിക്കെത്തന്നെ എന്താണ് പോംവഴി? രോഗലക്ഷണങ്ങള്‍ തിരിച്ചറിയുന്നതുതന്നെ ചികില്‍സയിലെ സുപ്രധാനമായ ഒരു ചുവടാണെങ്കിലും അവിടെത്തന്നെ നിന്നുപോകേണ്ടതല്ലല്ലോ. എന്താണ് പ്രശ്‌നത്തിനുള്ള പരിഹാരം? സൗഖ്യം എങ്ങനെ ലഭിക്കും?

സൗഖ്യത്തിലേക്കുള്ള ആദ്യപടി, നമ്മെത്തന്നെ മാറ്റുവാനുള്ള അധികാരവും അവകാശവും ദൈവത്തിനു വിട്ടുകൊടുത്തുകൊണ്ട് ജീവിതത്തിന്റെ നിയന്ത്രണം നാം നമുക്കു ബോധ്യമുള്ളിടത്തോളം പൂര്‍ണ്ണമായി അവിടുത്തേക്കു കൈമാറുക എന്നതാണ്. കേവലം ഒരു സമര്‍പ്പണത്തിനപ്പുറം ഉള്ളതാണിത്. ഉദാഹരണത്തിന് തുടക്കത്തില്‍ പരാമര്‍ശിച്ച ചെറുപ്പക്കാരന്റെ അവസ്ഥ നോക്കുക. പത്തുവട്ടമെങ്കിലും ക്രിസ്തുവിന്റെ അടുത്തേക്കു വന്നിട്ടും തന്റെ പ്രശ്‌നം പരിഹരിക്കുവാന്‍ അവിടുന്ന് ഒട്ടും സഹായിച്ചില്ലെന്നു പരാതിപ്പെട്ട ആ ചെറുപ്പക്കാരനോട് ദൈവഭൃത്യന്‍ തുടര്‍ന്ന് ഇങ്ങനെ ചോദിച്ചു: ”നിന്റെ ആഗ്രഹങ്ങളെ മാറ്റുവാനും, വെറുപ്പിനെ അലിയിച്ചുകളയുവാനും തക്കവണ്ണം ദൈവത്തിനു നിന്റെ ജീവിതത്തിന്റെ പൂര്‍ണ്ണനിയന്ത്രണം ഏല്‍പിച്ചുകൊടുക്കാന്‍ തയ്യാറാണോ?” അതിന്റെ പരിണതഫലങ്ങളെപ്പറ്റി അല്‍പനേരം ആലോചിച്ചശേഷം അവന്റെ മറുപടി ഇങ്ങനെയായിരുന്നു. ”ഞാന്‍ എന്റെ മാതാപിതാക്കളോടു ക്ഷമിക്കാന്‍ ആഗ്രഹിക്കുന്നില്ല. അവരെ വെറുക്കുവാന്‍ എനിക്കു സകല അവകാശവും ഉണ്ട്.”

നമ്മുടെ ജീവിതത്തെ തനിക്കിഷ്ടമുള്ള നിലയില്‍ ആക്കിത്തീര്‍ക്കുന്നതിനു സമ്പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കിക്കൊണ്ട് കലവറ കൂടാതെ, സ്വകാര്യ അജണ്ടയില്ലാതെ, നമ്മെത്തന്നെ ദൈവത്തിന് ഏല്‍പിച്ചുകൊടുത്താല്‍ പകരം വിജയം, സമാധാനം, തികവു സംബന്ധിച്ച ബോധ്യം എന്നിവ ലഭ്യമാകുമെന്നു തുടര്‍ന്നു വിശദീകരിച്ചപ്പോള്‍ ‘ആ നിലയില്‍ ഏല്‍പിച്ചു കൊടുക്കാന്‍ കഴിയുകയില്ലെ’ന്നായിരുന്നു അവന്റെ മറുപടി. എന്നാല്‍ എന്താണ് തുടര്‍ന്നു ചെയ്യേണ്ടത് എന്നു ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെ: ”നിങ്ങള്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതി.”

അവന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ കിടന്നതില്‍ എന്താണത്ഭുതം? അവന്‍ ക്രിസ്തുവിന്റെ അടുത്തു പത്തുവട്ടം വന്നപ്പോഴും അവന്‍ ആഗ്രഹിച്ചതു തന്നെത്തന്നെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കുമ്പോള്‍ പ്രശ്‌നങ്ങളില്‍നിന്നു അവിടുന്ന് വിടുവിക്കണമെന്നു മാത്രമാണ്. ഒടുവില്‍ തന്നെ സംബന്ധിച്ച കയ്പുള്ള ആ സത്യത്തെ അഭിമുഖീകരിച്ചപ്പോഴും അവന് അത് ഏറ്റെടുക്കാന്‍ കഴിഞ്ഞില്ല!

ജീവിതത്തിന്റെ നിയന്ത്രണം ദൈവത്തിനു കൈമാറ്റം ചെയ്യാതെ വിജയകരമായ ജീവിതം സാധ്യമല്ല. പലര്‍ക്കും ഒരു മാറ്റം (change) വേണം; പക്ഷേ ഒരു കൈമാറ്റത്തിനു(exchange) അവര്‍ തയ്യാറല്ല.

എന്നാല്‍, നാം ദൈവത്തിനായി ആ നിലയില്‍ സമര്‍പ്പിച്ചുവെങ്കില്‍ തുടര്‍ന്ന് എന്താണ് ചെയ്യേണ്ടത്? നാം വിശ്വാസത്താല്‍ പരിശുദ്ധാത്മാവില്‍ ആശ്രയിച്ച് അനുദിനം ജീവിക്കുകയാണ് വേണ്ടത്. നമ്മിലല്ല നമ്മുടെ ആശ്രയം, മറിച്ച് ദൈവശക്തിയായ പരിശുദ്ധാത്മാവിലാണ്. നാം നമ്മില്‍ത്തന്നെ ബലഹീനരാകുമ്പോള്‍ നമ്മുടെ ബലഹീനതയില്‍ തികഞ്ഞുവരുന്നതാണല്ലോ ദൈവശക്തി. എന്നാല്‍ പലരുടെയും പ്രശ്‌നം അവര്‍ നാള്‍ കഴിയുംതോറും ബലഹീനരാകുകയല്ല, തങ്ങളില്‍ത്തന്നെ ശക്തരാകുന്നു എന്നതാണ്. ഫലം വിജയം നല്‍കുന്ന ദൈവശക്തി അവരില്‍ തികഞ്ഞുവരുന്നില്ല; അവര്‍ പരാജയപ്പെട്ടുപോകുന്നു.

യേശു കര്‍ത്താവ് എപ്പോഴും നമ്മോടു പറയുന്നത് ‘എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു’ എന്നാണ് (2കൊരി.12:9). കൃപപോലെ ശക്തിയും അവിടുത്തേതാണ്. ശക്തി ക്രിസ്തുവിലും അവിടുന്നു പൂര്‍ത്തീകരിച്ച പ്രവൃത്തിയിലുമാണ്. അവിടുത്തോടുള്ള താദാത്മ്യത്തില്‍, പരിശുദ്ധാത്മാവിനാല്‍ ഈ ശക്തി നമ്മിലേക്കു പകരും. ആ ശക്തിയാല്‍ പാപത്തിന്മേല്‍ നാം ജയം നേടുകയും ചെയ്യും.

ഇതിന് ഒരു പ്രായോഗികമായ ഉദാഹരണം എര്‍വിന്‍ ലസ്റ്റര്‍ എന്ന ദൈവദാസന്‍ ‘ഈ ലോകത്തില്‍ എങ്ങനെ എനിക്കു വിശുദ്ധനായിരിക്കുവാന്‍ കഴിയും?’ എന്ന തന്റെ ഗ്രന്ഥത്തില്‍ നല്‍കുന്നത് ഇങ്ങനെയാണ്: ”തെറ്റിദ്ധാരണ മൂലം എനിക്കൊരാളോടു വലിയ കോപം ഉണ്ടായി. അയാള്‍ എന്നോടു ഒരു വലിയ തെറ്റു ചെയ്തു എന്നായിരുന്നു എന്റെ ധാരണ. അയാളോടുള്ള വലിയ കോപം എനിക്കടക്കാന്‍ കഴിഞ്ഞില്ല. എന്റെ കോപം പാപമാണെന്ന് എനിക്കറിയാമായിരുന്നു. എന്നിട്ടും വിട്ടുകളയുവാന്‍ എനിക്കു കഴിഞ്ഞില്ല. ക്രമേണ അതെന്റെ മനോഭാവത്തെ സ്വാധീനിച്ചു. ഈ മനുഷ്യനോടു മാത്രമല്ല, മറ്റെല്ലാവരോടുമുള്ള പെരുമാറ്റത്തെ അതു ബാധിച്ചു. ഞാന്‍ ചെയ്യുന്നത് പാപമാണെന്ന് എനിക്കറിയാം. എന്നാല്‍ എന്റെ വികാരത്തിന്റെ മേല്‍ എനിക്കൊരു നിയന്ത്രണവും ഇല്ലാതെയായി. വിജയത്തിനായുള്ള പ്രാര്‍ത്ഥനയും എന്നെ സഹായിച്ചില്ല. എന്നാല്‍ ജയം ക്രിസ്തുവിലാണെന്നും ഈ പാപം കാല്‍വറിക്രൂശില്‍ കീഴ്‌പ്പെടുത്തപ്പെട്ടതാണെന്നും ഉള്ളതാണു വസ്തുനിഷ്ഠമായ സത്യം എന്നു ഞാന്‍ ആ സന്ദര്‍ഭത്തില്‍ ഓര്‍ത്തു. വൈകാരികമായി ഞാന്‍ അതിനോട് ഏതു നിലയിലായാലും നിയമപരമായി ആ വിജയം എന്റേതാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. ആ നിമിഷം മുതല്‍ എന്റെ കോപം കെട്ടടങ്ങാന്‍ തുടങ്ങി. അത്ഭുതമെന്നു പറയട്ടെ, അതിലെ കയ്പ്പും ഇല്ലാതായി.”

ദൈവം സര്‍വ്വശക്തനാണ്. അവിടുന്നു തന്റെ ശക്തി നമ്മില്‍ തെളിയിക്കുവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ദൈവശക്തിയായ പരിശുദ്ധാത്മാവില്‍ ബലഹീനതയോടെ നാം ആശ്രയിച്ചാല്‍ മാത്രമേ അതു സാധ്യമാകൂ.

”ബലം നിന്നിലുള്ള മനുഷ്യന്‍ ഭാഗ്യവാന്‍” (സങ്കീ.84:5).


അധ്യായം 13 :
വിശ്വാസത്തിന്റെ പുതിയ അദ്ധ്യായങ്ങള്‍


ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നെ (1 യോഹ.5:4).

നിങ്ങളിലുള്ളവന്‍ ലോകത്തിലുള്ളവനെക്കാള്‍ വലിയവനല്ലോ” (1യോഹ. 4:4).

പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാന്‍തന്നെ ദൈവപുത്രന്‍ പ്രത്യക്ഷനായി (1 യോഹ.3:8).

ദൈവപുത്രനായ ക്രിസ്തു വന്നത് പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാനാണ്. ഇന്നു നമ്മില്‍ വസിക്കുന്ന അവിടുന്ന് ലോകത്തിലുള്ളവനെക്കാള്‍ വലിയവനാണ്. അങ്ങനെയുള്ള തന്നിലുള്ള വിശ്വാസത്താല്‍ നാം ഈ ലോകത്തെ ജയിച്ചു മുന്നേറുന്നു. യോഹന്നാന്‍ അപ്പൊസ്തലന്‍ ക്രിസ്തീയജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെ ഈ വിധത്തില്‍ ചിത്രീകരിക്കുമ്പോള്‍ അതു വളരെ എളുപ്പമായിത്തോന്നും.

എന്നാല്‍ പ്രായോഗികവശത്തു ക്രിസ്തീയജീവിതത്തില്‍ വേണ്ട പുരോഗതി കൈവരിക്കാതെ പലരും തട്ടിത്തടഞ്ഞു നിന്നു പോകുന്നു. കാലം നോക്കിയാല്‍ ഉപദേഷ്ടാക്കന്മാരായിരിക്കേണ്ടവരാണവര്‍. എന്നാല്‍ പാല്‍ കുടിക്കുന്ന ശിശുക്കളുടെ അവസ്ഥയിലാണിന്നും. അതിക്രമങ്ങളിലും പാപങ്ങളിലും മരിച്ച അവസ്ഥയില്‍നിന്നു ദൈവം അവരെ ജീവിപ്പിച്ചു. എന്നാല്‍ അവിടെനിന്നു പ്രതീക്ഷപോലെ മുന്നോട്ടു പോകാന്‍ കഴിയുന്നില്ല. എന്തുകൊണ്ടാണിത്?

അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ മരിച്ച ഒരുവനെ യേശു ഉയിര്‍പ്പിച്ച സംഭവം യോഹന്നാന്റെ സുവിശേഷം 11-ാം അദ്ധ്യായത്തില്‍ നാം വാ യിക്കുന്നു. യേശു ലാസറിനെ ഉയിര്‍പ്പിച്ചുവെങ്കിലും അവനു പ്രതീക്ഷിച്ചതുപോലെ മുന്നോട്ടു നീങ്ങാന്‍ കഴിഞ്ഞില്ല. കാരണം അവന്റെ കാലും കൈയും ശീലകൊണ്ടു കെട്ടിയും മുഖം റൂമാല്‍കൊണ്ടു മൂടിയുമിരുന്നു. പിന്നെയെങ്ങനെ മുന്നോട്ടു പോകും? യേശു അതുകൊണ്ട് ഇങ്ങനെ കല്‍പിച്ചു: ”അവന്റെ കെട്ടഴിപ്പിന്‍ അവന്‍ പോകട്ടെ” (വാക്യം 44).

പാപമരണത്തില്‍ നിന്നു ഉയിര്‍പ്പിക്കപ്പെട്ടെങ്കിലും ഇന്നു പല വിശ്വാസികള്‍ക്കും മുന്നോട്ടു പോകാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമായ കാഴ്ചപ്പാടുകളുടെയും നിര്‍ണ്ണയങ്ങളുടെയും അഭാവമാണ്. പാപം മാത്രമല്ല, കൃത്യമായ ബോധ്യങ്ങളുടെയും നിലപാടുകളുടെയും വ്യക്തതയില്ലായ്മയും നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന ശീലകളും ഉറുമാലുകളുമായി മാറാം. ഇതു സംഭവിക്കാതിരിക്കാനും വിശ്വാസത്തിന്റെ നായകനും പൂര്‍ത്തി വരുത്തുന്നവനുമായ യേശുവിനെ നാം മാതൃക ആക്കേണ്ടതുണ്ട്.

ഇതിനോടുള്ള ബന്ധത്തില്‍ ഐഹിക ജീവിതകാലത്ത് യേശു കൈക്കൊണ്ട അഞ്ചു നിലപാടുകള്‍ ശ്രദ്ധിക്കാം. ഈ നിലപാടുകളാണ് വ്യക്തതയോടെ, സ്വാതന്ത്ര്യത്തോടെ മുന്നോട്ടുപോകാന്‍ യേശുവിനെ സഹായിച്ചത്.

സ്വയം അറിയുക:
‘യേശു പിന്നെയും അവരോടു സംസാരിച്ചു: ”ഞാന്‍ ലോകത്തിന്റെ വെളിച്ചം ആകുന്നു”(യോഹ.8:12). സുവിശേഷങ്ങളില്‍ 18 പ്രാവശ്യം യേശു സ്വയം നിര്‍വ്വചിച്ചിട്ടുണ്ട്- ഞാന്‍ വെളിച്ചമാകുന്നു; ഞാന്‍ നല്ലിടയനാകുന്നു; ഞന്‍ വാതിലാകുന്നു… എന്നിങ്ങനെ. യേശുവിനു തന്നെക്കുറിച്ചുതന്നെ വളരെ വ്യക്തമായ ബോധ്യമുണ്ടായിരുന്നു. താനാരാണ് എന്നതിനെക്കുറിച്ച് ഒരു സംശയവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഈ ഉറപ്പാണ് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെവണ്ണം സ്വയം നിര്‍വ്വചിക്കുവാന്‍ യേശുവിനെ സഹായിച്ചത്.

ഇതുപോലെ ദൈവമുമ്പാകെയുള്ള നമ്മുടെ സ്ഥാനത്തെക്കുറിച്ചു നമുക്കു ബോധ്യമുണ്ടോ? ‘പിതാവ് യേശുവിനെ സ്‌നേഹിക്കുന്നതുപോലെ നമ്മെയും സ്‌നേഹിക്കുന്നു’ (യോഹ.17:23). ‘നാം യേശുവിന്റെ ഇളയ സഹോദരന്മാരാണ്'(എബ്രാ.2:12,13). ‘യേശു ആയിരിക്കുന്നതുപോലെ ഈ ലോകത്തില്‍ നാമും ആയിരിക്കുന്നു’ (1യോഹ.4:17). ഇതെല്ലാമാണ് ദൈവമുമ്പാകെയുള്ള നമ്മുടെ സ്ഥാനം. വിശ്വാസമാണ് ഈ ഉറപ്പില്‍ നമ്മെ നിര്‍ത്തുന്നത്. എന്നാല്‍ ഇതേ കാര്യത്തില്‍ത്തന്നെ നമ്മുടെ വിശ്വാസത്തിന്റെ സ്ഥിരതയെ പിശാച് പരീക്ഷിക്കും. യേശുവിന്റെ കാര്യത്തില്‍പോലും ഇങ്ങനെ സംഭവിച്ചു. പിശാച് മരുഭൂമിയില്‍ യേശുവിനെ പരീക്ഷിച്ചപ്പോള്‍ ”നീ ദൈവപുത്രന്‍ എങ്കില്‍…?” എന്നാവര്‍ത്തിച്ചു ചോദിച്ചത് ശ്രദ്ധിക്കുക. ഇന്നും ഇതേ തന്ത്രം വിശ്വാസികളുടെ നേരേ അവന്‍ കൊണ്ടുവരും. അതുകൊണ്ടു ജാഗരൂകരായിരിക്കാം. ദൈവമുമ്പാകെയുള്ള നമ്മുടെ സ്ഥാനത്തെക്കുറിച്ചും പദവിയെക്കുറിച്ചുമുള്ള വലിയ ഉറപ്പാണ് നമ്മുടെ വിശ്വാസത്തിന്റെ ചുവടുകള്‍ക്കു ദൃഢത നല്‍കുന്നത്.

വ്യക്തമായ ലക്ഷ്യബോധം:
യേശു പറഞ്ഞു: ”ഞാന്‍ എവിടെ നിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും ഞാന്‍ അറിയുന്നു”(യോഹ.8:14). തന്റെ ജീവിതത്തിന്റെ ആത്യന്തികലക്ഷ്യത്തെക്കുറിച്ച് യേശുവിന് വലിയ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് യേശു തന്റെ മുന്‍ഗണനകളെ ലക്ഷ്യത്തിനനുസരിച്ച് ക്രമീകരിച്ചു. നിഗളത്തിന്റെയും മത്സരത്തിന്റെയും പടികള്‍ കയറി പാപത്തില്‍ വീണുപോയ മനുഷ്യനെ താഴ്മയിലൂടെ വീണ്ടെടുക്കാനുള്ള തന്റെ രക്ഷാകരദൗത്യത്തെക്കുറിച്ച് യേശുവിനു വ്യക്തമായി അറിയാമായിരുന്നു. അന്ത്യദിനത്തില്‍ യേശു ശിഷ്യന്മാരുടെ പാദം കഴുകുന്ന രംഗത്തെ യോഹന്നാന്‍ അതുകൊണ്ടുതന്നെ ഇങ്ങനെയാണ് വിവരിച്ചിരിക്കുന്നത്: ‘താന്‍ ദൈവത്തിന്റെ അടുക്കല്‍ നിന്നു വന്നു എന്നും ദൈവത്തിന്റെ അടുക്കല്‍ പോകുന്നു എന്നും യേശു അറിഞ്ഞിരിക്കെ അത്താഴത്തില്‍ നിന്നെഴുന്നേറ്റ്… ശിഷ്യന്മാരുടെ കാല്‍ കഴുകുവാന്‍ തുടങ്ങി (13:3-5). ലക്ഷ്യത്തെക്കുറിച്ചുള്ള ബോധ്യം തന്റെ പ്രവര്‍ത്തനത്തെ എങ്ങനെ സ്വാധീനിച്ചു എന്ന് കാണുക!

പാപത്തില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ട വിശ്വാസികളില്‍ എത്ര പേര്‍ക്ക് തങ്ങളുടെ ക്രിസ്തീയ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യത്തെക്കുറിച്ച് ഈ വിധത്തിലുള്ള ബോധ്യമുണ്ട്? അത് അവരുടെ പ്രവര്‍ത്തനവിധത്തെ സ്വാധീനിക്കാറുണ്ടോ? ഒരു വിശ്വാസിയെ ദൈവം വിളിച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെയാണ് നിര്‍വ്വചിച്ചിരിക്കുന്നത്: ‘അവന്റെ സ്വരൂപത്തോട് അനുരൂപരാകുവാന്‍ മുന്‍നിയമിച്ചിരിക്കുന്നു.’ ഈ ലക്ഷ്യത്തിലേക്കാണ് പോകേണ്ടത് എന്ന വ്യക്തത ‘സ്‌നേഹിതാ’ താങ്കള്‍ക്കുണ്ടോ?

പ്രസാദിപ്പിക്കേണ്ടത് ആരെ?:
യേശു പറഞ്ഞു: ”ഞാന്‍ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്യുവാന്‍ ഇച്ഛിക്കുന്നത്” (യോഹ.5:30). ആരുടെ ഇഷ്ടം ചെയ്യണം; ആരെ പ്രസാദിപ്പിക്കണം എന്ന കാര്യത്തില്‍ യേശുവിനു വ്യക്തമായ ധാരണയുണ്ടായിരുന്നു. ദൈവത്തെ പ്രസാദിപ്പിക്കുന്ന വഴിയില്‍ സ്വന്തഇഷ്ടത്തെ നിരസിക്കേണ്ടതുണ്ടെന്നും യേശുവിനറിയാമായിരുന്നു. അതുകൊണ്ട് ”യേശു തന്നില്‍തന്നെ പ്രസാദിച്ചില്ല” (റോമ.15:3).

ഇന്നു പല വിശ്വാസികളും ദൈവത്തെയും ഒപ്പം മനുഷ്യരെയും പ്രസാദിപ്പിക്കണം എന്നു കരുതുന്നതുകൊണ്ട് അവരുടെ ക്രിസ്തീയജീവിതത്തിന്റെ പുരോഗതി തടസ്സപ്പെട്ടിരിക്കയാണ്. എന്നാല്‍ പൗലൊസ് ഇത്തരക്കാര്‍ക്ക് ഇങ്ങനെ മുന്നറിയിപ്പു നല്‍കുന്നു: ”ഇപ്പോള്‍ ഞാന്‍ മനഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നത്? അല്ല ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുവാന്‍ നോക്കുന്നുവോ? ഇന്നും ഞാന്‍ മനുഷ്യനെ പ്രസാദിപ്പിക്കുന്നുവെങ്കില്‍ ദൈവത്തിന്റെ ദാസനായി ഇരിക്കുകയില്ല” (ഗലാ.1:10). യേശുവിനു പോലും എല്ലാ മനുഷ്യരെയും പ്രസാദിപ്പിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ നാം എന്തിന് അതിനു വൃഥാ ശ്രമിക്കണം? അതുപോലെ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നു എന്നു കരുതുന്ന പലരും തങ്ങളോടുതന്നെ നിര്‍ദ്ദയം സത്യസന്ധരായാല്‍ വാസ്തവത്തില്‍ തങ്ങള്‍ ദൈവേഷ്ടമല്ല, സ്വന്തഇഷ്ടമാണ് ചെയ്യുന്നത് എന്നു കണ്ടെത്തും. ദൈവത്തെ പ്രസാദിപ്പിക്കുന്നതിന്റെ മറവില്‍ സത്യത്തില്‍ അവര്‍ പ്രസാദിപ്പിക്കുന്നത് തങ്ങളെത്തന്നെയാണ്! പൗലൊസ് വിശ്വാസത്തില്‍ തന്റെ നിജപുത്രനായ തിമൊഥെയോസിനു നല്‍കുന്ന നിര്‍ദ്ദേശം നമുക്കും സ്വീകരിക്കാം: ”പട ചേര്‍ത്തവനെ മാത്രം പ്രസാദിപ്പിക്കുക” (2തിമൊ.2:4).

സഹോദരങ്ങള്‍ ആര്?:
യേശു പറഞ്ഞു ”ഇതാ എന്റെ അമ്മയും എന്റെ സഹോദരന്മാരും. സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന്‍ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു” (മത്താ.12:49,50).

തന്റെ ബന്ധങ്ങളെയും യേശു വ്യക്തതയോടെ നിര്‍വ്വചിച്ചു. മാനുഷിക ബന്ധങ്ങള്‍ക്കപ്പുറത്ത് തന്റെ യഥാര്‍ത്ഥബന്ധം ആരോടാണെന്ന ഈ ഉറപ്പാണ് വ്യക്തമായ ചില നിലപാടുകള്‍ എടുക്കുവാന്‍ യേശുവിനെ സഹായിച്ചത്. ‘സ്ത്രീയേ, എനിക്കും നിനക്കും തമ്മില്‍ എന്ത്?’ എന്നു ചോദിക്കേണ്ട സാഹചര്യത്തില്‍ അങ്ങനെ ചോദിക്കുവാന്‍ യേശുവിനെ സജ്ജനാക്കിയത് നേരത്തേതന്നെ ഈ കാര്യത്തില്‍ താന്‍ ഹൃദയത്തില്‍ കൈക്കൊണ്ടിരുന്ന നിര്‍ണ്ണയമാണെന്നു വ്യക്തമാണല്ലോ.

പല വിശ്വാസികള്‍ക്കും ‘ബന്ധങ്ങള്‍ ബന്ധനങ്ങള്‍’ ആകുന്നതിനു കാരണം, യേശുവിനെപ്പോലെ ഈ നിലയില്‍ ഒരു നിലപാടില്ലാത്തതാണ്.

പ്രവര്‍ത്തനവിധത്തെക്കുറിച്ചുള്ള വ്യക്തത:
മുകളില്‍ പറഞ്ഞ നാലു കാര്യങ്ങളിലുള്ള വ്യക്തത, യേശുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും കൃത്യമായ ദിശാബോധം നല്‍കി. വ്യക്തതയോടെ മുന്‍ഗണനകളെ ക്രമീകരിച്ചില്ലെങ്കില്‍ സമ്മര്‍ദ്ദങ്ങളുടെ അടിസ്ഥാനത്തില്‍ നാം പ്രവര്‍ത്തിച്ചുപോകും. യേശു സമ്മര്‍ദ്ദങ്ങള്‍ക്കനുസരിച്ചല്ല പ്രവര്‍ത്തിച്ചത്. തന്റെ പ്രാഥമികലക്ഷ്യത്തില്‍നിന്നു വ്യതിചലിക്കാതെ, ഇടയില്‍ വരുന്ന തടസ്സങ്ങള്‍ കൈകാര്യം ചെയ്യാന്‍ യേശുവിന് അറിയാമായിരുന്നു. ഒരു സന്ദര്‍ഭം നോക്കുക:

”നേരം വെളുത്തപ്പോള്‍ അവന്‍ പുറപ്പെട്ട് ഒരു നിര്‍ജ്ജനസ്ഥലത്തേക്കു പോയി. പുരുഷാരം അവനെ തിരഞ്ഞ് അവന്റെ അരികത്തു വന്നു തങ്ങളെ വിട്ടു പോകാതിരിപ്പാന്‍ അവനെ തടുത്തു. അവന്‍ അവരോട്: ‘ഞാന്‍ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു. ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത് എന്നു പറഞ്ഞു”(ലൂക്കൊ.4:42,43).

ഇതിന്റെ തൊട്ടു മുകളില്‍ ഉള്ള ഭാഗങ്ങള്‍ വായിച്ചാല്‍ ഭൂതങ്ങളെ പുറത്താക്കുകയും രോഗികളെ സൗഖ്യമാക്കുകയും ചെയ്യുന്ന ഫലപ്രദമായ ഒരു ശുശ്രൂഷയ്ക്കിടയില്‍ നിന്നാണ് യേശു പ്രാര്‍ത്ഥിപ്പാനായി നിര്‍ജ്ജനസ്ഥലത്തേക്കും പ്രസംഗിപ്പാനായി മറ്റു പട്ടണത്തിലേക്കും മാറിപ്പോയത് എന്നു കാണുവാന്‍ കഴിയും. പ്രവര്‍ത്തനങ്ങളിലെ വിജയങ്ങള്‍, പൊതുജനാഭിപ്രായം എന്നിവയ്‌ക്കൊന്നിനും യേശുവിനെ തന്റെ നിശ്ചയദാര്‍ഢ്യത്തില്‍നിന്നും വ്യതിചലിപ്പിക്കുവാന്‍ കഴിഞ്ഞില്ല.

എതിര്‍പ്പുകളെ ഭയപ്പെടാതെ, ഉറപ്പുള്ള ചുവടുകള്‍ വച്ച് യേശു നടന്നുപോയി. യേശുവിനെപ്പോലെ വ്യക്തമായ ലക്ഷ്യബോധത്തോടെ മുന്നോട്ടുപോകാന്‍ നമുക്കു വേണ്ടത് വിശ്വാസമാണ്. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാന്‍ വന്ന ദൈവപുത്രന്‍ തന്നെയാണു വിശ്വാസത്തിന്റെ രചയിതാവ് (author). ദൃഢതയുള്ള ചുവടുവയ്പ്പുകളോടെ മുന്നോട്ടുപോകുവാന്‍ വിശ്വാസത്തിന്റെ പുതിയ അദ്ധ്യായങ്ങള്‍ അവിടുന്നു നമ്മുടെ ഹൃദയത്തില്‍ ആഴത്തില്‍ എഴുതട്ടെ! വിശ്വാസത്തിന്റെ നായകനും ഒപ്പം പൂര്‍ത്തിവരുത്തുന്നവനും അവിടുന്നല്ലോ!.

അധ്യായം 14 :
ആത്മാവിലുള്ള നടപ്പ്


‘വിശുദ്ധിക്കായുള്ള അന്വേഷണം’ (The pursuit of holiness) എന്ന തന്റെ ഗ്രന്ഥത്തില്‍ പ്രശസ്ത ദൈവഭൃത്യന്‍ ജെറി ബ്രിഡ്ജസ് ക്രിസ്തീയ ജീവിതത്തില്‍ ഒട്ടേറെ വര്‍ഷങ്ങള്‍ താന്‍ അഭിമുഖീകരിച്ച ഒരു പ്രശ്‌നം ഇങ്ങനെ വിവരിച്ചിട്ടുണ്ട്: ”ഒരു വിശുദ്ധ ജീവിതം നയിക്കുന്നതിനു ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്താണ്, അതില്‍ ദൈവം ചെയ്യുന്ന കാര്യങ്ങള്‍ എന്തെല്ലാമാണ് എന്നിവ തമ്മിലുള്ള വ്യക്തതയില്ലായ്മയായിരുന്നു എന്റെ പ്രശ്‌നം. ഇതുമൂലം ഞാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ദൈവം ചെയ്തു കഴിഞ്ഞു എന്നു വിചാരിച്ച് ചെയ്യാതിരുന്നു. ദൈവം ചെയ്യുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യേണ്ടവയാണെന്നു കരുതി വിഷമിച്ചു. ഒരു വിശുദ്ധ ജീവിതത്തില്‍ ദൈവം എവിടെ വരെ ചെയ്തു, അതില്‍ എന്റെ പങ്കാളിത്തം എവിടെ വരെയാണ് എന്നു ശരിയായ ധാരണയില്ലെങ്കില്‍ ആകെ കുഴഞ്ഞുപോകും.”

എത്രയോ ശരി! അല്ലേ? നമ്മില്‍ പലരുടെയും പ്രശ്‌നം ഇതു തന്നെയല്ലേ?

ഒരു കര്‍ഷകന്റെ ഉദാഹരണം ഇവിടെ പ്രസക്തമാണെന്നു തോന്നുന്നു. ഒരു കര്‍ഷകന്റെ വയല്‍ നന്നായി വിളഞ്ഞു എന്നിരിക്കട്ടെ. ഇതില്‍ കര്‍ഷകന്റെ പങ്ക് എന്താണ്? ദൈവത്തിന്റെ പങ്ക് എന്താണ്? തീര്‍ച്ചയായും ധാന്യം മുളപ്പിച്ചതും യഥാസമയം മഴയും വെയിലും നല്‍കി നെല്‍ച്ചെടി വളരുമാറാക്കിയതും ഒടുവില്‍ അപകടങ്ങള്‍ ഒന്നും സംഭവിക്കാതെ നല്ല വിളവു നല്‍കിയതും ദൈവം തന്നെയാണ്. അതുകൊണ്ടു ദൈവത്തിനാണു നല്ല വിളവു ലഭിച്ചതിന്റെ മുഴുവന്‍ ബഹുമതിയും എന്നു പറയാം. അതേസമയം തന്നെ ഈ നല്ല വിളവു ലഭ്യമായതില്‍ കര്‍ഷകന് ഒരു പങ്കാളിത്തമില്ലേ? തീര്‍ച്ചയായും ഉണ്ട്. അവന്‍ നിലം ഒരുക്കി, വിത്തു വിതച്ചു, വളം ചെയ്തു, കളകള്‍ ശ്രദ്ധയോടെ പിഴുതു മാറ്റി. ഇതൊന്നും ചെയ്യാതെ അവന്‍ ദൈവമാണു വിളവു നല്‍കുന്നത് എന്നു പറഞ്ഞ് തന്റെ ഉത്തരവാദിത്തം ഒന്നും ചെയ്യാതിരുന്നെങ്കിലോ? ഇതേസമയം അവന്‍ ഇതെല്ലാം ചെയ്താലും അതുകൊണ്ടു മാത്രം നല്ല വിളവു ലഭിക്കുമോ? ഇല്ല. വിത്തു മുളയ്ക്കുവാനും ചെടി വളരുവാനും യഥാസമയം ധാന്യം വിളയുവാനും ഇടയാക്കിയതു ദൈവമാണ്. അപ്പോള്‍ ആത്യന്തികമായി നല്ല വിളവു ലഭിച്ചതിന്റെ സകല മഹത്വവും ദൈവത്തിനുള്ളതാണ്. എന്നാല്‍ കര്‍ഷകനും ഇക്കാര്യത്തില്‍ തന്റേതായ ഒരു ഉത്തരവാദിത്തവും പങ്കാളിത്തവുമുണ്ട്.

പാപത്തിന്റെ മേല്‍ ജയമുള്ള വിജയകരമായ ഒരു വിശുദ്ധ ജീവിതത്തെ സംബന്ധിച്ചും ഇതു ശരിയാണ്. ദൈവമാണ് അതു പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ നമ്മുടെ ഭാഗത്ത് അതിനായി ഒരു ഇച്ഛയും ആഗ്രഹവും ദൈവത്തില്‍ ആശ്രയവും ഉണ്ടായിരിക്കണം.

ദൈവത്തിന്റെ ഒരു പ്രത്യേകത, അവിടുന്നു മനുഷ്യന്റെ സ്വതന്ത്ര ഇച്ഛയെ മാനിക്കുന്നു എന്നതാണ്. തിരഞ്ഞെടുക്കാനുള്ള മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്മേല്‍ ദൈവം കൈകടത്തുകയില്ല. മനുഷ്യനെ ആദ്യം സൃഷ്ടിച്ചതു മുതല്‍ ഇതാണു ദൈവത്തിന്റെ നയം. അല്ലെങ്കില്‍ നോക്കുക: ഏദന്‍ തോട്ടത്തില്‍ എന്താണു സംഭവിക്കുന്നതെന്നു ദൈവത്തിന് അറിയില്ലായിരുന്നോ? ആദവും ഹവ്വയും തന്റെ കല്പനയ്ക്കു വിരുദ്ധമായി തെറ്റു ചെയ്യുവാന്‍ തീരുമാനം എടുത്തപ്പോള്‍ ദൈവത്തിനു വേണമെങ്കില്‍ അതു തടയാമായിരുന്നില്ലേ? പക്ഷേ അവിടുന്ന് അതു ചെയ്തില്ല. എന്തുകൊണ്ട്? മനുഷ്യന്റെ സ്വതന്ത്ര തീരുമാനത്തെ, അതു തന്റെ കല്പന അനുസരിക്കാതിരിക്കാനാണെങ്കില്‍ പോലും, ദൈവം മാനിക്കുന്നു. ഉവ്വ്, മനുഷ്യനെ ദൈവം തന്റെ ഇഷ്ടം മാത്രം ചെയ്യാന്‍ കഴിയുന്ന വിധം പ്രോഗ്രാം ചെയ്തു വച്ചിരിക്കുന്ന ഒരു യന്ത്രമനുഷ്യനായിട്ടല്ല സൃഷ്ടിച്ചത്.

ദൈവത്തിന്റെ ഈ പ്രത്യേകത നമ്മുടെ വിശുദ്ധ ജീവിതത്തിലേക്കുള്ള വളര്‍ച്ചയെ സംബന്ധിച്ചും ശരിയാണെന്നു കാണാം. നമ്മെ ആത്മികമായി മുന്നോട്ടു നടത്തുന്നതും വിജയകരമായ ക്രിസ്തീയ ജീവിതത്തിലേക്കു നയിക്കുന്നതും ദൈവവും പരിശുദ്ധാത്മാവുമാണ്. എന്നാല്‍ നാം ബോധപൂര്‍വ്വം ദൈവപ്രവൃത്തിയോടു സഹകരിക്കാതിരുന്നാല്‍ അതു നടക്കുകയില്ല. രക്ഷിക്കപ്പെട്ടതിനുശേഷം നാം ഓരോ ഘട്ടത്തിലും നടത്തിയിട്ടുള്ള തിരഞ്ഞെടുപ്പുകളാണു നാം ഇന്ന് ആത്മീയരായി തീര്‍ന്നിട്ടുണ്ടോ എന്നതിനെ നിര്‍ണയിക്കുന്നത്. പുലര്‍ച്ച മുതല്‍ നട്ടുച്ച വരെ ഓരോ നാഴികയിലും പ്രകാശം വര്‍ധിച്ചു വരുന്നതുപോലെ ക്രമാനുഗതമായ ഒരു പുരോഗതി ഒരു വിശ്വാസിയുടെ ജീവിത പാതയില്‍ ദൈവം പ്രതീക്ഷിക്കുന്നു (സദൃശ. 4:18).

എന്നാല്‍ ഈ മുന്നോട്ടുള്ള പ്രയാണത്തില്‍ ഇടയ്ക്കു രണ്ടു സ്ഥലങ്ങളില്‍ ഫ്രീസു ചെയ്തു നിന്നു പോയവരെക്കുറിച്ചും ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്ന മറ്റൊരു കൂട്ടരെക്കുറിച്ചും അപ്പൊസ്തലനായ പൗലൊസ് കൊരിന്ത്യരോടു വിവരിക്കുന്നതു നമുക്കും പാഠമാകേണ്ടതുണ്ട്. പ്രാകൃത മനുഷ്യന്‍, ജഡികന്‍, ആത്മീയ മനുഷ്യന്‍ എന്നിങ്ങനെ മൂന്നു കൂട്ടരെക്കുറിച്ചു പൗലൊസ് പറയുന്നു (1 കൊരി. 2:14-3:3).

എല്ലാവരും ആത്മീയ മനുഷ്യര്‍ (spiritual men) ആയിത്തീരണമെന്നു പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. പക്ഷേ ചിലര്‍ ജഡികര്‍ (fleshy), മറ്റു ചിലര്‍ ദേഹീപരര്‍ (natural or soulish) എന്നീ ഇടത്താവളങ്ങളില്‍ നിന്നു പോകുന്നു. (‘പ്രാകൃത മനുഷ്യന്‍’ എന്നു പൗലൊസ് വിളിക്കുന്നത് രക്ഷിക്കപ്പെടാത്തവരെയാണെന്നു പലരും പഠിപ്പിക്കാറുണ്ട്. മലയാളം ബൈബിളിലെ ‘പ്രാകൃത മനുഷ്യന്‍’ എന്ന പ്രയോഗമാണ് ഈ തെറ്റിദ്ധാരണയ്ക്കു കാരണം. പക്ഷേ ഇംഗ്ലീഷില്‍ സ്വാഭാവിക മനുഷ്യന്‍ (natural), ദേഹീപരനായ മനുഷ്യന്‍ (soulish man) എന്നെല്ലാമാണു കൊടുത്തിട്ടുള്ളത് എന്നതിനാല്‍ വിശ്വാസികളില്‍ തന്നെ ദേഹിയുടെ ബലത്തില്‍ ജീവിക്കുന്നവരെയാണു അത്തരക്കാര്‍ ധാരാളമുള്ള കൊരിന്തിലെ സഭയ്ക്കു ലേഖനം എഴുതുമ്പോള്‍ പൗലൊസ് ഉദ്ദേശിക്കുന്നതെന്നു കാണാം).

ദൈവം ഒരു ത്രിത്വം ആയിരിക്കുന്നതുപോലെ വിശ്വാസിയും ഒരു ത്രിത്വമാണല്ലോ. – അവനില്‍ ദേഹം, ദേഹി, ആത്മാവ് എന്നിവ മൂന്നും കുടികൊള്ളുന്നു. ‘നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയില്‍ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ” എന്നു പറയുന്നിടത്ത് ഇതു മൂന്നും വരുന്നുണ്ട് (1 തെസ്സ. 5;23). മാത്രമല്ല, അതിന്റെ പ്രാധാന്യവും ക്രമവും ഇവിടെ വിവരിക്കുന്നതുപോലെയാണ്. ഒന്നാമത്, ആത്മാവ്, രണ്ടാമതു ദേഹി, മൂന്നാമത് ദേഹം (ജഡം).

ഇതില്‍ കൊരിന്തിലെ വിശ്വാസികളില്‍ പലരും ജഡികരാണെന്നു പൗലൊസ് അവരോടു തുറന്നു പറയുന്നു. താന്‍ ആ നിഗമനത്തിലെത്താനുള്ള കാരണവും പൗലൊസ് പറയുന്നുണ്ട് (1 കൊരി. 3:1-5; 5:1,2,7,8,11; ഗലാ. 5:19,20). എന്നാല്‍ ജഡത്തിന്റെ പ്രവൃത്തികള്‍ ദേഹീപരരില്‍ ഇത്രത്തോളം പ്രകടമല്ലാത്തതിനാല്‍ തങ്ങള്‍ വളരെ മുന്നോട്ടു പോയെന്ന് അവരും അവരെ കാണുന്ന മറ്റുള്ളവരും കരുതിയേക്കാം. എന്നാല്‍ വാസ്തവമെന്താണ്? ദൈവവചനം അനുസരിച്ച് ദേഹീപരര്‍ ജീവനുള്ള പുതുവഴിയെ ഇനിയും നടക്കേണ്ടതുണ്ട്. ദൈവസാന്നിധ്യമുള്ള അതിവിശുദ്ധസ്ഥലത്തിനു പുറത്താണ് അവര്‍.

പഴയനിയമ ദൈവാലയത്തില്‍ ദൈവത്തിന്റെ സാന്നിധ്യം പ്രാകാരത്തിലോ വിശുദ്ധസ്ഥലത്തോ ആയിരുന്നില്ല, മറിച്ച് അതിവിശുദ്ധ സ്ഥലത്തായിരുന്നു. മനുഷ്യനിലും അതിവിശുദ്ധസ്ഥലത്തെ പ്രതിനിധാനം ചെയ്യുന്ന ആത്മാവിലാണു ദൈവത്തിന്റെ സാന്നിധ്യം. ദേഹി വിശുദ്ധസ്ഥലത്തെ പ്രതിനിധാനം ചെയ്യുന്നു; ജഡം പ്രാകാരത്തെയും. ദേഹിയാണു ചിന്തകള്‍, വികാരങ്ങള്‍, ഇച്ഛ എന്നിവയുടെ ഇരിപ്പിടം. ഇന്നു വിശ്വാസ ഗോളത്തില്‍ പലരും ദൈവിക സത്യങ്ങളെ ചിന്തകളിലും വികാരത്തിലും സ്വീകരിച്ചു കഴിഞ്ഞാല്‍ എല്ലാമായി എന്നു കരുതുന്നവരാണ്. എന്നാല്‍ അവ ഇച്ഛ വച്ച് അനുസരിച്ചാല്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ആത്മീയരാകാന്‍ കഴിയൂ എന്നു യേശുവിന്റെ ജീവിതമാതൃക നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.

യേശു കാണിച്ച മാതൃക നോക്കുക: പഴയനിയമ ദൈവാലയത്തില്‍ വിശുദ്ധ സ്ഥലത്തിനും അതിവിശുദ്ധ സ്ഥലത്തിനും ഇടയില്‍ ഒരു തിരശ്ശീല ഉണ്ടായിരുന്നു. യേശു, ‘എങ്കിലും എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം’ എന്നു പറഞ്ഞ് ക്രൂശു മരണം അനുഭവിച്ചപ്പോള്‍ ഈ തീരശ്ശീല കീറിപ്പോയി. ഇപ്പോള്‍ ദൈവസാന്നിധ്യത്തിലേക്കു പ്രവേശിക്കാം. ഇതിനെ എബ്രായ ലേഖനകാരന്‍, ‘യേശു തന്റെ ദേഹം എന്ന തിരശ്ശീലയില്‍ക്കൂടി നമുക്കു പ്രതിഷ്ഠിച്ച ജീവനുള്ള പുതുവഴി’ എന്നു പറഞ്ഞിരിക്കുന്നു (10:19). യേശു ഇവിടെ ചീന്തിയത് കേവലം അക്ഷരികമായ തന്റെ ദേഹമല്ല മറിച്ച് ദൈവേഷ്ടത്തിനു വിരുദ്ധമായ തന്റെ സ്വന്ത ഇഷ്ടത്തെയാണെന്ന് എബ്രായര്‍ 10:5-7-ല്‍ നിന്നും വ്യക്തമാണല്ലോ (”…ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു… ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാന്‍ ഞാന്‍ വരുന്നു”).

യേശു തുറന്നു തന്ന ഈ പുതുവഴിയിലൂടെ ദൈവസാന്നിധ്യത്തിന്റെ അതിവിശുദ്ധ സ്ഥലത്തേക്കു ഇന്നു നമുക്കും പ്രവേശിക്കാം. വിശുദ്ധസ്ഥലത്തിനും അതിവിശുദ്ധ സ്ഥലത്തിനും ഇടയില്‍ കിടന്ന തിരശ്ശീല ചീന്തിയതുപോലെ നമ്മുടെ ദേഹിക്കും ആത്മാവിനും ഇടയിലുള്ള സ്വന്ത ഇഷ്ടത്തിന്റെ തിരശ്ശീലയെ നാമും ചീന്തി ആത്മാവിലെ ദൈവസാന്നിധ്യത്തിലേക്കു പ്രവേശിക്കണ്ടതുണ്ട്. ‘ദൈവമേ നിന്റെ ഇഷ്ടം ചെയ്‌വാന്‍ ഞാന്‍ വരുന്നു’ എന്ന് ഏറ്റു പറഞ്ഞുകൊണ്ട് അനുസരണത്തിന്റെ പ്രവൃത്തികൊണ്ടു സ്വന്ത ഇഷ്ടത്തെ കീറി ദേഹിയില്‍ നിന്നു നിരന്തരം ആത്മാവിലേക്കു ചുവടു വയ്ക്കുമ്പോഴാണു ദേഹീപരന്‍, ആത്മീയനായി മാറുന്നത്.

എന്നാല്‍ ദൈവേഷ്ടത്തിനെതിരെ സ്വന്ത ഇഷ്ടം ചെയ്‌വാന്‍ പ്രലോഭിപ്പിക്കപ്പെടുന്ന രംഗങ്ങളില്‍ മാത്രമാണല്ലോ നമുക്കു സ്വന്ത ഇഷ്ടത്തിന്റെ തിരശ്ശീല ഭേദിച്ച് അതിവിശുദ്ധ സ്ഥലത്തേക്കു പ്രവേശിക്കാന്‍ കഴിയുന്നത്. അത്തരം പ്രലോഭനങ്ങളൊന്നും വരാത്ത സാധാരണ ദിവസത്തിന്റെ മണിക്കൂറുകളില്‍ നമുക്ക് എങ്ങനെയാണു ദൈവസാന്നിധ്യത്തില്‍ വസിക്കാന്‍ കഴിയുന്നത്? വെറുതെയിരിക്കുമ്പോള്‍ എന്തെല്ലാം ചിന്തകള്‍, ഓര്‍മകള്‍, അനുഭൂതികള്‍ നമ്മുടെ മനസ്സിലേക്കു തള്ളിക്കയറി വരുന്നു! അവിടെ നാം എന്താണു ചെയ്യേണ്ടത്? ഇതിനുള്ള ഒരു പ്രായോഗിക മാര്‍ഗ്ഗം പൗലൊസ് റോമര്‍ക്കെഴുതിയ ലേഖനത്തില്‍ നമുക്കു പറഞ്ഞു തരുന്നുണ്ട് (8:6): ‘ജഡത്തിന്റെ ചിന്ത മരണം ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ’ എന്നു മലയാളത്തില്‍ നാം വായിക്കുന്നത് ‘മനസ്സ് ജഡത്തില്‍ വച്ചാല്‍ അതു മരണം, ആത്മാവില്‍ വച്ചാല്‍ അതു ജീവനും സമാധാനവും’ എന്നാണ് ഇംഗ്ലീഷ് ബൈബിളില്‍ (For the mind set on the flesh is death, but the mind set on the spirit is life and peace).

നോക്കുക: മനസ്സ് (ദേഹി), ആത്മാവിനും ജഡത്തിനും ഇടയിലാണ്. ഏറ്റവും ഉള്ളില്‍ ആത്മാവ്, നടുക്കു ദേഹി, പുറത്തു ജഡം (1തെസ്സ. 5:23). മധ്യത്തിലുള്ള ദേഹിയില്‍ (മനസ്സില്‍) വരുന്ന ചിന്തകളെ, വികാരങ്ങളെ, ഒന്നുകില്‍ നമുക്കു ജഡത്തില്‍ വയ്ക്കാം. അല്ലെങ്കില്‍, ആത്മാവില്‍ വയ്ക്കാം. ജഡത്തില്‍ വച്ചാല്‍ മരണം, ആത്മാവില്‍ വച്ചാല്‍ ജീവനും സമാധാനവും. ഇതു ബോധപൂര്‍വ്വം, നാം തന്നെ ചെയ്യേണ്ട ഒരു പ്രവൃത്തിയാണ്.

എന്നാല്‍ പരിശുദ്ധാത്മാവിനെ ആദ്യം നമുക്കു പരിചയപ്പെടുത്തുമ്പോള്‍ യേശു പരിശുദ്ധാത്മാവിനെ ‘കാര്യസ്ഥന്‍’ (വലഹുലൃ) എന്നാണു വിളിക്കുന്നത് (യോഹ. 14:16). നമുക്കു പ്രയാസമുള്ള കാര്യങ്ങള്‍ നമുക്കു വേണ്ടി നമുക്കു പകരം ചെയ്തു തരുന്നയാളാണ് നമ്മുടെ കാര്യസ്ഥന്‍. തീര്‍ച്ചയായും പ്രലോഭനങ്ങളുടെ രംഗങ്ങളില്‍ സ്വന്ത ഹിതത്തെ നിഷേധിച്ച് ദൈവഹിതത്തിനായി നമ്മുടെ ഇച്ഛയെ താഴ്ത്തി വയ്ക്കുന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ അത്തരം രംഗങ്ങളില്‍, പരിശുദ്ധാത്മ നിറവുള്ള ഒരു വിശ്വാസിക്കു പരിശുദ്ധാത്മാവിന്റെ സഹായം വലിയൊരളവില്‍ ലഭ്യമാണ്. ഓര്‍ത്തു നോക്കുക: നമ്മുടെ ജീവിതത്തില്‍ തന്നെ അത്തരം എത്ര നിര്‍ണായകമായ രംഗങ്ങളില്‍ ‘കാര്യസ്ഥന്‍’ നമുക്കു സഹായത്തിനെത്തുകയും. എത്ര അനായാസം നാം ആ പരീക്ഷയെ വിജയകരമായി തരണം ചെയ്യുകയുമുണ്ടായി! ഇതുപോലെ നിത്യസാധാരണ ജീവിതത്തില്‍ ചിന്തകളെ ജഡത്തില്‍ വയ്ക്കാതെ ആത്മാവില്‍ വച്ച് ജീവനും സമാധാനവും പ്രാപിക്കാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍, നാം അവിടുത്തെ നാമം വിളിച്ചപേക്ഷിച്ചാല്‍, പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥന്‍ അവിടെയും നമുക്കു സഹായത്തിനായി എത്തുകയും കാര്യങ്ങള്‍ എളുപ്പമാക്കിത്തരികയും ചെയ്യും.

പരിശുദ്ധാത്മ സ്‌നാനം പ്രാപിച്ചവര്‍ എന്ന് അവകാശപ്പെടുകയും അഭിമാനം കൊളളുകയും ചെയ്യുന്ന ദേഹീപരരായ ധാരാളം വിശ്വാസികളിന്നുണ്ട്. അവരില്‍ പലര്‍ക്കും, പരിശുദ്ധാത്മാവു നല്‍കുന്ന മുകളില്‍ പറഞ്ഞ സഹായങ്ങളെക്കുറിച്ചു ബോധ്യമില്ല. പരിശുദ്ധാത്മാവ് സമം വരങ്ങള്‍ എന്നവര്‍ കാര്യങ്ങളെ ലളിതവല്‍ക്കരിച്ചുകളഞ്ഞു. ഫലം അവര്‍ ജീവനുള്ള പുതുവഴിയിലൂടെ അതിപരിശുദ്ധ സ്ഥലത്തേക്കു പ്രവേശിക്കുന്നില്ല. ചിന്തകളെ ആത്മാവിനു പകരം ജഡത്തില്‍ തന്നെ വയ്ക്കുന്നു. അവര്‍ ആത്മീയരാകുന്നില്ല. ദേഹീപരരായി തുടരുന്നു. ക്രമേണ ജഡികരായി അധപ്പതിക്കുന്നു!

തങ്ങള്‍ പ്രാപിച്ച പരിശുദ്ധാത്മ സ്‌നാനം തങ്ങളെ തികഞ്ഞ ആത്മീയരാക്കി എന്നവര്‍ ചിന്തിക്കുന്നു. എന്നാല്‍ അങ്ങനെ സംഭവിക്കുമാ യിരുന്നെങ്കില്‍ കൊരിന്ത്യ സഭയിലുള്ളവരെല്ലാം പണ്ടേ ആത്മീയരായിത്തീരുമായിരുന്നു! കാരണം അവരെല്ലാം പരിശുദ്ധാത്മ സ്‌നാനം പ്രാപിച്ചവരും അന്യഭാഷയില്‍ സംസാരിക്കുന്നവരും (1 കൊരി. 14) ഒരു കൃപാവരത്തിലും കുറവില്ലാത്തവരുമായിരുന്നല്ലോ (1:7). എന്നാല്‍ അവരെ ആത്മീയരായി കണക്കാക്കാന്‍ തനിക്കു കഴിയുകയില്ലെന്നായിരുന്നു പൗലൊസിന്റെ നിലപാട് (3:1). വരങ്ങളില്‍ അധിഷ്ഠിതമായ പ്രവചനം, വീര്യപ്രവൃത്തികള്‍, അത്ഭുതങ്ങള്‍ എന്നിവ അതില്‍ത്തന്നെ ഒരുവനെ സ്വര്‍ഗ്ഗരാജ്യത്തിനു പോലും അവകാശിയാക്കുകയില്ല എന്നു യേശുവും പറഞ്ഞത് ഓര്‍ക്കുക (മത്താ. 7:22-24).

ആത്മനിറവുള്ള ഒരു വിശുദ്ധ ജീവിതത്തിനായി നമ്മുടെ ഭാഗത്തു ചെയ്യേണ്ടതും അതേസമയം തന്നെ യേശുകര്‍ത്താവ് പൂര്‍ത്തിയാക്കിയതും പരിശുദ്ധാത്മാവ് സഹായിക്കുന്നതുമായ വ്യത്യസ്ത മേഖലകളുണ്ട്. അവയെക്കുറിച്ചുള്ള തിരിച്ചറിവും വ്യക്തതയും ദൈവം തന്നെ നമുക്കു നല്‍കട്ടെ.

അധ്യായം 15 :
‘അനുദിനവും അനുഗമിപ്പാന്‍ അവന്‍ നല്ല മാതൃക’


…വചനം ദൈവമായിരുന്നു… വചനം ജഡമായിത്തീര്‍ന്നു. കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്റെ തേജസ്സ് പിതാവില്‍ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു’ (യോഹ. 1:1,14).

യോഹന്നാന്‍ തന്റെ സുവിശേഷം എഴുതി തുടങ്ങുകയാണ്. തുടക്കത്തില്‍ തന്നെ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് ഞങ്ങള്‍ കണ്ട കാര്യങ്ങളാണിവ എന്നു പറഞ്ഞ്, സുവിശേഷത്തിന്റെ ആധികാരികത യോഹന്നാന്‍ സ്വയം സാക്ഷ്യപ്പെടുത്തുകയാണ്. ‘ഞങ്ങള്‍ സ്വന്ത കണ്ണുകൊണ്ടു കണ്ടതും,’ ‘ഞങ്ങള്‍ നോക്കിയതും’ എന്നു പറഞ്ഞാണല്ലോ തന്റെ ആദ്യ ലേഖനവും അദ്ദേഹം ആരംഭിക്കുന്നത് (1:1). അവിടെയും താന്‍ എന്താണു കണ്ടതും നോക്കിയതും കേട്ടതും തൊട്ടതും? അതു പിതാവിനോടു കൂടെയിരുന്നു പ്രത്യക്ഷമായ ജീവനെക്കുറിച്ചാണു സാക്ഷീകരിക്കുന്നത് എന്നു തൊട്ടടുത്ത വാക്യത്തില്‍ വിശദീകരിക്കുന്നു (1:2).

എന്തിനാണു യോഹന്നാന്‍ ദൈവം (വചനം, ജീവന്‍) ജഡത്തില്‍ വെളിപ്പെട്ടു എന്നതു തികച്ചും സത്യമാണെന്നും തങ്ങള്‍ അതു കണ്ടും നോക്കിയും തൊട്ടും കേട്ടും ബോധ്യപ്പെട്ടതാണെന്നും ഇത്രയേറെ ഊന്നിപ്പറയുന്നത്? യോഹന്നാന്‍, സുവിശേഷവും ലേഖനങ്ങളും എഴുതിയ പശ്ചാത്തലം മനസ്സിലായാലേ ഇക്കാര്യം വ്യക്തമാകൂ.

രക്തസാക്ഷി മരണത്തില്‍ നിന്നു രക്ഷപ്പെട്ട് തൊണ്ണൂറില്‍പരം വയസ്സുവരെ ജീവിച്ചിരുന്ന യോഹന്നാന്‍ ഒടുവില്‍ സുവിശേഷവും ലേഖനങ്ങളും എഴുതുമ്പോഴേക്കും ക്രിസ്തീയലോകത്തു നോസ്റ്റിക്ക് (gnostic) ചിന്താഗതി നുഴഞ്ഞു കയറിയിരുന്നു. ഭൗതിക വസ്തു അശുദ്ധമാണെന്നതാണു നോസ്റ്റിക് ചിന്തയുടെ കാതല്‍. വിശുദ്ധനായ ദൈവത്തിനു ഭൗതിക വസ്തുകൊണ്ടുള്ള ശരീരമില്ല. അങ്ങനെയെങ്കില്‍ ദൈവം സ്വന്തം പുത്രനായ യേശുവിനു ഭൗതിക ശരീരം കൊടുക്കുമോ? ഇല്ല. അപ്പോള്‍ യേശുവിന്റെ കാണപ്പെട്ട ശരീരം യഥാര്‍ത്ഥമായിരുന്നില്ല. അതു ഒരു മായയായിരുന്നു. യേശുവിന്റെ കാണപ്പെട്ട ശരീരം മായക്കാഴ്ചയാണെന്നുള്ള നോസ്റ്റിക്കുകളുടെ വിശ്വാസത്തെ ഡോസെറ്റിസം (Docetism) എന്നാണു പറയുന്നത്. ഗ്രീക്കിലെ Docko(കാണപ്പെടുക) എന്ന പദത്തില്‍ നിന്നാണത്രേ ആ പേരുണ്ടായത്.

ഗ്രീക്കുകാരുടെ ഡോസെറ്റിക് ചിന്താഗതി ക്രിസ്തീയലോകത്തു വേരു പിടിക്കുന്നതിന്റെ ‘അപകടം’ നല്ലതുപോലെ മനസ്സിലാക്കിക്കൊണ്ടാണു യോഹന്നാന്‍ സുവിശേഷങ്ങളും ലേഖനങ്ങളും എഴുതുന്നത്. അതുകൊണ്ടു തന്നെ യേശുവിന്റെ ഭൂമിയിലെ ശരീരം മായക്കാഴ്ചയല്ലായിരുന്നു, യഥാര്‍ത്ഥമായിരുന്നു എന്നു സ്ഥാപിക്കാന്‍ അദ്ദേഹം ദൃക്‌സാക്ഷികളായി തങ്ങളെത്തന്നെ കൊണ്ടു വരുന്നു. ”ഇല്ല. അത് ഒരു മായയായിരുന്നില്ല. ദൈവം ജഡമായിത്തീര്‍ന്നു… ഞങ്ങളുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്റ തേജസ്സ്… കണ്ടു. ആ ജീവന്റെ വചനം ഞങ്ങള്‍ കേട്ടു. സ്വന്ത കണ്ണുകൊണ്ടു കണ്ടു… ഞങ്ങള്‍ നോക്കി… ഞങ്ങളുടെ കൈ തൊട്ടു. ഞങ്ങള്‍ കണ്ടും കേട്ടുമുള്ളതു നിങ്ങളോടു അറിയിക്കുന്നു.”

തുടര്‍ന്നു യേശുക്രിസ്തു യഥാര്‍ത്ഥ ജഡത്തിലല്ല വന്നതെന്നു വിശ്വസിക്കുന്ന, ഡൊസെറ്റിസത്തിന്റെ ദുരുപദേശത്തില്‍പ്പെട്ടവര്‍ക്കെതിരെ യോഹന്നാന്‍ ശക്തമായ താക്കീതും സഭയിലുള്ളവര്‍ക്കു മുന്നറിയിപ്പും നല്‍കുന്നു: ”ദൈവാത്മാവിനെ ഇതിനാല്‍ അറിയാം. യേശുക്രിസ്തു ജഡത്തില്‍ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തില്‍ നിന്നുള്ളത്. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തില്‍ നിന്നുള്ളതല്ല. അത് എതിര്‍ക്രിസ്തുവിന്റെ ആത്മാവു തന്നേ” (1യോഹ. 4:2). ”യേശുക്രിസ്തു ജഡത്തില്‍ വന്നു എന്നു സ്വീകരിക്കാത്ത വഞ്ചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നു. വഞ്ചകനും എതിര്‍ക്രിസ്തുവും ഇങ്ങനെയുള്ളവന്‍ ആകുന്നു… ഒരുത്തന്‍ ഈ ഉപദേശവും കൊണ്ട് അല്ലാതെ നിങ്ങളുടെ അടുക്കല്‍ വന്നുവെങ്കില്‍ അവനെ വീട്ടില്‍ കൈക്കൊള്ളരുത്. അവനു കുശലം പറകയും അരുത്” (2 യോഹ. 7,10).

ക്രിസ്തീയ ലോകത്തേക്കു നുഴഞ്ഞു കയറുന്ന വിപരീതോപദേശങ്ങള്‍ക്കെതിരെ എത്ര വീറോടെയാണു യോഹന്നാന്‍ നിലയുറപ്പിക്കുന്നതെന്നു നോക്കൂ. കാരണം അന്നു ഇതിനെതിരെ മുന്നറിയിപ്പു നല്‍കാന്‍ മറ്റ് അപ്പൊസ്തലന്മാരുണ്ടായിരുന്നില്ല. (പുതിയ നിയമ പുസ്തകങ്ങളില്‍ കാലക്കണക്കു നോക്കിയാല്‍ ഏറ്റവും ഒടുവിലായി എഴുതിയ പുസ്തകങ്ങളുടെ കര്‍ത്താവാണല്ലോ യോഹന്നാന്‍). എന്നാല്‍ യോഹന്നാനു ശേഷവും ഡോസെറ്റിസത്തിന്റെ സ്വാധീനം ക്രിസ്തീയ ലോകത്തുണ്ടായിരുന്നു. ഇന്നും തങ്ങള്‍ പൂര്‍ണമായും യഥാര്‍ഥ ക്രിസ്തീയ ഉപദേശത്തിന്റെ വക്താക്കളാണെന്ന് അവകാശപ്പെടുന്നവരില്‍ പോലും ഇതിന്റെ സ്വാധീനം പല തലങ്ങളില്‍ നമുക്കു കാണാന്‍ കഴിയും. അതുകൊണ്ടു തന്നെ ഇതു ഗൗരവമായി പഠിക്കേണ്ടതുണ്ട്.

യേശുക്രിസ്തു ജഡത്തില്‍ വന്നതു സംബന്ധിച്ച് മൊത്തത്തില്‍ നാലു ചിന്താധാരകളാണുള്ളതെന്നു പറയാം. യേശുവില്‍ മനുഷ്യത്വത്തെക്കാള്‍ ദൈവത്വമാണുണ്ടായിരുന്നത്, ദൈവത്വത്തെക്കാള്‍ മനുഷ്യത്വമാണുള്ളത്, യേശു ഭാഗിക മനുഷ്യനും ഭാഗിക ദൈവവുമായിരുന്നു, യേശു പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനും- ഇവയാണ് ആ നാലു ചിന്താഗതികള്‍.

ഇതില്‍ യേശു പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനും എന്നതാണു ദൈവവചനത്തിലെ സത്യവും ക്രിസ്തീയ ഉപദേശവും. യോഹന്നാന്‍ ഉള്‍പ്പെടെയുള്ള അപ്പൊസ്തലന്മാര്‍ ഈ സത്യത്തിനു വേണ്ടിയാണു നിലകൊണ്ടത്. ഒന്നാം നൂറ്റാണ്ടിലെ സഭ ഇതൊരു കീര്‍ത്തനമായി പാടിയിരുന്നതു 1 തിമൊഥെയോസ് 3:16-ല്‍ രേഖപ്പെടുത്തിയിരിക്കുന്നു: ‘അവന്‍ ജഡത്തില്‍ വെളിപ്പെട്ടു, ആത്മാവില്‍ നീതീകരിക്കപ്പെട്ടു…’

യേശു പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനുമായിരുന്നു. കഴിഞ്ഞകാല നിത്യതയിലും വരാന്‍ പോകുന്ന നിത്യതയിലും അവിടുന്നു ദൈവമാണ്. യേശു ഭൂമിയില്‍ വന്നപ്പോഴും ദൈവമായിരുന്നു. അതുകൊണ്ടാണല്ലോ അവിടുന്ന് ആരാധന സ്വീകരിച്ചതും (മത്താ. 2:11; 8:2; 9:18; 14:33; 15:25; 20:20; യോഹ. 9:38). മറ്റുള്ളവരുടെ പാപം ക്ഷമിച്ചു കൊടുത്തതും (മര്‍ക്കൊ. 2:10). യേശുവിന്റെ ജനനവും വ്യത്യസ്തമാ യിരുന്നു. അവിടുത്തെ ജനനം പരിശുദ്ധാത്മാവിനാല്‍ ആയിരുന്നു (മത്താ. 1:20). ആ വിശുദ്ധ പ്രജ ദൈവപുത്രന്‍ എന്നു വിളിക്കപ്പെട്ടു (ലൂക്കൊ. 1:35). യേശുവിന്റെ ജഡം പാപജഡമായിരുന്നില്ല. അതു പാപജഡത്തിന്റെ സാദൃശ്യം മാത്രമായിരുന്നു (റോമ. 8:3). തന്നില്‍ അബോധപൂര്‍വമായ പാപംപോലും ഉണ്ടായിരുന്നില്ല. തന്റെ ദൈവത്വത്തിലാണ് അവിടുന്ന് ഉയിര്‍ത്തെഴുന്നേറ്റത് – ഇതെല്ലാമാണു യേശുവിന്റെ ദൈവത്വത്തിന്റെ തെളിവുകള്‍. ഉവ്വ്, അവിടുന്നു പൂര്‍ണ്ണദൈവമായിരുന്നു.

ഇതേസമയം അവിടുന്നു പൂര്‍ണ മനുഷ്യനുമായിരുന്നുവെന്നു ദൈവവചനം വെളിപ്പെടുത്തുന്നു. അവിടുന്നു ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചുവെന്നു രേഖപ്പെടുത്തിയിരിക്കുന്നു (2 തിമൊ. 2:8). മറിയ ദാവീദിന്റെ സന്തതി പരമ്പരയില്‍ പെട്ട സാധാരണ സ്ത്രീയായിരുന്നല്ലോ. യേശു ഭൂമിയില്‍ വന്നപ്പോള്‍ ദൈവത്തിന്റെ അവകാശങ്ങളെല്ലാം ഉരിഞ്ഞു വച്ചു (ഫിലി. 2:5-8). അതുകൊണ്ടു ദൈവം ദോഷങ്ങളാല്‍ പരീക്ഷിക്കപ്പെടാത്തവനാണെങ്കിലും (യാക്കോ. 1:13) ഭൂമിയില്‍ യേശു പരീക്ഷിക്കപ്പെട്ടു (മത്താ. 4:1-11). അവിടുന്നു സകലത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടെങ്കിലും പാപം ചെയ്തില്ല (എബ്രാ. 4:15). യേശു സകലത്തിലും സഹോദരന്മാരായ നമുക്കു സദൃശനായി (എബ്രാ. 2:19). അവിടുന്ന് ‘അനുസരണം പഠിച്ചു തികഞ്ഞവനായി’ എന്നും എഴുതിയിരിക്കുന്നു (എബ്രാ. 5:7-9). – ഇതെല്ലാമാണു യേശുവിന്റെ മനുഷ്യത്വത്തെ വെളിപ്പെടുത്തുന്ന വചനങ്ങള്‍. ഉവ്വ്, അവിടുന്നു പൂര്‍ണ മനുഷ്യനായിരുന്നു.

ഇന്നു ചില ക്രിസ്തീയ വിശ്വാസ സമൂഹങ്ങള്‍ അവരുടെ ഉപദേശ പട്ടികയില്‍ ‘യേശു പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനുമാണെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു’ എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അവരെ അടുത്തറിയുമ്പോള്‍, യേശു പൂര്‍ണമനുഷ്യനായിരുന്നു എന്നത് അവര്‍ യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നില്ല എന്നു മനസ്സിലാക്കാന്‍ കഴിയും. യേശു ഭൂമിയിലായിരുന്നപ്പോള്‍ തനിക്കു വിശന്നു, ദാഹിച്ചു, ഉറങ്ങി എന്നൊക്കെ സമ്മതിക്കുമെങ്കിലും അവന്‍ സകലത്തിലും സഹോദരന്മാര്‍ക്കു തുല്യനായെന്നോ, സര്‍വ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടുവെന്നോ ഒന്നും അംഗീകരിക്കുകയില്ല. യേശുവിന്റെ ഭൂമിയിലെ ജീവിതത്തില്‍ അവിടുന്നു പൂര്‍ണ മനുഷ്യനായെന്നല്ല, അവിടുത്തെ മനുഷ്യത്വത്തെ ഒരു മായക്കാഴ്ച പോലെയാണ് അവര്‍ ചിന്തിക്കുന്നത്. ഇത് ഒരളവില്‍ നമ്മള്‍ നേരത്തെ വിശദീകരിച്ച ഡോസെറ്റിക് ദുരുപദേശത്തിന്റെ പിന്തുടര്‍ച്ചയല്ലേ? ഇത് അപകടകരമല്ലേ?

‘യേശുവിന്റെ ശരീരം യഥാര്‍ത്ഥമായിരുന്നില്ല അതു മായക്കാഴ്ചയായിരുന്നു’ എന്നു കരുതിയ ആദ്യനൂറ്റാണ്ടുകളിലെ ക്രിസ്തുമതത്തിലെ നോസ്റ്റിക് വിഭാഗത്തില്‍ നിന്ന് ഇസ്‌ലാമിലേക്ക് അധിക ദൂരമില്ല എന്നു ചില പാശ്ചാത്യ ചരിത്രകാരന്മാരുടെ അഭിപ്രായം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ”അല്ലാഹുവിന്റെ ദൂതന്‍ മസീഹ് (മശിഹ) മറിയമിന്റെ പുത്രന്‍ ഈസായെ ഞങ്ങള്‍ കൊന്നുവെന്നാണവര്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ അവര്‍ അദ്ദേഹത്തെ വധിച്ചിട്ടുമില്ല, കുരിശില്‍ തറച്ചിട്ടുമില്ല. വേഷപ്രച്ഛന്നനെയാണവര്‍ക്കു ലഭിച്ചത്. അദ്ദേഹത്തെക്കുറിച്ചു ഭിന്നാഭിപ്രായമുള്ളവര്‍ അതിനെക്കുറിച്ചു സന്ദേഹത്തിലാണ്. അല്ലാഹു അദ്ദേഹത്തെ തന്റെയടുക്കലേക്ക് ഉയര്‍ത്തുകയാണു ചെയ്തത്” (4.157,158) എന്നിങ്ങനെ യേശുവിന്റെ കുരിശാരോഹണം ഖുര്‍ആന്‍ പൂര്‍ണമായി തള്ളിക്കളഞ്ഞത് ക്രിസ്തുമതത്തിലെ നോസ്റ്റിക് ഡോസെറ്റിക് സ്വാധീനം മൂലമാണെന്നാണ് ആ പാശ്ചാത്യ ചരിത്രകാരന്മാരുടെ പക്ഷം.

ഇക്കാര്യം എന്തിനാണ് നാം ഇവിടെ പരാമര്‍ശിക്കുന്നത്? ഡോസെറ്റിക് ചിന്തയുടെ സ്വാധീനം വിശ്വാസികളുടെ ഇടയില്‍ നിലനില്ക്കുന്നതിനെ സഹിഷ്ണുതയോടെ കാണുന്നത് എത്ര അപകടകരമായിരിക്കും എന്നതിലേക്കു വിരല്‍ ചൂണ്ടാനാണ്. വെറുതെയല്ല യോഹന്നാന്‍, ‘യേശുക്രിസ്തു ജഡത്തില്‍ വന്നവന്‍ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നു’ എന്നും ‘പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാല്‍ ഏത് ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍ നിന്നുള്ളവയോ എന്നു ശോധന ചെയ്‌വിന്‍. ദൈവാത്മാവിനെ ഇതിനാല്‍ അറിയാം- യേശുക്രിസ്തു ജഡത്തില്‍ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തില്‍ നിന്നുള്ളത്’ എന്നെല്ലാം വ്യക്തതയോടെ പറഞ്ഞിരിക്കുന്നത്. ഈ ഡോസെറ്റിക് ചിന്ത ക്രിസ്തീയലോകത്തിലേക്കു നുഴഞ്ഞു വന്ന ആദ്യ നൂറ്റാണ്ടില്‍ത്തന്നെ യോഹന്നാന്‍ അതിനെതിരെ എത്ര കര്‍ശനമായ നിലപാടാണ് എടുത്തിരിക്കുന്നത്!

യേശുവിന്റെ പൂര്‍ണ മനുഷ്യത്വം നേരത്തെ പറഞ്ഞ വിശ്വാസികള്‍ യഥാര്‍ത്ഥത്തില്‍ അംഗീകരിക്കാതിരുന്നതിനു ഡോസെറ്റിക് സ്വാധീനം പോലെ മറ്റൊരു കാരണവുമുണ്ടെന്നു തോന്നുന്നു. യേശു ജഡത്തില്‍ നമുക്കു തുല്യനായി വന്നു എന്ന് അംഗീകരിച്ചാല്‍ ‘എങ്കില്‍ യേശു ജീവിച്ചതു പോലെ നിങ്ങള്‍ ജീവിക്കാത്തതെന്തുകൊണ്ട്?’ എന്ന ചോദ്യത്തെ അവര്‍ക്കു നേരിടേണ്ടിവരും. അപ്പോള്‍ അവരുടെ പണത്തോടും സ്വയത്തോടും പാപത്തോടും പരാജയപ്പെട്ട ജീവിതത്തിന് ഒരു ന്യായീകരണവുമില്ലാതെ വരും. അതുകൊണ്ട് അവര്‍ പറയും: ”ഓ, യേശു അങ്ങനെയൊക്കെ ജീവിച്ചു. താന്‍ ആരാ ദൈവമല്ലായിരുന്നോ? നമ്മളെക്കൊണ്ടൊക്കെ അങ്ങനെ ജീവിക്കാനൊക്കുമോ? നമ്മളൊക്കെ വെറും മനുഷ്യരല്ലേ?” സുഹൃത്തേ, സമ്മതിച്ചു. എങ്കില്‍ ‘നിങ്ങള്‍ അവന്റെ കാല്‍ച്ചുവടു പിന്തുടരുവാന്‍ ഒരു മാതൃക വച്ചേച്ചു പോയിരിക്കുന്നു” (1 പത്രൊ. 2:21). ഞാന്‍ വിശുദ്ധനാകയാല്‍ നിങ്ങളും വിശുദ്ധരായിരിപ്പിന്‍ (1 പത്രൊ.1:16), യേശുവിന്റെ സ്വരൂപത്തോട് അനുരൂപപ്പെടുവാന്‍ നമ്മെ മുന്‍നിയമിച്ചിരിക്കുന്നു (റോമ. 8:29). ഞാന്‍ ക്രിസ്തുവിന്റെ അനുകാരിയായിരിക്കുന്നതുപോലെ നിങ്ങള്‍… ആയിരിപ്പിന്‍ (1 കൊരി. 11:1). ക്രിസ്തുയേശുവിലുള്ള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ (ഫിലി. 2:5). യേശു നമുക്കു മുന്‍പേ ഓടിയവനാണ് (എബ്രായര്‍ 6:20) തുടങ്ങിയ വാക്യങ്ങളുടെയൊക്കെ പ്രസക്തി എന്താണ്?

വിജയകരമായ ഒരു ജീവിതത്തിനു നമുക്കൊരു മാതൃകയും മുന്നോടിയുമാകാനാണു യേശു ജഡത്തില്‍ വന്നത് എന്നു പറഞ്ഞാല്‍, യേശു നമുക്കു തുല്യമായി ജഡത്തില്‍ വന്നു എന്നു സമ്മതിക്കാത്ത, മുന്‍പേ പറഞ്ഞ വിശ്വാസികള്‍ ചിലപ്പോള്‍ മറ്റൊരു ന്യായം പറയും – ”അതെന്തിനാണ്? നാം വിജയകരമായ ജീവിതം ജീവിക്കണമെന്നു കല്പിച്ചാല്‍ മതിയല്ലോ. അല്ലാതെ യേശു അതിനായി നമ്മെപ്പോലെ ജഡത്തില്‍ വരേണ്ട കാര്യം എന്താണ്?” ഈ ചോദ്യത്തിലും അപകടം ഒളിഞ്ഞിരിപ്പുണ്ട്. ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം താന്‍ ആരെ രക്ഷിക്കാനായി വരുന്നുവോ അവരുടെ തലത്തിലേക്ക് ഇറങ്ങി വരുന്നവനാണ്. അതുകൊണ്ടാണു മനുഷ്യരെ പാപത്തില്‍ നിന്നു രക്ഷിക്കാനായി ദൈവം മനുഷ്യനായി അവതരിച്ചത്. അവതാരത്തിന്റെ ഇതേ പ്രമാണം തന്നെയാണു വിജയകരമായ ജീവിതത്തിനു നമുക്കു മാതൃകയും മുന്നോടിയുമാകാനായി യേശു നമ്മെപ്പോലെ ജഡത്തില്‍ വന്നപ്പോഴും നടപ്പിലാക്കിയത്. യേശു അതിനായി നമ്മെപ്പോലെ ജഡത്തില്‍ വരേണ്ടിയിരുന്നില്ല എന്നു പറഞ്ഞാല്‍ മാനവരാശിയെ പാപത്തില്‍ നിന്നു രക്ഷിക്കാനും ദൈവം മനുഷ്യാവതാരം എടുത്തു ക്രൂശില്‍ മരിക്കേണ്ടതുണ്ടായിരുന്നില്ല എന്നു സമ്മതിക്കേണ്ടി വരും. ഇത് ഇസ്‌ലാം പോലെയുള്ള സെമിറ്റിക് മതങ്ങളുടെ പ്രിയപ്പെട്ട ഒരു വാദഗതിയാണ്. പാപത്തിനു പരിഹാരം വരുത്താന്‍ ദൈവം തന്നെ ഭൂമിയില്‍ മനുഷ്യനായി അവതരിച്ചു എന്ന ക്രിസ്തീയ വിശ്വാസത്തെ പരിഹസിച്ചുകൊണ്ട് അവര്‍ ചോദിക്കാറുണ്ട് – ‘കംപ്യൂട്ടറിനു തകരാര്‍ വന്നാല്‍ അതു നന്നാക്കാന്‍ കംപ്യൂട്ടര്‍ എന്‍ജിനീയര്‍ തന്നെ കംപ്യൂട്ടറിനായി ജനിക്കണോ? കുഷ്ഠരോഗിയെ ചികിത്സിക്കുന്ന ഡോക്ടര്‍ സ്വയം കുഷ്ഠരോഗിയായി മാറേണ്ടതുണ്ടോ?”

ബൈബിള്‍ വെളിപ്പെടുത്തുന്ന ദൈവം ഒരേസമയം നീതിമാനും സ്‌നേഹവാനും ആയതുകൊണ്ട് അവിടുത്തേക്കു പാപത്തില്‍ വീണു പോയ മനുഷ്യനെ രക്ഷിക്കാന്‍ മനുഷ്യാവതാരം എടുത്തേ കഴിയുമായിരുന്നുള്ളു എന്നതാണു ക്രിസ്തീയ വിശ്വാസത്തിന് ഇതിനുള്ള മറുപടി. ദൈവം ‘അവതാരത്തിന്റെ പ്രമാണ’ത്തിലാണ് (Incarnation principle) പ്രവര്‍ത്തിക്കുന്നത്. (ഇവിടെ എന്‍ജിനീയറുടെയും ഡോക്ടറുടെയും ഉദാഹരണം തീര്‍ത്തും തെറ്റിദ്ധാരണാജനകമാണ്). ഈ വസ്തുതകള്‍ വേണ്ടവിധം മനസ്സിലാക്കാതെ, പാപത്തിന്റെമേല്‍ ജയമുള്ള ഒരു വിജയകരമായ ജീവിതത്തിനു നമ്മെ പ്രാപ്തരാക്കാന്‍ യേശു നമ്മെപ്പോലെ ജഡത്തില്‍ വരേണ്ടതുണ്ടോ എന്നു ക്രിസ്തു വിശ്വാസികള്‍ തന്നെ ചോദിക്കുമ്പോള്‍ അവരും (ഒരുപക്ഷേ അറിയാതെ) അടിസ്ഥാനപരമായ ക്രിസ്തീയ വിശ്വാസത്തെ തന്നെ ചോദ്യം ചെയ്യുന്ന കെണിയില്‍പ്പെട്ടു പോകുകയല്ലേ?

ക്രിസ്തീയ വിശ്വാസലോകത്തെ ഡോസെറ്റിക് ചിന്തയുടെ സ്വാധീനങ്ങളോടു സഹിഷ്ണുത പുലര്‍ത്തിയാല്‍ അതു കൂടുതല്‍ അപകടകരമായ പ്രശ്‌നങ്ങളിലേക്കു നയിക്കുമെന്നതിനും സംശയമില്ല. ക്രിസ്തീയ വിശ്വാസത്തിന്റെ ആദ്യ നൂറ്റാണ്ടില്‍ ഇതു സംഭവിച്ചു. മാത്രമല്ല, വിശ്വാസികളുടെ ഇടയില്‍ ഇന്നും അപകടകരമായ ഈ പ്രവണത തലപൊക്കുന്നുണ്ട്. അതുകൊണ്ട് അതേക്കുറിച്ചുകൂടി ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ടെന്നു തോന്നുന്നു:

ഡോസെറ്റിക് ചിന്തയനുസരിച്ചു പദാര്‍ത്ഥ നിര്‍മ്മിതമായ, അശുദ്ധമായ ശരീരവുമായി ദൈവത്തിനു ബന്ധപ്പെടാനാവില്ലല്ലോ. ദൈവം ആത്മാവിലാണ് കുടികൊള്ളുന്നത്. ശരീരത്തില്‍ എന്തു നടന്നാലും അതുമായി ദൈവത്തിനു ബന്ധമില്ല. ആത്മാവിലുള്ള, ആത്മാവായ, ദൈവത്തെ അതു ബാധിക്കുന്നില്ല… ഇങ്ങനെ പോയി ഡോസെറ്റിക് ചിന്തയാല്‍ സ്വാധീനിക്കപ്പെട്ട ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തുമത വിശ്വാസികളുടെ തുടര്‍നിഗമനങ്ങള്‍. ഇതിന്റെ ഫലം എന്തായിരുന്നു? തങ്ങളുടെ ശരീരത്തിലെ കാര്യങ്ങള്‍ ആത്മാവിലുള്ള ദൈവത്തെ അലട്ടുന്നില്ലെങ്കില്‍, ശരീരം കൊണ്ട് എന്തു ചെയ്താലും പ്രശ്‌നമില്ല എന്ന ‘അനുവാദത്തിന്റെ സുവിശേഷത്തി’ലേക്ക് അതവരെ നയിച്ചു. എന്തു ചെയ്യാനും ലൈസന്‍സു ലഭിച്ചവരപ്പോലെ അവര്‍ പെരുമാറാന്‍ തുടങ്ങി. ‘കൃപയെ ലൈസന്‍സാക്കിയ’ (യൂദ 4) ഇവര്‍ക്കെതിരെ ചുരുക്കത്തില്‍ യൂദയ്ക്കും പത്രൊസിനും ലേഖനങ്ങളിലൂടെ ശക്തമായ താക്കീതുകളും മുന്നറിയിപ്പുകളും നല്‍കേണ്ടി വന്നു. ഡോസെറ്റിക് ചിന്ത കൃപയെ ലൈസന്‍സാക്കുന്നതിലേക്ക് ആദ്യ നൂറ്റാണ്ടിലെ വിശ്വാസികളെ ചിലരെ നയിച്ചെങ്കില്‍ ഇന്നു ചരിത്രം ആവര്‍ത്തിക്കുകയാണോ? യേശു ജഡത്തില്‍ വന്നു എന്നതു യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുകയോ ജീവിതത്തില്‍ എടുക്കുകയോ ചെയ്യാതിരിക്കുന്ന ഇന്നത്തെ വേര്‍പെട്ട ചില വിശ്വാസ സമൂഹങ്ങളില്‍ കൃപയെ ലൈസന്‍സാക്കുന്ന പ്രവണത വീണ്ടും തലയുയര്‍ത്തിയിരിക്കുന്നു!

യേശു നമ്മെപ്പോലെ ജഡത്തില്‍ വന്നു. എന്നാല്‍ അവിടുന്നു വാക്കിലോ പ്രവൃത്തിയിലോ ചിന്തയിലോ ഉദ്ദേശ്യത്തിലോ മനോഭാവത്തിലോ ഒരിക്കല്‍പ്പോലും ഒരു നിലയിലും പാപത്തില്‍ വീഴാതെ ജീവിച്ചു. നമ്മെയും ഈ യേശുവിന്റെ സ്വരൂപത്തോട് അനുരൂപപ്പെടാനാണു മുന്‍നിയമിച്ചിരിക്കുന്നത് എന്ന ബോധ്യം പാപത്തെ വളരെ ഗൗരവമായി എടുക്കാന്‍ വിശ്വാസിയെ പ്രേരിപ്പിക്കും. എന്നാല്‍ യേശു നമ്മെപ്പോലെ ജഡത്തില്‍ ജീവിച്ചു എന്നു യഥാര്‍ത്ഥത്തില്‍ വിശ്വസിക്കാത്ത, ഡോസെറ്റിക് ചിന്താഗതിയുടെ സ്വാധീനമുള്ളവര്‍, ഒരിക്കലും പാപത്തെ ഗൗരവമായി എടുക്കുകയില്ല. കാരണം, ‘യേശു പാപം ചെയ്യാതെ ജീവിച്ചെങ്കില്‍ അവിടുന്നു ദൈവമായിരുന്നു. കേവലം മനുഷ്യരായ നമുക്കു വല്ലതും അങ്ങനെ ജീവിക്കാനൊക്കുമോ’ എന്ന അനുവാദത്തിന്റെ മനോഭാവമാണ് അവരുടേത്. അവരുടെ ഇടയില്‍ നിന്ന് ഇന്നു ‘വ്യാജകൃപ’യില്‍ അഭിരമിക്കുന്നവരും ‘കൃപയെ ലൈസന്‍സാക്കി മാറ്റുന്നവരും’ എഴുന്നേറ്റാല്‍ ആരെയാണു കുറ്റപ്പെടുത്തേണ്ടത്? വിതച്ചതു കൊയ്യുന്നു എന്നല്ലേ കരുതേണ്ടത്?

ഇന്നത്തെ മൂല്യച്യുതിയുടെ കാലത്ത് നമുക്ക് എന്താണു ചെയ്യാനാവുക? ദൈവവചനം ആവശ്യപ്പെടുന്ന വിധത്തില്‍ യേശുവിനെ പൂര്‍ണദൈവവും പൂര്‍ണ മനുഷ്യനുമായി കണ്ട് തന്നെ നമ്മുടെ ജീവിത മാതൃകയും മുന്നോടിയുമായി സ്വീകരിക്കുന്നതല്ലേ ഇന്നത്തെ ആത്മീയാധപ്പതനത്തില്‍ നിന്നു രക്ഷ നേടാനുള്ള മാര്‍ഗ്ഗം? അവിടുന്നു നമുക്കു പിന്‍തുടരുവാന്‍ ഒരു മാതൃക വച്ചേച്ചു പോയിരിക്കുന്നു. അതുകൊണ്ട് തന്റെ കാല്‍ച്ചുവടുകളെ അനുഗമിക്കുവാന്‍ നമുക്കു കഴിയുകയില്ല എന്ന പിശാചിന്റെ നിരുത്സാഹങ്ങളെ തള്ളിക്കളയുക. പാപത്തോടു പോരാടുന്നതില്‍ പ്രാണത്യാഗത്തോളം എതിര്‍ത്തു നിന്ന, വിശ്വാസത്തിന്റെ നായകനും പൂര്‍ത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക. നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടുക (എബ്രാ. 12:1-4).

ഉവ്വ്, ‘അവങ്കലേക്കു നോക്കിയവര്‍ പ്രകാശിതരായി. അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല’ (സങ്കീ. 34:5).

അധ്യായം 16 :
വിലയേറിയ ദാസനോ വിശ്വസ്ത ദാസനോ?


പ്രശസ്ത മിഷനറി വില്യം കേരിയെ ആദരിക്കാനായി സംഘടിപ്പിച്ച ഒരു അത്താഴ വിരുന്ന്. ഇന്ത്യയില്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയ സുവിശേഷകന്‍, ഭാരതത്തിലെ ആദ്യത്തെ ക്രിസ്തീയ സര്‍വ്വകലാശാലയുടെ സ്ഥാപകന്‍, ഭാരതീയ ഭാഷകളില്‍ ബൈബിള്‍ വിവര്‍ത്തനം ചെയ്ത പണ്ഡിതന്‍ എന്നിങ്ങനെ വിവിധ നിലകളിലുള്ള കേരിയുടെ അതുല്യമായ സംഭാവനകള്‍ കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ഇന്ത്യക്കാരായ സുഹൃത്തുക്കളാണ് ആ വിരുന്നു സംഘടിപ്പിച്ചത്. ഇംഗ്ലീഷുകാരായ ചില മാന്യവ്യക്തികളെയും ആ വിരുന്നിലേക്കു ക്ഷണിച്ചിരുന്നു.

കേരിക്കു ലഭിക്കുന്ന അംഗീകാരം വിരുന്നിനെത്തിയ ഒരു ബ്രിട്ടീഷുകാരന്റെ ഉള്ളില്‍ നേരിയ അസൂയ പടര്‍ത്തി. അയാള്‍ പറഞ്ഞു: ”കേരിയോ? കേരിയെ എനിക്ക് ഇംഗ്ലണ്ടില്‍ വച്ചു തന്നെ അറിയാം. അയാള്‍ അവിടെ ചെരുപ്പുണ്ടാക്കുന്ന ഒരാളായിരുന്നു.”

ഇതു കേട്ടുകൊണ്ടു വന്ന വില്യം കേരി സൗമ്യമായി ഇങ്ങനെ പറഞ്ഞു: ”ക്ഷമിക്കണം. ഞാന്‍ ചെരുപ്പുണ്ടാക്കുന്ന ആള്‍ ആയിരുന്നില്ല. പഴയ ചെരുപ്പുകളുടെ കേടുപാടു തീര്‍ക്കുന്ന വെറുമൊരു ചെരുപ്പു കുത്തി മാത്രമായിരുന്നു.”

ഒരു യഥാര്‍ത്ഥ ദൈവദാസന്‍ എങ്ങനെയായിരിക്കണമെന്നതിലേക്കു വിരല്‍ ചൂണ്ടുന്നു ഈ സംഭവം.

ദാസന്‍, വേലക്കാരന്‍ എന്നെല്ലാം പറയുമ്പോള്‍ പലപ്പോഴും നമ്മുടെ കണ്ണ് ദാസന്‍ ചെയ്യുന്ന പ്രവൃത്തികള്‍, അയാളുടെ പ്രയോജനപരത എന്നിവയിലേക്കാണു പോകുന്നത്. എന്നാല്‍ ദൈവം നോക്കുന്നത് പ്രാഥമികമായും ആ വ്യക്തി, അയാള്‍, എങ്ങനെയുള്ളവനാണ് എന്നാണ്. ദാസന് ഒന്നാമതു വേണ്ടതു ദാസന്റെ മനോഭാവമാണ്, താഴ്മയാണ്.

കര്‍ത്താവിന്റെ വിലയേറിയ ദാസന്‍, ശ്രേഷ്ഠ ദാസന്‍ എന്നിങ്ങനെ ഒട്ടേറെ സംബോധനകള്‍ ക്രിസ്തീയ ഗോളത്തില്‍ ഇന്നു മുഴുങ്ങുന്നുണ്ട്. വാക്കുകള്‍ പലപ്പോഴും നമ്മെ വഴി തെറ്റിക്കാം. അതുകൊണ്ടു തന്നെ ദൈവവചനം കര്‍ത്താവിന്റെ യഥാര്‍ത്ഥ ദാസനെ എങ്ങനെയാണു നിര്‍വചിക്കുന്നതെന്ന് അറിയേണ്ടതുണ്ട്.

യഥാര്‍ത്ഥ ദൈവദാസന്‍- അതാരാണ്? അദ്ദേഹത്തിന്റെ പ്രത്യേകതകള്‍ എന്താണ്? എങ്ങനെ തിരിച്ചറിയും? ഇതുമായി ബന്ധപ്പെട്ട നമ്മുടെ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം യേശുക്രിസ്തുവിലുണ്ട്.

യേശുവിനും ഏഴു നുറ്റാണ്ടു മുന്‍പു ജീവിച്ചിരുന്ന യെശയ്യാവ് ഒരു യഥാര്‍ത്ഥ ദൈവദാസനെക്കുറിച്ചു വിവരിക്കുന്നുണ്ട് – ‘ഇതാ ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതന്‍…’ (42:1-3). ഈ ദാസന്‍ മറ്റാരുമല്ല യേശുക്രിസ്തു തന്നെയാണെന്ന് ആദ്യ സുവിശേഷകാരനായ മത്തായി വ്യക്തമാക്കുന്നു (12:17-21). യേശുവാണു യഥാര്‍ത്ഥ ദാസനെങ്കില്‍ അവിടത്തെ പ്രത്യേകതകളാണ് ഇന്നും ഒരു ദൈവദാസനില്‍ ഉണ്ടായിരിക്കേണ്ടത്. അതുകൊണ്ട് ദാസനായ യേശുവില്‍ വിളങ്ങിക്കണ്ട പ്രത്യേകതകള്‍ നമുക്കു ശ്രദ്ധിക്കാം:

ദാസരൂപം എടുത്തു യേശു വന്നതിനെക്കുറിച്ചു പൗലൊസ് ഇങ്ങനെയാണു വിവരിക്കുന്നത്: ”അവന്‍ ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താന്‍ ഒഴിച്ചു വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീര്‍ന്നു” (ഫിലി. 2:6-8).

ദാസനായ കര്‍ത്താവിന്റെ ദാസന്മാരാണു നമ്മള്‍. കര്‍ത്താവിന്റെ യഥാര്‍ത്ഥ ദാസന്മാര്‍ക്കു കര്‍ത്താവിന്റെ അതേ ഭാവം തന്നെ ഉണ്ടായിരിക്കണമെന്നു പൗലൊസ് ഉദ്‌ബോധിപ്പിക്കുന്നു (ഫിലി. 2:5). അതുകൊണ്ടു തന്നെ ദാസനായി വന്ന യേശുവില്‍ കാണുന്ന താഴ്മയുടെ അഞ്ചു പടികള്‍ നമ്മോടുള്ള ബന്ധത്തില്‍ എങ്ങനെയായിരിക്കണമെന്നു ചിന്തിക്കാം:

അവന്‍ തന്നെത്താന്‍ ഒഴിച്ചു:
അവിടുന്നു ദൈവരൂപത്തില്‍ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറകെ പിടിക്കാതെയാണു തന്നെത്താന്‍ ഒഴിച്ചത്. കര്‍ത്താവിന്റെ യഥാര്‍ത്ഥ ദാസനും തന്നെത്താന്‍ ഒഴിക്കാന്‍ എപ്പോഴും തയ്യാറായിരിക്കണം. നമ്മുടെ പേരും പ്രശസ്തിയും മതിപ്പും വിട്ടുകളയുവാന്‍ സ്വാഭാവികമായി നാം ഇഷ്ടപ്പെടുകയില്ല. പ്രശസ്തരാകുവാനും മറ്റുള്ളവരെക്കാള്‍ ഉന്നതരാകുവാനുമുള്ള ശ്രമത്തിലാണ് ഈ ലോകം മുഴുവന്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ക്രിസ്തീയ ലോകത്തിലും ഇതേ മനോഭാവം കാണുവാന്‍ കഴിയും. ഉല്‍പത്തി പുസ്തകം 11-ാം അധ്യായത്തില്‍ ബാബിലോണ്‍ പണിയപ്പെട്ടതും ഇങ്ങനെയാണ്: അവിടെ അവര്‍ പറയുന്നത് ‘നാം ആകാശത്തോളം എത്തുന്ന ഒരു ഗോപുരം പണിയുക’ എന്നാണ് (11:4). അവരുടെ സങ്കല്പം അനുസരിച്ച് ആകാശത്തില്‍, ഉന്നതത്തില്‍, ഇരിക്കുന്ന ദൈവത്തോട് അടുത്ത ചെല്ലുവാനാണ് അവര്‍ ആഗ്രഹിച്ചത്. അതു നല്ലതല്ലേ? തീര്‍ച്ചയായും. പക്ഷേ അതിനോടു ചേര്‍ന്ന് അവര്‍ പറയുന്നതു നോക്കുക: ‘നമുക്ക് ഒരു പേരും ഉണ്ടാക്കുക’ (11:4). ദൈവത്തോട് അടുത്തു ചെല്ലുക. ഒപ്പം നാം ഒരു പേരും ഉണ്ടാക്കുക.

വിശ്വാസ ലോകത്ത് ഈ ഒരു ആത്മാവല്ലേ ഇന്ന് ഏറ്റവും കൂടുതല്‍ വ്യാപരിക്കുന്നത്? ദൈവത്തോട് അടുത്ത ചെല്ലണം. ഒപ്പം നമുക്ക് ഒരു പേരും ഉണ്ടാകണം! ആത്മീയതയുടെ മറവില്‍ സ്വന്തമായ ഒരു സാമ്രാജ്യം കെട്ടിപ്പൊക്കണം – ഇത് ഒരു മനോഭാവമാണ്. പക്ഷേ ഇതു ബാബിലോണിന്റെ ആത്മാവാണ്.

നിഗളം എന്നാല്‍ തന്നെത്താന്‍ ഉയര്‍ത്തിക്കാട്ടുകയാണ്. എതിര്‍ക്രിസ്തുവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതും മറ്റൊന്നല്ല. ”അവന്‍ ദൈവാലയത്തില്‍ ഇരുന്നുകൊണ്ട് ദൈവം എന്നു നടിച്ച് ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിനും മീതേ തന്നെത്താന്‍ ഉയര്‍ത്തുന്ന എതിരാളി അത്രേ” (2 തെസ്സ. 2:4). ദൈവാലയത്തിലാണ് ഇരിപ്പ്. പക്ഷേ തന്നെത്താന്‍ ഉയര്‍ത്തുകയാണു പണി. ഇത് എതിര്‍ ക്രിസ്തുവിന്റെ ആത്മാവാണ്, ബാബിലോണിന്റെ ആത്മാവാണ്. കര്‍ത്താവിന്റെ ദാസന്‍ ഈ ആത്മാവിനാല്‍ സ്വാധീനിക്കപ്പെടരുത്. കാരണം ‘ദൈവമോ, നിങ്ങളുടെ ഹൃദയം അറിയുന്നു. മനുഷ്യരുടെ ഇടയില്‍ ഉന്നതമായതു ദൈവത്തിന്റെ മുമ്പാകെ അറപ്പത്രേ’ (ലൂക്കൊ. 16:15).

ദാസരൂപമെടുത്തു:
ദാസന്‍ എന്നു പറഞ്ഞാല്‍ ഇവിടെ അടിമയാണ്. അടിമയ്ക്ക് സ്വന്തം അവകാശങ്ങളില്ല. അവനെ ഏതു നിലയില്‍ കൈകാര്യം ചെയ്യാനും യജമാനനു പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. യേശു അത്തരം ഒരു അടിമയുടെ രൂപമെടുത്തു എന്നു പറയുമ്പോള്‍ കര്‍ത്താവിന്റെ യഥാര്‍ത്ഥ ദാസനും അവകാശങ്ങള്‍ക്കുവേണ്ടി ശബ്ദം ഉയര്‍ത്താനോ പരാതിപ്പെടാനോ പിറുപിറുക്കാനോ കഴിയുന്നതെങ്ങനെ?

ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്. നാം ദാസരൂപം എടുക്കുന്നതിനു മുന്‍പ് ഒന്നാമതു ദാസനായി മാറണം. ദാസനാകാതെ ഒരുവനു ദാസരൂപം എടുക്കാന്‍ കഴിയും. ഉദാഹരണത്തിനു സ്വാതന്ത്ര്യദിനത്തിനോ റിപ്പബ്ലിക് ദിനത്തിനോ പ്രധാന മന്ത്രിയും മന്ത്രിമാരും ചൂലുമായി തെരുവു തൂത്തു വൃത്തിയാക്കാന്‍ നില്‍ക്കുന്ന ഫോട്ടോകള്‍ നാം കാണാറില്ലേ? അവര്‍ അന്നത്തേക്കു സ്വയം ദാസരൂപം എടുക്കുകയാണ്. പക്ഷേ ദാസരൂപമേയുള്ളു, അവര്‍ ഒന്നാമതു ദാസരായി മാറിയിട്ടില്ല എന്ന് അവരോട് അടുത്തു പെരുമാറുമ്പോള്‍ നമുക്കു മനസ്സിലാകും.

വിശ്വാസലോകത്തും ‘കര്‍ത്താവിന്റെ വിലയേറിയ ദാസന്മാര്‍ക്ക്’ ഉള്ളില്‍ ദാസരായി മാറാതെ ദാസരൂപം എടുക്കാന്‍ കഴിയും. എന്നാല്‍ ഒരു യഥാര്‍ത്ഥ ദൈവഭൃത്യന്‍ നേരെ മറിച്ചായിരിക്കും. അവന്‍ ഒന്നാമതു ദാസനാകും, രണ്ടാമതു ദാസരൂപം എടുക്കും. കാരണം അവന്റെ ഗുരുവും കര്‍ത്താവുമായ യേശു അങ്ങനെയായിരുന്നല്ലോ.

യേശു ദാസരൂപം എടുത്ത ഒരു രംഗം യോഹന്നാന്‍ 13-ാം അധ്യായത്തില്‍ നാം കാണുന്നു. ‘യേശു അത്താഴത്തില്‍ നിന്ന് എഴുന്നേറ്റു വസ്ത്രം ഊരിവച്ച് ഒരു തുവര്‍ത്ത് എടുത്ത് അരയില്‍ ചുറ്റി ഒരു പാത്രത്തില്‍ വെള്ളം പകര്‍ന്നു ശിഷ്യന്മാരുടെ കാല്‍ കഴുകുവാനും അരയില്‍ ചുറ്റിയിരുന്ന തുണികൊണ്ടു തുവര്‍ത്തുവാനും തുടങ്ങി’ (13:4,5).

അന്നത്തെ കാലത്ത് അടിമയുടെ ജോലിയായിരുന്നു അതിഥികളുടെ കാല്‍ കഴുകി തുവര്‍ത്തുക എന്നത്. പക്ഷേ ആ രംഗത്ത് ഒരു അടിമ ഉണ്ടായിരുന്നില്ല. ശിഷ്യന്മാരില്‍ ആരും ആ സ്ഥാനം സ്വയം എടുക്കാനും തയ്യാറായുമില്ല. ഈ സാഹചര്യത്തില്‍ യേശു തന്നെ അടിമയുടെ ആ ‘റോള്‍’ ഏറ്റെടുത്തു പാദങ്ങള്‍ കഴുകുവാനും തുവര്‍ത്തുവാനും തുടങ്ങി. നോക്കുക: യേശു ദാസരൂപം എടുത്ത ഒരു സന്ദര്‍ഭം. പക്ഷേ അവിടെ തന്നെ ഒറ്റിക്കൊടുക്കാനുള്ള ഇസ്‌കര്യോത്ത യൂദയുടെയും തന്നെ പരസ്യമായി തള്ളിപ്പറയുവാനുള്ള ശീമോന്‍ പത്രൊസിന്റെയും പാദങ്ങള്‍, ഈ വസ്തുതകള്‍ എല്ലാം അറിഞ്ഞിരിക്കെ, യേശുവിന് എങ്ങനെ അത്രയും മൃദുവായി ആര്‍ദ്രമായി മഹാ മനസ്‌കതയോടെ കഴുകുവാന്‍ കഴിഞ്ഞു? അതിന് ഒരു ഉത്തരമേയുള്ളു. അവിടുന്നു ദാസരൂപം എടുക്കുന്നതിനു മുന്‍പേ സ്വയം ദാസനായി (മത്താ. 12:17).

മനുഷ്യ സാദൃശ്യത്തിലായി:
യേശു ആദ്യം ദൈവരൂപത്തിലായിരുന്നു. തുടര്‍ന്നു ദാസരൂപം എടുത്തു. അനന്തരം മനുഷ്യസാദൃശ്യത്തിലായി.

മനുഷ്യന്‍, മര്‍ത്യന്‍ എന്നാല്‍ മരണമുള്ളവനെന്നാണ് അര്‍ത്ഥം. അവനെ ‘നിലത്തെ പൊടിയില്‍ നിന്നാണ്’ ദൈവം സൃഷ്ടിച്ചത് (ഉല്‍പ. 2:7). യേശു നമുക്കു വേണ്ടി മരണം വരിച്ചു. വിലയില്ലാത്ത, നിസ്സാരമായ പൊടിപോലെ ആയി. കര്‍ത്താവിന്റെ യഥാര്‍ത്ഥ ദാസനും താന്‍ ആരെ ശുശ്രൂഷിക്കുന്നുവോ അവരെപ്പോലെയാകണം.

വിശ്വാസലോകം നിങ്ങളെ കര്‍ത്താവിന്റെ ‘അതിശ്രേഷ്ഠദാസന്‍’ ‘അഭിഷിക്തന്‍’ എന്നൊക്കെ പ്രശംസിച്ചാലും നിങ്ങള്‍ പൊടിയാണെന്ന് ഓര്‍ക്കുക. നാം വെറും പൊടിയാണെന്നും ഒരു നാള്‍ പൊടിയിലേക്കു തിരികെ ചേരുമെന്നും ഉള്ള ഓര്‍മ്മ എപ്പോഴും നമ്മെ താഴ്മയില്‍ സൂക്ഷിക്കും. ചില ‘വിലയേറിയ ദാസന്മാര്‍’ അവരുടെ വിശുദ്ധിയെയും ദൈവഭക്തിയെയും കുറിച്ച് ഉള്ളില്‍ പ്രശംസയുള്ളവരായിരുന്നേക്കാം. എന്നാല്‍ ദൈവഭക്തനും നിഷ്‌കളങ്കനും നേരുള്ളവനും ദോഷം വിട്ടകലുന്നവനും എന്നു ദൈവം തന്നെ അംഗീകാരം നല്‍കിയ ഇയ്യോബിനു പോലും ‘പൊടി’യില്‍ കിടന്ന് അനുതപിക്കേണ്ടിവന്നു എന്ന് ഓര്‍ക്കുക (42:5,6).

നാം യഥാര്‍ത്ഥത്തില്‍ പൊടിയാണെന്ന ബോധ്യം ഉള്ളവരാണെങ്കില്‍ ദൈവം നമ്മെ പിന്തുണയ്ക്കും. അവിടുന്നു പൊടിയെ ഓര്‍ക്കും (സങ്കീ. 103:14). പൊടിയോട് അലിവു തോന്നും (സങ്കീ. 102:14). പൊടിയില്‍ നിന്ന് എഴുന്നേല്പിക്കുകയും ഉയര്‍ത്തുകയും ചെയ്യും (സങ്കീ. 113:7).

മരണത്തോളം അനുസരണമുള്ളവനായിത്തീര്‍ന്നു:
ഇവിടെ യേശുവിനെക്കുറിച്ച് ‘മരണത്തോളം’ അനുസരണമുള്ളവനായിത്തീര്‍ന്നു എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. അല്ലാതെ ‘മരണം വരെ’ എന്നല്ല എന്നതു ശ്രദ്ധിക്കുക. ‘മരണംവരെ’ എന്നും ‘മരണത്തോളം’ എന്നും പറയുന്നതു തമ്മില്‍ അല്പം വ്യത്യാസമുണ്ട്. ‘മരണം വരെ’ എന്നത് എത്ര കാലം അനുസരിച്ചു എന്നതിനെ കാണിക്കുമ്പോള്‍ ‘മരണത്തോളം’ എന്നത് ആ അനുസരണത്തിന്റെ തീവ്രതയെ- അതിന്റെ ഗുണത്തെ (quality), കാണിക്കുന്നു.

ഒരു ദാസന്‍, യജമാനനെ തന്റെ മരണംവരെ അനുസരിച്ചേക്കാം. പക്ഷേ അങ്ങനെ മരണം വരെ പുറമേ അനുസരിച്ചാലും ഉള്ളില്‍ പിറുപിറുപ്പും പരാതിയും ഉണ്ടാകാം. യജമാനന്റെ അധികാരത്തില്‍ നിന്നു മോചിതനാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന ആഗ്രഹം വച്ചുപുലര്‍ത്താനും കഴിയും. എന്നാല്‍ ‘മരണത്തോളം’ അനുസരണം എന്നു പറഞ്ഞാല്‍ അത് അനുസരണത്തിന്റെ ഏറ്റവും ഉദാത്തമായ നിലവാരമാണ്. ആ അനുസരണത്തില്‍ പരാതിയോ പിറുപിറുപ്പോ സ്വാതന്ത്ര്യത്തിനായുള്ള വാഞ്ഛയോ ഇല്ല. മറിച്ചു യജമാനന്റെ കല്പന സന്തോഷത്തോടെ പൂര്‍ണമനസ്സോടെ അനുസരിക്കുന്നു. യജമാനനോടുള്ള അനുസരണത്തിനിടയില്‍ ജീവന്‍ വെടിയേണ്ടി വന്നാലും സന്തോഷിക്കുകയേയുള്ളു. ഇത്തരം അനുസരണത്തില്‍ അടിമയുടെ ‘സ്വയ’ ത്തിന്റെ മരണവും സംഭവിക്കും. ചുരുക്കത്തില്‍ അവന്‍ യജമാനനെ ‘മരണത്തോളം’ അനുസരിച്ചു. കര്‍ത്താവിന്റെ യഥാര്‍ത്ഥ ദാസന്‍ ഇങ്ങനെ ‘മരണത്തോളം’ കര്‍ത്താവിനെ അനുസരിക്കുന്നവനാണ്.

ക്രൂശിലെ മരണത്തോളം:
യേശുവിന്റെ കാലത്തു ക്രൂശുമരണം അതിനിന്ദ്യമായ ഒന്നായിരുന്നു. യെഹൂദന്മാരെ സംബന്ധിച്ച് അതു ശാപമായിരുന്നു (ആവ. 21:22,23). ജാതികളെ സംബന്ധിച്ച് അതു അടിമകള്‍ക്കോ കൊടുംകുറ്റവാളികള്‍ക്കോ നല്‍കുന്ന മരണമായിരുന്നു (മത്താ. 27:16,17). മൊത്തത്തില്‍ അത് അത്യന്തം ‘അപമാനകരമായ’ ഒന്നായിരുന്നു (എബ്രാ. 12:2).

എന്നാല്‍ കര്‍ത്താവിന്റെ യഥാര്‍ത്ഥ ദാസന്‍ ക്രൂശിന്റെ നിന്ദയെ വലിയ ധനമെന്ന് എണ്ണും. ക്രിസ്തീയ ലോകത്തും ഇന്നു ക്രൂശിനും ക്രൂശിന്റെ വചനത്തിനും ഒരു ഇടര്‍ച്ചയും നിന്ദയുമുണ്ട്. ഇന്നു വിശ്വാസലോകത്ത് ധാരാളം ‘ക്രൂശിന്റെ ശത്രുക്കള്‍’ ഉണ്ട് (ഫിലി. 3:18,19). അതുകൊണ്ടുതന്നെ ഇത്തരം ക്രിസ്തീയ, വിശ്വാസ, ലോകത്ത് കര്‍ത്താവിന്റെ യഥാര്‍ത്ഥ ദാസന് ഇടം ഉണ്ടായിരിക്കുകയില്ല. അവന് ആ പാളയം വിട്ട് നിന്ദ ചുമന്നുകൊണ്ട് പുറത്തു പോകേണ്ടി വരും (എബ്രാ. 13:13). പക്ഷേ അവിടെ അവന് ഒരു സന്തോഷമുണ്ട്- ‘നഗരവാതിലിനു പുറത്തു’ വച്ച് കഷ്ടം അനുഭവിച്ച യേശുവിന്റെ അടുക്കലേക്കാണ് ‘പാളയത്തിനു പുറത്തേക്ക്’ പോകുന്ന താന്‍ ചെല്ലുന്നത് എന്ന സന്തോഷമാണത് (എബ്രാ. 13:12). യഥാര്‍ത്ഥ ദാസന്‍ ക്രൂശിന്റെ മഹത്വം കണ്ടവനായിരിക്കും. ക്രൂശില്ലാതെ കിരീടമില്ലെന്നും ക്രൂശീകരണമില്ലെങ്കില്‍ പുനരുത്ഥാനമില്ലെന്നും അവനറിയാം.

കര്‍ത്താവിന്റെ യഥാര്‍ത്ഥ ദാസന്‍ വിശ്വസ്തദാസനായിരിക്കും. അവന്‍ തന്റെ താലന്തു മാത്രമല്ല ജീവിതം തന്നെയാണു യജമാനനു വേണ്ടി വ്യാപാരം ചെയ്യുന്നത് (മത്താ. 25:14-30-ഉം ലൂക്കൊ. 19:11-26-ഉം താരതമ്യം ചെയ്യുക). ഒടുവില്‍ യജമാനന്‍ കണക്കു തീര്‍ക്കുമ്പോള്‍ ‘നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനെ’ എന്ന് അവനെ സംബോധന ചെയ്യും. സംശയമില്ല.

പ്രിയ സഹോദരാ, ഇന്നു ‘വിലയേറിയ ദാസന്മാ’രും ‘ശ്രേഷ്ഠദാസന്മാ’രും അരങ്ങു തകര്‍ക്കുന്ന വിശ്വാസലോകത്ത് നീ കര്‍ത്താവിന്റെ ഒരു യഥാര്‍ത്ഥ, വിശ്വസ്ത, ദാസനായി നില്ക്കുമോ?


അധ്യായം 17 :
യഥാര്‍ത്ഥ പ്രവാചകനെ (കള്ളപ്രവാചകനെയും) തിരിച്ചറിയുന്ന വിധം


ദൈവം തന്നെ കൈവിട്ടു കളഞ്ഞാല്‍ ദൈവജനത്തിനു പിന്നെ എന്താണു പ്രതീക്ഷിക്കാനുള്ളത്? അത്തരം ഒരു സങ്കടകാലത്തെക്കുറിച്ചുള്ള ആസാഫിന്റെ ആധിയാണ് എഴുപത്തിനാലാം സങ്കീര്‍ത്തനം.

”ദൈവമേ, നീ ഞങ്ങളെ സദാ കാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്?” എന്നു ചോദിച്ചുകൊണ്ടാണ് അയാള്‍ ആ വിലാപ കീര്‍ത്തനം ആരംഭിക്കുന്നതു തന്നെ. തുടര്‍ന്ന് ആസാഫ് ചുറ്റും കാണുന്നതെല്ലാം പ്രത്യാശയുടെ ഒരു നുറുങ്ങുവെട്ടം പോലും നല്‍കാത്ത ഒട്ടേറെ കറുത്ത ചിത്രങ്ങളാണ്: ശത്രുക്കള്‍ വിശുദ്ധ മന്ദിരത്തിനു തീവയ്ക്കുന്നു, തിരുനിവാസത്തെ ഇടിച്ചു നിരത്തി അശുദ്ധമാക്കുന്നു, മരക്കൂട്ടത്തിന്മേല്‍ കോടാലി ഓങ്ങുന്നു, ദേശത്തിലെ ദൈവത്തിന്റെ എല്ലാ പള്ളികളെയും ചുട്ടുകളയുന്നു, അവര്‍ സമാഗമന സ്ഥലത്തിന്റെ നടുവില്‍ അലറുന്നു… എവിടെയും തകര്‍ന്നടിഞ്ഞ നഷ്ടാവശിഷ്ടങ്ങളും നിത്യശൂന്യങ്ങളും മാത്രം. ‘പണ്ടു പണ്ടേ സമ്പാദിച്ച തന്റെ സഭയെ’ ദൈവം തന്നെ മറന്നു കളഞ്ഞ അവസ്ഥ (74:2).

ആട്ടെ, ദൈവം തന്റെ സഭയെ കൈവിട്ടു കളഞ്ഞതിന്റെ ഏറ്റവും വലിയ തെളിവ് എന്താണ്? അതു ‘യാതൊരു പ്രവാചകനും ഞങ്ങളുടെ ഇടയില്‍ ശേഷിച്ചിട്ടില്ല’ എന്നതാണെന്ന് ആസാഫ് പറയുന്നു (74:9). പ്രവാചകന്‍ ഒരു കാലഘട്ടത്തിലെ ദൈവത്തിന്റെ ശബ്ദമാണ്. അങ്ങനെയൊരു പ്രവാചകന്‍ സഭയെ യഥാര്‍ത്ഥ ദിശയിലേക്കു നയിക്കുന്ന ആത്മീയ നേതാവാണ്. ആ പ്രവാചക സ്വരം ഇല്ലെങ്കില്‍ ദൈവം പൊടുന്നനെ നിശ്ശബ്ദനായതു പോലെയാണ്.

യഥാര്‍ത്ഥ പ്രവാചകന്‍ ഇത്ര പ്രധാനപ്പെട്ട വ്യക്തിയാണെന്നു ദൈവപ്രവൃത്തിയുടെ എതിരാളിയായ സാത്താന് അറിയാം. അതുകൊണ്ടു തന്നെ അവന്‍ ദൈവജനത്തെ വഴിതെറ്റിക്കാന്‍ ആത്മീയ ലോകത്ത് ഇറക്കുന്ന കള്ളനാണയങ്ങളാണു വ്യാജപ്രവാചകന്മാര്‍.

വ്യാജ പ്രവാചകന്മാര്‍, ആദ്യ നൂറ്റാണ്ടില്‍ തന്നെ ധാരാളം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഒന്നാം നൂറ്റാണ്ടിന്റെ അവസാന പാദങ്ങളില്‍ ജീവിച്ചിരുന്ന യോഹന്നാന്‍ അപ്പൊസ്തലന്‍ ഇവര്‍ക്കെതിരെ ആവര്‍ ത്തിച്ചു മുന്നറിയിപ്പു നല്‍കുന്നത് (1 യോഹന്നാന്‍ 4:1-3; 2 യോഹന്നാന്‍ 7-11).

യേശുവും ‘കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്‍വിന്‍’ എന്ന മുന്നറിയിപ്പു നല്‍കുന്നുണ്ട് (മത്താ. 7:15). അവര്‍ ഉള്ളില്‍ ചെന്നായ്ക്കളായിരിക്കെ ആടുകളുടെ വേഷം ധരിച്ചെത്തുന്നതുകൊണ്ടാണ് അനേകര്‍ വഞ്ചിക്കപ്പെട്ടു പോകുന്നത്. അങ്ങനെയാണെങ്കില്‍ ഇവരെ എങ്ങനെ തിരിച്ചറിയാം? ഈ ചോദ്യത്തിനു യേശു നല്‍കുന്ന മറുപടി ‘അവരുടെ ഫലങ്ങളാല്‍’ എന്നാണ്. ”അവരുടെ ഫലങ്ങളാല്‍ നിങ്ങള്‍ക്ക് അവരെ തിരിച്ചറിയാം. മുള്ളുകളില്‍ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളില്‍ നിന്ന് അത്തിപ്പഴവും പറിക്കുമാറുണ്ടോ? (7:16).

യെഹൂദാ നാട്ടില്‍ അക്കാലത്തു മുള്ളുള്ള ചില ചെടികള്‍ മുന്തിരിപ്പഴം പോലെയും അത്തിപ്പഴം പോലെയും തോന്നിക്കുന്ന പഴങ്ങള്‍ കായ്ക്കുമായിരുന്നത്രേ. അതുകൊണ്ട് മുള്ളുകളില്‍ നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളില്‍ നിന്ന് അത്തിപ്പഴവും പറിക്കുമാറുണ്ടോ എന്നു യേശു ചോദിച്ചപ്പോള്‍ അതു തന്റെ കേള്‍വിക്കാര്‍ക്ക് എത്രയും വ്യക്തമായിരുന്നു. കാഴ്ചയില്‍ യഥാര്‍ത്ഥ മുന്തിരിപ്പഴവും അത്തിപ്പഴവും പോലെ തോന്നും. പക്ഷേ രുചിച്ചു നോക്കുമ്പോഴാണ് ഇവ യഥാര്‍ത്ഥ പഴമല്ലെന്നു മനസ്സിലാകുന്നത്. മാത്രമല്ല ഇവയില്‍ ചിലതു വിഷക്കായ്കള്‍ കൂടിയായിരുന്നതിനാല്‍ അപകടകാരികളുമായിരുന്നത്രേ. കള്ളപ്രവാചകന്മാര്‍ ഈ മട്ടിലുള്ളവരാണ്.

ക്രിസ്തീയത രൂപപ്പെട്ടു വന്ന ആദ്യ നൂറ്റാണ്ടില്‍ തന്നെ ഇവരുടെ എണ്ണവും പെരുകിയപ്പോള്‍ കള്ളപ്രവാചകന്മാരെ തിരിച്ചറിയാന്‍ വ്യക്തമായ ചില നിര്‍ദ്ദേശങ്ങള്‍ ആദിമ സഭയില്‍ നല്‍കിയിരുന്നു. എ.ഡി. നൂറിനോടടുത്തു രചിക്കപ്പെട്ട ‘ക്രിസ്തീയ ധാര്‍മികത സംബന്ധിച്ച ഒരു പുസ്തകം’ പിന്നീടു കണ്ടെടുത്തിട്ടുണ്ട്. അതില്‍ യഥാര്‍ത്ഥ പ്രവാചകന്മാരെയും കള്ളപ്രവാചകന്മാരെയും തിരിച്ചറിയാനുള്ള മൂന്നു ലക്ഷണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നു കേട്ടിട്ടുണ്ട്. ഈ ലക്ഷണങ്ങള്‍ ഇന്നും പ്രസക്തമാണെന്നു തോന്നുന്നു:

ഇതില്‍ ഒന്നാമത്തെ ലക്ഷണമായി രേഖപ്പെടുത്തിയിരിക്കുന്നത് ഒരാള്‍ തനിക്കായി പണം ആവശ്യപ്പെട്ടാല്‍ അയാള്‍ കള്ളപ്രവാചകനാണെന്നു തിരിച്ചറിയണം എന്നതാണ്.

യേശു പഠിപ്പിച്ചതിനോട് ഇതു ചേര്‍ന്നു പോകുന്നു. യേശു പറഞ്ഞു: നിങ്ങള്‍ക്കു രണ്ട് യജമാനന്മാരെ സേവിക്കാന്‍ കഴിയുകയില്ല. നിങ്ങള്‍ അതിനു തുനിഞ്ഞാല്‍ ക്രമേണ ഒരു യജമാനനെ വിട്ട് മറ്റെ യജമാനനെ സേവിക്കും. ദൈവത്തെയും പണത്തേയുമാണു താന്‍ ഉദ്ദേശിച്ചതെന്നു യേശു തുടര്‍ന്നു വ്യക്തമാക്കുന്നുണ്ട്. തീര്‍ച്ചയായും ആട്ടിന്‍ കൂട്ടത്തിന്റെ പാല്‍കൊണ്ട് ഉപജീവിക്കുവാന്‍ ഇടയന് അനുവാദമുണ്ട് (1 കൊരി. 9-ാം അധ്യായം). എന്നാല്‍ അതിനപ്പുറത്തേക്ക് അതു നീണ്ടു പോകുമ്പോള്‍ ആദിമ സഭ അങ്ങനെയുള്ളവരെ കള്ളപ്രവാചകന്മാര്‍ എന്നു തിരിച്ചറിയുമായിരുന്നു. ദാരിദ്ര്യം അനുഭവിക്കുന്ന കൂട്ടു സഹോദരന്മാര്‍ക്കു വേണ്ടി പണം ആവശ്യപ്പെടാം (2 കൊരി. 8-ാം അധ്യായം). എന്നാല്‍ തനിക്കായിട്ടു തന്നെ ഒരാള്‍ പണം ചോദിക്കുമ്പോള്‍ അയാളെ കള്ളപ്രവാചകന്‍ എന്നു തിരിച്ചറിയണമെന്നു ക്രിസ്തീയ ധാര്‍മികത സംബന്ധിച്ച ആദ്യ നൂറ്റാണ്ടിലെ ഗ്രന്ഥം നിര്‍ദ്ദേശിക്കുന്നു.

ക്രിസ്തീയ ധാര്‍മികതയിലെ ഈ ആദ്യ ലക്ഷണം ഇന്നത്തെ വിശ്വാസ ലോകത്തിലെ പ്രവണതകളോടു ചേര്‍ത്തു വായിച്ചാലോ? ഒരു പക്ഷേ സൂക്ഷ്മാംശങ്ങളില്‍ ആദ്യ നൂറ്റാണ്ടും 21-ാം നൂറ്റാണ്ടും തമ്മില്‍ വ്യത്യാസമുണ്ടാകാം. എന്നാല്‍ പൊതുവെ പറഞ്ഞാല്‍ സുവിശേഷത്തിന്റെ മറവില്‍ ഒരാള്‍ ധനസമ്പാദനത്തിനു മുതിര്‍ന്നാല്‍ അയാളെ കള്ളനാണയമെന്നു നാം തിരിച്ചറിയേണ്ടേ? ഓരാളുടെ വിദ്യാഭ്യാസ യോഗ്യതയുടെയും കഴിവിന്റെയും അടിസ്ഥാനത്തില്‍ അയാള്‍ ലോകത്തില്‍ ഒരു സെക്കുലര്‍ ജോലിക്കു പോയാല്‍ സമ്പാദിക്കാവുന്നതിന്റെ അനേകം ഇരട്ടി സുവിശേഷവുമായി പോയി സമ്പാദിച്ചാല്‍ എത്രയെല്ലാം ന്യായീകരിച്ചാലും ‘എവിടെയോ എന്തോ ചീഞ്ഞു നാറുന്നു’ണ്ടെന്നതു വ്യക്തം. ‘സ്വര്‍ഗ്ഗീയ രാജാവിന്റെ മക്കള്‍ രാജാക്കന്മാരെപ്പോലെ നടക്കണ’മെന്നോ ‘തന്നെ മാനിക്കുന്നവരെ താന്‍ മാനിക്കുമെന്നോ’ ഒക്കെ പറഞ്ഞാലും ഈ ദുര്‍ഗ്ഗന്ധത്തെ മൂടിവയ്ക്കാന്‍ കഴിയുമോ? ഇന്ത്യപോലെ ബഹുസ്വരതയുള്ള ഒരു ദരിദ്ര രാജ്യത്ത് സുവിശേഷത്തിന്റെ മറവിലുള്ള പണസമ്പാദനം ആത്യന്തികമായി ദൈവനാമത്തിനു മഹത്വമാണോ ഉണ്ടാക്കുന്നതെന്ന് ആലോചിച്ചാല്‍ മാത്രം മതി നെല്ലും പതിരും തരിച്ചറിയാന്‍ കഴിയും.

കള്ള പ്രവാചകനെ തിരിച്ചറിയാനുള്ള രണ്ടാമത്തെ ലക്ഷണം അയാള്‍ നിരന്തരം യാത്ര ചെയ്യാതെ ഒരിടത്തു സ്ഥിരമായി തങ്ങും എന്നതാണ്. മറിച്ച് യഥാര്‍ത്ഥ പ്രവാചകന്‍ ഒരു സഞ്ചാരിയായിരിക്കും. യേശു ശിഷ്യന്മാരെ ഈരണ്ടായി അയച്ചപ്പോള്‍ അവരോടു പറഞ്ഞത് ഒരു പട്ടണത്തില്‍ നിന്നു മറ്റൊന്നിലേക്കു മാറി മാറിപ്പോകാനാണ്, അല്ലാതെ സ്ഥിരമായിട്ട് ഒരിടത്തു തങ്ങാനല്ല (മത്താ. 10:5-23; മര്‍ക്കൊ. 6:6-12; ലൂക്കൊ. 9:1-6). യേശു തന്നെയും ഒരിടത്തു സ്ഥിരമായി നില്ക്കാനുള്ള ആളുകളുടെ അഭ്യര്‍ത്ഥനയെ മാനിക്കാതെ മറ്റു സ്ഥലങ്ങളിലേക്കും താന്‍ പോകേണ്ടതാകുന്നു എന്നു പറഞ്ഞ് പട്ടണം തോറും ഗ്രാമം തോറും സഞ്ചരിച്ചുകൊണ്ടിരുന്നു. പത്രൊസ് കൊര്‍ന്നല്യോസിന്റെ ഭവനത്തില്‍ വച്ചു യേശുവിനെക്കുറിച്ചു പറയുന്നതും രണ്ടു കാര്യമാണല്ലോ. ഒന്ന്: അവിടുന്നു നന്മ ചെയ്തു. രണ്ട്: പിശാചു ബാധിച്ചവരെ സൗഖ്യമാക്കിക്കൊണ്ട് സഞ്ചരിച്ചു (പ്രവ. 10:38). ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാകണം യഥാര്‍ത്ഥ പ്രവാചകന്‍ സഞ്ചാരിയായിരിക്കും എന്ന് ആദിമ സഭ ഉറപ്പിച്ചത്.

ആട്ടെ, ഇതിന്റെ ആന്തരികാര്‍ത്ഥമെന്താണ്? ഈ ലക്ഷണത്തെ ഇന്നത്തെ വിശ്വാസലോകത്തിലെ നിലപാടുകളോടു ചേര്‍ത്തു വായിക്കുമ്പോള്‍ നാം എടുക്കേണ്ട പാഠം എന്താണ്? സഞ്ചാരി എന്നത് ഒരു മനോഭാവമാണ്. യേശു പറഞ്ഞു ‘എന്റെ രാജ്യം ഐഹികമല്ല.’ എന്നാല്‍ ഇന്ന് ഇതില്‍ നിന്നു വ്യത്യസ്തമായി സുവിശേഷത്തിന്റെ മറവില്‍ ഉണ്ടാകുന്ന പ്രസ്ഥാനവല്‍ക്കരണം (Institutionalization) വ്യാജപ്രവാചകന്റെ താത്പര്യമാണ്. ഇന്നു ശുശ്രൂഷയുടെ പേരില്‍ ഈ ലോകത്തില്‍ തന്നെ പലരും ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുകയാണ്. സംഘടനയും കേന്ദ്രീകൃത സംവിധാനവും പ്രസിഡന്റും ഡയറക്ടറും തിരഞ്ഞെടുപ്പും എല്ലാമായി സുവിശേഷത്തിന്റെ മറവില്‍ ഇവിടെത്തന്നെ ആസ്ഥാനം ഉറപ്പിക്കുന്നതു യാത്രയില്ലാതെ ഒരിടത്തു സ്ഥിരമായി തങ്ങുന്ന കള്ളപ്രവാചകന്റെ ലക്ഷണത്തോടു ചേര്‍ത്തു വായിക്കാം. അതുപോലെ ‘നന്മ സുവിശേഷിക്കുന്നവരുടെ കാല്‍ എത്ര മനോഹരം’ (റോമ. 10:15; യെശ. 52:7) എന്ന വചനത്തിനും ഇവിടെ പ്രസക്തിയുണ്ടെന്നു തോന്നുന്നു. നന്മ സുവിശേഷിക്കുന്നവരുടെ വായ് എത്ര മനോഹരം എന്നല്ലേ വാസ്തവത്തില്‍ വേണ്ടത്, കാരണം അധരംകൊണ്ടാണല്ലോ നന്മ സുവിശേഷിക്കുന്നത്? എന്നാല്‍ ‘കാല്‍’ എന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. കാല്, നടപ്പിനെ, സഞ്ചാരത്തെ, ഇവിടെ ആസ്ഥാനം ഉറപ്പിക്കാത്ത യഥാര്‍ത്ഥ പ്രവാചകന്റെ മനോഭാവത്തെ കാണിക്കുന്നു. അതു മനോഹരമാണ്.

വ്യാജപ്രവാചകനെ തിരിച്ചറിയാനുള്ള മൂന്നാമത്തെ ലക്ഷണമായി ക്രിസ്തീയ ധാര്‍മികതയുടെ ഏടുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്, അവരുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അകലമാണ്. കള്ളപ്രവാചകനെ സംബന്ധിച്ചിടത്തോളം പ്രസംഗവും പ്രവൃത്തിയും രണ്ടു തട്ടിലായിരിക്കും. ബൈബിളിനുള്ള അവന്റെ നിര്‍വ്വചനം ഇങ്ങനെയാണ്: ‘എനിക്കു പ്രസംഗിക്കാനും നിനക്ക് അനുസരിക്കാനുമുള്ള പുസ്തകം.’ പ്രസംഗത്തില്‍ നിന്നു പ്രവൃത്തിയിലേക്കുള്ള സ്വന്തം ജീവിതത്തിലെ ദൂരം അവനെ പൊള്ളിക്കുന്നില്ല!

എന്നാല്‍ വാക്കും പ്രവൃത്തിയും യേശുവിന്റെ ജീവിതത്തില്‍ പൂര്‍ണമായും ഒന്നായിരുന്നു. യേശു പ്രസംഗിച്ചത് ഒരു മലമേല്‍ ഇരുന്നാണ് (മത്താ. 5:1). എന്നാല്‍ യേശുവിന്റെ ജീവിതത്തില്‍ പ്രസംഗത്തിന്റെ ഈ മല മാത്രമല്ല ഉണ്ടായിരുന്നത്. തൊട്ടടുത്ത് പ്രവൃത്തിയുടെ മറ്റൊരു മല കാണാം. അതു താന്‍ ക്രൂശില്‍ മരിച്ച ഗോല്‍ഗോത്ത മലയാണ്! ‘പ്രവൃത്തി നിമിത്തം എന്നെ വിശ്വസിപ്പിന്‍’ എന്നും അവിടുന്ന് ആഹ്വാ നം ചെയ്തു (യോഹ. 14:11). തന്റെ വാക്കും പ്രവൃത്തിയും തമ്മില്‍ എ ന്തെങ്കിലും അകലം കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. ‘നിങ്ങളില്‍ ആര്‍ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?’ (യോഹ. 8:46) എന്ന അവിടുത്തെ വെല്ലുവിളിക്ക് തന്റെ ശത്രുക്കള്‍ക്കു പോലും ഒരു മറുപടി ഉണ്ടായിരുന്നില്ലല്ലോ. ‘ചെയ്ത’ കാര്യങ്ങള്‍ മാത്രമാണ് അവിടുന്നു ‘ഉപദേശിച്ചത്’ എന്നതിനാലാണ് (പ്രവൃ. 1:1) അവിടുത്തെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒട്ടും അകലം ഉണ്ടാകാതിരുന്നത്.

ഈ യേശുവിനെ മാതൃകയാക്കി വാക്കും പ്രവൃത്തിക്കും ഇടയിലുള്ള ദൂരം പരമാവധി കുറയ്ക്കുവാനുള്ള ശ്രമം യഥാര്‍ത്ഥ പ്രവാചകന് എപ്പോഴും ഒരു നിലവിളി നല്‍കും. യേശുവിന്റെ വിശുദ്ധിയെക്കുറിച്ചുള്ള യഥാര്‍ത്ഥ കാഴ്ചയാണു തന്റെ പരിമിതിയെക്കുറിച്ചുള്ള ബോധ്യം അവനു നല്‍കുന്നത്. പ്രവൃത്തിയില്‍ അവിടുത്തോട് അടുത്തു വരികയും വാക്കില്‍ നിരന്തരം അധമമായത് ഒഴിച്ചു ഉത്തമമായതിലേക്കു വന്നുകൊണ്ടിരിക്കുകയും ചെയ്താല്‍ മാത്രമേ തനിക്കു ദൈവത്തിന്റെ സ്വരമായിരിക്കാന്‍ കഴിയുകയുള്ളുവെന്ന് അവന് അറിയാം. യിരെമ്യാ പ്രവാചകന്റെ അനുഭവം അതായിരുന്നു (15:19). യെശയ്യാ പ്രവാചകന്റെ നിലവിളിയും ഈ കാര്യത്തിലേക്കു തന്നെയാണു വിരല്‍ ചൂണ്ടുന്നത് (6:5). നിരന്തരം ഇത്തരം ഒരു പൊള്ളല്‍ അറിയുന്നവനായിരിക്കും യഥാര്‍ത്ഥ പ്രവാചകന്‍ (യിരെ. 20:9). ഇതേസമയം കള്ളപ്രവാചകനെ അവന്റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അകലം പൊള്ളിക്കുന്നില്ല. എന്നാല്‍ ഇതേ കാര്യത്താല്‍ ഒടുവില്‍ അവന്‍ തീയ്ക്ക് ഇരയാകുമെന്നു കര്‍ത്താവു പറഞ്ഞു (മത്താ. 7:19-21).

മുകളില്‍ വിവരിച്ച മൂന്നു ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നും വിശ്വാസലോകത്ത് നമുക്കു യഥാര്‍ത്ഥ പ്രവാചകന്മാരെ (കള്ളപ്രവാചകന്മാരെയും) തിരിച്ചറിയാന്‍ കഴിയും. അങ്ങനെ തിരിച്ചറിയുന്ന ഒരുവന്‍ താന്‍ തിരിച്ചറിഞ്ഞ യഥാര്‍ത്ഥ പ്രവാചകനെ കൈക്കൊള്ളേണ്ടതുണ്ടെന്നും കര്‍ത്താവു പറഞ്ഞു. കാരണം അങ്ങനെ ചെയ്യുമ്പോള്‍ ഈ കാലഘട്ടത്തിലേക്കു പ്രസ്തുത പ്രവാചകനെ അയച്ച ദൈവത്തെ തന്നെയാണല്ലോ അവന്‍ കൈക്കൊളളുന്നത് (മത്താ. 10:40). ഇതിന്റെ ഫലം അത്ഭുതാവഹമാണ്! തൊട്ടടുത്ത വാക്യത്തില്‍ അത് ഇങ്ങനെ വിശദമാക്കുന്നു: ”പ്രവാചകന്‍ എന്നു വച്ചു പ്രവാചകനെ കൈക്കൊള്ളുന്നവന് പ്രവാചകന്റെ പ്രതിഫലം ലഭിക്കും.” എത്ര വലിയ വാഗ്ദാനം.

ഈ കാലഘട്ടത്തിലെ ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ പ്രവാചകനോടു ചേര്‍ന്നു നില്ക്കുമ്പോള്‍ ആ പ്രവാചകനുള്ള പ്രതിഫലം തന്നെ നമുക്കും കൈയാളാന്‍ കഴിയും. എത്ര വലിയ സാധ്യതയാണിത്! ‘കേള്‍ പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.’

അധ്യായം 18 :
അന്ത്യകാല മുന്നറിയിപ്പ്


”ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തിലെ അന്ത്യദിവസമാണെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഇന്നു തുടര്‍ന്ന് എങ്ങനെയാണു ജീവിക്കുക?” ഒരു ദൈവഭൃത്യനോട് ഒരാള്‍ ഇങ്ങനെ ചോദിച്ചതായി കേട്ടിട്ടുണ്ട്.

നമ്മുടെ നേരെയാണ് ഈ ചോദ്യം ഉയരുന്നതെങ്കില്‍ നാം എന്തു പറയും? ഒരു ദിവസം രാവിലെ അറിയുന്നു, അന്നു സന്ധ്യയാകുമ്പോള്‍ ജീവിതം അവസാനിക്കുമെന്ന്. എങ്കില്‍? എങ്കില്‍, ചില കാര്യങ്ങള്‍ ക്രമീകരിക്കേണ്ടവരുണ്ടാകും. ചിലതു കൊടുത്തു തീര്‍ക്കേണ്ടവരും മടക്കി വാങ്ങേണ്ടവരും കാണും. ക്ഷമ ചോദിക്കേണ്ടവരും ചില ബന്ധങ്ങള്‍ ക്രമപ്പെടുത്തേണ്ടവരും അതിനുള്ള നെട്ടോട്ടത്തിലായിരിക്കും അന്നത്തെ പകല്‍ ചെലവഴിക്കുക.

എന്നാല്‍ ഈ ദൈവഭൃത്യന്റെ മറുപടി വ്യത്യസ്തമായിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: ”ഇന്നു ജീവിതത്തിലെ അവസാന ദിവസമാണെന്നറിഞ്ഞാല്‍ ഞാന്‍ പതിവുപോലെ തന്നെ ഇന്നത്തെ ദിവസവും ചെലവഴിക്കും. എന്നിട്ട് സന്ധ്യയാകുമ്പോള്‍ നിത്യഭവനത്തിലേക്കു പോകും.”

എന്താ അര്‍ത്ഥം? അര്‍ത്ഥം ഇതാണ്: അദ്ദേഹം തന്റെ ജീവിതത്തി ലെ ഓരോ ദിവസവും തന്റെ അന്ത്യ ദിവസമാണെന്നു കരുതി ജീവിച്ചു. അതുകൊണ്ടു തന്നെ, പെട്ടെന്നു വന്നുചേര്‍ന്ന അന്ത്യദിവസത്തില്‍ അദ്ദേഹത്തിനു പ്രത്യേകിച്ചൊന്നും ഒരുങ്ങാനുണ്ടായിരുന്നില്ല.

അന്ത്യദിവസം ഒരാഘാതംപോലെ പൊടുന്നനെ നമ്മുടെ മേല്‍ വന്നു പതിക്കാതിരിക്കാന്‍ ഇതൊരു നല്ല കരുതലാണ്. ഓരോ ദിവസവും ജീവിതത്തിന്റെ അവസാന ദിവസമായി ചിന്തിച്ചു ജീവിക്കുക!

അപ്പൊസ്തലനായ പൗലൊസ് ഇത്തരം ഒരു ചിന്തയോടെയാണു ജീവിച്ചതെന്നു സൂചന നല്‍കുന്ന ഒരു വേദഭാഗമുണ്ട്. കര്‍ത്താവിന്റെ രണ്ടാം വരവിനെക്കുറിച്ചു തെസ്സലോനിക്യരോടു പൗലൊസ് വിവരിക്കുന്ന ഭാഗമാണത്: ”കര്‍ത്താവിന്റെ പ്രത്യക്ഷത വരെ ജീവനോടെ ശേഷിക്കുന്നവരായ നാം നിദ്രകൊണ്ടവര്‍ക്കു മുമ്പാകെയില്ല. കര്‍ത്താവു താന്‍ ഗംഭീര നാദത്തോടും… സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വരികയും ക്രിസ്തുവില്‍ മരിച്ചവര്‍ മുമ്പെ ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്യും, പിന്നെ ജീവനോടെ ശേഷിക്കുന്നവരായ നാം… കര്‍ത്താവിനെ എതിരേല്പാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും” (1 തെസ്സ. 4:15,16).

ശ്രദ്ധിച്ചോ? പൗലൊസ് ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികളോടു പറയുന്നത്, കര്‍ത്താവു രണ്ടാമതു വരുമ്പോള്‍ മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കുന്നവരുടെ നിരയിലായിരിക്കുകയില്ല തങ്ങള്‍; മറിച്ച് കര്‍ത്താവിനെ എതിരേല്പാന്‍ മേഘങ്ങളില്‍ എടുക്കപ്പെടുന്ന ജീവിച്ചിരിക്കുന്ന വരോടൊപ്പമായിരിക്കും. പൗലൊസ് ഇതെഴുതിയിട്ട് 20 നൂറ്റാണ്ടു കഴിഞ്ഞു. ഇന്നും കര്‍ത്താവിന്റെ രണ്ടാമത്തെ വരവ് സംഭവിച്ചിട്ടില്ല. എന്നാല്‍ ഒന്നാം നൂറ്റാണ്ടില്‍ തന്നെ പൗലൊസും സഹവിശ്വാസികളും (എല്ലാവരുമല്ല) തങ്ങളുടെ ജീവിതകാലത്തു തന്നെ കര്‍ത്താവു രണ്ടാമതു വരുമെന്നും തങ്ങള്‍ അന്ത്യകാലത്താണു ജീവിക്കുന്നതെന്നും വിശ്വസിച്ച് ആ നിലയില്‍ ഒരുക്കത്തോടെ കഴിഞ്ഞവരായിരുന്നു! ഇന്നു നാമോ??

അന്ത്യകാല സഭയുടെ ഒരു ചിത്രം പൗലൊസ് തന്റെ ജീവിതത്തിലെ അവസാന ലേഖനത്തില്‍ വരച്ചിട്ടിരിക്കുന്നത് ശ്രദ്ധിക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ തന്നെ, കര്‍ത്താവിന്റെ വരവിനു തൊട്ടു മുന്‍പുള്ള അന്ത്യകാലത്തില്‍ വന്നെത്തിയിരിക്കുന്ന നമുക്കു പ്രയോജനകരമായിരിക്കും. പൗലൊസ് കോറിയിട്ടിരിക്കുന്ന ആ ചിത്രം ഇങ്ങനെയാണ്: ”ഒരു വലിയ വീട്ടില്‍ (Great house) പൊന്നും വെള്ളിയുംകൊണ്ടുള്ള സാമാനങ്ങള്‍ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ട്. ചിലതു മാന്യകാര്യത്തിനും ചിലതു ഹീനകാര്യത്തിനും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താന്‍ വെടിപ്പാക്കുന്നവന്‍ വിശുദ്ധവും ഉടമസ്ഥന് ഉപയോഗവുമായി നല്ല വേലയ്ക്ക് ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാനപാത്രം ആയിരിക്കും” (2 തിമൊ. 2:20,21).

ഈ വലിയ വീട് അന്ത്യകാലത്തെ സാധാരണ സഭകളാണ്. കാരണം അവിടെ മാനപാത്രങ്ങള്‍ മാത്രമല്ല ഹീനപാത്രങ്ങളും ഉണ്ട്. പൊന്നും വെള്ളിയുംകൊണ്ടുള്ള പാത്രങ്ങള്‍ മാത്രമല്ല മണ്ണും മരവുംകൊണ്ടുള്ള പാത്രങ്ങളും ഉണ്ട് (2 തിമൊ. 2:20-നെ 1 കൊരി. 3:12-നോടു താരതമ്യം ചെയ്യുക). ഈ വീടിന്റെ വിശേഷണം ബാബിലോണിന്റേതെന്നപോലെ (വെളിപ്പാട് 17:5) മഹത്തായത് (Great) എന്നതാണെന്നതും യാദൃച്ഛികമാണോ? ബാബിലോണ്‍ എന്നത് ഏതെങ്കിലും പ്രത്യേക സഭയല്ല, അതു ലോകത്തോട് ഒത്തുതീര്‍പ്പുള്ള വിശ്വാസികളാണ്. അവരുടെ സംഖ്യ ഇന്നത്തെ എല്ലാ സഭകളിലും ഏറിയും കുറഞ്ഞും കാണാം. എന്തുകൊണ്ടാണ് ദൈവം അത് അനുവദിക്കുന്നത്? ഈ ചോദ്യത്തിന്റെ മറുപടി ‘കോതമ്പിനോടൊപ്പം കളയും കൊയ്‌ത്തോളം വളര്‍ന്നുകൊള്ളട്ടെ’ എന്ന് അനുവദിച്ച യജമാനന്റെ മനോഭാവത്തില്‍ നിന്നു നമുക്കു വായിച്ചെടുക്കാന്‍ കഴിയും (മത്താ. 13:24-30 കാണുക).

പൗലൊസ് തിമൊഥെയോസിനു ലേഖനം എഴുതുമ്പോള്‍ വലിയ വീടിനെ(Great house)ക്കുറിച്ചു മാത്രമല്ല ദൈവത്തിന്റെ യഥാര്‍ത്ഥ വീടിനെ(House of God)ക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട് (1 തിമൊ. 3:15-16). സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭ എന്ന് ഇവിടെ വിവരിക്കുന്നത് ഒരു മാതൃകാ സഭയെ (ideal Church)യാണ്.

അന്ത്യകാലത്തെ സഭകളായ ‘വലിയ വീടു’കള്‍ ജീവനുള്ള ദൈവത്തിന്റെ ആലയമായ മാതൃകാ സഭയായി മാറാന്‍ എന്താണു ചെയ്യേണ്ടത്? സഭയിലെ വിശ്വാസികള്‍ മെച്ചപ്പെടുകയാണ് – ഹീനപാത്രങ്ങള്‍, മാനപാത്രങ്ങളാകുകയാണ്- ഇതിനു വേണ്ടത്. സഭയെന്നാല്‍ വിശ്വാസികളുടെ സംഘാതമാണ്. വിശ്വാസികളുടെ നിലവാരമാണ് സഭയുടെ നിലവാരം. ഈ നിലവാരം ഉയരണം. അതാണ് പൗലൊസ് 2 തിമൊഥെയാസ് 2:21-ല്‍ പറയുന്നത്: ”ഇവയെ വിട്ടകന്നു തന്നെത്താന്‍ വെടിപ്പാക്കുന്നവന്‍ വിശുദ്ധവും ഉടമസ്ഥന് ഉപയോഗവുമായി നല്ല വേലയ്ക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന മാനപാത്രം ആയിരിക്കും.” ഇവിടെ മൂന്നു കാര്യങ്ങള്‍: വിട്ടകലണം, വെടിപ്പാക്കണം, ഒരുങ്ങിയിരിക്കണം. എങ്കില്‍ ഹീനപാത്രങ്ങള്‍ക്കും മാനപാത്രങ്ങളാകാം. ആ മാനപാത്രങ്ങള്‍ക്കും മൂന്നു പ്രത്യേകതകള്‍: വിശുദ്ധം, ഉടമസ്ഥന് ഉപയോഗക്ഷമം, നല്ല വേലയ്ക്ക് ഉപയുക്തം.

ലോകത്തിന്റെ രീതി അനുസരിച്ചു മണ്‍പാത്രത്തിന്, മരപ്പാത്രത്തിന് ഒരിക്കലും വെള്ളിപ്പാത്രമോ പൊന്‍പാത്രമോ ആകാന്‍ കഴിയുകയില്ല. എന്നാല്‍ ദൈവസഭയില്‍ ആ അത്ഭുതമാണു നടക്കുന്നത്! സഭയില്‍ വചനത്താലും പരിശുദ്ധാത്മാവിനാലും ഉള്ള കഴുകല്‍ മൂലം കറയും ചുളുക്കവും മാറി വിശുദ്ധിയോടെ, നിഷ്‌കളങ്കതയോടെ തേജസ്സു പ്രാപിപ്പാന്‍ കഴിയും (എഫെസ്യ. 5:26,27). മാത്രമോ തേജസ്സിന്മേല്‍ പിന്നേയും തേജസ്സ് പ്രാപിച്ച് അതേ പ്രതിമയായി രൂപാന്തരപ്പെടാന്‍ സാധിക്കും (2 കൊരി. 3:18). മണ്‍പാത്രത്തിനു പൊന്‍പാത്രമാകാമെന്നു സാരം.

അന്ത്യകാലത്തെ സഭകളുടെ പൊതുചിത്രം മാത്രമല്ല, അതിലെ ഹീനപാത്രങ്ങളായ വിശ്വാസികളുടെ നിലവാരത്തിന്റെ യഥാര്‍ത്ഥ ചിത്രവും പൗലൊസ് തിമൊഥെയോസിനുള്ള ലേഖനത്തില്‍ തൊട്ടടുത്ത അധ്യായത്തില്‍ വരച്ചു കാട്ടിയിട്ടുണ്ട്: ”അന്ത്യനാളുകളില്‍ ദുര്‍ഘട സമയങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞുകൊളളുക. മനുഷ്യര്‍ സ്വാര്‍ഥപ്രിയരും ദ്രവ്യാഗ്രഹികളും ഗര്‍വിഷ്ഠരും അഹങ്കാരികളും ദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തവരും കൃതഘ്‌നരും ജീവിതവിശുദ്ധിയില്ലാത്തവരും മനുഷ്യത്വമില്ലാത്തവരും വഴങ്ങാത്ത പ്രകൃതിയുള്ളവരും പരദൂഷണ വ്യവസായികളും ദുര്‍വൃത്തരും ക്രൂരന്മാരും സദ്ഗുണ വിദ്വേഷികളും വഞ്ചകരും എടുത്തു ചാട്ടക്കാരും അഹന്തകൊണ്ടു ഞെളിയുന്നവരും ദൈവത്തെ സ്‌നേഹിക്കുന്നതിലുപരി ഭോഗപ്രിയരായി ജീവിക്കുന്നവരും ആയിരിക്കും. അവര്‍ മതത്തിന്റെ ബാഹ്യരൂപത്തെ മുറുകെപ്പിടിക്കുമെങ്കിലും അതിന്റെ ചൈതന്യത്തെ നിഷേധിക്കുന്നു” (2 തിമൊ. 3:1-5 ആധുനിക വിവര്‍ത്തനം).

ഇതു വായിക്കുമ്പോള്‍ അന്ത്യകാലത്തെ ലോകമനുഷ്യരുടെ ചിത്രമാണിതെന്നു നാം പെട്ടെന്നു കരുതിപ്പോകും. എന്നാല്‍ അന്ത്യനാളുകളിലെ വിശ്വാസികളുടെ ഒരു ‘സ്‌കാന്‍ റിപ്പോര്‍ട്ടാ'(Scan report)ണിത്. എങ്ങനെ ആ നിഗമനത്തിലെത്താന്‍ കഴിയും? അതിന്റെ അവസാനഭാഗം നോക്കുക. അവര്‍ മതത്തിന്റെ ബാഹ്യരൂപത്തെ മുറുകെപ്പിടിക്കുന്നവരാണെന്ന് അവിടെ രേഖപ്പെടുത്തിയിരിക്കുന്നു. ഭക്തിയുടെ വേഷം ധരിച്ചവര്‍. ലോകമനുഷ്യര്‍ക്കു ഭക്തിയുടെ വേഷം ധരിക്കുകയോ ക്രിസ്തുമതത്തിന്റെ ബാഹ്യരൂപം മുറുകെ പിടിക്കുകയോ ചെയ്യേണ്ട കാര്യമില്ലല്ലോ. അപ്പോള്‍ ഇത് അന്ത്യകാലത്തെ വിശ്വാസികളെക്കുറിച്ചാണെന്നു നാം നടുക്കത്തോടെ തിരിച്ചറിയുന്നു.

യേശുകര്‍ത്താവിനെ രക്ഷകനും നാഥനുമായി ഹൃദയത്തില്‍ വാഴിച്ച ഒരു വിശ്വാസിക്ക് എങ്ങനെയാണു സ്വാര്‍ഥനും ദ്രവ്യാഗ്രഹിയും ഗര്‍വിഷ്ഠനും അഹങ്കാരിയും ദൂഷകനും അനുസരണമില്ലാത്തവനും നന്ദി കെട്ടവനും അശുദ്ധനും മനുഷ്യത്വമില്ലാത്തവനുമെല്ലാമായി മാറാന്‍ കഴിയുന്നത്? 2 തിമൊഥെയോസ് 3:1-5 വാക്യങ്ങള്‍ ശ്രദ്ധിച്ചു വായിച്ചാല്‍ വിശ്വാസിയുടെ ഈ പതനത്തിന്റെ കാരണം കണ്ടെത്താന്‍ കഴിയും. അവിടെ അവനു ‘രണ്ടു സ്‌നേഹങ്ങള്‍’ നഷ്ടമായതായും ‘മൂന്നു സ്‌നേഹങ്ങള്‍’ ആ സ്ഥാനത്തു കയറിക്കൂടിയതായും കാണുന്നു. അവനു നഷ്ടമായ രണ്ടു സ്‌നേഹങ്ങള്‍ ദൈവപ്രിയവും (Love for God), സദ്ഗുണത്തോട്, നന്മയോട് ഉള്ള സ്‌നേഹവും (Love for goodness) ആണ്. വാസ്തവത്തില്‍ ഈ രണ്ടു സ്‌നേഹവും ഒന്നു തന്നെയാണ്. യഥാര്‍ത്ഥത്തിലുള്ള നന്മ ദൈവത്തില്‍ മാത്രമാണുള്ളതെന്നും നന്മയുടെ ആകെത്തുക ദൈവമാണെന്നും യേശു തന്നെ പറഞ്ഞത് ഓര്‍ക്കുക (മര്‍ക്കൊ. 10:18). എങ്കില്‍ നന്മയോടുള്ള സ്‌നേഹവും ഫലത്തില്‍ ദൈവത്തോടുള്ള സ്‌നേഹം തന്നെയാണ്. ചുരുക്കത്തില്‍ അന്ത്യകാലത്തിലെ വിശ്വാസിക്കു നഷ്ടപ്പെട്ട രണ്ടു കാര്യങ്ങളെ ഒന്നിലേക്കു ചുരുക്കിയാല്‍ അവനു നഷ്ടപ്പെട്ടതു മറ്റൊന്നുമല്ല ദൈവത്തോടുള്ള സ്‌നേഹം (Love for God) തന്നെയാണ്.

ദൈവസ്‌നേഹം നഷ്ടമായ സ്ഥാനത്തേക്കു സ്വയസ്‌നേഹം (Self love) ദ്രവ്യാഗ്രഹം (love for money) ഭോഗപ്രിയത്വം (love for pleasure) എന്നിവ തള്ളിക്കയറി വന്നു. തുടര്‍ന്ന് അഹങ്കാരം, അശുദ്ധി, നന്ദിയില്ലായ്മ തുടങ്ങിയ എല്ലാ ദുര്‍ഗുണങ്ങളും ഹൃദയത്തില്‍ സ്ഥാനം പിടിച്ചു. ഒരു മുറിയിലെ ദീപം അണഞ്ഞാല്‍ ഉടനെ മുറിയിലേക്ക് ഇരുള്‍ വരുന്നതുപോലെയാണിത്. ഹൃദയത്തില്‍ ദൈവത്തോടുണ്ടായിരുന്ന ലളിതമായ, നിര്‍മലമായ സ്‌നേഹം അണഞ്ഞു പോയി. സ്വാഭാവികമായി തന്നെ തിന്മയുടെ ഇരുള്‍ അവിടം പിടിച്ചടക്കി. പരിതാപകരമായ കാര്യം, അപ്പോഴും ഭക്തിയുടെ വേഷം, മതത്തിന്റെ ബാഹ്യാവരണം അവിടെ ഉണ്ട് എന്നതാണ്!

ദൈവത്തോടുള്ള സ്‌നേഹത്തിന്റെ വെളിച്ചം അണഞ്ഞുപോയിട്ടും ഭക്തിയുടെ പുറംമോടിയുമായി തുടരുന്നതിനുള്ള ക്ലാസ്സിക് ഉദാഹരണം എഫെസൊസിലെ സഭയുടെ ദൂതനാണ്. അവന്റെ കുറ്റം ആദ്യസ്‌നേഹം വിട്ടു കളഞ്ഞു എന്നതാണെന്നു പരിശുദ്ധാത്മാവു പറയുന്നു (വെളി. 2:4). എന്നാല്‍ ആദ്യസ്‌നേഹം നഷ്ടപ്പെട്ടിട്ടും അവന്റെ ക്രിസ്തീയ പ്രവര്‍ത്തനങ്ങളും ഭക്തിയുടെ വേഷവും അവിടെത്തന്നെ ഉണ്ടായിരുന്നു. ദൈവം അവനെക്കുറിച്ചു പറയുന്നത് ”നിന്റെ പ്രവൃത്തിയും (works) പ്രയത്‌നവും (labor) സഹിഷ്ണുതയും (patience) അറിയുന്നു” എന്നാണ് (2:2). അവന്റെ പ്രവൃത്തിയും പ്രയത്‌നവും സഹിഷ്ണുതയും ഒക്കെ കാണുമ്പോള്‍ അതു നല്ലതാണെന്നു നമുക്കു തോന്നും. പക്ഷേ ഈ പ്രവൃത്തിയെയും പ്രയത്‌നത്തെയും സഹിഷ്ണുതയേയുമൊക്കെ പ്രചോദിപ്പിക്കേണ്ട മറ്റു ചില ആന്തരിക ഗുണങ്ങള്‍ അവനു കൈമോശം വന്നെന്നു വചനത്തെ വചനവുമായി താരതമ്യം ചെയ്താല്‍ മാത്രമേ നമുക്കു മനസ്സിലാകൂ. 1 തെസ്സലോനിക്യര്‍ 1:2-4 വാക്യങ്ങള്‍ നോക്കുക: ”നിങ്ങളുടെ വിശ്വാസത്തിന്റെ വേലയും (work of faith) സ്‌നേഹപ്രയത്‌നവും (labor of love) പ്രത്യാശയുടെ സഹിഷ്ണുതയും (patience of hope) ഓര്‍ത്തുകൊണ്ട്… ദൈവത്തിനു സ്‌തോത്രം ചെയ്യുന്നു.” ഇവിടെ വെറും വേലയല്ല, വിശ്വാസത്തിന്റെ വേലയാണ്. കേവലം പ്രയത്‌നമല്ല, സ്‌നേഹത്തിന്റെ പ്രയത്‌നമാണ്. വെറും സഹിഷ്ണുതയല്ല, പ്രത്യാശയുടെ സഹിഷ്ണുതയാണ്. ഇവിടെ തെസ്സലോനിക്യയിലെ വിശ്വാസികളുടെ വേലയ്ക്കും പ്രയത്‌നത്തിനും സഹിഷ്ണുതയ്ക്കും പ്രചോദനമായി പശ്ചാത്തലത്തില്‍ വിശ്വാസവും സ്‌നേഹവും പ്രത്യാശയും ഉണ്ടായിരുന്നു. എന്നാല്‍ വെളിപ്പാട് 2:2-ലെ എഫെസൊസിലെ സഭയുടെ അവസ്ഥയിലേക്കു വരുമ്പോഴോ? അവിടെ പ്രവൃത്തിയുണ്ട്; എന്നാല്‍ വിശ്വാസമില്ല. അവിടെ പ്രയത്‌നമുണ്ട്; പക്ഷേ സ്‌നേഹം നഷ്ടപ്പെട്ടു പോയി. അവിടെ സഹിഷ്ണുതയുണ്ട്; എന്നാല്‍ പ്രത്യാശയില്ല. കണ്ടോ എഫെസൊസിലെ സഭയുടെ ദൂതന് ആന്തരികമായ വിശ്വാസവും സ്‌നേഹവും പ്രത്യാശയും നഷ്ടപ്പെട്ടു പോയി. പക്ഷേ പുറമേയുള്ള പ്രവൃത്തിയും പ്രയത്‌നവും സഹനവും അവിടെയുണ്ട്. സത്യത്തില്‍ വിശ്വാസം, പ്രത്യാശ, സ്‌നേഹം എന്നിവയാണല്ലോ ക്രിസ്തീയതയില്‍ നിലനില്‌ക്കേണ്ടത് (1കൊരി. 13:13). അവ നഷ്ടപ്പെട്ടു പോയി. പക്ഷേ പുറംമോടി, ബാഹ്യാവരണം, ഭക്തിയുടെ വേഷം, മനുഷ്യര്‍ക്കു കാണാവുന്നത്, നിലനില്ക്കുന്നു! പക്ഷേ എഫെസോസ് സഭയുടെ ദൂതന് അഗ്നിജ്വാലയ്‌ക്കൊത്ത കണ്ണുള്ള ദൈവത്തെ മാത്രം കബളിപ്പിക്കാന്‍ കഴിഞ്ഞില്ല. അവിടുന്ന് അവനോടു പറയുന്നു: ”നീ ഏതില്‍ നിന്നു വീണിരിക്കുന്നു എന്ന് ഓര്‍ത്തു മാനസാന്തരപ്പെടുക. അല്ലാഞ്ഞാല്‍…”

ഇതെല്ലാം നമുക്കു ബുദ്ധിയുപദേശത്തിന് എഴുതിയിരിക്കുന്നവയാണ്. അതുകൊണ്ട് ഇവയെ ഗൗരവമായി എടുക്കാം. ആദ്യ സ്‌നേഹത്തിലേക്ക് ഒരു മടക്കയാത്ര- അതാണ് ഇന്നത്തെ ആവശ്യം. കാരണം ഇത് അന്ത്യകാലമാണ്.

അധ്യായം 19 :
സമര്‍പ്പണത്തെ പരിശോധിക്കുക


ഒരു വര്‍ഷം അവസാനിക്കുമ്പോള്‍, പുതുവര്‍ഷത്തിലേക്കു പ്രവേശിക്കുമ്പോള്‍, പലര്‍ക്കും ഖേദം ബാക്കി നില്ക്കും – പിന്നിട്ട വര്‍ഷത്തില്‍ വേണ്ടതുപോലെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കഴിഞ്ഞ പുതുവത്സരത്തില്‍ എടുത്ത പ്രതിജ്ഞകള്‍ അല്പായുസ്സായി. ഗൗരവമായി കാര്യങ്ങളെ സമീപിക്കാന്‍ കഴിയാതെ പോയി… എന്നിങ്ങനെ.

എന്തുകൊണ്ടാണു പല നല്ല തീരുമാനങ്ങളും നടപ്പിലാക്കാന്‍ കഴിയാതെ പോകുന്നത്?

‘ഒരു നദിക്കും അതിന്റെ ഉത്ഭവ സ്ഥലത്തിനും ഉപരിയായ സ്ഥലത്തേക്ക് ഒഴുകാനാവില്ല’ എന്നു പറയാറുള്ളതാണ് ഈ ചോദ്യത്തിനുള്ള മറുപടി. ഉത്ഭവത്തില്‍ നിന്നു താഴേക്കു മാത്രമേ നദിക്ക് ഒഴുകുവാന്‍ കഴിയുകയുള്ളു എന്നതുപോലെ ഒരു കാര്യത്തിലുള്ള നമ്മുടെ ഉത്സാഹങ്ങള്‍ക്കും ശുഷ്‌കാന്തികള്‍ക്കും അതു സംബന്ധിച്ചുള്ള നമ്മുടെ പ്രതിബദ്ധതയ്ക്കു (Commitment) താഴെ മാത്രമേ നിലകൊള്ളാന്‍ കഴിയുകയുള്ളു. ഒരു കാര്യത്തിലുള്ള നമ്മുടെ പ്രതിബദ്ധതയെ കവിയുന്ന പ്രവര്‍ത്തനങ്ങളും ശുഷ്‌കാന്തിയും നമുക്കു പ്രകടിപ്പിക്കാനാവില്ല. അതുകൊണ്ടു തന്നെ പോയ വര്‍ഷത്തില്‍ ആത്മീയ കാര്യങ്ങളില്‍ വേണ്ടതുപോലെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നു കാണുമ്പോള്‍ പുതുവര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാം എന്നു പ്രതിജ്ഞയെടുത്തതുകൊണ്ടു പ്രയോജനമില്ല. മറിച്ച് ആത്മീയത സംബന്ധിച്ച നമ്മുടെ പ്രതിബദ്ധത, അതിനോടുള്ള സമര്‍പ്പണം, എത്രത്തോള മുണ്ട് എന്ന് ഉത്ഭവത്തിലേക്കു പോയി പരിശോധിക്കുകയാണു വേണ്ടത്. അതു കുറവാണെന്നു കണ്ടാല്‍ ആഴെക്കുഴിച്ചു (ലൂക്കൊ. 6:48) കൂടുതല്‍ സമര്‍പ്പണത്തിലേക്കു വരികയാണു കരണീയം. കാരണം നമ്മുടെ സമര്‍പ്പണത്തെ കവിയുന്ന ഉത്സാഹം നമുക്ക് ഒരു കാര്യത്തിലും പുലര്‍ത്താന്‍ കഴിയുകയില്ല. ആത്മീയ കാര്യങ്ങളിലും അങ്ങനെ തന്നെ.

ആത്മീയ കാര്യങ്ങളിലെ സമര്‍പ്പണത്തിന്റെ ആഴക്കൂടുതലും കുറവും വ്യക്തമാക്കുന്ന രസകരമായ ഒരു കഥ കേട്ടിട്ടുണ്ട്. ഒരു പിടക്കോഴിയും ആട്ടിന്‍ കുട്ടിയും നല്ല സുഹൃത്തുക്കളായിരുന്നു. അവര്‍ ഒരു സായാഹ്ന സവാരിക്കിറങ്ങി. വഴിയരികലെ ബോര്‍ഡുകളൊക്കെ വായിച്ച്, കാഴ്ചകളൊക്കെ കണ്ട് അലസമായ ഒരു നടപ്പ്. ഒരു ഹോട്ടലിനു മുന്‍പില്‍ അവര്‍ എത്തിയപ്പോള്‍ അവിടെ ഇങ്ങനെ ഒരു ബോര്‍ഡ് – ‘പ്രഭാത ഭക്ഷണം – 100 രൂപ മാത്രം. വിഭവങ്ങള്‍: അപ്പം, മട്ടണ്‍ കറി, ഓംലറ്റ്, ചായ.’

ബോര്‍ഡു വായിച്ച പിടക്കോഴി ഒരു നേരിയ ചിരിയോടെ ഇങ്ങനെ പറഞ്ഞു: ”ഈ മനുഷ്യരൊക്കെ ഇത്ര മിടുക്കന്മാരാണെന്നു പറഞ്ഞിട്ടെന്താ? ഇവര്‍ക്കുള്ള പ്രഭാത ഭക്ഷണം നമ്മള്‍ വേണം ഒരുക്കിക്കൊടുക്കാന്‍. കണ്ടോ? ഞാന്‍ മുട്ട ഓംലെറ്റ് നല്‍കുന്നു. താങ്കള്‍ മട്ടണ്‍ കറിയും കൊടുക്കുന്നു.”

രസകരമായ ഒരു കമന്റ് പറഞ്ഞിട്ടും ആട്ടിന്‍ കുട്ടിയില്‍ നിന്നു മറുപടി ഒന്നും ഉണ്ടാകാതിരുന്നപ്പോള്‍ പിടക്കോഴി ആട്ടിന്‍ കുട്ടിയുടെ മുഖത്തേക്കു പാളി നോക്കി. അവിടെ ആട്ടിന്‍ കുട്ടിയുടെ കണ്ണുകളില്‍ കണ്ണുനീര്‍ത്തുള്ളികള്‍ ഉരുണ്ടു കൂടുന്നതാണ് പിടക്കോഴി കണ്ടത്. പിടക്കോഴി പരിഭ്രാന്തയായി: ”എന്താ, എന്താ, എന്താ നീ കരയുന്നത്?”

ആട്ടിന്‍ കുട്ടി കണ്ണുനീര്‍ തുടച്ചുകൊണ്ട് മെല്ലെ ഇങ്ങനെ പറഞ്ഞു: ”അല്ല, ഞാന്‍ ഓര്‍ക്കുകയായിരുന്നു: മനുഷ്യര്‍ക്കു പ്രഭാത ഭക്ഷണം നല്‍ കുന്നതു നിന്നെ സംബന്ധിച്ചിടത്തോളം ഒരു സംഭാവന (Commitment) മാത്രമാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളമോ? അത് എന്റെ ജീവന്‍ തന്നെ നല്‍കുന്ന ഒരു പ്രതിബദ്ധതയാണ് (Commitment).”

ആട്ടിന്‍ കുട്ടി പറഞ്ഞതിന്റെ പൊരുള്‍ ഇങ്ങനെ: പ്രഭാത ഭക്ഷണത്തില്‍ ഓംലെറ്റ് ഉണ്ടാക്കാന്‍ മുട്ട നല്‍കുന്നതു പിടക്കോഴിയുടെ ഒരു സംഭാവന മാത്രമാണ്. മുട്ട നല്‍കിക്കഴിഞ്ഞും പിടക്കോഴിയുടെ ജീവിതം സാധാരണപോലെ തുടരുകയാണ്. അതേസമയം മട്ടണ്‍കറി ഉണ്ടാകണമെങ്കില്‍ ആട്ടിന്‍ കുട്ടിക്കു നല്‍കേണ്ടി വരുന്നത് സ്വന്തം ജീവന്‍ തന്നെയാണ്.

കഥ നില്ക്കട്ടെ; നമുക്കു കാര്യത്തിലേക്കു വരാം. ക്രിസ്തീയ ലോകത്ത് ആത്മീയതയുമായി ബന്ധപ്പെട്ട് രണ്ടു നിലപാടുകളെയാണു യഥാക്രമം പിടക്കോഴിയും ആട്ടിന്‍കുട്ടിയും പ്രതിനിധാനം ചെയ്യുന്നത്. ആത്മീയതയോടുള്ള സമര്‍പ്പണം, ഇന്നു പലരെ സംബന്ധിച്ചും ഒരു സംഭാവന നല്‍കുന്നതുപോലെ മാത്രമാണ്. തൊലിപ്പുറമേയുള്ള കാര്യം. അവരുടെ ജീവനെ അതു സ്പര്‍ശിക്കുന്നില്ല. അവര്‍ പല കാര്യങ്ങളില്‍ ഏര്‍പ്പെടുന്നു. തൊഴില്‍, സാമൂഹിക ബന്ധങ്ങള്‍, വിനോദങ്ങള്‍… ഇവയെല്ലാം ഉണ്ട്. ഉവ്വ്, ആത്മീയതയ്ക്കും അതിന്റേതായ ചെറിയ ഒരിടം ഉണ്ട്. അതിനെ മുഴുവനായി ഒഴിവാക്കുന്നില്ല. തിങ്കള്‍ മുതല്‍ ശനി വരെ ഒരു സെക്കുലര്‍ ജീവിതം. ഉവ്വ്, ഞായറാഴ്ച ഉച്ചവരെ അവര്‍ ‘ആരാധന’യ്ക്കും മാറ്റിവയ്ക്കുന്നു! നൂറില്‍ 90 രൂപ അവരുടെ ഇഷ്ടംപോലെ ചെലവഴിക്കുന്നു. എന്നാല്‍ 10 രൂപ ആത്മീയ കാര്യങ്ങള്‍ക്കായി മാറ്റി വച്ചിട്ടുണ്ടല്ലോ. കൈസര്‍ക്കുള്ളതു കൈസര്‍ക്ക്; ദൈവത്തിനുള്ളത് ദൈവത്തിന്. എല്ലാറ്റിനും കൃത്യമായ ഒരു വിഭജനം ഉണ്ട്. മിടുക്കന്മാരും ‘ജീവിക്കാന്‍ അറിയാവുന്നവരും’ ആണവര്‍. ഇവരുടെ ജീവിതം വാസ്തവത്തില്‍ ഭൗതികമെന്നും ആത്മീയമെന്നും രണ്ടായി മുറിഞ്ഞു കിടക്കുകയാണ്. ആത്മീയതയ്ക്കു പുറത്തും അവര്‍ക്കൊരു ജീവിതമുണ്ട്. ഞായറാഴ്ച മാത്രം എടുത്തണിയാനുള്ള ഒരാഭരണമാണ് അവര്‍ക്ക് ആത്മീയത. ആത്മീയത അവരെ സംബന്ധിച്ചിടത്തോളം ഒരു ‘സംഭാവന നല്‍കല്‍’ മാത്രമാണ്!

എന്നാല്‍ ക്രിസ്തീയ ലോകത്ത് ഒരു ന്യൂനപക്ഷത്തിനു സമര്‍പ്പണം മുഴുജീവിതവും ഉള്‍ക്കൊള്ളുന്ന ഒരു പൂര്‍ണ പ്രതിബദ്ധതയാണ് (Total commitment). അവരുടെ ജീവിതം ഭൗതികമെന്നും ആത്മികമെന്നും രണ്ടായി മുറിഞ്ഞു കിടക്കുന്നില്ല. അതു രണ്ടും ചേര്‍ന്ന അഖണ്ഡമായ (integral) ഒന്നാണ്. പൂര്‍ണമായ, മുഴുവനായ, മൊത്തത്തിലുള്ള ഒരേയൊരു ആകമാന ജീവിതം (total, complete, absolute one and only wholesome life). ആ ജീവിതം ദൈവത്തിന്. ഇതൊരു പൂര്‍ണ സമര്‍പ്പണമാണ്. ഇത് ഉപരിതല സ്പര്‍ശിയായ ഒരു സമര്‍പ്പണമല്ല, ആഴത്തിലുള്ളതാണ്, ജീവന്‍ തന്നെ നല്‍കുന്ന പ്രതിബദ്ധതയാണ്.

യേശു ശിഷ്യന്മാരില്‍ നിന്ന് ആവശ്യപ്പെട്ടതും ഇത്തരം ഒരു ജീവിതമാണ്. അപ്പൊസ്തല പ്രവൃത്തി ഒന്നാം അധ്യായം എട്ടാം വാക്യത്തില്‍, ‘ശക്തി ലഭിച്ചിട്ടു നിങ്ങള്‍ എന്റെ സാക്ഷികള്‍ ആകും’ എന്നു പറഞ്ഞിടത്തു സാക്ഷികള്‍ എന്ന് ഉപയോഗിച്ചിരിക്കുന്ന പദം ഇതിലേക്കു വെളിച്ചം വീശുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഇതേ പദമാണ് ആദ്യ രക്തസാക്ഷിയായ സ്‌തെഫാനൊസിനെക്കുറിച്ചു പിന്നീടു പറയുമ്പോഴും (‘നിന്റെ സാക്ഷിയായ സ്‌തെഫാനൊസിന്റെ രക്തം ചൊരിഞ്ഞപ്പോള്‍’- പ്രവൃ. 22:20) പെര്‍ഗ്ഗമൊസിലെ സഭയുടെ ദൂതന് അന്നു രക്തസാക്ഷിയായ അന്തിപ്പാസിനെക്കുറിച്ച് എഴുതുമ്പോഴും (‘എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തു പോലും’ – വെളിപ്പാട് 2:13) ഉപയോഗിക്കുന്നതെന്നു ശ്രദ്ധിക്കുക. ചുരുക്കത്തില്‍ നിങ്ങള്‍ എന്റെ സാക്ഷികള്‍ ആകും എന്നു യേശു പറഞ്ഞിടത്തെ പ്രയോഗം യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ എന്റെ ‘രക്തസാക്ഷികള്‍’ (Martyrs) ആകും എന്നാണെന്നു വ്യക്തം.

പഠിപ്പിക്കാനും പ്രബോധിപ്പിക്കാനും അറിവും കഴിവും മതി. എന്നാല്‍ സാക്ഷിയാകാന്‍ അനുഭവവും ആരുടെ സാക്ഷിയാകുന്നോ ആ ആളിനോടുള്ള അടുപ്പവും പരിചയവും എല്ലാം ആവശ്യമാണ്. പെന്തക്കോസ്തു നാളില്‍ പത്രൊസ് മൂവായിരം പേരെ ഒരൊറ്റ പ്രസംഗത്തിലൂടെ വിശ്വാസത്തിലേക്കു നടത്തിയതിനെക്കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധിക്കുക: ”മറ്റു പല വാക്കുകളാലും അവന്‍ സാക്ഷ്യം പറഞ്ഞ് അവരെ പ്രബോധിപ്പിച്ചു… അവന്റെ വാക്കു കൈക്കൊണ്ടവര്‍ സ്‌നാനം ഏറ്റു. അന്നു മൂവായിരത്തോളം പേര്‍ അവരോടു ചേര്‍ന്നു.” നോക്കുക: വെറും പ്രബോധനമായിരുന്നില്ല. യേശുവിനെക്കുറിച്ചുള്ള പത്രൊസിന്റെ നേര്‍സാക്ഷ്യമാണ് അവരെ വിശ്വാസത്തിലേക്കു നടത്തിയത്.

പൗലൊസിനെക്കുറിച്ചും ഇതേ നിലയിലാണു രേഖപ്പെടുത്തിയിരിക്കുന്നത്. ദമസ്‌കോസിലേക്കു പോകുമ്പോള്‍ ഉണ്ടായ ദര്‍ശനം, പൗലൊസിനു കര്‍ത്താവു നേരിട്ടു നല്‍കിയ ദൗത്യം എന്നിവയെക്കുറിച്ചു അഗ്രിപ്പാ രാജാവിനോടു പിന്നീടു വിവരിക്കുന്ന ഭാഗം കാണുക: ”കര്‍ത്താവു പൗലൊസിനോട്: ‘നീ എന്നെ കണ്ടതിനും ഇനി ഞാന്‍ നിനക്കു പ്രത്യക്ഷന്‍ ആവാനിരിക്കുന്നതിനും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാന്‍ ഞാന്‍ നിനക്കു പ്രത്യക്ഷനായി’ (പ്രവൃ. 26:16). ശുശ്രൂഷകന്‍ മാത്രമല്ല, സാക്ഷിയുമായിരിക്കും പൗലൊസ്! ശുശ്രൂഷ പ്രധാനമായും ബന്ധപ്പെട്ടിരിക്കുന്നതു പ്രവര്‍ത്തനങ്ങളുമായിട്ടാണ്; ശുശ്രൂഷകന്‍ ചെയ്യുന്ന കാര്യങ്ങളുമായിട്ടാണ്. എന്നാല്‍ സാക്ഷ്യം വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു; സാക്ഷി എന്താണോ അതാണ് സാക്ഷ്യത്തിലൂടെ വെളിപ്പെടുന്നത്. ജീവിതത്തിലൂടെ ഈ നിലയില്‍ കര്‍ത്താവിന്റെ സാക്ഷികളാകുവാനാണു നാം വിളിക്കപ്പെട്ടിരിക്കുന്നത്.

ശക്തി ലഭിച്ചിട്ടു നാം അവിടുത്തെ സാക്ഷികള്‍ (രക്തസാക്ഷികള്‍ -martyrs) ആയി ജീവിക്കണം.

ആരാണ് ഈ ‘ജീവിച്ചിരിക്കുന്ന രക്തസാക്ഷി?’ ഉന്നതമായ ഒരു ലക്ഷ്യത്തിനു വേണ്ടി പ്രതിജ്ഞാബദ്ധനായി മരിച്ചവനെപ്പോലെ ഈ ലോകത്തു ജീവിച്ചിരിക്കുന്നവനാണവന്‍. അങ്ങനെ ജീവിക്കാന്‍ കഴിയുമോ? കഴിയും. യഥാര്‍ത്ഥത്തില്‍ പൂര്‍ണഹൃദയത്തോടെ ദൈവത്തെ പിന്‍പറ്റിയ ഭക്തന്മാര്‍ അങ്ങനെയുള്ളവരായിരുന്നു.

ചില വാക്യങ്ങള്‍ കാണൂ: ”ഈ ഭൂമിയില്‍ തങ്ങള്‍ അന്യരും പരദേശികളും എന്നു ഏറ്റു പറഞ്ഞുകൊണ്ട് അവര്‍ വിശ്വാസത്തില്‍ മരിച്ചു” (എബ്രാ. 11:13).

”ഈ ലോകം അവര്‍ക്കു യോഗ്യമായിരുന്നില്ല” (എബ്രാ. 11:38).
”മിസ്രയിമിലെ നിക്ഷേപങ്ങളെക്കാള്‍ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നെണ്ണി” (എബ്രാ. 11:26).
”കൂടാരങ്ങളില്‍ പാര്‍ത്തുകൊണ്ട് ദൈവം ശില്പിയായി നിര്‍മ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിനായി കാത്തിരുന്നു” (എബ്രാ. 11:10).
”ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു” (ഗലാത്യര്‍ 6:14). ”നമ്മുടെ പൗരത്വമോ സ്വര്‍ഗ്ഗത്തില്‍ ആകുന്നു” (ഫിലി. 3:20).
”നിങ്ങള്‍ മരിച്ചു നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടു കൂടെ ദൈവത്തില്‍ മറഞ്ഞിരിക്കുന്നു” (കൊലൊ. 3:3).
”നമ്മില്‍ ആരും തനിക്കായി തന്നെ ജീവിക്കുന്നില്ല: ആരും തനിക്കായി തന്നേ മരിക്കുന്നതുമില്ല” (റോമ. 14:7).
”നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ താന്താങ്ങള്‍ക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ?” (1 കൊരി. 6:19).
”ഇനി ഭാര്യമാരുള്ളവര്‍ ഇല്ലാത്തവരെപ്പോലെയും കരയുന്നവര്‍ കരയാത്തവരെപ്പോലെയും സന്തോഷിക്കുന്നവര്‍ സന്തോഷിക്കാത്തവരെപ്പോലെയും വിലയ്ക്കു വാങ്ങുന്നവര്‍ കൈവശമാക്കാത്തവരെപ്പോലെയും ലോകത്തെ അനുഭവിക്കുന്നവര്‍ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കണം” (1 കൊരി. 7: 29-31).

ഈ ലോകത്തില്‍ ജീവിക്കുമ്പോഴും ഇവിടെ ജീവിക്കാത്തവനെപ്പോലെ, ഈ ലോകത്തിന് ഒരു ‘അന്യനെ’പ്പോലെ (outsider) ജീവിക്കുക -ഇതാണു ജീവിച്ചിരിക്കുന്ന രക്തസാക്ഷി. ആത്മീയ കാര്യങ്ങളിലുള്ള പൂര്‍ണമായ സമര്‍പ്പണമാണ് ഇതിനു നമ്മെ സഹായിക്കുന്നത്.

പൂര്‍ണമായ സമര്‍പ്പണത്തിന്റെ ഏറ്റവും ഉദാത്ത മാതൃക യേശുക്രിസ്തു തന്നെയാണ്. ”എന്റേത് എല്ലാം നിന്റേതും നിന്റേത് എന്റേതും ആകുന്നു” എന്ന യേശുവിന്റെ പിതാവിനോടുള്ള പ്രാര്‍ത്ഥനയില്‍ ഈ സമ്പൂര്‍ണ സമര്‍പ്പണമാണു പ്രതിഫലിക്കുന്നത് (യോഹ. 17:10). ഈ പൂര്‍ണ സമര്‍പ്പണം ഉണ്ടായിരുന്നതുകൊണ്ടാണ് ‘എന്റെ രാജ്യം ഐഹികമല്ല’ എന്നു യേശുവിനു പറയാന്‍ കഴിഞ്ഞതും.

യേശുവിനെപ്പോലെ ‘പിതാവേ, എന്റേതെല്ലാം നിന്റേതാണ്’ എന്നു പുതുവര്‍ഷത്തില്‍ പറയുവാന്‍ കഴിയുമോ? നമ്മുടെ സമര്‍പ്പണം ഒരു സംഭാവന നല്‍കുന്നതുപോലെ ആഴം കുറഞ്ഞ ഒന്നായിരിക്കുന്നതിനു പകരം നമ്മുടെ ജീവനെ തന്നെ സ്പര്‍ശിക്കുന്ന ഒരു പൂര്‍ണ പ്രതിബദ്ധതയായി മാറിയാലേ അതു കഴിയൂ. സംശയമില്ല.

അധ്യായം 20 :
‘വഴി ഇതാകുന്നു; ഇതില്‍ നടന്നു കൊള്‍വിന്‍’


ദൈവഹിതത്തെ, പൂര്‍ണ ദൈവഹിതം (perfect will) എന്നും ‘അനുവദനീയമായ ദൈവഹിതം’ (permissive will) എന്നും രണ്ടായി തിരിച്ചു പറയാറുണ്ട്.

എന്താണീ പൂര്‍ണ ദൈവഹിതവും അനുവദനീയ ദൈവഹിതവും? ഇവ എന്തെന്നു വ്യക്തമാക്കാന്‍ യിസ്രായേല്‍ മക്കളുടെ ചരിത്രത്തില്‍ നിന്ന് ഒരു രംഗം കണ്ടെടുക്കാവുന്നതേയുള്ളു. യിസ്രായേല്‍ മക്കളെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്നു മോചിപ്പിക്കുമ്പോള്‍ അവര്‍ 12 ഗോത്രങ്ങളെയും വാഗ്ദത്ത കനാനില്‍ എത്തിക്കണമെന്നതായിരുന്നു ദൈവത്തിന്റെ ആഗ്രഹം. ഇതിനെ ദൈവത്തിന്റെ പൂര്‍ണഹിതം (perfect will) എന്നു വിളിക്കാം. എന്നാല്‍ വാഗ്ദത്ത നാട്ടില്‍ പ്രവേശിക്കുന്നതിനു മുന്‍പു യോര്‍ദ്ദാന്റെ കിഴക്കേക്കരയില്‍ നല്ല പുല്‍മേടുകള്‍ കണ്ടപ്പോള്‍ രണ്ടര ഗോത്രങ്ങള്‍ക്ക് (രൂബേന്യര്‍, ഗാദ്യര്‍, മനെശ്ശയുടെ പാതി ഗോത്രം) കനാനില്‍ പ്രവേശിക്കേണ്ട. തങ്ങള്‍ ഇവിടെ ആടുമാടുകളെ വളര്‍ത്തി കനാനിനു പുറത്തു സുഖമായി ജീവിച്ചുകൊള്ളാം എന്നായി അവരുടെ നിലപാട്. അവര്‍ ശാഠ്യം പിടിച്ചപ്പോള്‍ രണ്ടര ഗോത്രങ്ങളുടെ ആഗ്രഹം ദൈവം അനുവദിച്ചു (സംഖ്യ.32). ഇതാണു ദൈവത്തിന്റെ അനുവദനീയമായ ഹിതം (permissive will).

യിസ്രായേലിന്റെ ചരിത്രത്തില്‍ നിന്നു തന്നെയുള്ള മറ്റൊരു ഉദാഹരണം അവര്‍ക്കു രാജാവിനെ വാഴിക്കുന്നതുമായി ബന്ധപ്പെട്ടാണ്. യിസ്രായേല്‍ മക്കള്‍ക്കു രാജാവിനെ വേണ്ട, താന്‍ തന്നെ ന്യായധിപന്മാരിലൂടെ അവരെ നടത്തിക്കൊള്ളാം എന്നതായിരുന്നു ദൈവത്തിന്റെ തിരുവിഷ്ടം. ഇതായിരുന്നു അവരെ സംബന്ധിച്ച അവിടുത്തെ പൂര്‍ണഹിതം (perfect will). എന്നാല്‍ ജാതികളെപ്പോലെ തങ്ങള്‍ക്കും രാജാവിനെ വേണമെന്നു ജനം ശാഠ്യം പിടിച്ചപ്പോള്‍ അതു സാധിച്ചു കൊടുത്തുകൊള്ളാന്‍ ദൈവം ശമുവേലിനെ അനുവദിച്ചത് (1 ശമു. 8:7) അവിടുത്തെ അനുവദനീയമായ ഹിതം (permissive will).

ദൈവത്തിന്റെ പൂര്‍ണഹിതം പോലെ തികവുള്ളതല്ല അനുവദനീയമായ ഹിതം. അത് ഏറ്റവും മികച്ചതല്ല, രണ്ടാം തരത്തിലെ നന്മയാണത് (second best). മുകളില്‍ പറഞ്ഞ രണ്ട് ഉദാഹരണങ്ങളിലും ദൈവത്തിന്റെ പൂര്‍ണ ഹിതത്തിനു താഴെ അനുവദനീയമായ ഹിതത്തില്‍ തങ്ങി നിന്നവര്‍ക്ക് അത് ഏറ്റവും മികച്ച നന്മയായില്ലെന്നു പില്ക്കാല ചരിത്രം സാക്ഷിക്കുന്നു.

യോര്‍ദ്ദാന്‍ നദിയുടെ കിഴക്കേ കരയില്‍ തങ്ങിയ രണ്ടര ഗോത്രങ്ങളുടെ അടുത്തേക്കു സാക്ഷാല്‍ ദൈവപുത്രന്‍ ഭൂമിയില്‍ വന്നപ്പോള്‍ ചെന്ന രംഗം മര്‍ക്കൊസ് അഞ്ചാം അധ്യായത്തില്‍ കാണാം. യേശു അവിടെ ചെന്നപ്പോള്‍ തന്നെ എതിരേറ്റു വരാന്‍ മറ്റാരുമില്ല, മറിച്ച് യേശുവിനെ സ്വീകരിക്കാന്‍ വരുന്നതു കല്ലറകളില്‍ നിന്നുള്ള ഒരു ഭൂതഗ്രസ്തനാണ്! മാത്രമോ? കന്നുകാലികളെ വളര്‍ത്താന്‍ പുല്ലുണ്ടെന്ന ന്യായം പറഞ്ഞ് അന്ന് അവിടെ തമ്പടിച്ച രണ്ടര ഗോത്രങ്ങള്‍ ഇപ്പോള്‍ വളര്‍ത്തുന്നതു യഹൂദന് അറപ്പായ പന്നിയെയാണ്!!

പൂര്‍ണ ദൈവഹിതത്തിനു താഴെ രാജാവിനെ വേണമെന്നു ശാഠ്യം പിടിച്ച കനാന്‍ നാട്ടിലെ യിസ്രായേല്‍ മക്കളുടെ പില്ക്കാല ചരിത്രവും അനുവദനീയമായ ദൈവഹിതത്തിന്റെ തികവില്ലായ്മയിലേക്കു വിരല്‍ ചൂണ്ടുന്നു. ദൈവം ശമുവേലിലൂടെ മുന്നറിയിപ്പു നല്‍കിയതുപോലെ (1 ശമു. 8:10-18) രാജാക്കന്മാര്‍ തങ്ങളുടെ ബലിഷ്ഠകരം ജനത്തിന്റെ മേല്‍ വച്ച് അവരെ ഞെരുക്കി. രാജാക്കന്മാര്‍ക്കിടയിലെ അന്തഃചിദ്രങ്ങളും അവരുടെ പടയോട്ടങ്ങളും പ്രജകള്‍ക്കു നല്‍കിയതും ഒട്ടും സന്തോഷകരമായ അനുഭവങ്ങളായിരുന്നില്ല. രാജ്യം രണ്ടായി, പ്രവാസത്തിലേക്കു പോകേണ്ടി വന്നു… അങ്ങനെയങ്ങനെ.

ഗുണപാഠം: നമ്മെക്കുറിച്ചുള്ള പൂര്‍ണ ദൈവഹിതത്തിനു താഴെ അനുവദനീയമായ ദൈവഹിതത്തില്‍ ഒതുങ്ങിക്കൂടുന്നത് പിന്നത്തേതില്‍ അപകടകരമാകാം. (പൂര്‍ണ്ണ അനുതാപത്തോടെ മടങ്ങി വന്നാല്‍ നമ്മുടെ പരാജയങ്ങളെയും വിജയമാക്കിത്തീര്‍ക്കുവാന്‍ ദൈവത്തിനു കഴിയുമെന്നതു മറ്റൊരു കാര്യമാണ്. അവിടുന്നു കരുണയുള്ളവനാണല്ലോ).

ദൈവഹിതത്തിനു രണ്ടു നിലവാരങ്ങളുണ്ടെന്നതുപോലെ നാം ദൈവഹിതത്തെ സ്വീകരിക്കുന്നതിനെയും ഇഴവിടര്‍ത്തി പരിശോധിച്ചാല്‍ അതിനു രണ്ടു തലങ്ങളുണ്ടെന്നു കാണാം. ഒന്ന്: നമ്മുടെ ആകമാന ജീവിതം സംബന്ധിച്ചുള്ള ദൈവഹിതത്തെ സ്വീകരിക്കുന്നത് (God’s will in us), രണ്ട്: ദൈനംദിന ജീവിതത്തില്‍ പ്രായോഗിക കാര്യങ്ങളില്‍ ദൈവഹിതം അനുസരിച്ചു ചെയ്യുന്നത് (God’s will through us). ഇതില്‍ ഒന്നാമത്തേതു സ്വീകരിക്കുന്നവര്‍ക്കു മാത്രമേ രണ്ടാമത്തേത് (ദൈനംദിന ജീവിതത്തിലെ പ്രായോഗിക കാര്യങ്ങളുടെ മുന്നില്‍ ദൈവസ്വരം കേട്ടു ദൈവഹിതം നടപ്പാക്കുന്നത്) എളുപ്പമാകുകയുള്ളു. യേശുവിന്റെ ജീവിതം ഈ സത്യത്തിലേക്കാണു വിരല്‍ ചുണ്ടുന്നത്. പരസ്യ ശുശ്രൂഷാ കാലത്തു യെഹൂദാ മതലോകം അവിടുത്തെ മുന്‍പില്‍ കൊണ്ടുവന്ന കുടുക്കു ചോദ്യങ്ങളുടെയും തന്ത്രങ്ങളുടെയും മധ്യത്തില്‍ ഓരോ സന്ദര്‍ഭത്തിലും യേശുവിനു ദൈവഹിതപ്രകാരം പ്രതികരിക്കാന്‍ കഴിഞ്ഞതെങ്ങനെയാണ്? അവിടുന്നു തന്റെ ആകമാന ജീവിതം സംബന്ധിച്ചുള്ള പിതാവിന്റെ ഹിതത്തെ നേരത്തെ പൂര്‍ണമായി സ്വീകരിച്ചിരുന്നു എന്നതായിരുന്നു കാരണം. ദാനിയേല്‍, യോസേഫ് എന്നീ പഴയ നിയമ ഭക്തന്മാരുടെ അനുഭവങ്ങളും ഇവിടെ ഓര്‍ക്കുക. പ്രായോഗിക ജീവിത സാഹചര്യങ്ങളില്‍ ദൈവനടത്തിപ്പു തിരിച്ചറിയേണ്ട എത്ര രംഗങ്ങള്‍ അവര്‍ക്കുണ്ടായി! എന്നാല്‍ അവര്‍ നേരത്തെ തന്നെ ദൈവത്തിനായി സമര്‍പ്പിതരായതുകൊണ്ടു ദൈവനടത്തിപ്പ് മനസ്സിലാക്കുന്നത് അവര്‍ക്ക് എളുപ്പമായിരുന്നു.

അപ്പോള്‍ നമ്മുടെ ആകമാന ജീവിതം സംബന്ധിച്ചു ദൈവഹിതം ഏറ്റെടുക്കുന്നതാണു പ്രധാനം എന്നു വരുന്നു. ദൈവവുമായുള്ള വ്യക്തിപരമായ ബന്ധത്തിനാണ് ഇവിടെ ഊന്നല്‍. ദൈനംദിന പ്രായോഗിക കാര്യങ്ങളിലെ ദൈവഹിതം, ദൈവവുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധത്തില്‍ നിന്നു വേര്‍പെടുത്തി കാണാന്‍ കഴിയുകയില്ല. എന്നാല്‍ ഇന്നു പലര്‍ക്കും ദാനം (ദൈവനടത്തിപ്പ്) മതി, ദാതാവിനെ (ദൈവവുമായുള്ള വ്യക്തിപരമായ ബന്ധം) വേണ്ട. പക്ഷേ മുഴുജീവിതത്തെ പൂര്‍ണദൈവഹിതത്തിനായി സമര്‍പ്പിക്കാതെ ദൈനംദിന ജീവിതത്തില്‍ ദൈവനടത്തിപ്പു മാത്രം അറിയാനുള്ള ശ്രമം എത്ര അപഹാസ്യമാണ്! നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്നു ക്രിസ്തീയ ഗോളത്തിലെ ‘സ്വയം പ്രഖ്യാപിത പ്രവാചകന്മാര്‍’ ഈ തെറ്റായ പ്രവണതയെയാണു പ്രോത്സാഹിപ്പിക്കുന്നത്!

ചുരുക്കത്തില്‍ നമ്മുടെ മുഴു ജീവിതത്തെക്കുറിച്ചുമുള്ള പൂര്‍ണ ദൈവഹിതത്തിനു കിഴടങ്ങുക- ഇതാണ് ഒന്നാമതായി വേണ്ടത്. ദൈവഭയം (സദൃ. വാക്യം 3:7; 9:10) ദൈവാശ്രയം, വിശ്വാസം, അനുസരണം (സദൃ. വാക്യം 3:5,6) സമ്പൂര്‍ണ്ണ സമര്‍പ്പണം (റോമര്‍ 12:1,2) എന്നിവയിലൂടെ ഒന്നാമത് ആകമാന ജീവിതത്തെ ദൈവഹിതത്തിനായി (1തെസ്സ. 4:3) ഏല്പിക്കുക. ഇങ്ങനെ നമ്മില്‍ ദൈവഹിതം നിറവേറുമ്പോള്‍ (ശി ൗ)െ തുടര്‍ന്നു പ്രായോഗിക കാര്യങ്ങളില്‍ നമ്മിലൂടെയുള്ള ദൈവഹിതം (വേൃീൗഴവ ൗ)െ കണ്ടെത്തുവാന്‍ കഴിയും.

ഏതു കോഴ്‌സിനു പോകണം, ഏതു ജോലി സ്വീകരിക്കണം, ആരെ വിവാഹം കഴിക്കണം എവിടെ വീടു വയ്ക്കണം തുടങ്ങിയ പ്രായോഗിക കാര്യങ്ങളില്‍ ദൈവനടത്തിപ്പ് തിരിച്ചറിയുകയാണു പലര്‍ക്കും വേണ്ടത്. മുഴു ജീവിതത്തെ ദൈവത്തിനായി സമര്‍പ്പിച്ച ഒരാള്‍ക്കു തീര്‍ച്ചയായും ഇക്കാര്യങ്ങളിലെ ദൈവഹിതം കണ്ടെത്താന്‍ കഴിയും. ”അവിടുത്തെ (ദൈവത്തിന്റെ) ഇഷ്ടം ചെയ്‌വാന്‍ ഇച്ഛിക്കുന്നവന്‍… അറിയും” (യോഹ. 7:17) എന്ന വചനം ഈ സത്യത്തിന് അടിവരയിടുന്നു.

ആകട്ടെ, പ്രായോഗിക കാര്യങ്ങളിലെ ദൈവനടത്തിപ്പു തരിച്ചറിയുന്നത് എങ്ങനെയാണ്? ഇതു സംബന്ധിച്ച് ഓര്‍ക്കേണ്ട ആദ്യത്തെ കാര്യം ഇതു നമ്മള്‍ തന്നെ കണ്ടെത്തണം എന്നതാണ്. ”ഈ ലോകത്തിന് അനുരൂപരാകരുത്. മറിച്ചു നല്ലതും സ്വീകാര്യവും പരിപൂര്‍ണവുമായ ദൈവഹിതം എന്തെന്നു നിങ്ങള്‍ (തന്നെ) തിരിച്ചറിയേണ്ടതിനു നിങ്ങളുടെ മനസ്സു പുതുക്കി രൂപാന്തരപ്പെടുവിന്‍” എന്നാണല്ലോ ദൈവവചനം (റോമര്‍ 12:2). ദൈവഹിതം നാം തന്നെയാണു തിരിച്ചറിയേണ്ടത്. ഇത് അസാധ്യമായ ഒന്നല്ല. കാരണം ‘ഞാന്‍ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയത്തില്‍ എഴുതും… ഇനി അവരില്‍ ആരും തന്റെ കൂട്ടുകാരെനെയും തന്റെ സഹോദരനെയും കര്‍ത്താവിനെ അറിക എന്നു ഉപദേശിക്കയില്ല. അവര്‍ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും” (എബ്രായര്‍ 8:10; 10:16). ഇതേകാര്യം യോഹന്നാനും പറയുന്നതു ശ്രദ്ധിക്കുക: ‘നിങ്ങള്‍ക്കു ലഭിച്ച പരിശുദ്ധാത്മാവു നിങ്ങളില്‍ വസിക്കുന്നതിനാല്‍ നിങ്ങളെ ആരും പഠിപ്പിക്കേണ്ട ആവശ്യമില്ല. അവിടുത്തെ ആത്മാവ് എല്ലാം നിങ്ങള്‍ക്ക് ഉപദേശിച്ചു തരുന്നു” (1 യോഹ. 2:27). ‘നിങ്ങള്‍ ഇടത്തോട്ടോ, വലത്തോട്ടോ തിരിയുമ്പോള്‍ വഴി ഇതാകുന്നു ഇതില്‍ നടന്നു കൊള്‍വിന്‍ എന്നൊരു വാക്കു പിറകില്‍ നിന്നു കേള്‍ക്കും’ (യെശ. 30:21) എന്നുള്ള വചനവും ഇവിടെ പ്രസക്തമാണ്.

ഇത് എത്ര അത്ഭുതകരമാണ്! നാം തന്നെ ദൈവനടത്തിപ്പ് കണ്ടെത്തണം. അപ്പോള്‍ തന്നെ ഒരു കാര്യം ചെയ്യണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ ദൈവത്തിന്റെ പ്രമാണം നമ്മുടെ ഹൃദയത്തില്‍ തന്നെ പരിശുദ്ധാത്മാവിനാല്‍ എഴുതപ്പെട്ടിരിക്കുന്നു. അതുപോലെ ക്രിസ്തുവിന്റെ ജീവന്‍ ഇപ്പോള്‍ നമ്മിലുണ്ട്. ഒരുകാര്യം ചെയ്യുന്നതു ദൈവഹിതമാണോ എന്നറിയാന്‍ അവിടുത്തെ ജീവന്റെ ആ പ്രതികരണങ്ങളാണു നാം പരിഗണിക്കേണ്ടത്. ”നാം ഒരു പുതിയ കാര്യം ചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അത് ആരംഭിക്കുവാനുള്ള ജീവന്റെ ഒരു തുടിപ്പു കാണപ്പെടുന്നുവെങ്കില്‍, ആന്തരിക ജീവനില്‍ നിന്ന് ഒരനുകൂല പ്രതികരണം ഉത്ഭവിക്കുന്നുവെങ്കില്‍, ഉള്ളില്‍ അതിനുള്ള ഒരഭിഷേകം അനുഭവപ്പെടുന്നുവെങ്കില്‍ അപ്പോള്‍ ഉറച്ച മനസ്സോടെ നമുക്ക് ആ മാര്‍ഗ്ഗം പിന്തുടരാം. നമ്മിലുള്ള ആന്തരിക ജീവന്‍ അപ്രകാരം ഒരൂ സൂചന നല്‍കിയിരിക്കുന്നു. മറിച്ച് ഒരു പുതിയ തുടക്കത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ആന്തരിക ജീവിതം തളരുന്നതായി കണ്ടാല്‍ നാം മുന്നോട്ടു കൊണ്ടുപോകാന്‍ ആഗ്രഹിച്ച ആ പരിപാടി എത്ര പ്രശംസാവഹമാണെന്നു തോന്നിയാലും അത് ഉപേക്ഷിക്കുകയാണു വേണ്ടത്” – വാച്ച്മാന്‍ നീ ഇങ്ങനെയാണതു വിശദീകരിക്കുന്നത്.

ഇവിടെ പ്രസക്തമായ മറ്റൊരു വചനം കാണുക: ”ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ (ഒരു റഫറിയെപ്പോലെ) വാഴട്ടെ. നിങ്ങളുടെ മനസ്സില്‍ ഉയര്‍ന്നു വരുന്ന എല്ലാ പ്രശ്‌നങ്ങളെയും അതു തീരുമാനിക്കുകയും അവസാനവിധി നല്‍കുകയും ചെയ്യും” (കൊലൊ. 3:15 പരാവര്‍ത്തനം). ഒരു കളിയെ നിയന്ത്രിക്കുന്നതു റഫറിയാണ്. ഒരു ഫൗള്‍ ഉണ്ടായാല്‍ റഫറി വിസില്‍ മുഴക്കിയാല്‍ കളി അവസാനിപ്പിക്കണം. ഇതുപോലെയാണു ഹൃദയത്തിലെ സമാധാനം. ഹൃദയത്തിലെ സമാധാനത്തെ ശ്രദ്ധിക്കുക. സമാധാനം നഷ്ടപ്പെട്ടാല്‍ അതു ചെയ്യരുത്. മറിച്ച് ഒരു കാര്യവുമായി മുന്നോട്ടു പോകുമ്പോള്‍ ഹൃദയത്തില്‍ വര്‍ധിച്ചു വരുന്ന സമാധാനം അതു ദൈവഹിതമാണെന്ന ഉറപ്പു നല്‍കും.

ദൈവനടത്തിപ്പ് തിരിച്ചറിയാനുള്ള ആന്തരിക വഴിയെക്കറിച്ചാണു നമ്മള്‍ മുകളില്‍ ചിന്തിച്ചത്. അപ്പോള്‍ തന്നെ ഇങ്ങനെ കൈക്കൊള്ളുന്ന ആന്തരികമായ തീരുമാനം, ബാഹ്യമായ ചില അതിര്‍ വരമ്പുകളുടെ പരിധിക്കുള്ളില്‍ ആണോ എന്നും നാം ശ്രദ്ധിക്കണം. നമുക്കു പുറത്തു ദൈവനടത്തിപ്പു സംബന്ധിച്ചു സൂചന നല്‍കുന്ന പല ഘടകങ്ങളുണ്ട്. അവയില്‍ ചിലതിനെക്കുറിച്ചു കൂടി ചിന്തിക്കാം.

ഒന്നാമത്തേതു ദൈവവചനമാണ്. ”നിന്റെ വചനം എന്റെ കാലിനു ദീപവും പാതയ്ക്കു പ്രകാശവുമാകുന്നു” (സങ്കീ. 119:105). ഇരുളില്‍ വഴിയെക്കുറിച്ചു വ്യക്തതയില്ലാതെയിരിക്കുമ്പോള്‍ ഒരു വിളക്ക് എത്ര സഹായകരമാണ്! പ്രായോഗികമായ പല കാര്യങ്ങളും ചെയ്യണം, ചെയ്യരുത് എന്നു വ്യക്തമായി തന്നെ ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്ങനെയുള്ള കാര്യങ്ങള്‍ ദൈവവചനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതിന്റെ നാലതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ടു മാത്രമേ നാം തീരുമാനം എടുക്കാന്‍ പാടുള്ളു.

നമ്മുടെ സാഹചര്യങ്ങളാണു ദൈവ നടത്തിപ്പിനെക്കുറിച്ചു സൂചന നല്‍കുന്ന മറ്റൊരു വഴിവിളക്ക്. നമ്മുടെ സാഹചര്യങ്ങളെ കൂടിവ്യാപരിപ്പിക്കുന്ന ദൈവം (റോമ. 8:28) അതിലൂടെ നമുക്കു നല്‍കുന്ന സൂചനകളെ നാം സ്വീകരിക്കണം. മ്യാന്‍മറിന്റെ അപ്പൊസ്തലന്‍ അഡോണി റാം ജഡ്‌സനെ അത്തരം സാഹചര്യങ്ങളിലൂടെ അവിടെ എത്തിച്ചത് ഇതിന് ഉദാഹരണമായി പറയാറുണ്ട്. ഇന്ത്യയിലെ സുവിശേഷ വേലയാണു തന്നെക്കുറിച്ചുള്ള ദൈവഹിതം എന്നു ചിന്തിച്ച് ആദ്യം അദ്ദേഹം ഇന്ത്യയിലെത്തി. ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം ആരംഭിക്കാന്‍ തുടങ്ങുമ്പോള്‍ അതിന് അധികാരികളുടെ അനുമതി ലഭിച്ചില്ല. മാത്രമല്ല, നിശ്ചിത തീയതിക്കുള്ളില്‍ ഇന്ത്യ വിടാന്‍ അദ്ദേഹത്തോട് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. ആ തീയതിക്കുള്ളില്‍ ചെന്നൈയില്‍ നിന്ന് ഒരേ ഒരു ബോട്ടു മാത്രമേ പുറപ്പെടുന്നുണ്ടായിരുന്നുള്ളു. അതു മ്യാന്‍മറിലേക്ക് (അന്നത്തെ ബര്‍മ) ആയിരുന്നു. ജഡ്‌സണ്‍ ഒടുവില്‍ അങ്ങോട്ടു പോയി. അവിടെ വലിയ ശുശ്രൂഷ ചെയ്തു. അതായിരുന്നു അദ്ദേഹത്തെക്കുറിച്ചുള്ള ദൈവഹിതം എന്നു പിന്നീടു തെളിഞ്ഞു. നോക്കുക: സാഹചര്യങ്ങളിലൂടെയും ദൈവം ചിലപ്പോള്‍ സംസാരിക്കും.

മറ്റു മുതിര്‍ന്ന വിശ്വാസികളുടെയും ദൈവഭൃത്യന്മാരുടെയും ഉപദേശം തേടുന്നതും ദൈവഹിതം കണ്ടെത്താനുള്ള ബാഹ്യമായ ഉപാധിയായി എടുക്കാം. ”ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവയാകുന്നു. അതു മരണത്തിന്റെ കെണിയില്‍ നിന്നു രക്ഷിക്കുന്നു.” ”ഭോഷന്റെ ദൃഷ്ടിയില്‍ തന്റെ വഴി നേരെയുള്ളതാണ്. എന്നാല്‍ ജ്ഞാനി ഉപദേശം ശ്രദ്ധിക്കുന്നു” ”ഉപദേഷ്ടാക്കള്‍ വളരെയുള്ളിടത്തു വിജയമുണ്ട്” (സദൃശ വാ. 13:14; 12:15; 24:6) – ഈ വചനങ്ങളെല്ലാം മുതിര്‍ന്ന ദൈവഭൃത്യരുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലുള്ള ഉപദേശം നമുക്കു വഴി കാട്ടിയാകാം എന്ന സത്യത്തിലേക്കു വിരല്‍ ചൂണ്ടുന്നു.

ദൈവഹിതത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചതിനെ ഇങ്ങനെ സംക്ഷേപിക്കാം: ദൈവത്തിന്റെ അനുവദനീയമായ ഹിതത്തിനും അപ്പുറത്തു നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ പൂര്‍ണ ഹിതത്തില്‍ നിലയുറപ്പിക്കുന്നതാണു സുരക്ഷിതം. അതുപോലെ ഒന്നാമതു നമ്മിലാണു ദൈവഹിതം നിറവേറേണ്ടത്. അങ്ങനെയെങ്കില്‍ തുടര്‍ന്നു നമ്മിലൂടെ ദൈവഹിതം നിറവേറുന്നത് എളുപ്പമാകും. പ്രായോഗിക കാര്യങ്ങളിലുള്ള നമ്മെ സംബന്ധിച്ച ദൈവനടത്തിപ്പ് നാം തന്നെ തിരിച്ചറിയണം. അതിനു വേണ്ട ദൈവിക പ്രമാണം നമ്മുടെ ഹൃദയത്തില്‍ തന്നെ എഴുതിയിരിക്കുന്നു. അതിന് ആവശ്യമായ അഭിഷേകം നമ്മില്‍ തന്നെ വസിക്കുന്നു. നമ്മിലെ ഈ ദൈവിക ജീവന്റെ തുടിപ്പിനെ ശ്രദ്ധിച്ചാല്‍ ദൈവനടത്തിപ്പിന്റെ ദിശ തിരിച്ചറിയാം. ഈ വഴിയിലൂടെ മുന്നോട്ടു നീങ്ങുമ്പോള്‍ ഹൃദയത്തില്‍ വര്‍ധിച്ചു വരുന്ന സമാധാനം നമുക്ക് ഇതു ദൈവഹിതമാണെന്ന ഉറപ്പു നല്‍കും. അപ്പോള്‍ തന്നെ ഈ ആന്തരിക വഴി, ബാഹ്യമായ ചില ഉപാധികളുടെ (ദൈവവചനം, സാഹചര്യങ്ങള്‍, മുതിര്‍ന്ന ദൈവഭൃത്യരുടെ ഉപദേശം) വേലിക്കെട്ടുകള്‍ക്കുള്ളിലായിരിക്കണം. ഈ ബാഹ്യമായ വഴിവിളക്കുകളെ ശ്രദ്ധിച്ച് ആന്തരികമായ സമാധാനത്തിന്റെ വഴിയിലൂടെ ദൈവത്തിന്റെ പൂര്‍ണഹിതത്തിലേക്കു നമുക്കു ചെല്ലാന്‍ കഴിയും.

അപ്പോള്‍ ”നീതിമാന്മാരുടെ പാത പ്രഭാതത്തിന്റെ വെളിച്ചംപോലെ നട്ടുച്ച വരെ അധികമധികം ശോഭിച്ചു വരും” (സദൃ. 4:18) എന്ന വചനം നമ്മില്‍ നിറവേറും. ആമേന്‍!

അധ്യായം 21 :
സഭയുടെ പണിയിലെ ത്രിവിധ സ്‌നേഹം


ഒരു ക്രിസ്തീയ സന്ന്യാസി സമൂഹമായിരുന്നു അത്. അവര്‍ എല്ലാവരും എല്ലാം പൊതുവകയെന്ന് എണ്ണി ഒരു ആശ്രമത്തില്‍ ഒന്നിച്ചു താമസിക്കാനും തുടങ്ങി. ആത്മീയ തീക്ഷ്ണതയുടെ ആദ്യ നാളുകളില്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല.

എന്നാല്‍ പോകെപോകെ കാര്യങ്ങളില്‍ വ്യത്യാസം വന്നു. ആത്മീയ കാഴ്ചപ്പാടു മങ്ങി. തീക്ഷ്ണത കുറഞ്ഞു. ഗൗരവം ചോര്‍ന്നു. ഫലം അന്യോന്യം കൊച്ചുകാര്യങ്ങള്‍ക്കു പിണക്കമായി. പലരും ആശ്രമം വിട്ടുപോയി. പുതിയ ആളുകള്‍ ആശ്രമത്തില്‍ ചേരാന്‍ വരാതായി. വിരലിലെണ്ണാവുന്ന ആളുകള്‍ മാത്രമായി ആശ്രമത്തിലെ അന്തേവാസികള്‍.

ഉഷ്ണവാനുമല്ല, ശീതവാനുമല്ല എന്ന ലവോദിക്യാ സഭയുടെ അവസ്ഥയില്‍ കാര്യങ്ങള്‍ മെല്ലെ ഇഴഞ്ഞും വലിഞ്ഞും മുന്നോട്ടു നീങ്ങുമ്പോള്‍ ഒരു ദിവസം ആശ്രമത്തില്‍ ദിവ്യനെന്നു തോന്നിക്കുന്ന ഒരു സന്ദര്‍ശകനെത്തി. അദ്ദേഹം ആശ്രമ വാസികളെ ഒന്നിച്ചു കൂട്ടി അവരോടു പറഞ്ഞു: ‘നോക്കൂ, ഞാനൊരു പ്രത്യേക കാര്യം പറയാനാണു വന്നത്. ഈ ആശ്രമത്തെക്കുറിച്ച്, പ്രാര്‍ഥിച്ചു കൊണ്ടിരുന്നപ്പോള്‍, എനിക്കു ദിവ്യമായ ഒരു വെളിപാടുണ്ടായി: അതായത് ഈ ആശ്രമത്തിലെ അന്തേവാസികളിലൊരാള്‍ ഈ നൂറ്റാണ്ടിലെ അറിയപ്പെടുന്ന ഏറ്റവും വലിയ വിശുദ്ധനായി മാറും. ഇതു പറയാനാണു വന്നത്. ഇനി ഞാന്‍ പോകട്ടെ. നിങ്ങള്‍ക്കു മംഗളം.” സഞ്ചാരി യാത്രയായി.

ഈ സംഭവം ആശ്രമത്തിന്റെ അന്തരീക്ഷത്തെ അടിമുടി മാറ്റി മറിച്ചു. ‘നിങ്ങളിലൊരാള്‍’ എന്നു മാത്രമേ സന്ദര്‍ശകന്‍ പറഞ്ഞുള്ളു. അത് ആരാണെന്നു കൃത്യമായി അദ്ദേഹം പറഞ്ഞില്ല. അന്തേവാസികള്‍ ഓരോരുത്തരും ഇങ്ങനെ ചിന്തിച്ചു: ‘ഞാനായിരിക്കുമോ അദ്ദേഹം പറഞ്ഞ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിശുദ്ധനെന്നു കേള്‍വിപ്പെടാന്‍ പോകുന്നത്?’ തുടര്‍ന്ന് അവര്‍ ഇങ്ങനെ ആലോചിക്കാന്‍ തുടങ്ങി: ”അങ്ങനെയെങ്കില്‍ അത്തരം ഒരു വിശുദ്ധനു ചേര്‍ന്ന മട്ടിലുള്ളതാണോ എന്റെ ജീവിതം? എന്റെ മുന്‍ഗണനകള്‍, പ്രതികരണങ്ങള്‍, എന്റെ തിരഞ്ഞെടുപ്പുകള്‍, എന്റെ മൂല്യബോധം, എന്റെ പെരുമാറ്റം, വാക്കുകള്‍ എല്ലാം അത്തരം ഒരു വിശുദ്ധനു യോജിച്ച മട്ടിലുള്ളതാണോ? ഈ നൂറ്റാണ്ടില്‍ ലോകത്തിലുള്ള എല്ലാവരാലും ഞാന്‍ ആദരിക്കപ്പെടുമെങ്കില്‍ അതിനു യോഗ്യതയുള്ള ആദരണീയമായ നിലപാടുകളുള്ള ഒരാളാണോ ഞാന്‍? എന്റെ വാക്കും പ്രവൃത്തിയും ഒരു വിശുദ്ധനു ചേര്‍ന്ന മട്ടിലുള്ളതാണോ?”

ഈ ചിന്ത തങ്ങളെ ഒരു പുതിയ വെളിച്ചത്തില്‍ കാണാന്‍ അവര്‍ ഓരോരുത്തരേയും പ്രേരിപ്പിച്ചു. ഫലം അവരുടെ മൂല്യബോധം നവീകരിക്കപ്പെട്ടു. അവരുടെ വാക്കും പ്രവൃത്തിയും മെച്ചപ്പെട്ടു. തിരഞ്ഞെടുപ്പുകളും മുന്‍ഗണനകളും ഗുണപരമായി വ്യത്യാസപ്പെട്ടു.

ഇതേ തുടര്‍ന്നു മറ്റൊരു ചിന്തയും അന്തേവാസികളില്‍ ഓരോരുത്തരുടേയും ഉള്ളില്‍ വന്നു: ”ഒരുപക്ഷേ ഞാനല്ല ആ വിശുദ്ധനെന്നിരിക്കട്ടെ. എന്നാലും എന്നോടൊപ്പം ആശ്രമത്തില്‍ കഴിയുന്ന ഈ പത്തോ പന്ത്രണ്ടോ പേരില്‍ ഒരാളായിരിക്കുമല്ലോ ആ വിശുദ്ധന്‍? എങ്കില്‍ നാളെ ഈ ലോകത്തിലെ ഏറ്റവും വലിയ വിശുദ്ധനെന്നു കീര്‍ത്തിപ്പെടാന്‍ പോകുന്ന ആളിനു വേണ്ട ആദരം ഞാന്‍ കൊടുക്കുന്നുണ്ടോ? അദ്ദേഹത്തെ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ടോ? അദ്ദേഹത്തിനു കീഴടങ്ങി ജീവിക്കാന്‍ ഞാന്‍ ഇപ്പോഴേ ശീലിക്കേണ്ടേ?”

ഈ ചിന്ത കൂടെയുള്ള ഓരോരുത്തരേയും ഒരു പുതിയ വെളിച്ചത്തില്‍ വീക്ഷിക്കാന്‍ അവരെ ഉത്സാഹിപ്പിച്ചു. മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍ ഏറെ ആദരം പ്രകടമാകാന്‍ തുടങ്ങി. മറ്റുള്ളവരോടു താരതമ്യം ചെയ്തു സ്വയം എളിമയോടെ നില്ക്കാന്‍ അവര്‍ ശീലിച്ചു.

ചുരുക്കത്തില്‍ ആശ്രമത്തിന്റെ അന്തരീക്ഷം പാടേ മാറി. അതു ചുറ്റുപാടുമുള്ളവര്‍ക്കും മനസ്സിലായി. കൂടുതല്‍ പേര്‍ ആശ്രമത്തില്‍ ചേരാന്‍ എത്തി. യഥാര്‍ത്ഥ ദൈവിക മൂല്യങ്ങള്‍ കയ്യാളുന്ന ക്രിസ്തീയ സന്ന്യാസ സമൂഹമെന്ന നിലയില്‍ ആശ്രമം പുറംനാടുകളിലും കീര്‍ത്തിപ്പെട്ടു. ദൈവനാമം അവരിലൂടെ ആ കാലഘട്ടത്തില്‍ മഹത്വപ്പെട്ടു!

എവിടെയോ കേട്ട ഈ കഥ, സഭകളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ഇന്ന് ഏറെ പ്രസക്തമാണെന്നു തോന്നുന്നു. കഥയിലെ സന്ന്യാസ സമൂഹത്തെയും ആശ്രമത്തെയും ഒരു സഭയുടെ ചിത്രമായി എടുക്കുക. ആശ്രമത്തിലുണ്ടായ ഗുണപരമായ മാറ്റം മൂന്നു തലങ്ങളിലാണു പ്രതിഫലിച്ചത്. ഒന്നാമത് ദൈവസ്‌നേഹം വര്‍ധിച്ചു; അവരിലൂടെ ദൈവനാമം മഹത്വപ്പെട്ടു. രണ്ടാമത് ഓരോ വ്യക്തിയും തന്റെ ജീവിതത്തെ ആത്മപരിശോധനയ്ക്കു വിധേയമാക്കി. ഫലം ഓരോ വ്യക്തിയും തന്നില്‍തന്നെ കൂടുതല്‍ വിശുദ്ധിയുള്ളവനായി തീര്‍ന്നു. മൂന്നാമത് കൂടെയുള്ളവരെ വര്‍ധിച്ച ആദരവോടെയും സ്‌നേഹത്തോടെയും കാണാന്‍ ഇടയായി. ഒരു യഥാര്‍ത്ഥ സഭയിലും വാസ്തവത്തില്‍ ഈ മൂന്നു കാര്യങ്ങളല്ലേ നടക്കുന്നത്? നടക്കേണ്ടത്?

ഇതിനോടുള്ള ബന്ധത്തില്‍ ഒരു വേദഭാഗം നോക്കാം. മത്തായി 22:35-40 വാക്യങ്ങള്‍: ”അവരില്‍ ഒരു വൈദികന്‍ അവനെ പരീക്ഷിച്ചു. ഗുരോ ന്യായപ്രമാണത്തില്‍ ഏതു കല്പന വലിയത് എന്നു ചോദിച്ചു. യേശു അവനോട്: നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ ഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ മനസ്സോടും കൂടെ സ്‌നേ ഹിക്കണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേത് അതിനോടു സമം. കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്‌നേഹിക്കണം. ഈ രണ്ടു കല്പനകളില്‍ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.”

ദൈവത്തിന്റെ കല്പനകളുടെ എല്ലാം ആത്മാവ് സത്യത്തില്‍ സ്‌നേഹമാണ്. ന്യായപ്രമാണത്തിലും (പഴയനിയമം) കല്പനകളിലുമൊന്നും സ്‌നേഹം അന്തര്‍ഭവിച്ചിട്ടുള്ളതായി നമുക്കു തോന്നുകയില്ല. എന്നാല്‍ പഴയ നിയമത്തിന്റെയും കല്പനകളുടെയും ഹൃദയം സത്യത്തില്‍ സ്‌നേഹമാണെന്നു യേശു വെളിപ്പെടുത്തുകയാണിവിടെ (‘ഈ രണ്ടു കല്പനകളില്‍ സകല ന്യായപ്രമാണവും പ്രവാചകന്മാരും അടങ്ങിയിരിക്കുന്നു’).

യേശു പറഞ്ഞ മറുപടിയില്‍ മൂന്നു സ്‌നേഹങ്ങളാണു പരാമര്‍ശിക്കപ്പെടുന്നത്. അവ യഥാക്രമം ദൈവത്തോടുള്ള സ്‌നേഹം, അവനവനോടുള്ള സ്‌നേഹം, കൂട്ടുകാരനോട് (സഹോദരനോട്) ഉള്ള സ്‌നേഹം എന്നിവയാണ്. ഇവയെ രണ്ടു കല്പനകളിലേക്ക് ഒതുക്കിയിരിക്കുന്നു. ദൈവത്തോടുള്ള സ്‌നേഹം ഒന്നാമത്തെ കല്പന. അവനവനോടും കൂട്ടുകാരനോടുമുള്ള സ്‌നേഹം രണ്ടാമത്തെ കല്പന.

ഇതില്‍ ദൈവത്തോടുള്ള സ്‌നേഹത്തെക്കുറിച്ചു പരാമര്‍ശിക്കുന്ന ഒന്നാമത്തെ കല്പന ‘വലിയ കല്പന’ (‘the great and first’) എന്നു വിളിച്ചിരിക്കുന്നു. മാത്രമല്ല പൂര്‍ണഹൃദയം, പൂര്‍ണാത്മാവ്, പൂര്‍ണ മനസ്സ് എന്നു പറഞ്ഞു ദൈവമായ കര്‍ത്താവിനോടുള്ള സ്‌നേഹത്തിനു കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുമുണ്ട്.

രണ്ടാമത്തെ കല്പനയിലാണ് അവനവനോടുള്ള സ്‌നേഹത്തെയും കൂട്ടുകാരനോടുള്ള സ്‌നേഹത്തെയും സംക്ഷേപിച്ചിരിക്കുന്നത്. കൂട്ടുകാരനെ നിന്നെപ്പോലെ തന്നെ സ്‌നേഹിക്കണം എന്നു പറയുമ്പോള്‍ നാം ഒന്നാമതു നമ്മെ സ്‌നേഹിക്കണം, രണ്ടാമത് അത്രത്തോളം കൂട്ടുകാരനയും സ്‌നേഹിക്കണം എന്നാണല്ലോ അര്‍ഥം.

ഇതില്‍ ‘നാം നമ്മെ സ്‌നേഹിക്കണം’ എന്നു പറയുമ്പോള്‍ അതു സുവിശേഷത്തിന്റെ അന്തസ്സത്തയുമായി ചേര്‍ന്നു പോകുന്നില്ലല്ലോ എന്നു നാം ചിന്തിച്ചേക്കാം. (‘സ്വന്തജീവനെ സ്‌നേഹിക്കാനല്ല പകയ്ക്കാനാണല്ലോ’ യേശു പറഞ്ഞത് – ലൂക്കൊ. 14:26). അതുപോലെ നാം നമ്മെ സ്‌നേഹിക്കണം എന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ, ആദാമ്യ വംശത്തിലുള്ളവരെല്ലാം തങ്ങളെത്തന്നെ സ്‌നേഹിക്കുന്നവരാണല്ലോ എന്നും നാം കരുതിയേക്കാം. എന്നാല്‍ രണ്ടാമത്തെ കല്പനയെ ഒന്നാമത്തെ കല്പനയുടെ അടിത്തറയില്‍ നിന്നുകൊണ്ടു മനസ്സിലാക്കുമ്പോള്‍ ഈ തെറ്റിദ്ധാരണ മാറിപ്പോകും. ഒന്നാമത്തെ കല്പന- ദൈവത്തോടുള്ള സ്‌നേഹം – ഏറ്റവും പ്രധാനവും ഒന്നാമത്തേതുമാണ്. അതുകൊണ്ടു തന്ന രണ്ടാമത്തെ കല്പന – നമ്മോടു തന്നെയുള്ള സ്‌നേഹവും കൂട്ടുകാരനോടുള്ള സ്‌നേഹവും- ഒന്നാമത്തെ കല്പനയ്ക്കു വിധേയവും അതിനാല്‍ നിയന്ത്രിക്കപ്പെടുന്നതും ആയിരിക്കണം. ദൈവത്തെ പൂര്‍ണഹൃദയത്തോടെ, പൂര്‍ണ ആത്മാവോടെ, പൂര്‍ണ്ണ മനസ്സോടെ സ്‌നേഹിക്കുക എന്ന കല്പനയ്ക്കു വിധേയമായി മാത്രമേ നാം നമ്മെയും മറ്റുള്ളവരെയും സ്‌നേഹിക്കാവൂ എന്നു സാരം. ദൈവത്തിന്റെ വിശുദ്ധി, നമ്മുടെ വിശുദ്ധിക്കു വേണ്ടിയുള്ള ദൈവത്തിന്റെ ആഗ്രഹം, ദൈവവചനത്തിലൂടെ വെളിപ്പെടുത്തിയിരിക്കുന്ന നമ്മെ സംബന്ധിച്ച ദൈവഹിതം എന്നിവയില്‍ വിട്ടുവീഴ്ച ചെയ്തു നാം നമ്മെയോ മറ്റുള്ളവരെയോ സ്‌നേഹിക്കാന്‍ പാടില്ല. ചുരുക്കത്തില്‍ ഒന്നാമത്തെ കല്പനയാല്‍ നിയന്ത്രിക്കപ്പെട്ടും ഭരിക്കപ്പെട്ടും മാത്രമേ രണ്ടാമത്തെ കല്പന ഉപയോഗിക്കാവൂ.

തുടക്കത്തില്‍ നാം പറഞ്ഞ കഥയോടു ചേര്‍ത്തു ചിന്തിച്ചാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും: ‘നിങ്ങളിലൊരാള്‍ ഈ കാലഘട്ടത്തിലെ വിശുദ്ധനായി മാറും’ എന്നു സഞ്ചാരി പറഞ്ഞപ്പോള്‍ അവരോരുത്തരും അങ്ങനെയായി മാറാന്‍ ആഗ്രഹിച്ചു. അവര്‍ അതിനെ ‘സ്‌നേഹിച്ചു.’ അതുകൊണ്ടാണല്ലോ ആ വിശുദ്ധനെക്കുറിച്ചുള്ള സങ്കല്പത്തിനനുസരിച്ചു മെച്ചപ്പെടാനായി അവര്‍ തങ്ങളെ തന്നെ നവീകരിച്ചത്. തങ്ങളെ അങ്ങനെയൊരു വിശുദ്ധനാകാനാണു ദൈവം വിളിച്ചിരിക്കുന്നത് എന്ന ‘സത്യത്തെ സ്‌നേഹിച്ചു രക്ഷിക്കപ്പെടുകയാണ്’ (receive the love of the truth so as to be saved 2 തെസ്സ. 2:10) അവര്‍ വാസ്തവത്തില്‍ ചെയ്തത്.

ഞാന്‍ എന്നെ സ്‌നേഹിക്കണമെന്നു പറയുമ്പോള്‍ ഇപ്പോഴത്തെ പരാജയപ്പെട്ട, പിണങ്ങുന്ന, ലോകത്തെ സ്‌നേഹിക്കുന്ന, സ്വാര്‍ഥനും നിഗളിയുമായ പച്ച മനുഷ്യനായ എന്നെ സ്‌നേഹിക്കണമെന്നല്ല ഉദ്ദേശിച്ചിരിക്കുന്നത്. മറിച്ചു ദൈവം എന്നെ ആക്കിത്തീര്‍ക്കാനാഗ്രഹിക്കുന്ന ആ ‘വിശുദ്ധനായ എന്നെ’യാണു ഞാന്‍ സ്‌നേഹിക്കേണ്ടത്. വിവിധ മുഖാന്തരങ്ങളിലൂടെ ദൈവത്തിന്റെ ആഗ്രഹപ്രകാരമുള്ള ഒരു വിശുദ്ധനായി എന്നെ ദൈവം വാര്‍ത്തെടുക്കുകയാണ് എന്ന സത്യത്തെ ഞാന്‍ കണ്ട് അതിനെ സ്‌നേഹിച്ചു ദിനന്തോറും രക്ഷിക്കപ്പെടുകയാണു ഞാന്‍ വേണ്ടത്. ആ ‘മാതൃകാ ഞാന്‍’ (Ideal me) എന്ന ലക്ഷ്യത്തെ സ്‌നേഹിച്ചാല്‍ മാത്രമേ എനിക്ക് എന്നെ ആ ലക്ഷ്യത്തിലേക്കു നവീകരിക്കുവാന്‍ കഴിയൂ. ദൈവത്തെ പൂര്‍ണ ഹൃദയത്തോടെ, ആത്മാവോടെ, മനസ്സോടെ സ്‌നേഹിക്കുക എന്ന ആദ്യ കല്പനയുടെ ഭാഗമായി എന്റെ വിശുദ്ധി സംബന്ധിച്ച ദൈവത്തിന്റെ ആഗ്രഹം, എന്നെ സംബന്ധിച്ച ദൈവഹിതം എന്നിവയുടെ നാലതിരുകള്‍ക്കുള്ളില്‍ നിന്നാണു ‘ഞാന്‍ എന്നെ സ്‌നേഹിക്കുന്നത്!’- ഇതൊരു ജഡികസ്‌നേഹമല്ല. എന്റെ നിത്യതയെയാണു ഞാന്‍ സ്‌നേഹിക്കുന്നത്.

ഇങ്ങനെ നാം നമ്മെ സ്‌നേഹിക്കുന്നതുപോലെ കൂട്ടുകാരനെ (സഹോദരനെ) സ്‌നേഹിക്കാന്‍ രണ്ടാമത്തെ കല്പന തുടര്‍ന്നു പറയുമ്പോള്‍ നാം അവരെയും നിത്യതയുടെ വെളിച്ചത്തിലാണു സ്‌നേഹിക്കേണ്ടത്. അല്ലാതെ അവരുടെ ജഡത്തെയല്ല സ്‌നേഹിക്കേണ്ടത്. അവരുടെ സ്വയത്തെ താലോലിക്കുകയോ ജഡത്തിലുള്ള കൂട്ടായ്മ അവര്‍ക്കു നല്‍കുകയോ അല്ല വേണ്ടത്. ദൈവത്തിന് അവരെക്കുറിച്ചുള്ള ഇഷ്ടം നിറവേറുന്നതിനെയാണു നാം ലക്ഷ്യം വയ്‌ക്കേണ്ടത്. അപ്പോള്‍ പൂര്‍ണഹൃദയത്തോടെ, ആത്മാവോടെ, മനസ്സോടെ ദൈവത്തെ സ്‌നേഹിക്കുക എന്ന ഒന്നാം കല്പനയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ടു നമുക്കു രണ്ടാം കല്പന മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം പ്രാവര്‍ത്തികമാക്കുവാന്‍ കഴിയും.

ഒന്നാം കല്പനയുടെ അതിരിനുള്ളില്‍ നിന്നുകൊണ്ടു മാത്രം നാം നമ്മെ സ്‌നേഹിക്കുകയും സഹോദരന്മാരെ സ്‌നേഹിക്കുകയും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ദൈവേഷ്ടം നിറവേറാനായി സ്വന്ത ഇഷ്ടത്തെ താഴ്ത്തി വയ്ക്കുകയാണ്. നമ്മുടെ ഇഷ്ടത്തെ മരണത്തിന് ഏല്പിക്കുകയാണ്. അങ്ങനെ നാം ക്രൂശിനെ അറിയുകയാണ്. ഈ ക്രൂശിന്റെ വഴിയില്‍ മാത്രമേ വിശ്വാസികള്‍ക്ക് ഒന്നായിത്തീര്‍ന്നു യഥാര്‍ത്ഥത്തിലുള്ള ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ പണിയുവാന്‍ സാധ്യമാകുകയുള്ളു. യേശു നമുക്കു തുല്യമായി ഒരു ജഡത്തില്‍ വന്നു സ്വന്ത ഇഷ്ടത്തെ മരണത്തിന് ഏല്പിച്ചു. ദൈവഭക്തിയുടെ ഈ ‘വലിയ മര്‍മ്മം’ ഉള്‍ക്കൊണ്ടവര്‍ക്കു മാത്രമേ ക്രിസ്തുവിന്റെ ശരീരമായ സഭ എന്ന ‘വലിയ മര്‍മ്മം’ മനസ്സിലാക്കി ക്രൂശിന്റെ വഴിയില്‍ യഥാര്‍ത്ഥ സഭ പണിയുവാന്‍ കഴിയുകയുള്ളു (1 തിമൊ. 3:16-ഉം എഫെ. 5:32-ഉം താരതമ്യം ചെയ്യുക). ഈ ബോധ്യമില്ലാത്തുകൊണ്ടാണ് സഭകള്‍ എന്ന് അവകാശപ്പെടുന്ന പലതും ഇന്നു വെറും സംഘടനകളായി മാറിയിരിക്കുന്നത്. അവിടെ അവര്‍ തങ്ങളുടെ തന്നെ സ്വയത്തെ സ്‌നേഹിക്കുന്നു. തങ്ങളെ പച്ചയായി സ്‌നേഹിക്കുന്നതുപോലെ അവര്‍ കൂട്ടു സഹോദരന്മാരുടെ സ്വയത്തെയും സ്‌നേഹിക്കുകയും അന്യോ ന്യം ചക്കരവാക്കും മുഖസ്തുതിയും പറയുകയും ചെയ്യുന്നു. ഫലം അവരുടെ കൂട്ടായ്മ വെളിച്ചത്തിലുള്ളതല്ല ഇരുളിലുള്ള കൂട്ടായ്മയായി മാറിയിരിക്കുന്നു. സഭയ്ക്കു പകരം സംഘടനയും ക്ലബ്ബും പണിയപ്പെടുന്നു!

ഉവ്വ്, സ്‌നേഹിത്തിലാണു സഭ പണിയുന്നത് (എഫെ. 3:17-19). പക്ഷേ ആ പണിക്ക് ആവശ്യമായ ദൈവത്തോടും നമ്മോടും സഹോദരന്മാരോടുമുള്ള ത്രിവിധമായ സ്‌നേഹത്തെ നാം വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ? ഈ പണിയില്‍ ക്രൂശിന്റെ പ്രസക്തി നാം തിരിച്ചറിയുന്നുണ്ടോ? ഇല്ലെങ്കില്‍ ‘ക്രിസ്തുവിന്റെ ശരീര’ത്തിനു പകരം ഒരു സംഘടനയായിരിക്കും നാം പണിയുക- അതാണു ബാബിലോണ്‍. ‘കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.’

അധ്യായം 22 :
പരിശുദ്ധാത്മാവിന്റെ ശക്തി നമ്മുടെ ജീവിതത്തില്‍


‘പരിശുദ്ധാത്മാവു വരുമ്പോള്‍ ശക്തി ലഭിക്കും’ (അപ്പൊ. പ്രവൃ. 1:8).

‘പരിശുദ്ധാത്മാവിന്റെ പ്രവൃത്തികള്‍’ എന്നു നാമകരണം ചെയ്യാവുന്ന പുസ്തകമായ അപ്പൊസ്‌തൊല പ്രവൃത്തികളുടെ ആദ്യ അധ്യായത്തില്‍ നിന്നുള്ള ശ്രദ്ധേയമായ ഒരു വാക്യം. യേശുക്രിസ്തു തന്നെ പറഞ്ഞതാണീ വചനം.

ആട്ടെ, എന്തിനു വേണ്ടിയാണ് ഈ ശക്തി? ആ വാക്യത്തില്‍ യേശു അതു വിശദീകരിക്കുന്നുണ്ട്: ‘എന്നാല്‍ പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ട്… ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികള്‍ ആകും.’

‘ഭൂമിയുടെ അറ്റത്തോളം എന്റെ സാക്ഷികള്‍ ആകും’ എന്നതിലെ ഏറ്റവും പ്രധാന പദത്തിന്റെ അടിയില്‍ വരയിടുവാന്‍ വിശ്വാസികളോടു പറയുകയാണെന്നിരിക്കട്ടെ. അവരവരുടെ താല്‍പര്യമനുസരിച്ച് വ്യത്യസ്ത പദങ്ങള്‍ക്കായിരിക്കും അടിവരയിടുക. പലരും ‘ഭൂമിയുടെ അറ്റത്തോളം’ (ആഹാ! അതെത്ര രസകരമാണ്!) എന്ന പദസമുച്ചയത്തിന് അടിവരയിടും. ‘സാക്ഷികള്‍ ആകുക’ എന്നതിന് അടിവരയിടുന്നവരാകും മറ്റുള്ളവര്‍. (‘സാക്ഷികള്‍’ എന്നു പറയുമ്പോള്‍ കേവലം വാക്കുകള്‍ കൊണ്ടുള്ള സാക്ഷ്യത്തിനപ്പുറത്ത് ജീവിതംകൊണ്ടുള്ള സാക്ഷ്യം എന്നാണ് ഈ പദം അര്‍ത്ഥമാക്കുന്നതെന്ന് പലരും കാണുന്നില്ല. സാക്ഷികള്‍ എന്നാല്‍ രക്തസാക്ഷികള്‍ (martyrs) എന്നാണ് മൂല ഭാഷയില്‍). എന്നാല്‍ ഇതിലെ ഏറ്റവും പ്രധാനപ്പെട്ട വാക്ക് ‘എന്റെ’ എന്നതാണ്. ‘എന്റെ’ എന്നാല്‍ യേശുവിന്റെ. മറ്റാരെയുമല്ല, യേശുവിനെയാണ് നാം ജീവിതം കൊണ്ട് യരുശലേമിലും, യെഹൂദ്യയിലും, ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും സാക്ഷ്യപ്പെടുത്തേണ്ടത്. യേശുവിന്റെ ‘ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാ’കാനാണ് ശക്തി വേണ്ടത്. ഇവിടെയാണ് പരിശുദ്ധാത്മാവിന്റെ പ്രസക്തി.

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്രിസ്തീയ ലോകത്ത് വ്യത്യസ്തമായ ഒട്ടേറെ ചിന്തകളുണ്ട്. പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ വിശ്വാസികളുടെ ഫലങ്ങള്‍, വരങ്ങള്‍ എന്നീ രണ്ടു കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പരിശുദ്ധാത്മാവിന്റെ ഫലങ്ങള്‍ വിശ്വാസിയുടെ സ്വഭാവം, ജീവിതം എന്നിവയെ കുറിക്കുമ്പോള്‍ വരങ്ങള്‍ അവന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്. യേശുവിന്റെ ജീവിതത്തില്‍ അവിടുത്തേയ്ക്ക് ഫലങ്ങളും വരങ്ങളും ഉണ്ടായിരുന്നു. നമുക്കും ഇത് രണ്ടും ആവശ്യമാണ്.

എന്നാല്‍ ശക്തി ലഭിക്കുക എന്നു പറയുമ്പോള്‍ പലരും വരങ്ങളെക്കുറിച്ചു മാത്രമാണ് ചിന്തിക്കുന്നത്. പ്രവര്‍ത്തനത്തിനുള്ള ശക്തിയായാല്‍ എല്ലാമായി എന്നു കരുതുന്ന ഒരു കാലഘട്ടമാണിത്. ക്രിസ്തീയലോകത്തെ ഇന്നത്തെ ‘പവര്‍കോണ്‍ഫറന്‍സു’കള്‍ ശ്രദ്ധിക്കുക. അവയൊക്കെ പ്രവര്‍ത്തനങ്ങള്‍ക്കും പരിശുദ്ധാത്മാവിന്റെ വരങ്ങള്‍ക്കും മാത്രമാണ് ഊന്നല്‍ നല്‍കുന്നത്. എന്നാല്‍ ഗലാത്യ ലേഖനത്തില്‍ ജഡത്തിന്റെ ‘പ്രവൃത്തികള്‍’ക്കെതിരെ പറഞ്ഞിരിക്കുന്നത് ആത്മാവിന്റെ ‘ഫല‘മാണെന്ന് അവര്‍ ശ്രദ്ധിക്കുന്നില്ല (5:19, 22).

ഫലം കായ്ക്കുന്നതിനും ശക്തി ആവശ്യമല്ലേ.? അതേ. ഇവിടെ നമുക്ക് ഫലം കായ്ക്കുന്നതിന്, ജീവിതംകൊണ്ട് സാക്ഷികള്‍ ആകുന്നതിന്, ആവശ്യമായ ശക്തിയെക്കുറിച്ചും അതിന് പരിശുദ്ധാത്മാവ് എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ചും മാത്രം ചിന്തിക്കാം. പരിശുദ്ധാത്മാവ,് നമ്മുടെ ജീവിതത്തിലൂടെ (through our life) ചെയ്യുന്ന പ്രവൃത്തികള്‍ക്കപ്പുറത്ത് നമ്മുടെ ജീവിതത്തില്‍ (in our life) ചെയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാം.

നമ്മുടെ ജീവിതത്തെ, സ്വഭാവത്തെ, രൂപാന്തരപ്പെടുത്തുന്നതിനോടുള്ള ബന്ധത്തില്‍ പരിശുദ്ധാത്മാവ് പ്രാഥമികമായും ചെയ്യുന്നത് യേശുവിനെ നമ്മെ കാണിച്ചു തരികയാണ്. ”അവന്‍ (സത്യത്തിന്റെ ആത്മാവ്) എനിക്കുള്ളതില്‍നിന്ന് എടുത്ത് നിങ്ങള്‍ക്ക് അറിയിച്ചു തരുന്നതുകൊണ്ട് എന്നെ മഹത്വപ്പെടുത്തുന്നു” (യോഹ. 16:14). യേശുവിന്റെ ജീവിതത്തില്‍ നിന്ന് എടുത്ത് പരിശുദ്ധാത്മാവ് നമുക്ക് ആവശ്യമുള്ളത് നമ്മെ അറിയിച്ചു തരും.

ഇന്നത്തെ ലോകത്ത് ജീവിക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങളെല്ലാം ബൈബിളിലുണ്ടെന്ന് നാം പറയുമ്പോള്‍തന്നെ ഇന്ന് പ്രായോഗികമായി നേരിടുന്ന ചില സാഹചര്യങ്ങളുടെ മുമ്പില്‍ എന്തു ചെയ്യണം, എങ്ങനെ പെരുമാറണം എന്നറിയാതെ നാം അമ്പരന്നു നിന്നുപോകാം. ആ സമയത്ത് നാം പരിശുദ്ധാത്മാവിനോട് സ്പര്‍ശ്യതയുള്ളവരാണെങ്കില്‍ പരിശുദ്ധാത്മാവ് നമ്മെ യേശുവിന്റെ ജീവിതസാഹചര്യങ്ങളില്‍ നിന്നുള്ള സമാനമായ രംഗങ്ങള്‍ എടുത്തു കാണിക്കും. അപ്പോള്‍ നമുക്ക് എന്തു ചെയ്യണം, എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് വെളിച്ചം ലഭിക്കും.

യേശുവും ഇങ്ങനെ തന്നെയാണ് ജീവിച്ചത്. പിതാവിനു പ്രസാദകരമായ വാക്കും പ്രവൃത്തിയുമാണ് തന്റെ ജീവിതത്തില്‍ ഓരോ നിമിഷവും ഉണ്ടാകേണ്ടത് എന്ന വലിയ വാഞ്ഛയാണ് യേശുവിനെ ഏതു നിമിഷവും ഭരിച്ചിരുന്നത്. ‘വിശന്നു ദാഹിക്കുക’ എന്നൊരു പദപ്രയോഗം ഗിരിപ്രഭാഷണത്തില്‍ (മത്തായി 5:6) നാം കാണുന്നു. വിശക്കുന്നതോ, ദാഹിക്കുന്നതോ നമുക്കു മനസ്സിലാക്കാം. എന്നാല്‍ ഒരേ നിമിഷം വിശക്കുകയും ദാഹിക്കുകയും ചെയ്താലോ? അത് ലഭിച്ചില്ലെങ്കില്‍ മരിച്ചു പോകും എന്നതുപോലെയുള്ള അവസ്ഥയാണത്. അതിതീവ്രമായ വാഞ്ഛയെയാണത് കാണിക്കുന്നത്. യേശുവിനു പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിന് ഈ നിലയില്‍ ‘വിശന്നു ദാഹിക്കുന്ന’ അനുഭവമാണുണ്ടായിരുന്നത്. പിതാവിന് പ്രസാദകരമായത് ചെയ്യുവാനുള്ള അതിതീവ്രമായ വാഞ്ഛ. പിതാവിന്റെ ഇഷ്ടം ചെയ്യുവാനുള്ള വഴിയില്‍ ‘എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു’ എന്ന് യേശു ഒരിക്കല്‍ പറഞ്ഞത് ഓര്‍ക്കുക (മത്തായി 26:38). ഈ തീവ്രമായ വാഞ്ഛ ഉള്ളപ്പോള്‍തന്നെ അടുത്ത ചുവട് എങ്ങനെയാണ് വയ്‌ക്കേണ്ടതെന്ന് തന്റെ മനുഷ്യത്വത്തില്‍ തനിക്ക് അറിയാന്‍ വയ്യാത്ത അവസ്ഥ. അടുത്ത ചുവട് ഇപ്പോള്‍ വയ്ക്കണം, എന്നാല്‍ അത് എങ്ങനെയായിരിക്കണം എന്നറിയില്ല. അതേസമയം തന്നെ അത് പൂര്‍ണ്ണമായും ദൈവഹിതത്തിലായിരിക്കണം. വയ്ക്കുന്ന ചുവട് ദൈവഹിതത്തിനു പുറത്തായി പോകരുതെന്നു നിര്‍ബന്ധമുണ്ട്. ഈ കാര്യങ്ങളെല്ലാം ചേര്‍ന്നു യേശുവിന് ഉള്ളില്‍ തീവ്രമായ വ്യഥ നല്‍കി. ആത്മാവിലെ ഈ വ്യഥയിലാണ് (anguish of the soul) അവിടുന്ന് പിതാവിന്റെ ഹിതത്തില്‍ തന്നെ അടുത്ത ചുവടുവയ്ക്കാനാവശ്യമായ ‘വെളിച്ചം’ കണ്ടെത്തിയത്. ‘തന്റെ ആത്മാവില്‍ സഹിച്ച വ്യഥയ്ക്കു പ്രതിഫലമായി അവന്‍ അതു കാണും’ എന്നാണു യെശയ്യാവ് ഇതേപ്പറ്റി പറഞ്ഞിരിക്കുന്നത് (‘because of the anguish of the soul he will find out light’ 53:11 NASB).

യേശു പോയ ഇതേ പാതതന്നെയാണ് ഇന്നു നമുക്കും ഉള്ളത്. പ്രായോഗികജീവിതസാഹചര്യങ്ങളുടെ മുന്‍പാകെ അടുത്ത ചുവട് എങ്ങനെ വയ്ക്കണം എന്നറിയാതെ നാം നിന്നു പോകുന്ന അവസ്ഥ. എന്നാല്‍ വയ്ക്കുന്ന അടുത്ത ചുവട് യേശുവിന്റെ കാല്‍ച്ചുവടുകളില്‍ തന്നെ ആയിരിക്കണം എന്ന വലിയ നിര്‍ബന്ധവും നമുക്കുണ്ട്. ഇതു രണ്ടും ചേര്‍ന്നു നമ്മുടെ ആത്മാവില്‍ നമുക്ക് ഒരു നിലവിളി നല്‍കും. ഈ വ്യഥയില്‍, യേശു ഇങ്ങനെയുള്ള സാഹചര്യത്തില്‍ നടന്നുപോയ കാല്‍ച്ചുവട് പരിശുദ്ധാത്മാവു നമ്മുടെ ആത്മാവില്‍ പ്രകാശിപ്പിച്ചു തരും. അപ്പോള്‍ നമുക്കു വെളിച്ചമായി. നാം ധൈര്യത്തോടെ അവിടുത്തെ അതേ കാല്പ്പാടുകളില്‍ നമ്മുടെ പാദങ്ങള്‍ വച്ച് നടന്നു പോകും. പരിശുദ്ധാത്മാവ് ഇങ്ങനെയാണ് യേശുവിനുള്ളതില്‍ നിന്ന് എടുത്തു നമ്മെ അറിയിച്ചു തരുന്നത് (യോഹ. 16:14). ഈ വഴിയില്‍ നാം യേശുവിനെ കൂടുതല്‍ അറിഞ്ഞുകൊണ്ടിരിക്കും. യേശുവിനെക്കുറിച്ചുള്ള ഈ അറിവാണ് തന്നില്‍ നമുക്കുള്ള വിശ്വാസവും ആശ്രയവും കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇതു വ്യക്തമാകുന്ന ഒരു വാക്യം കാണുക: ‘നിന്റെ നാമത്തെ അറിയുന്നവര്‍ നിങ്കല്‍ ആശ്രയിക്കും’ (സങ്കീ. 9:10). അതേ, യേശുവിനെ അറിയുന്തോറും അവനിലുള്ള നമ്മുടെ ആശ്രയം (അതു തന്നെയാണല്ലോ വിശ്വാസം) വര്‍ധിച്ചു വരും.

പരിശുദ്ധാത്മാവ് യേശുവിന്റെ സൗന്ദര്യം നമ്മെ കാണിച്ചു തരിക മാത്രമല്ല അതേ പ്രതിമയായി നമ്മെ രൂപാന്തരപ്പെടുത്തുകയും ചെയ്യും (2 കൊരി. 3:18). ഇതു പ്രായോഗികമായി പരിശുദ്ധാത്മാവ് എങ്ങനെയാണു ചെയ്‌തെടുക്കുന്നത്? യേശുവിന്റെ മരണം എപ്പോഴും ശരീരത്തില്‍ വഹിക്കുവാന്‍ നമ്മെ ശക്തിപ്പെടുത്തിക്കൊണ്ടാണ് പരിശുദ്ധാത്മാവ് അതു ചെയ്യുന്നത് (2 കൊരി. 4:10-12). യേശു സ്വന്ത ഇഷ്ടത്തിനു മരിച്ചു ദിനന്തോറും ശരീരത്തില്‍ ഒരു മരണത്തെ അറിഞ്ഞിരുന്നു. ഈ യേശുവിന്റെ മരണം നമ്മുടെ ശരീരത്തില്‍ വഹിച്ച്, സ്വന്ത ഇഷ്ടത്തിനു ദിനന്തോറും മരിച്ച്, യേശുവിന്റെ ജീവന്‍ നമ്മുടെ ശരീരത്തില്‍ വെളിപ്പെടുത്തുവാന്‍ നമ്മെ ശക്തരാക്കിക്കൊണ്ടാണു പരിശുദ്ധാത്മാവു നമ്മെ തേജസ്സില്‍ നിന്നു തേജസ്സിലേക്കു നടത്തി അതേ പ്രതിമയായി രൂപാന്തരപ്പെടുത്തുന്നതെന്നു പൗലൊസ് ഇവിടെ വിശദീകരിക്കുന്നു.

നമ്മെ കര്‍ത്താവിന്റെ സ്വഭാവത്തോട് അനുരൂപരാക്കുന്ന പരിശുദ്ധാത്മാവിന്റെ ഈ ശക്തി ഈ അന്ത്യകാലത്തു (2 തിമൊഥെ. 3:1-5) നമുക്ക് എത്രമേല്‍ ആവശ്യമുണ്ട്!. ഭക്തിയുടെ വേഷം മാത്രമുള്ള ഈ അന്ത്യകാല ക്രിസ്തീയലോകത്ത് നമുക്കു ശക്തിയെ ത്യജിക്കാതിരിക്കാം. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ ജീവിതം കൊണ്ട് യേശുവിന്റെ യഥാര്‍ത്ഥ സാക്ഷികളാകാം -യെരുശലേമില്‍, യെഹൂദ്യയില്‍, ശമര്യയില്‍, ഭൂമിയുടെ അറ്റത്തോളം…

അധ്യായം 23 :
പ്രവാചകനും ആത്മീയ മുന്നേറ്റവും


ഭാവി പറയുന്നതു മാത്രമാണു പ്രവചനമെന്നും ഭാവിയില്‍ സംഭവിക്കാന്‍ പോകുന്നതു പറയുന്ന ആളാണു പ്രവാചകനെന്നും വിശ്വാസികള്‍ തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്.

അപ്പൊസ്തലന്മാരുടെ നടപടികളില്‍ ഭാവിയിലേക്കു വിരല്‍ ചൂണ്ടിയ അഗബൊസിനെ (11:28, 21:10) പ്രവാചകനെന്ന നിലയില്‍ ഇന്നത്തെ വിശ്വാസികളില്‍ മിക്കവര്‍ക്കും അറിയാം. എന്നാല്‍ പ്രവാചകന്മാരായ യൂദായും ശീലാസും അവര്‍ക്ക് അപരിചിതരാണ്. യൂദായെയും ശീലാസിനെയും കുറിച്ചു ദൈവവചനം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: ”യൂദയും ശീലാസും പ്രവാചകന്മാര്‍ ആകകൊണ്ട് പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ച് ഉറപ്പിച്ചു” (15:32). വചനങ്ങള്‍കൊണ്ട് സഹോദരന്മാരെ പ്രബോധിപ്പിച്ച് ഉറപ്പിക്കുന്നവരെ ഇന്നത്തെ വിശ്വാസഗോളത്തില്‍ പ്രവാചകന്മാരെന്ന് എത്രപേര്‍ കരുതുന്നു? യഥാര്‍ത്ഥ പ്രവചനത്തിന്റെ ലക്ഷണങ്ങളായി പറഞ്ഞിരിക്കുന്ന ആത്മീയ വര്‍ദ്ധനയും പ്രബോധനവും ആശ്വാസവും (1 കൊരി. 14:3) നല്‍കുന്നവയാണോ ‘ഇന്നത്തെ ഭാവി പറയുന്ന പ്രവചനങ്ങള്‍?’

കര്‍ത്താവിന്റെ വഴി ഒരുക്കുവാന്‍ വന്ന അത്യുന്നതന്റെ പ്രവാചകനായിരുന്ന (ലൂക്കൊ. 1:75) യോഹന്നാന്‍ സ്‌നാപകനെ തന്നെ ശ്രദ്ധിക്കുക. അദ്ദേഹത്തിനുണ്ടായിരുന്നത് താന്‍ ഉള്‍പ്പെട്ടിരുന്ന കാലഘട്ടത്തോടുള്ള ഒരു സന്ദേശമായിരുന്നു. ദൈവം ഓരോ കാലഘട്ടത്തിലായി എഴുന്നേല്പിച്ച പ്രവാചകന്മാര്‍ക്കെല്ലാം തങ്ങളായിരുന്ന സമൂഹത്തോടും ആ തലമുറയോടും ഒരു സന്ദേശമുണ്ടായിരുന്നു. അതു മുഖം നോക്കാതെ, ഒത്തു തീര്‍പ്പില്ലാതെ, മനുഷ്യരെ ഭയപ്പെടാതെ പ്രഘോഷിക്കുന്നവരായിരുന്നു അവര്‍. ശക്തനായ, ആരെയും കൂസാത്ത ഇത്തരം ഒരു പ്രവാചകന്‍ ഭാവിയെക്കുറിച്ചുള്ള ദൂതു പറഞ്ഞു പണം പറ്റുന്ന ഇന്നത്തെ സ്വയം പ്രഖ്യാപിത പ്രവാചകന്മാരില്‍ നിന്ന് എത്രയോ കാതം അകലെയാണ്!

ജനങ്ങളെ ദൈവികസത്യങ്ങളിലേക്ക് ആനയിക്കുന്ന യഥാര്‍ത്ഥ പ്രവാചകന്റെ ഊന്നല്‍ ഭാവിയിലല്ല; ഇന്നിലാണ്. ഭാവിയില്‍ നിറവേറാനിരിക്കുന്ന ബൈബിള്‍ പ്രവചനങ്ങളുടെ വ്യാഖ്യാതാവു പ്രവാചകനല്ല. ഭൂതകാല സംഭവങ്ങളെ അച്ചടിഭാഷയില്‍ യാന്ത്രികമായി വിവരിക്കുന്ന ആള്‍ വേദപണ്ഡിതനായിരിക്കാം, ഏതായാലും പ്രവാചകനല്ല. വിശ്വാസിയുടെ യഥാര്‍ത്ഥ ആവശ്യം സത്യത്തില്‍ താന്‍ ആയിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ ദൈവത്തിന്റെ പദ്ധതി എന്താണ് എന്നു തിരിച്ചറിയുകയല്ലേ? ഈ ആവശ്യം തിരിച്ചറിയാതെ വിശ്വാസികളില്‍ ചിലര്‍ അന്ത്യകാല ഹെര്‍മ്മഗദ്ദോന്‍ യുദ്ധത്തിലെ ഗോഗ്, മാഗോഗ് ഏതൊക്കെ രാജ്യങ്ങളായിരിക്കുമെന്നു തല പുകയ്ക്കുകയാണ്. ഇതിന്റെ എതിര്‍ധ്രുവത്തില്‍ മറ്റു ചിലര്‍ യിസ്രായേല്‍ മക്കളുടെ പഴയ സമാഗമനകൂടാരത്തിന്റെ കുറ്റി, കൊളുത്ത്, അന്താഴം എന്നിവയെക്കുറിച്ചു തലനാരിഴ കീറുകയാണ്. സത്യത്തില്‍ ഇരുകൂട്ടരും വിസ്മരിക്കുന്നതു ദൈവം തങ്ങളുടെ ജീവിതകാലത്തു ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികളെയും അതില്‍ അവിടുന്നു പ്രതീക്ഷിക്കുന്ന തങ്ങളുടെ പങ്കാളിത്തത്തെയുമാണ്. എന്നാല്‍ കര്‍ത്താവ് ആവശ്യപ്പെട്ടതു നാം ആയിരിക്കുന്ന കാലത്തെ തിരിച്ചറിയുകയും വിവേചിക്കുകയും ചെയ്യുവാനാണ് (മത്താ. 16:3). ഇതിന് വിശ്വാസികളെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നതു പ്രവാചകനാണ്.

ദൈവത്താല്‍ ഒരു പ്രത്യേക കാലഘട്ടത്തില്‍ ജനത്തെ ഉണര്‍ത്താന്‍ നിയോഗിക്കപ്പെടുന്ന ഇത്തരം പ്രവാചകനു ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കും. അദ്ദേഹം ദൈവഹൃദയത്തിലെ ആ കാലഘട്ടവുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു പ്രത്യേക ഭാരത്തിന്റെ (Burden) വക്താവായിരിക്കും. ഒരൊറ്റ സന്ദേശമായിരിക്കും അദ്ദേഹത്തിനുണ്ടാവുക. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ശുശ്രൂഷ, സന്തുലനം (Balanced) ഉള്ളതായിരിക്കുകയില്ല. അതുപോലെ അദ്ദേഹത്തിന്റെ വാക്കുകള്‍ മൂര്‍ച്ചയേറിയതും അദ്ദേഹം ഒത്തുതീര്‍പ്പിനു വഴങ്ങാത്ത കര്‍ക്കശ്ശക്കാരനുമായിരിക്കും.

ഉദാഹരണത്തിനു നാം നേരത്തെ പറഞ്ഞ യോഹന്നാന്‍ സ്‌നാപകനെ തന്നെ എടുക്കുക. മുകളില്‍ വിവരിച്ച യഥാര്‍ത്ഥ പ്രവാചകന്റെ ലക്ഷണങ്ങളെല്ലാം അദ്ദേഹത്തിന്റെ ശുശ്രൂഷയില്‍ കാണാന്‍ കഴിയും. കര്‍ത്താവിനു വഴി നിരത്താന്‍ വന്ന യോഹന്നാന് ഒരേയൊരു ഭാരവും സന്ദേശവുമാണ് ആ കാലഘട്ടത്തോട് ബന്ധപ്പെട്ട് ഉണ്ടായിരുന്നത് (”മാനസാന്തപ്പെടുവിന്‍”). അതുകൊണ്ടുതന്നെ അദ്ദേഹം സന്തുലനമുള്ളവനായിരുന്നില്ല. അദ്ദേഹം ഒത്തുതീര്‍പ്പുകാരനല്ലാത്ത കര്‍ക്കശ്ശക്കാരനായിരുന്നു. (അദ്ദേഹത്തിന്റെ വേഷവും പ്രവര്‍ത്തനസ്ഥലവും എന്തിനു ഭക്ഷണം പോലും അതിന്റെ തെളിവായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ അതീവ മൂര്‍ച്ചയുള്ളതും ആളുകളെ വെല്ലുവിളിക്കുന്നതുമായിരുന്നു (”സര്‍പ്പസന്തതികളേ…”).

ഇന്നു നാം ആയിരിക്കുന്ന കാലഘട്ടത്തിനു പ്രസക്തമായ ദൈവികഭാരം, ഒത്തുതീര്‍പ്പില്ലാതെ, ശക്തമായി പ്രസ്താവിക്കുന്ന ഒരു പ്രവാചകനുണ്ടോ? തന്റെ ആദ്യകാലം മുതലുള്ള സന്ദേശത്തിനു കാലാനുസൃതമായ മാറ്റം വരുത്തുകയോ അതില്‍ വെള്ളം ചേര്‍ക്കുകയോ ചെയ്യാതെ അതുമാത്രം പ്രഘോഷിക്കുന്ന ഒരുവന്‍? തന്റെ സന്ദേശത്തിനു സന്തുലനമില്ലെന്നു ഭയപ്പെടാതെ, ആളുകളുടെ മുഖം നോക്കാതെ മൂര്‍ച്ചയേറിയ വാക്കുകള്‍ ഉപയോഗിക്കുന്ന ഒരു കര്‍ക്കശ്ശക്കാരന്‍? സിന്നഗോഗുകളില്‍ പരീശന്മാരുടെ ശരിയായ, സന്തുലനമുള്ള, ഉപദേശംകേട്ട് സമൂഹത്തിലെ ഉന്നതന്മാര്‍ പലരും ജീവിതം പാഴാക്കിയപ്പോള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു ജനം യോഹന്നാന്‍ സ്‌നാപകനെ തേടി ‘പാളയത്തിനു പുറത്ത്’ വിജനസ്ഥലത്ത് എത്തിയതിന്റെ ചരിത്രമാണു സുവിശേഷങ്ങളുടെ ആദ്യതാളുകളില്‍ നാം കാണുന്നത്. ഇന്നും ചരിത്രം ആവര്‍ത്തിക്കുന്നു.

ഓരോ പ്രവാചകനും അതതു കാലഘട്ടത്തിലെ ദൈവികഭാരം പ്രസ്താവിച്ചപ്പോള്‍ ഏറെ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നു. എന്നാല്‍ ആ എതിര്‍പ്പുകളെ തൃണവല്‍ഗണിച്ച് പ്രവാചകന്‍ പ്രഘോഷിച്ച ദൈവികഭാരത്തോടു ചേര്‍ന്നു നിന്ന ഒരു ന്യൂനപക്ഷം എക്കാലത്തും ഉണ്ടായിരുന്നു. പ്രവാചകന്‍ നയിച്ച ആത്മീയ മുന്നേറ്റത്തിന്റെ (movement) ഭാഗമായിരുന്നു അവരെന്നു കാണാം. അതതു കാലഘട്ടത്തിലെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തോടു ചേര്‍ന്നു നില്ക്കുകയാണ് തന്റെ ജീവിതത്തെക്കുറിച്ചുള്ള ദൈവേഷ്ടം തിരിച്ചറിയുന്ന ഒരുവന്‍ ചെയ്യേണ്ടത് എന്ന ബോധ്യത്തില്‍ നിന്നാണ് ഇവര്‍ ഈ പ്രവാചകനോടു ചേര്‍ന്നു നില്ക്കുന്നത്. (മാര്‍ട്ടിന്‍ ലൂഥറിന്റെ കാലത്തു ജീവിക്കുന്ന വിശ്വാസി മാര്‍ട്ടിന്‍ ലൂഥറിനോടും പിന്നീടു ജോണ്‍ വെസ്ലിയുടെ കാലത്തു ജീവിക്കുന്ന വിശ്വാസി വെസ്ലിയോടും ഒപ്പമാണ് നിലയുറപ്പിക്കേണ്ടതെന്നു വാച്ച്മാന്‍ നീ പറഞ്ഞത് ഓര്‍ക്കുക. ജോണ്‍ വെസ്ലിയുടെ കാലഘട്ടത്തില്‍ ജീവിക്കുന്ന ഒരു സത്യാന്വേഷി വെസ്ലിയെ അവഗണിച്ച് അതിനു മുന്‍പിലുള്ള തലമുറയിലെ നവോത്ഥാന നായകനായിരുന്ന മാര്‍ട്ടിന്‍ ലൂഥറിന്റെ പ്രസ്ഥാനത്തോടു ചേര്‍ന്നു നിന്നാല്‍ അയാള്‍ പരിശുദ്ധാത്മാവിന്റെ തരംഗത്തോടൊപ്പം ദൈവപ്രവൃത്തിയില്‍ മുന്നോട്ടു പോകുന്നവനല്ല എന്നാണു വാച്ച്മാന്‍ നീ ചൂണ്ടിക്കാട്ടിയത്). ഏതു മുന്നേറ്റങ്ങളും കുറേ നാള്‍ കഴിയുമ്പോള്‍ വെറും പ്രസ്ഥാനമായി മാറും എന്നു നമുക്കറിയാം. ആട്ടെ, ഒരു പ്രവാചകന്‍ ആരംഭിച്ച ആത്മീയ മുന്നേറ്റം (Spiritual movement) സ്ഥാപനവല്‍ക്കരിക്കപ്പെട്ട് കേവലം ഒരു സംഘടനയായി മാറിയില്ലെന്ന് നമുക്ക് എങ്ങനെ ഉറപ്പിക്കാന്‍ കഴിയും? ഏതു മുന്നേറ്റത്തിന്റെയും ആദ്യകാലദര്‍ശനത്തില്‍ ഒത്തുതീര്‍പ്പു കടന്നു വരുമ്പോഴാണ് അതൊരു സംഘടനയായും പ്രസ്ഥാനമായും അധഃപതിക്കുന്നത്. തന്റെ വിളിയെക്കുറിച്ചു ബോധ്യമുള്ള പ്രവാചകന്‍ അതുകൊണ്ടുതന്നെ ഈ അപകടത്തെക്കുറിച്ചു സദാജാഗരൂകനായിരിക്കും. മുന്നേറ്റത്തിന്റെ ലക്ഷ്യത്തോടും ദര്‍ശനത്തോടും ഒത്തുപോകാത്ത ആളുകള്‍ക്കെതിരെ യാതൊരു ദാക്ഷണ്യവുമില്ലാത്ത നിലപാടുകള്‍ പ്രവാചകന്‍ സ്വീകരിക്കുന്നത് മുന്നേറ്റത്തെ അതിന്റെ തനിമയിലും നിര്‍മ്മലതയിലും സൂക്ഷിക്കാന്‍ വേണ്ടിയാണ്. ഇക്കാര്യത്തില്‍ ഒരു യഥാര്‍ത്ഥ പ്രവാചകന്‍ മുഖപക്ഷം കാണിച്ചാല്‍ അത് ആ മുന്നേറ്റത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കും.

ഉദാഹരണത്തിനു പൗലൊസിന്റെ കാര്യം ശ്രദ്ധിക്കുക. ഒരിക്കല്‍ അദ്ദേഹത്തിന്റെ ആത്മീയ മുന്നേറ്റത്തോടു ചേര്‍ന്നു നിന്നവനായിരുന്നു ദേമാസ്. എന്നാല്‍ ദേമാസ് ഒരു ഒത്തുതീര്‍പ്പുകാരനായപ്പോള്‍ അദ്ദേഹത്തിനു പൗലൊസിനെ വിട്ടു പോകേണ്ടിവന്നു. പൗലൊസിന്റെ മറ്റു ചില സഹപ്രവര്‍ത്തകരുടെ കാര്യത്തിലും ഇതുതന്നെ സംഭവിച്ചു. എന്തുകൊണ്ടു പൗലൊസ് തന്റെ ഈ സഹപ്രവര്‍ത്തകരോടു കരുണ കാട്ടിയില്ല? കാരണം അങ്ങനെ ചെയ്താല്‍ അതുതന്നെ മുന്നേറ്റത്തിന്റെ അന്ത്യം കുറിക്കുമെന്ന് അദ്ദേഹത്തിനു ബോധ്യമുണ്ടായിരുന്നു.

തീര്‍ച്ചയായും ഈ കര്‍ക്കശ്ശമായ നിലപാടുകള്‍ പൗലൊസിന്റെ ജനപ്രീതി(Popularity)യെ ബാധിച്ചു കാണും. എന്നാല്‍ പൗലൊസിന് അതു പ്രശ്‌നമായിരുന്നില്ല. കാരണം അദ്ദേഹം ഒരിക്കലും തന്നെക്കുറിച്ചുള്ള ഒരു ‘ഇമേജിന്റെ തടവുകാരന്‍’ ആയിരുന്നില്ല. ആളുകള്‍ തന്നെക്കുറിച്ച് എന്തുപറയും, ചിന്തിക്കും എന്ന് അദ്ദേഹം ആലോചിച്ചില്ല. വിശുദ്ധിക്കുവേണ്ടി ദൈവിക തീക്ഷ്ണതയുടെ പക്ഷത്ത് അദ്ദേഹം നിര്‍ദ്ദാക്ഷണ്യം നിലയുറപ്പിച്ചു.

ഇതുമൂലം പൗലൊസിന്റെ മുന്നേറ്റത്തില്‍ തന്നെ പിളര്‍പ്പുകള്‍ ഉണ്ടായതായി നമുക്കു കാണാന്‍ കഴിയും. ‘ആസ്യയില്‍ എല്ലാവരും എന്നെ വിട്ടുപോയി’ എന്നാണ് അദ്ദേഹം അതേക്കുറിച്ചു വിവരിക്കുന്നത്. തനിക്കു തുല്യചിത്തനായി തിമൊഥെയോസ് മാത്രമെ ഉള്ളെന്നും അദ്ദേഹം പറയുന്നു (ഫിലി. 2:19.20). തന്റെ മുന്നേറ്റം പ്രസ്ഥാനവല്‍ക്കരിക്കപ്പെട്ടു പോകാതിരിക്കാനുള്ള തീഷ്ണതയില്‍ പൗലൊസിനു നേരിടേണ്ടി വന്ന തിരിച്ചടികള്‍ ഇവയെല്ലാമാണ്.

~ഒരു പ്രവാചകന്‍ തുടങ്ങി വയ്ക്കുന്ന മുന്നേറ്റം പ്രസ്ഥാനവല്‍ക്കരിക്കപ്പെട്ട് സംഘടനയായി മാറിയില്ല എന്നതിന്റെ തെളിവ് അതില്‍ കാലാകാലങ്ങളില്‍ ഉണ്ടാകുന്ന ശുദ്ധീകരണം തന്നെയാണ്. വിവേചനം ഇല്ലാത്ത ആളുകള്‍ ഇത്തരം ശദ്ധീകരണങ്ങളെ തെറ്റിദ്ധരിച്ചാലും ദൈവികസത്യങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ വിസമ്മതിക്കുന്ന പ്രവാചകന്‍ ദൈവം തനിക്കു തന്ന ബോധ്യത്തോട് ഒത്തു തീര്‍പ്പില്ലാതെ നില്ക്കും.

നല്ല ഭരണകര്‍ത്താക്കളും നയതന്ത്രജ്ഞരും എല്ലാവരെയും കൂട്ടിയോജിപ്പിച്ചു നിര്‍ത്താന്‍ ഒത്തുതീര്‍പ്പുകള്‍ക്കു വഴങ്ങും. കാരണം മനുഷ്യരുടെ മുന്‍പാകെയാണ് അത്തരക്കാര്‍ ജീവിക്കുന്നത്. എന്നാല്‍ ദൈവത്തില്‍ നിന്നു നിയോഗം പ്രാപിച്ച ഒരു പ്രവാചകന്‍ നയതന്ത്രജ്ഞനോ രാഷ്ട്രീയക്കാരനോ അല്ല. കാരണം അദ്ദേഹം ദൈവമുന്‍പാകെ മാത്രം ജീവിക്കുന്നവനാണ്. ‘എന്റെ രാജ്യം ഐഹികമല്ല’ എന്ന യേശുവിന്റെ വാക്കുകളാണ് അദ്ദേഹത്തിനു പ്രചോദനം. അദ്ദേഹത്തിനു സംരക്ഷിക്കാന്‍ ഒരു സാമ്രാജ്യം ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടു തന്നെ ഒരു പ്രവാചകനും തന്റെ ദേശത്ത് അംഗീകാരമുള്ളവനല്ലെന്ന് യേശു പറഞ്ഞു.

നാം ജീവിക്കുന്ന ഈ കാലഘട്ടത്തിലും ദൈവിക പ്രവൃത്തിയെ തിരിച്ചറിയാനുള്ള വിവേചനം ഉണ്ടെങ്കില്‍ ദൈവം എഴുന്നേല്പിക്കുന്ന പ്രവാചകന്മാരെ നാം കാണും. ഒത്തുതീര്‍പ്പില്ലാതെ നാമും അവരുടെ ആത്മീയ മുന്നേറ്റത്തില്‍ പങ്കാളികളാകും. കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

അധ്യായം 24 :
ശുശ്രൂഷയ്ക്കു പിന്നിലെ വ്യക്തി


”നല്ല വൃക്ഷം നല്ലഫലം കായ്ക്കുന്നു. ആകാത്ത വൃക്ഷമോ ആകാത്ത ഫലം കായ്ക്കുന്നു. നല്ല വൃക്ഷത്തിന് ആകാത്ത ഫലവും ആകാത്ത വൃക്ഷത്തിന് നല്ലഫലവും കായ്പ്പാന്‍ കഴിയുകയില്ല” (മത്താ. 7:17,18).

കേള്‍ക്കുമ്പോള്‍ സാധാരണ കാര്യമെന്നു തോന്നിയാലും ഇതൊരു പ്രകൃതിനിയമമാണ്, ഒപ്പം ഒരു ആത്മീയപ്രമാണവും. അടിസ്ഥാനപരമായി നാം എന്താണോ അതു മാത്രമേ നമുക്കു മറ്റുള്ളവര്‍ക്കു നല്‍കുവാന്‍ കഴിയുകയുള്ളൂ. എമികാര്‍ മൈക്കിള്‍ തന്റെ പ്രസിദ്ധമായ ‘കാല്‍വറി സ്‌നേഹം’ എന്ന കൃതിയില്‍ ഈ സത്യം ഇങ്ങനെയാണു വിവരിക്കുന്നത്: ”മധുരപാനീയം നിറഞ്ഞ ഒരു ചഷകം എത്ര കഠിനമായി കുലുക്കിയാലും ഒരു തുള്ളിപോലും കയ്പുരസമുള്ള പാനീയം തുളുമ്പുകയില്ല” ഇതിനെ ഇങ്ങനെ ചിത്രീകരിക്കാം. ഒരു മേശമേല്‍ ഒരേപോലെയുള്ള രണ്ടു ഗ്ലാസ്സുകളില്‍ ഒരേ നിറമുള്ള, ഒറ്റനോട്ടത്തില്‍ ഒന്നാണെന്നു തോന്നുന്ന, പാനീയങ്ങള്‍ ഇരിക്കുന്നു. പെട്ടെന്നു മേശശക്തമായി കുലുങ്ങി. രണ്ടു ഗ്ലാസ്സുകളിലെ പാനീയങ്ങളില്‍ ഓരോ തുള്ളി വീതം തെറിച്ചു മേശമേല്‍ വീണു. ആദ്യഗ്ലാസ്സില്‍ നിന്നു തെറിച്ചു വീണ ആ തുള്ളി ഒരാള്‍ രുചിച്ചു നോക്കിയപ്പോള്‍ അതു തേന്‍തുള്ളിപോലെ മധുരതരം. രണ്ടാമത്തെ ഗ്ലാസ്സില്‍ നിന്നുള്ള തുള്ളി അങ്ങേയറ്റം കയ്പുരസമുള്ളതും. ഇത് രണ്ടു കാര്യങ്ങളാണു വ്യക്തമാക്കുന്നത്? ഒന്ന്: കാഴ്ചയിലും അളവിലും ഒരുപോലെ ഇരുന്നാലും രണ്ടുഗ്ലാസ്സുകളിലേയും പാനീയങ്ങള്‍ വ്യത്യസ്തമായിരുന്നു. രണ്ടും രണ്ടാണ്. രണ്ട്: മേശ കുലുങ്ങിയപ്പോള്‍ അതിന്റെ ആഘാതം കൊണ്ട് പൊടുന്നനെ ഒരു ഗ്ലാസ്സിലെ മധുരമുള്ള പാനീയം കയ്പു രസമുള്ളതായി മാറിയതല്ല. അത് ആദ്യം മുതല്‍ തന്നെ കയ്പുള്ളതായിരുന്നു. മറ്റേഗ്ലാസ്സിലേതു മറിച്ചും.

നാം വ്യക്തിപരമായി ആരാണോ അതില്‍ നിന്നു വ്യത്യസ്തമായ ഒരു ശുശ്രൂഷ നമ്മില്‍ നിന്നു പുറപ്പെടുകയില്ല. ‘ഉറവിന്റെ ഒരേ ദ്വാരത്തില്‍ നിന്നു മധുരവും കൈപ്പുമുള്ള വെള്ളം പുറപ്പെട്ടുവരുമോ? അത്തിവൃക്ഷം ഒലിവുപഴവും മുന്തിരിവള്ളി അത്തിപ്പഴവും കായ്ക്കു മോ? ഉപ്പുറവയില്‍ നിന്നു മധുരമുള്ള വെള്ളം പുറപ്പെടുകയുമില്ല’ (യാക്കോബ് 3:11,12). ചുരുക്കത്തില്‍ ഒരുവന്റെ ശുശ്രൂഷ നല്ലതായിരുന്നെങ്കില്‍ അതിന് ഒരു കാരണമേയുള്ളൂ-ആ വ്യക്തി നല്ലവനായിരുന്നു. മറ്റൊരുവന്‍ അങ്ങനെയല്ലായിരുന്നു എന്നതുകൊണ്ട് അവനില്‍ നിന്നു പറപ്പെട്ടതും നല്ലതായിരുന്നില്ല.

അപ്പോള്‍ ശുശ്രൂഷ നല്ലതാകണമെങ്കില്‍ വ്യക്തി നല്ലവനായിരിക്കണമെന്നാണു നാം പറഞ്ഞു വച്ചത്. ആട്ടെ, ഒരു വ്യക്തിക്കു നല്ലവനാകാന്‍ കഴിയുന്നതെങ്ങനെയാണ്? വാസ്തവത്തില്‍ അതു സാധ്യമാണോ?

ഒരിക്കല്‍ ഈ സമസ്യ യേശുവിന്റെ മുന്‍പില്‍ ഉന്നയിച്ചപ്പോള്‍ അവിടുന്ന് ഇങ്ങനെയാണു മറുപടി നല്‍കിയത്. ”എന്നോടു നന്മയെക്കുറിച്ചു ചോദിക്കുന്നത് എന്ത്? നല്ലവന്‍ ഒരുത്തനേയുള്ളൂ” (മത്തായി 19:17). യഥാര്‍ത്ഥത്തില്‍ നല്ലവന്‍ ഒരുവനെയുള്ളൂ, അതു ദൈവം മാത്രമാണ് എന്നതിലേക്കാണു യേശു വിരല്‍ചൂണ്ടിയത്.

ദൈവം മാത്രമാണു നല്ലവനെങ്കില്‍ അതുല്യമായ ഒരു സ്ഥാനമാണു അവിടുത്തേക്കുള്ളത്. എന്നാല്‍ താന്‍ ഈ അത്യുന്നതനായ ദൈവത്തോടു സമനാകും എന്നു ലൂസിഫര്‍ പറഞ്ഞപ്പോള്‍ (യെശയ്യാവ് 14:14) അവന്‍ ഭംഗ്യന്തരേണ അവകാശപ്പെട്ടതു താനും ദൈവത്തെപ്പോലെ നല്ലവനാണെന്നാണ്. താന്‍ തന്നെ ദൈവമാണെന്നാണ്. താന്‍ ദൈവമാണെങ്കില്‍ തനിക്കു പിന്നെ മറ്റൊരു ദൈവത്തെ വേണ്ടല്ലോ! ഇവിടെയാണ് ‘നിഗളം’ ഉത്ഭവിച്ചതും ലൂസിഫര്‍ പിശാചായി മാറിയതും. അപ്പോള്‍ ‘നിഗളം’ എന്ന ആദ്യപാപത്തെ നാം ഇഴവിടര്‍ത്തി പരിശോധിച്ചാല്‍ അതു കേവലം ഒരു അഹങ്കാരമല്ല, അടിസ്ഥാനപരമായി ദൈവത്തെ ആവശ്യമില്ലാത്ത ഒരു സ്വയതൃപ്തിയും തന്നില്‍ തന്നെയുള്ള ഒരു സ്വയംപര്യാപ്തയു(Self sufficiency)മാണെന്നു കാണാം.

നിഗളത്തെ ഇങ്ങനെ മനസ്സിലാക്കുമ്പോള്‍ കേവലം തിന്മയെന്ന് ഇന്നു മുദ്രയടിക്കപ്പെട്ടിരിക്കുന്നതിനോടു മാത്രമല്ല നിഗളം ചേര്‍ന്നിരിക്കുന്നതെന്നു വ്യക്തമാകും. ദൈവം ഒരവശ്യഘടകമല്ലാത്ത സ്വയത്തിന്റെ എല്ലാനിറവും തൃപ്തിയും, അതു വിശുദ്ധിയോടു ചേര്‍ന്നിരുന്നാല്‍ പോലും നിഗളമാണ്. ഒരുദാഹരണം നോക്കുക: യേശു തന്റെ പരസ്യശുശ്രൂഷാകാലത്തു പരീശന്മാരോടു പറഞ്ഞു. ‘രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം.’ എന്നാല്‍ തങ്ങള്‍ ‘രോഗി’കളാണെന്ന തിരിച്ചറിവ് അന്നത്തെ പരീശന്മാര്‍ക്കുണ്ടായിരുന്നില്ല. പരീശന്മാര്‍ തങ്ങളെത്തന്നെ നോക്കുമ്പോള്‍ തങ്ങള്‍ പിടിച്ചുപറിക്കാര്‍, നീതികെട്ടവര്‍, വ്യഭിചാരികള്‍, ചുങ്കക്കാര്‍ എന്നിങ്ങനെയുള്ള ശേഷം മനുഷ്യരെപ്പോലെയല്ല, മറിച്ച് ആഴ്ചയില്‍ രണ്ടുവട്ടം ഉപവസിക്കുന്നു, ചന്തസ്ഥലത്തും തെരുക്കോണിലും പോലും നിന്നു പ്രാര്‍ത്ഥിക്കുന്നു. നേടുന്നതിനൊക്കെയും കൃത്യമായി പതാരം കൊടുക്കുന്നു. ചന്തയില്‍ പോയി വന്നാല്‍ കുളിച്ചിട്ടേ ഭക്ഷണത്തിനിരിക്കുകയുള്ളൂ. മുമ്പില്‍ കാഹളം ഊതിക്കൊണ്ടാണെങ്കിലും മറ്റുള്ളവര്‍ക്കു ഭിക്ഷകൊടുക്കുന്നു. ഇത്രയും വിശുദ്ധരായി മറ്റാരെങ്കിലും ഉണ്ടോ? ദൈവം പോലും തങ്ങള്‍ക്ക് ഒരനിവാര്യഘടകമല്ലാത്ത ഒരു സ്വയംതൃപ്തിയാണ് ആത്മീയകാര്യങ്ങളില്‍ അവര്‍ക്കുണ്ടായിരുന്നത്! രോഗികളാണെന്ന ബോധ്യം ഇല്ലാതിരുന്നതുകൊണ്ട് പരമവൈദ്യനെ പരീശന്മാര്‍ക്ക് ആവശ്യമുണ്ടായിരുന്നില്ല. നോക്കുക നിഗളം എന്നു പറയുന്നത് ദൈവത്തെ ആവശ്യമില്ലാത്ത ഒരു സ്വയം പര്യാപ്തതയാണ്. ആത്മീയതയുടെ മേലങ്കി അണിഞ്ഞും അതിനു വരാന്‍ കഴിയും.

ഇതേസമയം ‘നിങ്ങളെക്കാള്‍ മുന്‍പേ, ചുങ്കക്കാരും വേശ്യമാരും ദൈവരാജ്യത്തില്‍ കടക്കും’ എന്നും യേശു പരീശന്മാരോടു പറഞ്ഞു. എന്തുകൊണ്ടാണ് വിശുദ്ധിയെക്കുറിച്ച് ഒരവകാശവാദവുമില്ലാത്ത ചുങ്കക്കാരുടെയും വേശ്യമാരുടെയും മുന്‍പില്‍ ദൈവരാജ്യത്തിന്റെ കവാടം മലര്‍ക്കെ തുറന്നത്? കാരണം തങ്ങള്‍ ‘രോഗി’കളാണെന്നും തങ്ങള്‍ ക്കൊരു വൈദ്യനെ ആവശ്യമുണ്ടെന്നും അവര്‍ക്കറിയാമായിരുന്നു. ദൈവം അവര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒരാവശ്യമായിരുന്നു. അഭക്തരെ നീതീകരിക്കുന്ന ഒരു ദൈവത്തെ കൂടാതെ ഒരു ചുവടുപോലും അവര്‍ക്കു മുന്നോട്ടു പോകുവാന്‍ കഴിയുമായിരുന്നില്ല. ചുരുക്കത്തില്‍ അവര്‍ പരീശന്മാരെപ്പോലെ ദൈവത്തെ ആവശ്യമില്ലാത്ത നിഗളികള്‍ ആയിരുന്നില്ല. മറിച്ച് അതിന്റെ എതിര്‍ ചേരിയിലായിരുന്നു അവര്‍. നോക്കുക: നിഗളവും താഴ്മയും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇതാണ്.

ലൂസിഫറിന് താന്‍ തന്നെ ‘ദൈവ’മായിരുന്നതുകൊണ്ട് യഥാര്‍ത്ഥദൈവത്തെ ആവശ്യമുണ്ടായിരുന്നില്ല. അവിടെ നിഗളം ആരംഭിച്ചു. ലൂസിഫറിന്റെ ശുശ്രൂഷയുടെ മുഖമുദ്രയും ഈ നിഗളമാണ്. തന്റെ ശുശ്രൂഷയുടെ ഫലമായി എന്തിനു രൂപം നല്‍കുന്നോ അതിനും ദൈവത്തെ ആവശ്യമില്ലാത്ത സ്വയം പര്യാപ്തത എന്ന നിഗളം തന്നെയാണു ലൂസിഫര്‍ പകര്‍ന്നു നല്‍കുക.

ക്രിസ്തുവിന്റെ ശുശ്രൂഷയുടെ ആത്യന്തികഫലം ക്രിസ്തുവിന്റെ മണവാട്ടിയായ സഭയായിരിക്കുന്നതുപോലെ ലൂസിഫറിന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും ആത്യന്തികഫലം ബാബിലോന്യ സഭയാണല്ലോ. ഈ ബാബിലോണിന്റെ മുഖമുദ്രയും നിഗളമല്ലാതെ മറ്റൊന്നല്ല. ബാബിലോണിനെക്കുറിച്ച് പറയുന്ന ഈ വാക്യം ശ്രദ്ധിക്കുക: ”അവള്‍ തന്നെത്താന്‍ മഹത്വപ്പെടുത്തി…” രാജ്ഞിയായിട്ടു ഞാന്‍ ഇരിക്കുന്നു. ഞാന്‍ വിധവയല്ല. ദുഃഖം കാണ്‍കയുമില്ല’ എന്ന് അവള്‍ ഹൃദയംകൊണ്ടു പറയുന്നു” (വെളിപ്പാട് 18:7, യെശയ്യാ. 47:8).

എന്നാല്‍ വിധവ ദൈവത്തിലല്ലാതെ മറ്റെങ്ങും ആശ്രയമില്ലാത്തവളാണ്. അവള്‍ രാത്രിയിലും പകലിലും ദൈവത്തിലാണ് തന്റെ എല്ലാപ്രതീക്ഷയും വച്ചിരിക്കുന്നത് ”സാക്ഷാല്‍ വിധവയും ഏകാകിയുമായവള്‍ ദൈവത്തില്‍ ആശവെച്ചു രാപ്പകല്‍ യാചനയിലും പ്രാര്‍ത്ഥനയിലും ഉറ്റുപാര്‍ക്കുന്നു” (1 തിമൊഥെ. 5:5)- ഈ വിധവയുടെ മനോഭാവത്തിന്റെ എതിര്‍ധ്രുവത്തിലാണ് ബാബിലോണ്‍ നിലയുറപ്പിച്ചിരിക്കുന്നത്. അവള്‍ വിധവയല്ല, രാജ്ഞിയാണ്! വിധവയ്ക്കാണു ദൈവത്തെ ആവശ്യം, രാജ്ഞിക്കല്ല.

ദൈവത്തെ ആവശ്യമില്ലാത്ത നിഗളത്തിലാണു ബാബിലോണ്‍ അഭിരമിക്കുന്നതെങ്കില്‍ ദൈവത്തെ എപ്പോഴും ആവശ്യമുള്ളതാണ് ആത്മാവിലെ ദാരിദ്ര്യം.

പഴയനിയമ ഭക്തനായ ദാനിയേലില്‍ ഇതേ മനോഭാവം നമുക്കു കാണാം. ലോകപരമായി ഉയര്‍ന്ന സ്ഥാനത്തായിരുന്നെങ്കിലും എപ്പോഴും ദൈവത്തെ മുറുകെപ്പിടിക്കുന്ന, ആത്മാവില്‍ ദാരിദ്ര്യമുള്ള ഒരുവന്റെ താഴ്മയുടെ നിലപാട് ദാനിയേലിന്റെ ജീവിതത്തില്‍ ഉടനീളം നമുക്കു കാണാന്‍ കഴിയും. അക്ഷരാര്‍ത്ഥത്തില്‍ ബാബിലോണിലായിരുന്നു ദാനിയേലിന്റെ താമസമെങ്കിലും ബാബിലോണിന്റെ ആത്മാവ് ഒരുവിധത്തിലും അവനെ സ്വാധീനിച്ചിരുന്നില്ല.

മടുത്തുപോകാതെ എപ്പോഴും പ്രാര്‍ത്ഥിക്കുന്ന യഥാര്‍ത്ഥ ദൈവസഭയുടെ ഒരു ചിത്രം വരച്ചു കാട്ടുവാന്‍ യേശു ഒരു വിധവയെ ഉദാഹരണമായി തിരഞ്ഞെടുത്തതു യാദൃച്ഛികമല്ല (ലൂക്കൊ 18:1-8). ആ വിധവ മടുത്തുപോകാതെ ന്യായാധിപന്റെ അടുക്കല്‍ ചെന്നു സങ്കടം ബോധിപ്പിച്ചു കരയുകയാണ്. എന്താണ് അവളുടെ സങ്കടം? അവള്‍ക്ക് ഒരു പ്രതിയോഗിയുണ്ട്. ആ പ്രതിയോഗി അവളുടെ അവകാശം കവര്‍ന്നു കളയുന്നു. അതുകൊണ്ട് ആ പ്രതിയോഗിയോട് ഇടപെട്ട് ന്യായാധിപന്‍ അവള്‍ക്കു നീതി നടത്തിക്കൊടുക്കണം.

ഇന്നു സഭയുടെ പ്രതിയോഗി സാത്താനാണ്. പാപത്തിന്റെ മേല്‍ ജയമുള്ള വിജയകരമായ ഒരു ക്രിസ്തീയജീവിതം തന്റെ വൃതന്മാരുടെ ജന്മാവകാശമായിരിക്കെ, അതു കവര്‍ന്നു കളയുന്ന ആ പ്രതിയോഗിയോട് പ്രതിക്രിയ നടത്താന്‍ രാപ്പകല്‍ അപേക്ഷിച്ചാല്‍ ദൈവം തീര്‍ച്ചയായും അങ്ങനെ ചെയ്ത് അവരെ രക്ഷിക്കും. സ്വന്തം പാപങ്ങളെ ഓര്‍ത്തു നിലവിളിക്കുന്ന, ഒരു വിധവയുടെ ആത്മാവുള്ളവര്‍. അവരുടെ നിലവിളിക്കു വേണ്ടിയാണ് അവിടുത്തെ ചെവി തുറന്നിരിക്കുന്നത്. കാരണം, അങ്ങനെയുള്ളവര്‍ക്ക് എപ്പോഴും ദൈവത്തെ ആവശ്യമുണ്ട്.

ദൈവത്തിന് ചില പ്രത്യേകതകളുണ്ട്. അവിടുത്തേക്ക് അഭക്തനെ മാത്രമേ നീതീകരിക്കുവാന്‍ കഴിയൂ (റോമര്‍ 4:5). നാം വെളിച്ചത്തിലേക്കു കൂടുതല്‍ കൂടുതല്‍ വന്നുകൊണ്ടിരിക്കുകയും പാപങ്ങളെ ഏറ്റുപറയുകയും ചെയ്താലേ നമ്മെ ശുദ്ധീകരിക്കുവാനും കഴിയൂ (1 യോഹ. 1:7-9). താഴ്മയുള്ളവര്‍ക്കേ കൃപ നല്‍കുവാന്‍ കഴിയൂ (ലൂക്കൊ. 4:6, 1 പത്രൊ. 5:5).

ഈ നിലയിലുള്ളവര്‍ ആറ്റരികത്തു നട്ടിരിക്കുന്ന… ഇല വാടാത്ത ‘നല്ല’ വൃക്ഷമാണ്. ഈ നല്ല വൃക്ഷം നല്ല ഫലം തന്നെ കായിക്കും. ഇങ്ങനെ നല്ല ഫലം (ശുശ്രൂഷ) നല്‍കുന്ന നല്ല വൃക്ഷമാകുന്നതിനു താല്‍പര്യമുണ്ടോ? ഉണ്ടെങ്കില്‍ അതിനു വേണ്ടത് ഇതാണ്-ആത്മാവിലെ ദാരിദ്ര്യം.

ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍! (മത്തായി5:3).