നിങ്ങളുടെ വൈവാഹിക ജീവിതത്തിൽ ഉണ്ടാകേണ്ട സ്നേഹത്തിൻ്റെ മൂന്നു പ്രത്യേകതകൾ- WFTW 19 ജൂൺ 2022

സാക് പുന്നന്‍

1.സ്നേഹം അഭിനന്ദനം പ്രകടിപ്പിക്കുന്നു
വിവാഹ ജീവിതത്തിലെ സ്നേഹത്തെ കുറിച്ചുള്ള ഒരു മുഴുവിവരണ പുസ്തകം, വേദപുസ്തകത്തിൽ ദൈവം ഉൾപ്പെടുത്തിയിരിക്കുന്നു – ശലോമോൻ്റെ ഉത്തമ ഗീതം. ഉത്തമഗീതത്തിൽ, ഇവിടെ ഭർത്താവ് ഭാര്യയോടു പറയുന്നതെന്താണെന്നു നോക്കുക (മെസേജ് ബൈബിളിൽ ഉള്ള വിവിധ വാക്യങ്ങളിൽ നിന്ന്): “എൻ്റെ പ്രിയേ, നീ സർവ്വാംഗ സുന്ദരിയാണ് – താരതമ്യം ചെയ്യാൻ കഴിയുന്നതിനപ്പുറം സൗന്ദര്യമുള്ളവളും ഊനമില്ലാത്തവളുമാണ്. എൻ്റെ പരമാനന്ദത്തിൻ്റെ വശ്യമായ കാഴ്ചകൾ പോലെ നീ മനോഹരിയാണ്. നിൻ്റെ സ്വരം സാന്ത്വനിപ്പിക്കുന്നതും നിൻ്റെ മുഖം മനോഹരവുമാണ്. എൻ്റെ പ്രിയ സഖീ നിൻ്റെ ആന്തരികവും ബാഹ്യവുമായ സൗന്ദര്യം സമ്പൂർണ്ണമാണ്. നീ ഒരു പറുദീസ ആണ്”. “നീ എൻ്റെ ഹൃദയം കവർന്നിരിക്കുന്നു. നീ എന്നെ നോക്കുകയും ഞാൻ പ്രണയത്തിലാകുകയും ചെയ്തു. എൻ്റെ വഴി ഒന്നു നോക്കൂ- പ്രതീക്ഷയ്ക്ക് വകയില്ലാത്ത വിധം ഞാൻ പ്രണയത്തിലായിരുന്നു! എൻ്റെ ഹൃദയം ആനന്ദ പാരവശ്യത്തിലായി. നിന്നെ കാണുമ്പോൾ എനിക്കുണ്ടാകുന്ന അനുഭൂതികളും ആവേശജനകമായ ആഗ്രഹങ്ങളും ഓ എത്ര മാത്രമാണ്. ഞാൻ വേറെ ആർക്കും കൊള്ളാത്തവനായിരിക്കുന്നു”. “നിന്നെ പോലെ വേറെ ആരും ഈ ഭൂമിയിലില്ല, ഇതുവരെ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. നീ നിരുപമയായ ഒരു സ്ത്രീ ആണ്”. ഇനി കാന്ത എന്താണു പറയുന്നത് എന്നു ശ്രദ്ധിക്കുക. ഇതാണ് അവളുടെ പ്രതികരണം: “എൻ്റെ പ്രിയാ നീ അതിസുന്ദരൻ തന്നെ! നീ പതിനായിരങ്ങളിൽ ഒരുവൻ. നിന്നെ പോലെ മറ്റാരുമില്ല! നീ സ്വർണ്ണ നിറമുള്ളവനാണ്- പരുക്കൻ പർവ്വതം പോലെ ഉറപ്പുള്ള ഒരു പുരുഷനാണ്. നിൻ്റെ വാക്കുകൾ ഊഷ്മളമായതും വീണ്ടും ഉറപ്പു തരുന്നതുമാണ്. നിൻ്റെ വചസ്സുകൾ ചുംബനം പോലെയാണ്. നിൻ്റെ ചുംബനങ്ങൾ എല്ലാം വാചാലവുമാണ്. നിന്നെ കുറിച്ചുള്ള ഓരോ കാര്യങ്ങളും എന്നെ സന്തോഷിപ്പിക്കുന്നു. നീ എന്നെ ആസകലം കോൾമയിർ കൊള്ളിക്കുന്നു! ഞാൻ നിനക്കു വേണ്ടി തീക്ഷ്ണമായി ആഗ്രഹിക്കുന്നു. മറ്റൊരു നിർവ്വാഹവുമില്ലാത്ത വിധത്തിൽ എനിക്ക് നിന്നെ ആവശ്യമുണ്ട്. നിൻ്റെ അസാന്നിധ്യം എനിക്കു വേദനാജനകമാണ്. ഞാൻ നിന്നെ കാണുമ്പോൾ, എൻ്റെ കരങ്ങൾ കൊണ്ട് നിന്നെ ചുറ്റി മുറുക്കി പിടിക്കും. ഞാൻ നിന്നെ പോകാൻ അനുവദിക്കുകയുമില്ല. ഞാൻ നിൻ്റേതു മാത്രമാണ്. നീ എൻ്റെ മാത്രം പ്രാണപ്രിയനുമാണ് തന്നെയുമല്ല നീയാണ് എൻ്റെ ഏക പുരുഷൻ”

2.സ്നേഹം വളരെ വേഗം ക്ഷമിക്കുന്നു
സ്നേഹം കുറ്റപ്പെടുത്തുന്നതിൽ സാവധാനതയുള്ളതാണ് എന്നാൽ ക്ഷമിക്കുന്നതിന് വേഗതയുള്ളതാണ്. വിവാഹജീവിതത്തിൽ ഭാര്യയ്ക്കും ഭർത്താവിനും ഇടയിൽ പ്രശ്നങ്ങൾ ഉണ്ടാകും. എന്നാൽ നിങ്ങൾ ആ പ്രശ്നങ്ങളെ പുറകിലത്തെ ബർണറിൽ വെച്ചാൽ, അവ തിളച്ചുപൊങ്ങും എന്ന കാര്യം തീർച്ചയാണ് (അതായത്, ആ പ്രശ്നങ്ങൾ പറഞ്ഞു തീർക്കുന്നതിനു പകരം അവയ്ക്ക് അത്ര പ്രാധാന്യം കൊടുക്കാതെ പിന്നിലേക്ക് മാറ്റി വെച്ചാൽ, അപ്പോൾ ആ പ്രശ്നങ്ങൾ വഷളാകും). അതു കൊണ്ട് ക്ഷമിക്കാനും ക്ഷമ ചോദിക്കാനും വേഗതയുള്ളവരായിരിക്കുക. വൈകുന്നേരം വരെ അതിനു വേണ്ടി കാത്തിരിക്കരുത്. രാവിലെ നിങ്ങളുടെ പാദത്തിൽ ഒരു മുള്ളു കയറിയാൽ, നിങ്ങൾ ഉടനേ തന്നെ അതു പുറത്തെടുക്കും. വൈകുന്നേരം വരെ നിങ്ങൾ കാത്തിരിക്കുകയില്ല. നിങ്ങളുടെ ജീവിത പങ്കാളിയെ നിങ്ങൾ വേദനിപ്പിച്ചാൽ, അവനെ/അവളെ ഒരു മുള്ളു കൊണ്ടു കുത്തിയെങ്കിൽ – ഉടനേ തന്നെ ക്ഷമ ചോദിക്കുകയും, പെട്ടെന്നു തന്നെ ക്ഷമിക്കുകയും ചെയ്യുക.

3.തൻ്റെ പങ്കാളിക്കൊപ്പം നിന്നുകൊണ്ട് കാര്യങ്ങൾ ചെയ്യുന്നതിന് അത്യുത്സാഹമുള്ളതാണ് സ്നേഹം – കാര്യങ്ങൾ തനിയെ ചെയ്യുന്നതിനല്ല
ഏദൻ തോട്ടത്തിൽ വച്ച് ഹവ്വയെ പ്രലോഭിപ്പിക്കാൻ പിശാച് കടന്നു വന്നപ്പോൾ, “ഞാൻ ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് എൻ്റെ ഭർത്താവിനോട് ആലോചിക്കട്ടെ” എന്നു മാത്രം പറഞ്ഞിരുന്നെങ്കിൽ മനുഷ്യ ചരിത്രം എത്ര വ്യത്യസ്തമാകുമായിരുന്നു. ഓ, അപ്പോൾ കഥ എത്ര വ്യത്യസ്തമാകുമായിരുന്നു! ലോകത്തിലുള്ള സകല പ്രശ്നങ്ങളും ഉയർന്നു വന്നതിൻ്റെ കാരണം, ഒരു സ്ത്രീ അവളുടെ സ്വന്തമായി ഒരു തീരുമാനം എടുത്തതാണ്, ആ തീരുമാനം എടുക്കുന്നതിനു മുമ്പ് അവൾക്ക് അതേ കുറിച്ച് ആലോചിക്കാൻ ഒരു തുണയെ ദൈവം നൽകിയിരിക്കെ. യഥാർത്ഥ സ്നേഹം ഒരുമിച്ചു നിന്ന് കാര്യങ്ങൾ ചെയ്യുന്നു. ഒരുവനെക്കാൾ ഇരുവർ ആണ് എപ്പോഴും നല്ലത്.